മെഡിക്കൽ കോളേജിൽ പഠിയ്ക്കുന്ന മകൻ സമരത്തിലാണ്.
ജാതിയുടെ പേരിലുള്ള സംവരണങ്ങളെയെല്ലാം അവനും സുഹ്റുത്തുക്കളും എതിർക്കുന്നു.
സമരം അക്രമാസക്തമായേക്കുമെന്നാണ് ശ്രുതി.
ഇടയ്ക്ക് ഫോൺ ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും അവനായതു കൊണ്ട് മറന്നേയ്ക്കാനും മതി.
മകനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ മനസ്സിൽ ആധി നിറയുന്നു. അവൻ സുരക്ഷിതനായിരിക്കട്ടെ.
രോഗികൾക്ക് മനസ്സമാധാനം നൽകേണ്ട ഡോക്റുടെ മനക്ലേശം ആരോട് പറയാനാണ്?
കർച്ചീഫ് കൊണ്ട് കണ്ണും മുഖവും അമർത്തിത്തുടച്ചിട്ട് മേശപ്പുറത്തിരുന്ന ലിസ്റ്റിൽ നോക്കി ആദ്യത്തെ രോഗിയെ വിളിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന വിധം ഉടുത്തൊരുങ്ങിയിരുന്ന ഒരു ചെറുപ്പക്കാരിയാണ് പേരു വിളിച്ചപ്പോൾ മുറിയിലേക്ക് കടന്നു വന്നത്.
ഡോക്ടറെ കാണുകയല്ല, കല്യാണപ്പാർട്ടിയ്ക്ക് പോകലാണ് ആവശ്യമെന്ന മട്ടായിരുന്നു അവളുടേത്.
അതീവ സൌഹ്റുദത്തോടെ പുഞ്ചിരിക്കുകയും അവളോട് ഇരിക്കാൻ പറയുകയും ചെയ്തു. ഈ പുഞ്ചിരിയും സ്നേഹപ്രകടനവുമെല്ലാം ജോലിയുടെ ഭാഗമാണ്. തന്നെ സമീപിയ്ക്കുന്നവരുടെ മനസ്സു തുറന്ന് കാണാനുള്ള ആദ്യ പടി.
ഒരു തരം ലജ്ജയോ പറയണോ വേണ്ടയോ എന്ന സംശയമോ ആണ് ചെറുപ്പക്കാരിയെ വിഷമിപ്പിക്കുന്നതെന്ന് തോന്നി.
വീണ്ടും ആ മധുരപ്പുഞ്ചിരി പുറത്തെടുത്തതിനൊപ്പം അവളുടെ കൈപ്പടത്തിൽ ചെറുതായി ഒന്ന് സ്പർശിക്കുക കൂടി ചെയ്തപ്പോൾ, ചെറുപ്പക്കാരി ദീർഘമായി നിശ്വസിച്ചു.
ഇങ്ങനെയാണ് എപ്പോഴും തുടങ്ങുന്നത്, എല്ലാവരും.
‘ചെറിയ ഒരു പ്രശ്നമായിട്ടേ ഇതാർക്കും തോന്നൂ, പക്ഷെ, എനിക്കിത് വലിയ പ്രശ്നമാണ്.’
‘പറയൂ, പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ല, ഈ ലോകത്തിൽ. ഞാൻ കേൾക്കട്ടെ, വിഷമിയ്ക്കാതെ ധൈര്യമായിരിക്കു.‘
അവൾ മുഖം തുടച്ചു, നാവു നീട്ടി വരണ്ട ചുണ്ടുകളെ തടവി.
മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ഗ്ലാസ് നീക്കി വെച്ചപ്പോൾ, ആശ്വാസത്തോടെ ഒറ്റ വീർപ്പിനു കുടിച്ചു തീർത്തു.
വീണ്ടും പഴയ മധുരപ്പുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചു.
‘പറയൂ, ധൈര്യമായി പറയൂ.‘
അവൾ ചെറിയ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.
‘എനിക്ക് അങ്ങനെ പറയാൻ മാത്രം ബുദ്ധിമുട്ടൊന്നുമില്ല ഡോക്ടർ. നല്ല വിദ്യാഭ്യാസവും ജോലിയും പണവും ഒക്കെയുള്ള ഭർത്താവാണ്. സ്വന്തം വീടുണ്ട്. അമ്മായിഅമ്മ അധികം സംസാരിയ്ക്കാറില്ല. പുറമേ നിന്ന് നോക്കിയാൽ ഒരു പ്രശ്നവും എനിക്കില്ല.‘
അതെ, ആദ്യത്തെ സൂചന വീണു കഴിഞ്ഞു. പുറത്തു കാണാത്ത അകമേ നീറുന്ന ഒരു പ്രശ്നമാണുള്ളത്.
‘അദ്ദേഹത്തിന്റെ ………..‘
പിന്നെയും നിശ്ശബ്ദത. വേണമോ വേണ്ടയോ എന്ന സംശയം മനസ്സിൽ നാമ്പിടുന്നത് ആ മിഴികളിൽ വായിയ്ക്കാമായിരുന്നു.
കണ്ണുകൾ അവളുടെ മുഖത്ത് ഉറപ്പിച്ചുകൊണ്ട് കസേരയിൽ ചാഞ്ഞിരുന്നു. ആ മനസ്സു തുറക്കാതിരുന്നാൽ അത് തന്റെ പരാജയമായിരിക്കുമല്ലോ.
അവൾ വിക്കലോടെ പറയാൻ ശ്രമിച്ചു.
‘ഞാൻ പറയുന്നത് ആരുമറിയരുത്. രഹസ്യമായിരിയ്ക്കണം.’
തികച്ചും ഔദ്യോഗികമായ ആത്മവിശ്വാസവും സൌഹ്റുദവും പ്രകടിപ്പിച്ചു കൊണ്ട് അന്തസ്സായി തല കുലുക്കി.
അവൾ പെട്ടെന്ന് പറഞ്ഞു. ‘അദ്ദേഹത്തിന്റെ വിചിത്രമായ ശീലമാണ് എന്നെ വിഷമിപ്പിക്കുന്നത്. എനിക്ക് ചിലപ്പോഴൊക്കെ വലിയ അറപ്പു തോന്നുന്നു. പ്രത്യേകിച്ച് ഭക്ഷണം കഴിയ്ക്കുവാൻ വിഷമമാകുന്നു. ഞാൻ കൈകൾ ഡെറ്റോളും ലൈസോളുമുപയോഗിച്ച് പലവട്ടം കഴുകാറുണ്ട്. എന്നിട്ടും എനിക്ക് സഹിയ്ക്കാൻ കഴിയുന്നില്ല.’
