Friday, June 24, 2016

വളച്ചു വാതിലിനുള്ളിലൂടെ അവര്‍ കടന്നു വരുമ്പോള്‍

https://www.facebook.com/echmu.kutty/posts/435169103329056

വലിയ വളച്ചു വാതിലുള്ള മാനസികരോഗാശുപത്രിയുടെ സൂപ്രണ്ട് ആയിരുന്നു, അച്ഛന്‍ കുറെക്കാലം. കടും നീല നിറത്തിലുള്ള ഒരു ബോര്‍ഡായിരുന്നു ആ വളച്ചു വാതിലില്‍ ഘടിപ്പിച്ചിരുന്നത്. അതില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു,

മാനസികരോഗാശുപത്രി.

സ്വാതന്ത്ര്യകാലത്തിനു മുന്‍പ് സായിപ്പ് പണി തീര്‍ത്ത കെട്ടിടമാണ് സൂപ്രണ്ടിന്‍റെ താമസസ്ഥലം.
അതൊരു ബ്രഹ്മാണ്ഡപ്പുരയായിരുന്നു. ഫുട്ബാള്‍ കളിക്കാന്‍ വേണ്ടും ഇടമുള്ള അഞ്ചാറു മുറികള്‍, ഇതിനെയെല്ലാം കൂട്ടി ഘടിപ്പിക്കുന്ന വലിയ വലിയ വരാന്തകള്‍, വരാന്തകളുടെ തുറപ്പുകളെയെല്ലാം ഡയമണ്ട് ഷേപ്പിലുള്ള മരയഴികള്‍ ഇട്ട് ഭദ്രമാക്കിയിട്ടുണ്ടായിരുന്നു. വിട്ടിനുള്ളിലൂടെ, ഇളം കാറ്റും ഇളവെയിലും ധാരാളമായി കയറിയിറങ്ങുന്ന ആ വരാന്തകളിലൂടെ കുറെ ദൂരം അങ്ങനെ നടന്നാലാണ് അടുക്കളയിലെത്താനാവുക. അതും അതിവിശാലമായിരുന്നു.

വീടിനു മുന്‍വശത്ത് ഒരു നല്ല പൂന്തോട്ടമുണ്ടായിരുന്നു. പുറകുവശത്തായി അടുക്കളത്തോട്ടവും. വെളുപ്പും ചുവപ്പുമായ ഒട്ടനവധി ലില്ലിപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്ന ആ പൂന്തോട്ടത്തിനെ ചുറ്റിപ്പോകുന്ന വഴിയില്‍ ചവുട്ടിയാല്‍ കിരുകിരു എന്നൊച്ച കേള്‍ക്കുന്ന ചരല്‍ വിരിച്ചിരുന്നു. വഴി ചെന്നെത്തുന്നതാകട്ടെ രണ്ട് ലോറികള്‍ സുഖമായി പാര്‍ക്ക് ചെയ്യാനാവുന്ന ഒരു കാര്‍ഷെഡ്ഡിലാണ്.

അച്ഛനെ കാണാന്‍ രാവിലെയും ഉച്ചയ്ക്കും അനവധി പേര്‍ വരുമായിരുന്നു.

ഏത് ഡോക്ടറുടേയും മക്കളെപ്പോലെ പേഷ്യന്‍റ് സ് എന്ന് അവരെ വിളിക്കാന്‍ ഞങ്ങളും നന്നെ ചെറുപ്പത്തില്‍ തന്നെ പഠിച്ചു കഴിഞ്ഞിരുന്നു.

എങ്കിലും അവരൊന്നും പനിയോ ചുമയോ തലവേദനയോ ഒക്കെയുള്ള സാധാരണ പേഷ്യന്‍റ്സ് അല്ല എന്ന് വളരെ വേഗം ഞങ്ങള്‍ക്ക് മനസ്സിലായി.

