Sunday, July 14, 2013

പഴമയോടുള്ള നമ്മുടെ അഭിനിവേശം...


https://www.facebook.com/echmu.kutty/posts/174382316074404

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ജൂണ്‍ 21 ന് പ്രസിദ്ധീകരിച്ചത്.)  

ഭൂതകാലവും, പഴമയുമാണ്,വര്‍ത്തമാനത്തേക്കാളും പുതുമയേക്കാളും  നന്നെന്ന് പറ്റാവുന്ന സന്ദര്‍ഭത്തിലെല്ലാം നമ്മള്‍  ഉറപ്പിച്ചു പറയാറുണ്ട്. ഒന്നോര്‍മ്മിച്ചു നോക്കു... ഏതെങ്കിലും ഒരു  സന്ദര്‍ഭമുണ്ടോ  നാമതു പറയാത്തതായി ... 

രാജഭരണകാലമായിരുന്നു നല്ലതെന്ന്  വിശ്വസ്തരായ രാജഭക്തര്‍ ,  ബ്രിട്ടീഷ് ഭരണകാലമായിരുന്നു മെച്ചമെന്ന് എപ്പോഴത്തേയും അടിയുറച്ച  വിദേശസ്നേഹികള്‍. സ്ത്രീകള്‍ വീടിനു  പുറത്ത്  ജോലിക്ക് പോകാത്തതാണ്  കേമമെന്നും സ്ത്രീകള്‍ അക്ഷരമേ പഠിയ്ക്കാത്തതാണ് അതിലും കേമമെന്നും സ്ത്രീകള്‍ അടുക്കളയില്‍ തന്നെ കഴിയുന്നതാണ് കെങ്കേമമെന്നും  ചിലര്‍, വിവാഹപ്രായം പതിനഞ്ചും പതിനെട്ടുമെന്ന പഴയ രീതി മതിയെന്നും അതല്ല, ശൈശവ വിവാഹത്തില്‍ തന്നെ  യാതൊരു തരക്കേടുമില്ലെന്നും  അഭിപ്രായപ്പെടുന്നവര്‍,  കൂടുകുടുംബമായിരുന്നെങ്കില്‍  എത്ര  നന്നാകുമായിരുന്നുവെന്നും അണു കുടുംബമായതുകൊണ്ടാണ് വിവാഹമോചനവും വാര്‍ദ്ധക്യകാല അനാഥത്വവും വന്നു ചേരുന്നതെന്നും ഇനിയും ചിലര്‍, സമ്പൂര്‍ണ ജാതി വ്യവസ്ഥയും  അതനുസരിച്ചുള്ള  തൊഴില്‍  വിഭജനവും നടപ്പിലാക്കിയാല്‍ അത്യുത്തമമെന്ന് ജാതിസ്നേഹികള്‍,  കുടുംബാസൂത്രണം തീരെ വേണ്ടെന്നും ജനപ്പെരുപ്പമാണ് ഇന്ത്യയുടെ മഹാബലമെന്നും   പറയുന്നവര്‍,  .... അങ്ങനെ അങ്ങനെ പോയ കാല സമ്പ്രദായങ്ങളുടെ എണ്ണിയാല്‍ ഒടുങ്ങാത്ത  ഹൃദയം നിറഞ്ഞ  വാഴ്ത്തുകള്‍....

ആര്‍ക്കും  പുതിയ കാലം വേണ്ട.  സാധിച്ചാല്‍  എല്ലാവരും കഴിഞ്ഞു പോയ കാലത്തിലെ നന്മകള്‍ പിന്നെയും പിന്നെയും  അയവിറക്കും. അന്നത്തെ ഗുരുഭക്തി, അന്നത്തെ പുത്രസ്നേഹം, അന്നത്തെ പതിഭക്തി, അന്നത്തെ അനുസരണ, അന്നത്തെ ഭയബഹുമാനം,  അന്നത്തെ വീരശൂരപരാക്രമങ്ങള്‍, അന്നത്തെ രാജ്യസ്നേഹം, അന്നത്തെ പാട്ട്, അന്നത്തെ സാഹിത്യം,  അന്നത്തെ കൃഷി, അന്നത്തെ നെല്ല്,  അന്നത്തെ തെങ്ങ്   ഇതും സൂപ്പര്‍  കമ്പ്യൂട്ടറിനു പോലും  എണ്ണിത്തീര്‍ക്കാന്‍ കഴിയില്ലാത്തവിധം നീളമേറിയ ഒരു  പട്ടികയാണ്. 

ഒരു നന്മയും അവകാശപ്പെടാനില്ലാത്ത മാതിരി  അത്ര മോശപ്പെട്ടവരാണോ ഇന്നത്തെ തലമുറയും അവര്‍ ജീവിക്കുന്ന ഈ കാലവുമെന്ന്  പഴയകാല നന്മയുടെ അവസാനിക്കാത്ത വിവരണങ്ങള്‍ കേട്ടാല്‍ ആരും സംശയിച്ചു പോകും. 