‘എന്തു ശീലമാണ് നിങ്ങളെ ഇത്ര ബുദ്ധിമുട്ടിയ്ക്കുന്നത്? ധൈര്യമായി പറഞ്ഞുകൊള്ളൂ. എങ്കിൽ മാത്രമേ എനിക്ക് നിങ്ങളെ സഹായിയ്ക്കാനാകു.’
ആ മുഖത്ത് ലജ്ജയുടെയും കഠിനമായ ആത്മനിന്ദയുടെയും രേഖകൾ തെളിഞ്ഞു.
‘അദ്ദേഹത്തിന് ഇക്കാര്യത്തിൽ മാത്രം കുട്ടികളുടെ ശീലമാണ്,‘ പിന്നെയും നിറുത്തിയ അവൾക്ക് സമയം നൽകി. നിശ്ശബ്ദത പാലിക്കുന്നതും ഒരു തന്ത്രമായതു കൊണ്ട് യാതൊരു തിരക്കും കാണിയ്ക്കാതെ കാത്തു.
‘അദ്ദേഹം റ്റോയ്ലെറ്റിൽ പോയാൽ ഞാൻ ക്ലീൻ ചെയ്തുകൊടുക്കണമെന്ന് നിർബന്ധിയ്ക്കുന്നു. അദ്ദേഹത്തിന് അത് അറപ്പാണത്രെ.‘ ചെറുപ്പക്കാരി മുഖത്തു നോക്കാതെ വളരെ വേഗം പറഞ്ഞു തീർത്തു.
പെട്ടെന്ന് ചിരിയ്ക്കാനാണ് തോന്നിയത്. എങ്കിലും ഗൌരവത്തോടെ ചോദിച്ചു. ‘അദ്ദേഹത്തിന് സ്വയം ക്ലീൻ ചെയ്യാൻ പറ്റാത്ത വിധത്തിൽ എന്തെങ്കിലും ഡിസെബിലിറ്റിയുണ്ടോ?‘
‘ഇല്ല, ഹി ഈസ് വെൽ ബിൽട്ട്. നൊ പ്രോബ്ലം അറ്റ് ആൾ.‘
‘നിങ്ങൾ അനുസരിയ്ക്കാതിരുന്നാൽ…………’
‘ഭയങ്കരമായി കോപിയ്ക്കും, പേടി കാരണം അദ്ദേഹം പറയുന്നതെല്ലാം ഞാൻ കേൾക്കാറുണ്ട്.‘
ഇപ്പോൾ അവളുടെ മുഖത്ത് ഭീതിയും പരിഭ്രമവും കാണുന്നുണ്ട്.
ഫോൺ ബെല്ലടിച്ചപ്പോൾ അവൾ ഞടുങ്ങുന്നത് കൌതുകത്തോടെ ശ്രദ്ധിച്ചു.
മകൻ.
കോളേജിലെ സമരപ്പന്തലിൽ നിന്നാണ്. വിശേഷിച്ചൊന്നുമില്ല. ഇടയ്ക്ക് വിളിച്ച് വിവരം പറയണമെന്ന് ആവശ്യപ്പെട്ടിരുന്നുവല്ലോ. അതനുസരിയ്ക്കുന്നുവെന്ന് മാത്രം.
പെട്ടെന്ന് തന്നെ അവളിലേയ്ക്ക് മടങ്ങി വന്നു.
‘കോപിയ്ക്കുക മാത്രമോ അതോ തല്ലുകയും ചെയ്യാറുണ്ടോ?‘
താഴോട്ട് നോക്കിക്കൊണ്ടായിരുന്നു മറുപടി.
‘അധികം അവസരമുണ്ടാക്കിയിട്ടില്ല.‘
‘എത്ര നാളായി കല്യാണം കഴിഞ്ഞിട്ട്?‘
‘എട്ട് വർഷമായി.‘
‘കുഞ്ഞുങ്ങളുണ്ടോ?‘
‘ഉണ്ട്, ഒരു മകൾ. ഏഴു വയസ്സായി.‘
അവൾ എന്തോ പറയാൻ തുടങ്ങിയത് നിറുത്തിക്കളഞ്ഞുവെന്ന് തോന്നി. അതു കൊണ്ട് പ്രോത്സാഹിപ്പിച്ചു.
‘പറയൂ എല്ലാം തുറന്നു പറയൂ. പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ അത് നമ്മെ സഹായിയ്ക്കും.‘
‘കുഞ്ഞ് ബോർഡിംഗിലാണ്. അവളെന്റെ അടുത്തുണ്ടെങ്കിൽ ഞാൻ എങ്ങനെയും സമാധാനിക്കുമായിരുന്നു. ഇപ്പോൾ അതും സാധിക്കുന്നില്ല.’
‘ചെറിയ കുട്ടിയെ ബോർഡിംഗിലാക്കിയതെന്താണ്? നിങ്ങൾ ഉദ്യോഗസ്ഥയാണോ?’
‘നല്ല കുട്ടിയാകാൻ ബോർഡിംഗാണ് വേണ്ടതെന്ന് അദ്ദേഹവും അമ്മായിഅമ്മയും പറഞ്ഞു.‘
ജോലിയെക്കുറിച്ച് മൌനം പാലിച്ചതിൽ നിന്ന് ഉദ്യോഗസ്ഥയല്ലെന്ന് മനസ്സിലായി. അപ്പോൾ കുഞ്ഞിനെ അകറ്റി നിറുത്തിയിരിയ്ക്കുന്നതെന്തു കൊണ്ടായിരിയ്ക്കും?
വരട്ടെ, ധിറുതി കൂട്ടേണ്ട. എല്ലാ രഹസ്യങ്ങളുടേയും പൂട്ടുകൾ മെല്ലെ മെല്ലെ തുറക്കപ്പെടുമല്ലോ.
‘അപ്പോൾ പകൽ മുഴുവൻ നിങ്ങൾ എന്തു ചെയ്യും? അനാവശ്യചിന്തകൾ മനസ്സിനെ അലട്ടുകയില്ലേ?’
‘എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. വീട്ടിൽ പാചകക്കാരനും മറ്റ് വേലക്കാരും ഡ്രൈവറുമുണ്ട്. അദ്ദേഹത്തിന്റെ അമ്മ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കും.’
‘എവിടെയാണ് നിങ്ങൾ വളർന്നതും പഠിച്ചതുമൊക്കെ?’
‘ഇവിടെത്തന്നെ.‘
അപ്പോൾ ഗ്രാമീണയോ പരിഷ്ക്കാരമറിയാത്തവളോ ആകാൻ വഴിയില്ല.
