Friday, July 19, 2013

തട്ടിപ്പുകളുടെ വിചിത്ര ലോകവും നമ്മളും


https://www.facebook.com/echmu.kutty/posts/175838239262145

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ജൂണ്‍ 28  ന് പ്രസിദ്ധീകരിച്ചത്.)

തേക്ക് ,  ആട്,  മാഞ്ചിയം, ചിട്ടി,  ആപ്പിള്‍ ഐ ഡേ  ഫ്ലാറ്റ്,  മണിചെയിന്‍, ലോട്ടറി, ടൈക്കൂണ്‍, ബിസായര്‍, നാനോ എക്സല്‍,  ലിസ്,  ഈ മെയില്‍,  ടോട്ടല്‍ ഫോര്‍ യൂ... അങ്ങനെ എണ്ണിയാല്‍ തീരാത്ത  വന്‍കിട  തട്ടിപ്പുകളുടെ  കൂട്ടത്തിലേക്ക്   ദാ,  ഇപ്പോള്‍   പുത്തന്‍  പുതിയതായി  ഒരെണ്ണം കൂടി സോളാര്‍ തട്ടിപ്പ് . .  ....  പ്രതിപക്ഷം  തട്ടിപ്പുകാരെ എന്നും പിന്തുണച്ചിട്ടുണ്ടെന്ന് ഭരണപക്ഷവും ഭരണപക്ഷത്തുള്ളവര്‍ തട്ടിപ്പുകാരുടെ വീട്ടിലാണ് ഉണ്ടു കുളിച്ചു താമസമെന്ന്  ഭരണപക്ഷവും എല്ലായ്പ്പോഴും എല്ലാ കാലത്തും  പരസ്പരം ആരോപിക്കുന്നു. 

 ഒരു ജനതയെന്ന നിലയില്‍  കൂടുതല്‍  മണ്ടശ്ശിരോമണികളെന്നാണോ,  അതോ  കുറച്ച്  കൂശ്മാണ്ഡ വിഡ്ഡികളെന്നാണോ ഏതാണ്  നമുക്ക് പറ്റിയ തലക്കെട്ട് എന്ന്  ഏതൊരു കൊച്ചുകുട്ടിയ്ക്കും  സംശയം തോന്നും.  അമ്മാതിരി ഒരു  രീതിയിലാണ് തട്ടിപ്പുകളുടെ ഓരോരോ പുതിയ മാലകള്‍ തീര്‍പ്പിച്ച്  അവ കഴുത്തിലണിയുന്നതില്‍ നമ്മള്‍  കാണിക്കുന്ന മിടുക്ക് . ഒരു  തട്ടിപ്പു മാലയുടെ ഫാഷന്‍ അല്‍പം  പഴയതാവുമ്പോഴേക്കും പുതിയ തട്ടിപ്പ് മാല തീര്‍പ്പിക്കുകയായി.. ഇടുകയായി...ഇടാത്തവരെ മാലയെപ്പറ്റി ഓരോന്നൊക്കെ  പുകഴ്ത്തി പറഞ്ഞ് കേള്‍പ്പിച്ച്  ഇടീപ്പിക്കുകയായി...  

പണ്ടൊക്കെ വിദ്യാഭ്യാസമില്ലാത്തവരും പിന്നെ  ലോകപരിചയമില്ലാത്ത വീട്ടമ്മമാരും മറ്റും സ്വര്‍ണം  പോളീഷ്  ചെയ്തുകൊടുക്കുന്ന  തട്ടിപ്പിലും ഗൃഹോപകരണങ്ങള്‍ തവണകളായി പണമടച്ച് സമ്പാദിക്കുന്ന തട്ടിപ്പിലും റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച്  വില്‍പന നടത്തുന്ന തട്ടിപ്പിലുമൊക്കെ സുലഭമായി വീണു പോകാറുണ്ടായിരുന്നുവത്രെ.  വീട്ടിലിരിക്കുന്ന  വിവരമില്ലാത്ത പെണ്ണുങ്ങളെ പറ്റിക്കാന്‍ എളുപ്പമല്ലേ എന്നാണ്  അക്കാലത്തെ മിടുക്കന്മാരായ പുരുഷന്മാര്‍ പൊതുവേ  തട്ടിപ്പു വീരന്മാരുടെ മിടുക്കുകളെക്കുറിച്ച്  പറയുമ്പോള്‍ അപ്പോഴൊക്കെ  സ്ഥിരമായി  അഭിപ്രായപ്പെട്ടിരുന്നത്.

