ഓയില്‍ കമ്പനികളാണ് രാജ്യത്തെ ഒരു വിഭാഗം കാണപ്പെട്ട ദൈവങ്ങളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്നെ, നമുക്ക് അതനുസരിച്ച് അവരോട് പ്രാര്‍ഥിക്കുകയല്ലേ പറ്റൂ. വാഹനമോടിക്കുന്നവര്‍ നമ്മള് പെണ്ണുങ്ങളുടെ ഇടയില്‍ ഇത്തിരി കുറവായിരിക്കുമെങ്കിലും അടുപ്പ്... അതും ഗ്യാസടുപ്പ് കത്തിക്കുന്നവര്‍ താരതമ്യേനെ കൂടുതലായിരിക്കുമല്ലോ. അങ്ങനെ ഓയില്‍ക്കമ്പനി ദൈവങ്ങള്‍ പറയുന്നതനുസരിച്ചാണ് നമ്മളുടെ അടുക്കള ചലിക്കുന്നത്, അല്ലെങ്കില്‍ ചലിക്കേണ്ടത്. അതു
ചെയ്യിക്കാനുള്ള തീട്ടൂരം സര്‍ക്കാര്‍
കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
എല്ലാ ഗ്യാസ്
ഏജന്‍സി ഓഫീസുകളിലും ഇപ്പോള്‍ വലിയ
തിരക്കാണ്. പണ്ടത്തെ മാതിരി സിലിണ്ടര്‍ ബുക്
ചെയ്ത് മേടിക്കാനല്ല , അതിനിപ്പോള്‍ ഓഫീസില്‍
ചെല്ലേണ്ടതില്ലല്ലോ. പടു വൃദ്ധയും ഏകാകിനിയുമാണ് താനെന്ന് താണുകേണു പറഞ്ഞിട്ടും
പലവട്ടം സാധ്യതയോടെ അപേക്ഷിച്ചിട്ടും ഐ വി
ആര് എസ് വഴിയല്ലാതെ സിലിണ്ടര്‍ ബുക് ചെയ്യാനാവില്ലെന്ന് അവരെ
തികച്ചും നിരാകരിക്കുന്ന സമീപനവും ഒരു ഏജന്‍സി ഓഫീസില്‍ കാണാനിടയായി.
വീട്ടിലിരുന്ന് ഫോണില്‍ ബുക് ചെയ്താല്‍ മതി, ഇവിടെ ഓഫീസില്‍ വന്ന്
ശല്യം ചെയ്യരുത് എന്ന് കര്ശനക്കാരിയാവുന്ന ഏജന്‍സി ജീവനക്കാരിക്ക് ഇരുപതുകളിലായിരുന്നു പ്രായം. കുണ്ടില്‍പ്പെട്ട
കണ്ണുകളും കേള്‍വി ക്ഷയിച്ച കാതുകളുമായി ആ
അമ്മൂമ്മ വേച്ചുവേച്ചു നടന്നു പോകുന്നത്
കാണാന്‍ ജീവനക്കാരിയുടെ യൌവനത്തിനു
സാധിക്കുന്നുണ്ടായിരുന്നില്ല. സഹായമഭ്യര്‍ഥിച്ച് ഓഫീസില്‍ പ്രാഞ്ചിയെത്തിയ അമ്മൂമ്മയ്ക്കു
വേണ്ടി ഒരു സിലിണ്ടര്‍ ബുക് ചെയ്യുന്നതില്‍
നിന്ന് ജീവനക്കാരിയെ തടയുന്നതെന്താണെന്ന് എന്നെപ്പോലെയുള്ള വെറും സാധാരണ മനുഷ്യര്‍ക്ക് ഒരുപക്ഷെ, മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും.
