രാവിലെയാണ് പന്‍ചക്കിയിലെത്തിയത്.
അറുനൂറു വര്‍ഷത്തെ പഴക്കവുമായി പടു കൂറ്റനൊരു
ആല്‍മരം അവിടെ തണല്‍ പരത്തി നില്‍ക്കുന്നു.
ആലിലകള്‍ കലപിലയെന്ന് കഥകള്‍ പറയുന്നുണ്ടായിരുന്നു. ആരുടെയെല്ലാമോ കഥകള്‍... ഒഴുകി നീങ്ങുന്ന കാലത്തെയും ചരിത്രത്തെയും
വീക്ഷിച്ചുകൊണ്ട് ആല്‍മരം
നിസ്സംഗമായി നില കൊണ്ടു. ആല്‍മരത്തിന്‍റെ തണുപ്പില്‍
അനവധി കൊച്ചുകൊച്ചുകടകള്‍.. ഭംഗിയുള്ള ബാഗുകളും ആഭരണങ്ങളും സില്‍ക്കുമെല്ലാമായി...
ഒട്ടേറെ കടകള്‍.. സ്ത്രീകളും പുരുഷന്മാരുമായി നിരവധി കച്ചവടക്കാര്‍.
ആല്‍ മരത്തിന്‍റെ പ്രായം അത്രയും കാണുമോ എന്ന് പലരും സംശയിക്കുന്നുണ്ടായിരുന്നു.
പ്രത്യേകിച്ച് ഒരു ദര്‍ഗയുടെ
പരിസരത്തിലെ ആല്‍ മരം. ചുമ്മാ പറയുന്നതായിരിക്കും എന്നൊരു
സംശയഭാവം ചിലരുടെയെങ്കിലും
മുഖത്തുണ്ടായിരുന്നു.
ആല്‍ മരം മുഴുവന്‍ പ്രതിഫലിപ്പിച്ചുകൊണ്ട് വലിയൊരു
ജലാശയം എല്ലാവരേയും നോക്കി നിര്‍മ്മലമായി പുഞ്ചിരിച്ചു. ഒരുപാടു വലിയ മീനുകള്‍ അതില്‍ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. പല വര്‍ണങ്ങളിലുള്ള ചെറുതും
വലുതുമായ മീനുകള്‍. ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെയും മീനൂട്ടൂണ്ടായിരുന്നു. തീറ്റയെറിഞ്ഞു കൊടുക്കുമ്പോള്‍ മീനുകള്‍ വായ് പിളര്‍ന്ന് കൂട്ടത്തോടെ നീന്തിത്തുടിക്കുന്നത് മനോഹരമായ
ആഹ്ലാദം പകരുന്നൊരു കാഴ്ചയായിരുന്നു..
മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് പന്‍ ചക്കി.
ധാന്യം പൊടിക്കുന്ന ഒരു ജലചക്രമാണത്
. ദൂരെ മലമുകളിലെ ഒരു അരുവിയില്‍ നിന്ന് വെള്ളം
ഒഴുക്കിക്കൊണ്ടു വന്ന്
ജലചക്രം തിരിക്കാന്‍ സാധിച്ചതിനു പിന്നിലെ എന്‍ജിനീയറിംഗ് വൈദഗ്ധ്യമാണ് നമ്മെ അതിശയിപ്പിക്കുക. അതു
നിര്‍മിച്ച എ ഡി 1600 കളുടെ അവസാന കാലം, സാധാരണക്കാര്‍ക്ക് ധാന്യം പൊടിച്ചുകൊടുക്കാന്‍ തോന്നിയ ആ
ജനകീയ മനസ്ഥിതി ,
ഒഴുകിവരുന്ന വെള്ളത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍
കഴിയാതെ ചുമ്മാ ഒഴുക്കിക്കളയുന്ന ഇപ്പോഴത്തെ ഭരണീയവും മതപരവുമായ അനാസ്ഥ.. എല്ലാം ഒരു
ചലച്ചിത്രം പോലെ മുന്നില്‍ തെളിയുകയാണ് പന്‍ ചക്കിയില്‍.
