ലേഖനം, കഥ, കുറിപ്പ് ഇതൊന്നുമല്ല ചില ജീവിതങ്ങള്‍
നീണ്ട തലക്കെട്ട് എഴുതി അടിയിൽ ഒരു വരയും വരച്ചിട്ട് നാലഞ്ചു
ദിവസമായി. നല്ലൊരു വിഷയമാണ് പത്രാധിപർ എഴുതാൻ തന്നത്. ഇതുവരെ ഒറ്റയക്ഷരം പോലും
എഴുതിയിട്ടില്ല. ഇപ്പോൾ കുറെ സമയമായി ഈ ലാപ് ടോപ്പിന്റെ
മുമ്പിലിരിക്കുന്നു. പാതിരാവിൽ ഭര്‍ത്താവിന്റെ കിടക്കയിൽ നിന്നെണീറ്റ് വരുമ്പോള്‍ പല്ലു കടിച്ചുകൊണ്ടുള്ള ആ
മുറുമുറുപ്പ് ചെവിയില്‍ വീഴാതിരുന്നില്ല. ‘ കൂത്ത്ത്തിച്ചി, അവളുടെ കൂടെ കെടക്കാന്‍ ഞാൻ എത്ര പത്രാധിപന്മാരുടെ സമ്മതം
മേടിക്കണം’. പലപ്പോഴും മൂകയായിരിക്കുമ്പോഴാണ്
ചെകിടിയായിരിക്കുമ്പോഴാണ് അന്ധയായിരിക്കുമ്പോഴാണ്
വീട്ടിലെ പെണ്ണിന് ആദരവുണ്ടാവുന്നത്.
പറയുന്നത് കേട്ടാൽ തോന്നും കൂടെ കിടന്നില്ലെങ്കിൽ കണ്ണു കൂമ്പുകയില്ലെന്ന്. സ്വന്തം ആവശ്യങ്ങള്‍ മാത്രം നടന്നാല്‍ ഉടനെ തിരിഞ്ഞു
കിടന്നുറങ്ങുന്നതാണ് ആണത്തമെന്ന് വിചാരിക്കുന്നയാള്‍.... കിടക്കുന്നതിനു മുന്‍പ് ഭാര്യയ്ക്ക് താല്പര്യമുണ്ടെന്ന് ഏതെങ്കിലും ഒരു കാലത്ത് സംശയം തോന്നിയിട്ടുള്ള എല്ലാറ്റിനേയും, എന്നുവെച്ചാല്‍ പാവയ്ക്കാ കൊണ്ടാട്ടം തൊട്ട് ഷാറൂഖ് ഖാനെ വരെ ചെവിക്കല്ലു പൊട്ടുന്ന പച്ചത്തെറികളില്‍ കുളിപ്പിച്ച ശേഷം കിടക്കയില്‍ ഉയര്‍ന്നു വരുന്ന ആ ശരീരത്തിനോട് എന്ത് വികാരമാണ് ബാക്കിയാവുക?
എഴുത്തെന്നല്ല ചെയ്യുന്ന ഒരു കാര്യവും ഇഷ്ടപ്പെടുകയില്ല. ആണുങ്ങള് എല്ലാ
കാര്യങ്ങളും ഭംഗിയായി എഴുതിക്കഴിഞ്ഞുവെന്നും ഇനി പെണ്ണുങ്ങള്‍ക്ക് പുതിയതായി
യാതൊന്നും എഴുതാനില്ലെന്നും എപ്പോഴും പറയാറുണ്ട്. പത്രാധിപന്മാരാണ് ഈ
പെണ്ണുങ്ങളെക്കൊണ്ട് ഓരോ മണ്ടത്തരങ്ങളൊക്കെ
എഴുതിച്ചു എന്തോ ഒരു വലിയ ആളാണെന്ന തോന്നല്‍ ഉണ്ടാക്കുന്നത്. അവരെയാണ് ആദ്യം വടിയെടുത്ത് അടിക്കേണ്ടത്. ‘
മാധവിക്കുട്ടിയും സുഗതകുമാരിയും ഒന്നും ഈ വീട്ടില്‍ വേണ്ട’ എന്ന് എപ്പോഴും ചൂണ്ടിക്കാണിക്കും. ഒന്നോ രണ്ടോ
കഥകള്‍ക്ക് ചെറിയ സമ്മാനം കിട്ടിയതും ടി വിയില്‍ ഒരു ഇന്റര്‍വ്യൂ വന്നതും ഒട്ടും ഇഷ്ടമായിട്ടില്ല.
എങ്കിലും അതൊക്കെ സഹിച്ചു കഴിയുന്നതായി ഭാവിക്കുന്നത് ഇപ്പോഴത്തെ ഭര്ത്താക്കന്മാര്ക്കു സ്ത്രീകളൂടെ പ്രശ്നങ്ങളെപ്പറ്റി നല്ല
അറിവൊക്കെയുണ്ടെന്ന് പുറമേ തോന്നിപ്പിക്കേണ്ട ഒരു പുരോഗമന ട്രെന്റനുസരിച്ചു മാത്രമാണ്.
ഭാര്യയുടെ ജോലിയില്‍ നിന്ന് ലഭ്യമാവുന്ന എല്ലാ സൌകര്യങ്ങളേയും അനുഭവിച്ചു കൊണ്ടു അതിനെ
നിസ്സാരമാക്കിക്കാണിച്ച് , ഞാന്‍ എന്റെ ഭാര്യയെ പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവദിക്കുന്നുവെന്ന് പറയുന്ന ചില ഭര്ത്താക്കന്മാര്ക്കുള്ള പല നാട്യങ്ങളില്‍ ഒരു നാട്യം.