‘എത്രത്തോളം പഠിച്ചു?‘
ഇപ്പോൾ ആ മുഖം കുനിഞ്ഞു. വളരെ മെല്ലെയായിരുന്നു മറുപടി.
‘ഞാൻ …..ഞാൻ ….ഡോക്ടറാണ്.
ഞടുക്കം തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. സാധാരണ മട്ടിൽ ചോദിച്ചു.
‘പിന്നെ, ജോലിയോ പ്രൈവറ്റ് പ്രാക്ടീസോ ഒന്നും ചെയ്യാത്തതെന്താണ്?‘
‘അദ്ദേഹത്തിന്റെ വീട്ടിൽ സ്ത്രീകൾ ജോലിയ്ക്ക് പോയി പണമുണ്ടാക്കേണ്ട ഗതികേടില്ല‘.
ഉള്ളിൽ തോന്നിയ ക്ഷോഭം അടക്കി. ഭർത്താവിനെ മാത്രം പറഞ്ഞിട്ടെന്താ? ഇവർക്കും സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹമില്ല. അണിഞ്ഞൊരുങ്ങി നടക്കണമെന്നേയുള്ളൂ.
‘നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടോ?‘
അല്പനേരത്തെ മൌനത്തിനു ശേഷം മറുപടി വന്നു.
‘അദ്ദേഹവും അമ്മയും എന്നെ കർശനമായി വിലക്കിയതുകൊണ്ട്…………‘
‘നിങ്ങളുടെ മാതാപിതാക്കന്മാർ സംസാരിച്ചു നോക്കിയില്ലേ?‘
‘എന്റെ വീട്ടിലെ ആരുമായും എനിക്ക് ഒരു ബന്ധവുമില്ല.’
‘ലൌ മാര്യേജ്?‘
ക്രീം പുരട്ടി തിളക്കം വരുത്തിയ മുഖത്ത് ലജ്ജയുടെ നിറം പടർന്നു.
അതു ശരി. ഭർത്താവ് കൈയൊഴിഞ്ഞാൽ പിന്നെ ഒരു വഴിയുമില്ല. അതാണ് അയാൾക്ക് ശൌചം പോലും ചെയ്തു കൊടുത്ത് അനുസരണക്കുടുക്കയായ പാവക്കുട്ടിയായി കഴിഞ്ഞു കൂടുന്നത്. സ്വന്തം താല്പര്യങ്ങൾ എല്ലാം മൂടി വെച്ച് ജീവിക്കേണ്ടി വരുന്നതിലെ മനപ്രയാസമാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നം. കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവും അവകാശവും ഉപയോഗിയ്ക്കാൻ വേണ്ട ആത്മാഭിമാനം ഇവരിൽ ഉണർത്താൻ കഴിയണം. പിന്നീട് ഒന്നോ രണ്ടോ തവണ ഭർത്താവിനെയും കൂട്ടി വരാൻ പറയാം. അയാളെയും ചില കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കേണ്ടതായി വരും.
‘നിങ്ങൾ സ്വന്തം കഴിവുകൾ മൂടി വെയ്ക്കരുത്. അതുപയോഗിക്കണം. വീട്ടിലെ പാചകം മുതൽ എല്ലാ കാര്യത്തിലും വളരെ ആക്റ്റീവായി ഇടപെടണം. ജോലി ചെയ്യണമെന്ന് ആദ്യം നിങ്ങൾ സ്വയം തീരുമാനിയ്ക്കണം. കുഞ്ഞിനെ കൂടെ നിറുത്തി വളർത്തുന്നതാണ് നല്ലതെന്ന് ഭർത്താവിനോട് തുറന്നു പറയണം. നിങ്ങൾ സ്വന്തം നിലപാട് വ്യക്തമാക്കുമ്പോൾ അദ്ദേഹം അനാവശ്യമായ ശുശ്രൂഷകൾ ആവശ്യപ്പെടില്ല. നിങ്ങളുടെ ആത്മവിശ്വാസം കണ്ട് ഭർത്താവിന് വലിയ മാറ്റങ്ങൾ വരും.’
‘അത്………അത്…… വീട്ടിൽ പാചകം ചെയ്യാൻ ഒക്കെ ………..ആളുണ്ട്. അടുക്കളയിൽ വേറെ ആരും പോകുന്നത് അമ്മയ്ക്കിഷ്ടമല്ല.’
‘വേണ്ട. നിങ്ങൾ വിഭവങ്ങൾ തീരുമാനിയ്ക്കു. ഇന്നത്തെ ലഞ്ചിന് ഈ കറിയുണ്ടാക്കുവാൻ പറയൂ. അങ്ങനെ മെല്ലെ മെല്ലെ ശരിയാക്കാൻ സാധിയ്ക്കും.’
‘എനിക്ക് അതൊന്നും പറയാൻ കഴിയില്ല, ഡോക്ടർ. അമ്മ്യ്ക്ക് ഇഷ്ടപ്പെടില്ല.’
‘അവർക്ക് നിങ്ങളോട് ഇഷ്ടക്കുറവുണ്ടോ?‘
അവർ തല പകുതി ആട്ടി, പെട്ടെന്ന് നിറുത്തുകയും ചെയ്തു. എന്തോ ഒളിയ്ക്കാൻ പാടുപെടുന്ന പോലെ. ലൌമാര്യേജ് കഴിച്ച് വീട്ടിൽ വരുന്ന മരുമകളെ അമ്മായിഅമ്മമാർ ഇഷ്ടപ്പെടാത്തതു സാധാരണയാണല്ലോ. പെട്ടെന്നാണ് ആ വെളിപാട് തോന്നിയത്. ഇനി ഇവർ വ്യത്യസ്ത മതത്തിൽ പെട്ടവരായിരിയ്ക്കുമോ?
‘നിങ്ങൾ വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണോ?‘
‘അയ്യോ, അല്ല. മതമൊക്കെ ഒന്നു തന്നെ. അദ്ദേഹം എന്നെക്കാളുമൊക്കെ ഉയർന്ന…. ഞാൻ ……ഞാൻ…‘
താഴ്ന്ന ജാതിക്കാരിയാണെന്നു തോന്നുന്നില്ല. നല്ല വെളുത്ത നിറം. ജാതിയിൽ താഴ്ന്നവരിൽ ഇത്ര വെളുത്ത നിറം അപൂർവമായേ കാണാറുള്ളൂ.
