Monday, May 9, 2011

നമസ്തേസ്തു ഫൂൽമതി


(2011 മെയ് 9 - മാധ്യമം ആഴ്ച്ചപ്പതിപ്പിലെ കണ്മഷി എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചു)

നിത്യവും പ്രഭാതത്തിൽ അമ്മീമ്മ ചൊല്ലിയിരുന്ന ‘നമസ്തേസ്തു മഹാമായേഎന്ന ദേവി സ്തോത്രം ഞാനും ചൊല്ലാറുണ്ട്. മനസ്സമാധാനത്തിന്, ധൈര്യത്തിന്, പലപ്പോഴും ശീലമായതുകൊണ്ട്..ഒക്കെയാണ് ഈ ജപം. പെണ്ണുങ്ങളുടെ മനമറിയാൻ ദൈവങ്ങൾക്കു കൂടിയും കഴിവില്ലെന്ന് ഇടയ്ക്കൊക്കെ ഞാൻ വിചാരിയ്ക്കാറുണ്ടെങ്കിലും…….  
സകല ചരാചരങ്ങളേയും ദൈവമാണുണ്ടാക്കിയതെന്ന് ഒരു ഗമയ്ക്ക് പറയാമെന്നേയുള്ളൂ..നമ്മൾ തൊട്ടാൽ അല്ലെങ്കിൽ എന്തിന് കണ്ടാൽ പോലും ആ ദൈവത്തിനും കൂടി അശുദ്ധിയുണ്ടാകമെന്ന , പാറ പോലെ ഉറച്ച സങ്കല്പത്തിലാണ് അധികം പെണ്ണുങ്ങളും ജീവിച്ചു പോകുന്നത്. അശുദ്ധക്കൂമ്പാരങ്ങളായ, അടുപ്പിയ്ക്കാൻ പാടില്ലാത്തവരായ നമ്മൾ സ്തോത്രം ചൊല്ലിയാലും വ്രതമെടുത്താലും പട്ടിണി കിടന്നാലുമൊക്കെ വല്ല ഫലവുമുണ്ടാകുമോ?
പൊതുവേ നമ്മളാണല്ലോ കൂടുതലായി ഈശ്വര വിശ്വാസവും ഭക്തിയും പ്രദർശിപ്പിക്കാറുള്ളത്. ആണുങ്ങൾക്ക് ചില്ലറ നിരീശ്വരവാദത്തിന്റെയും അല്പം പുരോഗമനചിന്തകളുടേയുമെല്ലാം അസ്കിത ആകാമെങ്കിലും നമുക്ക് അങ്ങനെയല്ല. ഭക്തിയുടെയും വിശ്വാസങ്ങളുടേയും അതിനോട് ബന്ധപ്പെട്ട സകല ആചാര മര്യാദകളുടെയും ചടങ്ങുകളുടേയുമെല്ലാം ആജീവനാന്ത ഉടമ്പടി നമുക്ക് മാത്രം സ്വന്തമാകുന്നു..
എണ്ണിയാലൊടുങ്ങാത്ത കുറവുകൾ മാത്രമുള്ളതെന്ന് എല്ലാ തരത്തിലും വ്യാഖ്യാനിയ്ക്കപ്പെടുന്ന ഈ പെൺജന്മം ഒന്നു മാറ്റിത്തരാൻ വേണ്ടി പ്രപഞ്ചത്തിലെ സകലമാന പെണ്ണുങ്ങളും ചേർന്ന് മുട്ടിപ്പായി പ്രാർഥിക്കാൻ തുടങ്ങിയാൽ എന്താവും ദൈവത്തിന്റെ സ്ഥിതിയെന്ന് ആലോചിച്ചിട്ടുണ്ടോ?
ഇങ്ങനത്തെ ഇച്ചിരിപ്പൊട്ടു വിപ്ലവ വിചാരമൊക്കെയുള്ള ഞാൻ നമസ്തേസ്തു മഹാമായേ എന്നതിനു പകരം നമസ്തേസ്തു ഫൂൽമതി എന്നു ചങ്ക് പൊട്ടിച്ചൊല്ലിപ്പോയത് …….
ഉത്തരേന്ത്യയിലെ വൻ നഗരത്തിൽ കഴിഞ്ഞു കൂടിയ ദിവസങ്ങളിലൊന്നിൽ……… രു ചൂടു കാലത്ത്…….
അടുക്കളപ്പാത്രങ്ങൾ കഴുകാമെന്നും ഒറ്റമുറി ബംഗ്ലാവ് അടിച്ചു വാരിത്തുടയ്ക്കാമെന്നും കുപ്പായമലക്കാമെന്നും പറഞ്ഞാണ് കിലുങ്ങുന്ന പാദസരവും നെറ്റിയിലെ ചൂഡയും മുൻ വരി പല്ലുകളിൽ വർണപ്പുള്ളിക്കുത്തുകളുമായി ഫൂൽമതി വന്നത്. വന്നപാടെ കടും നിറമുള്ള പാവാടയും പരത്തി മുന്നിൽ ഇരിപ്പായി. കിളിപ്പച്ച നിറമുള്ള ദുപ്പട്ട തലയിലേയ്ക്ക് വലിച്ചിടുമ്പോൾ അവളുടെ കുപ്പിവളകൾ കിലുങ്ങി.
ഞാൻ വഴങ്ങിയില്ല.
എനിയ്ക്ക് ഒരു സഹായി വേണ്ടെന്ന് ഞാനുറപ്പിച്ചു പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം വരാമെന്നായി ഫൂൽമതി. അല്ലെങ്കിൽ പതിനഞ്ചു ദിവസം കൂടുമ്പോഴൊരിയ്ക്കെ, അതുമല്ലെങ്കിൽ മാസത്തിലൊരിയ്ക്കലെങ്കിലും……….
കുത്തിയൊലിച്ചു വരുന്ന മലവെള്ളപ്പാച്ചിലിലെന്ന പോലെ ആ ഇടമുറിയാത്ത വാക്കുകളിൽ തട്ടി എന്റെ പ്രതിരോധമൊക്കെയും അനുനിമിഷം തകർന്നു ചിതറി. അതുവരെ അറുത്തെടുക്കാനാവുമായിരുന്ന എന്റെ ഏകാന്തതയിലും നിശ്ശബ്ദതയിലും അവളുടെ പാദസരങ്ങളും കുപ്പിവളകളും കൊഞ്ചിത്തുടങ്ങി. പോരാത്തതിന് മൂന്നു വയസ്സും രണ്ടു വയസ്സും ഒരു വയസ്സും വീതമുള്ള മൂന്നു പെണ്മക്കളും വീടിന്റെ ചെറിയ വരാന്തയിൽ ഇടം പിടിച്ചു.
പത്തൊമ്പതു വയസ്സുള്ള ഫൂൽമതിയ്ക്ക് മൂന്നു കുട്ടികൾ! ആഹാര ദാരിദ്ര്യത്താൽ വിളർത്ത്, വിരകൾ നിറഞ്ഞ വലിയ വയറും തേമ്പിയ ചന്തിയുമുള്ള മൂക്കീരൊലിപ്പിയ്ക്കുന്ന കുട്ടികൾ. ആദ്മിയുടെ ആകെ സ്വത്ത് പാൻ പരാഗും സിഗരറ്റും നിറച്ച ഒരു പെട്ടിയാണ്. അതും തുറന്ന് വെച്ച് അയാൾ രാവിലെ മുതൽ രാത്രി വരെ തെരുവിലിരിയ്ക്കും. ആരെങ്കിലും സിഗരറ്റും പാനും വാങ്ങിയെങ്കിലായി. ശാരീരികാധ്വാനമുള്ള ജോലിയൊന്നും ചെയ്യാൻ അയാൾക്ക് ശേഷിയില്ലത്രെ. അഴുക്കു നാറുന്ന, പുഴുക്കൾ നുരയ്ക്കുന്ന ചേരിയിലെ ഒറ്റ മുറിയിൽ ഈ കുടുംബം ജീവിയ്ക്കുന്നു!
ആ കുട്ടികൾ വരാന്ത കടന്ന് ഒരിയ്ക്കൽ പോലും എന്റെ മുറിയിലേയ്ക്ക് വന്നില്ല. ഭയവും ഒരു തരം വല്ലാത്ത തീറ്റക്കൊതിയും മാത്രമായിരുന്നു അവരുടെ വികാരങ്ങൾ. വല്ല ബിസ്കറ്റോ പൂരിയോ കൊടുത്താൽ തരി പോലും തറയിൽ വീഴ്ത്താതെ തിന്നു തീർക്കുന്ന ആ കുഞ്ഞിക്കണ്ണുകളിലെ ആർത്തി കണ്ട് ഞാൻ ചിതറിപ്പോയിട്ടുണ്ട്.
ആണ്ടെത്തിയപ്പോൾ അവരെ ആരും അന്നപൂർണേശ്വരിയ്ക്ക് നമസ്ക്കരിപ്പിച്ചില്ലായിരിയ്ക്കുമോ? അതോ നമസ്ക്കരിച്ചവരുടെ തിക്കിലും തിരക്കിലും അന്നപൂർണേശ്വരി ആ കുട്ടികളെ കാണാതെ പോയതായിരിയ്ക്കുമോ?
പരമ ദരിദ്രയും സഹായിപ്പണി ഇരന്ന് മേടിച്ചവളുമാണെങ്കിലും എന്നെ തിരുത്തുന്നതിൽ ഫൂൽമതി ഒരു അമ്മായിയമ്മയുടേയും ഭർത്താവിന്റേയും കൂട്ടായ വൈദഗ്ദ്ധ്യം പലപ്പോഴും പ്രകടിപ്പിച്ചു. ഞാൻ ആട്ട കുഴയ്ക്കുന്നതും, റൊട്ടി പരത്തുന്നതും, ചുടുന്നതുമെല്ലാം അവളുടെ പരിഷ്ക്കരണത്തിന് വിധേയമായി. കറിയ്ക്കു നുറുക്കേണ്ടത് എങ്ങനെയാവണമെന്നും അവൾ കാണിച്ചു തരാതിരുന്നില്ല. ഇടയ്ക്കൊക്കെ ചെടിപ്പ് തോന്നിയിരുന്നുവെങ്കിലും ഒരു കൊച്ചുപെണ്ണിന്റെ കളി തമാശയെന്നു കരുതി വിട്ടുകളയുമായിരുന്നു ഞാൻ.
പച്ചക്കറികൾ കഴുകുമ്പോഴാണ് ഫൂൽമതി അല്പം ദേഷ്യത്തോടെ എന്നോട് പറഞ്ഞത്. ദീദി, വെള്ളം ഇങ്ങനെ കളയല്ലേ. വെള്ളം ദേവിയാണ്. വെറുതേ കളഞ്ഞ് അപമാനിച്ചാൽ പാപമുണ്ടാകും.
അതെയതെ, ദേവി വീട്ടിൽ വലിയൊരു കിണറിലുണ്ട്, ഇപ്പോൾ പൈപ്പിലൂടെ വരികയും ചെയ്യുന്നു.
ഇടവപ്പാതിയും തുലാവർഷവും പിന്നെ സൌകര്യം കിട്ടുമ്പോഴോക്കെ വേനൽ മഴയും തിമർത്തു പെയ്യുന്ന നാട്ടിൽ പിറന്നവളുടെ, വെള്ളം ധാരാളം ഉപയോഗിച്ചു ശീലിച്ചവളുടെ, വൃത്തിയേയും വെടിപ്പിനേയും പറ്റി ഉയർന്ന ബോധ്യങ്ങളുണ്ടെന്ന് കരുതുന്നവളുടെ ധാർഷ്ട്യം എന്റെ മറുപടിയിലുണ്ടായിരുന്നു.
നാലു വയസ്സുള്ള പെൺകുഞ്ഞുങ്ങൾ പോലും കുടവുമേന്തി അമ്മമാർക്കൊപ്പം വെള്ളമെടുക്കാനായി മണിക്കൂറുകൾ നടക്കുന്ന, വരണ്ടുണങ്ങിയ നാടിനെക്കുറിച്ച് അന്നാണ് ഫൂൽമതി എന്നോട് പറഞ്ഞത്. വക്കു പൊട്ടിയ ചട്ടിയിൽ നിറുത്തി, അവരെ വല്ലപ്പോഴും കുളിപ്പിയ്ക്കുന്നതിനെയും ചട്ടിയിൽ ശേഖരിച്ച ആ വെള്ളത്തിൽ വസ്ത്രം അലക്കുന്നതിനെയും മുറ്റത്തെ മുൾമരത്തിനു കീഴിൽ കുഴി മാന്തി ബാക്കി വരുന്ന വെള്ളംഴിച്ച് മണ്ണിട്ട് മൂടിവെയ്ക്കുന്നതിനെയും പറ്റി അവൾ എന്നെ പഠിപ്പിച്ചു. വെള്ളം ഇല്ലാതായാൽ കൃഷിപ്പണി നിറുത്തി മറ്റു പണികൾ ചെയ്യാൻ ശ്രമിയ്ക്കാം ആണുങ്ങൾക്ക്. പക്ഷേ, ഭക്ഷണമുണ്ടാക്കാതെയും തുണിയലക്കാതെയും കുഞ്ഞിനെ കുളിപ്പിയ്ക്കാതെയും പെണ്ണുങ്ങൾക്ക് കഴിയാനാകുമോ? അതുകൊണ്ട് വെള്ളം പെണ്ണുങ്ങൾക്ക് ദേവി കൊടുക്കുന്ന പ്രത്യേക അനുഗ്രഹമാണ്. തോന്നുമ്പോഴൊക്കെ വെള്ളം ലഭിയ്ക്കുന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടാണ്. സ്വന്തം കിണറുണ്ടാവുന്നത് സ്വർഗവാസികളായ ദേവാംശികളായി പിറന്നവർക്കു മാത്രമാണ്.