ഇപ്പോള്‍  കാലമങ്ങു  മാറി.

നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും  ഉള്ളവര്‍, സന്യാസിമാര്‍, വ്യവസായ പ്രമുഖര്‍, ഡോക്ടര്‍മാര്‍, ബിരുദാനന്തര ബിരുദധാരികള്‍, കമ്പ്യൂട്ടര്‍  വിദഗ്ദ്ധര്‍... തട്ടിപ്പിനിരയാവുന്നവരുടെ ഈ ലിസ്റ്റിങ്ങനെ നീണ്ടു നീണ്ട്  പോവുകയാണ്. ഇവര്‍   വീട്ടമ്മമാരെപ്പോലെ ലോകം  കാണാത്തവരല്ല. എന്നാലും  തട്ടിപ്പുകാരൊരുക്കുന്ന  വന്‍കുഴികളില്‍  ഇവരും, വളരെ എളുപ്പത്തില്‍  ചെന്നു  വീണു പോകുന്നു. അധികം പേരും ലജ്ജ കൊണ്ട് മിണ്ടാതിരിക്കുന്നു. പണത്തിന്‍റെ അളവ് ലജ്ജയുടെ പരിധിക്കു പുറത്താവുമ്പോള്‍ പറ്റിയ  അമളി വെളിപ്പെടുത്തുന്നു. 

നമ്മള്‍  മലയാളികള്‍ക്ക്  ധനാശ അല്ലെങ്കില്‍ ഉള്ള ധനം എളുപ്പത്തില്‍  പെരുപ്പിക്കുന്നതിനുള്ള ആശ കുറച്ചു  കൂടുതലാണോ? പ്രവാസികള്‍ അയക്കുന്ന പണമാണ് കേരളത്തിന്‍റെ  സാമ്പത്തിക അടിത്തറയെ ഏറ്റവും അധികം ബലപ്പെടുത്തുന്നതത്രെ. വേറെ  ആരെങ്കിലും ചോര നീരാക്കുന്നതിന്‍റെ ഒരു നല്ല പങ്ക്  കൈയിലെത്തുമ്പോള്‍ അതിനെ ചുമ്മാ ഒന്നു പെരുപ്പിച്ച് നോക്കിക്കളയാം എന്ന് നമ്മള്‍ വിചാരിക്കുന്നുണ്ടാവുമോ? അങ്ങനെയായിരിക്കുമോ നമ്മള്‍ തട്ടിപ്പുകളുടെ  പടുകുഴിയിലേക്ക് ഏണിയില്ലാതെ ഇറങ്ങുന്നത്...  
    
