Monday, March 12, 2012

കാരയടൈ , ആട്ടാ ചൽനി , അട് ല തഡ്ഡി, …… എല്ലാം അവനായി


https://www.facebook.com/echmu.kutty/posts/638196323026332

ഇതെന്തു ഭാഷ എന്നാണോ?

ഇന്ത്യാ മഹാരാജ്യമല്ലേ? എത്ര തരം ഭാഷ വേണമെങ്കിലും കേൾക്കാൻ കഴിയും. എന്നാൽ പിന്നെ കൊഞ്ചം തമിഴ്, ഥോഡീ സി ഹിന്ദി, പിന്നെ കുറച്ച് തെലുങ്ക്

തൽക്കാലം അത്രേയുള്ളൂ. ഭാഷ വ്യത്യസ്തമാകിലെന്ത്? ചെയ്യുന്നതും പറയുന്നതുമെല്ലാം ഒന്നു തന്നെ. അല്ലെങ്കിൽ നോക്കൂ……..

നാളെ കാരയടൈ നോയ്മ്പാണ്. ഈ വർഷം മാർച്ച് 14നു രാവിലെ 9.32 മണിയ്ക്ക് മാശി മാസം പൈങ്കുനി മാസമായിത്തീരും. ആ മുഹൂർത്തത്തിലാണ്  കാരയടൈ നേദിച്ച് അവന്റെ ആയുസ്സിനായി പ്രാർഥിയ്ക്കുന്നത്. കുംഭമാസം മീനമാസമായി പകരുന്ന പുണ്യദിനത്തിലാണ് ആ വ്രതം. അത് പൌർണമി ദിനത്തിലെ ചന്ദ്രോദയ സമയത്താണെങ്കിൽ അത്യുത്തമമായി.

നന്നെ ചെറുപ്പം മുതൽ ഈ നോയ്മ്പുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത  എന്നെങ്കിലുമൊരിയ്ക്കൽ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഭാഗമായിത്തീരുമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഒരാൾക്കു വേണ്ടി, അയാളുടെ ആയുസ്സിനു വേണ്ടി  എങ്ങാണ്ടോ ഒരിടത്തിരുന്ന് വ്രതമെടുക്കുകയും പ്രാർഥിയ്ക്കുകയും തന്റെ പ്രാർഥനയെന്ന സ്നേഹകവചത്താൽ പൊതിയപ്പെട്ട് അയാൾ ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിയ്ക്കുമെന്ന് വിശ്വസിയ്ക്കുകയും ചെയ്യുക…….അതായിരുന്നു ചെറുപ്പത്തിലേ കാരയടൈ നോയ്മ്പ് അല്ലെങ്കിൽ സത്യവാൻ സാവിത്രീ വ്രതം.

സത്യവാന്റെയും സാവിത്രിയുടെയും കഥ എല്ലാവർക്കും അറിയുമായിരിയ്ക്കും.
അഷ്ടപതി രാജാവിന്റെ മകളും വിദുഷിയും അപ്സരസുന്ദരിയുമായ സാവിത്രി അച്ഛന്റെ അനുവാദത്തോടെ സ്വന്തം വരനെ കണ്ടു പിടിയ്ക്കാനാണ് ഒരു യാത്ര പോകുന്നത്. പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട പോയിന്റ് അച്ഛന്റെ അനുവാദം ഉണ്ട് എന്നതാണ്. ആ യാത്രയ്ക്കിടയിലാണ്  വനത്തിൽ വെച്ച് അന്ധരായ മാതാപിതാക്കളെ നിർവ്യാജം സ്നേഹിച്ച് സംരക്ഷിച്ച് പോരുന്ന പരമ ദരിദ്രനായ സത്യവാനെ കണ്ടുമുട്ടുന്നതും അയാളെ വരനായി മനസ്സുകൊണ്ട് തെരഞ്ഞെടുക്കുന്നതും. സ്വാഭാവികമായും ഇന്നത്തെക്കാലത്തെന്ന പോലെ അന്നും കഠിനമായ എതിർപ്പുണ്ടായി. നക്ഷത്രം ചെന്ന് കുപ്പത്തൊട്ടിയിൽ വീഴുകയോ?നാരദ മഹർഷിയാണ് സത്യവാൻ അങ്ങനെ മോശക്കാരനൊന്നുമല്ലെന്നും രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ മകനാണെന്നും ഈ കല്യാണം നടക്കേണ്ടതാണെന്നും അഷ്ടപതി രാജാവിനെ ബോധ്യപ്പെടുത്തുന്നത്. കൂട്ടത്തിൽ ഇതും കൂടി പറയാൻ നാരദൻ മടിച്ചില്ല. ഇനി കൃത്യം ഒരു വർഷം മാത്രമേ ആ വിദ്വാന് ആയുസ്സുള്ളൂ .

വിധവയായിത്തീരും തന്റെ മകളെന്ന തലേലെഴുത്തിൽ ഹൃദയം നുറുങ്ങി വേദനിച്ചുകൊണ്ടാണെങ്കിലും  രാജാവ് ഒടുവിൽ സാവിത്രിയുടെ വാശിയ്ക്ക് വഴങ്ങി. സ്ത്രീകൾ ആരിലെങ്കിലും മനസ്സുറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയുമില്ലെന്നല്ലേ വെപ്പ്? വിവാഹം കഴിഞ്ഞ് അവൾ ഭർത്താവിനും ശ്വശ്വരർക്കും ഒപ്പം കാട്ടിലേയ്ക്ക് യാത്രയാവുകയും ചെയ്തു. ആയുസ്സില്ലെന്ന തീവ്ര നൊമ്പരത്തിന്റെ വിവരം സാവിത്രി ഭർത്താവിനെ അറിയിച്ചില്ല. പകരം, വിവാഹത്തിന് എല്ലാവരും വിസമ്മതം പ്രകടിപ്പിച്ചപ്പോൾ അതു നടന്നുകിട്ടാനായി താൻ നേർന്ന വ്രതമാണെന്നും അതനുസരിച്ച് ഒരുവർഷം കന്യകയായിത്തന്നെ കഴിഞ്ഞേ പറ്റൂവെന്നും അവൾ സത്യവാനെ വിശ്വസിപ്പിച്ചു. അതേ സമയം ശ്വശ്വരർക്ക് ഒരു നല്ല മരുമകളും സത്യവാന്റെ ആത്മാർഥ സുഹൃത്തുമാകാൻ  സാവിത്രിയ്ക്ക് സാധിച്ചു.

സാവിത്രി വ്രതം വെച്ചാലും കൊള്ളാം കന്യകയായിരുന്നാലും കൊള്ളാം , കൃത്യം സമയമായപ്പോൾ യമധർമ്മൻ സ്വന്തം ചുമതല നിർവഹിയ്ക്കാൻ എത്തിച്ചേർന്നു, സത്യവാന്റെ ജീവനുമായി ശടേന്ന് യാത്രയാവുകയും ചെയ്തു. സാവിത്രി, സാധാരണ സ്ത്രീയല്ലല്ലോ. സത്യവാന്റെ ജീവനുമായി പോകുന്ന യമധർമ്മനെ കാണാനും അദ്ദേഹത്തെ പിന്തുടരാനും ഒക്കെ കഴിവുണ്ടായിരുന്നു സാവിത്രിയ്ക്ക്. കുറച്ച് കഴിഞ്ഞാൽ ശല്യം പോയ്ക്കോളും എന്നായിരുന്നു കാലന്റെ വിചാരം. 

എന്നാൽ സാവിത്രി ഒരു ഒഴിയാബാധയാണെന്ന് കണ്ടപ്പോൾ യമധർമ്മൻ അതുവരെയുണ്ടായിരുന്ന ശാന്തഭാവമൊക്കെ  വെടിഞ്ഞ് “ഭർത്താവിന്റെ ജീവനു വേണ്ടിയാണെങ്കിൽ നിന്നിട്ട് കാര്യമില്ല, സമയം മെനക്കെടുത്താതെ വേഗം സഥ്ലം വിട്. എബൌട്ടേൺ ആൻഡ് ക്വിക് മാർച്ച്“ എന്ന് ഉഗ്രമായി കൽ‌പ്പിച്ചു. 

സത്യവാന്റെ ജീവൻ തിരിച്ചു കിട്ടാതെ ഒരു മാർച്ചുമില്ലെന്നായി  സാവിത്രി. 

അതു പറ്റില്ല, നൊ വേ……. എന്നാലും ഇത്ര ദൂരം പിന്നാലെ വന്നതല്ലേ? അത്ര ബുദ്ധിമുട്ടു സഹിച്ചതിന് ഒരു ആശ്വാസമെന്ന നിലയ്ക്ക് പകരം മൂന്നു വരം തരാമെന്ന് കാലൻ ഉവാച.

അതനുസരിച്ച് സാവിത്രി ഒന്നൊന്നായി വരങ്ങൾ ചോദിച്ചു വാങ്ങി.

“സത്യവാന്റെ അച്ഛന് നഷ്ടപ്പെട്ട രാജ്യം മടക്കിക്കിട്ടണം.“

കാലൻ പറഞ്ഞു. “ഗ്രാന്റ്ഡ്.“

“അദ്ദേഹത്തിന്റെയും സത്യവാന്റെ അമ്മയുടേയും അന്ധത മാറണം.“

“അതും ഓക്കെ.“

“എനിയ്ക്ക് സൽ‌പ്പുത്രൻ പിറക്കണം.“

“അപ്പടിയേ ആഹട്ടും“ എന്നാർ യമധർമ്മർ.

“എങ്ങനെ ആകുമെന്നാണ്? ഗർഭം ധരിപ്പിയ്ക്കേണ്ടയാൾക്ക് ജീവൻ വേണ്ടേ?“

കാലൻ ഞെട്ടി. അൽ‌പ്പം ആലോചിച്ചിട്ടു പറഞ്ഞു. “നേരത്തെ നിങ്ങൾ തമ്മിൽ ഉണ്ടായ ശാരീരിക ബന്ധത്തിൽ നിന്നും സൽ‌പ്പുത്രൻ പിറന്നോളും. അവന് ആയിരം വർഷം ആയുസ്സുമുണ്ടാകും.“

സാവിത്രി അവസാന ആണിയും കാലന്റെ തലയിൽ അടിച്ചു കയറ്റി.

“ഞാൻ കന്യകയാണ്.“

അങ്ങനെ തോറ്റു പാളീസടിച്ച കാലൻ സത്യവാന്റെ ജീവൻ മടക്കിക്കൊടുത്തുവെന്നാണ് കഥ.

വിധവയാകുന്നതിൽ‌പ്പരം ദയനീയമായ സങ്കടകരമായ ഒരു അവസ്ഥയുമില്ലെന്നാണ് നന്നെ ചെറുപ്പം മുതൽ കേട്ടു പഠിച്ചിട്ടുള്ളത്. അരുമയായി സ്നേഹിയ്ക്കുന്ന ഭർത്താവിനെ  മാത്രമല്ല  ഇനി മോശമായി  പെരുമാറുന്നവനായാലും, അദ്ദേഹത്തിന്റെ ജീവനും ആരോഗ്യവും സുരക്ഷിതമായിരിയ്ക്കണം. പെൺകുട്ടിയായിപ്പിറന്നാൽ എല്ലാവർഷവും സത്യവാൻ സാവിത്രീ വ്രതം എടുത്തെ പറ്റൂ. വരാൻ പോകുന്ന ഭർത്താവിനു വേണ്ടി ഇപ്പോഴേ പ്രാർഥിച്ചേ പറ്റൂ.

അങ്ങനെ മാസപ്പിറവിയ്ക്ക് പന്ത്രണ്ടു മണിക്കൂർ മുൻപ് ഭക്ഷണം ഉപേക്ഷിയ്ക്കുന്നു. സംക്രാന്തി സമയത്ത് നിവേദിയ്ക്കാനാണ് കാരയടൈ ഉണ്ടാക്കുന്നത്. അരിപ്പൊടിയിൽ ഉപ്പും ആവശ്യത്തിന് ശർക്കരപ്പാവും ചേർത്ത് പ്ലാശിന്റെ വട്ടയിലയിൽ കൈകൊണ്ട് കനം കുറച്ച് പരത്തി ആവിയിൽ വേവിയ്ക്കുന്നതാണ് കാരയടൈ. അടയിൽ അല്പം പുതിയ വെണ്ണ തൊട്ടുവെയ്ക്കുന്നു. കുളിച്ച് ശുദ്ധിയോടെ അടയുണ്ടാക്കി നേദിയ്ക്കുന്നതോടൊപ്പം സുമംഗലിയ്ക്ക് ഭർത്താവും വിവാഹം കഴിച്ചിട്ടില്ലാത്ത പെൺകുട്ടികൾക്ക്  വീട്ടിലെ മറ്റു മുതിർന്ന സുമംഗലീ സ്ത്രീകളും മഞ്ഞൾച്ചരട് കഴുത്തിൽ കെട്ടിക്കൊടുക്കും. താലി മഞ്ഞൾച്ചരടിൽ കോർത്താണ് കല്യാണ സമയത്ത് മൂന്നു മുടിയ്ക്കുന്നത്. (കെട്ടുന്നത് ). അട നേദിയ്ക്കുമ്പോൾ  കാമദേവനോടാണ് പ്രാർഥന.

