Saturday, May 26, 2018

ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാന്‍ സോനെ കെ ഭണ്ഡാര്‍: രാജ്ഗിറിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്ന സ്വര്‍ണഖനി:

പറവകൾ, ട്രാവൽഗുരു                                           

                                                 

(06-08-2015ല്‍ അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്)
(ബീഹാര്‍ - ഭാഗം3)

രാവിലെ ശീതകാല പച്ചക്കറികള്‍ സമൃദ്ധമായി വളരുന്ന കൃഷിയിടങ്ങളും ആളില്ലാ ലെവല്‍ ക്രോസ്സുകളും കടന്ന് അജാതശത്രുവിന്റെ കോട്ടയും തേരുവഴിയും കാണാന്‍ പുറപ്പെട്ടു. നൂറുകണക്കിനു നെല്‍വിത്തുകള്‍ പണ്ട് ബീഹാറിലെ കര്‍ഷകരുടെ പക്കലുണ്ടായിരുന്നെന്നും അവയില്‍നിന്നും പലതരം അരിയും പല തരം അവലും ഉണ്ടാക്കാറുണ്ടെന്നും പറഞ്ഞുകൊണ്ടാണ് റാണി സാഹിബ നന്നെ ചെറിയ അവല്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് പ്രഭാതഭക്ഷണമായി വിളമ്പിയത്. നറു നെയ്യിന്റെ സുഗന്ധം ഉപ്പുമാവില്‍ നിന്നുയരുന്നുണ്ടായിരുന്നു. അപ്പോള്‍ പറിച്ചെടുത്ത ഉരുളക്കിഴങ്ങ്, സ്വാദും പുതുമയുമുള്ള ഗ്രീന്‍ പീസ്, പച്ചിലത്തളിരിന്റെ കുടുമയുള്ള ക്യാരറ്റ്, വിവിധതരം പച്ചിലകള്‍, പഞ്ചാബി മട്ടില്‍ മലായിയും (പാല്‍പ്പാട) കുങ്കുമപ്പൂവും ചേര്‍ത്ത പാല്‍, മല്ലിയിലയും പുതിനയും ചേര്‍ത്ത് സുഗന്ധവും രുചിയും കൂട്ടിയ പാല്‍ക്കട്ടി… ഭക്ഷണം അങ്ങേയറ്റം സമൃദ്ധവും പോഷകപ്രദവുമായിരുന്നു.

നെല്‍വിത്തുകള്‍ മാത്രമല്ല, പച്ചക്കറി വിത്തുകളും ഉയരം കുറഞ്ഞ നാടന്‍ പശുക്കളുമെല്ലാം ബീഹാറില്‍ നിന്ന് മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണെന്ന് പ്രഭുജി പറഞ്ഞു. ഭക്ഷണവേളകളിലെല്ലാം പലതരം കഥകളും ഓര്‍മ പുതുക്കലുകളുമായി അദ്ദേഹം സ്വന്തം അറിവുകള്‍ ഞങ്ങളോട് പങ്കുവെച്ചു.

അജാതശത്രുവിന്റെ രാജ്യമായിരുന്നു ബീഹാര്‍. ബിംബിസാരന്റെ മകനാണ് അജാതശത്രു. അച്ഛനെ ജയിലിലടച്ചാണ് അജാതശത്രു മഗധയുടെ അധിപനായത്. ബുദ്ധനും (ബി സി 563483 ) മഹാവീരനും (ബി സി 540468 ) ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് അജാതശത്രുവും ജീവിച്ചിരുന്നത്. ബുദ്ധജൈന മതസ്വാധീനമാണ് ബീഹാറിന്റെ ഈ സാ മട്ടിലുള്ള വികസനത്തിനു കാരണമെന്ന്.. ഓ! ഒന്നും അനശ്വരമല്ല അതുകൊണ്ടു തന്നെ ഒന്നും നേടി വെയ്‌ക്കേണ്ടതില്ല.. എന്ന വിചാരധാരയാണ് ഈ മെല്ലെപ്പോക്ക് സ്വഭാവത്തിനു ഹേതുവെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഗയയില്‍ നിന്ന് അധികം അകലെയല്ല അജാതശത്രുവിന്റെ കോട്ട. ഗയയില്‍ നിന്ന് രാജ്ഗിറിലേക്ക് ഉള്ള യാത്രയില്‍ കോട്ട മതിലിനെ രണ്ടായി പിളര്‍ന്നു മാറ്റി, അതിനു നടുവിലൂടെ നാഷണല്‍ ഹൈവേ കടന്നു പോകുന്നു.

