Wednesday, May 28, 2014

ഉത്തരയുടെ ജന്മസ്ഥലം. ...


a


                   
അതൊരു നെടു നീളന്‍ ബൈക്ക് യാത്രയായിരുന്നു.. കടുത്ത ചാര നിറത്തില്‍ ഒരു ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ... ദില്ലി... ഭരത്പൂര്‍... ആഗ്ര ... . സരിസ്ക്ക...  ആള്‍വാര്‍   വഴി  തിരികെ ദില്ലിയിലേക്ക് അറുന്നൂറു കിലോ മീറ്റര്‍  ദൂരമായിരുന്നു.. ആ യാത്ര.. 

അവനെ  കെട്ടിപ്പിടിച്ച്... അറിയാവുന്ന  പാട്ടുകള്‍  ചിലപ്പോള്‍ അവന്‍റെ ചെവിയില്‍ മെല്ലെയും  മറ്റു ചിലപ്പോള്‍  അത്യുച്ചത്തിലും  പാടി..  വഴിയരികില്‍  നിന്ന്  ചൂടു ചായ കുടിക്കുമ്പോള്‍   പൊള്ളിയ നാവിന്മേല്‍, അവന്‍  തന്നെ   പഞ്ചസാര വിതറിത്തരണമെന്ന് വാശി പിടിച്ച്, ഹു ഹു എന്ന്  നാവു  നീട്ടിക്കാട്ടി ...  ധാബകളിലെ കുറ്റിയും കൊളുത്തുമില്ലാത്ത  ടോയിലറ്റുകളുടെ  വാതില്‍ക്കല്‍ അവനെ  നിര്‍ബന്ധപൂര്‍വം  കാവല്‍ നിറുത്തിച്ച്... നെടുംകുത്തനെയിരുന്ന്   ബൈക്കോടിക്കുന്ന അവന്‍റെ  പുറത്തു  ചാഞ്ഞു മയങ്ങി....
  
ചിറകുകള്‍ വിരുത്തിയുണക്കുന്ന ഞാറക്കോഴികളേയും  റോസ് നിറമുള്ള താടയാട്ടിക്കാണിക്കുന്ന  പെലിക്കനുകളേയും അലസമായി ചുരുണ്ടു കിടക്കുന്ന മലമ്പാമ്പിനേയും  ഭരത്പൂരിലാണ് അവള്‍ കണ്ടത്..പരിചയമുള്ളതും ഇല്ലാത്തതുമായ അനേകം പക്ഷികള്‍ അവളുടെ  തലയ്ക്ക്  മുകളിലൂടെ ചിലച്ചുകൊണ്ട് പറന്നകന്നു. തിരക്കു പിടിച്ച   പറക്കലിനിടയിലും  നീ  ഞങ്ങളെ  അറിയുമോ  എന്നു ചോദിക്കുവാന്‍ അവര്‍ സമയം  കണ്ടെത്തി . അപ്പോഴെല്ലാം കദംബവും ഞാവലും ബബൂലും  ഇലകളുടെ  മൃദു മര്‍മ്മരമുതിര്‍ത്തുകൊണ്ട് അവളിലേക്ക്  അലസമായി  അടര്‍ന്നു  വീഴുകയും ചെയ്തു.  
  
