Friday, May 27, 2011

ആശ…….

ആശയിലാളുന്നത് ആർത്തിയാണ്. അടുപ്പിലെ തീ പോലെ. പതുക്കെ കെട്ടാലും കെടുത്താതെ. കെടുത്താനാവാതെ. നീറി നീറി ചെങ്കനലായി ചുവന്ന് ചുവന്ന്. കൊതി വേവുകയാണ്. മസാല ചേർന്ന ഇറച്ചിയായി മെല്ലെ മെല്ലെ, കുഴിയൻ പിഞ്ഞാണത്തിലെ തിളച്ച വെള്ളം പകർന്ന് പകർന്ന്.
ഒരു കുഞ്ഞു കാതിൽപ്പൂവെങ്കിലും വേണം.
ഈർക്കിലിയിറക്കിയ ചെവിത്തുള പഴുത്തൊലിയ്ക്കുന്നു. പെണ്ണായാൽ പൊന്നു വേണം. പൊന്നിൻ കുടമായിടേണം. അത്രയുമായില്ലെങ്കിലും ഒരു കുഞ്ഞു കാതിൽപ്പൂവെങ്കിലും വേണം.
ആശയെല്ലാം അടുപ്പിലെ തീയിലും അലക്കു കല്ലിന്മേലും ചൂലിന്റെ തുമ്പിലും ദഹിച്ച് ചാരമായി പരന്ന് കറയായി പറ്റിയ വലയായി. ഒരു നല്ല പാവാട കാണാതെ, ഒരു നേരം പശിയടങ്ങേ ചോറു തിന്നാതെ പിന്നെ ഒന്നാം തിയതി കാശായി തന്തയുടെ കീശയിലായി. കള്ള് തന്തയെ കുടിച്ച് ബാക്കിയായതെന്നും തണുത്ത് വെറുങ്ങലിച്ച ഓട്ടയുള്ള അലൂമിനിയക്കിണ്ണങ്ങളാണ്. …..
കുഞ്ഞിന്റെ അപ്പിത്തുണി തിരുമ്പിയാൽ, കുളിപ്പിച്ചാൽ, മാമു കൊടുത്താൽ, രാരീരം പാടിയാൽ ഈ വെളുത്തു തുടുത്ത കുഞ്ഞ് സ്വന്തമാകുമോ? ഇതു വായ തുറന്ന് അമ്മേന്ന് വിളിയ്ക്കുമോ? ഒരു ഉമ്മ തരുമോ? ഇല്ല, ആവതുള്ള കാലം കഴിഞ്ഞാൽ ആ പടി കടത്തി വിടും.
അതുകൊണ്ട് എട്ടുകാലി വല നെയ്ത് കാത്തിരിയ്ക്കും പോലെ മെയ്യൊതുക്കത്തോടെ പതുങ്ങിച്ചെന്ന് നീലക്കല്ല് തിളങ്ങുന്ന കാതിൽപ്പൂവിന്റെ, ശംഖീരി അഴിയ്ക്കുമ്പോൾ കൈവെള്ളയിലൊതുങ്ങുന്ന പൊന്നിൻ പൂവ്.
നാശം! ഇതുണർന്നതെന്തിന്?
കരയും മുൻപേ പതുക്കെ കൈകൾ കഴുത്തിലമർത്തുക. ശ്വാസം പിടയ്ക്കുമ്പോൾ കുഞ്ഞു വായ് തുറക്കുന്നു. വിരലുകൾ ചേർത്ത് ബലത്തോടെ അമർത്തി പിടച്ചിലൊതുങ്ങുമ്പോൾ കണ്ണുകളടപ്പിച്ച് ഉറക്കാൻ കിടത്തുക. തണുക്കുവാൻ തുടങ്ങുന്ന കുഞ്ഞിത്തുടയിൽ താളമടിയ്ക്കുക.
ഇപ്പോൾ കാതിൽ പൂവ് സ്വന്തം പൊന്ന്.
ഈ പെണ്ണിന്റെ…….. ഒരു പൊന്നാശയെങ്കിലും ആ പടി കടക്കും മുൻപേ.

107 comments:

Echmukutty said...

പതിനേഴു വയസ്സിൽ കുറ്റം ചെയ്തവൾ......
എപ്പോഴും താഴോട്ട് നോക്കി നിന്നവൾ......
അവളുടെ കണ്ണുകൾ പറഞ്ഞത്.

Unknown said...

nalla ezhuthu ashamsakal

ചാണ്ടിച്ചൻ said...

എന്റെ ദൈവമേ...മനസ്സിലൂടെ ആ രംഗം കടന്നു പോയി....ഹൃദയത്തില്‍ ഒരാന്തല്‍...
ആരെയാ കുറ്റം പറയുക!!! അച്ഛനമ്മമാരെയോ, അതോ സമൂഹത്തെയോ??

.. said...

ഹ്..


ഈ ശബ്ദം രണ്ടാം പ്രാവശ്യം വായിച്ച് തീര്‍ന്നപ്പഴാ ഉണ്ടായതേയ്.

പക്കേങ്കില് ഇത് കൊറച്ച് കൂടിപ്പോയീന്ന് ഹാജ്യാര്‍ ഉവാച. (ഹാജ്യാര്‍ക്കെന്തിന്റെ കേടാണെന്ന് എന്നോട് ചോദിക്കരുത്!)

എന്നാലും ഹാജ്യാര്‍ടെ ഒരു ആശംസ ഉണ്ട്, അത് ഞാനായിട്ടറിയിക്കുന്നു.

ആശംസകള്‍..

Minesh Ramanunni said...

എന്നത്തേയും പോലെ വാക്കുകളുടെ. ആശയത്തിന്റെ മൂര്‍ച്ച അനുഭവപ്പെട്ടു. ഇത്തരം വരികളിലൂടെ ആണ് പലപ്പോഴും എച്ചുമു വേറിട്ട്‌ നില്‍ക്കുന്നത്..

A said...

ശ്വാസം തൊണ്ടയില്‍ കുടുങ്ങി. ഇത് വായിക്കാന്‍ prepared ആയിരുന്നില്ല. കിടക്കുമ്പോള്‍ വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. അമ്മേ, ദേവീ, മഹാമയേ, കവിതാ ബിംബമേ.
പക്ഷെ, അകത്ത് ചെല്ലുമ്പോള്‍ ഇങ്ങിനെയൊക്കെയാണല്ലോ ഞങ്ങള്‍‍, നമ്മള്‍‍.

