Sunday, May 19, 2013

നമ്മള്‍ എന്താണിങ്ങനെ...


https://www.facebook.com/echmu.kutty/posts/156744331171536

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 മെയ്  10 നു  പ്രസിദ്ധീകരിച്ചത്. )   
   
രണ്ട് വലിയ കെട്ടിട  നിര്‍മ്മാണ കമ്പനികളുടെ മേധാവികളും  അടുത്ത  സുഹൃത്തുക്കളുമായിരുന്നു  അവര്‍. ലഭിച്ചാല്‍ തികച്ചും അഭിമാനകരമെന്ന് വാഴ്ത്തപ്പെടാവുന്ന ഒരു  പ്രോജക്ടിനായി ഇരുവരും മല്‍സരിച്ചു. എപ്പോഴുമെന്ന പോലെ  ഏതു മല്‍സരത്തിലുമെന്ന പോലെ  ഇവിടെയും  ഒരാള്‍ക്ക് പ്രോജക്ട്  അനുവദിക്കപ്പെട്ടു.  പ്രോജക്ട് കിട്ടിയ ആള്‍  രണ്ട്  കമ്പനികളിലേയും എല്ലാ ജോലിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി  വലിയൊരു വിരുന്നു സംഘടിപ്പിച്ചപ്പോള്‍  എല്ലാവരും അവരവരുടെ പക്കലുള്ള  നല്ല നല്ല ഉടയാടകളും  മേക്കപ്പും ഒക്കെയായി വിരുന്നിനെത്തിച്ചേര്‍ന്നു. പ്രത്യേക വിഭവങ്ങള്‍ ആതിഥേയര്‍ നിശ്ചയിച്ച്  അതിഥികള്‍ക്ക് വിളമ്പുന്ന  സാധാരണ ഭക്ഷണ രീതിയായിരുന്നില്ല അവിടെ. അതിഥികള്‍  സ്വയം തീരുമാനിച്ച് അവരവര്‍ക്കാവശ്യമുള്ളത്  വാങ്ങിക്കഴിക്കാമെന്നും  പഞ്ചനക്ഷത്ര  ആഹാരത്തിന്‍റെ വിലയെക്കുറിച്ച്  ആരും ചിന്തിക്കുകയേ വേണ്ടെന്നുമായിരുന്നു  ആ വിരുന്നിന്‍റെ  പ്രത്യേകത.

സാധാരണ ജോലിക്കാരിലധികം പേരും  അവരവര്‍ക്കാവശ്യമുള്ള ആഹാരം നിറഞ്ഞ സന്തോഷത്തോടെ  കഴിക്കുകയും പഞ്ചനക്ഷത്ര  ഹോട്ടലിന്‍റെ  ഭംഗിയും സുഖസൌകര്യങ്ങളും താല്‍ക്കാലികമായി അനുഭവിക്കുവാന്‍ സാധിച്ചുവെന്നതില്‍ ആഹ്ലാദിക്കുകയും ചെയ്തു. അവരുടെ കുട്ടികള്‍ പുല്‍ത്തകിടികളില്‍ ഓടിക്കളിച്ചു.  അവരുടെ  സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ  സ്നേഹത്തോടെയും അഭിമാനത്തോടെയും ഒട്ടൊരു അല്‍ഭുതത്തോടെയും കടാക്ഷിച്ചു. അപ്പോള്‍ ആ  ഭര്‍ത്താക്കന്മാരും   അല്‍പം പ്രാധാന്യമൊക്കെയുണ്ട് തങ്ങള്‍ക്കുമെന്ന സങ്കല്‍പത്തില്‍  മന്ദഹസിക്കുകയും തല കുലുക്കുകയും ചെയ്തുകൊണ്ടിരുന്നു. കാണാന്‍ രസമുള്ള കാഴ്ചകളായിരുന്നു അവയെല്ലാം തന്നെ.

വേദന തോന്നിച്ച  ചില  രംഗങ്ങളും  ഉണ്ടാവാതിരുന്നില്ല.  കൂടുതല്‍ വിദ്യാഭ്യാസവും ലോകപരിചയവും  അനുഭവസമ്പത്തും ഒക്കെയുണ്ടെന്ന് അവകാശപ്പെടുന്ന ഉയര്‍ന്ന ജോലിക്കാരില്‍ പലരും വലിയ വലിയ അളവുകളില്‍ ഭക്ഷണം വരുത്തിയിരുന്നു. ഒരാള്‍ക്ക് ബിരിയാണിയും പുലാവും ഫ്രൈഡ് റൈസും നൂഡില്‍സും വൈറ്റ് റൈസും ചപ്പാത്തിയും നാനും ബട്ടൂരയും പറാത്തയും  പനീര്‍ മസാലദോശയും അത്താഴമായി കഴിക്കുവാന്‍ സധിക്കുകയില്ലെങ്കിലും അവയെല്ലാം ഒന്നിച്ച്  വരുത്തപ്പെട്ടിരുന്നു. അവയെല്ലാം  തന്നെ അല്‍പം മാത്രം ഭുജിക്കപ്പെടുകയും അങ്ങനെ ഒട്ടുമുക്കാലും ഭക്ഷണം  ഉപയോഗശൂന്യമാക്കപ്പെടുകയും ചെയ്തു. എന്തുകൊണ്ട് ഇത്രയധികം  വലിയ അളവുകളില്‍ ആഹാരം പാഴായി  എന്ന് അന്വേഷിക്കുമ്പോഴായിരുന്നു നമ്മുടെ  പണമായി അഞ്ചു പൈസ  ചെലവായില്ലല്ലോ പിന്നെ നമുക്കെന്താ നഷ്ടമെന്ന ഉത്തരം കിട്ടിയത്.

