Tuesday, April 28, 2009

എച്മുവോടുലകം

 (മെയ് 22 ലക്കത്തിലെ കേരളകൗമുദി വാരികയല്‍ പ്രസിദ്ധീകരിച്ചത്)

എച്മുവോടുലകം എന്ന ലേശം ഒരു തമിഴ് കലർന്ന പേരിടുവാൻ കാരണം എന്നിലെ തമിഴു പട്ടരും മലയാളി ആശാരിയും തമ്മിലുള്ള നിത്യമായ ചൊറിച്ചിലിന്റെ ഒരു ബാക്കി പത്രമെന്ന നിലയിലാണ്. എന്റെ ഈ തമിഴ് വേരുകൾ ജീവിത കാലമത്രയും എന്നെ ദുരിതങ്ങളിലും നിന്ദാപമാനങ്ങളിലും വലിച്ചിഴക്കുവാൻ മാത്രം പറ്റിയവയായിത്തീർന്നത്, ആ വേരുകൾക്കു പടരേണ്ടിയിരുന്നതു മലയാള ജാതി മത ഭൂമികകളിലായിരുന്നതിനാലാവാം. തമിഴു പട്ടരുടെ അമ്മത്തവും മലയാളി ആശാരിയുടെ അച്ഛത്തവും എന്നെ തമിഴ് പട്ടരു കള്ളിയിലും മലയാളി ആശാരി കള്ളിയിലും പെടുത്തിയില്ല. അതു കൊണ്ടു അര നൂറ്റാണ്ട് മുൻപെ എന്റെ ജാതി കോളം ബ്ലാങ്കായി മാറി. അമ്മ ഭാഷാ കോളമാകട്ടെ വളഞ്ഞു കുത്തിയ ചോദ്യചിഹ്നമായിത്തീർന്നു.

പിന്നെ ഇരുപതു വയസ്സു മുതൽ ഞാൻ ശ്രമിച്ചതു മലയാളിയായ ഒരു ക്രിസ്തുമതവിശ്വാസിയായി ജീവിക്കാനായിരുന്നു. മാമ്മോദീസാ വെള്ളം തലയിൽ വീഴ്ത്താതെ ആർക്കും ക്രിസ്തുമതത്തിന്റെ പടി കേറാൻ പറ്റില്ല എന്ന് മതം എന്നെ മനസ്സിലാക്കിച്ചു. വീഴ്ത്തിയാലും മാർക്കം കൂടിയവന് അസ്സലിന്റെ ഗമ കിട്ടുമോ ? ധ്യാനം കൂടാൻ പോയാലും നമ്മുടെ ഗ്രേഡ് കുറവാണെന്ന് അച്ചന്മാർക്ക് ഒറ്റ നോട്ടത്തിൽ പിടി കിട്ടും. നല്ല അസ്സൽ ക്രിസ്ത്യാനികളുടെ തലേല് കൈ വെച്ച് ധ്യാനിക്കണ പോലെ എന്റെ തലേല് കൈ വെച്ച്, ധ്യാനിക്കാൻ അച്ചന്മാർക്ക് പേടിയാവും. സംഗതി ചെകുത്താന്റെ ഡിപ്പാർട്ട്മെന്റാണേയ്. ഈ തമിഴു പട്ടരുടെ വേരു കാരണം ബൈബിൾ വായിച്ചാൽ സഹസ്രനാമം ചൊല്ലുന്ന പോലെ തോന്നും. ഇറച്ചിയും മീനും വെച്ചാൽ സാമ്പാറും കൂട്ടുകറിയും പോലെയാണ്. എന്റെ മേലാണെങ്കിലോ സദാ ഒരു ഭസ്മത്തിന്റെയും പുളിച്ച മോരിന്റെയും വാടയാണ്. ഇറച്ചിയും മീനും തോനെ തിന്നണ പെണ്ണുങ്ങൾക്കാണെങ്കിൽ ആണുങ്ങളെ സന്തോഷിപ്പിക്കാൻ പ്രത്യേകം മിടുക്കും ഉണ്ടായിരിക്കും. ഇതിനു വല്ലതിനും തമിഴു വേരുകളുള്ള എനിക്ക് പ്രാപ്തിയുണ്ടോ? പിന്നെ ലോകത്തിലേക്കും വെച്ച് ഏറ്റവും മുന്തിയ മതം ഏതാണ്? ക്രിസ്തുമതം. ഹിന്ദുമതം ഒരു മതമാണോ? ചെരിപ്പിനെ പൂജിക്കുന്ന മതമല്ലെ അത് ? തമിഴു പട്ടരും മലയാളി ആശാരിയും ഒക്കെ ഒരു പറയാൻ കൊള്ളാവുന്ന ജാതിയാണോ? ഞാനാണെങ്കിൽ , ഏതിലെങ്കിലും ഒന്ന് ഉറപ്പിക്കാൻ കൂടി പറ്റാത്ത അലവലാതി. എന്നെ കണ്ടാൽ കുളിക്കണം. അങ്ങനെ വെറും കാക്കയായ ഞാൻ ക്രിസ്ത്യാനി കൊക്കാകാൻ വേണ്ടി കുറെ കുളിച്ചു നോക്കി. ആയില്ല. ഈ ജന്മത്തിൽ ആവുകയുമില്ല എന്ന് എനിക്കും മനസ്സിലായി.