‘എനിക്ക് ഒരു സൂക്കേടുമില്ലാ ഡോക്ടറെ, ഇവരൊക്കെ കൂടി എന്നെ വെറുതേ പിടിച്ചുകൊണ്ട് വന്നിരിക്കുകയാണ് ‘ എന്ന് അലറിക്കരഞ്ഞുകൊണ്ടാണ് അവരില്‍ പലരും വന്നിരുന്നത്.

ചിലര്‍ ‘ ഭക്ഷണം തരൂ ‘ എന്ന് ആവശ്യപ്പെടും. ഭക്ഷണം നല്‍കിയാല്‍ എത്ര കഴിച്ചാലും അവര്‍ക്ക് മതിയാവാറുമില്ല.

മുറ്റത്ത് പൂത്തുമലര്‍ന്നിരുന്ന ഉഷമലരിയേയും ടേബിള്‍ റോസിനേയുമൊക്കെ കടുത്ത ശത്രുതയോടെ തിരുമ്മിക്കളഞ്ഞിരുന്ന ഒരു മുത്തശ്ശി ഗുരുവായൂരപ്പാ എന്ന് മാത്രം വിളിച്ചുകൊണ്ട് വരാറുണ്ട്. വേറെ ഒരു വാക്കും അവര്‍ ഉച്ചരിച്ചിരുന്നില്ല.

ഒരു സ്ത്രീയുടെ പക്കലുണ്ടായിരുന്നത് ഒരു പാവക്കുട്ടി ആയിരുന്നു. അതിനു വിശക്കുന്നുണ്ടെന്നും പാലു കുടിക്കണമെന്നും ബിസ്ക്കറ്റ് തിന്നണമെന്നും അവര്‍ സദാ പറഞ്ഞുകൊണ്ടിരുന്നു. ആ പാവക്കുട്ടിയോട് അവര്‍ പെരുമാറുന്നതു കണ്ടാല്‍ അതവരുടെ സ്വന്തം കുഞ്ഞാണെന്ന് മാത്രമേ തോന്നുകയുള്ളൂ.

അവരെക്കണ്ട് അമ്മ കണ്ണീര്‍ തൂകിയത് എന്തിനെന്ന് അപ്പോള്‍ മനസ്സിലായില്ലെങ്കിലും ഇന്ന് മനസ്സിലാകുന്നുണ്ട്.

മനസ്സിനു രോഗം ബാധിക്കുകയും അത് നാലാളുടെ മുന്നില്‍ ഒളിച്ചു വെയ്ക്കാന്‍ സാധിക്കാതാവുകയും ചെയ്യുന്ന പരമ ദയനീയമായ അവസ്ഥയെ ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ പരിചയപ്പെട്ടതങ്ങനെയാണ്. മനസ്സ് എവിടെയാണിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്നത് ... ഒരാളുടെ മനസ്സ് അയാളുടെയും അയാള്‍ക്ക് എറ്റവും അടുപ്പമുള്ളവരുടേയും തലമുടി മുതല്‍ കാല്‍നഖം വരെ ഉണ്ടെന്നാണ്. ചെറിയ അണുക്കളെ കാണാനാവാത്തതു പോലെ ആ മനസ്സിനേയും നഗ്നദൃഷ്ടികള്‍ കൊണ്ട് കാണാന്‍ കഴിയുന്നില്ല. ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാര്യങ്ങളിലാണ് കുടികൊള്ളുന്നത്. അതുകൊണ്ട് ചികില്‍സയും തികച്ചും സങ്കീര്‍ണമാണ്.