കൊമ്പന്‍ said...

എച്ചും കുട്ടിയുടെ ബ്ലോഗില്‍ ആദ്യായിട്ടാ കൊമ്പന്‍ വരുന്നത്
എന്റെ പടച്ചോനെ ഇതെല്ലാം നമുക്കിടയില്‍ ആണല്ലോ

രമേശ്‌ അരൂര്‍ said...

എച്മു ഇത് കഥയല്ല ,,പതിതരുടെ ജീവിത മഹാകാവ്യം ...കഥയുടെ ഭാഷയിലല്ല ഇതെഴുതിയത് ...എഴുതേണ്ടതും ...
തീവ്ര വേദനയായി എച്മൂ വെ ..:(

നിരീക്ഷകന്‍ said...

എച്ച്മുവോടെ കഥ വായിച്ചു......
നല്ല എഴുത്തിന്റെ ഉടമയോട് നല്ലതെന്നു പറയേണ്ട കാര്യമില്ല.അത് കൊണ്ട് എനിക്ക് തോന്നിയ(തോന്നിയതു ശരി ആവണമെന്നൊന്നും ഇല്ല)ചില കാര്യങ്ങള്‍ പറയുന്നു.
ഒരു കഥ നല്ല കഥയായി മാറുന്നത് പറയുന്ന കഥയിലെ എല്ലാ ആള്‍ക്കാരുടെയും മാനസിക വ്യാപാരങ്ങളോട് നീതി പുലര്ത്തുമ്പോള്‍ ആണ്.അതില്‍ ഒന്നിന്റെ മാനസികനിലയെ ഉദാത്തവല്‍ക്കരിച്ചു അവതരിപ്പിച്ചു കൂടെന്നല്ല. പക്ഷെ അവതരിപ്പിക്കുമ്പോള്‍ അതില്‍ത്തന്നെയുള്ള മറ്റു കഥാപാത്രങ്ങളുടെ മനോനിലയെക്കുരിച്ച്ചു വായനക്കാര്‍ക്ക്‌ കൂടി ബോധ്യപ്പെടുന്ന ഒരു വിശദീകരണം ഉണ്ടായാല്‍ നന്ന്.ഇവിടെ ഞാന്‍ കണ്ടത് നല്ല ഭാഷയില്‍ അവസാനം കാവ്യാതകമായി എഴുതിയ കുറച്ചു വരികളുടെ ഒരു വിശദീകരണം മാത്രമാണ്.അത് കൊണ്ട് തന്നെ ഇത് ശരിക്കും മനസ്സില്‍ തറയ്ക്കുന്നില്ല.

പട്ടേപ്പാടം റാംജി said...

കവിത പോലെ ഒരു നീറ്റലായ് കൊള്ളിയാന്‍ മിന്നുന്നു.

Akbar said...
This comment has been removed by the author.
വീകെ said...
This comment has been removed by the author.
ചെറുത്* said...

വളരെ കുറച്ച് മാത്രം ഉള്ളത്കൊണ്ട് പെട്ടെന്ന് വായിച്ചു. ഏതോ വല്യ കഥ എഴുതാനായിട്ട് മനസ്സില് തോന്നിയ ചില പോയിന്‍‌റുകള് കുറിച്ചിട്ടതാണെന്ന് തോന്നി ചെറുതിന്. അപ്പൊ പതുക്കെ പതുക്കെ വീണ്ടും വായിച്ചു. അപ്പോഴാണൊരു വേലക്കാരി കണ്ണിലുടക്കിയത്. എന്നാലും സംഭവം ശരിക്കങ്ങോട്ട്........ഉം..ഹും.

താഴെയുള്ള അഭിപ്രായങ്ങള്‍ നോക്കിയപ്പൊ എന്തോ കാര്യായി ഉണ്ടെന്ന് തോന്നി. മൂന്നാമതും വായിച്ച്. അപ്പോഴാണ് ഏകദേശ രൂപം കിട്ടിയത്. തുറന്ന് ചോദിക്കുന്നതോണ്ടൊന്നും തോന്നല്ലേ. അറിവില്ലായ്മ കൊണ്ടാണ്.......

കഷ്ടപാടുകള്‍ക്കിടയില്‍.. ഒരു തരി പൊന്നിന് വേണ്ടി വേലചെയ്ത വീട്ടിലെ കുഞ്ഞിനെ ഇല്ലാതാക്കിയ പതിനേഴുകാരി!! ? ഇത് തന്നെയാണ് മുകളില്‍ ഉദ്ദേശിച്ചതെങ്കില്‍ ചെറുതീ പരീഷണത്തില്‍ വിജയിച്ച്

ഹോ! കഠുപ്പം :(

- സോണി - said...

ആശയം നല്ലത്. പക്ഷെ അതിനുള്ള ഭാഷയ്ക്ക് അല്പം കൂടി മൂര്‍ച്ച ആവാമായിരുന്നു. ഒരു പെണ്ണ് അത്രയ്ക്ക് കടുംകൈ ചെയ്യണം എങ്കില്‍ അതിനു പിന്നിലെ ചേതോവികാരം വളരെയേറെ തീവ്രമായിരിക്കണം, അത് വരയ്ക്കുന്നതില്‍ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു.

Akbar said...

ഒരു ദുര്‍ബലനിമിഷത്തില്‍ ആഞ്ഞടിച്ച മോഹങ്ങളുടെ കൊടുങ്കാറ്റില്‍ കടിഞ്ഞാന്‍ പൊട്ടിപ്പോയ മനസ്സിന്റെ കുതിപ്പ്..

ആശിച്ചുപോയതു സ്വന്തമാക്കാനുള്ള വെമ്പലില്‍ യാന്ത്രികമായി നടന്ന പൈശാചികതയെ അനുവാചക ഹൃദയങ്ങളെ പിടിച്ചുലക്കുംവിധം അവതരിപ്പിക്കാന്‍ കഴിഞ്ഞു ഈ കൊച്ചു കഥയിലൂടെ കഥാകാരിക്ക്.