അങ്ങനെ ഞാൻ ഒരു മതമില്ലാത്ത ജീവനായി രൂപാന്തരം പ്രാപിച്ചു. നല്ല കാര്യമായി. ജാതിയും മതവുമില്ലാത്ത, തമിഴനും മലയാളിയുമല്ലാത്ത ഒരു വിചിത്ര ജീവി.

ഇത്ര അപൂർവ്വമായ ജന്മം കൊണ്ട ഞാൻ പിന്നെ മലയാളി നായരാകാൻ നോമ്പ് നോറ്റു. അതിനു പോയപ്പോഴല്ലേ എന്തൊരു പാടാന്ന് അറിയുന്നത്.

ലോകത്തിലേക്കും വെച്ച് ഏറ്റവും മുന്തിയ ജാതിയാണ് കിരീയം നായർ. അതാവാൻ കഴിഞ്ഞ ജന്മത്തിൽ ഒത്തിരി പുണ്യം ചെയ്ത് ദൈവത്തിന്റെ പക്കൽ കണക്ക് വെച്ചിരിക്കണം. ആ കണക്കു പുസ്തകത്തിലെ അതീവ പുണ്യാത്മാക്കൾ മാത്രമെ കിരീയം നായരായി ജനിക്കു. ഞാനൊക്കെ ഒരു കിരീയം നായരുടെ ഗേറ്റ്പടി പോലും കേറാൻ പാടില്ലാത്തതാകുന്നു. പിന്നെ ആ തമിഴ് പട്ടർ അമ്മത്തം ഉള്ളതു കൊണ്ട് എനിക്ക് നായരാകാനുള്ള ഒരു മത്സരപ്പരീക്ഷക്കിരുന്നു നോക്കാവുന്നതാണ്. ആശാരി അച്ഛത്തം എന്ന വലിയ കുറവ് നിമിത്തം, ജാതി കണക്കിന്റെ ഒരു ശരാശരി ( ല സ ഗു )നോക്കിയാൽ എനിക്ക് നായർ ജാതിയിൽ കേറിപ്പറ്റാൻ ഒരു വഴിയുമില്ല. ലോകത്തിലേക്കും വെച്ച് ഏറ്റവും വെടിപ്പായി ജീവിക്കുന്നവർ നായന്മാരത്രെ. തമിഴു പട്ടന്മാർ നല്ല തീറ്റപ്പണ്ടാരങ്ങൾ ആയിരിക്കും. എന്തുണ്ടാക്കിയാലും ശാപ്പിട്ട് തീർക്കും. അവരുടെ പെണ്ണുങ്ങളാകട്ടെ സ്വന്തം ആണുങ്ങളെ ഒട്ടും ശുശ്രൂഷിക്കാത്തവരാണ്. നായർ സ്ത്രീകൾ ആണുങ്ങളെ ശുശ്രൂഷിക്കുന്നതും വീട് നോക്കുന്നതും ഭൂലോകത്തിലെ സകല സ്ത്രീകളും കണ്ടു പഠിക്കേണ്ടതാകുന്നു. ഒരു പുരുഷജന്മത്തിനു കിട്ടാവുന്ന പരമാവധി ഭാഗ്യം ഒരു നായർ സ്ത്രീയുടെ നായരാവുക എന്നതാണ്. പുരുഷന്റെ ജാതി മതങ്ങൾ ഒരു പ്രശ്നമല്ല എന്നു തോന്നുന്നു. ആൺ ജന്മത്തിന് അങ്ങനെ കുറെ ഭാഗ്യങ്ങൾ ദൈവം കൊടുത്തിട്ടുണ്ടല്ലോ.

