Thursday, December 5, 2013

തമിഴ് അഴകികള്‍

https://www.facebook.com/groups/812445722293457/permalink/899463713591657/

https://www.facebook.com/groups/yaathra/permalink/551055931651132/
https://www.facebook.com/groups/1945563405669128/permalink/2601609046731224/

( 05.12.2013 ന്  ഫേസ് ബുക്കിലെ  കുറിഞ്ഞിപ്പൂക്കളിലും യാത്രയിലും പോസ്റ്റ് ചെയ്തത്. ) 

അതിരാവിലെ  ചെന്നൈയിലെ കോയംമേട്  ബസ് സ്റ്റാന്‍ഡില്‍  ചെന്ന് എണ്‍പത്തേഴു  രൂപയുടെ  ടിക്കറ്റുമെടുത്ത്  ഒരു സാധാരണ സ്റ്റേറ്റ് ട്രാന്‍ സ്പോര്‍ട്ട്  ബസ്സിലാണ് തിരുവണ്ണാമലൈക്കു പോയത്. പൊടിയും അഴുക്കും ചെളിയും നിറഞ്ഞ ആ ബസ്സില്‍  നിറച്ചും യാത്രക്കാരുണ്ടായിരുന്നു. സ്പോഞ്ചെല്ലാം ചപ്പിപ്പോയ പഴയ  സീറ്റുകളില്‍ അവര്‍ ഒതുങ്ങി ഞെരുങ്ങിയിരുന്നു. അഞ്ചുമണിക്കൂര്‍  തീര്‍ത്തും  ഓടിയാലേ തിരുവണ്ണാമലൈയിലെത്തൂ  എന്നാണ്  കണ്ടക്ടര്‍ അറിയിച്ചത് . അതു കഴിഞ്ഞ് അദ്ദേഹം തമിഴ് സിനിമാഗാനങ്ങള്‍ പാടിക്കാന്‍ തുടങ്ങി.. 

അമൈതിയാന നദിയിനിലേ ഓളമെന്നും രാജാവിന്‍ പാര്‍വൈ റാണിയിന്‍ പക്കമെന്നും ആരംഭിച്ച്  മച്ചാനെ പാത്തിങ്കളാ എന്ന് ചോദിച്ച്  എന്‍ വീട്ടുത്തോട്ടത്തിന്‍ പൂവെല്ലാം കേട്ടുപ്പാര്‍  എന്നറിയിച്ച് ... അങ്ങനെ  അങ്ങനെ..

എല്ലാം അതി മനോഹരമായ ഗാനങ്ങള്‍ തന്നെയായിരുന്നു.
ബസ് പുറപ്പെടുന്നതിനു തൊട്ടു മുന്‍പാണ്   നാലഞ്ചു സ്ത്രീകള്‍ വന്നു കയറിയത്.  അവര്‍ കറുപ്പഴകികള്‍ ..  മെഴുക്ക് നിറഞ്ഞ മുടിയില്‍ ധാരാളമായി മുല്ലപ്പൂവും ജാതിമല്ലിയും കനകാംബരവും ചൂടിയ തമിഴത്തികള്‍. കിലുകിലാരവം പൊഴിക്കുന്ന കുപ്പിവളകളും തമിഴ് സിനിമകളില്‍ കാണാറുള്ള  ഗ്രാമീണ യുവതികളുടെ ച്ഛായയും നിലയ്ക്കാത്ത സംസാരവും ആഹ്ലാദം കലര്‍ന്ന  പൊട്ടിച്ചിരിയും അവരെ ബസ്സിലെ കൌതുകമാക്കി. കാരണം അതിരാവിലെ പുറപ്പെടുന്ന ആ ബസ്സില്‍ അധികവും പുരുഷന്മാരായിരുന്നു  യാത്രക്കാര്‍. അവര്‍ വളരെ ഗൌരവപൂര്‍ണമായ  മുഖത്തോടെ ഉറക്കം തൂങ്ങിക്കൊണ്ടിരുന്നു.
ഹൈവേയില്‍  ഭയങ്കരമായ തിരക്ക് ആരംഭിച്ചിരുന്നില്ല. തമിഴത്തി സ്ത്രീകള്‍ തുറന്നു വെച്ച ജനലിലൂടെ അകത്തു കയറിയ കുളിരുള്ള കാറ്റ് ബസ്സിനെ ശരിക്കും തണുപ്പിച്ചു. ഹൈവേയ്ക്കപ്പുറം തഴച്ചു  വളരുന്ന  കാറ്റാടികളും കരിമ്പനകളും കാറ്റില്‍ ആടിയുലയുന്നതു കാണാമായിരുന്നു. റോഡിന്‍റെ  വശങ്ങളിലായി  പലയിടത്തും ധാരാളം  ഗ്രൌണ്ടുകള്‍ അടയാളപ്പെടുത്തി ഹൌസ്  പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. അവയില്‍  നല്ല വ്യാപാരവും കൊഴുക്കുന്നുണ്ടാവണം. വ്യവസായം (കൃഷി)  ചെയ്യുന്നതല്ല വയല്‍  മുറിച്ച്  ഹൌസ് പ്ലോട്ടുകളായി  വില്‍ക്കുന്നതാണ് ലാഭമെന്ന് തമിഴനും മനസ്സിലാക്കിക്കഴിഞ്ഞു. 