ഇതൊക്കെ ഓര്‍ത്തിരുന്നാല്‍
പോരല്ലോ. എഴുതണമല്ലോ.
ജനല്‍ പതുക്കെ തുറന്നു
വെച്ചു....പുറത്ത് നല്ല നിലാവാണ്. തണുത്ത കാറ്റും വീശുന്നുണ്ട്.
അപ്പുറത്തെ പള്ളിയിലെ കന്യകാ
മാതാവിന്റെ തിരുരൂപം കാണാം. എല്ലാ ചൊവ്വാഴ്ചയും പള്ളിയില്‍ സ്ത്രീകളുടെ
അതിഭയങ്കരമായ തിരക്കാണ്. പെണ്ണുങ്ങള്‍ക്ക് എത്ര നേരം പ്രാര്‍ഥിച്ചാലും മതിയാവില്ല.
എന്തൊക്കെയാവും അവര്‍ കൂട്ടത്തോടെ പ്രാര്ഥിക്കുന്നുണ്ടാവുക? മക്കള്‍ക്ക് നന്മ
വരുത്തണേ, എല്ലാവര്ക്കും നല്ല ബുദ്ധി കൊടുക്കണേ, ഭര്‍ത്താവിനു നന്മ വരണേ ………..
മാതാവേ, എനിക്കും എന്റെ
കുഞ്ഞുങ്ങള്‍ക്കും വീട്ടില്‍ ശകലം ആദരവ് കിട്ടണേ അല്പം അഭിമാനം
സംരക്ഷിക്കപ്പെടണേ എന്നൊക്കെ വല്ല പെണ്ണുങ്ങളും പ്രാര്‍ഥിക്കുന്നുണ്ടാവുമോ? ഇനി അഥവാ അങ്ങനെ
പ്രാര്‍ഥിച്ചാല്‍ കന്യകാമാതാവായാലും സിംഹത്തിന്റെ പുറത്തിരിക്കുന്ന ദുര്‍ഗ്ഗയായാലും പ്രാര്‍ഥന കേള്‍ക്കുമോ? അഭ്യസ്തവിദ്യയും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവളും എഴുത്തുകാരിയുമായ സുജാതയ്ക്ക്
പരിചയമില്ലാത്ത വീടകങ്ങളിലെ ആദരവിനെ പറ്റി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ വരുന്ന
സാധാരണ സ്ത്രീകള്‍ക്കായിരിക്കുമോ അറിവുണ്ടായിരിക്കുക? ആ വാക്കിന്റെ അര്‍ഥം ശരിക്കും എന്താണെന്ന്
അതിനെക്കുറിച്ച് എഴുതാന്‍ പറഞ്ഞ പത്രാധിപരോട്
തന്നെ ആദ്യം ചോദിച്ചാലോ എന്ന്
തോന്നിയിരുന്നു. എങ്കിലും പിന്നെ അതു വേണ്ടാ എന്നു വെച്ചു. വാക്കര്‍ഥം
പോലുമറിയാത്ത ആളാണോ എഴുതുന്നതെന്ന് പത്രാധിപര്‍ വിചാരിച്ചാലോ?
സുജാത എഴുതുവാൻ തുടങ്ങുകയായിരുന്നു……..
ഉണ്ണീ... ഉണ്ണീ
എന്തെരെടേ പച്ചപ്പാതിരായ്ക്ക്
കെടന്നലറുന്നത്?
നീയുറങ്ങിയാരുന്നോ?
ഇല്ല, ഇല്ല. ഉറങ്ങാമെന്ന് വിചാരിക്കുമ്പോഴാ, ഇന്ന് പ്രോജക്റ്റില്‍
ജോയിന്‍ ചെയ്ത ആറ്റന്‍ പീസി നെ ഓര്‍മ്മിച്ചത്. ആ ഓര്‍മ്മയോട് ആദരവ് പുലര്‍ത്തിയാല്‍ പിന്നെ ....
എടാ, ഈ ആദരവാ എന്നേം
കഷ്ടത്തിലാക്കിയതിപ്പോ.
നീ വല്ല പീസിന്റേം ...
അതൊന്നുമല്ല, എന്നാ എത്ര
ഭേദമായിരുന്നു. ഇത് വെറും ഇന്റലക്ച്വല്‍ പ്രോബ്ലം.
പീസുകളുമായിട്ടോ? പീസുകള്‍ക്ക്
എവിടേടെ ഇന്റലക്റ്റ്? ആകെയുള്ളത് ചന്തീം മുലേം...
ഉണ്ണീ, പ്ലീസ്.
ഒ.കെ മാന്‍ പറയൂ.
എന്റെ ബോസില്ലേ, ന്യൂയോര്ക്ക്കാരന് സായിപ്പ്. ആവശ്യത്തിലുമധികം
അടുപ്പമായിപ്പോയി. അറുത്ത് മുറിക്കാന്‍ വയ്യ . വല്ല പെണ്ണുമായിരുന്നു ബോസെങ്കില്‍ നീ
പോടീ എന്ന് ഒറ്റ ആട്ട്
വെച്ച് കൊടുക്കാമായിരുന്നു .
ആണുങ്ങളോട് ആണുങ്ങള്‍ക്ക്
അങ്ങനെ പറ്റില്ലല്ലോ.