“ഉരുകാത വെണ്ണയും ഓരടയും നാൻ തരുവേൻ
ഒരുകാലവും എൻ കണവൻ എന്നെ പിരിയാമലിരുക്കവേണം.“

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം.

വടക്കേ ഇന്ത്യയിലുമുണ്ട് അവന്റെ ആയുസ്സിനായുള്ള ഈ പ്രാർഥന. കർവാചൌത്ത് എന്നു പറയും. കല്യാണം കഴിഞ്ഞ് ആദ്യം വരുന്ന കർവാചൌത്ത് വളരെ വിശേഷമായി ആഘോഷിയ്ക്കും. മലയാളികൾ പൂത്തിരുവാതിര ആഘോഷിയ്ക്കും പോലെ. 

കാർത്തിക മാസത്തിൽ  (ഒക്ടോബർ  - നവംബർ )  ദീപാവലിയ്ക്ക് ഒൻപതു ദിവസം മുൻപാണ് കർവാ ചൌത്ത് വരുന്നത്. ശരദ് പൂർണ്ണിമയുടെ ( ആശ്വിന മാസത്തിലെ പൌർണമി.) നാലാം ദിവസം. ശിവനോടും ഗൌരിയോടുമാണ് നെടുംമംഗല്യത്തിന് സ്ത്രീകൾ പ്രാർഥിയ്ക്കുന്നത്. 2012ൽ കർവാചൌത്ത് നവംബർ 2 നു ആണ് ആഘോഷിയ്ക്കപ്പെടുക 

തലേന്ന് വൈകുന്നേരം മൈലാഞ്ചിയിട്ട് കൈകാലുകൾ അലങ്കരിയ്ക്കുന്നു. ബസ്സിലും മറ്റും കയറാൻ സ്ത്രീകൾ മൈലാഞ്ചിയിട്ട കൈകാലുകളുമായി കഷ്ടപ്പെടുന്നതു കാണുമ്പോൾ പുരുഷന്മാർ അതീവ മഹാമനസ്ക്കതയോടെ , തികഞ്ഞ സുമനസ്സുകളായി പലപ്പോഴും തൊട്ടെടുക്കാവുന്ന വിധം അഭിമാന വിജൃംഭിതരായി  ബസ്സിന്റെ വാതിലുകൾ തുറന്നുകൊടുത്തും സ്ത്രീകളുടെ ബാഗുകൾ പിടിച്ചും ഒക്കെ ഒത്തിരി സഹായം നൽകാറുണ്ട്. 

വ്രതത്തിന്റെയന്ന് അതി രാവിലെ 4 മണി മുതൽ പച്ചവെള്ളം പോലും കുടിയ്ക്കാത്ത നിരാഹാരവ്രതമാണ്. അമ്മായിഅമ്മമാർ അത്യുത്സാഹത്തോടെയാണ് മരുമക്കളെക്കൊണ്ട് ഈ വ്രതമെടുപ്പിയ്ക്കുക. സ്ത്രീകൾ നല്ല ചുവപ്പ് നിറവും മിനുക്കവുമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച്  ചമഞ്ഞൊരുങ്ങീ പകൽ മുഴുവൻ നർമ്മഭാഷണങ്ങൾ ചെയ്തും പരസ്പരം സന്ദർശിച്ചും സമയം പോക്കുന്നു. ഒരു കലശത്തിൽ നിറച്ച് വെള്ളമോ പാലോ  എടുത്തിട്ടുണ്ടാവും. സാമ്പത്തികസ്ഥിതി അനുവദിയ്ക്കുന്ന പോലെ  സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, പിച്ചള എന്നീ ലോഹക്കഷണങ്ങൾ നിക്ഷേപിച്ച് സ്ത്രീകൾ തമ്മിൽ കൈമാറുന്നു.  വൈകുന്നേരം ആലിൻ ചുവട്ടിലെ ശിവപാർവതീ പൂജയ്ക്ക് ഒത്തുചേരുന്നത് ഈ കൈമാറ്റം ചെയ്തു കിട്ടിയ കലശങ്ങളുമായാണ്. പൂജാ സമയത്ത് ചന്ദ്രനുദിയ്ക്കുമ്പോൾ കലത്തിലെ വെള്ളം ചന്ദ്രനു സമർപ്പിയ്ക്കുന്നു. ഗോതമ്പ് പൊടി അരിയ്ക്കുന്ന അരിപ്പയിലൂടെ ( ആട്ടാ ചൽനി ) ചന്ദ്രനെ നോക്കിയ ശേഷം ( അതിനും കാരണമുണ്ട്. ചന്ദ്രൻ ആളു ഒട്ടും ശരിയല്ല. ഒരു തട വെച്ചില്ലെങ്കിൽ ചിലപ്പോൾ ഓർക്കാപ്പുറത്ത് ഉമ്മവെച്ചുകളയും!)   ഭർത്താവിന്റെ കാൽ തൊട്ടു വണങ്ങുന്നു. അപ്പോൾ ഭർത്താവ് വെള്ളവും മധുരപലഹാരങ്ങളും പുതു വസ്ത്രങ്ങളും സമ്മാനങ്ങളും ഭാര്യയ്ക്ക് നൽകും. പിന്നെ ഗംഭീരമായ സദ്യയുണ്ടാകും. 

സന്ധ്യയ്ക്കുള്ള പൂജാസമയത്താണ് കർവാ ചൌത്തിന്റെ കഥ പറയുക. അത് സുമംഗലിയായ കൂട്ടത്തിലെ മുതിർന്നവളായിരിയ്ക്കും.

കഥ  സാധാരണ മനുഷ്യരുടെ സാമാന്യ യുക്തികൾക്ക് നിരക്കുന്നതല്ലെങ്കിലും……

ഈ കഥ പരമശിവൻ പാർവതിയ്ക്ക് പറഞ്ഞുകൊടുത്തതാണെന്നാണ് സങ്കൽ‌പ്പം. പിന്നെ ദ്വാപരയുഗത്തിൽ ദ്രൌ‍പതിയ്ക്ക് കൃഷ്ണൻ പറഞ്ഞുകൊടുത്തുവത്രെ!

പണ്ട് പണ്ട് ശുക്രപ്രസ്ഥത്തിൽ വീരാവതി എന്നൊരു വിദുഷിയും പരമ സുന്ദരിയും ആയ സ്ത്രീരത്നമുണ്ടായിരുന്നു. പണ്ഡിതനായ വേദശർമ്മയുടെയും വീട്ടമ്മയായ ലീലാവതിയുടെയും മകൾ. ആ നാട്ടിലെ രാജാവു വീരാവതിയുടെ അനിതര സാധാരണമായ പാണ്ഡിത്യവും സൌന്ദര്യവും സൌശീല്യവും ഒക്കെ കണ്ട് അവളെ തന്റെ പട്ടമഹിഷിയാക്കി.എന്നാൽ വിദുഷിയെന്ന അഹങ്കാരം വീരാവതിയ്ക്കുണ്ടായിരുന്നു പോൽ. അതുകൊണ്ട് കർവാചൌത്ത് വ്രതത്തിന്റെ അന്ന് അവൾ സ്വന്തം ഗൃഹത്തിലേയ്ക്ക് പോയി. നിരാഹാരവ്രതം എടുത്തിരുന്നുവെങ്കിലും ഭർത്താവിന്റെ മുഖം കാണാതെ സ്വന്തം വീട്ടിൽ വെച്ച് വ്രതം അവസാനിപ്പിയ്ക്കാനുള്ള അവളുടെ തീരുമാനം ഒട്ടും ശരിയായിരുന്നില്ല. അതിനും പുറമേ യാത്രാക്ഷീണവും വ്രതവും നിമിത്തം അവൾ മോഹാലസ്യപ്പെട്ടപ്പോൾ അവളുടെ സഹോദരന്മാർ കുറെ കർപ്പൂരം കത്തിച്ച് ചന്ദ്രോദയമായി എന്ന് അവളെ വിശ്വസിപ്പിയ്ക്കുകയും വ്രതം തെറ്റിയ്ക്കുകയും കൂടി ചെയ്തു. 

അപ്പോൾ തന്നെ വീരാവതിയുടെ ഭർത്താവ് മരണമടഞ്ഞു. വ്യസനാക്രാന്തയായ അവൾക്ക് പാർവതീ ദേവി പ്രത്യക്ഷപ്പെട്ട് വൈധവ്യം മാറ്റിക്കൊടുത്തെങ്കിലും പകരം ശയ്യാവലംബിയായ ബോധശൂന്യനായ ഭർത്താവിനെയാണ്  മടക്കി നൽകിയത്. തന്നെയുമല്ല, അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരുപാട് കൊച്ചു സൂചികൾ തറയ്ക്കപ്പെട്ടുമിരുന്നു. ( ആർക്കറിയാം? അതു ചിലപ്പോൾ ചൈനാക്കാരന്റെ അക്യൂപങ്ചറോ മറ്റോ ആയിരുന്നിരിയ്ക്കും) വീരാവതി അർപ്പണമനസ്സായി, ഏകാഗ്രതയോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അതോടൊപ്പം, നല്ലൊരു ഭാര്യ ചെയ്യേണ്ടതു പോലെ സ്വന്തം ഗൃഹവുമായുള്ള എല്ലാ ബന്ധവും അവൾ  അന്നു മുതൽ ഉപേക്ഷിയ്ക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ സൂചി വീതം അവൾ ഭർതൃശരീരത്തിൽ നിന്ന് പിഴുതു മാറ്റി. അവസാനം ഒരു സൂചി ബാക്കിയായപ്പോൾ വീണ്ടും കർവാചൌത്ത് ഉത്സവം വന്നു ചേർന്നു. കലശം വാങ്ങാൻ വീരാവതി ചന്തയിൽ പോയ സമയത്ത് അവളുടെ ദാസി ആ ഒരേയൊരു സൂചി രാജാവിന്റെ ദേഹത്ത് നിന്നൂരിയെടുത്തു.

അപ്പോൾ തെളിഞ്ഞു, രാജനു ബോധം. പക്ഷെ, ആ ദാസിയെ ആണ് രാജ്ഞിയെന്ന് മനസ്സിലാക്കിയത്. ഇന്നാണെങ്കിൽ അംനീഷ്യ എന്നെങ്കിലും  പറഞ്ഞു നോക്കാമായിരുന്നു.

അങ്ങനെ വീരാവതി ദാസിയായി മാറി. എന്നാൽ ആ ഭയങ്കരി ദാസിയ്ക്കെങ്കിലും സത്യം പറയാമായിരുന്നില്ലേ? അവൾ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, രാജ്ഞിയായി സുഖിച്ചു വാഴുകയും ചെയ്തുവത്രെ.  

വീണ്ടും പല കർവാചൌത്തുകളും കടന്നു പോയി. വീരാവതി മനസ്സു തളരാതെ വ്രതം നോക്കി. രാജാവിനെ ഒന്നു കാണാനാവാതെ, വ്രതം തീർക്കാൻ ആവാതെ പലപ്പോഴും മൂന്നും നാലും ദിവസമൊക്കെ പട്ടിണി കിടക്കേണ്ടിയും വന്നു, ആ മഹാ വിദുഷിയായ പഴയ രാജ്ഞിയ്ക്ക്.

ഒടുവിൽ ഒരു കർവാചൌത്തിന്റെ അന്ന് , രാജാവ് അവളോട് ചോദിച്ചു, “എന്താണ് ദാസീ, നിനക്ക് സമ്മാനമായി വേണ്ടത്?“ അവൾ ഒന്നും പറയാതെ ദാസി രാജ്ഞിയായ, രാജ്ഞി ദാസിയായ കഥ കരഞ്ഞുകൊണ്ട് പാടികേൾപ്പിച്ചു. പാട്ടിൽ. ആ പാട്ടിൽ അവൾ പണ്ടൊക്കെ രാജാവിനെ വിളിയ്ക്കുമായിരുന്ന ഓമനപ്പേരുകൾ ഒരു  മാല പോലെ കോർത്തിരുന്നുവത്രെ!