പ്രതികളെ കാണുമ്പോള്‍ ക്രിത്യത്തിലേക്ക് നയിച്ച അവരുടെ മനസ്സിന്റെ പിന്നാമ്പുറങ്ങളെ ആരും അന്വേഷിക്കാറില്ല. എന്നാല്‍ എച്ചുമുകുട്ടിയിലെ എഴുത്തുകാരി നായികയുടെ മനസ്സിലൂടെ സഞ്ചരിച്ചപ്പോള്‍ രചന ഒന്നന്തരമായെന്നു വായനക്കാര്‍ സാകഷ്യപ്പെടുത്തുന്നു . അഭിനന്ദനങ്ങള്‍.

വീകെ said...

ഇത്രയും സ്നേഹശൂന്യത വേണോ എച്മുവേ...?
വിശ്വാസം അതല്ലേ എല്ലാം...!!
അതില്ലാതായാൽ...???

ajith said...

കഠിനവര്‍ണ്ണങ്ങള്‍ കൊണ്ട് കണ്ണുകളെ തുളയ്ക്കുന്ന ചിത്രം പോലെ മനസ്സിനെ തുളയ്ക്കുന്ന കഥ. എച്മു ഇങ്ങിനെ മനസ്സിനെ തുളയ്ക്കാന്‍ തുടങ്ങിയാല്‍ എങ്ങിനെയാണിത് തയ്ച്ചു കൂട്ടുക വായനക്കാര്‍?

Sidheek Thozhiyoor said...

എച്ചുമുവിന്റെ രോഷം വീണ്ടും പ്രകടമായി കണ്ട കഥ, ആരെ കുറ്റം പറയും?

ഒരില വെറുതെ said...

കൂര്‍ത്തു മൂര്‍ച്ചയേറിയ കത്തിയിറക്കുന്നതു പോലെ വരികള്‍.
വേദനകള്‍ക്ക് ചോരച്ചുവപ്പിനാല്‍ ഒരു നൈവേദ്യം.
സങ്കടങ്ങള്‍ മെഴുകിയ ഈ വാക്കുകള്‍ ഉള്ളിലിപ്പോഴും.

അലി said...

മനസ്സിൽ കൊണ്ട എഴുത്ത്...
കഥയാണെങ്കിലും ഇങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

Viswaprabha said...

എച്ച്മൂ,

നീ
ഒച്ച ചേർത്തുചുഴറ്റിയെറിഞ്ഞ വാക്കുപോലെ,
തിരി കൊളുത്തിയെറിഞ്ഞ പടക്കം പോലെ,
അപകടകാരിയായി മാറുന്നു....

നിന്റെ പെണ്ണെഴുത്തു്
ഉറക്കത്തിലൂടെ നൂർന്നു വന്നു്
കാളിയുടെ കരവാളായി
എന്റെ സ്വപ്നങ്ങളെ കഴുത്തരിഞ്ഞുകൊല്ലുന്നു...

എച്ച്മ്മൂ...
എനിക്കു നിന്നെ പേടിയായിത്തുടങ്ങിയിരിക്കുന്നു....

Viswaprabha said...
This comment has been removed by the author.
Sabu Hariharan said...

"പെണ്ണായാൽ പൊന്നു വേണം. പൊന്നിൻ കുടമായിടേണം. അത്രയുമായില്ലെങ്കിലും ഒരു കുഞ്ഞു കാതിൽപ്പൂവെങ്കിലും വേണം"

കഥ നന്നായി.
എന്നാലും ഇതാണോ ആ കൃത്യത്തിനു പ്രേരണ ?
കാരണം പറയേണ്ട കാര്യമില്ലാതിരുന്നു.. അതു വായനക്കാർക്ക് വിട്ടുകൊടുക്കാമായിരുന്നു..

കുഞ്ഞൂസ് (Kunjuss) said...

ഹൃദയത്തില്‍ തീ കോരിയിടുന്ന കഥ....

ശ്രീനാഥന്‍ said...

തണുക്കുവാൻ തുടങ്ങുന്ന കുഞ്ഞിത്തുടയിൽ താളമടിയ്ക്കുക- ദൈവത്തിനു നിരക്കാത്ത ഓരോ കാര്യങ്ങൾ ആലോചിക്കുക, എഴുതുക, എന്നിട്ട് ഏതോ പതിനേഴുകാരിയുടെ കണ്ണിനതു ചാർത്തിക്കൊടുക്കുക. ക്രൂര എന്നു വിളിച്ചാൽ വിളികേൾക്കുമോ?ചോര പച്ച വെള്ളമാക്കിമാറ്റി. ഗംഭീരം.

കൊച്ചു കൊച്ചീച്ചി said...

ഇനിമുതല്‍ കമെന്റുകള്‍ വായിച്ച ശേഷമേ പോസ്റ്റു വായിക്കുന്നുള്ളൂ. എന്നെക്കൊണ്ടു വയ്യ, ഇതൊക്കെ താങ്ങാന്‍.

mini//മിനി said...

മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു ഇത്,

ബിഗു said...

ഒരു നീറ്റല്‍ ബാക്കിയാവുന്നു

കൂതറHashimܓ said...

ആദ്യ കമന്റ് കൂടി വായിച്ചപ്പോ കഥ പൂര്‍ണ്ണമായി

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

......
(വാക്കുകളില്ല)

mirshad said...

ഇന്നത്തെ ഒരു ശരാശരി മനുഷന്റെ മാനസികാവസ്ഥയല്ലേ ഇത് . . . സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി മറ്റു മനുഷ്യരുടെ ജീവന് പോലും വിലകല്‍പ്പിക്കാത്തവരുടെ ?


അവളെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയില്ലേ കൊടും കൃരതയുടെ മനസ്സക്ഷികുത്തു ....

jayanEvoor said...

എഴുത്ത് ഗംഭീരം.
പക്ഷേ, കൊതിയിൽ ചെയ്തുപോയതിനെ ലാഘവവൽക്കരിച്ചില്ലേ എന്ന് എനിക്കു സംശയം.
ഗതിയില്ലാത്തവളുടെ ഗതികേടോർത്ത് വിഷമിക്കുന്നതിനേക്കാൾ, വിരിയും മുൻപേ വാടിപ്പോയ ആ കുഞ്ഞിനെയും, അതിന്റെ അമ്മയേയും ഓർത്ത് ഞാൻ പിടയുന്നു....

