Monday, June 5, 2017

ഇന്ന് വാവാണ്..

https://www.facebook.com/echmu.kutty/posts/468051056707527

കര്‍ക്കടക വാവ്..

ബലിയിടുന്ന ദിവസം. തിരുവല്ലത്ത്, വര്‍ക്കലയില്‍, ആലുവായില്‍.. തിരുന്നാവായയില്‍ കാശിയില്‍, കുരുക്ഷേത്രത്തില്‍, ഗയയില്‍, ഹരിദ്വാരില്‍, ഹൃഷികേശില്‍, ജഗന്നാഥ് ഘട്ടില്‍.. നമ്മുടെ ഭാരതദേശത്ത് ഇങ്ങനെ ഒത്തിരി ഒത്തിരി സ്ഥലത്ത് ബലിയിടല്‍ നടക്കുന്നുണ്ടാവും..
ആരൊക്കേയോ ആര്‍ക്കൊക്കേയോ വേണ്ടി..

ഞാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിയ്ക്കലേ ബലിയിട്ടിട്ടുള്ളൂ.
അത് ഹൃഷികേശിലായിരുന്നു.. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്. അച്ഛനും അമ്മീമ്മയും പോയതിനു ശേഷം..

നല്ല തിരക്കായിരുന്നു അവിടെ. എല്ലാ നാട്ടില്‍ നിന്നുമുള്ളവരുടെ ഉറ്റവരേയും ഉടയവരേയും കൊണ്ട് ഗംഗാ തടം നിറഞ്ഞിരുന്നു. നീണ്ട ബലത്തായ ഇരുമ്പ് ചങ്ങലകളില്‍ പിടിച്ചുകൊണ്ടു വേണം ഗംഗയില്‍ ഇറങ്ങി മുങ്ങാന്‍.. അതിശക്തമായ ഒഴുക്കും വെള്ളത്തിന്‍റെ ഹിമശൈത്യവും അപകട സാധ്യത കൂട്ടിയിരുന്നു.

മരണം എത്തിനോക്കാത്ത ബന്ധങ്ങള്‍ ഈ പ്രപഞ്ചത്തിലില്ലെന്നും നമ്മള്‍ എല്ലാവരും എപ്പോഴും മരിച്ചവരുടെ ബന്ധുക്കളാണെന്നും എന്നോടു പറഞ്ഞ കുട്ടി ലാമയെ ഞാനപ്പോള്‍ ഓര്‍മ്മിച്ചു. കുഞ്ഞു മരിച്ച സങ്കടത്തില്‍ പൊട്ടിക്കരയുന്ന അമ്മയോട് ആരും മരിയ്ക്കാത്ത വീട്ടില്‍ നിന്ന് കടുക് മേടി ച്ചു കൊണ്ടുവരാന്‍ ബുദ്ധന്‍ അരുളിച്ചെയ്ത കഥ പറയുമ്പോഴാണ് കുട്ടിലാമ മരണവുമായി നമുക്കുള്ള ശാശ്വതബന്ധത്തെപ്പറ്റി വാചാലനായത്.

ബലിയിടാനുള്ള പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന പുണൂല്‍ ധാരികള്‍ അച്ഛനുള്ള ബലി വളരെ ഭംഗിയായി ഇടീച്ചു. അമ്മീമ്മ അമ്മയുടെ ജ്യേഷ്ഠത്തിയാണെന്നും അവര്‍ക്ക് മക്കളില്ലെന്നും പറഞ്ഞപ്പോള്‍ പൂണൂല്‍ധാരികളുടെ താല്‍പര്യം ഗണ്യമായി കുറഞ്ഞു. എന്നാല്‍ മകളായി ത്തന്നെ എല്ലാ കര്‍മ്മങ്ങളും ചെയ്യാനാണ് വന്നിരിക്കുന്നതെന്ന് അറിയിക്കേ അവര്‍ ഉഷാറായി.. മന്ത്രങ്ങള്‍ ചൊല്ലി.. എന്നാലും എല്ലാ ക്രമങ്ങളും പൂര്‍ണമാക്കിയില്ല... കുറെ സ്റ്റെപ്പുകള്‍ അവര്‍ സൌകര്യപൂര്‍വം ഒഴിവാക്കി..

അമ്മീമ്മയ്ക്ക് മക്കളില്ലല്ലോ എന്ന ന്യായീകരണം.. ഇത്രയൊക്കെ മതി.. എന്ന ആശ്വസിപ്പിക്കല്‍..
അമ്മീമ്മ മരിച്ചപ്പോള്‍ നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ സ്ത്രീകള്‍ കൂട്ടമായി വന്നിരുന്നു.. ‘എന്‍റെ ടീച്ചറെ’ എന്ന് അവരില്‍ പലരും വിങ്ങിപ്പൊട്ടിയിരുന്നു. അവരൊക്കെ ‘ എന്‍റെ അമ്മേ’ എന്ന് വിളിക്കുന്നതിനു പകരമാണ് ‘ എന്‍റെ ടീച്ചറെ’ എന്ന് വിളിച്ചത്. അത് അവര്‍ക്കും അമ്മീമ്മയ്ക്കും മാത്രം അറിയാവുന്ന ഹൃദയ പിന്തുണകളുടെ പങ്കുവെയ്ക്കലുകളായിരുന്നുവല്ലോ.

