Wednesday, May 22, 2013

യേസുമസീഹായുടെ മൊബൈല്‍ ...


https://www.facebook.com/echmu.kutty/posts/52832764067986815/2/16                                                                     


( 2013 മെയ്  മലയാളനാട്  മാസികയിലും ഒരേ തൂവല്‍ പക്ഷികള്‍ എന്ന ബ്ലോഗിലും വന്നത് 

ഗുവാഹട്ടിയില്‍ നിന്ന്  ആറര മണിക്കാണ് ട്രെയിന്‍ പുറപ്പെടുന്നത്.  അതി ഭയങ്കര തിരക്കാണ് സ്റ്റേഷനില്‍. റിസര്‍വേഷന്‍ ഉണ്ടായിട്ടൊന്നും  യാതൊരു കാര്യവുമില്ലല്ലോ. ശിതികരിക്കാത്ത എല്ലാ കമ്പാര്‍ട്ടുമെന്‍റുകളിലും  ആളൂകള്‍ തിക്കിത്തിരക്കിക്കയറും. ആദ്യമേ കയറി സ്വന്തം ഇരിപ്പിടം പിടിച്ചില്ലെങ്കില്‍  യാത്ര നരകമായിത്തീരുമെന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങനെ പലവട്ടം സംഭവിച്ചിട്ടും ഉണ്ട്. എന്നാല്‍പ്പോലും വിമാനടിക്കറ്റുകള്‍  കൈയില്‍ വെച്ചുകൊണ്ട്  അസൌകര്യങ്ങള്‍  നിറഞ്ഞ ട്രെയിന്‍ യാത്രകള്‍  ഞാനെന്നും തെരഞ്ഞെടുത്തു പോന്നു.  സാമ്പത്തികമായി നല്ല നേട്ടം ഇക്കാര്യത്തില്‍  എനിക്കുണ്ടായിരുന്നു. കാരണം വിമാനക്കൂലി വെച്ചുനീട്ടുമ്പോഴും എന്‍റെ ട്രെയിന്‍ യാത്രകളെപ്പറ്റി  ഓഫീസിലെ  മേലുദ്യോഗസ്ഥര്‍ ഒന്നും തിരക്കിയില്ല. എത്താന്‍  പറയുമ്പോള്‍ പറഞ്ഞയിടത്ത് കൃത്യമായി  ഹാജര്‍ കൊടുക്കണമെന്ന്  മാത്രമായിരുന്നു  അവരുടെ  നിര്‍ബന്ധം. അക്കാര്യത്തില്‍ മാത്രം യാതൊരു വിട്ടുവീഴ്ചയും ലഭ്യമായിരുന്നില്ല. എങ്കിലും എല്ലാവരില്‍നിന്നും എല്ലാറ്റില്‍നിന്നും ഇടയ്ക്കിടെ  അകന്നു നില്‍ക്കാന്‍ ഈ  തീവണ്ടി യാത്രകള്‍ എന്നെ വേണ്ടുവോളം  സഹായിച്ചു. അതോര്‍ത്ത് എന്‍റെ  കള്ളത്തരത്തെ മനസ്സിലെങ്കിലും ഞാന്‍ സദാ ന്യായീകരിച്ചുകൊണ്ടുമിരുന്നു. 

എന്‍റെ പേര് രേണുക. വയസ്സ്  മുപ്പത്തെട്ട് . കൂടെക്കൂടെയുള്ള  ട്രെയിന്‍ യാത്രകളില്‍ എപ്പോഴും ലോവര്‍ ബെര്‍ത്ത്  ഇഷ്ടപ്പെടുന്നവള്‍. നമ്മുടെ നാടിനെ കണ്ടു മനസ്സിലാക്കാനും കേട്ടു അറിയാനും തൊട്ടു സ്നേഹിക്കാനും രുചിച്ച് അനുഭവിക്കാനും ഏറ്റവും പറ്റിയ മാര്‍ഗം  റെയില്‍വേ പ്ലാറ്റ്ഫോമുകളും ജനറല്‍  കമ്പാര്‍ട്ടുമെന്‍റുകളുമാണെന്ന്  മിക്കവാറുമൊക്കെ വിചാരിക്കുന്നവള്‍. 

പിന്നെ...

ദീപക് അയ്യരുടെ ഭാര്യ, ഇതു വരെ പ്രസവിച്ചിട്ടില്ലാത്തവള്‍. ഇന്ത്യയിലെ  ഏറ്റവും പ്രധാനപ്പെട്ട  ഒരു ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ ഗൈഡ് ........... മിക്കവാറും  മാസങ്ങളില്‍  ഇരുപതു ദിവസമെങ്കിലും സ്വദേശികളും വിദേശികളുമായ യാത്രക്കാര്‍ക്കൊപ്പം ഊരു ചുറ്റുന്നവള്‍.  
പൂമുഖ വാതില്‍ക്കല്‍ പൂന്തിങ്കളായി, ഐശ്വര്യവതിയായ ഗൃഹലക്ഷ്മിയാവേണ്ട പെണ്ണൊരുത്തി ഇങ്ങനെ രണ്ടു മൂന്നു  സഞ്ചികളും  തോളിലിട്ട് സദാ ഊരു തെണ്ടിയാല്‍ പാവം  ദീപക് അയ്യര്‍ എങ്ങനെ ജീവിക്കുമെന്ന് എന്നോട് പലരും  ചോദിക്കാറുണ്ട്. ഉത്തരമായി എല്ലാ നല്ല ഭാര്യമാരേയും പോലെ, അല്ലെങ്കില്‍  ഉത്തമ ഭാര്യമാരാവാന്‍  ക്രാഷ്  കോഴ്സ്  എടുക്കുന്ന സ്ത്രീകളെപ്പോലെ  ദീപക്ക് അയ്യരുടെ നല്ല മനസ്സിനേയും  ഉപാധികളില്ലാത്ത സ്നേഹത്തിനേയും കുറിച്ച്  ഞാനും വാചാലയാകും. സ്വദേശി  യാത്രക്കാര്‍ക്കിടയിലാണെങ്കില്‍ ഏതെങ്കിലുമൊക്കെ ഫോണ്‍ സംഭാഷണങ്ങളില്‍ യെസ്  ഡിയര്‍ എന്നോ ഹലോ ഡാര്‍ലിംഗ് എന്നോ  ചീരിയോ ദീപ് എന്നോ പ്രയോഗിക്കും. പിന്നെ ആരും ഒന്നും കാര്യമായി അന്വേഷിക്കാറില്ല. പെണ്ണൊരുത്തിക്ക് ചോദിക്കാനും പറയാനും ആണിന്‍റെ  കാവലുണ്ടെന്നും അവര്‍  തമ്മില്‍ അടുപ്പമാണെന്നും  ഒന്ന്  ധ്വനിപ്പിച്ചു കിട്ടിയാല്‍ തന്നെ നാട്ടുകാര്‍ക്ക്  കുറെ സമാധാനമായി.   വിദേശികള്‍ പിന്നെ ഇക്കാര്യങ്ങള്‍ അങ്ങനെ ചിക്കിച്ചികയാറില്ല. അവര്‍ക്ക് മറ്റൊരു സംസ്ക്കാരമാണല്ലോ. വേറെ തരം വിഷമങ്ങളും വേറെ മാതിരി ഉല്‍ക്കണ്ഠകളുമാണല്ലോ.  

റിസര്‍വ്ഡ്  കമ്പാര്‍ട്ട്മെന്‍റാണെന്ന്  പറയുന്നതു  മാത്രമെയുള്ളൂ. ജനറല്‍ കമ്പാര്‍ട്ട്മെന്‍റ്   പോലെ എല്ലാവരും തിങ്ങി  നിറഞ്ഞു കഴിഞ്ഞു. ചെമ്പിച്ച്, ഉള്ളു  നന്നേ കുറഞ്ഞ തലമുടിയില്‍ കടുകെണ്ണ പുരട്ടി അമര്‍ത്തിച്ചീകിയ അനവധി സ്ത്രീ പുരുഷന്മാരാണ് സഹയാത്രികര്‍. അവര്‍  വായിലിട്ട് ചവയ്ക്കുന്ന ഗുഡ്കയുടെയും പല്ലിനിടയില്‍  തിരുകി വെച്ച  തമ്പാക്കിന്‍റേയും വായ കവിഞ്ഞ്  ചുണ്ടിന്‍റെ  വശങ്ങളിലൂടെ ചാലിട്ട്  ഒഴുകുന്ന മുറുക്കാന്‍ തുപ്പലിന്‍റേയും  ഗന്ധമാണു കമ്പാര്‍ട്ട് മെന്‍റിലാകെ.  അവര്‍ക്കൊപ്പം നന്നെ മെലിഞ്ഞുണങ്ങിയ  കുറെ  കുഞ്ഞുങ്ങളും, അസംഖ്യം  കീറപ്പഴന്തുണിക്കെട്ടുകളിലെ  സമ്പാദ്യങ്ങളുമുണ്ട്. പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച  കുറെ പൊരിയുണ്ട്  കുട്ടികളുടെ കൈയില്‍. അതും തിന്ന്  വെറും പച്ചവെള്ളവും കുടിച്ചാണ് അവരുടെ യാത്ര. അത് വല്ല ജല്‍പായിഗുരി വരെയോ ഹൌറ വരേയോ ഭുവനേശ്വര്‍ വരെയോ ഒക്കെയുണ്ടാവും.