സ്കെയിലില്ലാത്ത അളവായിരുന്നു അപ്പോൾ ഫൂൽമതിയ്ക്ക്......... എന്റെ ധാർഷ്ട്യത്തിന്റെ വീർത്ത പള്ളയിൽ ആ വാക്കുകളുടെ മിന്നുന്ന വാൾത്തല ഇന്നും രക്തമൊലിപ്പിയ്ക്കുന്നു. ഓരോ തുള്ളി വെള്ളവും അവളായി മാറുന്നു.
നമസ്തേസ്തു ഫൂൽമതി!
ദിവസങ്ങൾ കടന്നു പോയി. വേനൽക്കാലം തണുപ്പ് കാലത്തിന് വഴിയൊഴിഞ്ഞുകൊണ്ടിരുന്നു. ഒരു നാൾ രാവിലെ ഫൂൽമതി പറഞ്ഞു, “ദീദി, ഞാൻ വീണ്ടും അമ്മയാവാൻ പോവുകയാണ്.”
എനിയ്ക്ക് കലിയാണു വന്നത്. പെറ്റിട്ടതുങ്ങൾക്ക് തന്നെ തിന്നാൻ കൊടുക്കാൻ വഴിയില്ല; അപ്പോഴാണ് വീണ്ടും വീണ്ടും........ നാണമില്ലാത്ത ചെറ്റക്കൂട്ടങ്ങൾ!
“നീയീ നാണം കെട്ട ഏർപ്പാട് നിറുത്താതെ ഗതി പിടിയ്ക്കില്ല. ഇനിയും പെറ്റാൽ അതിനും തിന്നാൻ കൊടുക്കേണ്ടേ?“ ക്ഷോഭം കൊണ്ട് എന്റെ വാക്കുകൾ വിറച്ചു.
ഫൂൽമതിയുടെ ശബ്ദം ശാന്തമായിരുന്നു. “ഇതും കൂടിയില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്താണൊരു സന്തോഷം ദീദി? ഉണ്ടാവുന്നെങ്കിൽ ഉണ്ടാവട്ടെ. അത് അതിന്റെ തലേലെഴുത്തും കൊണ്ട് വരും……….“ എന്റെ കണ്ണുകൾ അതു വരെ കാണാൻ തയാറാവാതിരുന്ന ഒരു കാഴ്ചയായിരുന്നു ആ നിമിഷം അവൾ കാണിച്ചത്, കാതുകൾ അതു വരെ കേൾക്കാൻ തയാറാവാതിരുന്ന ഒരു ശബ്ദമായിരുന്നു ആ നിമിഷം അവൾ കേൾപ്പിച്ചത്. ശരിയാണ്. അവൾക്കും അവളുടെ ആദ്മിയ്ക്കും വേറെ എന്താണ് ഒരു സന്തോഷം? ഒരു സുഖം? വയറു നിറയ്ക്കാൻ ഭക്ഷണം കൂടിയില്ലാത്തവർ…….. ജീവൻ മാത്രം സ്വന്തമായുള്ളവർ……… ഒന്നുമൊന്നുമില്ലാത്തവരുടെ ഒരാനന്ദം...... അല്പ നിർവൃതി……
എനിയ്ക്ക് പാവം തോന്നി. അവളുടെ എണ്ണ കാണാതെ പരുത്തു ചെമ്പിച്ച തലമുടിയിൽ ഞാനെന്റെ കൈ ചേർത്തു.
അവളെ ആശുപത്രിയിൽ പോകാൻ നിർബന്ധിയ്ക്കുകയും, ഗർഭിണി സ്വീകരിയ്ക്കേണ്ടുന്ന മുൻ കരുതലുകളെക്കുറിച്ചും പ്രത്യേകമായി കഴിയ്ക്കേണ്ടുന്ന ആഹാരത്തെക്കുറിച്ചും ഒക്കെ വിസ്തരിയ്ക്കുകയും ചെയ്തു ഞാൻ. അവൾ ചിരിച്ചുകൊണ്ട് തല കുലുക്കി. “ഒന്നും സംഭവിയ്ക്കില്ല ദീദി, നാലാമത്തെ പ്രാവശ്യമല്ലേ, എനിയ്ക്കിത് നല്ല പരിചയമാണ്.“
ഒരുപക്ഷേ, ആ അവസ്ഥയിൽ അവൾക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകൾ.
എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായില്ല.
അവൾ ദിനം പ്രതി ക്ഷീണിച്ചു, ശ്വാസം മുട്ടലും കിതപ്പും വർദ്ധിച്ചു. തുടർച്ചയായി അഞ്ചാറു ദിവസം വരാതിരുന്നപ്പോൾ ഞാൻ അന്വേഷിച്ചു ചെന്നു. അവൾക്ക് പനി പിടിപെട്ടിരുന്നു. ആ കണ്ണുകൾ പളുങ്ക് ഗോട്ടികളെ ഓർമ്മിപ്പിച്ചു. രോഗവും ദാരിദ്ര്യവും ഗർഭവും തളർത്തിയ ദുർബല ശരീരത്തെ തൊട്ട് വിളിച്ച് മൂന്നു കുഞ്ഞുങ്ങളും വിശന്നു കരഞ്ഞുകൊണ്ടിരുന്നു. അവളുടെ ആദ്മി അവിടെയുണ്ടായിരുന്നില്ല.
ചേരിയിലെ ആരോഗ്യപ്രവർത്തകരെ കണ്ടുപിടിയ്ക്കാൻ അൽപ്പം പണിപ്പെടേണ്ടി വന്നുവെങ്കിലും അവളെ ചികിത്സിപ്പിയ്ക്കാൻ എനിയ്ക്ക് സാധിച്ചു.
പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലും തോലുമായി, ഒരു പടു കിഴവിയുടെ രൂപത്തിൽ അവൾ എന്റെ മുന്നിൽ വന്നു നിന്നു. നെഞ്ചു തകരുന്നതായി എനിയ്ക്കു തോന്നി. അവൾ എനിയ്ക്കൊരു വെറും സഹായി മാത്രമായിരുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. ഫൂൽമതിയ്ക്ക് ക്ഷയം ബാധിച്ചിട്ടുണ്ടെന്നും ഈ ഗർഭം ഒഴിവാക്കുന്നതാവും അവൾക്ക് നല്ലതെന്നും എന്നോട് പറഞ്ഞത് ചേരിയിലെ ആശുപത്രിയിൽ ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്ന നഴ്സമ്മയാണ്. അവളുടെ ആദ്മിയോട് അവർ സംസാരിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല.
“ആ നാശം പിടിച്ചവൻ മോന്തേം വീർപ്പിച്ച് താഴോട്ട് നോക്കി നിൽക്കുകയായിരുന്നു. ഇതുങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ആർക്കറിയാം? നഴ്സമ്മ വെറുപ്പോടെ പിറുപിറുത്തു. “കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് വരാൻ ആ ചെകുത്താനെ നിർബന്ധിച്ചതാണ്.“ അവർക്ക് കലിയടങ്ങുന്നുണ്ടായിരുന്നില്ല.
ഞാൻ ഫൂൽമതിയോട് കാര്യങ്ങൾ വിശദമാക്കിയപ്പോൾ അവൾ തലയും കുമ്പിട്ടിരുന്ന് എല്ലാം മൂളി കേട്ടു. ഒട്ടു കഴിഞ്ഞ് ദുപ്പട്ടയിൽ തിരുപ്പിടിച്ചുകൊണ്ട് ചോദിച്ചു. “കുഞ്ഞിനെന്തെങ്കിലും കുഴപ്പം വരുമോ ദീദി?” ആ നിമിഷത്തിൽ അവളുടെ കുണ്ടിലാണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അവൾക്കാണു കുഴപ്പമുണ്ടാവുകയെന്ന് നഴ്സമ്മ വിസ്തരിച്ചത് ഞാൻ അതേപടി കേൾപ്പിച്ചിട്ടും ജനിയ്ക്കാൻ പോകുന്ന കുഞ്ഞിനെ മാത്രം ഓർമ്മിച്ച് ഉൽക്കണ്ഠപ്പെടുന്ന അവളുടെ അമ്മ മനസ്സ് എന്റെ ചിന്താശേഷിയ്ക്കപ്പുറത്ത് നിന്ന് എന്നെ കളിയാക്കിച്ചിരിച്ചു.
“വേണ്ട, ദീദി, കുഞ്ഞിനെ കളയേണ്ട, ചിലപ്പോൾ അതൊരു ആൺകുട്ടിയായിരിയ്ക്കും. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനും എന്റെ പെൺകുട്ടികൾക്കും വലിയ സഹായവുമാകും. ഞാനത്രയെങ്കിലും ചെയ്യേണ്ടേ ദീദി “
“കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് നിന്റെ ആദ്മി പോവാതിരുന്നതുകൊണ്ടാണ് ഈ കുഴപ്പമുണ്ടായത്. അയാൾ അതിനു പോയി എന്ന് വിചാരിച്ചാൽ മതി, ഗർഭമുണ്ടായിട്ടില്ലെന്ന് കരുതിയാൽ മതി.“ ഞാൻ അവളെ ആശ്വസിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയായിരുന്നു.
ശോഷിച്ച കൈകൾ ഉയർത്തി അരുതാത്തതെന്തോ കേട്ട പോലെ അവൾ ചെവികൾ പൊത്തി. “രാം രാം“ എന്നു  ജപിച്ചു. എന്നിട്ടു യാചനയോടെ വിലക്കി. “മഹാപാപം പറയരുത് ദീദി. നസ്ബന്ദി ചെയ്താൽ അദ്ദേഹത്തിന് ആരാണു രണ്ടാമത് പെണ്ണിനെ കൊടുക്കുക? ഞങ്ങളുടെ ഇടയിൽ മൂന്നാലു പ്രസവിയ്ക്കുമ്പോൾ പെണ്ണുങ്ങൾ മരിച്ചു പോകുന്നത് ഒരു സാധാരണ കാര്യമാണ്. അപ്പോൾ ആദ്മി രണ്ടാമതും കല്യാണം കഴിയ്ക്കും. അവർക്ക് ഒരു കൂട്ട് വേണ്ടേ ദീദി? ഇത് ആൺകുട്ടിയാണെങ്കിൽ ഞാൻ തന്നെ പ്രസവം നിറുത്താം ദീദി. അദ്ദേഹത്തിന് കുറവൊന്നും വരാതിരിയ്ക്കട്ടെ………
ഒരു വാക്കും …….. കേടു വന്നതോ തേഞ്ഞതോ പൊട്ടിയതോ ചതഞ്ഞതോ ആയ ഒരു വാക്കു പോലും ഉമിനീർ വറ്റിപ്പോയ എന്റെ വായിലുദിച്ചില്ല.

