Thursday, April 21, 2016

പോസ്റ്റ് മാസ്റ്ററുടെ മക്കള്‍

ഞങ്ങള്‍ ഒരു പോസ്റ്റ് മാസ്റ്ററൂടെ മക്കളാണ്, അങ്ങനെ ഒരിക്കലും അറിയപ്പെട്ടിട്ടില്ലെങ്കിലും. കാരണം പോസ്റ്റ്മാസ്റ്റര്‍ ഞങ്ങളുടെ അമ്മയായിരുന്നു. ഡോക്ടറായ അച്ഛനുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ ഡോക്ടറുടെ മക്കളായി മാത്രമേ അറിയപ്പെട്ടുള്ളൂ.

പതിനെട്ട് വയസ്സില്‍ ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിക്ക് ചേര്‍ന്ന് കഴിഞ്ഞിരുന്നു അമ്മ, ഗ്രാജുവേഷന്‍റെ റിസല്‍റ്റ് പുറത്തും വരും മുമ്പേ ... (അമ്മയ്ക്ക് ഡബിള്‍ പ്രമോഷന്‍ കിട്ടിയിരുന്നു. അതുകൊണ്ട് രണ്ട് വര്‍ഷം നേരത്തെ പഠിത്തം കഴിഞ്ഞു) പിന്നീട് നാല്‍പതുകൊല്ലം അവര്‍ ആ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തു. പ്രമോഷനും സ്ഥലം മാറ്റവും വരാതിരിക്കാന്‍ വേണ്ടി വകുപ്പ് തല പരീക്ഷകള്‍ എല്ലാം അമ്മ ഒഴിവാക്കി. കുറെ വര്‍ഷങ്ങള്‍ മുടക്കമില്ലാതെ ജോലി ചെയ്താല്‍ നിവൃത്തികേടോടെ അതത് വകുപ്പുകള്‍ കെട്ടിയേല്‍പിക്കുന്ന ഓട്ടോമാറ്റിക് പ്രമോഷന്‍ മാത്രമേ അമ്മയ്ക്ക് കിട്ടിയിട്ടുള്ളൂ. മക്കളുടെ പഠിത്തം, അവരുടെ സുഖസൌകര്യങ്ങള്‍, വീട് നോക്കാന്‍ ആരുമില്ലാതാകുമല്ലോ എന്ന ആധി ... അങ്ങനെ കരിയര്‍ എന്നത് സ്ത്രീയെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ട ഒന്നല്ലല്ലോ, കുടുംബമല്ലേ പ്രധാനം എന്ന നിലപാടില്‍, കരിയറിലോ ഹോബിയിലോ ഒന്നും പ്രോല്‍സാഹിപ്പിക്കാന്‍ ആരുമില്ലല്ലോ എന്ന പരമ സത്യത്തില്‍ അമ്മ എന്നും പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ താഴെത്തട്ടിലെ ഒരു ജീവനക്കാരിയായി തുടര്‍ന്നു. അമ്മയേക്കാള്‍ ജൂനിയര്‍ ആയവരും, പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞവരും ഒക്കെ വകുപ്പ് തല പരീക്ഷകളില്‍ വിജയിച്ച് മേലുദ്യോഗസ്ഥരായി വരികയും അമ്മ ചിലപ്പോഴൊക്കെ ഓഫീസിലും തീര്‍ച്ചയായും സ്വന്തം കുടുംബത്തിലും നിസ്സാരമായ ക്ലാര്‍ക്ക് ജോലിയുടെ പേരില്‍ നിശിതമായി അപഹസിക്കപ്പെടുകയും ചെയ്തു. അമ്മയുടെ കൃത്യമായ വരുമാനം തുച്ഛമെന്ന് എണ്ണപ്പെട്ടു. അമ്മയുടെ നൂറു മാര്‍ക്കുള്ള മാത് മാറ്റിക്സ് ഡിഗ്രിയും അതിനു ലഭിച്ച സ്വരണമെഡലുമൊന്നും ആരും ഒരിടത്തും ഒരുകാലത്തും പരാമര്‍ശിച്ചില്ല... പ്രശംസിച്ചില്ല. ഒന്ന് ഓര്‍മ്മിച്ചതു കൂടിയില്ല.

തപാല്‍ വകുപ്പില്‍ ചില്ലറയായി ഔട്ട്സോഴ്സിംഗ് തുടങ്ങിയപ്പോഴേ അതായത് ഇന്‍ലന്‍ഡും കാര്‍ഡും കവറുമൊക്കെ വ്യക്തികള്‍ക്ക് വില്‍പന നടത്താന്‍ അനുവാദം കിട്ടിത്തുടങ്ങിയപ്പോഴേ, കൊറിയര്‍ കമ്പനികള്‍ സ്വന്തം സാന്നിധ്യം അറിയിച്ചു തുടങ്ങിയപ്പോഴേ കരാര്‍ ജോലിക്കാരായി ഇ ഡി പായ്ക്കര്‍മാരെ നിയമിച്ചു തുടങ്ങിയപ്പോഴേ ' അമ്മയുടെ ജോലി ഇപ്പോ പോകുമെന്ന് ദാ , ഇപ്പോ പൂട്ടും പോസ്റ്റ് ഓഫീസെന്ന് ‘ ഉള്ള നിസ്സാരമാക്കല്‍ വീട്ടിലെ ഒരു സ്ഥിരം പതിവായിരുന്നു. ഒരാളുടെ ജോലി നഷ്ടപ്പെടുമെന്ന് പറയുന്നത് എത്ര വലിയ ക്രൂരതയാണെന്ന് അന്ന് മനസ്സിലായതിലുമധികം നന്നായി ഇന്നെനിക്ക് മനസ്സിലാവും.. അമ്മ ആ സങ്കടവും ആധിയുമൊന്നും ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ല.

അമ്മ ജോലി ചെയ്തിട്ടുള്ള പല പോസ്റ്റ് ഓഫീസുകളുടേയും വരാന്തകളില്‍ ഞങ്ങള്‍ ഒരുപാട് സമയം ചെലവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഒട്ടിക്കാന്‍ വെയ്ക്കുന്ന കറുത്തതും വെളുത്തതുമായ പശ തിക്കുംപൊക്കും സൂക്ഷിച്ച്, നക്കി നോക്കിയിട്ടുണ്ട്. കിടി കിടി എന്ന് അടിക്കുന്ന റ്റെലഗ്രാമിന്‍റെ മോഴ്സ്കോഡ് ചെറുപ്പത്തിലേ മനസ്സിലാക്കീട്ടുണ്ട്. സ്പീഡ് പോസ്റ്റ് ആരംഭിച്ചപ്പോള്‍, രാവിലെ ഏഴു മണിക്ക് ഓഫീസിലെത്താന്‍ ധിറുതിപ്പെടുന്ന അമ്മയോട് ഇഡ്ഡലി വായില്‍വെച്ചു തരണമെന്ന് പറഞ്ഞ് വാശി പിടിച്ചിട്ടുണ്ട്. കാഷിന്‍റെ ചുമതലയുള്ള അമ്മയ്ക്ക് വൈകീട്ട് കണക്ക് വേഗം ടാലിയാവണേ, അമ്മയുടെ കൈയില്‍ നിന്ന് പണം നഷ്ടപ്പെടരുതേ എന്നൊക്കെ വിളക്ക് കത്തിച്ച് പ്രാര്‍ഥിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകള്‍ക്ക് പ്രത്യേകമായുള്ള ഒരു ഗന്ധം ഞങ്ങള്‍ക്ക് വളരെയേറെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ടാഗോറിന്‍റെ പോസ്റ്റ് മാസ്റ്റര്‍ എന്ന ചെറുകഥ വായിച്ചതിനുശേഷം അമ്മ ജോലി ചെയ്ത പോസ്റ്റ് ഓഫീസുകളെക്കുറിച്ച് ,അമ്മയുടെ സഹപ്രവര്‍ത്തകരെക്കുറിച്ച് ഒക്കെ എഴുതണമെന്ന് വിചാരിച്ചിട്ടുണ്ട്.

തപാല്‍ വകുപ്പിനോട് ഞങ്ങള്‍ മക്കള്‍ക്ക് ഒത്തിരി സ്നേഹവും ആദരവുമുണ്ട് , നന്ദിയുണ്ട്. മുട്ടാതെ മാമു കിട്ടിയതും പഠിക്കാന്‍ കഴിഞ്ഞതും തപാല്‍ വകുപ്പ് അമ്മയ്ക്ക് കൊടുത്ത ആ ‘നിസ്സാര’ വരുമാനത്തിലാണ്. എല്ലാ മാസവും ഒന്നാം തീയതി ആയാല്‍ അമ്മ ധനികയായിത്തീരുമായിരുന്നു. അന്ന് വൈകുന്നേരം ചായയ്ക്ക് അമ്മ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ ടീ കേക്ക് വാങ്ങിത്തരുമായിരുന്നു....

അമ്മയുടെ ആ ‘തുച്ഛ’ മായ പണം മാത്രമേ ഞങ്ങള്‍ മക്കള്‍ക്ക് എന്നും ലഭിച്ചുള്ളൂ. മറ്റ് ഉയര്‍ന്ന യാതൊരു വരുമാനത്തിനും ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും അര്‍ഹരായിരുന്നില്ല.

Monday, April 18, 2016

ഒരു സവിശേഷ സുവിശേഷ ദിനം

https://www.facebook.com/echmu.kutty/posts/425322080980425

ദുബായില്‍ നിന്ന് എന്‍റെ പ്രിയ സുഹൃത്ത് വിളിച്ചു ആശംസിച്ചപ്പോഴാണ് അനവധി തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ മറന്നു പോയിരുന്ന ആ ദിവസമാണിന്നെന്ന് ഞാന്‍ ഓര്‍മ്മിച്ചത്..
ഞങ്ങള്‍ ഒരുമിച്ച ദിവസമെന്നൊന്നും പറയാന്‍ പറ്റില്ല. കാരണം അത് വേറൊരു ഭയങ്കര ദുഷ്ട ദിവസമാണ്. അന്ന് പ്രാകലുകളും, തുലഞ്ഞ് പോകുമെന്ന, അനുഭവിക്കുമെന്ന, ശാപങ്ങളും, കണ്ണീരും പിന്നെ വഞ്ചകി, ദുഷ്ട എന്നൊക്കെയുള്ള വാഴ്ത്തുകളുമായിരുന്നു ആശംസകള്‍ ...
അതിനിടയില്‍ ഒരുപാടു മുഖങ്ങള്‍ ലിവ് ലൈഫ് കിംഗ് സൈസിലും വലിയ മുഖം മൂടികള്‍ ധരിച്ച് പിശാചുക്കളെപ്പോലെ പല്ലിളിച്ച് വേതാളനൃത്തം ചവിട്ടി. ഞങ്ങളുടെ അല്ല, എന്‍റെ നഷ്ടങ്ങള്‍ അതിഭയങ്കരമായിരുന്നു....അതൊന്നും ഓര്‍ക്കാനുള്ള ത്രാണി ഇപ്പോഴെനിക്കില്ല. നഷ്ടങ്ങളേയും വേദനകളേയും എല്ലാം തോളില്‍ ചുമന്നുകൊണ്ട് സ്നേഹത്തിലും സൌഹൃദത്തിലും മാത്രം വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ച് കണ്ണീരുണങ്ങാത്ത ദിവസങ്ങള്‍ കടന്നു പോയി..
അങ്ങനെ ....

കാലങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ പൊടുന്നനെ
ഈയൊരു ദിവസം ഈ പ്രപഞ്ചത്തില്‍ ഉദിച്ചു. അന്നാണ് മുതിര്‍ന്നവര്‍ അവരുടെ മനസ്സമാധാനത്തിനു ഒരു അമ്പലത്തില്‍ പോയി ഒരു താലിയെങ്കിലും കെട്ടണമെന്ന് പറഞ്ഞത്. നൂലുപോലെ ഒരു വെള്ളി മോതിരമാണ് എന്‍റെ പ്രിയതമന്‍ എനിക്ക് ജീവിതത്തിലാകെ കൂടി സമ്മാനിച്ച വിലയേറിയ ആഭരണം. അങ്ങനെയുള്ള ഒരാളോട് പെട്ടെന്ന് താലിയുണ്ടാക്കാന്‍ പറഞ്ഞാല്‍ എന്തു ചെയ്യും ?. വല്ല ഇഷ്ടികത്തുണ്ടോ റ്റൈലിന്‍റെ കഷണമോ കരിങ്കല്ലു ചീവിയതോ മതിയെങ്കില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ താലിയും കൊണ്ട് ഓടി വരുമായിരുന്നു.

താലിക്ക് ഇതൊന്നും പോരല്ലോ.

മഞ്ഞള്‍ച്ചരടില്‍ കോര്‍ത്ത ഒരു താലി സ്വയം സംഘടിപ്പിച്ച് ഞാന്‍ അതിവേഗം ഒരു വധു ചമഞ്ഞു. എന്തൊരെളുപ്പമായിരുന്നു ആ കല്യാണം. മുല്ലപ്പൂവും ആഭരണങ്ങളും പട്ടുസാരിയും ആളും ബഹളവും ഒന്നുമില്ല... ശടേന്ന് ഒരു കല്യാണം.
കുറച്ച് ഫോട്ടോയൊക്കെ എടുത്ത് ‘ ദാ, എന്‍റെ കല്യാണം കഴിഞ്ഞു. ഇനി എന്‍റെ പെന്‍ഷന്‍, പി എഫ് ... അതു പോലെ മെഡിക്കല്‍ ബെനിഫിറ്റ് അതു മാതിരി എല്ലാറ്റിനും ഇവള്‍ക്ക് അവകാശമുണ്ടായിരിക്കും, നോക്കു. ‘ എന്ന് കേന്ദ്ര ഗവണ്മെന്‍റിനോട് പ്രിയതമന്‍ പറഞ്ഞു.
കണ്ണട വെച്ച ഗവണ്മെന്‍റ് പൊട്ടിച്ചിരിച്ചിട്ട് ആ ഫോട്ടൊയൊക്കെ എടുത്ത് ദൂരെക്കളഞ്ഞു. എന്നിട്ട് ‘ ഇതൊന്നും പറ്റില്ല, പോയി മാര്യേജ് സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരൂ’ എന്ന് ഘോരശബ്ദത്തില്‍ ഉത്തരവായി.

അങ്ങനെ ഞങ്ങള്‍ പിന്നേം കല്യാണം കഴിച്ചു.
അത് വേറൊരു ദിവസമായിരുന്നു. അന്ന് ഹോമകുണ്ഡമൊക്കെ ജ്വലിപ്പിച്ച് മൂന്നു മണിക്കൂര്‍ ഹോമം കഴിച്ച് സപ്തപദിയൊക്കെ എടുത്ത് കല്യാണം കഴിച്ച് ഞങ്ങള്‍ ശരിക്കും ക്ഷീണിച്ചു. വര്‍ക് സൈറ്റിലെ പട്ടിണിപ്പാവങ്ങളായ ജോലിക്കാര്‍ക്കെല്ലാം സദ്യ കൊടുത്തു.
അങ്ങനെ ആ വിലയേറിയ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

എന്നാലും എളുപ്പമായിരുന്നു. ഉടുപുടവ, ആഭരണം, കാറ് ,വിമാനം... ഒന്നും വേണ്ടി വന്നില്ല. കുറച്ച് നെയ്യും ചന്ദനത്തിരിയും ആ പുരോഹിതനു നൂറ്റൊന്നു രൂപയും മാത്രമേ ചെലവായുള്ളൂ. ആര്യസമാജത്തിലായിരുന്നു ആ കല്യാണം..
ചിലപ്പോള്‍ എനിക്ക് തോന്നും ഞങ്ങള്‍ കല്യാണം കഴിച്ചിട്ട് നൂറു കൊല്ലമായി എന്ന്... ചിലപ്പോള്‍ തോന്നും ഇന്നലെയായിരുന്നുവെന്ന്... ഇനിയും ചിലപ്പോള്‍ തോന്നും ഞങ്ങള്‍ കല്യാണമേ കഴിച്ചിട്ടില്ലെന്ന്...

Monday, April 11, 2016

ചില ഒറ്റമരക്കാടുകള്‍; ഒരു അക്ഷര്‍ധാം യാത്രയുടെ ഓര്‍മയ്ക്ക്


‘ഞാന്‍ വരില്ല. എനിക്ക് അക്ഷര്‍ധാം ക്ഷേത്രം കാണണ്ട‘.

സുഹൃത്തിന്‍റെ വാക്കുകള്‍ കര്‍ക്കശമായിരുന്നു. മുഖം വികാരഭാരത്താല്‍  വലിഞ്ഞു മുറുകിയിരുന്നു. എനിക്ക് കാരണം ചോദിക്കാതിരിക്കാനായില്ല.

‘അവിടെ ചെല്ലുമ്പോള്‍ നിനക്ക് മനസ്സിലാകും. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടും യാതൊരു കാര്യമില്ല’. സുഹൃത്തിന്‍റെ വാക്കുകളില്‍ ഒരു തരി പോലും മയമുണ്ടായിരുന്നില്ല.

‘നീ വരൂ. ഞാന്‍ കൊണ്ടുപോകാം. എനിക്ക് വണ്ടി ഓടിക്കാന്‍ ഒരു പ്രയാസവുമില്ല. വരേണ്ടാത്തവര്‍ ഇവിടെയിരിക്കട്ടെ’. അത് സുഹൃത്തിന്‍റെ ഭാര്യ മോനയായിരുന്നു. അവളുടെ ശബ്ദത്തില്‍ ഒരുതരം അടക്കിപ്പിടിച്ച സ്പര്‍ദ്ധ നിഴല്‍ വീശിയിരുന്നു.

ഹൃദയം ഉറക്കെ മിടിച്ചു. കണ്മുന്നില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടാകുമെന്ന് തോന്നുമ്പോഴൊക്കെയും എന്‍റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചിരുന്നു. ഞാന്‍ അതിരില്ലാതെ ഭയപ്പെടുകയും അതുകൊണ്ടു തന്നെ നീലിക്കുകയും ചെയ്യുമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ആരംഭിച്ച ഈ ഭയം തലനരയ്ക്കാന്‍ തുടങ്ങുന്ന കാലത്തും എന്നെ വിട്ടു പോയിട്ടില്ല. ഈ പ്രപഞ്ചത്തിലെ എല്ലാ  വിവാഹങ്ങളും നിഷ്ഫലമായ യുദ്ധങ്ങളാണെന്നും വിവാഹിതര്‍ തോല്‍വി നേരത്തെ ഉറപ്പാക്കപ്പെട്ട യുദ്ധത്തിലേര്‍പ്പെടുന്ന അതീവ നിസ്സഹായരായ പടയാളികളാണെന്നും ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്.

പത്തുവര്‍ഷത്തിലധികം കാലം അഗാധമായി പ്രണയിച്ച് വിവാഹിതരായവരായിരുന്നു എന്‍റെ സുഹൃത്തുക്കള്‍. ഭാര്യ നരേന്ദ്ര മോദിയെ ആരാധിക്കുമ്പോള്‍ ഭര്‍ത്താവ് ഒരു ഹ്യൂമനിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതായിരുന്നു ഇപ്പോള്‍ അവര്‍ തമ്മില്‍ ഇത്ര സ്പര്‍ദ്ധയുണ്ടാകുവാന്‍ കാരണം.

വിഭജനകാലത്ത് ലാഹോര്‍ വിട്ടു ജീവരക്ഷയ്ക്കായി ഇന്ത്യയിലേക്ക് പാലായനം ചെയ്ത മാതാപിതാക്കളുടെ മകളാണ് മോന. ആ കാലത്തിന്‍റെ വേദനകളെപ്പറ്റിയും ഇസ്ലാം മതവിശ്വാസികളുടെ ക്രൂരതകളെപ്പറ്റിയും അവളുടെ മനസ്സില്‍ അഗാധമായ മുറിവുകളുണ്ട്. സ്വന്തം മാതാപിതാക്കന്മാര്‍ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ചിട്ടുള്ള അനവധിയനവധി എണ്ണമറ്റ അനുഭവങ്ങള്‍... അവയില്‍ എപ്പോഴും ചോര പൊടിച്ചു നിന്നു. എല്ലാ രാഷ്ട്രീയസിദ്ധാന്തങ്ങള്‍ക്കും അപ്പുറമാണ് നേരനുഭവമെന്ന സത്യസന്ധതയെന്ന് അവളുടെ നനഞ്ഞ കണ്ണുകള്‍ എന്നെ മൂകയാക്കിയിരുന്നു. എനിക്ക് വാദിക്കാന്‍ പലപ്പോഴും വാക്കുകള്‍ കിട്ടിയിരുന്നില്ല. ക്രൂരന്മാരായ ഇസ്ലാം മതവിശ്വാസികളെ ഒരു പാഠം പഠിപ്പിക്കാനാണ് മോദി അവതാരമെടുത്തിട്ടുള്ളതെന്ന് മോന കരുതുന്നു. അറുപതിലധികം വര്‍ഷം ഇന്ത്യ ഭരിച്ചു മുടിച്ച കോണ്‍ഗ്രസ്സിനേക്കാള്‍ എന്തുകൊണ്ടും മോദീഭരണം ഭേദമായിരിക്കുമെന്നും മോദിക്കും ഒരവസരം ജനാധിപത്യ ഇന്ത്യ നല്‍കണമെന്നും അവള്‍ വീറോടെ വാദിച്ചു. 