സൈക്കിള്‍ വാടകയ്ക്ക് തരുന്ന ഗ്രാമീണരുടെ പക്കല്‍ നിന്ന് പഴയതൊരെണ്ണം  വാങ്ങി ഭരത്പൂര്‍ പക്ഷി സങ്കേതത്തില്‍ മതി വരുവോളം  അവള്‍  അലഞ്ഞു... പ്രഭാതങ്ങളില്‍ ചിലയ്ക്കുന്ന പക്ഷികള്‍ക്കൊപ്പം ഉണര്‍ന്നു.. നീര്‍ത്തടങ്ങളുടെ കരയില്‍ മിനുമിനാ എന്ന് ചക്രവാളം നോക്കി  വെറുതേ  ഇരുന്നു. മൂടല്‍മഞ്ഞ് സാന്ധ്യാകാശച്ചെരുവിനിപ്പുറത്ത് നിന്ന്  നേര്‍മ്മയേറിയ   വെള്ള വസ്ത്രവും കുടഞ്ഞെത്തുമ്പോള്‍ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി.  കാര്‍മേഘം മൂടിയിരുണ്ട  ഒരു ശീതകാല അപരാഹ്നത്തില്‍ മയിലുകള്‍ ആവേശത്തോടെ അവള്‍ക്കു മുന്നില്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു..  

ഒരു സ്ത്രീയും പുരുഷനും  ഈ ലോകത്തില്‍  നിന്നു അവധിയെടുക്കുന്നതെങ്ങനെയെന്ന്  അവള്‍ ആദ്യമായി അറിയുകയായിരുന്നു ആ ദിവസങ്ങളില്‍... 

ഒടുവില്‍ കിളികള്‍  ചോദിക്കാന്‍ തുടങ്ങി.. നിനക്ക് പോവണ്ടേ പെണ്ണേ?  വേറെ തൊഴിലൊന്നുമില്ലേ?’  മലമ്പാമ്പ് അലസത വിട്ട്  മൂരി നിവര്‍ന്നു...കാര്യമന്വേഷിക്കാന്‍  വന്നു.  
എങ്ങും പോകേണ്ടെന്ന് പറഞ്ഞപ്പോള്‍  പോകണമെന്നും എവിടേയും ഒളിച്ചിരിക്കരുതെന്നും ചെയ്യാനുള്ളതെല്ലാം ചെയ്തുതീര്‍ക്കണമെന്നും  അവര്‍ പറയാന്‍ തുടങ്ങി.  ആരെ  അവഗണിച്ചാലും ചുരുളുകള്‍ നീര്‍ത്തി  വരുന്ന മലമ്പാമ്പിനെ അവഗണിക്കാനാവുമായിരുന്നില്ല. 
എന്നിട്ടും  കുറച്ചു ദൂരം മാത്രമേ പോയുള്ളൂ.  ഫത്തേപ്പൂര്‍  സിക്രിയെന്ന് പേരിട്ട്  അക്ബര്‍ പണിത  അതിവിശാലമായ കോട്ടയില്‍ ഒരുപാട് സമയം ചെലവാക്കാനാണു അന്നേരം തോന്നിയത്.  അവളെ സ്വാഗതം ചെയ്ത ബുലന്ദ് ദര്‍വാസയുടെ  ഉത്തുംഗമായ  വാതിലിനു  മുകളില്‍ തൂങ്ങിക്കിടക്കുന്ന  തേനീച്ചക്കൂടുകള്‍  ഭീമാകാരമായിരുന്നു. ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും  വലിയ  വാതിലിന് ചേരുന്ന തേനീച്ചക്കൂടു  തന്നെയെന്ന്  അവള്‍ വിചാരിച്ചു. അക്ബറിനെയും  ജോധാബായിയേയും  ബീര്‍ബലിനേയും സലിം  ചിഷ്ത്തിയേയും  കുറിച്ചൊക്കെ  മതി വരുവോളം  കേട്ടു..  ജോധാബായിയുടെ മുക്കാലും മാഞ്ഞ് മങ്ങിത്തുടങ്ങിയതെങ്കിലും മോഹിപ്പിക്കുന്ന ചുവര്‍ച്ചിത്രം  നോക്കി മതി മറന്നു നിന്നു. അക്ബറിനോടുള്ള  ഇന്ത്യന്‍ മനസ്സിന്‍റെ  സ്നേഹത്തിനു  ജോധാബായി  ഒരു  പ്രധാനകാരണമാണെന്നവള്‍ക്ക്  തോന്നി. രജപുത്രയായ ജോധാബായി ഫത്തേപ്പൂര്‍  സിക്രിയില്‍ ഹിന്ദുവായിത്തന്നെ  ജീവിച്ചുവെന്നതും തുളസിച്ചെടിയെ  പൂജിച്ചുവെന്നതും  ജോധാബായിയില്‍  ജനിച്ച  ജഹാംഗീറിനെ അക്ബര്‍  കിരീടാവകാശിയാക്കിയെന്നതും ഇന്ത്യയുടെ  ഭൂരിപക്ഷം  വരുന്ന ഹൈന്ദവ മനസ്സിന് ഏറ്റവും  സന്തോഷകരമായി  തോന്നിയ കാര്യങ്ങളായിരുന്നിരിക്കണം. 

