Tuesday, April 1, 2014

വണ്ടിത്താവളങ്ങള്‍.


https://www.facebook.com/pratilipimalayalam/posts/821878797955700

 (2014 മാര്‍ച്ച് ലക്കം ഈ മഷിയില്‍ പോസ്റ്റ് ചെയ്തത് )
                                     

‘തേരി മാ കാ...  ‘   എന്ന്  വിളിച്ച് ആട്ടിയപ്പോഴും കാലു പിടിച്ചു നോക്കി. 
 
വേറെന്തു ചെയ്യാനാണ് ?  

അവന്‍  ഇട്ടിരിക്കുന്ന  കാക്കിയുടെ ബലം. വണ്ടിയുടെ പേപ്പറും ബുക്കും  കണ്‍സൈന്‍മെന്‍റ്  വിവരങ്ങളും എല്ലാം  അവന്‍റെ പക്കല്‍ നിന്ന്  റാഞ്ചിയെടുത്ത് നായിന്‍റെ മോന്‍റെ കരണത്ത്  പടപടായെന്ന് അഞ്ചാറു പൊട്ടിച്ചിട്ട്  ഇറങ്ങിപ്പോവുകയാണ് വേണ്ടത്. എന്നിട്ട്  ഒത്ത ഒരു ആണിനെപ്പോലെ  ചുണയായി, ഉറച്ച കാല്‍ വെപ്പുകളോടെ  ചെന്ന്  പിടിച്ചിട്ടിരിക്കുന്ന ലോറി  ഓടിച്ചു  പോകണം .  

സുരേന്ദറിനിതൊന്നും അറിയാതെയല്ല. 

അതു പക്ഷെ, സിനിമയിലേ  പറ്റൂ.. ജീവിതത്തില്‍  കാക്കിയിട്ട  ഒരുത്തനെ തൊട്ടാല്‍  ബാക്കി എല്ലാവരും കൂടി എടുത്തിട്ട്  ചവുട്ടിക്കുഴച്ചു കളയും.  വണ്ടിത്താവളങ്ങളില്‍ ഇങ്ങനെ  ഗതികെട്ട് കാത്തുകിടക്കുക എന്നത്  ഒരു  ലോറി ഡ്രൈവറുടെ  തലേലെഴുത്താണ്. 

ഇതാണ്  വെറുതേ  ഇരുന്നു  പോയാലൂള്ള  കുഴപ്പം. ഈ  ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ഇങ്ങനെ  ഓര്‍മ്മ  വരും.. വളയം പിടിച്ചു കൊണ്ടിരുന്നാല്‍ ലോറി  ഓടിക്കൊണ്ടിരുന്നാല്‍  തല തണുത്തിരിക്കുമായിരുന്നു.  ചുണ്ടില്‍  ഏതെങ്കിലും ഒരു  വിഡ്ഡിപ്പാട്ടുണ്ടാവുമായിരുന്നു. ഒരു മിടുക്കനാണെന്ന് സ്വയം തോന്നുമായിരുന്നു. 

ഇങ്ങനെ തോറ്റവനായി  കഴിഞ്ഞു കൂടുന്നത് കഠിനമാണ്. 

സുരേന്ദര്‍  അരിശപ്പെട്ടുകൊണ്ട്  ലോറിയില്‍ ചെന്നു  കയറി ,  നാശം ,എവിടെയാണാവോ  ആ കുപ്പി വെച്ചത്? 

‘ചോട്ടൂ ‘  അലറി വിളിച്ചിട്ടും ഉത്തരമില്ല. 

ചത്തോ ?  പണ്ടാരം.. 

‘ കഹാം മര്‍ ഗയാ  ഇസ് കുത്തിയാ കാ ബച്ചാ? ‘
 
അവനെ  കാണുന്നില്ലല്ലോ. വല്ലിടത്തും കിടന്നുറങ്ങുന്നുണ്ടാവും  കാലുകള്‍ക്കിടയില്‍ കൈയും തിരുകി... വൃത്തികെട്ട പിശാച്. അവനെ കണ്ടിരുന്നെങ്കില്‍ വേണ്ടിടത്തെല്ലാം  ഒന്നു  തടവിക്കുകയെങ്കിലും ചെയ്യാമായിരുന്നു.   ഒന്നിനും പോരാത്തവനാണെന്ന ഈ  വിചാരം ഇത്തിരി  കുറഞ്ഞു കിട്ടിയേനെ. തനിക്ക്  കഴപ്പിത്തിരി കൂടുതലാണെന്ന് അവന്‍  ആരോടോ അടക്കം പറഞ്ഞത് കേട്ടതില്‍ പിന്നെ പിശാചിനെ അങ്ങനെ അടുപ്പിക്കാറില്ല. ലോറിയുടെ ക്ലീനര്‍  മൂത്ത് മൂത്ത്  ഡ്രൈവറായിത്തീരണമെങ്കില്‍ ഈ  പരീക്ഷയും പാസ്സാവണമെന്ന് ഒരു  ദിവസം ആ വൃത്തികെട്ടവനോട് പറയണം.  തരത്തിനു  കൈയില്‍  കിട്ടും.  വരട്ടെ... 

എവിടെയൊക്കെയോ  പരതി. ഒടുവില്‍  കമ്പിളിക്കുള്ളില്‍ പുതഞ്ഞു  കിടന്ന കുപ്പി കൈയില്‍ തടഞ്ഞു.  ഒന്നും  നോക്കാതെ  കോര്‍ക്ക്  കടിച്ചൂരി അത്  വായിലേക്ക് കമിഴ്ത്തി. ആസനം  വരെ  ആളിക്കത്തിയപ്പോള്‍ കുപ്പി ഒരു  പ്രതികാരത്തോടെ  പുറത്തേക്ക് ആഞ്ഞെറിഞ്ഞു.  ദൂരെ എവിടെയോ അത്  പൊട്ടിച്ചിതറുന്ന ഒച്ചയില്‍   എന്തോ  ഒരു സുഖം തോന്നി. ആരുടേയോ തല  തല്ലിപ്പൊട്ടിക്കുന്നതിന്‍റെ ആനന്ദം. ഒരു തരി ഭക്ഷ ണം പോലും ഇറങ്ങിയിട്ടില്ലാത്ത വയറ്റിലേക്ക്  അഗ്നിയായി എരിവ് പടര്‍ന്നു കയറുമ്പോള്‍, പല്ലുകള്‍   സ്വയം അറിയാതെ അമര്‍ന്നു ഞെരിഞ്ഞു. ...  
  
ആ പോലീസുകാരനെയാണ്  അതു പോലെ  വലിച്ചെറിഞ്ഞു ഞെരിച്ചു പൊടിക്കേണ്ടത്. ഇന്നലെ  ഉച്ചയ്ക്കു മുതല്‍  ഇവിടെ  പണ്ടാരമടങ്ങിയതാണ്. രാത്രി  പുളിച്ച ദാല്‍ ഫ്രൈയും  നാലു നനഞ്ഞ  റൊട്ടിയുമാണ്  ധാബയില്‍  നിന്നു  കിട്ടിയത്.  ആ സര്‍ദാര്‍ജിയേയും പറഞ്ഞിട്ട് കാര്യമില്ല.  നേരത്തിനു ചെല്ലാന്‍  പറ്റിയില്ലല്ലോ ...  ആ നശിച്ച പോലീസുകാരന്‍റെ  കാലിന്‍റിടയിലായിരുന്നല്ലോ  തല. തെറ്റും  മാപ്പും പറഞ്ഞുകൊണ്ട്...  
   
