എം ടി എഴുതിയിരുന്നു ഞാന്‍ എന്നൊരു കഥാപാത്രം, ശ്രീലങ്കയില്‍, സ്വന്തം അനുജത്തിയെ അന്വേഷിച്ചു നടന്നതിനെ പറ്റി .... ഒടുവില്‍ ഒന്നും കാണാതെ അറിയാതെ കഥാപാത്രമായ ഞാന്‍ മടങ്ങുന്നതിനെപ്പറ്റി...
ഞാനും
കണ്ടു... ഈയിടെ .
എന്നോടും ചോദിച്ചു ... ഈയിടെ.
ഒരു അനുജന് ... ഒരു കൊച്ചച്ഛന് ..
സില്‍ക് സാരിയും ഒരു മുത്തുമാലയുമായി...
സംസാരിക്കുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. ശബ്ദം പതറുന്നുണ്ടായിരുന്നു. ആകെ കൈയിലുള്ളത് ഒരു ലാന്‍ഡ്
ലൈന്‍ നമ്പറാണ്. ആ ഫോണ്‍
എപ്പോഴെങ്കിലും മുഴങ്ങുമെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഒരു വീട്ടില്‍
അദ്ദേഹത്തിന്റെ ഭാഭിയും ചേട്ടന്റെ
മകളുമുണ്ട്.
അവരെ ഒന്നു കാണണം.
ഗുഡിയ ‘ ചാച്ചൂ’ എന്ന് വിളിക്കുന്നത് കേള്‍ക്കണം.
അതു മതി.
ചേട്ടന്റെ
വധുവായി വീട്ടിലെത്തിയ നഴ്സ് മലയാളിയായിരുന്നു. അന്ന് അനുജന്
ചെറുപ്പമാണ്. പത്തു പന്ത്രണ്ട് വയസ്സു പ്രായം.
ആ ഭാഭിയെ വീട്ടില്ക്കയറ്റില്ലെന്ന് ആട്ടിയിറക്കിയ
ദാദാജിയേയും നിശ്ശബ്ദനായി തലയും കുമ്പിട്ടിരുന്ന പിതാജിയേയും അനുജന് ഓര്‍മ്മിക്കുന്നുണ്ട്.
നഴ്സ്മാരായ നാണം കെട്ട മലയാളിപ്പെണ്ണുങ്ങളെയും കേരളമെന്ന
ഈശ്വരവിശ്വാസമില്ലാത്ത നാടിനെയും ദാദാജി
ഭര്ല്സിച്ചു ... നഴ്സു പെണ്ണു കണ്ണു കാട്ടിയപ്പോള്‍, ആണത്തമില്ലാതെ അവളില്‍
മയങ്ങി വീണ പൌത്രനെ
ശപിച്ചു.
ചേട്ടന് ഒരക്ഷരം
പറയാതെ ആ ഭാഭിയേയും കൂട്ടി പടിയിറങ്ങി...
കടുകു പാടങ്ങള്‍ക്കപ്പുറം നനുത്ത മഞ്ഞിലേക്ക് അവര്‍ മറഞ്ഞു
പോയി. ‘ ഭയ്യാ’ എന്ന് വിളിച്ചുകൊണ്ട് പുറകേ ഓടാന്‍
ശ്രമിച്ച അനുജനെ പിതാജി
ബലമായി പിടിച്ചു നിറുത്തുകയായിരുന്നു
.
പിന്നീട്
അച്ഛന് ഓടിച്ചിരുന്ന ട്രാക്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഒരേ ദിവസം തന്നെ രണ്ട്
ശരീരങ്ങള്‍ വെള്ള പുതപ്പിച്ചു കിടത്തിയപ്പോള്‍ , ചേട്ടനും ഭാഭിയും വീണ്ടും വന്നു.
ഇപ്പോള്‍ ഭര്ല്സിച്ചതും ശപിച്ചതും
ദാദിജിയും മാതാജിയുമായിരുന്നു. എങ്കിലും
ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ പോകരുതെന്ന്
മാതാജി ചേട്ടനെ കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കി.