അവളെ കാണുന്ന കണ്ണുകൾ മാത്രം നിറഞ്ഞ് വിറച്ചുകൊണ്ടിരുന്നു.

89 comments:

കൊച്ചു കൊച്ചീച്ചി said...

ഉഗ്രന്‍, എച്ച്മൂ!! ഒന്നും പറയാനില്ല. ഞാനും അന്നാട്ടിലൊക്കെ ജീവിക്കുകയും ഇതൊക്കെ കാണുകയും ചെയ്തിട്ടുള്ളതുകൊണ്ടു് ഈ ലേഖനത്തില്‍ പറഞ്ഞ ഓരോ സത്യവും അറിയുന്നു.

"തോന്നുമ്പോഴൊക്കെ വെള്ളം ലഭിയ്ക്കുന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടാണ്. സ്വന്തം കിണറുണ്ടാവുന്നത് സ്വർഗവാസികളായ ദേവാംശികളായി പിറന്നവർക്കു മാത്രമാണ്." ഇതാണ് അടിവരയിടേണ്ട ഭാഗം. അതറിയാത്ത സമൂഹത്തിന്റെ ധാര്‍ഷ്ട്യം മാപ്പര്‍ഹിക്കുന്നില്ല.

Minesh Ramanunni said...

മനസിനെ വല്ലാതെ സ്പര്‍ശിച്ച എഴുത്ത്.

K@nn(())raan*خلي ولي said...

>> ശരിയാണ്. അവൾക്കും അവളുടെ ആദ്മിയ്ക്കും വേറെ എന്താണ് ഒരു സന്തോഷം? ഒരു സുഖം? വയറു നിറയ്ക്കാൻ ഭക്ഷണം കൂടിയില്ലാത്തവർ…….. ജീവൻ മാത്രം സ്വന്തമായുള്ളവർ……… ഒന്നുമൊന്നുമില്ലാത്തവരുടെ ഒരാനന്ദം...... അല്പ നിർവൃതി……എനിയ്ക്ക് പാവം തോന്നി. അവളുടെ എണ്ണ കാണാതെ പരുത്തു ചെമ്പിച്ച തലമുടിയിൽ ഞാനെന്റെ കൈ ചേർത്തു.അവളെ ആശുപത്രിയിൽ പോകാൻ നിർബന്ധിയ്ക്കുകയും, ഗർഭിണി സ്വീകരിയ്ക്കേണ്ടുന്ന മുൻ കരുതലുകളെക്കുറിച്ചും പ്രത്യേകമായി കഴിയ്ക്കേണ്ടുന്ന ആഹാരത്തെക്കുറിച്ചും ഒക്കെ വിസ്തരിയ്ക്കുകയും ചെയ്തു ഞാൻ >>


@@
ഒരു സമൂഹത്തിന്റെ മൊത്തം വികാരങ്ങളും വിഹ്വലതകളും ഈ പോസ്റ്റില്‍ തെളിഞ്ഞു കിടക്കുന്നുണ്ട്. ചില വരികള്‍ മനസ്സില്‍ വല്ലാതെ പതിഞ്ഞല്ലോ ചേച്ചീ!

എഴുതാനുള്ള കഴിവിനെയല്ല അത് പ്രതിഫലിപ്പിക്കാനുള്ള കഴിവിനെ നമിക്കുന്നു. കണ്ണൂരാന്‍ ഒരിറ്റു കണ്ണീരുമായി പടിയിറങ്ങട്ടെ.

***

MOIDEEN ANGADIMUGAR said...

കൊള്ളാം എച്ച്മുക്കുട്ടി, നന്നായിട്ടുണ്ട്.

mirshad said...

. . . നല്ലൊരു നാളയെ വാര്‍ത്തെടുക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു യുവാവിന്റെ നിസ്സഹായത രണ്ടു തുള്ളി കണ്ണ് നീരായി പുള്ളികളുള്ള ലുങ്കിയില്‍ പതിച്ചു . . .

എച്ച്മുക്കുട്ടി യെ സ്ഥിരമായി വായിച്ചാല്‍ ആരും സ്ത്രീ വാദിയാകും . . . .
http://mirshadk1988.blogspot.com/

Sidheek Thozhiyoor said...

