ശനിയാഴ്ചകളിൽ ഉച്ചയൂണ് കഴിഞ്ഞാൽ വരാന്തയിലിട്ടിരുന്ന ചാരുകസേരയിലിരുന്ന് അമ്മീമ്മ വളരെ വിസ്തരിച്ച് മാതൃഭൂമി പത്രം വായിയ്ക്കും.
ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞപ്പോൾ……………..
അപരിചിതനായ ഒരു വൃദ്ധൻ മടിച്ച് മടിച്ച് പടി കയറി വന്നു. ആ ചലനങ്ങളിൽ പോലും ദൈന്യവും ആത്മവിശ്വാസമില്ലായ്മയും ദൃശ്യമായിരുന്നു.
അയാളെ കണ്ടപ്പോൾ അമ്മീമ്മ പാമ്പിനെ കണ്ടതു പോലെ പരിഭ്രമിച്ചുകൊണ്ട് എണീറ്റു. വിറപൂണ്ട കൈകളിൽ നിന്ന് പത്രം താഴെ വീണു. അവരുടെ മുഖം വിളറി. ദുർബലനായ ആ വൃദ്ധനെ അവർ വല്ലാതെ ഭയപ്പെടുന്നതു പോലെയുണ്ടായിരുന്നു.
അടുത്ത നിമിഷം അയാൾ അമ്മീമ്മയുടെ കാൽക്കൽ കമിഴ്ന്ന് വീണ് ഏങ്ങലടിയ്ക്കുവാൻ തുടങ്ങി. വിങ്ങിക്കരച്ചിലിൽ ആ ശരീരമാകെ കുലുങ്ങുന്നുണ്ടായിരുന്നു. വട്ടക്കഴുത്തുള്ള മുഷിഞ്ഞ ബനിയനുള്ളിൽ നിന്ന് പുറത്ത് കടന്ന വെന്തിങ്ങ അമ്മീമ്മയുടെ കാൽക്കൽ ചുരുണ്ട് കിടന്നു. അതിലെ കുരിശു രൂപം കറുത്ത തറയിൽ വെട്ടിത്തിളങ്ങി.
ഒരു പുരുഷൻ വിങ്ങിപ്പൊട്ടി ഏങ്ങലടിച്ച് കരയുന്നത് ഞാനാദ്യമായി കാണുകയായിരുന്നു.
‘അച്ചപ്പാ എണീക്ക്, എണീക്ക്. മതി.., മതിയാക്ക്……..’ എന്തുകൊണ്ടോ അത് അമ്മീമ്മയുടെ സാധാരണ ശബ്ദമായിരുന്നില്ല.
അച്ചപ്പനോ, ഈ വിചിത്രമായ പേരുമായി ഇയാളെവിടുന്ന് വന്നു?
കുറച്ച് കഴിഞ്ഞപ്പോൾ ഏങ്ങലുകളും ശരീരത്തിന്റെ കുലുക്കവും മെല്ലെ കുറഞ്ഞു . അയാൾ എഴുന്നേറ്റ് മാറി. അതുവരെ ഒരു വിഗ്രഹം പോലെ നിശ്ചലയായി നിന്ന അമ്മീമ്മയിലും അപ്പോൾ ചലനമുണ്ടായി.
തോളിലിട്ടിരുന്ന മുഷിഞ്ഞ തോർത്തുമുണ്ടെടുത്ത് നിറഞ്ഞൊഴുകുന്ന കണ്ണുകളും മുഖവും അയാൾ അമർത്തിത്തുടച്ചു.
‘ഇന്നോട് പൊറുത്ത് തരണം, ഇനിക്ക് മനസ്സമാധാനല്യാണ്ടായിട്ട് വരിഷങ്ങളായി. കർത്താവ് എന്നും രാത്രീല് വന്ന് പറയും അച്ചപ്പാ നീ പാപം ചെയ്തോനാന്ന്. ഇപ്പോ ഇപ്പോ രാത്രി മാത്രല്ലാ, പകലും വരാൻ തൊടങ്ങി. വരുമ്പോ ഒരുഷ്ണെടുക്കാങ്ങനെ, പിന്നെ പരോശോം ദാഹോം,…….. ഇന്നോട് പൊറ്ക്കണം.’
