Saturday, December 12, 2009

ന്തായാലും …..തന്ത്യല്ലേ………

മകന് അമേരിക്കയിൽ പോകണം.

ഒരുപാട് കാലത്തേക്കൊന്നുമല്ല, കുറച്ച് കാലത്തേക്ക്.

മകന്റെ യാത്രയ്ക്ക് മുൻപ് മുത്തശ്ശിയുടെ വീട്ടിൽ രണ്ട് ദിവസം താമസിച്ച്, അമ്പലത്തിൽ തൊഴുത് ചില വഴിപാടുകൾ കഴിക്കണമെന്ന് ഞാൻ തീരുമാനിച്ചപ്പോൾ മകൻ എതിർത്തില്ല. തമാശ കലർന്ന  പുഞ്ചിരിയോടെ എന്നെ നോക്കുക മാത്രം ചെയ്തു.

അങ്ങനെയാണ് എന്റെ കുട്ടിക്കാലം ചെലവഴിച്ച ആ ഗ്രാമത്തിലേക്ക് ഞങ്ങൾ എത്തിയത്.

മുത്തശ്ശിയുടെ വീട്ടിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല. ഞാനും മകനും വല്ലപ്പോഴും വരുമ്പോൾ മാത്രമാണ് അവിടെ ആളനക്കമുണ്ടാകുന്നത്.

രാവിലെ എണീക്കുവാൻ മടിയുള്ള കൂട്ടത്തിലാണ് മകൻ. എങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ എണീറ്റു വന്നു.
ഞങ്ങൾ സമയത്തിനു തന്നെ അമ്പലത്തിൽ തൊഴുത് വഴിപാടുകൾ കഴിപ്പിച്ചു.

രാവിലത്തെ ഇളം കാറ്റേറ്റ് ഗ്രാമത്തിലെ ഇടവഴിയിലൂടെ മകന്റെ കൂടെ നടക്കുമ്പോൾ കാരണമില്ലാത്ത  സമാധാനത്തിന്റെ ഒരു തഴുകൽ എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു.

അപ്പോഴാണ് ‘മോളുക്കുട്ടി, എന്നെ മറന്നോ? എന്നെ ഓർമ്മേണ്ടോ‘ എന്ന്, ചിലമ്പിച്ച സ്വരത്തിൽ ആരോ എന്നെ ഭൂതകാലത്തിലേക്ക് പിടിച്ചു വലിച്ചത്.

അതു ലക്ഷ്മിയായിരുന്നു, മുൻ വരിയിലെ പല്ലുകളെല്ലാം നഷ്ടപ്പെട്ട് മത്തങ്ങാ മുറി പോലെ തോന്നുന്ന വായ മുഴുക്കെ തുറന്നു ചിരിച്ചു കൊണ്ട് ഒരു പടുകിഴവിയുടെ ശോഷിച്ച രൂപത്തിൽ ലക്ഷ്മി എന്റെ മുൻപിൽ വന്നു നിന്നു.

എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഞാൻ ലക്ഷ്മിയെ എത്രയോ പണ്ട്  മറന്നു കഴിഞ്ഞിരുന്നുവല്ലോ. എന്റെ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, മുത്തശ്ശിയുടെ വല്ലപ്പോഴും വരുന്ന കത്തുകളിലെ ഒന്നോ രണ്ടോ വരികൾ മാത്രമായിരുന്നു, ലക്ഷ്മി.

ഞാൻ യാതൊരു ആത്മവിശ്വാസവും തോന്നിപ്പിക്കാത്ത പുഞ്ചിരി എടുത്തണിഞ്ഞു.

‘മോളു മറന്നു ല്ലേ, സാരല്യാ, എങ്ങനെ ഓർക്കാനാ കുട്ടി, മുത്തശ്ശ്യേമ്മ പോയിട്ടന്നെ എത്ര കാലായീ. പിന്നെവിടുന്നാ കുട്ടിക്ക് ഓർമ്മേണ്ടാവണേ?‘

ലക്ഷ്മി ചിരിച്ചു.

ഞാൻ ആ കൈയിൽ പിടിച്ചു കൊണ്ട് അന്വേഷിച്ചു, ‘സുഖാണോ? എല്ലാർക്കും വിശേഷൊന്നൂല്യല്ലോ.’