അക്ബര്‍ ദ ഗ്രേറ്റ് എന്നാദ്യമെഴുതിയത് സായിപ്പാണെന്ന് അവന്‍  അപ്പോള്‍ കളിയാക്കി !
ആ കൊട്ടാരത്തിന്‍റെ പശ്ചാത്തലത്തില്‍ അവളുടെ അതീവ  വശ്യമായ  ഒരു പെന്‍സില്‍ ചിത്രം വരച്ചു  കൊടുത്ത  അവനോട്  അവള്‍ ചോദിച്ചു. 

ഞാന്‍ ഇത്ര അഴകുള്ളവളാണോ..
 
എനിക്ക് ... എനിക്ക്  എന്നായിരുന്നു  അവന്‍റെ  മറുപടി. 

പഞ്ച് മഹലില്‍  ആരേയും  പറത്തിക്കൊണ്ട് പോകുന്ന കാറ്റുണ്ടായിരുന്നു. ചക്രവര്‍ത്തി  അന്തപ്പുരസ്സു ന്ദരിമാര്‍ക്കൊപ്പം കാറ്റേറ്റിരുന്ന  രമ്യഹര്‍മ്യമാണ്  അഞ്ചു  നിലകളുള്ള  പഞ്ച്മഹല്‍.. അവിടെ വീശുന്ന കാറ്റ് ആരെയെല്ലാം  പരിചയപ്പെട്ടിരിക്കുമെന്ന്  അവള്‍ വെറുതേ  ആലോചിച്ചു.  അന്തപ്പുരസ്സുന്ദരിമാര്‍  രഹസ്യമാര്‍ഗത്തിലൂടെ ചക്രവര്‍ത്തിയെ  കാണാന്‍ വന്നിരുന്നുവെന്ന കഥയും ആ വഴിത്താരയുടെ  ദൃശ്യവും  അവനില്‍  കള്ളച്ചിരിയുണര്‍ത്തി. 

ഹുക്ക വലിച്ചുകൊണ്ട്  കഥകള്‍  കേള്‍പ്പിച്ചിരുന്ന ഗ്രാമീണര്‍ പുകയുടെ ലഹരിയില്‍  കണ്ണുകള്‍  പൂട്ടിയ  ഒരു  അസുലഭ നിമിഷത്തിന്‍റെ  പകുതിയില്‍,   അവന്‍  മെല്ലെ ഒന്ന്  നുള്ളിയപ്പോള്‍ അവള്‍ക്കും ചിരി വന്നു.   

മറക്കാനാവാത്ത  രോമാഞ്ചം സ്വന്തമായ ആ  യാത്രയിലാണ്  അവള്‍ ഉത്തരയുടെ ജന്മദേശം കാണാന്‍ പോയത്.. 