കൃത്യമായി നികുതിയടച്ച്  ബില്ല് നിര്‍ബന്ധമായും  മേടിച്ച് സ്വര്‍ണം വാങ്ങാന്‍ എത്ര പേര്‍ തയാറാവുമെന്ന് അറിയില്ല. അതുകൊണ്ടു തന്നെ  സ്വര്‍ണ ബിസിനസ്സിന്‍റെ ഏറ്റവും രഹസ്യാത്മകമായ പാഠമാണല്ലോ ഈ ബില്ലില്ലാ വ്യാപാരം. എന്നിട്ടും സ്വര്‍ണം  കാണുമ്പോള്‍   മിക്കവാറും പേരുടെ  കണ്ണ്  മഞ്ഞളിക്കുന്നു. മഞ്ഞളിക്കാത്ത വരെ കൂടി വലിച്ചടുപ്പിക്കാന്‍ വന്‍കിട  സിനിമാ താരങ്ങള്‍  ഞാന്‍  ഞാനെന്ന് മല്‍സരിക്കുന്നു. സ്വര്‍ണമാണ്  ഏറ്റവും കേമനായ നിക്ഷേപമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുകയും കൂടി ചെയ്യുമ്പോള്‍  കാര്യങ്ങള്‍ പൂര്‍ത്തിയായി. അതുപോലെ  പത്ര മാധ്യമങ്ങളില്‍  കേമമായ പരസ്യം കണ്ടാലും  സാധാരണ  മനുഷ്യര്‍ അതിവേഗം വിശ്വസിക്കും. പത്രത്തില്‍ അച്ചടിച്ച് വന്നില്ലേ എന്നാണ് ന്യായം.  അതിപ്പോള്‍ തേക്കായാലും ആടായാലും ഫ്ലാറ്റായാലും ...  വ്യത്യാസമില്ല.  പത്രങ്ങളിലെ  പരസ്യങ്ങള്‍ ഒരിക്കലും വിശ്വാസ്യതയുടെ  വിളംബരങ്ങളാവുന്നില്ല എന്ന് നമ്മള്‍ ഒരുകാലത്തും തിരിച്ചറിയുന്നില്ല.

ഇനിയും   മറ്റൊരു സാധ്യത കൂടി ഉണ്ടാവാം ചിലപ്പോഴൊക്കെ. ഒതുക്കിവെച്ചിരിക്കുന്ന കണക്കില്‍ പെടാത്ത പണമായിരിക്കുമോ പലരും  തട്ടിപ്പുകളില്‍  നിക്ഷേപിക്കുന്നത്? അത്തരം പണത്തിന്‍റെ  കൊടുക്കല്‍വാങ്ങലുകള്‍ക്ക്  യോജിച്ച  ഒരു  മാര്‍ക്കറ്റാവണം  ഈ തട്ടിപ്പുകള്‍. അല്ലെങ്കില്‍ നല്ല വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളവര്‍ തട്ടിപ്പുകാരുടെ വാചാടോപങ്ങളില്‍ ചെന്നു വീണ് കഷ്ടപ്പെട്ട്  സമ്പാദിച്ച പണം നഷ്ടപ്പെടുത്തിക്കളയുമോ? 
  
ഭൂമിയുടെ  വില  പൊടുന്നനെ  റോക്കറ്റു പോലെ  ഉയര്‍ന്ന സാഹചര്യത്തില്‍ ഭൂമി വില്‍ക്കുകയും ശരിയായ രജിസ്ട്റേഷന്‍ ഫീസ്  സര്‍ക്കാരിനു നല്‍കാതിരിക്കുകയും ചെയ്ത്   പലരും ലാഭമുണ്ടാക്കാറുണ്ടല്ലോ. ഇത്  ചിലര്‍ക്ക് ചെറിയ  ലാഭമാണെങ്കില്‍ മറ്റു ചിലര്‍ക്ക് വന്‍തുകകളാകാറുണ്ട്. അമ്മാതിരിയുള്ള തുകകളുടെ നിക്ഷേപത്തിനാവാം ചിലപ്പോള്‍  തട്ടിപ്പുകളൂടെ സഹായം  മനുഷ്യര്‍ സ്വീകരിച്ചു  പോകുന്നത്.

പണമാണ് ഏറ്റവും പ്രധാനമെന്ന ചിന്തയും എന്തു ചെയ്തും പണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന  വിചാരവും  അതിനായി ഏറ്റവും ബുദ്ധിശൂന്യമായ രീതിയില്‍    പണം  നിക്ഷേപിക്കുകയും ചെയ്യുന്ന, വിദ്യാഭ്യാസവും  ആവശ്യത്തിലധികം പണവും  ലോക പരിചയമുള്ളവര്‍ ,    കൂടുതല്‍ പണമുള്ളവര്‍ ചെയ്യുന്നതെല്ലാം വീണ്ടു വിചാരമില്ലാതെ   അനുകരിക്കാന്‍ ശ്രമിക്കുന്ന  സാധാരണ ജനത... ഇവര്‍  ഒന്നു പോലെ  ഈ ഭയാനകമായ തട്ടിപ്പുകളില്‍  കുടുങ്ങിപ്പിടയുന്നു.  ഒടുവില്‍  എല്ലാം  നഷ്ടമാകുമ്പോള്‍  സാധാരണക്കാര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു...  ഇത്   ഒരു സമ്പൂര്‍ണ സാക്ഷര ജനതയുടെ സാമൂഹിക ആരോഗ്യത്തിന്‍റെ  ലക്ഷണമേയല്ല .
   
പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ കുറിച്ച് ഗൌരവമായി  ആലോചിക്കുന്നവര്‍ പോലും  സോളാര്‍ എനര്‍ജി എന്നാല്‍ എന്തോ ഒരു തരികിട പരിപാടിയാണെന്ന് തെറ്റിദ്ധരിച്ചു പോകുന്നുവെന്നതാണ് സോളാര്‍  തട്ടിപ്പ്  ഒരു  ജനതയെന്ന നിലയില്‍ കേരളീയരോട്  ചെയ്ത ഏറ്റവും  വലിയ  ദുരന്തം. നല്ല രീതിയില്‍  പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെപ്പോലും സംശയത്തിന്‍റെ  മഞ്ഞക്കണ്ണടയിലൂടെ  മാത്രമേ ഇനി മേലില്‍ ജനങ്ങള്‍ക്ക് നോക്കാന്‍ കഴിയുകയുള്ളൂ. മാത്രവുമല്ല, പാരമ്പര്യേതര  ഊര്‍ജ്ജസ്രോതസ്സുകളോട്  സാമാന്യ  ജനത്തിനു തോന്നിയ താല്‍പര്യം  കുറഞ്ഞു പോകാനും  ഈ തട്ടിപ്പ് കാരണമാകും. 

കഷ്ടപ്പെട്ട്  ഉണ്ടാക്കുന്ന  പണത്തെ ,  കള്ളത്തരങ്ങളുടേതല്ലാത്തതും   തികച്ചും ആരോഗ്യകരമായതും   ആയ  ഒരു തുറന്ന സാമൂഹ്യ വ്യാപാര വാണിജ്യ ക്രമത്തില്‍  നിക്ഷേപിക്കാന്‍  നമ്മള്‍ തയാറായേ  മതിയാകൂ. അതിനുള്ള  സ്വയം നിന്ത്രണം നമ്മള്‍ ആര്‍ജ്ജിക്കണം. തട്ടിപ്പുകാരുടെ പലതരം വഞ്ചനാജാലങ്ങളില്‍ കുരുങ്ങി ആത്മഹത്യ ചെയ്തു  തീര്‍ക്കാനുള്ളതാവരുത്  നമ്മുടെ ജീവിതം.
  

22 comments:

vettathan said...

ദുര മൂത്തവരാണ് തട്ടിപ്പുകാരുടെ ഇരകള്‍. സമ്പാദ്യം ഇരട്ടിപ്പിച്ചു കൊടുക്കാമെന്നു ഏതെങ്കിലും ആസാമി പറഞ്ഞാല്‍ വെറുതെ തലവെച്ചുകൊടുക്കുന്നവര്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല. എച്മു സംശയിക്കുന്നതുപോലെ തട്ടിപ്പുകാരന്‍റെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുന്ന പണം മിക്കവാറും കള്ളപ്പണം തന്നെയാവും.

Rajesh said...

Finally, its not just women who are cheated. Well said.

A wider web of cheating is still happening around. A lot of people(mostly only educated people) are now investing in market based insurance policies, by private banks.
I also bought one such insurance policy many years back (because of my friend, a freelance agent) and soon he warned me about the issues and he stopped selling it. And immediately upon reaching 5 years(the minimum period to cancell), I cancelled the same. I still lost about 10K of my hard work.
Its said, millions of Indians will have a shock, when their market based policies mature. Apparently, the markets are all controlled by corporate forces. There have already been some suicides, by retired people - as most people set the retirement year as the year for policy maturing, because of this shock.
LIC, the only company who guarantees money, seems to have stopped issuing any more market based policies(not sure!). Anyways, I am not an expert on all these, all what I know is, I know a lot of people are cancelling their market based policies with private banks. Not one got back, at least the money they paid, so far, as premium.

