ഇലകൾ പച്ച…….. പൂക്കൾ മഞ്ഞ
ഓടി വരുമ്പോൾ ……ചാടി വരുമ്പോൾ
കൂട്ടത്തിലൊന്നിനെ …….കൂട്ടിപ്പിടിച്ചേ…….‘
കൂട്ടിപ്പിടിച്ചത് വേണുവാണ്, അവളുടെ ചങ്ങാതി…. പതിന്നാലു നീണ്ട വർഷങ്ങൾ അവർക്കിടയിലൂടെ കൊഴിഞ്ഞു
പോയി. ഒന്നിച്ച് പഠിച്ചു……..ഒരേ ക്ലാസ്സിൽ. ഒന്നുകിൽ അവൻ ഒന്നാമതായി അല്ലെങ്കിൽ അവൾ ഒന്നാമതായി.
‘അന്നം
കുട്ട്യല്ലേടി പൊന്നും കട്ട
നിന്നെക്കൊണ്ടല്ലേടി കന്നം കടി.. ‘
അവൻ അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു. ‘കന്നം കടീന്ന് പറഞ്ഞാൽ കുശുമ്പിക്കാളി എന്നാ‘ അവൾ മുഖം കോട്ടി. ‘പിന്നെ കുശുമ്പിക്കാളി………ഞാൻ…….അല്ല… നീ പോടാ….‘
‘എന്നാ
പോട്ടെ……..,
അത്തള
പിത്തള തവളാച്ചി
മുക്കിലിരിയ്ക്കണ ചൂലാപ്പ …….മറിയം വന്ന് വിളക്കൂതി ……‘
‘എന്തിനാ
മറിയം വന്നേ? വേറെ
ആർക്കെങ്കിലും വരായിരുന്നില്ലേ?‘ അവൾ വിട്ടില്ല.
‘ഇതാണന്നം കുട്ട്യേ കന്നം കടി‘ അവൻ ചിരിച്ചു കൊണ്ട് ഓടി. സ്ലേറ്റും പുസ്തകവും
പിടിച്ച് അവൾ പുറകെയും.
ഉച്ചയൂണു കഴിഞ്ഞ് സ്ക്കൂളിലേയ്ക്ക് വരുമ്പോൾ
വേണു എന്നും ഒരു അച്ച് ശർക്കര അവന്റെ പോക്കറ്റിൽ സൂക്ഷിക്കും. അവളുടെ ഫ്രോക്ക്
കൂട്ടിപ്പിടിച്ച് കടിച്ച് അത് രണ്ട് കഷ്ണമാക്കും. പകുതി അവൾക്ക് ബാക്കി പകുതി അവന്……………….പ്രൈമറി ക്ലാസ്സുകളിൽ
പഠിയ്ക്കുമ്പോഴായിരുന്നു അത്………………ആ കാലം എവിടേയ്ക്കോ പോയ്മറഞ്ഞു.
‘തനിയ്ക്ക്
ഞാൻ കുറച്ച് പണം തരട്ടെ, ഒത്തിരി ആവശ്യങ്ങളുണ്ടാവില്ലേ ഇപ്പോ…. ‘മിനുങ്ങുന്ന ബാഗിൽ നിന്നു ചെക്ക്ബുക്ക്
പുറത്തെടുത്ത് വേണു അതിവേഗം ഒരു ചെക്കെഴുതി പുസ്തകത്തിനടിയിൽ വെച്ചു. മറുപടി
ആവശ്യമില്ലാത്തത് പോലെ അത്ര വേഗത്തിൽ ചെയ്ത ആ കാര്യം അവളെ
അമ്പരപ്പിയ്ക്കാതിരുന്നില്ല.
‘പുരുഷന്മാർക്ക്
പണം കൊടുക്കുകയോ അവരിൽ നിന്നു പണം വാങ്ങുകയോ അരുത്. പ്രത്യേകിച്ച് നമുക്കൊരു ആൺ
തുണയില്ലെങ്കിൽ…….ചീത്തപ്പേരു
കേൾക്കേണ്ടി വരും‘ അമ്മയുടെ ചിലമ്പിച്ച കരുതലിന്റെ സ്വരം ഈ ഒറ്റ
മുറിയിൽ എവിടുന്നു വരാനാണ്…..എന്നിട്ടും അതു അവളുടെ കാതിൽ വീഴുന്നുണ്ടായിരുന്നു.
