29/12/14
22/06/19
രാവിലെ ഉറക്കമുണരുന്നത് കോടമഞ്ഞിന്റെ നരച്ച വെണ്മയിലേയ്ക്കാണ്. വിരൽ വെച്ചാൽ മുറിഞ്ഞു പോവുന്നത്രയും തണുപ്പുണ്ട് പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിന്. അടുപ്പു കത്തിച്ച് ചപ്പാത്തിയുണ്ടാക്കുമ്പോൾ ചൂടേൽക്കുന്നതിന്റെ സുഖമുണ്ടെങ്കിലും പാത്രങ്ങൾ കഴുകുമ്പോൾ കരച്ചിൽ വരും.
22/06/19
രാവിലെ ഉറക്കമുണരുന്നത് കോടമഞ്ഞിന്റെ നരച്ച വെണ്മയിലേയ്ക്കാണ്. വിരൽ വെച്ചാൽ മുറിഞ്ഞു പോവുന്നത്രയും തണുപ്പുണ്ട് പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിന്. അടുപ്പു കത്തിച്ച് ചപ്പാത്തിയുണ്ടാക്കുമ്പോൾ ചൂടേൽക്കുന്നതിന്റെ സുഖമുണ്ടെങ്കിലും പാത്രങ്ങൾ കഴുകുമ്പോൾ കരച്ചിൽ വരും.
ഇങ്ങനെയുണ്ടോ ഒരു തണുപ്പ്! ഇക്കുറി തണുപ്പ് വളരെ അധികമാണ്. രണ്ട് സ്വെറ്ററുകളും മുട്ടൊപ്പമുള്ള കമ്പിളി സോക്സുകളും ധരിച്ച് ഒരു വലിയ ഷാളും പുതച്ചിട്ടും തണുക്കുന്നു.
ഇടുങ്ങിയ തെരുവിലെ ഒരു പഴയ മുറിയിലായിരുന്നു താമസം. ഭിത്തിയിലെ വിള്ളലുകളിലൊക്കെയും ആലുകൾ വളർന്നു നിന്നിരുന്നു. അടുപ്പിച്ചുണ്ടായ രണ്ട് ഭൂകമ്പങ്ങളിലും ആ പൂതലിച്ച മുറി ക്ലോക്കിന്റെ പെൻഡുലം പോലെ ആടി. ഞാനും വാവിട്ടു നിലവിളിയ്ക്കുകയും മറ്റെല്ലാവരേയും പോലെ പേടിച്ചു വിറച്ചു പുറത്തേക്ക് ഓടുകയും ചെയ്തു. വേറൊരു മുറി കിട്ടുന്നതു വരെ തൽക്കാലത്തേയ്ക്ക് എന്ന് ആശ്വസിച്ച് താമസം തുടങ്ങിയിട്ട് ഇപ്പോൾ ആറു മാസമായിട്ടുണ്ടാവും. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ സംഭവിച്ചു പോയ പണത്തിന്റെ ഞെരുക്കം കാരണം ഇതു വരെ മാറാനായില്ല.
ഈ ഉപദ്രവങ്ങൾക്കെല്ലാമിടയിലാണ് പുതിയ കഷ്ടപ്പാട്.
മുറിയിലെ കക്കൂസ് ഒട്ടും ഉപയോഗിയ്ക്കാൻ പറ്റാതായിട്ട് ഒന്നു രണ്ട് ദിവസമായി. ഇന്നലെ നേരത്തെ തന്നെ ഓഫീസിൽ പോയി പ്രശ്നം പരിഹരിച്ചു. ഇന്ന് അവധിയായതുകൊണ്ട് അത്ര എളുപ്പത്തിൽ പ്രശ്ന പരിഹാരം സാധ്യമാവുകയില്ല. തന്നെയുമല്ല മുറിയിൽ അസഹ്യമായ ദുർഗന്ധം നിറഞ്ഞും കഴിഞ്ഞു. കക്കൂസിലെ തടസ്സങ്ങൾ പൂർണമായും മാറ്റിയേ തീരു. ചെറുപ്പം മുതലേ വൃത്തിയുള്ള കക്കൂസും കുളിമുറിയും ശീലിച്ചിരുന്നതുകൊണ്ട് ഈ പരിതസ്ഥിതിയിൽ അസഹ്യമായ മനം മടുപ്പുണ്ടാവുകയായിരുന്നു.
ആരെയാണ് സഹായത്തിന് വിളിയ്ക്കേണ്ടതെന്നോ എങ്ങനെയാണീ പ്രശ്നം പരിഹരിയ്ക്കേണ്ടതെന്നോ ഉള്ള യാതൊരു ധാരണയും എനിയ്ക്കുണ്ടായിരുന്നില്ല. ഇത്തരമൊരു ഗതികേടുമായി ആരെയെങ്കിലും സമീപിയ്ക്കുന്നതു തന്നെ വലിയ അപമാനമായിത്തോന്നി. അതിനു കാരണം എന്റെ വീട്ടുടമസ്ഥനായിരുന്നു. അയാൾ എന്റെ ആർത്തവത്തേയും പഞ്ഞി നിറച്ച തൂവാലകളേയും പുലഭ്യം പറഞ്ഞത് ഇന്നലെ വൈകുന്നേരമായിരുന്നു. അതുകൊണ്ടു മാത്രമാണീ പ്രശ്നമെന്നും അതു ഞാൻ തന്നെ പരിഹരിയ്ക്കുകയാണ് വേണ്ടതെന്നും ഇനി മേലിൽ പ്രായക്കുറവുള്ള പെണ്ണുങ്ങൾക്ക് വീട് കൊടുക്കുകയില്ലെന്നും അയാൾ വെറുപ്പോടെ അലറി.
അയല്പക്കത്തെ പഞ്ചാബി വീട്ടമ്മയെ ആണ് ആകെക്കൂടി പരിചയമുള്ളത്. അവർക്ക് എന്നോട് ഉണ്ടായിരുന്ന വികാരം ഒരു ദരിദ്രയോടുള്ള പരമ പുച്ഛം മാത്രമാണെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. മലയാളികളെല്ലാം ക്രിസ്ത്യാനികളോ മുസ്ലിമുകളോ ആണെന്നും അതിലും വിശേഷിച്ച് മലയാളിപ്പെണ്ണുങ്ങൾ എല്ലാവരും നഴ്സുമാരാണെന്നും സൌകര്യം കിട്ടിയാൽ അവരൊക്കെയും പല പുരുഷന്മാരുമായും ബന്ധം പുലർത്തുമെന്നും ആ സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. വികല ബോധ്യങ്ങളെ തിരുത്തുവാൻ ഞാൻ തുനിഞ്ഞിട്ടുള്ളപ്പോഴൊക്കെയും ഒരു തരം അവിശ്വാസത്തോടെ അവരുടെ കറുപ്പു ചായം വാരിത്തേച്ച കണ്ണുകൾ പിടയാറുണ്ടായിരുന്നു. പിന്നെപ്പിന്നെ ആ വൃഥാ പരിശ്രമം ഞാനുപേക്ഷിച്ചു.
എന്നിട്ടും അന്നത്തെ തണുത്ത പ്രഭാതത്തിൽ എത്ര ശ്രമിച്ചിട്ടും സാധിയ്ക്കാത്ത വയറടക്കവുമായി വിളർത്ത മുഖത്തോടെയും എഴുന്നു നിൽക്കുന്ന രോമങ്ങളോടെയും, ശത്രുത പുലർത്തുന്ന സ്വന്തം ശരീരത്തെ ശപിച്ചുകൊണ്ട്, നാണവും മാനവും മറന്ന് അപ്പുറത്തെ വീട്ടിന്റെ വാതിലിൽ എനിയ്ക്ക് തട്ടി വിളിയ്ക്കേണ്ടി വന്നു. ഈ ഒരു പ്രാവശ്യത്തേയ്ക്ക്, ഒറ്റത്തവണത്തേയ്ക്ക് മതിയെന്നു അപേക്ഷിച്ചു നോക്കാം. ഇങ്ങനെ അധിക നേരം പിടിച്ചു നിൽക്കുവാനാവില്ല
വാതിൽ തുറന്ന പഞ്ചാബി വീട്ടമ്മ തണുപ്പ് കാലമായാൽ കക്കൂസ് ബ്ലോക്ക് സാധാരണ പ്രശ്നമാണീ നാട്ടിലെന്നും വിഷമിയ്ക്കാനൊന്നുമില്ലെന്നും മതിലിനപ്പുറത്തെ ചേരിയിലുള്ള തോട്ടിക്കോളനിയിൽ കക്കൂസുകൾ വെടിപ്പാക്കിത്തരുന്ന ജമേദാർ ചന്ദനുണ്ടെന്നും മൊഴിഞ്ഞു. പിന്നെ പുച്ഛത്തോടെ ലിപ് സ്റ്റിക് പുരട്ടിയ ചുണ്ടുകൾ വക്രിപ്പിച്ച് കൂട്ടിച്ചേർക്കാൻ മറന്നില്ല. “ജോലി തീട്ടം കോരലാണെങ്കിലും പേര് ചന്ദനെന്നാണ്.“
ഇവിടെ നിന്ന് സമയം മെനക്കെടുത്താതെ വേഗം പോയാൽ ചന്ദനെ കിട്ടുവാനെളുപ്പമുണ്ടെന്നും അയാൾ ജോലി തീർക്കുന്നതിനിടയിൽ എനിയ്ക്ക് വല്ല ആവശ്യവും നേരിട്ടാൽ തന്നെ പുറത്ത് സി ജി എച്ച് എസ് ആസ്പത്രിയുണ്ടല്ലോ എന്നും കൂടി ഉദാര മനസ്ക്കയാവാനും അവർ തയാറായി.
വാതിൽ എന്റെ മുഖത്തേയ്ക്ക് കൊട്ടിയടയ്ക്കുന്നതിനു മുൻപ് സ്വരം അല്പം താഴ്ത്തി അവർ മന്ത്രിച്ചു. “നിങ്ങൾ മലയാളി നഴ്സുമാർക്ക് അയിത്തവും ശുദ്ധിയുമൊന്നുമില്ലെന്നറിയാം, എന്നാലും അവറ്റയ്ക്ക് വെള്ളവും ഭക്ഷണവും കൊടുക്കാൻ നിൽക്കണ്ട. അവറ്റ പോയാലുടനെ വീടാകെ ഡെറ്റോളിട്ട് വൃത്തിയാക്കുകയും വേണം.“
ഞാനതിനും തലയാട്ടി. ഈ വയറടക്കവും വിമ്മിഷ്ടവും കണ്ടിട്ടും ഇത്ര മേൽ നിസ്സംഗമായി വാതിലടച്ച അവർ എന്നെയും എന്റെ വൃത്തിയെയും കുറിച്ച് എന്തു വിചാരിച്ചാലും ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ലല്ലോ എന്നു അപമാനം കൊണ്ട് മുറിവേറ്റ മനസ്സ് പിറുപിറുത്തു.
ഞാൻ സി ജി എച്ച് എസ് ആശുപത്രി ലക്ഷ്യമാക്കി നടന്നു. നടത്തമോ? കാലുകളുടെ ആ ഗതികെട്ട ചലനത്തെയാണോ നടത്തമെന്ന് വിളിയ്ക്കുന്നത്? എന്തു മാതിരി നടത്തമായിരുന്നു അത്? വയറടക്കി, കാലടക്കി, ദേഹമാകെയടക്കിച്ചുരുക്കി, നിയന്ത്രണം നഷ്ടപ്പെട്ടാൽ ഏതു നിമിഷവും സംഭവിയ്ക്കാവുന്ന ദുര്യോഗത്തെയും അപമാനത്തേയും ഭയന്ന്….. രാവിലെ ഉണരാൻ വൈകിയതിന് ഞാൻ “എടീ ,മുടിഞ്ഞവളേ അശ്രീകരമേ“ എന്ന് സ്വയം ശപിച്ചു. അല്ലെങ്കിൽ കുറ്റിക്കാടുകളോ ഇടവഴിയോ ഒക്കെ നിന്റെ സഹായത്തിനെത്തുമായിരുന്നില്ലേ പിശാചേ?
