വറകുഴമ്പ്
ഇത് അമ്മീമ്മയുടെ ഒരു പാചകമാണ്. തക്കാളി, വഴുതനങ്ങ, മുരിങ്ങക്ക ഇവകൊണ്ടെല്ലാം അവർ വറകുഴമ്പ് ഉണ്ടാക്കിത്തരുമായിരുന്നു. തൃക്കൂര് വീട്ടിൽ അവർ നട്ടുവളർത്തീരുന്ന തെങ്ങുകൾ കായ്ക്കുന്നതു വരെ നാളികേരം അധികം ഉപയോഗിച്ചിരുന്നില്ല ഞങ്ങൾ. ധാരാളം നാളികേരം ഉണ്ടായിരുന്ന അടുത്തുള്ള സവർണ ഭവനങ്ങളിൽ ഞങ്ങൾക്ക് ഭ്രഷ്ട് ഉണ്ടായിരുന്നു.
വറകുഴമ്പിലാവുമ്പോൾ ശകലം നാളികേരമേ വേണ്ടൂ..
ഞാൻ ഇന്ന് തക്കാളിയും പാഷൻ ഫ്രൂട്ടിൻറെ തൊണ്ടുമാണ് വഴുതനങ്ങക്കും മുരിങ്ങക്കക്കും പകരം ഉപയോഗിച്ചത്.
അപ്പോൾ ശരി..
എച്മു സ്പെഷ്യൽ മസാലപ്പൊടി ആവശ്യത്തിന്, നാളികേരം വറുത്തത് ഇവയും ശകലം പുളിയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് വെച്ചിരിക്കുന്ന പാഷൻഫ്രൂട്ടിൽ ചേർക്കുക.
അത് അരുമയാ കൊതിക്കുമ്പോത് കടുകും ചുവന്ന മുളകും കറിവേപ്പില
യും വറുത്തിടുക.
ചുടെച്ചുടെ നല്ലാ ശാപ്പടലാം...
ഇതും ഒരു അമ്മീമ്മ വിഭവമാണ്.
നല്ല സ്വാദാണ്. ഇഡ്ഡലി, ദോശ, ചോറ്, ചപ്പാത്തി എല്ലാറ്റിനും സൈഡ് ഡിഷ് ആക്കാം.
ബീറ്റ്റൂട്ട്, ക്യാരറ്റ്, മത്തങ്ങ, തക്കാളി, സവാള, ചെനച്ച മാങ്ങ ഇവകൊണ്ടെല്ലാം തൊക്ക് ഉണ്ടാക്കാം. ചേരുവകളിൽ അല്പം മാത്രം മാറ്റം വരുത്തിയാൽ മതി.
എൻറെ പാചകം ഇങ്ങനെ ആയിരുന്നു.
ബീറ്റ്റൂട്ട്, തക്കാളി, സവാള, ചുവന്ന മുളക്, പുളി, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എല്ലാം മിക്സീലിട്ട് അരച്ച് എടുക്കുക. ഒരു ഇന്ത്യൻ ചട്ടിയിൽ അല്ലെങ്കിൽ ഭാരത ചട്ടിയിൽ ( എനിക്ക് നല്ല രാജ്യസ്നേഹം ഉണ്ട്. ഞാൻ ചീനച്ചട്ടി, ചീനവല, ചൈനാ വെയർ അതിനൊക്കെ ഇനി ഇന്ത്യൻ അല്ലെങ്കിൽ ഭാരത എന്നേ പറയൂ.) ഇട്ട് നല്ല തീയിൽ മൂടിവെച്ച് വരട്ടിയെടുക്കുക. കുറച്ചു നല്ലെണ്ണ ചേർത്ത് നന്നായി വഴറ്റി ഉലുവയും കായവും വറത്തു പൊടിച്ചതും ചേർത്ത് അല്പം ശർക്കര എല്ലാ രുചിയും ക്രമീകരിക്കാനായി ഇളക്കിച്ചേർക്കുക. വെള്ളമയം മുഴുവനും വറ്റിയാൽ തൊക്ക് തയാറായി.
ആറിയതിനു ശേഷം വെള്ളമയമില്ലാത്ത കുപ്പിയിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു മാസം കേടു കൂടാതിരിക്കും.
30/06/2020
01/07/2020
1 comment:
പരിചയമില്ലാത്ത വിഭവങ്ങൾ
Post a Comment