Wednesday, October 21, 2009

മൂന്നു സ്ത്രീകൾ

പ്രായം ചെന്ന മൂന്നു സ്ത്രീകൾ കിടക്കുന്ന ഈ മുറിക്കു മുൻപിൽ കുറെ നേരമായി  കാത്തിരിക്കുന്നു.

നാശം, വല്ലാത്ത തിരക്കാണുള്ളിൽ.

ഒന്ന് കയറി നോക്കാൻ പോലും സാധിക്കുന്നില്ല.

തിക്കും തിരക്കുമായി ആരേയും കാണുവാൻ ഒരു താല്പര്യവുമില്ല. ഒരൽപ്പം സാവകാശത്തോടെ കാണുന്നതാണ് നല്ലതെന്ന് കരുതി വാതിലിനടുത്തിട്ടിരിക്കുന്ന വെളുത്ത ബെഞ്ചിൽ അയാൾ താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു.

മൂന്നു പേരെയും പരിശോധിക്കാൻ ഡോക്ടർമാരും നേഴ്സുമാരും വളരെ ധിറുതിയിൽ മുറിയിലേക്ക് കയറിപ്പോവുകയും ഇറങ്ങി വരികയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ ആരും അയാളുടെ സാന്നിധ്യം ശ്രദ്ധിച്ചില്ല. ഇത്തിരി മുൻപ് വന്ന പ്രധാന ഡോക്ടർ മാത്രം വാതിലിനരികിൽ നിന്ന് ആരേയൊ തിരയുന്ന മാതിരി ചുറ്റും നോക്കുന്നുണ്ടായിരുന്നു. എങ്കിലും അയാളെ കണ്ണിൽ പെട്ടതായി അദ്ദേഹവും ഭാവിച്ചില്ല.

ക്ഷമയോടെ അയാൾ കാത്തിരുന്നു.

അല്ലെങ്കിലും ധിറുതിയൊന്നും  ഒരിക്കലും കാണിക്കാറില്ല. പിന്നെ  ചിലരെയൊക്കെ ഓർക്കാപ്പുറത്ത് ചെന്നു കാണേണ്ടി വരാറുണ്ട്. അതത്ര ഇഷ്ടമായിട്ടല്ല. എങ്കിലും അത്തരം ബുദ്ധിമുട്ടുകൾ സാധാരണയായി സഹിക്കുകയാണ് പതിവ്.

ആദ്യത്തെ സ്ത്രീ ഒരു സന്യാസിനിയായിരുന്നു. അവരെ അയാൾക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. ആ സ്ത്രീ പാർത്തിരുന്ന ആശ്രമത്തിൽ പലരെയും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇവരെ ഒരിക്കലും കാണുകയുണ്ടായിട്ടില്ല. സാധാരണയായി ആരുമായും ബന്ധം പുലർത്താത്ത  വിചിത്രമായ ചില ആചാര രീതികളാണ് ആശ്രമത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടിയാവാം ജനലിനപ്പുറത്തു നിൽക്കുമ്പോഴോ വാതിൽ കടന്നു പോകുമ്പോഴോ ഇതു പോലെ വരാന്തയിൽ കാത്തിരിക്കുമ്പോഴോ ഒന്നും ഒരിക്കലും കാണുവാൻ ഇടവന്നിട്ടില്ല. പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ സ്വയം പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘

പെട്ടെന്നാണ് അരികിലിരുന്ന വയസ്സൻ ചോദിച്ചത്, ‘എന്താ, എന്തെങ്കിലും പറഞ്ഞോ‘? അയാൾ ‘ഇല്ല‘എന്ന അർഥത്തിൽ തല കുലുക്കി.

വയസ്സൻ പറഞ്ഞു, ‘നടുവിലെ ബെഡ്ഡിൽ കിടക്കുന്നത് എന്റെ ഭാര്യയാണ്. ഒരു രക്ഷയുമില്ല എന്നാണ് ഡോക്ടർ പറയുന്നത്‘.

അയാൾ മൌനം പാലിച്ചതേയുള്ളൂ.