അപാരം എച്ചുമൂ...മനസ്സില്‍ തട്ടിയെന്ന് പറഞ്ഞാല്‍ പോര ശെരിക്കും ഏറ്റു..ഒരു മുറിപ്പാട് പോലെ കുറേകാലം ആ മുഖം മനസ്സില്‍ കിടക്കും.
വീണ്ടും കാണാം.

ente lokam said...

നമസ്തെതു എച്മു ...ഈ കഥ
വായിച്ചിരുന്നു .കിണറിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇനി ഒരു world war ഉണ്ടാവുക ശുദ്ധ ജലത്തിന് വേണ്ടി ആവും എന്ന പുതിയ ഭീതി ഒരു ടെമോക്ലിസിന്റെ വാള്‍ ‍ ആയി തലയില്‍ ഓങ്ങുന്നു .വികാരങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ച്ചുമുവിന്റെ വാചക കരുത്ത് അസൂയാര്‍ഹം
തന്നെ ..അഭിനന്ദനങ്ങള്‍ ..

ajith said...

എച്മു ഓരോരുത്തരെ മനസ്സിലേയ്ക്ക് കയറ്റിവിടുന്നു. കഥയില്‍ നിന്നായാലും വിവരണങ്ങളില്‍ കൂടിയായാലും. കയറിവന്നവരൊന്നും എളുപ്പം ഇറങ്ങിപ്പോവുകയുമില്ല.ഈ ഫൂല്‍മതിയെപ്പോലെ!!

അനില്‍കുമാര്‍ . സി. പി. said...

എച്മു, ചിന്തിപ്പിക്കുന്ന ... ചിന്തിപ്പിക്കേന്ടുന്ന നല്ല പോസ്റ്റ്.
ഫൂല്മതി ഒരു നോവായി മനസ്സില്‍ ...

അനില്‍കുമാര്‍ . സി. പി. said...

എച്മു, ചിന്തിപ്പിക്കുന്ന ... ചിന്തിപ്പിക്കേന്ടുന്ന നല്ല പോസ്റ്റ്.
ഫൂല്മതി ഒരു നോവായി മനസ്സില്‍ ...

വയ്സ്രേലി said...

എചുമോ... പതിവു പോലെ ഇതും കലക്കീട്ടാ... പക്ഷെ അവസാനം അത്ര ശരിയായോന്ന് ഒരു സംശയം,. വായിച്ച് മതിയായില്ല. :( :( :(

ചാണ്ടിച്ചൻ said...

വീണ്ടും ഹൃദയത്തെ മഥിപ്പിച്ച ഒരു കഥ...കഥാവസാനം വായനക്കാരുടെ ഭാവനക്ക് വിട്ടു കൊടുത്തത് വളരെ ഉചിതമായി...അഭിനന്ദനങ്ങള്‍, എച്ച്മുക്കുട്ടീ....പശ്ചിമ ബംഗാളിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല....മുട്ടിപ്പായി ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം അവിടെ പിഞ്ചു ബാലികമാര്‍ വീട്ടുജോലിക്ക് വരുമത്രേ....

ഇനി ചാണ്ടിയുടെ അന്തര്‍ഗതങ്ങള്‍ :-)
"ഈ പെൺജന്മം ഒന്നു മാറ്റിത്തരാൻ വേണ്ടി പ്രപഞ്ചത്തിലെ സകലമാന പെണ്ണുങ്ങളും ചേർന്ന് മുട്ടിപ്പായി പ്രാർഥിക്കാൻ തുടങ്ങിയാൽ"
ഈ ലോകം മുഴുവന്‍ ഹോമോസെക്ഷ്വല്‍ ആയി പ്രഖ്യാപിക്കേണ്ടി വരും, അത്ര തന്നെ....
"ശാരീരികാധ്വാനമുള്ള ജോലിയൊന്നും ചെയ്യാൻ അയാൾക്ക് ശേഷിയില്ലത്രെ"
എന്നിട്ടും നാലു കുട്ടികള്‍....അതിശയം....

Jazmikkutty said...

വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍..എച്ച്മൂന്റെ ഓരോ പോസ്റ്റും ഞങ്ങള്‍ക്കേകുന്ന നവ്യാനുഭൂതി പറഞ്ഞറിയിക്കാന്‍ വയ്യ..നമുക്കൊന്നും മനസ്സിലാക്കാന്‍ പറ്റാത്ത തലങ്ങളില്‍ ജീവിക്കുന്നവരാണ് നമ്മള്‍ അധകൃതര്‍ എന്നും പറഞ്ഞു തള്ളുന്ന പലരും..ഹൃദയത്തില്‍ തുളഞ്ഞു കയറി ഈ എഴുത്ത് എച്മു..........

രമേശ്‌ അരൂര്‍ said...

"എന്റെ ധാർഷ്ട്യത്തിന്റെ വീർത്ത പള്ളയിൽ ആ വാക്കുകളുടെ മിന്നുന്ന വാൾത്തല ഇന്നും രക്തമൊലിപ്പിയ്ക്കുന്നു. ഓരോ തുള്ളി വെള്ളവും അവളായി മാറുന്നു.നമസ്തേസ്തു ഫൂൽമതി!"

ഞാനും നമിക്കുന്നു എച്മു ...ഒന്നാം തരമായി.:)

Sabu Hariharan said...

ആർത്തവ ദിവസങ്ങളിൽ അമ്പലങ്ങളിൽ കയറാൻ കഴിയാതെ വരിക. അതിനിത്ര രോഷം കൊള്ളണോ ?. അങ്ങനെ ഒരു നിയമവും ഇല്ലല്ലോ. അതൊരു വിശ്വാസമല്ലേ?.. ഇനി കയറിയാൽ തന്നെ ആരെങ്കിലും അതു പരിശോധിക്കാൻ പോകുന്നുണ്ടോ?
കുളിക്കാതെ, അല്ലെങ്കിൽ ശാരീരിക ബന്ധം പുലർത്തിയതിനു ശേഷം, മത്സ്യമാംസാദികൾ കഴിച്ചതിനു ശേഷം, അടുത്ത ബന്ധുക്കളുടെ മരണ ശേഷം, രോഗമുള്ളപ്പോൾ..അപ്പോഴൊന്നും ദേവാലങ്ങളിൽ കയറാൻ പാടില്ല. ശരീരവും, മനസ്സും വൃത്തിയായിരിക്കുമ്പോൾ മാത്രം ദേവാലയങ്ങളിൽ പോകുക..
ഇതെല്ലാം ഒരു വിശ്വാസമാണ്‌..അതു പാലിക്കുന്നവർക്ക്‌ പാലിക്കാം..അതൊരു വിപ്ലവമാക്കി മാറ്റേണ്ട കാര്യമുണ്ടോ?!
ആദ്യത്തെ 'വിപ്ലവ' ചിന്തകൾക്ക്‌ കഥയുമായി ഒരു ബന്ധവുമില്ല!. കഥാകാരിക്ക്‌ പറയാനുള്ളത്‌ കഥയിൽ കുത്തിക്കേറ്റി വെച്ചതു പോലെ തോന്നി.

ജലസംരക്ഷണം, കുടുംബാസൂത്രണം ..അങ്ങനെ പല സാരോപദേശങ്ങളും കണ്ടു.

'നാണം കെട്ട പണി..'
ഇവിടെ നാണക്കേടെന്താണെന്ന് മനസ്സിലായില്ല..
കഥ മുഴുവനും രോഷമായി പോയി..അതു കൊണ്ട്‌ തന്നെ കഥയായി ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നു വിഷമത്തോടെ പറയട്ടെ..
ഇതൊരു ലേഖനമായിട്ടാണ്‌ കൂടുതലും ചേരുക..

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

എന്താണ് പറയേണ്ടത് എച്മുകുട്ടി? ഒരു വല്ലാത്ത അനുഭവം! ഒരു വലിയ പാഠപുസ്തകമായിട്ടാണ് ഫൂല്‍മതിയെ തോന്നുന്നത്. വെള്ളം പാഴാക്കാന്‍ ഇഷ്ടപ്പെടാത്ത... ഗര്‍ഭത്തില്‍ ഉരുവായ കുഞ്ഞിന്റെ മുഖം കാണാന്‍ കൊതിക്കുന്ന.... നസ്ബന്ദി ചെയ്താല്‍ ഭര്‍ത്താവിന്റെ ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന ഒരു മഹാനഷ്ടത്തിനെ മുന്‍കൂട്ടി കാണുന്ന മഹാമനസ്കയായ ഫൂല്‍മതി എന്നെ വിസ്മയിപ്പിച്ചു. അതിഗംഭീരം!! ഒരു വിയോജനക്കുറിപ്പുള്ളതു, ആദ്യം പറയുന്ന വിപ്ലവചിന്തകള്‍ മറ്റൊരു പോസ്റ്റ് ആക്കാമായിരുന്നു. ആ വിപ്ലവചിന്തകളില്‍ നിന്ന് ഫൂല്‍മതിയിലേയ്ക്കുള്ള ഫ്യൂഷന്‍ അത്ര ശരിയായില്ല എന്നൊരു തോന്നല്‍. :-) പക്ഷേ, ആ കുറവ് ഫൂല്‍മതിയുടെ കഥ കൊണ്ടുതന്നെ പരിഹരിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍!!

ഒരു യാത്രികന്‍ said...

എച്ചുമിവിനു മാത്രം സ്വായത്തമായ രചനാ രീതി. എച്ച്മുവിന്റെ എഴുത്ത് എന്നും എനിക്കേറെയിഷ്ടം....സസ്നേഹം

ശ്രീനാഥന്‍ said...