യഥാര്‍ഥത്തില്‍ ആരെങ്കിലും കഴിഞ്ഞു പോയ കാലത്തെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടാവുമോ എന്തെല്ലാം വാഴ്ത്തിപ്പാടിയാലും എന്ന് എനിക്ക് എപ്പോഴും  സംശയമുണ്ടാവാറുണ്ട്.  ജെറ്റ് വിമാനത്തില്‍ അമേരിക്കയിലേക്കും ഗള്‍ഫിലേക്കും  പോകുന്ന ഇന്നത്തെ യാത്രക്കാര്‍ പഴയ കാലത്തേപ്പോലെ കപ്പലിലും ലോഞ്ചിലും കടല്‍ച്ചൊരുക്കും  സഹിച്ച്  ഒരുപാട് സമയവുമെടുത്ത്  പോവാന്‍  ഇഷ്ടപ്പെടുമായിരിക്കില്ല...  കോണ്‍ ക്രീറ്റ്  റോഡില്‍ ഓഡിയും ബെന്‍സും ശരേന്ന്  പായിക്കുന്നവര്‍ക്ക് വില്ലുവണ്ടിയിലും കുതിരവണ്ടിയിലും  കുടുകുടു എന്ന് ചെമ്മണ്‍ പാതയിലൂടെ സഞ്ചരിക്കാനാകുമായിരിക്കില്ല...  എയര്‍കണ്ടീഷന്‍ഡ് ക്യാബിനിലെ ആഹ്ലാദം ചെളി മണമുള്ള വയലില്‍ കിട്ടുകയില്ലായിരിക്കും ... ഒന്നാന്തരം  ആരോ ഷര്‍ട്ടുകള്‍ക്കും  സലൂണുകളിലെ  ഹെയര്‍സ്റ്റൈലുകള്‍ക്കും പകരം കോണകവും   ചുട്ടിത്തോര്‍ത്തും  കുടുമയും  ഒക്കെ ഓര്‍മ്മയില്‍ പോലും  വേദനയുളവാക്കുമായിരിക്കും. തീണ്ടാപ്പാടകലം പാലിക്കാനും  മാറുമറയ്ക്കാനുള്ള അവകാശത്തിനും വേണ്ടി   നിര്‍ബന്ധിക്കപ്പെടുന്നത് സങ്കല്‍പിക്കാന്‍ കൂടി  വിഷമമായിരിക്കും... 

എന്നിട്ടുമെന്നിട്ടും  പഴയ കാലം ... പോയ കാലം... മധുരം മധുരകരം....എത്ര നുണഞ്ഞാലും കൊതി തീരാത്തൊരു മിഠായി പോലെ....  

പഴമയെ ചൂണ്ടിക്കാണിക്കുന്ന ഹെറിട്ടേജു കെട്ടിടങ്ങളെ കാണുമ്പോള്‍  പഴയ കാല നന്മയെക്കുറിച്ചുള്ള നമ്മുടെ വാഴ്ത്തു പാട്ടുകള്‍ എത്ര പൊള്ളയാണെന്ന് ആര്‍ക്കും വ്യക്തമാകും. ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രത്യേകതയാണ്  പുരാതന കെട്ടിടങ്ങളുടെ അമ്പലങ്ങളുടെ പള്ളികളുടെ മറ്റു എടുപ്പുകളുടെ  എല്ലാം അതിസമൃദ്ധി. എല്ലായിടത്തും അവയുണ്ട്.  ഇതിഹാസങ്ങളുമായും പുരാണങ്ങളുമായും  മിത്തുകളുമായും മതവുമായും  ചരിത്രവുമായും  രാഷ്ട്രീയവുമായും എല്ലാം  ബന്ധപ്പെട്ട അനേകമനേകം മനോഹര നിര്‍മ്മിതികള്‍ ....അവയോടെല്ലാമുള്ള നമ്മുടെ മനോഭാവമെന്താണെന്നാലോചിക്കാറുണ്ടോ വല്ലപ്പൊഴുമെങ്കിലും... 