‘നമ്മൾ
എന്നാടോ വെറും ആണും പെണ്ണും മാത്രമായി അധ:പതിച്ചു പോയത്?’
വേണുവിന്റെ പുഞ്ചിരിയ്ക്ക് വേദനയുടെ തിളക്കം.
കളവു പിടിയ്ക്കപ്പെട്ട കുട്ടിയെ കൂട്ട്
പരുങ്ങിക്കൊണ്ട് ആ ചെക്ക് വേണ്ടെന്ന് പറയണമെന്ന് അവൾ ആഗ്രഹിച്ചു. എങ്കിലും
മിണ്ടിയില്ല. സിനിമകളിലെ നായികയെപ്പോലെ എന്നോട് സഹതപിയ്ക്കരുതെന്ന് പറയുവാൻ
കഴിയുമോ? ആരുമാരും തുണയില്ലാത്ത
ഈ സമരകാലത്ത്………. വേണുവിനോട്
അവൾ അമ്മാതിരിയുള്ള നാട്യം കാണിയ്ക്കണോ……………
‘കണ്ണീർത്തുള്ളി
കണ്ണിലെഴുതി തരട്ടെ?’ പച്ചച്ച വള്ളിയുടെ അറ്റത്ത് മൂക്കുത്തി പോലെ തൂങ്ങിയാടുന്ന കൊഴുത്ത
വെള്ളത്തുള്ളി കരുതലോടെ പിടിച്ചുകൊണ്ട് അവൻ ചോദിച്ചു.
‘എന്ത്നാ, എന്റെ കണ്മഷി പടരില്ലേ, അപ്പോ എന്റെ ഭംഗ്യൊക്കെ പോയാലോ, നിയ്ക്ക് വേണ്ട.’
‘ഹ, ഹ മഷിയാ അപ്പോ ഭംഗി ല്ലേ, കണ്ണീർത്തുള്ളി എഴുതിയാ കുളിരുണ്ടാവും പെണ്ണേ, ഞാനെഴുതി തരാം. നീയിങ്ങട് വാ’
നാലാം ക്ലാസ്സിലെ മഴക്കാലത്തായിരുന്നു അത്.
ഇപ്പോൾ കണ്ണീർത്തുള്ളി എഴുതുകയൊന്നും വേണ്ട, അവ സ്വയം മുളച്ച് വരും, ചോദിയ്ക്കാതെ പറയാതെ, എരിച്ചിലോടെ.
കണ്ണിമാങ്ങ….. തോണ്ടി
കണ്ണു രണ്ടും പൊട്ടി
കണ്ണാസ്പത്രീ പോയീ
കണ്ണാസ്പത്രീ പൂട്ടി……….
അന്ന് വേണു അവളോട് വഴക്കിട്ടു. അവനുള്ളപ്പോൾ തനിയേ
കണ്ണിമാങ്ങ തോണ്ടിയതെന്തിന് ? അതും കണ്ണുകൾ പൊട്ടിപ്പോകാൻ പാകത്തിൽ ആ ചുന കണ്ണിൽ കൊള്ളിച്ചതെന്തിന്? ഈ പാട്ട് പാടണ്ട എന്നു അവൻ കർശനമായി വിലക്കി.
വർഷങ്ങൾക്കിപ്പുറം ജീവിതത്തിൽ അവളുടെ കണ്ണുകൾ
പൊട്ടുകയും ചികില്‍സ ലഭിക്കേണ്ടി യിരുന്ന എല്ലാ കണ്ണാസ്പത്രികളും
എന്നേയ്ക്കുമായി പൂട്ടിപ്പോവുകയും ചെയ്തു.