വരാന്തയുടെ അരികെയുള്ള ചവിട്ട് പടികളിൽ  ഒരു കാലിറക്കി വെച്ച് നിന്നിരുന്ന ചെറുപ്പക്കാരൻ വയസ്സന്റെ അടുത്തേക്ക് വന്ന്, ബെഞ്ചിൽ ഇരുന്നു.

ആ മുഖത്ത് പ്രകടമായ ക്ഷീണമുണ്ടായിരുന്നു. ഉറക്കം തളം കെട്ടിയ കണ്ണുകളും ഷേവു ചെയ്യാത്ത മുഖവും  പ്രായക്കൂടുതൽ തോന്നിപ്പിച്ചു.

വയസ്സൻ  പിറുപിറുത്തു, ‘എത്ര നാളായി ഇങ്ങനെ കിടക്കുന്നു, ഇതൊന്നവസാനിക്കുന്നതാണ് എല്ലാവർക്കും നല്ലത്. നിനക്കും ലീവ് കിട്ടുവാൻ വിഷമമുള്ളപ്പോൾ…..‘

‘അച്ഛൻ ഒന്നു മിണ്ടാതിരിക്കു, ഓഫീസിനെ പറ്റി ഓർമ്മിക്കുമ്പോൾ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നുന്നു. അമ്മ രണ്ട് മാസം കഴിഞ്ഞ് കിടപ്പിലായിരുന്നെങ്കിൽ ഞാൻ ഇവിടെ തന്നെ നിൽക്കുമായിരുന്നു.‘

ചെറുപ്പക്കാരൻ മടുപ്പോടെ കൈകൾ കൂട്ടിത്തിരുമ്മി, പിന്നെ കോട്ടുവായിട്ടു.

‘ഇവിടെ നിന്ന് എന്തു ചെയ്യാനാണ്? നിന്റെ അമ്മ എന്നും ഇങ്ങനെയായിരുന്നു, എപ്പോഴും പ്രശ്നങ്ങൾ, അതുകൊണ്ടല്ലേ ഞാൻ പ്രൊമോഷനൊക്കെ വേണ്ടാ എന്നു വെച്ച് ഈ നശിച്ച നാട്ടിൽ തന്നെ നിന്നത്? ജീവിതത്തിൽ ഒരു സുഖവും എനിക്കുണ്ടായില്ല, എപ്പോഴും ചികിത്സയും പഥ്യങ്ങളും തന്നെ….‘

വയസ്സന്റെ ശബ്ദത്തിൽ കയ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ വയസ്സിയെ മുൻപ് ഒന്നു രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു.

ആദ്യം കണ്ടപ്പോൾ അവർക്ക് ക്ഷയ രോഗം മൂർച്ഛിച്ചിരിക്കുകയായിരുന്നു. അവർ വലിയ ശബ്ദത്തിൽ ശ്വസിച്ച് കൊണ്ടിരുന്നു. ഓക്സിജൻ റ്റ്യൂബ് അകറ്റിക്കളയുമ്പോഴൊക്കെയും  വയസ്സൻ വഴക്ക് പറഞ്ഞിരുന്നു.അന്ന് കുറെ നേരം അവരെ നോക്കി നിന്നുവെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല.

രണ്ടാമത് കണ്ടപ്പോൾ അവർക്ക് ഒരു അബോർഷൻ സംഭവിച്ചിരിക്കുകയായിരുന്നു. അപ്പോഴും അവരെ ആരും സമാധാനിപ്പിക്കുവാൻ ഉണ്ടായിരുന്നില്ലെന്ന് അയാൾ ഓർമ്മിച്ചു. ‘ഇത്രയും കാലം കഴിഞ്ഞിട്ട് നാശം ഇങ്ങനെ വേണമായിരുന്നോ‘ എന്ന് ശപിച്ച്   വയസ്സൻ അന്നും  മുറിയിൽ ഉലാത്തിയിരുന്നു.

ചെറുപ്പക്കാരൻ  പതിനഞ്ചിന്റെ കൌമാരവുമായി മുറിയിലിട്ടിരുന്ന സോഫ മേൽ കലങ്ങിയ കണ്ണുകളോടെ കിടന്നിരുന്നു.

