Sunday, March 27, 2016

അവന്‍റേതല്ലാത്ത പിഴ.

https://www.facebook.com/echmu.kutty/posts/381831961996104

‘കുട്ടിയ്ക്ക് കേന്ദ്ര ഗവണ്മെന്‍റ് ഉദ്യോഗാണ് , ഐ എ എസ്സാണ് , ഡോക്ടറാണ് , ഒലക്കേടെ മൂടാണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല. നിങ്ങടെ വീട്ടില് ആകെ കൊഴപ്പാണ് ... അവിടെ ജാതീല്യ, മതല്യാ, മലയാളീം തമിഴനും, ബംഗാളീം, സായിപ്പും മദാമ്മേം.. ഇല്യാത്തത് ആരാ? അവിടെ നടക്കാത്തത് എന്താ?’
സംഭവം ശരിയാണ്.
കുടുംബത്തിലെ പുരുഷന്മാര്‍ മാത്രമല്ല, മിക്കവാറും സ്ത്രീകള്‍ കൂടിയും അഭ്യസ്തവിദ്യര്‍, ഉയര്‍ന്ന ശമ്പളം പറ്റുന്ന ജോലിക്കാരികള്‍… ഗ്രാമത്തിലാദ്യം ഗ്രാജുവേറ്റാവുകയും ഇന്ത്യാഗവണ്മെന്‍റിന്‍റെ ഉദ്യോഗം നേടുകയും ചെയ്ത മുത്തശ്ശി മുതലുള്ള സ്ത്രീകള്‍...
പലതരം മിശ്രവിവാഹങ്ങള്‍... വിവാഹ മോചനങ്ങള്‍.
അപ്പോള്‍ എങ്ങനെ ആലോചിക്കും ഒരു കല്യാണം..?
കാര്യം അവരവരുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്ത് മിശ്രവിവാഹമൊക്കെ നടന്നാലും അവരോടൊക്കെ അല്‍പസ്വല്‍പം കൂടിക്കലരുകയുമൊക്കെ ചെയ്താലും കുടുംബ താവഴിയിലുള്ളവര്‍ എല്ലാവരും സ്വന്തം സ്വന്തം കുടുംബത്തില്‍ മിശ്രവും മോചനവുമൊന്നും ഉണ്ടായിട്ടില്ലെന്ന് അഭിമാനിക്കുവാന്‍ ഇഷ്ടമുള്ളവര്‍ തന്നെയാണ് .
അപ്പുറത്തെ വീട്ടില്‍ മിശ്രവിവാഹം പുരോഗമനപരമാണെങ്കിലും നമ്മുടെ വീട്ടിലാവുമ്പോള്‍, അപ്പുറത്തെ വീട്ടില്‍ വിവാഹമോചനം സ്ത്രീ സ്വാതന്ത്ര്യമാണെങ്കിലും നമ്മുടെ വീട്ടിലാവുമ്പോള്‍... അതുകൊണ്ട് മിശ്രവിവാഹം, വിവാഹ മോചനം ഇതൊക്കെ നടന്നിട്ടുള്ള താവഴികളില്‍ നിന്ന് എങ്ങനെ കല്യാണം കഴിക്കും?
ശാദി ഡോട്ട് കോമിലും മലയാളി മാട്രിമോണിയിലും ഉള്ള നായന്മാരും മേനോന്മാരും ഈഴവരും പുലയരുമെന്നു വേണ്ട സ്വന്തമായി ജാതിയുള്ളവരെല്ലാം ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു.
‘ ഞങ്ങള്‍ക്ക് കലര്‍പ്പുള്ള ബന്ധം വേണ്ട. ഞങ്ങള്‍ക്ക് ജാതി ശുദ്ധി നിര്‍ബന്ധമാണ്.’
എന്‍ എസ് എസ്സിന്‍റെയും എസ് എന്‍ ഡി പി യുടേയും കെ പി എം എസിന്‍റെയും എന്നു വേണ്ട അത്തരം എല്ലാ സംഘടനകള്‍ക്കും അവരവരുടെ അംഗങ്ങളിലുള്ള പിടിപാടിനെക്കുറിച്ച് വിസ്തരിച്ചു.
ക്രിസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും അവരവരുടെ മതശുദ്ധി നിര്‍ബന്ധമാണ്. എന്തുദ്യോഗമുണ്ടായാലും എത്ര പഠിപ്പുണ്ടായാലും കൊള്ളാം.. അതൊന്നും ഒരു കാര്യവുമില്ല. അവിടെ മതശുദ്ധിയാണ് പ്രധാനം.
റൈറ്റ്.
ഇന്‍റര്‍കാസ്റ്റ് മാട്രിമോണിയുണ്ട്. അവിടെ എന്താ സ്ഥിതി?