SHANAVAS said...

എച്ച്മുവിനെ വായിക്കുവാന്‍ മാനസിക തയ്യാറെടുപ്പുകള്‍ വേണ്ടിയിരിക്കുന്നു, ഈ വയസ്സാം കാലത്ത്. ഹൃദയം എങ്ങാനും നിന്ന് പോയാലോ? ഇത്രയും മൂര്‍ച്ചയുള്ള എഴുത്ത് എച്ച്മുവിനു സ്വന്തം.

yousufpa said...
This comment has been removed by the author.
yousufpa said...

സ്വർണ്ണം ഒരു ശാപമാണ്‌.
പെണ്ണൊരു ശാപമാണോ..?

the man to walk with said...

വല്ലാതായി പോയല്ലോ വായിച്ചിട്ട് ..

തീവ്രം

ഉപാസന || Upasana said...

കുറ്റവാളിയെ വിശുദ്ധ/നാക്കുകയോ ?? :-)

ബൈ ദ വേ ‘ഞാൻ’ പറഞ്ഞതിനോട് യോജിക്കുന്നു. ചിത്രീകരണം ചെറുതായതിനാലാണോ സമഗ്രത കൈമോശം വന്നതെന്ന് അറിയില്ല. എച്ച്‌മുവിനു ചുരുക്കിയെഴുതേണ്ട കാര്യമില്ലല്ലോ. അല്ലേ ?

:-)
ഉപാസന

priyag said...

ഒരു നിമിഷത്തെ ബുദ്ധി മോശം ഒരു ജീവിതത്തിന്റെ കുറ്റബോധം എല്ലാം അങ്ങനെതന്നെയല്ലേ ?

Yasmin NK said...

കഥ നന്നായ്.എഴുത്തും. ഓരൊരോ സാഹചര്യങ്ങളാണു മനുഷ്യനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഒരു തരി സ്വര്‍ണ്ണത്തിനു വേണ്ടി ഒരു പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച്.ഇമ്മാതിരി സംഭവങ്ങള്‍ നാട്ടില്‍ സുലഭമാണിപ്പോള്‍. നമുക്കും കൂടി ഒരു പങ്കുണ്ട് അതില്‍. ഉള്ളവര്‍ തങ്ങളുടെ ആര്‍ഭാടങ്ങളില്‍ അര്‍മ്മാദിക്കുമ്പോള്‍ അതിനു പാങ്ങില്ലാത്തവനു അമര്‍ഷം ഉണ്ടാകുക സ്വാഭാവികം. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുക. ഒരു പരിധി വരെ ഉള്ളവന്‍ ഇല്ലാത്തവന്‍ എന്ന ഭേദം ഇല്ലാതാക്കുക.അതല്ലെ മഹത്തായ സോഷ്യലിസം.പക്ഷേ....

LiDi said...

(പതിനേഴു വയസ്സിൽ കുറ്റം ചെയ്തവൾ......
എപ്പോഴും താഴോട്ട് നോക്കി നിന്നവൾ......
അവളുടെ കണ്ണുകൾ പറഞ്ഞത്.)

അഭിനന്ദനങ്ങള്‍.

അനൂപ്‌ .ടി.എം. said...

തീവ്രം..!
പൊന്ന് വിലപിടിപ്പുള്ളതാണ് എന്തിനേക്കാളും..!
ആശംസകള്‍

Anonymous said...
This comment has been removed by the author.
Anonymous said...

എന്താ പറയേണ്ടത് ഏതെങ്കിലും ഒരു ചെറിയ കണികയിൽ നിന്നു കൊണ്ട് വളരെ ഉയർന്ന ചിന്തയിലേക്ക് എഴുത്തിനെ കൊണ്ടു പോകുന്ന എഴുത്തുകാരിയുടെ കഴിവ് അപാരം .. പിന്നാമ്പുറകാഴിച്ചകളിൽ ആരും ശ്രദ്ധിക്കപ്പെടാത്ത ഒരുവളുടെ മുന്നിലൂടെ കഥാകാരി നടന്നപ്പോൾ അതു ജീവിതത്തിന്റെ വല്ലാത്തൊരനുഭവമായി വായനക്കാർക്ക് തോന്നി അതാണു എഴുത്തിന്റെ വിജയവും ആശംസകൾ .. മാധ്യമം ആഴ്ച്ചപ്പതിപ്പിൽ വന്ന (കണ്മഷി)എന്ന പംക്തിയിലെ എഴുത്ത് മാധ്യമത്തിൽ തന്നെ വായിച്ചു അപ്പോളാണു എന്റെ മനസ്സിൽ http://vanithavedi.blogspot.com/2011/05/blog-post_26.html ഈ പോസ്റ്റു എഴുതാൻ തോന്നിയത്.. ഇനിയും ഒത്തിരി എഴുതാൻ കഴിയട്ടെ.. ആശംസകൾ..

Anonymous said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ കഥയിലായാല്‍പ്പോലും എനിയ്ക്ക് അത് accept ചെയ്യാന്‍ പറ്റുന്നില്ല. അതാണ് കഥാകാരിയുടെ വിജയവും. ആശംസകള്‍.

Jazmikkutty said...

മനസ്സിലായ്ക ഒന്നും ഉണ്ടായില്ല..വേദന തോന്നി..വല്ലാതെ...

സീത* said...

മനസ്സിലൊരു നൊമ്പരം വായിച്ചു തീർന്നപ്പോൾ...


എങ്കിലും.....

ഉമാ രാജീവ് said...

ആ‍ശ ...........ചോദ്യവും ഉത്തരവും ആ പേരില്‍ തന്നെ അല്ലെ? നന്നായി കഥ

NiKHiL | നിഖില്‍ said...

ഈ കഥ കൈ കൊണ്ട് ടൈപ്പിയതല്ല, നല്ല അരികു മൂര്‍ച്ഛിച്ച കത്തികൊണ്ടാണ്...

നാമൂസ് said...

വജ്ര കാഠിന്യം.

Junaiths said...