സ്ത്രീയാകട്ടെ വിളർത്ത് ക്ഷീണിച്ച് ഇമകൾ പോലും അനക്കാനാകാതെ കുറെ റ്റ്യൂബുകളിൽ പിണഞ്ഞു വളരെ നേരിയതായി ശ്വസിച്ചുകൊണ്ടിരുന്നു.

അന്നും കുറെ കഴിഞ്ഞ് മടങ്ങിപ്പോവേണ്ടതായി വന്നു.

പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘

ചെറുപ്പക്കാരൻ സ്വരം താഴ്ത്തി വയസ്സനോട് അന്വേഷിക്കുന്നത് അയാളുടെ ചെവിയിൽ വീഴാതിരുന്നില്ല, ‘അച്ഛൻ ശ്രദ്ധിക്കാതിരുന്നതാണോ, അതോ…..‘

‘എന്താണ് നീ പറയുന്നത്?‘

‘അമ്മയുടെ അപ്പുറത്ത് കിടക്കുന്ന ആ സ്ത്രീ……. അതിനെ അറിയുമോ.‘

‘അവളെ അറിയാത്ത ആണുങ്ങളുണ്ടോ ഈ നാട്ടിൽ?‘ വയസ്സന്റെ മുഖത്തെ അശ്ലീലച്ചിരി മകനിലേക്കും മെല്ലെ പടർന്നെങ്കിലും  അത് അവിടെ തന്നെ ഉറഞ്ഞു.

‘എന്നിട്ട്  അമ്മയെ അവിടെ കിടക്കാൻ അനുവദിച്ചത്…..‘

‘ഈ മൂന്നു സ്ത്രീകൾക്കും ഒരേ രോഗമാണ്, ഒരേ സ്റ്റേജാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതു കേട്ടപ്പോൾ എനിക്ക് അസഹ്യത തോന്നി.‘

‘മറ്റേത് ആ ആശ്രമത്തിലെ സന്യാസിനിയമ്മയല്ലേ? അവരെ ഇതിനു മുൻപ് അമ്പലങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നിട്ട്……തൊട്ടപ്പുറത്ത് ഈ സ്ത്രീ… അതിനു പണമുണ്ടായിരിക്കും ധാരാളം. അതല്ലേ ജനറൽ വാർഡിലൊന്നും പോകാതെ……‘

ആ സ്ത്രീയേയും അയാൾ  വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടായിരുന്നു.

ഒരു കൂട്ട ബലാത്സംഗത്തിനു ശേഷം റോഡരികിൽ മലർന്നു കിടക്കുകയായിരുന്നു ആ നഗ്ന ശരീരം.

വാർന്നൊഴുകിയ രക്തവും ആഴത്തിലേറ്റ മുറിവുകളുമായി ബോധം കെട്ടു കിടന്ന ആ ശരീരത്തെ പോലീസുകാർ ആംബുലൻസുമായി വന്ന് അതിനുള്ളിലേക്ക് കയറ്റി വെക്കുന്നതും നോക്കി, അന്നു കുറെ സമയം  ചെലവാക്കി.

പിന്നീട് ആശുപത്രിയിലും പോയി വന്നു. എങ്കിലും അവരെ  അപ്പോൾ കാണാൻ കഴിഞ്ഞില്ല.

അവിടത്തെ ഡോക്ടറെ മാത്രമേ കാണാൻ സാധിച്ചുള്ളൂ , അതാകട്ടെ വളരെ ധിറുതിയിലും.

പക്ഷെ, ഇന്ന്  കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.

അയാൾ മന്ത്രിച്ചു, ‘അതെ, കണ്ടേ തീരു.‘

മുറിയിൽ നിന്ന് പുറത്തേക്ക് വന്ന നേഴ്സിന്റെ മുഖത്തിന് തീരെ തെളിച്ചമില്ലായിരുന്നു. ചെറുപ്പക്കാരൻ ഉൽക്കണ്ഠയോടെ ‘എന്താണ് സ്ഥിതി‘ എന്നന്വേഷിച്ചു.

‘ചെയ്യാനുള്ളതൊക്കെ പരമാവധി ചെയ്യുന്നുണ്ട്, എന്നാലും എല്ലാവരേയും വിവരമറിയിക്കുന്നതാണു നല്ലത്‘.