‘എനിക്കെന്നാ സുഖക്കൊറവുണ്ടായേ എന്റെ മോളെ, എന്നും സുഖായിരിക്കാൻള്ള തലേലെഴുത്തായിട്ടല്ലേ ഞാൻ വന്നത്, അതു പോട്ടെ മോളുക്കുട്ടിയ്ക്ക് എന്താ വിശേഷം? ഇത് മോനാ ല്ലേ, ……

ഞാൻ ചുരുക്കിയാണു പറഞ്ഞത്, മകൻ യാത്ര പോവാൻ തുടങ്ങുന്ന കാര്യം, അവനു നല്ല ജോലിയാണ് എന്ന കാര്യം, അങ്ങനെ നല്ല കാര്യങ്ങൾ മാത്രമേ ഞാൻ വെളിപ്പെടുത്തിയുള്ളൂ.

‘അനീത്തിമാർക്കൊക്കെ സുഖല്ലേ‘ എന്ന് ഞാൻ ചോദിച്ചപ്പോൾ ലക്ഷ്മി ശൂന്യമായ നോട്ടത്തോടെ പുലമ്പി.

‘ഇപ്പോ, രണ്ടാളേ ഉള്ളൂ. ന്റെ മോളക്ക് തൊണ്ണൂറാം കൊര വന്നു, പണ്ടേയ്, ന്ന്ട്ടും അതു ചത്തില്ല, അതിനേം കൊണ്ട് ആസ്പത്രീല് നിക്ക്ണ്ടി വന്നു. അനീത്തിമാരെ നോക്കാനൊന്നും അപ്പോ പറ്റ്ണ്ടായിര്ന്നില്ല, വെട്ടോഴീല് കറന്റിന്റെ കമ്പി ആ സമേത്താ പൊട്ടിവീണ്, അതുമ്മേ തൊട്ടു, താഴെള്ള രണ്ടെണ്ണം, അങ്ങനെ അവറ്റ പോയി, പിന്നാലെ അമ്മേം അങ്ങട് പോയി. ഞാൻ പിന്നെം, കൊറെ വീടോളില് പണിതു, കല്ല് ചോക്കാൻ പോയി, മണ്ണ് പണിക്ക് പോയി, താഴേള്ളത്ങ്ങളേം ഞാൻ പെറ്റ്ട്ടത് നേം ഞെക്കി കൊല്ലാൻ പറ്റോ? വല്ലതും അണ്ണാക്കിൽക്ക് വെക്കാൻ കൊട്ക്കണ്ടേ?

മൂത്തോള് ഇപ്പൊ വോമ്പേലാ, മ്മ്ടെ നാരാണൻ നായരെടെ മോളില്ലേ പട്ടാളക്കാരത്തി നേയ്സ്, അവരടൊപ്പം പണ്ട് പോയീതാ, അടിച്ചെളിക്കാൻ,  പിന്നെ ഈ നാട്ട്ല് വന്ന് ല്ല്യ.

‘അത് നും താഴേള്ളോള് മ്മ്ടെ മീൻ കാരൻ അയിദ്രോസിന്റെ കൂടെയങ്ങ്ട് പോയി ഒരൂസം.  പിന്നെ ഈ വഴിക്ക് കടന്നില്ല്യ. 

ലക്ഷ്മി കിതപ്പോടെ നിറുത്തി, ആഞ്ഞു ചുമച്ചു. പരിസരം മറന്ന് കാർക്കിച്ച് തുപ്പി. ഞാൻ മകനെ ശ്രദ്ധിക്കുകയായിരുന്നു, അവന് ബോറടിക്കുന്നുണ്ടാവുമോ ആവോ?

ഭാഗ്യം, അവൻ കുറച്ച് ദൂരെ മാറി നിൽക്കുകയാണ്. എന്റെ അടുത്ത് നിന്നിരുന്നുവെങ്കിൽ ലക്ഷ്മി ഇങ്ങനെയൊന്നും പറയുകയില്ലായിരുന്നു.

‘ലക്ഷ്മിക്ക് സുഖല്ല്യേ, ന്താ ങ്ങനെ ചൊമക്കണത്?‘ നിറുത്താതെയുള്ള ആ ചുമ എന്നെ പരിഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. 

