Sunday, May 1, 2016

താലി മാഹാത്മ്യം.

https://www.facebook.com/echmu.kutty/posts/427205984125368

അതൊരു വലിയ മാഹാത്മ്യമാണ്.

നമ്മുടെ സിനിമകളിലൊക്കെ എനിക്ക് മറ്റൊന്നും വേണ്ട, ഈ താലി കഴുത്തിലിടാനുള്ള അനുവാദം മാത്രം തന്നാല്‍ മതി എന്ന് കണ്ണീരോടെ കെഞ്ചുന്ന പെണ്ണുങ്ങളും വികാരവിക്ഷുബ്ധരായി സദയം അത് അനുവദിക്കുന്ന ആണുങ്ങളും ഒരുപാടുണ്ട്. രാവിലെ താലിയെടുത്ത് കണ്ണിലൊപ്പി ദിവസം ആരംഭിക്കുന്ന നായികമാരെ തമിഴ് നോവലുകളിലും സിനിമകളിലും കാണാം. അദ്ദേഹം എന്തു തെറ്റ് ചെയ്താലും അതൊക്കെ ക്ഷമിച്ച് അദ്ദേഹം കെട്ടിയ ഈ താലിയുമായി ഞാന്‍ കാത്തിരിക്കും എന്ന് ശപഥമെടുക്കുന്ന സ്ത്രീകളേയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെ കഥകളിലും നോവലിലും സിനിമയിലും പാട്ടിലും ഒക്കെ സമൃദ്ധമായി കാണാറുണ്ട്. ചേട്ടന്‍ തന്നെ ഈ താലി അഴിച്ചു മാറ്റിക്കൊള്ളൂ എന്ന് നായിക പറയുമ്പോള്‍ കൈ വിറയ്ക്കുകയും വേണ്ട, നിന്നെ ഞാന്‍ സ്വീകരിക്കാം ഭാര്യയായി എന്ന് നായകന്‍ വികാരവിവശനാകുകയും ഒക്കെ ചെയ്യുന്നത് നമ്മുടെ കലാലോകത്തിന്‍റെ വിവിധ ആവിഷ്ക്കാരങ്ങളില്‍ പതിവാണ്.

ചുരുക്കത്തില്‍ താലി ഒരു വന്‍ സംഭവമാണ്.

അവിവാഹിതര്‍ പോലും താലി പ്രദര്‍ശിപ്പിച്ചു നടന്നാല്‍ പുരുഷന്മാരുടെ കണ്ണേറില്‍ നിന്ന് രക്ഷപ്പെടാമെന്നും തന്നെയുമല്ല ബഹുമാനം ആര്‍ജ്ജിക്കാമെന്നും കൂടി താലിമാഹാത്മ്യത്തില്‍ കണ്ടിട്ടുണ്ട്. ഒരു ടീ വി സീരിയലായിട്ടാണു ആ വിജ്ഞാനം പകര്‍ന്ന് കിട്ടിയത്. ഈവ് ടീസിംഗ് ഒഴിവാക്കാന്‍ പറ്റിയ വഴി അതാണത്രേ.

ഭാര്യ താലി കെട്ടാന്‍ വിസമ്മതിച്ചതും താലി അമ്മായിഅമ്മയെ ഏല്‍പ്പിച്ചതും പൊറുക്കാന്‍ കഴിയാത്ത കുറ്റമാണെന്ന് ക്ഷുഭിതരാകുന്ന ഭര്‍ത്താക്കന്മാരും താലി മാഹാത്മ്യത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെ. അതുകോണ്ട് കുടുംബകോടതികളില്‍ ' ഞാന്‍ കെട്ടിയ താലി ഇങ്ങഴിച്ചു താടീ' എന്ന് ഗര്‍ജ്ജിക്കുന്ന പുരുഷന്മാരേയും കാണാറുണ്ട്. ഭാര്യ താലി പ്രദര്‍ശിപ്പിക്കാത്തതും സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്താത്തതും അവളുടെ പരപുരുഷ ആസക്തിയുടെ തെളിവായി കുടുംബകോടതിയില്‍ വാദിയ്ക്കപ്പെടാറുണ്ട്.

ആണ്‍കാവലുണ്ടെന്നതിന്‍റെ വിളംബരമായി, ആണധികാരത്തിന്‍റെ ചിഹ്നമായി താലിയെ കാണണമെന്ന് ചെറുപ്പത്തില്‍ എന്നോട് പറഞ്ഞു തന്നത് ഡോളിയാണ്. എന്നേക്കാള്‍ മുതിര്‍ന്ന എന്‍റെ അയല്‍പക്കക്കാരിയായിരുന്ന ഡോളി. അത് കഴുത്തില്‍ കെട്ടാന്‍ പാടില്ലെന്നും ഡോളി എപ്പോഴും പറയുമായിരുന്നു.