രോഗികളില്‍ ഏകദേശം മുഴുവന്‍ പേര്‍ക്കും അസുഖം മാറുമെന്ന് അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. നമുക്കൊപ്പമുള്ളവരുടെ മനസ്സ് താളം തെറ്റുന്നുവെന്ന് ആര്‍ക്കും വേണ്ട സമയത്ത് മനസ്സിലാവില്ല. മനസ്സിലായാലും പല മൂഢ വിശ്വാസങ്ങള്‍കൊണ്ട് , വാശികൊണ്ട്, ദേഷ്യം കൊണ്ട് , അജ്ഞത കൊണ്ട് ചികില്‍സിക്കുകയില്ല. ഒടുവിലാവുമ്പോഴേക്കും കാര്യങ്ങള്‍ കൈ വിട്ടു പോവുകയും ചെയ്യും.
ചില ഡോക്ടര്‍മാരും രോഗികളെ ചികില്‍സിച്ചു അവരുടെ ജീവിതം നശിപ്പിക്കാറുണ്ട്. അവര്‍ക്കും കാണുമല്ലോ മൂഢവിശ്വാസങ്ങളും വാശികളും ദേഷ്യവും അജ്ഞതയുമൊക്കെ.

തൊണ്ണൂറു ശതമാനം മാനസിക രോഗങ്ങളും ചികില്‍സിച്ചു മാറ്റാന്‍ കഴിയും. മറ്റുള്ളവ കൃത്യമായ മരുന്നു കഴിക്കലിലൂടെ നിയന്ത്രിച്ചു നിറുത്താം. എന്നാലും മാനസികപ്രശ്നമുള്ള ആള്‍ എന്നു കേട്ടാല്‍ പിന്നെ ആരും ആ വഴി നടക്കില്ല. ശരീരത്തിനെ മാത്രം ബാധിക്കുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ മാനസികരോഗങ്ങളേക്കാള്‍ എത്രയോ മടങ്ങ് അപകടകാരികളാണ്.

മൊട്ടത്തലയില്‍ ഒരു കീറിയ മുണ്ടിട്ട്, എന്നാല്‍ അരയില്‍ മുണ്ടുടുക്കാതെ ഒരു നിമിഷം പോലും നിറുത്താതെ ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു അമ്മാമ്മയെ കാണാറുണ്ടായിരുന്നു, സ്കൂളില്‍ പഠിക്കുന്ന കാലത്ത്. അവര്‍ക്ക് ഭ്രാന്താണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. അവരെ ആരും ആശുപത്രിയിലാക്കി ചികില്‍സിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഒട്ടു നേരം മൌനമായിരുന്നു.

പിന്നെ പോലീസിനോട് സഹായം ചോദിക്കാം എന്നു പറഞ്ഞു.

പഞ്ചാരത്തലയുമായി ആറടിയിലേറെ ഉയരമുള്ള ഒരു അമ്മാവനുണ്ടായിരുന്നു, ഞങ്ങള്‍ കു ട്ടികള്‍ക്ക് കളിക്കൂട്ടുകാരനായി. ഭാര്യയേയും ഭാര്യയ്ക്കുണ്ടെന്ന് അദ്ദേഹം സങ്കല്‍പത്തില്‍ കരുതിയ ജാരനായ ഒരു അയല്‍ക്കാരനേയും വെട്ടിക്കൊന്നവനായിരുന്നു ആ അമ്മാവന്‍. ചികില്‍സ കഴിഞ്ഞപ്പോള്‍ അമ്മാവന്‍ ഏതോ ഒരു ബന്ധുവിനൊപ്പം വീട്ടിലേക്ക് പോയി. നാലഞ്ചുദിവസം കഴിഞ്ഞ് ഏകാകിയായി മടങ്ങി വന്നു. പിന്നീട് ആരും അന്വേഷിച്ചു വന്നില്ല.
അസുഖമില്ലാത്തതുകൊണ്ട് ആശുപത്രിയില്‍ കിടത്തിച്ചികില്‍സ സാധ്യമല്ലാതായി..
അമ്മാവന്‍ ആശുപത്രിയുടെ പറമ്പ് വൃത്തിയാക്കിയും അടുക്കളപ്പണിയില്‍ സഹായിച്ചും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായതൊക്കെയും ചെയ്തു കൊടുത്തും ബാക്കി ജീവിതം ആ അശുപത്രിയില്‍ തന്നെ തള്ളി നീക്കി.

