Echmu Kutty
Padmashree Nair
‘ ഒരു ചിന്ന ഗെറ്റ് ടുഗെദര്‍ , ചിത്തി കണ്ടിപ്പാ വരണം’ എന്നായിരുന്നു അരുമയുള്ള കൊഞ്ചലില്‍ ആ ക്ഷണം.
വിളിച്ചത് കൂട്ടുകാരിയുടെ മകളാണ്. പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കൂട്ടുകാരിയാണെങ്കിലും വയസ്സിനു മൂത്ത ആ കഠിനാധ്വാനിയോട് എനിക്ക് വലിയ ബഹുമാനമാണ്. തകര്‍ന്നു തരിപ്പണമായിപ്പോയ ജീവിതത്തെ ഓരോ കല്ലായി പെറുക്കിയടുക്കി കെട്ടിടമുയര്‍ത്തുന്നതു പോലെ ശരിയാക്കി കൊണ്ടു നടന്നതെങ്ങനെയെന്ന് ഞാന്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയിട്ടുണ്ട്.
മദ്യത്തിന്‍റെ ഗുണങ്ങളേയും മദ്യപന്‍റെ അവകാശങ്ങളേയും മദ്യപന്‍ എന്ന പാവത്താനേയും സര്‍ക്കാറും പൊതു സമൂഹവും ഒന്നിച്ചു ചേര്‍ന്ന് മദ്യപരോട് ചെയ്യുന്ന അതിക്രമങ്ങളേയും പറ്റി സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ കേട്ടും വായിച്ചും മനസ്സിലാക്കുമ്പോഴെല്ലാം ഞാന്‍ രുഗ്മിണിയെയും അവളുടെ ചുമ്മാ തൂവിപ്പോയ ജീവിതത്തേയും ഓര്‍ക്കും.
പതിനേഴു വയസ്സില്‍ കല്യാണം കഴിച്ച് ഭര്‍തൃഗൃഹത്തില്‍ വന്നത് എത്ര സങ്കല്‍പങ്ങളോടെയും ആശകളോടെയുമാണെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു.
ചെന്നൈയിലെ മൈലാപ്പൂര്‍ ഭാഗം മുഴുവന്‍ സ്വന്തം പേരിലാക്കണം ,
കല്യാണ്‍ ജുവല്ലറിയിലെ സ്വര്‍ണം മുഴുവന്‍ വാങ്ങി മാറിമാറി ധരിക്കണം,
കാഞ്ചീപുരത്ത് നെയ്യുന്ന പട്ടുസാരികളെല്ലാം അലമാരിയില്‍ അടുക്കി വെയ്ക്കണം,
റോക്കറ്റില്‍ കയറി ചന്ദ്രനില്‍ പോകണം,
അങ്ങനെ സാക്ഷാത്കരിക്കാന്‍ ഒരു വഴിയുമില്ലാത്ത ആശകളും ആര്‍ത്തികളുമൊന്നുമല്ല രുഗ്മിണിക്കുണ്ടായിരുന്നത്. ഭര്‍ത്താവിന്‍റെ കൈയും പിടിച്ചിരുന്ന്, ആ തോളില്‍ തല ചായിച്ച് പ്രണയ സിനിമകള്‍ കാണണം, നിലാവുള്ള രാത്രികളില്‍ ഭര്‍ത്താവോടിക്കുന്ന വാഹനത്തില്‍ കയറി യാത്ര ചെയ്യണം, ഭര്‍ത്താവിന്‍റെ കൂടെ ഹോട്ടലില്‍ പോയി ആഹാരവും ഐസ് ക്രീമും കഴിക്കണം അങ്ങനെയൊക്കെ..
പതിനേഴു വയസ്സിന്‍റെ കുട്ടിമോഹങ്ങള്‍ ...
ജീപ്പും കാറും കുറെ വേലക്കാരും ഒക്കെയുള്ള വീടായിരുന്നു അത്. രുഗ്മിണിയുടെ വീട്ടില്‍ കാര്യങ്ങളെല്ലാം ഒരു മാതിരി നടന്നു പോകുമെന്നല്ലാതെ അത്ര അധികം പണം നീക്കിയിരിപ്പുണ്ടായിരുന്നില്ല. അസാധാരണ വശ്യതയുള്ള സൌന്ദര്യവും പത്തു പൊരുത്തവും തികഞ്ഞ ജാതകവുമായതുകൊണ്ടാണ് ധനികരുടെ വീട്ടില്‍ മരുമകളാവാന്‍ കഴിഞ്ഞതു തന്നെ.