എന്തരടേ നീ പറയണത്?
എന്റെ ഇംഗ്ലീഷ് ഭാഷാ
സ്വാധീനവും ചില്ലറ ജനറല്‍ നോളജും ആണ് ഈ കുഴപ്പമെല്ലാമുണ്ടാക്കിയത്. പിന്നേ ഒന്നിച്ച് കുറെ യാത്രകള്‍ .... ഹരേ കൃഷ്ണാ ഹരേ രാമക്കാരുടെ
അമ്പലത്തിലെ ഇടയ്ക്കിടെയുള്ള സന്ദര്‍ശനം. ഭഗവദ്ഗീതാ ക്ലാസ്.... സായിപ്പിനു ഭാരതീയ സംസ്ക്കാരം
പെരുത്തിഷ്ടമായി. എന്റെ വാചകമടി കേട്ട് കേട്ട്
അങ്ങനെയായി എന്നു പറയാം.
എടേ, കം ടു ദ പോയന്റ്.
അമേരിക്കേലെ കുടുംബങ്ങള്‍
തകരുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയായിരുന്നു.
ഞാന്‍ പറഞ്ഞു.നമ്മള് സ്ത്രീകളെ പൂജിക്കുന്ന ആദരിക്കുന്ന ആള്‍ക്കാരായതുകൊണ്ട് ഇവിടെ കുടുംബങ്ങള്‍ അങ്ങനെ തകരില്ല. യത്ര നാര്യസ്തു പൂജ്യന്തേ... എന്ന് ചൊല്ലി. നമ്മുടെ ദേവീ സങ്കല്പത്തെപ്പറ്റിയും കുട്ടികളെ ഗണപതിക്കു
വെയ്ക്കലിനെപ്പറ്റിയും കേമമായി വിശദീകരിച്ചു. നവരാത്രിക്കാലത്തെ കന്യാപൂജയെപ്പറ്റി
വിസ്തരിച്ചു സംസാരിച്ചു.
ഉം.
അമേരിക്കേല് പിള്ളേര്
തോക്കെടുത്ത് വെടിവെച്ചു ആള്‍ക്കാരെ ശരിക്കും കൊന്നു കളയുന്നതിനെപ്പറ്റിയൊക്കെ
പാട്രിക് സങ്കടത്തോടെ
സംസാരിക്കാറുണ്ട്. ടീനേജില്‍ അമ്മയാവാൻ തുടങ്ങുന്ന പെൺകുട്ടികളെപ്പറ്റി പറയുമ്പോൾ പാറ്റിനു ശ്വാസം
മുട്ടുന്നുണ്ടായിരുന്നു. കഴിഞ്ഞ നൂറു വര്‍ഷമായി, ലോകത്തേതെങ്കിലുമൊരു
രാജ്യവുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്ക ഒരു അബ്സൊല്യൂട്ട് റോഗ് കണ്ട്രിയാണെന്ന്
വിശ്വസിക്കുന്ന ഒരമേരിക്കക്കാരനാണു സായിപ്പ്. പോരാത്തതിനു തികഞ്ഞ സത്യസന്ധനും.... ആന്‍ഡ് ഓപ്പണ്‍ മൈന്‍ഡഡ് ആള്‍സോ
വെരി ഡേഞ്ചറസ് കോംബിനേഷന്‍
....
അത് തന്നെയാണു കുഴപ്പം. സാധാരണ
സായിപ്പുമാര് നമ്മുടെ കെട്ടുറപ്പുള്ള കുടുംബ സങ്കല്പം, ദേവീ പൂജ, ഗണപതി, ഒന്ന് രണ്ട് സംസ്കൃത ശ്ലോകം ഇതൊക്കെ കേള്‍ക്കുമ്പോള്‍ ബ്രില്ല്യന്റ് !
ഗ്രേറ്റ് ! എന്നൊക്കെ പറഞ്ഞ് അവരുടെ പാട് നോക്കി പൊക്കോളും. എന്നിട്ട് പൊട്ടു തൊട്ട പെണ്ണുങ്ങളുടെ
മുഖകാന്തിയെപ്പറ്റിയും കുപ്പിവളകളിട്ട കൈത്തണ്ടകളെപ്പറ്റിയും വര്‍ണാഭമായ സാരികളെപ്പറ്റിയും ഒക്കെ ഇംഗ്ലീഷില്‍ കൊഴകൊഴ എന്ന്
വല്ലതും കാച്ചും. വേറെ
ഉപദ്രവമൊന്നുമുണ്ടാകാറില്ല.
സായിപ്പ് എന്നാ ചെയ്തെന്നാ കോപ്പേ നീ
പറഞ്ഞോണ്ട് വരുന്നത്?
പാറ്റ് നമ്മുടെ ചുറ്റും കാണുന്ന
പെണ്ണുങ്ങളേം കുട്ടികളേം ഒക്കെ ശ്രദ്ധിക്കുകയും അവരുടെ ജീവിതത്തെപ്പറ്റി
പഠിക്കുകയും ഒക്കെ ചെയ്ത്.........
സായിപ്പ് നാട്ടുകാരുടെ അടി
മേടിക്കുമോടേയ്...........ഈ പെണ്ണുങ്ങളെ പറ്റി എന്തരടേ ഇത്ര പഠിക്കാനെന്ന്.......
നീ കേള്‍ക്ക് ....... ആദരവും പൂജയുമൊക്കെ ഞാന്‍ പറഞ്ഞു.