ഹൌ, എന്തൊരു  പുകച്ചില്‍ ...  നല്ല  നാടന്‍  സുരയായിരുന്നു. കണ്ണിറുക്കിയടച്ച് തല കുടഞ്ഞു.  പിന്നെ മുഷിഞ്ഞ തോര്‍ത്ത് വിരിച്ച്  ഡ്രൈവറുടെ  സീറ്റിനു  പുറകിലുള്ള പെട്ടിപ്പുറത്ത്  മലര്‍ന്നു  കിടന്നു.  ആദ്യം  തോന്നിയ മുറുക്കം  ഒന്നയയട്ടെ...  ഈ  നശിച്ച ലോകം ഒന്നു  സഹിക്കാന്‍  പറ്റുന്നതായിത്തീരട്ടെ. ... 

 മദ്യം കണ്ടു പിടിച്ചവനെ സമ്മതിക്കണം.  അവനു എന്തും  കൊടുക്കാമെന്നു  തോന്നിപ്പോകുന്നത്  ഇമ്മാതിരി  കുടുക്കില്‍ ചെന്നു വീഴുമ്പോഴാണ്...  അല്ലെങ്കില്‍ ഇപ്പോള്‍  എത്ര  പെട്ടെന്നാണ്  മനസ്സ്  അയഞ്ഞത്.  സുഖം തോന്നിത്തുടങ്ങിയപ്പോള്‍ കൈകാലുകള്‍ ആകാവുന്നത്ര അകത്തിപ്പരത്തി കിടന്നു.  പൈജാമക്കടിയില്‍  കൈ കടത്തി  വൃഷണങ്ങളില്‍   സുഖം ലഭിക്കും വിധം മെല്ലെ മെല്ലെ  ചൊറിഞ്ഞു... 

ഒരു പത്തു പതിനൊന്നു വയസ്സില്‍ പരിചയമായതാണ് ഈ ആനന്ദം. മടുപ്പ് തോന്നുമ്പോള്‍ , പേടിയും അസ്വസ്ഥതയും തോന്നുമ്പോള്‍ , പിന്നെപ്പിന്നെ സുഖം വേണമെന്ന് തോന്നുമ്പോള്‍ , ചൊറിയുമ്പോഴെല്ലാം സുഖം  കിട്ടുമെന്ന് തോന്നുമ്പോള്‍... അങ്ങനെയങ്ങനെ   അതൊരു  ശീലമായി. 

മൊബൈല്‍  അടിച്ചപ്പോഴേ മനസ്സിലായി...  വീട്ടില്‍ നിന്നാണ്..  എടുക്കാതിരുന്നിട്ട് കാര്യമൊന്നുമില്ല. അവള്‍  അമ്പതു പ്രാവശ്യം  വിളിക്കും. നായിന്‍റെ  മോള്‍ക്ക്  നാണമേയില്ല.  പതിനായിരം കാര്യങ്ങള്‍ പറയും.  ഒന്നും ചുരുക്കിപ്പറയാന്‍ പെണ്ണെന്ന വര്‍ഗത്തിനേ  അറിഞ്ഞു കൂടാ. നീട്ടിയും കുറുക്കിയും പരത്തിയും പറഞ്ഞു  അവസാനം കാശ്  വേണമെന്നു  അവസാനിപ്പിക്കും.  അപ്പോഴേക്കും  നാലു  പുളിച്ച തെറി പറയാനാണ് സുരേന്ദറിനു  തോന്നാറ്.
ഭാഗ്യം...  ഫോണ്‍  കട്ടായി.

തിരിച്ചു  വിളിക്കാതെങ്ങനെയാണ്?  മൂന്നു പെമ്പിള്ളേരും ഒരു  മോനുമുണ്ട്.  പിന്നെ  അവളുമുണ്ട്.  വല്ല വിശേഷവുമായിട്ട്  വിളിക്കുന്നതാണോ  എന്നറിയില്ല. 

നാശം,  കിട്ടുന്നില്ലല്ലോ. 

മൂന്നു  പെണ്ണിനെ പെറ്റിട്ടപ്പോഴേ  മടുത്തു അവളെക്കൊണ്ട്. ...  രണ്ടാമതു കല്യാണം  കഴിക്കാന്‍  ഗ്രാമത്തിലെല്ലാവരും  ഉപദേശിച്ചതാണ്.  പെണ്ണിനെ പെറ്റാല്‍  അവസാനിക്കാത്ത  ദാരിദ്ര്യവും  ആണ്‍ വീട്ടുകാര്‍  എക്കാലവും  തരുന്ന പുച്ഛവും  അപമാനവുമാണ്   ഭാവിഫലം. മക്കളായി  പെണ്ണുങ്ങളൂടെ  എണ്ണം കൂടുന്തോറും തല  കുനിച്ച്  കുനിച്ച് നട്ടെല്ല്  വളച്ച്  വളച്ച്  ഈ  ജീവിതം തന്നെ  വെറുത്തു  പോകും മനുഷ്യന്‍.  അവളേതു  നേരവും  കരച്ചിലായിരുന്നു... ഉപേക്ഷിക്കല്ലേ  എന്ന്  കാലു പിടിച്ചുകൊണ്ട്...  ഇനി  പെണ്ണിനെ പെറരുതെന്ന്  കര്‍ശനമായി വിലക്കീട്ടാണ്  കൂടെ കിടന്നത്. 

പിന്നെ  പെറ്റത്  ആണൊരുത്തനെയാണ്.  അതുകൊണ്ട്  ഇപ്പോഴും അവള്‍ തന്നെയാണ്  ഭാര്യ. 

അവളെ ഇപ്പോള്‍ ഒന്നിനും കൊള്ളില്ല.  ഇരുപത്തിനാലു വയസ്സൊക്കെയെ  ആയിട്ടുള്ളൂ  എന്നാണവളൂടെ   തള്ള പറയുന്നത്.  പക്ഷെ,  അമ്പതു  വയസ്സായ ശരീരമാണ്.  കിടക്കുമ്പോഴേക്കും പോത്തു  പോലെ ഉറങ്ങും.. വായും തുറന്ന് ക് ര്‍ര്‍ര്‍ എന്ന്    കൂര്‍ക്കവും വലിച്ച്....  ജന്തു.  ഭര്‍ത്താവിനെ സുഖിപ്പിക്കാനും സന്തോഷിപ്പിക്കാനും അറിയാത്ത പെണ്ണുങ്ങളാണ്  ശരിക്കും ഈ  നാടിന്‍റെ  ശാപം. അത്തരം   അശ്രീകരങ്ങള്‍  കാരണമാണ് ആണുങ്ങള്‍ വേറെ പെണ്ണുങ്ങളെ അന്വേഷിച്ചു പോയി കുഴപ്പത്തില്‍  ചാടുന്നത്. ... ഒരു  പെണ്ണില്‍ മാത്രം ഒതുങ്ങാന്‍ പറ്റുന്നതല്ല ആണിന്‍റെ  ശരീരമെന്ന്  ഈ  പെണ്ണുങ്ങള്‍  എന്നാണാവോ പഠിക്കുന്നത്? 

പെണ്ണുങ്ങള്‍ മാത്രമല്ല,  നമ്മുടെ നിയമവും  പോലീസും  ഒക്കെ ഇതു മനസ്സിലാക്കിയാല്‍ നാട്ടിലെ ഒരുപാട് പുലിവാലുകള്‍ തീരും..  അല്ല, പിന്നെ. സുരേന്ദറിന് അക്കാര്യത്തില്‍  ഒരു സംശയവുമില്ല.