എന്‍റെ ദില്ലി സ്മരണകളില്‍ മോനയ്ക്ക് ഒരിക്കലും ഒളിമങ്ങാത്ത സ്ഥാനമാണുള്ളത്. അവള്‍ എന്‍റെ എല്ലാ സങ്കടങ്ങളിലും ഒപ്പം  കരയുകയും സ്വന്തം ദുപ്പട്ടയില്‍ എന്‍റെ കണ്ണീരൊപ്പുകയും ചെയ്തു.  ഞാന്‍ സന്തോഷിച്ചപ്പോള്‍ അവളും കലവറയില്ലാതെ സന്തോഷിച്ചു. എനിക്കു വിശന്നപ്പോഴെല്ലാം റൊട്ടിയും സബ്ജിയുമുണ്ടാക്കി സ്നേഹത്തോടെ വിളമ്പി. മതപരവും സാമൂഹികവും രാഷ്ട്രീയവുമായ അനവധി അഭിപ്രായഭിന്നതകള്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ഞങ്ങളുടെ അമ്മാതിരി നില്‍പാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും എന്നെ താഴ്ത്തിക്കാണിക്കാനോ എന്നോട് കണക്കുതീര്‍ക്കാനോ ഈ അഭിപ്രായഭേദങ്ങളിലൊന്നിനെപ്പോലും അവള്‍ തെരഞ്ഞെടുത്തില്ല. അവള്‍ക്കൊപ്പമാകുമ്പോള്‍ അനേകം സ്നേഹബന്ധുക്കളുടെ നിറവുള്ള സമ്പന്നത എനിക്കുണ്ടായി. ഒറ്റമരമൊരു കാടാവുന്നതെങ്ങനെയെന്ന് മോനയാണെന്നെ പഠിപ്പിച്ചത്.
മേഘം നിറഞ്ഞു നിന്ന സെപ്തംബറിലെ ഒരു ഉച്ചയ്ക്കാണ് ഞാന്‍ അക്ഷര്‍ധാമില്‍ എത്തിയത്. ദില്ലിയിലെ അനേകം ഫ്ലൈഓവറുകളിലൂടെ തണല്‍ വൃക്ഷങ്ങളുടെ പച്ചപ്പ്  പരന്ന രാജരഥ്യകളിലൂടെ, ചിലപ്പോഴെല്ലാം അനുഭവപ്പെട്ട ഗതാഗതക്കുരുക്കുകളില്‍ മുറുമുറുത്തുകൊണ്ടാണെങ്കിലും മോന, അതിസമര്‍ഥമായി കാറോടിച്ചു. മൈലാഞ്ചിച്ചുവപ്പിന്‍റെ ചിത്രപ്പണികള്‍ നിറഞ്ഞ അവളുടെ മനോഹരമായ കൈകള്‍ മിന്നിത്തിളങ്ങുന്ന സ്റ്റിയറിംഗ് വീലിനെ താലോലിക്കുന്നത് അല്‍പം അസൂയയോടെയും അതിലേറെ ആരാധനയോടെയും ഞാന്‍ നോക്കിക്കണ്ടു.
ദില്ലി സന്ദര്‍ശിക്കുന്നവരില്‍ ഏറിയ കൂറും  അക്ഷര്‍ധാം ക്ഷേത്രത്തിലെത്തുന്നുണ്ട്. അതുകൊണ്ടാവണം ഒരു ക്ഷേത്രം എന്നതിലുപരി അതൊരു ടൂറിസ്റ്റ് കേന്ദ്രമായാണ് അനുഭവപ്പെടുക. യമുനാതടത്തില്‍ 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിനടുത്ത് നാഷണല്‍ ഹൈവേ-24ലാണ് ഈ ക്ഷേത്രം. നോയിഡാമോഡിനു നന്നേ സമീപം. 43 മീറ്റര്‍ ഉയരവും 96 മീറ്റര്‍ വീതിയും 109 മീറ്റര്‍ നീളവുമുള്ള ഈ ഭീമനെ പണിതുണ്ടാക്കിയത് രാജസ്ഥാനിലെ പിങ്ക് സാന്‍ഡ് സ്റ്റോണും ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ചാണ്. കോണ്‍ക്രീറ്റോ സ്റ്റീലോ ഈ നിര്‍മ്മിതിയിലില്ല എന്ന് അവകാശപ്പെടുമെങ്കിലും ക്ഷേത്രത്തിന്‍റെ അടിത്തറ പണിയാന്‍ യഥാര്‍ഥത്തില്‍  ടണ്‍ കണക്കിനു സ്റ്റീലും കോണ്‍ക്രീറ്റും ലക്ഷക്കണക്കിന് ഇഷ്ടികകളും ഉപയോഗിച്ചിട്ടുണ്ട്.

അതിവിശാലമായിരുന്നു ക്ഷേത്രമുറ്റത്തെ കാര്‍ പാര്‍ക്കിംഗ്. അനവധി വാഹനങ്ങള്‍ അവിടെ നിറഞ്ഞു കിടന്നു. ഇന്ത്യാമഹാരാജ്യത്തിന്‍റെ ഒരു പരിച്ഛേദം തൊണ്ണൂറ് ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ആ ഭീമന്‍ ക്ഷേത്രമുറ്റത്തെ ജനങ്ങളില്‍ കാണാമായിരുന്നു.

വിശക്കുന്ന വയറുമായി ദൈവത്തെ അന്വേഷിക്കേണ്ടെന്ന് മോന സിദ്ധാന്തിച്ചു. പ്രേംവതി എന്ന് പേരിട്ട ഭക്ഷണശാലയിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. അജന്താ, എല്ലോറ ഗുഹകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു  നിര്‍മ്മിതിയാണ് പ്രേംവതി. വിദേശികള്‍ ഉള്‍പ്പടെ നല്ല തിരക്കായിരുന്നു അവിടെ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗുണസമ്പുഷ്ടമായ സസ്യഭക്ഷണം ലഭ്യമായിരുന്നെങ്കിലും ഗുജറാത്തി വിഭവങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. മധുരപലഹാരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
ഞങ്ങള്‍ ഇരുവരും പഞ്ചാബി ആഹാരമായ ഛോലെ ബട്ടൂരയും കുരുമുളകു മണികള്‍ ധാരാളമായി വറുത്തിട്ട പുലാവും ബംഗാളി മധുരമായ ചംചമും മിഷ്ടിദൊയിയും എല്ലാം തികഞ്ഞ സ്വാദോടെ ഭക്ഷിച്ചു. അവള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍ വലിയ ദൈവം മറ്റെങ്ങുമില്ലെന്ന് എനിക്ക് അപ്പോള്‍ തോന്നാതിരുന്നില്ല. 

ബൊചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സംഘടനയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. രാമകൃഷ്ണ മിഷന്‍ പോലെയോ ചിന്മയ മിഷന്‍ പോലെയോ ഒരു ഹൈന്ദവ ആധ്യാത്മിക സംഘടനയാണിതും. ധനത്തിന്‍റെ ആധിക്യമായിരിക്കും എന്ന പ്രധാന വ്യത്യാസം മാത്രം. ഇതിലെ അംഗങ്ങളായ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ ഏകദേശം ഏഴായിരത്തോളം തൊഴിലാളികളുമൊന്നിച്ച് ക്ഷേത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കു കൊള്ളുകയായിരുന്നു. ആത്മീയ സംഘടനയുടെ നേതാവായ സ്വാമി മഹാരാജിന്‍റെയും ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ പരിശീലനം നേടിയ എട്ടോളം സന്യാസിമാരുടേയും നേതൃത്വത്തിലായിരുന്നു ക്ഷേത്രനിര്‍മ്മാണം. അഞ്ചുവര്‍ഷം കൊണ്ടാണ് ക്ഷേത്രം പണിതുയര്‍ത്തിയത്. പഞ്ചരാത്രശാസ്ത്രം, വാസ്തുശാസ്ത്രം, സ്ഥപത്യശാസ്ത്രം എന്നിങ്ങനെ ആര്‍ഷഭാരതത്തിലെ എന്‍ജിനീയറിംഗ് ഗ്രന്ഥങ്ങള്‍ മാത്രമേ ക്ഷേത്രനിര്‍മ്മാണത്തിന് ആധാരമാക്കിയിട്ടുള്ളൂ എന്ന് പറയപ്പെടുന്നു.
 ഇരുനൂറ്റിഅമ്പതോളം തൂണുകളും ഒന്‍പതു ഡോമുകളുമുണ്ട് ഈ സമുച്ചയത്തില്‍. ഓരോ തൂണും ഓരോ ഡോമും ശില്‍പവൈദഗ്ധ്യത്തിന്‍റെ അന്യാദൃശമായ നിദര്‍ശനങ്ങളാണ്. ഒന്നോ രണ്ടോ ദിവസം മുഴുവന്‍ ചെലവാക്കിയാലും  കണ്ടു തീര്‍ക്കാനാവാത്തവ. ഇരുപതിനായിരത്തിലധികം പ്രതിമകളുണ്ട്. മുപ്പത്തിമുക്കോടി ദേവകളുടെ കണക്കിലാണെങ്കില്‍ പ്രതിമകളുടെ എണ്ണം  കുറവ് തന്നെ. എങ്കിലും കണ്ടുതീര്‍ക്കുക ഒട്ടും എളുപ്പമല്ല.