ഫൂൽമതി മുഴുവൻ സത്യമാണോ? എനിക്ക് വിശ്വസിക്കാനാവുന്നില്ല.നസ്ബന്ദി ചെയ്താൽ അദ്ദേഹത്തിന് ആരാണു രണ്ടാമത് പെണ്ണിനെ കൊടുക്കുക? ... രതിയുടെ ആനന്ദത്തിനു നേരെ മധ്യവർഗ്ഗസ്ത്രീയുടെ മുഖം ചുളിക്കലിനു മുകളിലാണ് ജീവൻ മാത്രം മൂലധനമായിട്ടുള്ളവൾക്ക് പ്രാപ്യമായ ഏകാനന്ദമാണത് എന്ന ഫൂൽമതിപ്രഖ്യാപനം വന്നു വീഴുന്നത്. ജലം, അന്നം, രതി, ജീവൻ - അടിസ്ഥാന പ്രശ്നങ്ങളിൽ ഫൂൽമതി മഹത്തായ പാഠങ്ങളാണ് പകരുന്നത്. സ്ത്രീയുടെ മുമ്പിൽ സ്തബ്ധനായി, തൊഴുകൈയ്യോടെ ഞാൻ നിന്നു പോകുന്നു, ഫൂൽമതിയുടെ മുമ്പിലോ, എഴുത്തുകാരിയുടെ മുമ്പിലോ, അതോ മുഴുവൻ സ്ത്രീജന്മങ്ങളുടെ മുമ്പിലോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നിറയെ ഫൂല്‍മതിമാരുടെയുംഫൂല്‍മതന്മാരുടെയും അടുത്തായിരുന്നു കുറെക്കാലം.
അവള്‍ പറഞ്ഞതില്‍ ഒരു വാചകം "അത് അതിന്റെ തലേലെഴുത്തും കൊണ്ട് വരും……….“ "വളരെ ശരി ആണെന്ന് അനുഭവം എനിക്കു തോന്നിപ്പിക്കുന്നു.

വിശദീകരിക്കാനാണെങ്കില്‍ നോവല്‍ എഴുതാനുണ്ട്‌.
ഏതായാലും താന്‍ കാലത്തെമനുഷ്യന്റെ മനഃസമാധാനം കളഞ്ഞു തന്നു

Sabu Hariharan said...

ക്ഷമിക്കുക.. ലേബലിൽ 'അനുഭവം' എന്നു കാണുവാൻ വൈകി.

ഇന്ത്യ ഇനി എന്നാണ്‌ ഒന്നെഴുന്നേറ്റു നിൽക്കുക എന്നു ഇപ്പോൾ തോന്നുന്നു.

mini//മിനി said...

അവരുടെ ലോകം, നന്നായി വരച്ച് അവതരിപ്പിച്ചു.

Sabu Hariharan said...

പത്രത്തിൽ ഒരു വാർത്ത വായിച്ചപ്പ്പ്പൊൾ വീണ്ടും ഇതു വഴി വരണമെന്നു തോന്നി.. ചേർത്തു വായിക്കൂ!. നമുക്കെല്ലാപേർക്കും 'അഭിമാനിക്കാം'

http://timesofindia.indiatimes.com/india/47-of-young-Indian-women-marry-before-18/articleshow/8211979.cms

മത്താപ്പ് said...

"ഒരു വാക്കും …….. കേടു വന്നതോ തേഞ്ഞതോ പൊട്ടിയതോ ചതഞ്ഞതോ ആയ ഒരു വാക്കു പോലും ഉമിനീർ വറ്റിപ്പോയ എന്റെ വായിലുദിച്ചില്ല."


മനോഹരം.
കഥ നന്നായിരിക്കുന്നു......

നനവ് said...

ഫൂൽമതിയെപ്പോലുള്ള എത്രയോ ജന്മങ്ങൾ..അവരും ഇവിടെ ജീവിക്കുകയും ജീവിതത്തിന്റെ തുടക്കത്തിലേ മരിച്ചുപോവുകയും ഒക്കെ ചെയ്യുന്നുണ്ട്..സ്വന്തം അവകാശങ്ങളെപ്പറ്റി ഒന്നുമറിയാത്ത ,ഒന്നിനേയും പ്രതിരോധിയ്ക്കാനാവാത്ത,ബാല്യവും കൌമാരവും യൌവ്വനവുമൊക്കെ നഷ്ടപ്പെട്ട്,20 വയസ്സിലേ വാർധക്യം ബാധിച്ച് മരിക്കാൻ വിധിക്കപ്പെടുന്ന മനുഷ്യജന്മങ്ങൾ...ഇതും ഇന്ത്യയാണ്,ലക്ഷം കോടികൾ അഴിമതികൾ നടക്കുന്ന ഇന്ത്യയുടെ ഭൂരിപക്ഷമുഖം..
നല്ലപോസ്റ്റ്..

siya said...

എച്ചുമോ ...പറയാന്‍ ഒന്നുമില്ല ..കാരണം ചിലത് വായിച്ചു കഴിയുമ്പോള്‍ മറുപടി എഴുതുവാന്‍ കഴിയാത്തത് എന്റെ കൈകള്‍ ചലിക്കാത്തത് കൊണ്ട് തന്നെ ആണ് ..
നല്ല ഒരു വായന എന്നതിലും,
ഫൂൽമതിയും ഈ എഴുത്ത് ക്കാരിയും എന്നും എന്റെമനസ്സില്‍ ഉണ്ടാവും .

ശ്രീ said...

പതിവു പോലെ നന്നായി അവതരിപ്പിച്ചു ,ചേച്ചീ

Bijith :|: ബിജിത്‌ said...

ഫൂല്‍മതിയെ പോലെ ഉള്ളവരെ കാണുമ്പോള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് പതിവ്. വിഷുവിനു ഉണ്ടാക്കിയ പായസം ഞങ്ങളുടെ ഫൂല്‍മതിക്ക് കൊടുത്തപ്പോള്‍, അവര്‍ അതു കഴിക്കാതെ വീട്ടിലേക്കു കൊണ്ടു പോയി, കുട്ടികള്‍ക്ക് കൊടുക്കാന്‍... അമ്മ മനസ്സ്...
--

പട്ടേപ്പാടം റാംജി said...

ജീവന്‍ മാത്രം സ്വന്തമായുള്ളവര്‍ അല്ലെ...
ഒരക്കലും മാറാതെ അലിഞ്ഞ്ഞുചേര്‍ന്നിരിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും അതേപടി നിലനിര്‍ത്തണം എന്ന് ഇപ്പോഴും കരുതുന്ന ജന്മങ്ങള്‍.
വളരെ സുന്ദരമായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍.

Umesh Pilicode said...

കൊള്ളാം എച്ച്മുക്കുട്ടി, നന്നായിട്ടുണ്ട്.

ബിഗു said...

വറുത്തി അരപ്പട്ട കെട്ടിയ ഇന്ത്യയില്‍ ഇതുപോലെ ലക്ഷകണക്കിന്‌ ഫുല്‍മതിമാരുണ്ട്. ഐശ്വര്യമുള്ള പേരുമാത്രം സ്വന്തമായിട്ടുള്ളവര്‍. വിധി എന്ന രണ്ടക്ഷരത്തിന്‌ ഒരുപാട് വ്യാഖ്യാനങ്ങളുണ്ടല്ലോ.വേദന തുളുമ്പി നില്‍ക്കുന്ന വരികള്‍.

എച്മു ചേച്ചി ഫുല്‍മതി ഇപ്പോഴും ജീവനോടെയുണ്ടോ? അവള്‍ ആണ്‍കുട്ടിയെ പ്രസവിച്ചോ? അറിയാനൊരു ആകാംഷ

Sarija NS said...

വായന ബാക്കിവച്ചത് ഒരു മുറിവാണ്.

the man to walk with said...

എത്ര മനോഹരമായി എഴുതിയിരുക്കുന്നു ..ഇഷ്ടായി പോസ്റ്റ്‌ ആശംസകള്‍

Unknown said...

ഫൂല്മതി ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീ യുടെ പ്രതീകമാണ്.ഇതൊക്കെ ഞാന്‍ മാത്രം സഹിക്കാന്‍ ബാധ്യസ്തയാണോ എന്ന് അവള്‍ക്ക് തോന്നാനും പ്രതികരിക്കാനും കഴിയാത്തിടത്തോളം ഇത് തുടരുകയും ചെയ്യും.വിദ്യാഭ്യാസവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള തൊഴില്‍ പരിശീലനവും അല്ലാതെ ഒരു പരിഹാരവും ഇല്ല ഇതിനു. പിന്നെ ആദ്യം പറഞ്ഞ കാര്യങ്ങള്‍ക്കു കഥയിലുള്ള സാംഗത്യം....അത് ഒരുപാട് കരഞ്ഞു വിളിച്ചിട്ടും പെണ്ണിന്റെ ദുരിതവും കണ്ണീരും കാണാത്ത ദൈവങ്ങളോടുള്ള പ്രതിഷേധം ആയി എടുത്താല്‍ മതി

...sijEEsh... said...

നമസ്തേസ്തു ഫൂൽമതി!
നമസ്തേസ്തു എച്ച്മുക്കുട്ടി!

നന്നായിട്ടുണ്ട്.

Nena Sidheek said...

ഞാനും വായിച്ചു ചേച്ചീ,എന്ത് പറയണമെനൊന്നും എനിക്കറിയില്ല ,ഒരുപാട് ഇഷ്ടപ്പെട്ടു.

മുകിൽ said...

pathivupole thulachu kayarunna varikal, Phoolmathiye anaswarayaakki.

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ നല്ല ഒരു പോസ്റ്റ്. കഥ വായിച്ചതു പോലെ തോന്നി. ഇന്‍ഡ്യയിലിപ്പോഴും ഇതുപോലുള്ള ജീവിതങ്ങലാണ് കൂടുതലും. ഒരു പക്ഷേ കേരളത്തില്‍ ഇത്രയ്ക്കില്ലെന്നു തോന്നുന്നു.