ആശുപത്രിയിലെ “മഹിളായേം“ എന്നെഴുതിയ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ ദൈവ സന്നിധിയിലെത്തിയതുപോലെയുള്ള ആശ്വാസവും കുളിരും എന്നെ വന്നു തൊട്ടു. വയറടക്കവും കാലടക്കവും ദേഹമടക്കവും മനസ്സടക്കവും ഉള്ള കഠിന വ്രതത്തിന് ശേഷം കിട്ടിയ ശാപമോക്ഷം മാതിരിയായിരുന്നു അത്.
കക്കൂസിൽ നിന്നിറങ്ങി, കഠിനമായ വീർപ്പുമുട്ടലിൽ തളർന്നു കുഴഞ്ഞിരുന്ന ദേഹത്തെ ഒരു ചാരുബെഞ്ചിൽ മടക്കി വെച്ച് ഞാൻ മുഖവും പൊത്തിയിരുന്നു. എനിയ്ക്ക് വലിയ വായിൽ കരച്ചിൽ വരുന്നുണ്ടായിരുന്നു. എന്നെ ഇങ്ങനെ നിസ്സഹായയാക്കിത്തീർത്ത ജീവിത സാഹചര്യങ്ങളെയെല്ലാം ശപിച്ചുകൊണ്ടാണെങ്കിലും ആ കരച്ചിൽ ഞാൻ പതുക്കെപ്പതുക്കെ ചവച്ചിറക്കി. എങ്കിലും പെരു വഴിയിൽ പൊടുന്നനെ നഗ്നയാക്കപ്പെട്ടേയ്ക്കുമെന്ന ഭീതി പോലെ എന്തോ ഒന്ന് എന്നെ ആകെ തളർത്തിക്കളഞ്ഞിരുന്നു.
വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനെ പ്രതിരോധിയ്ക്കാൻ ഷാൾ വലിച്ചു തലയിലൂടെ പുതച്ച് ഞാൻ മെല്ലെ എണീറ്റ് തോട്ടിക്കോളനിയിലേയ്ക്ക് പുറപ്പെട്ടു. ചേരിയിലെ അങ്ങേയറ്റത്തെ ഇട വഴിയിലാണ് തോട്ടിക്കോളനി. നാറ്റവും ചെളിയും എരുമച്ചാണകവും നിറഞ്ഞ് വഴുക്കുന്ന വഴികളും സദാ ബഹളം കൂട്ടുന്ന സ്ത്രീ പുരുഷന്മാരും ചപ്പാത്തി ചുടുന്നതിന്റെ മണവും എന്നെ എതിരേറ്റു. വഴിയിൽ ഒന്നു രണ്ട് പേരോട് ചന്ദനെ അന്വേഷിച്ചപ്പോൾ ഇടവഴി മുഴുവൻ നടന്നിറങ്ങിയാൽ കാണുന്ന അഴുക്കു ചാലിന്റെ കരയിലാണ് തോട്ടികൾ താമസിയ്ക്കുന്നതെന്ന് വിശദീകരിച്ചിട്ട് അവർ കാർക്കിച്ചു തുപ്പി. ഒരു സുഖമില്ലാത്ത മാതിരി എന്നെ നോക്കുകയും ചെയ്തു. ദരിദ്രരാണെങ്കിലും അവരാരും തോട്ടികളല്ലല്ലോ. തോട്ടികളെക്കുറിച്ച് പറഞ്ഞാലും കേട്ടാലും ശക്തിയായി കാർക്കിച്ചു തുപ്പണമെന്ന് ആർക്കാണറിയാത്തത്?
അഴുക്കു ചാലിന്റെ തൊട്ടരികിലായിരുന്നു ചന്ദന്റെ കുടിൽ. പൊളിഞ്ഞ പ്ലാസ്റ്റിക്കും കീറിയ ചാക്കുകളും കുറച്ച് കമ്പുകളിൽ നാട്ടിയാണ് കുടിലുണ്ടാക്കിയിരുന്നത്. മുറ്റത്ത് രണ്ട് പൊട്ടിയ ബക്കറ്റുകളിൽ പഴയ യൂറോപ്യൻ കക്കൂസുകളുടെ മൂടി കൊണ്ടടച്ച് വെള്ളം വെച്ചിട്ടുണ്ട്. എനിയ്ക്ക് ഓക്കാനം വന്നുവെങ്കിലും ഞാൻ പണിപ്പെട്ട് അതടക്കുവാൻ ശ്രമിച്ചു. കുടിലിന്റെ തറയിൽ ഗണേശ് ജി കുങ്കുമം പൂശിക്കൊണ്ട് കരയുന്ന മട്ടിലിരിയ്ക്കുന്നുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു, സാധാരണ കാണുന്ന മാതിരി ചള്ള വയറുള്ള ഗണപതിയല്ല അത്, ഉണ്ടാക്കിയ കുശവന്റെ കൈക്കുറ്റപ്പാടു കൊണ്ടാവണം, ഈ ഗണപതിയ്ക്ക് ഒട്ടിയ വയറാണുള്ളത്. പട്ടിണി ആർത്തു പെയ്യുന്നിടത്തേയ്ക്കാണ് വരുന്നതെന്ന് ഗണപതി നേരത്തെ അറിഞ്ഞ് കഴിഞ്ഞിരുന്നുവോ ആവോ? ഒട്ടിയ വയറുമായി പാവം, ഇരിയ്ക്കുന്നതാവട്ടെ ഒരു ഇൻഡ്യൻ കക്കൂസിന്റെ പൊട്ടിപ്പോയ ഫുട് റെസ്റ്റിലും… മണ്ണും ചെളിയും കൂടിക്കുഴഞ്ഞ് അഴുക്കു പിടിച്ച കുടിലിൽ ഏറ്റവും നല്ല സ്ഥലം ആ ഫുട് റെസ്റ്റാണെന്നും ഞാൻ മനസ്സിലാക്കി.
“ചന്ദൻ, ഓ ചന്ദൻ“
എന്റെ ഇടറിയ ശബ്ദത്തിലെ വിളിയ്ക്ക്, ഒരു മറുപടിയുമുണ്ടായില്ല. പകരം, അപ്പുറത്തെ കുടിലിൽ നിന്ന് ഒരു വൃദ്ധ കൂന്നു കൂന്നു നടന്ന് മുൻപിൽ വന്നു നിന്നു. ചന്ദൻ ക്ഷയ രോഗിയായ ഭാര്യയെ കിടത്തിയിരിയ്ക്കുന്ന ആശുപത്രിയിൽ പോയതാണെന്നും വന്നാലുടനെ പറഞ്ഞയച്ചേക്കാമെന്നും അവർ ഏറ്റു. എന്റെ കഷ്ടപ്പാട് ഒരിയ്ക്കൽക്കൂടി പറഞ്ഞു കേൾപ്പിച്ചതിനു ശേഷം ഞാൻ വല്ലായ്മയോടെ മടങ്ങി.
അല്പം കഴിഞ്ഞപ്പോഴേയ്ക്കും ചന്ദൻ വന്നു, തനിച്ചല്ല വന്നത്. മൂന്നും രണ്ടും വയസ്സു തോന്നിപ്പിയ്ക്കുന്ന രണ്ട് പെൺ കുട്ടികളുമുണ്ടായിരുന്നു കൂടെ. ഒരു കീറിയ പുതപ്പായിരുന്നു കുഞ്ഞുങ്ങളുടെ വേഷം. അതിനകത്ത് വേറൊന്നും ധരിച്ചിട്ടില്ലെന്ന് കീറലുകളിലൂടെ വെളിപ്പെട്ടിരുന്ന ആ ദരിദ്ര നഗ്നത വിളിച്ചു പറഞ്ഞു. ഇടയ്ക്കിടെ നാവു നീട്ടി മൂക്കീരു നുണഞ്ഞുകൊണ്ട് കുട്ടികൾ വീട്ടു വാതിൽക്കൽ മുട്ടും മടക്കി കുത്തിയിരുന്നു, ക്ഷമയോടെ. സാധിയ്ക്കുമായിരുന്നെങ്കിൽ, വെള്ളത്തിൽ ഉപ്പെന്ന പോലെ അവർ ഭൂമിയിൽ ലയിച്ച് ചേർന്നേനെ എന്ന് എനിയ്ക്ക് തോന്നി. എന്റെ നോട്ടമേൽക്കുമ്പോഴെല്ലാം ആ കുഞ്ഞിക്കണ്ണുകളിൽ അസാധാരണമായ പേടിയും വല്ലാത്ത പരിഭ്രമവും ചിറകടിച്ചു.
ഒരു നിമിഷം പോലും പാഴാക്കാതെ ചന്ദൻ ജോലി തുടങ്ങി. കക്കൂസ് ടാങ്കിന്റെ മൂടി തുറക്കുന്നതു കണ്ടപ്പോൾ എനിയ്ക്ക് ശരിയ്ക്കും വലിയ ശബ്ദത്തിൽ ഓക്കാനിയ്ക്കണമെന്ന് തോന്നി. ഞരമ്പുകളെ തളർത്തുന്ന ദുർഗന്ധം അന്തരീക്ഷത്തിൽ വ്യാപിച്ചു. ചന്ദൻ വിറകു വെട്ടുകയോ നാളികേരം പൊതിയ്ക്കുകയോ ചെയ്യുന്നതു മാതിരി, അത്ര സാധാരണമായി മലം പാട്ടയിൽ കോരിയെടുത്ത് പ്രധാന തെരുവിലെ വലിയ സീവേജ് പൈപ്പിനരുകിലേയ്ക്ക് പലവട്ടം നടന്നു പോയി. ആ കുഞ്ഞുങ്ങൾ അവരുടെ അച്ഛനെ ഒരു ഭാവഭേദവുമില്ലാതെ നോക്കിക്കൊണ്ടിരുന്നു.
പ്രഭാതഭക്ഷണം ഞാൻ കഴിച്ചിരുന്നില്ല. അടുക്കളയിലെ ഭക്ഷണം സ്വയമുണ്ടാക്കിയതാണെങ്കിലും ഇത്രയും നാറ്റത്തിൽ അത് കഴിയ്ക്കുവാൻ സാധിയ്ക്കുകയില്ലെന്ന് എനിയ്ക്ക് തോന്നി. ചന്ദനത്തിരികൾ പുകച്ച് ആകാവുന്നത്ര സുഗന്ധത്തെ ആവാഹിയ്ക്കാൻ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടു.
“ദീദി വാതിലടച്ച് അകത്ത് പോയിരുന്നുകൊള്ളൂ, ഞാൻ പണി കഴിയുമ്പോൾ പറയാം. കുട്ടികൾ വാതിൽക്കൽ ഇരുന്നോളും“ ചന്ദൻ മലപ്പാട്ട തലയിൽ വെച്ചുകൊണ്ട് എന്നോട് പറഞ്ഞു. നാറ്റം സഹിയ്ക്കാനാവാതെ ഞാൻ പ്രയാസപ്പെടുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കിയതോർത്തപ്പോൾ എനിയ്ക്കൽപ്പം വല്ലായ്മയുണ്ടായി. തന്നെയുമല്ല ആ പിഞ്ചു കുട്ടികളെ പുറത്തിരുത്തി വാതിലെങ്ങനെ കൊട്ടിയടയ്ക്കും?
പെട്ടെന്ന് ചെറിയ കുട്ടി ഏങ്ങി കരയാനാരംഭിച്ചു. അതിനു വിശക്കുന്നുണ്ടായിരിയ്ക്കണം. കേൾക്കുമ്പോൾ വേദന തോന്നിപ്പിയ്ക്കുന്ന തരമൊരു സങ്കടക്കരച്ചിലായിരുന്നു അത്. ചന്ദൻ “ചുപ് ചുപ് “എന്ന് കുറച്ച് കർശനമായി മിണ്ടാതിരിയ്ക്കാൻ പറഞ്ഞെങ്കിലും കുഞ്ഞ് കരച്ചിൽ നിറുത്തിയില്ല. അടുക്കളയിൽ പോയി ചപ്പാത്തിയും പൊരിച്ച ഉരുളക്കിഴങ്ങും എടുത്തു വെച്ച പ്ലേറ്റ് കൊണ്ടുവന്ന് ഞാൻ കുട്ടികൾക്ക് നീട്ടി. ആഹാരം കണ്ടപ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ ആർത്തി ഓളം തുള്ളിയെങ്കിലും അവരുടെ കൈകൾ സിമന്റിട്ട് ഉറപ്പിച്ചതു മാതിരി പുതപ്പിനുള്ളിൽ അനങ്ങാതിരുന്നതേയുള്ളൂ. പക്ഷെ, ഞാൻ പ്ലേറ്റ് തറയിൽ വെച്ച നിമിഷം അവർ “ബാബാ, ബാബാ“ എന്ന് ചന്ദനെ ഉറക്കെ വിളിച്ചു.