ഗദ്ഗദം അയാളുടെ വാക്കുകളെ വിഴുങ്ങി.
അമ്മീമ്മ ഒന്നും പറഞ്ഞില്ല. അവർ മറ്റേതോ ലോകത്തിലായിരുന്നുവെന്ന് തോന്നി.
‘ഇന്നോട് ചിയ്യാൻ പറഞ്ഞത് ഞാൻ ചീതു. അല്ലാണ്ട് നിക്ക് ങ്ങളോട് എന്ത് വിരോധാ? ഇന്നോട് പൊറുക്ക്ണം.‘ അയാൾ കൈകൂപ്പിക്കൊണ്ട് അപേക്ഷിച്ചു.
‘പോട്ടെ, അച്ചപ്പാ. കാലം എത്ര കഴിഞ്ഞു. അതൊക്കെ ന്റെ മനസ്സീന്നേ പോയി. കാര്യം ആ കാലത്ത് ഞാനൊരുപാട് ദണ്ണപ്പെട്ടൂന്നുള്ളത് നേരന്ന്യാ, പൊഴേല് ചാടിച്ചാവണന്ന് തോന്നീട്ട്ണ്ട്. ന്നാലും ഇപ്പോ സകലതും മറന്നു. ഇനി അതും പറഞ്ഞ് സങ്കടപ്പെടണ്ട.’
അമ്മീമ്മയുടെ ശബ്ദത്തിൽ അസാധാരണമായ ഒരു കണ്ണീർ നനവുണ്ടായിരുന്നു. അതാകട്ടെ അപരിചിതമായ ഏതോ വേദനകളുടെ അടിയൊഴുക്കുകളായി എന്നെ പിടിച്ചുലയ്ക്കുവാൻ തുടങ്ങി.
അമ്മീമ്മ വളരെ പൊടുന്നനെ ആത്മവിശ്വാസവും ധൈര്യവും തുളുമ്പുന്ന സ്വരൂപം വീണ്ടെടുത്തു. അച്ചപ്പനോട് ഇരിയ്ക്കുവാൻ പറഞ്ഞു, അയാളുടെ വീട്ടു വിശേഷങ്ങൾ താല്പര്യപൂർവം അന്വേഷിച്ചു. പാറുക്കുട്ടിയെ വിളിച്ച് വെള്ളം കൊടുക്കാൻ നിർദ്ദേശിച്ചു.
വെള്ളവുമായി പുറത്തേയ്ക്ക് വന്ന പാറുക്കുട്ടിയുടെ മുഖം ഒരു വലിയ ഫുട്ബോൾ പോലെ വീർത്തിരുന്നു. അവർക്ക് അയാളോട് കലശലായ വിരോധമുണ്ടെന്ന് എനിക്ക് മനസ്സിലായി.
‘നിക്ക് കർത്താവിന്റെ കരുണയോണ്ട് വെഷമൊന്നൂല്യാ, മോൻ ദുബായില്‍ ഓട്ടലിൽ നിൽക്കേണ്, മാസാമാസം ബേങ്കിൽക്ക് കാശയയ്ക്കും. പെമ്മക്കളെ രണ്ടാളേം കെട്ടിച്ച് വിട്ട്, അവരടെ മാപ്ലാരും ദൂബായീലന്നെയാ, മീൻ വിക്ക്ണോട്ത്താ പണി. അവറ്റ്ങ്ങൾക്ക് സുഖം തന്ന്യാ. വീട്ട്ല് ഇപ്പോ ഞാനും മേറീം മാത്രേള്ളു.‘
അച്ചപ്പന്റെ ശബ്ദത്തിൽ നിന്ന് സങ്കടം ഒഴിഞ്ഞു പോയിരുന്നു, പകരം അവിടെ അഭിമാനം സ്ഥലം പിടിച്ചു.
