‘അയ്യോ, ന്റെ ദയിവേ…………‘
ദയനീയമായ ആ കരച്ചിൽ കേട്ടാണ് ഞാനും അനിയത്തിയും ഉമ്മറത്തേയ്ക്ക് ഓടിച്ചെന്നത്.
മുറ്റത്ത് മാവിൻ ചുവട്ടിൽ കരി പോലെ കറുത്ത്, നന്നെ കുറുതായ ഒരു തള്ള വീണു കിടക്കുകയാണ്. അല്പം ഭയം തോന്നിയെങ്കിലും അടുത്ത് ചെന്ന് നോക്കി.
ലക്ഷക്കണക്കിന് ചുളിവുകളുള്ള മുഖം. അടഞ്ഞ കൺപോളകൾക്കുള്ളിൽ നിന്ന് കണ്ണീരൊലിച്ചിറങ്ങുന്നു. അതി ദീനം കിതയ്ക്കുന്നുമുണ്ട്. ആകെപ്പാടെ ഒരു പന്തിയില്ലായ്മ.
വേറെന്തു ചെയ്യാൻ? അമ്മീമ്മയെ വിളിയ്ക്കുകയല്ലാതെ.
അകത്ത് നിന്ന് ഓടി വന്ന അമ്മീമ്മ, പെട്ടെന്ന് തന്നെ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. തള്ളയുടെ കറുത്ത മുഖത്ത് കുറച്ച് വെള്ളം കുടഞ്ഞപ്പോൾ ആ കണ്ണുകൾ മിഴിഞ്ഞു. അറപ്പ് തോന്നുന്ന വിധത്തിൽ കൺപോളകളിൽ മഞ്ഞച്ച പീള വടു കെട്ടിയത് കാണാമായിരുന്നു.
തള്ള പതുക്കെ ഇരിയ്ക്കാൻ ശ്രമിച്ചു. എന്നാലും വേച്ച് പോകുന്നു. സാധാരണയായി പരിചയമുള്ളവരെ പോലും സ്പർശിയ്ക്കാത്ത അമ്മീമ്മ, ആ അപരിചിതയുടെ കൈയ്ക്ക് പിടിച്ച് ഇരിയ്ക്കാൻ സഹായിക്കുന്നത് കണ്ടപ്പോൾ അൽഭുതം തോന്നി. പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്തു.
ആ തള്ളയുടെ ഇടത് കാലും കൈയും തളർന്നതായിരുന്നു. കൈ വാഴപ്പിണ്ടി പോലെ കുഴഞ്ഞ് കിടക്കുന്നു. കാലിന് ലേശം കൂടി സ്വാധീനമുണ്ട്. അമ്മീമ്മയ്ക്ക് അതെങ്ങനെയാണാവോ ഇത്ര പെട്ടെന്ന് മനസ്സിലാക്കാനായത്?
തള്ള ഒരു മൊന്ത നിറയെ പച്ചവെള്ളം ഗ്ലും ഗ്ലും എന്ന് കുടിച്ച് തീർത്തു. എന്നിട്ട് മൂവാണ്ടൻ മാവും ചാരി ഇരിപ്പായി. അമ്മീമ്മ ഒരു കീറിയ കോട്ടൺ സാരിയും ഇത്തിരി അരിയും ലേശം എണ്ണയും കൊടുത്തു. ഇതിനൊക്കെപ്പുറമേ ഒരു ചില്ലു ഗ്ലാസിൽ ചായയും.
അതായിരുന്നു തുടക്കം.
അന്നൊരു ശനിയാഴ്ചയായിരുന്നു. അമ്മീമ്മയ്ക്കും ഞങ്ങൾക്കും സ്കൂളില്ലാത്ത ദിവസം.
ശനിയാഴ്ചകളിൽ അമ്മീമ്മയെ കാണാൻ ആരെങ്കിലുമൊക്കെ വരാറുണ്ടായിരുന്നു. പച്ചക്കറിക്കാരൻ ഔസേപ്പ്, കപ്പ വിൽക്കുന്ന കത്രീന, അമ്മീമ്മയെ പഠിപ്പിച്ചിട്ടുള്ള, പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയുന്ന, പണ്ട് കാലത്തേ ഇംഗ്ലണ്ടിലൊക്കെ പോയ, അമ്മിണിക്കുട്ടിയമ്മ ടീച്ചർ…………………..
