Saturday, August 29, 2009

മംഗളം ഭവന്തു

ഒരിടത്തൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണന്റെ മഠമുണ്ടായിരുന്നു. അവിടെ അയാളും ഭാര്യയും ഒരു മകളും നാലഞ്ച് ആണ്മക്കളും കൂടി താമസിച്ച് വന്നിരുന്നു. നല്ല ഭൂസ്വത്തുണ്ടായിരുന്ന സമ്പന്ന കുടുംബമായിരുന്നു അവരുടേത്. അല്ലലും അലട്ടുമൊന്നും ഇല്ലാത്ത ഒരു സുഖ ജീവിതമാണ് അവർ നയിച്ചത്.

മകളുടെ പേരായിരുന്നു, മംഗളം. പതിന്നാലു വയസ്സ് കഴിഞ്ഞ അവൾക്ക് കല്യാണം ഒന്നും ആയിരുന്നില്ല. അതായിരുന്നു അവരുടെ ഏറ്റവും വലിയ മനഃപ്രയാസം. ജാതകങ്ങൾ ധാരാളം ഒത്ത് നോക്കിയെങ്കിലും പൊരുത്തമായി ഒന്നും വന്നു ചേർന്നില്ല. അവളുടെ കല്യാണത്തിനു വേണ്ടി ചെയ്യാത്ത പൂജകളും നേരാത്ത വഴിപാടുകളും ഇല്ലായിരുന്നു.

മംഗളത്തിന് അത്ര കാര്യഗൌരവം വന്നിരുന്നില്ല. നല്ല പട്ട് പുടവയും ആഭരണങ്ങളും മുല്ലപ്പൂമാലയും ഒക്കെ ധരിക്കാം, നല്ല ആഘോഷമായിരിക്കും, കുറേ പലഹാരങ്ങളും തിന്നാം അതിൽക്കവിഞ്ഞ് എന്താണ് ഒരു കല്യാണമെന്ന് അവൾക്കറിയില്ലായിരുന്നു. അതു പറഞ്ഞുകൊടുക്കേണ്ട ഒരു കാര്യമായി ആരും വിചാരിച്ചതുമില്ല. അവൾക്ക് അക്ഷരാഭ്യാസമുണ്ടായിരുന്നില്ല. അക്കാലം സ്ത്രീകൾ അക്ഷരം പഠിച്ചാൽ ദൈവങ്ങൾ കോപിക്കുമായിരുന്നുവത്രെ.

ഒരു നൂറ്റാണ്ട് പഴക്കമുള്ള കഥയാണു പറയുന്നത്.

പക്ഷെ, വളരെപ്പെട്ടെന്നാണ് കാര്യങ്ങളെല്ലാം തുലഞ്ഞ് പോയത്.

മഠത്തിലെ പുറം പറമ്പിൽ പണിക്ക് വന്ന ഒരു വേലച്ചെറുക്കനോട് മംഗളം ചിരിച്ച് രസിച്ച് സംസാരിക്കുന്നത് കണ്ടവരുണ്ട്. അങ്ങനെ ചെയ്യാമോ എന്നാണെങ്കിൽ, അങ്ങനൊരിക്കലും ചെയ്യുവാൻ പാടില്ല.

ഒരു തമിഴ് ബ്രാഹ്മണപ്പെണ്ണ് ഒരിക്കലും ആലോചിക്കാൻ പോലും പാടില്ലാത്ത ഘോരമായ തെറ്റാണ് മംഗളം ചെയ്തത്.

മഠത്തിൽ നിന്ന് അടിച്ചിറക്കി വിടുകയല്ലാതെ വേറെ ഒരു വഴിയുമില്ല. പടിയടച്ച് പിണ്ഡം വെയ്ക്കുക മാത്രമാണ് ബാക്കിയുള്ളവർക്ക് ചെയ്യാവുന്ന മോക്ഷമാർഗ്ഗം. പഞ്ചാപകേശയ്യരുടെ മഠത്തിന്റെ അന്തസ്സ് എന്തു വില കൊടുത്തും സംരക്ഷിക്കപ്പെടണം.

മംഗളം അത്യുച്ചത്തിൽ നിലവിളിച്ചു. ഇറങ്ങിപ്പോകുകയില്ലെന്നു പറഞ്ഞു. അപ്പാ എന്നും അമ്മാ എന്നും അത്യന്തം ദയനീയമായി വിളിച്ച് കരഞ്ഞു. ഭിത്തിയിൽ തലയിട്ടടിച്ചു.