അയാൾ മലപ്പാട്ട കൈയിൽ പിടിച്ച് ഭക്ഷണത്തിലേയ്ക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി. എന്നിട്ട് വിക്കി വിക്കി പറഞ്ഞു. “ഖാനാ ജമീൻ പെ ഡാലിയേ ദീദി, ഹം ആപ്കെ ബർത് ൻ നഹി ച്ഛൂയേംഗെ“
അതെ, വല്ല തെരുവു പട്ടിയ്ക്കോ പൂച്ചയ്ക്കോ ഒക്കെ കൊടുക്കുന്നതു മാതിരി മണ്ണിലിട്ടു കൊടുത്താൽ മതിയെന്ന്….. തേച്ചു മിനുക്കി വെച്ച എന്റെ പാത്രങ്ങളെ അയാളോ ആ കുട്ടികളോ സ്പർശിയ്ക്കുകയില്ല... അതിനു കാരണം…. അതിനു കാരണം… എന്റെ മലിനതകൾ നൽകി, ഞാൻ കവർന്നെടുക്കുന്ന ആ മാന്യതയുടെ വിചിത്രമായ അളവുകോലല്ലേ? ഒരൽപ്പം പണത്തിന്റെ അഹന്തയിൽ, ജാതിയുടെ ഉയർച്ചയിൽ, ഞാൻ അയാളെ ഏൽപ്പിയ്ക്കുന്ന ഈ നാറുന്ന ജീവിത മാർഗമല്ലേ? എനിയ്ക്കുണ്ടെന്ന് ഞാൻ കരുതി വശായ കേമത്തത്തിന്റെ പിന്നിലൊളിച്ചിരിയ്ക്കുന്നതെന്താണെന്ന്, എത്ര കണ്ണടച്ചു പിടിച്ചിട്ടും അല്പം മുൻപ് പകൽ വെളിച്ചം മാതിരി വെളിവായിക്കിട്ടിയില്ലേ?
പൊടുന്നനെ തീട്ടത്തിൽ മുങ്ങിയ ഒരു ഇരുമ്പു കൂടം തലയിൽ വന്ന് വീഴുന്നതു പോലെ എനിയ്ക്ക് തോന്നി. ഞാൻ വാതിൽക്കൽ മരവിച്ച് നിന്നു.
റോഡരികിലെ പൈപ്പിൻ ചുവട്ടിൽ പോയി കാലും കൈയുമെല്ലാം കഴുകി ചന്ദൻ തിരിച്ചു വന്നപ്പോഴും ഞാൻ പ്ലേറ്റ് മാറ്റി ആഹാരം മണ്ണിൽ വെച്ചിരുന്നില്ല. ആ കുഞ്ഞുങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് അത്തരമൊരു കാര്യം ചെയ്യുവാനാവശ്യമായ എന്തോ ഒന്ന് എന്നിലുണ്ടായിരുന്നില്ല. തൊലിയടർന്ന് തേഞ്ഞരഞ്ഞു പോയ ഇരു കൈകളും ഒരു ഭിക്ഷയ്ക്കായി നീട്ടി ഭൂമിയോളം നിലം പറ്റി, കാലൊടിഞ്ഞ ഒരു തെരുവു നായെപ്പോലെ ചന്ദൻ എന്നെ യാചനയോടെ നോക്കിക്കൊണ്ടിരുന്നു.
കരച്ചിൽ ഒതുക്കുവാൻ ശ്രമിച്ച്, ഇടറിയ തൊണ്ടയ്ക്ക് അപരിചിതമായ ശബ്ദത്തിൽ ഞാൻ പറഞ്ഞു. “ബൈഠ്കേ ആരാം സേ ഖാവോ, ചന്ദൻ. ബർത്ൻ ഭി തും ലോ, മുജ്ഝെ നഹി ചാഹിയേ.“
ഭക്ഷണത്തിനൊപ്പം പ്ലേറ്റും കൂടി ആ പാവത്തിന് കൊടുക്കുകയല്ലാതെ എനിയ്ക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ലല്ലോ. ആരെയും ഒന്നിനേയും മാറ്റിയെടുക്കാൻ മിടുക്കുള്ള ഒരു മന്ത്രവടിയുടെ ഉടമസ്ഥയല്ലല്ലോ ഞാൻ……
96 comments:
ഉത്തരേന്ത്യയിലെത്തുന്നതു വരെ തോട്ടികളെക്കുറിച്ച് എനിയ്ക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല, തോട്ടിയുടെ മകനും ഒരു ദേശത്തിന്റെ കഥയിലെ ചില്ലറ പരാമർശങ്ങളും അൺ ടച്ചബിളും വായിച്ചറിഞ്ഞ പരിചയമൊഴികെ. അതുകൊണ്ടു തന്നെ ഗാന്ധി സാഹിത്യത്തിൽ കക്കൂസുകൾക്കും അവയുടെ ശുചീകരണത്തിനും ഇത്രയധികം പ്രാധാന്യം കൊടുത്തിരിയ്ക്കുന്നതെന്തിനാണെന്ന് ഞാൻ സംശയിച്ചിരുന്നു. ഗാന്ധിജിയ്ക്ക് മലവിസർജ്ജനത്തെപ്പറ്റി എഴുതുന്നത് അങ്ങേയറ്റത്തെ സംതൃപ്തി നൽകുന്ന ഒരു കാര്യമാണെന്ന് പുച്ഛിച്ച് സംസാരിയ്ക്കുന്നവരെയും അക്കാലങ്ങളിൽ എനിയ്ക്ക് ശ്രവിയ്ക്കാൻ കഴിഞ്ഞിരുന്നു. ഒരു സാധാരണക്കാരിയെന്ന നിലയിൽ ഇതെല്ലാം എന്നെ കൂടുതൽ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കി.
ഉത്തരേന്ത്യ എന്റെ എല്ലാ സംശയങ്ങളും മാറ്റിത്തന്നു. ഗാന്ധിജി വളരെക്കുറച്ച് മാത്രമേ എഴുതിയിട്ടുള്ളൂ എന്നും ഇതിലും എത്രയോ കൂടുതൽ എഴുതണമായിരുന്നു എന്നും എനിയ്ക്ക് മനസ്സിലായി. സ്വീപ്പർമാരുടേയും സ്കാവഞ്ചർമാരുടേയും യൂണിഫോമണിഞ്ഞവർക്കൊപ്പം ചാർട്ടേട് ബസ്സിൽ സീറ്റ് പങ്കിടാൻ മനുഷ്യർ വിസമ്മതിയ്ക്കുന്നത് ഞാൻ കണ്ടു. വീടുകളിൽ നമ്മൾ ഉണ്ടാക്കുന്ന വേസ്റ്റ് എടുക്കാനും നമ്മുടെ കക്കൂസുകൾ കഴുകാനും വരുന്നവർക്ക് സൂര്യൻ നാൽപ്പത്താറു ഡിഗ്രിയിൽ തിളയ്ക്കുമ്പോഴും ഒരു തുള്ളി വെള്ളം കുടിയ്ക്കാൻ കൊടുക്കാതിരിയ്ക്കുന്നവരുണ്ടെന്ന് ഞാൻ അറിഞ്ഞു.. തോട്ടികളുടെ കൂലി എറിഞ്ഞു കൊടുക്കുകയാണെന്ന് വേണ്ടതെന്ന്…… കഴിഞ്ഞ ജന്മത്തിൽ ചെയ്ത കൊടും പാപം നിമിത്തമാണ് അവർ തോട്ടികളായി പിറന്നതെന്ന്…….അവരോട് എന്തെങ്കിലും പരിഗണന കാണിച്ചാൽ അടുത്ത ജന്മം നമ്മളും തോട്ടികളായി പിറക്കുമെന്ന്…….അബദ്ധത്തിൽ അവർ സ്പർശിച്ചു പോയ നമ്മുടെ വല്ല വീട്ടുപകരണങ്ങളോ പാത്രങ്ങളോ ഉണ്ടെങ്കിൽ അവയെല്ലാം അഗ്നി ശുദ്ധി വരുത്തണമെന്ന്…….. അവരെയൊക്കെ പഠിപ്പിയ്ക്കാനും മറ്റും ചെലവാക്കുന്ന പണവും മറ്റ് സംവരണാനുകൂല്യങ്ങളും നമ്മുടെ ഗവണ്മെന്റ് അടിയന്തിരമായി നിറുത്തൽ ചെയ്യണമെന്ന്……. ഉറച്ച് വിശ്വസിയ്ക്കുന്ന ഐ ഐ ടി ഡോക്ടറേറ്റുകാരേയും ഐ ഐ എം ബിരുദധാരികളേയും എല്ലാം കാണുവാൻ എനിയ്ക്ക് സാധിച്ചു.
മനുഷ്യരെല്ലാം ഒന്നാണെന്ന ബോധമുണ്ടാക്കിത്തരുന്നത് വിദ്യാഭ്യാസമാണോ ജീനുകളാണോ അനുഭവങ്ങളാണോ മതങ്ങളാണോ രാഷ്ട്രീയമാണോ സാഹിത്യവും കലയുമാണോ എന്നൊന്നും എനിയ്ക്ക് ഇതു വരെ വ്യക്തമായി മനസ്സിലാക്കാനായിട്ടില്ല. ചിലപ്പോൾ മനുഷ്യരൊന്നാണ് എന്ന തോന്നൽ പോലും തലയ്ക്ക് സ്ഥിരതയില്ലാത്ത ചിലരുടെ ഉട്ടോപ്യൻ സ്വപ്നം മാത്രമാണെന്ന് വിശ്വസിയ്ക്കേണ്ടി വരുന്ന വിധത്തിലുള്ള കൊടിയ അസമത്വങ്ങൾ കണ്ടു നിൽക്കേണ്ടിയും വന്നിട്ടുണ്ട്.
മനുഷ്യൻ യഥാർഥത്തിൽ അന്യന്റെ അടിമത്തവും അധ്വാനവും ആഗ്രഹിയ്ക്കുന്ന ഒരു ജന്തു മാത്രമായിരിയ്ക്കുമോ? അതിനുവേണ്ടി കണ്ടു പിടിച്ച ന്യായങ്ങൾ മാത്രമായിരിയ്ക്കുമോ മനുഷ്യപുരോഗതിയുടേയും സംസ്ക്കാരത്തിന്റേയും എല്ലാം വാഴ്ത്തുപാട്ടുകൾ? അല്ലെങ്കിൽ സമത്വമെന്നത് എപ്പോഴും വിദൂര ഭൂഖണ്ഡത്തിലെ കിട്ടാക്കനിയാവുന്നതെന്തുകൊണ്ട്? താനൊഴിച്ചു ബാക്കി എല്ലാവരും പല രീതിയിൽ ചൂഷണം ചെയ്യപ്പെടുന്നതിനെ മനുഷ്യൻ വിവിധ തരം വാദങ്ങളിലൂടെ ന്യായീകരിയ്ക്കാൻ ശ്രമിയ്ക്കുന്നതെന്തുകൊണ്ട്?
.....................
ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ എഴുതാനായി....
സമത്വമെന്നത് സ്വപ്നം കാണുവാന്‍ പോലും പറ്റാത്തതായിരിക്കുന്നു.
കടന്നുകയറ്റക്കാരുടെ വന്‍ മതിലുകള്‍ തകര്‍ത്തു സ്വാതന്ത്ര്യം നേടിത്തരാന്‍ മാഹാത്മാക്കള്‍ അവതരിക്കും!! പക്ഷെ സ്വയം പടുത്തുയര്‍ത്തുന്ന ഇത്തരം ഭ്രഷ്ട്ട്-കോട്ടകളില്‍ നിന്നു മനുഷ്യനെ മോചിപ്പിക്കാന്‍ ആരെക്കൊണ്ടാവും!! വരികളത്രയും വേദനയായി..
വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയല്ലോ ചേച്ചീ...
...........
ഒരു വർഷം മുൻപ് വീട്ടിലെ ഒരു കക്കൂസ് പൈപ്പിൽ മാത്രം ഒരു ബ്ലോക്ക്,,, മാസങ്ങൾ കഴിഞ്ഞ് നന്നാക്കാൻ ഒരാളെ കണ്ടുപിടിച്ചു. അവൻ വീട്ടിൽ വന്നപ്പോൾ എന്നിൽ നിന്ന് മുഖം ഒളിക്കുന്നു,,, അത് എന്റെ ശിഷ്യനായിരുന്നു.
...
തോട്ടിയുടെ മകൻ വായിച്ച അനുഭവം ഓർത്തുപോയി.
'കഥ'- വേദനിക്കുന്നവരുടെയും വേദ നിപ്പിക്കുന്നവരുടെയും.
ഹൃദയ സ്പര്‍ശി ആയ അവതരണം...
ഇന്ത്യയില്‍ തോട്ടിപ്പണി നിയമ മൂലം നിര്‍ത്തലാക്കി
എന്ന് പറയുന്നു ശരി ആണോ?അതോ ഇപ്പോഴും മനുഷ്യന്റെ അമേധ്യം മനുഷ്യനെ കൊണ്ട് തന്നെ കൊരിക്കുന്ന ഈ സമ്പ്രദായം നിലവില്‍ ഉണ്ടോ?
Brilliant!
Portrayed well.
At the same time, i expected something beyond family and caste sentiments.
Regards
:-)
Sunil Upasana
എച്ചുമെ.. ഇങ്ങനയും ഒരനുഭവം.. ഓരോ അനുഭവവും നമുക്ക് നല്‍കുന്നത് സര്‍വ്വ വിജ്ഞാന കോശങ്ങളാണ്... ഇപ്പോഴും ഇന്‍ഡ്യയുടെ വടക്കന്‍ പ്രദേശങ്ങളിലിതൊക്കെ തന്നെയാണ്. ഒന്നും വേണ്ട ബോംബെയില്‍ നോക്കുക.. എല്ലാ വലിയ ഫ്ലാറ്റിന്റടുക്കലും ഒരു ഗലി കാണും. അതിലുള്ളവരുള്ളതു കൊണ്ടാണ് ആ ഫ്ലാറ്റു പൊങ്ങുന്നത്. പക്ഷെ അതു പൊങ്ങക്കഴിയുമ്പോളവരെ പിന്നെ കാണുന്നത് എന്തോ അപശകുനം പോലെയാണ്.അവരെ പിന്നെ എങ്ങനെ തുരത്താം എന്നാണടുത്ത ചിന്ത.നല്ല എഴുത്ത്. കാണുന്നതു പോലെ...
ഓഹ്...ഇങ്ങനേയും മനുഷ്യര്‍ ഈ ഇന്ത്യയില്‍ ഇപ്പോഴും ജീവിക്കുന്നു എന്നോ?വായിച്ചപ്പോള്‍ കണ്ണ് നഞ്ഞു പോയി.
ചിന്താ ശക്തിയുള്ള ഒരാള്‍ക്ക് ദഹിക്കാത്ത പലതും ഇന്നും ഉത്തരെണ്ട്യയില്‍ നടക്കുന്നുണ്ട്..ഈ അനുഭവം കുറേക്കൂടി തീക്ഷ്ണമായത് തന്നെ...വല്ലാത്ത ഒരു വേദന അവശേഷിപ്പിച്ച പോസ്റ്റ്...അല്ലെങ്കിലും വേദന വരച്ചു കാട്ടാനുള്ള എച്ച്മുവിന്റെ കഴിവ് ഒന്ന് വേറെ തന്നെ...
ഭോലയുടെ ഓണം പോലെ മറ്റൊരു ഹൃദയം തകര്‍ക്കുന്ന അനുഭവം. എച്മു കണ്ടതും അനുഭവിച്ചതും എത്രമാത്രം എന്നോര്‍ത്ത് അത്ഭുതപ്പെടാറുണ്ട്,ഞാന്‍. മനുഷ്യനായിരിക്കുക എന്നത് അപമാനമായി തോന്നുന്ന ഒരു നിമിഷം..
നന്നായി എഴുതി ചേച്ചി
"ചന്ദനം അരഞ്ഞൊരു മഞ്ഞുകാലം"
എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി നല്ല സുഗന്ധമുള്ള കഥയായിരിക്കും എന്ന്..ഒത്തിരി കരയിപ്പിച്ച അനുഭവം തന്നെ ..ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം ഹൃദയസ്പര്‍ശിയായ എഴുത്തുകള്‍ .
ഇത് "അനുഭവം" എന്ന ലേബലില്‍ ഇടാന്‍ ധൈര്യം ഇല്ലേ സഖാവെ ??
വല്ലാത്ത ഒരനുഭവം.. മനുഷ്യന് ജീവിക്കുന്നത് എങ്ങനെ ഒക്കെയാണ്?
ഇങ്ങനെ ഒരനുഭവം മുമ്പ് എവിടെയും വായിച്ചിട്ടില്ല ..
എഴുത്തിനു ആശംസകള്‍
ഉത്തരേന്ത്യയിലെ ഇങ്ങനെ ഉള്ള ചിലരല്ല മിക്കവാറും എല്ലാവരെയും മുഖത്തു കാറിത്തുപ്പാന്‍ തോന്നിയിട്ടുണ്ട്
കണ്ണു നനയിപ്പിക്കുന്ന എഴുത്ത്
"അതെ, വല്ല തെരുവു പട്ടിയ്ക്കോ പൂച്ചയ്ക്കോ ഒക്കെ കൊടുക്കുന്നതു മാതിരി മണ്ണിലിട്ടു കൊടുത്താൽ മതിയെന്ന്….. തേച്ചു മിനുക്കി വെച്ച എന്റെ പാത്രങ്ങളെ അയാളോ ആ കുട്ടികളോ സ്പർശിയ്ക്കുകയില്ല... അതിനു കാരണം…. അതിനു കാരണം… എന്റെ മലിനതകൾ നൽകി, ഞാൻ കവർന്നെടുക്കുന്ന ആ മാന്യതയുടെ വിചിത്രമായ അളവുകോലല്ലേ? ഒരൽപ്പം പണത്തിന്റെ അഹന്തയിൽ, ജാതിയുടെ ഉയർച്ചയിൽ, ഞാൻ അയാളെ ഏൽപ്പിയ്ക്കുന്ന ഈ നാറുന്ന ജീവിത മാർഗമല്ലേ? എനിയ്ക്കുണ്ടെന്ന് ഞാൻ കരുതി വശായ കേമത്തത്തിന്റെ പിന്നിലൊളിച്ചിരിയ്ക്കുന്നതെന്താണെന്ന്, എത്ര കണ്ണടച്ചു പിടിച്ചിട്ടും അല്പം മുൻപ് പകൽ വെളിച്ചം മാതിരി വെളിവായിക്കിട്ടിയില്ലേ?
പൊടുന്നനെ തീട്ടത്തിൽ മുങ്ങിയ ഒരു ഇരുമ്പു കൂടം തലയിൽ വന്ന് വീഴുന്നതു പോലെ എനിയ്ക്ക് തോന്നി. ഞാൻ വാതിൽക്കൽ മരവിച്ച് നിന്നു."
വളരെ നന്നായി എഴുതിയിരിക്കുന്നു. മുകളില്‍ കൊടുത്ത വരി, അതിനു മുന്‍പത്തെ paragraph ന് മുന്‍പ് ആണെങ്കില്‍ അതിന്റെ effect കൂടുതല്‍ ആയി തോന്നും. [ദിവാരേട്ടന്റെ അഭിപ്രായം ആണേ.. കാര്യാക്കണ്ട ട്ടോ..]
ആനന്ദ് പടവര്ദ്ധന്റെ തോട്ടികളെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി കണ്ടത് ഓര്‍മവന്നു ഇത് വായിച്ചപ്പോള്‍. എച്ചുമൂന്റെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ദരിദ്രര്‍ക്കിടയിലും തൊഴില്‍പരമായ വ്യത്യാസങ്ങള്‍ മൂലം ഉച്ച നീചത്വങ്ങള്‍ നില നില്ക്കുന്നു എന്നതാണ് അത്. എന്നെക്കാള്‍ താഴ്ന്ന ജോലിയിലും ജാതിയിലും ഉള്ളവന് ആണ് അയല്ക്കാരന് എന്ന ഒരു അഹന്ത ബോധത്തില്‍ തെല്ലു അഭിമാനമായി സൂക്ഷിക്കുന്നുണ്ട് അവര്‍. ദാരിദ്രനെങ്കിലും ഉയര്‍ന്ന ജാതിയിലുള്ള അവനെ ഞാന്‍ വണങ്ങണമെന്ന വിധേയന് അവര്‍ണരിലും ഉറങ്ങികിടക്കുന്നു. ഹിന്ദു ഐക്യം പുലമ്പുന്ന ഹൈന്ദവ വാദികള്‍ക്ക് ഹിന്ദുവിനെ ഐക്യപ്പെടുത്താന്‍ കഴിയാത്തതും ഇന്ത്യയെ ഫാസിസ്റ്റ് ജെര്‍മ്മനി ആക്കാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്. ജാതിയെയും ദാരിദ്ര്യത്തെയും കടപുഴക്കുന്ന ഒരു പ്രളയം മാത്രമേ നമ്മുടെ ഭാരതത്തിന്റെ ഭാവി നിര്‍വ്വചിക്കു. ഇന്ത്യയുടെ നഗ്ന ചിത്രം വരയ്ക്കുന്ന എച്ചുമുവിന്റെ എഴുത്തിന് അഭിവാദ്യങ്ങള്‍.
കുത്തി നോവിക്കുന്ന വേദനപോലെയുള്ള ഈ ആഖ്യാന പാടവത്തിന് ആദ്യമായൊരു ഹാറ്റ്സ് ഓഫ്..!
“മലയാളികളെല്ലാം ക്രിസ്ത്യാനികളോ മുസ്ലിമുകളോ ആണെന്നും അതിലും വിശേഷിച്ച് മലയാളിപ്പെണ്ണുങ്ങൾ എല്ലാവരും നഴ്സുമാരാണെന്നും സൌകര്യം കിട്ടിയാൽ അവരൊക്കെയും പല പുരുഷന്മാരുമായും ബന്ധം പുലർത്തുമെന്നും ആ സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു“
നല്ല നിരീക്ഷണ പാടവം...
പിന്നെ ഇപ്പോഴും പല ഉത്തരേന്ത്യൻ ആളുകളും മലയാളി പെണ്ണുങ്ങളെ ഇന്നും ഈ ബിലാത്തിയിൽ പോലും ഈ കാഴ്ച്ചപ്പാടോടെ തന്നെയാണ് നോക്കുന്നത് കേട്ടൊ എച്ച്മു.
@ എച്ചുമു,
പുഴയില്‍ മുങ്ങി ഒരു വെള്ളാരം കല്ലെടുത്ത് ഇത് എന്റെ ശിവനാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു ഗുരു ആ നാടുകളില്‍ ജനിക്കാത്തതുകൊണ്ട്. “ജാതിഭേദം മതദ്വേഷം/ ഏതുമില്ലാതെ സര്‍വ്വരും/സോദരത്വേന വാഴുന്ന /മാതൃകാസ്ഥനമാണിത്” എന്നു പ്രഖ്യാപിക്കുന്ന ഒരു പ്രസ്ഥാനം അന്നാട്ടിലെങ്ങും ഉടലെടുക്കാത്തതുകൊണ്ട്. അത്തരം ആശയങ്ങളെ ഭൌതീക സമരങ്ങളായി വിവര്‍ത്തനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കുറവ്.