പാട്ട് കേട്ട രാജാവിന് ശരിയ്ക്കുമുള്ള ഒറിജിനൽ 916 ബോധം വന്നു.  അങ്ങനെ വീരാവതി വീണ്ടും രാജ്ഞിയായി.

മഹാ നഗരങ്ങളിലെ യൂണിവേഴ്സിറ്റി ക്യാമ്പസ്സുകളിൽ ഈ കഥ കേട്ടിരിയ്ക്കുന്ന, തികഞ്ഞ ഭക്തിയോടെയും വിശ്വാസത്തോടെയും കർവാചൌത്ത് ആഘോഷിയ്ക്കുന്ന ചെറുപ്പക്കാരികളെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നിട്ടുണ്ട്………..

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം.

അതേന്ന്……..

ആന്ധ്രാ പ്രദേശിൽ ഈ ആഘോഷം അട് ല തഡ്ഡി എന്നറിയപ്പെടുന്നു. ശരദ് പൂർണ്ണിമയുടെ മൂന്നാം ദിവസമാണ് ആഘോഷിയ്ക്കുക. അതായത് ഔത്തരാഹന്റെ കർവാചൌത്തിനു തലേദിവസം. 

ആഘോഷത്തിന്റെ തലേന്ന് വൈകുന്നേരം സ്ത്രീകൾ കൈകാലുകളിൽ മൈലാഞ്ചിയിട്ട് അലങ്കരിയ്ക്കും. പിറ്റേന്ന് സൂര്യോദയത്തിന് വളരെ മുൻപ് തലേന്നുണ്ടാക്കിയ അന്നവും ( ചോറ് ) പെരുഗുവും ( തൈര് ) ഗോംഗൂരാ ( മത്തിപ്പുളിയില ) ചട്നിയും കഴിയ്ക്കും. പിന്നെ വെള്ളം പോലും കുടിയ്ക്കില്ല, കഠിന വ്രതമാണ്. പകൽ സമയം ഉറക്കമൊഴിവാക്കാനായി ഊഞ്ഞാലാട്ടവും വിവിധ തരം കളികളുമുണ്ടായിരിയ്ക്കും.

വൈകീട്ട് പൂജയ്ക്കായി കുറെ ആഹാരപദാർഥങ്ങൾ തയാറാക്കും. പതിനൊന്നു തരം പച്ചക്കറിക്കഷണങ്ങൾ ചേർത്ത സാമ്പാർ പ്രധാനമാണ്. അരിപ്പൊടിയും ശർക്കരയും പാലും ചേർത്ത മധുര പലഹാരം, പരിപ്പ്, തൈര്, ഗൊംഗൂരാ പച്ചടി, പതിനൊന്നു ചെറിയ ദോശകൾ( ദോശകൾ പാർവതി എന്ന ഗൌരിയ്ക്ക് നേദിയ്ക്കാനാണ്) . ആ ചെറിയ ദോശകളുടെ പേരാണേ അട് ല തഡ്ഡി എന്നത്. പിന്നെ പുളിഹോര എന്ന പുളിച്ചോറും കാണും.

എല്ലാറ്റിനും പുറമേ മാവുകൊണ്ടുള്ള പതിനൊന്നു വിളക്കുകളും ഉണ്ടാക്കും. അതിൽ നെയ്യൊഴിച്ച് തിരിയിട്ട് ഗൌരിയ്ക്കു മുൻപിൽ കത്തിച്ചു വെയ്ക്കും.

പതിനൊന്നു സ്ത്രീകൾക്ക് ഓരോ ദോശയും ഓരോ വിളക്കും പതിനൊന്നു കെട്ടുകളുള്ള പൂമാലയും നൽകി അതു ഗൌരിയ്ക്ക് സമർപ്പിച്ചതയി കരുതുന്നു, സാരിയുടെ മുന്താണി നീട്ടിക്കാട്ടി പാർവതി അതു സ്വീകരിച്ചെന്നും നെടു മംഗല്യം നൽകുമെന്നും പാടുന്നു.

വടക്കന്റെ  കലശം ഇവിടെയുമുണ്ട്, കലശത്തിൽ വെള്ളം, കുങ്കുമം, മഞ്ഞൾ, നാണയം, പൂക്കൾ, അഞ്ചു മാവിലകൾ എന്നിവയാണുണ്ടാവുക. കലശത്തിലെ വെള്ളം ചന്ദ്രനു തന്നെയാണ് സമർപ്പിയ്ക്കുന്നത്. ഗൌരിയുടെ വിഗ്രഹത്തിനൊപ്പം അരിമാവുകൊണ്ട് പെട്ടെന്നുണ്ടാക്കുന്ന ഗണേശനുമുണ്ടാകും.

ഗൌരിയ്ക്ക് ആരതിയെടുത്ത് പൂജ അവസാനിപ്പിയ്ക്കും. പിന്നീട് കുടുംബാംഗങ്ങളുമൊത്ത് ഭക്ഷണം കഴിയ്ക്കുന്നു.

ഇന്ത്യയിൽ മാത്രമല്ല ഇമ്മാതിരി ആഘോഷമുള്ളത്. റോമിലും ഉണ്ട്. അത് ജനുവരി 21 ന് ആണ്. അതിന്റെ പേര് സെന്റ് ആഗ്നസ് ഈവ്.

അപ്പോൾ പറഞ്ഞു വന്നത് ഇതാണ്.

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം. അവന് നന്മയുണ്ടാകണം. അവന്റെ കാലിൽ ഒരു മുള്ളു പോലും കൊള്ളുവാൻ പാടില്ല.
തന്നേന്ന്……..

അതിന് വ്രതമോ പട്ടിണിയോ പ്രാർഥനയോ എന്തരാണെങ്കിലും ………

78 comments:

പട്ടേപ്പാടം റാംജി said...

എല്ലാം അവന്.. അവന്.. അവന്.. അവന്.. അവന്...
മൂന്ന് കഥകളും കൂടി വലിയ പോസ്റ്റ്‌ ആയി അല്ലെ?
കഥകളൊക്കെ കേള്‍ക്കുന്നു.

ajith said...

സത്യവാന്‍ സാവിത്രി പടം കണ്ട് കമലാഹാസനെയും ശ്രീദേവിയെയുമൊക്കെ ആരാധിച്ചിരുന്ന കാലം ഓര്‍ത്തുപോയി. പക്ഷെ ഇത്രയും പിന്നാമ്പുറക്കാഴ്ച്ചകളുണ്ടായിരുന്നുവോ ഈ പുരാണത്തിനൊക്കെ? എല്ലാം അവനു വേണ്ടിയായിരുന്നു അല്ലേ. കല്ലാനാലും കണവന്‍ പുല്ലാനാലും പുരുഷന്‍. പിന്നെ പെണ്ണെന ഭൂമിയില്‍ പിറന്തപിന്നാലെ “വേലൈ” വണങ്കാമല്‍ വേറെന്ന വേലൈ? എന്നൊക്കെ എഴുതിവച്ചിട്ടുമുണ്ടല്ലോ.

അനില്‍കുമാര്‍ . സി. പി. said...

കഥ പറയാന്‍ അറിയുന്ന എച്ച്മുവിന്റെ നല്ല കഥ പറച്ചില്‍ (വല്ലാതെ നീണ്ടുപോയെന്കിലും!)

പഥികൻ said...

ആക്ഷേപഹാസ്യത്തിന്റെ ചുവയുണ്ടായിരുന്നെങ്കിലും കഥകൾ നന്നായി ആസ്വദിച്ചു...ശക്തനായവൻ നിയമങ്ങളുണ്ടാക്കുകയും അശക്തർ അതു വേദവാക്യമായി കൊണ്ടുനടക്കുകയും ചെയ്യുന്ന രീതിയാണല്ലോ ലോകത്തെവിടെയും, എക്കാലത്തും..

Pradeep Kumar said...
This comment has been removed by the author.
Pradeep Kumar said...

അവന് നന്മയുണ്ടാകണം. അവന്റെ കാലിൽ ഒരു മുള്ളു പോലും കൊള്ളുവാൻ പാടില്ല.....( അവള്‍ക്കായും ചില വൃതാനുഷ്ടാനങ്ങള്‍ ഉണ്ടോ ആവോ...എനിക്കറിയില്ല.)

പറയാന്‍ ശ്രമിച്ച വിഷയത്തിലേക്ക് ഏകാഗ്രതയോടെ കല വായനക്കാരെ കൊണ്ടു പോവുന്നുണ്ട്... ഈ വൈദഗ്ദ്യത്തിനു കൂപ്പുകൈ...

വീകെ said...

മനുഷ്യകുലം ഉണ്ടായ കാലം മുതൽ അന്ധവിശ്വാസവും അവന്റെ കൂടപ്പിറപ്പാണ്. ഇന്നും അതിനു മാറ്റമില്ല....!

ente lokam said...

ആയുഷ്മതീ ഭവ ..

ദീര്‍ഘ സുമംഗലീ ഭവ .....

നീണ്ട കഥ കടങ്കഥ പോലെ

തോന്നി...കുറെ ഒക്കെ ശരി

ഉണ്ട് അല്ലെ..?

Prabhan Krishnan said...

ഹും..! വെർതെയല്ല ലവൾ ഇടക്കിടക്കുവന്നു കാലു തൊട്ടു തൊഴുന്നത്..!!

കഥകൾസെല്ലാം ഇഷ്ടായിട്ടോ.
ആശംസകൾ..!

Muralee Mukundan , ബിലാത്തിപട്ടണം said...

കഥാത്രയങ്ങൾ...!
നമ്മുടെ നാട്ടിൽ മാത്രമല്ല,സെന്റ്.അഗ്നസ്സായും,
ചിൺഗ്സിയോൺഗായും,ഡോറോത്തിക്വാമെയായും ഇത്തരം ആചാരങ്ങൾ യൂറോപ്പിലും,ചൈനയിലും,
ആഫ്രിക്കയിലുമൊക്കെയുണ്ട്..കേട്ടൊ എച്മുകുട്ടി

“അതെ, കാറ്റായി, മഞ്ഞായി,
മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം. അവന് നന്മയുണ്ടാകണം. അവന്റെ കാലിൽ ഒരു മുള്ളു പോലും കൊള്ളുവാൻ പാടില്ല.
തന്നേന്ന്……..

അതിന്
വ്രതമോ
പട്ടിണിയോ
പ്രാർഥനയോ എന്തരാണെങ്കിലും ………“


ഇതൊക്കെ ഉന്തുട്ടാണെങ്കിലും ലോകത്തൊരിടത്തും ഒരു ആണൊരുത്തൻ അവന്റെ പെണ്ണിന് വേണ്ടി ഇതിന്റെയൊക്കെ കാൽ നേരം ഒരു നൊയ്മ്പും നോൽക്കാത്തത്
ഒരു അതിശയം തന്നെ...!

മാണിക്യം said...

"അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം. അവന് നന്മയുണ്ടാകണം. അവന്റെ കാലിൽ ഒരു മുള്ളു പോലും കൊള്ളുവാൻ പാടില്ല......."

ഈ പറഞ്ഞ 'അവന്‍' ഏതേലും ദേശത്ത് അവള്‍ക്കായി ഒരു വാക്കെങ്കിലും ഉരിടാടുന്നുണ്ടോ?
ബിലാത്തിപട്ടണത്തിന്റെ സംശയം എനിക്കുമുണ്ട്.
എച്ചുമുവിന്റെ കഥപറച്ചില്‍ അത്യുഗ്രനായി!!

കൊച്ചു കൊച്ചീച്ചി said...

അപ്പൊ എച്ച്മുവിന്റെ നിലപാട് എന്താണ്? മോഹന്‍ലാലിന് 'ചിത്രം' സിനിമയിലുണ്ടായപോലെ 'ഇനിയുമുണ്ടോ ഇതുപോലെ രസകരമായ ആചാരങ്ങള്‍' എന്നാണോ?