ട്രെയിനിലെ പാന്‍ട്രിയിലും  കടുത്ത ദാരിദ്ര്യമാണ്. ഉരുളക്കിഴങ്ങ് കടലമാവില്‍ മുക്കിപ്പൊരിച്ച്, പച്ചവെള്ളത്തിന്‍റെ സ്വാദുള്ള തക്കാളിച്ചാറും  ചേര്‍ത്ത് കിട്ടുന്നതാണ് ഏറ്റവും രാജകീയമായ ഭോജ്യം. അതു തന്നെ വാങ്ങിത്തിന്നുന്നവര്‍ വളരെ കുറവ്. പഴം പൊരിയും ഉഴുന്നു വടയും പരിപ്പുവടയും  വെജിറ്റബിള്‍ കട് ലറ്റും ഒക്കെ കിട്ടുന്ന  ട്രെയിനുകള്‍ വേറെ ഏതോ ഭൂഖണ്ഡത്തിന്‍റെയാണെന്ന്  തോന്നാറുണ്ട്, ചിലപ്പോള്‍ എനിക്ക്. 

എവനൊന്നും  ഒരു വിവരവുമില്ലെന്നെ..... അതല്ലേ ...
 
, വിട്ടൂ കള. ദോണ്ടെ, നമ്മുടെ സ്ഥലത്തങ്ങ് ഒറച്ചിരുന്നോണ്ടാ മതി.
 
മലയാളം കേട്ടപ്പോള്‍  ഞാന്‍  തിരിഞ്ഞു നോക്കി. നല്ല പോലെ കാച്ചി വടിച്ച വെളുത്ത  മുഖവുമായി  ജുബ്ബയും  പാന്‍റും ധരിച്ച  അരോഗദൃഢഗാത്രരായ  രണ്ട്  മലയാളികള്‍ സ്വന്തം സീറ്റാണെന്ന്  തര്‍ക്കിക്കുന്നുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നാലു മെലിഞ്ഞൊട്ടിയ  പുരുഷന്മാരുടെ മുഖത്ത്  ദൈന്യവും ഭയപ്പാടും മാത്രമേയുള്ളൂ. എങ്കിലും അവര്‍ തങ്ങള്‍ക്കാവും വിധം സീറ്റിലുറച്ചിരിക്കുന്നവരോട് സാധ്യതയോടെ അപേക്ഷിക്കുന്നതു കണ്ടു.  

സീറ്റും ബര്‍ത്തും മലയാളികളുടെയും കൂടെയുള്ള മെലിഞ്ഞൊട്ടിയ ബംഗാളികളുടേയുമാണ്. കുറച്ചു പുരുഷന്മാരും  സ്ത്രീകളും കുട്ടികളും വയസ്സു ചെന്നു കൂന്നു പോയ ഒരു  വൃദ്ധയും കൂടി  അതു വിശാലമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. നിറുകയില്‍ നിറച്ചും സിന്ദൂരമിട്ട്  പാദങ്ങളില്‍ ആല്‍ത്തയും പുരട്ടി കൈത്തണ്ടകളില്‍ ശംഖ് വളകളും ധരിച്ച സ്ത്രീകള്‍, മലയാളികളുടെ സീറ്റ്  ഒഴിഞ്ഞു കൊടുത്ത് തറയിലിരുപ്പായിട്ടുണ്ട്. എങ്കിലും  തങ്ങളുടെ  കൂടെയുള്ള  ബംഗാളികള്‍ക്കും അവരുടെ സീറ്റ്  കിട്ടിയേ തീരു എന്നാണ് മലയാളികളുടെ ഉറച്ച നിലപാട്. അവരുടെ, തികഞ്ഞ ദരിദ്രരും നിത്യ പട്ടിണിക്കാരുമായ  ആശ്രിതരെപ്പോലെ തോന്നിച്ചു ആ ബംഗാളികള്‍. 

കുറച്ചു നേരം വലിയ ഒച്ചയില്‍ ബഹളം വെച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല.

ഒടുവില്‍ മെലിഞ്ഞൊട്ടിയ നാലു ബംഗാളിപ്പുരുഷന്മാരും ട്രെയിനിന്‍റെ തറയില്‍ , ചുവന്ന ചതുരക്കള്ളികളുള്ള തോര്‍ത്തും വിരിച്ച് പടഞ്ഞിരിപ്പായി. 

ഒരു മലയാളിച്ചേട്ടന്  വല്ലാതെ അരിശം വരുന്നുണ്ടായിരുന്നു.

ചൊണയില്ലാത്തവന്മാരാണ്  നമ്മടെ കൂടെ ,കേട്ടോ. അതല്ലേ  പെണ്ണുങ്ങളെ കൂട്ട്  തറെ തന്നെ ഇരിപ്പായത്. ഈ നാശം പിടിച്ചവന്മാരുടെ  ബോലി നമുക്കങ്ങ്  പറയാനും മേല.... എന്നാ സ്പീഡാന്നാ...
 
അവരങ്ങ് താഴെ ഇരിക്കട്ടന്നേ. ഇപ്പഴേ കയറി ഒപ്പമായാല്‍ ശരിയാവത്തില്ല കേട്ടൊ.  ഇപ്പഴങ്ങ്  സഭയിലു  ചേര്‍ന്നതല്ലേ ഒള്ളൂ.
 
ഞാന്‍ മലയാളികളെ ഏറുകണ്ണിട്ട്  നോക്കി. ഒറ്റനോട്ടത്തില്‍ തന്നെ  അവര്‍ ഉറച്ച വിശ്വാസികളാണെന്ന്  എനിക്കു മനസ്സിലായി. 
     
ഒള്ളതാ. ദോണ്ട്  അവന്‍റെ  വിശ്വാസത്തിനു ശകലം എളക്കമൊണ്ട്  കേട്ടോ. ബാക്കി മൂന്നു പേര്‍ക്കും ഒറച്ചതാ.
 
അതു പിന്നെ, മാത്തുച്ചായാ. അവന്‍റെ കല്ലിയാണം അവരടെ ഇന്തു  രീതീലു തന്നാരുന്നെന്ന് അറിഞ്ഞപ്പോഴേ  ഞാനതോര്‍ത്താരുന്ന്...  

ഓ! കല്ലിയാണം.. അതൊക്കെ എന്നാ കല്ലിയാണമാ  ജെയിംസേ ...  കൂദാശയല്ലാത്ത  കല്ലിയാണമാന്നോ കല്ലിയാണം? ഞാനാ പെണ്ണിനെ ഇഞ്ഞ് വിളിച്ച്... നീ  യേസു മസിഹായെന്ന് കേട്ടിട്ടൊണ്ടോടീയെന്നങ്ങ് ചോദിച്ച്...  വെറച്ചോണ്ടാന്നും അവള് ഒണ്ടെന്ന് പറഞ്ഞത്. യെന്‍റെ ചോദീരും  അങ്ങനാരുന്നെന്ന്  കണ്ടോ.... മസീഹായ്ക്കൊപ്പം നിക്കാവോടീന്ന്  ചോദിച്ചന്നേരം  ഓന്ന്  അവള് .... ഞാനപ്പത്തന്നെ  പിടിച്ചങ്ങ്  മുക്കി....  ബിഷപ്പ് പറഞ്ഞത് അങ്ങനാ.. വരുന്നോനെ വരുന്നോനെ അപ്പഴങ്ങ്  മുക്കിക്കൊണ്ടാ മതി.  സഭ  വളരണ്ടായോ....  
   
മാത്തുച്ചായന്‍  കൊള്ളാവല്ലോ..   

ആളെ ചേര്‍ത്താലല്ലേ യെനിക്കും ഗുണമൊള്ള്... അല്ലാതെ നമ്മളിഞ്ഞനെ ഒള്ളൊള്ള കാലം  വല്ല നശിച്ച നാട്ടിലും കെടന്ന് .....
 
ട്രെയിന്‍ ഭയങ്കരമായ ഒച്ച കേള്‍പ്പിച്ചുകൊണ്ട്  നല്ല  വേഗതയില്‍ ഓടാന്‍ തുടങ്ങിയിരുന്നു. തറയിലിരിക്കുന്നവരുടെ ശരീരങ്ങള്‍  അതിനനുസരിച്ച്  നിയന്ത്രണമില്ലാതെ  ആടിയുലഞ്ഞുകൊണ്ടിരുന്നു. സ്ത്രീകള്‍  കലപിലയെന്ന് സംസാരിക്കുന്നുണ്ടായിരുന്നു.  പുരുഷന്മാര്‍ നാലു പേരും  മൌനമായിരുന്നതേയുള്ളൂ. അറിയാത്ത ഏതോ അതി വിദൂര ദേശത്തേക്ക്  യാത്ര പോകുന്നവരുടെ ഭയാശങ്കകള്‍ അവരുടെ മുഖത്ത് ആഴമേറിയ ചാലുകളി ട്ടിരുന്നു .

മൊബൈല്‍ ശബ്ദിച്ചു. ദീപക്കിന്‍റെ മെസ്സേജ് .

വേര്‍ ആര്‍ യൂ? യൂ  ആര്‍ വിത് ഹും? മെ ഐ നോ പ്ലീസ്....... 