ജീവിതം അടിച്ച് പതം വരുത്തിയ അവളുടെ
ദാരിദ്ര്യം അവനിന്ന് കണ്ടു മനസ്സിലാക്കുകയാണ്. നീല നിറമുള്ള പ്ലാസ്റ്റിക് ബക്കറ്റ്, ചുരുട്ടിയ പുൽപ്പായ, മൂന്ന് അലുമിനിയം പാത്രങ്ങൾ,
അരിയും പരിപ്പും ഉപ്പും മുളകുപൊടിയും
ചായപ്പൊടിയും വെച്ച പ്ലാസ്റ്റിക് കൂടുകൾ, മൺകലം, അയയിൽ തൂങ്ങുന്ന രണ്ട് സൽവാർ കമ്മീസുകൾ………….സ്റ്റൌവിലും
മണ്ണെണ്ണക്കുപ്പിയിലും ആ കണ്ണുകൾ ഓടിക്കളിയ്ക്കുന്നത് കാണുന്നുണ്ടെങ്കിലും
ചെറിയൊരു കപ്പിൽ കട്ടൻ ചായയും വില കുറഞ്ഞ രണ്ട് ബിസ്ക്കറ്റും അവനു മുൻപിൽ നിരത്തി
വീട്ടുകാരി കളിയ്ക്കാൻ അവൾ മറന്നില്ല. അപ്പോൾ ഒരുമിച്ച് തിന്നു തീർത്ത പലഹാരങ്ങൾ
അവർക്കിടയിൽ സ്വാദോടെയും കൊതിപ്പിയ്ക്കുന്ന മണങ്ങളോടെയും നിറങ്ങളോടെയും
തെളിമയാർന്നു നിന്നു.
‘തെരട്ടിപ്പാൽ‘ വേണു പറഞ്ഞു. കുമ്പിളപ്പം, തേങ്കുഴൽ, പരിപ്പ് വട, മൈസൂർ പാക്ക്, പപ്പട വട….നഴ്സറി റൈം പോലെ മാറി മാറി ചൊല്ലി അവളുടെ തൊണ്ട
അടഞ്ഞു. അവൻ ചായ കുടിയ്ക്കുന്നതും ബിസ്കറ്റ് തിന്നുതും നോക്കിയിരിയ്ക്കേ കാലം കീഴ്
മേൽ മറിഞ്ഞു കളിച്ചുകൊണ്ടിരുന്നു.
‘ഉഷയും
മോനും…‘
‘അവരിവിടെയുണ്ടല്ലോ.
മോൻ ആർമി ഹൈസ്കൂളിൽ പഠിയ്ക്കുന്നു. ഞാനിന്ന് ടോപ് സ്റ്റേഷനിലേയ്ക്ക് തിരിയ്ക്കും.
ഇവിടുന്ന് നേരെ എയർപോർട്ടിലേയ്ക്കാണ്.‘
‘ഞാനീ
നാട്ടിലുണ്ടെന്ന്…എങ്ങനെയറിഞ്ഞു?‘
‘എല്ലാം
അറിഞ്ഞു. അറിഞ്ഞപ്പോൾ ഒന്നു കാണണമെന്ന് തോന്നി.‘ ഇപ്പോൾ വേണുവിന്റെ ശബ്ദത്തിന് കനം കൂടുതലുണ്ട്.
നോട്ടത്തിന് കൂടുതൽ ആഴമുണ്ട്. എല്ലാം എല്ലാം അവൾക്കിപ്പോൾ മനസ്സിലാകുന്നു.
അല്ലെങ്കിൽ അന്ന് അവൾക്ക് മനസ്സിലാകാഞ്ഞിട്ടായിരുന്നുവോ? ഒരിയ്ക്കലുമല്ല.
എൻ ഡി എ അഡ്മിഷൻ കരസ്ഥമാക്കിയ വേണുവിനെ ചൊല്ലി
ഒരു നാടു മുഴുവൻ അഭിമാനിച്ച കാലം. പോകുന്നതിന്റെ തലേന്നാൾ സന്ധ്യയ്ക്ക് നനഞ്ഞ
കണ്ണുകളുമായി അവൻ യാത്ര ചോദിയ്ക്കുവാൻ വന്നു. കുറെ നേരം മിണ്ടാതിരുന്ന് ഒടുവിൽ
പോകാനെണീറ്റപ്പോൾ പറഞ്ഞു ‘ഞാൻ പോട്ടെ, അവധിയ്ക്ക് വരുമ്പോൾ കാണാം.‘ ശബ്ദിച്ചാൽ കരഞ്ഞു
പോകുമെന്നുറപ്പുണ്ടായിരുന്നതുകൊണ്ട് അവൾ വാക്കുകളെ കർശനമായി വിലക്കി.
അനങ്ങിപ്പോകരുത്! വെറുമൊരു തലയാട്ടലിൽ അവനെ എങ്ങനെ യാത്രയാക്കാൻ കഴിഞ്ഞുവെന്ന്
പിന്നീട് പലപ്പോഴും അവൾ ഓർത്തിട്ടുണ്ട്.