തമിഴനും തെലുങ്കനും  കൃഷി ചെയ്യുന്നത് നിറുത്തിയാല്‍  ദക്ഷിണേന്ത്യയുടെ ധാന്യപ്പുരകള്‍ ശൂന്യമാവുമല്ലോ. അപ്പോള്‍ ഗോതമ്പ്  മുഖവും  വീര്‍പ്പിച്ച്  പിറുപിറുത്തുകൊണ്ട് അരിയുടെ  സ്ഥാനം ഏറ്റെടുക്കുമായിരിക്കുമെന്ന് ഞാന്‍ കരുതി. 

അക്കാ അക്കാ പാരുങ്കളേ...   എന്ന  ഉച്ചത്തിലൂള്ള  വിളിച്ചു  കൂവലും  അതിനു  കേട്ട  മറുപടിയുമാണ്  എന്‍റെ കാടുകയറിത്തുടങ്ങിയിരുന്ന ധാന്യചിന്തകളെ ഉലച്ചത്.
അതിരുകളിലെ കടും പച്ച  നിറത്തിലുള്ള  സസ്യഭംഗിയെ ചൂണ്ടിക്കാട്ടി... വയലുകളുടുത്ത   ഇളം പച്ചപ്പാവാടയില്‍ കാറ്റ് ഓളം മെനയുന്നതും ഉദയശോഭ കസവുടുപ്പിക്കുന്നതും  നോക്കി ... വെളുത്ത കൊക്കുകള്‍  തൂവല്‍ കുടയുന്നത് കണ്ട് ...  അതിന്‍റെ  സൌന്ദര്യത്തെ തന്‍റെ കൂട്ടുകാരിക്ക് പരിചയപ്പെടുത്തുന്ന തമിഴ് മൊഴിയായിരുന്നു  അത്...  അതില്‍  നിഷ്ക്കളങ്കമായ ആഹ്ലാദം തുള്ളിത്തുളുമ്പുന്നുണ്ടായിരുന്നു.
അതെല്ലാം  കാണാന്‍ നിര്‍ബന്ധിക്കല്ലേയെന്നും ഇപ്പോഴത്തെ  ജീവിതം മാറ്റിവെച്ച് ആ സൌന്ദര്യക്കാഴ്ചകളിലേക്ക് കൂപ്പുകുത്തുമെന്നും അവരുടെ കൂട്ടത്തിലെ  അക്കാ മറുപടി പറഞ്ഞപ്പോള്‍  ഞാന്‍ സ്തബ്ധയായിരുന്നു പോയി...തികച്ചും ആത്മാര്‍ഥതയോടെ ഉച്ചരിക്കപ്പെട്ട  ആ ലാവണ്യദര്‍ശനം എന്നെ അമ്പരപ്പിച്ചു.