സ്വാമി നാരായണ ആചാര്യന്‍റെ വിഗ്രഹം ഏറ്റവും പ്രധാനപ്പെട്ടതും നടുവിലുള്ളതുമായ ഡൊമിന് കീഴെയാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ചുറ്റുമായി മറ്റു ആചാര്യന്മാരേയും കാണാം. കൂടാതെ ശ്രീരാമനും സീതയും, ശിവനും പാര്‍വതിയും, കൃഷ്ണനും രാധയും, ലക്ഷ്മി നാരായണനും വെട്ടിത്തിളങ്ങുന്ന പട്ടുവസ്ത്രാഭരണങ്ങളോടെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെ കാണപ്പെടുന്നുണ്ട്. അവയിലെ അലങ്കാരങ്ങള്‍ ഇസ്ക്കോണ്‍ അമ്പലങ്ങളെ ഓര്‍മ്മിപ്പിച്ചു. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളെല്ലാം തന്നെ പഞ്ചലോഹനിര്‍മ്മിതമാണ്. മിന്നിത്തിളങ്ങുന്ന, വിലപിടിപ്പുള്ള കല്ലുകളില്‍ പ്രകാശം വീണു ചിതറുമ്പോഴുണ്ടാകുന്ന നിറങ്ങളുടെ ധോരണിയില്‍ പ്രധാന ഡോമും അതിനകവും ചെടിപ്പിക്കുന്ന വിധം ആഡംബരപൂര്‍ണമാണ്. ധനത്തിന്‍റെ ധാരാളിത്തം കണ്ണില്‍ക്കുത്തിക്കയറുന്ന അവിടെ നില്‍ക്കുമ്പോള്‍ അതീവധനികരായ പരിചയക്കാര്‍ക്ക് മുന്നില്‍ പൊടുന്നനെ ചെന്നുപെട്ട ഒരു ദരിദ്രയുടെ അപകര്‍ഷതയാണ് എനിക്ക് തോന്നിയത്. ഭക്തിയൊന്നും  മനസ്സിലുണര്‍ന്നതേയില്ല. നൂറ്റമ്പതോളം  ആനകള്‍ താങ്ങി നിറുത്തുന്ന ഗജേന്ദ്രപീഢമെന്ന വിശാലമായ അടിത്തറയിലാണ് ഈ ക്ഷേത്രമെന്ന് പ്രധാന ഡോമിനു പുറത്തിറങ്ങിയപ്പോഴേ ഞാന്‍ മനസ്സിലാക്കിയുള്ളൂ. ആനകളുടെ അതീവവൈവിധ്യമാര്‍ന്ന ശില്‍പങ്ങള്‍ കുറേയേറേയുണ്ട്. ഹിന്ദുസംസ്ക്കാരത്തിലും ചരിത്രത്തിലും ആനകളുടെ പ്രാധാന്യം അഭൂതപൂര്‍വമായിരുന്നെന്നും അതിനോടുള്ള ഒരു നന്ദിപ്രകാശനമാണ് ആ ഗജസാന്നിധ്യമെന്നും വിശദീകരണമുണ്ടായി. ഇതിനുചുറ്റുമായി കാണുന്ന തടാകത്തിനു നാരായണസരോവരമെന്നാണ് പേര്. ഇന്ത്യയിലെ നൂറ്റമ്പത്തൊന്നു നദികളില്‍ നിന്നുള്ള ജലമാണ് ഈ തടാകത്തിലുള്ളത്. ചുറ്റുമായി നൂറ്റെട്ടു ഗോമുഖങ്ങള്‍ ഉണ്ട്.  
ഒരു പ്രത്യേക തരം പ്രകടനാത്മക ഹൈന്ദവതയുടെ വല്ലാത്ത കുത്തിക്കയറല്‍ ആ ക്ഷേത്രപരിസരത്തുണ്ടെന്ന് തോന്നിയെങ്കിലും അതിനെക്കുറിച്ച് കൃത്യമായ നിലപാടുണ്ടാക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. കണ്ണിനു മുന്നില്‍ വലയിട്ട, പര്‍ദ്ദ ധരിച്ച മുസ്ലിം സ്ത്രീകളുള്‍പ്പടെ എല്ലാ ജാതി, മതക്കാരും അവിടെ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പ്രവേശനമുണ്ടെങ്കിലും എന്തോ ഒരു വല്ലായ്മ എന്നെ ബാധിക്കാതിരുന്നില്ല.

സഹജാനന്ദ പ്രദര്‍ശനമെന്ന പേരില്‍ ആധുനിക റോബോട്ടിക്സും ഡയോരമകളുമായി ( പൂര്‍ണകായ മോഡലുകള്‍) സ്വാമി നാരായണ ആചാര്യന്‍റെ ജീവിതവും ഏകപക്ഷീയമായ ഒരു ഇന്ത്യാചരിത്രവും നമുക്ക് മുന്നില്‍ അനാവൃതമാകുന്നുണ്ട്. ആചാര്യന്‍ സമാധാനത്തിനും വിനയത്തിനും ഭക്തിക്കും സേവനത്തിനുമൊക്കെ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും. പതിനെട്ടാം നൂറ്റാണ്ടാണ് പ്രദര്‍ശനത്തിന്‍റെ കാലഘട്ടം. സ്വാമി നാരായണിന്‍റെ ശൈശവം അവതരിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ അനിമാട്രോണിക് റോബോട്ട് ആണ്. ഘനശ്യാം എന്ന പേരില്‍ പാട്ടും സംഭാഷണങ്ങളും ഉദ്ബോധനങ്ങളുമെല്ലാമായി വളരെ വിശദമായ ഒരു പ്രദര്‍ശനം തന്നെയാണത്.

തുടര്‍ന്ന് അണിഞ്ഞൊരുങ്ങിയ അരയന്നപ്പൂന്തോണിയിലെ യാത്രയിലാണ് ഇന്ത്യാചരിത്രത്തെക്കുറിച്ചുള്ള പ്രദര്‍ശനം കാണാനാവുന്നത്. എന്‍റെ എല്ലാ വല്ലായ്മകള്‍ക്കും ഉള്ള നേരുത്തരം അതിലുണ്ടായിരുന്നു. ആ പ്രദര്‍ശനം തികച്ചും ഏകപക്ഷീയമായിരുന്നു. അതനുസരിച്ച് ഇന്ത്യ എന്ന സകലതും തികഞ്ഞ അതീവധനാഢ്യമായ ഹൈന്ദവദേശം. വിമാനവും കപ്പലും എന്നു വേണ്ട ആധുനിക പാശ്ചാത്യ ദേശങ്ങളിലെ അത്യാധുനികമായ കണ്ടുപിടുത്തങ്ങള്‍ ഒക്കെയും പണ്ടേക്കുപണ്ടേ ഇവിടെയുണ്ടായിരുന്നു. എല്ലാം ഹിന്ദുക്കളുടെ മാത്രം കണ്ടുപിടുത്തങ്ങള്‍. മറ്റു മതക്കാരോന്നും ഇവിടെ ഉണ്ടായിരുന്നതുമില്ല, അവരൊന്നും  കണ്ടുപിടിച്ചതുമില്ല. അവരൊക്കെ കടന്നുകയറ്റക്കാര്‍ മാത്രം...

എന്‍റെ  സുഹൃത്തിനെ അരിശം പിടിപ്പിക്കുന്നത് ഈ പ്രദര്‍ശനമാണെന്ന് എനിക്ക് ബോധ്യമായി. എനിക്ക് പ്രദര്‍ശനമപ്പാടെ ഒരു പ്രഹസനമായാണ് തോന്നിയത്. ഇക്കാണിക്കുന്നതൊന്നുമല്ല ഇന്ത്യാചരിത്രമെന്നറിയാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. എങ്കിലും ഇതിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന മതാന്ധതയുടെ വിഷബീജങ്ങള്‍ അപകടകരമായ വിധത്തില്‍ പലരേയും പ്രകോപിപ്പിച്ചുകൂടെന്നില്ല.

യജ്ഞപുരുഷകുണ്ഡമെന്ന് പറയുന്ന ഗംഭീരമായ ഒരു തടാകമുണ്ട് ഈ ക്ഷേത്രത്തില്‍. ഇന്ത്യയിലെ ഏറ്റവും വലിയ പടിക്കെട്ടുള്ള കുളമാണത്. പടിക്കെട്ടുകള്‍ യജ്ഞകുണ്ഡത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഒരു മ്യൂസിക്കല്‍ ഫൌണ്ടനാണിതിലെ പ്രധാന ആകര്‍ഷണം. അതിന് ആത്മീയ സംഘടനയുടെ സ്ഥാപകനായ ശാസ്ത്രിജി മഹാരാജിന്‍റെ പേരാണ് നല്‍കിയിട്ടുള്ളത്. അസാമാന്യമുഴുപ്പുള്ള ആ ജലധാര ഉയരുന്നത് കാണാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞില്ല. അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ജലധാരയുടെ കേന്ദ്രഭാഗമായ യജ്ഞകുണ്ഡം ഒരു എട്ടിതളുള്ള താമരപ്പൂവിന്‍റെ മാതൃകയിലാണ്. പഞ്ചരാത്രശാസ്ത്രത്തിന്‍റെ ജയാഖ്യായ സംഹിതയനുസരിച്ചാണത്രേ ഇതിന്റെ നിര്‍മ്മാണം. 
 ഭാരത ഉപവനം എന്ന പേരില്‍ ക്ഷേത്രത്തിനു ചുറ്റും നല്ല ഒരു പൂന്തോട്ടമുണ്ടാക്കിയിരിക്കുന്നു. അതൊന്നും മുഴുവന്‍ നടന്നു കാണാനുള്ള ആരോഗ്യം തോന്നിയില്ല. കുറച്ചുനേരം അവിടെയിരുന്ന് കാറ്റേറ്റു. കുറ്റിച്ചെടികളും വൃക്ഷങ്ങളും പച്ചപ്പുല്‍പ്പരപ്പുമെല്ലാം കമനീയമായി വെട്ടിയൊരുക്കി നിറുത്തീട്ടുള്ള ഒരു പ്ലാന്‍ഡ് ഗാര്‍ഡനാണത്. ധാരാളം പ്രതിമകളുമുണ്ട്.

നീലകണ്ഠയാത്രയെന്ന് പേരിട്ട തിയേറ്ററാണ് വേറൊരു തിലകക്കുറി. ദില്ലിയിലെ ആദ്യത്തേതും ഇപ്പോഴും അനന്യവുമായി തുടരുന്ന പടുകൂറ്റന്‍ ഫോര്‍മാറ്റ് സ്ക്രീനാണിവിടെയുള്ളത്. സ്വാമി നാരായണ ആചാര്യന്‍ കൌമാരകാലത്ത് നടത്തിയ തീര്‍ഥയാത്രയുടെ അനുസ്മരണമെന്ന രീതിയില്‍ ഒരു സിനിമാപ്രദര്‍ശനമുണ്ട്. സിനിമാപ്രദര്‍ശനം ഞാന്‍ കണ്ടില്ല. ഏഴുകൊല്ലം നീണ്ടു നിന്നുവത്രേ ആചാര്യന്‍റെ തീര്‍ഥയാത്ര. എട്ട് മീറ്ററിലധികം ഉയരമുള്ള നീലകണ്ഠ വര്‍ണിയുടെ (സ്വാമി നാരായണന്‍റെ ഭിക്ഷാടന വേഷം) ചെമ്പില്‍ തീര്‍ത്ത വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭക്തജനങ്ങള്‍ ഈ വിഗ്രഹത്തില്‍ പാലുകൊണ്ടും ജലം കൊണ്ടും മറ്റും അഭിഷേകം നടത്താറുണ്ട്.