അനാഥരായ തെരുവുകുഞ്ഞുങ്ങളോട്  പ്രകടിപ്പിക്കാറുള്ള സൌകര്യപൂര്‍വമായ അനുകമ്പ പോലെ ഒന്നാണ് ആ നിര്‍മ്മിതികളോട് നമുക്കുള്ളത്. കഴിവതും നമ്മള്‍ അവയെ കണ്ടില്ലെന്ന് നടിക്കും,  നമ്മൂടെ  കണ്‍മുന്നില്‍ അവ നശിച്ചില്ലാതാകുന്നത് നിസ്സംഗമായി  നോക്കി നില്‍ക്കും, പറ്റുമെങ്കില്‍ ആദ്യ അവസരത്തില്‍ തന്നെ  കഴിയുന്നത്ര വേഗം ഒരു  ഒറ്റക്കൈയന്‍ ജെ സി ബിയെ വിളിച്ച്, കെട്ടിടം തകര്‍ത്തു തരിപ്പണമാക്കാന്‍  ഉത്തരവു കൊടുക്കും , ആയിരക്കണക്കിനു വര്‍ഷം  പഴക്കമുള്ള  കെട്ടിടങ്ങള്‍  ആരു  ഡിസൈന്‍ ചെയ്തു ,  ആ കെട്ടിടത്തിന്‍റെ  അടിത്തറയ്ക്ക് ആരു വാനം  കോരി,  ആരു കുമ്മായം   കുഴച്ചു,  ചുവരില്‍  ആരു  ചിത്രം  വരച്ചു  തുടങ്ങിയ  ചോദ്യങ്ങളുടെ അവ്യക്തമാകാവുന്ന തര്‍ക്കത്തിനിടയാകാവുന്ന വ്യത്യസ്ത ഉത്തരങ്ങളും  കെട്ടിടങ്ങള്‍ പൊളിച്ചു കളയാനുള്ള ഒന്നാന്തരം  സാധൂകരണമായി നമ്മള്‍ കാണാറുണ്ട്. ഇനി ഇപ്പറഞ്ഞതിനൊന്നും സാധ്യതയില്ലെന്നാണെങ്കില്‍ കെട്ടിടനിര്‍മ്മിതികളെ  കാണാനും  മനസ്സിലാക്കാനും ചെല്ലുന്ന സമയത്ത് ടൈലുകളും ഇഷ്ടികകളും കല്ലുകളും  ഇളക്കി  മാറ്റുകയും ചായങ്ങള്‍  ചുരണ്ടി  +  ചിഹ്നമിട്ട്  സ്ത്രീ പുരുഷ നാമധേയങ്ങള്‍ ചുവരുകളില്‍ കുത്തിവരയ്ക്കുകയും  എല്ലാ ഭാഷകളിലേയും  അറിയാവുന്നത്രയും  തെറിവാക്കുകള്‍ എഴുതിവെയ്ക്കുകയും  ചെയ്യും. 

പഴയ കെട്ടിടങ്ങള്‍ നമ്മുടെ പോയ കാലത്തിന്‍റെ മായാത്ത കാല്‍പ്പാടുകളാണ്. നമുക്കു മുന്നില്‍ നിവര്‍ന്ന് നിന്ന് സ്വന്തം ചരിത്രം രേഖപ്പെടുത്തുന്ന  പക്ഷഭേദമില്ലാത്ത ചരിത്ര പുസ്തകങ്ങളാണ്. 

പഴമയും പഴമയോടുള്ള അഭിനിവേശവും പാട്ടായും കഥയായും ആചാരമായും വിശ്വാസമായും ചരിത്രമായും ശാസ്ത്രമായും കരുതുന്നുവെന്ന് സദാ ഭാവിക്കുന്ന , അനാശാസ്യമെന്ന്  കരുതുന്ന കാലത്തിന്‍റെ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്ത  ഈ പഴയ കെട്ടിടങ്ങളുടെ  കാല്‍പ്പാടുകള്‍  നമ്മള്‍ ഇങ്ങനെ മായിക്കുന്നതെന്തു കൊണ്ടാണ് ? ആ ചരിത്ര പുസ്തകങ്ങള്‍ മറിച്ചു നോക്കാതെ, വായിയ്ക്കാതെ കീറിക്കളയുന്നതെന്തു കൊണ്ടാണ് ? 

34 comments:

ഒരില വെറുതെ said...

പുതുമ പുതുതാണ്. അതിനെ അഭിമുഖീകരിക്കുക എളുപ്പമല്ല. പഴമ എളുപ്പം. അതൊരു ഒഴികഴിവ്.
ഇന്നത്തെ പുതിയ തലമുറ നാളത്തെ തലമുറയോടും പറയും പണ്ടെന്തായിരുന്നു എന്ന്.

ChethuVasu said...

പഴയത് പലപ്പോഴും പ്രിയമാകുന്നത് നമുക്ക് ഓർമ്മകൾ ഉള്ളത് കൊണ്ടാണ്.... പലതും പോളിചെടുക്കുമ്പോൾ നാം പലരും നിർവ്വികാരാർ ആകുന്നതു ഒരു പക്ഷെ അതിൽ നമ്മുടെതായി ഒന്നും ഇല്ല എന്നാ തോന്നല കൊണ്ടാകാം ..അറിയില്ല ..!


സിയാഫ് അബ്ദുള്‍ഖാദര്‍ said...

