ഞങ്ങള്‍ ഒരു പോസ്റ്റ് മാസ്റ്ററൂടെ മക്കളാണ്, അങ്ങനെ ഒരിക്കലും അറിയപ്പെട്ടിട്ടില്ലെങ്കിലും. കാരണം പോസ്റ്റ്മാസ്റ്റര്‍ ഞങ്ങളുടെ അമ്മയായിരുന്നു. ഡോക്ടറായ അച്ഛനുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ ഡോക്ടറുടെ മക്കളായി മാത്രമേ അറിയപ്പെട്ടുള്ളൂ.
പതിനെട്ട് വയസ്സില്‍ ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിക്ക് ചേര്‍ന്ന് കഴിഞ്ഞിരുന്നു അമ്മ, ഗ്രാജുവേഷന്‍റെ റിസല്‍റ്റ് പുറത്തും വരും മുമ്പേ ... (അമ്മയ്ക്ക് ഡബിള്‍ പ്രമോഷന്‍ കിട്ടിയിരുന്നു. അതുകൊണ്ട് രണ്ട് വര്‍ഷം നേരത്തെ പഠിത്തം കഴിഞ്ഞു) പിന്നീട് നാല്‍പതുകൊല്ലം അവര്‍ ആ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തു. പ്രമോഷനും സ്ഥലം മാറ്റവും വരാതിരിക്കാന്‍ വേണ്ടി വകുപ്പ് തല പരീക്ഷകള്‍ എല്ലാം അമ്മ ഒഴിവാക്കി. കുറെ വര്‍ഷങ്ങള്‍ മുടക്കമില്ലാതെ ജോലി ചെയ്താല്‍ നിവൃത്തികേടോടെ അതത് വകുപ്പുകള്‍ കെട്ടിയേല്‍പിക്കുന്ന ഓട്ടോമാറ്റിക് പ്രമോഷന്‍ മാത്രമേ അമ്മയ്ക്ക് കിട്ടിയിട്ടുള്ളൂ. മക്കളുടെ പഠിത്തം, അവരുടെ സുഖസൌകര്യങ്ങള്‍, വീട് നോക്കാന്‍ ആരുമില്ലാതാകുമല്ലോ എന്ന ആധി ... അങ്ങനെ കരിയര്‍ എന്നത് സ്ത്രീയെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ട ഒന്നല്ലല്ലോ, കുടുംബമല്ലേ പ്രധാനം എന്ന നിലപാടില്‍, കരിയറിലോ ഹോബിയിലോ ഒന്നും പ്രോല്‍സാഹിപ്പിക്കാന്‍ ആരുമില്ലല്ലോ എന്ന പരമ സത്യത്തില്‍ അമ്മ എന്നും പോസ്റ്റ് ആന്‍ഡ് റ്റെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ താഴെത്തട്ടിലെ ഒരു ജീവനക്കാരിയായി തുടര്‍ന്നു. അമ്മയേക്കാള്‍ ജൂനിയര്‍ ആയവരും, പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞവരും ഒക്കെ വകുപ്പ് തല പരീക്ഷകളില്‍ വിജയിച്ച് മേലുദ്യോഗസ്ഥരായി വരികയും അമ്മ ചിലപ്പോഴൊക്കെ ഓഫീസിലും തീര്‍ച്ചയായും സ്വന്തം കുടുംബത്തിലും നിസ്സാരമായ ക്ലാര്‍ക്ക് ജോലിയുടെ പേരില്‍ നിശിതമായി അപഹസിക്കപ്പെടുകയും ചെയ്തു. അമ്മയുടെ കൃത്യമായ വരുമാനം തുച്ഛമെന്ന് എണ്ണപ്പെട്ടു. അമ്മയുടെ നൂറു മാര്‍ക്കുള്ള മാത് മാറ്റിക്സ് ഡിഗ്രിയും അതിനു ലഭിച്ച സ്വരണമെഡലുമൊന്നും ആരും ഒരിടത്തും ഒരുകാലത്തും പരാമര്‍ശിച്ചില്ല... പ്രശംസിച്ചില്ല. ഒന്ന് ഓര്‍മ്മിച്ചതു കൂടിയില്ല.
