പച്ചവെള്ളം പോലെ കണക്ക് അറിയാവുന്ന ക്കിടുമനും ക്കിടുമിയും ഇത് വായിയ്ക്കണ്ട……………………
അവരുടെ ആൽജിബ്രാ ഗവേഷണത്തിലും ജ്യോമട്രി സഹതാപത്തിലും മുക്കിയ നോട്ടങ്ങൾ കൈ മാറേണ്ട…………….
മാത് മാറ്റിക്സ് എന്ന കണക്ക് ഒട്ടും തിരിയാത്തവർക്കു മാത്രമേ ഈ ദണ്ണവും ഈ നൊമ്പരവും ഈ പിടച്ചിലും ഈ ചങ്കിടിപ്പുമൊക്കെ മനസ്സിലാകു. അതായത് എന്നെ പോലെയുള്ള നിഷ്ക്കണക്കികൾക്കും നിഷ്ക്കണക്കന്മാർക്കും മാത്രം.
മസിൽമാനാകാനാശയുള്ള ഒരു പെരുച്ചാഴി ആർത്തിയോടെ, പവർമാൾട്ടിലോ ജീവൻ ടോണിലോ ഒക്കെ കുതിർത്ത് കപ്പ തിന്നുന്നത് പോലെ, ഒൻപത് വയസ്സു മുതൽ കണക്ക് എന്റെ മനസ്സമാധാനം തിന്നു തീർത്തു.
നാലാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്കാണ് ഏറ്റവും ഒടുവിൽ കണക്കിൽ നൂറ് മാർക്ക് കിട്ടിയത്. അതിനു ശേഷം എല്ലാ പരീക്ഷയ്ക്കും ബ്രേക്കില്ലാത്ത വണ്ടി ഇറക്കം ഇറങ്ങുന്ന മാതിരി ഒറ്റ വരവായിരുന്നു എന്റെ മാർക്ക്. അങ്ങനെ നാല്പത് എന്ന മാജിക് നമ്പറിൽ എത്താനാകട്ടെ വെറും ആറു മാസവും രണ്ടു പരീക്ഷയുമേ വേണ്ടി വന്നുള്ളൂ.
മറ്റ് എല്ലാ വിഷയങ്ങളിലും എൺപത്തഞ്ചും തൊണ്ണൂറും മാർക്ക് വാങ്ങിയിരുന്ന, ബഹു മിടുക്കിയായ എന്നെ കണക്കിലും കൂടിയൊന്ന് ജയിപ്പിയ്ക്കണമല്ലോ എന്നു കരുതി ദൈവം കണ്ടു പിടിച്ച ഒരു മാജിക് നമ്പറായിരിക്കണം നാല്പത്.
ഈ സനാതന സത്യത്തിന്റെ പരം പൊരുളായി എന്റെ ഉത്തരക്കടലാസ്സ് തലയും കുമ്പിട്ട് ചുവന്ന കുറിയും തൊട്ട് ഒരു ചരടും കെട്ടി ഇരിയ്ക്കുന്നുണ്ടാവും.
ഒരു മുപ്പത്തെട്ടര – മുപ്പത്തൊമ്പത് ആണ് ആദ്യ റൌണ്ട് വാലുവേഷനിൽ, എനിക്കു കിട്ടുന്നത്. ചില വഴിക്കണക്കുകളിൽ അരയും കാലും മാർക്കുകൾ ടീച്ചറുടെ വക ഇഷ്ടദാനമായിട്ട് എഴുതി കിട്ടുമ്പോൾ ഞാൻ മാജിക് ഫോർട്ടി എന്ന സ്വത്തിന്റെ ഉടമയാകും.
ഈ എണ്ണം പറഞ്ഞ ടെക്നിക് ആവട്ടെ എന്റെ ഉത്തരക്കടലാസ്സ് കാണുന്ന ആർക്കും വെറും ഗ്രാസ്സു പോലെ കണ്ടു പിടിക്കാൻ കഴിയുമായിരുന്നു.
ഞാൻ കണക്ക് പഠിയ്ക്കാത്ത മടിച്ചിപ്പാറുവും കോതയുമൊന്നുമായിരുന്നില്ല. കണക്കിൽ എങ്ങനെയും എൺപത് മാർക്ക് സമ്പാദിയ്ക്കുക എന്നതായിരുന്നു അപ്പോൾ ജീവിതത്തിലെ ഒരേയൊരു മോഹം.
പെരുക്കപ്പട്ടിക പഠിയ്ക്കാനായി എന്നും കാലത്ത് പള്ളി മണി പോലെ മുഴങ്ങുന്ന, അലാറം വെച്ച് എണീക്കും. വെറും വയറ്റിൽ ബ്രഹ്മി നീര് കുടിക്കും. കണക്ക് പുസ്തകത്തിലെ എല്ലാ കണക്കുകളും ഇമ്പോസിഷൻ പോലെ ചെയ്തു തീർക്കും.
എന്നാലും കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ്സ് കിട്ടുമ്പോഴേയ്ക്കും ഞാൻ ആകെ വിയർത്ത് കുളിച്ചിട്ടുണ്ടാവും. എന്റെ ഹ് റുദയം ‘തോൽക്കും നീ തോൽക്കും‘ എന്ന് പിറുപിറുത്തുകൊണ്ട് അത്യുച്ചത്തിൽ മിടിയ്ക്കുന്നുണ്ടാവും. ഐസ് പെട്ടിയിൽ വെച്ച മീനിനെ പോലെ എന്റെ കൈത്തലങ്ങൾ വെറുങ്ങലിച്ചിട്ടുണ്ടാവും.