മേശപ്പുറത്ത് ഊരിവെച്ച പൂ സ്ലൈഡും അതിനടിയിലെ
പൊട്ടക്കവിതയുടെ കടലാസ്സു തുണ്ടും വേണു ഷർട്ടിന്റെ പോക്കറ്റിൽ തിരുകിക്കയറ്റുന്നത്
സങ്കടത്തോടെ അവൾ കണ്ടു. പൂസ്ലൈഡിൽ കുരുങ്ങിയിരുന്ന നീണ്ട മുടിയിഴകളെ അവൻ
ശ്രദ്ധാപൂർവം പോക്കറ്റിലേയ്ക്ക് മടക്കി വെയ്ക്കുമ്പോൾ അവൾക്കുറക്കെ കരയണമെന്ന്
തോന്നി. അപ്പുറത്ത് അച്ഛനുണ്ടായിരുന്നു. ദൈവത്തേക്കാൾ അവൾ പേടിയ്ക്കുന്ന ആൾ.
എല്ലാം ഒതുക്കുവാൻ കഴിവുള്ള അവൾക്ക് നാക്ക് കടിച്ചു തുപ്പിക്കളയുവാൻ പോലും
സാധിയ്ക്കുമെന്ന് വേണു പരാതിപ്പെടാറുണ്ടായിരുന്നത് ഓർമ്മിച്ച് കണ്ണിമ പോലും
ചലിപ്പിയ്ക്കാതെയാണ് അവൾ നിന്നത്. ‘ഒരു ധൈര്യത്തിന്……..‘ അന്നത്തെ പതിനെട്ടുകാരന് വാക്കുകൾ മുഴുമിപ്പിയ്ക്കുവാൻ
ത്രാണിയുണ്ടായിരുന്നില്ല. അവനാണ് അവളുടെ മുൻപിൽ തിളങ്ങുന്ന യൂണിഫോമിൽ, നഗര പരിഷ്ക്കാരത്തോടെ ഇരിയ്ക്കുന്നതെന്ന് ………….ജീവിത വിജയം
കരസ്ഥമാക്കിയവന്റെ ആത്മവിശ്വാസത്തോടെ…….
അവൾ മടിച്ച് മടിച്ച് തിരക്കി ‘ അവിടെ.. ആ വീട്ടിൽ പോയിരുന്നോ എന്നെ
തിരക്കി ?‘
അവൻ ചിരിച്ചു കാട്ടി,
‘ഇല്ല. താനുള്ളപ്പോൾ ആ ബംഗ്ലാവിൽ ഞാൻ വന്നില്ല.
താൻ തുപ്പിക്കളഞ്ഞയിടത്ത് ഞാന്‍ പിന്നെ
എന്തിനു പോകണം? തന്നെ
പഴി പറയുന്നത് കേൾക്കാനോ? ഉഷയോട് പോലും ഞാൻ തന്നെക്കുറിച്ച് ഒന്നും സംസാരിയ്ക്കാറില്ല. ഭർത്താവിനെ
ഉപേക്ഷിച്ച ധിക്കാരിയെന്നവൾ പറയും, തന്റെ സദാചാരക്കുറവിനെ പരിഹസിയ്ക്കും, തന്റെ മാതൃത്വത്തെ പുച്ഛിയ്ക്കും……. തന്നെ ഞാനറിയുന്നതു
പോലെ അവളറിയില്ലല്ലോ. എനിയ്ക്ക് അവളേയും സ്നേഹിയ്ക്കണ്ടേ?
അവൾ എനിയ്ക്ക് കിട്ടിയ പെണ്ണാണ്……. എന്റെ മോന്റെ അമ്മയാണ്……… അതുകൊണ്ട് ………‘
സൈക്കിളുമ്മേ…….. ബെല്ലടിച്ചു
ഞാൻ പറഞ്ഞു …….മാറി നിൽക്കാൻ
എന്റെ പേരിൽ …….കുറ്റമില്ല
വൺ ടൂ ത്രീ……….
അത്യുന്നതങ്ങളെ പ്രണയിച്ച അവളുടെ ഭർത്താവിന്
സൈക്കിളുകളോട് എന്നും പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉയരക്കണക്കുളിൽ അതീവ
സമർത്ഥനായിരുന്ന അദ്ദേഹത്തിനു പലതരം ഏണിപ്പടികൾ ആവശ്യമായിരുന്നു.
അവളുടെ പേരിൽ…….. ഉമിനീരിറക്കിക്കൊണ്ട് കോടതി അഭിപ്രായം പറയാന്‍ തുടങ്ങുമ്പോഴെല്ലാം ... അദ്ദേഹം പൂര്‍ത്തിയാക്കി
- അവളുടെ പേരിൽ കുറ്റമുണ്ട്, അവളുടെ പേരിൽ മാത്രമേ കുറ്റമുള്ളൂ.