അവര്‍  അരുണാചലേശ്വരനെ കാണാന്‍  പോവുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും  മക്കളില്‍  നിന്നും അവധി എടുത്ത്  തിരുവണ്ണാമലൈക്കു  പുറപ്പെട്ടിരിക്കുകയാണ്. 
വൈകുന്നേരമേ   ചെന്നൈയിലേക്ക് മടങ്ങി വരൂ. തീര്‍ഥയാത്രയായതുകൊണ്ടാണ് അഞ്ചാറു സ്ത്രീകള്‍ ഒന്നിച്ചായതുകൊണ്ടാണ് അനുവാദം കിട്ടിയെതന്നും ഇടയ്ക്കിടെ മൊബൈല്‍ ഫോണില്‍ വിളിച്ച്  വിവരമറിയിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. യാത്ര  നിറുത്തി മടങ്ങി വരാന്‍ ആവശ്യപ്പെട്ടാല്‍  ഏതു നിമിഷവും  തിരിച്ചെത്തണമെന്നു കൂടി  ഭര്‍ത്താക്കന്മാര്‍  കട്ടായപ്പെടുത്തീട്ടുണ്ടത്രേ.

അവങ്ക  സീട്ടാട പോകുമ്പോഴുത് കൂടെ ഇപ്പടി കട്ടായപ്പെടുത്ത മുടിയുമാ? (അവര്‍ ചീട്ടുകളിക്കാന്‍ പോകുമ്പോള്‍ പോലും ഇങ്ങനെയൊക്കെ നിര്‍ബന്ധിക്കാനാവുമോ?) എന്ന ഒരുവളുടെ ചോദ്യത്തിനു അക്കാ പറഞ്ഞ മറുപടി  ഇതായിരുന്നു.

ഭാര്യ  വീട് വിട്ടിറങ്ങിയാല്‍ ഉടനെ ഭര്‍ത്താക്കന്മാര്‍ക്ക് ഉള്ളില്‍ പേടി ആരംഭിക്കും. അതു ഭാര്യയെ ആരെങ്കിലും ഉപദ്രവിക്കുമോ  എന്നാലോചിച്ചിട്ടൊന്നുമല്ല. ആ പേടിയാണെങ്കില്‍  ഏതു പെണ്ണ് ഉപദ്രവിക്കപ്പെട്ടാലും കുറ്റം പെണ്ണിന്‍റെയാണെന്ന് സ്ഥാപിക്കാന്‍ ആണുങ്ങള്‍  ഇത്ര വ്യഗ്രതപ്പെടുമായിരുന്നില്ലല്ലോ. ഉപദ്രവിച്ച ആണിനെ പല തരത്തില്‍ ന്യായീകരിക്കുകയില്ലല്ലോ. ആ  സാമൂഹ്യ പരിതസ്ഥിതി മാറ്റാന്‍ ആത്മാര്‍ഥമായി  ശ്രമിക്കുകയല്ലേ  ചെയ്യുക? പുറത്തിറങ്ങിയാല്‍  ഭാര്യ സ്വാതന്ത്ര്യം തേടുകയാണോ  എന്നാണവരുടെ  പേടി. അതുകൊണ്ടാണ്  അധികാരി ഭാവത്തിന്‍റെ  പുതിയ ആയുധമായി ഇപ്പോള്‍ ഈ മൊബൈല്‍ ഫോണ്‍ കയറ്. 

പഠിച്ചവളായതുകൊണ്ടാണ് എനിക്കിങ്ങനെ തനിച്ച്  യാത്ര  ചെയ്യാന്‍  പറ്റുന്നതെന്ന്  മറ്റൊരുവള്‍ പറഞ്ഞപ്പോള്‍ അക്കാ പുഞ്ചിരിയോടെ തിരുത്തി... യാത്രയുടെ  വിത്തുകള്‍ കൂടി  ഉള്ളിലുണ്ടെങ്കിലേ അതു പറ്റൂ. അല്ലെങ്കില്‍ എത്ര സൌകര്യം കിട്ടിയാലും നൂറായിരം തടസ്സം കണ്ടുപിടിക്കാന്‍ കഴിയും... പുരുഷന്മാര്‍ക്ക്  യാത്രകള്‍ നമ്മേക്കാള്‍ എളുപ്പമാണ് ... എന്നിട്ടും അവരില്‍ എത്രപേര്‍  അങ്ങനെ യാത്രകള്‍ ചെയ്യുന്നുണ്ട്?