ഞാനെത്ര ശ്രമിച്ചിട്ടും ഒരു സിംഗിൾ മാർക്ക് പോലും കൂടുതൽ കിട്ടിയില്ല.
എന്റെ വീട്ടിലാണെങ്കിൽ കണക്കറിയാവുന്നവരുടെ ത്റുശ്ശൂർ പൂരമായിരുന്നു. അതിൽ ഏറ്റവും തലയെടുപ്പുള്ള മംഗലാം കുന്ന് കർണൻ എന്നേക്കാൾ രണ്ട് വയസ്സിനിളപ്പമുള്ള അനിയത്തിയും.
കണക്ക് പരീക്ഷയാണോ, അവൾക്ക് നൂറുമാർക്കാണ്.
‘നീ അവളെ കണ്ട് പഠിയ്ക്ക്‘ വീട്ടിലെ ചിതലരിച്ച ഉത്തരവും പൊളിഞ്ഞ തൂണും കൂടി എന്നെ ഉപദേശിച്ച് തുടങ്ങും.
മലയാളത്തിലും ഇംഗ്ലീഷിലുമൊന്നും എന്നെപ്പോലെ, തൊണ്ണൂറ് മാർക്ക് അവൾക്ക് കിട്ടുകയില്ല. എന്നിട്ടും അവളോട് എന്നെ കണ്ട് പഠിയ്ക്കാൻ ഒരാളും, ചുമ്മാ തമാശയ്ക്ക് പോലും പറയാറില്ല.
എന്റെ മാർക്ക് – ‘ഹേയ്, അതൊക്കെ ഒരു മാർക്കാണോ? കണക്കിനല്ലേ മാർക്ക് വേണ്ടത്?‘
‘കണക്കറിയാത്ത നീ എങ്ങനെ ജീവിയ്ക്കും? കടയിൽ നിന്ന് ഒരു സാധനം വാങ്ങാനും കൂടി നിനക്ക് പറ്റ്ല്യ. നിന്നെ കടക്കാരൊക്കെ പറ്റിയ്ക്കും.‘
‘പണവുമായിട്ടുള്ള ഒരിടപാടും നിനക്ക് സാധിയ്ക്കില്ല. എല്ലാവരും നിന്റെ കാശൊക്കെ അടിച്ചോണ്ട് പോകും. കണക്കറിയാത്തവരുടെ കാര്യം വലിയ കഷ്ടാ.‘
കണക്കറിയാത്തവരെ ഈ ഭൂമിയിലേയ്ക്ക് ദൈവം എന്തിനാണ് ഇങ്ങനെ തള്ളി ഇടുന്നതാവോ?
ഞാൻ ദൈവവുമായി ബൌദ്ധികമായ ഒരു തർക്കത്തിൽ ഏർപ്പെട്ടു. ദൈവം നേരിട്ട് പരിഹരിയ്ക്കേണ്ട ആ അന്യായം ചൂണ്ടിക്കാണിച്ചു കൊടുത്തു. മറ്റ് വിഷയങ്ങളൊന്നുമല്ല, കണക്ക് മാത്രമാണു സൂപ്പർ സ്റ്റാറെന്നുണ്ടെങ്കിൽ കണക്കിനെ എല്ലാവർക്കും എളുപ്പത്തിൽ കൈയെത്തിപ്പിടിയ്ക്കാൻ കഴിയുന്ന ഒരു ജനകീയ നടനാക്കണം.
അത് പറ്റില്ല എന്നാണെങ്കിൽ കണക്കിനെ ഒരു എക്സ്ട്രാ നടനാക്കി തരം താഴ്ത്തണം.
വീട്ടിലെ ചുവരിൽ ഫോട്ടൊ ആയും അമ്പലത്തിലെ ശ്രീ കോവിലിൽ വിഗ്രഹമായും ഇരുന്ന് ദീപ പ്രഭയുടെ ഗമയിൽ ദൈവം ചിലപ്പോൾ തലയാട്ടി. ചിലപ്പോൾ കണ്ണിറുക്കി കാണിച്ചു.
എന്നാൽ എന്റെ മാർക്കിലോ കണക്കിന്റെ സ്റ്റാർ പദവിയിലോ യാതൊരു മാറ്റവും വരുത്തിയില്ല.
കോട്ടിടാതെയും സന്നതെടുക്കാതെയും സ്വന്തം കാര്യത്തിനു വേണ്ടി ചെയ്ത വക്കീൽപ്പണി ദൈവത്തിന് പിടിച്ചില്ലായിരിയ്ക്കുമോ?
വാദവും തർക്കവും നിറുത്തി ഞാൻ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയും നിശ്ശബ്ദ വേദനയോടെയും ങ്ഹ് ങ്ഹ് , ഖുംശ് ഖുംശ് എന്ന ഏങ്ങലുകളോടെയും ഇക്കാലത്തെ സീരിയൽ നടിയെപ്പോലെ, നിരന്തരമായി അപേക്ഷിക്കുവാൻ തുടങ്ങി.