‘പറയൂ, നിങ്ങൾ..?‘
‘ഞങ്ങൾ……ഞങ്ങൾ തോട്ടികളാണ്.‘ ലജ്ജ കൊണ്ടും വൈവശ്യം കൊണ്ടും അവൾ പാതാളത്തോളം താഴ്ന്നു.
അതു ശരി.
അങ്ങനെ വരട്ടെ.
തോട്ടിച്ചിയ്ക്കാണോ ഡോക്ടറായതു കൊണ്ട് മലത്തോട് അറപ്പ്? മകൻ സംവരണത്തെ ഇത്ര രൂക്ഷമായി എതിർക്കുന്നതെന്തിനാണെന്നു ഇപ്പോൾ മനസ്സിലായി.
‘നിങ്ങൾ ഒന്നിച്ചാണോ മെഡിസിനു പഠിച്ചത്?‘
അവളുടെ തല വീണ്ടും ആടി.
കുറച്ച് നേരം നിശ്ശബ്ദമായി കസേരയിൽ ചാരി ഇരുന്നു. ആ അമ്മായിയമ്മ എത്ര വലിയ കഷ്ടപ്പാടാണനുഭവിയ്ക്കുന്നതെന്ന് മനസ്സിലാക്കാനാവുന്നുണ്ട്. അവർക്ക് ആഹാരം പോലും ശരിയ്ക്ക് ഇറങ്ങുന്നുണ്ടാവില്ല. എങ്കിലും ഇവളെ അവർ വീട്ടിൽ താമസിപ്പിയ്ക്കുന്നുണ്ടല്ലോ. അവർ വളരെയധികം പുരോഗമനാശയങ്ങളുള്ളവരായിരിയ്ക്കണം.
‘ഞാൻ ആലോചിയ്ക്കയായിരുന്നു, തോട്ടികളിൽ എത്ര പേർക്ക് ഈ ജീവിത നിലവാരവും വിദ്യാഭ്യാസവും കിട്ടിക്കാണുമെന്ന്. സ്വയം കിട്ടിയ ഭാഗ്യത്തിൽ സന്തോഷിക്ക്. അതാണ് ബുദ്ധിയും ബോധവുമുള്ളവർ ചെയ്യുക. സ്വന്തം ഭർത്താവിന്റെയല്ലേ, സാരമില്ല. മറ്റാരുടെയുമല്ലല്ലോ. അദ്ദേഹം എല്ലാ കാര്യങ്ങളിലും പങ്കാളിത്തമാഗ്രഹിയ്ക്കുന്നുവെന്ന് മനസ്സിലാക്ക്. അദ്ദേഹത്തെ പോലെ നിലയും വിലയുമുള്ള ഒരാൾക്കൊപ്പം ജീവിയ്ക്കാൻ സാധിയ്ക്കുന്നത് ശുശ്രൂഷിയ്ക്കാൻ സാധിയ്ക്കുന്നത് ഒക്കെ എത്ര വലിയ ദൈവാനുഗ്രഹമാണ്! യഥാർത്ഥത്തിൽ സീരിയസ്സായ ഒരു പ്രശ്നവുമില്ല എന്നതാണ് ഇവിടെയുള്ള ഏക പ്രശ്നം‘
സംഭാഷണം അവസാനിപ്പിച്ചതിന്റെ സൂചനയായി, അടുത്ത രോഗിയുടെ പേരിനു വേണ്ടി പരതുന്നതായി ഭാവിച്ചു.
ചെറുപ്പക്കാരി മിന്നുന്ന സാരി ഒതുക്കിക്കൊണ്ട് എഴുന്നേറ്റു. അപ്പോൾ അവളുടെ കൈകളിലെ വളകൾ കിലുങ്ങി.
കസേരയിലെ കുഷൻ കവറും മേശവിരിയുമൊക്കെ വല്ലാതെ മുഷിഞ്ഞിരിയ്ക്കുന്നുവെന്നും അത് വൈകുന്നേരം തന്നെ മാറ്റാൻ പ്യൂണിനോട് പറയണമെന്നും സ്വന്തം കൈകൾ സോപ്പിട്ട് കഴുകുമ്പോൾ ഡോക്ടർ ഓർമ്മിച്ചു. അത് ഇന്നലെ മാറ്റിയതേയുള്ളൂവെന്ന് അവൻ പറയുവാനിടയുണ്ടെങ്കിലും.
ക്ലിനിക്കിന്റെ വാതിൽ കടന്നു പുറത്തേയ്ക്കു നടക്കുമ്പോൾ ആ ചെറുപ്പക്കാരി വിചാരിയ്ക്കയായിരുന്നു. അമ്മായിയമ്മ തന്നോട് ഒരക്ഷരം പോലും സംസാരിയ്ക്കാറില്ലെന്ന് ഡോക്ടറോട് പറഞ്ഞില്ല. ഭർത്താവിന്റെ വീട്ടിലെ ബാത്റൂമുകളും ടോയിലറ്റുകളും കഴുകി വെടിപ്പാക്കുന്നത് മാത്രമാണ് തന്റെ ജോലിയെന്നും പറഞ്ഞില്ല.
അതു മറന്നുപോയി.
പൊടുന്നനെ ഒരു ഗ്ലാസ് വീണുടയുന്ന ശബ്ദം അവളെ തേടിയെത്തി.
40 comments:
നല്ല വിവരണം,
മനുഷ്യനെ മനുഷ്യനായി കാണാതെ മൃഖങ്ങളായി(അതിനേക്കാള്‍ താഴ്ന്നവരായി) കാണുന്ന ഈ വ്യവസ്ഥ ... കൂതറകള്‍
[ സുഹൃത്ത്|suhr^tth, സൌഹൃദം| sauhr^dam, ഹൃ|hr^ ]
എത്ര M B B S പഠിച്ചാലും അടിസ്ഥാന അസുഖങ്ങൾ മാറില്ല, അവയെക്കുറിച്ചുള്ള ബോധം ലഭിക്കില്ല.. നന്നായി പ്രകടിപ്പിച്ചിരിക്കുന്നു..ആശംസകൾ.