ഈയിടെ ടിവിയില്‍ കണ്ടിരുന്നു മനുഷ്യമലം കൈകൊണ്ട് വാരി തൊട്ടിയിലിടുന്ന കുറെ ജന്മങ്ങളെ.
-എന്താ പറയാ, എച്മൂ?
:-{
മനുഷ്യസ്നേഹം സമത്വം ഈ ആശയയങ്ങള്‍ ആണ്
അധികപേരും സ്നേഹിക്കുന്നത് ,മനുഷ്യനെയല്ല
പച്ചമനുഷ്യന്റെ വ്യഥകള്‍ ഉള്കൊള്ളാനുംപങ്കിടുവാനും
എത്ര പേര്‍ക്ക് കഴിയുന്നുണ്ട്
ആശംസകള്‍ ...ഉള്‍ക്കരുത്തുള്ള രചന
തികച്ചും വ്യത്യസ്തവും ഹൃദയ സ്പര്‍ശിയുമായ പ്രമേയങ്ങള്‍ കണ്ടെത്തുന്നതില്‍ എച്ച് മു എന്നും ശ്രദ്ധിക്കാറുണ്ട്.അത് വായനക്കാര്‍ക്ക് നല്കുന്ന വികാരം വാക്കുകള്‍ക്കതീതമാണ് .വായിച്ച് തീരുമ്പോള്‍ മിണ്ടാനാകാതെ തരിച്ചു നിര്‍ത്തുന്നു ആ രചനാരീതി.നന്നായി എന്നോ അഭിനന്ദനങ്ങള്‍ എന്നോ പറഞ്ഞു വില കളയുന്നില്ല.
എല്ലാം മനസ്സില്‍ സൂക്ഷിക്കുന്നു.
എന്താ പറയുക. പലപ്പോഴും തോന്നീട്ടുള്ളതാണു കീടങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ വിലയുണ്ടെന്ന്..ജാതി വ്യവസ്ഥ നമ്മുടെ ഇന്ത്യയില്‍ വളരെ ക്രൂരവും നിന്ദ്യവുമായ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടി വന്നിട്ടും ഉണ്ട്.
ഈ എഴുത്തിനു അഭിനന്ദനങ്ങള്‍...
Amazing....! a blend of the feelings of impotence,emotion, smpathy, empathy, protest and more..
wonderful way of revealing the a truth (കേമത്തത്തിന്റെ പിന്നിലൊളിച്ചിരിയ്ക്കുന്നതെന്താണെന്ന്..!), made it very situational by describing pre context in a way of narrative essay..! Congratulations..!
കണ്ണ് നനഞ്ഞു ..കൂടുതല്‍ എന്ത് പറയാന്‍
സാരെ ജഹാന് സെ അച്ഛാ ...
ആശംസകള്‍
നമ്മുടെ രാജ്യം എന്തുകൊണ്ടിന്നും നൂറ്റാണ്ടുകൾ പുറകിലാണെന്ന് ഈ ഐഐറ്റി ബുദ്ധിജീവികൾക്ക് മനസ്സിലാകാത്തതെന്താണ് ?
സസ്നേഹം,
പഥികൻ
ഒരു നോവിഴഞ്ഞു പോകുന്നു....
ഇത് വായിക്കുന്നത് വരെ ഞാനും അവരെപ്പറ്റി ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
അവരും മനുഷ്യരല്ലേ?
അവര്‍ക്കുമില്ലേ ഒരു ജീവിതം?
എച്മു നന്നായി തന്നെ എഴുതി. നന്നായി നരേറ്റും ചെയ്തു.. അവസാനഭാഗത്ത് സ്വയം വലിയ ആളാവാനുള്ള ശ്രമമില്ലാത്ത നായികയെയും ഇഷ്ടപ്പെട്ടു..
എച്മൂ, നൊമ്പരപ്പെടുത്തുന്ന മറ്റൊരോര്മയുണര്ത്തുന്നു എനിക്കീ പോസ്റ്റ്...
ജാതി വ്യവസ്ഥയില്‍ കീഴ്ജാതിയില്‍ പിറന്ന തെറ്റിന്റെ പാപഭാരവും പേറി ജീവിക്കേണ്ടി വരുന്ന മനുഷ്യര്‍ (??)
വികാരതീവ്രമായ വരികളിലൂടെ മനസ്സില്‍ കടന്നു കയറുന്ന പോസ്റ്റ് പതിവ് പോലെ നന്നായി....
ഇനിയുമാരൊക്കെ വരേണ്ടിവരും നമ്മെ മാറ്റിയെടുക്കാന്‍. നൊമ്പരപ്പെടുത്തിയ മനോഹര കുറിപ്പിനു നന്ദി. അഭിനന്ദനങ്ങള്‍.
ചന്ദ്രന്മാര് നമ്മുടെ നാട്ടിലും കുറച്ചു നാളുകള്‍ക്ക് മുമ്പ് വരെയുണ്ടായിരുന്നല്ലൊ. അവരെ നാം 'തോട്ടി'കള്‍ എന്നാണല്ലോ വിളിച്ചിരുന്നത്.
എന്തു പറയേണ്ടു...വാക്കുകളില്ല.
ആരും പറയാത്ത ആരും എഴുതാത്ത ജീവിതങ്ങൾ...
‘ഒരു സഹതാപമാർന്ന ആർദ്രമനസ്സിന്റെ ഉടമ.’
ഒരു നോവലിന്റെ നല്ല ഭാഗം മാറ്റിയെടുത്ത് നാടകരംഗമായി ചിത്രീകരിച്ചു. ആമുഖവിവരണം അതിലേറെ സന്ദേശയുക്തമായി തന്നിരിക്കുന്നു. പഞ്ചാബികൾക്ക് മലയാളികളോടുള്ള തെറ്റായ വിശ്വാസം, ‘ശത്രുത പുലർത്തുന്ന സ്വന്തം ശരീരം’, ‘വെള്ളവീഴുംമുമ്പ് കുറ്റിക്കാടുകളോ ഇടവഴിയോ നിന്നെ സഹായിക്കുമായിരുന്നില്ലേ..’ ‘കരയുന്നമട്ടിലിരിക്കുന്ന ഗണേശ്ജി.’ ‘ആ കുട്ടികൾ വെള്ളത്തിൽ ഉപ്പെന്നപോലെ ഭൂമിയിൽ ലയിച്ചുചേർന്നേനെ...’ മുതലായ വാചകങ്ങൾക്ക് നാനാർത്ഥങ്ങളുണ്ട്. (ചന്ദന്റെ വാസസ്ഥലവിവരണമെത്തിയപ്പോൾ, തകഴിയുടെ ‘തോട്ടിയുടെ മകൻ’ ഓർമ്മയിലെത്തി.) നല്ല രംഗങ്ങൾ ഹൃദയസ്പൃക്കായി, വ്യക്തതയോടെ എഴുതി. അനുമോദിക്കുന്നു.....
എച്മു വീണ്ടും ആരോടോപ്പമാണെന്ന് തെളിയിക്കുന്ന എഴുത്ത് ..ഹൃദയ സ്പര്‍ശിയായി ..:)
ഹൃദയത്തില്‍ തൊട്ടാണ് എഴുതിയത്. വല്ലാത്ത നീറ്റലുണ്ടാക്കുന്ന അവതരണം.
തീവ്രവാദികളെ ഉണ്ടാക്കുന്നത് "ഇസ്ലാം" ആണെന്ന് കണ്ടെത്താനും ആ വിഷയത്തില്‍ മണിക്കൂറുകള്‍ പ്രൈം ടൈം ബുദ്ധിജീവി, മോഡി ജീവി ചര്‍ച്ച, വിശകലനം നടത്താനും, ക്രൈസ്തവ സഭയിലെ "വൈകൃതങ്ങള്‍" വിഷയമാക്കാനും, ഇതെല്ലം ചര്‍വിത-ചര്‍വ്വണം ചെയ്യാനും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കു ധാരാളം മനസ്സും ഊര്‍ജ്ജവും ഉണ്ട്. പക്ഷെ, ചന്ദൻമാരെ, ദലിതുകളെ ഒക്കെ ഉണ്ടാക്കുന്നത് കാലാവസ്ഥാ വ്യതിയാനമല്ലെന്നും ഭ്രാഹ്മിണ-ഹൈന്ദവ വിശ്വാസത്തില്‍ ഉള്‍ചേര്‍ന്ന, ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തെക്കാള്‍ ക്രൂരമായ, ജാതി വ്യവസ്ഥയുടെ നേര്ഫലമാണെന്നും ഭരണഘടനാശില്പി അംബേദ്ക്കര്‍ തന്നെ പറഞ്ഞ മര്‍മ്മപ്രധാന സംഗതി ഈ മുഖ്യധാര മാധ്യമ വിശാരദര്‍ക്ക് വിഷയമാവാതെ പോവുന്നത് എന്ത് കൊണ്ടായിരിക്കും?
എച്മു, എന്ത് പറയണം എന്നറിയില്ല ... പുറത്തേക്ക് വരാനാവാതെ ഒരു വിങ്ങല്‍ ... വേദനയോ, അമര്‍ഷമോ എന്തെല്ലാമോ ...
ഗംഭീരമായി കഥ. (മുമ്പൊരിക്കൽ അഭിപ്രായപ്പെട്ട പോലെ) ഇത്തരം ജീവിതത്തിന്റെ ചേറിൽ നിന്ന് ചെന്താമരയുമായി പൊങ്ങി വരുന്ന ലക്ഷ്മിയാണ് എച്ചുംകുട്ടി. മധ്യവർഗ്ഗ വീടുകളുടെ പൂമുഖവും കിടപ്പുമുറിയും മാത്രം കണ്ടിട്ടുള്ള, അവ മാത്രം കഥാപരിസരമാക്കുന്നവരാണ്, മധ്യവർഗ്ഗ സ്ത്രീയുടെ കൊച്ചു പ്രശ്നങ്ങളെ പർവ്വതീകരിക്കുന്നവരാണ് പുതിയ എഴുത്തുകാരികളിൽ മിക്കവരും. സംവരണത്തിനെതിരെ വാദിക്കുന്ന ചോക്കലേറ്റുകുട്ടികൾ ഈ കഥകൾ അറിഞ്ഞെങ്കിൽ. മറുനാടൻ ജീവിതത്തിനിടയിൽ നർസുമാരുടെ ദുരിതക്കടലിന്റെ ചെറിയൊരംശം ഞാനും കണ്ടിട്ടുണ്ട്. മുൽക്ക് രാജിനും തകഴിയ്ക്കുമൊക്കെ ഇത്തലമുറയിലും പിന്തുടർച്ചകൾ കാണുമ്പോൾ എന്തോ ഒരു ആശ്വാസം, എഴുത്തുകാരെല്ലാം ദന്തഗോപുരത്തിലേക്ക് ഗോവണി കയറിപ്പോയിട്ടില്ല!
ishtamaayi
അനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. വായിച്ച് തളർന്നിരിക്കുകയാണ്..
ഒരഭിപ്രായമുണ്ട്. അനുഭവം എഴുതുമ്പോൾ, വർഷവും, സ്ഥലവും എഴുതിയാൽ നന്നായിരുന്നു..
ആശംസകൾ.
തോട്ടികള്‍, ഹിജടകള്‍ എന്നിവരെയൊക്കെ നമ്മള് കേരളത്തില്‍ കാണില്ല. അതു കൊണ്ടു അവരെ നിഷേധിക്കാന്‍ നമുക്ക് എളുപ്പം ആണ്. ജാതി വ്യവസ്ഥയുടെ ആഴം അറിയണമെങ്കിലും നമുക്ക് അതിര്‍ത്തി തന്നെ കടക്കണം... ഈ വലിയ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഓഫീസ് ബോയ്സിനോട് സംസാരിക്കുന്നത് തന്നെ അശ്രീകരം ആയി കരുതുന്ന എത്രയോ പേരുണ്ട്...