വൃദ്ധരായ
മനുഷ്യര്‍ പലപ്പോഴും തനിച്ചു താമസിക്കുന്ന വീടുകള്‍ ധാരാളമുള്ള കേരളം
പോലത്തെ നാട്ടില്‍
ഇക്കാര്യത്തിലൊരു നീക്കുപോക്ക്
ആവശ്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ടെക്
നോളജി വളരുന്നത് ചിലപ്പോഴെങ്കിലും സാധാരണ മനുഷ്യരുമായുള്ള
അപരിചിതത്വവും വരുത്തിക്കൂട്ടിയ അകല്‍ച്ചയും ഒരു അപ്രഖ്യാപിത
ലക്ഷ്യമാക്കിക്കൊണ്ടാണ്. മനുഷ്യന് ഒട്ടും ആവശ്യമില്ലാതായാല്‍ വാഴ്ത്തപ്പെടുന്ന ടെക്നോളജിയുടെ
പ്രസക്തിയെന്തായിരിക്കുമോ ആവോ?
ആധാര്‍ കാര്‍ഡുകളുമായി
ബന്ധപ്പെട്ട സംശയങ്ങളും മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളുടെ സാംഗത്യവും
സാധാരണക്കാരെ എങ്ങനെയൊക്കെ
വലയ്ക്കുന്നുവെന്നറിയാനും മറ്റെവിടേയും പോകേണ്ടതില്ല. ഓരോരോ
കാര്‍ഡുകള്‍ കാണിച്ചു കാണിച്ചു ഞാന്‍ ഇന്നയാളാണെന്ന് തെളിയിക്കാന്‍ പാടുപെടുന്ന ജനത വളരെ ദയനീയമായ
ഒരു ചിത്രമാണ്. നമ്മള് നമ്മുടെ നാട്ടില്‍ അഭയം തേടിയെത്തിയതു പോലെ
സങ്കടകരമായ ഒരു ദൃശ്യം.
എല്ലായ്പോഴും എല്ലായിടത്തുമെന്ന മാതിരി എന്തോ അനര്‍ഹമായ ഒരു സൌജന്യത്തിന് മുറവിളി
കൂട്ടുന്നവരാണ് ജനമെന്ന മട്ടില്‍ ആട്ടിയകറ്റുന്ന
അധികാര പ്രകടനമാകട്ടെ, കണ്ടു നില്ക്കുന്നവരില് വല്ലാത്ത ചെടിപ്പുളവാക്കും.
പാവപ്പെട്ട ജനം
സ്വന്തം പോക്കറ്റില്‍ നിന്ന് പണം
ചെലവാക്കാതെ നേടുന്ന കാര്‍ഡുകളില്‍ അത് ഇലക് ഷന് കമ്മീഷന് തരുന്നതായാലും അല്ല
സ്റ്റേറ്റ് ഗവണ്മെന്റ് തരുന്നതായാലും
തെറ്റുകളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടാകാറുണ്ട്. മേല്‍ വിലാസത്തിലും ജനനത്തീയതിയിലും സംഭവിക്കുന്ന തെറ്റുകളെപ്പറ്റി കാര്‍ഡുകള്‍ നല്‍കുന്നവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല, ഉല്‍ക്കണ്ഠയുമില്ല. പരാതിപ്പെടുന്നവരുടെ പരാതികള്‍
തലേലെഴുത്തുണ്ടെങ്കില് ചിലപ്പോള്‍
പരിഹരിക്കപ്പെടും. ആ പറഞ്ഞ എഴുത്തില്ലെങ്കില്‍ പിന്നെ എന്തുണ്ടായാലും ഒരു രക്ഷയുമില്ല എന്ന മട്ടാണ്.