കെ.എം. റഷീദ് said...

വരവ് ചിലവ് കള്ളിയിലെ അക്കങ്ങളുടെ വലിപ്പം നോക്കി
കുട്ടികള്‍ വേണോ വേണ്ടയോ എന്ന്‌ ചിന്തിക്കുന്ന കാലഘട്ടത്തില്‍ ആണ് നമ്മള്‍ .
നഗര ജീവികളുടെ മാനസിക വൈകല്യം സംഭവിച്ചിട്ടില്ലാത്ത
ആ ചേരിയിലെ പെണ്‍കുട്ടിക്ക് മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു

മാധ്യമം ആഴ്ചപ്പതിപ്പില്‍ ഇത് വായിച്ചിരുന്നു

അഭി said...

നന്നായി അവതരിപ്പിച്ചു ചേച്ചി
ആശംസകള്‍

ചന്തു നായർ said...

അവതരണ ശൈലി കൊണ്ടും, ആശയം കൊണ്ടും,സമ്പന്നമായ ഒരു കഥ ഇതാ,ഇവിടെ.. ഒരു കഥാപാത്രത്തിലൂടെ ഈ കഥാകാരി എന്തെല്ലാമാണു പറഞ്ഞിരിക്കുന്നത്.. വർണ്ണിക്കാനും,വാഴ്ത്താനും വാക്കുകൾ കിട്ടുന്നില്ലാ.. എന്റെ പ്രീയപ്പെട്ട കഥാകാരി.. എന്റെ പ്രണാമം.. ഞാൻ വീണ്ടും വരാം..ഇനിയും ഇതിനെക്കുറിച്ച് ഒരുപാട് എഴുതാനുണ്ട്..എല്ലാ ഭാവുകങ്ങളും

അനിയന്‍കുട്ടി | aniyankutti said...

ഹൃദയസ്പർശിയായ എഴ്ത്ത്...

mukthaRionism said...

മാധ്യമത്തില്‍ വായിച്ചിരുന്നു.
ഫൂൽമതി തോല്പ്പിച്ചു കളഞ്ഞു അല്ലേ...


നല്ല എഴുത്ത്
ആശംസകള്‍!

anju minesh said...

ഗര്‍വിന്റെ കുമിള ഉള്ളില്‍ ഇരുന്നു പൊട്ടി...

പ്രയാണ്‍ said...

ഇവരൊക്കെ ഒന്നുതന്നെ.... പേരുമാത്രം ചിലപ്പോള്‍ ഫൂല്‍മതിയില്‍നിന്നും ഫൂല്‍വതിയെന്നോ രാംവതിയെന്നോ മാറിക്കൊണ്ടിരിക്കും.നന്നായി.

ജന്മസുകൃതം said...

കഥയായാലും അനുഭവമായാലും ഹൃദയത്തില്‍ തുളച്ചു കയറ്റി കശക്കി ക്കൊണ്ട് വന്ന് തൊണ്ടയില്‍ ഉറപ്പിക്കാനും
ഒഴുകാന്‍ അനുവദിക്കാതെ കണ്ണീര്‍ തുള്ളികള്‍ കണ്ണിന്റെ ഉള്ളറകളില്‍ എരിവായി തപിപ്പിക്കാനും എച്ച്മുവിനു
എച്ച്മുവിനുമാത്രം കഴിയുന്നു.
ഒന്നും പറയാന്‍ കഴിയുന്നില്ല
സസ്നേഹം ഒരുമ്മ ഉമ്മ

Pradeep Narayanan Nair said...

ഫൂൽമതി...
ഭൂമിയെ, ഭൂമിപുത്രിയെ, അമ്മയെ എല്ലാ അര്‍ത്ഥവും ഉള്‍ക്കൊണ്ട സത്യം.
ഒരിക്കലും പരാതികള്‍ പറയാത്ത പതിവ്രത..
ലബ്ധമല്ലാത്ത സൌഭ്യങ്ങളെക്കാള്‍ ലഭിച്ചതെല്ലാം പുണ്യമായി കരുതുന്ന ജന്മം...

ഹൃദയസ്പര്‍ശിയായ എഴുത്ത് ..
അഭിനന്ദനങ്ങള്‍ ..

Am_I_lonley? said...

nannayi...

ദൈവം said...

ഹൊ!

ചേച്ചിപ്പെണ്ണ്‍ said...

ഒരു വാക്കും …….. കേടു വന്നതോ തേഞ്ഞതോ പൊട്ടിയതോ ചതഞ്ഞതോ ആയ ഒരു വാക്കു പോലും ഉമിനീർ വറ്റിപ്പോയ എന്റെ വായിലുദിച്ചില്ല.

അവളെ കാണുന്ന കണ്ണുകൾ മാത്രം നിറഞ്ഞ് വിറച്ചുകൊണ്ടിരുന്നു. .....

വല്യമ്മായി said...

മനസ്സില്‍ തട്ടിയ എഴുത്ത്

jayanEvoor said...

അതിമനോഹരമായ എഴുത്ത്!

മുല്ലപ്പൂ said...

അനുഭവം ഉള്ള എഴുത്തു

Muralee Mukundan , ബിലാത്തിപട്ടണം said...

വെള്ളം,ചേരി/അവരുടെ ജീവിതം,...എന്തെല്ലാം കാര്യങ്ങളാണ് ഈ അനുഭവ കഥയിലൂടെ വായനക്കാരന്റെ ഉള്ളിൽ തട്ടുന്ന വിധം എച്ച്മു വിവരിച്ചിട്ടുള്ളത്...!

പിന്നെ ചില പരമ സത്യങ്ങളും...
ന്ന , പാറ പോലെ ഉറച്ച സങ്കല്പത്തിലാണ് അധികം പെണ്ണുങ്ങളും ജീവിച്ചു പോകുന്നത്. അശുദ്ധക്കൂമ്പാരങ്ങളായ, അടുപ്പിയ്ക്കാൻ പാടില്ലാത്തവരായ നമ്മൾ സ്തോത്രം ചൊല്ലിയാലും വ്രതമെടുത്താലും പട്ടിണി കിടന്നാലുമൊക്കെ വല്ല ഫലവുമുണ്ടാകുമോ?
ഭക്തിയുടെയും വിശ്വാസങ്ങളുടേയും അതിനോട് ബന്ധപ്പെട്ട സകല ആചാര മര്യാദകളുടെയും ചടങ്ങുകളുടേയുമെല്ലാം ആജീവനാന്ത ഉടമ്പടി നമുക്ക് മാത്രം സ്വന്തമാകുന്നു..“
“നമ്മൾ തൊട്ടാൽ അല്ലെങ്കിൽ എന്തിന് കണ്ടാൽ പോലും ആ ദൈവത്തിനും കൂടി അശുദ്ധിയുണ്ടാകമെ

Echmukutty said...

വായിച്ച എന്റെ എല്ലാ കൂട്ടുകാർക്കും ഒത്തിരി നന്ദിയും നമസ്ക്കാരവും.......നമസ്തേസ്തു കൂട്ടുകാർ!240 മില്ല്യൺ ജനങ്ങൾ കുടിവെള്ളമില്ലാതെ, വീട്ടാവശ്യത്തിന് പോലും വെള്ളമില്ലാതെ നരകിച്ച് ജീവിയ്ക്കുന്ന നമ്മുടെ രാജ്യത്ത് ഒരുപാട് ഫൂൽമതിമാരെ കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ടെനിയ്ക്ക്. ജീവിതം അതിനു തോന്നിയ വഴികളിലൂടെ എന്നെ കൊണ്ടു പോയിരുന്ന ദുരിത കാലങ്ങളിൽ ദാരിദ്ര്യം, രോഗം, വേദന, നിസ്സഹായത, നിന്ദാപമാനങ്ങൾ, ഒറ്റപ്പെടൽ,കുറ്റകൃത്യങ്ങൾ...അങ്ങനെയങ്ങനെഒരുപാട് നരകചിത്രങ്ങൾ കാണിച്ചു തരികയും ഒപ്പം സ്നേഹത്തിന്റെയും അലിവിന്റേയും കരുണയുടേയും ഉത്തുംഗമായ കൊടുമുടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ജാതിയുടെ പേരിൽ മനുഷ്യർക്ക് വെള്ളം വിലക്കുന്ന ആചാരമുള്ളവരാണ് നമ്മൾ. വികസിത രാജ്യങ്ങൾ നമ്മുടെ വെള്ളത്തിലും കണ്ണ് വെയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ തുടങ്ങുമ്പോഴാണ് ജലവേദനയാൽ നമ്മൾ ആഘാതപ്പടുന്നത്. എന്നാൽ ജാതിയുടെ പേരിൽ വെള്ളം നിഷേധിച്ച നമ്മൾ സ്വസഹോദരങ്ങളിൽ ഏൽ‌പ്പിച്ചിട്ടുള്ള ഈ ആഘാതം കാലങ്ങളായി താങ്ങിപ്പോരുന്ന, വെള്ളം തൊടാൻ അവകാശമില്ലാത്ത നമ്മുടെ സഹോദരങ്ങളുടെ ജീവിത പരിതസ്ഥിതികളെക്കുറിച്ച് നമ്മൾ ഓർമ്മിയ്ക്കേണ്ടേ? ബിജിത് പറഞ്ഞ പോലെ അവരെ കാണാറില്ല നമ്മൾ.

