Thursday, January 21, 2010

റെഡി അത്താൻ

https://www.facebook.com/echmu.kutty/posts/514937792018853

https://www.facebook.com/echmu.kutty/posts/1112025695643390

അത്താൻ എന്ന തമിഴ് വാക്കിന്റെ അർഥം അമ്മായിയുടെ മകൻ അല്ലെങ്കിൽ മുറച്ചെറുക്കൻ എന്നൊക്കെ ആകാമെങ്കിലും ഗ്രാമീണർക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല. അദ്ദേഹത്തെ എല്ലാവരും റെഡി അത്താൻ എന്നു വിളിച്ചു. താഴ്ന്ന ജാതിക്കാരാണ് വിചിത്രമായി സംബോധന ചെയ്തത്, റെഡി അത്താൻ തമ്പ്രാൻ.

ആരെങ്ങനെ വിളിച്ചാലും അത്താന് സന്തോഷം തന്നെ. വിളിച്ചാലുടനെ വിളി കേൾക്കുകയും എന്തു ജോലിക്കും എപ്പോഴും ‘റെഡി‘യായിരിക്കുകയും ചെയ്യുകയെന്നതായിരുന്നു അത്താന്റെ പ്രത്യേകത. പിന്നെ എന്താ പ്രധാന ജോലിയെന്നു ചോദിച്ചാൽ, ങാ, അതു തന്നെ ‘ശമയൽ’, പാചകം. അത്താൻ ഒരു നളനായിരുന്നു. എന്തുണ്ടാക്കിയാലും അതിൽ രുചി എന്നൊരു അവസാന ചേരുവ കൂടി ഇടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഭക്ഷിച്ചവരെല്ലാം വിരലുകൾ നക്കിയും, കുമ്പ കുലുക്കിയും, ഏമ്പക്കം വിട്ട് എണീറ്റ് പോകുന്നത് കാണാൻ അത്താൻ ഇഷ്ടപ്പെട്ടു.

‘വായ് വാഴ്ത്തലേന്നാലും വയറു വാഴ്ത്തുമേ‘ എന്നൊരു പഴം ചൊല്ലും അപ്പോഴെല്ലാം കണ്ണിറുക്കിക്കൊണ്ട് അത്താൻ പറഞ്ഞിരുന്നു.

അല്പം കൂനുള്ള മെലിഞ്ഞ ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം ഭസ്മവും വാരിത്തേച്ച് കുടുമ കെട്ടിവെച്ച് ചില തമിഴ് പാട്ടുകളും മൂളിയാണ് അത്താൻ നടന്നിരുന്നത്. വളരെ സന്തുഷ്ടനായി മാത്രമേ അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

അത്രയ്ക്ക് സന്തോഷിയ്ക്കാൻ എന്താണ് അത്താന് ഉണ്ടായിരുന്നത്?

പഠിപ്പ് തീരെ ഉണ്ടായിരുന്നില്ല.

ശമയൽ മാത്രമാണ് ആകെ അറിയാവുന്ന ഒരു തൊഴിൽ.

അത്യുച്ചത്തിൽ മാത്രം സംസാരിക്കുന്നവളും (സ്വകാര്യം പറഞ്ഞാലും നാലാൾ കേൾക്കും) നല്ല തീറ്റി പ്രിയയുമായ ഭാര്യ. ഭാഗ്യമായാലും നിർഭാഗ്യമായാലും പൊന്നു അക്കാ പ്രസവിച്ചുമില്ല.

സാമാന്യം ഭേദപ്പെട്ട തോതിലുള്ള ദാരിദ്ര്യം.

പറയുമ്പോൾ എല്ലാം പറയണമല്ലൊ. അത്താന് ഇത്തിരി പറമ്പും അതിലൊരു ചെറിയ മൺ വീടും ഉണ്ടായിരുന്നു.

അങ്ങനെയുള്ള അത്താൻ എപ്പോഴും സന്തോഷത്തോടെയും പൂർണ ത്റുപ്തിയോടെയും മാത്രം എല്ലാവരോടും ഇടപെട്ടു. അദ്ദേഹത്തോടു സംസാരിക്കുമ്പോൾ എല്ലാവരേയും സന്തോഷത്തിന്റെ ഒരല വന്നു തൊട്ടുകൊണ്ടിരുന്നു.

വയസ്സായെങ്കിലും സുമംഗലിയായാണ് പൊന്നു അക്കാ മരിച്ചത്. ഒരു ബ്രാഹ്മണ സ്ത്രീക്ക് അതിൽക്കൂടുതൽ എന്തെങ്കിലും അനുഗ്രഹം ദൈവം കൊടുക്കേണ്ടതുണ്ടോ?

റെഡി അത്താന് വയസ്സുകാലത്ത് ഒറ്റയ്ക്ക് കഴിയാനായിരുന്നു യോഗം എന്നു കൂട്ടിയാൽ മതി. ആരോടും പരാതിയും പരിഭവവും ഇല്ലാതെ അത്താൻ കഴിഞ്ഞു വരുമ്പോഴാണ് ആ സംഭവം ഉണ്ടായത്.