ദില്ലിയിലേക്കുള്ള മടക്കയാത്രയില്‍   ആള്‍വാറില്‍  നിന്ന്  എഴുപതു കിലോമീറ്റര്‍  അകലെയായിരുന്നു   വിരാട രാജധാനിയെന്ന ബൈരത്. വനഗംഗാ നദിയുടെ ലാളനമേല്‍ക്കുന്ന ആള്‍വാറിന്‍റെ  ബൈരത്.   എന്നാല്‍  ബൈരതല്ല,  ഇന്നത്തെ   കാശ്മീരിലെ അഖ്നൂര്‍  ആണ് ഉത്തരയുടെ  ശരിക്കുമുള്ള  ജന്മദേശമെന്ന്   കഥ പറയുന്നവരുമുണ്ടെന്ന്  ആ യാത്രയില്‍  അവള്‍ക്ക്  മനസ്സിലായി.
                                 (ആഖ്നൂര്‍)
വഴിയരികില്‍  ബൈക്ക്  നിറുത്തി  ചായ കുടിക്കുമ്പോഴായിരുന്നു  രാജസ്ഥാനി തലേക്കെട്ടുമായി  മനോഹരമായ ഹിന്ദിയില്‍  വിരാട രാജധാനിയെക്കുറിച്ച്  സംസാരിച്ച  സ്കൂള്‍  മാഷെ  കണ്ട് മുട്ടിയത്.  കുഞ്ഞു നഷ്ടപ്പെട്ട  ഉത്തരയക്കുറിച്ചോര്‍ത്ത്  അവളുടെ  കണ്ണുകള്‍  നിറഞ്ഞു  കവിഞ്ഞതു കണ്ടു കൊണ്ടാവണം കഥകള്‍ക്കു ശേഷം യാത്ര പറയുമ്പോള്‍,  അധ്യാപകന്‍  അവളൂടെ തലയില്‍  കൈ ചേര്‍ത്ത് എന്തെല്ലാമോ മന്ത്രിച്ചു.

വിരാട രാജാവിന്‍റെ  പുത്രിയായിരുന്നു ഉത്തര. ബൃഹന്നളയായി വേഷം മാറി അര്‍ജുനന്‍ വിരാടരാജധാനിയില്‍  ചെലവാക്കിയ അജ്ഞാതവാസക്കാലത്ത് അവള്‍ അര്‍ജുനനില്‍ നിന്ന് നൃത്തം അഭ്യസിച്ചു. അര്‍ജുനനാണ് ബൃഹന്നളയെന്നറിഞ്ഞപ്പോള്‍  വിരാട രാജാവ് പാണ്ഡവരുമായി ഒരു  ബന്ധമുണ്ടാക്കണമെന്ന് ആശിച്ച്  അര്‍ജുനനനോട് ഉത്തരയെ വേള്‍ക്കാനാവശ്യപ്പെട്ടെങ്കിലും തന്‍റെ  മകനായ  അഭിമന്യുവാണ് ഉത്തരയ്ക്ക്  ചേര്‍ന്നവനെന്ന് പറഞ്ഞ്  അര്‍ജുനനന്‍ ഒഴിഞ്ഞു മാറുകയായിരുന്നുവത്രേ!  മഹാഭാരതയുദ്ധത്തില്‍ അഭിമന്യു മരണപ്പെട്ടു. അക്കാലം  പരീക്ഷിത്തിനെ  ഗര്‍ഭത്തില്‍ വഹിക്കുകയായിരുന്നു ബാലികയായ  ഉത്തര... യുദ്ധത്തില്‍ കൌരവരെ  മുച്ചൂടും നശിപ്പിച്ച  പാണ്ഡവരോടുള്ള  പ്രതികാരത്തില്‍ ജ്വലിച്ചിരുന്ന  അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം പാഴാവാതിരിക്കാന്‍  ഉത്തരയുടെ ഗര്‍ഭത്തിലേക്കാണ് അത്  തൊടുത്തു വിട്ടത്... ഗര്‍ഭിണിയുടെ വയറിനെ  ലക്ഷ്യമാക്കിയുള്ള അമ്പുകളും വാളുകളും അന്നു മുതലേ  നമ്മുടെ സംസ്ക്കാരത്തിലുണ്ടായിരുന്നു.  നിസ്സഹായരെ വേട്ടയാടുന്നത് തന്നെയായിരുന്നു  അന്നും ഇന്നും  എന്നും  ശക്തരുടെ രീതി.. 