അമ്മീമ്മ ചിരിച്ചു.
‘നന്നായി. അപ്പോ കർത്താവ് കൂടെ തന്നെണ്ട്. അതാ വേണ്ടത് എപ്പളും. ദൈവാധീനം.‘
അയാളുടെ മുഖം വാടി.
‘കർത്താവ് എന്നും കൂടേണ്ട്, കുരുത്തക്കേടാ കാട്ട്യേന്ന് പറഞ്ഞ്, ഞാൻ സങ്കടം സഹിയ്ക്കാണ്ട് മേറിയോട് ഒക്കെ പറയ്യ്യേ, അപ്പ അവളാ പറഞ്ഞേ ങ്ങളേ വന്ന് കാണാൻ. അല്ലാണ്ട് കുമ്പ്സേരിച്ച്ട്ട് ഒന്നും ഒരു കാര്യോല്ലാന്ന് അവള് പറഞ്ഞു. ന്റെ ദണ്ണം അവളറീണ പോലെ ആരാ അറീയാ. അപ്പോ ഞാനിങ്ങ്ട് പോരേര്ന്ന്.‘
‘ഇനീം വരുമ്പോ മേരിയേം കൂട്ടിക്കൊണ്ട് വരു.‘
അമ്മീമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വൃദ്ധന്റെ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.
അയാൾക്ക് ചായയും അരിക്കൊണ്ടാട്ടം വറുത്തതും പാറുക്കുട്ടി കടുത്ത ദുർമുഖത്തോടെ സൽക്കരിച്ചു.
പ്രീഡിഗ്രി പരീക്ഷ എഴുതിക്കഴിഞ്ഞിരുന്ന എന്നോട് നന്നായി പഠിയ്ക്കണമെന്നും മിടുക്കിയാവണമെന്നും അമ്മീമ്മയെ വയസ്സുകാലത്ത് പൊന്നു പോലെ നോക്കണമെന്നും ഉപദേശിയ്ക്കാൻ അച്ചപ്പൻ മറന്നില്ല.
ഞാൻ തല കുലുക്കി.
മടങ്ങിപ്പോകാൻ എണീറ്റ അയാൾ കൈകൂപ്പി തൊഴുതുകൊണ്ട് അമ്മീമ്മയോട് പറഞ്ഞു, കുമ്മായം പൂശാതെ മുഷിഞ്ഞു കിടക്കുന്ന വീട് വെള്ളയടിയ്ക്കുന്ന പണി കൊടുക്കണമെന്ന്, അമ്മീമ്മ പൂർണ്ണമായും പൊറുത്തുവെന്ന് അപ്പോഴയാൾക്ക് ഉറപ്പാകുമെന്ന്……. അങ്ങനെയെന്തൊക്കെയോ……….
ആദ്യമൊന്നു മടിച്ചെങ്കിലും അമ്മീമ്മ വഴങ്ങി.
വയസ്സൻ വീണ്ടും കരഞ്ഞു.
‘ന്നെ ങ്ങള് പ് രാകര്ത്, ങ്ങടെ പ് രാക്ക് തട്ട്യാ ……….‘
‘അച്ചപ്പൻ കല്പിച്ച് കൂട്ടി ചെയ്തതല്ലല്ലോ. പിന്നെന്ത്നാ അച്ചപ്പനെ ശപിയ്ക്കണേ? വെഷമിയ്ക്കാണ്ട് പോക്കോളൂ. കുമ്മായം പൂശാൻള്ള തയാറൊക്കെയായിട്ട് വന്നാ മതി അട്ത്താഴ്ച.‘
അമ്മീമ്മയെ ഒന്നുകൂടി തൊഴുത്, കണ്ണും മുഖവും വീണ്ടും തുടച്ച്, തളർന്ന കാൽ വെപ്പുകളോടെ അയാൾ പടി കടന്നു പോയി.