ഇതിലും ഭയങ്കരമാണ് ഫോട്ടോയുടെ നെഗറ്റീവ് പോലെയുള്ള പേടിയാക്കുന്ന ചിത്രമെടുത്ത് ഇന്നയാളാണെന്ന
വിജ്ഞാപനത്തോടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന ദുരിതം. പലപ്പോഴും
ട്രെയിനില്‍ വെച്ചാണ് ഈ ദുരിതം അതിന്റെ വലിയ
വായ് തുറന്നു കാട്ടുക. ഇത് നിങ്ങളാണോ എന്ന് ടി ടി ഒരു പത്തു പ്രാവശ്യം ചോദിക്കും. അതെ അതെ
എന്ന് ഓരോ തവണയും ഉത്തരം നല്‍കുമെങ്കിലും ടി ടിക്കും
സഹയാത്രികര്‍ക്കും മാത്രമല്ല ഒടുവില്‍
നമുക്ക് തന്നെയും സംശയമാകും.
ഈ കാര്‍ഡില്‍ അച്ചടിച്ചിട്ടുള്ളത്
നമ്മുടെ മുഖം തന്നെയാണോ എന്ന്.
എന്തിനാണ്
ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന മാതിരിയുള്ള, ഇത്തരം അപൂര്‍ണമായ അനവധി കാര്‍ഡുകള്‍ നിര്മ്മിക്കുന്നതെന്നറിയില്ല. ഒറ്റക്കാവുന്ന
മനുഷ്യരെ,
വൃദ്ധരെ ഒക്കെ സംബന്ധിച്ച് ഈ കുറവുകളുള്ള കാര്‍ഡുകള്‍ പലപ്പോഴും ഉപകാരത്തിലുമധികം ഉപദ്രവവും
അപമാനവും തന്നെയാണ് വരുത്തിവെയ്ക്കുന്നത്. ശരിയായതും കൃത്യമായതുമായ വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്ന സുവ്യക്തമായ
നല്ല ഫോട്ടോകളുള്ള കാര്‍ഡുകള്‍ വേണം ഉണ്ടാകാനെന്ന് ഉദ്യോഗസ്ഥരോ സര്‍ക്കാര്‍
ഡിപ്പാര്‍ട്ടുമെന്റുകളോ യാതൊരു നിഷ്ക്കര്‍ഷയും
പുലര്‍ത്തുന്നില്ല. അത് ഈ കാര്‍ഡുകള്‍
കൊണ്ടു നടക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള പാവം പൊതുജനത്തിന്റെ അവകാശമാണെന്ന് ആര്‍ക്കും തോന്നുന്നില്ല . പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ ഇവ പണം ചെലവാക്കി
എടുക്കുന്നതുകൊണ്ടാവണം ഭേദപ്പെട്ട രീതിയില്‍ നിര്‍മ്മിക്കപ്പെടുന്നത്. പക്ഷേ, അതു രണ്ടും ഇലക് ഷന് കമ്മീഷന്റെ
കാര്‍ഡോ ആധാര്‍ കാര്‍ഡോ
റേഷന്‍ കാര്‍ഡോ പോലെ സര്വാണികളല്ലല്ലോ.
സ്പെഷ്യല്‍ ഊണു വേറെ സര്‍വാണി
ഊണു വേറെ എന്നാണ് എന്തായാലും എന്തിലായാലും ന്യായം.
ഒരിക്കലും അവസാനിക്കാത്ത പടി കയറ്റമാണ് സാധാരണ ജനതയുടെ
നിത്യ ജീവിതം. കഷ്ടപ്പെട്ട് ഒരു പടി
കയറിയെത്തിയാല്‍ മറ്റൊരു കടലാസ്സും
കൈയിലേന്തി ഇതാ എന്നെ നോക്കു,
ഞാനാണ് , ഞാനാണ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്
കയറേണ്ടുന്ന അടുത്ത പടി തെളിഞ്ഞു വരികയായി. നടന്നോ മുട്ടുകാലില്‍ ഇഴഞ്ഞോ
ഞൊണ്ടിയോ ഒക്കെ എങ്ങനെയെങ്കിലും കയറിക്കോളുക ...