ഞാന്‍ ആര്‍ക്കെല്ലാമോ എന്നെ കൊടുക്കുന്നുണ്ടെന്ന്  ദീപക്  കരുതുന്നു.  ആ സംശയം  അയാള്‍ ഉന്നയിച്ചതു മുതല്‍ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള മോഹം കൂടി  എനിക്കില്ലാതായി. അതുകൊണ്ട്  ഇമ്മാതിരി മെസ്സേജുകള്‍ക്ക്  ഞാന്‍ എപ്പോഴും കൃത്യമായി  മറുപടി എഴുതിപ്പോന്നു.
ഐ ആം ഇന്‍ ദി ട്രെയിന്‍ വിത് ലോട്സ് ഓഫ് പീപ്പ് ള്‍ . യെസ്, യു മെ നോ ദാറ്റ്. 

പക്ഷെ, ദീപക്കിനതു മനസ്സിലാകാറില്ല. ഞാന്‍ വല്ല പുരുഷന്മാരുമൊത്ത് നിമിഷങ്ങളെ  ചൂട് പിടിപ്പിക്കുകയാണെന്ന് മാത്രമേ  മനസ്സിലാവുകയുള്ളൂ. എന്‍റെ കവിളിലേക്ക് പടര്‍ന്നിറങ്ങുന്ന  തലമുടിയിഴകളും എഴുന്നു നില്‍ക്കുന്ന ദൃഢമായ മുലക്കണ്ണുകളും തുടകളുടെ അസാധാരണമായ മിനുപ്പും കാലുകള്‍ക്കിടയിലെ  നീല രോമരാജിയും അതികാമത്തിന്‍റെ സാമുദ്രിക ലക്ഷണങ്ങളാണെന്ന്  അയാള്‍ എപ്പോഴും  സിദ്ധാന്തിക്കും. എന്‍റെ അതികാമം കുറയ്ക്കാന്‍ എന്തു വഴിയെന്ന് ഇന്‍റര്‍നെറ്റില്‍ അയാള്‍  ഒരുപാട് പരതി നോക്കി.  കുറഞ്ഞ കാമവും  വികാരശൈത്യവുമുള്ള സ്ത്രീകളുമായി രമിക്കേണ്ടി വരുന്ന പുരുഷന്മാരുടെ ദണ്ണെളക്കങ്ങള്‍ മാത്രമേ ഇന്‍റര്‍നെറ്റില്‍ അയാള്‍ക്ക് കിട്ടിയുള്ളൂ. അറിയപ്പെടുന്ന മാസികകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഭാര്യയെ പ്രാപിക്കാന്‍ അതീവ ദാഹമുള്ള  ഭര്‍ത്താക്കന്മാര്‍ എമ്പാടുമുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ പ്രാപിക്കാന്‍ ദാഹമുള്ള കുലീനയായ ഒരു ബ്രാഹ്മണ സ്ത്രീ  പോലും ഇന്‍റര്‍നെറ്റിലോ മാഗസിനിലോ കടന്നു വന്നില്ല. അപ്പോഴെല്ലാം അരിശം മൂത്ത് അയാള്‍ എന്നെ  തേവിടിശ്ശി എന്നു വിളിച്ചു പോന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ദീപക് എന്നെ സ്പര്‍ശിച്ചിട്ടേയില്ലായിരുന്നു. മാത്രവുമല്ല എന്നില്‍ നിന്ന് എയിഡ്സ്  പകരുമെന്നും  അതുകൊണ്ടു തന്നെ എനിക്ക് വിവാഹമോചനം തരില്ലെന്നും  അയാളുടെ അറിവോടെ മറ്റൊരാളുടെ ജന്മം  തുലയ്ക്കാന്‍ എന്നെ അനുവദിക്കുകയില്ലെന്നും മറ്റും അങ്ങനെ എന്തൊക്കേയോ അയാള്‍ അലറുമായിരുന്നു. പാത്രങ്ങളും എന്‍റെ  മൊബൈല്‍ ഫോണും വലിച്ചെറിഞ്ഞ് പൊട്ടിക്കുമായിരുന്നു. ചില രാത്രികളില്‍ ഉറങ്ങിക്കിടക്കുന്ന ദീപക്കിനെ തുറിച്ചു നോക്കിക്കൊണ്ട് അയാളുറങ്ങുന്ന മുറിയുടെ ജനലിനരികില്‍ ഒരുപാടു സമയം ഞാന്‍ നില്‍ക്കാറുണ്ട്. അപ്പോഴെല്ലാം എന്‍റെ ശരീരം അലമുറയിട്ടു കരയുന്നതായി എനിക്കു  തോന്നാറുണ്ട്. സത്യമായും എനിക്ക് എയിഡ്സ് ഉണ്ടാവണമെന്നും ആ  വെളുവെളുത്ത ശരീരത്തില്‍ അതു പകര്‍ത്തിക്കൊടുക്കണമെന്നും ഞാന്‍  പ്രതികാരത്തിലുരുകാറുണ്ട്. 

യഥാര്‍ഥത്തില്‍ ഇതിനൊന്നും എനിക്കു കഴിവില്ലല്ലോ. എയിഡ്സ്  പോയിട്ട്  ദീപക്കിനൊപ്പം  ആദ്യം കിടന്ന നാള്‍ പകര്‍ന്നു കിട്ടിയ ഫംഗല്‍ ബാധ പോലും എന്നെ  ഭയപ്പെടുത്തിക്കളഞ്ഞു.  അതിനുശേഷമുള്ള  ദിവസങ്ങളില്‍ വേദനകൊണ്ട്  ഞാന്‍ ഞരങ്ങുമ്പോഴും ദീപക്ക് ഒന്നുമറിയാത്തതുപോലെ എന്നിലമര്‍ന്നു കിടക്കുകയായിരുന്നു. അയാളെ ബാധിച്ചിട്ടുള്ള ഒരസുഖവും ഒരിക്കലും ഭേദമാവുകയില്ലെന്ന്  എനിക്ക് പിന്നീടാണ് മനസ്സിലായത്.

പെട്ടെന്ന്  തന്നെ മറുപടി വന്നു.

യൂ ഡേര്‍ട്ടി ബിച്ച്.....

ഞാന്‍  ഗൈഡായി പോകുന്നത്  അവസാനിപ്പിക്കണമെന്ന് ദീപക് പലവട്ടം  താക്കീതു തന്നിട്ടുണ്ട്.   അയാളുടെ കൂടെ ആ വീട്ടില്‍ താമസിക്കുന്നതിലും എത്രയോ ഭേദമാണ്  തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റിലും  വല്ല റെയില്‍വേ പ്ലാറ്റ്ഫോമിലും സമയം ചെലവാക്കുന്നത്.  ഇരുപത്തേഴു  മണിക്കൂര്‍  ഒറ്റയിരുപ്പില്‍ ട്രെയിനിലിരിക്കേണ്ടി വന്നിട്ടുണ്ട്, എനിക്ക്. അതും ഒരു ദീര്‍ഘ ശ്വാസം വലിക്കാന്‍ പോലും ഇടമില്ലാത്ത  ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍........ അന്ന് എനിക്ക് ആര്‍ത്തവ ദിവസമായിരുന്നു. എങ്കിലും പണിതു വെച്ച  ഒരു  കല്ലു പോലെ അനങ്ങാത്ത  ആ ഇരുപ്പ്  ദീപക്കുമൊത്തുള്ള ജീവിതത്തേക്കാള്‍ എത്രയോ  ആസ്വാദ്യകരമായിരുന്നു.

ആദ്യമാദ്യം  എല്ലാം ശരിയാക്കണമെന്നും ശരിയാകുമെന്നും  ഞാനും കരുതിയിരുന്നു.  എന്‍റെ അമ്മ തന്ന ഉപദേശങ്ങള്‍ ക്ഷമ, സഹനശക്തി, പുഞ്ചിരി, സ്നേഹപ്രകടനങ്ങള്‍, ഇഷ്ടമുള്ള  ഭക്ഷണം..... അതൊന്നും തന്നെ ഞങ്ങള്‍ക്കിടയില്‍ അടുപ്പമുണ്ടാക്കിയില്ല. ദീപക്കിന്‍റെ അമ്മയും പല ഉപദേശങ്ങള്‍ നല്‍കി.  അതും  ഒന്നു വിടാതെ  ഞാന്‍ അനുസരിച്ചു. ആ  അമ്മയ്ക്ക്  വലിയ വിഷമമുണ്ടായിരുന്നു. ഞങ്ങള്‍ക്ക്  കുഞ്ഞുങ്ങള്‍  ജനിക്കാത്തതില്‍ ........ ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ പോലും വശീകരിക്കാന്‍ പറ്റാത്ത ഞാനെന്ന  ഭാര്യയെ അവര്‍ക്ക് മനസ്സിലായില്ല.  കാരണം ദീപക്കിന്‍റെ  അപ്പാ  അവരുടെ പുടവത്തുമ്പില്‍  നിന്ന് മാറുമായിരുന്നില്ലത്രെ!  

ഹെലോ... അമി ബോല് ച്ചി.....

ഓ! തറയിലിരിക്കുന്ന മനുഷ്യനാണ്.  മലയാളിച്ചേട്ടന്മാര്‍ മറ്റെവിടെയോ എഴുന്നേറ്റ് പോയിരിക്കുന്നു. ഉറച്ച  വിശ്വാസമുള്ളവരും  കൂടെ  പോയിട്ടുണ്ടെന്ന്  തോന്നുന്നു.  വിശ്വാസത്തിനു ഉറപ്പ്  കുറഞ്ഞയാള്‍ മൊബൈലില്‍  സംസാരിക്കുകയാണ്. 