It might be possible that people spend black money. But one who spend black money, may not have the courage to go and complain officially.

mattoraal said...

ആർത്തി മൂത്ത് ബോധം നഷ്ടപ്പെട്ട ജനം ,(സർക്കാരും )

mattoraal said...

തട്ടിപ്പുകളുടെ വിചിത്ര ലോകമല്ല ,സ്വാഭാവിക ലോകം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കളിപ്പിക്കപ്പെട്ടു എന്ന് മോങ്ങുന്നവന്റെ ചെപ്പയ്ക്ക് രണ്ടു കൊടൂക്കണം എന്നു കൂടി പലപ്പോഴും തോന്നിയിട്ടുണ്ട്
മേലനങ്ങി പണി ചെയ്ത് കിട്ടുന്ന കാശ് അല്പം മൂള ഉള്ളവൻ ഇമ്മാതിരി കളയാൻ മടിക്കും

ആർത്തിപ്പണ്ടാരം ആണെങ്കിൽ അനുഭവിക്കും അല്ല പിന്നെ

Unknown said...

ആരോ തനിക്കുവേണ്ടി അധ്വാനിച്ചു മേലനങ്ങാതെ സമ്പാദിക്കാം എന്നും ആഘോഷമായി ജീവിക്കാമെന്നും ചിന്തിക്കുന്ന മലയാളികളുടെ പൊട്ടത്തരം.പറ്റിപ്പ്‌ കമ്പനികള്‍ കൂണുപോലെ മുളയ്ക്കുന്നതും ആരാന്റെ കാശും കൊണ്ട് മുങ്ങുന്നതും നിത്യവും വാര്‍ത്തയായി വായിച്ചും കണ്ടും പിന്നെയും,പിന്നെയും പറ്റിക്കപ്പെടാന്‍ ക്യൂ നില്‍ക്കുന്ന ജനത...

ajith said...

ലാ-ബെല്ലയിലും ഹിമാലയ ചിട്ടിയിലും എല്ലാം കള്ളപ്പണക്കാരും കഴുത്തറപ്പന്മാരും മാത്രമല്ല നിക്ഷേപിച്ചിരുന്നത്. അന്നന്നത്തെ സമ്പാദ്യം പലതരത്തിലുള്ള കാന്‍വാസിംഗുകളാലും പ്രലോഭനങ്ങളാലും അറിയായ്മയാലും കൊണ്ട് നിക്ഷേപിച്ച അത്താഴപഷ്ണിക്കാരനുമുണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് കലൂരെ വീട് വിറ്റുകിട്ടിയ പണം കൊണ്ട് ഗുരുവായൂരില്‍ ഒരു ഫ്ലാറ്റിന് കൊടുത്തു. “ശാന്തിമഠം” എന്നോ മറ്റോ ആണ് പേര്. ഗുരുവായൂര്‍ താമസിയ്ക്കാനുള്ള മോഹം കൊണ്ടാണ്. പ്രോജക്റ്റ് നിന്നുപോയി പല വര്‍ഷങ്ങളായി. പണവുമില്ല ഫ്ലാറ്റുമില്ല. തട്ടിപ്പിനിരയായവരെ കാലുകൊണ്ട് തൊഴിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുമെങ്കിലും ഇടയ്ക്ക് ഇതുപോലുള്ളവ്രെയും കൂടി ഒന്നോര്‍ക്കാം.

ajith said...

തട്ടിപ്പിന് തലവച്ച് കേരളം:

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14566056&programId=1073753987&tabId=0&contentType=EDITORIAL&BV_ID=@@@

Pradeep Kumar said...

