Thursday, March 21, 2013

ദൈവം പ്രസാദിച്ചു വരം തരണമെന്ന്....


https://www.facebook.com/echmu.kutty/posts/407462529349424

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 മാര്‍ച്ച്  8   നു  പ്രസിദ്ധീകരിച്ചത്. )

ഇക്കഴിഞ്ഞ ഫെബ്രുവരി  26 ന്  ആയിരുന്നു അഖില ലോക പ്രശസ്തമായ  ആറ്റുകാല്‍ പൊങ്കാല. പല തരത്തില്‍  കണ്ണഞ്ചിക്കുന്ന താരപ്രഭയുള്ളവരും,  പല തരം പോയിട്ട്  ഒരു തരത്തിലും യാതൊരു  പ്രഭയുമില്ലാത്തവരുമായ  മുപ്പത്തഞ്ച്  ലക്ഷം സ്ത്രീകള്‍ തിരുവനന്തപുരത്തെയാകമാനം  പിടിച്ചെടുത്തുകൊണ്ട്  ഇഷ്ടവരദായിനിയായ ആറ്റുകാല്‍  ദേവിയെ  പ്രാര്‍ഥിച്ച്   മണ്‍കലങ്ങളില്‍ പൊങ്കാല  നേര്‍ച്ചയിട്ടു.  കുടിവെള്ളമെത്തിക്കുന്ന പൈപ്പ് നാലിടത്ത്  പൊട്ടിയതുകൊണ്ട്  മെഡിക്കല്‍ കോളേജിലുള്‍പ്പടെ  ശസ്ത്രക്രിയകള്‍  നിറുത്തിവെക്കുകയും  ഏതാണ്ട്  അറുപതു മണിക്കൂറോളം  കുടിവെള്ളമില്ലാതെ  തലസ്ഥാന നഗരം  ദാഹിച്ചു പൊരിയുകയും ചെയ്തെങ്കിലും , പൊങ്കാല മഹോല്‍സവത്തി നെ ഈ ബുദ്ധിമുട്ട്  തരിമ്പും ബാധിച്ചില്ല.  വിവിധ  സംഘടനകളുടെ നേതൃത്വത്തില്‍ തികച്ചും കാര്യക്ഷമമായി  നടത്തപ്പെട്ട അന്നദാനവും കുടിവെള്ള വിതരണവും തന്നെയാവണം  അതിനു  കാരണം.  ജാതിമതഭേദമെന്യേ എല്ലാ ആരാധനാലയങ്ങളും പൊങ്കാലയര്‍പ്പിക്കാനെത്തിയ സ്ത്രീകള്‍ക്ക്  എല്ലാ  സഹായസഹകരണങ്ങളും ഒരു ലോഭവുമില്ലാതെ   നല്‍കുകയുണ്ടായി.  പൊങ്കാലയ്ക്കു ശേഷം എല്ലാ അവശിഷ്ടങ്ങളും  റെക്കോര്‍ഡ്  സമയത്തിനുള്ളില്‍  കുഴിച്ചു മൂടി  നഗരത്തെ തീര്‍ത്തും മാലിന്യമുക്തമാക്കിയ നഗരസഭയുടെ  സേവനവും  അതീവ സ്തുത്യര്‍ഹമായിരുന്നു.   അവിടവിടെ ഉണ്ടായ മാല പൊട്ടിക്കല്‍  പോലെയുള്ള ചുരുക്കം  ചില അത്യാഹിതങ്ങളൊഴിച്ചാല്‍  എല്ലാം ഭംഗിയായി  പര്യവസാനിച്ചു എന്നര്‍ഥം. 