ഞാൻ നായരാകാനുള്ള ഊർജ്ജിത യത്നത്തിൽ, തിരുവാതിര നോറ്റും രാമായണം വായിച്ചും നായർ ശൈലിയിൽ പാകം ചെയ്തും ഒന്നര ഉടുത്തും ഗീതജ്ഞാനയജ്ഞം ശ്രവിച്ചും വള്ളുവനാടൻ മലയാളത്തിൽ നീട്ടിയും കുറുക്കിയും ഒക്കെ പറഞ്ഞും എന്നെത്തന്നെ ഉടച്ചു വാർത്തു. ഈ പ്രയത്നം ഒരിരുപതു കൊല്ലം നീണ്ടെങ്കിലും കഷ്ടം! ഞാനുണ്ടോ നായരാകുന്നു? നായന്മാർക്കു ഞാൻ എന്നും ഒരു ആശാരിച്ചി മാത്രമായിരുന്നു. ജാതി ശ്രേണിയിൽ അധഃപതിച്ചു പോയ തമിഴ് പട്ടർ അമ്മത്തം നായർ ജാതിയിൽ ഒരു തമാശക്കഥയായി. എന്തായാലും ഇപ്പോഴും കാക്ക നായർ കൊക്കായില്ല. ഈ ജന്മത്തിൽ ആവുകയുമില്ലാന്നേയ്.

ആശാരിമാരെയും പട്ടന്മാരെയും പറ്റി ഒന്നും പറയാതെ വിട്ടു കളയാൻ പറ്റുമോ ? സ്മരണകൾ അവിടെയും പച്ചച്ചു നിൽക്കുകയല്ലേ? ഞാനും സഹോദരങ്ങളും അവരുടെ കൂട്ടത്തിൽ പെട്ടതല്ല എന്ന് പറ്റുന്ന തരത്തിലൊക്കെ രണ്ട് ജാതിക്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാങ്കൾ,എങ്കളോട് കൂട്ടം,എന്ന് പട്ടന്മാർ അവരെപ്പറ്റിയും ഞങ്ങൾ, ഞങ്ങളുടെ ബന്ധുക്കൾ എന്ന് ആശാരിമാർ അവരെപ്പറ്റിയും പറയും. ഒന്നിലും പെടാത്ത ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ബന്ധുക്കളായി ഉണ്ടായിരുന്നുള്ളു. വെളുവെളുത്ത ബ്രാഹ്മണ ശരീരത്തിൽ പുരണ്ട കഴുകിക്കളയേണ്ടുന്ന കറുത്ത ചെളിയെന്ന പോലെയാണ് തമിഴ് പട്ടന്മാർ ഞങ്ങളെ കണ്ടത്. ആശാരി അച്ഛത്തത്തിലൂടെ കടന്ന് വന്ന ആ ജാതി ശ്രേണിക്കും ഭയങ്കര ഔന്നത്യമായിരുന്നു. ഉയർന്ന വിദ്യാഭ്യാസം, ഉന്നതോദ്യോഗം, ധാരാളം ധനം എല്ലാമുണ്ടായിട്ടും ഞങ്ങളുടെ തമിഴ് പട്ടർ അമ്മത്തം അവർക്ക് പൊറുക്കുവാൻ കഴിഞ്ഞില്ല.കൈ വിരൽ കൊണ്ട് ഞങ്ങളെ തൊടുന്നതു കൂടി അവർ പാപമായി കരുതി. ഞങ്ങളും നിങ്ങളും എന്ന ദ്വന്ദ്വത്തിലല്ലാതെ നമ്മൾ എന്ന ഒരുമയിൽ ഞങ്ങൾക്ക് ഒരു കാലത്തും ഒരിടത്തും ജീവിതമുണ്ടായിരുന്നില്ല.ഇന്നത്തെ തീയതി വരെ അതാരും തന്നിട്ടുമില്ല.

ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി കുറെക്കാലം ഉത്തരേന്ത്യയിൽ ചെലവാക്കേണ്ടി വന്നപ്പോൾ ഞാൻ ഒരു വെറും ദക്ഷിണേന്ത്യൻ മദ്രാസിയായി മാറി. എന്റെ ജാതി ഭാഷാ കുഴാമറിച്ചിലുകളിൽ വടക്കന്മാർക്ക് ഒരു താല്പര്യവുമുണ്ടായില്ല. അത് അവർക്ക് ജാതിയും ഭാഷയും പ്രശ്നമല്ലാത്തതു കൊണ്ടൊന്നുമല്ല.അവർക്കു മദ്രാസി എന്നു വെച്ചാൽ അത്രയേയുള്ളു, വല്ല ഈച്ചയോ കൊതുകൊ പോലെ തട്ടിക്കളയാൻ പറ്റുന്ന ഒരു ജീവി. വാടക വീട് ഒഴിഞ്ഞു പോടാ ദരിദ്രവാസി എന്നു വടക്കൻ തമ്പുരാൻ കല്പിക്കുമ്പോൾ ഏറ് കൊണ്ട പട്ടിയെപ്പോലെ മോങ്ങിക്കൊണ്ട് വാലും ചുരുട്ടി ഓടുന്നവൻ, കിറിക്കിട്ട് തോണ്ടിയാലും വെറുതെ പല്ലിളിക്കുക മാത്രം ചെയ്യുന്നവൻ, അവനെന്ത് ജാതി? എന്ത് മതം? വടക്കനെ സംബന്ധിച്ച് വടക്കു ദേശമാകുന്നു ലോകം, ഹിന്ദിയാകുന്നു ലോകഭാഷ, ഹിന്ദുമതമാകുന്നു ലോകമതം, വടക്കൻ പട്ടരാകുന്നു ലോകജാതി ബാക്കിയെല്ലാം ക്ഷുദ്രജീവികൾ. വയറു പയിക്കാൻ വഴിയില്ലാതെ ക്ഷുദ്രമാരണങ്ങൾ ഒരു പെട്ടിയും എടുത്ത് ട്രെയിൻ കേറി പോന്നോളും വടക്കു ദേശത്തേക്ക്, വടക്കൻമാരെ കഷ്ടപ്പെടുത്താൻ.