<<<< അദ്ദേഹം എല്ലാ കാര്യങ്ങളിലും പങ്കാളിത്തമാഗ്രഹിയ്ക്കുന്നുവെന്ന് മനസ്സിലാക്ക്. അദ്ദേഹത്തെ പോലെ നിലയും വിലയുമുള്ള ഒരാൾക്കൊപ്പം ജീവിയ്ക്കാൻ സാധിയ്ക്കുന്നത് ശുശ്രൂഷിയ്ക്കാൻ സാധിയ്ക്കുന്നത് ഒക്കെ എത്ര വലിയ ദൈവാനുഗ്രഹമാണ്! >>>>
ആഹാ നല്ല ഡോക്റ്റര്‍, അവരുടെ ചെള്ളക്കിട്ട് എട്ടണ്ണം പൊട്ടിക്കാ വേണ്ടെ. ദൈവാനുഗ്രഹമാണത്രേ..അതും നിലയും വിലയുമുള്ള ഒരാൾക്കൊപ്പം..(പുഛം)
കൂതറ ഡോക്റ്റര്‍(X)(ഡോക്റ്റര്‍ എന്ന് വിളിക്ക് അവര്‍ അര്‍ഹമല്ലാ, അതോണ്ട് ആ പേര് ഞാന്‍ വെട്ടി)
എനിക്ക് ദേശ്യം തീരുന്നില്ലാ അതാ വീണ്ടും കമന്റിയത്
daivame
:-)
വായിച്ചു കഴിഞ്ഞു ലേബല്‍ ഒന്ന് നോക്കി....കഥ തന്നെ അല്ലെന്ന്...!!
നന്നായി...വ്യത്യസ്തമായ വിഷയം.
വ്യക്തമായ അവതരണം മനോഹരമായി.
രോഗിയല്ലാത്ത രോഗിയിലെ പരിഭാവങ്ങളെക്കാളും
ഡോക്ടറുടെ മനസ്സില്‍ കുടിയിരിക്കുന്ന അഴുക്കുകള്‍ അല്ലെങ്കില്‍ ജാതീയമായ ഏറ്റക്കുറച്ചിലിന്റെ മാനസ്സിക വ്യഥകള്‍ ചെറിയ ചില പരാമര്‍ശങ്ങളിലൂടെ പുറത്തെടുത്തിട്ടുണ്ട്.
സംവരണവും ഒരു മനുഷ്യന്റെ സ്ഥായിയായ സ്വഭാവവും ഉന്നത പഠനം കൊണ്ട് മാറില്ലെന്നും മറ്റും കഥയില്‍ മൂന്ന് പേരിലൂടെ പായാന്‍ ശ്രമിച്ചത് പരാജയമായില്ല.
സംവരണത്തെ എതിര്‍ക്കുന്ന (അതിനെതിരെ സമരം നടത്തുന്ന) മകനും . തോട്ടി ആയതിനാല്‍ അടിമ എന്ന് ചിന്തിക്കുന്ന അമ്മ ഡാക്ടറും. ഞാന്‍ ഒരു നിമിഷം ഓര്‍ത്തു ഉന്നതകുല ജാതനായ ബാബ ആംതേയെ. നമിച്ചു ആ മഹാമനുഷ്യനു മുന്നില്‍ എന്റെ ശിരസ്സ് .
കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു
ഞാന്‍ എഴുതാന്‍ വന്നത്
ഹാഷിം എഴുതീട്ടുണ്ട്.
സത്യം പറഞ്ഞാല്‍ വല്ലാത്ത ദേഷ്യം തോന്നി ആ ഡോക്ടറോട്.
നല്ല രചന
ആശംസകള്‍..
നല്ല കഥ! കഥയിലല്പ്പം സാമൂഹ്യ വിമര്‍ശനവും. ഉപയോഗശൂന്യമായ മത പ്രചാരണവും തെറിവിളികളും നിറഞ്ഞ ബ്ലോഗോസ്ഫിയറില്‍ വേറിട്ട ഒരു വായനാനുഭവം.
വ്യത്യസ്ഥമായ വിഷയം. നന്നായി എഴുതി.
ഹാഷീം പറഞ്ഞ കമാന്റ് തന്നെ ഞാന്‍ വീണ്ടും പറയുന്നു .. ആ ഡോകട്റെ ചെള്ളക്കിട്ട് പതിനാറ് പൊട്ടിക്കണം ഡോക്ടര്‍ ആണെത്രെ ഡോക്ടര്‍..!! കൂതറ ഡോക്ടര്‍ !!
ജാതിയിലും മതത്തിലും ഊറ്റം കൊള്ളുന്ന മനുഷ്യന് മറ്റൊരു മനുഷ്യനെ കാണാൻ സാധിയ്ക്കാതെ പോകുന്നു. എന്തിന്റെ പേരിലുള്ള ആന്ധ്യവും മനുഷ്യനെ ഇത്തരമൊരവസ്ഥയിലെത്തിയ്ക്കുമെന്ന് ജീവിതം പലപ്പോഴായി പഠിപ്പിച്ചതിന്റെ അനുഭവമാണീ കഥ.
ഹാഷിം,മുകിൽ,ചേച്ചിപ്പെണ്ണ്,സോണ,ഉമേഷ്,സിബു,രാംജി,സാദിക്,കൃഷ്ണകുമാർ,hAnLLaLaTh,ബിജു,കുമാരൻ,ഹംസ എല്ലാവർക്കും നന്ദി.
ഇനിയും പ്രോത്സാഹിപ്പിയ്ക്കുമല്ലോ.
സാദിക്,
കൃഷ്ണകുമാർ,
hAnLLaLaTh
ബിജു,
കുമാരൻ,
ഹംസ
എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വന്ന് പ്രോത്സാഹിപ്പിയ്ക്കുമല്ലോ.
#ഞാൻ ആലോചിയ്ക്കയായിരുന്നു, തോട്ടികളിൽ എത്ര പേർക്ക് ഈ ജീവിത നിലവാരവും വിദ്യാഭ്യാസവും കിട്ടിക്കാണുമെന്ന്. സ്വയം കിട്ടിയ ഭാഗ്യത്തിൽ സന്തോഷിക്ക്. അതാണ് ബുദ്ധിയും ബോധവുമുള്ളവർ ചെയ്യുക. സ്വന്തം ഭർത്താവിന്റെയല്ലേ, സാരമില്ല. മറ്റാരുടെയുമല്ലല്ലോ#
നല്ല ഉപദേശം നല്ല ഡോക്ടര്‍,ഉയര്‍ന്ന ജാതിയില്‍ ജനിച്ചത് കൊണ്ടും വിദ്യാഭ്യാസം കിട്ടിയതുകൊണ്ടും മാത്രം നല്ല മനുഷ്യനാകാന്‍ കഴിയില്ല എന്ന് ഈ ഡോക്ടര്‍ കാണിച്ചുതരുന്നു.വായിച്ചു തരിച്ചിരുന്നുപോയി കഥയാണല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു.വിദ്യാഭ്യാസം കൊണ്ട് ഉയര്‍ന്നു വന്നാലും പാവങ്ങളുടെ ജാതി തോണ്ടി പുറത്തെടുത്തു ഈ സവര്‍ണ്ണ മാടംബികള്‍ അവരുടെ അധികാരം ഉറപ്പിക്കുകയാണ് വീട്ടിലായാലും നാട്ടിലായാലും.എന്നാണാവോ മോചനം എന്റെ സവര്‍ണ്ണ ദൈവങ്ങളെ.