പ്രതിഷേധമല്ല, ഭയവും, അടക്കവുമാണ് അവളുടെ ഭാഷയാകേണ്ടതെന്ന് അറിയാതെ
പോയത് കുറ്റമാണ്, അവളുടെ
വിശ്വസ്തത വേണ്ടപ്പോൾ മാത്രം ചെലവഴിയ്ക്കാനുള്ള ചരക്കാണെന്ന്
മനസ്സിലാക്കാതിരുന്നത് കുറ്റമാണ്, പാതിവ്രത്യത്തിന്റെ ശരിയായ അർത്ഥം അനുസരണ, വീണ്ടും അനുസരണ, പിന്നെയും അനുസരണ എന്നു മാത്രമാണെന്നറിയാതിരുന്നത്
കുറ്റമാണ്, അതുകൊണ്ട്
കുടുംബത്തിന്റെ മാനം കാക്കാനറിയാത്ത അവൾ ശിക്ഷിയ്ക്കപ്പെടേണ്ടവളാണ്. ലോകത്തിന്റെ
കാരുണ്യത്തിനും നാട്ടു കൂട്ടത്തിന്റെ നാവിളക്കലിനും വേണ്ടി ഒരു കോടതിയിൽ നിന്ന്
അടുത്ത കോടതിയിലേയ്ക്ക്, പിന്നെ അതിനടുത്ത കോടതിയിലേയ്ക്ക്…… അവസാനിയ്ക്കാത്ത വിചാരണകൾ അവളെ കാത്തിരിയ്ക്കുന്നു.
വൺ ടൂ ത്രീ…..
തൊണ്ടയിൽ മുട്ടിത്തിരിഞ്ഞ വലിയൊരു
പൊട്ടിക്കരച്ചിൽ അവൾ ഒതുക്കിപ്പിടിച്ചു. വേണു
, അവളുടെ ചങ്ങാതി, അവൾക്കൊപ്പം കളിച്ചു വളർന്നവൻ. പതിന്നാലു
വർഷങ്ങളിലൂടെ വളർന്ന സൌഹൃദം………ദരിദ്രനായി ജനിച്ച്, അങ്ങനെ തന്നെ ജീവിച്ച്, നാല് അനിയത്തിമാരെ കല്യാണം കഴിപ്പിയ്ക്കാനും , കുടുംബത്തെ പുലർത്താനുമായി പാങ്ങില്ലാതെ
പട്ടാളക്കാരനായിത്തീർന്നവൻ. അവളെ അവനൊരിയ്ക്കലും അവകാശപ്പെടാൻ കഴിയുമായിരുന്നില്ല.
വേണു എൻ ഡി എയിൽ ചേർന്ന് മൂന്നു മാസം
കഴിഞ്ഞപ്പോൾ അവൾ വിവാഹിതയായി, താമസിയാതെ അമ്മയുമായി………..പിന്നെ അവന്റെ വിശേഷങ്ങൾ വല്ലപ്പോഴും അമ്മ പറഞ്ഞറിഞ്ഞു. ഒരു നീറ്റലോടെ, ആന്തലോടെ കണ്ണിനുള്ളിൽ ഒളിപ്പിച്ചു വെച്ച
അളവറ്റ ഉപ്പുനീരുമായി അവൾ അതു കേട്ടുകൊണ്ടിരുന്നു. ജീവിതം അവളെ വാശിയോടെ
തോൽപ്പിയ്ക്കുകയായിരുന്നുവല്ലോ അന്നും ഇന്നും …….എല്ലാ കാലത്തും.
‘വേണു മക്കളെ
കണ്ടുവോ എന്നു അറിയാനായിരുന്നു……‘ അവളുടെ ശബ്ദം ഇടറി, ‘പെറ്റമ്മയല്ലേ ഞാൻ? കാണാതെ ഭ്രാന്തു പിടിയ്ക്കുന്നതു പോലെ ………‘
‘പെറ്റില്ലെങ്കിലും
കാണാൻ തോന്നുമെടൊ, എനിയ്ക്ക് തന്നെ കാണാൻ തോന്നാറുണ്ടല്ലോ. താൻ സമാധാനിയ്ക്ക്, എല്ലാറ്റിനും ഒരു വഴിയുണ്ടാവും.‘
വേണുവിനെ കെട്ടിപ്പിടിച്ച് കണ്ണീരിന്റെ
അവസാനത്തുള്ളിയും വാർന്നു പോകുന്നതു വരെ ഉറക്കെയുറക്കെ കരയുവാൻ അവൾ ആഗ്രഹിച്ചു.
