Saturday, December 19, 2009

തിരുപ്പിറവി

അഞ്ച് തിരുപ്പിറവികൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഞങ്ങളോ അഞ്ച് തിരുപ്പിറവികളിലും ഒന്നിച്ചതുമില്ല.

“ഹേരോദാ രാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബത് ലഹേമിൽ ഒരു പുൽക്കൂടിൽ ജനിച്ച ശേഷം, കിഴക്ക് നിന്ന് വിദ്വാന്മാർ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ടു. അവനെ നമസ്ക്കരിക്കാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.”

രാവിലെ ഞാനവനായി ഒരുക്കിയ ഭക്ഷണത്തിനു ശേഷം അവൻ നഗരത്തിൽ പോയി പുൽക്കൂട്ടിൽ വെയ്ക്കുവാനുള്ള ഉണ്ണീശോയേയും മറിയമിനേയും യോസേഫിനേയും ആട്ടിടയന്മാരെയും  കൊണ്ടു വന്നു.

നക്ഷത്രമാകട്ടെ തീക്ഷ്ണ പ്രകാശത്തെ അകത്തു വഹിച്ച് വീട്ടിനു മുൻപിൽ വെട്ടിത്തിളങ്ങി.

ഞാൻ അയല്പക്കത്തു നിന്ന് വാങ്ങിയ വൈക്കോലും പറമ്പിൽ നിന്നു ശേഖരിച്ച ചുള്ളിക്കമ്പുകളും കൊണ്ട് പുൽക്കൂടുണ്ടാക്കി, ഞങ്ങളുടെ വീട്ടു വാതിൽക്കൽ ഒരു പീഠത്തിന്മേൽ  പ്രതിഷ്ഠിച്ചു.

എന്നാലോ ആ പുൽക്കൂടിന്റെ സൌകുമാര്യമില്ലായ്മ അവനെ വേദനിപ്പിക്കുകയും  ഒരു വ്രണത്തെപ്പോലെ അലട്ടുകയും ചെയ്തു.

അവന്റെ വായിൽ പരിഹാസം തുളുമ്പി. ജാതികളും മതങ്ങളും തമ്മിൽ കലഹിക്കുന്നത് ഞാൻ കണ്ടു. വംശങ്ങൾ വ്യർഥമായതു നിനയ്ക്കുന്നതും വഴികൾ തെറ്റുന്നതും അവൻ കാണിച്ചു തന്നു. അവന്റെ കോപം അഗ്നിയായി ആളിയപ്പോൾ ഞാൻ വെള്ളം പോലെ ആവിയായിപ്പോയി.

തിരുപ്പിറവിക്കു തലേന്നു പുലർച്ചെ അവൻ സ്വന്തം അപ്പനമ്മമാരുടെ മന്ദിരത്തെ പ്രാപിച്ചു. മഹത്വമാർന്ന അവന്റെ ഭവനം എന്നെയോ സ്വാഗതം ചെയ്തില്ല. എന്നാൽ ഞാൻ പിറന്ന ഭവനമോ, എന്നെ പണിക്കാരുപേക്ഷിച്ച മൂലക്കല്ലു പോലെയും ദ്രവിച്ച തടി പോലെയും തള്ളിക്കളഞ്ഞിരുന്നു.

അക്കാലം അവന്റെ ബീജം എന്റെ ഉദരത്തിൽ തുടിച്ചു കൊണ്ടിരുന്നു.

പകലുകളിൽ പൂമുഖത്തും രാത്രികളിൽ കിടക്കയിലും ഞാൻ അവനെ കാത്തിരുന്നു. ഞങ്ങളുടെ ഭവനത്തിലെ വിളക്കുകളിൽ എണ്ണയൊഴിച്ച്, എന്റെ മനസ്സിലെ പ്രേമം അവനു പ്രസാദമായി കരുതി ഞാൻ കാത്തിരുന്നു.