പാരമ്പേര്യേതര ഊര്‍ജസ്രോതസ്സുകളെ ആശ്രയിക്കുന്ന കാര്യത്തില്‍ ഒരു നന്മയുണ്ട്. കൂടാതെ അത് ശാസ്തരീയവും പുരോഗമനപരമായ ആശയവുമാണ് - നോക്കൂ തട്ടിപ്പുകാര്‍ എത്ര വിദഗ്ദ്ധമായാണ് ആ കാര്യത്തെ ഉപയോഗപ്പെടുത്തിയതെന്ന്...അതാണ് തട്ടിപ്പു ബുദ്ധി. ഇനിയും പല വേഷങ്ങലില്‍ പല ഭാവങ്ങളില്‍ കാലത്തിനനുസരിച്ച് വേഷം മാറി അവര്‍ വന്നു കൊണ്ടിരിക്കും. മനുഷ്യന്റെ ആഗ്രഹങ്ങലെ വിദഗ്ദ്ധമായി ചൂഷണം ചെയ്യുകയും ചെയ്യും....

ചന്തു നായർ said...

പ്രദീപ് കുമർ പറഞ്ഞതെത്ര ശരി..തട്ടിപ്പു ബുദ്ധി. ഇനിയും പല വേഷങ്ങലില്‍ പല ഭാവങ്ങളില്‍ കാലത്തിനനുസരിച്ച് വേഷം മാറി അവര്‍ വന്നു കൊണ്ടിരിക്കും. മനുഷ്യന്റെ ആഗ്രഹങ്ങലെ വിദഗ്ദ്ധമായി ചൂഷണം ചെയ്യുകയും ചെയ്യും.... എച്ചുമൂ കുറച്ചു കൂടീ ആവമയിരുന്നൂ അല്ലേ?

വിനുവേട്ടന്‍ said...

കഴിഞ്ഞയാഴ്ച്ച ചെപ്പിൽ വായിച്ചിരുന്നു എച്ച്മു...

എച്ച്മു പറഞ്ഞത്പോലെ തന്നെ അജിത്‌ഭായ് പറഞ്ഞതും ഒരു കാര്യമാണ്... രണ്ടായാലും കേരളം ഇപ്പോൾ തട്ടിപ്പിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമായി മാറിയിരിക്കുന്നു...

ലംബൻ said...

നിങ്ങള്‍ സമതിക്കാതെ നിങ്ങളെയാര്‍ക്കും പറ്റിക്കാന്‍ പറ്റില്ല എന്ന് എവിടെയോ വായിച്ചതു ഓര്‍ക്കുന്നു, ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍.

വീകെ said...

ഇത്തരം തട്ടിപ്പുകൾ ഇനിയും മറ്റൊരു രൂപത്തിൽ ഇവിടെ ആവർത്തിക്കപ്പെടും. എത്ര കണ്ടാലും കൊണ്ടാലും നമ്മൾ പഠിക്കില്ല. അത് നമ്മുടെയൊക്കെ ശാപം.

San said...

തട്ടിപ്പ് നടക്കുന്നത് മനുഹ്സ്യൻ തട്ടിക്കപ്പെടാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് . ഇത് മലയാളിയുടെ മാത്രം അവസ്ഥയല്ല ലോകത്ത് എല്ലായിടത് ഇപ്പോഴും തട്ടിപ്പുകൾ നടക്കുന്നു അന്നത്രേ പുരാണങ്ങൾ പറയുന്നത് !! :-)

പക്ഷെ എന്താണ് ഇതിനു പിന്നിലെ മനശാസ്ത്രം എന്ന് നോക്കിയാലെ ഈ പ്രശനം സമൂഹത്തിനു ഒഴിവാക്കാൻ പറ്റൂ