രാജ്ഗിര്‍ വളരെ പഴയ നഗരമാണ്. അജാതശത്രു തലസ്ഥാനം പാടലിപുത്രത്തിലേക്ക് മാറ്റുന്നതു വരെ മഗധയുടെ തലസ്ഥാനമായിരുന്നു രാജ്ഗിര്‍. മഹാഭാരതത്തില്‍ ഈ സ്ഥലം ഗിരിവ്രജമെന്ന് അറിയപ്പെടുന്നു, ജരാസന്ധന്റെ രാജ്യം. ജരാസന്ധനെ ഭീമന്‍ രണ്ടായിപ്പിളര്‍ന്ന സ്ഥലം ജരാസന്ധന്റെ അഘാട എന്നറിയപ്പെടുന്നു. സന്ദര്‍ശകര്‍ അവിടം കാണാനിഷ്ടപ്പെടുന്നു.

ചൈനീസ് സഞ്ചാരികളായ ഹ്യുയാന്‍സാങ്ങും ഫാഹിയാനും രാജ് ഗിറിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ വിവരണങ്ങള്‍ക്കനുസരിച്ച് പഴയതും പുതിയതുമായി രാജ്ഗിര്‍ വിഭജി്ക്കപ്പെട്ടിട്ടുണ്ട്. പഴയ രാജ് ഗിര്‍ കുന്നുകളാല്‍ ചുറ്റപ്പെട്ട താഴ്‌വയാണ്. പുതിയ രാജ്ഗിര്‍ കോട്ടമതിലിന്റെ വടക്കേ വാതിലിനടുത്ത് പരിഷ്‌ക്കരിച്ച രാജ്ഗിര്‍ നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
 സോനെ കാ ഭണ്ഡാര്‍  പാറക്കെട്ട്

അജാതശത്രുവിന്റെ രഥചക്രങ്ങള്‍ താഴ്ന്ന അടയാളമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകള്‍ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. അവിടെ പാലി ലിപിയില്‍ കൊത്തിയ അനവധി ശിലാലിഖിതങ്ങളുണ്ട്. ഓരോ ലിഖിതത്തിനടുത്തും കുറച്ചു പൂക്കളും ചന്ദനത്തിരിയുടെ പുകയുമെല്ലാമായി ' ഞാന്‍ ഒരു ദരിദ്ര ബ്രാഹ്മണനാണ് എന്തെങ്കിലും തരൂ' എന്ന് പറയുന്നവരും ഇരിപ്പുണ്ട്. ഓരോ ലിഖിതവും തരാതരംപോലെ രാമായണ മഹാഭാരത കഥകളായി വേഷം മാറുന്നതും കാണാം. രാജ്ഗിര്‍ പട്ടണത്തിലെ സോനെ കാ ഭ ണ്ഡാര്‍ എന്ന പാറക്കെട്ടാണ് അജാതശത്രുവിന് ഏറ്റവും അധികം ആരാധന നേടിക്കൊടുക്കുന്നത്. മഹാഭാരതത്തിലെ ജരാസന്ധന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണമത്രയും ഈ ഭണ്ഡാരത്തിലുണ്ട്. അത് അജാതശത്രു കൈവശപ്പെടുത്തി. എന്നിട്ട് രണ്ട് ഗുഹകളുള്ള ആ കൂറ്റന്‍ പാറക്കെട്ടില്‍ പാലിയിലെഴുതി ചില സൂത്ര എഴുത്തുകള്‍. അത് ഡീ കോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിന്റെ ഒരു സൂത്രത്താക്കോല്‍ രഥചക്രങ്ങള്‍ താഴ്ന്ന ശിലകളിലെ ലിഖിതങ്ങളിലുണ്ടെന്നുമാണ് കഥ. സോനേ കാ ഭണ്ഡാറിലും ഒരു ബ്രാഹ്മണനുണ്ട്. അവിടെയും ദക്ഷിണ ചോദിക്കുന്നുണ്ട്. ആ ഭണ്ഡാരം തുറക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ സമസ്ത ദാരിദ്ര്യവും മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്രമാത്രം സ്വര്‍ണമുണ്ടത്രേ ആ പാറക്കെട്ടുകള്‍ക്കുള്ളില്‍… കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ പത്മനാഭസ്വാമിയുടെ പക്കലുള്ളതിലുമധികം സ്വര്‍ണമുണ്ട് ഈ പാറക്കെട്ടിലെന്ന് കാവലിരിക്കുന്ന ബ്രാഹ്മണന്‍ പുഞ്ചിരിച്ചു. എത്ര ദൂരത്തു നിന്നായാലും അളവറ്റ ധനത്തിന്റെ വാര്‍ത്തകള്‍ എല്ലാവരും അറിയുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