സായിപ്പ് എല്ലാം ഇത്ര ഗൌരവത്തിലെടുക്കുമെന്ന്, സിന്‍സിയറായി വിശ്വസിക്കുമെന്ന് ഞാന്‍ കരുതിയില്ല.....
ഓഫീസിലെ തൂപ്പുകാരിയുടെ നിസ്സാര വീട്ടു പ്രശ്നം വന്നു. സായിപ്പ്
നോക്കുമ്പോ എന്താ? ഭര്‍ത്താവ് എന്നും അവളെ തല്ലും...
അയാള്‍ക്ക് കള്ളു കുടിക്കാന്‍ അവള് കാശു കൊടുക്കണം. ഒരു
കള്ളുകുടിയന് ഭര്‍ത്താവ് കാണിക്കുന്ന സകല തെണ്ടിത്തരവും അയാള്‍ ചെയ്യും.......... അവളേം പിള്ളേരേം
തല്ലുക, ചട്ടീം കലോം അടിച്ചു പൊട്ടിക്കുക, തലമുടിക്ക് പിടിച്ച് അവളെ റോഡിലൂടെ വലിക്കുക...
പഠിത്തവും വിവരവും ഇല്ലാത്തവര്‍ ഇങ്ങനൊക്കെ തന്നെ അല്ലേ? അവളു ഓഫീസിന്റെ
ക്യാമ്പസ് ക്വാര്‍ട്ടേഴ്സില്‍ ആണ് പാര്‍പ്പ്. ഒരു ഇരുമ്പ് കമ്പീടെ കഷ്ണം കൈയില്‍
ചുരുട്ടിപ്പിടിച്ച് അയാള്‍ അവളെ ഇടിച്ചു. ചോരേം ഒലിപ്പിച്ച് അയ്യോന്ന് കരഞ്ഞ് അവള് ഓഫീസിലേക്ക് ഓടിവന്നു.
പത്തുവയസ്സുള്ള മൂത്ത പെണ് കൊച്ചിനെ അയാള്‍
ആര്‍ക്കോ വില്ക്കാന് നോക്കുന്നൂ എന്ന് പറഞ്ഞാ അവള് ഒച്ചവെച്ച് കരയണത്. സായിപ്പ് ഒട്ടും നേരം കളയാതെ പോലീസിനെ
വിളിച്ചു വരുത്തി.
സായിപ്പ് സേവിയര്‍ കളിക്കുകയാരുന്നോ?
കളിയൊന്നുമല്ല. ഹി വാസ് ഡാം
സീരിയസ്. നമ്മുടെ പോലീസല്ലേ? ഈ തൂപ്പുകാരി പെണ്ണുങ്ങളെയൊക്കെ കള്ളുകുടിയന് ഭര്‍ത്താവ് ചതക്കണതും അവളുടെ മോളെ
വില്‍ക്കണതും പിള്ളേരെ തല്ലണതും മറ്റും അവര്‍ക്കെന്ത് കേസ് ? പിന്നെ മറ്റുള്ളവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍
നമുക്ക് ഒക്കെ ഒരു മടിയുണ്ടാവില്ലേ....
തന്നെ തന്നെ.
പോലീസ് വന്നപാടെ കള്ളുകുടിയനിട്ട് രണ്ട്
പൊട്ടിച്ചു. അവളോട് ഒച്ചയും വിളിയും ഉണ്ടാക്കാതെ അനുസരണയോടെ അടങ്ങിയൊതുങ്ങിക്കഴിയാന്‍
പറഞ്ഞ് വീട്ടിലേക്ക് വിടുകയും ചെയ്തു. കൂടുതല്‍ ഇടപെട്ടാല്‍ പിന്നെ....
പോലീസിനു തന്നെ പ്രയാസങ്ങള്‍. ഭാര്യേം ഭര്‍ത്താവും കൂടി ഒടനേ
കേറിയങ്ങ് ഒട്ടും. എല്ലാ സിനിമകളിലും
കഥകളിലും തോനെ ഒണ്ടല്ല്,
.
പോലീസുകാരു ഞങ്ങളോട് പറഞ്ഞു ഇത് ഇന്ത്യയാണ് അമേരിക്കയല്ല എന്ന് സായിപ്പിനെ പറഞ്ഞു മനസ്സിലാക്കാന്‍.
..... അമേരിക്കക്കാരികളെ പോലെ തൊട്ടതിനും പിടിച്ചതിനും പെണ്ണുങ്ങള് ഇങ്ങനെയൊന്നും കാണിക്കില്ല.
നമുക്ക് നല്ല കെട്ടൂറപ്പുള്ള കുടുംബബന്ധങ്ങളാണെന്ന്...... ഭാര്യയായിട്ട് ജീവിക്കുമ്പോ അതല്ലെങ്കില്‍ ചോദിക്കാനും പറയാനും കഴിവുള്ള
ആണൊരുത്തന്റെ കീഴില്‍ ജീവിക്കുമ്പോ കിട്ടണ ആദരവിനെ പറ്റി നമ്മുടെ നാട്ടിലെ
പെണ്ണുങ്ങള്‍ക്ക് നല്ല അറിവാണെന്ന്....
വലിയവരു പറയണത് കേട്ട് അടങ്ങിയൊതുങ്ങി അല്പം തഞ്ചപ്പെട്ട് വീട്ടി നിന്നാ യേതു പെണ്ണിനും
കിട്ടും ആദരവ്. അതിലെന്തര് ഇത്ര സംശയിക്കാനൊള്ളത്
?