ചെറുപ്പക്കാരൻ വാച്ച് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നപ്പോൾ, വയസ്സനും  പിന്തുടർന്നു.

അയാൾക്കപ്പോഴാണു മുറിയിൽ കയറാൻ സാവകാശം കിട്ടിയത്.

നടുവിലെ ബെഡ്ഡിൽ കിടക്കുന്ന സ്ത്രീക്കരികിലുള്ള മേശപ്പുറത്തു മാത്രമേ, ഫ്ലാസ്ക്കും മറ്റ് ചില വീട്ടുസ്സാധനങ്ങളും കണ്ടുള്ളൂ. മറ്റു രണ്ട് രോഗിണികളുടേയും മേശപ്പുറങ്ങൾ അവരെപ്പോലെ തനിച്ചും ശൂന്യവുമായി കാണപ്പെട്ടു.

പെട്ടെന്ന് മുറിയിലേക്ക് കടന്നു വന്ന നേഴ്സ് അയാളോട് ചോദിച്ചു, ‘നിങ്ങൾ ഈ സ്ത്രീയുടെ ആരെങ്കിലുമാണോ?‘

വിളറി വെളുത്ത്, പ്രയാസപ്പെട്ട് ശ്വാസം കഴിയ്ക്കുന്ന സ്ത്രീയുടെ കട്ടിലിലേക്ക് വിരൽ ചൂണ്ടിയാണ് നേഴ്സ് സംസാരിച്ചത്.

അയാൾ മൌനമായി നിന്നതേയുള്ളൂ.

‘അല്ലാ, സന്യാസിനി മരിച്ചാൽ ആശ്രമത്തിലറിയിക്കാൻ പറഞ്ഞിട്ടുണ്ട്, ആ കൊച്ച് സ്വാമി. ഇവരെ ഇവിടെയാക്കി പണവും കെട്ടി പോയവർ പിന്നെ വന്നതേയില്ല. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, പല ആണുങ്ങൾക്കൊപ്പം ജീവിച്ചാൽ ………‘.

അയാളുടെ നിശ്ശബ്ദത കണ്ടിട്ടാവണം നേഴ്സ് ചില ട്യൂബുകളെല്ലാം നിവർത്തി ശരിയാക്കീട്ട് പുറത്തേക്ക് ഇറങ്ങി.

വ്രതാനുഷ്ഠാനങ്ങളും  അസുഖവും, ഭർത്താവും മകനും വിവിധങ്ങളായ രോഗങ്ങളും, പല പുരുഷന്മാരും ദീനവും എല്ലാം ഏറിയും കുറഞ്ഞുമുള്ള കാലയളവുകളിൽ അതിഥികളായി ഉപയോഗിച്ച് ശീലിച്ച ആ സ്ത്രീ ശരീരങ്ങളെ, അയാൾ പതിയെ, വളരെ പതിയെ നിശ്ബ്ദമായി സ്പർശിച്ചു. കാറ്റായി മുക്തിയും മഴയായി ദയയും മഞ്ഞായി സൌഹ്റുദവും അയാളുടെ സ്പർശനത്തിൽ വാർന്നൊഴുകി.

സന്യാസിനി കണ്ണുകൾ തുറന്നടച്ചു .

ഭർത്താവും മകനുമുള്ള സ്ത്രീയുടെ വിരൽ  അയാളുടെ വിരലുകളിൽ മുറുകി.

ശ്വാസം വിലങ്ങുന്ന സ്ത്രീ പുഞ്ചിരിക്കാൻ ശ്രമിച്ചു.

അതിനു ശേഷം അയാൾക്ക് അവിടെ ആരേയും കാത്തിരിക്കുവാനുണ്ടായിരുന്നില്ല.

7 comments:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

echumuuuuuu...

മുകിൽ said...

Daivathinte virunnu varavo???

said...