പിന്നെ ഇച്ചിരിപ്പൊട്ടു വിപ്ലവത്തിന്റെ പ്രസക്തി ഇത്രമാത്രമേയുള്ളൂ. നമസ്തേസ്തു മഹാമായേ എന്ന് ദേവിയെ സ്തുതിയ്ക്കുന്നതു പോലെ ഒരു ധൈര്യത്തിന്, ഒരു മനസ്സമാധാനത്തിന്, ശീലമായതുകൊണ്ട് ഒരു ഫൂൽമതി സ്മരണ. കൊച്ചു കൊച്ചു ഭൂകമ്പങ്ങളിൽ തളരാതിരിയ്ക്കാൻ, ജല സംരക്ഷണം ഫാഷനല്ല, നിത്യ ശീലമാക്കേണ്ടതാണെന്ന് സ്വയം ഓർമ്മപ്പെടുത്താൻ, ഭൂമിയുടെ എല്ലാ അവകാശികളേയും കാണാൻ, വിദ്യാഭ്യാസവും സ്വയം പര്യാപ്തതയും എത്ര പ്രധാനമാണെന്ന് തിരിച്ചറിയാൻ, ത്യാഗങ്ങളെ ആദരിയ്ക്കാൻ ………….എല്ലാമായി ഒരു നമസ്തേസ്തു ഫൂൽമതി.

സ്ത്രീകൾക്ക് ആർത്തവ ദിനങ്ങളിൽ മാത്രമല്ലല്ലോ ദൈവമുൻപിൽ ചെന്നു കൂടാത്തത്. ഏതു ദിവസവും അവർ ഗായത്രി ജപിച്ചു കൂടാ, വിഷ്ണു സഹസ്രനാമം ചൊല്ലിക്കൂടാ, സങ്കീർണമായ നിവേദ്യങ്ങൾ അർപ്പിച്ചു കൂടാ, ചെയ്യരുതാത്ത ഒരുപാട് കാര്യങ്ങളുണ്ട്…..എല്ലാ ചരാചരങ്ങൾക്കും കാരണഭൂതമാകുന്ന ദൈവം തന്നെയല്ലേ സ്ത്രീ ശരീരത്തിനും അതിലെ ആന്തരികവും ബാഹ്യവുമായ സ്രവങ്ങൾക്കും ഉത്തരവാദി? ബ്രാഹ്മണ ജന്മത്തിനും ആദിവാസി ജന്മത്തിനും കാരണം?

രക്തത്തിൽ അലിഞ്ഞ് ചേർന്ന തെറ്റോ ശരിയോ ആയ വിശ്വാസങ്ങൾക്കായി ജീവൻ പോലും നിസ്സാരമാക്കാൻ കഴിയുന്ന ഫൂൽമതിയുടെ മുൻപിൽ ഒരിയ്ക്കൽക്കൂടി നമസ്ക്കാരം പറഞ്ഞു കൊണ്ട്…….

നികു കേച്ചേരി said...

ചില ജീവിതങ്ങൾ ഫൂല്മതിയെ പോലെയാണ്‌
ഇന്നു നമ്മൾ മുറവിളികൂട്ടുന്ന പലതും അവർ നേരത്തെ കാണുന്നു.
പച്ചയായ ജീവിതങ്ങൾ നന്നായി പറഞ്ഞിരിക്കുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said...

ഫൂൽമതി, ഒരു നോർത്തിന്ത്യൻ സ്ത്രീയുടെ നേർപകർപ്പാണ്. മൂന്നും നാലും പ്രസവിച്ചു ഒടുവിൽ ഒരാൺകുഞ്ഞിനു ജന്മം നൽകാൻ കഴിയാതെ മരിച്ചു പോകും എന്ന് ഒരു തോന്നൽ ഉണ്ടാകുമ്പോൾ പോലും എന്റെ ആദ്മിക്ക് ഒന്നും സംഭവിക്കല്ലേ, അദ്ദേഹത്തിനു വീണ്ടും കല്യാണം കഴിച്ചെങ്കിലും ഒരു ആൺകുഞ്ഞ് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്ന ഭൂമിയോളം ക്ഷമിക്കാൻ തയ്യാറുള്ള ഫൂൽമതി..

കലക്കൻ എഴുത്ത് എച്മു ചേച്ചി, അനുഭവം ശരിക്കും ഇഷ്ടായി.

SHANAVAS said...

മാധ്യമത്തില്‍ വായിച്ചതാണ്.എച്ച്മുക്കുട്ടിയുടെ എഴുത്തിനെപ്പറ്റി എന്ത് പറയാന്‍ ?വായിച്ചു കഴിയുമ്പോള്‍ ഒരിറ്റു കണ്ണീര്‍ ഉറപ്പാണ്.അഭിനന്ദനങ്ങള്‍.

Akbar said...

എഴുത്തുകാരിയുടെ മനസ്സില്‍ പതിഞ്ഞത് അതേ വികാര തീവ്രതയോടെ വരികളില്‍ പകര്‍ത്താന്‍ കഴിഞ്ഞു എന്നതാവാം ഫൂല്‍മതി വായനാക്കാരുടെയും നൊമ്പരമായി മാറിയത്. നന്നായി.

keraladasanunni said...

ഈ എഴുത്തിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ 
ആയിട്ടില്ല.

ഉമാ രാജീവ് said...

ഒരു വാക്കും …….. കേടു വന്നതോ തേഞ്ഞതോ പൊട്ടിയതോ ചതഞ്ഞതോ ആയ ഒരു വാക്കു പോലും ഉമിനീർ വറ്റിപ്പോയ എന്റെ വായിലുദിക്കുന്നില്ല................തുടരൂ.

sreee said...

സുന്ദരം.എന്തു മനോഹരമായി എഴുതുന്നു !!!

khader patteppadam said...

ശീലാവതിയുടെ പാരമ്പര്യത്തില്‍പെട്ട ഒരിന്ത്യന്‍ സ്ത്രീ. !

Manoraj said...

വെള്ളത്തിനു വേണ്ടി തല്ലുകൂടുന്ന ഒരു പറ്റം ആളുകളെ നിരന്തരം കാണുന്ന ഒരളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ ഭാഗമൊക്കെ വല്ലാതെ ഫീല്‍ ചെയ്തു. വല്ലാത്ത ഒരു അവസ്ഥ തന്നെ ഈ പോസ്റ്റിലെ നായികയുടേത്. എന്നോടൊപ്പം മുന്‍പ് പഴയ കമ്പനിയില്‍ ഒരു മഹിപാല്‍ സാഹു ഉണ്ടായിരുന്നു. ഒരു ഉത്തര്‍പ്രദേശുകാരന്‍. കക്ഷി നാട്ടില്‍ പോകുന്നത് തന്നെ പ്രസവിപ്പിക്കുക എന്ന ഒരു ഉത്തരവാദിത്വം ഭാര്യയെ കൊണ്ട് നിറവേറ്റുവാനായിരുന്നു.

ബ്ലോഗിനും പുറത്തേക്കൂള്ള ഈ മാറ്റം അഭിനന്ദനമര്‍ഹിക്കുന്നത് തന്നെ. ഇനിയും ഒട്ടേറെ ഉന്നതി ഉണ്ടാവട്ടെ. എല്ലാ നന്മകളും

A said...

"വല്ല ബിസ്കറ്റോ പൂരിയോ കൊടുത്താൽ തരി പോലും തറയിൽ വീഴ്ത്താതെ തിന്നു തീർക്കുന്ന ആ കുഞ്ഞിക്കണ്ണുകളിലെ ആർത്തി കണ്ട് ഞാൻ ചിതറിപ്പോയിട്ടുണ്ട്. "

"ജനിയ്ക്കാൻ പോകുന്ന കുഞ്ഞിനെ മാത്രം ഓർമ്മിച്ച് ഉൽക്കണ്ഠപ്പെടുന്ന അവളുടെ അമ്മ മനസ്സ് എന്റെ ചിന്താശേഷിയ്ക്കപ്പുറത്ത് നിന്ന് എന്നെ കളിയാക്കിച്ചിരിച്ചു."

വാക്കുകളില്ല. വികാര തീഷ്ണം മാത്രമല്ല, ആളിക്കത്തുന്നു ആകെ. എഴുതപ്പെടുന്ന വാക്കിന് ഇത്രമാത്രം ശക്തിയുണ്ടെന്നു കാണുമ്പോള്‍ അതിശയിക്കാതിരിക്കാന്‍ ആവില്ല, അതെ സമയം അത് വരച്ചിടുന്ന ആകെയുള്ള ഈ ചിത്രം കാണുമ്പോള്‍ അസ്വസ്ഥപ്പെടാതിരിക്ക്കാന്‍ അത്രയും ആവില്ല. സമയക്കുറവു കൊണ്ട് ഇതിലെ ഇടയ്ക്കിടെ വരാത്തതില്‍ വലിയ നഷ്ടബോധം തോന്നുന്നു.

Ismail Chemmad said...

ചേച്ചി ........
വായനക്കാരുടെ മനസ്സില്‍ ഒരു നോവുപടര്‍ത്താന്‍ ഇ രചനയ്ക്ക് കഴിയുന്നെങ്കില്‍ അത് എച്മു ചേച്ചിയുടെ എഴുത്തിന്റെ ശക്തിയാണ്.
പലരും ഇതൊരു കഥയായി തെട്ടിദ്ധരിചിരിക്ക്ന്നു എന്ന് തോന്നുന്നു. ചേച്ചിയുടെ ഈ അനുഭവം ഒരു ശരാശരി ഉത്തരേന്ത്യന്‍ ജീവിത സാഹചര്യങ്ങളുടെ ആകെത്തുകയാണ്. വിരലിലെണ്ണാവുന്ന മള്‍ടി മില്ലിയനെരസിനെ പൊക്കിക്കാണിച്ചു ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയും തിളക്കവും കെട്ടിഘോഷിക്കപ്പെടുന്നവര്‍ മനപൂര്‍വം മറച്ചു പിടിക്കുന്ന ഒരു ഭൂരിപക്ഷ ജീവിതങ്ങളുടെ നേര്‍ കാഴ്ച. ആശംസകള്‍ ചേച്ചി

ഷമീര്‍ തളിക്കുളം said...