ആരും ഒന്നും കേട്ടില്ല.

മംഗളം കരഞ്ഞുകൊണ്ട് ആ ഗ്രാമത്തിലൂടെ അലഞ്ഞു. അവൾക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും കിടപ്പാടവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി.
ഒരു പെണ്ണ് അനാഥയാകാൻ വേറെ എന്തു വേണം?

ആ അലച്ചിലിൽ പക്ഷെ, അവൾ ഏതോ ഒരുത്തനിൽ നിന്ന് ഗർഭം ധരിച്ചു.

അലഞ്ഞ് തിരിഞ്ഞും പിച്ചയെടുത്തും പട്ടിണി കിടന്നും പേക്കോലമായ അവൾ പ്രസവമടുത്തപ്പോൾ അവളുടെ അമ്മയെത്തേടി ആ മഠത്തിലേക്കു കയറിച്ചെന്നുവത്രെ.
ബ്രാഹ്മണ പ്രതാപത്തിനു സഹിക്കാവുന്നതിന് അപ്പുറമായിരുന്നു അത്.

തിളച്ച വെള്ളം നിറച്ച ഓട്ടുകിണ്ടി അവൾക്ക് നേരെ എറിഞ്ഞത് ആരാണെന്ന് ആർക്കും നിശ്ചയമില്ല.
പൊള്ളിപ്പിടഞ്ഞ്, രക്തമൊലിക്കുന്ന മുറിവുകളോടെ മംഗളം ആ മഠം വിട്ടു പോന്നു.

ആ മുറിവുകൾ പഴുത്തു, അവയിൽ ഈച്ചയും പുഴുവും വന്നു.

അങ്ങനെ ഒരു ദിവസം ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ, അവൾ ആ ഗ്രാമത്തിലെ ഒരിടവഴിയിൽ ഒരു ചത്ത കുഞ്ഞിനെ പെറ്റിട്ട്, വായും തുറന്ന് മരിച്ച് കിടന്നു.
അവൾക്ക് ഏറിയാൽ പതിനഞ്ചു വയസ്സായിരുന്നിരിക്കണം.

ജാതിയിൽക്കുറഞ്ഞവനോട് സംസാരിച്ചതിനായിരുന്നു മംഗളത്തിന് ഈ മഹാ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നത്.

ഈ പഴയ കഥയ്ക്ക് എന്റെ ജീവിതത്തിൽ എന്താണ് പ്രസക്തി ?

ജാതിയുമായി ഇടയേണ്ടി വന്ന് പീഡനങ്ങൾ ഏറ്റു വാങ്ങിയ ആ ഗ്രാമത്തിലെ ആദ്യത്തെ ബ്രാഹ്മണപ്പെണ്ണ് മംഗളമായിരുന്നുവെങ്കിൽ രണ്ടാമത്തെയാൾ എന്റെ അമ്മയായിരുന്നു.

ജാതിയിൽക്കുറഞ്ഞവനെ ജീവിതപങ്കാളിയാക്കിയ ഭയങ്കര കുറ്റത്തിന് സമ്പന്നരും പ്രതാപികളുമായ ബ്രാഹ്മണ സമൂഹം എന്റെ അമ്മയെ ഇരുപത്തഞ്ചു കൊല്ലം വിവിധ കോടതികളിൽ കയറ്റിയിറക്കി. അമ്മയ്ക്ക് സർവസ്വവും ആ സമരത്തിൽ നഷ്ടമായി. അമ്മയുടെ മഠം, ബന്ധുക്കൾ, സമൂഹത്തിലെ സ്ഥാനം എല്ലാമെല്ലാം.

അമ്മയുടെ ജീവൻ നഷ്ടപ്പെടുത്താനുള്ള ശക്തി ആ കാലമായപ്പോഴേക്കും ബ്രാഹ്മണസമൂഹത്തിനു കൈമോശം വന്നു കഴിഞ്ഞിരുന്നു.
കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്കരണം നടപ്പിലാക്കി, അമ്മയുടെ തറവാട്ടിലെ പാട്ടക്കുടിയാന്മാർക്ക് ഭൂമിയത്രയും നൽകിക്കഴിഞ്ഞിരുന്നു.