ആമാം. അവങ്ക ഇടിച്ച പുളിയാട്ടം വീട്ട്ക്കുള്ളേ പട്ക്ക്റതും നറ്യെ പാത്ത് രുക്കീങ്കളേ(അവര്‍  ഇടിച്ചു വെച്ച പുളി പോലെ വീട്ടിനുള്ളില്‍ കിടക്കുന്നതും ധാരാളം കണ്ടിട്ടുണ്ടല്ലോ ) എന്ന് എല്ലാ സ്ത്രീകളും ഒന്നിച്ച് കുലുങ്ങിച്ചിരിച്ചപ്പോള്‍ ഉറക്കം തൂങ്ങിയിരുന്ന പുരുഷന്മാരില്‍ച്ചിലര്‍  ഞെട്ടിയുണര്‍ന്ന് മിഴിച്ചു നോക്കി.. 

ബസ്സില്‍  പെണ്‍മണം നിറഞ്ഞു തൂവുകയായിരുന്നു.. സ്വാതന്ത്ര്യത്തിന്‍റെ കുറച്ചു യാത്രാ മണിക്കൂറുകള്‍  അഴകോടെ പീലി വിടര്‍ത്തുകയായിരുന്നു.. ആഹ്ലാദവും  പൊട്ടിച്ചിരിയുമായി...കുപ്പിവളക്കിലുക്കവും പൂമണവുമായി...  

( തുടരും )

44 comments:

Echmukutty said...

ഇതോടെ ഞാന്‍ ഈ ബ്ലോഗില്‍ ഇരുനൂറു പോസ്റ്റുകള്‍ പൂര്‍ത്തിയാക്കി.

ഇത് ഒരു ചെറുയാത്രയുടെ ആദ്യ കുറിപ്പ്... ഒരുപാട് വിസ്മയം പകര്‍ന്നു തന്ന,ഒരു ചെറു യാത്രയെക്കുറിച്ച്..

ബാക്കി ഭാഗങ്ങള്‍ വൈകാതെ പോസ്റ്റ് ചെയ്യാം..

പട്ടേപ്പാടം റാംജി said...

തുടക്കം ഗംഭീരമായിരിക്കുന്നു.

UMA said...

അതെ ഈ ആദ്യ ഭാഗം നന്നായി.
ഈ അവസാന വരികളും.

അഭിനന്ദനങ്ങൾ ത്രേം 200 പോസ്റ്റുകൾ വരെ എത്തിച്ചതിന്.
അതും ഒന്നിനൊന്ന് മികച്ചതാക്കിക്കൊണ്ട് .
ഇനിയുമേറെ പോസ്റ്റുകൾ കൊണ്ടു നിറയട്ടെ ഈ ബ്ലോഗ്‌.
അങ്ങനെ ഈ ലോകം എന്നും ഏവർക്കും പ്രിയമായി തീരട്ടെ.

സ്നേഹത്തോടെ..............

വീകെ said...

സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമില്ലാത്ത നാടായിട്ടുണ്ട് നമ്മുടേത്. സ്നേഹമുള്ള പുരുഷന്മാർ അങ്കലാപ്പോടെ ആയിരിക്കും സ്ത്രീകളെ ഒറ്റക്കൊക്കെ സഞ്ചരിക്കാൻ അനുവദിക്കുക. ഇടക്കിടക്ക് മോബൈൽ ഫോണിലൂടെ വിവരങ്ങൾ അറിയുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തലാവുമോ എഛ്മൂട്ട്യേ... ഒരു മനസ്സമാധാനത്തിനു വേണ്ടി ആയിക്കൂടേ...?

ഈ യാത്ര അവിസ്മരണീയമായ ഒരു അനുഭവമായ് മാറട്ടെ.
എല്ലാ വിധ ആശംസകളും...

ഒരില വെറുതെ said...