വിവാഹബന്ധം നന്നാകാന്‍ വ്രതമെടുക്കണമെന്നൊന്നുമില്ല. എന്നുതന്നെയല്ല പിറന്നാളിനു സമ്മാനം വാങ്ങണ്ടാ, ഓണത്തിന് പുടവ വാങ്ങണ്ടാ, സിനിമയ്ക്ക് കൊണ്ടുപോകണ്ടാ, ഹണീമൂണ്‍ പോകണ്ടാ.... എന്തിന്, വിവാഹം സര്‍ക്കാരാപ്പീസില്‍ പോയി രേഖപ്പെടുത്തുകയോ, ലൈംഗികബന്ധത്തിലേര്‍പ്പെടുകയോ, സന്താനോത്പാദനം നടത്തുകയോ വേണമെന്നില്ല. ഞങ്ങടെ നാട്ടിലെ ഒരു രീതിവെച്ചാണെങ്കില്‍ ആണും പെണ്ണും തമ്മിലാകണമെന്നുപോലുമില്ല. പക്ഷേ ചിലരൊക്കെ ചിലതിലൊക്കെ വിശ്വസിക്കുന്നു - ആ വിശ്വാസങ്ങള്‍ അവരുടെ ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടുന്നുവെങ്കില്‍ അതു വളരേ നല്ലത്. അല്ലേ?

എന്ന്, ഭാര്യയെ എല്ലാവിധ അനുഷ്ഠാനങ്ങളില്‍നിന്നും പിന്തിരിപ്പിക്കാറുള്ള ഒരുവന്‍.

ശ്രീനാഥന്‍ said...

എവിടേയും ഭർത്താവു കൈവിട്ടു പോകുമോ എന്ന ഭീതി. പെണ്ണിനെ ദീർഘായുസ്സിനായി ഏതെങ്കിലും ആണുങ്ങൾ വ്രതം നോൽക്കാറുണ്ടോ?എത്ര വ്രതങ്ങളാണ് സ്ത്രീകൾ ഇക്കാലത്ത് നോക്കുന്നത്, എത്ര പൊങ്കാലകൾ ഇടുന്നു, ഒരു മാറ്റവുമില്ല പണ്ട ത്തേപോലെത്തന്നെ.മൂന്നു വ്രതത്തിന്റേയും കഥ നന്നായി പറഞ്ഞു, നല്ല അടക്കത്തിൽ, പെണ്ണിന്റെ ദുര്യോഗങ്ങൾ, പറയാതെ പറഞ്ഞു.

mini//മിനി said...

എത്ര മനോഹരമായ ആചാരങ്ങൾ??
ബിലാത്തിപട്ടണം പറഞ്ഞതുപോലുള്ള പ്രു സംശയം,,,
ഇതൊക്കെ ഉന്തുട്ടാണെങ്കിലും ലോകത്തൊരിടത്തും ഒരു ആണൊരുത്തൻ അവന്റെ പെണ്ണിന് വേണ്ടി ഇതിന്റെയൊക്കെ കാൽ നേരം ഒരു നൊയ്മ്പും നോൽക്കാത്തത്
ഒരു അതിശയം തന്നെ...!
പിന്നെ ആ സാവിത്രിപെണ്ണ് വേറെ ചിലത് കൂടീ ചോദിച്ചപ്പോൾ പെർമിഷൻ കൊടുത്തിരുന്നു,
“എന്റെ പിതാവിനും എനിക്കും 100 പുത്രന്മാർ വീതം പിറക്കണം”
ആകെയുള്ള ഒന്ന് പുത്രിയാണെങ്കിലും അത് വെറും പെണ്ണായിപോയില്ലെ എന്ന് അവൾ തന്നെ അംഗീകരിക്കുന്നു. പിന്നെങ്ങനെ പെണ്ണ് നന്നാവും???
പിന്നെയീ നൂറ് എണ്ണം ടിഷ്യൂ കൾച്ചർ ചെയ്യുമായിരിക്കും? പണ്ട് ഗാന്ധാരിക്ക് നാരദമഹർഷി ചെയ്തത് പോലെ,,,
‘അവൾ സാവിത്രി’ എന്നൊരു കഥ രണ്ട് കൊല്ലം മുൻപ് ഞാൻ എഴുതിയിരുന്നു.
അരിയാത്ത അനേകം വിവരങ്ങൾ അറിയിച്ചതിന് നന്ദി.

mayflowers said...

അവള്‍ വലിയ സാവിത്രിയാ എന്നൊക്കെ പറഞ്ഞു കേള്‍ ക്കാറുണ്ടെങ്കിലും കഥ അറിയില്ലായിരുന്നു.
കര്‍വാ ചൌത്ത് പിന്നെ ഹിന്ദി സീരിയലിലെ സ്ഥിരം ആഘോഷമാണല്ലോ.
ഈ ആണുങ്ങള്‍ എത്ര ഭാഗ്യവാന്മാരാണെന്നാ ഞാനാലോചിക്കുന്നത്.
കഥയ്ക്കിടയിലുള്ള എച്മു സ്റ്റൈല്‍ കമന്റ്സ് സൂപ്പര്‍!

സങ്കൽ‌പ്പങ്ങൾ said...

കഥകളെല്ലാം തപ്പിയെടുത്ത് മനോഹരമായ് പോസ്റ്റിയതിന് നന്ദി...അറിയാത്തവ വായിച്ചപ്പോൾ സന്തോഷം..

Abdulkader kodungallur said...

തലമുറകളായി കൈമാറിക്കിട്ടിയ ആചാരാനുഷ്ടാനങ്ങള്‍ മുറുകെപ്പിടിച്ചു തങ്ങളുടെ വിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നവര്‍ ലോകത്തിന്റെ എല്ലാ കോണുകളിലുമുണ്ട്. അതിനെ അനാചാരമെന്നോ , ദുരാചാരമെന്നോ , സദാചാരമെന്നോ ഏതു പേര്‍ ചൊല്ലി വിളിച്ചാലും വിശ്വാസം രക്ഷിക്കപ്പെടും. നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന ആപ്തവാക്യം അനശ്വരം .ഇഷ്ടവായനക്കുതകും വിധം രസകരമായി അവതരിപ്പിച്ചു . ഭാവുകങ്ങള്‍.

vettathan said...

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്‍റെ തമാശകള്‍.ഇതുപോലെ പുരുഷന്മാരുടെ നോമ്പുകള്‍ എന്തൊക്കെയാണ്?എച്മു സീരിയസ് ആയി കഥ പറഞ്ഞുപോകുന്നതിനിടെ ബോറടിമാറ്റാനിട്ട തമാശകള്‍ അത്ര ഏറ്റില്ല.

SHANAVAS said...

ഭര്‍ത്താവിനു വേണ്ടിയും അയാളുടെ ആയുരാരോഗ്യത്തിനു വേണ്ടിയും ഭാര്യമാര്‍ അനുഷ്ടിക്കുന്ന കാര്യങ്ങള്‍ വളരെ ചിട്ടയോടെ പറഞ്ഞു..രസകരാമായി തന്നെ... അത് പോലെ ഭാര്യ യുടെ നന്മ്മയ്ക്ക് വേണ്ടി ഏതെന്കിലും കോന്തന്‍ എന്തെങ്കിലും ചെയ്തിരുന്നതായി എവിടെ എങ്കിലും കേട്ടിട്ടുണ്ടോ?? ഇതിലൂടെ വെളിപ്പെടുന്നത് തന്നെ, സ്ത്രീ പുരുഷന്റെ അടിമ ആകാന്‍ കച്ച കെട്ടി നിന്നിരുന്നു , അഥവാ ഇപ്പോഴും നില്‍ക്കുന്നു എന്നല്ലേ?? ഏതു ആചാരത്തിന്റെ പേരില്‍ ആയാലും??

Kalavallabhan said...

ഒരു വെടിക്ക്‌ എത്ര പക്ഷികളാ.. അല്ല ഒരു പോസ്റ്റിലെത്ര കഥകളാണ്‌ കിട്ടിയത്‌.
ഈ ദിവസം രാജസ്ഥാനിൽ ശീതളാഷ്ടമി എന്ന പേരിൽ ആഘോഷിക്കുന്നുണ്ട്‌. വിശദാംശങ്ങൾ ആറിയില്ല, എങ്കിലും വരാനിരിക്കുന്ന ചൂടുകാലത്തിനൊരു തയ്യാറെടുപ്പായിട്ടാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.
'പുരുഷന്മാർ സ്ത്രീകൾക്കായൊന്നു നോക്കുന്നില്ലല്ലോയെന്ന് പല കമന്റിലും കാണുന്നു. പുരുഷൻ അവന്റെ സ്ത്രീയെ നോക്കുവാൻ സ്വയം പ്രാപ്തനാണ്‌, അല്ലെങ്കിൽ അവൻ പുരുഷനായിരിക്കില്ല.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

എന്തരോ എന്തോ . അപ്പഴേ അക്കോ , അടുത്ത് വരണ കര്‍വാചൌത്തിന്റെ ഡേറ്റ്കളൊക്കെ കാലേകൂട്ടി അറിയിക്കണം . ഇത്തവണ തന്നെ മിസ്‌ ആയിപ്പെയ്യ്.

the man to walk with said...

അതെ കൂട്ടിന്റെ കഥകള്‍ തന്നെ
ആശംസകള്‍

അഭി said...

കുറെ അധികം കഥകള്‍ വായിക്കാന്‍ പറ്റി

ആശംസകള്‍

ശ്രീ said...

പോസ്റ്റ് വായിച്ചെത്താന്‍ കുറച്ചു സമയമെടുത്തു. :)


ഓരോ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പുറകില്‍ എന്തെല്ലാം കഥകളുണ്ടല്ലേ...

ജന്മസുകൃതം said...

എച്മു ഒരു കഥ ശൊന്നാല്‍ നൂറ് കഥ ശൊന്ന മാതിരി .....
സന്തോഷായി.

SIVANANDG said...

hdf;

technical problem
will comment later


any way u share a good reading for us

Unknown said...

ഇഷ്ട്ടായി ,ആശംസകള്‍

ചന്തു നായർ said...

എച്ചുമുക്കുട്ടി.... നല്ലാ ആഖ്യാനം..കഥകളിൽ ചിലതറിയാമെങ്കിലും,അറിയാത്തതിനെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ കഥ പറച്ചിൽ വളരെ ഇഷ്ടമായി...ഞാൻ കലാ വല്ലഭന്റെ ഭഗത്ത് നിൽക്കുന്നൂ....'പുരുഷന്മാർ സ്ത്രീകൾക്കായൊന്നു നോക്കുന്നില്ലല്ലോയെന്ന് പല കമന്റിലും കാണുന്നു. പുരുഷൻ അവന്റെ സ്ത്രീയെ നോക്കുവാൻ സ്വയം പ്രാപ്തനാണ്‌, അല്ലെങ്കിൽ അവൻ പുരുഷനായിരിക്കില്ല... അവനു ഒരു വൃതവും എടുക്കണ്ടാ... കിട്ടിയ വരം ശരിയാണോന്ന് പരീക്ഷിക്കാൻ അഞ്ച്പേരെ മനസ്സിൽ വിചാരിച്ച കുന്തിയും....അഞ്ചു പേരെ ഭർത്താക്കന്മാരാക്കിയ പാഞ്ചാലിയേയും...ഒക്കെ നിർമ്മിച്ചെടുത്ത 'പഴയ' എഴുത്തുകാർ തന്നെയാണു സത്യവാൻ സാവിത്രിമാരുടെ കഥകളും പറാഞ്ഞത്...കാരണം പെണ്ണൊരുൻപെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ലല്ലോ... എച്ചുവിനെ എഴുത്തിനു ഒരു നല്ല നമസ്കാരം.....

ഭാനു കളരിക്കല്‍ said...