രണ്ട്  മാസവും  മൂന്നു മാസവുമൊക്കെയാണ്  ലോറിയില്‍  തന്നെ   ജീവിക്കുന്നത്.  ഒരു പെണ്ണിനെ കീഴെക്കിടത്താതെ   അത്ര കാലം  നാമം ജപിച്ച് കഴിഞ്ഞു കൂടാന്‍  പറ്റില്ലെന്ന്..  ഇതു  പറഞ്ഞാല്‍  ആര്‍ക്കും ഒട്ടു മനസ്സിലാകുകയുമില്ല.   

മാരണം,  ആ വിചാരമങ്ങോട്ട്   മാഞ്ഞു പോകുന്നില്ലല്ലോ. ഇനി  ഇപ്പോള്‍   എന്തു ചെയ്യും? അയാള്‍ ശപിച്ചുകൊണ്ട് പുറത്തിറങ്ങി.  

ചെറിയ പച്ചക്കുന്നുകള്‍ക്കിടയിലെ കയറ്റം  കയറിയപ്പോള്‍ അല്‍പം കിതച്ചു. ആകെയൊരു  തണുപ്പുണ്ടെങ്കിലും  കമ്പിളിക്കുപ്പായമൊന്നും ആവശ്യമില്ല.  പോലീസ് ചെക് പോസ്റ്റ്  കുറച്ചു ദൂരെ  താഴെയാണ്. അവിടെ ഒരു നീര്‍ച്ചോല ഒഴുകുന്നത്  നേരത്തേ കണ്ടിരുന്നു.. അതീ അത്യാവശ്യം മുഴുപ്പുള്ള പച്ചക്കുന്നുകള്‍ക്കിടയില്‍  തലതല്ലിയാണ് താഴോട്ടെത്തുന്നത്.. 

ആദ്യം കണ്ട ധാബയില്‍  കയറി.. 

റൊട്ടിയും  ഇറച്ചിക്കറിയും പറഞ്ഞ്  കാത്തിരിക്കുമ്പോള്‍ ധാബയ്ക്കപ്പുറത്തെ  ചാക്കു വിരിയിട്ട  വാതില്‍ കടന്ന് ഒരാള്‍ പോവുന്നത് കണ്ടു... ഒരു മിന്നായമേ കണ്ടുള്ളൂ.. എങ്കിലും സുരേന്ദറിനു മനസ്സിലായി.  അതവന്‍ തന്നെ..  ആ നായിന്‍റെ മോന്‍.. ചെക് പോസ്റ്റ് താഴെയാണല്ലോ. അവനിവിടെ... 

ആ  ചാക്കുവിരി  എന്തിന്‍റെ   മറവാണ്?  അപ്പോള്‍  കുപ്പിവളകള്‍  കിലുങ്ങുന്നതു മാതിരി തോന്നി. ഒന്നുംകൂടി നോക്കിയപ്പോള്‍  എല്ലാം  അതിവേഗം തെളിഞ്ഞു വന്നു.  എത്ര പെണ്ണുങ്ങളെ  കണ്ടതാണ്.  എവിടെ  തരത്തിനൊരു പെണ്ണിനെ കിട്ടുമെന്ന്  മണം പിടിച്ചാലറിയാം. 

കുപ്പിവളക്കിലുക്കം  ഒരു  സിഗ്നലാണ്. അടുത്ത പാര്‍ക്കിംഗ്  ആവാമെന്നാണ്. 

എല്ലാ  നിരുന്മേഷവും  മാറി... സുരേന്ദര്‍ ഒരു സെക്കന്‍ഡില്‍  ആകെയുണര്‍ന്നു.

മുന്നില്‍  വന്ന ആഹാരം കഴിക്കാനും  പിച്ചള ജഗ്ഗില്‍ നിന്ന്  വെള്ളം കുടിച്ച്  ആ വെള്ളം കൊണ്ടുതന്നെ കൈയും വായും കഴുകി ,  കാശുകൊടുത്ത്  പുറത്തിറങ്ങി ചാക്കുവിരി വകഞ്ഞു മാറ്റി അകത്തു കയറാനും ... അങ്ങനെ എല്ലാറ്റിനും  കൂടി ആകെ  അഞ്ചെട്ടു  നിമിഷമേ അയാള്‍ എടുത്തുള്ളൂ. 

വളകിലുക്കത്തിന്‍റെ  പ്രലോഭനം.. വരൂ, എന്ന് ക്ഷണിക്കുന്ന ഒരു  പെണ്ണിനെ അനുഭവിക്കുന്നത്  അപൂര്‍വമായി ലഭിക്കുന്ന ഭാഗ്യമാണ്,  ആനന്ദമാണ്.  ആണുങ്ങള്‍ക്ക് വേണ്ടി കിടന്നു തരുന്നു  എന്ന  ഭാവം പ്രദര്‍ശിപ്പിച്ചാണ് സകല  പെണ്ണുങ്ങളും എപ്പോഴും പതിവ്രത  ചമയുക... സിന്ദൂരവും ചാര്‍ത്തിച്ച് ചെലവിനു  കൊടുക്കുന്ന  പെണ്ണിനു മാത്രമല്ല, കാശ് കണക്കായി പിടിച്ചു  വാങ്ങുന്ന കൂത്തിച്ചികള്‍ക്കു  പോലുമുണ്ട് ആ  കള്ളനാട്യം.. 

നല്ല വെളിച്ചത്തില്‍ നിന്ന്  കയറിയതാവണം കുറച്ചു  നേരത്തേക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. 

കണ്ണുകള്‍ ഇരുട്ടുമായി  പരിചയപ്പെട്ടപ്പോള്‍ ,  ദാരിദ്ര്യം പിടിച്ച ഒരു മുറിയും  ഒടിഞ്ഞ ചാര്‍പ്പായിയും  അതിലൊരു അമ്മൂമ്മയും തെളിഞ്ഞു വന്നു...  ഒരു കഴുത്തറപ്പന്‍  വ്യാപാരിയുടെ  കുറുക്കന്‍ കണ്ണുള്ള  തള്ള.  ചരക്കുകളെ  അകത്ത്  വല്ലയിടത്തും പതുക്കി വെച്ചിരിക്കുകയാവും.. 

അത്ര  കേമമായതൊന്നും ഇല്ലെന്ന്  തോന്നുന്നു  ... പടുതി  കണ്ടിട്ട്.. എന്തെങ്കിലുമാവട്ടെ.  കാര്യം  നടന്നാല്‍ മതിയല്ലോ. 

തള്ള  നിര്‍വികാരതയോടെ അകത്തേക്കു വിരല്‍ ചൂണ്ടി. പൈസ മേടിച്ചിട്ട് അകത്തു കയറ്റി വിടുന്ന പുതിയ നഗര പരിഷ്ക്കാരം  ഇപ്പോഴും ഇവിടെ വന്നിട്ടില്ല.  എണീറ്റ് പോരുമ്പോള്‍ പെണ്ണിനെ  പൈസ ഏല്‍പിക്കുന്ന പഴയ രീതിയാണിപ്പോഴും.. 

സുരേന്ദറിനു സത്യത്തില്‍ ആ പഴയ രീതിയാണിഷ്ടം. അടിയില്‍ കിടന്ന് വിയര്‍ത്തവള്‍ക്കല്ലേ  കാശ് കൊടുക്കേണ്ടത്? അല്ലാതെ ചുമ്മാ ചുമരും നോക്കി കുത്തിയിരിക്കുന്ന നായിന്‍റെ മോള്‍ക്കല്ലല്ലോ.