പാറുക്കുട്ടി ശരം വിട്ടതുപോലെ അകത്തു നിന്നും പുറത്തേയ്ക്ക് വന്നു. എളിയിൽ രണ്ട് കൈയും വെച്ച് നിവർന്ന് നിന്ന് അമ്മീമ്മയെ സൂക്ഷിച്ച് നോക്കി.
‘ങ്ങക്ക് ന്തിന്റെ സൂക്ക്ടാ? നിങ്ങളല്ലാണ്ട് ആ മാപ്ല്യോട് ഷെമിയ്ക്കോ? അവന്റെ ഒരു കരച്ച്ലും പിഴിച്ച്ലും. ചൂലെടുത്ത് മോന്തയ്ക്ക് നാല് വീശണേന് പകരം……….‘
അവരുടെ വാക്കുകൾ ക്ഷോഭം കൊണ്ടാവണം ഇടറിപ്പൊട്ടി.
‘നീ സമാധാനപ്പെട് പാറൂട്ടി, സാരല്യാ, ഷെമിയ്ക്കണംന്ന് പറഞ്ഞ് നെഞ്ഞ് പൊട്ടി ഒരാള്‍ വരുമ്പോ നമ്മള് ഷെമിയ്ക്കണം. അയാൾടെ മാത്രം കുറ്റല്ലല്ലോ. എന്റെ ഭാഗത്തും തെറ്റ്ണ്ട്. നിക്കും അന്ന് ചെറ്പ്പം . കാര്യങ്ങള്‍ മുഴുവൻ കാണാൻള്ള കഴിവ്ണ്ടായിര്ന്നില്ല.’
‘നിങ്ങ്ടെ ഭാഗത്ത് എന്ത് തെറ്റാണ്ടായേ? ന്നെ കഥ പറ്ഞ്ഞ് പറ്റിയ്ക്കണ്ട. ങ്ങള് ആ മാപ്ലേനോട് ഷെമിച്ചത് നിക്ക് സഹിയ്ക്കാൻ പറ്റ്ണില്യ. അശ്രീകരം…….തല്ലിക്കൊല്ലണം അവനെ…….‘
അമ്മീമ്മ ചിരിച്ചുവെങ്കിലും ആ ചിരിയിൽ വിഷാദം ഓളം വെട്ടിയിരുന്നു.
‘ചേട്ട്നും മന്നീം അപ്പാവും കൂടീ വല്യ വഴക്കായി സ്വത്ത് ഭാഗം തിരിയ്ക്കണംന്ന് തെരക്ക്ണ്ടാക്കി മന്നീടെ വീട്ട്ല് പോയത് മഠത്തില്‍ വല്യ വെഷമായിരുന്നു. ന്ന്ട്ട് ഒരു കൂസലും ഇല്ലാണ്ട് മന്നി നമ്മ്ടെ കടവിൽ കുളിയ്ക്കാൻ വന്നൂന്നറിഞ്ഞപ്പോ എനിക്ക്ങ്ങ്ട് കലി വന്നു. അപ്പാവെ കരേപ്പിച്ചിട്ട് അപ്പാവിന്റെ കടവില്‍ വന്ന് ന്ത്നാ കുളിയ്ക്കണേന്ന് ഒരു ദേഷ്യം. മ്മ്ടെ കിട്ടൻ മൂപ്പ്ന്റെ മോനാ വന്ന് പറഞ്ഞ്ത്. അവന് പത്ത് പന്ത്രണ്ട് വയസ്സെണ്ടാവൂ. ഞാനവനെ അപ്പോ തന്നെ കടവിൽക്ക് ഓടിച്ചു, നിക്ക് കുളിയ്ക്കണം, മന്നി വേഗം കുളിച്ച് പോണംന്ന് പറഞ്ഞയച്ചു. …………..’