ഇവിടെ  നമ്മൂടെ പണം മാത്രമാണോ നഷ്ടം? കര്‍ഷകര്‍ മുതല്‍    ഭക്ഷണം വിളമ്പിത്തന്ന വെയിറ്റര്‍ വരെ നീളുന്ന  വലിയൊരു വിഭാഗം മനുഷ്യരുടെ  അധ്വാനം, ഭക്ഷണമുണ്ടാക്കാനും അതു സൂക്ഷിക്കാനും  വേണ്ടി വരുന്ന ഊര്‍ജ്ജോപഭോഗം  ഇതൊന്നും തന്നെ   വിദ്യാഭ്യാസവും ലോകപരിചയവും അനുഭവസമ്പത്തും  ഉള്ളവരില്‍ ഉത്തരവാദിത്ത ബോധമായി പ്രവര്‍ത്തിക്കാത്തതെന്തുകൊണ്ടായിരിക്കും? ഉത്തരവാദിത്ത ബോധത്തിന്‍റേതായ  സംസ്ക്കാരം വളര്‍ത്തിയെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസവും കൊട്ടിഘോഷിക്കപ്പെടുന്ന പാരമ്പര്യവും  കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളും വേണ്ടത്ര  ശ്രദ്ധ പതിപ്പിക്കാഞ്ഞതെന്താവും?

ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളമുള്ള ഗവണ്മെന്‍റ് സ്ഥാപനങ്ങളിലും കുറെയെങ്കിലും പ്രൈവറ്റ്  സ്ഥാപനങ്ങളിലും മിക്കവാറും  കാണുന്ന ഒരു പ്രവണതയാണ്, ശ്രദ്ധയില്ലായ്മയാണ് ആവശ്യമില്ലാത്തപ്പോഴും ഫാനുകളും ലൈറ്റുകളും ഏ സികളും ഓണ്‍ ചെയ്തു  വെയ്ക്കുക എന്നത്... വലിയ ഹാളൂകളിലും മറ്റും ആരുമില്ലാത്തപ്പോഴും ഇവയെല്ലാം ഇങ്ങനെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് കാണാം. നമ്മളല്ലല്ലോ  ബില്ലടക്കുന്നതെന്ന് മറുപടി തരുന്നവര്‍ അവിടെയുമുണ്ട്. പാഴാക്കിക്കളയുന്ന ഊര്‍ജ്ജത്തെപ്പറ്റി ഒരു ചിന്തയുമില്ലാതെ, നമുക്ക് ലഭ്യമായിട്ടുള്ള സുഖസൌകര്യങ്ങളെ ദുരുപയോഗം ചെയ്യുകയും അതിനെ യാതൊരു  കുറ്റബോധവുമില്ലാതെ ന്യായീകരിക്കുകയും ചെയ്യുകയെന്നത്  മനുഷ്യര്‍ക്ക് മാത്രം  കഴിയുന്ന  ലജ്ജയില്ലായ്മയാണ്. പാശ്ചാത്യ സ്വാധീനം കൊണ്ട്  അവരുടെ സംസ്ക്കാരം കൊണ്ട്   നമ്മളാകെ ദുഷിച്ചു പോയി എന്ന് പറയുന്ന തീവ്ര സ്വദേശിവാദികള്‍ക്കും നമ്മുടെ  ഈ നാണംകെട്ട ഉത്തരവാദിത്തമില്ലായ്മശീലത്തെ പറ്റി  ഒന്നും പറയാനില്ല. കാരണം  സായിപ്പിന്‍റെ  സീരിയലിലും സിനിമയിലും ഒക്കെ മുറിയില്‍  നിന്നിറങ്ങുമ്പോള്‍  കഥാപാത്രങ്ങള്‍ ലൈറ്റും ഫാനുമൊക്കെ ഓഫ്  ചെയ്യുന്നത് പ്രത്യേകമായി കാണിക്കാറുണ്ട് ; ഓട്ടോമാറ്റിക് ആയി  ഓഫ് ആവുന്ന സംവിധാനങ്ങളല്ലാത്തപ്പോള്‍ തീര്‍ച്ചയായും.  എങ്കിലും അതിലെ സായിപ്പിന്‍റേയും മദാമ്മയുടെയും ചുംബനരംഗങ്ങളോ മദാമ്മയുടെ ഉടുപ്പിന്‍റെ  ഇറക്കക്കുറവോ മാത്രമേ നമ്മുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാറുള്ളൂ .