മദ്യമായിരുന്നു മുപ്പതുകാരനായ ഭര്‍ത്താവിന്‍റെ ഏറ്റവും അടുത്ത ബന്ധു. കല്യാണം കഴിപ്പിച്ചാല്‍ ഒക്കെ നേരേയാവുമെന്നത് നമ്മുടെ ഒരു പൊതുവിശ്വാസമാണല്ലോ. അങ്ങനെ അപ്പാവിനും അമ്മയ്ക്കും ഗുരുക്കന്മാര്‍ക്കും വാധ്യാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും അതുവരെ നേരേയാക്കാന്‍ പറ്റാത്ത ഒരാളെ നേരെയാക്കേണ്ട ചുമതല പതിനേഴു വയസ്സില്‍ തന്നെ രുഗ്മിണിയുടെ ചുമലിലായി.
അയാള്‍ ഒട്ടും നേരെയായില്ല.
രുഗ്മിണിക്ക് ഒരു മകള്‍ ജനിച്ചുവെന്നതാണ് ആ കല്യാണത്തിന്‍റെ ഒരേയൊരു ഫലം.
മദ്യം അയാളെ കുടിക്കുകയായിരുന്നതുകൊണ്ട് പറമ്പുകളും പാടങ്ങളും ബാങ്ക് ബാലന്‍സും ജീപ്പുമൊക്കെ പടിയിറങ്ങിപ്പോകുന്നത് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അയാളുടെ അപ്പാവും അമ്മയും ഈ ലോകത്തില്‍ നിന്ന് യാത്ര പറഞ്ഞതോടെ സഹോദരങ്ങള്‍ക്കും അയാളുടെ കുത്തഴിഞ്ഞ ജീവിതത്തില്‍ താല്‍പര്യമില്ലാതായി.
മദ്യം ധനത്തെ മാത്രമല്ല അയാളുടെ എല്ലാ ബന്ധങ്ങളേയും കുടിച്ചു വറ്റിച്ചുകൊണ്ടിരുന്നു.
രുഗ്മിണി ബാങ്കില്‍ നിന്ന് കടമെടുത്ത് ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നു. കടമടയ്ക്കാനായി ,മകളെ വളര്‍ത്തി വലുതാക്കാനായി രാവും പകലും സ്ത്രീകളുടെ മുടി വെട്ടി, നഖങ്ങള്‍ വെടിപ്പാക്കി, മുഖത്തും തലയിലും ദേഹത്തുമെല്ലാം പലതരം ക്രീമുകളിട്ടുഴിഞ്ഞു, തലമുടിയില്‍ ചായം തേപ്പിച്ചു, അനാവശ്യരോമങ്ങള്‍ നീക്കിക്കൊടുത്തു, മസ്സാജ് ചെയ്തു. വധുവിനെ ഒരുക്കാന്‍ പോയി, തുന്നല്‍പ്പണികള്‍ ചെയ്തു.. ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി ഉണ്ടാക്കി... ആം വേയുടേയും ടപ്പര്‍ വെയറിന്‍റേയും വില്‍പന നടത്തി..
ഭര്‍ത്താവ് മദ്യത്തില്‍ നീന്തിത്തുടിച്ചും മുങ്ങി നിവര്‍ന്നും കാലം കഴിച്ചു. ആവശ്യമുള്ളപ്പൊഴൊക്കെ ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന് ബഹളം വെച്ചു. രുഗ്മിണിയെ തല്ലി, സാധനങ്ങള്‍ അടിച്ചു പൊട്ടിച്ചു. ആരെങ്കിലും രുഗ്മിണിയുടെ ഭാഗം പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ‘ദേ, ഞാനിവളെ വില്ക്കുകയാ .. ആര്‍ക്ക് വേണമെങ്കിലും വാങ്ങാം.. നൂറു രൂപ ഒരു തരം നൂറു രൂപ രണ്ടു തരം ’ എന്നൊക്കെ വിളിച്ചു കൂവി.
അങ്ങനെ വില്‍പനച്ചരക്കായി ലേലം വിളിക്കപ്പെട്ടിട്ടും രുഗ്മിണി തളര്‍ന്നില്ല. ജോലി ചെയ്യാതിരുന്നില്ല. മകളെ ശ്രദ്ധിക്കാതിരുന്നില്ല.
