Sunday, March 24, 2013

ധനം, സ്വത്ത്, സമ്പാദ്യം……പെണ്ണിന്റെ കാര്യമാണ് പറയുന്നത്….


https://www.facebook.com/nattupacha/posts/229608627178782

 ( 2013 മാര്‍ച്ച്  23 ന് നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത് )

സ്ത്രീയ്ക്ക് സ്വന്തം പേരിൽ സ്വത്തുണ്ടാവേണ്ട യാതൊരു കാര്യവുമില്ലെന്ന് അമ്മീമ്മയുടെ അപ്പാവിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അവരുടെ സഹോദരന്മാരും ഈ ബോധ്യത്തിലാണ് വളർന്നതും ജീവിച്ചു പോന്നതും. 

അപ്പാ അഞ്ചോ ആറോ ക്ലാസ്സ് മാത്രമേ പഠിച്ചിരുന്നുള്ളൂ. എന്നാൽ സഹോദരന്മാർ ഉയർന്ന വിദ്യാഭ്യാസം നേടിയവരും ബോംബെയും മദ്രാസും കൽക്കട്ടയും ഡൽഹിയും പോലെയുള്ള വൻ നഗരങ്ങളിൽ ഉന്നതോദ്യോഗം വഹിയ്ക്കുന്നവരുമായിരുന്നു.

സ്ത്രീകളുടെ അവകാശങ്ങളുടെയും ചുമതലകളുടെയും കാര്യത്തിൽ മാത്രം അവർക്ക് തമ്മിൽ ഒരു അഭിപ്രായ ഭിന്നതയുമുണ്ടായിരുന്നില്ല.

അമ്മീമ്മയുടെ ഭർതൃഗൃഹത്തിൽ സ്വത്ത് ഭാഗം വെച്ചപ്പോൾ, മൂവായിരത്തി അഞ്ഞൂറ് രൂപ തങ്ങളുടെ മകൻ അകാരണമായി ഉപേക്ഷിച്ചതുകൊണ്ട് മാത്രം ജീവിതമില്ലാതായിപ്പോയ അമ്മീമ്മയെന്ന പന്ത്രണ്ട് വയസ്സുകാരി മരുമകൾക്ക്  കൊടുക്കുകയുണ്ടായത്രെ. 

അക്കാലത്ത്   അതാരും കേട്ടിട്ടു കൂടിയില്ലാത്ത അതിശയമാണ്. തന്നെയുമല്ല അത് വളരെ വലിയ ഒരു തുകയുമാണ്.  അത്രയും  പണം ഒറ്റയ്ക്കായ  ഒരു സ്ത്രീക്ക്  ഒട്ടും  ആവശ്യമില്ലാത്തതല്ലേ? അതുകൊണ്ട്  ആ പണം പോലും അപ്പാ അമ്മീമ്മയ്ക്കല്ല നൽകിയത്. വന്‍ നഗരങ്ങളില്‍  ജോലിചെയ്തിരുന്ന അപ്പാവിന്‍റെ  ആണ്മക്കൾക്ക് അയച്ച് കൊടുക്കുകയായിരുന്നു. ആണ്മക്കള്‍  വാടക വീടുകളില്‍  ബുദ്ധിമുട്ടി കഴിയുന്നത് അപ്പാവിനു പരമസങ്കടമായി തോന്നി. അവര്‍ക്ക്  എത്രയും പെട്ടെന്ന്  ജോലിയിടങ്ങളില്‍  സ്വന്തം വീടുകളുണ്ടാവണമെന്ന് അദ്ദേഹത്തിനു  ആശയുണ്ടായിരുന്നു. 

മുപ്പതു വയസ്സു  തികഞ്ഞതിനു ശേഷം നിരാഹാരമുള്‍പ്പടെയുള്ള  സമരം ചെയ്ത്  അക്ഷരം പഠിയ്ക്കുകയും ടീച്ചറായി ജോലി നേടുകയും ചെയ്ത അമ്മീമ്മ സ്വന്തം മഠത്തിലെ തീവ്ര വിപ്ലവകാരിയായിരുന്നു.

പിന്നീട്  കുറച്ച്  നാളുകള്‍ക്കു  ശേഷം അപ്പാ അവർക്കായി ഒരു വീട് വാങ്ങിക്കൊടുക്കുവാൻ തീരുമാനിച്ചു. എങ്കിലും ഒരു വ്യവസ്ഥ കൂടി ആധാരത്തിലെഴുതണമെന്ന് ശഠിയ്ക്കുവാൻ അദ്ദേഹം മറന്നില്ല. വീടും പറമ്പും അമ്മീമ്മയുടെ മരണശേഷം സഹോദരന്റെ മകന് സ്വാഭാവികമായി ലഭ്യമാകുമെന്നതായിരുന്നു ആ വ്യവസ്ഥ. അവർ മരിയ്ക്കുവോളം വീടിന്റെയും പറമ്പിന്റേയും ഒരു സൂക്ഷിപ്പുകാരി മാത്രമായിരിയ്ക്കും എന്നർത്ഥം.

അമ്മീമ്മ  സ്വന്തം തുച്ഛ  ശമ്പളം ആ  പറമ്പിനും വീടിനും വേണ്ടി അപ്പാവെ ഏൽപ്പിച്ചിരുന്നു. എന്നിട്ടു പോലും   വീട് അവർക്ക് മാത്രമായി കൊടുക്കാൻ ആ കൈ വിറച്ചു. മനസ്സ് അറച്ചു. ബുദ്ധി മടിച്ചു.

ഒറ്റയ്ക്കായ ഒരു സ്ത്രീയ്ക്ക് എന്തിനാണ് സ്വത്ത് ?

വീട് ഇപ്പോൾ തന്നെ കൊച്ചുമകന്റെ പേരിൽ തീറാധാരം നടത്തിക്കൊള്ളുവാൻ അമ്മീമ്മ പറഞ്ഞു. ഒരു ചങ്ങലയായി ആ വീട് അവർ ആഗ്രഹിച്ചില്ല.

ഭർത്താവുപേക്ഷിച്ച, മക്കളില്ലാത്ത തന്റെ മകളെ അപ്പാ സൂക്ഷിച്ചു നോക്കി. അവളുടെ മുഖത്തെ നിശ്ചയദാർഢ്യവും അഭിമാനവും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ആ വീടും പറമ്പും അമ്മീമ്മയ്ക്ക്  അപ്പാ തീറാധാരം ചെയ്തു കൊടുത്തു.  കഷ്ടിച്ച് എണ്ണൂറു രൂപയായിരുന്നു അദ്ദേഹത്തിന് ആകെ മൊത്തം വന്ന ചെലവ്.  അദ്ദേഹത്തിന്‍റെ ആകെ സ്വത്തില്‍ അതീവ നിസ്സാരത്തിലൊരംശം പോലും ആ വീടിനായി  ചെലവാക്കേണ്ടി  വന്നില്ല.  

വര്‍ഷങ്ങള്‍ക്ക് ശേഷം  അപ്പാ മരിച്ചപ്പോൾ, സ്വന്തം സഹോദരന്മാരുമായി ആ വീടിനു വേണ്ടിയാണ് അമ്മീമ്മയ്ക്ക് കേസ് പറയേണ്ടി വന്നത്. 