അങ്ങനെ കുറച്ച് കാലം പോയപ്പോൾ ജാതിയില്ലെങ്കിലും ഹിന്ദുമതക്കാരായ സഹോദരങ്ങൾ വഴി ബംഗാളിയുടെയും ഈഴവന്റെയും ദേശ, ഭാഷാ, ജാതി ഔന്നത്യത്തെക്കുറിച്ച് വളരെ അടുത്തറിയാനും ഭാഗ്യമുണ്ടായി. ഈ കല്യാണബന്ധം വഴി നമ്മൾ പെണ്ണുങ്ങൾക്കു ഉണ്ടാവുന്നത്ര വളർച്ച, ഭാഗ്യം, സംസ്ക്കാരം,സുരക്ഷിതത്വം എല്ലാമെല്ലാം തന്നെ വേറെ ഒരു വഴിക്കും കിട്ടുവാൻ പോകുന്നില്ലല്ലോ. ആൺ തുണ ഇല്ലെങ്കിൽ പെണ്ണിനു പിന്നെ എന്തുണ്ടായിട്ടെന്ത്? ജാതിയില്ലാത്ത, പെണ്ണിനു ജീവിതം കൊടുക്കുന്ന ആണിനും അവന്റെ ദേശ, ഭാഷാ, ജാതി മതങ്ങൾക്കുമുള്ള ഔന്നത്യത്തിനും ഒപ്പം നിൽക്കാൻ ബുർജ്ദുബായ് കെട്ടിടത്തിന്റെ ഉയരം പോരാ. ‘ടാംബ്രാം‘ എന്ന ചുരുക്കപ്പേരിൽ ബംഗാളി തമിഴ് പട്ടരെ ഒതുക്കി; മലയാളി ആശാരി എന്താണെന്ന് അറിയാൻ ശ്രമിച്ചതേയില്ല. അത് എന്ത് കുന്തമായാലും , ദക്ഷിണേന്ത്യക്കാരന്റെ ആചാരരീതികളൊന്നും സംസ്ക്കാരസമ്പന്നനായ ബംഗാളിക്കൊപ്പം വരില്ല തന്നെ. പിന്നെ ഭാഷ, അതു ശരി, അമാർ ഷോണാർ ബാംഗ്ലയുടെ അഞ്ച് അയലത്തു വരുമോ, ഈ തമിഴും മലയാളവുമൊക്കെ? ബാംഗ്ല കേട്ടുകൊണ്ട് ജീവിക്കാൻ പറ്റുന്നതു തന്നെ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടാകുന്നു.

ഈഴവനും ഔന്നത്യത്തിൽ പുറകിലായിരുന്നില്ല. വിദ്യാഭ്യാസം, പ്രത്യേകിച്ചും സംസ്ക്യത ഭാഷാ പരിജ്ഞാനം, ആയുർവേദം, ആതിഥ്യമര്യാദ, സംസ്ക്കാരം അങ്ങനെ എല്ലാം കൊണ്ടും തമിഴു പട്ടരേക്കാളും അവർ മികച്ചവർ തന്നെ. ആശാരി ജാതി കലാകാരന്മാരുടേതാണെങ്കിലും ഈഴവരോളം സംസ്ക്കാരം തികഞ്ഞവരല്ല അവർ. സംസ്ക്യതത്തിന്റെയും മലയാളത്തിന്റെയും മുൻപിൽ തമിഴ് ഭാഷക്ക് നിവർന്ന് നിൽക്കാൻ കൂടി പറ്റില്ല. പിന്നെ ലോകത്തിലേറ്റവും വെടിപ്പോടെ ജീവിക്കുന്ന ജാതിക്കാർ ഈഴവരല്ലാതെ മറ്റാരുമല്ല. സംഗതി ഇങ്ങനെയൊക്കെ പലതും പറഞ്ഞാലും ഈഴവർക്ക് തീരെ സഹിക്കാൻ വിഷമമുണ്ടായിരുന്നതു നായരെ ആയിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നായ കടിക്കുമെന്ന് നായരെക്കുറിച്ച് ഈഴവനും ,കൊട്ടി ചതിക്കുമെന്ന് ഈഴവനെക്കുറിച്ച് നായരും താക്കീതു തന്നുകൊണ്ടിരുന്നു. ചതിക്കാൻ ജാതിയും മതവുമൊന്നും ഒരു പ്രശ്നമല്ലെന്ന് സങ്കരജാതികളായ നമുക്കറിയാവുന്നതു പോലെ ഏതു മതക്കാരനാണ് ഏതു ജാതിക്കാരനാണ് നിശ്ചയമുണ്ടാവുക? ചതിക്കാൻ കഴിയുന്നതും ഒരു വിശ്വവശ്യമായ കലയാണ്, വിശ്വാസം വരുന്നില്ലെങ്കിൽ ചതിയുടെ രക്തമോലുന്ന, ഉണങ്ങാത്ത മുറിവുകളുള്ളവരോട് ചോദിക്കു. അവർ പറയും, മോഹിപ്പിക്കുന്ന, വശീകരിക്കുന്ന, നമ്മെയാകമാനം ഉരുക്കിക്കളയുന്ന ഒരു കലാരൂപമായി മാറുന്ന ചതി, സ്വന്തം തീനാക്കു കൊണ്ട് അവരെയെങ്ങനെ നക്കി മുറിപ്പെടുത്തിയെന്ന്.