അങ്ങനെ കുറച്ച് പേർ.
ഒരു സ്ഥിരം ശനിയാഴ്ച സന്ദർശക കൂടി ആ വരിയിൽ സ്ഥാനം പിടിച്ചു.
തള്ള വരുന്നത് പിച്ചയ്ക്കാണ്. കച്ചവടത്തിനും സൌഹ്റുദം പുതുക്കാനുമൊന്നുമല്ല. ഒരു പന്ത്രണ്ട് മണിയാകുമ്പോൾ ‘ന്റെ തമ്പിരാട്യേ……. ‘എന്ന് കരയും മട്ടിലുള്ള അടഞ്ഞ ശബ്ദത്തിൽ വിളിച്ച് തള്ള മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഹാജർ വെയ്ക്കും. കൈയും കാലും സ്വാധീനം കുറഞ്ഞതായതുകൊണ്ട് വല്ലാത്ത ഒരു ഏന്തലോടെയും ആട്ടത്തോടെയുമാണ് നടക്കുക. നടക്കുന്നതിനിടയിൽ എന്തൊക്കെയോ പിച്ചും പേയും പറയുന്നുമുണ്ടാവും.
ഒരു മൊന്ത നിറയെ വെള്ളവും വാങ്ങിക്കുടിച്ച്, മാവിന്റെ തണലിൽ കിടന്ന് പതുക്കെ മയങ്ങും.
അമ്മീമ്മ ശനിയാഴ്ചകളിൽ ആ തള്ളയ്ക്ക് ഉച്ചയൂണു നൽകിപ്പോന്നു. ആർത്തിയോടെ വാരി വാരി ഉണ്ണുന്ന തള്ളയെ കണ്ടപ്പോഴാണ് വിശപ്പിന്റെ കാഠിന്യത്തെക്കുറിച്ച്, ഞാൻ ആദ്യമായി ആലോചിയ്ക്കാൻ തുടങ്ങിയത്.
രണ്ടു പേരും കൂടി അതു കഴിഞ്ഞ് കുറെ നേരം വർത്തമാനം പറഞ്ഞിരിയ്ക്കും.
എന്ത് വർത്തമാനം?
തള്ള പറയുന്നത് കാര്യമായിട്ടൊന്നും ആർക്കും മനസ്സിലായിരുന്നില്ല. എന്നു വെച്ചാൽ അമ്മീമ്മയെ വീട്ടു പണിയിൽ സഹായിയ്ക്കാൻ വരുന്ന പാറുക്കുട്ടിയ്ക്കോ ആസ്ഥാന പണിക്കാരൻ ഗോവിന്നനോ ഒന്നും യാതൊന്നും പിടികിട്ടിയിരുന്നില്ല. എങ്കിലും പാറുക്കുട്ടിയും ഗോവിന്നനും ഒടുവിൽ ആ സത്യം കണ്ടു പിടിയ്ക്കുക തന്നെ ചെയ്തു.
തള്ളയ്ക്ക് എന്തോ അതീവ ഗുരുതരമായ അസുഖമാണ്. കാൻസറിയോ ട്യൂബോ അതുപോലെ എന്തോ. ചികിത്സിയ്ക്കാൻ ഒരുപാട് പണം വേണമെന്ന് ഡോക്ടർ പറഞ്ഞുവത്രെ. എന്തായാലും കെട്ടിയവനും മോനും കൂടി ചെറ്റപ്പുരയിൽ നിന്ന് ഇറക്കിവിട്ടതാണ്. ചെറുമനാണോ പെലയനാണോ നായാടിയാണോ എന്നൊന്നും അറിഞ്ഞുകൂടാ. ഇപ്പോ ബസ്സ് പോകുന്ന റോഡിനരികെ നാലു മുളയും നാട്ടി കുറച്ച് കീറപ്പഴന്തുണിയും ചാക്കുമൊക്കെ ഞാത്തിയിട്ട് അതിലാണ് കഴിഞ്ഞു കൂടുന്നത്. സൂര്യനുദിച്ചാൽ തെണ്ടാനിറങ്ങും.