വന്‍നഗരങ്ങളിലെ ഒടുങ്ങാത്ത  ട്രാഫിക് ജാമുകള്‍  മുതല്‍  ചെറു പട്ടണങ്ങളിലെ താല്‍ക്കാലിക ജാമുകളില്‍  വരെ  വണ്ടികളുടെ എന്‍ജിന്‍ ഓഫ് ചെയ്യാതെ ഇന്ധനം കത്തിച്ചു  കളയുന്നതിലും  നമ്മള്‍ മുന്നില്‍ തന്നെയാണ്. ഇന്ധനത്തിന്‍റെ വിലക്കയറ്റം എല്ലാവരേയും അതിയായി  രോഷം കൊള്ളിക്കുന്നുണ്ട്. ആ വിലക്കയറ്റത്തിന്‍റെ  സാമ്പത്തികവും രാഷ്ട്രീയവുമായ ഉള്ളുകള്ളികള്‍ തീര്‍ത്തും ജനദ്രോഹകരമായിരിക്കുമ്പോഴും അടുത്ത തലമുറയ്ക്കു കൂടി  അവകാശപ്പെട്ടതായ ഇന്ധന നീക്കിയിരിപ്പുകളെ  നമ്മള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സമീപിച്ചേ തീരൂ . 
പണം എന്നാല്‍ കറന്‍സി നോട്ടുകളും നാണയങ്ങളും മാത്രമാണെന്ന് കരുതുന്ന ബാലിശമായ ചിന്താഗതിയില്‍  നിന്ന് നമ്മള്‍ എപ്പോഴാണ് പുറത്ത് കടക്കുക?  അതുകൊണ്ട് തന്നെ പഴ്സിലും  അരപ്പട്ടയിലും ബാഗിലും മാത്രമല്ല  പണം  സൂക്ഷിക്കേണ്ടതെന്നും  നമ്മള്‍ എപ്പോഴാണ് മനസ്സിലാക്കുക

നമ്മുടെ മഴയും വെയിലും കാടും കുന്നും   പുഴയും  എന്നു വേണ്ട തൂണും തുരുമ്പും മനുഷ്യാധ്വാനവും  ഉള്‍പ്പടെ എല്ലാമെല്ലാം പണമാണെന്നും    പണത്തെയെല്ലാം നൂറുശതമാനം ആദരവോടെയും  ഉത്തരവാദിത്തബോധത്തോടെയും പക്വതയോടെയും  കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു  തലമുറയെയാണ്  ഇന്നാവശ്യമെന്നും നമ്മള്‍ അറിയണം... ഇന്നു മാത്രമല്ല നാളെയും.. മറ്റന്നാളും .... എക്കാലവും.

26 comments:

അവതാരിക said...

ചിന്തിപ്പിക്കുന്ന പോസ്റ്റ്‌

നമ്മുടെ ഒത്തിരി ഊര്ജ്ജം പല നിലക്കും പാഴായി പോവുന്നു ..ആരും കെയർ ചെയ്യാത്ത ഇന്നത്തെ കാലത്ത് ഇത്തരം പോസ്റ്റുകൾക്ക്‌ ഏറെ പ്രസക്തിയുണ്ട് ..


ഒരു ഡൌട്ട് : എച്ചുമു വലതു പക്ഷക്കാരിയാണോ ? മൻമോഹൻ സര്കാറിനെ സപ്പോർട്ട് ചെയ്യുന്ന പോലെയുണ്ട് :)

ഭാനു കളരിക്കല്‍ said...

എച്ചുമുവിന്റെ ചോദ്യത്തിന്റെ ഉത്തരം ഇതാണ്. പതിനാറാം നൂറ്റാണ്ടിൽ തന്നെ പാശ്ചാത്യൻ പരിഷ്കൃത സമൂഹമായി മാറിക്കൊണ്ടിരുന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ ഇന്നും സംഭവിക്കാത്ത മുതലാളിത്ത വിപ്ലവം പടിഞ്ഞാറ് സംഭവിച്ചു. പടിഞ്ഞാറ് നേടിയെടുത്ത സുഖങ്ങളെ നാം അനുഭവിക്കുന്നു എന്നല്ലാതെ നമ്മുടെ സമൂഹം പരിഷ്കൃതമായ ഒരു ബോധ തലത്തിലേക്ക് പരിവര്ത്തനം ചെയ്യപ്പെട്ടിട്ടില്ല. റോഡ്‌ ക്രോസ്സ് ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്. വരുന്ന വണ്ടി ഒരു പാശ്ചാത്യന്റെ ആണെങ്കിൽ അയാൾ വണ്ടി നിറുത്തി നമ്മളോട് ക്രോസ്സ് ചെയ്യാൻ ആവശ്യപ്പെടും. ഇന്ത്യൻ ആണെങ്കിൽ കാൽ നടക്കാരനെ പരിഹസിച്ച് അവന്റെ വണ്ടിയുടെ വേഗത ഒന്നു കൂടി കൂട്ടും.