എത്രയാണ് ആഗ്രഹങ്ങള്‍ ....മോഹങ്ങള്ക്കിടയില്‍ എത്ര സ്നേഹം വിതറുന്ന കുഞ്ഞാണെങ്കിലും ആര് നോക്കുന്നു അല്ലെ..
തറഞ്ഞു കയറുന്ന ഒരു കഥ,അല്ല നേര് ലളിതമായ് പറഞ്ഞു എച്മു..

അനില്‍കുമാര്‍ . സി. പി. said...

എച്മു, പൊള്ളിക്കുന്ന കഥ!

അനില്‍കുമാര്‍ . സി. പി. said...
This comment has been removed by the author.
ഒരു യാത്രികന്‍ said...
This comment has been removed by the author.
ഒരു യാത്രികന്‍ said...

മനസ്സില്‍ തൊട്ട കുറിപ്പ്.ഒന്ന് നോവിക്കാതെ പോവില്ല എച്ച്മുവിന്റെ വരികള്‍ ........സസ്നേഹം

ഹരീഷ് തൊടുപുഴ said...

കരയും മുൻപേ പതുക്കെ കൈകൾ കഴുത്തിലമർത്തുക. ശ്വാസം പിടയ്ക്കുമ്പോൾ കുഞ്ഞു വായ് തുറക്കുന്നു. വിരലുകൾ ചേർത്ത് ബലത്തോടെ അമർത്തി പിടച്ചിലൊതുങ്ങുമ്പോൾ കണ്ണുകളടപ്പിച്ച് ഉറക്കാൻ കിടത്തുക. തണുക്കുവാൻ തുടങ്ങുന്ന കുഞ്ഞിത്തുടയിൽ താളമടിയ്ക്കുക.


:(:(:(:(

ബ്ലാക്ക്‌ മെമ്മറീസ് said...

ഒന്നാം തിയതി ....എന്ത് പറ്റി ചേട്ടാ...!!!!!

അനശ്വര said...

നല്ല വരികൾ..മനോഹരമായ അവതരണവും..മികവുറ്റ ആശയവും..ആശംസകൾ

നികു കേച്ചേരി said...

മനസിൽ തട്ടുന്ന എഴുത്ത്..

ഹാപ്പി ബാച്ചിലേഴ്സ് said...

തിരിച്ചറിവില്ലാത്ത പ്രായത്തിലെ ആശ.
ജയൻ ഡോക്ടറിന്റെ അതേ അഭിപ്രായമാണ് ഞങ്ങൾക്കും അതിനടിയിൽ ഒരൊപ്പ്.

Rare Rose said...

ചുരുങ്ങിയ വാക്കുകളേയുള്ളൂവെങ്കിലും എഴുത്തിനെന്തൊരു മൂര്‍ച്ചയാണ് എച്ച്മൂ..ഉള്ളൊന്ന് പിടഞ്ഞു പോയി..

Anil cheleri kumaran said...

പവർഫുൾ റൈറ്റിംഗ്.

Manoraj said...

എച്മു,

ആദ്യ വായനയില്‍ ഒന്നും തോന്നിയില്ല. വീണ്ടും വായിച്ചപ്പോഴാണ് ഒരു വേലക്കാരി ഒളിഞ്ഞിരിക്കുന്നത് കണ്ടത്. അത് ഒരു പക്ഷെ വായനയുടെയാവാം. പക്ഷെ ഒതുക്കിപ്പറയേണ്ടതല്ല എങ്കില്‍ അതിനെ ഒതുക്കി പറഞ്ഞ് എന്തിന് ആ ക്രാഫ്റ്റ് കളയണം. ഇത് അല്പം കൂടെ വിപുലമാക്കാമായിരുന്നോ എന്ന് തോന്നി. പക്ഷെ പറഞ്ഞ വിഷയം അല്പം ക്രൂരമെങ്കിലും വേദനിപ്പിക്കുന്നത് തന്നെ.

വിനുവേട്ടന്‍ said...

മനോ പറഞ്ഞത്‌ പോലെ ആദ്യം ഒന്നും മനസ്സിലായില്ല... രണ്ട്‌ മൂന്ന് വട്ടം വായിച്ചപ്പോഴാണ്‌ സംഭവം പിടി കിട്ടിയത്‌... ഈ സ്വര്‍ണ്ണത്തിന്റെ വില പെട്ടെന്നൊരു നാള്‍ ഇടിഞ്ഞ്‌ പവന്‌ നൂറ്‌ രൂപയിലേക്കെത്തിയെങ്കില്‍ പിന്നെ ആരെങ്കിലും ഇതിന്‌ പിറകേ ആര്‍ത്തി മൂത്തോടുമോ? ...

പൂന്താനം പാടിയതെത്ര ശരി.. .

അര്‍ത്ഥമെത്രയുണ്ടായാലും
തൃപ്തിയാകാ മനസ്സിനൊരു കാലം...

വി.എ || V.A said...

നിരാശാബോധത്തിൽനിന്നുയിർകൊണ്ട ഒരു ചാപല്യചലനം! അത് ക്രൂരതയാവാം,നിസ്സഹായതയാവാം,സഹതാപത്താലുള്ള സഹായമാവാം. ഇവിടെ, ആരും കഥാകാരിയിൽ നിന്നും പ്രതീക്ഷിക്കാത്ത ഒരു നിഷ്ഠൂരചിന്തയായതിനാൽ മുഖം ചുളിഞ്ഞുപോകുന്നത് സ്വാഭാവികം.ചെറുപ്രായത്തിൽ കുറ്റം ചെയ്തവളെങ്കിലും, ‘താഴോട്ടു നോക്കിനിന്നവൾ‘ ആയതിനാൽ ‘പശ്ചാത്താപം ഉള്ളവൾ’എന്നൊരർത്ഥമില്ലേ? കഥയിൽ ക്രൂരതയാവാം. നിസ്സഹായയായ,നിരാലംബയായ ഒരു പെണ്ണിനെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്, എല്ലാ ദുർഘടവീഥിയിലൂടെയും കഥാകാരി സഞ്ചരിക്കും എന്നതിന്റെ തെളിവാണോ? ‘അതെ’ എങ്കിൽ അഭിനന്ദനങ്ങൾ.....

siya said...