അമ്മീമ്മയുടെ അനിയത്തി ജാതിയിൽ താഴ്ന്ന ഒരാളെയാണു വിവാഹം കഴിച്ചത്. ആ വിവാഹത്തിന്റെ പൂർണ ഉത്തരവാദിത്തം സഹോദരന്മാർ അമ്മീമ്മയുടെ തലയിൽ കെട്ടിവച്ചു. അപ്പോൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ഒരു ഗ്രാമത്തിലെ  മുഴുവന്‍  ബ്രാഹ്മണ്യത്തിന്റെയും അഭിമാന പ്രശ്നമായി മാറി.  ഒരു ചെറിയ വീട് വാങ്ങി  ഏകാകിനിയായ മകൾക്ക് മാത്രമായി നൽകിയ അപ്പാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യാനുള്ള അവസരവും   ആണ്മക്കൾക്കങ്ങനെ എളുപ്പത്തില്‍  തുറന്നു കിട്ടി .  അനര്‍ഹമായ സ്വത്ത് നേടിയ അമ്മീമ്മയ്ക്കും  ബ്രാഹ്മണ്യത്തിനു തീരാത്ത മാനക്കേടുണ്ടാക്കിയ അനിയത്തിയ്ക്കും എതിരെയാണു കേസ് നടന്നത്.

സഹോദരന്മാർ ആയിരക്കണക്കിന് രൂപ പ്രതിമാസ വരുമാനമുള്ള ഉന്നതോദ്യോഗസ്ഥരും അ മ്മീമ്മ വെറുമൊരു  സ്കൂൾ ടീച്ചറുമായിരുന്നു. 

പത്താം ക്ലാസ്സും ടി ടി സിയും മാത്രം ജയിച്ച വലിയ ലോകപരിചയമൊന്നുമില്ലാത്ത ഒരു സ്ത്രീ.  കഷ്ടിച്ച്  നൂറ്റമ്പത് രൂപ ശമ്പളം പറ്റിയിരുന്നവള്‍.  അതുവരെ ജീവിച്ചു പോന്ന അപ്പാവിന്‍റെ  എട്ടുകെട്ട്  മഠത്തില്‍  നിന്ന്  ഒരു ദിവസം രാവിലെ ഉടുത്ത സാരിയോടെ  പടിയിറക്കി വിടപ്പെട്ടവള്‍.  ഒരു ഗ്രാമം ഒന്നടങ്കം  വാടക വീടു  നല്‍കാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടും  പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചവള്‍. അതുകൊണ്ടു തന്നെ ഒത്തിരി ശ്രമങ്ങള്‍ക്ക്  ശേഷം   വാടകയ്ക്ക് ലഭിച്ച, ഇടിഞ്ഞു പൊളിഞ്ഞ  വിറകുപുരയില്‍ മനസ്സുറപ്പോടെ  ഒറ്റയ്ക്ക് പാര്‍ത്തവള്‍.

പണത്തിന്‍റെ അതിരില്ലാത്ത ബലം,  അതിന്‍റെ പ്രപഞ്ചം  തുളക്കുന്ന ധിക്കാരം , അതിനോടുള്ള  ഉപാധികളില്ലാത്ത  ആര്‍ത്തി ഇതെല്ലാം എന്തെന്ന് എനിക്ക് ആദ്യമായി ബോധ്യമാക്കിത്തന്നത്   ഈ അവസാനിക്കാത്ത സിവില്‍ കേസിന്‍റെ  നൂലാമാലകളാണ്.  പണമില്ലാത്തവരുടെ  ഒടുങ്ങാത്ത  ദൈന്യവും ആര്‍ക്കും പിച്ചിച്ചീന്താവുന്ന  അവരുടെ ഗതികെട്ട അഭിമാനവും എന്‍റെ കണ്‍മുന്നില്‍  സദാ ദയനീയമായി വെളിപ്പെട്ടു  നിന്നു.   സഹോദരിമാര്‍ക്കെതിരെയും മരിച്ചു പോയ അപ്പാവിനെതിരേയും ആ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ രക്തബന്ധമെന്ന  എടുത്താല്‍  പൊങ്ങാത്ത  തമാശയെ എനിക്കു കാട്ടിത്തരികയായിരുന്നു . മനുഷ്യ മനസ്സിന്‍റെ  അതിക്രൂരമായ  കൌടില്യവും  കള്ളത്തരങ്ങളോടുള്ള  അതിന്‍റെ  സ്വാഭാവികമായ താദാത്മ്യവും എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളത്.  
  
നല്ല പ്രാക്റ്റീസും ഇഷ്ടം പോലെ വരുമാനവുമുള്ള പൂണൂല്‍ധാരിയായ ആഢ്യ ബ്രാഹ്മണനും അമ്മീമ്മയുടെ അടുത്ത  ബന്ധുവും  കൂടിയായ  വക്കീല്‍,  കേസു വാദിക്കാന്‍ ഫീസായി ആവശ്യപ്പെട്ടത് ആയിരം രൂപയായിരുന്നു. അമ്മീമ്മ ഞടുങ്ങിയതിനെപ്പറ്റിയും   അവരുടെ ശരീരം ചെറുതായി വിറ പൂണ്ടതിനെപ്പറ്റിയും വളരെ നാളുകള്‍ക്കു ശേഷം  പാറുക്കുട്ടിയാണ് എന്നോട്  വിശദീകരിച്ചത്.  ഒരു നിമിഷം ഒന്നു പതറിയെങ്കിലും  ഉറച്ച സ്വരത്തില്‍ അവര്‍ പറഞ്ഞുവത്രെ.

നാന്‍ തരുവേന്‍.  രൂപാ മുഴുവന്‍ തരുവേന്‍.
 
എവിടുന്ന് കൊടുക്കുമെന്നാണ് ? ആയിരം രൂപ വലിയൊരു സംഖ്യയല്ലേ

എന്തായാലും തളരാതെ അവര്‍ കേസു മുന്നോട്ടു കൊണ്ടു പോയി.   ഒച്ചിനേക്കാള്‍  പതുക്കെ  ഇഴയുന്ന നമ്മുടെ  ജുഡീഷ്യറിയുടെ ഭാരിച്ച പല്‍ച്ചക്രങ്ങള്‍ക്കടിയില്‍ പെട്ടു വീര്‍പ്പുമുട്ടിക്കൊണ്ട്,  വിശ്വാസത്തോടെ ആശ്രയിക്കാന്‍ ഭര്‍ത്താവിന്‍റെയോ മകന്‍റേയോ ചുമലുകളില്ലാതെ തികച്ചും  ഏകാകിനിയായ ഒരു സ്ത്രീ നടത്തിയ സമരം. ആ നീണ്ട  സമരത്തില്‍  കോടതികളും വക്കീലുമാരും പലവട്ടം   മാറുകയും അവരുടെ ഫീസിലും അമ്മീമ്മയുടെ  ശമ്പളത്തിലും വ്യത്യാസമുണ്ടാവുകയും ചെയ്തു. 

അങ്ങനെ കീഴ്ക്കോടതിയും ജില്ലാ കോടതിയും  ഒത്തിരിത്തവണ കയറിയിറങ്ങി,  പല വക്കീല്‍ ഓഫീസുകളില്‍ നിരന്തരമായി  തപം ചെയ്തതിനു ശേഷം, വിധിക്കു കാത്തു നിന്ന  അമ്മീമ്മയോട്  ഒടുവില്‍ ബഹുമാനപ്പെട്ട  ഹൈക്കോടതി  പറഞ്ഞു.

വീട് അമ്മീമ്മയുടേതാണ്. അത് അവര്‍ക്ക് തോന്നും പടി കൈകാര്യം ചെയ്യാം. മുറിച്ച് കഷ്ണമാക്കി അടുപ്പത്തിട്ട് വേവിക്കുകയോ , വലിയ ഒരു  കുഴി കുത്തി കുഴിച്ചിടുകയോ ഇടിച്ചു പൊടിച്ച്  കടലില്‍  കലക്കുകയോ ആവാം. ഈ  മഹാപ്രപഞ്ചത്തില്‍ ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല.