ഇതൊക്കെ പറയുമ്പോൾ മറ്റൊരു കാര്യം കൂടി പറയണം. ഈ ജനാധിപത്യ വാദികൾ വിയറ്റ്നാമിലും ഇറാക്കിലും കൂട്ടക്കൊല നടക്കുമ്പോൾ നിശബ്ദരായിരുന്നു.

ഊര്ജ്ജ നഷ്ട്ടത്തെകുറിച്ചു പറയുമ്പോൾ പ്രസരണ നഷ്ട്ടത്തെ പറ്റിയും ചർച്ചചെയ്യണം.

യഥാർത്ഥ കാരണങ്ങളിൽ നിന്നും ചര്ച്ച വഴിമാറി പോകുന്നത് അവതാരിക പറഞ്ഞതുപോലെ എച്ചുമുവിനെ തെറ്റിദ്ധരിക്കാൻ ഇടയാക്കും.

vettathan said...

വളരെ പ്രസക്തമാണ് ഈ ബ്ലോഗ്. ആര്‍ക്കും ഉപയോഗമില്ലാതെ വെറുതെ നശിച്ചുപോകുന്ന സമ്പത്തു. ആവശ്യമുള്ള ഭക്ഷണം മാത്രം വാങ്ങാനും, വാങ്ങുന്നത് നശിപ്പിക്കാതിരിക്കാനും കുട്ടികള്‍ക്ക് പരിശീലനം കൊടുക്കണം.ആവശ്യമില്ലാത്ത ലൈറ്റും ഫാനും ഓഫാക്കാന്‍ കുട്ടികളെ മാത്രമല്ല,മുതിര്‍ന്നവരെയും പരിശീലിപ്പിക്കണം.

ബഷീർ said...

നല്ല ചിന്തകൾ പങ്കു വെച്ചതിനു നന്ദി.. പൊങ്ങച്ചവും ദുരഭിമാനവും ഈ ദൂർത്തിനു അടിസ്ഥനമായി വർത്തിക്കുന്നു. അതിൽ നിന്നുള്ള മോചനത്തിനായി നിരന്തര ബോധവത്കരണം ആവശ്യമാണ്..അത്തരത്തിൽ ഒന്നായി മാറട്ടൈ ഈ ലേഖനം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്മയിലേക്ക് വഴിനയിക്കുന്ന ചിന്തകള്‍ ,നിരീക്ഷണങ്ങള്‍ ..തുടരുക

Bijith :|: ബിജിത്‌ said...

ഇവിടെ തേര് യാത്ര ഉണ്ടായിരുന്നു. ഒരു അഞ്ചു കിലോമീറ്റർ അകലെയുള്ള അമ്പലത്തിൽ നിന്നും ഞങ്ങളുടെ അയൽവക്കത്തുള്ള അമ്പലത്തിലേക്ക് തേര് വരും വൈകുന്നേരം തിരികെ പോകും . ഈ വേനൽക്കാലത്ത് അവർ ടാങ്കർ കണക്കിന് വെള്ളം കൊണ്ട് വന്നു രണ്ടു അമ്പലത്തിനും ഇടയിലുള്ള റോഡു കഴുകി വൃത്തിയാക്കി ! അതിനെ കുറിച്ച് ചോദിച്ചപ്പോൾ അയൽവാസി പറഞ്ഞത് അവര് കേൾക്കണ്ട ദൈവത്തിനു എതിര് പറഞ്ഞെന്നും പറഞ്ഞു ശരിയാക്കും എന്ന് ! അതു കൊണ്ട് എന്തുണ്ടായി ഇപ്പോൾ അവർ പുതിയ രണ്ടു തീവ്ര പ്രകാശ ലൈറ്റ് വച്ചത് ഞാൻ കാണാത്ത ഭാവത്തിൽ നടക്കുന്നു . അവർക്ക് കാശുണ്ട് , അവർ വെള്ളത്തിനും കരന്റിനും കാശ് കൊടുത്തോളും ബാക്കിയുള്ളവർക്ക് ആവശ്യത്തിനു ഇല്ലെങ്കിൽ അവർക്കെന്ത് ...

Echmukutty said...