പകലുകളുടെ ഓരോ ചലനത്തിലും ഞാൻ അവന്റെ പാദപതനങ്ങളിൽ പ്രത്യാശ വെച്ചു. അവനോ എന്നെ കാണാൻ വന്നില്ല. രാത്രികളിൽ ഞാൻ കണ്ണീരു കൊണ്ട് ഞങ്ങളുടെ ശയ്യയെ കഴുകി. അവനോ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടില്ല.

അവന്റെ മന്ദിരത്തിനു മുന്നിലെ പാതയോരത്ത് ഒരു ഭിക്ഷുണിയെപ്പോലെ ഞാൻ മറഞ്ഞു നിന്നു. വ്യസനം കൊണ്ട് എന്റെ കണ്ണും ഉദരവും പ്രാണനും ക്ഷയിച്ചപ്പോഴും എനിക്കവൻ പ്രത്യക്ഷപ്പെട്ടില്ല.

അവിടെ ഉത്സവമായിരുന്നു. വലിയ തീൻ മേശയിൽ വീഞ്ഞും അപ്പവും മത്സ്യങ്ങളും പക്ഷികളും ആടുകളും കാളകളും പന്നികളും നിരന്നു. ആർത്തിയോടെയും ആഹ്ലാദത്തോടെയും അവനും ബന്ധുക്കളും ഭക്ഷണം കഴിച്ചു. വീഞ്ഞു കുടിക്കുകയും ന് റുത്തം ചെയ്യുകയും ഗാനങ്ങൾ ആലപിക്കുകയും കിന്നരങ്ങൾ മീട്ടുകയും ചെയ്തു.

അവന്റെ അപ്പനമ്മമാരും ബന്ധുക്കളും അവനു മാപ്പു നൽകി വരവേറ്റപ്പോൾ അവൻ പഴയതു പോലെ ബന്ധുബലവും ധന സമ്പത്തുമുള്ളവനായിത്തീർന്നു. പുരോഹിതന്മാർ അവന്റെ തലയിൽ ജലം തളിക്കുകയും ദിവ്യമായ അപ്പം നൽകുകയും ചെയ്തു. അനന്തരം അവൻ കൈകൾ മേലോട്ടുയർത്തി ദൈവത്തെ സ്തുതിച്ചു.

ഇത് ഒന്നാം തിരുപ്പിറവി ദിനം.

രണ്ടാം തിരുപ്പിറവിയിലും എന്നെയും, എന്റെ ഉദരത്തിന്റെ ഫലവും എന്റെ മാംസത്തിന്റെ മാംസവും എന്റെ അസ്ഥിയുടെ അസ്ഥിയുമായ കുരുന്നു ജീവനെയും, അവന്റെ മന്ദിരം സ്വാഗതം ചെയ്തില്ല.

അക്കാലം എന്റെ വലം കൈ അവനു മേൽ  ഭാരമായിത്തീരുക നിമിത്തം  ഒരിരുമ്പു കോൽ കൊണ്ട് അവനാ ഭാരം തകർത്തു കളഞ്ഞു.  അവൻ എന്റെ പ്രാണന് അനാഥത്വം വരുത്തിയത്, എന്ത് എന്നു ഞാൻ അന്വേഷിച്ചു.

മൂന്നാം തിരുപ്പിറവിയിൽ എന്റെ ഇടം കൈ അവനു മേൽ  ഭാരമായിത്തീർന്നു. അതു കൊണ്ട് അവൻ എന്റെ നേരെ അസ്ത്രങ്ങൾ വർഷിച്ചു.

അപ്പോഴും മഹത്വമാർന്ന അവന്റെ മന്ദിരം എന്നെയും എന്റെ ഉദരത്തിന്റെ ഫലത്തേയും സ്വാഗതം ചെയ്തില്ല. അവന്റെ ദയ എന്റെ കണ്മുൻപിൽ പൊതിഞ്ഞു വയ്ക്കപ്പെട്ടിരുന്നു. അതിൽ നിന്നും പ്രകാശ വീചികൾ പരന്നില്ല.