വിധി കേട്ട ദിവസം  എന്നേയും അനിയത്തിയേയും ചേര്‍ത്തു പിടിച്ചുകൊണ്ട്  അമ്മീമ്മ പൊട്ടിക്കരഞ്ഞു.  അതിനു ശേഷമോ അതിനു മുന്‍പോ  അവര്‍  അങ്ങനെ കരയുന്നത് ഞങ്ങള്‍  കണ്ടിട്ടുണ്ടായിരുന്നില്ല.

 കേസുമായി ബന്ധപ്പെട്ട എല്ലാ  പ്രശ്നങ്ങളും ഒതുങ്ങിയപ്പോഴേക്കും അമ്മീമ്മയുടെ  സമരം  നീണ്ട മുപ്പതു വര്‍ഷം പിന്നിട്ടിരുന്നു.  

ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മിച്ചത് എന്തിനാണെന്നാണോ?  
  
സ്ത്രീകളുടെ പല തരം  അവകാശങ്ങള്‍  ,  സമത്വം,  സ്വാതന്ത്ര്യം  എന്നൊക്കെയുള്ള വേണ്ടാതീനങ്ങള്‍  പറഞ്ഞ്  പുരുഷന്മാരെ കണക്കില്ലാതെ   ബുദ്ധിമുട്ടിക്കുന്ന  സ്ത്രീകളെ പാഠം പഠിപ്പിക്കാന്‍, നിലയ്ക്ക്  നിറുത്താന്‍ പല പല നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കപ്പെടുന്നത്  വായിച്ചു പോകുകയായിരുന്നു.....ഞാന്‍ . ഈയിടെ  ഒരു ദിവസം  ഇന്‍റര്‍നെറ്റില്‍... 

അപ്പോള്‍ ഒരാള്‍ എഴുതിയിരിക്കുന്നത്  വായിക്കാനിടയായി.   തൊണ്ണൂറു ദിവസം  ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക്  അഞ്ചു പൈസ  ചെലവിനു  കൊടുക്കാതിരുന്നാല്‍  മതി. എല്ലാ പണവും സ്വത്തും അധികാരവും കഴിവും   പുരുഷന്മാര്‍  സ്വന്തം സുഖങ്ങള്‍ക്കായി ചെലവാക്കിയാല്‍ മതി.    സമസ്ത പെണ്ണുങ്ങളും പട്ടിണി  കിടന്നും   കിടക്കാനിടമില്ലാതെയും  തുണിയുടുക്കാനില്ലാതെയും   നരകിച്ച്  നരകിച്ച്   ശരിക്കും ഒരു പാഠം  പഠിക്കും....

എത്ര പേര്‍ അനുകൂലിച്ചു സംസാരിച്ചുവെന്ന്  വായിച്ചു നോക്കാന്‍  ഞാന്‍ ശ്രമിച്ചില്ല.



47 comments:

വീകെ said...

സ്ത്രീകൾ സടകുടഞ്ഞെഴുന്നേൽക്കേണ്ട സമയമായിരിക്കുന്നു. സ്വത്തും വിദ്യാഭ്യാസവും ഉണ്ടായാലേ അവർ ഉയർന്നു വരൂ. അതു കൊണ്ടാകുമല്ലൊ സ്ത്രീകൾക്ക് ഇതു രണ്ടും നിഷേധിക്കാൻ ഒരു വിഭാഗം പുരുഷ വർഗ്ഗം മതത്തിന്റേയും മറ്റ് ആചാരങ്ങളുടേയും പേരിൽ എതിരു നിൽക്കുന്നത്.
അമ്മീമ്മയുടെ സമരം അതും ഒറ്റക്ക് നടത്താൻ കാണിച്ച ധൈര്യത്തിനും, ഇഛാശക്തിക്കും മുന്നിൽ ഒരു സലാം.
ആശംസകൾ...

Unknown said...

സമരം അതിന്റെ ലക്ഷ്യത്തെ സാധൂക്കരിക്കുന്നു ,നല്ല ലക്ഷ്യമുള്ള സമരം എപ്പോഴും വിജയിക്കും,

ലംബൻ said...

ഒരു പെണ്ണിന് സ്വത്തു കൊടുക്കുന്നത് ഒന്നും ഞങള്‍ ആണുങ്ങള്‍ക്ക് ഇഷ്ടമല്ല. പറഞ്ഞേക്കാം..
ഹോ അവളുടെ വീട്ടിലെ ഭാഗം വെയ്പ്പ് കഴിഞ്ഞിട്ട് വേണം ഒന്ന് കറങ്ങാന്‍

Nena Sidheek said...

പെണ്ണിന്റെ കാര്യമായത്കൊണ്ടാ പെട്ടെന്ന് തന്നെ എത്തിയത് -കുറെയൊക്കെ മനസ്സിലായി ചേച്ചീ

ജന്മസുകൃതം said...

അപ്പോള്‍ ഒരാള്‍ എഴുതിയിരിക്കുന്നത് വായിക്കാനിടയായി. തൊണ്ണൂറു ദിവസം ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക് അഞ്ചു പൈസ ചെലവിനു കൊടുക്കാതിരുന്നാല്‍ മതി. എല്ലാ പണവും സ്വത്തും അധികാരവും കഴിവും പുരുഷന്മാര്‍ സ്വന്തം സുഖങ്ങള്‍ക്കായി ചെലവാക്കിയാല്‍ മതി. സമസ്ത പെണ്ണുങ്ങളും പട്ടിണി കിടന്നും കിടക്കാനിടമില്ലാതെയും തുണിയുടുക്കാനില്ലാതെയും നരകിച്ച് നരകിച്ച് ശരിക്കും ഒരു പാഠം പഠിക്കും....

sakthamaaya oradi purushanmaarude ahanthayude thalaykku.....

ammeemayude nischayadaardyathinu munpil thalakunikkunnu....

Pradeep Kumar said...

നീതിക്കുവേണ്ടി സ്ത്രീകൾ നടത്തിയിട്ടുള്ള നിയമയുദ്ധങ്ങളും, പതിറ്റാണ്ടുകൾ നീളുന്ന സിവിൽ കേസുകളും പലയിടത്തും നടന്നിട്ടുണ്ട്.

പുതിയ കാലത്ത് ഇത്തരം വിവേചനങ്ങൾ കേരളത്തിലെ മാതാപിതാക്കൾക്കിടയിൽ കുറവാണ്, പെൺമക്കളുടേയും അവരുടെ ഭർത്താക്കന്മാരുടേയും ഉപചാപങ്ങളിൽ പെട്ട് മകന് ഒന്നും കൊടുക്കാതിരിക്കുകയും, ഒടുവിൽ അവർ ആട്ടിയിറക്കിയപ്പോൾ മകന്റെ കുടിലിൽ അഭയം തേടുകയും ചെയ്ത നല്ല നിലയിൽ കഴിഞ്ഞിരുന്ന ഒരു മാതാപിതാക്കളുടെ കഥ എനിക്കറിയാം....

ഇവിടെ അമ്മീമ്മയുടേത് പഴയ കാലത്തെ ഒറ്റപ്പെട്ട ഒരു സംഭവം മാത്രമെന്നേ പറയാനാകൂ.... അതുപോലെ സ്ത്രീകളെ മര്യാദ പഠിപ്പിക്കുവാനായി നടത്തിയ ചില പരാമർശങ്ങളും ഒറ്റപ്പെട്ട ചില വിവരദോഷികളുടെ ജൽപ്പനങ്ങൾ എന്നതിനപ്പുറം പൊതുസമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാടിന്റെ പ്രതിഫലനമായി തോന്നിയില്ല.....