അധിക  ശതമാനം സ്ത്രീകളും  എന്താവും ദേവിയോട് പ്രാര്‍ഥിച്ചിട്ടുണ്ടാവുക?  എന്‍റെ  കുട്ടികള്‍ക്കും ഭര്‍ത്താവിനും  നല്ലതു  മാത്രം വരുത്തണേ,  ഞങ്ങളുടെ ജീവിതത്തില്‍  ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുത്തരുതേ,  നല്ല വീടുണ്ടാവണേ,  ധനമുണ്ടാവണേ, വീട്ടിലെല്ലാവര്‍ക്കും സദ്ബുദ്ധിയുണ്ടാക്കിത്തരണേ എന്നൊക്കെയാവും.  ഇതിപ്പോള്‍ ഏതു  ജാതിമതത്തില്‍ പെട്ട  സ്ത്രീകളായാലും ഇമ്മാതിരിയൊക്കെത്തന്നെയാവില്ലേ  പ്രാര്‍ഥിക്കുന്നത്?  രീതികളിലും ഭാഷയിലും  വ്യത്യാസമുണ്ടാവുമെങ്കിലും  ലോകമെമ്പാടുമുള്ള  ആകെ മൊത്തം  പെണ്‍പ്രാര്‍ഥനകളില്‍ അധിക  പങ്കും ഇങ്ങനെയൊക്കെ തന്നെയായിരിക്കണം.  അല്ലാതെ  മരം വെട്ടാനും മണലൂറ്റാനും  മന്ത്രിയാവാനും  തന്ത്രിയാവാനും ആയുധ വില്‍പനക്കും  ഒക്കെ എന്നെ സഹായിക്കണേ ദൈവമേ എന്നൊന്നും പ്രാര്‍ഥിക്കുന്നത്  സ്ത്രീകള്‍ക്ക്   അത്ര എളുപ്പമല്ലല്ലോ. 

സ്വന്തം വ്യക്തിപരമായ ലാഭങ്ങള്‍ക്കു  വേണ്ടിയല്ലാതെ, ഒരു പൊതുകാര്യത്തിനുവേണ്ടി  പ്രാര്‍ഥിക്കുവാനോ  വ്രതം നോല്‍ക്കുവാനോ   മനുഷ്യര്‍  തയാറാവുമോ  എന്ന  സംശയം  പല തരം  ആരാധനാലയങ്ങള്‍  സന്ദര്‍ശിച്ചിട്ടുള്ള, സന്ദര്‍ശിക്കാറുള്ള   എനിക്ക് എപ്പോഴുമുണ്ടാകാറുണ്ട് .  പൊതുകാര്യം പോകട്ടെ,  തൊട്ടയല്‍പക്കത്തുകാരനു   വീടുണ്ടാവാനോ അയാളുടെ കട  ബാധ്യതകള്‍  തീരാനോ പോലും  അധികം  ആരും വ്രതം നോല്‍ക്കുകയും  ആരാധനാലയങ്ങളില്‍  പോയി  പ്രാര്‍ഥിക്കുകയും  ചെയ്യാറില്ല .  മനുഷ്യര്‍ കൂടുതല്‍  കൂടുതല്‍  ദൈവത്തോട്  യാചിക്കുന്നത്  ഞാന്‍, എന്‍റെ  എന്ന വികാരം മാത്രം  അവരെ അടിമുടി  കീഴ്പ്പെടുത്തുമ്പോഴായിരിക്കുമോ?

ഈ വിചാരങ്ങളെല്ലാം  മനസ്സിലുണ്ടായിരുന്നതു  നിമിത്തമാണ്   കൂടംകുളത്തു നിന്നെത്തി  ആറ്റുകാലമ്മയ്ക്ക്  പൊങ്കാലയിട്ട, സമരോല്‍സുകരായ ആ  സ്ത്രീകളെ ഒരേ സമയം  അല്‍ഭുതത്തോടെയും എന്നാല്‍  തികഞ്ഞ വേദനയോടെയും മാത്രം  വീക്ഷിക്കേണ്ടി വന്നത് . തിരുവനന്തപുരത്ത് ദുഷ്ടജന ശിക്ഷകയും  ആശ്രിത വല്‍സലയുമായ  ഒരു  അമ്മനുണ്ടെന്നു കേള്‍വിപ്പെട്ട്  വന്നിരിക്കുകയാണവര്‍. അവരുടെ തികച്ചും ന്യായമായ  സമരത്തെ  അടിച്ചമര്‍ത്തുന്ന ഭരണാധികാരികള്‍ക്ക്  നല്ല ബുദ്ധികൊടുത്ത് ഈ  അണു ഉലൈയില്‍ നിന്ന്  അമ്മന്‍ അവരെയും അങ്ങനെ നമ്മുടെ രാജ്യത്തിനെ തന്നെയും  കാപ്പാത്തണമെന്നാണ്  ആ സ്ത്രീകളുടെ  പൊങ്കാല നേര്‍ച്ചയും പ്രാര്‍ഥനയും.
  