അവതാരിക എന്തുകൊണ്ടാണിങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. സമ്പത്ത് ദുരുപയോഗം ചെയ്യുന്നതിന്‍റെ രാഷ്ട്രീയമായ കള്ളത്തരങ്ങളെപ്പറ്റി ഞാന്‍ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളപ്പോള്‍ എന്തുകൊണ്ട് ആ ചോദ്യം വന്നുവെന്ന് എനിക്ക് മനസ്സിലായില്ല. വിദ്യാഭ്യാസവും വലിയ പദവികളും വഹിക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ഉത്തരവാദിത്തമില്ലായ്മയെയാണ് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. നമ്മുടെ നാട്ടിലെ എല്ലാം വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും നല്ല യാത്രാസൌകര്യങ്ങളും വീടും ഭക്ഷണവും പാര്‍പ്പിടവും പോലെ ആത്മാഭിമാനമുള്ള ജീവിതവും എല്ലാവര്‍ക്കും എല്ലാ അഗതികള്‍ക്കും അനാഥര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍... ഈ പറഞ്ഞ ഒരു കാര്യവും ജാതിയുടെയോ മതത്തിന്‍റേയോ ലിംഗത്തിന്‍റേയോ നിറത്തിന്‍റെയോ ധനത്തിന്‍റേയോ പേരില്‍ ഒരാള്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ ഇതില്‍ അല്‍പമെങ്കിലുമൊക്കെ സ്വായത്തമാക്കാനായവര്‍ക്ക് ചുമതലയുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വെള്ളത്തിന്‍റെ ദുരുപയോഗത്തെ മനസ്സിലാക്കിയവന്‍ ഏതു സാഹചര്യത്തിലും വെള്ളം ദുരുപയോഗം ചെയ്യാന്‍ പാടില്ല. അത് അവന്‍റെ ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. ഞാന്‍ ബില്ലടക്കുന്നില്ലല്ലോ എന്ന് പറയുന്ന രീതി ലജ്ജാവഹമാണ്. വിദ്യാഭ്യാസമുള്ളവന് അതില്ലാത്തവനേക്കാള്‍ ഉത്തരവാദിത്തം നിര്‍ബന്ധമാണ്... അതാണ് ഞാന്‍ പറയാന്‍ തുനിഞ്ഞത്. അവതാരിക വായിച്ചതില്‍ വലിയ സന്തോഷം കേട്ടൊ.

Echmukutty said...

സായിപ്പിന്‍റെ ചില നന്മകള്‍ നമ്മള്‍ കാണാതിരുന്നിട്ട് കാര്യമില്ലല്ലോ, ഭാനു. തീര്‍ച്ചയായും വിയറ്റ്നാം കൂട്ടക്കൊലയേയും ഇറാക് അധിനിവേശത്തേയും അടിമുടി എതിര്‍ത്ത പാശ്ചാത്യര്‍ ഉണ്ടായിരുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും...
പ്രസരണ നഷ്ടം ഭരണതലത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്‍റെ തലത്തില്‍ സംഭവിക്കുന്ന ഒരു കാര്യമാണ്. അവിടെ എത്തിപ്പറ്റാന്‍ കഴിഞ്ഞ വിദ്യാഭ്യാസവും പദവിയുമുള്ളവര്‍ പുലര്‍ത്താത്ത സാമൂഹികമായ ഉത്തരവാദിത്തബോധം പ്രസരണ നഷ്ടത്തിനു വലിയൊരു അളവോളം കാരണമാകുന്നില്ലേ ഭാനു.
കോടിക്കണക്കിനാളുകള്‍ ഒരു പ്ലാസ്റ്റിക് ഷീറ്റിന്‍റെ മറ പോലുമില്ലാതെ ജീവിക്കുന്ന നാട്ടില്‍ മാര്‍ബിള്‍ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുന്നത് അശ്ലീലമായി തോന്നാറുണ്ട് എനിക്ക്. മൂന്നു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട് എന്നു പറയുന്ന പാട്ടിയുടെ മുന്നില്‍ നിന്ന് ബിരിയാണിയരിയുടെ പാക്കറ്റ് വാങ്ങുമ്പോള്‍ എന്‍റെ വയറ് എരിയാറുണ്ട്...
എനിക്ക് ധൂര്‍ത്തും പൊങ്ങച്ചവും വലിയ സങ്കടമുണ്ടാക്കുന്ന സത്യങ്ങളാണ്... അത് പണത്തിന്‍റെയായാലും ഊര്‍ജ്ജത്തിന്‍റെയായാലും രാഷ്ട്രീയത്തിന്‍റെയായാലും... ഭാനുവിനു മനസ്സിലാകുമെന്ന് കരുതുന്നു. വായിച്ചതില്‍ സന്തോഷം...ഇനിയും വായിക്കുകയും അഭിപ്രായം പറയുകയും ഞാനെഴുതുന്നതിലെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുകയും വേണം.

നീലക്കുറിഞ്ഞി said...