എച്ചുമുവിന്റെ ലേഖനത്തിൽ മുൻവിധികൾ നിഴലിക്കുന്നു എന്നു തോന്നിയത് എന്റെ വായനയുടേയും അറിവിന്റേയും പരിമിതികളാവാം....

അവതാരിക said...

എന്തൊക്കെ പറഞ്ഞാലും അമൃതയെപ്പോലെ ഉള്ള വായാടികളും വീരവാദം പറയുന്നവരും സ്ത്രീകള്ക്ക് അപമാനമാണ്

എച്ചുമുവിനെ പോലെ ഉള്ളവരാണ് നല്ല ആൾക്കാർ ...

ഇന്ന് ശാലീന സുന്ദരികളെ കാണാനുണ്ടോ ??

ഇനി misogynist ആൾക്കാർ കൂടാൻ സാദ്യത ഉണ്ട്

അവതാരിക said...

Arya,Amrutha....ini undavumo puthiya avatharam?

പട്ടേപ്പാടം റാംജി said...

അല്പം ചില മാറ്റങ്ങള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും അമ്മീമ്മയെപ്പോലെയുള്ള സ്ത്രീകള്‍ ഇല്ലെന്നുള്ളതാണ് ശരി.
ആര്‍ക്കും ഒന്നും സഹിക്കാന്‍ മനസ്സില്ല എന്ന വാശിപോലെ....
പിന്നെ ഉള്ളതില്‍ പലതും അമൃതയെ പോലെ ആകുകയും ചെയ്യുന്നു.
ഞാന്‍ എല്ലാവരാലും അറിയപ്പെടുന്ന ഒന്നായി തീരണം എന്നതിനു മുന്‍ഗണന നല്‍കുന്ന പ്രവൃത്തികള്‍ ....
അവിടെ നീതിക്കുവേണ്ടി പോരാടുക എന്നതിനേക്കാള്‍ ഞാന്‍ എന്ന ഭാവമാണ്....
അപ്പോള്‍ സംഭവങ്ങള്‍ വീണ്ടും തിരിയുന്നു.

ഭാനു കളരിക്കല്‍ said...

സ്ത്രീകള്ക്ക് അവരുടെ സ്വന്തം സ്വതന്ത്ര പാര്ട്ടി ഉണ്ടാവണം. ഒരു വോട്ടിംഗ് പവര് ആയി അവർ ഉയര്ന്നുവരികയാവും പുതിയ കാലത്തെ വെല്ലുവിളികളെ മറികടക്കാൻ പ്രാപ്തമാക്കുക.

കെ സുധാകരൻ എന്ന ഒരു നേതാവ് മഹിളാ കോണ്ഗ്രസ്സിന്റെ മീറ്റിങ്ങിൽ പ്രസംഗിക്കുന്നതും സ്ത്രീകളെ മുഴുവൻ അപഹസിക്കുന്നതും അത് കേട്ട് ആർത്തു ചിരിക്കുന്ന പാവം സ്ത്രീ നേതാക്കളും അണികളും ഒക്കെ ആയുള്ള ഒരു വീഡിയോ ഈയിടെ കണ്ടു. പച്ചക്ക് മുഖത്ത് നോക്കി അസഭ്യം പറയുന്ന ജനനേതാക്കൾ ഉള്ള നമ്മുടെ നാട്ടിൽ എങ്ങനെ ജനാധിപത്യവും സാഹോദര്യവും പുലരും?

ajith said...

നോ കമന്റ്സ്

vettathan said...

കുട്ടികളായിരിക്കുമ്പോഴാണ് ബന്ധങ്ങളുടെ പൂക്കാലം. വലുതായി വരുന്നതോടെ ഓരോ കാലങ്ങളില്‍ നിലയുറപ്പിച്ചു യുദ്ധം ആരംഭിക്കുകയായി. എല്ലായിടങ്ങളിലും കഥ ഒന്നുതന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്രാഹ്മണ്യത്തിന്റെ പണ്ടത്തെ
തീരാത്ത മാനക്കേടുകൾ ,പ്രത്യേകിച്ച്
സ്ത്രീ വിരുദ്ധ നിലപാടുകൾ അമ്മീമിയിലൂടെ നന്നായി വരച്ചു കാണിച്ചിരിക്കുന്നൂ...

പക്ഷേ..
ഇന്ന് ജോലി ചെയ്ത്
കുടുംബങ്ങൾക്ക് അത്താണിയാകുന്ന
സ്ത്രീ തന്നെയാണ് ഓരോ വീടിന്റേയും
ധനം കേട്ടൊ എച്മു

മുകിൽ said...

avasaan paargraph gambheeram..!

prasavicha udane ammamaar ellathineyum kazhuthil murukkippidichu konnu kalanjaal ee pennungale paadam padippikkan kemanmaar baakkiyundaavumo...?

ente lokam said...

അമ്മീമ്മക്ക് മനോധൈര്യവും അല്പം സാമ്പത്തിക സൌകര്യവും എങ്ങനെയോ കിട്ടി.ഇത് പോലും കിട്ടാത്തവർക്ക് നീതി നിഷേധം
അല്ലാതെ എന്ത് കിട്ടാൻ ???

മുകിലിന്റെ കമന്റ്‌ ഒരു അമ്മയുടെ പ്രതിഷേ ധ സ്വരം മാത്രമല്ല ചില
വലിയ ചോദ്യങ്ങള കൂടി ആണ്.

Cv Thankappan said...

പണ്ടുകാലത്ത് ഉയര്‍ന്നവരുടെ സംരക്ഷണത്തിനുവേണ്ടി താഴ്ന്നവരെ പീഡിപ്പിച്ചും,അവഹേളിച്ചും
നടപ്പാക്കികൊണ്ടിരുന്ന നിയമനിര്‍മ്മാണങ്ങളെ എതിര്‍ക്കാനും,
ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാനും
ചങ്കൂറ്റത്തോടെ രംഗത്തിറങ്ങിയ ധീരവനിതകളും നമ്മുടെ നാട്ടിലുണ്ടായിരുന്നു.അമ്മീമ്മയുടെ ത്യാഗോജ്ജ്വലമായ സമരവും അത്തരത്തിലുള്ളതാണ്.അവരുടെ ധീരോദാത്തമായ കൃത്യത്തിന് മുമ്പില്‍
ശിരസ്സ്‌ കുനിക്കുന്നു.നമിക്കുന്നു.
ആശംസകള്‍

വിനുവേട്ടന്‍ said...

വെട്ടത്താൻ പറഞ്ഞതിനടിയിൽ ഞാൻ എന്റെ ഒപ്പും കൂടി രേഖപ്പെടുത്തട്ടെ...

മുകിലിന്റെ ചോദ്യവും ഒരു ചോദ്യം തന്നെയാണ്...

അമ്മീമ്മയുടെ കണ്ണീരിനു മുന്നിൽ നമിക്കുന്നു....

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ഓര്‍മ്മ നല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി

ശ്രീനാഥന്‍ said...

അമ്മീമ്മയുടെ പോരാട്ടത്തെ ഉള്ളിൽ തട്ടും വിധം പകർത്തി. വെറുതെയല്ല,എച്ചുമുക്കുട്ടിയുടെ എഴുത്തിൽ പെണ്ണിന്റെ കണ്ണീരും അഭിമാനവും വീറും എല്ലാം നിറയുന്നത്.