ഞാനവന്റെ കൂട്ടുകാരിയെന്നും അവനെന്നിൽ പ്രീതനായിരിക്കുന്നുവെന്നും പറയാതെ അവൻ മൌനം പൂണ്ടിരുന്നു. ആ മൌനമാകട്ടെ എന്നെ കുശവന്റെ മൺപാത്രമാക്കി ഉടച്ചു കളഞ്ഞു.

നാലാം തിരുപ്പിറവിയിൽ അവന്റെ വായിൽ ശാപവും അതിക്രമവും നിറഞ്ഞു നിന്നു. എന്റെ സൌന്ദര്യമാകട്ടെ വേനലിലെ പുഴ പോലെ വറ്റിപ്പോയി.

അവൻ തന്റെ കുതികാൽ എന്റെ നേരേ ഉയർത്തി. അങ്ങനെ എന്റെ അരക്കെട്ടിൽ വരൾച്ച ബാധിച്ചു.
എന്റെ സ്നേഹം അവനു ഭാരമായതെങ്ങനെ എന്നു ഞാൻ ചോദിച്ചു.

എന്നാലോ അഞ്ചാം തിരുപ്പിറവിക്കു മുൻപ് അവന്റെ അമ്മയപ്പന്മാരുടെ മന്ദിരത്തിൽ നിന്ന് ദൂതൻ വരികയും എന്നെയും എന്റെ ഉദരഫലത്തേയും തിരുപ്പിറവി ദിനത്തിലെ വലിയ വിരുന്നിന് ക്ഷണിക്കുകയും ചെയ്തു.

അങ്ങനെ ഉത്സവം ആഘോഷിക്കുന്ന അവന്റെ മന്ദിരത്തിലേക്ക് ഒരു ദേവാലയത്തിലേക്കെന്ന പോലെ ഞാൻ കടന്നു ചെന്നു. അവിടെ പട്ടു തിരശ്ശീലകൾ തൂക്കപ്പെട്ടിരുന്നു. സുഗന്ധ വാഹിയായ കാറ്റ് മന്ദിരമാകെ പരിമളം പരത്തിക്കൊണ്ടിരുന്നു. വിശിഷ്ട ഭോജ്യങ്ങളുടെ നറുമണം വായുവിൽ ഉയർന്നു. ദീപപ്രഭയിൽ കുളിച്ച് നിന്ന ആ മന്ദിരത്തിൽ പുത്ര സമ്പത്തും ധന സമ്പത്തും ആരേയും അസൂയപ്പെടുത്തുമാറ് വിളയാടിയിരുന്നു.

ആ മന്ദിരത്തിലുണ്ടായിരുന്നവർ എന്നെ ഉറ്റു നോക്കി.

ആ ദ്റുഷ്ടികളിൽ നില തെറ്റിക്കുന്ന അഗാധ പ്രവാഹങ്ങളും പാതാള പാശങ്ങളുമുണ്ടായിരുന്നു.

അവരുടെ പല്ലുകൾ കുന്തങ്ങളും നാവ് മൂർച്ചയുള്ള വാളുമായിരുന്നു.

നല്ലവളായ ഭാര്യയുടെ വില മുത്തുകളിലും ഏറും. സാമർഥ്യമുള്ള അവൾ ഭർത്താവിനു ഒരു കിരീടം. ബുദ്ധിയുള്ള അവൾ ദൈവത്തിന്റെ ദാനം. ജ്ഞാനമുള്ള അവൾ ഒരു കച്ചവടക്കപ്പൽ പോലെ.

എന്നാൽ നാണം കെട്ടവളേ, നീ ഇവന്റെ അസ്ഥികൾക്ക് ദ്രവത്വം വരുത്തുന്നവൾ. ഭോഷത്വമുള്ളവളേ, നീ ഇവന്റെ മന്ദിരം പൊളിച്ചു കളയുന്നവൾ. നീ ആഴമേറിയ കുഴിയും ഇടുക്കമുള്ള കിണറുമത്രെ. നിനക്കും ഇവനും തമ്മിലെന്ത്?