എന്റെ അനിയത്തിയ്ക്ക് സാധിക്കുന്ന മാതിരി ചേച്ചിയായ ഞാൻ പഠിയ്ക്കേണ്ട കണക്ക് കൂടി ചുമ്മാ പുല്ലു പോലെ ചെയ്യാൻ പറ്റണേ എന്ന അത്യാഗ്രഹമൊന്നും എന്റെ അപേക്ഷയിലുണ്ടായിരുന്നില്ല. ദൈവം വിചാരിച്ചാൽ അതൊക്കെ നിസ്സാരമായി നടക്കുമെന്ന് എനിക്കറിയാമായിരുന്നെങ്കിലും.
ദൈവത്തെ സഹായിയ്ക്കാൻ പ്ലാനിംഗിന്റേയും മാനേജുമെന്റിന്റേയും ചില ആശയങ്ങളും ഞാൻ നിർദ്ദേശിച്ചു.
ഉദാഹരണത്തിന്, കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കാലേകൂട്ടി, അതായത് പേപ്പർ അച്ചടിച്ചാൽ ഉടനെ, എല്ലാ രാത്രിയിലും മുടങ്ങാതെ സ്വപ്നത്തിൽ കാണിച്ചു തരിക, അത് പറ്റിയില്ലെങ്കിൽ ഞാൻ തെറ്റായി ഉത്തരമെഴുതിയാലും അത് ശരിയുത്തരമാക്കി ഉത്തരക്കടലാസ്സ് നോക്കുന്ന ടീച്ചറുടെ മുൻപിൽ അവതരിപ്പിയ്ക്കുക.
ദൈവം വിചാരിച്ചാൽ ഇതിനൊക്കെ വല്ല ബുദ്ധിമുട്ടുമുണ്ടോ?
ഉണ്ടായിരുന്നു എന്നു തന്നെ വേണം മനസ്സിലാക്കാൻ. ഈ അപേക്ഷയിലൊന്നും ദൈവം വീണില്ല.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കണക്ക് പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാനാകുമോ എന്നും ഞാൻ ആലോചിക്കാതിരുന്നില്ല.
ആഹാരം സർവ പ്രധാനമായതു കൊണ്ട് അരിയ്ക്കു വേണ്ടി എല്ലാ രാഷ്ട്രീയ കക്ഷികളും കേന്ദ്ര ഗവണ്മെന്റിനോട് സമരം ചെയ്യുന്നതു പോലെ, സർവ പ്രധാനമായ കണക്കിൽ എല്ലാ കുട്ടികൾക്കും നൂറു മാർക്കു കിട്ടുവാൻ ഒരു സമരം സംഘടിപ്പിക്കുന്നത് നന്നായിരിയ്ക്കില്ലേ?
ഒരു കണക്ക് സമരത്തെയോ ഒരു നൂറു മാർക്ക് ജാഥയേയോ നേരിടുവാൻ ടീച്ചർമാർക്ക് സാധിക്കുമോ?
എന്നാൽ എന്റെ കൂടെ സമരത്തിനിറങ്ങാനുള്ള ചങ്കുറപ്പ്, അതല്ലെങ്കിൽ ആ ഒരു രാഷ്ട്രീയ അവബോധം ആർക്കും ഉണ്ടായിരുന്നില്ല.
ഇതിനിടയിൽ ആൽബർട്ട് ഐൻസ്റ്റീന് കണക്കറിയുമായിരുന്നില്ല എന്നൊരു മനോഹരമായ കഥ ഞാൻ വായിച്ചു. കുറച്ചു നാൾ ഞാനുമങ്ങനെ കണക്കറിയാതെ തന്നെ വലിയൊരു ശാസ്ത്രജ്ഞയായി മാറുമെന്ന് സ്വപ്നം കണ്ടു നോക്കിയെങ്കിലും, കണക്ക് കണ്ണുരുട്ടിയും നാക്ക് നീട്ടിയും കൂർത്ത നഖങ്ങൾ കാട്ടിയും പേടിപ്പിച്ചുകൊണ്ട് എന്നെ സദാ ആ ജിലേബി സ്വപ്നത്തിൽ നിന്നുണർത്തിക്കൊണ്ടിരുന്നു.
ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലും കണക്കുകൾ ചെയ്യേണ്ടി വന്ന കണ്ടകശ്ശനിക്കാലത്ത് മാത് സ് ദ നൈറ്റ് മെയ്ർ എന്ന ഹൊറർ മൂവി കണ്ട് ഞാൻ ഉറക്കെ നിലവിളിച്ചിരുന്നു.
ഒടുവിൽ നാല്പത് മാർക്കും പൊതിഞ്ഞു വാങ്ങി ഞാൻ ദുരിത പൂർണമായ സ്ക്കൂൾ പഠിത്തം അവസാനിപ്പിച്ചു.
ആകാശം ഇടിഞ്ഞു വീണാലും ഭൂമിയിൽ അപ്പടി സുനാമി വന്നാലും ഇനി കണക്ക് പഠിയ്ക്കുകയില്ല എന്ന പത്രോസിയൻ പാറത്തീരുമാനത്തോടെ ഞാൻ സാഹിത്യം പഠിയ്ക്കുവാൻ പോയി.