ശ്രീ said...

കുറച്ചു കാലത്തിനു ശേഷമാണല്ലോ അമ്മീമ്മയുടെ വിശേഷങ്ങള്‍.

നന്നായെഴുതി. അമ്മീമ്മയുടെ മനസ്സുറപ്പ് സമ്മതിയ്ക്കണം.

അനില്‍കുമാര്‍ . സി. പി. said...

അമ്മീമ്മയുടെ കഥ മാത്രം പറഞ്ഞൂ; പറ്യാനുദ്ദേശിച്ച വിഷയത്തേക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞതുമില്ല എച്മു.

ചന്തു നായർ said...

ഒരു പുരുഷ വിദ്വേഷിയല്ല എച്ചുമുക്കുട്ടി..പക്ഷേ പല ലേഖനങ്ങളിലും പുരുഷനെ മറ്റി നിർത്തപ്പെടണം എന്ന ഒരു ചിന്ത എവിടെയൊക്കെയോ പ്രതിധ്വനിക്കുന്നൂ...ബൂലോകത്ത് ഞൻ ആദരിക്കുന്ന,എഴുത്തിന്റെ കര്യ്അത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുറച്ചധികം സഹോദരിമാരിലൊരാളാണ് എച്ചുമൂ..എല്ലാ വിഷയത്തിലും ഈ കുഞ്ഞിന് നല്ല പിടിപാടുമുണ്ട്..ഇവിടെ ഈ ലേഖനത്തിൽ പരോക്ഷമായി പുരുഷൻ ശത്രു പക്ഷത്ത് നിൽക്കുന്നൂ...എച്ൿഹുമു പറയതെ തന്നെ മറ്റുള്ളവർ പറാഞ്ഞതിനെ ക്രോഡീകരിച്ച് പറയുമ്പോഴും 'അവൻ' സ്ത്രീകളൂടെ രക്ഷകനായിട്ടല്ലാ നിൽക്കുന്നതു.ശിഷകനായിട്ടാ...അവസാന പാരഗ്രാഫിൽ എഴുതിയിരിക്കുന്നത് പറഞ്ഞിട്ടുള്ളത് ഏതോ വിവര ദോഷി...അതുകൊണ്ട് എല്ലാ പുരുഷന്മാരും അത്തരക്കാരാണോ?........അമ്മാ മയുടെ ജീവിതകഥ വായിച്ചപ്പോൾ പ്രയാസം തോന്നീ....എഴുത്തിനു എല്ലാ ആശംസകളും.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

:)

Unknown said...

അമ്മീമ്മയുടെ സമരം പഴയകാലത്തു വേണ്ടി വന്നിട്ടുള്ളതാണ്.ഇന്ന് ഇത്തരം പോരാട്ടം വളരെ തുച്ചമല്ലേ..

ഒരു കുഞ്ഞുമയിൽപീലി said...

എന്തോ ഒരു അപൂര്‍ണ്ണത തോനുന്നു ചേച്ചീ ഒരു സമരം തന്നെയല്ലേ ജീവിതം

the man to walk with said...

Best wishes

Anonymous said...

അമ്മീമ്മയെ മനസ്സില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിച്ചു. ആര്‍ത്തിയുടെ കാര്യത്തില്‍ എല്ലാരും കണക്കാണ് എന്നാണ് എനിക്ക് തോന്നുന്നത്

വര്‍ഷിണി* വിനോദിനി said...

സ്ത്രീ തന്നെ ധനം എന്ന് ഞാനും വിശ്വസിച്ചു..
സ്ത്രീയുടെ ധനം മാത്രമേ ധനമാകുന്നുള്ളു എന്ന് കാലം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു..

കഥ പറഞ്ഞത്‌ നന്നായി ട്ടൊ..
അവസാന ഭാഗം ഏൽപ്പിച്ച മുറിവുമായി നീങ്ങിന്നു..

ആശംസകൾ..!

aboothi:അബൂതി said...

ചിലരുടെ ധൈര്യത്തിന്റെ മുൻപിൽ, അർപണ ബോധത്തിന്റെ സല്യൂട്ട് ചെയ്ത് നില്ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല..

Rainy Dreamz ( said...

നല്ല ലക്ഷ്യമുള്ള സമരം എപ്പോഴും വിജയിക്കും,
ഇവിടെ അമ്മീമ്മയുടേത് പഴയ കാലത്തെ ഒറ്റപ്പെട്ട ഒരു സംഭവം മാത്രമെന്നേ പറയാനാകൂ.... അതുപോലെ സ്ത്രീകളെ മര്യാദ പഠിപ്പിക്കുവാനായി നടത്തിയ ചില പരാമർശങ്ങളും ഒറ്റപ്പെട്ട ചില വിവരദോഷികളുടെ ജൽപ്പനങ്ങൾ എന്നതിനപ്പുറം പൊതുസമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാടിന്റെ പ്രതിഫലനമായി തോന്നിയില്ല..\
സ്ത്രീയും പുരുഷനും അല്ല,അതിപ്പോൾ ഇഷ്ടം പോലെ ഉണ്ട്. ഇവിടെ ഇനി ഉണ്ടാവേണ്ടത് മനുഷ്യരാണ്.

Unknown said...

സമ്പത്തിനോടുള്ള ആർത്തിയുടെ കാര്യത്തിൽ ആൺ-പെൺ ഭേദമില്ല എന്നാണ് തോന്നുന്നത്. പൊതുവേ, നമ്മുടെ വ്യവസ്ഥയിൽ തൊഴിലെടുക്കുന്നതും കുടുംബം പുലർത്താൻ പണം കണ്ടെത്തുന്നതും പുരുഷന്മാരായിരിക്കേ അവർ സമ്പത്തിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നു എന്ന് മാത്രം. കുടുംബബന്ധങ്ങളെ അൽപ്പം മണ്ണിന് വേണ്ടി പറിച്ചെറിയുന്നവരേക്കാളും കഷ്ടമല്ലേ, അൽപ്പം സുഖത്തിനോ പണത്തിനോ വേണ്ടി സ്വന്തം മക്കളെ വിറ്റു തിന്നുന്നവർ?

Unknown said...

ഓർമ കുറിപ്പ് നന്നായിട്ടുണ്ട് ചേച്ചി

Unknown said...
This comment has been removed by the author.
വേണുഗോപാല്‍ said...

പൊള്ളുന്ന അനുഭവങ്ങളുടെ സാക്ഷ്യപെടുത്തല്‍ .

ഇത് അമ്മീമ്മമാര്‍ മാത്രം അനുഭവിച്ച കാര്യമല്ല. അതിജീവന സമരങ്ങള്‍ക്കിടയില്‍ കാലിടറി വീണു കഷ്ട്ടപ്പാടുകള്‍ സഹിച്ച ആണ്‍ ജന്മങ്ങളുമില്ലേ?

സ്ത്രീയോടുള്ള സമൂഹത്തിന്റെ പെരുമാറ്റങ്ങളും കാഴ്ചപാടുകളും കേവലം വ്യക്ത്യാധിഷ്ടിതമെന്നിരിക്കെ ഇതൊക്കെ പിന്നിട്ട കാലങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. ഇന്ന് കാലം ഏറെ മാറിയിരിക്കുന്നു.
വീക്ഷണങ്ങളും ....

Echmukutty said...