രോഗം മാറിയാലും ഇങ്ങനെ ആരുമില്ലാത്തവരാക്കിത്തീര്‍ക്കും മാനസികരോഗമെന്ന് നന്നെ ചെറുപ്പത്തിലേ ഞങ്ങള്‍ക്ക് മനസ്സിലായി.

രോഗം ഭേദമായ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദീനമായിരുന്നു. ഏറ്റെടുക്കാന്‍ ആരുമില്ലാതെ, പോകാന്‍ ഇടമില്ലാതെ പലരും ഭീക്ഷാടനത്തിലേക്ക് വരെ വഴുതി വീണിട്ടുണ്ട്.

ഈ ലോകത്തിലെ ബന്ധങ്ങള്‍, അത് രക്തബന്ധങ്ങളോ കെട്ടിപ്പുലര്‍ച്ചയുടെ ബന്ധങ്ങളോ ആവട്ടെ, വിവിധ തരം ചൂഷണങ്ങളില്‍ മാത്രം കുഴിച്ചിട്ടിട്ടുള്ള അവയുടെ ഉറപ്പിനെപ്പറ്റി, മാനസിക രോഗാശുപത്രിയുടെ സൂപ്രണ്ടായിരുന്ന അച്ഛന്‍റെ മൂന്നു മക്കള്‍ക്കും തീക്ഷ്ണമായ സംശയങ്ങളുണ്ടായത് അക്കാലം മുതലാണ്. ആ സംശയങ്ങള്‍ ഇന്നും മാറിയിട്ടില്ല. ഇനി മാറുമെന്നും തോന്നുന്നില്ല.

12 comments:

keraladasanunni said...

മനോരോഗത്തെക്കുറിച്ച് ഇന്നും വികലമായ കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്. സ്വത്ത് തട്ടിയെടുക്കാന്‍വരെ ഇല്ലാത്ത മനോരോഗം ആരോപിച്ച് അഴികള്‍ക്കകത്താക്കപ്പെടുന്ന പാവങ്ങളുണ്ടെന്നും കേള്‍ക്കുന്നു. വല്ലാത്ത ഒരവസ്ഥയാണിത്.

vettathan said...

അസുഖം മാറിയവരുടെ പുനരധിവാസം ഒരു പ്രശ്നം തന്നെയാണ്. ബന്ധുക്കള്‍ അവരെ ഏറ്റെടുക്കാത്തതിനും കാരണങ്ങള്‍ ഉണ്ടാവും .ഭ്രാന്തു ഉള്ള വീട്ടിലെ കുട്ടികള്‍ക്ക് നല്ല വിവാഹാലോചനകള്‍ പോലും വരുകയില്ല.നിസ്സാര ചികിത്സ കൊണ്ട് മാറുന്ന മാനസികാവസ്ഥകളാണ് പലപ്പോഴും മുഴു ഭ്രാന്തായി മാറുന്നത് എന്നതാണ് സങ്കടകരം.

MINI ANDREWS THEKKATH said...

"ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാര്യങ്ങളിലാണ് കുടികൊള്ളുന്നത്." എന്നിട്ടും രോഗി അനാഥ.

Cv Thankappan said...

ഈ ലോകത്തിലെ ബന്ധങ്ങള്‍, അത് രക്തബന്ധങ്ങളോ കെട്ടിപ്പുലര്‍ച്ചയുടെ ബന്ധങ്ങളോ ആവട്ടെ, വിവിധ തരം ചൂഷണങ്ങളില്‍ മാത്രം കുഴിച്ചിട്ടിട്ടുള്ള അവയുടെ ഉറപ്പിനെപ്പറ്റി, മാനസിക രോഗാശുപത്രിയുടെ സൂപ്രണ്ടായിരുന്ന അച്ഛന്‍റെ മൂന്നു മക്കള്‍ക്കും തീക്ഷ്ണമായ സംശയങ്ങളുണ്ടായത് അക്കാലം മുതലാണ്. ആ സംശയങ്ങള്‍ ഇന്നും മാറിയിട്ടില്ല. ഇനി മാറുമെന്നും തോന്നുന്നില്ല.
എന്താല്ലേ?!!
ആശംസകള്‍

തുമ്പി said...