താമരയിതളുകളുടെ രൂപത്തില്‍ രാജസ്ഥാന്‍ പിങ്ക് കല്ലുകൊണ്ടു തീര്‍ത്ത ഒരു തോട്ടം കാണാം. അതില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റേയും, ഗാന്ധിജിയുടേയും,വിവേകാനന്ദന്‍റെയും മറ്റും പ്രസിദ്ധവചനങ്ങള്‍ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. 

ദി അക്ഷര്‍ധാം സെന്‍റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച്  ഇന്‍ സോഷ്യല്‍ ഹാര്‍മണി എന്നൊരു ഗവേഷണസ്ഥാപനവും ഈ ക്ഷേത്രസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.  
മടക്കയാത്രയില്‍, പറഞ്ഞു കേട്ട അത്ര ആകര്‍ഷകത്വമൊന്നും അക്ഷര്‍ധാമിനുള്ളതായി എനിക്ക് തോന്നുന്നില്ലെന്ന് ഞാന്‍ മോനയോട് പരാതിപ്പെടാതിരുന്നില്ല. ഹൃദ്യമായി ചിരിച്ചുകൊണ്ട് കാറിന്‍റെ ഗിയര്‍ മാറ്റുന്നതിനിടെ അവള്‍ പ്രതിവചിച്ചു. ‘നിന്നെ കൂട്ടിക്കൊണ്ടു വരുമ്പോഴേ ഇതു കേള്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു’.

അതെ, മോന അന്നും ഒരു മരമെങ്ങനെ കാടാവുമെന്ന് തന്നെയാണ് പഠിപ്പിച്ചത്...

Sunday, March 27, 2016

അവന്‍റേതല്ലാത്ത പിഴ.

https://www.facebook.com/echmu.kutty/posts/381831961996104

‘കുട്ടിയ്ക്ക് കേന്ദ്ര ഗവണ്മെന്‍റ് ഉദ്യോഗാണ് , ഐ എ എസ്സാണ് , ഡോക്ടറാണ് , ഒലക്കേടെ മൂടാണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല. നിങ്ങടെ വീട്ടില് ആകെ കൊഴപ്പാണ് ... അവിടെ ജാതീല്യ, മതല്യാ, മലയാളീം തമിഴനും, ബംഗാളീം, സായിപ്പും മദാമ്മേം.. ഇല്യാത്തത് ആരാ? അവിടെ നടക്കാത്തത് എന്താ?’
സംഭവം ശരിയാണ്.
കുടുംബത്തിലെ പുരുഷന്മാര്‍ മാത്രമല്ല, മിക്കവാറും സ്ത്രീകള്‍ കൂടിയും അഭ്യസ്തവിദ്യര്‍, ഉയര്‍ന്ന ശമ്പളം പറ്റുന്ന ജോലിക്കാരികള്‍… ഗ്രാമത്തിലാദ്യം ഗ്രാജുവേറ്റാവുകയും ഇന്ത്യാഗവണ്മെന്‍റിന്‍റെ ഉദ്യോഗം നേടുകയും ചെയ്ത മുത്തശ്ശി മുതലുള്ള സ്ത്രീകള്‍...
പലതരം മിശ്രവിവാഹങ്ങള്‍... വിവാഹ മോചനങ്ങള്‍.
അപ്പോള്‍ എങ്ങനെ ആലോചിക്കും ഒരു കല്യാണം..?
കാര്യം അവരവരുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്ത് മിശ്രവിവാഹമൊക്കെ നടന്നാലും അവരോടൊക്കെ അല്‍പസ്വല്‍പം കൂടിക്കലരുകയുമൊക്കെ ചെയ്താലും കുടുംബ താവഴിയിലുള്ളവര്‍ എല്ലാവരും സ്വന്തം സ്വന്തം കുടുംബത്തില്‍ മിശ്രവും മോചനവുമൊന്നും ഉണ്ടായിട്ടില്ലെന്ന് അഭിമാനിക്കുവാന്‍ ഇഷ്ടമുള്ളവര്‍ തന്നെയാണ് .
അപ്പുറത്തെ വീട്ടില്‍ മിശ്രവിവാഹം പുരോഗമനപരമാണെങ്കിലും നമ്മുടെ വീട്ടിലാവുമ്പോള്‍, അപ്പുറത്തെ വീട്ടില്‍ വിവാഹമോചനം സ്ത്രീ സ്വാതന്ത്ര്യമാണെങ്കിലും നമ്മുടെ വീട്ടിലാവുമ്പോള്‍... അതുകൊണ്ട് മിശ്രവിവാഹം, വിവാഹ മോചനം ഇതൊക്കെ നടന്നിട്ടുള്ള താവഴികളില്‍ നിന്ന് എങ്ങനെ കല്യാണം കഴിക്കും?
ശാദി ഡോട്ട് കോമിലും മലയാളി മാട്രിമോണിയിലും ഉള്ള നായന്മാരും മേനോന്മാരും ഈഴവരും പുലയരുമെന്നു വേണ്ട സ്വന്തമായി ജാതിയുള്ളവരെല്ലാം ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു.
‘ ഞങ്ങള്‍ക്ക് കലര്‍പ്പുള്ള ബന്ധം വേണ്ട. ഞങ്ങള്‍ക്ക് ജാതി ശുദ്ധി നിര്‍ബന്ധമാണ്.’
എന്‍ എസ് എസ്സിന്‍റെയും എസ് എന്‍ ഡി പി യുടേയും കെ പി എം എസിന്‍റെയും എന്നു വേണ്ട അത്തരം എല്ലാ സംഘടനകള്‍ക്കും അവരവരുടെ അംഗങ്ങളിലുള്ള പിടിപാടിനെക്കുറിച്ച് വിസ്തരിച്ചു.
ക്രിസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും അവരവരുടെ മതശുദ്ധി നിര്‍ബന്ധമാണ്. എന്തുദ്യോഗമുണ്ടായാലും എത്ര പഠിപ്പുണ്ടായാലും കൊള്ളാം.. അതൊന്നും ഒരു കാര്യവുമില്ല. അവിടെ മതശുദ്ധിയാണ് പ്രധാനം.
റൈറ്റ്.
ഇന്‍റര്‍കാസ്റ്റ് മാട്രിമോണിയുണ്ട്. അവിടെ എന്താ സ്ഥിതി?
മിശ്രവിവാഹം കഴിച്ചതില്‍ ഹൃദയം നൊന്ത് പശ്ചാത്തപിക്കുന്ന അച്ഛനമ്മമാരുടെ മക്കളാണ് അവിടെ അധികവും. നായരച്ഛനും ഈഴവ അമ്മയ്ക്കും ഉണ്ടായ മകനു കലര്‍പ്പില്ലാത്ത നായര്‍ പെണ്ണിനെ മതി. ഈഴവ അച്ഛനും സാംബവ അമ്മയ്ക്കും ആണെങ്കില്‍ കലര്‍പ്പില്ലാത്ത ഈഴവ നിര്‍ബന്ധം. ക്രിസ്ത്യാനി അച്ഛനോ മുസ്ലിം അച്ഛനോ ആണെങ്കില്‍ മതപരിവര്‍ത്തനം ചെയ്ത, അച്ഛന്‍റെ മതത്തില്‍ അപാര വിശ്വാസമുള്ള അമ്മയുടെ ക്രിസ്ത്യാനി, മുസ്ലിം കുട്ടികളാണ് അവിടെ ഉണ്ടാവുക. അവര്‍ക്കും യഥാക്രമം കലര്‍പ്പേതുമില്ലാത്ത ശുദ്ധിയുള്ള ക്രിസ്ത്യാനിയേയോ മുസ്ലിമിനേയോ കിട്ടിയേ തീരു.
‘ കലര്‍പ്പ് വലിയ കുഴപ്പം തന്നെ. പ്രേമമാണ് ഈ മിശ്രപ്പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ഒരേ വഴി.’
എന്ന് വെച്ച് വഴിയില്‍ കാണുന്ന ആരേയെങ്കിലുമൊക്കെയങ്ങ് പ്രേമിക്കാന്‍ പറ്റുമോ. കല്യാണം നടക്കുമ്പോള്‍ നടക്കും. ഇനി ഇപ്പോ നടന്നില്ലെങ്കിലും ആകാശമൊന്നും ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല.
അപ്പോഴാണ് ഒരു ദിവസം അവന്‍ അടച്ചിട്ടിരുന്ന ഗേറ്റു തുറന്ന് വീടിനകത്ത് കയറി വരുന്നത്. ഒരു കുഞ്ഞിന്‍റെ നിഷ്ക്കളങ്കമായ മുഖത്തോടെയും സ്ഫുടമായ വാക്കുകളോടെയും സംസാരിക്കുന്നത്. പെണ്‍കുട്ടിയ്ക്കൊപ്പം സന്തോഷത്തോടെ, സ്നേഹത്തോടെ, സമാധാനത്തോടെ ജീവിക്കണമെന്നും ഒരു പ്രത്യേക മതത്തില്‍ ജനിച്ചു പോയത് അവന്‍റെ പിഴയല്ലെന്നും അവന്‍ ചെയ്യാത്ത കുറ്റത്തിനു പെണ്‍കുട്ടിയെ തരില്ലെന്ന് വാശിപിടിച്ച് അവനെ ദു:ഖിപ്പിക്കരുതെന്നും വിശദീകരിക്കുന്നത്....
സ്നേഹിക്കുന്നവര്‍ക്കൊപ്പമാകണം ജീവിതം. അപ്പോഴേ അതു ജീവിതമാകുന്നുള്ളൂ..
വധു ടെറാക്കോട്ട മാലയും കമ്മലും കുപ്പിവളയുമിട്ട് കൈത്തറി സാരിയുടുത്താല്‍ മതി.. വരന്‍ ജീന്‍സും ഖാദി കുര്‍ത്തയുമിട്ടാലും മതി.
മുല്ലപ്പൂ വേണ്ട, ബ്യൂട്ടി പാര്‍ലര്‍ വേണ്ട, കാറു മോടി പിടിപ്പിക്കേണ്ട. കനത്ത ഹാരങ്ങളോ ബൊക്കെകളോ ആവശ്യമില്ല.
രജിസ്റ്റര്‍ കല്യാണത്തിനു ചെലവ് എത്ര കുറവാണ്..
മാര്യേജ് ഓഫീസര്‍ തികഞ്ഞ ആത്മാര്‍ഥതയോടെ പ്രതിജ്ഞ ചൊല്ലിച്ചു.
‘ഞാന്‍ ഇവളെ ഇന്ത്യന്‍ സിവില്‍ വിവാഹ നിയമമനുസരിച്ച് എന്‍റെ ഭാര്യയായി ഏല്‍ക്കുന്നു. ഞാന്‍ ഇവനെ ഇന്ത്യന്‍ സിവില്‍ വിവാഹ നിയമമനുസരിച്ച് എന്‍റെ ഭര്‍ത്താവായി ഏല്‍ക്കുന്നു.’
ഒപ്പുകള്‍ വെയ്ക്കപ്പെട്ടു..
ജാതികളും മതങ്ങളും ആചാരങ്ങളും ആഘോഷങ്ങളും ഇപ്പോള്‍ ഒന്നും പറയുന്നില്ല. പക്ഷെ, പറയാനുള്ള അവസരം കാത്തിരിക്കുകയാണ്... കൂര്‍ത്ത ദംഷ്ട്രകളും നഖങ്ങളും ശാപങ്ങളും ഒളിപ്പിച്ചുവെച്ച് അവസരം കാത്തിരിക്കുകയാണ്.
വേട്ടയാടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.