(ഒന്ന് ) മേലനങ്ങാതെ പണം സമ്പാദിക്കാൻ ഉള്ള ആഗ്രഹം - അത്യാഗ്രഹം - ദുര - അതി മോശം എന്നീ സദ്‌
ഗുണങ്ങൾ
(രണ്ടു) ആസൂത്രിതമായ അഴിമതിയുടെയും അനീതിയുടെയും ഭാഗമായി നിന്ന് അതിന്റെ ഗുണം അനുഭവിക്കാനുള്ള ത്വര .
(മൂന്നു ) ഭരണം നടത്തുന്നവരുടെ കൂടെ കൂടി അധികാരം ഉപയോഗിച്ചു അതിന്റെ ഭാഗമായി സമൂഹത്തെ ചൂഷണം ചെയ്തു സമ്പത്ത് അടിച്ചുമറ്റാൻ ഉള്ള കുബുദ്ധി
(നാല് ) ആരാണ് നല്ലവരും വിശ്വസിക്കാൻ യോഗ്യരും ആരെയാണ് അവിശ്വേസിക്കെണ്ടതും പാരിഗനൈക്കെണ്ടാതില്ലാത്തതും എന്നാ കാര്യത്തിൽ സമൂഹത്തിനുള്ള മുന് വിധികൾ - വ്യക്തിത്വത്തെ കുറിച്ചും സാമൂഹിക പശ്ച്ചാ ചതലാതെ കുറിച്ചും ഉള്ള മുൻവിധികൾ .ഒപ്പം സുനിമയിലും , ടി വി യിലും മറ്റും തുടര്ച്ചയായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ കഥാപാത്ര വ്യക്ത്വിത്വങ്ങൾ സമൂഹത്തെ സാംസ്കാരികമായി തെറ്റിദ്ധരിപ്പിക്കുന്നു ... അത് കൊണ്ട് ആരാണ് "കണ്ടാല" തട്ടിപ്പുകാർ എന്നും ആരാണ് വിശ്വിക്കാൻ കൊള്ളാവുന്ന മാന്യർ എന്നും നമുക്ക് കൃത്യമായ മുന് വിധികൾ ഉണ്ട് .. ബസ്സിൽ വച്ച് മോഷ്ടിച്ച് എന്ന് പറഞ്ഞു നിരപരാധിയായ ഒരു പയ്യനെ ഉടൻ തന്നെ തല്ലിക്കൊന്ന നാടാണ് ഇത് .. സമൂഹം അവനെ "വിശ്വസിക്കാൻ" കൊട്ടക്കിയില്ല എന്നതാണ് അതിന്റെ കാരണം . സിനിമയും , സാഹിത്യവും മറ്റും മുന്നോട്ടു വയ്ക്കുന്ന പാത്ര സൃഷ്ടികള ഇത്തരം കൃത്യമായ മുൻവിധികൾ വിദ്ധികലായ ഭൂരിപക്ഷത്തിറെ തലയിലേക്ക് അടിച്ചു കയട്ടുന്നുണ്ട്
(അഞ്ചു ) കള്ള പണത്തിന്റെയും കള്ള നോട്ടിന്റെയും കുത്തൊഴുക്ക്
(ആര് ) ജനാധിപത്യം എന്നാ പുറം പേര് പറഞ്ഞു നടക്കുന്ന ജനങ്ങൾക്ക്‌ ഒരു അധികാരമില്ലാതതും എന്നാൽ
ഇതാണ് രാജ ഭരണകാലത്തിനു തുല്യമായ അവസ്ഥ. ബന്ധങ്ങൾ ഉള്ളവര്ക്കും വേണ്ടപ്പെട്ടവര്ക്കും രാജ്യത്തിൽ എന്തും ചെയ്യാൻ എന്നാ തോന്നല .
(ഏഴ് ) ആര എന്ത് തെറ്റ് ചെയ്താലും അവർ തങ്ങളുടെ മതം അല്ലെങ്കിൽ തങ്ങളുമായി ഐക്യപ്പെടുന്ന മറ്റു ഏ തൊരു വിഭാഗത്തിൽ ആണ് എങ്കിൽ അവരെ സംരക്ഷിക്കാനുള്ള മനുഷ്യന്റെ "യഥാര്ത " സ്വഭാവം .. .
(എട്ടു) ഇതൊക്കെ വളരെ പ്രകടമായ വസ്തുതകൾ ആണ് എങ്കിലും ഇതൊന്നും കണാതെ ഏതാനും വ്യക്തികളെ മാത്രം കുറ്റപ്പെടുത്തി ലേഖനമെഴുതുന്ന തട്ടിപ്പ് പത്രാധിപന്മാരും കപട സാഹിത്യ- സാംസ്കാരിക പുങ്ങവരും അവരെ കന്ന്നുമാടച്ചു വിശ്വസിക്കുന്ന ചൂഷിതർ ആയ ജനങ്ങളും ..