അവിടേയും ട്രിഗണോമട്രിയും അസ്ട്രോണമിയും പോലെ വ്യാകുലപ്പെടുത്തുന്ന വ്യാകരണവും ഇന്റെഗ്രലും ലോഗരിതവും പോലെ ലജ്ജിപ്പിയ്ക്കുന്ന ലിംഗ്വിസ്റ്റിക്സുമൊക്കെ എന്നെ നിരന്തരം വേട്ടയാടി.
കണക്കിലെ പലതരം കളികളായി കാലം നീങ്ങിക്കൊണ്ടിരുന്നു.
ഒരു തൊഴിലുറപ്പുമില്ലാത്ത ജീവിതം, ചെയ്യാൻ പറ്റാത്ത കണക്കു പോലെ എന്നെ തുറിച്ചു നോക്കി.
അങ്ങനെ ജോലി അന്വേഷിയ്ക്കാൻ തുടങ്ങിയപ്പോഴാണ് കണക്കിന്റെ രാജകീയവും ദൂര വ്യാപകവുമായ പ്രൌഢിയും അന്തസ്സും വിലയും നിലയും എല്ലാം നെറ്റിപ്പട്ടം കെട്ടി, ആലവട്ടവും വെഞ്ചാമരവുമായി ജോലിപ്പൂരത്തിനു (ജോബ് ഫെസ്റ്റ്) വന്നത്.
‘മാത് സായിരുന്നെങ്കിൽ…………‘
‘സ്റ്റാറ്റിറ്റിക്സായിരുന്നെങ്കിൽ…………‘
‘കോമേഴ്സായിരുന്നെങ്കിൽ……….‘
‘ഫിസിക്സായിരുന്നെങ്കിൽ…………‘
‘കെമിസ്ട്രിയായിരുന്നെങ്കിൽ…………..‘
‘ഈ കാൽക്കാശിനു കൊള്ളാത്ത ഭാഷ പഠിയ്ക്കാൻ പോയ നേരത്ത് പ്രയോജനമുള്ള മറ്റെന്തെങ്കിലും പഠിയ്ക്കാമായിരുന്നില്ലേ?‘
ദൈവം മന്ദഹസിച്ചിരിയ്ക്കും. എന്റെ പ്രാർത്ഥനകളൊന്നും ദൈവം മറന്നിരിയ്ക്കാൻ വഴിയില്ല.
അവസാനം കണക്കെഴുതുവാൻ പഠിയ്ക്കുക തന്നെ എന്ന് ഞാൻ നിശ്ചയിച്ചു.
കൊമ്പും തുമ്പിക്കൈയുമൊക്കെയുള്ള മംഗലാം കുന്ന് കർണന്റെ നീറാങ്ങളമാരാകാൻ പറ്റിയ, അതി പ്രഗൽഭരായ, രണ്ട് ചാർട്ടേട് എക്കൌണ്ടന്റ്ന്മാരുടെ വിനീത ശിഷ്യയായി ഞാൻ കണക്ക് എഴുതാൻ പഠിച്ചു തുടങ്ങി.
പിന്നീട് ഞാൻ ടാലി പഠിച്ചു.
ക്രെഡിറ്റ് എന്നും ഡെബിറ്റ് എന്നും കേട്ടാൽ ചക്കയൊ മാങ്ങയൊ ആയി വിചാരിച്ചോളൂ എന്നാരെങ്കിലും പറഞ്ഞാൽ ആത്മാർത്ഥമായും സത്യസന്ധമായും അങ്ങനെ മാത്രം വിചാരിയ്ക്കുന്ന ഞാനാണ് ടാലി പഠിച്ചത്.
തന്നെയുമല്ല, വളരെ ഏറെ വർഷങ്ങൾ കണക്കുകൾ എഴുതിയും പണം വിതരണം ചെയ്തും ഓഫീസാവശ്യങ്ങൾക്കുള്ള സ്റ്റേറ്റ്മെന്റുകൾ തയാറാക്കിയും ഞാൻ, ഒരു തണ്ടമ്മച്ചി വരട്ട് ചൊറി കണക്കപ്പിള്ളയായി ജീവിച്ചു.
സമ്പത്തില്ലാത്തവന് കണക്കൊന്നും എഴുതാനില്ല എന്ന പ്രപഞ്ച സത്യം കാരണം സാമ്പത്തിക മാന്ദ്യം വന്നപ്പോൾ, എന്റെ ഓഫീസിൽ എഴുതാനും മാത്രം കണക്ക് ഇല്ലാതായി.
അങ്ങനെ ഓഫീസിന്റെ ശമ്പളക്കണക്കിൽ നിന്ന് അപ്രത്യക്ഷയായ ഞാൻ ഇപ്പോൾ ബ്ലോഗ് എഴുതി സമയം ചെലവാക്കുന്നു.
പണ്ട് ഞങ്ങളെ കണക്ക് പഠിപ്പിച്ച ടീച്ചറെ തികച്ചും അപ്രതീക്ഷിതമായി കാണാനിടയായി. വിശേഷങ്ങൾ അന്വേഷിയ്ക്കുന്ന കൂട്ടത്തിൽ എനിക്കെന്താണ് ജോലിയെന്ന് ടീച്ചർ ചോദിച്ചു.