കോഴികളെയും ആടിനേയും  സന്ധ്യയ്ക്കു മുമ്പ് കൂട്ടിലെത്തിയ്ക്കണമെന്നായിരുന്നു  അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്.  പിന്നെയും കേട്ടു  പല നിര്‍ദ്ദേശങ്ങളും ... വാതിലടയ്ക്കണം,  മരുന്നു കൊടുക്കണം, അങ്ങനെ എന്തൊക്കെയോ ... വീട്ടില്‍ നിന്നകന്ന്  ആദ്യമായി ദൂരയാത്ര  പോകുന്നവന്‍റെ സകല  ആധികളും  ആ വാക്കുകളിലുണ്ടായിരുന്നു. ലോകം മുഴുവന്‍ കൈപ്പിടിയിലാണെന്ന്  ചുമ്മാ ഭാവിക്കുമെങ്കിലും സ്വന്തം ഇടങ്ങളില്‍ നിന്നകലുമ്പോള്‍ പുരുഷന്മാര്‍ പരിഭ്രമിക്കുന്നത്  ഞാന്‍ ഒരു തരം  രസകരമായ കൌതുകത്തോടെ  നോക്കിക്കാണാറുണ്ടായിരുന്നു. അപരിചിതത്വം  ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലാവരേയും അരക്ഷിതരാക്കും. അത്രയേയുള്ളൂ. മൊബൈല്‍ ഫോണിനെ അപ്പോള്‍ ജനിച്ച ഒരു കുഞ്ഞെന്ന വിധം അരുമയോടെയും കരുതലോടെയും  അയാള്‍ കവറിലിടുന്നതും ഭദ്രമായി ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ വെക്കുന്നതും കണ്ടു. അത് അയാളുടെ ഒരു അവയവം മാതിരി തോന്നിച്ചു.

അപ്പോഴേക്കും ഉരുളക്കിഴങ്ങ് പൊരിച്ചത് വാങ്ങിക്കൊണ്ടു വന്ന് നാലു  ബംഗാളികള്‍ക്കും നല്‍കുവാന്‍ തുടങ്ങിയിരുന്നു മലയാളിച്ചേട്ടന്മാര്‍. പിന്നീട്  സ്വന്തം ഭക്ഷണപ്പാത്രങ്ങള്‍ തുറന്ന് അവരും കഴിക്കാന്‍ ആരംഭിച്ചു. ഞാന്‍ കണ്ണുകളടച്ച് ആഹാരത്തിന്‍റെ സുഗന്ധം ആവോളം മൂക്കിലേക്ക് വലിച്ചു കയറ്റി. എന്‍റെ കൈവശം ആഹാരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകള്‍  വീട്ടില്‍ പാകം ചെയ്ത  ആഹാരം വൃത്തിയായി പാക് ചെയ്ത് യാത്രകളില്‍ ഒപ്പം  കൊണ്ടു വരുമെന്ന് എന്‍റെ കൂടെ വരുന്ന സ്വദേശികളായ ടൂറിസ്റ്റുകള്‍ പലപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത് സാധാരണയായി പുരുഷന്മാരാണ്, സ്ത്രീകളല്ല. ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും  ഭക്ഷണമായിട്ടെങ്കിലും വീടിനെ തലയില്‍ ചുമക്കാതിരിക്കുന്നത് ശരിയല്ലെന്ന് മിക്കവാറും എല്ലാവരും എന്നോട് പറയുമെങ്കിലും  ഞാന്‍ ഒന്നും മറുപടി പറയാതെ ചിരിച്ചുകൊണ്ടു തന്നെ പൊതി  ഭക്ഷണം പുറത്ത്  നിന്ന്  വാങ്ങിക്കഴിക്കും.  
  
മലയാളിച്ചേട്ടന്മാര്‍  ഭക്ഷണം കഴിച്ചു തീര്‍ന്നതും  ഉച്ചത്തില്‍ പൊട്ടിച്ചിരിയും സംഭാഷണവുമെല്ലാം  പിന്നെയും ആരംഭിച്ചു. കുട്ടികള്‍  തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നതും നോക്കി  തറയിലിരുന്ന് ആടിയുലഞ്ഞിരുന്ന ബംഗാളിപ്പെണ്ണുങ്ങള്‍ അസഹ്യതയുടെ ഇരുണ്ട കണ്‍കോണുകള്‍ പരസ്പരം കൊരുത്തുകൊണ്ടിരുന്നു. കുട്ടികള്‍ കഴിച്ചതിന്‍റെ ബാക്കി മാത്രം കഴിച്ചിട്ട്  വിശപ്പു മാറാത്തതുകൊണ്ടാവണം  അവര്‍ ഇടയ്ക്കിടെ നാവു പല്ലുകളില്‍ അമര്‍ത്തിത്തൊടുവിച്ച് അകത്തേക്ക് വലിച്ചിരുന്നു, പല്ലിലൂറിയ നനവും  കൂടി വലിച്ചു കുടിച്ച് വിശപ്പൊടുക്കും  പോലെ. 
  
കേട്ടോടാ,  ജെയിംസേ, ഗള്‍ഫിലോട്ട് പോന്ന പോലെയാ ഇവമ്മാര് നമ്മുടെ നാട്ടീപ്പോരുന്നത്.  ദെവസം മുന്നൂറ്റമ്പത് രൂപാ കിട്ടുമെന്നറിഞ്ഞപ്പോ  കരച്ചിലാരുന്നെടാ ഇവന്‍റെ ആ കമ്പിനെ കൂട്ടൊള്ള  കെട്ട്യോള്.... ഞാനങ്ങ് വല്ലാതായിപ്പോയി കേട്ടോ.  എന്നും വേല കാണുമോന്നാരുന്ന് ഇവന്‍റെ  ചാകാറായ അപ്പന്‍റെ ചോദ്യം.. 

മാത്തുച്ചായാ, മുന്നൂറ്റമ്പതേയൊള്ളോ?അതെന്നാ?ഇപ്പം അറുന്നൂറും എഴുന്നൂറുമൊക്കെയാന്നാ ഞാനറിഞ്ഞത്. 

എന്‍റെ ജെയിംസേ,   ഇവമ്മാര്‍ക്ക് വേലയൊന്നും അറിയത്തില്ലല്ലോ. മലയാളിപ്പണിക്കാര്‍ക്ക് കൊടുക്കുന്നത്രേം കൊടുക്കാനല്ലല്ലോ ഇവമ്മാരേം കൊണ്ട് ചെല്ലുന്നത്. 

എന്നാലും....... 

എന്നതാ ജെയിംസേ, ഒരെന്നാലും. ...ഈ നാശം പിടിച്ച  നാട്ടിലും ഇവന്മാര്‍ക്ക് ഗതികേടാന്നേ. കല്‍ക്കത്തക്കാര്  ബംഗാളികള്‍ടെ കൈയേലാ സ്വത്തും പണോം പള്‍ട്ടനിലേം ഫാന്‍സിയേലേം ബിസിനസ്സുമെല്ലാം.   അവരെയൊന്നും ഒരു തീവ്രവാദികളും ഒരു പോലീസുകാരും  തൊടുകേല. അക്രമമൊക്കെ ഇതുങ്ങടെ നെഞ്ചത്തോട്ടാ...  

അതെന്നാ അങ്ങനെ ?

നീയേതു കോത്താഴത്തൂന്നാ ...... ഭരണമാണേലും വിപ്ലവമാണേലും ലഹളയാണേലും എല്ലാം ഒന്നുമില്ലാത്തോനെയല്യോടാ കശക്കുന്നേ.  തന്നേമല്ല ഇതുങ്ങളൊന്നും  കല്‍ക്കത്തക്കാരൊന്നുമല്ലെന്ന്.. എല്ലാം  മറ്റേ ബംഗാളീന്നാ .... പോലീസൊക്കെ  അവിടെ അതിര്‍ത്തീലു ചുമ്മാ നിക്കുന്നല്ലേയൊള്ള്..  അവമ്മാര്‍ക്കും വേണ്ടതും കള്ളും പെണ്ണുമൊക്കെത്തന്നാ....   

അയ്യോ! അന്നേരം പാസ്പോര്‍ട്ടൊന്നും  വേണ്ടായോ...

നീ പിന്നേം.  അതൊക്കെ പോലീസിനും ഭരിക്കുന്നോര്‍ക്കും  ആവശ്യമൊള്ള  നേരത്ത്  ഈ പാവത്തുങ്ങടെ നെഞ്ചത്ത് കയറാനൊരു വഴിയല്യോ. കണ്ടിട്ടില്യോ  രണ്ടു കക്ഷത്തേലോട്ടും  ഒരു ലാത്തിയങ്ങ് തിരുകിയേച്ച്  ഇവമ്മാരെയിട്ടടിക്കുന്നേ.വല്ലോം പറഞ്ഞാ അപ്പോ പിടിച്ച്  തീവ്രവാദിയാക്കിക്കളേം. അതോണ്ടെന്നാ,   ഇവര് കാശൊള്ളവരുടെ വീട്ടിലും വയലിലും  കടേലും ഒക്കെ വേലേം ചെയ്ത്  തിന്നാതേം കുടിക്കാതേം  ഒക്കെ അങ്ങ് കഴിയും.  തൂറ്റലും ശര്‍ദ്ദിലും വന്നാ അധികം പേരും മരിക്കുന്നേ. നെനക്കറിയാവോ ദോണ്ട്, അവനില്ലേ ആ ഒറക്കം തൂങ്ങി....അവന്‍ അമ്പതു രൂപയ്ക്കാ  ദെവസം വേല എടുത്തിരുന്നത്. അവനാ മുന്നൂറ്റമ്പതും ആഹാരോം  കൊടുക്കാമെന്ന് നമ്മള് കൊണ്ടു  പോന്നേന്ന് കണ്ടോ.