29 comments:
കടിഞ്ഞാല്‍ മ്മടെ കയ്യില്‍ അല്ലല്ലോ ചിലപ്പോ കിട്ടുമായിരിക്കും അടുത്തന്നെ
'ഒരിക്കലും അവസാനിക്കാത്ത പടി കയറ്റമാണ് സാധാരണ ജനതയുടെ നിത്യ ജീവിതം. കഷ്ടപ്പെട്ട് ഒരു പടി കയറിയെത്തിയാല്‍ മറ്റൊരു കടലാസ്സും കൈയിലേന്തി ഇതാ എന്നെ നോക്കു, ഞാനാണ് , ഞാനാണ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് കയറേണ്ടുന്ന അടുത്ത പടി തെളിഞ്ഞു വരികയായി. നടന്നോ മുട്ടുകാലില്‍ ഇഴഞ്ഞോ ഞൊണ്ടിയോ ഒക്കെ എങ്ങനെയെങ്കിലും കയറിക്കോളുക ...' എപ്പോഴുമെന്നപോലെ മനുഷ്യപക്ഷത് നില്ക്കുന്ന ഉള്ളില്‍ തൊടുന്ന എഴുത്ത്.
ഫോട്ടോയുടെ നെഗറ്റീവ് പോലെയുള്ള പേടിയാക്കുന്ന ചിത്രമെടുത്ത് നമ്മളിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന ദുരിതങ്ങൾ - നാം സ്വാതന്ത്ര്യം നേടിയോ എന്ന് ഇപ്പോഴും സംശയമാണ്... എല്ലാവരും അനുഭവിക്കുന്നത് എച്ചുമു പറഞ്ഞു
ദിനേന കൂടിക്കൊണ്ടിരിക്കുന്ന മനുഷ്യരെ വലക്കുന്ന വൈതരണികള്‍.....
എച്ച്മു, സത്യം... നാട്ടിലെ ഓഫീസുകളില്‍ കയറാന്‍ ഇടവരരുതേ എന്ന് പ്രാര്‍ത്ഥിച്ചു പോകും. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ലീവില്‍ പകുതിയും ഒരു കടലാസ്സ് ശരിയാക്കുന്നതില്‍ തീര്‍ന്നു പോയത് ഒരു ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. അത് പോലെ തന്നെയാണ് നാടിനെ പ്രതിനിധീകരിച്ച് പുറം നാടുകളില്‍ സ്ഥിതി ചെയ്യുന്ന "എംബസ്സി" കളിലെ അവസ്ഥയും. പെരയുടെ മോന്തായം കോടിയാല്‍ പിന്നെ ഒന്നും ശരിയാവില്ല എന്ന് ഉമ്മ പറയും...
നമുക്കിതൊക്കെ മതി
കാരണം, ഇത് പോരെന്ന് പറയേണ്ട നാം തന്നെ സമയം വരുമ്പോള്‍ കഴുതകളാകുന്നു
രാജ്യത്തിന്റെ വിധി കർത്താക്കൾ കുറച്ച് എണ്ണക്കമ്പനികളാണെന്ന് ഈയിടെയായി തോന്നിത്തുടങ്ങിയിരിക്കുന്നു. അവർക്കും അവരുടെ പിണിയാളികൾക്കും വേണ്ടിയാണ് ഈ ആധാർ കാർഡ്. അവർക്ക് അതിലെ ഫോട്ടോകളിലൊന്നും താലപ്പര്യമുണ്ടെന്ന് തോന്നുന്നില്ല. താൽപ്പര്യം കാർഡിലെ മറ്റെന്തോ വിവരങ്ങളിൽ ആണെന്ന് കരുതേണ്ടിവരും.
(ഇവിടത്തെ ഞങ്ങളുടെ ഐഡി കാർഡിലെ ഫോട്ടോയും നാട്ടിലേപ്പോലെ തന്നെയാണ് എടുക്കുന്നത്. എന്റെ ഫോട്ടോ കണ്ടിട്ട് ഞാനും ഞെട്ടിപ്പോയി..! നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഏതോ ആദിമ നിവാസിയുടേതെന്നാണ് നിശ്ശംശയം തോന്നുന്നത്. ഹാ... ഹാ...!)