പൊന്നു അക്കാവിന്റെ അനുജത്തിയുടെ മകൾക്ക് ഒരു വിവാഹാലോചന വന്നു.

ഉദ്യോഗസ്ഥനായ ബ്രാഹ്മണ യുവാവ്. വില്ലേജ് ഓഫീസിൽ അസിസ്റ്റന്റായ പയ്യന് നല്ല വരദക്ഷിണയ്ക്കാണോ പഞ്ഞം? അവനെ കിട്ടുക എന്നു പറഞ്ഞാൽ അതില്പരം ഒരു ഭാഗ്യം ഇനി സംഭവിക്കാനുണ്ടോ? ഇല്ല. അപ്പോൾ അവർ ചോദിക്കുന്ന വരദക്ഷിണയും, ആഭരണങ്ങളും പട്ട് പുടവകളും വെള്ളിപ്പാത്രങ്ങളും എല്ലാം കൊടുത്ത് പയ്യനെ സ്വന്തമാക്കണം.

പറഞ്ഞാൽ മതിയോ? എവിടുന്നാണിതെല്ലാം എടുത്ത് കൊടുക്കേണ്ടത്?

പൊന്നു അക്കാവിന്റെ അനുജത്തിക്കും ഭർത്താവിനും അങ്ങനെ വരുമാനമൊന്നുമില്ല. സന്താനമായി ഈ ഒരു പെൺകുട്ടിയേ ബാക്കി ഉള്ളൂ എന്നതാണ് മഹാഭാഗ്യം. സുന്ദരി കുറെ പ്രസവിച്ചുവെങ്കിലും കുട്ടികൾ പല കാരണങ്ങൾ കൊണ്ട് ജീവിച്ചില്ല. ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നും ആർക്കുമറിയില്ല.

സുന്ദരിയുടെ ഭർത്താവിനെ ഗ്രാമീണർ ‘വെളിച്ചെണ്ണ സ്വാമി‘യെന്ന് വിളിച്ച് പോന്നു. വെളിച്ചെണ്ണ കച്ചവടം ചെയ്തിട്ട് കിട്ടിയ പേരൊന്നുമല്ല അത്. സ്വാമിയുടെ വഴുവഴുപ്പൻ ചിരിയും കുഴി മടിയും കൂടിയായപ്പോൾ ആ പേരു പതിഞ്ഞുവെന്നു മാത്രം. രാവിലെ എഴുന്നേറ്റ് വാടക വീടിന്റെ വരാന്തയിൽ അങ്ങനെ വെറുതെ ഇരിക്കാനായിരുന്നു സ്വാമിക്കിഷ്ടം. വൈകുന്നേരം വരെ അങ്ങനെ ഇരിക്കാൻ ആ ബ്രാഹ്മണന് ഒരു വിഷമവും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഒരു തൊഴിലും ഒരിക്കലും സ്വാമിക്ക് ചെയ്യേണ്ടി വന്നതുമില്ല. അവസാനിക്കാൻ സമയമെടുക്കുന്ന ഏത് പ്രശ്നത്തിനും ‘കോന്തസ്സാമീടെ ഇരിപ്പു പോലെ‘ എന്നൊരു ശൈലി ഗ്രാമത്തിലുണ്ടായതങ്ങനെയാണ്.

സുന്ദരി മുറുക്ക് ചുറ്റുവാൻ പോയി. പലഹാരങ്ങളുണ്ടാക്കാൻ സഹായിച്ചു. പല ബ്രാഹ്മണ സ്ത്രീകളുടേയും പ്രസവശുശ്രൂഷ ചെയ്തു. ഒടുവിലൊടുവിൽ കാശുകാരായ നായർ സ്ത്രീകൾക്കും സുന്ദരിയുടെ ശുശ്രൂഷ ലഭ്യമായിരുന്നു. ചിലർക്ക് പാചകം ചെയ്തു കൊടുത്തു. എവിടെ സൌജന്യ ഭക്ഷണമുണ്ടെന്ന് കേട്ടാലും അവിടെയെല്ലാം ഹാജരായി. അങ്ങനെ ഒരു ജീവിതമാണ് അവർ നയിച്ചത്. മകളെ സ്കൂളിൽ വിട്ടിരുന്നുവെങ്കിലും ദാരിദ്ര്യം കൊണ്ട് അധികം വൈകാതെ പഠിപ്പ് മതിയാക്കേണ്ടി വന്നു. പത്തു വയസ്സാകുമ്പോഴേക്കും മുറുക്ക് ചുറ്റുവാനും ലഡ്ഡു ഉരുട്ടുവാനും ജിലേബി പിഴിയുവാനുമൊക്കെ മകൾ പഠിച്ച് കഴിഞ്ഞിരുന്നു.