അണു ഉലൈ  വേണ്ടാം വേണ്ടാം എന്ന് ആണവ നിലയത്തിന്  എതിരേ  നിരന്തരമായി സമരം ചെയ്യുകയും പോലീസിനാല്‍ ദയാലേശമെന്യേ വേട്ടയാടപ്പെടുകയും ലോക്കപ്പുകളില്‍  പലവട്ടം പൂട്ടിയിടപ്പെടുകയും ചെയ്തിട്ടുള്ള ആ സ്ത്രീകള്‍  അവരുടെ  ബോധ്യങ്ങളില്‍  ഉറച്ചു   നില്‍ക്കുമ്പോഴും തികച്ചും നിസ്സഹായരും ഒറ്റപ്പെട്ടവരുമാണ്.  അവരുടെ സമരവും വേദനയും  കൂടംകുളത്തു നിന്ന് കഷ്ടിച്ച്  നൂറു കിലോ മീറ്റര്‍  ഇപ്പുറത്തുറങ്ങുന്ന തിരുവനന്തപുരത്തിനു പോലും  ഒരു ഉല്‍ക്കണ്ഠയാകുന്നില്ല.   കൂടംകുളത്ത്  എന്തെങ്കിലും  ആണവ ദുരന്തമുണ്ടാകുന്ന പക്ഷം, തിരുവനന്തപുരം എത്ര ഭീകരമായി വിലകൊടുക്കേണ്ടി വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍  പോലും സാധിക്കുകയില്ലെങ്കിലും  കൂടംകുളത്തെ എല്ലാവരും  ബോധപൂര്‍വം  മറന്നു കളയുന്നു.  പകരം വൈദ്യുതി, വികസനം  എന്നു ജപിക്കുന്നു.  ഭാവിതലമുറകളെ  കൂടി കൊലയ്ക്കു കൊടുക്കുന്ന വിധമായിരിക്കണമോ വൈദ്യുതിയും വികസനവും നേടേണ്ടത് എന്ന ചോദ്യം  അധികം ആരേയും  സ്വപ്നത്തില്‍  പോലും അലട്ടുന്നില്ല.  

ആരുമില്ലാത്തവര്‍ക്ക്  ദൈവം തുണയെന്ന് ഞാന്‍  ചെറുപ്പം മുതലേ കേട്ടു  പഠിച്ചിട്ടുണ്ട്.   അങ്ങനെയാണെങ്കില്‍ നമ്മള്‍ മനുഷ്യര്‍  ബോധപൂര്‍വം  അനാഥരാക്കി തീര്‍ക്കുന്നവരെ പരിഗണിക്കാതെ   നമുക്ക് ആശിക്കുന്നത്രയും  വൈദ്യുതിയും വികസനവും  പുരോഗതിയും  ഇഷ്ടം പോലെ  നല്‍കുവാന്‍ ദൈവത്തിനു സാധിക്കുമോ

അങ്ങനെ സാധിക്കുകയില്ല  ദൈവത്തിനെന്ന് പൊങ്കാലയിട്ട്  പ്രാര്‍ഥിച്ച  കൂടംകുളത്തുകാര്‍  സ്ത്രീകളെപ്പോലെ  ഞാനും കരുതുന്നു.

25 comments:

vettathan said...