പക്ഷെ, ………. നാവിനെ
മാത്രമല്ല, സങ്കൽപ്പങ്ങളെയും
സ്വപ്നങ്ങളേയും ആശകളേയും കടിച്ചു തുപ്പിക്കളയുവാനുള്ള പ്രാപ്തിയും അനുഗ്രഹവും കൂടി
അവൾക്ക് ഇക്കാലം സ്വന്തമായിക്കഴിഞ്ഞിരുന്നു.
വേണു വാച്ചിൽ നോക്കി എണീറ്റു, ‘തനിയ്ക്ക് എന്താവശ്യമുണ്ടെങ്കിലും വിളിയ്ക്കാം. ഞാൻ ജീവിച്ചിരിയ്ക്കുമ്പോൾ
തനിയ്ക്കാരുമില്ലെന്ന് കരുതി വേദനിയ്ക്കരുത്. തന്റെ സമരങ്ങളില്‍ നമ്മൾ ഒന്നിച്ചാണ് ‘ ഒരു സൈനികന്റെ ചടുലമായ ചലനങ്ങളോടെ, സൌഹൃദത്തിന്റെ കൊടിയുയർത്തി വീശി, വാത്സല്യവും സ്നേഹവും വഴിഞ്ഞൊഴുകുന്ന നോട്ടത്താൽ
അവളെ തലോടിക്കൊണ്ട് വേണു ജീപ്പിൽ കയറി.
-----------------------------------
വർഷങ്ങൾക്ക് ശേഷം, തീർഥാടനത്തിനു കേൾവി കേട്ട അമ്പലത്തിൽ ഗരുഡൻ തൂക്കം
കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു അവൾ.
ഭസ്മത്തിന്റെ ഗന്ധം
അന്തരീക്ഷമാകെ പരന്നിരുന്നു. അനേകം
തൊണ്ടകളില് നിന്ന് വിവിധ തരം
നാമജപങ്ങള് നിലയ്ക്കാതെ
ഉയരുന്നുണ്ടായിരുന്നു.
ശരീരത്തിലുറപ്പിച്ച കൊളുത്തുകളിൽ തൂങ്ങി
ആകാശത്തുയർന്ന് നിൽക്കുന്ന തീവ്ര ഭക്തരായ തീർത്ഥാടകരെ, ശുന്യമായ മിഴികളോടെ വീക്ഷിയ്ക്കുന്ന വൃദ്ധയെ അവൾക്ക്
നല്ല പരിചയം തോന്നി.
അത് ഉഷയായിരുന്നു. തലമുടി നരച്ചു നിരന്ന് നീരു
വെച്ച കാലുകളുമായി ………….കാഴ്ചയിൽ പരവശയെങ്കിലും അഭിജാത. അപകടത്തിൽ മരണപ്പെട്ട സൈനികന്റെ വിധവ, ഉയർന്ന ജോലിക്കാരനായ മകന്റെ അമ്മ, തറവാടിയായ മാന്യ സ്ത്രീ.
മരിയ്ക്കുന്നതിന് അര മണിക്കൂർ മുൻപ് വേണു അവളെ
വന്നു കണ്ടുവെന്നും അവസാനമായി വേണു എഴുതിയ
അക്ഷരങ്ങൾ സ്വന്തം പക്കലുണ്ടെന്നും ഉഷയോട്
പറയുവാൻ അവൾക്ക് ധൈര്യം വന്നില്ല. കാരണം സങ്കോചമില്ലാതെ ഉഷയെ സമീപിയ്ക്കാനുള്ള
സല്പേരോ ചെളികള്‍ കഴുകിക്കളഞ്ഞ് വേണുവിന്റെ അടുത്ത സുഹൃത്തായിത്തീരാനുള്ള പുരുഷത്വമോ
ഇപ്പോഴും അവൾക്ക് കിട്ടി ബോധിച്ചിരുന്നില്ലല്ലോ.
32 comments:
അതീവ രചനാവൈഭവം കൊണ്ട് മനോഹരമാക്കിയ സുന്ദരമായ കഥ.