അതൊള്ളതാ മാത്തുച്ചായാ. ഒന്നുമില്ലേലും പള്ളീലൊത്തിരി  പണികളൊണ്ടല്ലോ . വേലയ്ക്ക്  മുട്ടു വരികേല.

 ജെയിംസെ,  ആദ്യത്തെ  രണ്ട്  മൂന്നു തലമൊറയ്ക്കെ ഈ വല്ലായ്മയൊക്കെ  കാണത്തൊള്ളൂ. അതു കഴീമ്പം അവരുമങ്ങ് രക്ഷപ്പെടും.

ശരിയാ,കര്‍ത്താവ് എല്ലാവര്‍ക്കും ഒരു വഴി വെച്ചിട്ടൊണ്ടായിരിക്കും. 

അതല്ലെന്ന്.  ഇവമ്മാരൊക്കെ ഇവിടത്തെ നന്നെ കൊറഞ്ഞവമ്മാരാ. നമ്മടെ പഴേ കാലത്തെ പെലേനേം ചെറുമക്കളേം പോലെ. പണ്ട് കാലത്ത്  സഭേ ചേര്‍ന്ന പോലാണോ  നാട്ടിലെ പെലേനും ചെറുമക്കളുമൊക്കെ ഇപ്പോ  നടക്കുന്നെ ..  അവരങ്ങ് രക്ഷപ്പെട്ടില്യോ ... അതാ ഞാന്‍ പറഞ്ഞത്. 

എന്നാലും ഇപ്പഴും കൂടെ ഇരുത്തത്തും മറ്റുമില്ലല്ലോ. അവരുടെ കുടുമ്മത്തൂന്ന് കെട്ടത്തുമില്ല.  പള്ളീം പട്ടക്കാരനും വേറേ തന്നല്ലോ.

എന്നതാടാ, നീയൊരു മാതിരി പഴേ  കമ്യൂണിസ്റ്റുകാരെപ്പോലെ. ഇപ്പഴും  കൊറച്ചതൊക്കെ ഒണ്ടെങ്കിലും  അവരും കാറേലും ബൈക്കേലുമൊക്കെ വരുന്നില്ല്യോ. പെലേന്‍റെ മക്കളും നഴ്സുമാരായി അമേരിക്കേലും ജര്‍മ്മനീലുമൊക്കെ പോയില്ല്യോ.  അതു പോരായോ ഇപ്പം.... ഇരുന്നിട്ടേ കാല് നീട്ടാവൊള്ളേ.... ദേ , ഇപ്പത്തന്നെ കണ്ടില്യോ ഇവമ്മാര്‍ക്കെല്ലാം മൊബൈലു കൊടുത്തത്. അങ്ങു പോവുമ്പം  വീട്ടിലിരിക്കുന്നോരോട്  വല്ലോം പറയണ്ടായോ. .പിന്നെ.....ആ, ഇതുങ്ങടെ ജാതിയൊന്നും  നമ്മടെ നാട്ടിലാര്‍ക്കും  അറിയത്തില്ല. അതും നമുക്ക് നല്ലതെന്ന് കണ്ടോ.... ഇവമ്മാരോട്  കൂട്ടുകൂടിയെന്നും പറഞ്ഞ് ആരും ഒന്നിനും വരികേല .നമ്മളു ഇവമ്മാരെ  സഭേ ചേര്‍ത്തെന്നും പറഞ്ഞ് ഇടിച്ചു നിക്കാം.

 ജാതി ഒയര്‍ന്നതാന്ന് പറഞ്ഞാല്‍ എന്തോന്ന് കൊഴപ്പം വരാനാ മാത്തുച്ചായാ. അതൊക്കെ ആര് തെരക്കാന്‍ പോകുന്നു.? 

നീ കോത്താഴത്തൂന്ന് നേരേ വരുവാ അല്യോ. ഇന്നാട്ടിലെ  ഒയര്‍ന്നവര് എന്നാ കോപ്പിനാടാ സഭേലോട്ട് വരുന്നേ.  നമ്മടെ  ആമ്പിള്ളേരെ വളച്ചെടുക്കുന്ന വല്ല അവളുമാര്‍ക്കുമല്ലാതെ വേറെ ആര്‍ക്കേലും  വന്നിട്ട് വല്ല കാര്യോമൊണ്ടോ.  നമ്മുടെ   ആശുപത്രിയാന്നേലും സ്കൂളും കോളേജുമാന്നേലും എല്ലാം ഒയര്ന്നവര് കാശു മൊടക്കിയങ്ങ് ഒപയോഗിക്കും.  ഇതുങ്ങളോട് പറേന്ന പോലെ ആ കെണറേ തൊടല്ല്, ആ വഴിയേ  പോവല്ല് എന്നൊക്കെ  ആരെങ്കിലും ഒയര്‍ന്നവരോട്  പറയുവോ?   ഒയര്‍ന്നവര്‍ക്ക്  എല്ലാ സൌകര്യോം  അവര്ടെ ഇന്തുത്തത്തിലുമൊണ്ട്. പിന്നെ ഈ പാവത്തുങ്ങടെ  സേവനം  മൊത്തം അവര്ക്ക് ഫ്രീയാ.  അതല്ലേ ഇതുങ്ങളെ  പഠിപ്പിക്കണതും  മറ്റും  സഹിക്കാന്‍ മേലാഞ്ഞ്  നമ്മളെ കണ്ടാല്‍ ഒയര്‍ന്നവരു തല്ലാനും കൊല്ലാനും വരുന്നേ   
      
ഞാന്‍ മലയാളിച്ചേട്ടന്മാരെയും  ബംഗാളിപ്പുരുഷന്മാരേയും  സൂക്ഷിച്ചു നോക്കി. എല്ലാവരേയും  ഭംഗിയായി, മനസ്സിലാക്കിയിട്ടുണ്ടെന്ന എല്ലാം  ഒന്നിച്ച്  കൂടെക്കൊണ്ടു നടക്കുവാന്‍  സാധിക്കുമെന്ന  അനായാസമായ മിടുക്കിന്‍റെ  അഹങ്കാരവും ആത്മവിശ്വാസവും  മലയാളിച്ചേട്ടന്മാര്‍ക്കുണ്ടായിരുന്നു. അതു കണ്ടപ്പോള്‍  എനിക്ക് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.   അപരിചിതമായൊരിടവും ജോലിയും താമസവും ഭക്ഷണവും ഉല്‍ക്കണ്ഠപ്പെടുത്തുമ്പോഴും, ലഭ്യമാകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട  ഉയര്‍ന്ന  വരുമാനത്തിന്‍റെ പ്രത്യാശകള്‍ ഠീക്കാച്ചേഎന്ന മൃദു സമ്മതമായും തലകുലുക്കലുകളായും ഖൂബ് ഭാലോഎന്ന ചെറിയ പിറുപിറുപ്പുകളായും ബംഗാളിപ്പുരുഷന്മാരെ  പരസ്പരം ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. 

വിശക്കുന്നുണ്ടായിരുന്നു എനിക്ക്.  അടുത്ത സ്റ്റേഷനില്‍ വല്ലതും കിട്ടുമോന്നു നോക്കാം. അല്ലെങ്കില്‍ പൊരിച്ച ഉരുളക്കിഴങ്ങ്  തന്നെ വാങ്ങിക്കഴിക്കാം. 

സമയം കടന്നു പോകുന്തോറും വിശ്വാസത്തിനു ഉറപ്പു കുറഞ്ഞയാള്‍ കൂടുതല്‍ ഉല്‍ക്കണ്ഠാകുലനാകുന്ന മാതിരി തോന്നി. അയാള്‍  മൊബൈല്‍ കവറില്‍ നിന്നെടുക്കുകയും വീണ്ടും തിരിച്ചു വെക്കുകയും ചെയ്തു കൊണ്ടിരുന്നു. അതും അതീവ സൂക്ഷ്മതയോടെ, പരിഗണനയോടെ. അതിനു ജീവനുണ്ടെന്ന മട്ടില്‍ ... അതിനു നോവരുതെന്ന മട്ടില്‍ ... പൂ പോലെ... മൃദുലമായി.
എനിക്ക് അല്‍ഭുതം തോന്നുകയായിരുന്നു.  മൊബൈലിനെ സദാ ശല്യപ്പെടുത്തുന്ന ഒരു അശ്രീകരമായോ ഏകാന്തത നല്‍കാത്ത നാശമായോ കുഴിച്ചു മൂടേണ്ട  വിഷവസ്തുവായോ ഒക്കെ പലരും ശപിക്കുന്നതും എടുത്തെറിഞ്ഞ് പൊട്ടിക്കുന്നതും  ഞാന്‍ കണ്ടിട്ടുണ്ട്. സ്വദേശികളും വിദേശികളും അതില്‍പ്പെടും.  ഇത്രമാത്രം സ്നേഹത്തോടെ,  അടുപ്പത്തോടെ, ബഹുമാനത്തോടെ  ആദരവോടെ അതിനോടിടപെടുന്ന ഒരാളെ  ഞാന്‍ ആദ്യമായി കാണുകയായിരുന്നു.