മഹാഭാരതകഥകള്‍ക്ക് ശേഷം ബി സി  300 നോടടുപ്പിച്ച്  അപ്പോള്‍  രാജ്യം ഭരിച്ചിരുന്ന മീന അല്ലെങ്കില്‍  മല്‍സ്യരാജാക്കന്മാര്‍ ശക്തമായ മൌര്യ സാമ്രാജ്യത്തിന്‍റെ  കീഴിലായി. ചൈനീസ്  സഞ്ചാരിയായിരുന്ന ഹ്യുയന്‍സാങ്  ഇവിടം  സന്ദര്‍ശിച്ചിട്ടുണ്ടത്രെ.   ഇന്നും രാജസ്ഥാനിലെ മീനാവംശികള്‍ തങ്ങളുടെ  വേരുകളെ  മഹാഭാരതകാലത്തിലേക്ക്  പടര്‍ത്തിയിടുന്നവരാണ്. വേദകാല ആചാരങ്ങളും  പൂജാവിധികളും  കൃത്യമായി പിന്തുടരുന്നവരുമാണ്. 
സമുദ്രനിരപ്പില്‍  നിന്ന്  ആയിരത്തഞ്ഞൂറടി  ഉയരത്തിലാണ് ബൈരത്  എന്ന  വിരാടരാജധാനി. എന്നോ   ഉത്തുംഗമായി നിലനിന്നിരുന്ന  നിര്‍മ്മിതികളുടെ  അടിത്തറകള്‍  മാത്രമേ  അവിടെ ഉണ്ടായിരുന്നുള്ളൂ. ബിജക്കിന്‍റെ  പര്‍വതമെന്ന  ബുദ്ധ സ്തൂപവുമുണ്ട്  അവിടെ. സ്തൂപമല്ല, വൃത്താകൃതിയിലുള്ള  അടിഭാഗം മാത്രം. അതിന്‍റെ  വലുപ്പത്തില്‍   നിന്നും അവള്‍ക്ക്  സങ്കല്‍പിക്കാന്‍ കഴിഞ്ഞു.. ബുദ്ധമതം  പ്രചുരമായിരുന്ന  ഒരു  കാലത്തിന്‍റെ നേര്‍ ചിത്രങ്ങളെ... ഒരു  ബുദ്ധമത ആശ്രമവും  മൌര്യചക്രവര്‍ത്തിയായിരുന്ന  അശോകന്‍റെ  ശിലാശാസനവും മരത്തില്‍  നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന  ഒരു ക്ഷേത്രാവശിഷ്ടവും രാജധാനിയിലുണ്ട്. 

മുഗള്‍ സാമ്രാജ്യത്തിന്‍റെ  ചില  നിര്‍മ്മിതികളും  പരിസരത്തിലുണ്ടായിരുന്നു.  അജ്മീര്‍ തീര്‍ഥയാത്രയില്‍ അക്ബര്‍ താമസിച്ചിരുന്ന എടുപ്പും  ഒരു ചത്തിരിയുമായിരുന്നു അത്. ചത്തിരിയെന്നാല്‍ നാലു  കാലില്‍  മേല്‍പ്പുരയും  കുംഭഗോപുരങ്ങളും ചിലപ്പോള്‍  നിലവറമുറികളും എല്ലാമായി  പ്രത്യക്ഷപ്പെടുന്ന താരതമ്യേനെ ലളിതമായ ഒരു നിര്‍മ്മിതിയാണെന്ന്  അവന്‍  വിശദീകരിച്ചു. മുഗള്‍  വാസ്തുവിദ്യയില്‍  ഗവേഷണം നടത്തുന്നവന്‍റെ  പാണ്ഡിത്യത്തില്‍  അവിശ്വസിക്കേണ്ടതില്ലെന്ന് അവള്‍  കരുതി. വിശ്വസിക്കാത്തവളുടെ  സംശയഭാവം കുസൃതിയോടെ   മുഖത്തു വരുത്തിയെങ്കിലും..  
   