ബന്ധുക്കള്‍ പറഞ്ഞു. ‘ അവള് തന്‍റേടക്കാരിയാ.. കാണാനും കൊള്ളാം. പിന്നെന്താ അവള്‍ക്ക് കഴിയാന്‍ ബുദ്ധിമുട്ട്? ‘
‘ഭാര്യ വിചാരിച്ചാ ഭര്‍ത്താവിന്‍റെ കുടി നിറുത്താന്‍ വല്ല പ്രയാസവുമുണ്ടോ? അപ്പോ അവള്‍ക്കതില്‍ താല്‍പര്യമില്ല.’
‘അതെങ്ങനെയാ ? അവള്‍ക്ക് ഓടിപ്പാഞ്ഞ് അഴിഞ്ഞാടി നടക്കാന്‍ പറ്റ്വോ അയാള് കുടി നിറുത്തി അവളോട് കുടുമ്മത്തിരിക്കാന്‍ പറഞ്ഞാല്‍... ‘
അങ്ങനെ മദ്യപിച്ച് മദ്യപിച്ച് അയാള്‍ ഒരു ദിവസം വല്ലാതെയങ്ങ് ഉറങ്ങിപ്പോയി.. എണീക്കാന്‍ പറ്റാത്ത ഉറക്കം.
രണ്ടു മുറി വാടക വീട്ടില്‍ അയാളുടെ ശവശരീരത്തിനരികില്‍ രുഗ്മിണി കല്ലു പോലെ ഇരിക്കുന്നതു കണ്ട് എല്ലാവരും അവളുടെ മനക്കട്ടിയെ പുലഭ്യം പറഞ്ഞു.
‘ അവള് വല്ല വെഷോം കൊടുത്തിട്ടുണ്ടാവും. അല്ലാണ്ട് ഇങ്ങനെ ഇരിക്കാന്‍ കഴിയ്വോ? ഒന്നൂല്യങ്കിലും അവള്‍ടെ കൊച്ചിന്‍റെ തന്ത്യല്ലേ? ഒന്നു ഒറക്കെ കരഞ്ഞൂടെ അവള്‍ക്ക് ‘
‘ ശവം പോസ്റ്റ് മോര്‍ട്ടം ചെയ്യണം ‘ അത് ആരുടെ ആവശ്യമായിരുന്നു എന്നറിഞ്ഞില്ല, പെട്ടെന്ന് ആ ആവശ്യത്തിനു ചൂടു പിടിച്ചു. തിരിയിട്ട് കത്തിച്ച നാളികേര വിളക്കുകള്‍ക്കിടയില്‍ ദര്‍ഭപ്പുല്ലിന്മേല്‍ ശാന്തമായി കിടന്നിരുന്ന അയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മരണമറിഞ്ഞെത്തിയ ബന്ധുക്കള്‍ എല്ലാവരും സന്നദ്ധരായി.
രുഗ്മിണി അപ്പോഴും കല്ലു പോലെ ഇരുന്നു.
പോസ്റ്റ് മോര്‍ട്ടത്തില്‍ ഒന്നും തെളിഞ്ഞില്ല. മദ്യപിച്ച് കരള്‍ ഇല്ലാതായി, കിഡ്നി തകര്‍ന്നു, പിന്നെ വളരെ കഷ്ടപ്പെട്ട് ഓടിയിരുന്ന ഹൃദയവും പതുക്കെ നിലച്ചു.
മകള്‍ നല്ല പോലെ പഠിക്കുന്ന കുട്ടിയായിരുന്നു. അവള്‍ എന്‍ജിനീയറിംഗ് പഠിച്ചു. ക്യാമ്പസ് സെലക് ഷനില്‍ ജോലിയും നേടി. അവളെ സ്നേഹിക്കാനും വിവാഹം കഴിക്കാനും തയാറായി കോളേജിലെ സീനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ വരികയും ചെയ്തു.