അയാളെ തന്നെ നോക്കിക്കൊണ്ടിരുന്ന ഞാന്‍  അറിയാതെ ഉറങ്ങിപ്പോയി.  വിശപ്പും ക്ഷീണവും മാത്രമല്ല, ആത്മാവില്‍  വര്‍ഷങ്ങളായി കൂടുകൂട്ടിയ ഏകാന്തതയുമുണ്ടായിരുന്നുവല്ലോ  എന്നില്‍. അതുകൊണ്ട് ഉറക്കം വരാനെളുപ്പമായിരുന്നു എനിക്കെന്നും.  

കുറെയേറെ മണിക്കൂറുകള്‍ ഞാനുറങ്ങിയിരിക്കണം.

ഉണര്‍ന്നപ്പോള്‍ കമ്പാര്‍ട്ടുമെന്‍റില്‍ വളരെ നേര്‍ത്ത വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജാതികളും മതങ്ങളും നാടുകളും ഇല്ലാത്ത വെറും കൂര്‍ക്കം വലികള്‍ അവിടവിടെ ഉയര്‍ന്നു കേട്ടിരുന്നു. എന്‍റെ ബെര്‍ത്തിനു താഴെ തറയില്‍ ആരെല്ലാമോ തിക്കിത്തിരക്കിക്കിടന്ന്  ഉറങ്ങുന്നുണ്ടായിരുന്നു. 

ട്രെയിന്‍ ആരോടോ വാശി തീര്‍ക്കാനെന്ന പോലെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.
  
ജനലിനരികിലെ ഇരുട്ടത്ത് ഉരുണ്ട തുണിക്കെട്ട്  പോലെ കൂനിക്കൂടിയിരുന്ന് മെല്ലെ മെല്ലെ പിറുപിറുക്കുകയായിരുന്നു വിശ്വാസത്തിനുറപ്പ് പോരാത്ത ആ മെലിഞ്ഞ  മനുഷ്യന്‍. അയാള്‍  മൊബൈലില്‍ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു  .

അയാള്‍ അന്വേഷിക്കുകയായിരുന്നു.

വിട്ടു പോന്ന വീടിനെ,

ആടുകളെ

കോഴികളെ,

നടന്നിരുന്ന ഇടവഴികളെ...

ആരെയൊക്കെയോ.... 

എന്തിനെയൊക്കെയോ..... 

മൊബൈല്‍  കൈയിലിട്ടു തന്ന  യേസുമസിഹായ്ക്ക് മുന്നില്‍ മോംബത്തി കത്തിയ്ക്കാന്‍ മറക്കരുതെന്ന് പറയുമ്പോള്‍  ഭക്തികൊണ്ട് ആ ശബ്ദം വിറക്കുന്നത് എനിക്ക് വ്യക്തമായി. 

യേസുമസിഹായുടെ  മൊബൈലിലൂടെ എത്ര ദൂരെയായാലും എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക്  ഈ ഒച്ച കേള്‍ക്കാമല്ലോയെന്ന്... 

അതാരുടെ ഒച്ചയായിരിക്കും.? അയാള്‍ സ്നേഹിക്കുന്ന ആരുടെയോ ഒച്ച....  

ഇപ്പോള്‍ കരച്ചില്‍ വരുന്നത് എനിക്കാണ്. ഈ പ്രപഞ്ചത്തിലാരോടും ഇത്ര മേല്‍ നിഷ്ക്കളങ്കമായി, ഇത്രമേല്‍  വിശ്വാസത്തോടെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സംസാരിക്കാന്‍ എനിക്കാവില്ല. അതു കേള്‍ക്കാനും ആരും തന്നെയില്ല.

സ്നേഹത്തില്‍ ഉരുകിയൊലിക്കുന്ന ആ മനുഷ്യനെ ഒന്നു വിരല്‍  നീട്ടി തൊടണമെന്ന് എനിക്ക് തോന്നി. ആരുടെ ഒച്ച കേള്‍ക്കാനാണ് അയാളിങ്ങനെ  ദാഹിക്കുന്നതെന്ന്  ചോദിക്കണമെന്ന് തോന്നി. എന്നോട് ഒരു വാക്ക് സംസാരിക്കാമോന്ന്  അപേക്ഷിക്കാന്‍ തോന്നി.  പക്ഷെ, അതിനൊന്നുമുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്‍റെ മൊബൈലും  അമര്‍ത്തിപ്പിടിച്ചുകൊണ്ട് നനഞ്ഞ  കണ്ണുകളുമായി ഞാന്‍  വെറുതേ കിടന്നു.  

39 comments:

ശ്രീ said...

ടച്ചിങ്ങ്, ചേച്ചീ...

സ്നേഹം കൊതിയ്ക്കുന്നവര്‍... എന്തോ ഒരു വഴിപാടു പോലെ ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍... ഇങ്ങനെ എത്രയോ പേര്‍.

അഭി said...

വളരെ നന്നായിരിക്കുന്നു ചേച്ചി

ഒറ്റപ്പെടലിന്റെ വേദന വരച്ചു കാണിക്കുന്ന വരികൾ

മുകിൽ said...

nalloru chithram!

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ മലയാളനാട്മാസികയില്‍ വന്നതിന് അഭിനന്ദനങ്ങള്‍. ഇതുവരെ ഞാന്‍ വായിച്ച എച്ചുമോടെ കഥകളില്‍ വെച്ച് ഏറ്റവും നല്ല കഥ

Echmukutty said...

ആദ്യം വായനയ്ക്കെത്തിയ ശ്രീക്ക് ഒത്തിരി നന്ദി.
അഭിയ്ക്കും മുകിലിനും കുസുമത്തിനും നന്ദി. ഇനിയും വരുമല്ലോ..

ചന്തു നായർ said...

ഒരു പ്രമുഖ ചാനലിൽ ഓണത്തിനു സംപ്രേ ക്ഷണം ചെയ്യാൻ ഒരു കഥ വേണം എന്നു എന്നോടു പറഞ്ഞിട്ട് രണ്ട് നാളായി..പല പ്രമുഖ എഴുത്തുകാരുടേയും കഥകൾ വായിച്ചു നോക്കി..ഇപ്പോൾ വായിച്ച് കൊണ്ടിരിക്കുന്നത് മാധവിക്കുട്ടികളുടെ കഥകൾ, മുൻപ് വായിച്ചിരുന്ന രുഗ്മിണിക്കൊരു പാവക്കുട്ടിയും,ചന്ദന മരങ്ങളും,നഷ്ടപ്പെട്ട നീലാംബരിയും,സ്ത്രീയും ഒക്കെ ഒന്നു കൂടെ വായിച്ച് നോക്കി.. അപ്പോഴേ എനിക്ക് തോന്നിയ ഒരു കാര്യമാണ് അതുപോലൊരു തുറന്നെഴുത്തുകാരി നമ്മുടെ ബൂലോകത്തിലും ഉണ്ടല്ലോ എന്ന് അതെ..ഞാൻ ഉപമ പ്പെടുത്തുകയല്ലാ....എച്ചുമുക്കുട്ടിയുടെ ഈ തുറന്നെശുത്തിനു..നല്ല അവതരണത്തിനു എന്റെ നമസ്കാരം....

ചന്തു നായർ said...

എന്‍റെ അതികാമം കുറയ്ക്കാന്‍ എന്തു വഴിയെന്ന് ഇന്‍റര്‍നെറ്റില്‍ അയാള്‍ ഒരുപാട് പരതി നോക്കി. കുറഞ്ഞ കാമവും വികാരശൈത്യവുമുള്ള സ്ത്രീകളുമായി രമിക്കേണ്ടി വരുന്ന പുരുഷന്മാരുടെ ദണ്ണെളക്കങ്ങള്‍ മാത്രമേ ഇന്‍റര്‍നെറ്റില്‍ അയാള്‍ക്ക് കിട്ടിയുള്ളൂ. അറിയപ്പെടുന്ന മാസികകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഭാര്യയെ പ്രാപിക്കാന്‍ അതീവ ദാഹമുള്ള ഭര്‍ത്താക്കന്മാര്‍ എമ്പാടുമുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ പ്രാപിക്കാന്‍ ദാഹമുള്ള കുലീനയായ ഒരു ബ്രാഹ്മണ സ്ത്രീ പോലും ഇന്‍റര്‍നെറ്റിലോ മാഗസിനിലോ കടന്നു വന്നില്ല. അപ്പോഴെല്ലാം അരിശം മൂത്ത് അയാള്‍ എന്നെ തേവിടിശ്ശി എന്നു വിളിച്ചു പോന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ദീപക് എന്നെ സ്പര്‍ശിച്ചിട്ടേയില്ലായിരുന്നു. മാത്രവുമല്ല എന്നില്‍ നിന്ന് എയിഡ്സ് പകരുമെന്നും ,...എടുത്തെഴുതാൻ ഒരു പാട് വരികൾ ഉണ്ട്...എച്ചുമുവേ..നല്ല നമസ്കാരം

ഭാനു കളരിക്കല്‍ said...