ആശംസകൾ...
"നമ്മള് നമ്മുടെ നാട്ടില്‍ അഭയം തേടിയെത്തിയതു പോലെ സങ്കടകരമായ ഒരു ദൃശ്യം. എല്ലായ്പോഴും എല്ലായിടത്തുമെന്ന മാതിരി എന്തോ അനര്‍ഹമായ ഒരു സൌജന്യത്തിന് മുറവിളി കൂട്ടുന്നവരാണ് ജനമെന്ന മട്ടില്‍ ആട്ടിയകറ്റുന്ന അധികാര പ്രകടനം..” - സാധാരണക്കാരന്റെ അമർഷവും നിസ്സഹായതയും പ്രതിഷേധവും ഒക്കെ പുകയുന്ന നല്ല കുറിപ്പ്. സഹിച്ചു സഹിച്ച് അവസാനം നമ്മളൊക്കെ പ്രതികരിച്ചുപോകുമായിരിക്കും..
ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന്റെ ശാപം എന്ന് പറയുന്നത് ഒരിക്കലും മാറപെടാത്ത ഭരണ കൂടമായ ഉദ്യോഗസ്ഥ വൃന്ദം ആണ് പൊതുജനത്തിന്റെ ചിലവില്‍ മൃഷ്ടാന ഭോജനം നടത്തുന്ന ഈ കഴുവേറി മക്കള്‍ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരി മാത്രം ജീവിക്കുന്ന ഒരു വിഭാഗമാണ് ഒന്നോ രണ്ടോ സത്യസന്ധ്യര് ആയ ആളുകളെ മാറ്റി നിര്‍ത്തിയാല്‍ ഭാക്കി എല്ലാത്തിനേയും ചാണകത്തില്‍ മുക്കിയ ചൂല് കൊണ്ട് അടിക്കണം എന്നാലും ഈ നാറിയ സാറന്മാര് നന്നാവില്ല
ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് മികവുറ്റ സേവനങ്ങള്‍, കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ ആര്‍ക്ക്, ആരോട്, എന്തിനോടാണ് ഉത്തരവാദിത്വങ്ങള്‍ എന്നു ചോദിക്കുമ്പോള്‍..... തിരിച്ചറിയല്‍ രേഖകളിലെ തിരിച്ചറിയാനാവാത്ത ഫോട്ടോകള്‍, വായിച്ചാല്‍ മനസ്സിലാകാത്ത മംഗ്ലീഷ് പേരുകളും മേല്‍വിലാസങ്ങളും, തെറ്റുകള്‍ സംഭവിക്കുമ്പോള്‍ എന്തുവേണമെന്നു ചോദിക്കുമ്പോള്‍ കൈ മലര്‍ത്തുന്ന ഗ്യാസ് ഏജന്‍സികളും അക്ഷയ സെന്ററുകളും. ആരോടാണ് പരാതി ബോധിപ്പിക്കേണ്ടത് എന്നതിനെകുറിച്ചും ആശയകുഴപ്പങ്ങള്‍ നിലനില്ക്കുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തികളാക്കികൊണ്ട്, സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ തലയില്കെട്ടിവെക്കുന്ന ഈ ശൈലിയെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ എന്നുമാത്രമല്ല, ഡയറക്റ്റ് സെല്ലിംഗ്് അല്ലെങ്കില്‍ ട്രാന്‍സ്ഫറിംഗ് റെസ്പോണ്സിബിലിറ്റി എന്നും വിളിക്കാവുന്നതാണ്. എല്ലാ രംഗത്തും ഈ വളര്‍ച്ച പ്രതീക്ഷിക്കാം. നാളെ ഡയറക്റ്റ് സെല്ലിംഗ് ഏജന്‍സികള്‍ അനുവദിച്ചുകിട്ടുന്നതിനായി ഒരുപക്ഷെ കോര്‍പ്പറേറ്റുകള്‍ സര്‍ക്കാറിന് അങ്ങോട്ട് എന്തെങ്കിലും ഓഫര്‍ കൊടുക്കുമായിരിക്കും, അല്ലേ. കാരണം, 600 കോടി കസ്റ്റമേഴ്സിനെ ഒറ്റയടിക്കു ലഭിക്കുകയല്ലേ. ഒരു വിഷമമേയുള്ളൂ 5 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പോലും ഒരു നല്ല സര്‍വ്വീസ് പ്രൊവൈഡറെ അഥവാ സേവനദാതാവിനെ തിരഞ്ഞടുക്കുവാനുള്ള ചോയ്സ് ഇല്ലല്ലോ എന്നതാണ് സങ്കടം.