Tuesday, March 15, 2016

ഒരു പ്ലാവ് , വെറും ഒരു കൂഴ പ്ലാവ് .

https://www.facebook.com/echmu.kutty/posts/378458529000114

വരിക്ക, ചെമ്പരത്തി വരിക്ക എന്നൊക്ക പറയുന്ന ആഢ്യത്തവും ഗമയുമൊന്നുമില്ല കൂഴയ്ക്ക്. എല്ലാവരും എപ്പോഴും പുച്ഛിച്ച് നിസ്സാരമാക്കും.

‘ അയ്യേ! കൂഴ പ്ലാവാണോ? ഒന്നിനും കൊള്ളില്ല.. ചക്ക പഴുത്തു വീണാ പിന്നെ ആകെ കൊഴകൊഴാന്ന് .. ഈച്ച ആര്‍ത്തിട്ട് നില്‍ക്കപ്പൊറുതിണ്ടാവില്ല....’

‘എന്തിനാ ഇങ്ങനെ നിറുത്തണത് ? വെട്ടിക്കളഞ്ഞൂടെ? എത്ര ചവറാ റോഡിലും പറമ്പിലും വീഴണത്? ‘

ഇതു കേള്‍ക്കാന്‍ തുടങ്ങീട്ട് അഞ്ചാറു വര്‍ഷമായി. ശരിക്കു പറഞ്ഞാല്‍ ദില്ലി വിട്ട് തിരുവനന്തപുരത്ത് താമസമാക്കിയതു മുതല്‍ ഇതു കേള്‍ക്കുകയാണ്.

പറയുന്നവരെല്ലാം ഇടിയന്‍ചക്കയും മൂത്ത ചക്കയും എടുക്കാറുണ്ട്. കടുകും അരിയും ചുവന്നമുളകും കറിവേപ്പിലയും വറുത്തിട്ട് നാളികേരം ചിരകി ചേര്‍ത്ത ഇടിയന്‍ ചക്ക തോരന്‍ എല്ലാവര്‍ക്കും ഇഷ്ടം തന്നെ. ചക്ക മൊളോഷ്യം, ചക്ക അവിയല്‍, ചക്ക മെഴുക്കു പുരട്ടി, ചക്കപ്പുഴുക്ക് ഇതിനൊക്കെ മൂത്ത ചക്ക വേണം. ചിപ്സ് വറുക്കാനും ചക്ക കൂടിയേ തീരു. പിന്നെ ചക്കക്കുരു പൊടിമാസും മസാലക്കറിയും കേമമാണ്.

ഇതിനൊക്കെ കൂഴച്ചക്ക കൊള്ളാം.

ചക്കയുടെ മടലും ചകിണിയും നാല്‍ക്കാലികള്‍ക്കു പ്രിയങ്കരമാണ്. കടുത്ത പച്ച നിറമുള്ള പ്ലാവിലകള്‍ ആടിനു കൊടുക്കാനും നല്ലതു തന്നെ. പ്ലാവിന്‍റെ തടിക്കും കുറ്റമൊന്നുമില്ല.
എന്നാലും കൂഴപ്ലാവ് മഹാമോശമെന്നേ എല്ലാവരും പറയുന്നുള്ളൂ. കാരണം പഴുത്ത ചക്ക കൊഴകൊഴാന്ന്...അതിനു സ്വാദില്ല... അത് തികച്ചും അണ്‍ മാനേജബിള്‍.. അതുകൊണ്ട് വെട്ടിക്കളയൂ ഈ പ്ലാവിനെ..

ഇലക്ട്രിസിറ്റി ബോര്‍ഡുകാര്‍ വരും. വൈദ്യുതകമ്പിക്കു മേലെയുള്ള കൊമ്പുകള്‍ അറുത്തു മാറ്റി പ്ലാവ് വെട്ടാന്‍ ഉപദേശം തന്ന് പോകും.

വഴിയില്‍ പ്ലാവില വീണു കിടക്കുന്നുവെന്ന് റെസിഡന്‍റ് അസോസിയേഷന്‍കാര്‍ പ്ലാവ് വെട്ടാന്‍ നിര്‍ദ്ദേശിക്കും.

നീറുംകൂടു നിറയുന്നുവെന്ന് അയല്‍പക്കക്കാര്‍ പ്ലാവ് വെട്ടാന്‍ പരാതി നല്‍കും.
വൈദ്യുതി ഭഗവാന്‍റെ അമ്പലക്കാരോട് മൌനം പാലിച്ചു, വീട്ടിലുള്ളപ്പോഴൊക്കെ വഴി തൂത്തുവാരി വൃത്തിയാക്കി, ചോണനുറുമ്പിനെ കാട്ടി നീറിനെ പേടിയാക്കി... ഇടിയന്‍ ചക്കയും മൂത്ത ചക്കയും പ്ലാവിലയുമൊക്കെ എല്ലാവര്‍ക്കും കൊടുത്തു.

എന്നാലും പരാതിയും പരിഭവവും ബാക്കി. ഒടുവില്‍ വീട്ടുടമസ്ഥ ഫോണ്‍ വിളിച്ച് കല്‍പിച്ചു. ‘അതങ്ങ് വെട്ടിക്കളഞ്ഞേക്കു. പിന്നെ ആരും ശല്യം ശല്യം എന്ന് ദേഷ്യപ്പെടുകയില്ലല്ലോ.’
പ്ലാവ് വെട്ടാന്‍ ആളുകള്‍ വന്നു. കഴിയുന്നത്ര കൊമ്പുകള്‍ ചീവിയിറക്കി. ഇരുണ്ട് പച്ചച്ച പ്ലാവിലകളുടെ അസൂയാവഹമായ സമ്പത്തുമായി തലയുയര്‍ത്തി നിന്ന പ്ലാവ് ഇപ്പോള്‍ അംഗഭംഗപ്പെട്ട നിസ്സഹായതയായി കുനിഞ്ഞു നില്‍ക്കുന്നു. കൊമ്പുകള്‍ ചീവുന്നതിനിടെ അനാഥമായി വീണ കുറെ ഇടിയന്‍ചക്കകളും മൂത്ത ചക്കകളും പ്ലാവ് വെട്ടാന്‍ വന്നവരും പരാതിക്കാരും കൊണ്ടുപോകുമ്പോള്‍ പ്ലാവ് ചിരിക്കുന്നുണ്ടെന്ന് തോന്നി .

പച്ചപ്പില്ലാത്ത വിളറിയ ചിരി.

‘ കൊമ്പുകള്‍ ചീവിയാല്‍ പോരേ, മുഴുവനും വെട്ടേണ്ടല്ലോ’ എന്ന് പലവട്ടം ചോദിച്ചപ്പോള്‍ വീട്ടുടമസ്ഥ ചിരിച്ചു... ‘ഇഷ്ടം പോലെ ചെയ്യൂ’ എന്ന് സംഭാഷണം അവസാനിപ്പിച്ചു.

ഇപ്പോള്‍ വരാന്തയില്‍ സന്ധ്യാപ്രകാശം തടസ്സമില്ലാതെ കടന്നു വരുന്നുണ്ട്. അപ്പുറത്തെ വീട്ടുവരാന്തയില്‍ തെളിഞ്ഞു നില്‍ക്കുന്ന തൂക്കുവിളക്കും പോര്‍ച്ചിലെ കൂറ്റന്‍ കാറും കാണാം.
ആ കൂഴ പ്ലാവിന്‍റെ പച്ചക്കര്‍ട്ടന്‍ ഇല്ലല്ലോ...


Saturday, February 27, 2016

രജനീകാന്തിന്‍റെ സിനിമയും തത്തിത്തത്തി നടക്കുന്ന പാട്ടിയും..