പഴയത് മാത്രം എല്ലായ്പ്പോഴും നല്ലതല്ലാത്തത് പോലെ പുതിയതിനും കുഴപ്പങ്ങളുണ്ട് .പഴമയെ നാം ആഗ്രഹിക്കുന്നത് പലപ്പോഴും അത് നല്‍കുന്ന അസൌകര്യങ്ങളെ ഓര്‍ക്കാത്തത് കൊണ്ടാണ് .എന്തായാലും എച്ചുമു പഴമയോടുള്ള നമ്മുടെ ചീത്ത ആഭിമുഖ്യത്തെ ഉദാഹരിക്കാന്‍ പഴയ കെട്ടിടനിര്‍മ്മാണ രീതികളെ എടുത്തത് എനിക്കെന്തോ അത്ര പഥ്യമായില്ല .എന്ത് കൊണ്ടെന്നാല്‍ നാം ആദരിക്കേണ്ട ഒരു പാട് ഘടകങ്ങള്‍ ആ വാസ്തുകലയില്‍ ഉണ്ടായിരുന്നു .നാം നഷ്ടപ്പെടുത്തിയ ഒരു പാട് ഗുണകരമായ അറിവുകള്‍ .അവ നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നു .പുതുമയോടുള്ള സ്നേഹം കൊണ്ടാണ് നമ്മുടെ രീതികളെ തകര്‍ത്ത് അതിനെക്കാള്‍ എത്രയോ താഴെക്കിടയിലുള്ള സാങ്കേതികത നാം വരിച്ചത്?ഏതായാലും ഭൂതകാലത്തില്‍ ജീവിക്കുന്നവരോട് പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എച്ചുമുവിന്‍റെ ഈ പോസ്റ്റ്‌

vettathan said...

പഴമയെ വാഴ്ത്തുന്നതു പലപ്പോഴും ഒരു ഒഴികഴിവാണ്. ഉത്തരവാദിത്വം ഒന്നും ഇല്ലാതിരുന്ന ചെറുപ്പകാലം നുണയുന്നതും അതുപോലെ തന്നെയാണ്.

ഭാനു കളരിക്കല്‍ said...

ചരിത്രം ഒരിക്കലും തിരിഞ്ഞു നടക്കുകയില്ല.

Sabu Kottotty said...

കുത്തിവിളിക്കുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് തോണ്ടിവിളി ഉപകരണം ഉപയോഗിക്കുവാൻ... എന്നാലും തോണ്ടലിലുള്ള സൗകര്യങ്ങളും കാണാനുള്ള സുഖവും കുത്തിവിളിയെക്കാളും അവയെ നമ്മോടടുപ്പിച്ചു നിർത്തുന്നുവല്ലോ...

Pradeep Kumar said...

ഇത്തറവാടിത്ത ഘോഷണം പോലെ വൃത്തികെട്ട മറ്റൊന്നുമില്ലൂഴിയിൽ.... - പഴയ കാലത്തിന്റെ മേന്മ പാടി നടക്കുന്നവര്‍ക്ക് പുതിയ കാലത്തോടും,അതിന്റെ മേന്മകള്‍ ആസ്വദിക്കുന്നവരോടും അസൂയയാണ്....

പ്രസക്തവും ചിന്തനീയവുമായ ഒരു വിഷയമായിരുന്നു എച്ചുമു അവതരിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷേ ബഹുതലങ്ങളുള്ള വിഷയത്തിന്റെ ഒരു തലം മാത്രമായ കെട്ടിടനിര്‍മാണത്തിന്റെ സംസ്കാരം മാത്രമാണ് കൂടുതല്‍ കേന്ദ്രീകരിച്ചത് എന്നത് ചെറിയൊരു പോരായ്മയായി തോന്നി. സാങ്കേതികമായ പുരോഗതി അനുദിനം വികാസം പ്രാപിക്കുന്നു. സമൂഹമനസാക്ഷി അതിനൊപ്പം വളരുന്നുമില്ല. നാഗരികതയും, സംസ്കാരവും തമ്മിലുള്ള ഈ വലിയ അകലമായിരുന്നു ഇത്തരമൊരു ലേഖനത്തില്‍ കൂടുതലായി കേന്ദ്രീകരിക്കേണ്ടിയിരുന്നത് എന്ന് എന്റെ വായനയില്‍ തോന്നിയത് തുറന്നു പറയുന്നു....

കൊച്ചു കൊച്ചീച്ചി said...

മുകളില്‍ പ്രദീപ് കുമാര്‍ പറഞ്ഞതിനോട് നൂറുശതമാനം യോജിക്കുന്നു. ഓരോ കാലത്തും പഴമയോടും പുതുമയോടുമുള്ള അഭിനിവേശം, പുച്ഛം, നിസ്സംഗത എന്നിവ സംസ്കാരവും നാഗരീകതയും തമ്മിലുള്ള ആന്തരിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.

എനിക്ക് പഴമയോടുള്ള പ്രതിപത്തി, പ്രകൃതിയുടേയും ഭൂമിയുടേയും നിലനില്പുമായി ബന്ധപ്പെട്ടു മാത്രമാണ്. ഈ ഭൂമിയില്‍ ഒരുകാലത്ത് സ്വതന്ത്രമായി ശ്വസിക്കാവുന്ന ശുദ്ധവായുവും, വിശ്വാസത്തോടെ ഇറങ്ങി കുളിക്കുകയും വെള്ളം കുടിക്കുകയും ചെയ്യാവുന്ന പുഴകളും നഗ്നപാദങ്ങളൂന്നി നടക്കാവുന്ന മണ്ണും ഉണ്ടായിരുന്നുവെന്ന് എന്റെ പേരക്കിടാങ്ങളോടു പറയേണ്ടിവരുമോ ആവോ.