ഒന്നുരണ്ടു വരികളിലൂടെ ഓരോ കാലവും വിശദമായി പറയാന്‍ ഉപയോഗിച്ച ബാല്യകാലങ്ങളിലെ ഒരിക്കലും മറക്കാത്ത കളിപ്പാട്ടുകളുടെ വരികളിലൂടെ ഒരു പുത്തന്‍ അനുഭവമാക്കി കഥയുടെ വായന. സന്തോഷവും ഉന്മേഷവും നിറഞ്ഞ ബാല്യകാലങ്ങളിലൂടെ സഞ്ചരിച്ച് ജീവിതത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ ഒറ്റപ്പെടെണ്ടി വരുന്ന നായികയുടെ മനസ്സ് വായനാവസാനം വിഷമിപ്പിക്കുന്നുവെങ്കിലും വായന സമ്മാനിച്ച സുഖത്തില്‍ നിന്നും പുറത്ത് കടക്കാന്‍ പ്രയാസം തന്നെ. നാലു മനസ്സുകളെ അതിന്റെ ചാരുതയോടെ ഭദ്രമായി അവതരിച്ചപ്പോള്‍ കഥ അസ്സലായി.
nte changayikkutti....namovaakam.
ബാല്യകാല സൂഹൃത്ത് കഥയിലെ പോലെ എത്രയോ അനുഭവങ്ങള്‍ ആശംസകള്‍
കൊഴിഞ്ഞു വീണുപോയ ഓരോ അവസ്ഥകളും അതാതിന്റെ സീമകളിൽ നിന്നും വ്യതിചലിക്കാതെ വായനക്കാരുടെ ഹൃദയത്തിലേക്ക് പെറുക്കി പെറുക്കി വച്ച് എന്നെന്നും ഓർമ്മിക്കാനോ ഒരു നീറ്റലായി അവസാനിപ്പിക്കാനോ ഉള്ള എഛ്മുവിന്റെ ശ്രമം ഒരു കഴിവ് തന്നെ. വല്ലാതെ മനസ്സിൽ തട്ടിയ കഥ. ആശംസകൾ...
വാത്സല്യവും സ്നേഹവും വഴിഞ്ഞൊഴുകുന്ന നോട്ടത്താൽ അവളെ തലോടിക്കൊണ്ട് വേണു ജീപ്പിൽ കയറി.
വാത്സല്യവും സ്നേഹവും വഴിഞ്ഞൊഴുകുന്ന ഒരു മനോഹരകഥ!
വല്ലാതെ സങ്കടം വരുന്ന പോലെ. കഥ ഇടയ്ക്കിടെ മൂളുന്ന കുട്ടിപ്പാട്ടുകളെല്ലാം ഞാനും പാടിക്കളിച്ചിട്ടുണ്ട്. നല്ല ക്രാഫ്റ്റ്, ഏതു ദാരിദ്രാ വസ്ഥയിലും പെണ്ണിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന എഴുത്ത്.ആശംസകൾ!
പല മനസ്സുകളും, പല കാലങ്ങളും ഭദ്രമായി കോര്‍ത്തിണക്കി മനോഹരമാക്കിയ എഴുത്ത്...
ഇതും മനോഹരം.
മനോഹരം :)
പ്രണാമം .....
വളരെ ഇഷ്ടായി കഥ..
മനോഹരമായ് എഴുതി..
വായിച്ചൂട്ടോ, സദാചാരത്തില്‍ എല്ലാവരും ജനിക്കുകയും ജീവിക്കുകയും ചെയ്യട്ടെ ല്ലേ
Amazing talent...!
Congratulations and Thanks a lot.
കഥ എനിക്കിഷ്ടപ്പെട്ടു.
അതീവ ഹൃദ്യമായിരിക്കുന്നു അവതരണം.
ഞാനാണെങ്കില്‍ "തന്റെ സമരങ്ങളില്‍ നമ്മൾ ഒന്നിച്ചാണ് ‘ ഒരു സൈനികന്റെ ചടുലമായ ചലനങ്ങളോടെ, സൌഹൃദത്തിന്റെ കൊടിയുയർത്തി വീശി, വാത്സല്യവും സ്നേഹവും വഴിഞ്ഞൊഴുകുന്ന നോട്ടത്താൽ അവളെ തലോടിക്കൊണ്ട് വേണു ജീപ്പിൽ കയറി."ഈ ഘട്ടത്തില്‍ നിര്‍ത്തുമായിരുന്നു.