മദ്യവും കാമവും കൂടി സുരേന്ദറിന്‍റെ  നില  തെറ്റിച്ചു.... ഒരു അശ്ലീല ഗാനം ചൂളമായി  ചുണ്ടില്‍ കുത്തി.

അകത്തെ  ഇരുണ്ട  മുറിയിലെ  വലിയൊരു കട്ടിലില്‍ പെണ്ണ് പുറം തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
അവളുടെ വെണ്മയുള്ള പുറം നഗ്നമാണെന്ന് കണ്ടപ്പോള്‍  സുരേന്ദര്‍  തിടുക്കത്തില്‍   കുപ്പായമൂരി.. ബലമായി കടന്നു പിടിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത  ഒതുക്കിയ കരച്ചിലാണ് സുരേന്ദറിന്‍റെ കാതില്‍  വീണത്. അതൊരു കുട്ടിയുടെ കരച്ചിലാണെന്ന് പെട്ടെന്ന്  തോന്നി. സുരേന്ദറിന്‍റെ കൈ അല്‍പം  അയഞ്ഞു.

‘ മന്‍ നഹീ ഹേ ക്യാ.. ? ’  

വെറുപ്പോടെയാണ് ചോദിച്ചത്. 

മനസ്സില്ലെങ്കില്‍ പിന്നെ വേറെ  എവിടെയെങ്കിലും  പോകാം. എവിടെയും കിട്ടാത്ത അതിശയപ്പണ്ടമൊന്നുമല്ലല്ലോ ഏതെങ്കിലും  ഒരു പെണ്ണിന്‍റെ ശരീരം. 

‘ മനസ്സെന്തിനാണ് ബാബു ..  ശരീരം എപ്പോഴും തയാറായി ഉണ്ടല്ലോ’  എന്ന്  ആ കിളുന്ത് പെണ്ണ്  മറുപടി പറഞ്ഞപ്പോള്‍  സുരേന്ദര്‍ അല്‍പമൊന്ന്  അമ്പരന്നു. 

രക്തം കിനിഞ്ഞിറങ്ങി പരിക്ക് പറ്റിയ  ചെറിയ മുലകള്‍ ഒരു മടിയുമില്ലാതെ പ്രദര്‍ശിപ്പിച്ചുകൊണ്ട്  അവള്‍ ഒരു  പച്ചത്തെറി പറഞ്ഞു. അത്  എല്ലാം  കഴിഞ്ഞ് കൈയും വീശി ഇറങ്ങിപ്പോയ  ആ പോലീസുകാരനെ പറ്റിയായിരുന്നു. പോലീസിനു ഇതും ഫ്രീയാണെന്നത് സുരേന്ദറിനു പുതിയ  അറിവായിരുന്നില്ല.  എത്ര സൌജന്യമെടുത്താലും  ഒരു രൂപാ തുട്ടെങ്കിലും സമ്മാനം കൊടുക്കാതെ.. ഒരു  പെണ്ണിനെ..ഇങ്ങനെയൊക്കെ ... 

ഒപ്പം കിടന്നാല്‍ പെണ്ണിനു പണം കൊടുക്കണമെന്നതാണ് സുരേന്ദറീന്‍റെ  വിശ്വാസം. 

‘ ഞാന്‍ മോക്ഷത്തിനല്ലല്ലോ  കാലകത്തിത്തരുന്നത്. എനിക്കും വിശപ്പുണ്ടല്ലോ.’  എന്ന്  മുറുമുറുത്തുവെങ്കിലും അടുത്ത നിമിഷം  കട്ടിലില്‍ മലര്‍ന്നു കിടന്നുകൊണ്ട് കിളുന്തു പെണ്ണ്  നിര്‍ലജ്ജം ക്ഷണിച്ചു. .. 

ബാബു വരൂ , കുറച്ചു പതുക്കെ ആവാമോ?  ..  വല്ലാത്ത വേദനയുണ്ട്... 

സുരേന്ദറിനു വല്ലായ്മ തോന്നി.  ആ  പെണ്ണിനു  കൊച്ചുകുട്ടിയുടെ മുഖമാണെങ്കിലും ഒരു മുതിര്‍ന്നവളുടെ  പരിചയം...  കൂസലില്ലായ്മ.. 

‘ കുറെക്കാലമായോ  നീ  ബിസിനസ്സിലായിട്ട്..  ?’  

അവള്‍ കളിയാക്കുന്ന മാതിരി  ചിരിച്ചു. 

‘ ബാബൂ ... ഇത് പരിചയമാവാന്‍ കുറെക്കാലമെന്തിനാ?  വേറെ ഒരു വഴിയുമില്ലെന്ന്  ഉറപ്പായാല്‍ മാത്രം മതി . എന്നിട്ടും എത്ര അടങ്ങി  കിടന്നു കൊടുത്താലും  ചില  കഴുവേറി മക്കള്‍ ഇങ്ങനെ ദ്രോഹിച്ചിട്ടു  പോകുകയും  ചെയ്യും.’   

അവള്‍  എണീറ്റിരുന്ന് മുഖം കുനിച്ച്  ഒരു നെയ്യപ്പം പോലെ ചുമന്ന്  കുമളിച്ച കൊച്ചു മുലകളില്‍ പതുക്കെപ്പതുക്കെ  ഊതി.. 

പെന്‍സില്‍ ചെത്തുമ്പോള്‍  മുറിഞ്ഞ വിരലില്‍  ഊതുന്ന മുന്നിമോളെ   എന്തുകൊണ്ടോ സുരേന്ദര്‍ ഓര്‍മ്മിച്ചു പോയി. 

ആ നിമിഷം അയാള്‍ തളര്‍ന്നു. അയാള്‍ക്ക് പിന്നെ  ഒന്നും വേണമെന്ന് തോന്നിയില്ല. 

‘നീ വല്ല മരുന്നും  പുരട്ടി വിശ്രമിക്കു’  എന്ന് പറയാനാണ്  അയാള്‍ തുനിഞ്ഞത്. 

‘ അയ്യോ! ബാബൂ.. അങ്ങനെയൊന്നുമില്ല. മടങ്ങിപ്പോവുകയാണോ.. അതൊന്നും സാരമില്ല.  ഈ നേരമായിട്ടും ഒന്നും സമ്പാദിച്ചില്ലേന്ന് ചോദിച്ച് ദാദി എന്നെ  അടിച്ചു കൊല്ലും. അവരിപ്പോ ആ ചിലങ്ക കിലുക്കി ഒച്ചയുണ്ടാക്കും . സമയം  വെറുതേ കളയാതെ ബാബൂ വരൂ.. എന്നാലല്ലേ  പണം  കിട്ടൂ.’
 
‘ഹാര്...  ആരു കൊല്ലുമെന്ന്..’  

‘ ദാദി.. പുറത്തിരിക്കുന്നില്ലേ ... അവര് എന്‍റെ  സ്വന്തം അച്ഛന്‍റെ സ്വന്തം അമ്മയാണ്. എന്‍റെ സ്വന്തം ദാദി..’  