കാർക്കിച്ച് തുപ്പിക്കൊണ്ട് ലക്ഷ്മി പറഞ്ഞു  ‘എന്താവോ ഇങ്ങനെയാ ഇപ്പോ, വൈയ്ന്നേരായാ കുളിരും പനീം വരും. പകലൊക്കെ ചൊമയ്ക്ക്ന്നേ. ന്തായാന്താ ചാവട്ടെന്ന് ച്ചാലും അത്ണ്ടാവ്ണില്ല ന്റെ മോളെ.’

‘ലക്ഷ്മീടെ മോളെവിടെയാ?‘ സങ്കോചത്തോടെ മാത്രമേ എനിക്ക് ആ ചോദ്യം ചോദിയ്ക്കാൻ കഴിഞ്ഞുള്ളൂ. ഞാനിന്ന് മുതിർന്ന മകന്റെ അമ്മയാണ്. നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയവളാണ്. എന്നിട്ടും ആ ചോദ്യം ചോദിക്കുമ്പോൾ എനിക്ക് തളർച്ചയോളമെത്തുന്ന വല്ലായ്മ തോന്നുന്നുണ്ടായിരുന്നു.

‘അവളിപ്പോ പാൽ സൊസൈറ്റീല് പാത്രം കഴ്കാൻ പോണ്ട്.  ഒന്ന് രണ്ട് വീടോളില് അടിച്ച് തെളിക്ക്ണ്ട്.  പിന്നെ മ്മ്ടെ മുരളീല്ല്യേ, ആ കുന്നത്തെ പാറോമ്മടെ മോൻ, അവൻ ഇത്തിരീശ്ശേ വല്ലതും ഒക്കെ കൊടുക്കും. അവന് ഭാര്യേം മക്കളും ഒക്കെണ്ട്.  അവൻ  അവളെ വെച്ചോണ്ടിരിക്ക്ണൂന്ന് നാട്ടാരു പറേം. അതോണ്ട് വേറെ ആരും വന്ന് തൊയിരം കെട്ത്ത്ണില്ല.  ആണൊരുത്തൻ മാനം മര്യാദയ്ക്ക് അവളെ കൊണ്ടോണംന്ന് ഇനിക്ക്ണ്ടേര്ന്ന്. കാശ് ഇല്യാ, തന്ത്യാരാന്ന് ചോയിച്ചാ മിണ്ടാൻ നിമർത്തില്ല്യാ. അതോണ്ട് ഇനിക്ക് ഒന്നും പറയാൻല്യാണ്ടായി.

ഇപ്പോൾ ലക്ഷ്മിയുടെ തൊണ്ട ഇടറി.

മുത്തശ്ശിയുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ലക്ഷ്മിയുടെ പൊട്ടിച്ചിരിയ്ക്കുന്ന  ആ രൂപം എന്റെ മനസ്സിൽ എവിടെയോ ഒരു നിഴലായി തെളിഞ്ഞു.

‘ലക്ഷ്മി ഇപ്പോ എവിട്യാ താമസിക്കണേ?‘ എന്റെ വിഡ്ഡിച്ചോദ്യത്തിനു ഉത്തരമായി ലക്ഷ്മി കണ്ണുകൾ തുടച്ച് ശക്തിയായി ചുമച്ചു. ചുമ നിന്നപ്പോൾ  കുണ്ടിലാണ്ട കണ്ണുകളിൽ നിന്ന് രക്തത്തുള്ളികളെ പോലെ കണ്ണീർ തെറിച്ചു.

‘ആ നശിച്ച വീട്ട്ല് തന്ന്യാ മോളുക്കുട്ടി. ഇനിക്ക് പൂവാൻ എവിടെയാ സ്തലം? ഒക്കേം കഴിഞ്ഞ് മിണ്ടാട്ടോം മുട്ടി തളർന്ന് വീണ്ല്ല്യേ, എന്ത് ഉശിരുണ്ടായാലും തളർന്നാ ആരാപ്പോ താങ്ങാൻ? എട്ട് കൊല്ലാ കെടന്നേ ന്റെ മോളെ, നമ്മ്ടെ നമ്പീശന്റെ സികിത്സ്യാർന്നു. ഒക്കെ കെടന്നോട്ത്തന്നെ, കഞ്ഞീം കഷായോം കോരിക്കൊടുക്കും, തീട്ടോം മൂത്രോം കോരിക്കളയും. അതാർന്നു അപ്പളൊക്കെ ഇന്റെ പണി.  ഇടിഞ്ഞൊളിഞ്ഞ് വീഴണ വരെ എല്ലാ ദൂസോം കൊല്ലണം കൊല്ലണംന്ന് കര്തീരുന്നതും  ഈ ഞാൻ തന്ന്യാ, ന്ന്ട്ടും ഞാനും മോളും നോക്കന്നേയിരുന്നു, ഇടുത്ത് വെട്ടോഴീൽക്ക് ഇടാൻ പറ്റോ? ന്തായാലും തന്ത്യല്ലേ ങ്ങടെ?‘

ലക്ഷ്മിയുടെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട് വീണ്ടും ചുമ വന്നു.