https://www.facebook.com/echmu.kutty/posts/373587342820566

പൂനാനഗരം മഞ്ഞുകാലത്തിന്‍റെ പുതപ്പിലാണ്. കുത്തിത്തുളയ്ക്കുന്ന ഉത്തരേന്ത്യന്‍ ശൈത്യമല്ല ഇവിടെ. തൊലി വരളുകയും ചുണ്ടു പൊട്ടുകയും ചിലപ്പോഴൊക്കെ നേര്‍ത്ത തലവേദന തോന്നുകയും ചെയ്യുന്നുണ്ട്. എന്നാലും എപ്പോഴും കമ്പിളി വസ്ത്രങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടേണ്ടതില്ല. പ്രഭാതങ്ങള്‍ക്കും രാത്രികള്‍ക്കും തണുപ്പധികം തോന്നുന്നുണ്ടെങ്കിലും പകല്‍ സമയം സുഖകരമായ കുളിരു മാത്രമേയുള്ളൂ.
നല്ല തണുപ്പുള്ള ഒരു ഞായറാഴ്ച പ്രഭാതത്തിലായിരുന്നു ഞാന്‍ രജനീകാന്തിന്‍റെ ലിംഗാ സിനിമ കാണാന്‍ പോയത്. പൂനയിലെ തമിഴ് പേശും കൂട്ടത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു സിനിമാ പ്രദര്‍ശനം. പതിനെട്ടു മുഴം ചേലയുടുത്ത് വജ്രത്തിന്‍റെ നട്ടും ബോള്‍ട്ടുമിട്ട് മുറുക്കിയ മൂക്കുകളും കാതുകളുമായി വിറച്ചു വിറച്ചു നടക്കുന്ന കുറെ പാട്ടിമാരും നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വാക്കിംഗ് സ്റ്റിക്കും വാക്കറുകളുമായെത്തിയ അപ്പൂപ്പന്മാരും പാല്‍ക്കുപ്പിയുള്ള കുഞ്ഞുങ്ങളുമായി വന്നു ചേര്‍ന്ന അച്ഛനമ്മമാരും ഉള്‍പ്പടെ അനവധിപ്പേര്‍ രാവിലെ എട്ടുമണിക്ക് തന്നെ തിയേറ്ററില്‍ ഹാജരായിരുന്നു. തമിഴരുടെ ഉള്ളില്‍ സ്റ്റൈല്‍ മന്നന്‍ ദളപതിയ്ക്കുള്ള സ്ഥാനമെന്തെന്ന് ആബാലവൃദ്ധം ജനങ്ങള്‍ തിങ്ങിനിറഞ്ഞ ആ തിയേറ്റര്‍ എനിക്ക് പറഞ്ഞു തന്നു.
ഒരു മാരുതി കാറിലായിരുന്നു അവരുടെ വരവ്. ഒരു പാട്ടിയും കൊച്ചു മകനും. പാട്ടിക്ക് കാഴ്ചയില്‍ എണ്‍ പതു തോന്നിച്ചു. കൊച്ചു മകന്‍ ഇരുപതുകളുടെ തുടക്കത്തിലായിരിക്കണം. പാട്ടിക്ക് നേരെ നടക്കാന്‍ നല്ല പ്രയാസമുണ്ട്. ആരെങ്കിലും നന്നായി താങ്ങി കൊടുക്കണം, എന്നാലേ ചാഞ്ഞു ചരിഞ്ഞെങ്കിലും നടക്കാന്‍ കഴിയൂ. പാട്ടി കൊച്ചുമകന്‍റെ കൈയും പിടിച്ച് വളരെ മെല്ലെ കാറില്‍ നിന്നിറങ്ങി എസ്കലേറ്ററിനടുത്തേക്ക് തത്തിത്തത്തി വന്ന് അല്‍പനേരം പകച്ചു നിന്നു. ‘ വേണ്ട... ഇതില്‍ പോവാന്‍ പറ്റില്ല... ലിഫ്റ്റ് മതി’ എന്ന് ചിണുങ്ങി.
‘ ഒരു പ്രശ്നവുമില്ല, നമുക്ക് ചുമ്മാ അങ്ങു പോവാ’ മെന്നായി കൊച്ചു മകന്‍.
പാവം പാട്ടിയ്ക്ക് ശങ്ക... ‘ വീണാലോ? നിനക്ക് പണിയാവില്ലേ..’
‘ ഈ ശങ്കകളാണ് കുഴപ്പം.. ഞാനില്ലേ കൂടെ .. ഒന്നും സംഭവിക്കില്ല.’
ഞാന്‍ അന്തം വിട്ട് നോക്കി നില്‍ക്കുമ്പോള്‍ കൊച്ചു മോന്‍ പാട്ടിയെ പൂണ്ടടക്കം പിടിച്ച് എസ്കലേറ്ററില്‍ കയറ്റി അങ്ങു കൊണ്ടു പോയി.
തിയേറ്ററില്‍ കയറും മുന്‍പ് പാട്ടിയെ ടോയിലറ്റില്‍ കൊണ്ടു വിട്ട് അവന്‍ പുറത്ത് കാത്തു നിന്നു. എന്നിട്ട് ഒരറിയിപ്പും.. ‘ വാതിലിന്‍റെ കുറ്റിയിടരുത്. കേട്ടല്ലോ.’
പാട്ടി പുറത്ത് വന്നപ്പോള്‍ അവരുടെ സാരിയിലെ ചുളിവൊക്കെ ശരിയാക്കി ‘ ഉം , കൊള്ളാം’ എന്ന് സ്വയം പറഞ്ഞ് അവന്‍ പാട്ടിയേയും കൂട്ടി തിയേറ്ററിനകത്ത് കടന്നു.
ഞങ്ങള്‍ അടുത്തടുത്ത സീറ്റുകളിലാണിരുന്നത്.
പോപ് കോണ്‍ വാങ്ങിക്കൊണ്ടു വന്ന് പാട്ടിയുടെ കൈയില്‍ കൊടുത്തിട്ട് അവന്‍ വാല്‍സല്യത്തോടെ വിരട്ടുകയാണ്.. ‘ ഇന്‍റര്‍ വെല്ലിനു മുന്‍പ് തീര്‍ക്കാന്‍ പാടില്ല.. ഇന്‍റര്‍ വെല്ലാകുമ്പോഴേ വേറെ വാങ്ങിത്തരികയുള്ളൂ.’
പാട്ടി ചിരിച്ചു.
സിനിമയില്‍ പ്രത്യേകിച്ച് ഒന്നുമുണ്ടായിരുന്നില്ല. നല്ല ഒരു കഥയോ മധുരമുള്ള ഒരു പാട്ടോ കുളിര്‍പ്പിക്കുന്ന ഒരു പ്രണയമോ ഉശിരന്‍ ഒരു സ്റ്റണ്ടോ അങ്ങനെ ഒരു തട്ടുപൊളിപ്പന്‍ സിനിമയില്‍ സാധാരണ കാണാറുള്ള യാതൊന്നും അതിലുണ്ടായിരുന്നില്ല. എല്ലാംകൊണ്ടും നിലവാരമില്ലാത്ത ഒരു മോശം സിനിമയായിരുന്നു അത്. എങ്കിലും പാട്ടി പൊട്ടിച്ചിരിക്കുകയും ‘ ഉം.. ഉം. നല്ലാരുക്ക് ജോറാരുക്ക് ..നമ്മ രജനി ഒരു ശിങ്കം താന്‍’ എന്നൊക്കെ പറയുകയും ചെയ്തു.
‘ അതെ.. അതെ.പാട്ടിക്ക് രജനിയെ കണ്ടാല്‍ മതിയല്ലോ. മറ്റൊന്നും വേണ്ടല്ലോ’ എന്ന് അപ്പോഴെല്ലാം അവന്‍ പാട്ടിയെ കളിയാക്കി.
എങ്കിലും ‘ ദാ..ഇത് നമ്മുടെ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളാണ്.. ഇത് ഒരു പുതിയ നടിയാണ്... ഇത് ആ പാട്ടുകാരിയാണ് ‘ എന്നൊക്കെ പാട്ടിക്ക് പറഞ്ഞു കൊടുക്കുകയും അവര്‍ക്കൊപ്പം നിറഞ്ഞ സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയും ചെയ്തു.
എനിക്ക് സിനിമ കാണുന്നതിലും എത്രയോ ഇരട്ടി ആഹ്ലാദമുണ്ടായി... ആ സ്നേഹോഷ്മളമായ ബന്ധം നോക്കിയിരിക്കുമ്പോള്‍..
തിയേറ്ററില്‍ അന്ന് വന്നവരെല്ലാം ആണ്ടവനെ പ്രാര്‍ഥിച്ചിരിക്കും ... അങ്ങനെയൊരു പാട്ടിയും കൊച്ചുമകനും അവര്‍ എല്ലാവരുടേയും ജീവിതത്തിലും ഉണ്ടാവാന്‍..
പരസ്പരം ഗാഢമായി സ്നേഹിക്കുന്നവരെയും പരസ്പരം ആഴത്തില്‍ കരുതലുള്ളവരേയും അവര്‍ ആരുമായിക്കൊള്ളട്ടെ അവരെ, ഇങ്ങനെ കാണുന്നതും ഇങ്ങനെ നോക്കിയിരിക്കുന്നതും ഒരു സ്നേഹമാണ്, ഒരു സുഖമാണ്, ഒരു സന്തോഷമാണ്...

Monday, February 8, 2016

ബിരിയാണിക്കനവും പ്ലാസ്റ്റിക് പണവും ...

https://www.facebook.com/echmu.kutty/posts/368982126614421

യാത്ര ചെയ്യാനുള്ള മാനസികമായ ആരോഗ്യമൊന്നുമുണ്ടായിരുന്നില്ല.ശാരീരികമായും മാനസികമായും വളരെ ദുര്‍ബലമായ ദിനങ്ങളായിരുന്നു കടന്നു പോയിരുന്നത്. അനുഭവങ്ങളുടെ കൊടുംതീച്ചൂടിനെ നിസ്സാരമായി അവഗണിക്കുന്ന എല്ലാ ആദര്‍ശങ്ങളുടെ ആലഭാരങ്ങളും ഇന്നല്ലെങ്കില്‍ നാളെ എരിഞ്ഞു തീരുന്നതാണെന്ന അറിവ് ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടായി മനസ്സിനെ കുത്തിനോവിക്കുന്നുണ്ടായിരുന്നു.

എങ്കിലും യാത്ര അനിവാര്യമായി. അതുകൊണ്ട് മരുന്നുകളുടെയും ഹോട്ട് വാട്ടര്‍ ബാഗിന്‍റെയും മറ്റും സഹായത്തോടെ ഞാന്‍ പുറപ്പെട്ടു.

എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടികളേയും അതിന്‍റെ സാധാരണ കമ്പാര്‍ട്ടുമെന്‍റുകളേയും എനിക്ക് സ്വന്തം വീടെന്നതു പോലെ ഇഷ്ടമാണ്. വന്‍ നഗരങ്ങളിലെ തിരക്കു നിറഞ്ഞ റെയില്‍വേ സ്റ്റേഷനുകള്‍ മുതല്‍ ഒരു ചെറിയ മുറിയിലെ മെഴുകുതിരി വെട്ടത്തില്‍ ഏകാകിയായിരിക്കുന്ന സ്റ്റേഷന്‍ മാസ്റ്ററുള്ള കൊച്ചു റെയില്‍വേ സ്റ്റേഷനുകള്‍ വരെ എന്‍റെ പരിചിത ഗൃഹങ്ങളായി എനിക്ക് തോന്നാറുണ്ട്. തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമിലും ഇന്ത്യയെ കണ്ടെത്താനാകുന്നതുപോലെ ഒരുപക്ഷെ, മറ്റെവിടേയും നമുക്ക് കണ്ടെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നീണ്ടു നീണ്ടു പോവുന്ന മണിക്കൂറുകളിലെ തീര്‍ത്തും ഏകാന്തമായ യാത്രകള്‍ പോലും എന്നെ ഒരിക്കലും മടുപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാറില്ല.