ഷാജി ഖത്തര്‍.
പൊടുന്നനെ ഒരു ഗ്ലാസ് വീണുടയുന്ന ശബ്ദം അവളെ തേടിയെത്തി!!
ആ ഗ്ലാസില്‍ തൊട്ടതിനാണൊ തല്ലി പൊട്ടിച്ചത്, കഷ്ടം.ഭര്‍ത്താവിനെക്കാള്‍ നികൃഷ്ടനായ ഡോക്ടര്‍.നല്ല അവതരണം.
വളരെ വ്യത്യസ്തമായ ഒരു വിഷയം.എച്ച്മുക്കുട്ടിയുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ഇത് തന്നെ.
അഭിനന്ദനങ്ങള്‍.
അതെ. ആ ഡോക്ടര്‍ ,ഡോക്ടര്‍ എന്ന പേര് അര്‍ഹിക്കുന്നില്ല.പണമുള്ളവനും ഇല്ലാത്തവനും തോട്ടിയും സവര്‍ണനും എല്ലാം ഒരു പോലെ നിസ്സഹായരാകുന്ന രോഗങ്ങളുടെ ലോകത്ത് അത്ര നാളും ജീവിച്ചിട്ടും ഒരു മനുഷ്യനെ മനുഷ്യനായി കാണാതെ തോട്ടിയായി കാണുന്നുവെങ്കില്‍ അഞ്ചര വര്‍ഷം അവര്‍ പാഴാക്കുകയായിരുന്നു. :(
ഷാജി,
അരുൺ,
ഏകതാര
സുഹൃത്തുക്കൾക്ക് നന്ദി. ഇനിയും വരണേ.
സത്യത്തിൽ ആ ഭർത്താവ്, അമ്മായിഅമ്മ എല്ലാം ആ ഡോക്ടറെ അപേക്ഷിച്ച് ഇത്ര നല്ലവർ.. പിന്നെ, ഇവിടെ എനിക്ക് തോന്നുന്നു കൂടുതലും പ്രശ്നത്തിന്റെ മൂലകാരണം ഭാര്യയായ ഡോക്ടറുടെ അപക്രഷത മാത്രമാണ്.. അതുകൊണ്ട് ഡോക്ടറൂടെ ചെള്ളക്ക് പൊട്ടിക്കുന്നതിന് മുൻപ് ഹഷീം നമുക്ക് ആ ഭാര്യ ഡോക്ടറുടെ ചെള്ളക്കിട്ടൊന്ന് പൊട്ടിക്കാം
@ മനോരാജ് ഭര്യയായ ഡോകടര്‍ക്ക് അപക്രഷത ഉണ്ട്..!! എങ്ങനെ ഉണ്ടാവാതിരിക്കും ഒരു തോട്ടിയായ അവര്‍ ഡോകടറായിട്ടും അവര്‍ക്കുള്ള ജോലി . സത്യത്തില്‍ ആ തോട്ടിപ്പണി തന്നെയല്ലെ ? അമ്മായി അമ്മയും ഭര്‍ത്താവും എല്ലാം അവരെ അകറ്റി നിര്‍ത്തുന്നത് അതുകൊണ്ടല്ലെ. ! ചെള്ളകിട്ടു കൊടുക്കേണ്ടത് ആദ്യം ആ കൂതറ ഭര്‍ത്താവിനെ പിന്നെ ആ ഡോകടറേയും … !! സത്യത്തില്‍ അവരുമായി ഇടപഴകുന്ന എല്ലാവരെയും ചെള്ള അടിച്ചു പൊട്ടിക്കെണ്ടി വരും അതാണ് നമ്മുടെ സമൂഹം.!! കൂട്ടത്തില്‍ ആ ഭാര്യ ഡോക്ടക്കും കൊടുക്കാം ചെള്ളക്ക് ഒന്ന് കാരണം അവര്‍ എന്തിനു തോട്ടിയായി ജനിച്ചു ആ കാരണത്തിന്.!!
സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു കഥയുണ്ട്, പന്തിഭോജനം.(കൊമാല എന്ന പുസ്തകത്തില്‍)ഈയിടെ ശ്രീബാല.കെ.മേനൊന് അത് ടെലിസിനിമയാക്കി.എച്മു ഈ കഥയില്‍ പറയാന്‍ തുനിഞ്ഞതു തന്നെയാണ് ആ കഥയും ചര്‍ച്ച ചെയ്യുന്നത്. ജാതിയുടെ അപ്പാര്‍ത്തീഡ് പെരുമാറ്റസംഹിതകള്‍. പബ്ലിക് പ്രോസിക്യുട്ടര്‍ ആയിട്ടും ജാതിയുടെ പേരില്‍ ഹുമിലിയെഷന്‍ അനുഭവിക്കേണ്ടി വരുന്ന രുക്മിണി എന്ന സ്ത്രീയുടെ കഥ. എച്മു വായിച്ചിട്ടുണ്ടെങ്കില്‍ ഓര്‍ക്കുമല്ലോ. ഭക്ഷണമേശയില്‍ അവര്‍ വിഭവങ്ങലുമായി എതുമ്പോല് സവര്‍ണ്ണര്‍ എന്നു സ്വയം പുകഴ്ത്തുന്നര് നടത്തുന്ന തിരിഞ്ഞു കളികള്‍. തോട്ടിയായതുകൊണ്ട് ഡൊക്ടര്‍ ആയിട്ടും തോട്ടിയായി തുടരേണ്ടി വരുന്ന സാമൂഹിക നീചത്വം രുക്മിണിയും നേരിടുന്നു.അവള് കൊണ്ടു വരുന്ന ചേറ്റുമീനുകള്‍ നിവൃത്തിയില്ലാതെ കഴിച്ചിട്ട് അവര്‍ പോകുമ്പോഴോ
‘രുക്മിണി യാത്ര പറഞ്ഞതും ടോയ് ലറ്റില്‍ സംഗീത ഓക്കാനിക്കുന്നത് രമ്യ കേട്ടു.’
ഇവിടെ ഡോക്ട്ര് ചെയ്യുന്നതോ നമ്മുടെ നായിക വെള്ളം കുടിച്ച ഗ്ലാസ്സ് നിലത്തേക്കു എറിഞ്ഞുടച്ചു.