ജാതിമതദേശമൊഴികളെക്കുറിച്ച് വിമർശിച്ച് പറഞ്ഞ് പുരോഗമനകാരികളും വിപ്ലവകാരികളുമൊക്കെ ആവേണ്ടുന്ന ചുരുക്കം ചില ജീവിതസന്ദർഭങ്ങളിൽ പട്ടരും, ആശാരിയും, ക്രിസ്ത്യാനിയും, നായരും, ബംഗാളിയും, ഈഴവനും ഒന്നു പോലെ നമ്മുടെ മുൻപിൽ ഈപ്പറഞ്ഞ കാര്യങ്ങളിലൊന്നും തന്നെ അവർക്കാർക്കും വിശ്വാസമോ താല്പര്യമോ ഇല്ലെന്ന് ഭാവിച്ചു. അതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണല്ലോ ഈവക വിശുദ്ധ ജാതി മത ദേശ മൊഴി ശരീരങ്ങളിലെ നമ്മുടെ സാന്നിധ്യം. അല്ലെങ്കിൽ സങ്കരജാതികളായ നമ്മൾ എങ്ങനെ ഈ വിശുദ്ധ ജാതിമതങ്ങളുടെ അതിർത്തികളിൽ കയറിപ്പറ്റും? ഈ വ്യത്യാസങ്ങൾക്കെല്ലാം അതീതരാണവരെന്ന് പറയുമ്പോഴും ലഭ്യമാകുന്ന ആദ്യ സന്ദർഭത്തിൽ തന്നെ അവർ സ്വന്തം ജാതിമതദേശമൊഴികളുടെ കൊടിയടയാളങ്ങൾ ഉയർത്തിപ്പിടിച്ചു പോന്നു. ആദ്യമൊക്കെ അന്ധാളിച്ചു പോയെങ്കിലും വേലിക്കെട്ടുകളുടെ പരിമിതികളെ അംഗീകരിക്കേണ്ടതുണ്ടെന്ന് കാലം പോകെ നമ്മൾ പണ്ഡിതരായി. നമ്മുടെ ഊറ്റപ്പെട്ട ജാതി മത വർഗ്ഗ വർണ്ണ ശ്രേണികളിൽ യാതൊരു സംവരണവും അവകാശപ്പെടാനില്ലാത്ത വെറും ഷെഡ്യൂൾഡ് ട്രൈബുകളാണ് , കാരുണ്യവും അംഗീകാരവും യാചിച്ചുകൊണ്ട് അവയുടെ സങ്കേതങ്ങളിലെത്തുന്ന വിജാതീയരും അന്യ മതക്കാരും ഇതര വർഗ്ഗ വർണ്ണങ്ങളിൽപ്പെടുന്നവരും സങ്കരജാതികളുമെന്ന് നമുക്ക് വിവരാവകാശമുണ്ടായി.