കൂടാംകുളം വിഷയത്തില്‍ എനിക്കു വ്യത്യസ്ഥ അഭിപ്രായമാനുള്ളത്.കാരണവന്‍മാര്‍ പറയുന്നതുപോലെ പേടിച്ചാല്‍ ഒളിക്കാന്‍ കാടില്ല.

mini//മിനി said...

ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്ന് ഞാന്‍ ചെറുപ്പം മുതലേ കേട്ടു പഠിച്ചിട്ടുണ്ട്.

ആരും ഇല്ലാത്തവരെ ദൈവവും കൈവെടിയും എന്നാണ് ഇപ്പോൾ തോന്നുന്നത്.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കൂടംകുളം നമുക്ക് ആവശ്യമാണ് ; ചിലപ്പോൾ അത്യാവശ്യവും. ഫ്രാൻസിലും, ജെർമനിയിലും , ജപ്പാനിലും , യു എസ്സിലും വർഷങ്ങൾ കൊണ്ട് ആണവ നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവർക്ക് മറ്റ് സ്രോതസ്സുകളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കത്തക്ക സാമ്പത്തികവും, രാഷ്ട്രീയവുമായ ശക്തി കൈവരിച്ചപ്പോളാണ് അവർ ആണവ നിലയങ്ങൾ പൂട്ടാൻ തയാറാവുന്നത്. അത് കണ്ട് വളരാൻ തുടങ്ങുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യം പിന്തിരിയുന്നത് നന്നല്ല. പിന്നെ എതിർക്കുന്നവർക്ക് ഒരുപാട് ആൾട്ടർനെറ്റിവ്‌ പറയാൻ ഉണ്ടാവും, കാറ്റിൽ നിന്നും ചെലവ് കുറഞ്ഞ വൈദ്യുതി എന്നും മറ്റും അതെത്ര പ്രായോഗികം എന്ന് പറയാൻ നടപ്പാക്കാതെ കഴിയില്ല.

പിന്നെ എന്തിനെയും (എല്ലാറ്റിനേയും) പൊതുവേ വൈകാരികമായി കാണാറുള്ള തമിഴ് ജനതയുടെ ദൌർബല്യത്തെ ആരൊക്കെയോ ചേർന്ന് മുതലെടുക്കുകയാണ് അവിടെ. വിദ്യാഭ്യാസപരമായ് പിന്നോക്കം നില്ക്കുന്ന ആ ഗ്രാമത്തിലെ കുട്ടികളെ പോലും അവർ അതിനായ് ഉപയോഗിക്കുന്നു.
ഒരു ഉദാഹരണം പറയാം; കുറച്ച് വർഷങ്ങൾക്ക് മുന്പ് നമ്മുടെ രാജ്യം അമേരിക്കയുമായി ആണവ കരാർ ഒപ്പിടുന്ന സമയം, അതിനെ നഖശിഖാന്തം എതിര്ക്കുന്ന സി പി എമ്മിന്റെ ഒരു ലോക്കൽ പാർട്ടി മീറ്റിംഗ് കഴിഞ്ഞിറങ്ങിയ നാട്ടിലെ ഒരു സാദാ സഖാവ് കവലയിൽ നിന്ന് പ്രസംഗിച്ചതാണ് " ഈ കരാർ നിലവിൽ വന്നാൽ, നമ്മുടെ നാട്ടിൽ ജനിക്കുന്ന ഓരോ കുഞ്ഞും അംഗവൈകല്യം ഉള്ളവരായി ജനിക്കും" എന്ന്.
അപ്പോൾ പാവം തമിഴ് ജനതയെ എങ്ങനെയാവും പറഞ്ഞ് പേടിപ്പിച്ചിരിക്കുക ?

പട്ടേപ്പാടം റാംജി said...

ദൈവത്തിനോടു മാത്രമല്ല എല്ലായിടത്തും ഞാന്‍ എന്റെ എന്നത് മാത്രമാണ്!
പല കാര്യങ്ങളിലും ഇന്ന് ശരിയും തെറ്റും എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്നുണ്ട്.

ചന്തു നായർ said...