മാര്‍ഗ്ഗദര്ശിനിയായി വേദ പുസ്തകങ്ങള്‍ നിലവിലില്ലാത്ത എല്ലാ സമൂഹങ്ങളിലും ഇതുപോലുള്ള കഥകളും ഉപകഥകളും നില നിന്നിട്ടുണ്ട്. കുടുംബം സ്വകാര്യസ്വത്ത്‌ ഭരണകൂടം എന്നീ സ്ഥാപങ്ങള്‍ നിലനില്കുന്നതിനു ഇത്തരം വിശ്വാസങ്ങളുടെ ആചാരങ്ങളുടെ പിന്ബലത്തെ ആണ് വ്യവസ്ഥ പിന്‍പറ്റിയിട്ടുള്ളത്. സ്ത്രീയെ പുരുഷന് പുറകില്‍ സ്ഥാപിക്കുമ്പോള്‍ പുരുഷന്‍ സര്‍വ്വതന്ത്ര സ്വതന്ത്രന്‍ ആയിരുന്നു എന്നു ധരിക്കരുത്. സ്ത്രീ പതിവ്രത ആകുന്നതിലൂടെ കുടുംബം എന്ന സ്ഥാപനം ആണ് സംരക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ പുരുഷന്‍ പിതൃ ധര്‍മ്മങ്ങളെ പരിപാലിക്കുന്നതിലൂടെ ഭരണകൂടത്താല്‍ അടിച്ചമര്‍ത്ത പെട്ടിരുന്നു. പുരുഷന്റെ വ്രതങ്ങളെല്ലാം പിതാവുമായി ബന്ധപ്പെട്ടു ഉള്ളതാണെന്ന് കാണാം. അവന്‍ കുല ജാതി ധര്‍മ്മങ്ങള്‍ക്ക് അടിമയായിരുന്നു. കുലധര്‍മ്മം പാലിച്ചില്ലെങ്കില്‍ കുലങ്ങള്‍ ഉള് ചേര്‍ന്നു പോകുമെന്നും അതുകൊണ്ട് - അര്‍ജ്ജുന, നിന്റെ ധര്‍മ്മം യുദ്ധം ചെയ്യുക മാത്രമാണെന്നും ആണല്ലോ ഭഗവത് ഗീത അനുശാസിക്കുന്നത്.
കുടുംബ വ്യവസ്ഥ നിലനിന്നില്ലെങ്കില്‍ കുല ധര്‍മ്മങ്ങളോ രാഷ്ട്രമോ രാജവാഴ്ച്ചയോ അസാധ്യമായി തീരും. അവനും അവളുമായുള്ള കുടുംബത്തെ നില നിര്‍ത്തേണ്ടത് പാവനമായ പ്രണയ ജീവിതത്തിനു വേണ്ടിയല്ല. അവന്‍ അവള്‍ക്കു വേണ്ടി ജീവിക്കേണ്ടത് രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്.

പ്രസക്തമായ ഈ അന്വേഷണത്തിന് ആശംസകള്‍.

ബഷീർ said...

>>അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം <<



ഇത് വെറും പരിഹാസമായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് എച്ച്മുട്ടിയുടെ കുറ്റമല്ല :)

കഥ ഉഷാറായിക്കിണ്‌

ജാനകി.... said...

എച്മൂ....വായിച്ച് വന്നപ്പഴാ..അട് ലത്തഡ്ഡി എന്നതിനു കരണത്തടിയോടു നല്ല സാമ്യം...ആലോചിച്ചപ്പോ വെറ്തെയൊന്നുമല്ല അങ്ങ്നെ തോന്നിയത്.., എന്തൊക്കെ ചെയ്താലും എവിടേയെങ്കിലും വച്ച് അതൊരെണ്ണം ഉറപ്പാണല്ലോ ജീവിതം ഇങ്ങ്നെ കെടക്കയല്ലേ..

എന്തായാലും എച്മൂ.., ഇതുവരെ അറിയാത്ത കൊറേ കാര്യങ്ങൾ അറിയാൻ പറ്റി...അതിനു നന്ദി..പിന്നെ എച്മൂന്റെ ഈ എഴുത്തിനു അഭിനന്ദനങ്ങളും..

Sabu Hariharan said...

ഇതു എച്ച്മു തന്നെ എഴുതിയതാണോ എന്നു സംശയം..ആകെ മൊത്തം എന്തോ മാതിരി..ചിരിപ്പിക്കാൻ വേണ്ടി പലതും എഴുതാൻ ശ്രമിച്ചതു പോലെ.. :(

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആചാരങ്ങളും ഐതിഹ്യങ്ങളൂം പറഞ്ഞുതന്നു . പതിവുപോലെ ഗംഭീരം..

പൈമ said...

വായിച്ചു ...........

സേതുലക്ഷ്മി said...

എച്മു, ഒരല്പം നീണ്ടുപോയി എങ്കിലും രസകരമായി. ഓരോ നാട്ടിലെയും ആചാര വിശേഷങ്ങള്‍ നന്നായി ആസ്വദിച്ചു. നമ്മുടെ തിരുവാതിരയും തിങ്കളാഴ്ച നോമ്പും ഏതാണ്ട് ഇതൊക്കെ തന്നെയല്ലേ.
ഒരു വേദന മാത്രം തോന്നി. ഏതു യുഗത്തിലായാലും,ഏതു രാജ്യത്തായാലും പെണ്‍കുട്ടികളുടെ ജീവിത ലക്‌ഷ്യം ഭര്‍ത്താവായി വരുന്നവനെ സുഖമായി വയ്ക്കുക എന്നത് മാത്രമാവുന്നല്ലോ.

കുസുമം ആര്‍ പുന്നപ്ര said...

കുറേ കാര്യങ്ങള്‍ ഒരുമിച്ചു പറഞ്ഞു. ഒരു വിധത്തില്‍ ഈ നൊയമ്പും വൃതവും ഒക്കെ അവന്...അവന്... എന്നു പറഞ്ഞെടുക്കുന്നത് പെണ്ണുങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.പണ്ട് മാസത്തില്‍ ഒരു മൂന്നു നാലു ദിവസം റെസ്റ്റെടുക്കുന്നതു പോലെ. ഇപ്പോളതും ഇല്ലല്ലൊ.
നല്ല പോസ്റ്റ്.

ChethuVasu said...

ആകെപ്പാടെ രസം പിടിച്ചു വായിച്ചു ... മറന്നു പോയ സത്യവാന്‍ സാവിത്രി കഥ ഓര്‍മ്മിപ്പിച്ചതിനും .. ഓര്‍മ്മയെക്കാള്‍ ഭംഗിയോടെ അവതരിപ്പിച്ചതിനും നന്ദി ! അല്ലെങ്കിലും മിസ്ടര്‍ കാലമാടന്‍ ആളൊരു പാവമാ.. ആ മീശയും കൊമ്പും ഒക്കെ ഉണ്ടെന്നെ ഉള്ളൂ ...മൃദുല ഹൃദയനാ ... ഇഷ്ടന്‍ സുഖിപ്പിക്കളില്‍ പെട്ടെന്ന് വീണു പോകുന്ന ടയിപ്പാ ... എന്തായാലും ഈ പെണ്ണുങ്ങള്‍ക്ക്‌ ഒടുക്കത്തെ ബുദ്ധിയാന്നെ.. അങ്ങേരു പെട്ട് പോയി - പാവം - ട്രാപ് ഡ ! ഹ ഹ !

കര്‍വ ചൌതിനെ പറ്റി ഉള്ള കഥയും ഏറെ ഇഷ്ടപ്പെട്ടു -- സത്യം പറഞ്ഞാല്‍ വാസുവിന് ഈ ആഖോഷവുമായി അരല്പം ബന്ധം ഉണ്ട് കേട്ടോ..പക്ഷെ ഇതിനു പിന്നിലെ കഥ അറിയില്ലായിരുന്നു ..ബൈ ദ ബൈ, മെഹന്തിയില്ലാതെ വടക്കത്തി പെണ്ണുങ്ങള്‍ക്കെന്താഘോഷം !! ചന്ദ്രന്‍ ഉദിക്കാന്‍ വൈകിപ്പോയാല്‍ തൊണ്ട ഉണങ്ങി വറ്റി ഇവര്‍ക്കൊക്കെ എന്തെങ്കിലും സംഭവിക്കുമോ എന്ന് വാസു ഭയപ്പെട്ടിട്ടുണ്ട് .. മേഘങ്ങള്‍ ഉള്ള വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ചും ... ഹ ഹ !!

കഥകള്‍ എപ്പോഴും നമ്മളെ വല്ലാതെ ആകര്‍ഷിക്കും ...സ്വപ്നം കാണാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്‌ ... കഥകള്‍ സ്വപ്നം പോലെ സങ്കല്‍പം . .അത് കൊണ്ട് തന്നെ അവ വശ്യ മനോഹരം...! ഈ കഥകൊക്കെ പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടില്‍ ആന്നു നമുക്ക് ഒക്കെ അറിയാം... പെണ്ണിന്റെ പണി അവനെ സഹിക്കുകയും സംരക്ഷിക്കുകയും ..അവന്റെ കുട്ടിയെ പ്രസവിക്കുകയും അവവനില്‍ നിന്നും അവന്റെ ജീവന്റെ അംശം അവന്റെ അടുത്ത തലമുറയിലേക്കു അവനെ സംക്രമിപ്പിക്കുകയും ഒക്കെ ആണ് എന്നാണല്ലോ പൊതുവില്‍ -ആര്ഷവും ഭാരത ശാസ്ത്രവും - എന്നല്ല -ലോകത്തെവിടെയും പറഞ്ഞു വക്കുന്നത് - പറയുന്നത് .. അതിന്റെ പൂര്‍ണതയിലാണ് സ്ത്രീയുടെ പൂര്‍ണതയെന്നോ ആത്മ നിര്‍വൃതി എന്നോ ഒക്കെ വ്യാഖ്യാനമുണ്ട് -- സത്യത്തിനും ഭാവനക്കും ഇടയ്ക്കു എവിടെയോ അതിന്റെ നേര്‍വരകള്‍ സ്ത്രീ പുരുഷ ജനിതകതിലും -ഇണകള്‍ അടിസ്ഥാന കണ്ണികള്‍ ആയുള്ള സാമൂഹ ശാസ്ത്രത്തിലും - അതിന്റെ സമൂഹ മനശാസ്ത്രത്തിലും ഉണ്ട് .. അതിന്റെ സൈക്കോളജി തത്കാലം അവിടെ നില്‍ക്കട്ടെ ..അല്ല പിന്നെ !.. പകരം ഈ കഥകളെ ഓര്‍ത്തു ഒന്ന് ആസ്വദിചോട്ടെ ഒപ്പം സമൂഹങ്ങളും സംസ്കാരങ്ങളും സ്ത്രീയും പുരുഷനും പ്രകൃതിയും പരസ്പരം ഇഴപാകുന്ന സാങ്കല്പിക ഭാവനകളെ കുറിച്ചോര്‍ത്തു അവയെ ശ്രുഷ്ടിക്കുന്ന മനസ്സിനെ കുറിച്ചോര്‍ത്തു അല്പം വിസ്മയം കൊണ്ട് കൊള്ളട്ടെ ..

വനിതാ ദിനാനന്തരം എഴുതാന്‍ തിരഞ്ഞെടുത്ത പോസ്റ്റു ഒരു പക്ഷെ ആകസ്മികമായാല്‍ ക്കൂടി ,പതിവ് പോലെ ഉചിതമായി - ആശംസകള്‍ !

വളരെ നന്ദി HMu !

ബൈ ദ ബൈ : വാസുവിന്റെ വിമിന്‍സ് ഡേ പോസ്റ്റ്‌ ഇവിടെ : പിന്നെ
ഇവിടെയും ഹ ഹ !

ആത്മ/പിയ said...

യച്ചുമു തകര്‍ക്കണുണ്ടല്ല്!!:)

ഇതില്‍ സത്യവാന്‍ സാവിത്രിയുടെ കഥ മാത്രമെ കേട്ടിട്ടുള്ളൂ..പക്ഷെ, കേട്ടതിനെക്കാളും മനോഹരമായി യച്ചുമു വര്ണ്ണിച്ചിരിക്കുന്നു!!!

കര്വ്വാ ചൌത്തിന്റെ കഥ ഇപ്പോഴാണ്‌ അറിയുന്നത്. ഹിന്ദി സിനിമേലൊക്കെ കണ്ടിട്ടുണ്ട് പെണ്ണുങ്ങള്‍ ആഘോഷിക്കുന്നത്!

ആന്ധ്രാപ്രദേശിലെ ആചാരം ആദ്യമായാണ്‌ കേള്ക്കുന്നത്!(പേരുകള്‍ ഒന്നും വഴങ്ങുന്നില്ല)


പ്രത്യേകം എടുത്തു പറയേണ്ട എങ്കിലും പറയുന്നു..
മൂന്നും കഥകളും നന്നായി.
അവതരിപ്പിച്ച രീതിയും!!!
അഭിനന്ദനങ്ങള്‍!

jayanEvoor said...

വായിക്കാൻ നല്ല രസം, എച്ച്മൂസ്!
കഥയേക്കാൾ ആക്ഷേപഹാസ്യമായിത്തോന്നി.

khaadu.. said...

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം. അവന് നന്മയുണ്ടാകണം. അവന്റെ കാലിൽ ഒരു മുള്ളു പോലും കൊള്ളുവാൻ പാടില്ല.
തന്നേന്ന്……..