ഭാഭിയും ചേട്ടനും പോയില്ല. ഭാഭിയാണ് യേശുദാസ്
എന്ന വാക്കും ‘ ദില്‍ കെ ടുക് ഡേ ടുക്ഡേ കര്‍ക്കേ ‘ എന്ന ഗാനവും ആദ്യമായി അനുജനെ
പരിചയപ്പെടുത്തിയത്. ഭാഭി ഡോസ ചുട്ടു
കൊടുത്തപ്പോള്‍ ആദ്യം അനുജനു മനം പുരട്ടി.
പിന്നെപ്പിന്നെ മസാലഡോസയും ബഡയും സാമ്പറും
അനുജന്റെ ദൌര്ബല്യമായിത്തീര്ന്നു.’ ഓമേനറ്റിന്കള് ‘ എന്നൊരു ഗാനവും ഭാഭി ആലപിച്ചിരുന്നു. മധുര മധുരമായ ശബ്ദത്തില്‍ ...
ആ കാലത്താണ്
പാവക്കുട്ടി പോലെ ഒരു ഗുഡിയ ഉണ്ടായത്.
കറുപ്പ് രാശിയുള്ള ഗുഡിയയെ കണ്ട് ദാദിജിയും
മാതാജിയും ച്ഛര്ദ്ദിക്കാന് വരുന്നതു പോലെ
അറപ്പു കാണിച്ചു... അല്പം കറുത്തവളായിരുന്നുവെങ്കിലും
തുടുത്തു കൊഴുത്തിരുന്നു ആ ഗുഡിയ. നിലാവു പോലെ
ചിരിച്ചിരുന്നു ആ ഗുഡിയ.
കുറച്ചു
കാലം കഴിഞ്ഞപ്പോള്‍ ചേട്ടനും
ഭാഭിയോട് സംസാരിക്കുന്നതും ചിരിക്കുന്നതും
വളരെ പ്രയാസത്തോടെയായി. അവര്‍ എപ്പോഴും കലഹിക്കാന്‍
തുടങ്ങി. ചേട്ടന് ഭാഭിയെ തല്ലിയ
ദിവസം അനുജനും ഗുഡിയയോടൊപ്പം പൊട്ടിക്കരഞ്ഞു. അന്ന് അനുജന്
പത്താം ക്ലാസിലായിരുന്നു.
അടിയും
വഴക്കും പതിവായപ്പോള്‍ അനുജന്
ഒരു കാര്യം മനസ്സിലായി.
ചേട്ടന് മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നുണ്ട്.
ഭാഭി വീടു വിട്ട് പോവണമെന്നാണ് ചേട്ടന്റെ ആവശ്യം.
ചേട്ടന്റെ മാത്രമല്ല, ദാദിജിയുടെയും മാതാജിയുടേയും ആവശ്യം.
റൊട്ടി പരത്താനുപയോഗിക്കുന്ന ബേലന്‍ കൊണ്ട് ഭാഭിയെ തല്ലുമ്പോള്‍ മാതാജിയും അലറിയത് ‘കടന്നു പോടീ’ എന്നു തന്നെയായിരുന്നു.
ഒരു ദിവസം കോളേജില്‍ നിന്നു മടങ്ങിയപ്പോള്‍ ‘ചാച്ചൂ’ എന്നാര്‍ത്തുകൊണ്ട് എന്നത്തേയും പോലെ ഗുഡിയ ഓടി
വന്നില്ല. ബഡയും ചായയുമായി ഭാഭിയും
ഉണ്ടായിരുന്നില്ല. ... അവര്‍ പോയിക്കഴിഞ്ഞിരുന്നു. മെതി കഴിഞ്ഞു മുറ്റത്ത് കൂട്ടിയിട്ട വൈക്കോലില്‍ നിന്നുതിര്‍ന്നു വീഴുന്ന പേട്ടു ഗോതമ്പു മണികള്‍ ചൂലുകൊണ്ട് തൂത്തുകളയുന്നതു പോലെ... രണ്ട്
മനുഷ്യരെ അതീവ നിസ്സാരമായി എല്ലാവരും ജീവിതത്തില്‍ നിന്ന്
തൂത്തുകളഞ്ഞു.