അണു ഉലൈ (കൂടം കുളം ആണവനിലയം) അത്രപ്രശ്നമുള്ളതയിട്ട് എനിക്ക് തൊന്നുന്നില്ലാ..അത്ര ശ്രദ്ധയോടെയാണൂഅത് നിർമ്മിച്ചിരിക്കുന്നതും,സേഫ്റ്റി ഏർപ്പാടുകൾ ചെയ്തിരിക്കുന്നതും..തമിഴ് മക്കൾക്കും കേരള മക്കൾക്കും അത് ദോഷം ചെയ്യില്ലാ എന്നാണൂ അതിന്റെ നിർമ്മിതിയിൽ സഹായിയായ എന്റെ ഒരു സ്നേഹിതൻ പറഞ്ഞത്...എന്റ്ഹായാലും അനർഥങ്ങൾ ഒന്നും ഇല്ലാതിരിക്കട്ടെ....പിന്നെ പ്രാര്‍ഥിച്ച എന്ന വക്ക് പലയിടത്തും കണ്ടു പ്രാർത്ഥന അല്ലേ ശാരി...തിരക്കിട്ട് ടൈപ്പ് ചെയ്തതിൽ സംഭവിച്ചതയിരിക്കും അല്ലേ?...ചിന്തകൾക്ക് ആശംസകൾ

Manef said...

ഹുക്കുഷിമ വീണ്ടും ജപ്പാന്‍കാരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയെന്ന് പുതിയ വാര്‍ത്ത. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ വളരെയധികം പുരോഗതി പ്രാപിച്ച ജപ്പാനില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമ്മുടെ നാട്ടില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്താവും!

ഭാനു കളരിക്കല്‍ said...

ആണവ നിലയ വിഷയത്തിൽ ശരിയായ നിലപാട് സ്വീകരിക്കാൻ മധ്യവര്ഗ്ഗ ബുദ്ധിജീവികൾ പോലും മടിക്കുന്ന ഈ ദുരവസ്ഥയിൽ എന്ത് പറയാൻ.

Unknown said...

ഏച്ചുകുട്ടി പൊങ്കാലയിട്ടുവെങ്കിൽ എന്തിനു വേണ്ടി ആര്ക്കു വേണ്ടി പ്രാര്‍ഥിക്കും

ജാനകി.... said...

വ്യക്തിപരമായ കാര്യത്തിനുവേണ്ടിയായിരിക്കും 90 ശതമാനം സ്ത്രീകളും പ്രാർത്ഥിക്കുക എന്നു പറഞ്ഞുകൊണ്ട് മറുവശത്ത് കൂടംകുളത്തെ സ്ത്രീകളെ പരാമർശിക്കുമ്പോൾ ഒന്നു ഗഹനമായി ചിന്തിച്ചാൽ അതും വ്യക്തിപരമല്ലേ.... മറ്റൊരു ഏരിയയിലെ കാര്യത്തിനല്ലല്ലോ അവർ വന്നു പൊങ്കാലയിട്ടത്..അവരുടെ തന്നെ നിലനിൽ‌പ്പിനു വേണ്ടിയല്ലെ..അപ്പോൾ അതും വ്യക്തിപരം തന്നെ....
ഈ രീതിയിൽ പ്രാർത്ഥനയും സമരങ്ങളും പലയിടത്തും നടക്കുന്നുണ്ട്..ബാറിനെതിരേയും കള്ളുഷാപ്പിനെതിരെയും..ചീട്ടുകളിക്കാർക്കെതിരേയും സ്ത്രീകൾ സംഘടിച്ച് സമരവും..സമരം വിജയിക്കാൻ പള്ളിപെരുന്നാൾ നടത്തിയതും ഒക്കെ നടത്തിയ നാടിന്റെ തൊട്ടയൽ നാട്ടുകാറ്റിയായതു കൊണ്ടാണ്..ഈ അഭിപ്രായം കെട്ടൊ എച്മൂ...

കൊമ്പന്‍ said...