ഒരു നിമിഷം നിറുത്തിയിട്ട് അമ്മീമ്മ തുടർന്നു.
‘അതിന്റെ എന്താവശ്യായിരുന്നു നിക്ക്? മന്നി സൌകര്യം പോലെ കുളിച്ച് പൊക്കോട്ടെ എന്നു വെച്ചാ മതിയായര്ന്നു. അവൻ കൊച്ചാണെങ്കിലും ആങ്കുട്ട്യല്ലേ? ആ ചെക്കൻ കുളിയ്ക്കണ മന്നിയെ എത്തി നോക്കീന്നായി കേസ്. ആർത്തി വന്നാ പിന്നെ അച്ഛനും മോനും ആങ്ങളേം പെങ്ങളേം ഒന്നുല്യാന്ന് നിക്ക് അറിയാൻ വൈകി.’
‘അതിന് ഭർത്താവും കുട്ട്യോളും ഒന്നൂല്യാത്ത ഒരു പെണ്ണിനോട് കാട്ട്ണ പണ്യാ കാട്ട്യേ? ച്ഛി……..’
പാറുക്കുട്ടിയുടെ കോപം തെല്ലും ശമിച്ചിട്ടുണ്ടായിരുന്നില്ല.
അമ്മീമ്മ പിന്നെ ഒന്നും പറഞ്ഞില്ല. പത്രവുമെടുത്ത് അകത്തെ മുറിയിലേയ്ക്ക് പിൻ വാങ്ങുകയാണുണ്ടായത്.
ഞാനും പാറുക്കുട്ടിയും ഉമ്മറത്തെ വരാന്തയിൽ തനിച്ചായി.
‘അച്ചപ്പനോട് എന്തിനാ ഇത്ര ദേഷ്യം?‘
അവർ ഒരു നിമിഷം എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് വളരെ താഴ്ന്ന ശബ്ദത്തിൽ പിറുപിറുത്തു.
‘അവൻ ആ തെണ്ടി, അമ്മേടെ ജാക്കറ്റ് വലിച്ച് കീറീട്ട്ണ്ട്, വെട്ട്വോഴീല് വെച്ച്, അമ്പലത്തില്‍ പോക്മ്പോ. നിനക്ക് സാമില്യല്ലോ രാത്രീല് കൂടെ കെട്ക്കാൻ,അപ്പോ ഞാൻ വരട്ടെന്ന് ചോദിച്ചു അവൻ….. കാര്യം മോളടെ അമ്മാമൻ സാമി കാശും കള്ളും കൊട്ത്ത് ഏർപ്പാടാക്കീതാന്ന്ച്ചാലും അവൻ അങ്ങനെ ചെയ്യാൻ പാട്ണ്ടോ? അമ്മേ കെട്ടിപ്പിടിയ്ക്കാൻ നോക്കീന്നും ഉമ്മ വെയ്ക്കാൻ നോക്കീന്നും ഒക്കെ പറഞ്ഞേര്ന്നു അപ്പോ മ്മ്ടെ നാട്ടാരേയ്………നേരറിയില്ല്യ’.
ഹോമത്തിൽ മലരു പൊരിയുന്ന ഗന്ധത്തോടെ, വെള്ളത്തേക്കാൾ കട്ടികൂടിയ, തുടുത്തു ചുവന്ന, ചോര നാട്ടുവഴിയിൽ ഒഴുകിപ്പരന്നു; ചിതറിപ്പോയ മുൾക്കിരീടവും കുരിശിന്റെ വഴികളും കടന്ന്……. മുമ്പോട്ട്…..നിലയ്ക്കാതെ…….
35 comments:
ഒള്ളതാണോ എച്ചുമു ?
:-)
അമ്മീമ്മ ക്ഷമിച്ചത് തന്നെ ശരി..