ബ്രാഹ്മണരുടെ ശ്മശാനത്തില്‍ അമ്മീമ്മയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒരു തരത്തിലുള്ള ജാതി മത ചിന്തകളുമില്ലാതെ ജീവിച്ച അമ്മീമ്മ അങ്ങനെ ഒരു പ്രത്യേക ജാതിച്ചുടലയില്‍ അവസാനിക്കേണ്ട വ്യക്തിയുമായിരുന്നില്ല . അതുകൊണ്ടു തന്നെ പൊതുശ്മശാനത്തില്‍ കൂട്ടിയ ചിത കത്തിയ്ക്കാന്‍ ജാതിയും മതവും നോക്കാതെ ശിഷ്യന്മാരില്‍ പലരും തയാറായി ..

മരണാനന്തരകര്‍മ്മങ്ങളിലോ മറ്റ് ആചാരങ്ങളിലോ ഒന്നും അമ്മീമ്മ അല്‍പം പോലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാവണം ഹൃഷികേശിലെ പൂജാരിയോട് അയാള്‍ ചെയ്തത് ന്യായമായില്ലെന്ന് ഞാന്‍ തര്‍ക്കിക്കുമ്പോള്‍ ഗംഗയുടെ വെണ്‍നുരയലകളില്‍ അമ്മീമ്മയുടെ ചിരി കാണാമായിരുന്നു.

പിന്നീടിന്നുവരെ ഞാന്‍ ബലിയിട്ടിട്ടില്ല.

8 comments:

Sukanya said...

അമ്മീമ എല്ലാരുടെയും മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കാന്‍ എച്ച്മു കാരണമായല്ലോ. മതി

സുധി അറയ്ക്കൽ said...

ഈ കർക്കടകത്തിൽ ബലിയിടൂ ചേച്ചീ.മരിച്ചവർക്ക്‌ നമ്മൾ വാവിനിടുന്ന ബലികൊണ്ട്‌ എന്തെങ്കിലും നേട്ടമുണ്ടാകുകയാണെങ്കിൽ ആകട്ടെ.

Maithreyi Sriletha said...

വായിച്ചു എച്ചമൂ. ഇപ്പോള്‍ മരണാന്തര ചടങ്ങുകള്‍, മറ്റെല്ലാ ചടങ്ങുകളേയും പോലെ തന്നെ, കൂടിയിരിക്കയാണ്. ജീവിച്ചിരിക്കുന്ന മറ്റുള്ളവര്ക്ക് കുഴപ്പം വരും എന്ന പേടി കൊണ്ടായിരിക്കും എന്നാണ് തോന്നുന്നത്. ചെയ്യാനുള്ളത് ജീവിച്ചിരിക്കുമ്പോള്‍ ചെയ്യണം എന്ന പക്ഷക്കാരിയാണ് ഞാനും. തിരിഞ്ഞു നോക്കാതിരുന്നവര്‍ ആഞ്ഞ കര്‍മ്മങ്ങള്‍ ചെയ്യുന്ന കോമഡി ഞാനും കണ്ടിട്ടുമുണ്ട്.പിന്നെ, കര്‍ക്കിടകം വരാന്‍ പോണല്ലേ ഉള്ളു.

© Mubi said...

"ഒരു തരത്തിലുള്ള ജാതി മത ചിന്തകളുമില്ലാതെ ജീവിച്ച അമ്മീമ്മ അങ്ങനെ ഒരു പ്രത്യേക ജാതിച്ചുടലയില്‍ അവസാനിക്കേണ്ട വ്യക്തിയുമായിരുന്നില്ല." ആദരം...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു തരത്തിലുള്ള ജാതി മത ചിന്തകളുമില്ലാതെ ജീവിച്ച അമ്മീമ്മ അങ്ങനെ ഒരു പ്രത്യേക ജാതിച്ചുടലയില്‍ അവസാനിക്കേണ്ട വ്യക്തിയുമായിരുന്നില്ല . അതുകൊണ്ടു തന്നെ പൊതുശ്മശാനത്തില്‍ കൂട്ടിയ ചിത കത്തിയ്ക്കാന്‍ ജാതിയും മതവും നോക്കാതെ ശിഷ്യന്മാരില്‍ പലരും തയാറായി ..

മരണാനന്തരകര്‍മ്മങ്ങളിലോ മറ്റ് ആചാരങ്ങളിലോ ഒന്നും അമ്മീമ്മ അല്‍പം പോലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാവണം ഹൃഷികേശിലെ പൂജാരിയോട് അയാള്‍ ചെയ്തത് ന്യായമായില്ലെന്ന് ഞാന്‍ തര്‍ക്കിക്കുമ്പോള്‍ ഗംഗയുടെ വെണ്‍നുരയലകളില്‍ അമ്മീമ്മയുടെ ചിരി കാണാമായിരുന്നു.

shajitha said...

maadhavikkutteete polathe ezhuthanu ktto, manoharam

വിനുവേട്ടന്‍ said...

മരണാനന്തരകര്‍മ്മങ്ങളിലോ മറ്റ് ആചാരങ്ങളിലോ ഒന്നും അമ്മീമ്മ അല്‍പം പോലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാവണം ഹൃഷികേശിലെ പൂജാരിയോട് അയാള്‍ ചെയ്തത് ന്യായമായില്ലെന്ന് ഞാന്‍ തര്‍ക്കിക്കുമ്പോള്‍ ഗംഗയുടെ വെണ്‍നുരയലകളില്‍ അമ്മീമ്മയുടെ ചിരി കാണാമായിരുന്നു.

ആ ചിരി ഞങ്ങൾ വായനക്കാർക്കും കാണാൻ കഴിയുന്നു എച്മൂ...

Cv Thankappan said...

ആത്മശുദ്ധിയുള്ളവര്‍ക്ക് ആത്മശാന്തിയുണ്ടാവും!തീര്‍ച്ച!!
പ്രണാമം