ഇത്തരം കാര്യങ്ങളില്‍ ദൈവം പ്പോലും അന്ധനാവാരാണ് പതിവ് കൂടം കുളത്ത് നമ്മുടെ ഭരണ വര്‍ഗം അങ്ങനെ ഒരു മുസീബത്ത് കൊണ്ട് വരാന്‍ നിയ്യത്ത് വെച്ചിട്ടുണ്ടെങ്കില്‍ അത് വന്നിരിക്കും അവരുടെ മുമ്പില്‍ ദൈവം പോലും തോറ്റ് പോകും അതെല്ലാര്‍ക്കും അറിയാം പിന്നേം അവസാന അത്താണി എന്ന നിലക്ക് നമുക്ക് വീണ്ടും വീണ്ടും ദൈവത്തെ വിളിക്കാം

Rajesh said...

Good one.
Sorry, many of your readers seem to agree more with the 'great Indian development' view point promoted by the 20% Indians.

I have met people from a village which has one of the oldest nuclear reactors, in one of the countries mentioned by a commentor here. If I can believe them, there is danger in long term. No wonder no major reactors were opened in any of these countries after mid 80's. Some of them have even announced completely shutting down all the reactors - not because they have other options now - but they saw for real the danger, it can cause, in one of the most technologically brilliant countries.

It is incredible how our 20% dont care for the worries of our majority. Unbelievable how they are not affected by the pain of the poor who lose everything for the sake of development.
I have a very rich friend who always used to argue, how people have to support 'development' at any cost. Now that he might lose his family home for the new airport project in Central Travancore, the same guy is an active supporter for the local groups, working against the airport. Aaaraante ammakku braandu vannaal kaanaan kollaam, ennalle..

റോസാപ്പൂക്കള്‍ said...

ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്.
എല്ലാരെയും ദൈവം കാക്കട്ടെ

Unknown said...

ഫുകുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ AERB നിര്‍ദ്ദേശിച്ച 17 സുരക്ഷാ നടപടികളില്‍ 11 എണ്ണവും ബാക്കി നില്‍ക്കുകയാണ്. ഈ സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷങ്ങള്‍ എങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്, അത്രയും കാലത്തെക്കെങ്കിലും കാത്തിരിക്കുക എന്നത് അത്യതികം പ്രാധാന്യത്തോടെ എടുക്കാവുന്ന തീരുമാനമായിരുന്നു. ഒരിക്കല്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഡീ-കമ്മീഷന്‍ ഏറെക്കുറെ അസാധ്യമായ അണു നിലയം വളരെ വിശാലമായ ഒരു പ്രദേശത്തു ജീവിക്കുന്ന മുഴുവന്‍ ജീവ ജാലങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി ആണെന്നത് കൊണ്ട്, നിഷ്പക്ഷവും കുറ്റമറ്റതുമായ ഒരു പരിശോധനക്ക് വിധേയമാക്കിയതിനു ശേഷം മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവദിക്കാമായിരുന്നുള്ളൂ. നമ്മുടെ ജനാധിപത്യത്തിൽ പലപ്പോഴും വിധേയത്തം ജനങ്ങളോടല്ലാതാകുന്ന കാഴ്ചയും നാം കാണേണ്ടിവരുന്നു!!!

വീകെ said...

ആണവ നിലയം എത്ര തന്നെ ആവശ്യകത നിരത്തിയാലും അതിലേറെ അപകടം നിറഞ്ഞതു തന്നെയാണ്. അത് ഒഴിവാക്കിക്കൊണ്ടുള്ള സംവിധാനങ്ങൾ വിദേശ ആണവ അനുഭവ രാഷ്ട്രങ്ങൾ തെയ്യാറായിട്ടുണ്ടെങ്കിൽ നാമും ഒരു ആണവ അപകടാനുഭവ കടമ്പ കടക്കാതെ തന്നെ മറ്റു സംവിധാനങ്ങൾക്കായി പരിശ്രമിക്കുകയാണ് വേണ്ടത്.
ഇതിൽ ദൈവത്തിന് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ പ്രപഞ്ചം സൃഷ്ടിച്ചപ്പോൾ തന്നെ ജീവജാലങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അതിലുണ്ടാക്കിയിരുന്നു.
‘ഇനി നീയായ് നിന്റെ പാടായ്’ എന്ന മനോഭാവമായിരുന്നു പിന്നീടിങ്ങോട്ട് ദൈവത്തിന്. അതുകൊണ്ട് അദ്ദേഹം ഇതിലിടപെടുകയില്ല.
ആശംസകൾ..