എത്ര വിവരാവകാശവും പാണ്ഡിത്യവുമുണ്ടെങ്കിലും നമുക്കൊന്നുമറിഞ്ഞുകൂടാത്ത ഒരു കാക്കത്തൊള്ളായിരം കാര്യങ്ങൾ ഫിറ്റ് ചെയ്തു വെച്ചതാണല്ലോ ഈ അൽഭുത ദുനിയാവ്. അങ്ങനത്തെ ദുനിയാവിന്റെ ഒരു കുഞ്ഞി കഷ്ണത്തിൽ വെച്ച്, നമ്മുടെ വലിയൊരു പാണ്ഡിത്യമായിരുന്നു ഒരു ദിനം നമ്മൾ പുറത്തെടുത്തത്. ഈ ജാതിമതദേശമൊഴിയൊന്നും നമ്മൾ വോട്ട് ചെയ്തു നേടുന്നതൊന്നുമല്ലല്ലോ. തന്തയേയും തള്ളയേയും കിട്ടണ പോലെ അതും ഒരു ഷോഡതിയല്ലേ? നമ്മുടെ നിയന്ത്രണത്തിലേ അല്ലാത്ത ഒരു അൽഭുതം! അതിലിത്ര ഊറ്റം കൊള്ളാനും വികാരപരവശരാകാനും തോക്കും കത്തീം ഒക്കെ എടുക്കാനും മറ്റൊരാളെ അപമാനിക്കാനും മറ്റും എന്താണ് ഇത്രയധികമുള്ളത്? നമുക്കു ഒരു ഗർവില്ലായ്മയുള്ളത്, ഏത്? - ഈപ്പറഞ്ഞ ജാതി മതങ്ങളുടെ പേരിലേയ് - സ്വല്പം ഒരു പൊങ്ങച്ചത്തിന്റെ അകമ്പടിയോടെ തന്നെ ഒന്നു വെളിപ്പെടുത്താനുള്ള ഒരു ആന്തരികമായ പ്രേരണയും കൂടിയായപ്പോൾ നമ്മൾ അങ്ങനെ ഒരു ഭയങ്കര ചോദ്യം ചോദിച്ചു.

“ജാതീം മതോം ദേശോം ഭാഷേം ഒന്നൂല്യാണ്ട് ജനിച്ചോർക്ക് എങ്ങനെയാ അതു പറഞ്ഞാൽ മനസ്സിലാവ്വാ? ഉള്ളതിനെക്കുറിച്ചല്ലേ അഭിമാനിക്കാൻ വകയുള്ളു, ഇല്ലാത്തതിനെ ഓർത്ത് സങ്കടപ്പെടാനല്ലെ പറ്റു. ഇല്ലാത്തതുണ്ടാക്കാൻ പറ്റുമോന്ന് നോക്കാം, ഒരു കാലത്ത് കഷ്ടപ്പെട്ട് ക്രിസ്ത്യാനിയാവാനും നായരാവാനും നോക്കിയ മാതിരി“,- അതിക്രൂരമായ ഒരു പരമ സത്യത്തിന്റെ അമ്ലമഴ പോലെ, ജന്മസ്ഥലത്ത് അഭയാർഥിയാക്കപ്പെട്ടവനും, എല്ലാത്തരം ഇല്ലായ്മകളിലൂടെയും ഇഴഞ്ഞു നീങ്ങാൻ വിധിക്കപ്പെട്ടവനും എന്ത് അഭിമാനമെന്ന ആ പഴയ ചോദ്യം……….. ഉള്ളവന്റെ ധാർഷ്ട്യമായി, ഒരു മിന്നുന്ന വാൾത്തല പോലെ………. അതെ, ജാതിയുള്ളവന്റെ, മതമുള്ളവന്റെ, ദേശമുള്ളവന്റെ, മൊഴിയുള്ളവന്റെ, നിറമുള്ളവന്റെ, ധനമുള്ളവന്റെ ……. ഉള്ളവന്റേതു മാത്രമായ ലോകം! ആ ലോകത്തിന്റെ ചോദ്യങ്ങൾ…… ഉത്തരങ്ങൾ ……. നിയമങ്ങൾ…… ആചാരങ്ങൾ… രീതികൾ…

എന്നും എപ്പോഴും എവിടെയും എന്തിനും.

11 comments:

0000 സം പൂജ്യന്‍ 0000 said...

ഇതൊരു ജാതി എഴുത്തായി പോയി , വായിച്ചു വട്ടായെങ്ങിലും കൊള്ളാം നല്ല ഫ്ലോ!!
ഇനിയും എഴുതുക ! ആശംസകള്‍ !

മുകിൽ said...

Appo anganeyanu lokham jathiyude thandil thirinjathu! Jathiyum mathavum vere oru asthithwavumillatha madrasi enikku mumpil ninnu jnelinju, pulanju, pallilichu. Jorayitundu.

krishnadas said...

അപ്പൊ ഈ യുക്തിവാദികൾ പറയുന്നതു സത്യം തന്നെയാണല്ലെ!