പാറ്റകളും എലികളും ധാരാളമായി ഓടിക്കളിച്ചിരുന്ന ആ പഴഞ്ചന്‍ കമ്പാര്‍ട്ടുമെന്‍റ് നിറയെ കുട്ടികളായിരുന്നു. രണ്ട് വനിതാ അധ്യാപികമാര്‍ക്കും രണ്ട് പുരുഷ അധ്യാപകന്മാര്‍ക്കും പുറമേ ഞാനും ഭംഗിയുള്ള തൊപ്പി ധരിച്ച ഒരു ചെറുപ്പക്കാരനും മാത്രമേ മുതിര്‍ന്നവരായി ഉണ്ടായിരുന്നുള്ളൂ.
കുട്ടികള്‍ വല്ലാതെ ബഹളം വെച്ചുകൊണ്ടിരുന്നു. നേരം മെല്ലെ മെല്ലെ പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. കിടന്നുറങ്ങണമെന്നും ബെര്‍ത്തുകള്‍ താഴ്ത്തിയിടണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു.നന്നേ വില കുറഞ്ഞ, ചെറിയ ഷോള്‍ഡര്‍ ബാഗുകള്‍ തലയിണകളാക്കി കുട്ടികള്‍ കിടന്നു. കിടന്നതും അവര്‍ ഉറങ്ങിപ്പോയി. ചിലരൊക്കെ പതിഞ്ഞ താളത്തില്‍ കൂര്‍ക്കം വലിച്ചു.

എനിക്കുറക്കം വന്നില്ല. നെഞ്ചുവേദന തോന്നിയതുകൊണ്ട് ഞാന്‍ ബെര്‍ത്തില്‍ ചെരിഞ്ഞു കിടന്നു. ആ നിമിഷത്തിലാണ് മുകളിലെ ബെര്‍ത്തില്‍ നിന്ന് കുട്ടികളുടെ ബാഗുകള്‍ പെരുമഴയായി പെയ്തത്. കൂടെ ഒരു അധ്യാപകനും നിലവിളിയോടെ താഴെ എത്തി. കുട്ടികളല്ലേ, അവര്‍ ശ്രദ്ധയില്ലാതെ ബാഗുകള്‍ മുകളിലെ ബെര്‍ത്തില്‍ അട്ടിയിട്ടതാവണം. ആ ബെര്‍ത്തില്‍ കയറിക്കിടക്കാന്‍ ശ്രമിച്ചപ്പോഴാവും അധ്യാപകന് അബദ്ധം പിണഞ്ഞത്.

സ്വന്തം തലേലെഴുത്തിനെ പ്രാകിക്കൊണ്ട് അദ്ദേഹം എത്രയോ അനവധി ബാഗുകള്‍ ലോവര്‍ബെര്‍ത്തുകള്‍ക്കടിയില്‍ ഒന്നൊന്നായി എണ്ണമിട്ട് തിരുകി വെച്ചു.

എന്‍റെ പാദങ്ങള്‍ക്കടുത്ത് തലയും കുമ്പിട്ടിരുന്ന് ചായ കുടിക്കുമ്പോഴാണ് മധ്യപ്രദേശിലെ ഒരു ഉള്‍നാടന്‍ സ്കൂളില്‍ നിന്നാണ് അവര്‍ എറണാകുളം കാണാന്‍ വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ യാത്രയ്ക്ക് അവര്‍ പണം സ്വരുക്കൂട്ടുന്നു. എല്ലാം പാവപ്പെട്ടവരുടെ കുട്ടികളാണ്. കപ്പലും വിമാനവും തീവണ്ടിയും തുറമുഖവും കടലും കായലുമൊക്കെ കണ്ട് കുട്ടികള്‍ സന്തോഷിക്കട്ടെ എന്ന് കരുതി വന്നതാണ്. ദാരിദ്ര്യമുള്ളതുകൊണ്ട് സമൃദ്ധമായി വയറു നിറയെ ഒരു കാര്യവും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാലും പറ്റുന്നതു മാതിരി... ‘ദരിദ്രര്‍ക്കും ഈ പ്രപഞ്ചത്തില്‍ ജീവിക്കണമല്ലോ ചില്ലറ സ്വപ്നങ്ങളൊക്കെ അവര്‍ക്കും സാക്ഷാത്കരിക്കണമല്ലോ ....’ എന്ന് കയ്പുള്ള ഒരു ചിരിയില്‍ അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു.

കുട്ടികള്‍ പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെ പ്രായമുള്ളവരായിരുന്നു. അവര്‍ക്ക് ശാരീരിക വളര്‍ച്ച കുറവാണെന്ന് എനിക്ക് തോന്നാതിരുന്നില്ല. ഭക്ഷണം നന്നായി കഴിക്കാന്‍ കിട്ടാത്ത കൌമാരത്തിനും യൌവനാരംഭത്തിനുമൊന്നും തിളക്കമോ ആകര്‍ഷകത്വമോ വലിയ മിടുക്കോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് വിളിച്ചോതുന്നതു പോലെയായിരുന്നു വാട്ടം ബാധിച്ച ആ കുട്ടികളെല്ലാവരും തന്നെ.

ഇന്ത്യ ഒട്ടും തിളങ്ങുന്നില്ലെന്നും തിളങ്ങാന്‍ ഇനിയും ഒരുപാട് കാലമെടുക്കുമെന്നും ഇന്ത്യ തിളങ്ങുന്ന നല്ല കാലം വന്നിട്ടില്ലെന്നും ആ കുട്ടികളുടെ ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങള്‍ എന്നോട് പറഞ്ഞു.
കുറെ മരുന്നുകള്‍ കഴിക്കാനുണ്ടായിരുന്നു എനിക്ക്. ഗുളികകളെല്ലാം ഓരോന്നായി വിഴുങ്ങി വെള്ളവും കുടിച്ച് ഞാന്‍ ബെര്‍ത്തില്‍ നീണ്ടു നിവര്‍ന്നു കിടന്നു.

ആ കിടപ്പില്‍ ഉറങ്ങിപ്പോയ ഞാന്‍ ഈ ലോകം തന്നെ മറന്നു പോയി എന്നതാണ് സത്യം. ഉറക്കം ഒരു തരത്തില്‍ വല്ലാതെ കൊതിപ്പിക്കുന്ന സുഖമരണമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മംഗലാപുരമെത്തുമ്പോള്‍ എന്‍റെ ആരോഗ്യത്തില്‍ ഉല്‍ക്കണ്ഠയും കരുതലുമുള്ള സുഹൃത്തിനെ വിളിക്കണമെന്ന് കരുതിയിരുന്നുവെങ്കിലും ഞാനുണര്‍ന്നപ്പോള്‍ ട്രെയിന്‍ മംഗലാപുരം നഗരത്തെ എത്രയോ ദൂരെ ഉപേക്ഷിച്ച് ഏതോ ഒരു തുരങ്കത്തിലൂടെ ചൂളം വിളിച്ചു പായുകയായിരുന്നു.

കമ്പാര്‍ട്ടുമെന്‍റില്‍ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളിലധികം പേരും അപ്പോഴും കിടക്കുക തന്നെയായിരുന്നു. മഞ്ഞള്‍പ്പൊടിയും മസാലയും ചേര്‍ത്ത പൊരി അവര്‍ കഴിക്കുന്നുണ്ടായിരുന്നു.

തൊപ്പി ധരിച്ച ചെറുപ്പക്കാരന്‍ ‘എന്തൊരു ഉറക്കമാണ് , വല്ലവരും ചുരുട്ടി എടുത്തുകൊണ്ടു പോയാല്‍ പോലും അറിയില്ലല്ലൊ’ എന്ന് എന്നോട് അല്‍ഭുതം പ്രകടിപ്പിച്ചു. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. എന്നിട്ടും അയാള്‍ എന്തോ ഒരു കാര്യം എന്നോട് പങ്കു വെയ്ക്കാന്‍ വ്യഗ്രതപ്പെടുന്നതു പോലെ തോന്നി. സംഭാഷണത്തിനു ഒരു തുടക്കമന്വേഷിക്കുന്നതു പോലെയായിരുന്നു അയാളുടെ മുഖഭാവം.

അപ്പോഴേക്കും ചായക്കാരന്‍ കടന്നു വന്നു.ചായ കുടിക്കുമ്പോള്‍ ചെറുപ്പക്കാരന്‍ മടിച്ചു മടിച്ചു എന്നോട് ചോദിച്ചു.

‘ ചേച്ചിയുടെ കൈയില്‍ പണമുണ്ടാകുമോ... ‘

ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി.

അയാള്‍ ഒരു തരം വല്ലാത്ത പിടച്ചിലോടെ വിശദീകരിച്ചു..

‘ അത് ... കടം ചോദിച്ചതല്ല, ചേച്ചി.. അത്.. ഈ കുഞ്ഞുങ്ങള്‍ ബ്രേക്ഫാസ്റ്റും ലഞ്ചുമൊന്നും കഴിച്ചിട്ടില്ല.

കുട്ടികള്‍ക്ക് ബിരിയാണി തിന്നാന്‍ കൊതിയുണ്ട്.. ലഞ്ച് കഴിച്ചാല്‍ അതിനു പണം തികയില്ല.. ചായയും പാര്‍ലേ ജി ബിസ്ക്കറ്റും മാത്രമേ കഴിച്ചിട്ടുള്ളൂ.. പിന്നെ ദേ ഈ പൊരിയും.. രാത്രിയെങ്കിലും ബിരിയാണി വാങ്ങിക്കൊടുക്കണമെന്നുണ്ട് ടീച്ചര്‍മാര്‍ക്ക്. അവരുടെ പക്കല്‍ പണം തികയുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോള്‍ നമുക്ക് ഒന്നിച്ച് അത് ചെയ്യാന്‍ പറ്റുമോ... അല്ലാതെ... ഞാന്‍ ... ‘

ദൈവം വിശക്കുന്നവന്‍റെ മുന്നില്‍ അപ്പമായിത്തന്നെ പ്രത്യക്ഷപ്പെടണം.

എന്‍റെ കൈയില്‍ ആയിരം രൂപയേ ഉണ്ടായിരുന്നുള്ളൂ. ബാങ്ക് കാര്‍ഡുകള്‍ വ്യാപകമായി നടപ്പിലായതിനു ശേഷം ഒരിക്കലും അതിലുമധികം പണവുമായി യാത്ര ചെയ്യാറില്ല. തനിച്ചുള്ള യാത്ര യാകുമ്പോള്‍ പ്രത്യേകിച്ചും.

വിശക്കുന്ന കുഞ്ഞുങ്ങളെ ഒരു നേരം ഊട്ടാന്‍ പോലും പ്രയോജനപ്പെടാത്തവയായിരുന്നിട്ടും, ഒത്തിരി പേരും പെരുമയുമുള്ള ബാങ്കുകളുടെ സ്വത്താണെന്ന നാട്യത്തില്‍ ആ പ്ലാസ്റ്റിക് കാര്‍ഡുകള്‍ എന്നെ നോക്കി അപ്പോഴും ധനഗര്‍വിന്‍റെ പരിഹാസപ്പുഞ്ചിരി പൊഴിച്ചു.