‘ആ പണ്ടാരത്തിനോട് ടീച്ച് റ്ക്ക് എന്താപ്പോ ഒരു അലിവ്? വന്ന് സുഖായിട്ട് ചോറുണ്ണാ, ഇബടെ പണ്ട് കൊടത്ത് വെച്ചേക്ക്ണ പോലെ‘
പാറുക്കുട്ടിയ്ക്ക് സാമാന്യം ദേഷ്യം വന്നു കഴിഞ്ഞിരുന്നു. തള്ളയുടെ വരവ് ഗോവിന്നനും അത്ര പഥ്യമായിരുന്നില്ല. ചിലപ്പോൾ അസുഖം അഭിനയിക്കുന്നതായിരിക്കും എന്നൊരു സംശയം ഗോവിന്നൻ പ്രകടിപ്പിച്ച് നോക്കിയെങ്കിലും അമ്മീമ്മ അതു ശ്രദ്ധിക്കാതിരുന്നതിൽ അയാൾക്ക് പരാതിയുണ്ടായിരുന്നു.
തള്ളയിൽ നിന്നാണ് മോളേരിപ്പായിസത്തെക്കുറിച്ച് ഞങ്ങൾ ആദ്യം കേട്ടത്.
ആ പായസം അവരുടെ വിശിഷ്ട ഭോജ്യമാണത്രെ. മുളങ്കാടുകൾ പൂക്കുമ്പോഴാണ് മുളയരി കിട്ടുകയെന്നും അതും കുറച്ച് ശർക്കരയും ഇത്തിരി നെയ്യും കിട്ടിയാൽ നല്ല രസികൻ പായസമുണ്ടാക്കാമെന്നും തള്ള പറഞ്ഞു. എന്നിട്ട് വായിൽ നിന്നൊഴുകിയ കൊഴുത്ത തുപ്പൽ പഴന്തുണി കൊണ്ട് തുടച്ചു.
‘പണ്ടാരത്തിന് കൊതിയാവ്ണ്ട്.‘ പാറുക്കുട്ടി പിറുപിറുത്തു.
അമ്മീമ്മ രൂക്ഷമായി നോക്കിയപ്പോൾ പാറുക്കുട്ടി, പതുക്കെ അകത്തേയ്ക്ക് വലിഞ്ഞു.
മുളയരി കൊണ്ടു വന്നാൽ ശർക്കരയും നെയ്യും പാത്രവും അടുപ്പുമൊക്കെ അമ്മീമ്മ ശരിയാക്കാമെന്ന് പറഞ്ഞ നിമിഷം തള്ള അത്യുച്ചത്തിൽ കരഞ്ഞു. ഏന്തിയേന്തി അമ്മീമ്മയുടെ കാല് തൊട്ട് തൊഴാൻ ശ്രമിച്ചു.
തള്ള പോയപ്പോൾ വീട്ടിൽ വലിയ പ്രശ്നമായി. പാറുക്കുട്ടിയ്ക്ക് അതൊട്ടും പിടിച്ചില്ല.
‘ആ തള്ള ഇണ്ടാക്കണ പായസം ങ്ങള് കഴിയ്ക്കോ? ങ്ങള് ഒരു അമ്മ്യാരല്ലേന്നും? നിക്ക് ചൊറിഞ്ഞ് കേറാ ങ്ങനെ. ങ്ങ്ടെ അനീത്തിയല്ലേന്നും താഴ്ന്ന യാതീക്കാരനെ കല്യാണം കഴിച്ച്ത്? ങ്ങ്ക്ക് ഇപ്പളും യാതീം മതോം ക്കെ ണ്ട്ല്ലോ. പിന്നെന്താന്നും ങ്ങ്ക്ക് ഇങ്ങന്യൊക്കെ തോന്നാൻ?’
‘അത് ഒരു പാവം . നമ്മ്ക്ക് അതിന്റെ ജാതീം മതോം ഒന്നും തെരക്കണ്ട. കാലും കൈയും തളർന്നിരിയ്ക്കണ പാവത്തിനെക്കൊണ്ട് ആരാ പായസം വെപ്പിയ്ക്കാൻ പോണേ? പായസം ഞാനും നീയും കൂടി വെയ്ക്കും. നമ്മളെല്ലാവരും കൂടി കഴിയ്ക്കും.‘
അമ്മീമ്മ തീർപ്പ് പറഞ്ഞപ്പോൾ പാറുക്കുട്ടി പിന്നെയും പരാതിപ്പെട്ടു.