പിന്നീട് ഗ്രാമത്തിലെ ബ്രാഹ്മണഭവനങ്ങളിൽ ബംഗാളി വധു വന്നു ചേർന്നു, ക്രിസ്ത്യാനിയായ അമേരിക്കക്കാരി വധുവായെത്തി, മുസ്ലിമായ മലയാളി വധുവും ബ്രാഹ്മണന്റെ ഭാര്യയായെത്തി. ഇതെല്ലാം പക്ഷെ, പുരുഷന്മാരുടെ തീരുമാനമായിരുന്നു. ജാതി മാറിയുള്ള കല്യാണങ്ങൾ പുരുഷൻ ചെയ്യുന്നതിൽ ഏതു സമൂഹത്തിനും ന്യായീകരണം കണ്ടെത്താനാകുമല്ലോ.

എങ്കിലും മംഗളം ഗ്രാമത്തിലൂടെ അത്റ്പ്തയായി അലഞ്ഞു നടന്നു. അവളുടെ ഏങ്ങലടികൾ മുളങ്കൂട്ടങ്ങൾ ഏറ്റ് പാടി. രാത്രികാലങ്ങളിൽ പ്രസവവേദന കൊണ്ട് പുളയുന്ന ഒരു പെണ്ണിന്റെ ദീനരോദനം ഗ്രാമത്തിൽ അലയടിച്ചു.

ആ രോദനങ്ങൾ കേട്ടിട്ടാകണം ഗ്രാമത്തിലെ ഏറ്റവും സമ്പന്നമായ മഠത്തിലെ കൊച്ചുമകൾ ഒരു ക്രിസ്ത്യാനിയെ പരിണയിച്ചത്.

മംഗളം ഇപ്പോഴും ഗ്രാമം വിട്ട് പോയിട്ടുണ്ടാവില്ല.

എങ്ങനെ പോകാനാകും?

എത്ര അലഞ്ഞ് നടന്ന മണ്ണാണ്?

9 comments:

മുകിൽ said...

Nallathu. oronnum oro chuural vadukkal sammanikkunnu. Valare nannayi varunnu ezhuthukal..

K G Suraj said...

അനുഭവങ്ങളുടെ അറിവുപുസ്തകം...
സ്പർശിച്ചു...
പലകാലങ്ങളിലൂടെ നടന്നു....

ശ്രീ said...

ഇങ്ങനെ പുറം ലോകമറിയാത്ത എത്രയോ പേര്‍... പണ്ടത്തെ പല കഥകളും പറഞ്ഞ് കേട്ടിരിയ്ക്കുന്നു.

എഴുത്ത് നന്നായിട്ടുണ്ട്

Echmukutty said...

ഭൂരിഭാഗം തമിഴ് ബ്രാഹ്മണ ഭവനങ്ങൾ ഇങ്ങനെ നിസ്സഹായരാക്കപ്പെട്ട പെണ്ണുങ്ങളുടെ രക്തത്തിലും കണ്ണീരിലും വിയർപ്പിലും നിർമ്മിക്കപ്പെട്ടതാണ്.അങ്ങനെയല്ലാത്തവയായി വളരെക്കുറച്ച് കണ്ടേക്കാം.
ഇങ്ങോട്ട് എത്തിനോക്കിയതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി.
ഇനിയും വരുമല്ലോ.

ente lokam said...

ഒരു കാലഘട്ടത്തിന്റെ ചരിത്രം
പറയുന്ന ഈ കഥ വളരെ ചുരുക്കി ഭംഗി
ആയി എഴുതിയിരിക്കുന്നു .ഓരോ മംഗളം
മരിക്കുമ്പോഴും പുതിയ മംഗളങ്ങള്‍
പുനര്‍ജന്മത്തിന് കരുത്ത് നേടി .അങ്ങനെ
കുറെ ഒക്കെ മാറ്റങ്ങള്‍ ‍ ..ഒരു മാറ്റവും
ആരുടെ എങ്കിലും വേദനകളും മരണവും
ഏറ്റു വാങ്ങാതെ സംഭവിച്ചിട്ടില്ല ....മംഗളം
ഭവന്തു ....

ajith said...

അപ്പോഴും മംഗളം ഭവന്തു

mirshad said...

സതി ദേവി പറഞ്ഞതാണ് ശരി ... ഓരോന്നും ഓരോ ച്ചുരല്‍ വടുക്കള്‍ സമ്മാനിക്കുന്നു .

mirshad said...

അനുഭവം ഐതിഹ്യം ....

Cv Thankappan said...

ലളിതമായ ശൈലിയില്‍ ഐതിഹ്യവും,
ആധുനികകാലഘട്ടവും താരതമ്യപഠനം നടത്തി
എഴുതിയ നല്ലൊരു രചന.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