നമ്മള് ഉടുപ്പിലും നടപ്പിലും തീറ്റയിലും പ്രണയത്തിലും ഉദ്യോഗത്തിലും വാക്കിലും ചിന്തയിലുമെല്ലാം വെറും ജാതിക്കുശുമ്പന്മാര്‍ മാത്രമാണല്ലോ.
നമുക്കു കോസ്മോപൊളീറ്റന്‍ ചിന്തയും ലാപ്റ്റൊപ്കല്ച്ചറും ഡിസൈനര്‍ കുപ്പായങ്ങളുമുണ്ട്.പക്ഷെ തിളങ്ങുന്ന ആ മേല്ക്കുപ്പായങ്ങള്ക്കുള്ളില് നിറംകെട്ട അടിയുടുപ്പുകളാണ് നാം ഇട്ടിരിക്കുന്നത്.അതുപോലെയാന് നമ്മുടെ ജാതിചിന്ത്. പുറത്തു പ്രദര്‍ശിപ്പിക്കാന്‍ മടിചിരുന്നതൊക്കെയും ഒട്ടും നാണമില്ലാതെ അഭിമാനത്തോടെ വാരിവലിച്ചു പുറത്തിടുന്ന തിരക്കിലാണ് നമ്മള്. ജാതിയുടെയും മതത്തിന്റെദ് പേരില്‍ മാത്രം ജീവിക്കുകയും പങ്കുവയ്ക്കുകയും സഹവസിക്കുകയും ഒരു സമൂഹത്തില്‍ പുരോഗമനചിന്ത വെറും കൊസ്മെറ്റിക്സ് മാത്രമാണെന്ന് പന്തിഭോജനവും എച്മുവിന്റെ കഥയും ഓര്‍മ്മിപ്പിക്കുന്നു.
കഥ പറയുമ്പോള്‍ ആവര്‍ത്തനം വരാതെ നോക്കൂ. മധുരപ്പുഞ്ചിരി എന്ന് എത്ര തവന് ആവര്‍ത്തിച്ചിരിക്കുന്നു. ഡോക്ടറുടെ ആത്മഗതങ്ങള്‍ കഥയുടെ ഗതിയില്‍ കല്ലുകടിയാണ്. അതുപോലെ വെനമോ വ്വെണ്ടയൊ എന്ന സംശയം എന്ന വിശദീകരണം കഥ പറയുന്ന ആള് ഇടക്കു കയറുന്ന രീതി( അതു കഥാപാത്രങ്ങള്‍ വഴിയാണെങ്കില്‍പ്പോലും ഇന്ന് അനാവശ്യമാണ്. കാര്യങ്ങളെ വശദീകരിക്കാനുള്ള വെമ്പല്‍ എച്മുവിന്റെ ഉള്ളിലുണ്ട്. അതു പതുക്കെ കളയുക.
വീണ്ടും വീണ്ടും കഥയെപ്പറ്റി ധ്യാനിക്കുക. വാക്കുകളെ പ്രയോഗങ്ങളെ കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള പ്രവണതയ്ക്ക് പകരം ആവശ്യമില്ലാത്തതിനെ നിഷ്കരുണം വെട്ടിമാറ്റാനുള്ള ഔചിത്യം പ്രകടിപ്പിക്കുക. ഭാവുകങ്ങള്‍ എച്മുക്കുട്ടി.
ഇത് വായിച്ചിട്ട് ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല... ഒരു മാതിരി ഓക്കാനം പോലെ.. :(
കഥ വളരെ നന്നായി. ലേബലില്‍ satire എന്ന് കൂടി ചേര്‍ക്കാം ധൈര്യമായി. നന്ദി :)
ഇങ്ങനെ ഉള്ള വല്ലവരും ഡോക്ടര്‍ എന്ന പേരില്‍ വിലസുന്നെണ്ടെങ്കില്‍ അവരെ ഒക്കെ മുക്കാലിയില്‍ കെട്ടിയിട്ടു തല്ലണം ...
നല്ല അവതരണം
എച്ചുമുക്കുട്ടി,
എചുമുവിന്റെ ഒരു കഥ പോലും മിസ്സ് ചെയ്യാന്‍ എനിക്കിഷ്ടമില്ല. വരാനിത്തിരി വൈകി അല്ലേ? നല്ല വ്യത്യസ്ഥമായൊരു കഥയാണല്ലോ ഇത്തവണ എനിക്കായി ഒരുക്കി വെച്ചിരുന്നത്. സന്തോഷമായി.
മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകള്‍ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഞാന്‍. നല്ലൊരു വ്യക്തിയായി ജീവിക്കാന്‍ മതത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതു കൊണ്ടു തന്ന് ഏതെങ്കിലും ഒരു മതത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിക്കൂടാനും താല്പര്യമില്ല.
S H O C K I N G...
മനോരാജ്,ഹംസ,സുരേഷ്,ബിനോയ്,ഒറ്റയാൻ,വായാടി,സൂരജ് എല്ലാവർക്കും നന്ദി.
ഡോക്ടറേയോ ഭർത്താവിനേയോ ഭാര്യയേയോ അടിച്ചിട്ട് ഈ പ്രശ്നം പരിഹരിയ്ക്കാനാവില്ലെന്നു തന്നെയാണ് എന്റെ വിശ്വാസം.
ലിംഗം,ശാരിരികമായ ബലം,ധനം,ജാതി,തൊഴിൽ മതം,കുലം,ഗോത്രം,ദേശം, ഭാഷ, വിദ്യാഭ്യാസം,
സംസ്ക്കാരം....ഇത്തരം ഏത് അളവുകോലും ഉപയോഗിച്ച് മറ്റൊരു മനുഷ്യനെ നിന്ദിയ്ക്കുവാൻ നമുക്ക് മടിയില്ല.മനുഷ്യന്റെ അടിസ്ഥാനപരമായ ആ സ്വഭാവ വൈകൃതത്തിനാണ് മാറ്റം വരേണ്ടത്. മനുഷ്യൻ എന്ന പേരിന് അപ്പോൾ മാത്രമേ നമുക്ക് അർഹതയുണ്ടാകൂ.
വായിച്ച് അഭിപ്രായം പറയുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
നിഷാന്തിന്റെ പേരു വിട്ടു പോയി.വന്ന് വായിച്ചതിന് നന്ദി.ഇനിയും വരുമല്ലോ.
നല്ല കഥ... മനുഷ്യന് എത്ര വലിയ നിലയിലായാലും മനസ്സിലെ വിവേചനമാണ് ആദ്യം മാറ്റേണ്ടത്.
When You Educate a man You educate an individual But when you educate a woman you Educate a society .....