എഴുത്തിന്റെ ഒഴുക്ക് നന്നായിട്ടുണ്ട്..
ലാജഹോമം തമിഴ് ബ്രാഹ്മണരുടെ വിവാഹച്ചടങ്ങുകളിലെ ഒരു പ്രധാന കർമ്മമാണ്. വധുവിന്റെ സഹോദരൻ മന്ത്രോച്ചാരണങ്ങളോടെ സഹോദരിയെ വരന് ഏല്പിച്ച് കൊടുക്കുന്നു, ആ സമയത്ത് കൈക്കുമ്പിൾ നിറയെ മലരു ഹോമാഗ്നിയിലേയ്ക്ക് സഹോദരൻ സമർപ്പിയ്ക്കും. ഞാനും എന്റെ സഹോദരിയുമായുള്ള എല്ലാ കെട്ടുപാടുകളും ഇതാ ഈ മലരു പോലെ പൊരിഞ്ഞിരിയ്ക്കുന്നു. ഇനി അവളിൽ എനിയ്ക്ക് ഒരവകാശവുമില്ല, എന്നാണു സഹോദരൻ വരന് നൽകുന്ന ഉറപ്പ്. പ്രതിഫലമായി വരൻ സഹോദരന് പണവും സമ്മാനങ്ങളും നൽകുന്നു...........
കോപം മനുഷ്യസഹജമാണ്... ക്ഷമ ദൈവീകവും!
അമ്മീമ്മ ചെയ്തത് തന്നെ ശരി.
ഹോമത്തിൽ മലരു പൊരിയുന്ന ഗന്ധത്തോടെ, വെള്ളത്തേക്കാൾ കട്ടികൂടിയ, തുടുത്തു ചുവന്ന, ചോര നാട്ടുവഴിയിൽ ഒഴുകിപ്പരന്നു; ചിതറിപ്പോയ മുൾക്കിരീടവും കുരിശിന്റെ വഴികളും കടന്ന്……. മുമ്പോട്ട്…..നിലയ്ക്കാതെ…
കുരിശിന്റെ വഴികള്‍ ഒടുങ്ങുന്നില്ല എച്മൂ ..
ആ കുരിശ് കുരിശ്കള് കൈമാരിക്കൊണ്ടേ യിരിക്കുന്നു ... യുഗങ്ങളായി ...
ഇതും ഞാന്‍ ആശിക്കുന്നു , ഒരു കഥ മാത്രം ആവട്ടെ എന്ന് ..
ഒരു വെത്യസ്തമായ അവതരണം കൊള്ളാം കേട്ടോ
കൊള്ളാം...
മനോഹരമായ രചന....
അതിമനോഹരം...സ്പര്‍ശിക്കുന്ന ശൈലി......ഒത്തിരി ഇഷ്ടമായി......സസ്നേഹം
ഒരു നെടുവീര്പ്പോടയാ വായിച്ചത്.. നല്ല എഴുത്ത്.
അമ്മീമ ചെയ്തതാ ശരി ....പുതിയ ഓരോ വിവരങ്ങള്‍ ഈ ബ്ലോഗില്‍ വരുമ്പോള്‍ കിട്ടാറുണ്ട് ..അത് ഇത്തവണയും പിഴച്ചില്ല
എച്ചുമു നല്ല ശൈലി, നല്ല അവതരണം. എന്റെ ഭാവുകങ്ങള്‍ :)
അമ്മീമയെ പണ്ടേ പരിചയപ്പെടണമായിരുന്നു. ഓരോന്നിനും ഓരോ കാലമുണ്ടല്ലോ അല്ലെ
ക്ഷമയേക്കാൾ വലിയ ആയുധമെന്തുണ്ട് മനുഷ്യന്റെ കയ്യിൽ...
എചുമു... നന്നായിരുന്നു എഴുത്ത്.