ബ്ലോഗ് എഴുതുന്നതിനു ശമ്പളമൊന്നുമില്ലാത്തതു കൊണ്ട് ഞാൻ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.
മംഗലാം കുന്ന് കർണനായ അനിയത്തിയെ അന്വേഷിയ്ക്കാൻ ടീച്ചർ മറന്നില്ല.
അവൾ അമേരിക്കൻ കമ്പനിയിൽ ഉദ്യോഗ പവറിലാണെന്നും നല്ല ഗമണ്ടനായ ഒരു ശക്തിമാൻ ട്രക്കിലാണ് നോട്ട് കെട്ടുകൾ കൊണ്ടുവരാറെന്നും അറിയിക്കേ, ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘മിടുക്കിയായിരുന്നു പണ്ടും. കണക്കിൽ നൂറിൽ കുറഞ്ഞ് മാർക്ക് വാങ്ങിയിട്ടില്ല. കണക്കറിയണോര്ക്ക് എവടേം നല്ല നെലേണ്ടാവും.‘
എനിക്കെന്നും നാല്പത് മാർക്ക് തന്നിരുന്ന, എന്നെ ഫുൾ പാസ്സാക്കിയിരുന്ന ടീച്ചറാണ് പറയുന്നത്.
ഇപ്പോഴും എപ്പോഴും എവിടേയും എന്നേയ്ക്കും കണക്ക് താൻ ടാ, സൂപ്പർ സ്റ്റാർ.
32 comments:
കണക്കറിയാത്ത (കാര്യമായിട്ട് ഒന്നുമറിയാത്ത ) ഈ ഞാനും ശരി വെക്കുന്നു .
കണക്ക് നല്ല രസമല്ലേ...
എന്തായാലും നല്ല രസമായി അവതരിപ്പിച്ചിരിക്കുന്നു.
നന്നായി നര്‍മ്മം കലര്‍ത്തി ഭംഗിയാക്കി.
വിത്തൌട്ട് മാത്തമാറ്റിക്സ് ഭൂമി വെറുമൊരു വട്ട പൂജ്യം :)
നല്ല അവതരണം
രസമായി വായിച്ചു
എനിക്കും കണക്ക് അറിയില്ല അതുകൊണ്ട്
അതിനെ കുറിച്ച് ഒന്നും പറയുന്നില്ല
നര്‍മ്മം ചേര്‍ത്തത് നന്നായിരിക്കുന്നു.
എന്റെ എച്ചൂട്ടിയേ,
ഈ കണക്കാണോ ഇത്ര വല്യ പ്രശ്നക്കാരന്‍? എന്നോട് സംശയം ചോദിക്ക്യായിരുന്നില്ലേ കുട്ടിക്ക്..ഞാന്‍ നല്ല മണി മണി പോലെ പറഞ്ഞു തരുമായിരുന്നല്ലോ.."കുറുപ്പിന്റെ കണ്ക്കുപുസ്തകം" എന്ന സിനിമ കണ്ടാല്‍ പോരായിരുന്നോ? കഷ്ടംന്റെ കുട്ട്യേ...
ഇനി വേറെ വല്ല സൂത്രങ്ങളറിയണമെങ്കില് ദാ.. ഇതു വായിക്കൂ.
നല്ല രസമുണ്ടായിരുന്നുട്ടോ വായിക്കാന്‍..
All are mathematics ....
ഞാന്‍ കുറച്ച് കണക്ക് പഠിക്കാന്‍ ശ്രമിച്ചതാ..ബി എസ് സി ക്ക്... പിന്നെ സെക്കന്‍ഡ് ഇയര്‍ ആയപ്പോ മനസിലായി ആവശ്യത്തിലധികം പഠിച്ചുകഴിഞ്ഞു ന്ന്.. അതോണ്ട് പിന്നെ എം എ ക്ക് മലയാളത്തിന് പോയി. ആ വഴി തന്നെ തുടരുന്നു..
ബി എസ് സി കഴിഞ്ഞട്ടും ശതമാനം കണക്കാക്കാന്‍ പോലും അറിയാത്ത ഒരേ ഒരാള്‍ ഞാനാവുമോ? ഈ കണക്ക് പോലും അറിയാത്ത നീയാണോ മൂന്നുകൊല്ലം കണക്ക് പഠിച്ചേ ന്ന് ആരെങ്കിലും ചോദിച്ചാല്‍, കണക്ക് അറിയാത്തോണ്ടല്ലേ പഠിക്കാന്‍ പോയേ എന്ന് തര്‍ക്കുത്തരം പറഞ്ഞു പിടിച്ചു നില്ക്കും...
പോസ്റ്റ് ആസ്വദിച്ചു ..നല്ല നര്‍മം
നല്ല രസായി വായിച്ചു..:)
കുഞ്ഞുനാളില്‍ കണക്കെന്നെ ഇത്തിരി പേടിപ്പിച്ചിട്ടുണ്ടെങ്കിലും പിന്നെ അതിനോട് കൂട്ട് കൂടാന്‍ കാരണമായത് കണക്കിലെ കളികള്‍ അത്രയും രസായി ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്ന കണക്ക് മാഷാണു..