മായാന്‍ തുടങ്ങുന്ന  പകല്‍ വെളിച്ചത്തില്‍  കനത്ത  കരിങ്കല്‍ പാകിയ രാജവീഥി  മാത്രം അവിടെ യാതൊരു കേടുപാടുമില്ലാതെ  തെളിഞ്ഞു നിന്നു. കുറ്റിച്ചെടികള്‍ക്കും  സദാബഹാര്‍  എന്ന  ശവക്കോട്ടപ്പച്ച  പൂക്കള്‍ക്കുമിടയില്‍,  വിവിധ കാലങ്ങളുടെ   അനേകം രഥങ്ങള്‍ ഉരുണ്ടു പോയ വിരാട രാജധാനിയിലെ ആളൊഴിഞ്ഞ  പ്രധാന വീഥി.  രാജവീഥിയിലൂടെ  അവളേയും വഹിച്ചുകൊണ്ട് അവന്‍റെ  ബൈക്ക്  മെല്ലെ  ഓടി... ഒരു കുന്നിലേക്കുയര്‍ന്നു കയറിപ്പോയ  ആ വഴിയാകട്ടെ   തീര്‍ത്തും വിജനമായിരുന്നു. 
വഴിയുടെ  ഇരുപുറവും കനത്ത  പാറക്കെട്ടുകളിലെ  വിചിത്രാകൃതികളാണ് .  അവ പ്രകൃതിയുടെ കൈകളാല്‍  തന്നെ  നിര്‍മ്മിതമായതായി തോന്നിച്ചു. പലതരം  മൃഗങ്ങളുടെ  ആകൃതികളില്‍  ഭീതി പകരുന്ന  കല്ലുകള്‍ ... ആനയുടെ മസ്തകവും  കഴുകന്‍റെ  രൂപവും  ചരിത്രാതീത കാലത്തെ ഏതോ  ഭീമാകാരമായ ജീവിയുടെ ഭീഷണമായ കാല്‍പ്പാടുകളും  മറ്റും പേറുന്ന പാറക്കെട്ടുകള്‍ .... 
സാധാരണയില്‍  കവിഞ്ഞ  വലുപ്പമുള്ള  തലയോട്ടിയെ  അനുസ്മരിപ്പിക്കുന്ന  കറുപ്പും വെളുപ്പുമായ പാറക്കല്ലുകള്‍  മുന്നില്‍  തെളിഞ്ഞു  വന്നത് പെട്ടെന്നായിരുന്നു.  അവയിലെ  അഗാധമായ കണ്‍കുഴികളില്‍,   കടന്നുപോയ  കാലം  നിശ്ചലമായി നിന്നിരുന്നു.  വഞ്ചനകളിലും ചതികളിലും മുങ്ങിച്ചത്ത്  ദീനമായി നിലവിളിക്കുന്ന  ആത്മാവുകള്‍ ആ  തലയോട്ടിപ്പാറകളെ അന്വേഷിക്കുന്നുണ്ടായിരുന്നു.   

അപ്പോള്‍  പൊടുന്നനെ  ഭയത്തിന്‍റെ നിലയില്ലാത്ത  നീര്‍ച്ചുഴികള്‍   അവളെ ശ്വാസം മുട്ടിച്ചു.. 