തിരുവണ്ണാമലയിലേക്കുള്ള യാത്രാകുറിപ്പുകള്‍ പലപ്പോഴും ആധ്യാത്മികതയിലോ
ദാര്‍ശനികതയിലോ കുഴഞ്ഞാണിരിക്കുക. യാത്രാകുറിപ്പുകള്‍ മാത്രമല്ല യാത്രകളും ഏതാണ്ടങ്ങനെ.
രമണാശ്രമത്തില്‍ പോലും അത്തരം അനുഭവങ്ങളുണ്ടാവാറുണ്ട്.
അങ്ങനെയല്ലാതെ, മനുഷ്യരുടെ യാത്രകള്‍ കണ്ടപ്പോള്‍ സന്തോഷം.
ആന്തരിക യാത്രകളില്‍നിന്നുള്ള സ്ത്രീകളുടെ ഇത്തരം യാത്രകള്‍ ആ അര്‍ത്ഥത്തില്‍ സവിശേഷമാണ്.
നന്നായി. അടുത്ത ഭാഗവും വരട്ടെ.

മൻസൂർ അബ്ദു ചെറുവാടി said...

കുറേ മുന്നേ തന്നെ വായിച്ചു തുടങ്ങിയ എഴുത്തുകാരി . സുഹൃത്ത്‌ .
ഇരുനൂറാം പൊസ്റ്റിന് സ്നേഹാശംസകൾ എച്ച്മൂ .
പിന്നെ നല്ല എഴുത്തുകൾ , യാത്രകൾ ഇനിയും സംഭവിക്കട്ടെ

മാണിക്യം said...

ഇരുനൂറാം പോസ്റ്റിന് അഭിനന്ദനങ്ങൾ!! ആഹ്ലാദവും പൊട്ടിച്ചിരിയുമായി...
കുപ്പിവളക്കിലുക്കവും പൂമണവുമായി..
"എച്മുവോട് ഉലകം" ഇനിയും ഇനിയും......

vettathan said...

ഇരട്ട സെഞ്ച്വറിക്ക് അനുമോദനങ്ങള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇരുന്നൂറു പോസ്ടുകളോ?അമ്പടി കേമീ ..ഈ പോസ്റ്റ്‌ യാത്രയിലും ഇവിടെയും വായിച്ചു .അസ്സലായിട്ടുണ്ട്

Mizhiyoram said...

യാത്രാ വിവരണം നന്നായിരിക്കുന്നു... ഇരുനൂറാമത്തെ പോസ്റ്റിനു എന്റെ ഇരുനൂര്‍ ആശംസകള്‍ ..

അഭി said...

യാത്ര ഗ്രൂപ്പിൽ വായിച്ചിരുന്നു

ആശംസകൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഡബിൾ സെഞ്ച്വറി ആശംസകൾ :)

ശ്രീ said...

ഇരുനൂറിന് ആശംസകള്‍, ചേച്ചീ

നളിനകുമാരി said...

തമിഴനും തെലുങ്കനും കൃഷി ചെയ്യുന്നത് നിറുത്തിയാല്‍ ദക്ഷിണേന്ത്യയുടെ ധാന്യപ്പുരകള്‍ ശൂന്യമാവുമല്ലോ. അപ്പോള്‍ ഗോതമ്പ് മുഖവും വീര്‍പ്പിച്ച് പിറുപിറുത്തുകൊണ്ട് അരിയുടെ സ്ഥാനം ഏറ്റെടുക്കും
അപ്പോള്‍ ഏറെ ബുദ്ധിമുട്ടുക കേരളീയര്‍ തന്നെയാവും എച്മു.കാരണം ആന്ധ്ര യില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ വരുന്ന ലോറികളില്‍ മാത്രമാണല്ലോ കേരളീയരുടെ ഭക്ഷണം നിറഞ്ഞിരിക്കുന്നത്‌.
ഗൌരവം പൂണ്ടു ,പ്രകൃതി ഭംഗി ആസ്വദിച്ചു താമാശ നിറഞ്ഞ എന്റെ അനിയത്തിക്കുട്ടിക്ക് ഇരുനൂറാം പടിക്ക് എന്റെ എല്ലാ ആശംസകളും.നിറഞ്ഞ മനസ്സോടെ ..

Echmukutty said...