ഈശ്വരാ... തേഡ് സെമ്മിലെ മാത്സ് സപ്ലി ഇപ്പളും കേടക്കാ
കണക്ക് അറുയാത്തവനെ ഒന്നിനും കൊളൂലാ എന്ന് പറയുന്നതു ശരിയല്ലാ ..എന്താ എനിക്കൊന്നും ഇവിടെ ജീവിക്കണ്ടെ..?? കൂതറ കണക്ക്.. ഹും!!
എനിയ്ക്ക് എന്തു കൊണ്ടോ പണ്ടു മുതല്‍ കണക്ക് വലരെ ഇഷ്ടമായിരുന്നു... ഒരിയ്ക്കലും കണക്കു പരീക്ഷകള്‍ എന്നെ പേടിപ്പിച്ചിട്ടില്ല, ഭാഗ്യം!
(എന്തിന്, പ്രീ ഡിഗ്രി - ഡിഗ്രീ സമയത്ത് കണക്ക് പഠിച്ചില്ലെങ്കിലും എങ്ങനെയും ജയിയ്ക്കാമായിരുന്നു എന്ന ചെറിയൊരു അഹങ്കാരം പോലുമുണ്ടായൊരുന്നു എന്നതാണ് സത്യം... ന്നാലും എന്തോ ഭാഗ്യത്തിന് അന്നും ദൈവം കൈവിട്ടില്ല കേട്ടോ.)
പിന്നെ, എന്റെ ഒരു അടുത്ത സുഹൃത്ത് (ജിബീഷേട്ടന്) കണക്ക് മാഷാണ്. ആ സുഹൃത്തിന്റെ ചില പ്രത്യേക സ്വഭാവ ശൈലികള്‍ മനസ്സില്‍ വച്ച് എഴുതിയ ഒരു കഥയാണ് ഇതു വായിയ്ക്കുമ്പോള്‍ ഓര്‍മ്മ വന്നത്. :)
അപ്പോ കണക്കാ അല്ലേ ?
സാരമില്ല, എല്ലാം കണക്കാ.
ഓ...ഈ കണക്കു അത്ര വലിയ കാര്യം അല്ല. എനിക്ക് ഞാന്‍ എങ്ങനെ പ്രി ഡിഗ്രി ഫസ്റ്റ് ഗ്രൂപ് ചാടി കടന്നു എന്ന് ഇന്നും അറിയില്ല.
നല്ല എഴുത്ത്.
നല്ല രസമായി അവതരിപ്പിച്ചിരിക്കുന്നു.
രസകരം.
സാദിക്കിനും രാംജിയ്ക്കും നന്ദി. കണക്ക് രസമായിരുന്നില്ല രാംജി.
രഞ്ജിത്തിനു സ്വാഗതവും നന്ദിയും. കണക്ക് നല്ലോണം അറിയാമെന്ന് മനസ്സിലായി.
സിനുവിനെ കണ്ടതിൽ സന്തോഷം.
വായാടിയെ നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു.കാലത്തിന്റെ കണക്ക് തെറ്റിയെന്നർത്ഥം.
മത്തായിയ്ക്കും സ്വാഗതവും നന്ദിയും പറയട്ടെ.അപ്പോൾ കണക്കിൽ മിടുക്കനാണല്ലേ?
മൈലാഞ്ചിയ്ക്ക് സ്വാഗതം. എന്നെക്കാൾ ഭേദമാണെന്നു ,മനസ്സിലായി. നന്ദി പറയട്ടെ.
റോസിനും ഹാഷിമിനും നന്ദി. ഹാഷിമിന്റെ ചങ്കുറപ്പിനെ അഭിനന്ദിയ്ക്കുന്നു.
അപ്പോ, ശ്രീയും ഒരു കണക്ക് ക്കിടുമനാണ്, ഹും. എന്നാൽ അങ്ങനെയാവട്ടെ.
കലാവല്ലഭനും ക്യാപ്റ്റനും കാഴ്ചക്കാരനും സ്വാഗതം, പിന്നെ നന്ദിയും.കണക്കിൽ അത്ര ക്കിടുമനല്ലെങ്കിലും ക്യാപ്റ്റനല്ലേ?
മുകിലിന് നന്ദി.
ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എല്ലാവർക്കും നന്ദി. ഇനിയും വരുമല്ലൊ അല്ലേ?
njanum koottund .. echmoo ..
njanum maths nu purakotta..
patham class kazhinjanum njangal thammils ulla sneham nashtappettath enne ulloo ..
ശരിക്കും എന്നെക്കുരിചാണോ എഴുതുന്നതെന്ന് തോന്നിപ്പോയി. ഈ കണക്കിനെന്താ കൊമ്പുണ്ടോന്നു ചോദിച്ചാണ് +2 വില്‍ കണക്കില്ലാത്ത വിഷയങ്ങള്‍ മെയിനായിട്ടെടുത്തു ഡിഗ്രിക്ക് സാമ്പത്തിക ശാസ്ത്രം പഠിക്കാന്‍ പോയത്. അവിടെ കുറച്ച് കണക്കുണ്ടായിരുന്നെങ്കിലും കഷ്ടിച്ച് രക്ഷപെട്ടു. M.A ക്ക് ചെന്നപ്പോഴാണ്, പടപേടിച്ച് പന്തളത് ചെന്നപ്പോള്‍ എനാ പഴമൊഴിയുടെ അര്‍ഥം പൂര്‍ണമായും മനസ്സിലായത്. എല്ലാ വിഷയത്തിലും കണക്ക്. സാമ്പത്തിക ശാസ്ത്രം കണക്കിലാണോ ഉണ്ടാക്കിയതെന്ന് വരെ തോന്നിപ്പോയി....അവിടന്നോന്നു തട്ടുകെടില്ലാതെ രക്ഷപെട്ടു പോരാന്‍ പെട്ട പാട്.....ഹോ!