മിശ്രവിവാഹം കഴിച്ചതില്‍ ഹൃദയം നൊന്ത് പശ്ചാത്തപിക്കുന്ന അച്ഛനമ്മമാരുടെ മക്കളാണ് അവിടെ അധികവും. നായരച്ഛനും ഈഴവ അമ്മയ്ക്കും ഉണ്ടായ മകനു കലര്‍പ്പില്ലാത്ത നായര്‍ പെണ്ണിനെ മതി. ഈഴവ അച്ഛനും സാംബവ അമ്മയ്ക്കും ആണെങ്കില്‍ കലര്‍പ്പില്ലാത്ത ഈഴവ നിര്‍ബന്ധം. ക്രിസ്ത്യാനി അച്ഛനോ മുസ്ലിം അച്ഛനോ ആണെങ്കില്‍ മതപരിവര്‍ത്തനം ചെയ്ത, അച്ഛന്‍റെ മതത്തില്‍ അപാര വിശ്വാസമുള്ള അമ്മയുടെ ക്രിസ്ത്യാനി, മുസ്ലിം കുട്ടികളാണ് അവിടെ ഉണ്ടാവുക. അവര്‍ക്കും യഥാക്രമം കലര്‍പ്പേതുമില്ലാത്ത ശുദ്ധിയുള്ള ക്രിസ്ത്യാനിയേയോ മുസ്ലിമിനേയോ കിട്ടിയേ തീരു.
‘ കലര്‍പ്പ് വലിയ കുഴപ്പം തന്നെ. പ്രേമമാണ് ഈ മിശ്രപ്പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ഒരേ വഴി.’
എന്ന് വെച്ച് വഴിയില്‍ കാണുന്ന ആരേയെങ്കിലുമൊക്കെയങ്ങ് പ്രേമിക്കാന്‍ പറ്റുമോ. കല്യാണം നടക്കുമ്പോള്‍ നടക്കും. ഇനി ഇപ്പോ നടന്നില്ലെങ്കിലും ആകാശമൊന്നും ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല.
അപ്പോഴാണ് ഒരു ദിവസം അവന്‍ അടച്ചിട്ടിരുന്ന ഗേറ്റു തുറന്ന് വീടിനകത്ത് കയറി വരുന്നത്. ഒരു കുഞ്ഞിന്‍റെ നിഷ്ക്കളങ്കമായ മുഖത്തോടെയും സ്ഫുടമായ വാക്കുകളോടെയും സംസാരിക്കുന്നത്. പെണ്‍കുട്ടിയ്ക്കൊപ്പം സന്തോഷത്തോടെ, സ്നേഹത്തോടെ, സമാധാനത്തോടെ ജീവിക്കണമെന്നും ഒരു പ്രത്യേക മതത്തില്‍ ജനിച്ചു പോയത് അവന്‍റെ പിഴയല്ലെന്നും അവന്‍ ചെയ്യാത്ത കുറ്റത്തിനു പെണ്‍കുട്ടിയെ തരില്ലെന്ന് വാശിപിടിച്ച് അവനെ ദു:ഖിപ്പിക്കരുതെന്നും വിശദീകരിക്കുന്നത്....
സ്നേഹിക്കുന്നവര്‍ക്കൊപ്പമാകണം ജീവിതം. അപ്പോഴേ അതു ജീവിതമാകുന്നുള്ളൂ..
വധു ടെറാക്കോട്ട മാലയും കമ്മലും കുപ്പിവളയുമിട്ട് കൈത്തറി സാരിയുടുത്താല്‍ മതി.. വരന്‍ ജീന്‍സും ഖാദി കുര്‍ത്തയുമിട്ടാലും മതി.
മുല്ലപ്പൂ വേണ്ട, ബ്യൂട്ടി പാര്‍ലര്‍ വേണ്ട, കാറു മോടി പിടിപ്പിക്കേണ്ട. കനത്ത ഹാരങ്ങളോ ബൊക്കെകളോ ആവശ്യമില്ല.
രജിസ്റ്റര്‍ കല്യാണത്തിനു ചെലവ് എത്ര കുറവാണ്..
മാര്യേജ് ഓഫീസര്‍ തികഞ്ഞ ആത്മാര്‍ഥതയോടെ പ്രതിജ്ഞ ചൊല്ലിച്ചു.
‘ഞാന്‍ ഇവളെ ഇന്ത്യന്‍ സിവില്‍ വിവാഹ നിയമമനുസരിച്ച് എന്‍റെ ഭാര്യയായി ഏല്‍ക്കുന്നു. ഞാന്‍ ഇവനെ ഇന്ത്യന്‍ സിവില്‍ വിവാഹ നിയമമനുസരിച്ച് എന്‍റെ ഭര്‍ത്താവായി ഏല്‍ക്കുന്നു.’
ഒപ്പുകള്‍ വെയ്ക്കപ്പെട്ടു..
ജാതികളും മതങ്ങളും ആചാരങ്ങളും ആഘോഷങ്ങളും ഇപ്പോള്‍ ഒന്നും പറയുന്നില്ല. പക്ഷെ, പറയാനുള്ള അവസരം കാത്തിരിക്കുകയാണ്... കൂര്‍ത്ത ദംഷ്ട്രകളും നഖങ്ങളും ശാപങ്ങളും ഒളിപ്പിച്ചുവെച്ച് അവസരം കാത്തിരിക്കുകയാണ്.
വേട്ടയാടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.

