Thursday, January 7, 2021

ചൊക്ളി 61

24/12/2020

പപ്പിനിരേ ചെവിട്ട്ല് ചൊക്ളി ഒര് കാര്യേ പറ്ഞ്ഞ്ള്ളോ. 'ഇട്ട്ട്ട് പൂവ്വേ പൂവ്വാൻ പറയ്യേ എന്തിറ്റാച്ചാലും ഇത്ത്‌രി മുപ്പാട് പറേണം. പെട്ടന്ന് അനാദനാക്ക്‌ര്ത്. '
പപ്പിനി നെലോളിച്ച്.. ചൊക്ളീരേ നെഞ്ചത്തെ രോമങ്ങള് പിച്ചിപ്പറ്ച്ച്.. തലേട്ടുരുട്ടി. മുറുക്കനെ കട്ച്ച്..
പിന്നെ ചൊക്ളി ഒന്നും പറ്ഞ്ഞ്ല്ല. പപ്പിനീരെ ബാശ ചൊക്ളിക്കല്ലെങ്കി വേറെ ആര്ക്കണ് തിരീണ്?.
രണ്ടായ്ച കയിഞ്ഞപ്പളേക്കും കോടംകരേന്ന് ആലൂര് സെൻററ് വരേള്ള എല്ലാ അമ്പ്‌ലങ്ങ്‌ളീന്നും മഞ്ഞേം വെള്ളേം റോസേം നെറത്ത്ല്ള്ള കടലാസോള് വന്ന്.
പപ്പിനീന് വായ്ച്ചത്. ചൊക്ളിക്കും വായ്ക്കാനറീം ഇപ്പള്. പത്ക്കനേണ്ന്ന്ള്ളോ.
ഇന്തുക്കള് എങ്നേണ് ജീവിക്കണ്ടത് ന്ന് അത്‌ല് എഴ്തീണ്ടാരുന്നു. കാൽത്ത് നേർത്തേൻറ് കുൾച് വെളക്ക് വെക്കണം. തൊൾസിരേ ചിറ്റും നട്ക്കണം. മന്ത്‌രങ്ങള് ചൊല്ല്ണം. അട്ത്ത്ള്ള അമ്പ്‌ലത്ത്‌ല് പോയി തൊഴ്ത് വന്നിറ്റേ കട്ടങ്കാപ്പി കുടിക്കാൻ പാട്ള്ളോ. എറേത്തേ ചൊമര്മ്മേ ദൈവത്തിൻറെ പടം വേണം. മിറ്റത്ത് മൂന്ന് തരേങ്ക്‌ലും തൊൾസി നട്ണം.
വൈന്നാരം കുൾച്ച് വെള്ക്ക് വെച്ച് മന്ത്‌രം ചൊല്ലി അമ്പ്‌ലത്ത്ല് ചെന്ന് തൊഴ്ത് വന്ന് കഞ്ഞ്യുടിച്ച് പാർത്തീച്ച് കെട്ക്കണം.
പപ്പിനി ചിറിച്ചു …
പള്ളീലേന്ത് മുന്നമേ കടലാസ് വരാര്ന്ന്. നല്ല മാപ്ള എങ്ങ്നേണ് ആവ്ണ്?. ഇപ്പ ഇന്തുക്കളും അങ്ങ്നേയി.
'നമ്മ്ടെ വീട്ട്ല് ഏത് ദൈവത്ത്ന്റെ പടാണ് വെക്ക്ണത് പപ്പിന്യേ'
പപ്പിനി ചിറിച്ചു ചോന്നു. അത് കണ്ടോണ്ടിരിക്കാൻ ചൊക്ളിക്ക് നല്ല രസാ തോന്നി.
ഒന്നൂടി ചോയിച്ചപ്പോ പപ്പിനി ചിറി നിറ്ത്തി ആലോയ്ക്കേര്ന്ന് പിന്നെ.
നോയ്ക്കോ ഇപ്പോ ഇന്തുവാന്നറീണതിന്നാണ് പടം വെക്ക്ണ് . ഇഞ്ഞീം കൊർച്ച് കയിഞ്ഞാ പട്ടമ്മാര് ഈയ്യ പടം, ചോമ്മാര് ഈയ്യ പടം ന്ന്ക്കെ എയ്തി തരും.
'അതപ്പളല്ലേ..ഇമ്മടെ വീട്ട്ല് ഏത് പടാ വെക്കാന്ന് പറയ് നീയ്..'
മറോടി വേഗാ വന്ന്..
'ഇമ്മക്ക് പാവക്കാട് നാലും കൂട്യ വഴിൽള്ള ആ സിലിമക്കാരൻറെ കടേ പോയി പടം എട്ത്ത് എറേത്തെ ചോരുമ്മേ തൂക്കാം '
'ആര്ടെ പടം? '
'ഇമ്മ്ടെ പടം. ഇമ്മ്ക്ക് ഇമ്മളല്ലേ ദൈവം. '