വി. കെ.
മൈ ഡ്രീംസ്,
ശ്രീജിത്ത്,
നേനക്കുട്ടി,
ജന്മസുകൃതം വരവിനും വായനക്കും ഒത്തിരി നന്ദി.
പ്രദീപ് മാഷ് പറയുന്നതു പോലെ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകള്‍ക്ക് കുടുംബസ്വത്ത് തുല്യമായി ഭാഗിച്ചു നല്‍കി അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതില്‍ കേരളത്തിലെ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന കാലമാണിതെങ്കില്‍ വളരെ നല്ലത്. സ്ത്രീകള്‍ ധനാശ പെരുത്ത് പുരുഷന്മാരെ ബുദ്ധിമുട്ടിക്കില്ല എന്നോ വഞ്ചിക്കില്ല എന്നോ ഞാന്‍ എഴുതിയ ഈ പോസ്റ്റിനു അര്‍ഥമില്ല. അമ്മീമ്മയുടെ കഥ പഴയകാലത്തെ ഒറ്റപ്പെട്ട ഒരു സംഭവമാണെന്ന് കരുതാന്‍ ഇന്ത്യയിലെ വിവിധ കോടതികളില്‍ പലവട്ടം കയറിയിറങ്ങിയ എന്‍റെ അനുഭവങ്ങള്‍ എന്നെ അനുവദിക്കുന്നില്ല. പണവും സ്വത്തും സ്ത്രീക്ക് നിഷേധിക്കുന്നത് എത്ര കൌശലത്തോടെയാണെന്നും അത് രണ്ടും ഇല്ലാത്തതിന്‍റെ പേരില്‍ അവള്‍ക്ക് ബാക്കിയെന്തെല്ലാം നിഷേധിക്കാമെന്നും നമ്മുടെ സാമൂഹിക വ്യവസ്ഥകള്‍ വിളിച്ചു പറയുന്നുണ്ട്.
ഒറ്റപ്പെട്ട വിവരദോഷികള്‍ക്ക് മാത്രമായിരിക്കട്ടെ സ്ത്രീകളെ പാഠം പഠിപ്പിക്കാനുള്ള ഇത്തരം അഭിപ്രായങ്ങള്‍ എന്ന് പ്രദീപ് മാഷിനെപ്പോലെ കരുതാന്‍ എനിക്കും ആഗ്രഹമുണ്ട്.ഒരു സ്ത്രീയെന്ന നിലയില്‍ ഇമ്മാതിരി അപമാനങ്ങള്‍ ഇടയ്ക്കിടെ രുചിക്കേണ്ടി വരാറുണ്ടെങ്കിലും... വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി. ഇനിയും വരുമല്ലോ. മുന്‍ വിധികളില്ലാതെ എഴുതുവാന്‍ കഴിയുന്നതും പരിശ്രമിക്കാം, മാഷിന്‍റെ അഭിപ്രായം ഞാന്‍ ഓര്‍മ്മ വെയ്ക്കുമെന്ന് അറിയിക്കട്ടെ.

Echmukutty said...

അവതാരിക ഈ പോസ്റ്റിനല്ല കമന്‍റെഴുതിയതെന്നാണ് എന്‍റെ ചെറിയ ബുദ്ധിയില്‍ തോന്നിയത് കേട്ടോ.
രാംജി വന്നതില്‍ സന്തോഷം. അമ്മീമ്മയ്ക്ക് ഒപ്പമോ അതിലേറെയോ ഒക്കെ സഹിക്കുകയും പൊരുതുകയും ചെയ്യുന്ന പല സ്ത്രീകളും ഉണ്ട്... രാംജി. അവരെയൊന്നും ആരും അന്വേഷിച്ചു പോകാറില്ല. അമ്മീമ്മയെപ്പറ്റി തന്നെ എത്രകാലം കഴിഞ്ഞാണ് ഞാന്‍ പോലും എഴുതിയത്...ദരിദ്രന്‍ പരിപൂര്‍ണ സത്യസന്ധനായിരിക്കണം എങ്കിലേ സഹായത്തിനു യോഗ്യനാകൂ എന്ന വാശി പോലെയാണ് നമുക്ക് സ്ത്രീകളൂടെ പ്രതിഷേധങ്ങളോടുള്ള നിലപാടുകളും. ഏത് ആംഗിളില്‍ നിന്ന് നോക്കിയാലും കുറ്റമറ്റ പ്രതിഷേധമായിരിക്കണം സ്ത്രീ നടത്തേണ്ടത്... ഏതെങ്കിലും ആംഗിളില്‍ ലേശം പിശകുണ്ടായാല്‍ ഉടനെ തെറ്റു ചെയ്തവരേക്കാള്‍ ചീത്തയാകും പ്രതിഷേധിച്ചവളോ പ്രതിഷേധിക്കാന്‍ ഭാവിച്ചവളോ അതിനു ആഗ്രഹിച്ചവളോ അല്ലെങ്കില്‍ അതിനെക്കുറിച്ച് സ്വപ്നം കണ്ടവളോ ഒക്കെ....
ശരിയാവാം ഭാനു പറഞ്ഞത്. സ്ത്രീകള്‍ ഒരു സ്വതന്ത്ര വോട്ടിംഗ് പവര്‍ ആയാല്‍ കാര്യങ്ങളില്‍ അല്‍പം മാറ്റമുണ്ടാകുമായിരിക്കും. നേതാക്കളെ തിരുത്താന്‍ കഴിവുള്ള അണികളുണ്ടായിരുന്നെങ്കില്‍ നമ്മുടെ രാഷ്ട്രീയം ഇതാകുമായിരുന്നില്ലല്ലോ ഭാനു. അണികള്‍ക്ക് ചിരിക്കാതിരുന്നെങ്കിലും പ്രതിഷേധിക്കാമായിരുന്നു. മറ്റൊന്നിനും ധൈര്യമില്ലായിരുന്നെങ്കിലും ...

Echmukutty said...