ഈ കുറിപ്പിലെ മഹത്തായ സന്ദേശത്തെ എല്ലാവരും ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ..ഞാനും പലപ്പോഴും അദ്ഭുതപ്പെടാറുണ്ട്..ഈ അപരന്റെ പണത്തെ ദുര്‍വ്യയം ചെയ്യുന്നതിലെ മനുഷ്യരുടെ ആനന്ദത്തെ കുറിച്ച്..ഇവിടെ മറ്റൊരുവന്റെ പണം നഷ്ടമാകുന്നു എന്നതിലുപരി പാഴാകുന്ന പ്രകൃതി വിഭവങ്ങള്‍ അതിനെ കുറിച്ചാണ്..മഴയും വെയിലും കാറ്റും ഒക്കെ നമ്മളുടെ ഇത്തരം അഹങ്കാരങ്ങളില്‍ നമ്മെ ഒരു പാഠം പഠിപ്പിക്കണമെന്ന് കരുതി പിണങ്ങുന്നത് അവര്‍ക്കങ്ങനെ മാത്രമേ പ്രതികരിക്കാനാവൂ എന്നതു കൊണ്ടാണ്..എന്റെ നിന്റെ എന്നല്ലാതെ നമ്മുടെ എന്നു എപ്പോഴാകും എല്ലാവരും ഒന്നിച്ച് ചിന്തിക്കുന്നത്...ശ്രേഷ്ടമായ ചിന്തയും ഉചിതമായ ഭാഷയും ..എച്മുക്കുട്ടിയുടെ എഴുത്ത് നീണാല്‍ വാഴട്ടെ..!!!

റിനി ശബരി said...

ബ്രഷ് ചെയ്യുമ്പൊള്‍ വെള്ളം തുറന്ന് വിടുന്ന പതിവുണ്ട് നമ്മുക്ക് ..വെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുന്ന നമ്മള്‍ക്കിടയിലേ പതിവ് കാഴ്ചയാണിത് .. ഒരു കരുതലുമില്ലാതെ ഈ മരുഭൂവില്‍ പൊലും , വേസ്റ്റ് വെള്ളത്തിന് വരെ പൈസ കൊടുക്കേണ്ടി വരുന്ന ഈ പ്രദേശത്തും , ഒരു നിയന്ത്രണവുമില്ലാതെ ചെയ്യുന്ന ഒരൊ പ്രവര്‍ത്തി കാണുമ്പൊള്‍ ദേഷ്യവും സങ്കടവും വരും . ഇതുപൊലെ തന്നെയാണ് ജനസംഖ്യാ വര്‍ദ്ധനവും . ഒരു ഭാഗം ദൈവം നോക്കികോളും എന്നും , മറു ഭാഗം എനിക്കുണ്ട് പൊറ്റാന്‍ അതു കൊണ്ട് ഞാന്‍ ഉണ്ടാക്കുന്നു എന്നും പറഞ്ഞ് നിറക്കുന്ന ഈ ഒരൊ മക്കള്‍ക്കും വേണ്ട റിസോര്‍സ്സസ് എത്രയെന്ന് അരിയുന്നുണ്ടൊ , അവര്‍ക്ക് പൊകുന്ന വിഹിതം മറ്റ് പലര്‍ക്കുമുള്ളതാണെന്ന് . ആര്‍ക്കാണ് ഇതിനൊക്കെ നേരം , ആര്‍ഭാടത്തിന്റെ മേലങ്കി കൊണ്ട് പുതച്ച് പൊങ്ങച്ചം കാട്ടുന്ന എല്ലാ വിഭാഗങ്ങള്‍ക്കും എന്തെകിലും ഒന്നു പറയുമ്പൊല്‍ നെറ്റി ചുളിയും . കള്യാണത്തിനോ മറ്റു അനുബന്ധ പരിപാടികള്‍ക്കൊ ബാക്കി വരണം കുഴിച്ച് മൂടണം . ഈയടുത്ത് ഒരു ബന്ധത്തിലേ ചരട് കെട്ടിന് ഭക്ഷണം കുറഞ്ഞിട്ട് പെട്ടെന്ന് വീണ്ടും വയ്ക്കേണ്ടി വന്ന ഒരു സാഹചര്യമുന്റായീ , മൂക്കത്ത് വിരല്‍ വച്ച് ചിലര്‍ പറയുന്നത് കേട്ടതാണ് , ഈ കുട്ടിക്ക് ദാരിദ്രമാകുമെന്ന് ജീവിതത്തില്‍ മൊത്തം , ദൊഷമാണത്രെ ഭക്ഷണം തീരുന്നത് . കുഴിച്ച് മൂടുന്നത് ഒരു ദോഷവുമില്ല ഇതൊക്കെയാണ് ഒരൊ മനസ്സിന്റെ ചിന്താഗതികള്‍ . പിന്നെങ്ങനെ നാട് നന്നാകും . ഭരണകര്‍ത്താക്കളേയും , കട്ടു മുടിക്കുന്ന മനസ്സുകളേയും , പ്രകൃതിയെ ചൂഷണം ചെയ്യുന്ന കപട ഹൃദയങ്ങളെയുമൊക്കെ വിരല്‍ ചൂണ്ടുന്നതിന് മുന്നേ സ്വന്തം കരളിനോട് ഒന്നു ചോദിച്ച് നോക്കണം , നാം എങ്ങനെ എന്ന് .. എന്നിട്ടൊന്നു മാറണം പൂര്‍ണമായി .. കണ്ണില്‍ കോല്‍ കിടന്നിട്ട് ബാക്കിയുള്ളവന്റെ കണ്ണിലേ കരടിനേ പറ്റി പറയരുതെന്ന് ഈ ലേഖനം ഓര്‍മിപ്പിക്കുന്നു , പ്രസക്തമായ് ഒന്ന് തന്നെ .സ്നേഹം എച്ച്മു ചേച്ചീ

Pradeep Kumar said...