ഇവിടെ ആ ചൊല്ല് അമ്പേ പരാജയപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ മഹത്വ ത്തിനു പോലും മാനഹാനി !
ഇതിലും എത്രയോ ഭേതം ആണ് അവള് ആ തോട്ടി സമൂഹത്തിലേക്കു തിരികെ പോയി അവിടെ സേവനം ചെയ്യുന്നത് അവിടെ ഡോക്ടര്‍ ആയി കഴിയാം ഭര്‍തൃ ഗൃഹത്തില്‍ തോട്ടി ആയി കഴിയുന്നതിലും നല്ലത് അത് തന്നെ. ഉന്നത വിദ്യാഭ്യാസം ലഭിച്ച ഈ വനിതാ- സ്ത്രീജന്മത്തിന് ഒരു അപമാനം ആണ് .... പൊതുജനം കൊടുക്കുന്ന നികുതി ചിലവിട്ടാണ് രാഷ്ട്രം ഒരു വ്യക്തിയെ പ്രൊഫഷനല്‍ ആയ ഡോക്ടര്‍ ആയി പഠിപ്പിച്ചെടുക്കുന്നത് മറ്റു പ്രോഫഷണലിനേക്കാള് അതുകൊണ്ടു തന്നെ ഡോക്ടര്‍മാര്‍ക്ക് സമൂഹത്തോടു കൂടുതല്‍ ഉത്തരവാദിത്വം ഉണ്ട് ....
ചെള്ളക്കു അടി അല്ല ബോധ വല്‍ ക്കരണം ആണ് ആവശ്യം..ഉന്നതകുലജാതനായ എന്ന് അവകാശപ്പെടുന്ന ഭര്‍ത്താവ് എന്തിനു ഈ സ്ത്രീയെ വിവാഹം ചെയ്തു?
...
കഥ ആണെങ്കിലും വളരെ നീചമായ ചിന്ത!
ശ്രീയെ കണ്ടില്ലല്ലൊ എന്നു വിചാരിയ്ക്കയായിരുന്നു. വന്നതിൽ സന്തോഷം.
മാണിക്യത്തിനെ കണ്ടപ്പോൾ അൽഭുതം, ആഹ്ലാദം. ഇനിയും വരണേ.
എന്തിന്റെ പേരിലായാലും ആരെയും കീഴ്പ്പെടുത്തുന്നവരുണ്ട്.പ്രതിഷേധിയ്ക്കാതെ കീഴ്പ്പെടുന്നവരുമുണ്ട്.
അങ്ങനെയുള്ള അനുഭവങ്ങളാണ് കഥയ്ക്ക് പുറകിൽ.
"ജാതിയിലും മതത്തിലും ഊറ്റം കൊള്ളുന്ന മനുഷ്യന് മറ്റൊരു മനുഷ്യനെ കാണാൻ സാധിയ്ക്കാതെ പോകുന്നു."
നന്നായി...വ്യത്യസ്തമായ വിഷയം.
പലപ്പോഴും ഞാന്‍ ബഹുമാനിക്കുന്ന പലരും എന്നെ നിരാശപ്പെടുത്തുന്ന ഒരു കാര്യമാണ് സ്വന്തം ജാതിയിലോ മതത്തിലോ അല്ലാത്തവരെ നീക്കി നിര്‍ത്തുന്നത്. പക്ഷെ നമുക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത പോലെ. നമ്മളെ മാറ്റം. മറ്റുള്ളവരെ എങ്ങിനെ... അവര്‍ മറ്റുള്ളവരെ കാണുന്നതും എങ്ങിനെ മാറ്റാന്‍ കഴിയും...
നിങ്ങൾ ഒരു സംഭവമാണ്!
കഥയുടെ മര്‍മം അവസാന വാചകത്തില്‍
ഉണ്ട് .പിന്നില്‍ ഗ്ലാസ്സുടയുന്ന ശബ്ദം....
ഉടയുന്ന വിഗ്രഹങ്ങളും ഗ്ലാസും പൊതിഞ്ഞു
വെച്ചിരുക്കുന്ന വെറും പുതപ്പുകള്‍ ആണ് നമ്മുടെ
സമൂഹം എന്ന നഗ്ന സത്യം വളരെ ശക്തം ആയി 'പ്രതിഭലിപ്പിക്കുന്ന' (അക്ഷരം വരെ തെറ്റുന്നു) സന്ദേശം ...വളരെ നന്നായി അവതിരിപ്പിച്ചു...ഭര്‍ത്താവിന്റെ വിചിത്രമായ സ്വഭാവം സാധൂകരിക്കുന്ന ഒന്നും കഥയില്‍ ഇല്ല.ബാകി എല്ലാ കഥാ പാത്രങ്ങളും
കഥയുടെ ആശയവും ആയി വ്യക്തം ആയി ഇഴുകിചെര്ന്നിരിക്കുന്നു.ഡോക്ടര്‍ ഭാര്യയുടെ തല ആട്ടലില്‍ പ്രേമ വിവാഹം ആയിരുന്നോ എന്ന് വ്യക്തം അല്ലാത്തത് കൊണ്ടു ആണ് അങ്ങനെ ഒരു സംശയം.അങ്ങനെ എങ്കില്‍ അയ്യാള് അമ്മയുടെ ജാതി ചിന്തക്ക് മുന്നില്‍
തല കുനിക്കുന്ന വേറൊരു 'നപുംസകം' ആവും.
ജന്മനാ കിട്ടിയ അപകര്‍ഷതാ ബോധവും ദൈന്യതയും മറ്റൊന്നിനും കരുത്ത് ഇല്ലാത്ത ഒരു പാവം ആക്കിതീര്‍ത്ത ആ സ്ത്രീക്ക് ഒരു
പ്രതികരണമോ ഉയിര്‍ത്തു എണീല്പോ സാധ്യം ആവും എന്നും എനിക്ക് തോന്നുന്നില്ല.. എല്ലാവരും പറഞ്ഞത് പോലെ കരണത്
അടി കിട്ടിയാല്‍ അവര്‍ക്ക് അതിനു ആവില്ല.കാരണം ചെറുപ്പം മുതല്‍
അടി കൊണ്ടു കരുവാളിച്ച ഒരു വെളുത്ത മുഖം മാത്രമേ അവര്‍ക്ക് സ്വന്തം ആയി ഉള്ളൂ എന്നത് തന്നെ...അഭിനന്ദനങ്ങള്‍ എച്മു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ
Its really shocking...!
ഈ പോസ്റ്റ് കാണാന്‍ വളരെ വൈകി. 'പന്തിഭോജനം' കണ്ടിരുന്നു. അതിലും ഇതു തന്നെ കഥ.
Post a Comment