ബാബ ഷാ മുസാഫിര്‍ എന്ന സൂഫി സന്യാസിയുടെ ദര്‍ഗയോട്
ചേര്‍ന്ന് മഹമൂദ് ദര്‍വാസയ്ക്കടുത്താണ്
പന്‍ ചക്കി നില കൊള്ളുന്നത്. പള്ളിയും മദ്രസയും കോടതിയും മന്ത്രി മന്ദിരവും
വഴിയമ്പലവും ആശ്രിതര്‍ക്കായുള്ള
താമസസ്ഥലങ്ങളും അവിടെയുണ്ട്. വിശാലമായ ആര്‍ച്ചുകളില്‍
സുന്ദരമായ കൊത്തുപണികളോടെ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളില്‍ ഇസ്ലാമിക
വാസ്തുവിദ്യാശൈലിയാണുള്ളത്.
ഈ കെട്ടിടങ്ങളെല്ലാം പണിതുയര്‍ത്തിയത് സന്യാസിയുടെ ശിഷ്യനായ തുര്‍കസ് ഖാന്‍ ആയിരുന്നു. 1695ല്‍ .. നിസാം ഉള്‍മുല്‍ക് അസഫ് ഝായുടെ
ആശ്രിതനായിരുന്നുവത്രെ തുര്‍കസ് ഖാന്‍. പത്തിരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം മല്‍സ്യങ്ങള്‍
ആഹ്ലാദപൂര്‍വം തുള്ളിക്കളിക്കുന്ന ജലാശയത്തിന്‍റെ നിര്‍മ്മിതി ജമില്‍ ബെഗ് ഖാന്‍ നിര്‍വഹിച്ചു.
ജലചക്രം തിരിയുന്നതും ധാന്യം പൊടിക്കുന്നതും തികച്ചും വെള്ളത്തിന്‍റെ സമ്മര്‍ദ്ദത്തിലാണ്. ചക്രം ഇപ്പോഴും അഭംഗുരം
തിരിയുന്നുണ്ട്. ധാന്യം പൊടിക്കേണ്ട ആവശ്യമില്ല ഇപ്പോള്‍. പാക്കറ്റുകളില്‍ എത്ര തരം
ധാന്യപ്പൊടികള്‍ വേണമെങ്കിലും
കിട്ടുമല്ലോ...
ഭൂമിക്കടിയില്‍ കൃത്യമായി
വിന്യസിച്ചിട്ടുള്ള മണ്‍ പൈപ്പുകളിലൂടെയാണ് ജലചക്രം തിരിക്കാനുള്ള വെള്ളം
വന്നു ചേരുന്നത്. ബീബി കാ മക്
ബറയുടെ പരിസരത്തില്‍ നിന്നാണത്രേ ഇതിന്‍റെ
ആരംഭം. ഹര്‍സൂല്‍ നദിയും ഒരു
കൊച്ചരുവിയും തമ്മില്‍ കലപില പറയുന്നതിന്
തൊട്ടു മുകളിലുള്ള ഒരു കിണറില്‍ നിന്നാണ് ഈ എന്‍ജിനീയറിംഗ് വൈഭവമാരംഭിക്കുന്നത്.