റിനി ശബരി said...

സ്വാര്‍ത്ഥതയുടെ സ്ഫുരണങ്ങള്‍ പ്രാര്‍ത്ഥനയിലുമുണ്ട്
അവനവന്റെ എന്ന ചിന്തകള്‍ നമ്മേ വല്ലാതേ പിടി കൂടിയിട്ടുണ്ട് ..
ഒരു പള്ളിലച്ചന്റെ പ്രസംഗത്തില്‍ കേട്ട പൊലെ , അന്യര്‍ക്ക് വേണ്ടീ
പ്രാര്‍ത്ഥിക്കുമ്പൊഴാണ് ദൈവം നമ്മുക്കെന്തേലും തരുക എന്ന് ...
എന്നാല്‍ അതിനായി മറ്റവന് വേണ്ടിയുള്ള ആത്മാര്‍ത്ഥയില്ലാത്ത
പ്രാര്‍ത്ഥനകളിലേക്കും വേണമെങ്കില്‍ നാം പൊകും ...
എന്തായാലും , ആ ഒരു മനസ്സ് അഭിനന്ദമര്‍ഹിക്കുന്നു ..
ഒരു സാമൂഹ്യവിഷയത്തിന് വേണ്ടീ ദൈവിത്തിങ്കല്‍ വന്നവരെ
അങ്ങനെയങ്ങ് തള്ളി കളയുന്നില്ല .. പക്ഷേ സുരക്ഷിതമായ പാതകളില്‍
ആണതെന്ന് ഉറച്ച വിശ്വാസ്സമുണ്ടേല്‍ സഹകരിക്കുന്നതില്‍ തെറ്റില്ല തന്നെ
ഇന്ത്യ എന്ന മഹാരാജ്യം , പല നീറ്റലുകള്‍ക്കും പിന്നെയാണ് സുരക്ഷയില്‍
ആശങ്കപെടുക , ആ ഒരു ആശങ്ക ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ നമ്മുക്കാവിശ്യമെന്ന
പാതയിലൂടെ ഇതിനേ അംഗീകരിക്കുവാന്‍ നമ്മുക്ക് കഴിയേണ്ടി വരും ...
മുക്കിന് മുക്കിന് വിമാനത്താവളങ്ങള്‍ വച്ച് പിടിപ്പിക്കുന്നുണ്ട് ,
വികസനത്തിന്റെ പേരില്‍ പലതും നടക്കുന്നുമുണ്ട് , അവസ്സാനം
ഒരിറ്റ് മണ്ണ് കാണുമോ ഒന്ന് നിത്യമായ് കിടന്നൊന്നുറങ്ങാന്‍ ?
ദൈവമെന്നത് സ്നേഹമാണ് , മനസ്സിലിരിക്കുന്ന ഒന്ന് , അവന്
ഇറങ്ങി വന്നു ചെയ്യുവനാകുന്ന ഒന്നാണോ ഇതൊക്കെ ..
വിശ്വാസ്സം രക്ഷിക്കട്ടേ ...!

aboothi:അബൂതി said...

പൊങ്കാലയിടുന്ന സ്ത്രീകളെ കുറിച്ചുള്ള ഈ പോസ്റ്റ് എനിക്കിഷ്ടമായി..

കൂടം കുളത്തെ കുറിച്ചൊക്കെ വിവരമുള്ളവർ പറയട്ടെ

Cv Thankappan said...