അനുജന് ... കൊച്ചച്ഛന്...
ഒന്നും ചെയ്യാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല.
ചേട്ടന്
ആഗ്രഹിച്ച സ്ത്രീയെ പരിണയിച്ചു. പുതിയ ഭാഭി
വന്നു. ഡോസയുടേയും ബഡയുടെയും
സാമ്പറിന്റേയും ദുര്‍ഗന്ധം വീട്ടില്‍
നിന്നകന്നു മാറി.
പുതിയ ഭാഭി വെളുത്തു കൊഴുത്ത കുട്ടികളെ പ്രസവിച്ചു. ദാദിജിയും
മാതാജിയും വെളുത്ത കുട്ടികളെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും നെഞ്ചോടമര്‍ത്തി. 'ഹമാരാ രാജാ ബേട്ടാ’ എന്ന് പുളകം കൊണ്ടു.
ആ കുട്ടികള്‍ ‘ ചാച്ചൂ ‘ എന്ന് വിളിച്ചപ്പോള്‍ കറുപ്പു
രാശിയുള്ള ഗുഡിയ നെഞ്ചില്‍
വിങ്ങലായി ... യേശുദാസും, മസാല ഡോസയും ബഡയും ഓര്‍മ്മകളില്‍ കരിനീല വര്‍ണം
പടര്‍ത്തി. അപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.
പോകണം .. കേരളം കാണണം. ഭാഭിയേയും ഗുഡിയയേയും കാണണം.
അതൊരു സ്വപ്നമാണ്.
അതുകൊണ്ട്
ഏതു മലയാളിയോടും ചോദിക്കും ഭാഭിയുടെ
നാടിനെപ്പറ്റി...
ഇപ്പോള്‍ അനുജന് .... കൊച്ചച്ഛന് ആരോടും ഉത്തരം പറയേണ്ടതില്ല.
ദാദിജിയും മാതാജിയും ഇല്ല, ചേട്ടന് സ്റ്റ്റോക്
വന്ന് സംസാരിക്കാനാവാതെ കിടക്കുന്നു.
പഴുപ്പ് നിറം
പടര്‍ന്ന കടലാസ്സില്‍ എഴുതിയ
ഒരു ലാന്‍ഡ് ലൈന്‍ നമ്പറും കൈവശം വെച്ച്
ഗുഡിയയെ അന്വേഷിക്കുകയാണ് ചാച്ചു....
19 comments:
നഷ്ടമാകലുകളുടെ കഥകൾ തന്നെ..
ഉള്ളിൽ ഗദ്ഗദം നിറച്ചു പെയ്യാതെ നില്ക്കുന്നു
ആശംസകൾ
echmuchechikku ariyuo avare.... :(
:(
hridayathil sparsikkunna varnana...
എന്റെ കണ്ണ് നിറഞ്ഞു
പുതിയ ഭാഭി വെളുത്തു കൊഴുത്ത കുട്ടികളെ പ്രസവിച്ചു. ദാദിജിയും മാതാജിയും വെളുത്ത കുട്ടികളെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും നെഞ്ചോടമര്‍ത്തി. 'ഹമാരാ രാജാ ബേട്ടാ’ എന്ന് പുളകം കൊണ്ടു.....
Ezhuthu - Echmu style ishtappettu.
Best wishes.
എച്ചുമ്മു വളരെ നല്ല ഹൃദയസ്പര്‍ശിയായ കഥയും വിവരണവും ... ഇവരെ നിങ്ങള്‍ക്ക് പരിചയമുണ്ടോ അതോ മനസ്സില്‍ വിരിഞ്ഞ ജീവിതങ്ങള്‍ അക്ഷരങ്ങളാക്കിയതാണോ ..?