ഇപ്പോള്‍ ഞാനൊരു താലി സെലക് ഷന്‍ ചര്‍ച്ചയില്‍ പങ്കുകൊണ്ട് വന്നതേയുള്ളൂ. താലിവേണ്ടെന്ന് കരുതാനൊന്നും ഇപ്പോഴും ആര്‍ക്കും വയ്യ. പ്ലാറ്റിനം താലി, വജ്രത്താലി, സ്വര്‍ണത്താലി ഇതില്‍ ഏതു വേണമെന്നാണ് ചര്‍ച്ച. ഐ പി എസ് കാരനും മെഡിക്കല്‍ സയന്‍റിസ്റ്റും തമ്മില്‍ കല്യാണം കഴിക്കാനും ഇതൊക്കെ വേണം... പിന്നെ ലളിതമായി തോന്നിപ്പിക്കാനാണ് പ്ലാറ്റിനം. വെള്ളിയാന്നോ വൈറ്റ് മെറ്റലാന്നോ ഒക്കെ പറയാം. വിദേശത്താണെങ്കിലും ഇന്ത്യാക്കാര് സ്വര്‍ണത്തില്‍ പൊതിഞ്ഞു നടക്കുന്നുവെന്ന ആരോപണം കേള്‍ക്കേണ്ടി വരില്ല. ( മെഡിക്കല്‍ സയന്‍റിസ്റ്റിനു വിദേശയാത്ര ഒഴിവാക്കാന്‍ പറ്റില്ലല്ലോ.)

താലി കെട്ടിയേ തീരു എന്ന് മുതിര്‍ന്നവര്‍ ശാഠ്യം പറഞ്ഞ ഒരു ഭൂതകാലത്തില്‍ മിഡിയും ടോപ്പുമണിഞ്ഞ് താലിയണിയാന്‍ വന്ന പെണ്ണിനേയും കുങ്കുമം തൊട്ടൊരു മഞ്ഞള്‍ക്കഷണമായ താലിയേയും അത് കൊരുത്ത മഞ്ഞള്‍ ചരടില്‍ യാതൊരു ഭാവഭേദവുമില്ലാതെ മൂന്നു മുടിച്ചവനേയും അതിനു വേദിയായ ഒരു തമിഴ് നാടന്‍ കോവില്‍ നടവഴിയേയും ഞാന്‍ വെറുതേ ഓര്‍ത്തു...

മനസ്സ്... മനസ്സാണ് ബന്ധങ്ങളീല്‍ ഏറ്റവും പ്രധാനമെന്ന് അതിനപ്പുറമുള്ള ഒരു കെട്ടുകാഴ്ചയും ആവശ്യമില്ലെന്ന് അറിയുന്നവരും അറിയിക്കുന്നവരും നിറയുന്ന ഒരു ലോകം ...

എന്‍റെ പാവം, കിനാശ്ശേരിയില്‍ ഇങ്ങനെ ഓരോ വിചാരങ്ങള്‍ ...

12 comments:

സുധി അറയ്ക്കൽ said...

താലിയ്ക്കൊരു മാഹാത്മ്യമുണ്ട്‌.അതൊരു ആണധികാരത്തിന്റെ മേൽക്കോയ്മാപ്രകടനമാണെന്ന് തോന്നുന്നുമില്ല.

KHARAAKSHARANGAL said...
This comment has been removed by the author.
KHARAAKSHARANGAL said...

എല്ലാം ആചാരങ്ങളിലും കാലക്രമേണ മാറ്റങ്ങൾ ഉണ്ടാവും. ഒരാചാരവും സ്ഥായിയായി നിലനില്ക്കില്ല.

© Mubi said...

മാനസീകമായ ഐക്യപ്പെടലിനേക്കാൾ പ്രാധാന്യമുണ്ടോ താലിക്കും, മോതിരങ്ങൾക്കുമൊക്കെ?

Cv Thankappan said...

ഇപ്പോള്‍‌ വര്‍ഗ്ഗങ്ങളെ സൂചിപ്പിക്കുന്ന ലോക്കറ്റുകളുടെയും കാലം!

mini//മിനി said...