അജിത്ജിക്ക് എഴുതിയത് ഇഷ്ടമായില്ല എന്നു തോന്നുന്നു. അതാണോ മറുപടി നോ കമന്‍റ്സ് ആയിപ്പോയത്?
അതെ, വെട്ടത്താന്‍ ചേട്ടന്‍ പറഞ്ഞത് ചിലപ്പോഴൊക്കെ വലിയ ശരിയാവുന്ന ഒരു സത്യമാണ്. വായിച്ചതില്‍ സന്തോഷം കേട്ടോ.
മുരളീഭായ്, ഇപ്പോ ബ്രാഹ്മണ്യത്തിനും നമ്മുടെ സമൂഹത്തിനു പൊതുവായും ഈ തിരിച്ചറിവ് സ്ത്രീയാണ് ധനമെന്ന തിരിച്ചറിവ് വന്നു കഴിഞ്ഞു എന്നാണോ?
എന്‍റെ പൊന്നു മുകിലേ, അതൊരിക്കലും നടക്കില്ല എന്ന ഉറപ്പ് ഈ ജല്‍പ്പിക്കുന്ന കേമന്മാര്‍ക്കും ഉണ്ടല്ലോ. പിന്നെന്താ?
ശരിയായി വായിക്കപ്പെട്ടു പോസ്റ്റെന്ന് എന്‍റെ ലോകത്തിന്‍റെ കമന്‍റ് വായിച്ചപ്പോള്‍ തോന്നി. സന്തോഷം കേട്ടോ.
തങ്കപ്പന്‍ ചേട്ടന്‍,
വിനുവേട്ടന്‍,
ഉസ്മാന്‍ ജി,
ശ്രീനാഥന്‍ മാഷ്,
ശ്രീ എല്ലാവര്‍ക്കും നന്ദി.
എഴുത്ത് അപൂര്‍ണമായിപ്പോയോ അനില്‍? മേലില്‍ കൂടുതല്‍ ശ്രദ്ധിക്കാം.
ഞാന്‍ പുരുഷവിദ്വേഷിയാവേണ്ട ഒരു കാര്യവുമില്ല ചന്തുവേട്ടാ. പുരുഷനെ മാറ്റി നിറുത്തണമെന്ന് എനിക്ക് അഭിപ്രായവുമില്ല. എന്നെക്കുറിച്ചെഴുതിയ നല്ല വാക്കുകള്‍ കണ്ട് ഞാന്‍ സന്തോഷിക്കുന്നു.സ്ത്രീകളെപ്പറ്റി ഇമ്മാതിരി ജല്‍പ്പനങ്ങള്‍ നടത്തുകയും ബാക്കി പുരുഷന്മാരെ കൂടി അപമാനത്തില്‍ ആഴ്ത്തുകയും ചെയ്തയാളല്ലേ ചന്തുവേട്ടാ യഥാര്‍ഥത്തില്‍ പുരുഷവിദ്വേഷിയും സ്ത്രീ വിദ്വേഷിയുമായ മനുഷ്യവിദ്വേഷി... അത് ചന്തുവേട്ടന്‍ പോലും കാണാത്തതെന്താ? എഴുതാത്തതെന്താ?
നിധീഷ് കൃഷ്ണനു നന്ദി.
ഉമ്മു അമാന്‍ ഇപ്പോഴത്തെക്കാലത്ത് ഇത്തരം സമരങ്ങള്‍ വേണ്ടി വരാറില്ല എന്നെഴുതിയത് എന്നെ അല്‍ഭുതപ്പെടുത്തുന്നു കേട്ടോ. കാരണം ജാതിയും മതവും സ്വത്തും പ്രേമവും പെണ്‍ കുട്ടികളും ഒക്കെ വലിയ വലിയ അഭിമാനപ്രശ്നങ്ങളാണ് ഇന്നും എന്നാണെനിക്കു തോന്നുന്നത്. വായിച്ചതില്‍ സന്തോഷം കേട്ടോ.






Echmukutty said...

കുഞ്ഞു മയില്‍ പീലിക്കും പോസ്റ്റില്‍ അപൂര്‍ണത തോന്നുന്നു അല്ലേ? ഇനിയും മെച്ചപ്പെടുത്തി എഴുതാന്‍ ശ്രമിക്കാം.
മാന്‍ ടു വാക് വിത്,
താരിക്,
വര്‍ഷിണി,
അബൂതി എല്ലാവര്‍ക്കും നന്ദി കേട്ടോ.

റെയിനി ഡ്രീംസ് പറഞ്ഞത് ശരിയാണ്. മനുഷ്യരാണുണ്ടാവേണ്ടത്. പക്ഷേ, പെണ്ണേ നീയൊരു പെണ്ണാണെന്ന് സദാ ഓര്‍മ്മിച്ച് വണക്കത്തോടെ നിന്നില്ലെങ്കിലുണ്ടല്ലോ എന്ന ഭീഷണി സദാ വാളു പോലെ തൂങ്ങിക്കിടക്കുമ്പോള്‍ മനുഷ്യരുണ്ടാവുന്നതെങ്ങനെയാണ്? ആണും പെണ്ണുമല്ലേ ഉണ്ടാകൂ.

Echmukutty said...

ചീരാമുളക് പറഞ്ഞത് എനിക്ക് മുഴുവനും മനസ്സിലായില്ല. ഒന്നും കൂടി പറഞ്ഞു തരാമോ?
ഗിരീഷിനു നന്ദി കേട്ടോ.

വേണു മാഷ് എന്താ ഈ പറയുന്നത്? സ്ത്രീകള്‍ ബുദ്ധിമുട്ടിയ കഥ എഴുതിയാല്‍ പുരുഷന്‍ ബുദ്ധിമുട്ടിയിട്ടില്ല എന്നര്‍ഥമാകുന്നുണ്ടോ? ഇന്ന് കാലം മാറിയെന്നെഴുതിയതു കാണുമ്പോള്‍ എനിക്ക് അതിശയം തോന്നുന്നു കേട്ടോ. കാരണം ജാതി, മതം, പ്രേമം, സ്വത്ത്, പെണ്‍കുട്ടി എല്ലാമെല്ലാം മരണത്തിലേക്കു വരെ കൊണ്ടു ചെന്നെത്തിക്കുന്ന കാലമല്ലേ? താഴ്ന്ന ജാതിക്കാരനെ പ്രേമിച്ച് മകളെ കൊല്ലാന്‍ വീട്ടുകാര്‍ തന്നെ മുന്‍ കൈയെടുക്കുന്നില്ലേ? അമ്മാതിരി മകളെ വീട്ടീന്നു പുറത്താക്കുന്നില്ലേ... ഉത്തരേന്ത്യയില്‍ മാത്രമാണോ ഓണര്‍ കില്ലിംഗ് നടക്കുന്നത്? സ്ത്രീകള്‍ക്ക് കുടുംബസ്വത്ത് തുല്യമായി കൊടുക്കുമെങ്കില്‍ സ്ത്രീധനം കല്യാണ സമയത്ത് കൊടുക്കേണ്ടി വരുമോ? ഇപ്പോള്‍ സ്ത്രിധനം കൂടിയോ അതോ കുറഞ്ഞോ?...
കാലവും വീക്ഷണങ്ങളും അങ്ങനെ വല്ലാതെ മാറിയോ എന്ന് എനിക്ക് സംശയമുണ്ട് വേണുമാഷെ.വായിച്ചതില്‍ സന്തോഷം കേട്ടോ ഇനിയും വായിക്കണേ...

A said...

സ്വത്തിന്റെയും, പകുത്തു കൊടുക്കളിന്റെയും കാര്യം വരുമ്പോള്‍ പുരുഷന്‍മാര്‍ക്ക് തന്നെ അര്‍ഹിക്കുന്നത് നല്കാതെ കള്ളത്തരങ്ങളിലൂടെ കവര്‍ന്നെടുക്കുന്ന പുരുഷന്മാരുണ്ട്. അത്തരം വില്ലന്‍ കഥാ പാത്രങ്ങള്‍ക്ക് സ്ത്രീകളെ പറ്റിക്കാന്‍ എളുപ്പമായിരിക്കും. സ്ത്രീകള്‍ ചരിത്രാതീത കാലം മുതല്‍ പുരുഷന്റെ അടിച്ചമര്‍ത്തലിനു വിധേയരാകുന്നവര്‍ എന്ന നിലക്ക് ഇവിടെ പുരുഷവര്‍ഗ്ഗം ആകെയും പ്രതിക്കൂട്ടിലെന്നു തോന്നുകയും ചെയ്യും.

റിനി ശബരി said...