17 comments:

Viswaprabha said...

ഇതിൽ ഞങ്ങടെ ജാതിക്കാർക്കു ലൈക്കാനുള്ള ബട്ടൻ എവിടെയാ?

:(

ലംബൻ said...

വീട്ടുകാർ അറിഞ്ഞുള്ള മിശ്രവിവാഹമായിരുന്നു ഞങ്ങളുടെത് ഭയങ്കര തെറ്റായി പോയല്ലെ.

Vaisakh Narayanan said...

:-)

mini//മിനി said...

എല്ലാം നല്ലതിനാണ്,,,

Cv Thankappan said...

പുതിയആകാശം,പുതിയഭൂമി...
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

സ്നേഹിക്കുന്നവര്‍ക്കൊപ്പമാകണം
ജീവിതം. അപ്പോഴേ അതു ജീവിതമാകുന്നുള്ളൂ...
ഈ സുന്ദരമായ ജീവിതത്തെ തകർത്ത് തരിപ്പണമാക്കാൻ
ജാതികളും മതങ്ങളും ആചാരങ്ങളും കൂര്‍ത്ത ദംഷ്ട്രകളും നഖങ്ങളും
ശാപങ്ങളും ഒളിപ്പിച്ചുവെച്ച് അവസരം കാത്തിരിക്കുകയാണ്.പിന്നീട്
വേട്ടയാടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്

പട്ടേപ്പാടം റാംജി said...

നല്ലൊരു കല്യാണം.
സര്‍വ്വവിധ മംഗളാശംസകളും.

നളിനകുമാരി said...

ഏതു തരം കല്യാണം ആയാലും വരനും വധുവിനും ദേഷ്യം വന്നാല്‍ വഴക്ക്ണ്ടാകും
അതങ്ങ് മാറുകയും ചെയ്യും. വീട്ടുകാരും നാട്ടുകാരും ഇടപെടാതിരുന്നാൽ മതി.

സുധി അറയ്ക്കൽ said...

(കൂര്‍ത്ത ദംഷ്ട്രകളും നഖങ്ങളും ശാപങ്ങളും ഒളിപ്പിച്ചുവെച്ച് അവസരം കാത്തിരിക്കുകയാണ്.
വേട്ടയാടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.)


ബ്ലോഗിലൂടെ കണ്ടുമുട്ടിയ വീട്ടുകാർ മുഖേന വിവാഹമുറപ്പിച്ച്‌,വിവാഹിതരായ ഞങ്ങൾക്ക്‌ മുന്നിൽ ഇരുജാതിയെന്നത്‌ ഒരു പ്രശ്നമേയായിരുന്നില്ല...ജാതിയെന്നത്‌ ഞങ്ങൾക്ക്‌ ഒരിയ്ക്കലും പ്രശ്നമേയല്ലാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നുണ്ട്‌.ഇരുവീട്ടുകാരും ജാതി എന്നത്‌ ഒരു പ്രശ്നമായി എടുത്തിട്ടില്ലാത്തത്‌ കൊണ്ട്‌ ജാതി എന്ന ശാപം ഞങ്ങൾക്ക്‌ മുന്നിൽ മാർഗ്ഗതടസ്സമായി വരത്തില്ലെന്ന് കരുതുന്നു.

ente lokam said...