സായിപ്പിനു അത് പറഞ്ഞിട്ട് കേറുന്നില്ല, ആ പുങ്കന്‍
തലേലോട്ട് .... പൂജയും ദേവീം ആദരവുമൊക്കെ പറഞ്ഞത്
.........ഇന്ത്യേല് അമ്പത്തിമൂന്നു ശതമാനം പിള്ളേരും പിന്നെ സെക് ഷ്വൽ അബ്യൂസ് സഹിക്കേണ്ടി വരുന്നതെന്തിനു
എന്നാണു സായിപ്പിന്റെ ഒരു ചോദ്യം. അതുപോലെ ഇന്ത്യയിലെ സെക്സ് വർക്കേഴ്സിൽ നാൽപ്പതു ശതമാനത്തോളം പതിനെട്ട് വയസ്സിനു
താഴെയുള്ള കുട്ടികളായതെങ്ങനെ എന്ന് അടുത്ത ചോദ്യം. പോരാത്തതിനു ആ മഥുരാ വൃന്ദാവനിലെ ഉപേക്ഷിക്കപ്പെട്ട വിധവകളെ
പറ്റി വന്ന ഒരു ആർട്ടിക്കിൾ കാണിച്ച് എക്സ് പ്ലെയിൻ എക്സ് പ്ലെയിൻ എന്ന് ഭയങ്കര ബഹളം.
ഇത് ഒരു പുതിയ സംഭവമൊന്നുമല്ലല്ലോ. മോക്ഷം കിട്ടാൻ പണ്ട് കാലത്തു തന്നെ കാശീലും മറ്റും
കൊണ്ടാക്കിയിരുന്നുവല്ലോ. ശരിയാ, ഇപ്പോ
ഓള്‍ഡ് ഏജ് ഹോമുകളുണ്ട്. എന്നാലും നമ്മൾ പറ്റുമ്പോഴെല്ലാം അമ്മമാരുടെ കാലു
തൊട്ട് വന്ദിക്കാറില്ലേ? അമ്മയാണു കാണപ്പെട്ട ദൈവം എന്ന് ഇടയ്ക്കിടെ പറയാറില്ലേ?
കളയടേ, സായിപ്പിന്റൂടെ
ചോദീര്, കെട്ടാന്‍ പോണ പെണ്ണ് കന്യകാമാതാവിന്റെ കൂട്ട് ദൈവത്തീന്ന് ഗര്‍ഭം ധരിച്ച് എന്ന് പറഞ്ഞാല്‍ ലവന് ദഹിക്കുമോ? എന്നുവെച്ച് കന്യകാ മാതാവിനോടുള്ള ബഹുമാനവും
ഭക്തിയും മറ്റും ലോകത്താര്‍ക്കെങ്കിലും ഇത്തിരിപ്പോരം
കൊറേന്നൊണ്ടോ? ഇല്ലല്ല്. അപ്പോള്‍ പൂജേം ദേവീം വിശ്വാസോം ഒക്കെ ലങ്ങനെ കെടക്കും.
പാവപ്പെട്ടവരായതുകൊണ്ടാണ്
പഠിത്തമില്ലാത്തതുകൊണ്ടാണ് തൂപ്പുകാരിയുടെ വീട് അങ്ങനെ എന്നൊക്കെ ഞാന്‍ വിശദീകരിച്ചു നോക്കി. അപ്പോഴാണ്
അടുത്ത മാരണം വന്നത്. നമ്മുടെ സുജാതാ നായരുടെ രൂപത്തില്‍ ...........
യേത് സുജാത ? ഒരു അഴുക്ക കഥയ്ക്കോ മറ്റോ എന്തരോ സമ്മാനം കിട്ടിയ ആ പെണ്ണോ? ഓ! ലവള് നിന്റെ സെക് ഷനില്‍ തന്നെ ?
അതെ. എന്റെ സീനിയറാണ് സുജാത.
തീപ്പൊരി കഥയെഴുതുമെന്നേയുള്ളൂ. ആളു .....
യെനിക്കറിയാന്‍ മേലേ ? ഈ പീസുകള്‍ ഡോക്ടറായാലും എന്‍ജിനീയറായാലും
തൂപ്പുകാരിയായാലും തലേലൊന്നും കാണൂലടേ .
ചത്ത് പോയാലും അതു ഒരിക്കലും സമ്മതിച്ചു തരത്തുമില്ല
കേട്ടോ.
സുജാതേടെ ഭര്‍ത്താവ് ഹൈലി
എഡ്യൂക്കേറ്റഡ് ആണ്. പക്ഷെ, പണിയൊന്നും ചെയ്യില്ല. അവളുടെ മൊബൈലും ഈ മെയിലും ബാങ്ക് സ്റ്റേറ്റ്മെന്റും ങാ പിന്നെ ബാഗും അലമാരേം ഒക്കെ ചെക് ചെയ്യലാണ് പ്രധാന പണി.
അവളുടെ എ ടി എം കാര്‍ഡും
ചെക്ബുക്കുമൊക്കെ അയാളൂടെ കസ്റ്റഡിയിലാണ്.
നിനക്ക് നല്ല
വിവരമാണല്ലോടേയ്..... സുജാത നായര്‍ നിനക്ക് ചുമ്മാ ഒരു സീനിയര്‍
തന്നടേ......