എന്റെ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ കണ്ട് ഞെട്ടിയതിന്റെ ഇരട്ടി ഇപ്പോള്‍ ആധാര്‍ കാര്‍ഡ് കിട്ടിയപ്പോള്‍ ഞെട്ടി. ഞാനൊന്നുമല്ല അതിലുള്ളത്..
നാട്ടിലൊന്നും എനിക്കധികം ഐ.ഡി കാർഡുകളില്ലാത്ത കാരണമാണെന്ന് തോന്നുന്നു ...എനിക്കിപ്പോഴും അപാര ഗ്ലാമറുള്ളത്..!
എങ്കിലും .. അവിടെ വേണ്ടി വരുന്ന എല്ലാ കടലാസ് പണികളും , കടലാസ്(കാശ്)കൊണ്ട് അപ്പപ്പോൾ ശര്യാക്കാനുള്ള ചാൻസ് മ്മ്ടെ നാട്ടിനോളം ലോകത്തെവിടേയുമില്ല കേട്ടൊ (അനുഭവം സാക്ഷി )
ദുരിതങ്ങൾ..
Existence of person,there is no word in Indiandemocracy.
പാചകവാതക സിലിണ്ടർ രണ്ടും ഇന്നലെ രാവിലെ തീർന്നപ്പോൾ കരന്റും ഇല്ലാതായി.ഇന്നലെ വിറകടുപ്പിൽ ഒരുവിധം ഒപ്പിച്ചു. ഇന്നുരാവിലെ നമ്മുടെ അയൽവാസിയുമായി ഉള്ള നീണ്ട ആറുവർഷത്തെ പിണക്കം തീർന്നു. ഞാൻ വളരെയധികം സന്തോഷിക്കുകയാണ്. ഇടക്കുള്ള വേലി പൊളിച്ചുമാറ്റിയിട്ട് അങ്ങേര് അവരുടെ എക്റ്റ്രാ ഗ്യാസ് സിലിണ്ടർ കടംപറഞ്ഞു വാങ്ങിയിട്ട് വീട്ടിൽ ഫിറ്റ് ചെയ്തു.
വളരെ സന്തോഷം ജെയ് പാചകവാതക ക്ഷാമം!!!!
ഒരിക്കലും അവസാനിക്കാത്ത പടി കയറ്റമാണ് സാധാരണ ജനതയുടെ നിത്യ ജീവിതം......
വല്ലതും ശരിയാവുമോ?
ഇല്ലതന്നെ....
നന്നായി എഴുതി
ആശംസകള്‍
വായിക്കുകയും അഭിപ്രായം പങ്കുവെക്കുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി..
എച്ച്മുകുട്ടി പറഞ്ഞത് വായിക്കുന്ന എല്ലാവര്ക്കും തോന്നിയ കാര്യങ്ങള്‍ ടെക്നോളജി വളരുമ്പോള്‍ സാധാരണക്കാരുടെ ദുരിതം ചിലപ്പോഴെങ്കിലും വര്‍ദ്ധിക്കുന്നു.
congrats for reading common man's mind.our rulers are creating new problems to solve existing one.