ആരുടെയെല്ലാമോ  അധികാര കലഹങ്ങളില്‍ ആര്‍ക്കെല്ലാമോ   വേണ്ടി  നഷ്ടപ്പെട്ടു പോയ പിഞ്ചുകുഞ്ഞിനെത്തേടുന്ന അമ്മയുടെ  വിതുമ്പിക്കരച്ചില്‍ പോലെ... കൌമാരക്കാരിയായ ഒരു പെണ്‍കിടാവിന്‍റെ അകാല വൈധവ്യവും,  ചില  വാശികളില്‍  പിളര്‍ന്നു  പോയ  ഗര്‍ഭപാത്രവും  പുതിയ രാഷ്ട്രത്തിന്‍റെ  കൊടിയടയാളമായി പാറുന്നതു പോലെ.. 

ഭയം  .... 

അവനെ  മുറുകെ പുണര്‍ന്നുകൊണ്ട് അവള്‍ കരഞ്ഞു.

പോവണ്ട.. നമുക്ക്  മടങ്ങാം.. 

ഉത്തരയെ കാണണ്ട..   



17 comments:

MINI ANDREWS THEKKATH said...

പഴയതു൦ പുതിയതുമായ എല്ലാ ഉത്തരകളുടേയു൦ നിസ്സഹയാതയിൽ ഒരു യാത്ര, വിവരണങ്ങൾക്ക് ഭംഗി കൂടി വരുന്നു......

Anonymous said...

"ജപുത്രയായ ജോധാബായി ഫത്തേപ്പൂര്‍ സിക്രിയില്‍ ഹിന്ദുവായിത്തന്നെ ജീവിച്ചുവെന്നതും തുളസിച്ചെടിയെ പൂജിച്ചുവെന്നതും ജോധാബായിയില്‍ ജനിച്ച ജഹാംഗീറിനെ അക്ബര്‍ കിരീടാവകാശിയാക്കിയെന്നതും ഇന്ത്യയുടെ ഭൂരിപക്ഷം വരുന്ന ഹൈന്ദവ മനസ്സിന് ഏറ്റവും സന്തോഷകരമായി തോന്നിയ കാര്യങ്ങളായിരുന്നിരിക്കണം."

kashtam!
"യുദ്ധത്തില്‍ കൌരവരെ മുച്ചൂടും നശിപ്പിച്ച പാണ്ഡവരോടുള്ള പ്രതികാരത്തില്‍ ജ്വലിച്ചിരുന്ന അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം പാഴാവാതിരിക്കാന്‍ ഉത്തരയുടെ ഗര്‍ഭത്തിലേക്കാണ് അത് തൊടുത്തു വിട്ടത്... ഗര്‍ഭിണിയുടെ വയറിനെ ലക്ഷ്യമാക്കിയുള്ള അമ്പുകളും വാളുകളും അന്നു മുതലേ നമ്മുടെ സംസ്ക്കാരത്തിലുണ്ടായിരുന്നു. "
What a nauseating mind-set!

ബൈജു മണിയങ്കാല said...

ഈ എഴുത്ത് ശൈലി ബഹുത്ത് ഇഷ്ടമായി ഒരു യാത്രയുടെ മടുപ്പ് പോലും അനുഭവപ്പെടാതെ സുഖശീതളമായ അകത്തളത്തിൽ റൊമാൻസ് മണവും അടിച്ചിരുന്നു വായിച്ചപ്പോ ഗംഭീരമായി. തല അരയുടെ ഭാഗത്ത്‌ വച്ച് കുനിക്കുന്നു ആദരസൂചകമായി

പട്ടേപ്പാടം റാംജി said...

വിരാടരജധാനി... സ്വപ്നതുല്യമായ യാത്രാവിവരണം അനുഭവിക്കാനായി. ഇടനെഞ്ചിലൊരു നൊമ്പരമായി ഉത്തര കയറിക്കൂടിയപ്പോഴും യാത്ര മധുരമുള്ളതായി. വളരെ ഇഷ്ടായി.

drpmalankot said...

Good one.
Best wishes.

Pradeep Kumar said...