എട്ടു കിലോമീറ്റര്‍ ദൂരെ നിന്ന്
വരുന്ന വെള്ളം റിസര്‍വോയറില്‍ വന്നു ചേരും. ജലചക്രത്തിന്‍റെ സിസ്റ്റേണിലേക്ക് നിശ്ചിത ഉയരത്തില്‍ നിന്നു വെള്ളം വീഴുമ്പോള്‍ ഉണ്ടാകുന്ന
ഊര്‍ജ്ജത്തില്‍ ജലചക്രം തിരിയുകയും
ധാന്യം പൊടിക്കപ്പെടുകയും ചെയ്യും. പള്ളിയ്ക്കു മുമ്പില്‍
നിലകൊള്ളുന്ന സിസ്റ്റേണിന്‍റെ അടിഭാഗത്ത് വലിയൊരു
ഹാള്‍ പണിതുവെച്ചിട്ടുണ്ട്. സിസ്റ്റേണില്‍
ശേഖരിക്കപ്പെടുന്ന വെള്ളത്തിന്‍റെ
തണുപ്പുകൊണ്ട് കടുത്ത വേനല്‍ക്കാലത്തും ഹാളില്‍
എ സിയുടെ കുളിര്‍മ ലഭ്യമാകുന്നു.
പത്തു നാനൂറ് വര്‍ഷം മുന്‍പ് പണിത ഈ ഹാളില്‍ ഇപ്പോഴും ലീക്കൊന്നും തന്നെ സംഭവിച്ചിട്ടില്ല. സിസ്റ്റേണില്‍
അധികമാകുന്ന വെള്ളം താഴെ
ഖാം നദിയിലേക്ക്
ഒഴുക്കിക്കളയുന്നു. അതിനു മറ്റൊരു സംവിധാനം
കണ്ടുപിടിക്കാന്‍ ഇതുവരെ മാറി മാറി
ഭരിച്ച സര്‍ക്കാരുകള്‍ക്കൊന്നും
കഴിഞ്ഞിട്ടില്ല. വെള്ളം വെറുതേ ഒഴുക്കിക്കളയുന്ന
നിരുത്തരവാദപരമായ ജലനയവും ജനങ്ങളോടുള്ള സമീപനവും ശ്രദ്ധിച്ചുകൊണ്ട് ജലചക്രം
ചരിത്രത്തിന്‍റെ സാക്ഷിയായി അനുസ്യൂതം തിരിയുന്നു. ഹാളിലേക്കുള്ള പ്രവേശനം
തടഞ്ഞിരിക്കയാണെങ്കിലും അതിന്‍റെ
പരിസരത്തിലൂടെ ഖാം നദി ഒഴുകുന്നത് കാണാന്‍ കഴിയും.
ബാബ മുസാഫിര്‍ ഷായുടേയും ശിഷ്യനായ ബാബ ഷാ മഹമൂദിന്‍റെയും ശവകുടീരങ്ങള്‍ പഞ്ചക്കി യിലുണ്ട്. പച്ച നിറമുള്ള
ചാദര്‍ പുതപ്പിച്ച് പൂക്കള്‍ സമര്‍പ്പിച്ച് എല്ലാവരും
ആദരവ് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ഒരു പടു കൂറ്റന്‍
വായനശാലയും ശവകുടീരങ്ങള്‍ക്കപ്പുറമായി കാണാം. ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുണ്ടായിരുന്ന ആ വായനശാലയില്‍ ഇന്ന് പുസ്തകങ്ങള്‍ ഒന്നുമില്ല. ഭരണപരമായ
തര്‍ക്കങ്ങള്‍ ഉണ്ടായതുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം അവയെല്ലാം ഹൈദരാബാദിലേക്ക് കൊണ്ടു
പോവുകയായിരുന്നു.
ഒരു പക്ഷെ, ഔറംഗാബാദിന്‍റെ
ഏറ്റവും സുന്ദരമായ ചില ദൃശ്യങ്ങള്‍
പന്‍ ചക്കിയില്‍ തെളിയുന്നുണ്ട്. മനോഹരമായ ഒരു പൂന്തോട്ടവും അതീവ സുന്ദര ദാരുനിര്‍മ്മിതികളൂള്ള പാലങ്ങളും പൂന്തോട്ടത്തെ ചുറ്റിപ്പോകുന്ന അരുവിയും ബീഗംപുരയുടേയും
നഗരത്തിന്‍റേയും അതിര്‍ മതിലുകളും ചേര്‍ന്ന്
പന്‍ ചക്കിയെ തികച്ചും ആകര്‍ഷകമായ
ഒരു സ്ഥലമാക്കി മാറ്റുന്നു. ഒരുപാട് യുവമിഥുനങ്ങള്‍ ആ സൌന്ദര്യഭൂമികയില്‍ ഹൃദയം തുറന്ന്
സംസാരിച്ചുകൊണ്ടിരിക്കുന്നത് ആനന്ദം നല്‍കുന്നൊരു കാഴ്ചയായിരുന്നു.