ച്ഛേ... ഉണ്ണീ... സുജാത ഇങ്ങനെ
ഒത്തിരി റിക്വസ്റ്റ് ചെയ്തിട്ട് ഞാന്‍ അയാള്‍ക്ക് പല പ്രോജക്ടുകളും ശരിയാക്കിക്കൊടുക്കാന്‍
ശ്രമിച്ചിട്ടുണ്ട്. പണികളൊന്നും ചെയ്യാതിരിക്കാന്‍ അയാള്‍ നൂറു കൂട്ടം വിചിത്ര ന്യായങ്ങള്‍ പറയും ........
ഒന്നും ചെയ്യില്ല.
എന്തിനെടേ ജോലികള്‍ ചെയ്യണത് ? സുജാതയ്ക്ക് ഒത്തിരി
ശമ്പളം കാണുമല്ലോ. ഭാഗ്യവാന്മാരും പുണ്യങ്ങള്‍ ചെയ്തവരും ജോലികള്‍ ചെയ്യാതെ തിന്നു സുഖിച്ച് ജീവിക്കട്ടടേ....വീട്ടിലു ചുമ്മാ സീരിയലും
കണ്ട് സുഖിച്ചിരിക്കണ പെണ്ണുങ്ങള് പൊറത്ത് പോയി ജോലികള്‍ ചെയ്ത് ആണുങ്ങളെ പോറ്റട്ടെടേ..... എന്തരു കൊഴപ്പം അതിന്
?
അവള് കോണ്ഫ്രന്സിനിരിക്കുമ്പോള് അയാള്‍
ഫോണ്‍ വിളിച്ച് അവളോട് അലറും. തുണിയലക്കാത്തതോ മകനു ജലദോഷം വന്നതിനു സുജാത അയാളു വിചാരിച്ച മരുന്നു കൊടുക്കാഞ്ഞതോ വീടു വൃത്തിയാക്കാത്തതോ ഏതെങ്കിലും കാര്യത്തില്‍ അയാളെ വേണ്ട മാതിരി
ബഹുമാനിക്കാത്തതോ ഒക്കെയാവും പ്രശ്നം. ........ അത്ര നേരം വിവിധ ഭാഷകളില്‍ നമ്മളോട് അതികേമമായി പ്രസംഗിച്ചോണ്ടിരുന്ന സുജാത
പിന്നെ ഒന്നും പറയാതാവും.. .... സുജാതേടെ പെര്‍ഫോമന്‍സ്
ഓഫീസില്‍ മോശമാക്കാന്‍ അയാള്‍ക്ക് ഒരു ഫോണ്‍ മതി.
മിടുക്കന്.......... ലവനാണ്
ആണ്. വീട്ടിലിരുന്നാലും, ലവളുടെ താക്കോലു കൈയില്‍ തന്നല്ലേ ?
പാറ്റ് എല്ലാം കാണുന്നും
അറിയുന്നുമുണ്ടാരുന്നു. സുജാതേടെ കാര്യം മാത്രമല്ല, ഓഫീസിലെ എല്ലാവരുടേയും കാര്യങ്ങള്‍
സായിപ്പ് അറിയുന്നുണ്ടാരുന്നു. എനിക്കത് വളരെ വൈകിയാണ് മനസ്സിലായത്. ഫിനാന്‍സ് ഹെഡ് ഹര്യാനക്കാരന്‍ ചൌധരീടെ പതിനേഴുകാരി മോള് വളരെ താന്ന ജാതീലെ ഒരു ചെക്കനെ കേറി പ്രേമിച്ചത് വലിയ കേസായല്ലോ. ആ പെങ്കൊച്ചിന്റെ പുസ്തകവും ഡയറിയും അലമാരയും വസ്ത്രങ്ങളും
ഒക്കെ ദിവസവും പരിശോധിച്ചാണ് അതിനെ
നഴ്സറി ക്ലാസ് മുതല്‍ അവരു വളര്‍ത്തീരുന്നത്. ട്യൂഷന്
പഠിപ്പിച്ചിരുന്നത് വരെ തള്ള കൂടെ ഇരുന്നിട്ടാണ്.
ഉറപ്പിച്ച് ഒന്ന് ശ്വാസം വിടണെങ്കില്‍ വീട്ടീന്ന് സമ്മതിക്കണം. എന്നിട്ടും കൊച്ച് താന്ന ജാതി ചെക്കനെ പ്രേമിക്കണ വിവരം
ചൌധരി അറിഞ്ഞില്ല. അവള് നാടു വിട്ട് പോയപ്പോ
അവളേം ആ ചെക്കനേം കൊല്ലാനുള്ള സകല ഏര്‍പ്പാടും ചെയ്തത് ചൌധരി തന്നെയാ. പോലീസ് പിടിച്ചിട്ടും ചൌധരിക്ക് ഒരു
കുലുക്കവുമുണ്ടായില്ല. കുടുംബത്തിന്റെ മാനം അയാള്‍ക്ക്
അത്ര വലുതായിരുന്നു. സത്യം പറഞ്ഞാല്‍ പോലീസുകാരും ചൌധരീടെ ഭാഗത്തായിരുന്നു കേട്ടോ.
അതുകൊണ്ട് ചൌധരിക്ക് ഊരിപ്പോരാവുന്ന വിധത്തില്‍ അവര്‍ കേസ് ഫ്രെയിം ചെയ്തിട്ടു.
സായിപ്പ് അന്നെന്തരു പറഞ്ഞത് ?
ഒന്നും പറഞ്ഞില്ല. ഐ ഡോണ്ട് അണ്ടര്‍സ്റ്റാന്‍ഡ് ദീസ് പീപ്പ് ള്‍ എന്ന്
പിറുപിറുത്തുകൊണ്ടിരുന്നു.