മണിയാര്‍ മഠം ക്ഷേത്രം

അടുത്തതായി തൊട്ടരികിലുള്ള മണിയാര്‍മഠെന്ന ഒരു പ്രാചീന ക്ഷേത്രം കാണാന്‍ പോയി. തറനിരപ്പില്‍ നിന്ന് താഴോട്ടാണ് പ്രതിഷ്ഠ. ആ ക്ഷേത്രത്തില്‍ ഇന്നുവരെ പൂജ മുടങ്ങിയിട്ടില്ലെന്നും അയ്യായിരത്തിലധികം വര്‍ഷമായി എന്നും പൂജ ചെയ്യപ്പെടുന്ന ക്ഷേത്രമാണതെന്നും പൂജാരി വിശദീകരിച്ചു. അതൊരു ജൈനക്ഷേത്രമായിരുന്നു. പിന്നീട് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമായി നാഗാരാധന നിലവില്‍ വന്നു. എന്തായാലും ക്ഷേത്രം ജീര്‍ണാവസ്ഥയിലാണ്. ചുവരുകള്‍ ഇടിഞ്ഞു തുടങ്ങി. ജീര്‍ണോദ്ധാരണമൊന്നും അങ്ങനെ കാര്യമായി നടക്കുന്നില്ല.

വിസ്തൃതമായ ഒരു താഴ്‌വരയാണ് രാജ്ഗിര്‍. ഏഴു കുന്നുകളാല്‍ ചുറ്റപ്പെട്ട അതി സുന്ദരമായ താഴ്‌വര. വൈഭവഗിരി, രത്‌നഗിരി, ശൈലഗിരി, സ്വര്‍ണഗിരി, ഉദയഗിരി, ഛാദഗിരി, വിപുലഗിരി എന്നിവയാണ് ആ കുന്നുകള്‍. രാജ്ഗിറില്‍ നിന്ന് പതിനഞ്ചു കിലോ മീറ്റര്‍ കൂടി പോയാല്‍ വിശ്വപ്രസിദ്ധമായ നളന്ദയിലെത്തിച്ചേരാം. ചെറുകുറ്റിക്കാടുകള്‍ നിറഞ്ഞ വനഭംഗിയാണ്, രാജ്ഗിറിനുള്ളത്. ബുദ്ധന്‍ നടന്ന് പോയ വഴിത്താരകളാണിവിടെ. മാസങ്ങളോളം അദ്ദേഹം ധ്യാനിച്ചിരുന്ന ഗൃദ്ധ്ര കൂടവും അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട ജീവേകര്‍മവന്‍ ബുദ്ധവിഹാരവും (ദേവദത്തന്‍ അമ്പുകൊള്ളിച്ച് പരിക്കേല്‍പ്പിച്ചപ്പോള്‍ സിദ്ധാര്‍ഥനെ ചികില്‍സിച്ചത് ഇവിടെ ആയിരുന്നു എന്ന് കഥയുണ്ട്). രാജാവായ ബിംബിസാരന്‍, ബുദ്ധനു ദാനം ചെയ്ത വേണുവനവും രാജ്ഗിറിലുണ്ട്. ജൈനമതതീര്‍ഥങ്കരനായ വര്‍ദ്ധമാനമഹാവീരനും പതിനാലു വര്‍ഷങ്ങള്‍ രാജ്ഗിറില്‍ ചെലവാക്കിയിട്ടുണ്ട്.