11 comments:

said...

ഓര്‍മ്മയുണ്ട്‌ ലക്ഷ്മിയെ... !! ന്‍റെ അനീത്തി... അല്ലാ.. ന്‍റെ മോള്‌... എന്നു പറഞ്ഞു കരയിപ്പിച്ചു പോയ ലക്ഷ്മി ഇപ്പൊഴും മനസ്സിലെ മുറിപ്പാടായി ശേഷിക്കുന്നു..... അച്ഛനെന്ന നീച ജന്‍മത്തിനും ഒടുവില്‍ അവള്‍ തുണയാകേണ്ടി വന്നത്‌, ത്യാഗമോ, സഹതാപമോ,അതോ വിധിയുടെ തന്നെ പകപോക്കലോ.... !!?

dhanya said...

etharam thanthamara chavitty purathuedan thodangumbo nammudae nadu nannavum. athuvarae thanthayalla ennum paranju erikkam.

ദിയ കണ്ണന്‍ said...

:(

ശ്രീ said...

വായിച്ചു തീര്‍ന്നപ്പോഴേയ്ക്കും ഒരു നൊമ്പരം... ലക്ഷ്മിയെപ്പോലെ നാമറിഞ്ഞോ അറിയാതെയോ അറിയില്ലെന്ന് നടിച്ചോ എത്ര പേര്‍ ഇപ്പോഴും ഇങ്ങനെ...

Echmukutty said...

എന്തായാലും ഗതികേടാണ് ചക്കിമോൾടെ അമ്മേ, ലക്ഷ്മിക്ക്. ജീവിതമെന്ന ഗതികേട്. ലക്ഷ്മി മറ്റുള്ളവർക്ക് മാത്രമായി ഉരുകി അവസാനിച്ചു. വന്ന് പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി.
ഉരുക്കിന്റെ പ്രതിഷേധം മനസ്സിലാക്കുന്നു. പക്ഷെ, എത്രയോ കുറച്ച് പേരാണ് ധൈര്യമായി പ്രതിഷേധിക്കാൻ തയാറാവുന്നത്.ഭൂരിഭാഗവും ലക്ഷ്മിയെപ്പോലെ ഒടുങ്ങിപ്പോകും. ഈയിടെ കാണാറില്ല ഉരുക്കിനെ. തുടർന്നും വന്ന് പ്രോത്സാഹിപ്പിക്കുമല്ലോ.
ദിയയ്ക്ക് സ്വാഗതം.തുടർന്നും വരുമല്ലൊ.
ശ്രീ പറഞ്ഞത് വളരെ ശരി. ഇനിയും വന്ന് വായിക്കുമല്ലോ.
എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട്.

മുകിൽ said...

"....ntaayaalum 'jnangade' thanthyalle...." Aa vidhivaipareethyathinu aarodu samaadhanam parayaan!

ente lokam said...

ശിശിരവും വസന്തവും കടന്നു പോകും.
ലക്ഷ്മിമാരുടെ മനസ്സില്‍ വേനല്‍ മാത്രം
ബാകി.വേഴംബലിനെപോലെ മഴയും കാത്തു
ജീവിതം കഴിയുവോളം.സ്വയം ചാവാന്‍ കഴിയാതെ
അച്ഛനെ കൊല്ലാനവാതെ, മകളെ വളര്‍ത്താന്‍ ആവാതെ
വല്ലാത്തൊരു ജന്മം തന്നെ...

ente lokam said...
This comment has been removed by the author.
ajith said...

പാവം ലക്ഷ്മി

സുധി അറയ്ക്കൽ said...

എന്തൊരു കഷ്ടമാണെന്ന് നോക്കണേ...തന്ത പോലും!!

കുഞ്ഞുറുമ്പ് said...

ഇങ്ങനെ ഉള്ള തന്തമാർ ഉണ്ടാവാതിരുന്നെങ്കിൽ..