അവൾ മുതിർന്നപ്പോൾ സുന്ദരിക്ക് വലിയ സഹായമായിത്തീർന്നു. ഒരു പാത്രം ചോറും രണ്ട് പച്ചമുളകും കുറച്ച് മോരും കഴിച്ച് പകലൊടുങ്ങുവോളം പണി ചെയ്യുവാൻ അവൾക്ക് കഴിഞ്ഞിരുന്നു. റെഡി അത്താന്റെ പാചകത്തിനും അവൾ എല്ലാ സഹായവും ചെയ്തു പോന്നു.

അവളുടെ കല്യാണം വിളിക്കാൻ റെഡി അത്താൻ തന്നെയാണ് പോയത്.

ആർക്കും വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

‘എല്ലാം നന്നാ നിനച്ചയാ? വര ദക്ഷിണ കുടുക്ക ഉന്നാലെ എപ്പടി മുടിയും?‘ എന്ന് എല്ലാവരും ചോദിച്ചപ്പോൾ അത്താൻ ചിരിച്ചു, നിറഞ്ഞ ചിരി. അതീവ നിഷ്കളങ്കമായ ചിരി.

കാര്യം ഇത്രയേയുള്ളൂ.

അത്താൻ തന്റെ എല്ലാ അവകാശങ്ങളുമൊഴിഞ്ഞ്, സ്വന്തം വീടും പറമ്പും ആ പെൺകിടാവിന്റെ പേർക്ക് എഴുതിക്കൊടുത്തു. അങ്ങനെയാണ് കല്യാണം തീരുമാനമായത്.

ഒരു നേരം ഊണു കിട്ടുന്ന ഏതെങ്കിലും അമ്പലത്തിൽ ചെന്ന് ഭജന പാടിക്കൊണ്ട് ശിഷ്ട ജീവിതം കഴിക്കാമെന്ന ആത്മവിശ്വാസം അത്താനുണ്ട്.

അതിൽ കൂടുതൽ ഒന്നും അത്താന് ആവശ്യമുണ്ടായിരുന്നില്ലല്ലോ.

11 comments:

ദിയ കണ്ണന്‍ said...

:)

Unknown said...

അമ്മായിയുടെ മകൻ ആളു കൊള്ളാമല്ലോ..!!

ശ്രീ said...

തിരിച്ച് ഒന്നും പ്രതീക്ഷിയ്ക്കാതെ ചെയ്യുന്ന സത്കര്‍മ്മത്തേക്കാള്‍ വലുതായി എന്താണുള്ളത്?

അത്താന്‍ തീര്‍ച്ചയായും ജീവിതാവസാനം വരെ സന്തുഷ്ടനായിരിയ്ക്കും... ഉറപ്പ്!

അഭി said...

അത്തനെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം അത്തന്‍ ചെയ്തു. അത് മൂലം ഒരു പെണ്‍കുട്ടിക്ക് ഒരു ജീവിതം കിട്ടുകയന്നെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്

അത്തനെ ഒരു പാട് ഇഷ്ടമായി

പട്ടേപ്പാടം റാംജി said...

"അത്താൻ തന്റെ എല്ലാ അവകാശങ്ങളുമൊഴിഞ്ഞ്, സ്വന്തം വീടും പറമ്പും ആ പെൺകിടാവിന്റെ പേർക്ക് എഴുതിക്കൊടുത്തു"

അത് വേണ്ടായിരുന്നു.
ശാപ്പാട് അത്താന്‍ കൊള്ളാം.

മുകിൽ said...

Nannayirikkunnu. Athaan, marana samayathe nirvrithi manassil kandirikkum!

Echmukutty said...

ദിയയ്ക്ക്, റ്റോംസിന്, ശ്രീക്ക്, രാംജിക്ക്,സതീദേവിയ്ക്ക് എല്ലാവർക്കും നന്ദി.
തുടർന്നും പ്രോത്സാഹിപ്പിക്കുമല്ലോ.
അഭിയ്ക്ക് സ്വാഗതവും നന്ദിയും അറിയിക്കട്ടെ.
വീണ്ടും വരുമല്ലൊ.
റെഡി അത്താനെപ്പോലുള്ളവരുടേതും കൂടിയാണല്ലോ ഈ ലോകം. അത്രമാത്രം.

സായം സന്ധ്യ said...

നന്മയുള്ള കഥ..മനസ്സില്‍ തൊട്ടു.

Sabu Hariharan said...

ജീവിതം പൂർണ്ണം.

ente lokam said...

വയറു നിറക്കാന്‍ ഉള്ള ആഹാരം
മാത്രം മതി ജീവിച്ചു പോകാന്‍ എന്ന്
എല്ലാവര്ക്കും അറിയാം .പക്ഷെ അത്
മനസ്സിലാക്കി ജീവിക്കുന്നവര്‍ റെടി അതാനെപ്പോലെ നല്ല മനസ്സുള്ള ചുരുക്കം ചിലര്‍ മാത്രം. നിസ്വാര്‍ഥ സ്നേഹത്തിന്റെ
റെഡി മനസ്സ് ...സ്നേഹത്തിന്റെ കഥ
ഇഷ്ടപ്പെട്ടു ..അഭിനന്ദനങ്ങള്‍..

ajith said...

സന്മനസ്സുള്ളവര്‍ക്ക് സമാധാനം