ബ്രഹ്മകുണ്ഡം

കുറെ ചൂട് നീര്‍ച്ചോലകളുണ്ട് രാജ്ഗിറില്‍. വൈഭവ പര്‍വതത്തിലെ സപ്തറാണി ഗുഹകളില്‍നിന്ന് ആരംഭിക്കുന്ന സപ്തധാരകളാണ് ഈ നീര്‍ച്ചോലകള്‍. ഇവ വിവിധ കുളങ്ങളില്‍ ശേഖരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കുളിയിടങ്ങളുണ്ട്. ബ്രഹ്മകുണ്ഡമാണ് ഏറ്റവും വലുത്. നാല്‍പത്തഞ്ചു ഡിഗ്രി സെന്റിഗ്രേഡാണ് അവിടെത്തെ വെള്ളത്തിന്റെ താപനില. അഭൂതപൂര്‍വമായ തിരക്കായിരുന്നു അവിടെ. അസഹനീയമായ വൃത്തികേടും. മനുഷ്യന്‍ എത്ര വൃത്തികെട്ട പദമെന്ന് ആര്‍ക്കും തോന്നിപ്പോകും.

രാജ്ഗിറിലെ വിശ്വശാന്തിസ്തൂപം കാണുകയായിരുന്നു അടുത്ത ലക്ഷ്യം. ലോകത്തിലെ എണ്‍പതു ശാന്തി സ്തൂപങ്ങളില്‍ ഒന്നാണിത്. 1969 ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ജപ്പാന്‍ ഗവണ്മെന്റിന്റെ അധീനതയിലാണ് ഈ സ്തൂപവും സ്ഥലവും… ബുദ്ധന്‍ന്റെ അത്യപൂര്‍വമായ നാലു വിഗ്രഹങ്ങളാണ് അവിടെ ഉള്ളത്. നാനൂറു മീറ്റര്‍ ഉയരമുള്ള ഒരു കുന്നിലാണ് സ്തൂപം. ഒരു റോപ് വേയിലൂടെയാണ് സ്തൂപത്തിലെത്താന്‍ കഴിയുക. ഭയപ്പെടാന്‍ അവസരം കിട്ടും മുന്‍പേ ഞാന്‍ കയറിയ ബാസ്‌കറ്റ് സഞ്ചരിച്ചു തുടങ്ങിയതുകൊണ്ട് അത് അതീവരസകരമായ ഒരു യാത്രയായി എനിക്ക് അനുഭവപ്പെട്ടു. പാറക്കെട്ടുകള്‍ക്കും മുള്ളുള്ള കുറ്റിക്കാടുകള്‍ക്കും മീതെ ഒരു തൂങ്ങുന്ന ഇരുമ്പ് കുട്ടയിലേറിയുള്ള പോക്ക് എന്നെ ശരിക്കും ആഹ്ലാദിപ്പിച്ചു. ദേവാനന്ദും ഹേമമാലിനിയും റോപ് വേയിലൂടെ 'ഓ! മേരേ രാജാ' എന്ന പാട്ടൊക്കെ പാടി പോകുന്ന പോലെ… ഞാനും ചെറുതായി ഒന്നു പാടി നോക്കി.


വിശ്വശാന്തിസ്തൂപം

സ്തൂപത്തിലെ ക്ഷേത്രത്തില്‍ ബുദ്ധസന്യാസിമാര്‍ പിരീത് ചൊല്ലുന്നുണ്ടായിരുന്നു. പിരീതിന്റെ താളം ആ ക്ഷേത്രാന്തരീക്ഷത്തിന് അഭൗമമായ ഒരു ശാന്തി പകര്‍ന്നു. ഓം മണി പത്മേ ഹും എന്ന് ജപിക്കുമ്പോള്‍ ഒരു പക്ഷെ, വിശ്വശാന്തിയുടെ അറിയാസ്പന്ദനങ്ങള്‍ ഉണ്ടാകുന്നുണ്ടാവാം. ബുദ്ധമതാനുയായികള്‍ അതിക്രൂരരായി മാറിയ പ്രാചീനവും നവീനവുമായ സംഭവങ്ങളെ ഒന്നും മറന്നുകൊണ്ടല്ല ഇങ്ങനെ എഴുതുന്നത്. പിരീതിന്റെ താളാത്മകത നല്‍കുന്ന ശാന്തി മാത്രമാണ് എന്റെ വിവക്ഷ.