അയാള്‍  അതിവേഗം കുപ്പായം ധരിച്ചു മുറിക്കു പുറത്തു  കടന്നു. ഒടിഞ്ഞ ചാര്‍പ്പായിയില്‍  കുത്തിയിരിക്കുന്ന വയസ്സിത്തള്ളയുടെ നേര്‍ക്ക് നൂറിന്‍റെ  ഒരു നോട്ട് എറിഞ്ഞു കൊടുത്തിട്ട് സുരേന്ദര്‍  അലറി. ‘ വല്ല വിഷവും മേടിച്ചു തിന്ന് ചത്തുകൂടെ പിശാചേ നിനക്ക്. ‘
 
കൈ നീട്ടി നോട്ട്  എത്തിയെടുക്കാന്‍ ശ്രമിച്ചതല്ലാതെ തള്ള  ഒരു  വാക്കും മറുപടി പറഞ്ഞില്ല.

വണ്ടിത്താവളങ്ങളിലെ പോലീസുകാര്‍ മാത്രമല്ല,  ഇമ്മാതിരി പെണ്ണുങ്ങളും സുരേന്ദറിനെ ചിലപ്പോള്‍ തോല്‍പ്പിച്ചു  കളയാറുണ്ട്.  

Saturday, March 29, 2014

കുഞ്ഞ്. .... സ്നേഹം... അയാള്‍ .


https://www.facebook.com/echmu.kutty/posts/259839880861980

പെറ്റ് കിടക്കുന്ന സമയത്താണ്  പിന്നീട്  അവളെ കാണുവാൻ അയാള്‍  പോയത്.
അവളും ചോരക്കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ അച്ഛൻ പണിയ്ക്ക് ഇറങ്ങി  ക്കഴിഞ്ഞിരുന്നു.അയഞ്ഞ, ഹുക്കുകൾ തുറന്ന ബ്ലൌസിനു മീതെ ഒരു തോർത്തും പുതച്ച് വാതിൽക്കൽ വഴി മറഞ്ഞ് നിന്ന അവളെ അയാൾ ദഹിപ്പിക്കുന്ന വിധത്തില്‍ തുറിച്ചു നോക്കി.
‘നീ എന്തിനാ ഈപ്പണിയ്ക്ക് പോയത്?‘
അയാൾ പല്ലു കടിച്ചുകൊണ്ട് അമറി.
അവൾ ചിരിച്ചു, അതിൽ ഒരു വിജയിയുടെ അഹങ്കാരവും തോറ്റവനോടുള്ള ഒടുങ്ങാത്ത പരിഹാസവുമുണ്ടായിരുന്നുവെന്ന് അയാൾക്ക് തോന്നി.
നാണം കെട്ടവൾ.
‘കുഞ്ഞെവിടെ?‘ അയാൾ അല്പം മയത്തോടെ ചോദിച്ചു. അവൾ അതിവേഗം അകത്തേയ്ക്ക് പോയി, കുഞ്ഞിനേയും കൊണ്ട് തിരിച്ചു വന്നു.ചുവന്ന നിറമുള്ള കുഞ്ഞ്, ഒരു വലിയ എലിയുടെ വലുപ്പം മാത്രം. ഉറങ്ങുന്ന  കുഞ്ഞിനെ അയാൾ കണ്ണെടുക്കാതെ നോക്കി.
അവൾ മുഖം ചുളിച്ചു. ‘ഇങ്ങനെ രാവ് പകലില്ലാണ്ട്  കള്ള് വലിച്ച് കേറ്റണോ? എന്തൊരു ചൂരാ.‘
അയാൾക്ക് കലി വന്നു.
‘നീ ഇപ്പോ എന്‍റെ ആരാ അത് ചോദിയ്ക്കാൻ?  എന്നാ ഞാനിത് കുടിച്ച് തൊടങ്ങ്യേന്ന് വേറാരു മറന്നാലും നീ  മറക്കരുത്.  ’
‘കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനീം………..’ ഇപ്പോൾ അവളുടെ ശബ്ദം ഇടറിയിട്ടുണ്ട്.
അയാളുടെ കത്തുന്ന കണ്ണുകളിലേയ്ക്ക് നോക്കി അവൾ പിറുപിറുത്തു. ‘ജീവിതം ഇങ്ങനെ ധൂർത്തടിച്ച് നശിപ്പിയ്ക്കരുത്.‘
അയാൾക്ക് പൊടുന്നനെ  അവളെ കൊല്ലണമെന്ന് തോന്നി. കോഴിയെ കൊല്ലുന്നതു പോലെ അവളുടെ  കഴുത്ത് പിരിച്ച് ഒടിക്കണം. ജീവന്‍ പിടയുമ്പോഴുള്ള ആ കാറിക്കരച്ചില്‍ യേശുദാസിന്‍റെ  പാട്ടു പോലെ ആസ്വദിക്കണം.  അവള്‍,  അവളാണ് പറയുന്നത്.  കഴിഞ്ഞ ഉല്‍സവക്കാലത്ത് ഒരു മുറത്തിലിട്ട്  പാറ്റി  അവള്‍  നിസ്സാരമാക്കി  ദൂരെക്കളഞ്ഞ അയാളുടെ ഈ  ജീവിതം ഇനിയും  നശിക്കാനും നശിപ്പിക്കാനും  ബാക്കിയുണ്ടത്രേ.
കുഞ്ഞ് ഞെട്ടിക്കരയാൻ തുടങ്ങിയപ്പോൾ അയാളുടെ തിളച്ചു പൊന്തിയ  ഞരമ്പുകൾ തളർന്നു. അതിന് മനസ്സിലായിരിയ്ക്കുമോ? അയാൾക്ക്  വർഷങ്ങളായി അവളോടുണ്ടായിരുന്നതിലുമധികം അടുപ്പവും ബന്ധവും ഈ കുറച്ച് നാൾക്കുള്ളിൽ അതിന് അവളോടുണ്ടായി കഴിഞ്ഞിരിയ്ക്കുന്നുവോ?
അയാൾ പെട്ടെന്നു കുനിഞ്ഞ് അതിന്റെ നെറ്റിയിൽ രണ്ട് പ്രാവശ്യം ചുംബിച്ചു.
എന്നിട്ട് ശാന്തനായി പറഞ്ഞു. ‘കുഞ്ഞിന് പാലു കൊടുക്ക്.‘
അടുത്ത നിമിഷം അയാൾ പടി കടന്ന് പോയി.
പഠിപ്പിച്ച  ടീച്ചറുടെ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ അയാള്‍ക്ക്  ബോധമുണ്ടായിരുന്നില്ല.  അയാളെ മദ്യം നാറിയിരുന്നു. ശതാവരി വള്ളികള്‍ പടര്‍ന്ന  മൂവാണ്ടന്‍മാവിന്‍റെ  തണലിലെ മണല്‍ത്തരികളിലേക്ക് അയാള്‍ വലിയ ശബ്ദത്തോടെ ഓക്കാനിച്ചു. മദ്യത്തില്‍ കുഴഞ്ഞ ആഹാരപദാര്‍ഥങ്ങളും  പിത്തനീരും അസഹനീയമായ ദുര്‍ഗന്ധത്തോടെ ടീച്ചറുടെ കാലുകളിലേക്ക് കവിഞ്ഞു വീണു. അടുത്ത നിമിഷം അഴിഞ്ഞു പോയ ഉടുമുണ്ടോടെ എന്തെല്ലാമോ പുലമ്പിക്കൊണ്ട് അയാളും...