തപാല്‍ വകുപ്പില്‍ ചില്ലറയായി ഔട്ട്സോഴ്സിംഗ് തുടങ്ങിയപ്പോഴേ അതായത് ഇന്‍ലന്‍ഡും കാര്‍ഡും കവറുമൊക്കെ വ്യക്തികള്‍ക്ക് വില്‍പന നടത്താന്‍ അനുവാദം കിട്ടിത്തുടങ്ങിയപ്പോഴേ, കൊറിയര്‍ കമ്പനികള്‍ സ്വന്തം സാന്നിധ്യം അറിയിച്ചു തുടങ്ങിയപ്പോഴേ കരാര്‍ ജോലിക്കാരായി ഇ ഡി പായ്ക്കര്‍മാരെ നിയമിച്ചു തുടങ്ങിയപ്പോഴേ ' അമ്മയുടെ ജോലി ഇപ്പോ പോകുമെന്ന് ദാ , ഇപ്പോ പൂട്ടും പോസ്റ്റ് ഓഫീസെന്ന് ‘ ഉള്ള നിസ്സാരമാക്കല്‍ വീട്ടിലെ ഒരു സ്ഥിരം പതിവായിരുന്നു. ഒരാളുടെ ജോലി നഷ്ടപ്പെടുമെന്ന് പറയുന്നത് എത്ര വലിയ ക്രൂരതയാണെന്ന് അന്ന് മനസ്സിലായതിലുമധികം നന്നായി ഇന്നെനിക്ക് മനസ്സിലാവും.. അമ്മ ആ സങ്കടവും ആധിയുമൊന്നും ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ല.
അമ്മ ജോലി ചെയ്തിട്ടുള്ള പല പോസ്റ്റ് ഓഫീസുകളുടേയും വരാന്തകളില്‍ ഞങ്ങള്‍ ഒരുപാട് സമയം ചെലവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഒട്ടിക്കാന്‍ വെയ്ക്കുന്ന കറുത്തതും വെളുത്തതുമായ പശ തിക്കുംപൊക്കും സൂക്ഷിച്ച്, നക്കി നോക്കിയിട്ടുണ്ട്. കിടി കിടി എന്ന് അടിക്കുന്ന റ്റെലഗ്രാമിന്‍റെ മോഴ്സ്കോഡ് ചെറുപ്പത്തിലേ മനസ്സിലാക്കീട്ടുണ്ട്. സ്പീഡ് പോസ്റ്റ് ആ രംഭിച്ചപ്പോള്‍, രാവിലെ ഏഴു മണിക്ക് ഓഫീസിലെത്താന്‍ ധിറുതിപ്പെടുന്ന അമ്മയോട് ഇഡ്ഡലി വായില്‍വെച്ചു തരണമെന്ന് പറഞ്ഞ് വാശി പിടിച്ചിട്ടുണ്ട്. കാഷിന്‍റെ ചുമതലയുള്ള അമ്മയ്ക്ക് വൈകീട്ട് കണക്ക് വേഗം ടാലിയാവണേ, അമ്മയുടെ കൈയില്‍ നിന്ന് പണം നഷ്ടപ്പെടരുതേ എന്നൊക്കെ വിളക്ക് കത്തിച്ച് പ്രാര്‍ഥിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകള്‍ക്ക് പ്രത്യേകമായുള്ള ഒരു ഗന്ധം ഞങ്ങള്‍ക്ക് വളരെയേറെ ഹൃദ്യമായി തോന്നിയിട്ടുണ്ട്. ടാഗോറിന്‍റെ പോസ്റ്റ് മാസ്റ്റര്‍ എന്ന ചെറുകഥ വായിച്ചതിനുശേഷം അമ്മ ജോലി ചെയ്ത പോസ്റ്റ് ഓഫീസുകളെക്കുറിച്ച് ,അമ്മയുടെ സഹപ്രവര്‍ത്തകരെക്കുറിച്ച് ഒക്കെ എഴുതണമെന്ന് വിചാരിച്ചിട്ടുണ്ട്.
തപാല്‍ വകുപ്പിനോട് ഞങ്ങള്‍ മക്കള്‍ക്ക് ഒത്തിരി സ്നേഹവും ആദരവുമുണ്ട് , നന്ദിയുണ്ട്. മുട്ടാതെ മാമു കിട്ടിയതും പഠിക്കാന്‍ കഴിഞ്ഞതും തപാല്‍ വകുപ്പ് അമ്മയ്ക്ക് കൊടുത്ത ആ ‘നിസ്സാര’ വരുമാനത്തിലാണ്. എല്ലാ മാസവും ഒന്നാം തീയതി ആയാല്‍ അമ്മ ധനികയായിത്തീരുമായിരുന്നു. അന്ന് വൈകുന്നേരം ചായയ്ക്ക് അമ്മ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ ടീ കേക്ക് വാങ്ങിത്തരുമായിരുന്നു....
അമ്മയുടെ ആ ‘തുച്ഛ’ മായ പണം മാത്രമേ ഞങ്ങള്‍ മക്കള്‍ക്ക് എന്നും ലഭിച്ചുള്ളൂ. മറ്റ് ഉയര്‍ന്ന യാതൊരു വരുമാനത്തിനും ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും അര്‍ഹരായിരുന്നില്ല.