Sulfikar Manalvayal said...
This comment has been removed by the author.
Sulfikar Manalvayal said...

എച്ച്മിക്കുട്ടീ...... വായിച്ചു തുടങ്ങുകയാ ഞാന്‍..... ഇനിയും വരാം.... ഒന്നും പറയാറായിട്ടില്ല...... കുറച്ചു വായിച്ചപ്പോള്‍ മടുപ്പ് തോന്നി എന്നത് സത്യമാ.. പക്ഷെ ഇതൊരു പക്ഷപാതമായിപ്പോയില്ലേ എന്നൊരു ശങ്ക..... ഏതായാലും ഇനി കയറി നിരങ്ങാന്‍ തീരുമാനിച്ചു.... എച്ച്മിയുടെ എഴുത്തിലൂടെ..... കാണാം.....

ajith said...

ഈ സുല്‍ഫിയും ഞാനും ഒരു പ്രത്യേക കാറ്റഗറിയാ. ബ്ലോഗറുടെ ആദ്യ പോസ്റ്റ് മുതല്‍ വായിക്കയെന്നൊരു പതിവുണ്ട്. പല ബ്ലോഗുകള്‍ കഴിഞ്ഞു. ഇപ്പോഴാണ് എച്മുവിന്റെ ഊഴം. എച്മുവിനെപ്പറ്റിയാണോ ഈ പോസ്റ്റ്? ആത്മകഥാംശം?

പഥികൻ said...

ജീവിതത്തിന്റെ തീച്ചൂളയിൽ കാച്ചിയെടുത്ത ഭാഷയുടെ മിന്നുന്ന വാൾത്തല....വേദനിപ്പിച്ചു ഒത്തിരി ചിന്തിപ്പിച്ചു...

ഇപ്പൊൾ മടങ്ങുന്നു..ഇനിയും വരാം...

ente lokam said...

ചതിക്കാന്‍ ജാതിയും മതവും ഒന്നും
ഒരു പ്രശ്നം അല്ലെന്നു....
നിക്ഷ്പക്ഷം ആയി മാറി നിന്നു
നല്ല കാഴ്ചപ്പാടോടെ വായിച്ചാല്‍ ജീവിതത്തെ
ഇത്ര സുന്ദരം ആയി അപഗ്രഥിക്കുന്ന ഒരു
രചന അടുത്ത കാലത്ത് ഒന്നും ഞാന്‍ കണ്ടിട്ടില്ല...
ഒരു കുഞ്ചന്‍ നമ്പ്യാര്‍ കൃതി പോലെ മനോഹരം
ആണ്‌ ഈ satire..അഭിനന്ദനങ്ങള്‍ എച്മു...
പക്ഷെ പ്രസിദ്ധീകരിച്ചാല്‍ എച്ച്മുവിനു എതിരെ വാള്‍ എടുക്കാന്‍ എല്ലാ 'കോന്തന്മാരും' ഒന്നിച്ചു കൂടും...
അതാണ്‌ ജാതി കോന്തന്മാരുടെ ഒരു ഒത്തൊരുമ...

Niyas said...

thanks for clarifying on the blog name.....i was wondering about it..came here googling for echmukkuutty...since i liked one of your article in madhyamam paper, about kids in a flat/apartment reliving the Onam they have only heard of...

Niyas said...

thanks for clarifying on the blog name.....i was wondering about it..came here googling for echmukkuutty...since i liked one of your article in madhyamam paper, about kids in a flat/apartment reliving the Onam they have only heard of...

കുഞ്ഞുറുമ്പ് said...

എച്മു എന്ന പേരിന്റെ വിശദീകരണം കഴിഞ്ഞ ദിവസം കണ്ടിരുന്നു.. ഇപ്പോൾ കുറച്ചു കൂടി അറിഞ്ഞ പ്രതീതി.. ഞാനും ആദ്യം മുതൽ വായിക്കുക എന്നാ യജ്ഞത്തിനു തുടക്കം കുറിച്ചു.. :) പിന്നെ എല്ലാ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള അപഗ്രഥനം ഇഷ്ടമായി.. :) a good satire