ബ്ലോഗ് എഴുതുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല എനിക്ക് തുടര്‍ന്നെഴുതാന്‍ കഴിയുമെന്ന്.. അതുകൊണ്ട് എനിക്ക് സത്യമായും വളരെ സന്തോഷമുണ്ട്.. എന്നെ അഭിനന്ദിച്ച എല്ലാവര്‍ക്കും ഒത്തിരിയൊത്തിരി നന്ദി.... നിങ്ങള്‍ തന്ന പ്രോല്‍സാഹനം ഒന്നു മാത്രമാണ് എന്നെ ഇരുനൂറു പോസ്റ്റുകളിലേക്ക് എത്തിച്ചത്.. ഇനിയും കൂടെയുണ്ടാവണമെന്ന അപേക്ഷയോടെ...സ്നേഹം മാത്രം..

ഹരിപ്രിയ said...

തുടക്കം നന്നായി...
പാടുകളെ കുറിച്ച് പറഞ്ഞത്, പച്ച പാവാട, സൂര്യന്റെ കസവ്... ഇവ നന്നായിട്ടുണ്ട്...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Pradeep Kumar said...

നല്ല എഴുത്തുമായി ഇരുനൂറിന്റെ നിറവിലെത്തിയ എച്ചുമുവോട് ഉലകത്തിന് ആശംസകൾ.....

ജീവിതയാത്രകളുടെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു......

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നന്നായിരിയ്ക്കുന്നു..തുടരൂ..ബാക്കി ഭാഗങ്ങൾ വായിക്കാൻ കാത്തിരിയ്ക്കുന്നു

Unknown said...

എച്മുകുട്ടി,
അനുഭവങ്ങളും നേരില്‍ കണ്ട സത്യങ്ങളും നിഷ്കളങ്കമായി പറയുന്നതു കൊണ്ടാകാം എച്മുകുട്ടിയുടെ എഴുത്ത്‌ അതു വായിക്കുന്നവരുടെ മനസ്സിലേക്കെത്തുന്നതും ചിന്തയെ സ്വാധീനിക്കുന്നതും. എച്മുവിന്‍റെ വരികള്‍ ഇനിയും ധാരാളം വായിക്കണമെന്ന ആഗ്രഹത്തോടെ എല്ലാ ആശംസകളും.

ajith said...

വായിച്ചുതുടങ്ങിയപ്പോള്‍ അമൈതിറ്റായ നദിയിനിലേ എന്ന ഭാഗം വന്നപ്പോള്‍ ഉടനെ തന്നെ യൂ റ്റ്യൂബില്‍ പോയി ആ പാട്ട് കേട്ടു. പിന്നെയാണ് വായന തുടര്‍ന്നത്. എച്മു യാത്രയും തുടരൂ.

വിനുവേട്ടന്‍ said...

അമൈതിയാന നദിയിനിലേ ഓടും ഓടം..
അളവില്ലാമൽ വെള്ളം വന്താൽ ആടും...

മനോഹരമായ അർത്ഥസമ്പുഷ്ടമായ ഗാനം...

തിരുവണ്ണാമലൈ യാത്രയുമായി ഇരുനൂറ് തികച്ചു അല്ലേ...? ഒരു ആയിരം പോസ്റ്റുകൾ എങ്കിലും തികയ്ക്കുന്നത് കാണുവാനായി കാത്തിരിക്കുന്നു... അഭിനന്ദനങ്ങൾ...

വര്‍ഷിണി* വിനോദിനി said...

ആഹ്‌..ആശംസകൾ ന്റെ കൂട്ടുകാരിക്ക്‌...സന്തോഷം..
തുടരാൻ കാത്തു കിടക്കുന്ന അക്ഷരകുട്ടുകൾക്കായ്‌ കാത്തിരിക്കുന്നു..!

OAB/ഒഎബി said...

Congratulations. ....

ഇ.എ.സജിം തട്ടത്തുമല said...

വായിച്ചു. ഇത്തരം നേരനുഭവങ്ങളാണ് ശരിക്കും ഗദ്യ സാഹിത്യം. ആശംസകൾ!

Sukanya said...

അഭിനന്ദനങ്ങള്‍ തിരുവണ്ണാമല വിശേഷങ്ങള്‍ എച്ച്മുകുട്ടിയില്‍ നിന്നറിയാന്‍ ആഗ്രഹിക്കുന്നു. തുടരുമല്ലോ?

റോസാപ്പൂക്കള്‍ said...