വായിച്ചു - എന്താ പറയുക; എനിക്കൊന്നും പറയാനറിയില്ല...ആവര്‍ത്തനം കൊണ്ട് ഇത്തരം വിഷയങ്ങളുടെ പ്രാധാന്യം കുറഞ്ഞതുപോലെ തോന്നിത്തുടങ്ങിയിരിക്കുന്നു എന്ന് ഞാന്‍ നമ്മുടെ സമൂഹത്തിന്റെ ഗതിവിഗതികളില്‍ താല്‍പ്പര്യമില്ലാത്ത ഒരു പുരോഗമനവിരുദ്ധനാണെന്നു വ്യാഖ്യാനിക്കരുത്...

ajith said...

ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്ന് പഠിപ്പിച്ചിരുന്ന പൂര്‍വികരെ നാം അവഹേളിച്ചുപോന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ഉത്തരവാദിത്ത ബോധത്തിന്‍റേതായ സംസ്ക്കാരം വളര്‍ത്തിയെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസവും കൊട്ടിഘോഷിക്കപ്പെടുന്ന പാരമ്പര്യവും കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാഞ്ഞതെന്താവും?

നമ്മുടെ ശീല ഗുണം തന്നെ..!

പൊട്ടന്‍ said...

എച്മു സ്റ്റൈലില്‍ പറയേണ്ടത് കുറിക്കു കൊള്ളുന്ന രീതിയില്‍ പറഞ്ഞു.

ഒരു കാര്യം കൂടെ ചേര്‍ത്ത് വയ്ക്കട്ടെ. ആഫ്രിക്കയില്‍ പട്ടിണിമരണം സംഭവിക്കുമ്പോള്‍ , ആഹാരം പാഴാക്കുന്നത് ഒരു വശത്ത്. മറ്റൊരു വശം കൂടിയുണ്ട്. പാഴാക്കല്‍ , ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യും.

രിനിശബരി പറഞ്ഞ ഒരു കാര്യം നന്നായി. ടാപ്പ്‌ നിയന്ത്രിച്ചു അല്പം പോലും വെള്ളം പാഴാകാതെ, ഭക്ഷണ ശേഷം വായയും കയ്യും കഴുകുന്ന ഒരാളെ ഞാന്‍ 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടു. പലരും മൊത്തത്തില്‍ തുറന്നു വയ്ക്കുക ആണ് പതിവ്. അയാള്‍ കാണിച്ചു തന്നത് ഇന്നും ഞാന്‍ അനുകരിക്കുന്നു.

Anonymous said...

നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്‌

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സംരക്ഷിക്കാൻ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു

Unknown said...

എച്മിക്കുട്ടി,

ഈ ലേഖനം വായിച്ചപ്പോള്‍ സന്തോഷം തോന്നി, കാരണം മേല്‍ പറഞ്ഞതൊക്കെ എന്റെ മനസ്സിലും തോന്നിയതാണു. ഈ വിഷയങ്ങള്‍ അല്‍പം രോക്ഷത്തോടെ പലരോടും സംസാരിച്ചിട്ടുമുണ്ട്‌. കല്യാണ സദ്യകളില്‍ ആള്‍ക്കാര്‍ ധാരാളം ഭക്ഷണ സാധനങ്ങള്‍ നഷ്ടപ്പെടുത്താറുണ്ട്‌, കേരളത്തിലെ സദ്യകളിലാണു ജനങ്ങള്‍ ഒരു മടിയുമില്ലാതെ ഭക്ഷണം അധികം വരുത്തി കളയാറുള്ളത്‌. കാരണം അറിയില്ലെങ്കിലും ഒരു വത്യാസം ഞാന്‍ കണ്ടത്‌ കേരളത്തിനു പുറത്തു ഇത്രയും ശ്രദ്ദയില്ലായ്മ കാണാറില്ല.

ഈ വിഷയം എഴുതിയതിനു അഭിനന്ദനങ്ങള്‍.

ശ്രീ said...

പ്രസക്തമായ വിഷയം

Rajesh said...

Most Indian middle class and rich now travel abroad. This is one reason why everybody is so much craving for development a la west. Unfortunately their hopes is not just on the infra structural level, but even on the cultural level. How to be like a foreigner..I havent heard a single of these abroad returnees telling this - I understood what is driving discipline, during my abroad trip. I will not be irresponsible hereafter and will obey traffic rules and be safe. You know why, the ones who have are the biggest benefactors of our Messy system. This is just one of the points. Anyways....