തന്നെ ..?
നമ്മുടെ സുജാതാ നായര്‍ ഭര്‍ത്താവിനു എന്തെങ്കിലും
വരുമാനമുണ്ടാക്കി കൊടുക്കാന്‍ സഹായിക്കണമെന്ന് പാറ്റിനോട് റിക്വസ്റ്റ് ചെയ്തപ്പൊഴാണ് സായിപ്പ് ഒടുക്കം പൊട്ടിത്തെറിച്ചത്. അവളെ ഭര്‍ത്താവ് ജോലിക്ക് വിടുന്നില്ലേ, എന്നിട്ട് മിണ്ടാതെ
വീട്ടിലിരിക്കുന്നില്ലേ....ഇതിനൊക്കെ ഭര്‍ത്താവിന് നന്ദിയായിട്ട് അവള് എന്തെങ്കിലും ചെയ്തു
കൊടുക്കണം. അവള് തന്നെ ഒരു പദ്ധതിയും സായിപ്പിനോട് പറഞ്ഞു.
അയാളുടെ കാറ് കമ്പനി ലീസിലെടുത്ത് സുജാതയ്ക്കായി ഓടിക്കുക. ആ പേരില്‍ കമ്പനി ചെക്
അയാള്‍ക്ക് അയക്കുക. ഒന്നും രണ്ടും രൂപയ്ക്കല്ല, നാല്പതിനായിരം
രൂപയ്ക്ക്...
എടേ,മനസ്സിലായില്ല.
സുജാതയ്ക്ക് വീട്ടില്‍ പോവാനും
വരാനും കമ്പനി കാര്‍ ഓടും. അതവരുടെ സ്വന്തം കാറു തന്നെ ആവട്ടെ. ബാക്കി സൈറ്റിലൊക്കെ പോവാന്‍ സുജാത കോമണ്‍ കാബില്‍ പോക്കോളും.
രാവിലെയും വൈകീട്ടും അവളുടെ ഭര്‍ത്താവ് അവളെ ഓഫീസില്‍ കൊണ്ടുവിടുന്നതിനു ആണ്
നാല്പതിനായിരം രൂപ അയാള്‍ക്ക് ചെക്കായി കമ്പനി കൊടുക്കേണ്ടത്. എന്തെങ്കിലും ന്യായം
ഉണ്ടാക്കി ആ രൂപ അവളുടെ ശമ്പളത്തില്‍
നിന്ന് പിടിച്ചാല്‍ മതി. മനസ്സിലായോ?
അതു കൊള്ളാമല്ലോടേയ് ......... സുജാത ലവനെ കളഞ്ഞ് വേറെ കെട്ടുമോടേ....... എന്നാല്‍ പേരങ്ങ് കൊടുക്കാം....
പത്തു പതിനഞ്ചു മിനിറ്റ് കാറോടിക്കുന്നതിനു നാല്പതിനായിരം.... കൊള്ളാം കേട്ടാ....
സായിപ്പിനു കലി കയറി
എന്തൊക്കേയോ പറഞ്ഞു. സുജാത കരച്ചിലും സായിപ്പിന്റെ കാലു പിടിച്ച് റിക്വസ്റ്റ് ചെയ്യലും ....... അതി ഭയങ്കര റിക്വസ്റ്റ് എന്നു വെച്ചാല്‍
.....ഒരു രക്ഷേമില്ലാത്ത ഒടുക്കത്തെ റിക്വസ്റ്റ്......... ജോലിയൊന്നും ചെയ്യാതെ വീട്ടിലിരിക്കണ ഭര്‍ത്താവിനു
എപ്പോഴും സുജാതയോട് കാശിനു കൈ നീട്ടുമ്പോള്‍ ഭയങ്കര അഭിമാനക്കുറവു തോന്നും. കാരണം
അയാളൊരു ആണല്ലേ..... അയാളുടെ ഒപ്പം വേണ്ടേ അവള്‍ക്ക് ജീവിക്കാന്‍?
തന്നെ..... തന്നെ. ആണു തന്നെ. ഇത്രേം
പറഞ്ഞിട്ടും സായിപ്പും നീയും തമ്മില്‍ എന്തരാണ് ഒടക്കെന്ന് പറഞ്ഞില്ല.
ഞാന്‍ ഭാരതീയ സംസ്ക്കാരമെന്നും
പുജയെന്നും ആദരവെന്നും മറ്റും പറഞ്ഞത്, നമ്മുടെ വീടുകളില്‍ സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമുള്ള ആദരവിനെ പറ്റി പറഞ്ഞതൊക്കെ
........ ഐ വാസ് ടേക്കിംഗ് ഹിം ഫോര്‍ എ റൈഡ് എന്ന് പാറ്റ് ഉറച്ചു വിശ്വസിക്കുന്നു. എന്റെ ഓണസ്റ്റിയിലും ഇന്റഗ്രിറ്റിയിലും
സായിപ്പിനു ഭയങ്കര ഡൌട്ട്........ അത് വളരെ കൃത്യമായി പാറ്റ് എന്നോട് പറയുകയും ചെയ്തു.... തളര് വാതം പിടിച്ച് കൊഴകൊഴാന്നുള്ള ആദരവാണ് സ്ത്രീകളോടും കുട്ടികളോടും നമുക്ക് ശരിക്കും ഉള്ളത്. എന്നിട്ട്
അത് അല്ല എന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരോട് അങ്ങനെ പറയുകയും അങ്ങനെ അവരെ പറ്റിക്കുകയും ചെയ്യുന്നത് വലിയ ക്രിമിനല്‍
കുറ്റമാണെന്നാ സായിപ്പിന്റെ കണ്ടുപിടുത്തം.