14 comments:
പതിവുപോലെ വളരെ ഹൃദ്യമായ എഴുത്ത് എച്മു ആന്റി.. അമ്മയ്ക്ക് എന്റെ സലാം :)
"അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നുവേണ്ടി മാത്രം"
അമ്മ ദീപ്തമായ ഓര്‍മ്മകള്‍...
ഇത് നേരത്തെ എഴുതിയിരുന്നോ എച്ച്മൂ...? മുമ്പെപ്പോഴോ വായിച്ച പോലെ
തൊടുന്നതെല്ലാം പൊ ന്നു തന്നെ.. മനസ്സിന്റെ ലോല പാളികളെ സ്പർശിക്കുന്ന വിവരണം... നന്ദി
Echmu veendum oru hrudyam aya...evedeyokkeyo thattunnu vakkukal. ..
എന്റെ വീട്ടിലെ കഥയ്ക്കും ചില സാമ്യതകളുണ്ട്. അമ്മയും അച്ഛനും പത്താം ക്ലാസ്സു വരേയേ പഠിച്ചുള്ളൂ. അമ്മ പതിനെട്ടു വയസ്സായപ്പോള്‍ ടെലിഫോണ്‍സില്‍ കയറി. വിവാഹം കഴിക്കുമ്പോള്‍ ഗ്രാമസേവകനായിരുന്ന അച്ഛനേക്കാള്‍ ടെലിഫോണ്‍ ഓപ്പറേറ്ററായിരുന്ന അമ്മയ്ക്കായിരുന്നു ശംബളം കൂടുതല്‍. അച്ഛന്‍ പിന്നീട് വകുപ്പുതല പരീക്ഷകളൊക്കെ പാസ്സായി വലിയ ഗസറ്റഡ് ആപ്പീസറായി. അമ്മയ്ക്ക് ആകെ കിട്ടിയത് രണ്ടു പ്രൊമോഷന്‍ - റിട്ടയര്‍ ആകുന്നതിന് പത്തു കൊല്ലം മുമ്പ് ജൂനിയര്‍ സൂപ്പര്‍വൈസര്‍, ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍വൈസര്‍. ബാക്കിയൊക്കെ വിറകു വെട്ടലും പാചകം ചെയ്യലും മൂന്നു പിള്ളേരുടെ തുണി കഴുകല്‍ തൊട്ട് പഠിപ്പിക്കല്‍ വരെയുള്ള കാര്യങ്ങളുമായി കഴിഞ്ഞു പോയി.
പക്ഷേ അമ്മയുടെ അടുത്ത് ആരുടേയും 'വിളച്ചില്‍' ഒന്നും ചിലവാകില്ലായിരുന്നു. മരിക്കുന്നതു വരെ സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ചു മാത്രമേ അമ്മ ജീവിച്ചിട്ടുള്ളൂ.
ശബളം കിട്ടുമ്പോള്‍ പോലും കടക്കാരായി കഴിയുന്നവരാണ് ഞങ്ങളില്‍ അധികവും പ്രവാസികള്‍. അതിനു മുന്‍പ് തന്നെ ശബളത്തുകയെക്കാള്‍ കടം വാങ്ങി അയച്ചിട്ടുണ്ടാകും.
അക്കാലത്തിന്റെ ഭാവങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
:-)
ഓരോ അമ്മമാരെപ്പറ്റി വായിക്കുമ്പോഴും ഞാൻ എന്റെ അമ്മയെ ഓർക്കും. 32 വയസ്സിൽ വിധവയായ, ദരിദ്രയായ അമ്മ വയലിലും പുരയിടങ്ങളിലും കൂലിപ്പണി ചെയ്ത് ആറുമക്കളെ പോറ്റിയ അമ്മ
അതെ ഭൂരിഭാഗം അമ്മമാരും ഇതുപോലൊക്കെ തന്നേയാണ്...
ഞങ്ങളുടെ അമ്മയും പോസ്റ്റ് മാസ്റ്ററായിരുന്നു.. ഇതേ അനുഭവങ്ങളിലൂടെ പിന്നിട്ട കഴിഞ്ഞകാലം ഓര്‍മ്മകളില്‍ തെളിയുന്നു...
എച്മു ആന്റി...എച്മുകുട്ടി ടച്ച്..അനുഭവമായാലും കഥയായാലും എനിക്ക് വളരെ ഇഷ്ടമാണ്..:)
എച്മുച്ചേച്ചീ.……………
നല്ല സ്നേഹം തോന്നുന്നു.
Post a Comment