തുടക്കം ഗംഭീരമായി എച്ചുമോ....തമിഴ്‌ നാട് പ്രത്യേകിച്ച് ചെന്നെയ് എന്റെ പ്രിയപ്പെട്ട സ്ഥലമാണ്
ബാക്കി പിന്നാലെ വരും അല്ലെ..?
സന്തോഷം.

mini//മിനി said...

super

വിനോദ് said...

ആശംസകള്‍ .....

ശ്രീനാഥന്‍ said...

ഒരു ചെറിയ യാത്രയുടെ ഇടവേളയിലാണെങ്കിലും സ്ത്രീകൾ സ്വതന്ത്രരായി പൊട്ടിച്ചിരിക്കുകയും നിർഭയരായി അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന കാഴ്ച എത്ര സന്തോഷകരം. ഈ ചെറു കുറിപ്പ് അത് പകരുകയും സമൂഹത്തിലെ പുരുഷാധിപത്യത്തെ കൃത്യമായി ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഡബ്ബിൾ സഞ്ച്വറിക്ക് അഭിവാദ്യങ്ങൾ, ബ്ലോഗ് സൈബർആചന്ദ്രതാരം നിലനിൽക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

ശ്രീനാഥന്‍ said...

ഒരു ചെറിയ യാത്രയുടെ ഇടവേളയിലാണെങ്കിലും സ്ത്രീകൾ സ്വതന്ത്രരായി പൊട്ടിച്ചിരിക്കുകയും നിർഭയരായി അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന കാഴ്ച എത്ര സന്തോഷകരം. ഈ ചെറു കുറിപ്പ് അത് പകരുകയും സമൂഹത്തിലെ പുരുഷാധിപത്യത്തെ കൃത്യമായി ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഡബ്ബിൾ സഞ്ച്വറിക്ക് അഭിവാദ്യങ്ങൾ, ബ്ലോഗ് സൈബർആചന്ദ്രതാരം നിലനിൽക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

mattoraal said...

ഇരുന്നൂറിന്റെ നിറവിന്‌ ആശംസകൾ . ഇനിയും ഒരുപാട് യാത്രകൾ സഫലമാകട്ടെ .സ്നേഹപൂർവ്വം

aswathi said...

എച്മുവിനു ഇരുന്നൂറു പോസ്റ്റ്‌ തികച്ചതിന്റെ ആശംസകൾ ..ഒപ്പം ഇനിയും ഒരുപാട് പോസ്റ്റുകൾ എഴുതാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

ഈ യാത്രാ കുറിപ്പ് രസത്തോടെ വായിക്കാൻ പറ്റി ..ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

പെണ്ണനുഭവങ്ങളീലൂടേ പലതും
വായനക്കാർക്ക് തുറന്ന് കാണീച്ച്
തന്ന ബൂലോകത്തിന്റെ ഈ എഴുത്തികാരിയായ
എച്മുവിന് ഒരു ഉമ്മ
ഡബ്ബിൾ സെഞ്ചറിയടിച്ചതിനാണ് കേട്ടൊ
ആശംസകൾ എന്റെ യാത്രകളുടെ കൂട്ടുകാരിയെ

ente lokam said...

aadyam 200 nu bhavukangal....
pinne kadhakkum..Congrats echmu....iniyum thoolika samaram nadathatte.....nanmakku vendi...

Bipin said...

ഇത്രയും ആയ സ്ഥിതിക്ക് ഒന്നു തിരിഞ്ഞു നോക്കൂ. സ്വന്തം വളർച്ച സ്വയം വിലയിരിത്തൂ.ഒന്നാമത്തെ ബ്ലോഗിൽ നിന്നും എത്രത്തോളം പുരോഗമിച്ചു എന്ന്.

ആശംസകൾ.

Echmukutty said...

ആദ്യ വായനയ്ക്കെത്തിയ രാംജിക്ക് ഒത്തിരി നന്ദി.

ഉമക്കുട്ടിക്കും നന്ദി. ആശംസകള്‍ക്ക് ഒത്തിരി നന്ദി.