അമേരിക്കേല് ചെയ്യുന്നൊണ്ടോ? നമ്മള്
ഇന്ത്യാക്കാരെ അയ്യം അയ്യമെന്ന് സായിപ്പ് ചുമ്മാ പറയണതാണെടേ.... ദ വെസ്റ്റഡ് ഹാന്‍ഡ്സ്
ഓഫ് ഡേര്‍ട്ടി ഫോറിനേഴ്സ്, യൂ നോ ....
ഞാനും അതു പറഞ്ഞു. അപ്പോ
സായിപ്പ് ചോദിച്ചത് അമേരിക്ക അനവധി കാര്യങ്ങളില്‍
വളരെ മോശമാണെന്ന് സായിപ്പ് തന്നെ അറിയിച്ചതല്ലേ..... ഞാന്‍ അങ്ങനെയല്ലല്ലോ ചെയ്തത്.....
എന്നാണ്.
ബുദ്ധീം വെവരവും കഴിവും ഒന്നുമില്ലാത്ത സാരീം ആഭരണങ്ങളും
മേക്കപ്പും സില്ലി ടോക്സും പൈങ്കിളി സെന്‍സിബിലിറ്റിയും ഒള്ള ഈ പെണ്ണുങ്ങളെ ആദരിക്കേണ്ട എന്തര് കാര്യങ്ങള്‍...............ഒരു
നെലയ്ക്ക് മൊടയെടുക്കാതെ ഒതുങ്ങി നിന്നാ ലവളുമാര്‍ക്ക് കൊള്ളാം. നമ്മള് തിന്നാന്‍ കൊടുത്ത് വളര്‍ത്തണ
കൊച്ചു പിള്ളേര്‍ക്ക് വേണ്ടത് സമത്വവും ആദരവും
തേങ്ങാക്കൊലയുമല്ല, നല്ല ചൊല്ലു വിളീം പേടീം അനുസരണയുമാണെന്ന് ചെന്നു പറയടേ ...... പിന്നെ ബോസ് സായിപ്പിന്റെ സ്പെഷ്യല്‍ സ്നേഹങ്ങളൊന്നും തോനെ വേണ്ടെടേ . ആ പേരും പറഞ്ഞ്
നിന്നെ വഹിക്കാനായിരിക്കും.........
എന്നാലും പാറ്റ്........എന്റെ
ഓണസ്റ്റിയിലും ഇന്റഗ്രിറ്റിയിലും.......
സുജാത ഇങ്ങനെ ഓർത്തെടുക്കുകയാണ്…. അനുഭവിച്ചതും
അനുഭവിക്കുന്നതും അനുഭവിക്കാൻ പോകുന്നതും ആയ ആദരവിനെക്കുറിച്ച്........
എന്നിട്ട്
ഇങ്ങനെ എഴുതിക്കൊണ്ടേയിരിക്കുകയാണ്………
പെണ്‍കുട്ടിയാണ്
വയറ്റിലെന്നറിഞ്ഞപ്പോള് നാലു പ്രാവശ്യം അബോര്‍ട്ട് ചെയ്യേണ്ടി വന്നതിനെ പറ്റി........
കുഞ്ഞുവാവകളുടെ
കൊച്ചു കൊച്ചു സ്വപ്നങ്ങളില്‍ പോലും
ബലമായി പ്രവേശിച്ച് അവയെ നിയന്ത്രിക്കാനും തകര്‍ക്കാനും ആവശ്യമായ ആയുധങ്ങള്‍ മൂര്‍ച്ച
കൂട്ടുന്നതിനെപ്പറ്റി.......
റോഡിലും
ബസ്സിലും കാറിലും തീവണ്ടിയിലും വിമാനത്തിലും പിന്നെ വീട്ടിലെ ബെഡ് റൂമിലും ബലാല്‍സംഗം ചെയ്യപ്പെടുന്ന ചില
പ്രത്യേകതകളുള്ള ശരീരങ്ങളെപ്പറ്റി......
സ്ത്രീ ജന്മത്തില് ആദരവ് എന്ന വാക്കിന്റെ പ്രസക്തിയെപ്പറ്റി.........
നമ്മുടെ
രാജ്യത്തെ ചില സ്ഥിതി വിവര കണക്കുകള്‍.
2001-2011 കാലയളവില്‍
1 – 6 വയസ്സു വരെയുള്ള കുട്ടികളുടെ എണ്ണത്തില്‍
പെണ്‍കുട്ടികളുടെ എണ്ണം 1991 – 2001 നെ അപേക്ഷിച്ച് മുപ്പതു ലക്ഷം കുറഞ്ഞു.
1971 – 2011 കാലയളവില്‍ ബലാല്‍സംഗം
792% വര്‍ദ്ധിച്ചു. കൊലപാതകം 106%വും മോഷണവും തട്ടിക്കൊണ്ടു പോകലും 296 % വും ആണ്
വര്‍ദ്ധിച്ചത്.
ഓരോ
മണിക്കൂറിലും ഒരു വധു സ്ത്രീധനത്തിന്റെ പേരില്‍ വധിക്കപ്പെടുന്നു.
70%
സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്നവരാണ്.
മംഗളം.... ശുഭം.