രുഗ്മിണിക്കൊപ്പം അവളൂടെ അനിയത്തിയെന്ന പോലെ ആ ചെറുപ്പക്കാരന്‍റെ വീട്ടില്‍ ഞാനും പോയി വന്നു. എനിക്ക് വലിയ ആഹ്ലാദമുണ്ടായി. ആ വീട്ടിലുള്ളവര്‍ തികഞ്ഞ മാന്യതയോടെയാണ് ഉയര്‍ന്ന സംസ്ക്കാര സമ്പന്നതയോടെയാണ് പെരുമാറിയത്. ചെറുക്കന്‍റെ വീടു കാണാന്‍ ചെന്ന ഞങ്ങള്‍ രണ്ടു സ്ത്രീകളെ സ്വീകരിച്ച് ‘ നിങ്ങളുടെ വീട്ടില്‍ ആണുങ്ങളാരുമില്ലേ? നിങ്ങള്‍ക്ക് കൂടെ വരാന്‍ മറ്റു ബന്ധുക്കളൊന്നുമില്ലേ’ എന്നും മറ്റുമുള്ള വേദനിപ്പിക്കുന്ന, അനാഥത്വം തോന്നിപ്പിക്കുന്ന ചോദ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചില്ല.
തിരിച്ചു വരുമ്പോള്‍ രുഗ്മിണി ബസ്സിലിരുന്നു പൊട്ടിക്കരഞ്ഞു. എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. രുഗ്മിണിയുടെ തഴമ്പ് വീണ പരുപരുത്ത കൈകള്‍ അമര്‍ത്തിപ്പിടിച്ചു ഞാന്‍ വെറുതെ ഇരുന്നു.
മകളുടെ പിറന്നാളോ , അല്ലെങ്കില്‍ ആദ്യമായി അവള്‍ക്ക് ശമ്പളം കിട്ടിയതോ അങ്ങനെ എന്തിനെ ങ്കിലുമാവും ഗെറ്റ്ടുഗദര്‍ എന്നായിരുന്നു എന്‍റെ വിചാരം.
അധികം ആരും ഉണ്ടായിരുന്നില്ല.
മകളുടെ വരനും അവന്‍റെ അച്ഛനമ്മമാരും ഉണ്ടായിരുന്നു.
രുഗ്മിണി ഭംഗിയായി അണിഞ്ഞൊരുങ്ങിയിരുന്നു. ആ മുഖത്ത് അല്‍പം ലജ്ജയോ ജാള്യതയോ അങ്ങനെ എന്തോ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു. എന്നാലും അണിഞ്ഞൊരുങ്ങി സുന്ദരിയായി കാണപ്പെട്ട രുഗ്മിണിയെക്കണ്ട് എനിക്ക് അല്‍ഭുതവും ആഹ്ലാദവും തോന്നി.
മകളാണ് വിവരം പറഞ്ഞത്.
‘ അമ്മയെ ഞാന്‍ വിവാഹം കഴിപ്പിച്ചു ചിത്തി. ജോലിയും കല്യാണവുമെല്ലാമായി ഞാന്‍ ഇവിടുന്നു താമസം മാറ്റിപ്പോവും. അപ്പോ ഷി വില്‍ ബി ആള്‍ എലോണ്‍. അമ്മയുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ വിവാഹം കഴിക്കേണ്ടെന്നാണ് ഞാന്‍ തീരുമാനിച്ചത്. അത് ഇവര്‍ക്കെല്ലാവര്‍ക്കും ശരിക്കും ബോധ്യമായി. ‘
ഞാന്‍ ആ ചെറിയ പെണ്‍കുട്ടിയുടെ കരം കവര്‍ന്നു.
‘ നെറ്റു വഴിയാണ് എല്ലാം ശരിയായത്. അദ്ദേഹത്തിന്‍റെ ആദ്യ കല്യാണമാണ്. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ്.’
‘ഹി വില്‍ ബി ഹിയര്‍ അറ്റ് എനി മോമെന്‍റ്. ഹി ഈസ് ഓണ്‍ ദ വേ’ രുഗ്മിണിയുടെ ഭാവി ജാമാതാവായിരുന്നു അത് . ഒന്നു നിറുത്തീട്ട് അവന്‍ തുടര്‍ന്നു. ‘ അമ്മ അങ്ങനെ തനിച്ചാവാന്‍ പാടില്ല. അമ്മയുടെ ജീവിതത്തിലെ ഒരു മോഹവും ഇന്നു വരെ സാധിച്ചിട്ടില്ല. അമ്മയ്ക്കുമില്ലേ മോഹങ്ങള്‍..‘
ഞാന്‍ രുഗ്മിണിയെ കെട്ടിപ്പിടിച്ചു. പിന്നെ മകളേയും അവളുടെ വരനേയും...