San said...
This comment has been removed by the author.
San said...

@Rajesh

Yes , You made an important point with respect how ULIPs are sold in this country promising big returns. In fact what happens is the people who buy and the people who sell , both have no idea how the returns will come through. The managers are pushed for generating sales and agents just want to earn commission. they themselves do not know the abcd of how the investing will be done or fund will be managed. Now after 10 years of equity linked polices many has come to know from their own experiences that it simply fail to deliver . The reason being it is just a function of market and unless the equity markets shoots into sky defying gravity their money will not give much returns.. However when someone from an insurance with good looks comes before you with a lap top and deliver a power point presentation with a few charts , the average man will fall prey fr it and will be willing to invest 3-4 lacs without any further questioning. However there is no major difference between LIC and private players when it comes to performance of the funds. It is basicall a function of sensex . Doesnt matter whoever manage it. If sensex goes down, your NAV goes along.

Aneesh chandran said...

ദുര മൂത്ത് നമ്മള്‍ക്ക്...

Rajesh said...

@San
Friend, LIC at least have majority of their policies, which are not linked to market. And it looks like, once they realised that there is a big trap behind these ULIP's, they have stopped announcing new ones, associated with markets.
And I am told, these big corporates, for eg. like Reliance, can actually force the market to go down, through illegal and backdoor policies.

Echmukutty said...

എല്ലാ അഭിപ്രായങ്ങളും വായിച്ചു, ഓരോരുത്തര്‍ക്കായി മറുപടി എഴുതാത്തത് എന്‍റെ നെറ്റ് വളരെ ദുര്‍ബലമായിപ്പോകുന്നതുകൊണ്ടാണ്.. ക്ഷമിക്കുക.

അജിത്തേട്ടന്‍ ഉന്നയിച്ച പോയിന്‍റ് ഞാന്‍ കാണാതിരുന്നിട്ടില്ല. കാരണം തട്ടിപ്പുകളിലേക്ക് സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഒരു ഉപജാപം തന്നെ നിലവിലുണ്ട്. പത്രപ്പരസ്യങ്ങള്‍ ഉള്‍പ്പടെ .. ലാഭമുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന അനവധി കാര്യങ്ങള്‍ ഉണ്ട്. അതിന്‍റെയൊക്കെ പ്രലോഭനത്തെ തടുക്കുന്നത് ഒട്ടും എളുപ്പമല്ല. ആ സാധാരണക്കാരനാണ് ഒടുവില്‍ എല്ലാം നഷ്ടപ്പെടുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത്. ...
വായിച്ചവര്‍ക്കെല്ലാം നന്ദി ..

San said...

@ Rajesh,

Dear rajesh I am not sure about it . As far as I know the biggest domestic institutional investor in Indian equity markets as of now is LIC :) .No other insurance companies comes anywhere close to them .
Since I track on a daily basis domestic and foreign institutional fund flows into Indian equities that is what I feel ..I just shared what I felt ..I could be wrong also :)

( And all the big players in the industry always knew what happens in Indian stock markets which is most often manipulated .There is nothing new in it)

Muralee Mukundan , ബിലാത്തിപട്ടണം said...

ഏത് തട്ടിപ്പിലും അത്യാഗ്രഹം
മൂത്ത് തലവെച്ച് കൊടുക്കുന്ന മലയാളിയുടെ
ആ സ്വഭാവഗുണം തന്നെയാണ് ഇതിന്റെ മുഖ്യ ഹേതു..!

Abdul Wadhood Rehman said...

കാര്യപ്രസക്തമായ ലേഖനം.

PS: ആദ്യത്തെ ഖണ്ഡികയിലെ അവസാന ഭാഗം ഒന്ന് കുഴക്കി. ശ്രദ്ധിക്കുമല്ലോ
ആശംസകൾ