മഹാരാഷ്ട്ര
വഖഫ് ബോര്‍ഡിന്‍റെ ആസ്ഥാനവും പന്‍ ചക്കിയിലാണ്.
13 comments:
ചിത്രങ്ങള്‍ ചേര്‍ക്കാന്‍ പഠിച്ചല്ലോ.
ഇങ്ങിനെ ധാരാളം യാത്രകള്‍ ഇനിയും ഉണ്ടാകട്ടെ. പന്‍ചക്കി പോലെയുള്ള നിരവധി വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുമല്ലോ. കൂടല്‍മാണിക്യത്തിലേയും തൃപ്രയാര്‍ അമ്പലത്തിലേയും മീനുകളെ ഓര്‍മ്മിപ്പിച്ചു. ഇനിയും കാണണമല്ലോ മഹാര്ഷ്ട്രാ വിശേഷങ്ങള്‍? അതിനി എപ്പോഴത്തെക്കാണ്...
നല്ല യാത്രാ വിവരണം. ചിത്രങ്ങളും മനോഹരം.
ഇത്തരം യാത്രനുഭവങ്ങൾ - ജീവിതത്തിലെ മഹാഭാഗ്യമാണ്
പണ്ടുള്ളവർ നാളത്തേക്കായി ബുദ്ധി ഉപയോഗിച്ചു. ഇന്നുള്ളവർ ഉള്ളതെല്ലാം നശിപ്പിക്കാനായി ബുദ്ധി ഉപയോഗിക്കുന്നു.
ഇത്തവണ ഫോട്ടോ കൂടിയുണ്ടല്ലൊ.
ആശംസകൾ...
യാത്രാ വിവരണം ഹൃദ്യമായി...
ധാന്യം പൊടിക്കുന്ന ജലചക്രം മനസ്സിൽ കൗതുകം ഉണർത്തി..
ആശംസകൾ !
നല്ല വിവരണം ..ആ ജീവിതത്തോട് അസൂയ തോന്നുന്നു ....
ആ പടുകൂറ്റന്‍ വായനശാലയില്‍ അമൂല്യഗ്രന്ഥശേഖരവും ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍..............
ഫോട്ടോകളും ചേര്‍ത്തത് നന്നായി
ആശംസകള്‍
അങ്ങനെ പന്‍ ചക്കി കുറച്ചെങ്കിലും കാണാന്‍ കഴിഞ്ഞു. ധാന്യമില്ല് അത്ഭുതമായി
ഹൃദമായ വിവരണം ..ചിത്രങ്ങള്‍
എച്ചുമു നന്നായി എഴുതി.
ഇത് പോലുള്ള ചക്കി കാശ്മീരിലെ ഗ്രാമങ്ങളില്‍ ഉണ്ട്.ഇപ്പോഴും അവിടെ ചോളം പൊടിക്കുന്നുമുണ്ട് .നല്ല നേര്‍മയായി പൊടിച്ചു കിട്ടും.
പൻ ചക്കിയേയും
അവളൂടെ ശങ്കരനേയും
പരിചയപ്പെടുത്തിയത് അസ്സലായി ...
പിന്നെ ഫോട്ടോകൾ കൂടി ചേർത്തപ്പോൾ പൊന്നുങ്കുടത്തിന് പൊട്ട് കുത്തിയപോലെയായി ഈ ഉലകം കേട്ടൊ
Post a Comment