‘എന്നാലും മൊളേരി ആ സൂക്കേട്ള്ള പിച്ചക്കാരി നായാടിത്തള്ളയല്ലേ കൊണ്ടരണ്?‘
‘നമ്മള് പീടികേന്ന് മേടിക്കണതൊക്കെ ഇണ്ടാക്ക്ണോര്ടെ ജാതീം മതോം അതില്‍ എഴ്തി വച്ച്ട്ണ്ടോ? അപ്പ അതാരാണ്ടാക്ക്യേ, അയാക്ക് എന്ത് സൂക്കേട്ണ്ടാരുന്നു എവിട്യാണ്ടാക്ക്യേന്നൊന്നും നമ്ക്ക് അറീല്യ്. കേമായ സാധനാണ്, പീടികേന്ന് വാങ്ങീതാണ് പറ്ഞ്ഞ് അങ്ങട് കഴിയ്ക്ക്ന്നേ ല്ലേ? ആ പാവം കൊണ്ടരണ മൊളേരിയ്ക്കും ഒരു തരക്കേടുണ്ടാവില്ല്യ.‘
പാറുക്കുട്ടി വിട്ടില്ല.
‘ങ്ങ്ക്ക് മോളേരിപ്പായസം കുടിയ്ക്കാൻ ന്താ ത്ര ആശ?‘
അമ്മീമ്മ പൊട്ടിച്ചിരിച്ചു.
‘ഒരാശേം എനിക്കില്ല്യാന്റെ പാറൂട്ടീ. അത് പാവം. ആരൂല്യാത്തതല്ലേ . എല്ലുമ്മേ പഴുപ്പ് കേറീരിക്ക്യാണ്. ചെലപ്പോ വേഗങ്ങ്ട്ട് സ്ഥലം വിടും. അതിനിഷ്ടള്ള ത്തിരി പായസം കൊടക്കാൻ പറ്റണത് നല്ലതല്ലേ? നമ്മ്ക്ക് എന്താ ഒരു ബുദ്ധിമുട്ട്? അത്രേള്ളൂ. അല്ലാണ്ട് എനിക്കെന്ത്നാ പഞ്ചാരേം പായസോം?’
ശനിയാഴ്ച ഒരു പത്തുമണിയ്ക്ക് തന്നെ തള്ള ഹാജരായി. സാധാരണ വരുന്ന മാതിരിയല്ല, വന്നത്. കുളിയ്ക്കുകയും വെടിപ്പാകുകയും ഒക്കെ ചെയ്തിട്ടുണ്ട്. അമ്മീമ്മ കൊടുത്ത കനമുള്ള ഒരു സാരി മുറിച്ച് മുണ്ടാക്കി ധരിച്ചിരിയ്ക്കുന്നു. പോരാത്തതിന് നെറ്റിയിൽ ഒരു കുറിയും വരച്ചിരിയ്ക്കുന്നു. നല്ല ഉത്സാഹവും പ്രസരിപ്പുമുണ്ടായിരുന്നു.
മുറ്റത്ത് തന്നെ പാറുക്കുട്ടി അടുപ്പ് കൂട്ടി , മുളയരി വേവിച്ചു, ശർക്കര പാനിയാക്കി നെയ്യും ചേർത്ത് പായസം തയാറാക്കി. എല്ലാം തള്ളയുടെ നിർദ്ദേശമനുസരിച്ചു തന്നെ. അമ്മീമ്മയുടെ സൂക്ഷ്മമായ മേൽനോട്ടവുമുണ്ടായിരുന്നു. എന്തായാലും കുറച്ച് സമയം കഴിഞ്ഞപ്പോൾ നെയ്യിലും ശർക്കരയിലും കുതിർന്ന് വെന്ത പായസത്തിന്റെ കൊതിപ്പിയ്ക്കുന്ന മണം അവിടമാകെ പരന്നു.
അന്നെല്ലാവരും നാക്കിലയിലാണ് ഊണു കഴിച്ചത്, കൂടെ മുളയരികൊണ്ടുള്ള പായസവും വിളമ്പി. പാറുക്കുട്ടിയും ഗോവിന്നനും അപ്പോൾ മാത്രം വന്നെത്തിയ കത്രീനയും കൂടി ആഹാരം കഴിച്ചപ്പോൾ പായസമുൾപ്പടെ എല്ലാം തീർന്നു. എന്നിട്ടും തള്ളയ്ക്ക് കൊടുത്തയയ്ക്കാൻ അമ്മീമ്മ കുറച്ച് പായസം കരുതി വെച്ചിരുന്നു. അത് കണ്ട് തള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ വായ മുഴുക്കെ തുറന്ന് ചിരിച്ചു.