തീയും ഗന്ധകവും അവരെന്റെ പാനപാത്രത്തിൽ പകർന്നു.

ഉഷ്ണക്കാറ്റും പൊടിമണ്ണും അവരെന്റെ ഭോജനപാത്രത്തിൽ വിളമ്പി.

എന്റെ ദൈവമായ അവനോട് ഞാൻ നിലവിളിച്ചു.

എന്റെ അപേക്ഷ അവൻ കേട്ടില്ല.  ഞാൻ കഴിച്ച പ്രാർഥന അവന്റെ ചെവിയിൽ എത്തിയില്ല.

ഞാൻ എന്റെ കുഞ്ഞിനെ അന്വേഷിച്ചു, എന്നാൽ അവൻ എന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിക്കുകയും ആഴമേറിയ കിടങ്ങുകൾ തീർക്കുകയും ചെയ്തു.

അവന്റെ നാവ് വ്യാജം പറഞ്ഞു.

ഇത് അഞ്ചാം തിരുപ്പിറവി ദിനം.

അനന്തരം …….

8 comments:

dhanya said...

chhattavarukal evidae, edukku adikku,mandiranjal thakarattae, manushyastreeae bahumanikkathavarakku onninum arhathayilla. yesudevanum chhattavaar eduthuttundu.

echhumu deenarodanajalakkal kelkkan eluppam chhattavar anu.

veendum kaanam

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

really fantastic...
sthreeyee anatharam ethra thiruppiravikal ariyanirikkunne nee........

Echmukutty said...

ഉരുക്കിന്റെ അഭിപ്രായത്തിനു നന്ദി. എത്ര മനുഷ്യ സ്ത്രീകൾക്ക് ചാട്ട വാറെടുക്കാൻ കഴിയുന്നു എന്നതാണ് പ്രശ്നം.സ്ത്രീയുടെ ഓരോ ഇഞ്ച് പ്രതിഷേധവും എത്ര ശ്രമകരമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും. വന്ന് അഭിപ്രായം പങ്കുവെയ്ക്കുന്നതിന് നന്ദി.
അതെ, ജ്യോതി പറഞ്ഞത് ശരിയാണ്. പിന്നെയും തിരുപ്പിറവികൾ ജീവിതത്തിലുണ്ടാകുന്നു.വന്ന് പ്രോത്സാഹിപ്പിക്കുന്നതിന് നന്ദി.

മുകിൽ said...

Manoharam.. Anju thiruppiravikalum, anju bheekara vadukkalaanennu ariyunnu..! Thudaruka..

Manoraj said...

അഞ്ചു തിരുപ്പിറവികള്‍ നന്നായിട്ടുണ്ട്. വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റിലൂടെ സ്ത്രീയുടെ നിസ്സഹായാവസ്ഥ പറയാന്‍ ശ്രമിക്കുകയും അത് മനോഹരമായ സാഹിത്യത്തിലൂടെ വായനക്കാരനിലേക്ക് എത്തിക്കുകയും ചെയുന്നതില്‍ എച്മു വിജയിച്ചു.

ajith said...

ആറാം തിരുമുറിവ്

പട്ടേപ്പാടം റാംജി said...

തിരുമുറിവുകള്‍ ഇപ്പോഴാണ് വായിച്ചത്.

എന്റെ സ്നേഹം അവനു ഭാരമായതെങ്ങനെ എന്നു ഞാൻ ചോദിച്ചു.

കുഞ്ഞുറുമ്പ് said...

സുഭാഷിതങ്ങളോ സങ്കീർത്തനങ്ങളോ വായിക്കുന്ന പോലെയുള്ള ശൈലി.. ഈ പുനര്വായനയിൽ എല്ലാം ജീവിതമായിരുന്നെന്നു മനസ്സിലാവുന്നു