Aarsha Abhilash said...

ശരിയാണ്, കലചേച്ചി പറഞ്ഞ കാര്യങ്ങളില്‍ ചിലതിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല... പഴയ കെട്ടിടങ്ങള്‍ എന്നുമൊരു സങ്കടം തന്നെയാണ്.(ക്ഷേത്രങ്ങളും,പള്ളികളും ഏതൊക്കെയോ വിധത്തില്‍ സംരക്ഷിക്കപ്പെടുമ്പോള്‍ കോട്ടകള്‍ പോലുല്ലവയാണ് കൂടുതല്‍ നാശത്തിലേക്ക് പോകുന്നത്) . പഴമ മാത്രം നന്ന് എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല, പക്ഷെ പുതുമയില്‍ ആ പഴമയുടെ ചില സുഖങ്ങള്‍ നമ്മള്‍ തിരയുന്നത് നഷ്ടബോധം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നു.... യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലാതിരുന്ന കുട്ടിക്കാലം -ചെട്ടന്മാരോടോത്ത് കളിക്കുക എന്നത് മാത്രം ജോലി -അത് തിരികെ കിട്ടാന്‍ വെറുതെ ആഗ്രഹികുന്നതാണ് , ഇനിയൊരിക്കലും നമുക്ക് അങ്ങനെയാകാന്‍ കഴിയില്ലെന്നരിഞ്ഞു കൊണ്ട് ഒരു മോഹം....

Cv Thankappan said...

"ഒരു നന്മയും അവകാശപ്പെടാനില്ലാത്ത മാതിരി അത്ര മോശപ്പെട്ടവരാണോ ഇന്നത്തെ തലമുറയും അവര്‍ ജീവിക്കുന്ന ഈ കാലവുമെന്ന് പഴയകാല നന്മയുടെ അവസാനിക്കാത്ത വിവരണങ്ങള്‍ കേട്ടാല്‍ ആരും സംശയിച്ചു പോകും".
തീര്‍ച്ചയായും അല്ല.നന്മയും അതിലേറെ ഗുണങ്ങളും,നേട്ടങ്ങളും പുതുയുഗത്തിലുണ്ട്.അതോടൊപ്പംതന്നെ അവശ്യംവേണ്ട സദ് മൂല്യങ്ങളെ വിട്ടൊഴിഞ്ഞു കൊണ്ടിരിക്കുന്നതിലുള്ള ഖേദവും...
ആശംസകള്‍

വീകെ said...

ഇന്നലെ ചെയ്തോരബദ്ധം, ഇന്നത്തെ ആചാരമതാകാം, നാളത്തെ ശാസ്ത്രമതാകാം എന്ന കവി വാക്യം ഇത്തരുണത്തിൽ ഓർമ്മ വരുന്നു...

ajith said...

പഴയകാലവും പുതിയകാലവും തമ്മിലുള്ള വ്യത്യാസങ്ങള്‍ കെട്ടിടങ്ങളെയോ വാഹനങ്ങളെയോ ഭൌതികസൌകര്യങ്ങളെച്ചൊല്ലിയോ താരതമ്യപ്പെടുത്തുന്നതുകൊണ്ടാണ് പലപ്പോഴും ചിന്താക്കുഴപ്പമുണ്ടാകുന്നത്. കേട്ടുകേള്‍വിയില്ലാതിരുന്ന അക്രമങ്ങളും അന്യായങ്ങളും അനീതികളും ഇപ്പോള്‍ ക്രമവും ന്യായവും നീതിയുമായി അവതരിച്ചിരിയ്ക്കുന്നതിനെപ്പറ്റിയായിരിയ്ക്കും ഒരുപക്ഷെ പഴമയില്‍ ജീവിക്കുന്നവരെന്ന് നിങ്ങള്‍ പരിഹസിയ്ക്കുന്നവര്‍ എപ്പോഴും പുലമ്പുന്നത്. എന്റെ ചെറുപ്പത്തില്‍ കൊലപാതകമെന്നത് വളരെ വിരളമായി നടക്കുന്ന ഒരു പാതകമായിരുന്നു. ഇതുപറയുമ്പോള്‍ നിങ്ങള്‍ പറയുമായിരിയ്ക്കും: അത് അന്നത്തെ കാലത്ത് പത്രങ്ങളൊന്നും ഇത്ര പ്രചാരം നേടാത്തതുകൊണ്ട് അറിയാത്തതായിരിയ്ക്കും എന്ന്. ശരി, പക്ഷെ ക്രൈം റെക്കോര്‍ഡ്സ് കള്ളം പറയുകയില്ലല്ലോ. സാമൂഹികനീതിയും ധാര്‍മികതയും കുറയുന്നുണ്ട്. ഒരുപക്ഷെ നാം അത് കാണാത്തത് നമ്മളും ആ വ്യവസ്ഥിതിയില്‍ ഊറിപ്പോയതുകൊണ്ടായിയ്ക്കാം. എന്നാല്‍ നാല്പതോ അമ്പതോ വര്‍ഷം മുമ്പ് മരിച്ചുപോയ ഒരാള്‍ ഇന്ന് തിരിച്ചുവന്നാല്‍ തീര്‍ച്ചയായും അത്ഭുതപ്പെട്ട് പോയേക്കാം ഇന്നത്തെ സമൂഹത്തെ കണ്ട്. എനിയ്ക്ക് ഈ കാലവും ഇഷ്ടമാണ്, കഴിഞ്ഞകാലവും ഇഷ്ടമാണ്. പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ അങ്ങനെതന്നെ നിലനില്‍ക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഓൾഡ് ഈസ് ഗോൾഡ്
എന്ന പോളെ ഈ പഴമയോടുള്ള
അഭിനിവേശം എന്നും കാത്ത് സൂക്ഷിക്കുന്ന യൂറോപ്പ്യസിനെ നമ്മൾ തീർച്ചയായും കണ്ട് പകർത്തേണ്ടതാണ്..
ഹെറിറ്റേജ്കളുടെ ഒരുകൂമ്പാരം
തന്നെയാണീവിടെ എവിടേയും..!