ഉത്തരയുടെ ജന്മസ്ഥലം - ആ ശീർഷകത്തിനു പ്രത്യേക അഭിനന്ദനം.

ഒരു പകലിലൂടെയുള്ള ബൈക്ക് യാത്രയിൽ ഇത്രയേറെ സഞ്ചരിക്കാനാവുമോ എന്ന് അത്ഭുതപ്പെട്ടു പോവുന്നു. ഇവിടെ ഇല്ലാത്തതൊന്നുമില്ല. ഏതൊരു ഭാരതീയനേയും ആവേശഭരിതമാക്കുന്ന ഇതിഹാസ സന്ദർഭങ്ങളുടെ തിളങ്ങുന്ന അദ്ധ്യായമുണ്ട്. മുഗൾ സാമ്രാജ്യത്തിലെ കരുത്തനായ അക്ബറിന്റെ ഫത്തേപ്പൂർ സിക്രിയുണ്ട്. ഭാരതം അടക്കിവാണ മൗര്യവംശത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുണ്ട്. ബൗദ്ധപാരമ്പര്യത്തിന്റെ ശേഷിപ്പുകളുണ്ട്. പ്രണയംപോലെ തോന്നിക്കുന്ന നിർമലമായ ഒരു വൈകാരിക ബന്ധത്തിന്റെ ആർദ്രതയുണ്ട്. സാമൂഹ്യവിമർശനത്തിന്റെ ചാട്ടുളിയുണ്ട് .വാസ്തുവിദ്യയുണ്ട്.

യാത്ര പലതുമാണെന്ന് എച്ചുമു പറഞ്ഞു .......

© Mubi said...

എല്ലാം ചേര്‍ന്നൊരു യാത്ര...

Aneesh chandran said...

അവസരത്തിനൊത്തുണരുന്ന രചന എച്മുവോട് ഉലകം.

വീകെ said...

ഏതെല്ലാം കാലഘട്ടങ്ങളിലൂടെയാ ആ ബൈക്ക് ഓടിയത്....
ആ‍ശംസകൾ....

Unknown said...

നല്ല വിവരണം..
ആശംസകൾ !

vazhitharakalil said...

Excellent narration. Enjoyed the journey

Bipin said...

നന്നായിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഗര്‍ഭിണിയുടെ വയറിനെ ലക്ഷ്യമാക്കിയുള്ള അമ്പുകളും വാളുകളും അന്നു മുതലേ നമ്മുടെ സംസ്ക്കാരത്തിലുണ്ടായിരുന്നു. നിസ്സഹായരെ വേട്ടയാടുന്നത് തന്നെയായിരുന്നു അന്നും ഇന്നും എന്നും ശക്തരുടെ രീതി..

അന്നത്തെ ഉത്തരയും ഇന്നത്തെ ഉത്തർപ്രദേശുമൊക്കെ ശക്തർക്ക് കീഴിൽ തന്നെ..!

അവളും,അവനും കൂടി ഇനിയും ഇതു പോലെ യാത്ര തുടരുക..എന്നിട്ട് ധാരാളം ചരിത്ര സ്മാരകങ്ങൾ ഞ്ഞങ്ങൾക്ക് കാട്ടി തരൂ‍ൂ

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
ശ്രീ said...

നല്ല ഒഴുക്കുള്ള വിവരണം

വിനുവേട്ടന്‍ said...

അല്ല എച്ച്മൂ... ഭാരതത്തിൽ ഇനി പോകാൻ എവിടെയെങ്കിലും സ്ഥലം ബാക്കിയുണ്ടോ...? ബൈജുവിനൊപ്പം ഞാനും നമിക്കുന്നു...

Cv Thankappan said...

അതിസമര്‍ത്ഥമായ രചനാവൈഭവം!
ഉത്തരാചരിതം ചേര്‍ത്ത രീതി തന്നെ അതിന് ഉത്തമോദാഹരണം!!
ആശംസകള്‍