അപ്പോൾ എല്ലാവരും ചിരിച്ചു പോയി.
അങ്ങനെയാണ് ഞങ്ങളെല്ലാവരും ജീവിതത്തിലാദ്യമായി മുളയരിപ്പായസം കഴിച്ചത്.
മോഡേൺ മെഡിസിൻ പഠിച്ച ഡോക്ടർക്ക് പറ്റിയ ഒരു അബദ്ധം മാത്രമായിരുന്നോ രോഗം എന്നറിയില്ല, കാരണം തള്ള പിന്നെയും വളരെക്കാലം, ആ ഏന്തലോടെയും ആട്ടത്തോടെയും ജീവിച്ചിരുന്നു. എല്ലാ വീടുകളിലും പിച്ചയ്ക്ക് നടന്ന് നടന്ന് ഒടുവിൽ ഒരു മൊബൈൽ മാട്രിമോണിയൽ ബ്യൂറോ ആയി രൂപാന്തരപ്പെടുകയും ചെയ്തു.
അങ്ങനെ തള്ള പതുക്കെപ്പതുക്കെ മെച്ചപ്പെട്ടു.
അമ്മീമ്മയുടെയും തള്ളയുടേയും സൌഹ്റുദത്തിനാകട്ടെ ഒരു മാറ്റവും വന്നതുമില്ല.
23 comments:
"ആർത്തിയോടെ വാരി വാരി ഉണ്ണുന്ന തള്ളയെ കണ്ടപ്പോഴാണ് വിശപ്പിന്റെ കാഠിന്യത്തെക്കുറിച്ച്, ഞാൻ ആദ്യമായി ആലോചിയ്ക്കാൻ തുടങ്ങിയത്."
എനിക്കും ചെറുപ്പകാലത്ത് എന്റെ അമ്മൂമ്മ
മുള പൂത്ത് അരി കൊഴുയുമ്പൊള് അതിനടിയില്‍ പനമ്പ് വിരിച്ച്
അവ ശേഖരിച്ച് പായസവും അടയും ഒക്കെ ഉണ്ടാക്കിത്തരുമായിരുന്നു.
പഴയ ഓര്‍മ്മകലിലേക്ക് കൂട്ടിക്കൊണ്ടുപോയ കഥ.
മൊളേരിപ്പായസം ശ്ശി ഇഷ്ടായി.
മൊളേരിപ്പായസം ആദ്യമായാണു കേള്‍ക്കുന്നത്.ഈ മുള പൂത്തു കഴിയുമ്പോള്‍ ഉള്ളയരി കൊണ്ടുള്ള പുട്ടിനെ പറ്റി വീട്ടില്‍ പറഞ്ഞു കേട്ടിട്ടുണ്ടു.ഈ പായസത്തെ പറ്റി കേട്ടപ്പോള്‍ ആദ്യം അതാ ഓര്‍മ്മ വന്നത്..
പിന്നെ പായസം എനിക്കും നല്ലോണമിഷ്ടായി.അതിലുമൊരുപാടിഷ്ടായി അമ്മീമ്മേടെ മനസ്സ്..:)
:)
പണ്ട് അടുത്ത വീട്ടില്‍ മുള പൂത്തപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അതിന്റെ ചുവടു മുഴുവന്‍ വൃത്തിയാക്കിയിടും എന്നും. എന്നിട്ട് രാവിലെ പോയിട്ട് അതു് അടി ച്ചു കൂട്ടി എടുക്കും. അതൊക്കെ ഓര്‍മ്മ വന്നു. അതുകൊണ്ടുള്ള പായസം കഴിച്ചിട്ടില്ല.