താമസിച്ചുപോയി എന്നറിയാം.... മൂന്നു സ്ത്രീകളുടെ കൂടെ അയാളെ കണ്ടപ്പോല്‍ കുറച്ചു സംശയങ്ങള്‍... പിന്നെ ചോദിക്കാമെന്നു കരുതി ഒന്നു പോയതാണു.. വരാന്‍ താമസിച്ചു... ക്ഷമിക്കുക.. അയാളും വയസ്സനുമായുള്ള സംഭാഷണം.. മിഥ്യയും സത്യവുമായുള്ള കൂടിച്ചേരല്‍ പോലെ... എവിടെയൊ.. അസ്വഭാവികത.. എന്റെ മാത്രം തോന്നലാകാം.. അവസാനഭാഗത്തെ സാന്ത്വനം വല്ലാതെ കൊതിപ്പിച്ചു..... !!

Echmukutty said...

ജ്യോതിയുടെ ശബ്ദം കേൾക്കുന്നുണ്ട്. നന്ദി. ഇനിയും വരുമല്ലൊ.

അതെ, വിരുന്ന് തന്നെ, സതി. വായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി.

ചക്കിമോൾടെ അമ്മ എവിടെയാണ് മറഞ്ഞു പോയത്? കാണാത്തതിൽ വിഷമം ഉണ്ടായിരുന്നു.

എല്ലാവരുടേതുമായ ഒരാൾ,അയാളാണ് എല്ലാവരുടേയും ഉടമസ്ഥൻ,ബാക്കിയെല്ലാവരും വെറും വാടകക്കാർ. അയാൾ വരുമ്പോൾ ചോദ്യവും ഉത്തരവും ഇല്ലാതെ ഉടമസ്ഥത അംഗീകരിക്കേണ്ടി വരുന്നു എല്ലാവർക്കും. അയാളാണ് ഒരേയൊരു യാഥാർഥ്യം. അയാൾ ഒന്നും ആരോടും പറയില്ല, അവനവനോടല്ലാതെ. അയാൾക്ക് എല്ലാവരേയും കേൾക്കാം,കാണാം അറിയാം.
അയാൾ മോക്ഷമാണ്, പുണ്യമാണ്, ദയയാണ്,സ്നേഹമാണ്,വാത്സല്യമാണ്, അഭിമാനമാണ്,ധീരതയാണ്,അസ്വഭാവികതയും അബദ്ധവുമാണ്.
ചക്കിമോൾടെ അമ്മേ, അയാളിലേക്കു നടക്കുകയാണ് നമ്മൾ എന്നും.

ഇതൊക്കെയാണ് ഞാൻ പറയാൻ ശ്രമിച്ചത്. ചക്കിമോൾടെ അമ്മ തരുന്ന പ്രോത്സാഹനതിന് വലിയ നന്ദി. ഇത്ര കാലം മറഞ്ഞിരിക്കാതെ വേഗം വരൂ.

ente lokam said...

കഥാകാരിയുടെ ചിന്തകള്‍
കഥക്കൊപ്പം നീങ്ങുന്നില്ല.
എങ്കിലും കാലം സാക്ഷി നില്‍ക്കുന്ന
അനുഭവങ്ങള്‍ വായനക്കാരില്‍
സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് .
മൂന്നു ജീവിതങ്ങളുടെയും അവസാനം
ആര്‍കും വേണ്ടാതവ ആയി ഒടുങ്ങുമ്പോള്‍ ‍
ഒരു നിഴല്‍ പോലെ കൂടെ നടന്നു , സ്വാന്തനം
ആയി, മരണം മാത്രം കൈ പിടിച്ചു കൊണ്ടു
പോകുന്നു .ആ അദൃശ്യ ശക്തിയുടെ
വിശദീകരണം ഒഴിവാക്കിയത് കഥയ്ക്ക്
കൂടുതല്‍ കരുത്ത് നല്‍കി . ഇന്ന് കണ്ടേ തീരു
എന്ന വാചകത്തിന്റെ ആവര്‍ത്തനം കഥയുടെ
സസ്പെന്‍സ് ആദ്യം തന്നെ അവസാനിപ്പിച്ചു
കളഞ്ഞു...ആശംസകള്‍ ..

ajith said...

മൂന്ന് പെണ്ണുങ്ങള്‍

സുധി അറയ്ക്കൽ said...

ആദ്യ വായനയിൽ മനസിലായില്ല.എന്റെ കുഴപ്പം.
നന്നായി ഇഷ്ടപ്പെട്ടു.