പണ്ടാരോപറഞ്ഞപോലെ "ഞാനും എന്‍റെ ഭര്‍ത്താവും\ഭാര്യയും,എന്‍റെ കുഞ്ഞുങ്ങളും,ഒരുതട്ടാനും".
ലോകം എല്ലാമേഖലകളിലും അസൂയാവഹമായ പുരോഗതി കൈവരിക്കുമ്പോഴും ഇന്നും ആ ഇടുങ്ങിയ മനസ്സുമായി കഴിയുകയാണ് ഓരോരുത്തരും.ഞങ്ങളുടേത് ആവണം എല്ലാം;എന്‍റേതാവണം എല്ലാം...!
ആശംസകള്‍

ajith said...

ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല

mattoraal said...

എന്റെ കുട്ടികൾക്കും ഭർത്താവിനും മാത്രം നല്ലത് വരുത്തണേ ...

ശ്രീ said...

ആണവ നിലയത്തിനെതിരേ പറഞ്ഞു കേള്‍ക്കുന്ന അത്രയും പ്രശ്നങ്ങള്‍ നിലവില്‍ ഉണ്ടോ എന്ന് ചില റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ തോന്നാറുണ്ട്.

ലംബൻ said...

കുറച്ചു ആണവായുധമുണ്ടാക്കി ആഗോള മാര്‍ക്കറ്റില്‍ വിറ്റ്‌ കുറച്ചു വിദേശ നാണ്യം നേടി ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ നോക്കുമ്പോള്‍, കുറെ എമ്പോക്കികള്‍ വന്നു തടസങ്ങള്‍ ഉണ്ടാക്കും. സത്യത്തില്‍ ഇവന്‍റെയൊക്കെ മുകളില്‍ ആണ് ആണവായുധം പ്രയോഗിക്കേണ്ടത്.

അനുകുമാര്‍
ആണവായുധ വിതരണ മന്ത്രാലയം
ഭാരതം.

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വന്തം വ്യക്തിപരമായ ലാഭങ്ങള്‍ക്കു വേണ്ടിയല്ലാതെ, ഒരു ‘പൊതുകാര്യത്തിനുവേണ്ടി പ്രാര്‍ഥിക്കുവാനോ വ്രതം നോല്‍ക്കുവാനോ മനുഷ്യര്‍ തയാറാവുമോ എന്ന സംശയം പല തരം ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, സന്ദര്‍ശിക്കാറുള്ള എനിക്ക് എപ്പോഴുമുണ്ടാകാറുണ്ട് .‘

എന്തെങ്കിലും വ്യക്തിപരമായ
താല്പര്യമില്ലാതെ ലോകത്തിൽ
ആരെങ്കിലും ഉന്തുട്ടെങ്കിലും ചെയ്യുമൊ...അല്ലെ

Unknown said...

ഞാനും എന്റെ ലോകവും എന്ന ചിന്ത വല്ലാതെ ബാധിച്ചിരിക്കുന്നു നമ്മുടെ സമൂഹത്തെ. പൊതുകാര്യങ്ങൾ ചെയ്യാൻ കഴിയാത്തവർ അതിലേക്കായി ഒരു പ്രാർത്ഥനയെങ്കിലും നടത്തട്ടെ

Mohiyudheen MP said...

സ്വാർത്ഥതയുടെ വ്യത്യസ്ത മുഖങ്ങൾ....

A said...

ഈ "പുരോഗതി" യെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ അധോഗതിയിലെത്തിക്കും മനുഷ്യനെ എന്ന് എല്ലാവർക്കും അറിയാം. പക്ഷെ തല്ക്കാലം എന്റെ എ സിഓഫ്‌ ചെയ്തു ചൂട് കൊള്ളാൻ ഞാനില്ല എന്നാണു അവൻ/ൾ പറയുന്നത്. അതിനു വൈദ്യുതി എങ്ങിനേലും കിട്ടണം.
മനുഷ്യർ അടിസ്ഥാനപരമായി സ്വാർത്ഥരാണ്, അത് പ്രാർത്ഥനയിൽ മാത്രം മാറുമോ?