"താനൊഴിച്ചു ബാക്കി എല്ലാവരും പല രീതിയിൽ ചൂഷണം ചെയ്യപ്പെടുന്നതിനെ മനുഷ്യൻ വിവിധ തരം വാദങ്ങളിലൂടെ ന്യായീകരിയ്ക്കാൻ ശ്രമിയ്ക്കുന്നതെന്തുകൊണ്ട്?" ഈ ചോദ്യത്തിനുത്തരം ഞാനും തേടുന്നു എച്മു... ചവിട്ടി അരയ്ക്കപ്പെടുന്ന, നിവൃത്തികേടുകൊണ്ട് അതിനു നിന്നുകൊടുക്കുന്ന ഇത്തരം ജന്മങ്ങളെ, വേദനയോടെ നോക്കി നില്‍ക്കാനോ വിശപ്പടക്കാന്‍ ഒരുനേരത്തെ ആഹാരം കൊടുക്കാനോ അല്ലാതെ
എച്മു പറഞ്ഞപോലെ, ആരെയും ഒന്നിനേയും
മാറ്റിയെടുക്കാൻ ഒരു മന്ത്രവടിയുടെയും ഉടമസ്ഥരല്ലല്ലോ നമ്മള്... മന്ത്രവടി ഉള്ളവരാവട്ടെ അത് ഒളിപ്പിച്ചു വച്ച്, സ്വാര്‍ത്ഥ ലബ്ദിക്ക് ഉപയോഗിക്കുകയല്ലേ!!
ചേച്ചിപ്പെണ്ണ് ആദ്യം വന്നിട്ട് ഒന്നും പറഞ്ഞില്ല.എന്നാലും വന്നല്ലോ.
മനോജ്,
നീമാ രാജൻ,
ശ്രീ,
ജുവൈരിയാ സലാം,
മിനി ടീച്ചർ എല്ലാവർക്കും നന്ദി.
നിയമമൊക്കെയുണ്ട് എന്റെ ലോകമേ, പക്ഷെ..അല്ലെങ്കിൽ നമ്മുടെ നാട്ടിൽ നിയമം മൂലം നിരോധിയ്ക്കപ്പെട്ട എന്തെല്ലാം കാര്യങ്ങൾ സുഗമമായി നടക്കുന്നുണ്ട്.
ഉപാസന വന്നതിൽ സന്തോഷം. പ്രതീക്ഷയ്ക്കൊത്ത് എഴുതാനാകുമെന്ന് ആശിയ്ക്കുന്നു.
കുസുമം പറഞ്ഞത് ശരി മാത്രമാണ്. വന്നതിൽ വലിയ സന്തോഷം.
അരീക്കോടൻ,
ഷാനവാസ്ജി,
ഒരു പാവം പൂവ് എല്ലാവർക്കും നന്ദി.
അഭി വായിച്ചതിൽ സന്തോഷം.
അവതാരികേ ഇതു കഥയല്ലല്ലോ, അനുഭവം എന്ന ലേബൽ കണ്ടില്ലേ?
ഉസ്മാൻ വന്നതിൽ വലിയ സന്തോഷമുണ്ട്.
ഇൻഡ്യാ ഹെറിട്ടേജിന് നന്ദി.
ദിവാരേട്ടൻ പറഞ്ഞത് കാര്യമായിക്കാണുന്നു. ഒന്നു കൂടി മിനുക്കി എഴുതാൻ പരിശ്രമിയ്ക്കാം.
ഭാനുവിന് തിരിച്ചും അഭിവാദ്യങ്ങൾ...
നഴ്സ്മാരുടെ സ്നേഹപൂർണമായ എല്ലാ പരിചരണങ്ങളും കിട്ടി ആരോഗ്യം സുഖപ്പെട്ട് ആശുപത്രിയിൽ നിന്നിറങ്ങീട്ടാവും ഇങ്ങനെയുള്ള കള്ളക്കഥകൾ ഉണ്ടാക്കുന്നത്, അതു മാത്രം വിശ്വസിയ്ക്കുന്നത് എന്നതാണ് പരമ ദയനിയം, മുരളീ ഭായ്. വന്നതിൽ സന്തോഷം.
ഭാനു പറഞ്ഞത് ശരിയാണ്.ഇതെല്ലാം കാരണങ്ങളാണ്.
കൈതമുള്ള് വന്നതിൽ വലിയ സന്തോഷം. ഞാൻ വിചാരിച്ചു മറന്നുവെന്ന്.
കോണത്താൻ,
ലീലടീച്ചർ,
മുല്ല,
വായനക്കാരൻ,
ദ മാൻ ടു വാക് വിത് എല്ലാവർക്കും നന്ദി.
പ്രത്യേക രീതിയിൽ കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതുകൊണ്ട് ഐ ഐ ടി ബുദ്ധിജീവികൾക്ക് സമഗ്രമായി കാണാൻ പറ്റുന്നില്ല പഥികൻ.അത്രേയുള്ളൂ കാരണം.
ജുനയിത്,
മെ ഫ്ലവേഴ്സ്,
മനോരാജ്,
കുഞ്ഞൂസ്സ്,
അഷ്രഫ്,
ഖാദർജി,
അജിത്ജി,
അലിഭായ്,
വി എ,
രമേശ്,
സലാം,
അനിൽ എല്ലാവർക്കും നന്ദി.
ശ്രീനാഥൻ മാഷ് വായിച്ചതിൽ സന്തോഷം.ഫ്ലഷ് റ്റോയിലറ്റ് വന്നാൽ തോട്ടികളുടെ ദുരിതം മാറുമെന്ന് അൺ ടച്ചബിൾ വായിച്ച് പ്രത്യാശിച്ചതും അസ്ഥാനത്തായി എന്ന സങ്കടം നേരിട്ടനുഭവിച്ചപ്പോൾ പിന്നെ പ്രതീക്ഷയും കൂടി ഇല്ലാതായി.
ഷാഹിന വന്നതിൽ സന്തോഷം.
സാബുവിന്റെ നിർദ്ദേശം ശ്രദ്ധിച്ചു കൊള്ളാം.
ബിജിതിനു നന്ദി,
ലിപി വന്നതിലും സന്തോഷം. വായിച്ച എന്റെ എല്ലാ കൂട്ടുകാരോടും നന്ദി പറയട്ടെ. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
എച്ചുമൂ,വളരെ അധികം പ്രയാസത്തോടെയാണ് അവസാന ഭാഗങ്ങള്‍ വായിച്ചു തീര്‍ത്തത്.
വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങള്‍ കാണുമ്പോള്‍ നാം അന്തംവിട്ടു പോകും. നമ്മുടെ കേരളത്തില്‍ നാം കാണുന്നതല്ല ഇന്ത്യ. പാവങ്ങളായി ജനിച്ചു പാവങ്ങളായി ജീവിച്ചു പാവങ്ങളായി മരിക്കാന്‍ വിധിക്കപ്പെട്ടവര്‍.
ഇത്രയും വര്‍ഷം നോര്‍ത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജീവിച്ചിട്ടും(സര്‍ക്കാര്‍ ക്വാര്ട്ടെര്സുകളില് ജീവിക്കാന്‍ വിധിക്കപ്പെട്ടത് കൊണ്ടായിരിക്കാം) തോട്ടികളുടെ ജീവിതം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.
ഇതിലെ കഥയും ഹിന്ദി ഫാമിലിയും ഒക്കെ അനുഭവത്തിന്റെ സാക്ഷിയത്തിലൂടെ ഞാനും വായിച്ചു .....അല്ല ..ഓര്‍ത്തെടുക്കുന്നു
വിവിധങ്ങളായ വിഷയങ്ങൾ,തീഷ്ണമായ ആവിഷ്കാരം..എന്തും തുറന്നെഴുതാനുള്ള തന്റേടം,ഒരു കഥ,അല്ലെങ്കിൽ ലേഖനം, എങ്ങനെ അവതരിപ്പിക്കണം എന്നുള്ള പാഠവം....ഈ എഴുത്തുകാരിയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നൂ...സത്യത്തിൽ ഈ കുഞ്ഞ് ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമാണു...എച്ചുമുക്കുട്ടിയേ.... ഈ എഴുത്തിനു മുൻപിൽ ഞാൻ നമ്രശിരസ്കനാകുന്നൂ....പ്രണാമം......
പലവട്ടം വന്നു പോയി ഒന്നും എഴുതാനാവതെ.. ചന്ദന്റെ ചിത്രം മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല.. സമൂഹം ചാർത്തിത്തരുന്ന ചില അലിഖിത നിയമങ്ങൾക്ക് മനസ്സില്ലാമനസ്സോടെയാണെങ്കിലും വശംവദരാകുമ്പോൾ അനുഭവിക്കുന്ന ആത്മനിന്ദ വരികളിലൂടെ നന്നായി വായിച്ചെടുക്കാം...
എച്മൂ...വീണ്ടും ഹൃദയത്തെ മഥിപ്പിച്ച വായന...
എന്റെ കുട്ടിക്കാലത്ത്, അപ്പന്റെ കൂടെ കല്ലാര്കുട്ടിയെന്ന സ്ഥലത്ത് KSEB ക്വാര്ട്ടെഴ്സില് താമസിക്കുമ്പോള്‍, അവിടെ മലം വാരാന്‍ വന്നിരുന്ന ഒരു ദേവസ്സി ചേട്ടനെ ഇപ്പോഴും ഓര്‍മയുണ്ട്....അഞ്ചു വയസ്സുകാരനായ ഞാന്‍ ദേവസ്സി ചേട്ടനെ കളിയാക്കുമ്പോള്‍, "അവരില്ലെങ്കില്‍ നിനക്ക് ജീവിക്കാന്‍ പറ്റില്ലെടാ, അവരെയൊക്കെ പൂവിട്ടു പൂജിക്കണം" എന്ന് പറഞ്ഞു അമ്മ ചെവി പിടിച്ചു സാമാന്യം ശക്തമായി തിരുമ്മുമായിരുന്നു...
ചന്ദനെക്കാള്‍ മനസ്സിനെ സ്പര്‍ശിച്ചത് ആ കൊച്ചുകുട്ടികളുടെ ദയനീയമായ കണ്ണുകളാണ്....
നൊന്തു. മനുഷ്യന് ഇതെല്ലാം രീതിയില്‍ താത്ത്രപ്പാട് പെട്ട് ജീവിക്കുന്നു.
പിന്നെ ഒരു സ്വകാര്യം. അഭിപ്രായം മാത്രമാണു. നീല ബാക്ഗ്രൌണ്ടില് നിന്ന് മാറി വെളുപ്പ സ്വീകരിച്ചു കൂടെ. വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ഈ തുറന്നെഴുത്തിന്റെ മുമ്പില്‍ ഒരു കൂപ് കൈ മാത്രം! മറ്റൊന്നും അതിനു പകരമാവില്ല..
എന്റെ എളിയ അഭിനന്ദനങ്ങള്‍ പറഞ്ഞു, ആശംസകള്‍ ചൊരിഞ്ഞു ഞാനീ രചനയുടെ വില കളയുന്നില്ല.
നന്ദി.. ഇത് വായിക്കാന്‍ അവസരം തന്നതിന്..
ശ്രീ മാഷുടെ അഭിപ്രായത്തിനു താഴെ കയ്യൊപ്പ് ചാര്‍ത്താന്‍ വന്നതാണ് ഞാന്‍. അദ്ദേഹം പറഞ്ഞ എല്ലാ പോയിന്റുകളും ശ്രദ്ധേയമാണ്.
ഏറെ കൊട്ടിഘോഷിക്കുന്ന നമ്മുടെ മാധവികുട്ടിയുടെ രചനകള്‍ തന്നെ ഏത് സ്ത്രീയുടെ പ്രശ്നങ്ങള്‍ ആണ് മുന്നോട്ടുവെച്ചത്? തിന്നും വിശ്രമിച്ചും മടുത്ത മധ്യവര്‍ഗ്ഗ സ്ത്രീയുടെ വിചാരങ്ങള്ക്കുമപ്പുറത്ത് ഉണ്ണാനില്ലാതെ ഉടുതുണി മുറുക്കി കെട്ടേണ്ടി വന്ന സ്ത്രീയുടെ മനസ്സ് വരക്കാന്‍ പെണ്ണെഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. (വത്സല ടീച്ചര്‍ മാത്രമാകും ഇതിന്നൊരപവാദം.) എച്ചുമുവിന്റെ എഴുത്ത് സ്ത്രീ എഴുത്തുകാരുടെ എല്ലാ പരിമിതികളേയും ലംഘിക്കുന്നു.