വേണുഗോപാല്‍ said...

പഴമയിലും പുതുമയിലും നന്മകര്‍ ഏറെയുണ്ട്. കണ്ടെത്താന്‍ ഉപയോഗിക്കുന്ന വഴികള്‍ വിഭിന്നമെന്നു മാത്രം.

ഏറെ മാനങ്ങള്‍ ഉള്ള പ്രസക്തമായ ഈ വിഷയം എച്ച്മുവിനു ഇതിലും നന്നായി അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി,

Unknown said...

"പഴയ കെട്ടിടങ്ങള്‍ നമ്മുടെ പോയ കാലത്തിന്‍റെ മായാത്ത കാല്‍പ്പാടുകളാണ്. നമുക്കു മുന്നില്‍ നിവര്‍ന്ന് നിന്ന് സ്വന്തം ചരിത്രം രേഖപ്പെടുത്തുന്ന പക്ഷഭേദമില്ലാത്ത ചരിത്ര പുസ്തകങ്ങളാണ്." വളരെ ശരിയായ നിരീക്ഷണം.വൃദ്ധ സദനങ്ങള്‍ പെരുകി വരികയും വയസ്സായ മാതാപിതാക്കളെ നിരത്തില്‍ തള്ളുകയും ചെയ്യുന്ന ഈ കാലത്ത് തന്നെയാണ് നാം സീരിയലുകളിലെ വൃദ്ധ കഥാപാത്രങ്ങളുടെ സങ്കടങ്ങള്‍ കണ്ടു കരയുകയും,ഫേസ് ബുക്കില്‍ മാതൃദിനം ആഘോഷമായി കൊണ്ടാടുകയും ചെയ്യുന്നത്.അത് പോലെ തന്നെയാണ് ഇന്ന് എല്ലാറ്റിനോടും നമുക്കുള്ള മനോഭാവവും.....ഇത്തരം വ്യത്യസ്തമായ ചിന്തയും നിരീക്ഷണവും ആണ് മാധ്യമത്തില്‍ വരുന്ന 'സ്വകാര്യ'ത്തിന്റെ ഒരു സ്ഥിരം വായനക്കാരനായി എന്നെ മാറ്റിയത്.നല്ല ചിന്ത

മുകിൽ said...

Ella thalamurayum Ithu parayum.. athukondu Ella kaalangalilum nanmayundu ennu vyaktham. Thinmayum vyathyastha cheruvakalil sulabham. Nanmaye orkaan iahtamullathu kondum, puthiya reethikal kandulla vevalaathikondum pazhamaye orthu aaswasikkunnu, puthiya kaalathinte saubhaagyangal anubhavichu kondu thanne...

മുകിൽ said...

Ella thalamurayum Ithu parayum.. athukondu Ella kaalangalilum nanmayundu ennu vyaktham. Thinmayum vyathyastha cheruvakalil sulabham. Nanmaye orkaan iahtamullathu kondum, puthiya reethikal kandulla vevalaathikondum pazhamaye orthu aaswasikkunnu, puthiya kaalathinte saubhaagyangal anubhavichu kondu thanne...

റോസാപ്പൂക്കള്‍ said...

പുതുമയെ പെട്ടെന്ന് അംഗീകരിക്കാനുള്ള മടിയും പഴയതിന്റെ ഓര്‍മ്മകളുമാണ് മനുഷ്യനെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.

Echmukutty said...