എച്ചുമോ .വായിച്ചു തീര്‍ന്നപ്പോള്‍ വേദന വളരെ വളരെ തോന്നി ..പിന്നെ ആദ്യ കമന്റ്‌ വായിച്ചപ്പോള്‍ പിന്നെയും മനസ്സില്‍ ചോദ്യം തന്നെ ..ഈ കഥയില്‍ എത്രപേരെ ആണ്എച്ചുമോ വരച്ചിരിക്കുന്നത് !!.ഒരു തരി പൊന്നിന് വേണ്ടി ആളുകള്‍ ചെയുന്ന ക്രൂരത എത്ര വായിച്ചിരിക്കുന്നു ..എന്നാലും കഥയില്‍ നിന്നും മാറി ചിന്തിക്കുമ്പോള്‍ പാവം പിഞ്ചു കുഞ്ഞിന്റെ മുഖം ആണ് മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ....ആ വരികളും .

ഷമീര്‍ തളിക്കുളം said...

ചങ്കിലെക്ക് ശരിക്കും വേദന കുത്തിയിറങ്ങുന്ന വായന അനുഭവം. തീവ്രമായ വരികള്‍ ശരിക്കും കനല്‍കട്ടകലായി മാറുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പൊന്നാശയിൽ ഒട്ടും നിരാശയില്ലാത്ത ആ പതിനേഴ് കാരിയുടെ ഉള്ളിൽ നിന്നും വന്ന വരികൾ തന്നെയിത്...

Vayady said...

ഒരു തരി പൊന്നിനു വേണ്ടിയുള്ള അവളുടെ അടക്കാനാവാത്ത കൊതി. അതൊടുവില്‍ വന്‍ദുരന്തമായി മാറുന്നു. കൊലപാതകികളേയും ആക്രമികളേയും സൃഷ്‌ടിക്കുന്നതില്‍ ഒരളവു വരെ നമുക്കുംപങ്കില്ലേ? കുഞ്ഞിനെ എന്തിനാണ്‌ സ്വര്‍ണ്ണം ഇടീക്കുന്നത്? നാണം മറയ്ക്കാന്‍ വസ്ത്രം ധരിക്കുന്ന അത്രയും പ്രാധാന്യമാണ്‌‌ മലയാളിസ്ത്രീകള്‍ സ്വര്‍ണ്ണം ധരിക്കാനും കാണിക്കുന്നത്. സ്വര്‍ണ്ണത്തിനോടുള്ള തീരാത്ത ഭ്രമം എന്നാണ്‌ മലയാളി ഒന്നവസാനിപ്പിക്കുക?

എച്ചുമൂന്റെ എല്ലാ കഥയിലും ഓരോരോ ജീവിതങ്ങളും അനുഭവങ്ങളുമുണ്ട്. ഈ കഥ സമൂഹത്തിനൊരു സന്ദേശവും കൂടിയാണ്.‌ ഒപ്പം വ്യത്യസ്തമായ വായനാനുഭവവും. മനസ്സിനെ അസ്വസ്ഥമാക്കുന്ന കഥ. അഭിനന്ദനങ്ങള്‍.

ബൈജൂസ് said...

ഒരു കവിത പോലെ ഒരു കഥ.

ഭാനു കളരിക്കല്‍ said...

വായാടിയുടെ കമെന്റിനു താഴെ ഒപ്പ്

Prabhan Krishnan said...

ഗംഭീരം..!!
കുറച്ചു വാക്കുകള്‍കൊണ്ട്..വലിയൊരു സ്ഫോടനം സ്ര്യഷ്ടിക്കാന്‍ കഴിഞ്ഞു കഥാകാരിക്ക്..!!

ഹ്യദയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ ഒരുപാടൊന്നും എഴുതിപ്പിടിപ്പിക്കെണ്ടല്ലോ..ഇതുതന്നെ ധാരാളം..!!
ഒത്തിരിയൊത്തിരി ആശംസകള്‍..!!!!

പദസ്വനം said...

നീറുന്നു.. കൂടുതല്‍ പറയുന്നില്ല..

keraladasanunni said...

ഈ കാലഘട്ടത്തില്‍ നടക്കുന്ന ഒരു സംഭവം. കൊച്ചു കുഞ്ഞിനെ മാത്രമല്ല വാര്‍ദ്ധക്യ കാലത്ത് ഒരു തുണയ്ക്കായി നിര്‍ത്തിയ വേലക്കാരി / വേലക്കാരന്‍ വീട്ടുടമയെ കൊന്ന് സ്വര്‍ണ്ണവും പണവും അടിച്ചു മാറ്റുന്നുണ്ട്. തെറ്റ് ചെയ്തവളെങ്കിലും ആ പെണ്‍കുട്ടിയോട് കരുണയാണ്- തോന്നുന്നത്. ഒരു തരി പൊന്നിന്നുവേണ്ടി കൊലയാളി ആവേണ്ടി വന്ന ഹതഭാഗ്യ.

റോസാപ്പൂക്കള്‍ said...

എച്ചുമോ...കുഞ്ഞു കഥയെങ്കിലും ഉഗ്രന്‍.
പെണ്ണിന് സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തി എന്ന് തീരും..?

ഋതുസഞ്ജന said...

nalla kadha chechi... entha parayaaa.. nothing to words

തൂവലാൻ said...

ഒരു കവിത പോലെ വായിച്ചു തീർത്തു..ദു:ഖമായിരിക്കും വിഷയം എന്നു കരുതി വായിച്ചു വന്നതാണ്.അവസാനം ഞെട്ടിപ്പോയി…ഇല്ല…ഞെട്ടണ്ട കാര്യം ഇല്ല..ഒരു സംഭവം ഒന്നിൽ കൂടുതൽ തവണ സംഭവിച്ചാൽ പിന്നെ ഞെട്ടണ്ട കാര്യം ഇല്ല..

പാവത്താൻ said...

മനസ്സിനെ അസ്വസ്ഥമാക്കുന്ന കഥ...

ente lokam said...

മറ്റെന്തിനെയും പോലെ,
എഴുതുമ്പോഴും, എഴുത്ത് മാത്രം
ശ്രദ്ധിക്കുക ...

ഒരു കഥാ പാത്രത്തിന്റെ മാനസിക
വ്യാപാരം വ്യക്തമായി പ്രതിഭലിപ്പിക്കാന്‍
കഴിഞ്ഞാല്‍ അത് എഴുത്തിന്റെ വിജയം ആയി ...
കൊല്ലുമ്പോള്‍ ഇങ്ങനെ കൊല്ലണം ..
എഴുമ്പോള് ഇങ്ങനെ തന്നെ എഴുതണം ...
അഭിനദ്നങ്ങള്‍ ....