ഇന്ന് സ്ഥിതി കുറെയേറെ മാറി പൊയെങ്കിലും , സ്ത്രീ ഇപ്പൊഴും
അവളുടെ ചട്ടകൂടുകളില്‍ തളക്കപെടുന്നുണ്ട് , സത്യമാണത് ...!
അവള്‍ക്ക് ചിലവിന് കൊടുത്തിലെങ്കില്‍ ചത്തു പൊകുന്ന
ഒന്നാണ് ആ സാധു ജീവനെന്ന് ചിലപ്പൊഴൊക്കെ ഞാനും വിചാരിച്ചിരുന്നു
എന്നുള്ളത് നേരായി തന്നെ ഇവിടെ എഴുതുന്നു , ഇന്നും പല കുടുംബത്തിലും
കലേച്ചീ എഴുതിയ നേരുകള്‍ നില നില്‍ക്കുന്നുണ്ട് , ചെറിയ ആഘാതങ്ങളില്‍
തകര്‍ന്ന് പൊകുകയും , അല്ലെങ്കില്‍ മറ്റൊരു മനസ്സിലേക്ക് സ്നേഹത്തിന്റെ
ചൂര് കാട്ടുമ്പൊള്‍ അറിയാതെ മനസ്സേറി പൊകുകയും ചെയ്യുന്ന പാവങ്ങളായും
ഇടക്ക് നേര്‍ വിപരീത ചിന്തകളിലൂടെ സമൂഹത്തേ ആകെ ഉലക്കുന്നവളായും കാണാം നമ്മുക്ക് ..!
എങ്ങനെ ഈ ചിന്തകള്‍ വന്നു കയറി എന്നു നാം ചിന്തിക്കണം , പണ്ട് തൊട്ടെ നില
നിന്നു പൊകുന്ന ചിലതുണ്ട് നമ്മുക്കിടയില്‍ , എനിക്ക് രണ്ടാമതും പെണ്‍കുഞ്ഞായപ്പൊള്‍
എന്റെ മിക്ക ബന്ധുക്കാരും വിളിച്ചു പറഞ്ഞു " അതേ ഇനി നീ അറബി നാട്ടില്‍ " തന്നെ നിന്നൊളൂ
കെട്ടി കൊടുക്കണ്ടേ രണ്ടു പെണ്ണാണ് എന്ന് ... ഞാന്‍ പറയും ആണാണേലും പെണ്ണാണേലും
ഒന്നു തന്നെ ചിലവ് .. മരിച്ച് കിടക്കുമ്പൊള്‍ തലക്കിലിരുന്നു കണ്ണിരു വാര്‍ക്കാന്‍
പെണ്‍കുട്ടികളേ കാണൂ എനികതൊക്കെ മതീന്ന് , പ്രസവം നിര്‍ത്താന്‍ ഞാന്‍
ആവശ്യപെട്ടപ്പൊള്‍ എല്ലാര്‍ക്കും അതും പ്രശ്നം , ആണ്‍കുട്ടി വേണമെന്ന് ..
ആണായാലും ഇനി പെണ്ണായാലും .. ഈ പറയുന്നവര്‍ വന്ന് ചിലവിന് തരുമോ ?
അമ്മീമ്മയുടെ ഉറച്ച മനസ്സിന് , അതും ആ കാലത്തില്‍ .. നമിക്കുന്നു ...
രണ്ടു വശങ്ങളിലും പ്രശ്നങ്ങളുണ്ട് , ഒറ്റപെട്ടതല്ലാത്ത തന്നെ ...
മനസ്സ് , ആണിനും പെണ്ണിനും ഒന്നു തന്നെ .. നേരുകളില്‍ , കരുണയോടെ
ജീവിക്കുവാന്‍ , സമത്വമോടെ ജീവിക്കുവാന്‍ നമ്മുക്കാവട്ടെ .....!

Akbar said...

നാട്ടു പച്ചയിൽ വായിച്ചിരുന്നു ഈ ലേഖനം. നല്ല കുറിപ്പ്‌., എച്ചുമു ഫോക്കസ് ചെയ്യുന്ന വിഷയത്തോട് വിയോജിപ്പില്ല.

എന്നാൽ ഏതെങ്കിലും വിവര ദോഷികളുടെ ഒറ്റപ്പെട്ട കമന്റിനെയൊ, ഉപദേശ പ്രസംഗത്തെയോ മൊത്തം പുരുഷ സമൂഹത്തിന്റെ അഭിപ്രായമായി കാണാൻ എച്ചുമുവിലെ അമ്മക്ക്, സഹോദരിക്ക്, കൂട്ടുകാരിക്ക് കഴിയില്ല എന്നറിയാം.

അപ്പോഴും എച്ചുമുവിലെ എഴുത്തുകാരി ചിലപ്പോൾ വിഷയാവതരണത്തിൽ നിഷ്പക്ഷതയുടെ അതിര് ഭേദിച്ച് ആത്യന്തികതയിലേക്ക് (immoderate) കടന്നു പോകുന്നില്ലേ എന്നത് എന്റെ മാത്രം വായന അല്ല എന്ന് തോന്നുന്നു.

അങ്ങിനെ തോന്നാത്ത വിധം വിശാലമായ കാഴ്ചപ്പാടോടെ എന്നും സമൂഹത്തിനു ദിശാ ബോധം നല്കുന്ന കെടാവിളക്കായി നിലനിൽക്കാൻ ഈ ബ്ലോഗിനും എഴുത്തുകാരിക്കും കഴിയട്ടെ. ആശംസകളോടെ.

keraladasanunni said...

എന്നും ഇതുതന്നെയാണ് അവസ്ഥ. ബലവാന്‍
ദുര്‍ബ്ബലനെ ദ്രോഹിക്കുന്നു. സ്ത്രീയാവുമ്പോള്‍
പറയാനുമില്ല. ആ സാധു സ്ത്രി വിജയ മുഹൂര്‍ത്തത്തില്‍ കരഞ്ഞത് വായിച്ചപ്പോള്‍ 
മനസ്സില്‍ വേദന തോന്നി.

Echmukutty said...

സലാം എഴുതിയത് വാസ്തവമാണ്.
അതെ റീനി, നേരുകളില്‍ കരുണയോടെയും സമത്വത്തോടെയും ജീവിക്കുവാന്‍ നമുക്ക് ആവട്ടെ.
അക്ബറിന്‍റെ നിര്‍ദ്ദേശം തീര്‍ച്ചയായും ഓര്‍മ്മ വെക്കും.
അതെ ഉണ്ണിച്ചേട്ടാ..ഈയവസ്ഥ എന്നും ഉണ്ടായിരുന്നു... ഇപ്പോഴും ഉണ്ട്.

വായിച്ച് അഭിപ്രായം എഴുതി എന്നെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമെന്ന് കരുതുന്നു.

റോസാപ്പൂക്കള്‍ said...

"എത്ര പേര്‍ അനുകൂലിച്ചു സംസാരിച്ചുവെന്ന് വായിച്ചു നോക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. "

എന്തിനു ചെവി കൊടുക്കണം ഇതിനൊക്കെ.
നല്ല പോസ്റ്റ്.
അമ്മീമ്മയെന്ന ഒറ്റയാള്‍ പട്ടാളത്തിന് പ്രണാമം. കുറേക്കാലമായല്ലോ അമ്മീമയെ വായിച്ചിട്ട് എന്ന് ഇടക്ക് ഓര്‍ക്കുമായിരുന്നു.

M. Ashraf said...

സ്വത്തില്ലാത്ത കാലത്ത് അനുഭവിച്ച സുഖം ഇന്നുണ്ടോ. വീട്ടുപണി മുഴുവന്‍ തീര്‍ത്ത് ബസും വണ്ടീം പിടിച്ച് പണിക്കു പോകാന്‍ സ്ത്രീകള്‍ പെടുന്ന പാട് പലപ്പോഴും സങ്കടകരമാണ്..

സേതുലക്ഷ്മി said...

അമ്മീമ്മ അനുഭവിച്ച രീതിയിലല്ലെങ്കിലും സ്ത്രീയോടുള്ള വിവേചനവും പണത്തിനോടുള്ള ആര്‍ത്തിയും ഇന്നും നിലനില്‍ക്കുക തന്നെയാണ്. പുതിയ കാലത്തെ വെല്ലുവിളികളുടെ മാനങ്ങള്‍ മാറി എന്നേയുള്ളു.