വായിച്ചുകഴിഞ്ഞിട്ടും ഫൂല്‍മതി മനസ്സില്‍ നിന്നും പോകുന്നില്ല. മനസ്സിനെ വാല്ലാതെ നൊമ്പരപ്പെടുത്തിയിരിക്കുന്നു. വളരെ ഇഷ്ടായി....

prakashettante lokam said...

ഡിയര്‍ എച്ചുമുട്ടീ

ഞാന്‍ സുഖമില്ലാതിരിക്കയാണ്. വായിച്ചതിന് ശേഷം കമന്റാം.

binu said...

s

ഭാനു കളരിക്കല്‍ said...

എച്ചുമു, ഒന്നും പറയുന്നില്ല. വാക്ക് അടഞ്ഞുപോയി കഥ വായിച്ചപ്പോള്‍.

Vayady said...

ജീവന്‍ പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലും കടപ്പാടിന്റെ ചുഴിയില്‍പ്പെട്ട്, ത്യാഗം ചെയ്യാന്‍ തയ്യാറാവുന്നവര്‍. സ്നേഹത്തിന്റേയും, സഹനത്തിന്റേയും, ത്യാഗത്തിന്റേയും മറ്റൊരു മുഖം. ഏതു കൊടിയ ദാരിദ്രത്തിലും ഉള്ളതു കൊണ്ട് സന്തോഷമായി ജീവിക്കാന്‍ സാധിക്കുന്നവര്‍‍. ഒരുപക്ഷേ ഇതു തന്നെയാവും അല്ലേ സ്ത്രീ ജന്മത്തിന്റെ പ്രത്യേകതയും.

സ്ത്രീകളുടെ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ്‌‌ എച്ചുമൂന്റെ കഥകള്‍‍. എനിക്ക് അപരിചിതമായ സ്ത്രീജീവിതങ്ങള്‍ എന്റെ മനസ്സില്‍ വരച്ചിടുന്നു. അറിഞ്ഞോ അറിയാതെയോ ഇവരില്‍ ചിലരെങ്കിലും പലപ്പോഴായി എന്നെ സ്വാധീനിക്കുന്നുമുണ്ടാകും. ഇതു തന്നെയാണ്‌ എച്ചുമൂന്റെ രചനയുടെ പ്രത്യേകതയും. നന്ദി എച്ചുമൂ.

ശങ്കരനാരായണന്‍ മലപ്പുറം said...

നന്നായിട്ടുണ്ട്!

നാമൂസ് said...

നമ്മുടെ സാംസ്കാരിക പരിസരത്തെ നമ്മുടെ വളര്‍ച്ചാ നിരക്കിന്‍റെ നമ്മുടെ വികസന മാത്രകതയുടെ നമ്മുടെ ജീവിത നിലവാരത്തിന്‍റെ തുണിയുരിക്കപ്പട്ട കാഴ്ചയ്ക്ക് അല്പം വ്യസനത്തോടെ അതിലേറെ അമര്‍ഷത്തോടെ അഭിനന്ദങ്ങള്‍ സുഹൃത്തെ......നാമൂസ്.

വി കെ ബാലകൃഷ്ണന്‍ said...

മനസിനെ സ്പര്‍ശിച്ച എഴുത്ത്.

NiKHiL | നിഖില്‍ said...

ഒന്നും പറയാനില്ല, എച്ച്മുച്ചേച്ചീ...നന്നായിരിക്കുന്നു, പോസ്റ്റ്....

ഋതുസഞ്ജന said...

Post orupad ishtamayi chechi. Enik ivide sthiramayi varan ee blog follow cheyyanam ennund. Pakshe pattunnilla;-(

mayflowers said...

വായിച്ച അന്ന് മുതല്‍ ഫൂല്‍മതി ഉള്ളിലെവിടെയോ കിടന്ന് നീറുന്നുണ്ട്.
കേരളത്തിലും നമുക്ക് കാണാന്‍ പറ്റും എത്രയോ ഫൂല്‍മതിമാരെ..
ജീവിത സാഹചര്യം ഇത്തിരി വ്യത്യാസമുണ്ടെന്ന് മാത്രം.

Lipi Ranju said...

നമിക്കുന്നു എച്മു, മനസ്സില്‍ തട്ടുന്ന ഈ എഴുത്തിനു മുന്നില്‍ ...
(ഫൂൽമതിയെ കാണാന്‍ ഞാന്‍ ഒത്തിരി വൈകിപ്പോയി..)

Prabhan Krishnan said...

"സ്വന്തം കിണറുണ്ടാവുന്നത് സ്വർഗവാസികളായ ദേവാംശികളായി പിറന്നവർക്കു മാത്രമാണ്."

വടക്കേന്‍ഡ്യയിലെ ഒരു നഗര പ്രാന്തത്തില്‍ ഒരു വീട്ടമ്മ കുട്ടികളെ കുളിപ്പിക്കുന്ന രംഗം വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ടത് ഓര്‍ത്തുപോയി..
10 വയസ്സു കാരന്‍ അവന്റെ നെഞ്ചില്‍ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു അവന്റെഅനിയനെ,അവരുടെ കാല്‍ക്കീഴില്‍ ഇരിക്കുന്നു അതിന്റെയിളയ പെണ്‍കുട്ടി...മൂവരും വിസ്താരമുള്ള പഴയ ഒരു പരന്ന പാത്രത്തില്‍...!!അമ്മ ഒഴിക്കുന്ന വെള്ളം മൂവരുടേയും ദേഹത്തുകൂടിയൊഴുകി പാത്രത്തിലെത്തുകയായിരുന്നു....!!!

പോസ്റ്റ് വളരെ നന്നായിട്ടുണ്ട്..ട്ടോ
ശൈലിയും,അവതരണവും വ്യത്യസ്തതകൊണ്ട്
ശ്രദ്ധേയമായി...
ഒത്തിരിയൊത്തിരിയാശംസകള്‍....!!!!

Typist | എഴുത്തുകാരി said...

നമ്മൾ കാണുന്നതൊന്നുമല്ല ജീവിതം. അല്ലേ?

prakashettante lokam said...

എന്തൊക്കെയാ എചുമുട്ടീ വിശേഷങ്ങള്‍. സുഖമാണല്ലോ?
എനിക്ക് ബ്ലോഗ് സന്ദര്‍ശനങ്ങള്‍ കുറവാണ്. ഇന്ന് നിശാസുരഭിയുടെ ബ്ലോഗില്‍ താങ്കളുടെ സാന്നിധ്യം ദര്‍ശിക്കാനായി. അപ്പോള്‍ 2 വരി എഴുതാമെന്ന് വെച്ചു.

ഇവിടെ ബീനാമ്മ സുഖമില്ലാതിരിക്കയാണ്, എനിക്കും വലിയ സുഖം പോരാ.

Unknown said...

മനസ്സു മുറിഞ്ഞു പോയ വായന...
വൈകിയെത്തിയത് എന്റെ പിഴ...

Anonymous said...

വായിച്ചു എച്‌മോ. എന്റെയും പല ചിന്തകളുടേയും വേരറുത്തു ഫൂല്‍മതി.നമ്മുടെ അളവുകോലുകള്‍ എത്ര ചെറുത് അല്ലേ? ഇനി ധാരാളം ആനുകാലികങ്ങളില്‍ എച്ച്മൂന്റെ തീക്കനല്‍ പോലത്തെ വാക്കുകള്‍ പ്രസിദ്ധീകരിക്കപ്പെടട്ടെ.

സീത* said...

എച്ച്മൂ ഞാനിവിടെത്താൻ വൈകി...എങ്കിലും ഇനി വരും...കാരണം എന്റെ മനസ്സ് നിറഞ്ഞു...മനസ്സിലെവിടെയൊ ഒരു നൊമ്പരമായി ഫൂൽമതി...

jiya | ജിയാസു. said...

ക്ഷി.. ബോധിച്ചു...

Echmukutty said...

വായിയ്ക്കുകയും വിലപ്പെട്ട അഭിപ്രായങ്ങൾ തന്ന് എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന എന്റെ എല്ലാ കൂട്ടുകാരോടും നന്ദി പറയട്ടെ. ഇനിയും വായിയ്ക്കുമെന്ന് കരുതുന്നു. സ്നേഹത്തോടെ........

വീകെ said...

"രക്തത്തിൽ അലിഞ്ഞ് ചേർന്ന തെറ്റോ ശരിയോ ആയ വിശ്വാസങ്ങൾക്കായി ജീവൻ പോലും നിസ്സാരമാക്കാൻ കഴിയുന്ന ഫൂൽമതിയുടെ മുൻപിൽ ഒരിയ്ക്കൽക്കൂടി നമസ്ക്കാരം പറഞ്ഞു കൊണ്ട്……."
എച്മുവോടെ ഈ വാക്കുകൾക്ക് ഒരു അടിവരകൂടിയിടുന്നു.....

നന്നായി പറഞ്ഞിരിക്കുന്നു....
അഭിനന്ദനങ്ങൾ....

കൊച്ചുമുതലാളി said...

നന്നായിട്ടുണ്ട്..... :)

രഘുനാഥന്‍ said...

കഥ നന്നായിട്ടുണ്ട് എച്ചുമു...

വാല്യക്കാരന്‍.. said...

ഉസ്സാറായീണ്ട്ട്ടാ..