പിന്നെ ഒക്കെ തെര്ക്കിലായി പപ്പിനി. ചൊക്ളീൻറേം പപ്പിനീരേം ചിറിച്ചോണ്ട് ഒന്നിച്ചിരിക്ക്ണ നല്ലൊര് പടം എട്പ്പിച്ച് ചില്ലിട്ട് അവള് എറേത്തേ ചോരുമ്മേ തൂക്കി.
'ഇമ്മടെ വീടിൻറെ ദൈവോം അയിശ്ശൊര്യോം ഇമ്മളന്നെ' അവള് എള്കിച്ചിറിച്ചോണ്ട് പറ്ഞ്ഞു.
ചൊക്ളിം നല്ലോണം പോല്യന്നെ ചിറിച്ചു.
പിന്നെ തൊൾസി വെക്കല്.. എന്തോരം മരോം ചെടീണ് ചൊക്ളി വെച്ചത്..ഇനീം പറ്റ്ണോടത്തൊക്കെ വെക്കും ചീയ്യും. അത്ൻറെ എണ്ണോം കണ്ക്കും നോക്ക്ട്ടീല്ല. ജക്കുമോൻ, രവ്യേട്ടൻ, പപ്പിനി അങ്ങനേണ് മര്ങ്ങള്ടെ പേര്. അല്ലാണ്ട് തൊൾസി, കൂളം ന്നോന്നും അല്ല..
പപ്പിനീനോട് പെണ്ണങ്ങള് മിണ്ടാണ്ട് ഇരിക്കലൊന്നുണ്ടായ്ല്ല. അതൊക്കേ തരാതരം പോലെ നട്ന്നു.
ആരും അവ്ളോട് ഒന്നും ചോയിച്ചില്ല. ഇന്നാലും കടേല് കച്ചോടം കൊറഞ്ഞു. ചൊക്ളിക്ക് പഷ്ഷേ പണീണ്ടാർന്നു എന്നും. കെട്ട്ടം പണിയോള് അങ്ങ്നെ ല്ലേ..
അപ്പളാണ് പർദാനമന്ത്‌രി വന്ന് കുടുമ്മസ്രീന്ന് പറ്ഞ്ഞ് പെണ്ണങ്ങള്ടെ ഒര് കൂട്ട് ഉൽക്കാഡനം ചെയ്ദദ്.
പാറ്ട്ടി മുമ്പാക്കം ന്ന് ണ്ടാക്കീത്ണ് കുടുമ്മസ്രീ. അത് ഉൽക്കാഡനം ചിയ്യാൻ ഇന്തു പർദാനമന്ത്‌രി വന്ന്ത് കൊഴപ്പാവുന്ന് പപ്പിനി. കൊർച്ച് കഴിഞ്ഞ് കുടുമ്മസ്രീ നന്നായാ ഒക്കേം ആ പർദാനമന്ത്‌രിയാ ചെയ്തേന്ന് ഇന്തുത്തക്കാര് പറയുന്നാണ് പപ്പിനി തൊള്ളീട്ണ്..
ഇന്തായാലും ആ കുടുംബസ്രീകള് അങ്ങട് നന്നായി വന്ന്. മറിയപ്പാറേല്, പാവക്കാട്ട്ല്, ആലൂര് സെൻററില്, പൊഴമ്പള്ളത്ത് അങ്ങ്നെ പെണ്ണങ്ങള് പറ്റണേട്ത്തൊക്കെ കുടുമ്മസ്രീണ്ടാക്കി.
മറിയപ്പാറേല് പപ്പിനീനെ ഒത്ക്കി നിറ്ത്താൻ ആര്ക്കും പറ്റീല്ല. അവ്ള് മൊയ്തീൻ കാജീരേ കട ഒയിഞ്ഞീട്ട് മുഴ്ക്കൻ നേരോം കുടുമ്മസ്രീ പണ്തു. ചെട്ടിച്ച്യോളും പറച്ചിയോളും ചെറുമിയോളും കൊശത്തിയോളും ഒക്കേര്ന്ന് മറിയപ്പാറേലെ കുടുമ്മസ്രീല്… ചോമ്മാരും നായമ്മാരും ഒന്നും ഈ കുടുമ്മസ്രീല് ചേർന്ന്ല്ല.
പപ്പിനീം ചെറ്മൻ ചെക്കൂൻറെ മോള് തങ്കമണീം നല്ലോണ്ണം മുമ്പിട്ട് നിന്ന് പണീട്ത്ത്.
ദൂസങ്ങള് അങ്ങ്നെ പോമ്പ്ളാണ് പാക്കിസ്സാനായിട്ട് ജുദ്ദം വന്ന്ത്. അത് മറിയപ്പാറേല് വല്യ ഒരടിയന്ന്യായി.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങനെ ആ യുദ്ധകാലത്ത്