ഇനി ഇത് വായിച്ചതിന്റെ വിഷമം തീരാന്‍
എച്ച്മുവിന്റെ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ..
പതിനേഴിന്റെ തിളക്കത്തില്‍ എപ്പോഴും അഭിമാനതോടെ കണ്ണുകള്‍ ഉയര്‍ത്തി നില്‍ക്കുന്ന മറ്റൊരു നിഷ്കകങ്കയുടെ കഥക്കായി .....
മറുവശത്ത് പറയേണ്ട ഒരു അമ്മയുടെ വേദനയെക്കാള്‍ അതെ ഇനി ആശ്വാസം തരൂ ....!!!

Ismail Chemmad said...

തീക്ഷ്ണമായ കഥ ......
ആശംസകള്‍ എച്മു

Sathees Makkoth said...

ആശംസകൾ

Anonymous said...

ഇത് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ...

Lipi Ranju said...

ഈശ്വരാ... ഒരു തരി പോന്നിനുവേണ്ടിയോ.... മനസിലൊരു നീറ്റല്‍... ഇത് വായിക്കേണ്ടായിരുന്നു...

ചന്തു നായർ said...

എച്ചുമുക്കുട്ടീ... ആദ്യമേ ഒരു സാഷ്ടാംഗ നമസ്കാരം.... നമ്മുടെ ബൂലോകത്തിലെ കമന്റുകാർ ആദ്യം പറയുന്ന ഒരു വാക്കോണ്ട് “ അയ്യോ ഇത് കേട്ടുമടുത്ത കഥയെന്ന്... പ്ലരോടും ഞാൻ പ്രതികരിച്ചിട്ടുണ്ട്... കഥ നൊക്ക്ക്കരുത്.. അതിന്റെ അവതരണരീതി നൊക്ക്കണം എന്ന് (ട്രീറ്റ്മെന്റ്).. ഇതു കണ്ടോ...നമ്മൾ ഒരുപാട് കേട്ട കഥയും,ഇന്നും പത്രങ്ങളിൽ വായിക്കുന്ന, നിത്യേനയെന്നുള്ള സംഭവങ്ങളുമാണ്.ഈ കഥയുടെ ഇതിവ്രിത്തം.. പക്ഷേ...താഴോട്ട് നൊക്കി നടക്കുന്ന,ആ പതിനേഴുകാരിയെ ഇവിടെ വന്നവരെല്ലാം അമർഷത്തോടെ നോക്കിയെങ്കിൽ, “അയ്യോ... ഇത് കൂടിപ്പോയി” എന്ന് പറയുന്നുവെങ്കിൽ കഥാകാരി, സമ്പൂർണ്ണ വിജയം പിടിച്ചു വാങ്ങിയെന്നതിനുള്ളതിന് ഒരു സംശയവും വേണ്ട...ഒരു കൊലകാരിയുടെ വശത്ത് നിന്നുമുള്ള ചിന്തയിലൂടെ ഞെട്ടലുണ്ടാക്കുന്ന,ഒരു കഥാകഥനം നടത്തിയ..ഈ സഹോദരിക്ക് വീണ്ടും എന്റെ പ്രണാമം... ഒരു പാട് എഴുതണമെന്നുണ്ട്..ശൈലിയെപ്പറ്റി, വാക്കുകളെ പറ്റി, വാക്കുകളുടെ ഒഴുക്കിനെപറ്റി...ഇല്ലാ..ഇവിടെ നിർത്തുന്നൂ... വീണ്ടും വരാം...........ഭാവുകങ്ങൾ

Unknown said...

കഥകള്‍ ആണ് ഓരോ ജീവിതത്തിലും ............

...sijEEsh... said...

ആ പതിനേഴുകാരിയുടെ കണ്ണുകള്‍,
ആ നോട്ടം ഹൃദയത്തിലേക്കൊരു വഴിയുണ്ടാകി,
അതിലൂടെയോഴുകുന്നത് ഞാനറിയുന്നു.
അവള് മിണ്ടാതെ പറഞ്ഞത് ഞാനും കേട്ടു.
ഒരു പക്ഷെ, അത് മാത്രമേ കേട്ടുള്ളൂ.

ബെഞ്ചാലി said...

മനസ്സിനെ സ്പർശിക്കുന്ന പോസ്റ്റ്.

Echmukutty said...

കഥ വായിച്ച് അഭിപ്രായങ്ങൾ തന്ന് എന്നെ അനുഗ്രഹിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി. നമസ്ക്കാരം.

ഒരു കുറ്റവാളിയുടെ മുൻപിൽ നിന്നു പോയതാണ്, ആ മനസ്സ് കാണാൻ നോക്കിയതാണ്. കനൽ പോലെ കെടാത്ത ആർത്തിയും പകയും പ്രതികാരവും അങ്ങനെ പലതുമാണ് ആ മനസ്സ്. അതിൽ ഒന്നിനെ മാത്രം തൊടാൻ ഒരു പരീശ്രമം നടത്തിയതാണ്.

കുറ്റവാളിയെ തല്ലിച്ചതയ്ക്കുന്ന പോലീസും തല്ല്, കൊല്ല്, ചീന്ത് എന്നൊക്കെ അലറുന്ന ജനക്കൂട്ടവും കൂടി ഈ കഥയുടെ ഭാഗമാണ്. അതെഴുതിയില്ല.

കുറ്റം ആരു ചെയ്താലും കുറ്റമാണ്. അതിന് ന്യായീകരണമില്ല. ഒരു പക്ഷെ, മാപ്പു കിട്ടിയേക്കാമെന്നേയുള്ളൂ, എപ്പോഴെങ്കിലും.

കുറ്റം ചെയ്യാൻ അവസരം വരാത്തതുകൊണ്ട് കുറ്റം ചെയ്യാത്തവർ, നമ്മെ വാച്ച് ചെയ്യാൻ ഒരു സുപ്പീരിയർ ഉള്ളതുകൊണ്ട് കുറ്റം ചെയ്യാത്തവർ, പോലീസും നിയമവും കൈകാര്യം ചെയ്യുമെന്ന് ഭയമുള്ളതുകൊണ്ട് കുറ്റം ചെയ്യാത്തവർ അങ്ങനെ വിവിധ തരത്തിലുള്ളവർ.