കഥയിലെ നായികയെ തുറന്നു കാണിക്കാതെ ഈ കഥ ഇതിലും മനോഹരമാക്കാമായിരുന്നു. പറയാതെ പറഞ്ഞുപോകുന്ന വിതുംബലുകൾക്കല്ലേ ഭംഗി. അച്ചായന്മാരുടെ സംഭാഷണവും കുറച്ചു നീണ്ടുപോയി.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

congrats ! full of life !

Cv Thankappan said...

നന്നായിരിക്കുന്നു കഥ.
എങ്കിലും കഥ ഒന്നുകൂടി ഒതുക്കി
എഴുതിയിരുന്നുവെങ്കില്‍ തിളക്കം വര്‍ദ്ധിക്കുമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

As Thankappanji said....

Echmukutty said...

ചന്തുവേട്ടന്‍റെ നല്ല വാക്കുകള്‍ക്ക് നന്ദി.വായിച്ചതില്‍ വലിയ സന്തോഷം.

ഭാനു എഴുതിയത് ഗൌരവത്തൊടെ മനസ്സിലാക്കുന്നു. കൂടുതല്‍ ശ്രദ്ധിക്കാം.

ചെത്തുവാസുവിന്‍റെ അഭിനന്ദനത്തില്‍ സന്തോഷം.

തങ്കപ്പന്‍ ചേട്ടനും അരീക്കോടന്‍ മാഷും എഴുതിയ അഭിപ്രായങ്ങള്‍ കണ്ടു. തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധിക്കാം.

റോസാപ്പൂക്കള്‍ said...

"സ്നേഹത്തില്‍ ഉരുകിയൊലിക്കുന്ന ആ മനുഷ്യനെ ഒന്നു വിരല്‍ നീട്ടി തൊടണമെന്ന് എനിക്ക് തോന്നി. ആരുടെ ഒച്ച കേള്‍ക്കാനാണ് അയാളിങ്ങനെ ദാഹിക്കുന്നതെന്ന് ചോദിക്കണമെന്ന് തോന്നി. എന്നോട് ഒരു വാക്ക് സംസാരിക്കാമോന്ന് അപേക്ഷിക്കാന്‍ തോന്നി."
സ്നേഹത്തെക്കുറിച്ച് അടുത്ത കാലത്ത് വായിച്ചിട്ടുള്ള ഏറ്റവും നല്ല വരികള്‍ .

പ്രിയ എച്ചുമു എന്റെ സ്നേഹം അറിയിക്കുന്നു.

റിനി ശബരി said...
This comment has been removed by the author.
vettathan said...

സ്നേഹം ആര്‍ക്കും തന്നെ കിട്ടുന്നില്ല. കിട്ടുന്നു എന്നും കൊടുക്കുന്നു എന്നും ഭാവിക്കുന്നേയുള്ളൂ.

റിനി ശബരി said...

ഹൃദയത്തില്‍ തൊടുന്ന എഴുത്ത് പ്രീയപെട്ട ചേച്ചീ ..അതെന്നും അങ്ങനെ തന്നെയാണല്ലൊ അല്ലേ ..ഒറ്റപെടലില്‍ പെട്ടു പൊകുന്നവര്‍ വേഗം ഉറങ്ങി പൊകുന്നത്
എനിക്ക് പുതിയ അറിവായിരുന്നേട്ടൊ , ഞാന്‍ കരുതി വയ്ക്കുന്നതെപ്പൊഴും ടെന്‍ഷന്‍ കൂടിയവരാണ് ഉറക്കം നഷ്ടപെട്ടു പൊകുന്നതെന്നാണ്.പക്ഷേ ചില മുഖങ്ങള്‍ ഓര്‍മയില്‍ എടുത്തപ്പൊള്‍ സംഗതി ശരിയിലേക്കെത്തുന്നു .പലതും പറഞ്ഞു പൊകുന്നുണ്ട് ഈ കഥ " രേണുകയുടെ " മറ്റ് പല കഥാപാത്രങ്ങളിലൂടെ പലതും വെളിച്ചത്തേക്ക് വരുന്നുണ്ട് മറയില്ലാത്ത സംഭാഷണ ശകലങ്ങളും , നാടിന്റെ സ്ലാംഗും കൂട്ടീ .എത്രയെത്ര ജീവിതങ്ങളാണ് ചേച്ചിയുടെ വിരല്‍ തുമ്പിലൂടെ പിറവി എടുക്കുന്നത് , വളരെ ലളിതമെന്നു തൊന്നും ആ ബന്ധമൊന്നു നേരെയാക്കാന്‍ പക്ഷേ അതിന് വേണ്ടതും , അതിന് സഹിക്കേണ്ടി വരുന്നതും എത്രയെന്നാലൊചിക്കുമ്പൊള്‍ കരളു നോവും . സ്നേഹമെന്ന ഒരു വികാരം പൊലും പൂര്‍ണമായി ഒഴുക്കാനാവാതെ നാമൊക്കെ ഈ ചെറു ജീവിതത്തില്‍ അനാവിശ്യ ടെന്‍ഷന്‍ മനസിലേറ്റുന്നതെന്തിനാകുമല്ലേ ? കൂടെ മഹാ രോഗമെന്ന സംശയം കൂടിയായാല്‍ ജീവിതം നരകം തന്നെ , ശാരീരിക ബന്ധങ്ങളുടെ വിള്ളലുകളും കുടുംബ ബന്ധങ്ങളുടെ അസ്വാരസ്യങ്ങളും പലയിടത്തായി ചെന്നു തൊട്ടു ഈ കഥയില്‍ കഥയെന്ന് പറയുന്നതിലുപരി , ഇങ്ങനെ എത്ര രേണുകമാരെ കാണാം നമ്മുക്ക് ,എത്ര ദീപക്കുമാര്‍ നമ്മുക്കുളില്‍ ഉണ്ട് എന്നത് ..നേരായി തുടരുന്നു ..ഈയിടയായ് വന്നു വായിക്കുന്ന ചേച്ചിയുടെ വരികള്‍ക്ക് അസാധാരണമായ ആഴമുണ്ട് , അതു ഉയര്‍ത്തുന്ന അലകള്‍ പരിധികള്‍ വിടുന്നുണ്ട് എവിടെയൊക്കെയോ ചെന്ന് തട്ടുന്നുണ്ട് , സ്വയം മാറി പൊകുവാന്‍ പൊലും മനസ്സിനേ സ്വാധീനിക്കുവാന്‍ പൊലും കെല്പ്പുള്ള ചിലതുണ്ട് ..ഒരുപാട് സ്നേഹം ഈ നോവിന്റെ തൊടലുകള്‍ക്ക് , പ്രീയപെട്ട എച്ച്മു ചേച്ചി ..!

Pradeep Kumar said...

പല ഭാവങ്ങള്‍ മിന്നിമറയുമ്പോഴും ഏകാഗ്രത നഷ്ടമാവാതെ കൃത്യമായ ഒരന്ത്യത്തിലേക്ക് നല്ല കൈയ്യടക്കത്തോടെ കഥയെ എത്തിച്ചിരിക്കുന്നു. ആനുകാലികങ്ങളില്‍ വരാറുള്ള കഥകളേക്കാളും ഏറെ ഉയരത്തിലാണ് ഈ കഥയുടെ സ്ഥാനമെന്നു പറയുന്നത് ഭംഗിവാക്കല്ല.ഉള്ളിന്റെ ഉള്ളില്‍ സ്നേഹം കൊതിക്കുന്ന ആ സ്ത്രീ കഥാപാത്രം , സ്നേഹം കൊടുത്തിട്ടു മതിവരാത്ത ആ പാവം മനുഷ്യന്‍.... എല്ലാമെല്ലാം മനുഷ്യജീവിതത്തിന്റെ വിഭിന്ന മുഖങ്ങള്‍.....

ഈ നല്ല കഥക്കെന്റെ പ്രണാമം.....

ajith said...

നല്ല കഥ എച്മു.
അല്പം പരന്നൊഴുകിയോ എന്ന് വായനയില്‍ തോന്നാന്‍ സാദ്ധ്യതയുണ്ട്.
ആ ഒരു പ്രശ്നമില്ലെങ്കില്‍ ഇതിലും മെച്ചമായേനെ എന്നെന്റെ അഭിപ്രായം

Sidheek Thozhiyoor said...

സ്നേഹത്തിന്റെ വേദനയുടെ മൂര്‍ത്തഭാവങ്ങള്‍ വളരെ തന്മയത്വത്തോടെ വരച്ചുകാട്ടിയിരിക്കുന്നു എച്ചുമു വീണ്ടും.

ശ്രീനാഥന്‍ said...

മതം മാറ്റുന്നതിലെ ദുഷ്ടലാക്കുകൾ,കേരളത്തിൽ ചൂഷണം ചെയ്യപ്പെടുന്ന സുവർണ്ണ ബൊംഗാളികളുടെ ഗതികേടുകൾ, മദ്ധ്യവർഗ്ഗത്തിന്റെ സ്നേഹരാഹിതവും സംശയകലുഷവുമായ ദാമ്പത്യവും, സ്നേഹത്താൽ ഉരുകിയൊലിക്കുന്ന പാവങ്ങളുടെ ദാമ്പത്യവും ...ഒരു ചെറുകഥയിൽ ഒതുക്കാൻ ബുദ്ധിമുട്ടുള്ള പലവിഷയങ്ങൾ കഥയിൽ കോർത്തിണക്കിയിരിക്കുന്നു. (ഹോ! എന്നാതാ കൊച്ചേ!) കഥ നന്നായിട്ടുണ്ട്. എങ്കിലും ഒരു പ്രൂണിങ്ങ് ആകാമായിരുന്നു എന്നു തോന്നുന്നു.