കണക്കറിയില്ലെങ്കിലെന്താ, എഴുത്തറിയാമല്ലോ.
ഈ കണക്കന്മാരില് എത്രപേര്‍ക്ക് എച്ച്മുക്കുട്ടിയെപ്പോലെ എഴുതാന്‍ പറ്റും?
കുതിരയ്ക്കെന്തിനാ കൊമ്പ്?
ഈ കണക്കൊന്നും അത്ര വിഷയമല്ലന്നേ....!
എല്ലാം കണക്കാ...!!
ചേച്ചിപ്പെണ്ണ് കൂട്ടുണ്ട് എന്നു കേട്ടതിൽ സന്തോഷം.കൂട്ട് വിടല്ലേ..........
രഞ്ജിത്തിനും കണക്കറിയില്ല. എനിക്ക് സമാധാനിയ്ക്കാൻ വകുപ്പുണ്ട്.
മൂരാച്ചി എഴുതിയത് വലിയ അക്ഷരത്തിലാക്കി കണക്കന്മാർക്ക് ഒക്കെ അയച്ച് കൊടുക്കണം. വായിച്ചിട്ട് നാലു കണക്ക് കൂടി ചെയ്യട്ടെ. അഭിനന്ദനത്തിന് പെരുക്കപ്പട്ടിക പോലെ പെരുകി വരുന്ന നന്ദി.
വികെയുടെ അഭിപ്രായമാണ് ശരിയ്ക്കും പ്രപഞ്ച സത്യം.
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി.
ഇനിയും വരുമല്ലോ
എത്ര കൂട്ടിനോക്കിയാലും തെറ്റിപോകുന്ന കണക്കുകളുടെ ലോകത്ത് പെട്ടുപോയതുകൊണ്ട് ഇങ്ങോട്ടു വരാന്‍ കുറെ നാളായി കഴിഞ്ഞില്ല... എച്ച്മുവിറെ ഉലകം ആകെ മാറി.. കെട്ടിലും മട്ടിലും... ശൈലിയിലും... നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍... പിന്നെ... കണക്കിനെ വെറുത്തിട്ടും ഒടുവില്‍ അതിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന കഥ വളരെ സരസമായി അവതരിപ്പിച്ചിരിക്കുന്നു.... ആഗോളവല്ക്കരനത്തിനെതിരെ തൊണ്ടകീറി മുദ്രാവാക്യം വിളിച്ചു നടന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം അതിന്റെ ഗുണവശങ്ങളെ കുറിച്ച് അറുപതുപേജു ടെസര്ട്ടെഷന് എഴുതേണ്ടി വന്നത് , വയറ്റുപിഴപ്പിന്റെ ഭാഗമായി കരുതി ആശ്വസിച്ചതും ഇതിനോടൊപ്പം കൂട്ടിവയ്ക്കയാണ്.....
എടുത്തു പറയാതെ വയ്യ... തുടക്കത്തിലേ ഹാസ്യത്തിന്റെ മേമ്പൊടി ചേരുന്ന വരികള്‍ വളരെ ഇഷ്ടപ്പെട്ടു.. ഇതാണ്.. എച്ചുമു ശൈലി.. !!
ചക്കിമോൾടെ അമ്മയെ കാണാത്തതിൽ നല്ല വിഷമം ഉണ്ടായിരുന്നു. വന്നപ്പോൾ സന്തോഷമായി.
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.
ഇനിയും വരണേ..., വൈകാതെ.
കണക്കിനെ പേടിയുള്ളൊരുത്തനാ ഞാനും. പക്ഷേ, ഇന്ന് കണക്കെഴുതി ജീവിക്കുന്നു. ഓരോ നിയോഗം.! നല്ല രസമുണ്ട് പോസ്റ്റ് വായിക്കാന്‍.
കുമാരന്റെ പ്രോത്സാഹനത്തിന് നന്ദി. ഇനിയും വരുമല്ലോ.
കണക്കോ അതുമായി ബന്ധമില്ലാത്ത സുബ്ജെക്റ്റ് തിരഞ്ഞാണ് ഞാന്‍ സോഷ്യോളജി കണ്ട്പിടിച്ചത്..അതുംവിമലാ കോളേജില്‍. ആ ഹോസ്റ്റലിലെ കന്യാസ്ത്രീകളുമായുള്ള തല്ലുപിടുത്തം ആരംഭിച്ചപ്പോള്‍ തോന്നി കണക്കാ ഇതിലും ഭേദംന്ന്..എല്ലാം കണക്കാന്ന് പിന്നെ ആശ്വസിച്ചൂ....
ഗൌരിനാഥനും കണക്ക് അറിയില്ലെന്ന് കേൾക്കുന്നതിൽ സന്തോഷം. വന്ന് വായിച്ചതിനും അഭിപ്രായം പറയുന്നതിനും നന്ദി.