ഇവിടെ വന്നതിൽ നിരാശനായില്ല.
നിലയ്ക്കാതെ മുന്നോട്ടെങ്കിലും തിരിച്ചറിവുകള്‍ തിരുത്തലുകള്‍ക്ക് വഴിവെക്കുന്നു.
നന്നായി അവതരിപ്പിച്ചു.
മാധവിക്കുട്ടിയുടെ ജാനുവമ്മക്കഥകൾ പോലെ എച്മുവിന്റെ അമ്മീമ്മക്കഥകൾ. അതെ ഒരു കരണത്തടിക്കുന്നവനു മറു കരണം കൂടി കാട്ടിക്കൊടുക്കണമെന്ന് പഠിപ്പിച്ചത് ക്രിസ്തു ആണല്ലോ. ആ സ്നേഹ കാരുണ്യം അമ്മീമ്മ തിരിച്ചറിഞ്ഞു.
“ നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ. നിങ്ങളെ പപകയ്ക്കുന്നവർക്കു ഗുണം ചെയ്യുവിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ. നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.അവർക്കു നന്മ ചെയ്യുവിൻ. ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ. എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകം. നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും. അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ
(ലൂക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായം. വാക്യം 27 മുതൽ)
അമ്മീമ്മയുടെ നിലപാടിൽ ഈ ദർശനമുണ്ട്.
നന്നായി കഥ പറഞ്ഞു. പക്ഷേ കുറച്ചു വലിച്ചു നീട്ടിയ അനുഭവം തോന്നി. അമ്മീമ്മയും അച്ചപ്പനും തമ്മിലുള്ള പ്രശ്നം വെളിപ്പെടുത്ഥുന്നിടത്ത് എന്തോ മറച്ചു വച്ചു പറയാൻ ഒരു ശ്രമം നടത്തിയതിന്റെ ഒരു ബലം പിടുത്തം തോന്നി.
സ്നേഹം, ക്ഷമ, കാരുണ്യം ഇവയൊക്കെ നന്മ നിറഞ്ഞ മനസ്സില്‍ നിന്നും മാത്രമേ പുറപ്പെടുകയുള്ളൂ. ക്ഷമയേക്കാള്‍ മഹത്തായ മറ്റൊന്നുമില്ല. ദയ, നല്ലവാക്ക്, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഇവയെല്ലാം അമ്മീമ്മയ്ക്കുണ്ട്. അതുകൊണ്ട് അമ്മീമ്മ ചെയ്തതാണ് അതിന്റെ ശരി.
എന്താണെന്ന് അറിയില്ല, വായിച്ചു കഴിഞ്ഞപ്പോല്‍ മനസ്സിനൊരു അസ്വസ്ഥത.
സ്നേഹത്തോടെ....
കഥ നന്നായി. അതിലെ കഥാപാത്രങ്ങളുടെ പേരിലെ വ്യത്യസ്ഥതയിൽ തുടങ്ങി അവസാനം വരെ. പക്ഷെ, കഥ പറഞ്ഞ ആ രീതിയില്ലായിരുന്നെങ്കിൽ പ്രമേയം അത്ര പുതുമയുള്ളതായി തോന്നിയില്ല. പക്ഷെ, എച്മുവോട് ലോകത്തിനു മാത്രം സ്വന്തമായ ഒരു കഥന ശൈലിയുള്ളത് കൊണ്ട് ഇത് മികച്ച് നിന്നു. കഥയുടെ അവസാനത്തെ പാരഗ്രാഫിലെ വരികൾ അത് സൂപ്പർ. നല്ലൊരു കൈത്തഴക്കം ആ വരികളിൽ ഉണ്ട്. എച്മുവോട് ലോകം ഇനിയും വളരട്ടെ.