വി കെ മാഷ് തെറ്റിദ്ധരിച്ചു, അങ്ങനെ സ്നേഹത്തോടെ ഉല്‍ക്കണ്ഠപ്പെടുന്ന പുരുഷന്മാര്‍ക്ക് ഫോണ്‍ ചെയ്യേണ്ട കാര്യം തന്നെ വരില്ല. ചേട്ടാ.. ബസ്സ് സഡണ്‍ ബ്രേക്കിട്ടു, പുറകിലിരിക്കുന്ന ഭാര്യേം ഭര്‍ത്താവും തമ്മില്‍ വഴക്കു കൂടുന്നു, ദാ, ചായ കുടിക്കാന്‍ ബസ്സ് നിറുത്തി എന്നിങ്ങനെ സ്ത്രീകള്‍ റണ്ണിംഗ് കമന്‍ററി മാതിരി ഫോണ്‍ ചെയ്തുകൊണ്ടേയിരിക്കും. ഞാന്‍ സ്ത്രീകളെ സദാ കണ്ണുചുവപ്പിച്ചു കാട്ടി വിരട്ടി, സ്വന്തം പുരുഷകേമത്തം പ്രദര്‍ശിപ്പിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത്.

Echmukutty said...

ഒരിലയെ കണ്ടാല്‍ എനിക്ക് വലിയ ആഹ്ലാദമാണ്. ഇനീം വരുമല്ലോ .

ചെറുവാടിക്കും നന്ദി.

മാണിക്യം ചേച്ചി,
വെട്ടത്താന്‍ ചേട്ടന്‍,
സിയാഫ്,
അഷ്റഫ്,
അഭി,
ഇന്ഡ്യാ ഹെറിട്ടേജ്,
ശ്രീ എല്ലാവര്‍ക്കും നന്ദി.. ഒത്തിരി നന്ദി.

Echmukutty said...

നളിനചേച്ചി,
ഹരിപ്രിയ,
പ്രദീപ് മാഷ്,
സുനില്‍ ,
ബൈജു,
അജിത്തേട്ടന്‍,
വിനുവേട്ടന്‍,
വര്‍ഷിണി,
ഒഎബി,
സജിം,
സുകന്യ എല്ലാവര്‍ക്കും ഒത്തിരി നന്ദി. ഇനിയും വായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമല്ലോ.


Echmukutty said...

റോസാപ്പൂവ്,
മിനിടീച്ചര്‍,
വിനോദ്,
ശ്രീനാഥന്‍ മാഷ്,
മറ്റൊരാള്‍,
അശ്വതി,
മുരളീഭായ്,
എന്‍റെ ലോകം,
ബിപിന്‍ എല്ലാവര്‍ക്കും നന്ദി.. ഇനിയും പ്രോല്‍സാഹിപ്പിക്കുക..


Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

വലിയൊരു യാത്ര ആരംഭിയ്ക്കുന്ന ആദ്യ കാല്‍വെപ്പ്...
വളരെ ഭംഗിയായി.
യാത്രകള്‍ ജീവിതം പോലെയാണ് (ജീവിതം യാത്ര പോലെയും).

യാത്രയ്ക്കിടെ പല പല സ്ഥലങ്ങളില്‍ നിന്ന് പല പല ആളുകള്‍ നമ്മുടെ വാഹനത്തില്‍ കയറുന്നു ഇറങ്ങുന്നു.
നമ്മുടെ സ്ഥലം വരുമ്പോള്‍ നമ്മളും ഇറങ്ങുന്നു...

വിസ്മയാവഹം..
അശംസകള്‍

Joselet Joseph said...

ഇരുനൂറല്ല, ആയിരം കടന്നുപൊകും ഈ യാത്രകൾ..
യാത്രണലും മർ അക്കാതെ തുന്നിച്ചേർത്ത ആദർശ്ശ്ങ്ങൾ..ഇഷ്ടമായി.

Joselet Joseph said...

യാത്രാവിവരണത്തിലും മറക്കാതെ തുന്നിച്ചേർത്ത ആദർശ്ശങ്ങൾ എന്നു വായിക്കുക. ( mobile error)

Cv Thankappan said...

ആഹ്ലാദവും പൊട്ടിച്ചിരിയുമായി...കുപ്പിവളക്കിലുക്കവും പൂമണവുമായി...
തുടരട്ടേ....
ഹൃദയംനിറഞ്ഞ ആശംസകള്‍

സംഷി said...

യച്ചു നന്നായിരുക്ക്......