ഒച്ചയും ബഹളവും കേട്ട്  ഞാനോടി വന്നപ്പോഴേക്കും അമ്മീമ്മയുടെ മുന്നില്‍ ഗോവിന്നനും പാറുക്കുട്ടിയും  എത്തിക്കഴിഞ്ഞിരുന്നു.  അഴിഞ്ഞ മുണ്ട് വാരിച്ചുറ്റി അയാളെ ഉടുപ്പിക്കുന്നതിനിടയില്‍ പാറുക്കുട്ടിയോടും അമ്മീമ്മയോടും അപ്പുറത്തേക്ക് പോയിക്കൊള്ളാന്‍ ഗോവിന്നന്‍ ഒച്ചയിട്ട്  ദേഷ്യപ്പെടുന്നുണ്ടായിരുന്നു. എങ്കിലും ആ ബഹളത്തില്‍  ആദ്യമായി പ്രായം തികഞ്ഞ  പുരുഷ നഗ്നത ഒരു മിന്നായം പോലെ ഞാന്‍ കാണുക തന്നെ ചെയ്തു. അതെന്നെ വല്ലാതെ പരിഭ്രാന്തയും സ്തബ്ധയുമാക്കി. അത്തരമൊരു ദൃശ്യത്തിനു വേണ്ട വളര്‍ച്ച  എനിക്കായിരുന്നില്ല.
വീട്  പൂര്‍ണമായും അസ്വസ്ഥമായിക്കഴിഞ്ഞിരുന്നു.
അഗാധമായ മയക്കത്തിലാണ്ടു കിടന്ന അയാളെ  നോക്കി  പാറുക്കുട്ടി പലവട്ടം  പല്ലു ഞെരിച്ചു. അവനൊരു നല്ല കോണകം ഉടുക്കായിരുന്നില്ലേന്നായിരുന്നു ഗോവിന്ദന്‍ പിറുപിറുത്തുകൊണ്ടിരുന്നത്.  ഏതോ ഒരു മഹാ ഭയങ്കരിയും ഹൃദയമില്ലാത്തവളുമായ  വിലാസിനിയെ പ്രാകുന്നതിലും തെറി വിളിക്കുന്നതിലും അവരിരുവരും  മല്‍സരിച്ചുകൊണ്ടിരുന്നു.   
അമ്മീമ്മയുടെ  കാല് എത്ര ഉരച്ചു കഴുകീട്ടും നാറ്റം  പോയില്ലെന്ന മട്ടില്‍  പാറുക്കുട്ടി മുഖം ചുളിക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല.  ആ വീട്ടില്‍ കയറിവന്ന ആദ്യത്തെ  മദ്യപാനിയായിരുന്നു അയാള്‍. അതിനു മുന്‍പോ  അതിനു ശേഷമോ അത്തരമൊരു കാര്യം  ആ വീട്ടില്‍ ഉണ്ടായിട്ടില്ല.  കനാലെന്നോ കൊട്ടുവടിയെന്നോ മറ്റോ  പേരുള്ള ഒരു മദ്യമാണയാള്‍ കുടിച്ചിരിക്കുന്നതെന്നും അയാളുടെ  കരളും കൂമ്പും അധികം വൈകാതെ വാടിപ്പോകുമെന്നും ഗോവിന്നന്‍ പ്രസ്താവിച്ചു.
വിലാസിനിയോട് ഗുരുവായൂരപ്പന്‍ ചോദിക്കാതിരിക്കില്ലെന്ന് പാറുക്കുട്ടി  നെഞ്ചത്ത്  കൈ വെച്ച് പ്രാകി. വെറുതേയൊന്നുമല്ല  ചോദിക്കുക. ...  എണ്ണിയെണ്ണി  കണക്കു പറഞ്ഞ്  ചോദിക്കും. ആണുങ്ങള്‍ക്ക്  പെണ്ണുങ്ങളെ  എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും ഉപേക്ഷിക്കാം.   എന്നാല്‍ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ ഉപേക്ഷിക്കാനുള്ള  അവകാശം ഗുരുവായൂരപ്പന്‍  കൊടുത്തിട്ടില്ലെന്ന്  പാറുക്കുട്ടി ഉറപ്പിച്ചു  പറഞ്ഞു.
 ‘അങ്ങനെ  ചെയ്താ പെണ്ണിന്‍റെ  പാതിവര്‍ത്യം പോകും. അതു പോയാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല.‘
‘ പാതിവര്‍ത്യം എന്തിനാ അടുപ്പിലിട്ട് ചുട്ടു തിന്നാനാ? കുട്ടി അതിന്‍റെ വര്‍ത്തമാനമൊന്നും കേക്കണ്ട... പാതിവര്‍ത്യാത്രേ ... ‘  
ഗോവിന്നന്‍ അരിശപ്പെട്ടുകൊണ്ട് നീട്ടിത്തുപ്പി. തമ്മാമ്മിലുള്ള സ്നേഹമെന്നോ  മറ്റോ  പല്ലു ഞെരിച്ചുകൊണ്ട്  അയാള്‍ എന്തോ  പറഞ്ഞുവെങ്കിലും അതെനിക്ക് ഒട്ടും വ്യക്തമായില്ല.
അമ്മീമ്മ മൌനിയായിരുന്നു. അവര്‍ ഇടയ്ക്കിടെ മുറ്റത്ത് വീണുറങ്ങുന്ന  ആ മനുഷ്യനെ വരാന്തയില്‍  വന്നു നിന്ന് നോക്കിക്കൊണ്ടിരുന്നു. അമ്മീമ്മയുടെ  അസ്വാസ്ഥ്യം  തികച്ചും പ്രകടവുമായിരുന്നു.
സന്ധ്യയ്ക്ക് ശിവന്‍ കോവിലില്‍ നിന്ന്  ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം  എന്ന ലിംഗാഷ്ടകം   എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ  മധുരശബ്ദത്തില്‍   ഒഴുകിത്തുടങ്ങിയപ്പോള്‍ അതുവരെ മരിച്ചതു പോലെ  കിടന്ന ആ  ശരീരത്തില്‍ ഒരു  അനക്കമുണ്ടായി.
അടുത്ത നിമിഷം അയാള്‍  തല കുനിച്ചു പിടിച്ചു എണീറ്റിരുന്നു.
‘കാണിച്ചതൊന്നും ഓര്‍മ്മല്യാന്ന് പറയാനാണോ തലേം കുമ്പിട്ട്  കല്യാണപ്പെണ്ണിനെപ്പോലെ  ഇങ്ങനെ ഇരിക്കണത്?’ 
വെറുപ്പ് തേട്ടുന്ന ആ ചോദ്യം പാറുക്കുട്ടിയുടെ വക.
ഞാന്‍  പുറത്തേക്ക് വരാന്‍  അല്‍പം  ഭയന്നു.  എന്നെ  ഭയപ്പെടുത്തിയ  അസ്വസ്ഥയാക്കിയ  ഒരു വല്ലാത്ത   ദൃശ്യത്തിന്‍റെ ഉടമസ്ഥനാണല്ലോ എന്തായാലും അയാള്‍..
പാറുക്കുട്ടിയുടെ ആ  ഒരു ചോദ്യം മാത്രമേ കേട്ടുള്ളൂ. പിന്നെ  കുറച്ചു  സമയം നിശ്ശബ്ദതയായിരുന്നു. ഞാന്‍  പഠിക്കാനിരിക്കുന്ന  മുറിയുടെ ജനലിലൂടെ പാളി  നോക്കിയപ്പോള്‍  കണ്ടത്...  കുമ്പിട്ടിരുന്ന്  കഞ്ഞി കുടിക്കുന്ന അയാളെയും  ഇടത്തും വലത്തുമായി  അതും നോക്കിയിരിക്കുന്ന  ഗോവിന്നനെയും അമ്മീമ്മയെയുമാണ്.
‘ ചുട്ട അടി കൊടുക്കണം. പുളിവാറല് എടുത്ത്  വീശി ചന്തി പൊളിക്കണം. അല്ലാണ്ട് കഞ്ഞീം പപ്പടോം മെഴുക്കു പെരട്ടീം വെളമ്പി സല്‍ക്കരിക്ക്യല്ല.’ അമര്‍ഷം  ചീറ്റുന്ന ശബ്ദം കേട്ടപ്പോഴാണ്  പാറുക്കുട്ടിയും എന്‍റെ സമീപം വന്നു നിന്ന്  ആ രംഗം വീക്ഷിക്കുന്നുണ്ടെന്ന്  ഞാനറിഞ്ഞത്. മദ്യപിക്കുന്നവരോട് വെറുപ്പും വിദ്വേഷവും കലര്‍ന്ന  യാതൊരു  ക്ഷമാപണത്തിനും ഒരുക്കമല്ലാത്ത ഒരു  തരം  പകയായിരുന്നു പാറുക്കുട്ടിയുടെ  മനസ്സില്‍ എന്നുമുണ്ടായിരുന്നത്. മദ്യത്തിനടിമയായതുകൊണ്ടാണ് തികഞ്ഞ പാതിവ്രത്യമുണ്ടായിട്ടും  തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതെന്ന് കരുതുന്ന  ഒരു പാവം  ഗ്രാമീണയായിരുന്നു  പാറുക്കുട്ടി. ‘ആ നശിച്ച കള്ളുകുടിയാണ് ഒക്കേറ്റ്നും ഹേതു’  എന്ന് പാറുക്കുട്ടി പലപ്പോഴും സ്വന്തം ജീവിതത്തെ ഓര്‍ത്ത് കണ്ണമര്‍ത്തിത്തുടക്കുമായിരുന്നു.
അയാള്‍ എന്തൊക്കേയോ പറയുന്നുണ്ടെന്ന്  തോന്നിയപ്പോള്‍  ഞാന്‍ ചെവി വട്ടം പിടിച്ചു. അമ്മീമ്മ കാണാത്ത വിധത്തില്‍ കഴിയുന്നത്ര ശരീരം ചുവരിനോട്  ചേര്‍ത്തൊതുക്കി കണ്ണുകളേയും കാതുകളേയും മുഖത്തു  നിന്നും പുറത്തേക്ക്  വലിച്ചെടുത്തും  ഉമ്മറത്തേക്ക്  നീട്ടിപ്പിടിച്ചും ഞാന്‍  പഠിക്കുന്ന മുറിയില്‍ പതുങ്ങി നിന്നു.
അയാള്‍  പതുക്കെപ്പതുക്കെ കഞ്ഞികുടിക്കുകയും ഒപ്പം കരയുകയുമായിരുന്നു. ഗോവിന്നനും അമ്മീമ്മയും നിര്‍ലോഭം ‘പോട്ടെ.. പോട്ടെ..  സാരല്യാ’  എന്ന് പറയുന്നതൊന്നും അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അമ്മീമ്മ അയാളെ ഒരുപാട് സമാധാനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി..
അതിനതിനു  അയാളുടെ സങ്കടം കൂടുകയാണ്..
‘ എന്‍റെ ജീവന്‍ അവളാന്ന് വിചാരിച്ചവനാ ഞാന്‍’   എന്ന് പറഞ്ഞപ്പോള്‍  അയാള്‍ പൊട്ടിപ്പോവുന്നത്  ഞാന്‍  കണ്ടു. എന്തുകൊണ്ടോ  ആ വാക്കുകള്‍,  ഹൃദയം  തകരുന്ന വിധത്തിലുള്ള വേദനയോടെ അയാള്‍ ഉച്ചരിച്ച ആ വാക്കുകള്‍  ഇന്നും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണീരൊഴുകുന്ന ആ  ക്ഷീണിച്ച മുഖവും.
‘എന്നിട്ട്  ഈ കൈ കൊണ്ട്  അവളെ കൊല്ലണന്ന് വിചാരിച്ചതും ഞാന്‍  തന്ന്യാ... ആ കുഞ്ഞ്  കരഞ്ഞില്ലെങ്കി ഇന്ന് ഞാനൊരു  കൊലപാതകിയാവാരുന്ന്.. എത്ര മോഹിച്ചതാ.. അവളെ... ഞങ്ങള്‍ക്കണ്ടാവണ ഒരു കുഞ്ഞിനെ... എന്നിട്ട്  ഇന്ന്.. എനിക്ക് അവളുടെ ആ ചിരി  സഹിക്കാന്‍ കഴിഞ്ഞില്ല.... കഴിഞ്ഞതൊന്നും മറക്കാനും കഴിയണില്ല.
ഞാനൊരു കള്ളുകുടിയാനാന്ന് എന്‍റെ  ടീച്ചറ് വിചാരിക്കരുത്... ഞാന്‍  മര്യാദയില്ലോത്തനല്ല .. 
മനുഷ്യര് കൊന്നു പോണതാ  അല്ലേ.. അറിയാണ്ട്...അല്ലേ ടീച്ചറെ...  ‘
സന്ധ്യയുടെ  മഞ്ഞവെളിച്ചത്തിനു  മീതെ  അയാളുടെ  സങ്കടം കൊണ്ട് ചിലമ്പിച്ച ശബ്ദം  ഒരു തേങ്ങലായി പടര്‍ന്നു.  പാറുക്കുട്ടിയുടെ കണ്ണുകള്‍  കുതിച്ചൊഴുകുന്നത്  തല  തിരിക്കാതെ തന്നെ എനിക്കു കാണാമായിരുന്നു.