അതെ, ഒരില... പുതുമയെ അഭിമുഖീകരിക്കാനുള്ള ഭയം പഴമയെ കുറിച്ച് പറഞ്ഞ് രക്ഷപ്പെടാനുള്ള ഒഴികഴിവായി മനുഷ്യരുപയോഗിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.. പഴമ എന്ന് പറയുന്നതു പോലെ പഴമയെ ആരും ഇഷ്ടപ്പെടുന്നില്ല ... നോര്‍ത്തിന്‍ ഡ്യയില്‍ ജീവിക്കുമ്പോള്‍ കേരളം എന്ന് ജപിക്കും പോലെ..കേരളത്തില്‍ ജീവിക്കുമ്പോള്‍ നോര്‍ത്തിന്‍ ഡ്യ എന്ന് പറയും പോലെ... ഒരു ഒഴികഴിവ്.. ഒരില വരുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നാറുണ്ട്... അതുകൊണ്ട് ഇടയ്ക്കൊക്കെ വരൂ.

Echmukutty said...

ആവാം ചെത്തു വാസൂ...അങ്ങനെയുമാവാം..ഈ നമ്മുടേതല്ലാത്തതൊന്നിനേയും നമുക്ക് സ്നേഹിക്കാനോ ആദരിക്കാനോ പരിപാലിക്കാനോ വയ്യല്ലോ... എന്തു സാംസ്ക്കാരിക ഔന്നത്യം ഭാവിച്ചാലൂം... അല്ലേ?

പഴമയുടെ മേന്മയെ വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും വാഴ്ത്തുന്ന നമ്മള്‍ ത്രീ ഡയമെന്‍ ഷനില്‍ നമ്മുടെ മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്ന ഒട്ടൂം അമൂര്‍ത്തമോ അവ്യക്തമോ അല്ലാത്ത പഴയകെട്ടിടങ്ങളെ ലവലേശം ശ്രദ്ധിക്കുന്നില്ലെന്നാണു ഞാന്‍ എഴുതിയത് സിയാഫ്. ഇത്രമേല്‍ പഴമയെ പറ്റി വാചാലരാകുന്ന നാം ആ മൂല്യവത്തായ സമ്പത്തിനെ വേണ്ടത്ര നന്നായി പരിപാലിക്കുന്നില്ല എന്നാണ് എന്‍റെ ഉറച്ച അഭിപ്രായം. അവയുടെ മൂല്യം നാം അറിയുന്നേയില്ല. പഴമയെ കുറിച്ച് ചുമ്മാ പറയും പോലെ അല്ല.. അമൂല്യമായ പഴയ നിധികളെ ആത്മാര്‍ഥമായി സംരക്ഷിക്കുന്നത് .. എന്ന് പറയുകയായിരുന്നു ഞാന്‍. സിയാഫ് വന്നതില്‍ വലിയ സന്തോഷം... അങ്ങനെ വരാറില്ലല്ലോ..

Echmukutty said...

അതെ, വെട്ടത്താന്‍ ചേട്ടാ... ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ വിമുഖതയുള്ളപ്പോള്‍ നമ്മള്‍ പഴയ കാലമേന്മകളെ പറ്റി വാചാലരാകുന്നു അല്ലേ? ബാല്യം അതുകൊണ്ടാണ് മനുഷ്യന് മറക്കാനാവാത്ത ഗൃഹാതുരത്വമാവുന്നത്..

അതെ, ചരിത്രം തിരിഞ്ഞു നടക്കുകയില്ല... പക്ഷെ,പ്രഹസനമായി ആവര്‍ത്തിച്ചാലോ ... ഭാനു..

സാബു വന്നതില്‍ സന്തോഷം.. ഒട്ടും വരാത്ത ഒരു ആള്‍ അല്ലേ?

Aneesh chandran said...

സ്മാരകങ്ങള്‍ ,സ്മരണകള്‍... നമ്മള്‍ മലയാളികള്‍ നൊസ്റ്റാള്‍ജിയ എന്ന വാക്കിനോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു എപ്പോഴും.

mini//മിനി said...

പുത്തൻ സൌകര്യങ്ങളെല്ലാം വേണം. പഴയകാലത്ത് ജീവിക്കണം.

Echmukutty said...

പ്രദീപ് മാഷിന്‍റെ അഭിപ്രായം പൂര്‍ണമായും അംഗീകരിക്കുന്നു. ബഹുതല സ്പര്‍ശിയാവാതിരുന്നത് ഒരു പോരായമ തന്നെ... കെട്ടിടങ്ങള്‍ പോലെ ഇത്ര വ്യക്തമായ ഒരു പഴമ മുന്നിലുള്ളപ്പോള്‍ അവയെ നശിക്കാന്‍ വിട്ട് പഴമയെക്കുറിച്ച് പറയുന്നതിലെ കാപട്യം ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു ,ഞാന്‍..

Echmukutty said...

ആര്‍ഷ വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.
തങ്കപ്പന്‍ ചേട്ടന്‍ പറഞ്ഞത് വാസ്തവമാണ്..നല്ല മൂല്യങ്ങള്‍ എന്നും കാത്തു സൂക്ഷിക്കേണ്ടവ തന്നെ.

വി കെ മാഷ് അഭിപ്രായം എഴുതിയതില്‍ സന്തോഷം..

Echmukutty said...