ആകെക്കൂടെ ഒരു മാധവിക്കുട്ടി ടച്ച്!!അഭിനന്ദനങ്ങള്‍
എച്മുക്കുട്ട്യ് കലക്കീട്ടൊ. പക്ഷെങ്കില് നിക്ക് ഒരൂട്ടം അങ്ങട് പിടിച്ചില്ല്യട്ടൊ. തള്ള എന്നു നൂരായിരം തവണ പറഞ്ഞു. അത് എച്മി കഥയില്‍ കൊണ്ട്ടു വരാനുദ്ദേശിച കാരുണ്യത്തെ കെടുത്തി. ഒന്നംതരം നരേഷന്. പ്ലയിന്. കുട്ടികളുടെ കണ്ണിലൂടെയാണല്ലൊ കാഴ്ചകള്‍. പക്ഷെ അതില്‍ കുട്ടിതം കുറഞ്ഞു. പായസം കുടിക്കുന്നിടതു കഥ നിറ്ത്തീരുന്നെങ്കില് നന്ന്. ഒടുവില്‍ എല്ലാം ഫലിതമാക്കിയതും കഥയുടെ മൊത്തം മൂഡിനെ നേര്‍പ്പിച്ചു. കഥ പറയാന്‍ എച്ച്മിക്കറിയാം. (സക്കറിയ,മാധവിക്കുട്ടി,എം.റ്റി. മുണ്ടൂര്‍, ഏച്ചിക്കാനം, മുകുന്ദന്, ബിജു..സി.പി.. കെ.അര്.മീര. പി.വി.ഷാജികുമാര്‍, വായന അങ്ങനെ നീളട്ടെ.
Agree with Suresh's comment.
രാംജിയെ ഓർമ്മകളിലേയ്ക്ക് കൊണ്ടുപോയി എന്നെഴുതിയത് കണ്ടു. പ്രോത്സാഹനത്തിന് നന്ദി.
റോസിന്റെ അഭിപ്രായത്തിന് നന്ദി. ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയ നന്മയാണ് അമ്മീമ്മ.
ഹാഷിമിന് നന്ദി.
എഴുത്തുകാരി വന്നതിലും അഭിപ്രായം പറഞ്ഞതിലും ആഹ്ലാദവും നന്ദിയും.
ക് റുഷ്ണകുമാറിനെ കണ്ടതിൽ സന്തോഷം. അഭിപ്രായത്തിന് നന്ദി.
സുരേഷിന്റെയും പാമരന്റെയും അഭിപ്രായങ്ങൾക്ക് നന്ദി. ഞാൻ എഴുതി തുടങ്ങിയതല്ലേയുള്ളൂ. കുറവുകൾ ഇനിയും ചൂണ്ടിക്കാണിയ്ക്കുക. വായിയ്ക്കേണ്ടവരെയും പരിചയപ്പെടുത്തുക. അതൊക്കെ വലിയ പ്രോത്സാഹനമാണ്. ഇനിയും വരുമല്ലോ.
എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്..........
അമ്മീമ്മയുടെ മനസ്സിന്റെ അലിവ് മനസ്സിനെ സ്പര്‍ശിച്ചു.
മുളയരി പായസത്തെ പറ്റി ആദ്യമായാണ് കേള്‍ക്കുന്നത്.
വയനാട്ടില്‍ വെച്ചാണ് ഞാനീ വിഭവം കഴീച്ചത്.. മുളയരി പുട്ടും, കഞ്ഞിയുമെല്ലാംസ്വാദുറ്റതാണ്..എന്തായാലും എന്നത്തെയും പോലെ പോസ്റ്റ് വായനാസുഖം തരുന്നതാണ്..
ശ്രീയെ കണ്ടില്ലല്ലോ എന്നു വിചാരിയ്ക്കയായിരുന്നു. അമ്മീമ്മയെക്കുറിച്ച് ഒത്തിരി ദീപ്ത സ്മരണകളുണ്ട്.
ശ്രീയ്ക്ക് നന്ദി.
ഗൌരിനാഥന് നന്ദി.
മുളയരി കൊണ്ടുള്ള പായസം കഴിച്ചിട്ടില്ലെങ്കിലും ആ വാസന കഥയില്‍ നിന്ന് കിട്ടി...
കഥ ലളിതമായി പറഞ്ഞിരിക്കുന്നു. സുരേഷ് പറഞ്ഞ അത്രയും തോന്നുന്നില്ലെങ്കിലും, അല്പം മുറുക്കക്കുറവുണ്ട്. ഇനിയും എഴുതി എഴുതി തെളിയൂ. സുരേഷിനേപ്പൊലെയുള്ള വയനക്കാര് ഒരു അസ്സെറ്റാണ്. നന്നായിവരാന്‍ വഴികാട്ടാന്‍. ആശംസകള്‍.