Nalini chechi....Vishwaprabha
aadyathe like ningalkku.....

ente lokam said...

ജാതി മത മതിലുകൾ നിരത്തി
വോട്ടർമാരെ വരെ എണ്ണി അവർക്ക്
പറ്റിയ സ്ഥാനാർഥികളെ കണ്ടെത്തി
തിരഞ്ഞെടുപ്പിനു മത്സരിപ്പിക്കുക..

തങ്ങളുടെ ജാതിക്കാരനെ സ്ഥാനാർഥി ആക്കിയില്ലെങ്കിൽ
കാണിച്ചു തരാം എന്നു ജാതി മത നേതാക്കൾ വെല്ലു
വിളിക്കുക..പുരോഗമനം അങ്ങനെയാണ് നമ്മുടെ നാട്ടിൽ
ഇപ്പോൾ..വിദ്യാഭ്യാസം കൂടുന്നതിന് ഒത്തു വിവരവും
വിവേകവും കുറയുകയാണ്..സോഷ്യൽ മീഡിയകളിലെ
കമന്റുകൾ കണ്ടാൽ പേടി തോന്നും ചിലപ്പോൾ
അറപ്പ് തോന്നും..മനുഷ്യനെ പച്ചക്ക് അറത്തു കൊന്നാലും
അമ്മയെ തെറി വിളിച്ചാലും അതിനൊക്കെ കാരണങ്ങളും
നീതീകരണങ്ങളും കണ്ടെത്തുന്ന അഭിപ്രായ പ്രകടനങ്ങൾ..

പിന്നെയാണോ പാവം കല്യാണക്കാർ..എല്ലാം പച്ച
ആയ സത്യങ്ങൾ എച്ച്മു....

കുഞ്ഞുറുമ്പ് said...

ഇത് മുൻപ് എവിടെയെങ്കിലും എഴുതിയിരുന്നോ? വായിച്ചത് പോലെ ഒരു തോന്നൽ :) . ഞങ്ങളടെ കൂട്ടത്തിൽ ചേർന്നാലേ ഞങ്ങളുടെ കൊച്ചിനെ തരൂ എന്നാ ഇവിടെയും ചിലര് പറയുന്നേ...

സുധി അറയ്ക്കൽ said...

കുഞ്ഞുവേ …………………………………………………………………………

മാധവൻ said...

എനിക്കുള്ളിലും കുനിഞ്ഞിരിന്നു ആരോ പിറുപിറുക്കുന്നുണ്ട് ,,,സിവിൽകോഡിന്റെ കയ്യും പിടിച്ച് അവരുടെ മക്കൾ നടക്കുന്നതൊന്നു കാണണം....എച്ചുമു ഹാറ്റ്സ് ഓഫ്

Bipin said...

ഇങ്ങിനെ കുറെയേറെ പറഞ്ഞു വർഷങ്ങൾ, ചിലപ്പോൾ നൂറ്റാണ്ടു കഴിയുമ്പോഴായിരിക്കും ഒരു മാറ്റം വരുന്നത്. വരും എന്ന് തന്നെ പ്രതീക്ഷിക്കാം. അങ്ങുമിങ്ങും ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. കമന്റ് പറഞ്ഞ ഒരു സുധി ബ്ലോഗറുടെ മാറ്റത്തിന്റെ നേതാവായി നിൽക്കുന്നു.

റോസാപ്പൂക്കള്‍ said...

പെണ്ണും ചെക്കനും സന്തോഷിച്ചു ജീവിക്കട്ടെ.
നിങ്ങള് നിങ്ങടെ വീട്ടിലെ കാര്യം നോക്കീൻ

Echmukutty said...

വായിച്ച് അഭിപ്രായം കുറിച്ച് എന്നെ പ്രോല്‍സാഹിപ്പിച്ച എന്‍റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി.. ഇനിയും വായിക്കുമല്ലോ..