One of our leading right wing extremist MP, once told on TV that, for him when he comes out of the airport he should be able to see wide roads, huge buildings, malls etc and that is development for him!!!To ask such people to care for the have nots, while you enjoy your development would be foolishness.

A thumbs up to the comment by Bijith. The energy, in all forms - human, electrical, financial - that we spend on religion might be enough to directly save us out of absolute poverty.

ഒരു ഡൌട്ട് : എച്ചുമു വലതു പക്ഷക്കാരിയാണോ ? മൻമോഹൻ സര്കാറിനെ സപ്പോർട്ട് ചെയ്യുന്ന പോലെയുണ്ട് :)???

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ആദ്യത്തെ രണ്ട് കമന്റുകൾ വായിച്ചപ്പോൾ ഈ പോസ്റ്റിന്റെ തലക്കെട്ടിന്റെ ഉത്തരം എനിക്കു മനസിലായി

ഇനി ഇതില്പിടിച്ചു തൂങ്ങി രാഷ്ട്രീയം പറയാൻ എനിക്ക് താല്പര്യമില്ല അതു കൊണ്ട് എന്റെ പിന്നാലെ വന്നോളൂ കുഴപ്പമില്ല പക്ഷെ മറുപടി ഒന്നും പ്രതീക്ഷിച്ചേക്കല്ലെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജർമ്മനിയിലൊ മറ്റൊ ഒരു കൂട്ടർ പോയി ഭക്ഷണം കഴിച്ചപ്പോൽ വേസ്റ്റ് ആക്കിയതിൻ ഫൈൻ അടിച്ച് ഒരു കഥ ഫേസ്ബുക്കിൽ തന്നെ വായിച്ചു എന്നു തോന്നുന്നു. ഇനി ജർമ്മനി അല്ലെങ്കിൽ വേറെ എങ്ങാണ്ട് ഏതായാലും ഇന്ത്യയിൽ അല്ല

mattoraal said...

ഭൂമിയുടെ പച്ചപ്പ്‌ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ഒരു അന്തർദേശിയ സെമിനാറിൽ പങ്കെടുത്ത സുഗതകുമാരി ടീച്ചർ അവിടെ ഉപയോഗിച്ചും അല്ലാതെയും തള്ളിയ ഡിസ്പോസിബ്ൾ പാത്രങ്ങൾ ,ഗ്ലാസ്സുകൾ ,നാപ്കിനുകൾ എന്നിവയെക്കുറിച്ച് ഒരിക്കൽ എഴുതിയിരുന്നു .ധൂർത്ത് കാണിക്കുന്നതിൽ നമ്മൾ മാത്രമല്ല ആരും മോശമല്ല .സൗദിഅറേബ്യയിലെ ജിദ്ദ നഗരത്തിൽ ഒരുദിവസം വലിച്ചെറിയുന്ന ഭക്ഷണം മതിയാവും ആ തീരത്തിന്റെ തൊട്ടപ്പുറത്തെ സോമാലിയായിലെ വിശന്നുമരിക്കുന്ന കുഞുങ്ങളുടെ ദിവസങ്ങളോളമുള്ള വിശപ്പുമാറ്റാൻ .വിശന്നുമരിക്കുന്നവന്റെ നെഞ്ഞത്തുവേണം നമുക്ക് മണിമാളികകൾ പണിയാൻ ,നമ്മുടെ ദൈവങ്ങൾക്കും .

Cv Thankappan said...

അവനവന്‍റെ കാര്യങ്ങള്‍ സുഭിക്ഷമായി നടത്താന്‍ മനസ്സാക്ഷിയില്ലാത്ത കൃത്യങ്ങള്‍ ചെയ്യുമ്പോഴും അപരന്‍റെ ചെറിയ പിഴവുകളെ പര്‍വ്വതീകരിച്ച് ചിത്രീകരിച്ചു കാണിക്കുവാനാണ് താല്പര്യം നമുക്ക്.......
നല്ല ചിന്തകള്‍
ആശംസകള്‍

ChethuVasu said...

The thing is -

"out of Sight , and out of mind "

We perceive the pain only when we feel it with our senses . This apply to most of the people most of the time.

But to achieve the level of human consciousness that always factor in a collective existence of the fellow humans , fellow animals, trees and even the inorganic , yet 'living' geographies of the earth and the larger universe , one has to substantially develop and an internal connection with the external world. Where it happens there you see a seamless integration of the mind and the matter.. The end result would be a cosmic consciousness sprouting well with in , which liberates one from the close containers he is packed in by society and various confinement systems that are deployed in full force today

Echmukutty said...

പോസ്റ്റ് വായിച്ച എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.ഇനിയും വായിക്കുമല്ലോ.

aswathi said...

നല്ല പോസ്റ്റ്‌ എച്മു..