എച്ചുമുവിന്റെ എഴുത്തുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി സുഖലോലുപതയുടെ ആലസ്യത്തെ മുറിവേല്പിക്കട്ടെ.
വായിച്ചു ..ഒന്നും പറയാനാവാതെ മൂകനാവുന്നു :(
വളരെ പ്രസക്തമാണ് വിഷയം.
തവളയെയും പട്ടിയെയും വിവാഹം കഴിക്കുന്ന, മനുഷ്യമാമാംസം ഭക്ഷിക്കുന്ന, നിധിലഭിക്കാന് സ്വന്തം കുഞ്ഞിനെ കശാപ്പ് ചെയ്യുന്ന ആളുകള്‍ ഇന്നും ഇന്ത്യയില്‍ ഉണ്ട് എന്ന് നാം അറിയുന്നു!
മനുഷ്യര്‍ എല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ് എന്ന് എന്ന് തിരിച്ചറിവുണ്ടാവുന്നോ അന്ന് നാം രക്ഷപ്പെടും.
എച്ചുമുവിന്റെ ശക്തമായ തൂലിക ഇനിയും ചലിക്കട്ടെ
എച്മു എന്റെ ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത ഒരായിരം പൂച്ചെണ്ടുകള്‍ ഞാന്‍ അങ്ങയുടെ തൂലികക്ക് മുന്ബില് വെക്കട്ടെ
മനുഷ്യനെ തിരിച്ചറിയാന്‍ മനുഷ്യനില്‍ മനുഷ്യനിലേക്കുള്ള ദൂരത്തെ അറിയാന്‍ സഹായിച്ച എയുത്ത്
ഒട്ടും അധികമല്ല ഈ എഴുത്ത് എച്മുക്കുട്ടി. കണ്ടുകൊണ്ടേയിരിക്കുന്ന കാഴ്ചകള്‍. എഴുത്തിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്ന എഴുത്ത്. അഭിനന്ദനങ്ങള്‍.
ഈ മനസ്സിനു മുൻപിൽ ശിരസ്സു നമിക്കുന്നു.
യഥാർത്ഥ കമ്മ്യൂണിസം വേരൂന്നാത്ത, നാരായണഗുരുവിനെപ്പോലൊരു ഗുരു ജനിക്കാത്ത ആ മണ്ണിൽ എത്രയും പെട്ടെന്ന് അങ്ങനെയൊന്നു സംഭവിക്കട്ടെ..!
അഭിനന്ദനങ്ങൾ എച്ച്മു.
njan ipozha swasam vitath. veerpadaki vayichu. entha ithinu oru abhiprayam parayuka. enikariyilla.
അതെ, നാവില്‍ മായജാലം നടത്താന്‍ ശേഷിയുള്ള അനേകം മന്ത്രങള് സുലഭമാണ് നമുക്കൊക്കെ... എന്നാല്‍ കയ്യിലേക്ക് നോക്കുമ്പോളാണ് മന്ത്രവടി ഇല്ലെന്നറിയുന്നത്.............നല്ലപോസ്റ്റ് എച്മൂ
ഇവിടെ വന്ന് നിലത്തോളം കുനിഞ്ഞ് പച്ച മനുഷ്യനായി തിരികെ പോകാം.
വായിച്ചു.ആസ്വദിച്ചു.
മികച്ച രചന എന്ന് മികച്ച എഴുത്തുകാരിയോട് പറയുന്നത്, എറുമ്പ് ആനയോട് നിനക്കു നല്ല വലുപ്പമുണ്ട് എന്നു പറയുമ്പോലെ അപഹാസ്യമായ പ്രയോഗമായതുകൊണ്ട് ഒന്നും പറയാതെ പോവുന്നു....
ഈ പോസ്റ്റിനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല . ഇന്ന് ഇരിപ്പിടത്തില്‍ കണ്ടാണ് എത്തുന്നത് . ഇല്ലെങ്കില്‍ ഈ വായന എനിക്ക് നഷ്ടമാകുമായിരുന്നു . ഒരു തോട്ടിയുടെ ജീവിതാനുഭവങ്ങളിലൂടെ കൈ പിടിച്ചു നടത്തി ശരിക്കും നെഞ്ചു പൊള്ളിച്ചു ഈ എഴുത്ത് .
ആശംസകള്‍
തീര്‍ത്തും വേറിട്ട ഒരു അനുഭവമായിരുന്നു ഈ പോസ്റ്റ് വായിക്കുമ്പോള്‍. വായനക്കാരുടെ ഹൃദയത്തിലേക്ക് ഇത്ര ആഴത്തില്‍ ഇറങ്ങിവരാന്‍ കഴിയുന്നത് എഴുത്തില്‍ നിഴലിക്കുന്ന മനുഷ്യത്വവും സഹാനുഭൂതിയും കൊണ്ടാവാം. അനുഗ്രഹീതമാണ് ഈ തൂലിക.
സാധാരണ കാണുന്ന മാതിരി ചള്ള വയറുള്ള ഗണപതിയല്ല അത്, ഉണ്ടാക്കിയ കുശവന്റെ കൈക്കുറ്റപ്പാടു കൊണ്ടാവണം, ഈ ഗണപതിയ്ക്ക് ഒട്ടിയ വയറാണുള്ളത്. പട്ടിണി ആർത്തു പെയ്യുന്നിടത്തേയ്ക്കാണ് വരുന്നതെന്ന് ഗണപതി നേരത്തെ അറിഞ്ഞ് കഴിഞ്ഞിരുന്നുവോ ആവോ? ഒട്ടിയ വയറുമായി പാവം, ഇരിയ്ക്കുന്നതാവട്ടെ ഒരു ഇൻഡ്യൻ കക്കൂസിന്റെ പൊട്ടിപ്പോയ ഫുട് റെസ്റ്റിലും
തോട്ടികളെ കുറിച്ച് വായിച്ചിട്ടുണ്ട്, പല തവണ.
ഇത്രയു ഹൃദയസ്പര്‍ശിയായ ഒരു അനുഭവ കുറിപ്പ് ആദ്യമായാണ് .
കരുണയുടെ, സ്നേഹത്തിന്റെ , വറ്റാത്ത ഉറവയുള്ള എഴുത്തുകാരീ
അസൂയ തോന്നുന്നു താങ്കളോട് , എഴുത്തിനോടും ആ വലിയ മനസ്സിനോടും.
പക്ഷമേതെന്നു പ്രഖ്യാപിക്കുന്ന..
മഹാ പ്രളയത്തിനും മനുഷ്യ നാശത്തിനും ശേഷമുള്ള പുതു കവിത..!!
പറയാനുണ്ട് ഒരുപാട്... പലരും പലവിധത്തില്‍ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ ആവര്‍ത്തിക്കുന്നില്ല. {ഇനി അല്പം നേരത്തെ എത്താം ശ്രമിക്കാം.}
വീണ്ടും മനോഹര കഥ...
താഴെ തട്ടിലുള്ളവരുടെ കൂടെ നില്‍ക്കാനുള്ള ഒരു മനസ്സ് കഥാ കാരിയുടെ രചനകളില്‍ വായിച്ചെടുക്കാം..
ആശംസകള്‍/.
വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ. നമ്മൾ കാണാത്ത എത്രയെത്ര ജീവിതങ്ങൾ!
ഞാനും വായിച്ചു. ഇതൊക്കെ ഞാനും പണ്ട് കണ്ടിട്ടുണ്ട്, അതുകൊണ്ട് ഞെട്ടിയില്ല. പിന്നെ, വിഷയത്തേപ്പറ്റി അഭിപ്രായം എഴുതാന്‍ തുടങ്ങിയാല്‍ അതു പോസ്റ്റിനേക്കാള്‍ വലുതായിപ്പോകും. അതുകൊണ്ട് രചന നന്നായി എന്നുമാത്രം പറഞ്ഞ് മാറിനില്ക്കുന്നു.
ഞാന്‍ കണ്ടു പരിചയപ്പെട്ടതിനെക്കാള് അറപ്പും വെറുപ്പും വേദനയും വരികളിലൂടെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ചിന്തകളില്‍ തിരുത്തുകളില്ലാത്ത ആഖ്യാനം. നിങ്ങളെ കമന്റാന്‍ തക്ക പ്രതിഭ ഇല്ല. താങ്കള്‍ എന്റെ "സ്വാര്‍ത്ഥന്‍" എന്നാ കവിതയ്ക്ക് തന്ന അഭിപ്രായത്തിനു നന്ദി. "ഇരിപ്പിടത്തില്‍" നല്ല പരമാര്‍ശം കിട്ടി. ഒന്ന് ചിരിക്കാന്‍ തോന്നുന്നുവെങ്കില്‍ ഈ ലിങ്കുകള്‍ ഒന്ന് നോക്കുക.
http://orupottan.blogspot.com/2011/10/blog-post_23.html
http://orupottan.blogspot.com/2011/10/blog-post_25.html
http://orupottan.blogspot.com/2011/10/blog-post_3130.html
ur sharing leads me to an emotional realm...thanks..
എച്മു ചേച്ചി, എന്താ പറയാ.. ചന്ദനം അരഞ്ഞ്ഞൊരു മഞ്ഞുകാലം വളരെ നന്നായി. ഇതേ പോലൊരു കഥയെഴുതാൻ ഒരു ശ്രമമുണ്ട്.. നോക്കട്ടെ..
എച്മു, എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.
എനിക്കും വേണമെന്നുണ്ട് ഒരു മന്ത്രവടി...
കരൾ പിളരും കാഴ്ചകൾ കാണുമ്പോഴൊക്കെ...
തീക്ഷ്ണമായ എഴുത്ത്, എച്ച്മൂ!
ഒരു ബ്ലൊഗിൽ 79 അഭിപ്രായങ്ങളും 325 ബ്ലോഗ് കൂട്ടുകാരും എച്ചുവിന്റെ ഉലകത്തിൽ ഉള്ള ആൾക്കാണൊ എന്റെ ബ്ലോഗിൽ അഭിപ്രായം എഴുതാൻ സൻകോചം.എന്റെ പൊന്നു കുട്ടി നിന്റെ ബ്ലോഗിൽ വരുന്നരുടെ ഒരു കാൽ ശതമാനം നീഎനിക്കു കടം തരൂ,അങ്ങനെയെൻകിലും എന്റെ ബ്ലൊഗുകൾ കൂടി ആൾക്കാർ വായിക്കട്ടെ. എന്തായാലും ഇവിടെ എത്തിയതിലും കണ്ടതിലും വായിച്ചതിലും സന്തോഷം.
എച്മുകുട്ടി! വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞു. നമ്മുടെ നാട്ടിലും പണ്ട് ഉണ്ടായിരുന്നു തോട്ടിക്കോളനികള്. ഇപ്പോള്‍ അതൊന്നുമില്ല. ഏതായാലും അവരുടെ വേദനകള്‍ വളരെ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍!!
എന്റെ മലിനതകൾ നൽകി, ഞാൻ കവർന്നെടുക്കുന്ന ആ മാന്യതയുടെ വിചിത്രമായ അളവുകോലല്ലേ
...nannayi paranju...
ശരിയായിരിയ്ക്കും റോസാപ്പൂവേ, സർക്കാർ കോളനികൾ പോലെയല്ല, അനധികൃത കോളനികളും ലാൽ ഡോറകളും ജുഗ്ഗിഝോപ്പ്ടികളും.അതാവും റോസാപ്പൂവ് ഇവരെ കാണാതെ പോയത്.
മൈഡ്രീംസിനു നന്ദി.
ചന്തുവേട്ടനും നന്ദി. എഴുത്തീൽ മാത്രം പിച്ചവെയ്ക്കുന്ന കുഞ്ഞായതുകൊണ്ട്, നടക്കാൻ പഠിയ്ക്കാനും ഓടാനും ചാടാനും സർക്കസ് കളിയ്ക്കാനുമൊക്കെയുള്ള പ്രതിഭയും അതനുസരിച്ചുള്ള ജീവിത സമയവും അനുവദിച്ചു കിട്ടുമോ എന്നറിയില്ല. ഈ നല്ല വാക്കുകൾക്ക് നന്ദി.