അതിന് വ്രതമോ പട്ടിണിയോ പ്രാർഥനയോ എന്തരാണെങ്കിലും ………




എന്തെല്ലാം ആചാരങ്ങള്‍.. എല്ലാം അവനു..അവനു...
വായിക്കാനും രസം... പുതിയ അറിവുകള്‍...

ധനലക്ഷ്മി പി. വി. said...

കാലങ്ങളും ദേശങ്ങളും ഭാഷകളും മാറിയാലും എന്നും എവിടെയും അവള്‍ അവള്‍ തന്നെ..അതിനു മാത്രം ഒരു മാറ്റവുമില്ലല്ലോ എച്മു ..കഥപറച്ചില്‍ ഇഷ്ടമായി ..

Sidheek Thozhiyoor said...

ഒരു വേറിട്ട ശൈലി , അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി , എല്ലാമെല്ലാമായി ..എവിടെയൊക്കെയോ കൊണ്ടപോലെ ഒരുതോന്നല്‍ , രണ്ടുമൂന്നു കഥകള്‍ ...രസമായി വായിച്ചു .

ChethuVasu said...

കുട്ടി സ്പാം ചാത്തന്‍ കമന്റു വിഴുങ്ങിയതിനാല്‍ . ആ കമന്റു ഇപ്പോള്‍ വിശ്രമിക്കുന്ന വാസുവിന്റെ കമന്റു ശേഖരത്തിലേക്ക് ഒരു കണ്ണിയായി ഇവിടെ കൊടുക്കുന്നു ..ഇനി ഇതും സ്പാം വിഴുങ്ങുമോ എന്റെ ഡിങ്കാ ...!!

പ്രതികരണം

ഇസ്മയില്‍ അത്തോളി said...

നല്ല വായനാനുഭവം ....കേട്ട് മറന്ന കഥകള്‍ക്ക് പിന്നില്‍ ഇങ്ങനെയും ചില കഥകളുണ്ടെന്നത് പുതിയ അറിവായി ...

റോസാപ്പൂക്കള്‍ said...

എച്ചുമോ കുറെ കഥകള്‍ അറിയാന്‍ പറ്റി.

ഈ കാര്‍വാചൌത്തിനു ചന്ദ്രനെ അരിപ്പയിലൂടെ നോക്കുനതെന്താണെന്നു ചോദിച്ചാല്‍ ഇവിടത്തെ പെണ്ണുങ്ങള്‍ക്ക് അതറിയില്ല ഇപ്പോഴല്ലേ കാര്യം മനസ്സിലായത്‌. ഒരു സംശയം ചന്ദ്രന്‍ വേറെ ദിവസങ്ങളിലൊന്നും ഇപ്പണി ചെയില്ലേ

yousufpa said...

എല്ലാം അവനു വേണ്ടി മാത്രം .ഓരോരൊ ആചാരങ്ങളേയ്.

MINI.M.B said...

നന്നായി, എച്ചുമു..സ്ത്രീയുടെ ജീവിതലക്ഷ്യം ഒരു നല്ല പുരുഷനെ കിട്ടുക എന്ന് മാത്രമാണെന്ന് കരുതുന്നവര്‍ ഇപ്പോഴും കുറവല്ല കേട്ടോ.

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായിട്ടൊ!

വേണുഗോപാല്‍ said...

കര്‍വാ ചോവ്ത് പോലുള്ള സംഭവങ്ങള്‍ മുംബയില്‍ ഉത്തരേന്ത്യക്കാര്‍ അനുഷ്ട്ടിക്കുന്നത് കണ്ടിട്ടുണ്ട്. കെട്ടിയവനും കെട്ടാന്‍ പോവുന്നവനും മറ്റും വേണ്ടി പൂജകള്‍ നടത്തും.
ജീവിതത്തില്‍ ഒരു സ്വൈരവും നല്കുകയുമില്ല. അങ്ങിനെയുള്ള സംഗതികളും ഞാന്‍ ഇവിടെ കണ്ടിട്ടുണ്ട് !!!!

ഈ ബ്ലോഗ്ഗ് എന്റെ ഡാഷ് ബോര്‍ഡില്‍ വരുന്നില്ല. ഒരു വട്ടം കൂടി ഫോളോ ചെയ്തു നോക്കട്ടെ

ശ്രീനന്ദ said...

എച്മൂ സ്റ്റൈല്‍ കഥ പറച്ചില്‍ രസകരമായി. തെലുങ്ക്‌ കഥ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. കര്‍വാചൌത് എല്ലാക്കൊല്ലവും ഞാനും എടുക്കാറുണ്ട്.

Echmukutty said...

രാംജി ആദ്യം വന്നതിൽ സന്തോഷം . പോസ്റ്റ് ഒരുപാട് വലുതായിപ്പോയോ? വായിയ്ക്കുന്നവർ ബോറടിച്ച് സ്ഥലം വിടുമോ?

അതു ചെറുപ്പം ഒരു മൂന്ന് നാലു വയസ്സു മുതല് ഉള്ള നോയ്മ്പല്ലേ? അപ്പോ ആൺകുട്ടിയാവത്തതിലു വിഷമം വരില്ലേ? നീ പെൺകുട്ടിയാണ് പട്ടിണി കിടക്കാൻ ശീലിയ്ക്കണം എന്ന് പറയുമ്പോൾ...വിശക്കുന്നുവെന്ന് പറയുന്നത് പാപം കിട്ടുന്ന ഒരു കാര്യമാണെന്ന് പഠിപ്പിയ്ക്കുമ്പോൾ.....നല്ല സാപ്പാട് സാപ്പിടുന്ന അവന്മാരോട് എന്ത് തോന്നും? അതാണ് അവനു...അവന്...എല്ലാം അവന്..
അതെ, അജിത് കുറെ കാഴ്ചകളും ചെറുപ്പം മുതലേ ഉള്ള ഇമ്മാതിരി ഒതുക്കപ്പെടലും അവനായി ത്യാഗം ചെയ്ത് നല്ല മങ്കൈയായി ഇരുന്തു വിടണം എന്ന പഠിപ്പിയ്ക്കലും...അവൻ ഉന്നിടം വേലൈ വാങ്കട്ടും എന്ന വാഴ്ത്തും.......
കഥ നീണ്ടു ബോറടിയായോ അനിൽ?

Sheeba EK said...

“ഉരുകാത വെണ്ണയും ഓരടയും നാൻ തരുവേൻ
ഒരുകാലവും എൻ കണവൻ എന്നെ പിരിയാമലിരുക്കവേണം.“

കര്‍വ്വാ ചൗത് അറിയാം.ബാക്കിയെല്ലാം പുതുമ.

ചാണ്ടിച്ചൻ said...

അച്ചായത്തിമാരുടെയിടക്ക് ഇങ്ങനെ വല്ല വ്രതോം ഉണ്ടാവോ ആവോ....
ഉണ്ടാവും...അല്ലെങ്കി എന്റെ ഭാര്യക്ക് എന്നെ കിട്ടില്ലല്ലോ :-)

Echmukutty said...

ആക്ഷേപഹാസ്യമുണ്ടോ പഥികാ? കുറെ പട്ടിണികിടക്കേണ്ടി വന്നതിലുള്ള വിഷമം ഞങ്ങൾ കുറച്ച് ബാല്യകാല സുഹൃത്തുക്കൾ ചേർന്ന് പങ്കുവെച്ചപ്പോൾ എഴുതിയതാണ്.അത് അങ്ങനെയും പ്രകടിപ്പിയ്ക്കപ്പെട്ടതാ‍വാം.

എനിക്കും അറിയില്ല പ്രദീപ്. ഞാൻ കേട്ടിട്ടും ഇല്ല.
വി കെ പറഞ്ഞത് കറക്ട്. ആ കാര്യത്തിനു മാത്രം ഒരു ഇളക്കവുമില്ല.
എന്റെ ലോകം പറഞ്ഞത് എനിയ്ക്ക് ശരിയ്ക്ക് മനസ്സിലായില്ല. ഒന്നും കൂടി വിശദമാക്കിത്തരണം.
അയ്യടാ! പ്രഭന്റെ സന്തോഷം കണ്ടോ? വായിച്ചതിലും കമന്റിട്ടതിലും എനിയ്ക്കും സന്തോഷം.
തന്നെ മുരളി ഭായ് അതൊരു അതിശയം തന്നെ. ജീവിച്ചു പോകാൻ പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ ഔദാര്യം വേണം.പഠിത്തം, ജോലി, പണം,അധികാരം ഒക്കെ ആണുങ്ങളുടെ കൈവശമാണ്. അപ്പോ പ്രീണിപ്പിച്ച് നിറുത്തീല്ലെങ്കിൽ......അതാ പെണ്ണുങ്ങള് വ്രതം നോൽക്കണതും ആണുങ്ങള് നോൽക്കാത്തതും.
ഇല്ല, മാണിക്യം ചേച്ചി. നോൽക്കാറില്ല, അവർക്കതിന്റെ ആവശ്യമില്ല എന്നാണ് സമൂഹം അവരോട് പറഞ്ഞിട്ടുള്ളത്. അവർ ഉള്ളവരായതുകൊണ്ട് അവർക്ക് ഇല്ലാത്ത ആരേയും പ്രീതിപ്പെടുത്തേണ്ടതില്ല

മിന്നു ഇക്ബാല്‍ said...

അതെ ,
കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും എച്ച്മൂന്റെ കൂടെ
ഉണ്ടാവട്ടെ ...
നന്നായിരിക്കുന്നു ..
ആശംസകള്‍!!

Areekkodan | അരീക്കോടന്‍ said...

ഇതില്‍ എത്ര കഥയാ പടച്ചോനെ????

മണ്ടൂസന്‍ said...

നാനാത്വത്തിൽ ഏകത്വം. അതിന്റെ വൈവിധ്യത ഇങ്ങനെ പറഞ്ഞറിയുമ്പോൾ നല്ല രസം മനോഹരമായ പോസ്റ്റ്. ആശസകൾ.

Echmukutty said...

ആചാരങ്ങൾ പരിചയപ്പെടുത്തിയതല്ലേ കൊച്ചുകൊച്ചീച്ചി? പക്ഷെ, കൊച്ചുകൊച്ചീച്ചിയുടെ നിലപാട് എനിയ്ക്ക് പെരുത്തിഷ്ടമായി.
ശ്രീനാഥൻ മാഷ്ടെ അഭിപ്രായത്തിനു നന്ദി.
മിനിടീച്ചറേ, അതല്ലേ നമ്മുടെ പുരാണകഥകളുടെ ഒരു മിടുക്ക്! എത്ര വേണമെങ്കിലും തരാതരം പോലെ കൂട്ടിച്ചേർക്കാം. ഓരോ സ്ഥലത്തും അവിടത്തേ രീതിയ്ക്ക് മാറ്റാം....എന്നിട്ട് പുരാണത്തിലുണ്ട് എന്നു കാച്ചാം. സാവിത്രിഅ അങ്ങനെ പറഞ്ഞിട്ടുണ്ടാവും, ഉണ്ടാവണമല്ലോ.
മേഫ്ലവർ,
സങ്കൽ‌പ്പങ്ങൾ,
അബ്ദുൽഖാദർ ജി,
വെട്ടത്താൻ ജി എല്ലാവർക്കും നന്ദി.
ഷാനവാസ് ജി പെണ്ണുങ്ങൾക്ക് കഴിഞ്ഞുകൂടാൻ ആണുങ്ങളുടെ ഔദാര്യം വേണമെന്നുള്ളപ്പോൾ (പഠിത്തം, ജോലി, സ്വത്ത്, അധികാരം ഒന്നുമില്ലാത്തവരല്ലേ പെണ്ണുങ്ങൾ)അവരെ പ്രീണിപ്പിയ്ക്കാതെ എങ്ങനെയാ? ആണുങ്ങൾക്ക് പെണ്ണുങ്ങളെ ജീവസന്ധാരണത്തീനായി പ്രണിപ്പിയ്ക്കേണ്ടതില്ലല്ലോ.ഭർത്താവാകുന്നതാണ്, അച്ഛനാകുന്നതാണ്, എന്നും സഭാര്യനായി കഴിയുന്നതാണ് പുരുഷന്റെ ഏറ്റവും വലിയ ഭാഗ്യമെന്നു ഏതെങ്കിലും ഒരു ആൺകുട്ടിയെ പറഞ്ഞു കേൾപ്പിച്ച് വളർത്താറുണ്ടോ?

Echmukutty said...