മുന്നാമത്തെ താലിയാണ് എന്റേത്,,, ആദ്യമുള്ളത് രണ്ടും പണത്തിന്റെ ആവശ്യം വന്നപ്പൊൾ വിറ്റു. ഇപ്പോഴുള്ളതുതന്നെ വെളിയിൽ പോവുമ്പോൾ അണിയും. ചിലദിവസം അതും മറക്കും. ഒരുതരി പൊന്നുപോലും ഇല്ലാതെ നടക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. പിന്നെ ഈ കുങ്കുമം,, അത് ഞാൻ അണിയാറേ ഇല്ല. ചിലപ്പോൾ ഭംഗിക്കുവേണ്ടി സ്റ്റിക്കർ ഒട്ടിക്കും. എല്ലാം എന്റെയൊരു വിശ്വാസം.
പിന്നെയീ തമിഴന്മാരുടെ താലിവിശ്വാസം അത് ഭയങ്കരമാണ്. കോയമ്പത്തൂരിലെ ആശുപത്രിയിൽ 6 ദിവസം ബോധമില്ലാതെ കിടന്നനേരത്ത് എന്റെ ശരിരത്തിൽ 2 സർജ്ജറി നടത്തി. ആ നേരത്ത് എടുത്ത Xray photo കളിൽ (അന്ന് സ്കാൻ ചെയ്യുന്നത് കണ്ടുപിടിച്ചിട്ടില്ല) എന്റെ താലി തെളിഞ്ഞു കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി. സീരിയസ് ആയിട്ടും അവർ താലി അഴിക്കാൻ അനുവദിച്ചില്ല. അതാണ് തമിഴ് വിശ്വാസം.

ഗൗരിനാഥന്‍ said...

ആണധികാരത്തിന്റെ സീല് തന്നെ താലിയും സിന്ദൂരവും...ആ അധികാരങ്ങളേക്കാള് സ്നേഹത്തിലേ വിശ്വാസമൊള്ളൂ...ഒരു തരി പൊന്നില്ലാതെ നടക്കുന്ന എന്നെ കാണുന്പോ ചിലരുടെ പുച്ഛം കാണാനുണ്ട്...അതും ഞാനാസ്വദിക്കുന്നു...

റോസാപ്പൂക്കള്‍ said...

മനസ്സുകള്‍ ഒന്നിക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...താലി മാത്രമല്ല തലി കെട്ടി പിന്നീട്
പോറ്റുന്നതിനുള്ള കൂലിയും വേണമെന്ന്
കട്ടായം പറയുന്ന ലോകത്ത്
‘മനസ്സ്... മനസ്സാണ് ബന്ധങ്ങളീല്‍
ഏറ്റവും പ്രധാനമെന്ന് അതിനപ്പുറമുള്ള ഒരു കെട്ടുകാഴ്ചയും
ആവശ്യമില്ലെന്ന് അറിയുന്നവരും അറിയിക്കുന്നവരും നിറയുന്ന
ഒരു ലോകം , കിനാവിൽ കണ്ട് മാത്രം സമാധാനിക്കാമെന്ന് മാത്രം.

പിന്നെ ഒരു പക്ഷെ
അടുത്ത തലമുറയിൽ ഈ സ്വപ്നം ചിലപ്പോൾ പൂവണിയും കേട്ടൊ

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

താലി അണിയാം അണിയാതിരിക്കാം... സിന്ദൂരം ചാര്‍ത്താം ചാര്‍ത്താതിരിക്കാം .. പക്ഷേ മനസ്.., മനസാണ് ബന്ധങ്ങളില്‍ പ്രധാനം. ചിന്തയില്‍ ചെറിയൊരു മോ‍ഡിഫിക്കേഷന്‍..

keraladasanunni said...

ഓരോ ജാതിയില്‍പെട്ടവര്‍ക്ക് വ്യത്യസ്തമായ ആകൃതിയിലുള്ള താലിയാണുള്ളതെന്ന് എന്‍റെ ഭാര്യയാണ് പറഞ്ഞുതന്നത്. പെങ്ങളോ, മരുമക്കളോ ഇല്ലാത്തവന് ( അതിന് എനിക്ക് കൂടപ്പിറപ്പുകള്‍ ഇല്ലല്ലോ) താലിയെക്കുറിച്ച് അറിവില്ലാത്തത് സ്വാഭാവികം.

Unknown said...

താലിക്ക് അതിൻ്റെ മാഹാത്മ്യമുണ്ട്. ഇടഞ്ഞേക്കാവുന്ന രണ്ടു മനസ്സുകളെ ഒന്നിപ്പിഒന്നിപ്പിക്കാനുള്ള കഴിവുണ്ട് അതിന് കേവലമൊരു ലോഹക്കഷണമായി കാണാതിരിക്കുമ്പോൾ...
ഒരു പക്ഷേ താലിയെ ലോഹക്കഷണമായ് കാണുന്നതോണ്ടായിരിക്കണം ന്യൂജൻ വിവിഹ ബന്ധങ്ങൾ പെട്ടെന്ന് കെട്ടഴിഞ്ഞ് പോകുന്നത്