ഉത്തരവാദിത്തമില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ന്യായീകരണമാവരുത് പഴമയോടുള്ള ആഭിമുഖ്യം... മറ്റൊരാളെ ചൂഷണം ചെയ്യാനുള്ള കാരണമാവരുത് പഴമയോടുള്ള ആഭിമുഖ്യം.. കാപട്യത്തിനുള്ള വിശദീകരണമാവരുത് പഴമയോടുള്ള ആഭിമുഖ്യം... ഇതാണ് ഞാന്‍ എഴുതാന്‍ ശ്രമിച്ചത്.. അജിത്തേട്ടന്‍ വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം...

drpmalankot said...

നല്ല ലേഖനം.

വെയിലത്തു നടക്കുമ്പോൾ തണലിനു
കൊതിക്കും തണലത്തു നിൽക്കുമ്പോൾ താനേ മറക്കും

ഇതാണ് എനിക്ക് ഓര്മ്മ വന്നത്. പഴമയിലും പുതുമയിലും സ്വീകരിക്കേണ്ടവയും തിരസ്ക്കരിക്കെണ്ടവയും ഉണ്ട്. അത് മനസ്സിലാക്കാതെ
അങ്ങിനെ എങ്കിൽ എത്ര നന്നായേനെ, ഇങ്ങിനെ എങ്കിൽ എത്ര നന്നായേനെ എന്ന് നിരർത്ഥകമായി നാം പുലമ്പുന്നു.

Rajesh said...

I dont know.
I am sure about one thing. Old times were hell for the vast vast majority of population.
I remember my grand father telling me - how the old home, with lots of wood carvings - was built without any expenses - the wood from the garden, and just some KANJI to the workers.

പ്രയാണ്‍ said...

പഴമയിലെ നന്മകളെ നമ്മള്‍ തന്നെയല്ലേ എവിടെയോ വെച്ചു മറന്നുപോയത്.... എന്നിട്ട് ആ നമ്മള്‍ തന്നെ ഇന്നിനെ കുറ്റം പറയും മറന്നു പോയതിന്ന്...... രണ്ടിനുമിടക്കുള്ള കണ്ണി നമ്മളാണെന്നത് സൌകര്യപൂര്‍വ്വം മറന്നുകൊണ്ട്........

വിനുവേട്ടന്‍ said...

ഇത് ഞാൻ വായിച്ച് കമന്റ് ഇട്ടിരുന്നതാണല്ലോ എന്ന് ഓർമ്മയിലെവിടെയോ മിന്നി മറയുന്നു...

പഴമയോടെ എനിക്കും ഇത്തിരി അഭിനിവേശം കൂടുതലാണ് കേട്ടോ...

ഒരു കുഞ്ഞുമയിൽപീലി said...

പഴമയെ മറക്കുന്നിടത്താകണം ഒരു മനുഷ്യന്റെ മരണം എന്നെനിക്കു തോന്നുന്നു. കാരണം
പഴയതിൽ നന്മയുടെ അംശം എപ്പോഴും കൂടുതലാണ് ...ഒത്തിരി ആശംസയോടെ ഒരു കുഞ്ഞു മയിൽ‌പീലി

Bijith :|: ബിജിത്‌ said...

പഴയ കെട്ടിടങ്ങളെ തച്ചു തകർക്കുമ്പോഴും, വേലിക്കെട്ടുകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ ഉറപ്പോടെ ഇന്നും കൊണ്ടു നടക്കുന്നുവല്ലോ നമ്മൾ :)

Joselet Joseph said...

പഴയ കെട്ടിടങ്ങളോട് എനിക്കെന്തോ വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പള്ളികള്‍, അമ്പലങ്ങള്‍, കൊട്ടാരങ്ങള്‍.പഴയ മനകള്‍ സംരക്ഷിക്കുക പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോള്‍
പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.സ്വകാര്യ വ്യക്തികള്‍ അത്തരം കെട്ടിടങ്ങള്‍ പൊളിച്ചു പുതിയത് പണിയാന്‍ ശ്രമിക്കുമ്പോള്‍ അത് നല്ല വില കൊടുത്തു വാങ്ങി മ്യൂസിയമോ മറ്റോ ആക്കാന്‍ സാധിക്കും.

ഡല്‍ഹിയിലും മറ്റും പഴയ ചേരികളും കാളവണ്ടികളും ഇപ്പോഴുമുണ്ട്. മാറ്റാന്‍ പറ്റാത്ത ചില പഴമകള്‍ ഇപ്പോഴും കാഴ്ചക്ക് സുഖകരമാകണം എന്നില്ല.

നളിനകുമാരി said...

ചായങ്ങള്‍ ചുരണ്ടി + ചിഹ്നമിട്ട് സ്ത്രീ പുരുഷ നാമധേയങ്ങള്‍ ചുവരുകളില്‍ കുത്തിവരയ്ക്കുകയും എല്ലാ ഭാഷകളിലേയും അറിയാവുന്നത്രയും തെറിവാക്കുകള്‍ എഴുതിവെയ്ക്കുകയും ചെയ്യും.
true