Thursday, March 27, 2014

എഴുപത്തഞ്ചു വര്‍ഷം നിരന്തരമായി എഴുതുകയായിരുന്നു... അദ്ദേഹം


https://www.facebook.com/echmu.kutty/posts/257470827765552

(ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. )

ഇന്‍ഡ്യാ പാക് വിഭജനമെന്ന കൊടും ക്രൂരത  നേരില്‍ അനുഭവിച്ച ഒരാളാണ് ഖുശ്വന്ത് സിംഗ്. ശ്രീ ഭീഷ്മ സാഹ്നിയുടെ തമസ്സിനോടൊപ്പം ഒരുപക്ഷെ,  അതിലുമധികം ആധികാരികതയോടെ വായിക്കപ്പെട്ട  ട്രെയിന്‍ ടു പാകിസ്ഥാന്‍ എന്ന പുസ്തകം എഴുതാന്‍  ഖുശ് വന്ത് സിംഗിനെ പ്രാപ്തനാക്കിയതില്‍ ഈ  അനുഭവങ്ങള്‍ക്ക് വലിയ  പങ്കുണ്ട്.  ദില്ലിയിലെ പ്രത്യേകിച്ചും ലുട്ട്യന്‍സും  ഹെര്‍ബെര്‍ട്ട് ബേക്കറും ഡിസൈന്‍  ചെയ്തു നിര്‍മ്മിച്ച ന്യൂഡല്‍ഹിയുടെ  സിവില്‍  കോണ്‍ ട്രാക് ടര്‍ ഖുശ്വന്ത്  സിംഗിന്‍റെ  അച്ഛന്‍ ശോഭാസിംഗും മുത്തച്ഛന്‍ സുജാന്‍ സിംഗും  ആയിരുന്നു. സുജാന്‍  സിംഗിന്‍റെ സ്മരണാര്‍ഥം  പേരിട്ട സുജാന്‍ സിംഗ് പാര്‍ക്കിലാണ്, മുത്തച്ഛന്‍ പണിത  ആ വീട്ടിലാണ്  ഖുശ്വന്ത് സിംഗ് ജീവിതകാലമത്രയും പാര്‍ത്തത്.  