ഇതുപോലെ ക്ഷമിക്കുന്നതു വലിയ കാര്യമാണ്, നന്നായിട്ടുണ്ട്, ആശംസകള്‍
ക്ഷമ എന്ന ദിവ്യായുധം ലോകത്തെ തെറ്റുകളിൽനിന്നു മോചനം നൽകി നേർവഴി കാട്ടുന്നു. നന്നായിരിക്കുന്നു.
നന്നായി പറഞ്ഞിരിക്കുന്നു, നല്ല അവതരണം
ഇഷ്ട്ടായി ഒത്തിരി
അവതരണ ശൈലിയിലും കഥാപാത്രങ്ങളിലുമൊക്കെ ഒരു പുതുമ അനുഭവപ്പെടുന്നു..,
നന്നായിട്ടുണ്ട്, കഥ
അഭിനന്ദനങ്ങൾ..
sathyathil vellathekkal kattikoodiyathano..chora...
i am new to ur ulakom . so nice ...
such a wonderful reading experience
To forget is humane
To forgive is divine !!!!
വളരെ മനോഹരം !
ക്ഷമിക്കുക, അല്ലാതെന്താ? എച്മു വീണ്ടും കഥ നന്നായി പറഞ്ഞു.
ആ പഴയ ശീലുകളും ശൈലികളും പച്ചമനുഷ്യരുടെ കഥയും... അതാണ് എനിക്ക് എച്ച്മുക്കഥകള് ഏറെ പ്രിയങ്കരമാക്കുന്നത്.
നല്ല എഴുത്ത്. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്. ചില കഥകളും വായിച്ചു. ക്രാഫ്റ്റ് കൂടെ ശ്രദ്ധിച്ചാല്‍ ചിലതൊക്കെ മികച്ച കഥകളാവും. അഭിനന്ദനങ്ങള്‍.
" സാരല്യാ, ഷെമിയ്ക്കണംന്ന് പറഞ്ഞ് നെഞ്ഞ് പൊട്ടി ഒരാള്‍ വരുമ്പോ നമ്മള് ഷെമിയ്ക്കണം. അയാൾടെ മാത്രം കുറ്റല്ലല്ലോ. എന്റെ ഭാഗത്തും തെറ്റ്ണ്ട്."
.......ഇതാണ് ഏറ്റവും വലിയ വിവേകം മനസ്സില്‍ തോന്നുന്ന, ക്ഷമിക്കാനും പൊറുക്കാനുമുള്ള വകതിരിവ്. അവതരണം വളരെ നന്നായി
വന്നു വായിച്ചു പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വരുമല്ലൊ.
I Like it.
Echmu, netil katha vayikkarilla. ennittum Echumunte katha vayichu. allenkil ee katha niruththathe vayikkan ennil balam prayogichu. kathayezhuththinte karuththu thanne. nandi.
very nice......
ലാജ ഹോമത്തെ കുറിച്ച് ആദ്യമായി അരിയുകയാണ്
പല തരത്തിലുള്ള ഈ ശൈലികളുണ്ടല്ലൊ...
അതിഷ്ട്ടപ്പെട്ടു..കേട്ടൊ
echmakutty,
post = comment = maari poyi ,
ee postum kollam :)
അമ്മീമ്മ ഒരു സ്വന്തക്കാരിയായി മാറുന്നു എനിക്ക്. പാറുക്കുട്ടി വളരെ പരിചയമുള്ള ഒരു സ്ത്രീ. എച്മുവിന്റെ വാക്കുകളുടെ ഒരു ശക്തി
പുറകിൽ നിന്നും വായിച്ചു വരികയാണു.എന്തൊക്കെയോ വികാരങ്ങൾ മനസിൽ അലയടിക്കുന്നു..വായനയുടെ ഒരു ഗന്ധർവ്വലോകം തന്നെ ആണെന്ന് തോന്നുന്നു.
കുത്തിമുറിവേൽപ്പിക്കുന്ന കഥനശൈലി.
ബാക്കി കൂടി വായിക്കട്ടെ...
Post a Comment