ബന്ധങ്ങളുടെ ഉറപ്പ് നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും സാധ്യമല്ല എച്ച്മൂ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരാളുടെ മനസ്സ് അയാളുടെയും അയാള്‍ക്ക്
എറ്റവും അടുപ്പമുള്ളവരുടേയും തലമുടി മുതല്‍ കാല്‍നഖം
വരെ ഉണ്ടെന്നാണ്. ചെറിയ അണുക്കളെ കാണാനാവാത്തതു
പോലെ ആ മനസ്സിനേയും നഗ്നദൃഷ്ടികള്‍ കൊണ്ട് കാണാന്‍ കഴിയുന്നില്ല.
ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാര്യങ്ങളിലാണ് കുടികൊള്ളുന്നത്.
അതുകൊണ്ട് ചികില്‍സയും തികച്ചും സങ്കീര്‍ണമാണ്.

Akbar said...

ബന്ധങ്ങളുടെ ഉറപ്പ് ആപേക്ഷികമാണ്. ഒത്തിരി സ്നേഹം തന്ന മക്കൾ പോലും പിന്നീട് അച്ഛനമ്മമാരെ അവർ ബാദ്ധ്യതയാകുമ്പോൾ വൃദ്ധസാധനങ്ങളിൽ കൊണ്ടു ചെന്നു തള്ളുന്നില്ലെ..

റോസാപ്പൂക്കള്‍ said...

സ്നേഹവും കണക്ക് സൂക്ഷിക്കുന്ന ഒരു കച്ചവടം തന്നെ.കണക്ക് പിഴക്കുന്ന മാനസിക രോഗിയെ ആര്‍ക്കു വേണം...?

വായനക്കാരന്‍ said...

ഒത്തിരി അനുഭവങ്ങളും, ആവിഷ്കരിക്കാനുള്ള പ്രതിഭയും ഉള്ള താങ്കൾ എഴുതുന്നതെല്ലാം ഉത്‌കൃഷ്ടമാകുന്നു.

പാർശ്വവൽക്കരിപ്പെടുന്നവരെ നീരിക്ഷിക്കാനും പരിഗണിയ്ക്കാനുമുള്ള താങ്കളുടെ മനസ്സ് മഹത്തരമാണ്.

എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും.

ഒത്തിരി നന്ദിയോടെ.

സുധി അറയ്ക്കൽ said...

ദയനീയാവസ്ഥകൾ!!!!എച്മുച്ചേച്ചി ബ്ലോഗിൽ സജീവമായിത്തുടങ്ങിയല്ലേ???"സന്തോഷം.

ramanika said...

മനസ്സിനു രോഗം ബാധിക്കുകയും അത് നാലാളുടെ മുന്നില്‍ ഒളിച്ചു വെയ്ക്കാന്‍ സാധിക്കാതാവുകയും ചെയ്യുന്ന പരമ ദയനീയമായ അവസ്ഥ
നമ്മൾ ഭ്രാന്ത് എന്ന് പേരിട്ടു വിളിക്കുന്നു
ഇതിനു ചികിത്സ കീട്ടി രോഗം മാറിയൽ സമൂഹത്തിനു ഭ്രാന്ത് പിടിക്കും , പക്ഷെ അതിനു ചികിത്സ ഇല്ല .......
മനോഹരം ......

വേണുഗോപാല്‍ said...

അവസ്ഥാന്തരങ്ങൾ.... ചിലതൊക്കെ നേരിട്ട് കണ്ടും അനുഭവിച്ചും വളർന്നത് കൊണ്ട് ജീവിതത്തിൽ ഒരാൾക്കും ഈ അവസ്ഥ ഉണ്ടാവവരുതേ എന്ന് മാത്രമാണ് പ്രാർത്ഥന.