സര്‍വവും ത്യജിച്ച ബുദ്ധനെ ഇങ്ങനെ സ്വര്‍ണവര്‍ണത്തില്‍ തിളക്കമേറ്റി നിറുത്തിയിരിക്കുന്നതെന്തിനാവും എന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ലോകമാകെയുള്ള വിവിധ രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികള്‍ കൂട്ടമായും ഒറ്റയ്ക്കും വിശ്വശാന്തി സ്തൂപം കാണാന്‍ വരുന്നുണ്ടായിരുന്നു. പല വേഷങ്ങള്‍, പല ഭാഷകള്‍, പല ഫാഷനുകള്‍… എല്ലാവരും ഒരു പോലെ ബുദ്ധം ശരണം ഗച്ഛാമി.. എന്ന് മന്ത്രമുഗ്ദ്ധരായി വിശ്വശാന്തിസ്തൂപത്തെ പ്രദക്ഷിണം ചെയ്തു.


വിശ്വ ശാന്തി സ്തൂപത്തിലേക്കുള്ള റോപ് വേ

റോപ് വേയിലൂടെ താഴെയിറങ്ങിയപ്പോള്‍ ഇരുട്ട് പരക്കുകയായിരുന്നു. എങ്കിലും കുപ്പിവളക്കടകളില്‍ കയറാതെ തിരിച്ചു പോരാന്‍ എനിക്ക് മടി തോന്നി. മിനുങ്ങുന്ന വളകള്‍ തെരഞ്ഞ് ഞാന്‍ വര്‍ണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കടകളില്‍ കുറച്ചു സമയം ചെലവാക്കി. വളക്കൂടുകള്‍ക്കൊപ്പം ആട്ടയില്‍ തയാറാക്കി മടക്കുമടക്കായി വറുത്ത് പഞ്ചസാരപ്പാനിയില്‍ മുക്കിയ നാടന്‍ മധുരപലഹാരമായ ഖാജ വാങ്ങിക്കാനും മറന്നില്ല.

നിലാവു പരന്നു കഴിഞ്ഞിരുന്നു. ബിഹാറിന്റെ അതിവിസ്തൃതവും ഫലഭൂയിഷ്ഠവുമായ പച്ചക്കറിപ്പാടങ്ങളെ രാത്രിയിലെ ഇളം കാറ്റ് തീരാത്ത മോഹത്തോടെ വാരിപ്പുണര്‍ന്നു. നിലാവിന്റെ പ്രഭയില്‍ പച്ചക്കറിപ്പാടങ്ങള്‍ ലജ്ജയോടെ, രോമാഞ്ചം കൊള്ളുന്നത് കാണാമായിരുന്നു. പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ഏകാന്ത വഴിത്താരകളിലൂടെ എന്‍ഡേവര്‍ ഓടിക്കൊണ്ടിരുന്നു. ഒറ്റ വഴി വിളക്കും തെളിഞ്ഞിരുന്നില്ല. നിലാവിന്റെ ശോഭ നമ്മെ കൊതിപ്പിക്കുന്നതും ലഹരിയിലാഴ്ത്തുന്നതും അത്തരം ഇരുളിലാണ്. കാറിനുള്ളിലെ സാന്ദ്രമായ നിശ്ശബ്ദതയില്‍ തന്റെ മുഴക്കമുള്ള ശബ്ദത്തില്‍ മന്നാഡേ എനിക്കു വേണ്ടി മാത്രം പാടി.. സിന്ദഗീ… കേസി ഹെ പഹേലി..

യാത്ര അഭൗമവും അവിസ്മരണീയവുമാകാന്‍ മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ല.

(തുടരും)
ചിത്രങ്ങള്‍ അഴിമുഖം