ആശംസകള്‍
ഇഷ്ടപ്പെട്ടു , ഭാവുകങ്ങൾ
എച്ച്മു,,, അവനെ കാണാൻ എനിക്ക് കൊതിയാവുന്നു,,, വെറുതെയൊന്ന് കാണാൻ,,,
ഇപ്പോൾ എങ്ങനെ ആയിരിക്കും?
മനോഹരമായ ഒരു കഥ, ചേച്ചീ... ഇഷ്ടമായി
വളരെ നന്നായിരിക്കുന്നു.
മറക്കുക.പഴയതൊക്കെ മറന്നു ഇന്നിന്റെ യഥാര്‍ത്ഥ്യത്തില്‍ ജീവിക്കുക.നന്മ വരും.
പലയിടത്തും ഞെട്ടിച്ചു കളഞ്ഞ എഴുത്ത്.കഥയും ചില യാഥാര്‍ഥ്യവും ഇഴചേര്‍ന്ന് നില്ക്കുന്നു വായനക്കൊടുവില്‍ .
valare manoharam...
valare manoharam...
ഇവിടെ എത്താൻ വൈകിയോ? ഒരു വിങ്ങലായി ഈ കഥ..
നല്ല കഥ ചങ്ങാതീ.............. ആശംസക്കൾ...
കുറെ നാളായി ഇത് വഴി വന്നിട്ട്.. വന്നപ്പോള്‍ നല്ല ഒരു കഥ വായിക്കാന്‍ പറ്റി.
വളരെ നന്നായി എഴുതിയിരിക്കുന്നു എച്ച്മു ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥാന്തരങ്ങള്‍ അതി സമര്‍ത്ഥമായി കൂട്ടിയിണക്കിയിരിക്കുന്നു.... അവസാന വരികള്‍ വല്ലാതെ നോവിച്ചു... ഭാവുകങ്ങള്‍!
കാലങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള എഴുത്ത് മനോഹരം. ബാല്യകാലത്തെ ഓര്‍മ്മിപ്പിക്കാനായി വരച്ച പാട്ട് വരികള്‍ വളരെ അനുയോജ്യം. എത്ര മനോഹരം ഈ എഴുത്തെന്ന് പറയാന്‍ വാക്കുകളില്ല.
ബാല്യം തൊട്ട് ഇന്ന് വരെ ജീവിതം അവളെ വാശിയോടെ തോൽപ്പിയ്ക്കുകയായിരുന്നുവല്ലോ അന്നും ഇന്നും …….എല്ലാ കാലത്തും. !
വീണ്ടും എച്മുവിന്റെ തൂലികയിൽ
നിന്നും വീണ്ടും മനോഹരമായ ഒരു കഥ...!
എഴുത്തിൽ മിന്നിമറയുന്ന എന്തൊക്കെയോ വേദനകൾ
എത്ര നല്ല അവതരണം ,,,,,,, ഭാവുകങ്ങൾ
പെണ്ണ് എന്നും എവിടെയും സാഹചര്യങ്ങൾക്ക് അടിമയാണല്ലോ
‘നമ്മൾ എന്നാടോ വെറും ആണും പെണ്ണും മാത്രമായി അധ:പതിച്ചു പോയത്?’
മഹത്തരമായ ചോദ്യം.!!
ലേറ്റസ്റ്റ് പോസ്റ്റ് തുടര്‍ക്കഥയുടെ ഒമ്പതാം ഭാഗം വായിച്ചു... തുടക്കം തൊട്ട് വായിക്കണമെന്നു കരുതി പുറകോട്ട് ചികയാന്‍ തുടങ്ങി... പക്ഷേ... തുടക്കം കണ്ടു പിടിക്കാന്‍ എളുപ്പമല്ല... ഒരേ പേരായിരുന്നെങ്കിലോ ഭാഗങ്ങൾക്ക് 1, 2, 3 എന്നിങ്ങനെ നംമ്പറിട്ടിരുന്നെങ്കിലോ എന്നെപ്പോലെ പുതിയ വായനക്കാര്‍ക്ക് സഹായകരമാകുമായിരുന്നൂ....
ഈ കഥ (ചങ്ങാതി) വായിച്ച് 3 ദിവസം മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥമായിരുന്നു..
Echmuu..
Vallatha oru nombaram tharunnu Echmoonte Changathi.
Ithinullil evideyo enteyum kuttikkaalam..
Post a Comment