മുളങ്കുറ്റിയില്‍ ഉണ്ടാക്കുന്ന പുട്ടും , ചാരായം ഒഴിച്ച് വെക്കാന്‍ മുളങ്കുറ്റി ഉപയോഗിച്ചിരുന്നു എന്നുമൊക്കെ കേട്ടിട്ട് ഉണ്ടെങ്കിലും മുളയെരിപായസം ആദ്യമായാണ് കേള്‍ക്കുന്നത് ......
കഥ നന്നായി.....
തള്ള എന്ന വാക്ക് ഉപയോഗിക്കുന്നത് കുറച്ചിരുന്നെങ്കില്‍........
മുകിലിന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നു.കൂടുതൽ നന്നായി എഴുതാൻ ശ്രമിയ്ക്കാം.
സിബുവിനും ഒറ്റയാനും സ്വാഗതവും നന്ദിയും പറയട്ടെ. ഇനിയും വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുമല്ലോ.
മുളയരിപ്പായസം ഞാനും കഴിച്ചിട്ടുണ്ട് .കുഞ്ഞായിരുന്നപ്പോള്‍ വീട്ടിലെ ഇല്ലിക്കാടു പൂത്ത് കായായപ്പോള്‍,അതിന്റെ ചുവട്ടില്‍ നെല്ലു ചിക്കുന്ന പായ വിരിച്ച് മുളങ്കമ്പു കുലുക്കിയണ് അരി ശേഖരിക്കുക.
കഥ നല്ല ഇഷ്ടമായി.ഇനിയും ഇതിലെ വരാം
Ishtayi.... Santhosham ..
എച്ചുമുകുട്ടീടെ അമ്മീമ്മയ്ക്ക് എന്റെ വക ഒരുപിടി സ്നേഹം!!
പിന്നെ ഈ മുളയരിപ്പായസം ഞാനിതു വരെ കഴിച്ചിട്ടില്ല. പക്ഷെ ഇതു വായിച്ച് കഴിഞ്ഞപ്പോള്‍ ആ പായസം കഴിച്ച ഒരു പ്രതീതി തോന്നുന്നുണ്ട്!!
ഒരുപാട് സ്നേഹത്തോടെ...
റോസാപ്പൂക്കൾക്കും ചേച്ചിപ്പെണ്ണിനും വായാടിയ്ക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കണേ.
വായാടിയുടെ സ്നേഹം കിട്ടുന്നതിൽ വലിയ സന്തോഷം.
മുള പൂത്ത് ജന്മമവസാനിപ്പിക്കും. അമ്മീമ്മയുടെയും “തള്ള”യുടെയും സ്നേഹം ഇന്നും ചിലര്‍ വായിച്ചുകൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങള്‍
പൂത്താല്‍ പിന്നെ ജീവിക്കാന്‍
അനുവാദം ഇല്ലാത്ത മുള
(ഇല്ലി).
ഇല്ലിപുട്ടിനെ പറ്റി കേട്ടിട്ടുണ്ട് ....
പായസത്തേക്കാള്‍ സ്വാദ് സ്നേഹത്തിനു
ഉണ്ടെന്നു കഥയില്‍ നിന്നു മനസ്സിലായി
.ആശംസകള്‍ ..
വയനാട് പോയപ്പോൾ ഞങ്ങൾ മുളയരി വാങ്ങിക്കൊണ്ടു വന്നു. വീട്ടിൽ വന്ന് അതുണ്ടാക്കിക്കഴിച്ചു.നന്ദി
ഒരു കുടുംബശ്രീ പാചകമേളയ്ക്കു പോയപ്പോൾ വയനാടൻ കുടുംബശ്രീക്കാരുടെ സ്റ്റാളിൽ നിന്നു ഞാൻ വാങ്ങിക്കഴിച്ചിരുന്നു. ഒരു നാലഞ്ചു വർഷം മുൻപേ. ഇഷ്ടമായി. പിന്നീട് അവസരം കിട്ടിയിട്ടില്ല. തനിനാടൻ രുചികളൊക്കെ കാണാണ്ടായിക്കൊണ്ടേയിരിക്കുന്നു...
Post a Comment