കുറ്റം ചെയ്യുന്നത് ഒരു പ്രാകൃത വാസനയാണ്. അതിനെ അതിജീവിയ്ക്കാൻ സംസ്ക്കാരം ആവശ്യമാണ്. മറ്റൊരാളെ ദണ്ഡിയ്ക്കാതിരിയ്ക്കാനുള്ള സംസ്ക്കാരം. അത് ആർജ്ജിയ്ക്കുമ്പോഴേ ജീവിതം പൂർണമാകുന്നുള്ളൂ.

എല്ലാ സാഹചര്യങ്ങളും നൂറൂ ശതമാനം അനുകൂലമായിരിയ്ക്കുമ്പോഴും ഒരു കുറ്റവും ഒരിയ്ക്കലും ചെയ്യാത്തവരെ കാണാനാകുന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്....സ്നേഹാദരങ്ങളോടെ എന്റെ എല്ലാ കൂട്ടുകാരോടും ഒരിയ്ക്കൽക്കൂടി നന്ദി പറയട്ടെ.

നീലാഭം said...

ചുമ്മാ ഇങ്ങനെ വെളിച്ചത്തില്‍ കിടന്നു karangalle എച്ചുമൂ.
അറവു കാര് പിടിച്ചു കൊണ്ട് പോം..

(കൊലുസ്) said...

വിഷമിപ്പിച്ചല്ലോ ആന്റീ. എന്നാലും നല്ല കഥ തന്നെയിത്. ഒറ്റയിരുപ്പില്‍ വായിച്ചു പേടിയുമായിട്ടാ പോകുന്നത് കേട്ടോ.

Absar Mohamed : അബസ്വരങ്ങള്‍ said...

ആശംസകള്‍...:)
www.absarmohamed.blogspot.com

ജയരാജ്‌മുരുക്കുംപുഴ said...

valiaya sathyangal...... bhavukangal..........

MINI.M.B said...

varikal manasil thodunnund. madhyamam.kanmashi also

ആത്മ/പിയ said...

എച്ചുമുവിന്റെ ഫെലൂദായെപ്പറ്റിയുള്ള ലേഖനം വായിച്ചു..
എച്ചുമി എഴുതുന്നതെല്ലാം എനിക്ക് പുതിയ പുതിയ അറിവുകള് പകര്ന്നു തരുന്നു..
എച്ചുമുവിന്റെ കഥകള്ക്ക് അഭിപ്രായം എഴുതാന് പലപ്പോഴും അറിയാത്തതുകൊണ്ടാണ് അതിനു മുതിരാത്തത്..
ഈ ലേഖനവും ഒരു പുതിയ അറിവ് പകര്ന്നു..
അവിടെ കമന്റ് എഴുതാന് പറ്റുന്നില്ല..
അതുകൊണ്ട് ബസ്സില് എഴുതുന്നു..
എച്ചുമു കാണും എന്നു വിശ്വസിക്കുന്നു..

Thommy said...

Enjoyed also your article on Sathayjit Ray

സങ്കൽ‌പ്പങ്ങൾ said...

അജ്ഞാതമായിരുന്നതെത്തോ കാതില്‍ കൊടുംക്കാറ്റുയര്‍ത്തിയപ്പോള്‍ ഒരു നിമിഷം കണ്ണടച്ചു ചിന്തിച്ചു എന്തെ ഇതുവരെ ഇതുവഴി സഞ്ചരിച്ചില്ല..ആശംസകള്‍ നേരാന്മാത്രം ഞാനാളല്ല..എന്റെ സന്തോഷത്തോടോപ്പം നന്ദിയും കൂടെ...

Anonymous said...

17 കാരിയുടെ പൊന്നിനോടുള്ള ആശ മനസ്സിലാക്കുന്നു, കൊലപാതകം ചെയ്യാനുദ്ദേശമില്ലാതെ ചെയതുവെന്നും അറിയുന്നു. പക്ഷേ നിസ്സഹായ ആയ ആ പിഞ്ചു കുഞ്ഞിന്റെ പിടച്ചിലും അതിന്റെ അമ്മയുടെ രോദനവും ഒപ്പം അറിയുന്നു.

Anonymous said...

17 കാരിയുടെ പൊന്നിനോടുള്ള ആശ മനസ്സിലാക്കുന്നു, കൊലപാതകം ചെയ്യാനുദ്ദേശമില്ലാതെ ചെയതുവെന്നും അറിയുന്നു. പക്ഷേ നിസ്സഹായ ആയ ആ പിഞ്ചു കുഞ്ഞിന്റെ പിടച്ചിലും അതിന്റെ അമ്മയുടെ രോദനവും ഒപ്പം അറിയുന്നു.

Anonymous said...
This comment has been removed by the author.
V.S Dipu said...

Bheekaram...Bhayanakam...

V.S Dipu said...
This comment has been removed by the author.
ശ്രീജ എന്‍ എസ് said...

വല്ലാത്തൊരു അസ്വസ്ഥത...കൂടുതല്‍ ഒന്നും പറയുന്നില്ല

Rinsha Sherin said...

മനസിലൊരു നീറ്റല്‍.....നനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.....

Echmukutty said...

കഥ വായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരിയ്ക്കൽക്കൂടീ നന്ദി പറഞ്ഞുകൊള്ളട്ടെ. തുടർന്നും വായിയ്ക്കുമല്ലോ.

Umesh Pilicode said...

വരികള്‍ തീവ്രം !! മൂന്നാവര്‍ത്തി വായിച്ചു ശെരിയായ അര്തതിലെക്കുതുവാന്‍ (പാവം ഞാന്‍ )!!

ആശംസകള്‍ ..

ശങ്കരനാരായണന്‍ മലപ്പുറം said...

തീക്ഷ്ണമായ കഥ!

Sukanya said...

കാതില്‍ പൂവിനുവേണ്ടി ആ കുഞ്ഞിനെ.... ഇങ്ങനെയും ആളുകള്‍ ചിന്തിക്കുന്നുവോ? ദൈവമേ..