സീതയ്ക്ക് നന്ദി.
ചാണ്ടിച്ചൻ എഴുതിയത് ശരിയാണ്. ആ അമ്മയ്ക്ക് ഒരു നമസ്ക്കാരം.
ടോംസ് വന്നതിൽ വലിയ സന്തോഷം. വല്ലപ്പോഴുമല്ലേ വരാറുള്ളൂ. ഈ നിറം മാറ്റാനുള്ള വിദ്യ അറിയില്ല. ആരെങ്കിലും പറഞ്ഞു തന്നാൽ ശ്രമിച്ചു നോക്കാം.
ആസാദിനു നന്ദി.
ഭാനുവിന്റെ വലിയ വാക്കുകൾക്ക് നന്ദി പറയാനുള്ള ധൈര്യമില്ല. അതുകൊണ്ട് എഴുതുവാൻ ശ്രമിയ്ക്കുമെന്ന ആഗ്രഹം മാത്രം പ്രകടിപ്പിച്ചുകൊള്ളട്ടെ.
ബഷീർ,
ഇസ്മയിൽ,
കൊമ്പൻ,
മുകിൽ,
വി.കെ,
ജെയിൻ,
ഉമാരാജീവ്,
കുമാരൻ എല്ലാവർക്കും നന്ദി.
പ്രദീപ് കുമാറിന് സ്വാഗതം. ഈ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി. ഇനിയും വരുമല്ലോ.
വേണുഗോപാൽ,
അക്ബർ,
റഷീദ്,
നാമൂസ് എല്ലാവർക്കും നന്ദി.
ഇസ്മയിൽ,
എഴുത്തുകാരി ചേച്ചി,
കൊച്ചുകൊച്ചീച്ചി,
പൊട്ടൻ,
റസീന,
ഹാപ്പി ബാച്ചിലേഴ്സ്,
സ്മിതാ മീനാക്ഷി,
ജയൻ ഏവൂർ എല്ലാവർക്കും നന്ദി.
സപ്നാ അനു ഇ ജോർജ് വന്നതിലും വായിച്ചതിലും കമന്റെഴുതിയതിലും വലിയ സന്തോഷം, ഇനിയും വരണേ.
ഷാബു വരാറില്ല ഇപ്പോൾ. വീണ്ടും കണ്ടതിൽ സന്തോഷം.
കാർത്യായനി എന്നെ മറന്നുവെന്നാണ് കരുതിയത്. വന്നതിൽ സന്തോഷം.
എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി, നമസ്ക്കാരം. ഇനിയും വരുമല്ലോ.
nannaayi echmu..... yaathryilaayathukont varaan vaiki. njangalute viitil angineyoru striyan jolikk . thutakkaththil ellaarum parayumayirunnu ithupole. ippol avarum vechuthutangi.
ittharam joli cheyyan ippol pathrathil parasyam vare varunnu .........."chandan" oru anubhavamaayi kure adhikam kaalam manassil nilkkum!
onnum parayanilla echmukutty.
postine pattiyum, thottikale pattiyum, ii anubhavathe pattiyum.
എച്ച്മുക്കുട്ടിക്്ക് എന്റെ ഹസ്തദാനം.
മനസ്സിലാവുന്നുണ്ട് താങ്കളെയും ആ സാഹചര്യങ്ങളെയും.
ഇത്രയും വായനക്കാരുള്ള ഒരു മാധ്യമത്തിലൂടെ ഇത് പറഞ്ഞത് വളരെ നന്നായി.
സുഖമായിരിക്കട്ടെ എന്നും.
മനസും ശരീരവും എന്നോ ജീര്‍ണ്ണിച്ചു കഴിഞ്ഞ, അഹംഭാവത്തിന്റെ പുറ്റ് മൂടിക്കിടക്കുന്ന, സമതുലിനാവസ്ഥ തീണ്ടിയിട്ടുപോലുമില്ലാത്ത സമുദായത്തിന്റെ തീക്ഷ്ണമായ നാറ്റം മൂക്കില്‍ തട്ടുന്നു!
അടുത്തെത്തിയപ്പോള്‍,
ഒരു ചോദ്യം കേട്ടു എന്ന് തോന്നുന്നു: "അങ്ങുന്നിന്റെ പേര് എന്താണാവോ?"
ഒരേഒരു ഉത്തരം കേട്ടതായും തോന്നി: "അയ്യര്‍."
ഒരു ചോദ്യം വീണ്ടും കേട്ടു: "ഈ കുട്ടിയുടെ പേരെന്താ സാറേ?"
ഒരേഒരു ഉത്തരം വീണ്ടും കേട്ടു: "ധനപാലന് പിള്ള"
കേട്ടങ്ങ് പോകാന്‍ വരട്ടെ, നാടകം തുടങ്ങുകയായി....
ഇനി ഏത് നാടകം കാണാനിരിക്കുന്നു. ഞാനിറങ്ങട്ടെ....
കഥയുടെ രത്നച്ചുരുക്കം അതുതന്നെയാണെന്ന് തീര്‍പ്പുകല്‍പ്പിച്ചത് ഒരുപക്ഷെ തിമിരം ബാധിച്ച എന്റെ കണ്ണുകളാവാം.
പൊറുക്കുമല്ലോ.
പ്രതികരിക്കുക എന്ന എഴുത്തുകാരന്റെ/കാരിയുടെ ധര്‍മ്മം എച്ചുമുവിന്റെ തൂലിക കൃത്യമായി നിര്‍വഹിക്കുന്നത് കാണുമ്പോള്‍ പെരുത്ത് സന്തോഷം തോന്നുന്നു....
ഇനിയും എഴുതിക്കൊന്ടെയിരിക്കുക....മനുഷ്യര്‍ തുല്യര്‍ ആകുന്ന ഒരു കാലം നമുക്ക് സ്വപ്നം കാണാം....ആശംസകള്‍...
ഇല്ല ഇതില്‍ ഒരു കമന്റ് ഇടാന്‍ എനിക്ക് ധൈര്യം ഇല്ല. . . അല്ലെങ്കില്‍ അതിനുള്ള യോഗ്യത എനിക്കില്ല
ഒരു വാചകം വായിച്ചു തുടങ്ങ്യാല് അത് കഥ തീരുന്നത് വരെ വായിപ്പിച്ചു കലയും എച്മു. . . ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല. . .
ഹൃദയത്തെ തൊട്ടു
കൊട് കൈ ..! കിടിലമായി എഴുതി...!!
ശരിക്കും ... ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യങ്ങളെ നിറവേറ്റാന്‍ നമ്മളെ സഹായിക്കുന്നവരോട് പുച്ചവും അറപ്പുമാല്ലാതെ നമുക്കെന്താ കാണിക്കാന്‍ ഉള്ളത്.. ഫൂ......!
നിങ്ങളെ അഭിനന്ദിച്ചേ പറ്റൂ .. !എഴുത്തിനും ! ചിന്തക്കും !
വായിക്കാന്‍ വൈകിയെങ്കിലും ഇവിടെ ഇട്ടിരിക്കുന്ന കമന്റുകള്‍ കണ്ടപ്പോള്‍ അഭിപ്രായം പറയണം എന്നു തോന്നി.
മികച്ച എഴുത്തിന് അഭിനന്ദനങ്ങള്‍ .
ഇവിടെ കമന്റിട്ടവരില്‍ എതാണ്ടെല്ലാവര്ക്കും വല്ലാത്ത നോമ്പരവും , വേദനയും നീറ്റലും അങ്ങിനെയുള്ള എല്ലാ പര്യായ പദങ്ങളും എടുത്തു പ്രയോഗിച്ചു കണ്ടു.
ഇവിടെ നൊമ്പരപ്പെടാന്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഞാന്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. കക്കൂസില്‍ ബ്ലോക്ക് ഉണ്ടായാല്‍ അതു മാറ്റെണ്ട എന്നാണോ ഇവരൊക്കെ പറയുന്നത്. അതോ അതു കാശുള്ളവനും ജാതിയില്‍ കൂടിയവനും സ്വയം ചെയ്യണം എന്നണോ?? ഇത്തരം ഒരവസ്ഥയില്‍ പണിചെയ്യാന്‍ ആളെ തപ്പി കിട്ടാതെ വരുമ്പോള്‍ നമ്മളെല്ലവരും ആശ്വസിക്കുമോ തോട്ടികള്‍ ഇല്ലാത്ത സുന്ദരമായ ലോകം എന്ന്. അപ്പോള്‍ പ്രാകാന്‍ തുടങ്ങുമ്.. ഇപ്പോള്‍ പുകഴ്ത്തുന്ന കമ്മ്യൂണിസത്തെയും ശ്രീനാരായണഗുരുവിനെയും .
അതോ ഈ പണിക്കു വരുന്നവരെ വീട്ടില്‍ കേറ്റിയിരുത്തി അവരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കണം എന്നണോ.. തീട്ടം കോരിയിട്ടു വരുന്നവരെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണമെന്നോ..
ഇതൊക്കെ ബ്ലോഗില്‍ കമന്റിടാന്‍ കൊള്ളാം . എനിക്കുറപ്പുണ്ട്, ഇവിടെ വായിച്ചു വേദനിച്ച എല്ലാവരും തോട്ടികളെ, അവരു ആ പണി ചെയ്തിട്ടു ദിവസങ്ങള്‍ കഴിഞ്ഞെന്നു അറിഞ്ഞാലും , വീട്ടില്‍ കേറ്റി ഇരുത്താനോ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ തയാറാവില്ല. നമ്മള് ഉപയോഗിക്കാത്ത പാത്രത്തിലോ ഇലയിലോ ഭക്ഷണം കൊടുക്കാന്‍ സന്മനസ്സുള്ളവരാണ് എല്ലവരും എന്നു പറയാം . തോട്ടിയുടെ മകനായി ജനിച്ച്തുകൊണ്ടു മാത്രം ആരെയും അകറ്റിനിര്‍ത്തുകയും ഇല്ലായിരിക്കാം . എന്നാല്‍ തോട്ടിപ്പണി സ്ഥിരമായി ചെയ്യുന്ന ഒരാളെ വീട്ടില്‍ കയറ്റി ഇരുത്താന്‍ എത്ര പേര് തയറാകും .. കമന്റിട്ടു തകര്‍ക്കാനും ഫേസ്ബുക്കിലും ബ്ലോഗിലും ഷേയര് ചെയ്തു കണ്ണീര് വാര്‍ക്കാനും ആളിനു നമ്മുടെ ഇടയില്‍ കു
റവൊന്നുമില്ല. ഇവിടെ കമന്റിട്ട 10 പേര് സ്വന്തം ജീവിതത്തില്‍ ഇത്രയും ആദര്‍ശധീരത കാണിക്കാന്‍ മുന്നോട്ടു വന്നിരുന്നെങ്കില്‍ ഈ ലോകം എത്ര നന്നായിരുന്നേനെ പറയാം . തോട്ടിയുടെ മകനായി ജനിച്ച്തുകൊണ്ടു മാത്രം ആരെയും അകറ്റിനിര്‍ത്തുകയും ഇല്ലായിരിക്കാം . എന്നാല്‍ തോട്ടിപ്പണി സ്ഥിരമായി ചെയ്യുന്ന ഒരാളെ വീട്ടില്‍ കയറ്റി ഇരുത്താന്‍ എത്ര പേര് തയറാകും .. കമന്റിട്ടു തകര്‍ക്കാനും ഫേസ്ബുക്കിലും ബ്ലോഗിലും ഷേയര് ചെയ്തു കണ്ണീര് വാര്‍ക്കാനും ആളിനു നമ്മുടെ ഇടയില്‍ കു
റവൊന്നുമില്ല. ഇവിടെ കമന്റിട്ട 10 പേര് സ്വന്തം ജീവിതത്തില്‍ ഇത്രയും ആദര്‍ശധീരത കാണിക്കാന്‍ മുന്നോട്ടു വന്നിരുന്നെങ്കില്‍ ഈ ലോകം എത്ര നന്നായിരുന്നേനെ
എനിക്ക് കരച്ചില് വരുന്നു എച്മു.
വല്ലാതെ വല്ലാതെ...
Post a Comment