അമ്പോ! കല്ലാവല്ലഭന്റെ ഒരു ഗമ നോക്കിയേ! അങ്ങനെയാവട്ടെ, പുരുഷന്മാർ സ്വയം മിടുക്കരായി തന്റെ സ്ത്രീകളെ നോക്കാൻ പ്രാപ്തരായിരിയ്ക്കട്ടെ. കുറഞ്ഞപക്ഷം പ്രപഞ്ചത്തിലെ അനാഥരുടെ എണ്ണത്തിൽ കുറവുണ്ടാകുമല്ലോ.
സാരമില്ലെടേ,ജ്യോതി. അടുത്ത തവണയാകട്ട്, നമുക്ക് ആഘോഷിയ്ക്കാം. കേട്ടല്ല്, സമേം വരുമ്പം മറന്ന് പോവൂടല്ല്.
ദ മാൻ റ്റു വാക് വിത്,
അഭി,
ശ്രീ,
ലീലടീച്ചർ,
ശിവാനന്ദ് ജി,
മൈഡ്രീംസ് എല്ലാവർക്കും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
പെണ്ണൊരുമ്പെടുകയില്ലല്ലോ ചന്തുവേട്ടാ.അത്രേം കനമുള്ള ചങ്ങലകളുണ്ടല്ലോ അവൾക്ക് ചുറ്റും കഥയായിട്ടും കവിതയായിട്ടും ആചാരമായിട്ടും വിശ്വാസമായിട്ടും സംസ്ക്കാരമായിട്ടും ചരിത്രമായിട്ടും നിയമമായിട്ടും ഭരണമായിട്ടും....വായിച്ചതിൽ സന്തോഷം. ഈയിടെയായി ചന്തുവേട്ടനെ കാണാറില്ല.

Echmukutty said...

ഭാനുവിന്റെ അഭിപ്രായം വായിച്ചു. എങ്ങനെയയാലും ആ ഭരണത്തിലും ആ രാഷ്ട്രത്തിലും സ്ത്രീയ്ക്ക പങ്കില്ല്ല. സ്ത്രീ കവാടമാണെന്നും കവാടത്തിലൂടെ കുലധർമ്മങ്ങൾ പകർന്നു നശിയ്ക്കുമെന്നും അതുകൊണ്ട് കവാടകാവൽക്കാരനായി നിൽക്കലാ‍ണെന്നും കൂടി പുരുഷധർമ്മമായി. കാവൽജോലി എളുപ്പമാക്കാൻ പുതിയ പുതിയ നിയമങ്ങളും വേലികളും ഉണ്ടായി.
ബഷീർ അതിൽ പരിഹാസമില്ല,ഒട്ടും.വായിച്ചതിൽ സന്തോഷം.
ജാനകിയേ, കരണത്തടി മാത്രമല്ല, വയറ്റത്ത് ചവിട്ടും ഉറപ്പാണ്. അതിപ്പോ അട് ല തഡ്ഡിയായാലും കർവാചൌത്തായാലും. അതാണ് സത്യം. ബാക്കിയൊക്കെ ഇങ്ങനെ പറയാംന്നേയുള്ളൂ
സാബൂന് സംശയമായി. ഞാൻ തന്നെ എഴുതിയതാ. ഒരു സുഹൃത്ത് ആശുപത്രിയിലായിരുന്നു. അവിടിരുന്ന് എഴുതിയുണ്ടാക്കിയതാണ്. മോശമായിപ്പോയോ?
ഉഷശ്രീ,
പ്രദീപ് പൈമ,
സേതുലക്ഷ്മി,
കുസുമം,
ആത്മ എല്ലാവർക്കും വരവിനും അഭിപ്രായങ്ങൾക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.

Echmukutty said...

ഇല്ല,ജയൻ ഡോക്ടറെ, ആക്ഷേപഹാസ്യമൊന്നുമില്ല.
ഖാദു വായിച്ചതിൽ സന്തോഷം.
ധനലക്ഷ്മിയെ ഈയിടെയായി കാണാറേയില്ല, വന്നതിൽ വലിയ സന്തോഷം.ഇനീം വരണേ.
സിദ്ധീക്ജി വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.

Echmukutty said...

ഇതു ചെത്തുവാസുവിന്റെ കമന്റാണ്. എന്തുകൊണ്ട് ഇവിടെ പോസ്റ്റ് ആയില്ല എന്നെനിയ്ക്കരിയില്ല. എന്തായാലും ഞാൻ കോപ്പി പേസ്റ്റ് ചെയ്യുന്നു.
ChethuVasu has left a new comment on your post "കാരയടൈ , ആട്ടാ ചൽനി , അട് ല തഡ്ഡി, …… എല്ലാം അവനായ...":

ആകെപ്പാടെ രസം പിടിച്ചു വായിച്ചു ... മറന്നു പോയ സത്യവാന്‍ സാവിത്രി കഥ ഓര്‍മ്മിപ്പിച്ചതിനും .. ഓര്‍മ്മയെക്കാള്‍ ഭംഗിയോടെ അവതരിപ്പിച്ചതിനും നന്ദി ! അല്ലെങ്കിലും മിസ്ടര്‍ കാലമാടന്‍ ആളൊരു പാവമാ.. ആ മീശയും കൊമ്പും ഒക്കെ ഉണ്ടെന്നെ ഉള്ളൂ ...മൃദുല ഹൃദയനാ ... ഇഷ്ടന്‍ സുഖിപ്പിക്കളില്‍ പെട്ടെന്ന് വീണു പോകുന്ന ടയിപ്പാ ... എന്തായാലും ഈ പെണ്ണുങ്ങള്‍ക്ക്‌ ഒടുക്കത്തെ ബുദ്ധിയാന്നെ.. അങ്ങേരു പെട്ട് പോയി - പാവം - ട്രാപ് ഡ ! ഹ ഹ !

കര്‍വ ചൌതിനെ പറ്റി ഉള്ള കഥയും ഏറെ ഇഷ്ടപ്പെട്ടു -- സത്യം പറഞ്ഞാല്‍ വാസുവിന് ഈ ആഖോഷവുമായി അരല്പം ബന്ധം ഉണ്ട് കേട്ടോ..പക്ഷെ ഇതിനു പിന്നിലെ കഥ അറിയില്ലായിരുന്നു ..ബൈ ദ ബൈ, മെഹന്തിയില്ലാതെ വടക്കത്തി പെണ്ണുങ്ങള്‍ക്കെന്താഘോഷം !! ചന്ദ്രന്‍ ഉദിക്കാന്‍ വൈകിപ്പോയാല്‍ തൊണ്ട ഉണങ്ങി വറ്റി ഇവര്‍ക്കൊക്കെ എന്തെങ്കിലും സംഭവിക്കുമോ എന്ന് വാസു ഭയപ്പെട്ടിട്ടുണ്ട് .. മേഘങ്ങള്‍ ഉള്ള വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ചും ... ഹ ഹ !!

കഥകള്‍ എപ്പോഴും നമ്മളെ വല്ലാതെ ആകര്‍ഷിക്കും ...സ്വപ്നം കാണാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്‌ ... കഥകള്‍ സ്വപ്നം പോലെ സങ്കല്‍പം . .അത് കൊണ്ട് തന്നെ അവ വശ്യ മനോഹരം...! ഈ കഥകൊക്കെ പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടില്‍ ആന്നു നമുക്ക് ഒക്കെ അറിയാം... പെണ്ണിന്റെ പണി അവനെ സഹിക്കുകയും സംരക്ഷിക്കുകയും ..അവന്റെ കുട്ടിയെ പ്രസവിക്കുകയും അവവനില്‍ നിന്നും അവന്റെ ജീവന്റെ അംശം അവന്റെ അടുത്ത തലമുറയിലേക്കു അവനെ സംക്രമിപ്പിക്കുകയും ഒക്കെ ആണ് എന്നാണല്ലോ പൊതുവില്‍ -ആര്ഷവും ഭാരത ശാസ്ത്രവും - എന്നല്ല -ലോകത്തെവിടെയും പറഞ്ഞു വക്കുന്നത് - പറയുന്നത് .. അതിന്റെ പൂര്‍ണതയിലാണ് സ്ത്രീയുടെ പൂര്‍ണതയെന്നോ ആത്മ നിര്‍വൃതി എന്നോ ഒക്കെ വ്യാഖ്യാനമുണ്ട് -- സത്യത്തിനും ഭാവനക്കും ഇടയ്ക്കു എവിടെയോ അതിന്റെ നേര്‍വരകള്‍ സ്ത്രീ പുരുഷ ജനിതകതിലും -ഇണകള്‍ അടിസ്ഥാന കണ്ണികള്‍ ആയുള്ള സാമൂഹ ശാസ്ത്രത്തിലും - അതിന്റെ സമൂഹ മനശാസ്ത്രത്തിലും ഉണ്ട് .. അതിന്റെ സൈക്കോളജി തത്കാലം അവിടെ നില്‍ക്കട്ടെ ..അല്ല പിന്നെ !.. പകരം ഈ കഥകളെ ഓര്‍ത്തു ഒന്ന് ആസ്വദിചോട്ടെ ഒപ്പം സമൂഹങ്ങളും സംസ്കാരങ്ങളും സ്ത്രീയും പുരുഷനും പ്രകൃതിയും പരസ്പരം ഇഴപാകുന്ന സാങ്കല്പിക ഭാവനകളെ കുറിച്ചോര്‍ത്തു അവയെ ശ്രുഷ്ടിക്കുന്ന മനസ്സിനെ കുറിച്ചോര്‍ത്തു അല്പം വിസ്മയം കൊണ്ട് കൊള്ളട്ടെ ..

വനിതാ ദിനാനന്തരം എഴുതാന്‍ തിരഞ്ഞെടുത്ത പോസ്റ്റു ഒരു പക്ഷെ ആകസ്മികമായാല്‍ ക്കൂടി ,പതിവ് പോലെ ഉചിതമായി - ആശംസകള്‍ !

വളരെ നന്ദി HMu !

ബൈ ദ ബൈ : വാസുവിന്റെ വിമിന്‍സ് ഡേ പോസ്റ്റ്‌ ഇവിടെ : പിന്നെ
ഇവിടെയും ഹ ഹ !



Posted by ChethuVasu to Echmuvodu Ulakam / എച്മുവോട് ഉലകം at March 13, 2012 6:09 PM

Echmukutty said...

ചെത്തുവാസുവിന്റെ പ്രതികരണം ക്ലിക് ചെയ്തില്ല. പകരം ഞാൻ അഭിപ്രായം കോപ്പി പേസ്റ്റ് ചെയ്തു.കാലന്റെ സൈഡ് പിടിച്ച് വാദിയ്ക്കണതു കൊള്ളാം. വിശദമായ വിലയിരുത്തലിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.
ഇസ്മയിലിനു നന്ദി. വന്നതിൽ സന്തോഷം.
എന്റെ പൊന്നു റോസാപ്പൂവേ, ബാക്കി ദിവസങ്ങളിൽ ഇങ്ങനെ ചമഞ്ഞൊരുങ്ങിയാ പെണ്ണുങ്ങള് നിൽക്കല്? കുട്ടീടെ ചന്തി കഴുകിക്കുകയോ, ചാണക വരളി അടുപ്പിൽ തിരുകി പുകയൂതുകയോ, മൂത്രത്തുണി തിരുമ്മുകയോ ഒക്കെയാവില്ലേ? അപ്പോ ആര്ക്കാ ഈ പെണ്ണുങ്ങളെ ഉമ്മവെയ്ക്കാൻ തോന്നാ...
അതേന്ന് യൂസുഫ്പാ. ഒക്കെ അവന് തന്നെ.
എന്റെ മിനിടീച്ചറെ, ഇപ്പോ അതു കൂടി വരാന്നാ തോന്നണത്. മോൾക്ക് പതിനെട്ടായീ‍, നല്ലൊരു ചെക്കനെ എപ്പോഴാവോ കിട്ടാ എന്ന് ഒരമ്മ രണ്ട് ദിവസം മുൻപ് കരയുന്നുണ്ടായിരുന്നു.എനിയ്ക്ക് ഒന്നും തന്നെ പറയാൻ അറിയുന്നുണ്ടായിരുന്നില്ല. അത്ര വേദനയിലാണ് അവർ സംസാരിച്ചത്.
ശങ്കരനാരായണൻ ജി അഭിനന്ദിച്ചതിൽ സന്തോഷം.

Echmukutty said...