ഞാന്‍ കണക്കാണ് ഡിഗ്രിക്കു പഠിച്ചത്.കണക്കുകാര് വായിക്കെണ്ട എന്നു പറഞ്ഞിട്ടും വായിച്ചു.
ഇടക്കു കുറച്ചു ഇഴഞ്ഞപോലെ തോന്നിയെങ്കിലും എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു.
കണക്ക് വഴങ്ങില്ല എങ്കിലും എച്ച്മുവിനു നര്‍മം വഴങ്ങും
എന്ന് ഇപ്പൊ മനസ്സിലായി.സിമ്പിള്‍ അല്ലെ debit what comes in
and credit what goes out.കണക്ക് ടീച്ചറിനോട് ചുമ്മാ ചിരിച്ചു കാണിക്കാതെ ഇങ്ങനെ പറഞ്ഞാല്‍ മതി ആയിരുന്നു.ബ്ലോഗ്
came in and ജോലി went out എന്ന്...ശമ്പളം ഇല്ലാത്ത ബ്ലോഗ്
എഴുത്ത്..ജോലി ബ്ലോഗിങ്ങ് കൂലി കമന്റിംഗ് എന്ന് കൂട്ടി
ഇപ്പൊ ആശ്വസിക്കുക...
കണക്കിന് എനിയ്ക്ക് ഇയാളെക്കാള്‍ നാല് മാര്‍ക്ക് കൂടുതലായിരുന്നൂലോ :))))
ഈ സീരിയസ് പെന്‍ നര്‍മ്മവും എഴുതുമല്ലോ..അത്ഭുതം
ആഹാ എച്ചുമു - അസ്സലായി എഴുതിയല്ലോ....
ഇതൊന്നു കാണാതെ പഠിച്ച് ക്ലാസില്‍ കുട്ടികളുടെ അടുത്ത് നാടകീയമായി അവതരിപ്പിച്ചാലോന്ന് ചിന്തിക്കുവാ. പേടിക്കണ്ട ആളെ മാറ്റിപ്പറഞ്ഞോളാം.ഓരിടത്തൊരിടത്ത് ഒരു കുട്ടിയും അവളുടെ അനിയത്തിയും ഉണ്ടായിരുന്നു എന്ന മട്ടില്‍.....
ഇതില്‍ നിന്ന് കുട്ടികള്‍ക്ക് എന്തൊക്കെയോ കിട്ടാനുണ്ട് എന്നൊരു തോന്നല്‍.... രസകരമായി അവരെ വിഷയത്തിലേക്ക് അടുപ്പിക്കാമെന്നും, എല്ലാം വിഷയത്തിനും പ്രാധാന്യമുണ്ടെന്നും ,അവനവന്റെ താല്‍പ്പര്യത്തിന് അനുഗുണമായ വിഷയമാണ് തിരഞ്ഞെടുക്കേണ്ടതെന്നും മറ്റുമുള്ള നല്ല സന്ദേശം ഇതിലൂടെ കുട്ടികളിലെത്തിക്കാമെന്നൊരു തോന്നല്‍
സര്‍ക്കാരും,ശാസ്ത്രസാഹിത്യ പരിഷത്തുമൊക്കെ ഇടപെട്ട് - സയന്സു വിഷയങ്ങള്‍ പഠിക്കുന്നവരാണ് മാന്യന്മാരെന്നും, എഞ്ചിനീയറും,ഡോക്ടറുമാവുന്നതില് കവിഞ്ഞ് വല്യൊരു ഉദ്യോഗമില്ലെന്നും.ധനസമ്പാദനമാണ് തൊഴിലിന്റെ മഹത്വത്തിന്റെ ആധാരമെന്നുമൊക്കെ നമ്മുടെ കുട്ടികളെ പഠിപ്പിച്ചുവെച്ചിരിക്കുകയാണല്ലോ. അതൊന്നും മാറ്റിയെടുക്കാമോന്നും, എല്ലാവര്ക്കും ,എല്ലാ വിഷയത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിക്കാനവില്ലെന്നും, അവനവന്റെ വിഷയം ഏതെന്നു കണ്ടെത്തി, അത് ആസ്വദിച്ച് പഠിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതെന്നും, സമ്പത്തിനേക്കാള്‍ മഹത്വമുണ്ട് അറിവിനെന്നും,അതു ധനത്തേക്കാള്‍ ജീവിതാസ്വാദനത്തിന് ഉപയോഗിക്കാമെന്നും, ഏതു തൊഴിലും സത്യസന്ധമായി ചെയ്യുമ്പോള്‍ അതിന് മാന്യത കൈവരുന്നു എന്നും മറ്റുമുള്ള ഒത്തിരി സന്ദേശങ്ങള്‍ ഞാന്‍ എച്ചുമുവിന്റെ അനുഭവം ഇച്ചിരി പൊടിപ്പും തൊങ്ങലും വെച്ചു മാറ്റിപ്പറഞ്ഞ് എന്റെ കുട്ടികള്‍ക്ക് കൈമാറും...
കണക്ക് മനസ്സിലാവും വരെ വലിയ ടഫ്ഫാ , മനസ്സിലായി കഴിഞ്ഞാൽ ഇന്ട്രസ്റ്റാ ...
Post a Comment