മുപ്പതു നോവലുകള്‍ , അനവധി കഥാസമാഹാരങ്ങള്‍, ഒട്ടനവധി ലേഖനങ്ങള്‍ ഇവയെല്ലാം ഖുശ് വന്ത് സിംഗ് എഴുതീട്ടുണ്ട്.  ട്രെയിന്‍ ടു പാകിസ്ഥാന്‍, ഡല്‍ഹി, ഐ ഷാല്‍ നോട്ട് ഹിയര്‍ ദ നൈറ്റിംഗേല്‍, ദ കമ്പനി ഓഫ് വിമന്‍, അഗ്നോസ്റ്റിക്  ഖുശ് വന്ത്, ദ ഗുഡ്  ദ  ബാഡ് ആന്‍ഡ്  ദ  റിഡിക്യുലസ്  ഇവയെല്ലാം അനവധി  വായനക്കാരെ ആകര്‍ഷിച്ച  പുസ്തകങ്ങളാണ്.

ഹിന്ദുസ്ഥാന്‍  ടൈംസ്, നാഷണല്‍ ഹെറാള്‍ഡ് എന്നീ പത്രങ്ങളുടേയും ഇലസ്ട്റേറ്റഡ് വീക് ലിയുടേയും പത്രാധിപര്‍ ഖുശ്വന്ത് സിംഗ് ആയിരുന്നു. പ്ലാനിംഗ് കമ്മീഷന്‍റെ  മുഖപ്രസിദ്ധീകരണമായ യോജന തുടങ്ങിയതും  അദ്ദേഹമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും  കൂടുതല്‍  ആളുകള്‍ വായനക്കാരായി ഉണ്ടായിരുന്ന കോളമിസ്റ്റും അദ്ദേഹമല്ലാതെ മറ്റാരുമായിരുന്നില്ല. നിയമബിരുദധാരിയായ അദ്ദേഹത്തിന്‍റെ  വിത് മാലിസ് ടു വേര്‍ഡ്സ്  വണ്‍ ആന്‍ഡ് ഓള്‍ എന്ന കോളം ഇംഗ്ലീഷിലായിരുന്നു എഴുതപ്പെട്ടിരുന്നത്.. 

തികഞ്ഞ നാസ്തികനായിരുന്നു ഖുശ് വന്ത് സിംഗ്.  അദ്ദേഹം സിഖുകാരുടെ  ചരിത്രത്തെപ്പറ്റി എഴുതിയ  എ ഹിസ്റ്ററി ഓഫ്  സിഖ്സ് എന്ന രണ്ട്  ഭാഗങ്ങളുള്ള ചരിത്ര ഗ്രന്ഥം  ഈ വിഷയത്തില്‍ ഏറ്റവും  ആധികാരികവും  ഏതു  സാധാരണക്കാരനും വായിച്ചാല്‍  മനസ്സിലാകുന്നതുമാണ്. 

കവിതകള്‍ അദ്ദേഹത്തിനു ഒത്തിരി ഇഷ്ടമായിരുന്നു. സൂഫി സൂക്തങ്ങള്‍ അദ്ദേഹം എപ്പോഴും ഉപയോഗിച്ചു. ഇംഗ്ലീഷ്, ഉറുദു, ഗുരുമുഖി ഭാഷകളിലുള്ള അനവധി കവിതകള്‍ അദ്ദേഹത്തിനു മന: പാഠമായിരുന്നു. ഖുശ് വന്ത്  സിംഗ് ദില്ലിയിലെ സുജാന്‍സിംഗ് പാര്‍ക്കിലാണ് താമസിച്ചിരുന്നതെങ്കിലും  .   ഖുശ് വന്ത് സിംഗ്, ദില്ലി.  എന്ന മേല്‍ വിലാസം മാത്രം  മതിയായിരുന്നു അദ്ദേഹത്തിനു കത്തുകള്‍ ലഭിക്കാന്‍. ലോകത്തിന്‍റെ പല  ഭാഗത്തു നിന്നും  പലരും  അയക്കുന്ന  തമാശകളും നുള്ളു നുറുങ്ങുകളും സ്വന്തം കോളത്തില്‍ അയച്ച വ്യക്തിയുടെ  പേരും മേല്‍ വിലാസവും സഹിതം പ്രസിദ്ധീകരിച്ചിരുന്ന അസാധാരണ സത്യസന്ധനായിരുന്നു  ഖുശ് വന്ത്  സിംഗ്.  

പ്രകൃതിയെ  പരിരക്ഷിക്കേണ്ടതിനെപ്പറ്റി അദ്ദേഹം  കോളത്തില്‍  നിരന്തരം  ഉദ്ബോധിപ്പിച്ചു. എല്ലാ ത്തരം കാപട്യത്തേയും വഞ്ചനയേയും അന്ധവിശ്വാസങ്ങളേയും എപ്പോഴും നഖശിഖാന്തം  എതിര്‍ത്തു. അതീവ രൂക്ഷതയോടെ  പരിഹസിച്ചു.  മനുഷ്യത്വ വിരുദ്ധമായ സദാചാരത്തേയും  മതത്തേയും പരിഹസിക്കുന്നത്  അദ്ദേഹത്തിന്‍റെ  പതിവായിരുന്നു. സമയം എന്ന ഏറ്റവും വിലപിടിപ്പുള്ള  വസ്തുവിനെ പാഴാക്കുന്നത്  ഏറ്റവും  വലിയ  തെറ്റായി  അദ്ദേഹം കരുതി. നേരത്തെ സമയം  തീരുമാനിച്ച്   കൃത്യസമയത്ത്  ചെന്നില്ലെങ്കില്‍ അദ്ദേഹം ആരേയും  കാണാന്‍  കൂട്ടാക്കിയിരുന്നില്ല. ഒരിക്കല്‍  നേരം വൈകിച്ചെന്ന പ്രധാനമന്ത്രി രാജീവ്  ഗാന്ധിയെപ്പോലും അദ്ദേഹം  കാണാന്‍  വിസമ്മതിച്ചു.  ടെന്നീസ്  കളിച്ച്  ശരീരം  ഫിറ്റാക്കി  നിറുത്താന്‍  ഖുശ് വന്ത്  സിംഗ്  പ്ര യത്നിച്ചിരുന്നു.  എണ്‍പത്തിനാലു വയസ്സു  വരെ ദില്ലിയിലെ നിരത്തുകളില്‍ അദ്ദേഹം കാര്‍  സ്വയം ഓടിച്ചിരുന്നു. 

അടിയന്തിരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ  സെന്‍സര്‍ഷിപ്പിനെ  അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.  1974ല്‍  പത്മഭൂഷണ്‍  കിട്ടിയ  ഖുശ് വന്ത്  സിംഗ്   1984 ല്‍  ഗവണ്‍മെന്‍റ്  നടത്തിയ  ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പ്രതിഷേധിച്ച്  ആ  ബഹുമതി  തിരികെ നല്‍കുകയായിരുന്നു. 

അതികഠിനമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു  എഴുത്തുകാരനാണ് ഖുശ് വന്ത് സിംഗ്..