വേണുഗോപാൽജി, സ്വൈരമില്ലെങ്കിലും വ്രതം നോൽക്കണമെന്നാണ്. ഭർത്താവിന്റെ അടിയേറ്റ് മരണപ്പെട്ടാൽ സ്വർഗ്ഗം കിട്ടുമെന്നാണ് പറഞ്ഞു പഠിപ്പിയ്ക്കാറ്. അത്രയ്ക്കും വിധേയത്വം വേണം. അയാൾ ദൈവാന്ന് വിചാരിയ്ക്കണം.പോരേ? ബ്ലോഗ് ഡാഷ് ബോർഡിൽ വരാത്തതെന്താണാവോ?
ശ്രീനന്ദ ഇപ്പോ അങ്ങനെ വരാറില്ല. കണ്ടതിൽ വളരെ സന്തോഷം കേട്ടോ.ഇനീം വരണേ.
ഷീബ വായിച്ച് അഭിപ്രായം എഴുതിയതിൽ സന്തോഷം.
അമ്പടാ! ചാണ്ടിച്ചായന്റെ ആശ കണ്ടോ? ഉം, അങ്ങനെ വിചാരിച്ച് സമാധാനിച്ചോളു കേട്ടോ.
മിന്നുക്കുട്ടി എന്നെ വലച്ചല്ലോ. ഹൃദയത്തിൽ തന്നെ തൊട്ടുകളഞ്ഞല്ലോ. ആ മത്തങ്ങാ കണ്ണുള്ളവനോട് അങ്ങനെ വേണം എന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ.

അരീക്കോടൻ ജി കഥകൾ വായിച്ചു ക്ഷീണിച്ചുവോ?
മണ്ടൂസൻ വന്നതിലും വായിച്ചതിലും നന്ദി, ഇനിയും വരണേ.
എന്റെ എല്ലാ കൂട്ടുകാർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്......

വി.എ || V.A said...

..കൊള്ളാം, നല്ല വിവരണവും പലർക്കും പ്രയോജനപ്പെട്ട പോസ്റ്റും.
അറുപത്തിമൂന്ന് അഭിപ്രായങ്ങളായപ്പോഴാണ് എനിക്കെത്താനായത്. എച്ച്മുക്കുട്ടി എഴുതിയ വിഷയത്തിൽ ചില പുരാണകഥാപാത്രങ്ങൾ വന്നതിനാൽ, എന്റേതായ ചെറുവാക്യങ്ങൾ ചേർക്കുന്നു.
* ചന്തുമാഷേ, ‘കുന്തി’ക്ക് കിട്ടിയ വരം ഒരു പ്രാവശ്യം മാത്രമേ പരീക്ഷിച്ചുള്ളൂ. അതാണല്ലോ ‘കർണ്ണൻ’. പിന്നെ പതിയായ ‘പാണ്ഡു’വിന്റെ അഭീഷ്ടപ്രകാരം യഥാക്രമം രണ്ടും മൂന്നും നാലും- ‘ധർമ്മപുത്രർ’, ‘ഭീമൻ’, ‘അർജ്ജുനൻ’ എന്നീ മൂന്നുപേർ. അഞ്ചാമത്തെ വരം ‘ദ്വൈദേഹി’കളായ ‘അശ്വിനീദേവന്മാ’രായിരുന്നു. അതിനാൽ അതുപോലെതന്നെ നകുല-സഹദേവന്മാരും...

* ശ്രീ.പ്രദീപ്കുമാർ, ശ്രീ.മിനിറ്റീച്ചർ, ‘അവൾ’ക്കായി പ്രാർത്ഥിച്ചവരിലും മകളെ കിട്ടിയവരുമുണ്ട്. പ്രജാപതിയായ ‘ദക്ഷ’ന് മകളായി ‘സതി’യെ കിട്ടിയതുപോലെ പലർക്കും...(വിശദമായി പിന്നീട്...).

* ശ്രീ.ഭാനു കളരിക്കലിന്റെ അഭിപ്രായത്തിന് നല്ല പ്രസക്തിയുണ്ട്..

പലരും ‘വൃതം’ എന്നെഴുതിക്കാണുന്നു, ‘വ്രതം’ തന്നെ ശരിയായ വാക്ക്.

* റോസാപ്പൂക്കളുടെ സംശയം നന്നായി. മഹാനായ ‘ചന്ദ്ര’ന് അങ്ങനെ പ്രത്യേകദിവസമെന്നില്ല. സമയവും സന്ദർഭവും നോക്കി എവിടേയും.......(‘ബൃഹസ്പതി’യുടെ ഭാര്യ ‘താര’യിൽ തുടങ്ങുന്നു തന്റെ ‘കുസൃതി’കൾ). അതുകൂടി മേമ്പൊടിയാക്കി എച്ച്മു ഒരു പോസ്റ്റിട്ടാൽ നല്ലത്. (ഇല്ലെങ്കിൽ സമയം പോലെ ഞാനിട്ടുപോവുമേ...)

* കാലൻ = കാലം. സമയമെത്തുമ്പോൾ ‘കാലൻ’ വരും. ശരീരമെന്ന യന്ത്രം പ്രവർത്തിച്ചുതകരുമ്പോൾ, ദേഹത്തിലുള്ള ഘടകങ്ങൾക്ക് ശക്തിയില്ലാതാകുമ്പോൾ ‘മരണ’ത്തെ കൊണ്ടുവരുന്ന ‘കാല’ത്തിനെ ‘കാലൻ’ എന്ന കഥാപാത്രമായി അവതരിപ്പിച്ച മഹാജ്ഞാനിയായ ‘മഹർഷി’ക്കുമുമ്പിൾ നമിക്കണം. (അദ്ദേഹം ഇവിടെയെവിടെയെങ്കിലുമുണ്ടാവും, ‘ചിരഞ്ജീവി’യാണല്ലൊ)...

Unknown said...

ആഹ്..
വായിച്ച് തീര്‍ന്നതറിഞ്ഞില്ല..
കര്‍വ്വാചൌത്തിന്റെ കഥ ആദ്യമായ് കേള്‍ക്കുകയാണ്, നന്ദീട്ടാ, അതിന്റെ പിന്നിലെ കഥയെന്താണെന്ന് പലപ്പോഴും ഓര്‍ത്തിരുന്നു..

മനോജ് കെ.ഭാസ്കര്‍ said...

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….
വ്യത്യസ്ത വിഷയങ്ങള്‍ വിളമ്പുന്ന എച്മുവോട് ഉലകത്തിന് നന്ദി, അഭിനന്ദനങ്ങള്‍.....

പ്രയാണ്‍ said...

വിചിത്രമായ ആചാരങ്ങളില്‍ കഷ്ടമായത് മുഴുവന്‍ സ്ത്രീക്ക്...... സ്ത്രീയുടെ ആയുരാരോഗ്യത്തിന്നു വേണ്ടിയെന്തെങ്കിലും.........!!!!!!!!!!!

Geethakumari said...

കഥകള്‍ കഥകള്‍ തന്നെയാകട്ടെ എന്നാണ്‌ എന്നും എന്റെ പ്രാര്‍ത്ഥന. വ്യത്യസ്തമായ ഒരു വായനാനുഭവം.തികച്ചും മറ്റൊരു ശൈലി .കൊള്ളാം .ഇഷ്ടമായി .കഥയും അത് പറഞ്ഞ രീതിയും.ആശംസകള്‍ .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എച്മുവിന്റെ കഥ പറച്ചില്‍ വളരെ ഹൃദ്യമായി

ഏതോ ഒരു ലോകത്തെത്തിപ്പെട്ടപോലെ തോന്നി.
ഇന്നാണെങ്കില്‍ സാവിത്രിയുടെ കഥ എങ്ങനായിരിക്കുമൊ?

"അര്‍പ്പിതമനസ്സ്‌" അല്ലെ അര്‍പ്പണമനസിനെക്കാള്‍ നല്ലത്‌

A said...

സത്യവാന്‍ സാവിത്രി പുരാണം ശരിക്ക് അറിഞ്ഞത് ഇപ്പോഴാണ്.
വൃതം നോറ്റാലും ഇല്ലെങ്കിലും, പരസ്പരം മനസ്സിലാക്കുന്ന രണ്ടു പേര്‍ക്ക് ജീവിതയാത ഒരുമിച്ചു മധുരതരമാക്കാം. എച്ച്മുവിന്റെ പതിവ് കഥകളില്‍ നിന്ന് വിട്ട പല ചേരുവകളും കൊണ്ടു ഇത് ശ്രദ്ധേയമായി.

Admin said...

കഥ വായിക്കാനിത്തിരി സമയം കൂടുതലെടുത്തു. എന്നാലും മുഴുവന്‍ വായിച്ചു. എനിക്കിഷ്ടപ്പെട്ടു. ആശംസകള്‍..

ഇന്ദൂട്ടി said...

എച്ച്മുവോട് ഉലകം...ഇഷ്ടപ്പെട്ടു ....ഈ അത്ഭുത ലോകം ...ഇല്ലത്ത്‌ തിരുവാതിര നോയമ്പ് നോല്കുന്നത് ഓര്‍മ വരുന്നു ...ഭാവി വരന് വേണ്ടി ..ഇത് വരെ കണ്ടിട്ടില്ലാത്ത അവനു വേണ്ടി ..താലിഭാഗ്യതിനു വേണ്ടി ....ശ്രീപാര്‍വതി കടാക്ഷിക്കാന്‍ ദശപുഷ്പവും തിരുവാതിര നിവെദ്യവുമായുള്ള പൂജകള്‍ ....വളരെ നല്ല വിവരണം ...ആശംസകള്‍ ...

വിധു ചോപ്ര said...

ഇവിടെ കണ്ണൂരിലുമുണ്ടല്ലോ“പൂരം”എന്ന ഏർപ്പാട്. വിഷുവിനു തൊട്ട് മുൻപാണത്. കാമദേവനെ സോപ്പിടുന്ന ഒരു പരിപാടിയാണിത്. ചാണകം കൊണ്ടും മണ്ണു കൊണ്ടും കാമദേവനെ ഉണ്ടാക്കി ചെമ്പകപ്പൂവു കൊണ്ട് അതിന്റെ പാദം അലങ്കരിച്ച്, അടയൊക്കെ നേദിച്ച് നല്ല മാപ്പിളയെ കിട്ടാൻ പെണ്ണുങ്ങൾ നടത്തുന്ന ഉത്സവമാണു “പൂരം”. എനിക്കിതൊക്കെ പറയാൻ മടിയുണ്ട്.വേറെ കണ്ണൂർക്കാരാരാപ്പാ ഇവിടെയുള്ളത്?
ങ്ഹാ! മിനി ടീച്ചറേ ഒന്നിടപെടാമോ?

ഷെരീഫ് കൊട്ടാരക്കര said...

സത്യവാന്‍ സാവിത്രിയും ഉത്തരേന്ത്യന്‍ കഥയും കേട്ടപ്പോള്‍ ആന്ധ്രാ ചടങ്ങിനും കഥ കാണുമെന്ന് കരുതി. നോ ഫായിദാ. അവിടെയും ഒരു കഥ കാണുമായിരിക്കും അല്ലേ? ഈ കഥകളിലൂടെ നമ്മുടെ പഴയകാലം എന്നുമെന്നും നില നില്‍ക്കട്ടെ.

മണ്ടൂസന്‍ said...

പലതരം ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ കൊച്ചു ഭാരതത്തിന്റെ മറ്റു ആചാരങ്ങൾ ഒക്കെ മനസ്സിലാക്കാൻ സഹായിച്ചു. സത്യവാൻ സാവിത്രി കണ്ടിരുന്നു,ഈയടുത്ത കാലത്ത്.അത് കൊണ്ട് ആദ്യഭാഗം ശരിക്കും ഓടി. ആശംസകൾ.

കാടോടിക്കാറ്റ്‌ said...

വീരവതിയുടെ കഥ കേട്ടിട്ടില്ല. കുറേ പുതിയ വിവരങ്ങളും തന്നുട്ടോ എച്മു. എച്ച്മുവിന്‍റെ കഥ പറച്ചിലും ആസ്വദിച്ചു വായിച്ചു...
മുന്നേ വന്നു വായിച്ചെങ്കിലും കമെന്‍റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല...
നന്മകള്‍..

സുധി അറയ്ക്കൽ said...

ദൈവമേ!!!എത്ര അറിവുകളാ ചേച്ചി പറഞ്ഞു തന്നിരിക്കുന്നത്‌!!!!

പുറകിൽ നിന്നും വായിച്ച്‌ ഇവിടം വരെ എത്തി.