Echmukutty said...

റോസാപ്പൂവിന്‍റെ നല്ല വാക്കുകള്‍ക്ക് നന്ദി. ... സന്തോഷം.
അതെ, വെട്ടത്താന്‍ ചേട്ടന്‍ പറഞ്ഞത് വലിയൊരു വാസ്തവമാണ്...വായിച്ചതില്‍ സന്തോഷം.
റിനിയുടെ കമന്‍റിന് സന്തോഷമെന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കുന്നത്... കൂടുതലൊന്നും പറയാന്‍ വാക്കു കിട്ടാത്തതുകൊണ്ടാണ്.കാരണം ഞാനന്തിനെഴുതുന്നു എന്നു ചോദിച്ചാല്‍ റിനിയുടെ ഈ കമന്‍റ് മറുപടിയായി എനിക്കു നല്‍കാമല്ലോ. അതുകൊണ്ട് മനസ്സ് നിറഞ്ഞ സന്തോഷം റിനി.
പ്രദീപ് മാഷ് എഴുതിയ നല്ല വാക്കുകള്‍ എന്‍റെ ആത്മവിശ്വാസത്തിനു ഒരു ബലമാണ്. മാഷ് എന്തു പറയും എന്നൊരു വലിയ ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു.
അജിത്തേട്ടന്‍ എഴുതിയത് ശ്രദ്ധിച്ചു... ഇനിയും കഥ ഒതുക്കാന്‍ നോക്കാം..
സിദ്ദിക്ജി വായിച്ചതിലും അഭിനന്ദിച്ചതിലും സന്തോഷം.
ശ്രീനാഥന്‍ മാഷ് എഴുതിയ കമന്‍റ് കണ്ടു.... പ്രൂണിംഗിനു ശ്രമിക്കാം ... മാഷ് എന്തു പറയുമെന്ന് ആലോചിച്ചിരുന്നു.വായിച്ചതില്‍ സന്തോഷം...

Aarsha Abhilash said...

നല്ല കഥ എച്ചുമു ചേച്ചീ, കുറച്ചു പരന്നോ എന്നൊരു സംശയം എനിക്കും തോന്നി.... കഥ നായികയ്ക്ക് വീടൊരു വേദന അല്ലെങ്കിലും ഈ പറഞ്ഞ ഫീലിംഗ് തന്നെ തോന്നും എന്ന് തോന്നി (ഒരു അഭിപ്രായം മാത്രം)......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥ ഇഷ്ടപ്പെട്ടു.സാമൂഹ്യജീവിതത്തിലൂടെയും കടന്നുപോയി.പ്രത്യേകിച്ച് ആ മറുനാടന്‍ തൊഴിലാളികളുടെ വിഷയം നന്നായി.ആശംസകള്‍

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഇടക്ക് കഥയ്ക്ക് വല്ലാത്ത വലിച്ചിൽ തോന്നി . മലയാളീസിന്റെ സംസാരം ഇത്തിരി കുറയ്ക്കാമായിരുന്നു. നല്ലൊരു കഥയ്ക്കുള്ള സാധ്യത ആ വലിച്ചിൽ മൂലം ഇല്ലാണ്ടായി എചുമൂ .........

Unknown said...

എച്മിക്കുട്ടി,
ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതു പോലെ എച്മിക്കുട്ടിയുടെ എഴുത്തുകളിലെ അവസാന വരികള്‍ ശക്തവും സുന്ദരവുമാണു. മനസ്സില്‍ ഒരു വിങ്ങലോടെയാണു ഈ കഥ വായിച്ചു തീര്‍ത്തതു.

എനിക്കു ശരിക്കു മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു വരി ഇതില്‍ ഉണ്ടായിരുന്നു എന്നു കൂടി പറഞ്ഞു കൊള്ളട്ടെ
"കല്‍ക്കത്തക്കാര് ബംഗാളികള്‍ടെ കൈയേലാ സ്വത്തും പണോം പള്‍ട്ടനിലേം ഫാന്‍സിയേലേം ബിസിനസ്സുമെല്ലാം."

Echmukutty said...

സ്നേഹപൂര്‍വം ശ്യാമയെ കണ്ടതില്‍ സന്തോഷം. കഥ ഒതുക്കാന്‍ ശ്രമിക്കാം... കേട്ടോ.
മുഹമ്മദിന്‍റെ നല്ല വാക്കുകള്‍ക്ക് നന്ദി.
നിധീഷിന്‍റെ അഭിപ്രായം ശ്രദ്ധിക്കുന്നു. ഇനിയും എഡിറ്റ് ചെയ്യാന്‍ നോക്കാം.
ബൈജുവിന്‍റെ നല്ല വാക്കുകള്‍ സന്തോഷകരമെന്നറിയിക്കട്ടെ. ഗുവാഹട്ടി റെയില്‍ വേ സ്റ്റേഷന്‍ പള്‍ട്ടന്‍ മാര്‍ക്കറ്റിനടുത്താണ്, ഹോട്ടലുകളും ടൂര്‍ ഓപ്പറേറ്റിംഗ് ബിസിനസുമെല്ലാം പള്‍ട്ടന്‍ മാര്‍ക്കറ്റില്‍ നിറഞ്ഞൊഴുകുന്നു. ഫാന്‍സി കുറച്ച് അകലെയുള്ള വസ്ത്ര മാര്‍ക്കറ്റാണ്...

ദിവാരേട്ടN said...

ഗ്രേറ്റ്‌ !!
നല്ല കഥ. മികച്ച ആഖ്യാനരീതി.
നിങ്ങളിൽ ചിലർ ബൂലോകത്ത് ഇങ്ങനെ എഴുതുന്നതുകൊണ്ട്, ഏത് തിരിക്കിനിടയിലും ഇടക്കൊക്കെ ഇവിടെ വന്നുപോകാൻ തോന്നും. ആശംസകൾ !!

Admin said...

all the bst..

keraladasanunni said...

എച്ച്മുക്കുട്ടിയുടെ മറ്റൊരു മനോഹരമായ രചന.

വര്‍ഷിണി* വിനോദിനി said...

വല്ലാണ്ട്‌ നൊമ്പരപ്പെടുത്തുന്നൂ...അവൾക്കൊപ്പം ഹൃദയം നുറുങ്ങുന്നു..
നന്ദി അറിയിക്കട്ടെ..ഈ വായന ഞാൻ സൂക്ഷിച്ചു വെക്കും..!
ശുഭരാത്രി...!

aswathi said...

കേരളത്തിന്റെ പുതിയ മുഖങ്ങളുടെ കഥ ... നന്നായി എഴുതി എച്മു ..

ഒരു കുഞ്ഞുമയിൽപീലി said...

nalla vaayanaa anubahavam thanna post neelam koodiyenkilum kadhayude ആഴം ottum virasatha peduthiyilla aashamsakal

the man to walk with said...

ഈ കഥയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഇഷ്ടായത് .
നിസ്സഹായതയുടെ നിലവിളികൾക്ക് കഥാരൂപം നല്കുന്ന
ഈ മാന്ത്രികതയെ എന്ത് പറഞ്ഞാണ് അഭിനന്ദികേണ്ടത് ?

All the Best

Unknown said...

touched the core of my heart with mesmerizing ending.touching...
but i presume,solitude is perhaps the
most enticing experience in the world..am not sure its just a thought.excellent writing,with a lots of promise.

Anonymous said...

Dear Echumutty,

Congratss..Well written..whenever i read your stories/Articles/experiences my eyes will fill with tears..May god bless you will all happiness..keep writting...

Vani

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരുപാട് സത്യങ്ങൾ നിറഞ്ഞ കഥ. തകർത്തുപെയ്യാനും നിറഞ്ഞുകവിയാനും കാത്തുനിൽക്കുന്ന ഒരുപാട് തരം സ്നേഹങ്ങളുടെ കഥ. മനോഹരമായി എഴുതിയ വരികൾക്കിടയിലൂടെ സുന്ദരമായി ഒഴുകിനീങ്ങി വയനയിലുടെനീളം.നന്ദി ഈ നല്ല കഥ തന്നതിന്...............

മൈലാഞ്ചി said...

സ്ഥിരം വായനക്കാരിയാണെങ്കിലും സ്ഥിരം കമന്റുകാരിയല്ലെന്ന് തോന്നുന്നു ഞാന്‍.. ഇതുപക്ഷേ, എന്തെങ്കിലും എഴുതാതെ പോയാല്‍ എന്റെ പെണ്ണത്തത്തോടും മനുഷ്യത്തത്തോടും ഉള്ള തെറ്റായിരിക്കും എന്ന തോന്നല്‍....


മനസു വിങ്ങുന്നു.. കൂടുതലൊന്നും പറയാന്‍ വയ്യ...

നന്ദി...ഈ എഴുത്തനുഭവത്തിന്...

A said...

ഒരു വാക്കും കൂടിയില്ല. വായിക്കാതിരിക്കുന്നത് എത്രമാത്രം നഷ്ടമാണെന്ന് ഇത് വായിക്കുമ്പോൾ ഓർക്കുകയാണ്. സ്നേഹം തേടുന്ന മനുഷ്യർ അത് സമ്പന്നമായി കാണുന്നിടത്ത് കൊതിയോടെ നോക്കി നിൽക്കുന്നു.