ആശംസകള്‍..........
സാധാരണക്കാരന്റെ ദുരിതങ്ങള്‍.ഗ്യാസ് ഏജന്‍സിയില്‍ മൊബൈല്‍ വഴി ബുക്ക് ചെയ്യാനാവാത്ത നൂറു കണക്കിന് വൃദ്ധരായ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്,അവരോടുള്ള ഗ്യാസ് ഏജന്‍സി ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമാണ്
ജനങ്ങളില്‍നിന്നും ഈടാക്കുന്ന നികുതിപണംകൊണ്ടുതന്നെ വളരെയെളുപ്പം ഭംഗിയായി നിര്‍വ്വഹിക്കാവുന്ന ഇത്തരം കാര്യങ്ങള്‍ക്ക് പോലും കടുത്ത അനാസ്ഥ, അതിനു കഴിവുള്ള വലിയൊരു മാനവശേഷി നമുക്കുണ്ടെന്നിരിക്കേ, ഭരണകര്‍ത്താക്കളുടെ താന്തോന്നിത്തരത്തിന്റേത് തന്നെയാണ്.
ആധാര്‍കാര്‍ഡ് പോലുമില്ലാത്ത പാവം പ്രവാസിയാണ് ഞാന്‍. ഇനി നാട്ടില്‍ പോയാല്‍ എന്തൊക്കെ അനുഭവിക്കേണ്ടിവരുമോ എന്തോ.. വിറകടുപ്പെങ്കിലും കത്താന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു.
ഒരിക്കലും നന്നാവില്ല നമ്മുടെ നാട്.
അതല്ലേ ഞാനങ്ങോട്ടു പോകാതെ ഇവിടെതന്നെ കുറ്റിയടിച്ചിരിയ്ക്കുന്നേ.. ങാ..!! ;)
ശരിയാണ് ചേച്ചീ, തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ആളുകളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും ശ്രമകരമായ കാര്യം.
നമ്മുടെ നാടും നന്നാവുന്ന ഒരു കാലം വരുമായിരിയ്ക്കും! അങ്ങനെ ആശ്വസിയ്ക്കാനല്ലാതെ എന്തു ചെയ്യാന്‍!
കഴുകി അടുപ്പത്തിട്ട അരികളല്ലേ നാം. വെന്തു തീരും വരെ തിളച്ചു മറിയണം.
ഗ്യാസിന്റെ കാര്യത്തിൽ കേരളത്തിന് പുറത്തു സാധാരണ ജനങ്ങളുടെ കാര്യം ഇതിലും കഷ്ടമാണ് ... വാടകയെക്കാൾ കൂടുതൽ ഗ്യാസിനു നല്‍കണം.തിരിച്ചറിയൽ കാർഡും ആധാർ കാർഡുമൊന്നും പലർക്കും ഇല്ല .
അനര്‍ഹമായ ഒരു സൌജന്യത്തിന് മുറവിളി കൂട്ടുന്നവരാണ് ജനമെന്ന മട്ടില്‍ ആട്ടിയകറ്റുന്ന അധികാര പ്രകടനമാകട്ടെ, കണ്ടു നില്ക്കുന്നവരില് വല്ലാത്ത ചെടിപ്പുളവാക്കും.
ഇതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാ ..
മന്ത്രിയോ? മന്ത്രിയെ തിരഞ്ഞെടുക്കാൻ
ഉള്ള അധികാരം പോലും നിങ്ങള്‍ക്ക് ഇല്ല..
കുറേപ്പേരെ ഒന്നിച്ച് അങ്ങോട്ട് തിരഞ്ഞു എടുത്തു
വിട്ടാൽ മതി ..ബാക്കി ഒക്കെ ഞങ്ങൾ തീരുമാനിക്കും..
ഒരു പൊതു ജനം...!!
Post a Comment