നന്നായി എഴുതി.
എച്മുക്കുട്ടി,
സ്നേഹം വറ്റിയാല്‍ പിന്നെന്തു ബന്ധം? കഥ വായിച്ചു, ഇഷ്ടമായി.
കടുഗണ്ണാവാ ഒരു യാത്രക്കുറിപ്പ് - എം.ടി യുടെ കഥപോലെ.....
വായിച്ചിരുന്നു.
ആത്മബന്ധങ്ങളുടെ പൊട്ടാത്ത കണ്ണികള്‍..
ആശംസകള്‍
കണ്ടെത്തും തീര്‍ച്ചയായും
അല്ലെങ്കില്‍ എന്ത് ജീവിതം!
കഥയോ ജീവിതമോ, ? വായിച്ചു ഒരു നിമഷം അവരെ കുറിച്ച് തന്നെ ഓര്‍ത്തിരുന്നു.
രക്തത്തിന് എവിടേയും ഒരേ നിറം. അവിടെ കറുപ്പും വെളുപ്പും ഇല്ല. ആ രക്തബന്ധം കണ്ടെത്തുക തന്നെ ചെയ്യും...
ആശംസകൾ....
പടിയിറക്കപ്പെട്ട എത്ര ജീവിതങ്ങള്‍!! അവരൊക്കെ ഇപ്പോഴും ഭൂമുഖത്തുണ്ടാവുമോ? കാത്തിരിക്കാനൊരു അനുജനുണ്ടെന്ന അറിവും ഇതിനപ്പുറം ഒരു ശുഭഭാവിയുണ്ടെന്ന പ്രതീക്ഷയും അവരെ നിലനിര്‍ത്തട്ടെ... നല്ല കഥ സമ്മാനിച്ചതിന് നന്ദി...
ആർക്കും വേണ്ടാതാവുമ്പോൾ
പടിയിറങ്ങി പോകുന്ന സ്വന്തക്കാർ
,ആട്ടിയോടിക്കപ്പെട്ട ബന്ധുജനങ്ങൾ
പിന്നീടൊക്കെ കണ്ടുപിടിക്കണമെന്ന് കരുതിയാലും
കണ്ടെത്താതെ വെറും പാഴ്ജന്മങ്ങളായിട്ടുണ്ടാകും അവരൊക്കെ..!
പിന്നെ
ചാച്ചൂന്റമ്മ നേഴ്സായതുകൊണ്ട്
വർണ്ണ വിവേചനമില്ലാത്ത ഏതെങ്കിലും
രാജ്യത്തിപ്പോൾ ഗുഡിയ നല്ല വ്യക്തി പ്രഭാവത്താൽ
വാഴുന്നുണ്ടാകും കേട്ടൊ എച്മു
എം. ടി. യുടെ ആ കഥ എനിക്കും വളരെ പ്രിയപ്പെട്ടതാണ്. സ്വാഭാവികമായും ഇത് വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു -പക്ഷെ ഇത് കഥയല്ലല്ലോ എന്നോര്‍ക്കുമ്പോള്‍.... കലേച്ചീ നല്ലെഴുത്തിനു സ്നേഹം
ഇടനെഞ്ചിലൊരു പോറൽ..
വായിച്ച എല്ലാവര്ക്കും നന്ദി.. നമസ്ക്കാരം..
കാണുവാൻ ഇടവരട്ടെ.
വളരെ നന്നായി എഴുതി.
ആശംസകൾ !
എന്നത്തേയും പോലെ 'ഹൃദ്യം' !!
ചാച്ചൂന്റെ അന്വേഷണങ്ങള്‍ ലക്ഷ്യം കണ്ടിട്ടുണ്ടാവും ല്ലേ..
ആശംസകള്‍
Post a Comment