(04-09-2015 ല്‍ അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്)
എന്റെ ബ്ലോഗിനു ‘എച്മുവോടുലകം’ എന്ന ലേശം തമിഴ് കലര്‍ന്ന പേരിടാന്‍ കാരണം എന്നിലെ തമിഴു ബ്രാഹ്മണ അമ്മത്തത്തിന്റേയും മലയാളി ആശാരി അച്ഛത്തത്തിന്റേയും നിത്യമായ ജാതിക്കുറവിന്റെ ബാക്കിപത്രമെന്ന നിലയിലാണ്. എന്റെ ഈ തമിഴ് വേരുകള്‍ ജീവിതകാലമത്രയും എന്നേയും സഹോദരിമാരേയും ദുരിതങ്ങളിലും നിന്ദാപമാനങ്ങളിലും വലിച്ചിഴക്കുവാന്‍ മാത്രം പറ്റിയവയായിത്തീര്‍ന്നത്, ആ വേരുകള്‍ക്കു പടരേണ്ടിയിരുന്നതു മലയാള ജാതി, മത ഭൂമികകളില്‍ ആയിരുന്നതിനാലാവാം. തമിഴ് ബ്രാഹ്മണരുടെ അമ്മത്തവും മലയാളി ആശാരിയുടെ അച്ഛത്തവും ഞങ്ങളെ തമിഴ് ബ്രാഹ്മണ കള്ളിയിലും മലയാളി ആശാരി കള്ളിയിലും പെടുത്തിയില്ല. അതു കൊണ്ടു ഞങ്ങളുടെ ജാതി കോളം ബ്ലാങ്കായി മാറി. അമ്മ ഭാഷാ കോളമാകട്ടെ വളഞ്ഞു കുത്തിയ ഒരു ചോദ്യചിഹ്നമായിത്തീര്‍ന്നു.
അമ്മയുടെ ജ്യേഷ്ഠത്തിയായ അമ്മീമ്മ മാത്രമായിരുന്നു അമ്മയേയും അച്ഛനേയും ഒഴിച്ചാല്‍ ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികള്‍ക്കും ഈ പ്രപഞ്ചത്തില്‍ ആകെക്കൂടി ഉണ്ടായിരുന്ന ഒരേയൊരു ബന്ധു. ബാക്കി എല്ലാവരും ഒന്നുകില്‍ തമിഴ് ബ്രാഹ്മണരായിരുന്നു. അല്ലെങ്കില്‍ മലയാളി ആശാരിമാരായിരുന്നു.
ജാതിയില്‍ താഴ്ന്ന പുരുഷനെ ഭര്‍ത്താവാക്കിയതിലുള്ള തെറ്റിന് തമിഴ് ബ്രാഹ്മണ്യം എന്റെ അമ്മയെ കഠിനമായി ശിക്ഷിച്ചു. ഗ്രാമത്തില്‍ ആദ്യമായി ഗ്രാജുവേറ്റ് ആയ സ്ത്രീയാണെന്നതോ ആദ്യത്തെ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണെന്നതോ ഒന്നും ജാതീയമായി അമ്മ ചെയ്ത കുറ്റത്തിനുള്ള മാപ്പായില്ല. അമ്മയുടെ അച്ഛന്‍ അമ്മയ്ക്കായി കൊടുക്കാമെന്നേറ്റ സ്വത്തുവകകള്‍ കൈവശമാക്കി അമ്മയുടെ പേരില്‍ നികൃഷ്ടമായ നുണകളുടെ രസക്കൂട്ടുകളില്‍ ചാലിച്ച ഒരു സിവില്‍ കേസ് കൊടുക്കുകയാണ് പ്രതാപശാലികളായ സഹോദരന്മാര്‍ ചെയ്തത്. ജാതി മാറിയുള്ള കല്യാണത്തിനു കൂട്ടു നിന്നുവെന്നാരോപിച്ച് അമ്മീമ്മയുടെ പേരിലും അവര്‍ അതേ കേസു കൊടുത്തിരുന്നു. മുപ്പതു വര്‍ഷമാണ് ആ സിവില്‍ കേസ് നമ്മുടെ ചെറിയ കോടതികളില്‍ നിന്ന് വലിയ വലിയ കോടതികളിലേക്ക് യാത്ര ചെയ്തത്. അമ്മീമ്മ വെറുമൊരു യു പി സ്‌കൂള്‍ ടീച്ചറും സഹോദരന്മാര്‍ ആയിരക്കണക്കിനു രൂപ വരുമാനമുള്ള വലിയ ഉദ്യോഗസ്ഥരുമായിരുന്നു. ഭര്‍ത്താവോ മക്കളോ ഇല്ലാത്ത അമ്മീമ്മയ്ക്ക് അപ്പാ കൊടുത്ത വീട് അനര്‍ഹമായ സ്വത്താണെന്നതായിരുന്നു, ആ കേസില്‍ സഹോദരന്മാരുടെ ഒരു പ്രധാന വാദം.
പന്ത്രണ്ട് വയസ്സില്‍ കുടുംബത്തിലൂള്ള മുതിര്‍ന്നവരുടേയും പുരോഹിതനായ വാദ്ധ്യാരുടേയും അനുഗ്രഹാശിസ്സുകളോടെ ഒരു തമിഴ് ബ്രാഹ്മണനെ വിവാഹം കഴിക്കുകയും നാലുദിവസത്തിനു ശേഷം അകാരണമായി ആ മഹാ ബ്രാഹ്മണനാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത സ്ത്രീയായിരുന്നു അമ്മീമ്മ. കഠിനമായ പ്രതിഷേധങ്ങളെ നേരിട്ടുകൊണ്ടാണ് മുപ്പതുവയസ്സിനു ശേഷം അവര്‍ അക്ഷരം പഠിച്ചതും ടി ടി സി പാസ്സായി ഒരു അധ്യാപികയായതും.
അമ്മയുടെയും അച്ഛന്റേയും വിവാഹത്തിനു കൂട്ടുനിന്നുവെന്ന കുറ്റം ചാര്‍ത്തി അമ്മീമ്മയുടെ അപ്പാവിന്റെ മരണശേഷം അവരെ ഒരു ദിവസം രാവിലെ അതുവരെ ജീവിച്ച അപ്പാവിന്റെ തറവാട്ടുമഠത്തില്‍ നിന്ന് ഉടുത്ത സാരിയോടെ പടിയിറക്കി വിടുകയായിരുന്നു. ഒരു ഗ്രാമം ഒന്നടങ്കം വാടക വീടു നല്‍കാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടും പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച, അതുകൊണ്ടു തന്നെ ഒത്തിരി ശ്രമങ്ങള്‍ക്കുശേഷം വാടകയ്ക്ക് ലഭിച്ച, ഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയില്‍ മനസ്സുറപ്പോടെ ഒറ്റയ്ക്ക് പാര്‍ത്ത ഒരു സ്ത്രീയായിരുന്നു അമ്മീമ്മ.
പണത്തിന്റെ അതിരില്ലാത്ത ബലം, അതിന്റെ പ്രപഞ്ചം തുളയ്ക്കുന്ന ധിക്കാരം, അതിനോടുള്ള ഉപാധികളില്ലാത്ത ആര്‍ത്തി ഇതെല്ലാം എന്തെന്ന് എനിക്ക് ആദ്യമായി ബോധ്യമാക്കിത്തന്നത് ഈ അവസാനിക്കാത്ത സിവില്‍ കേസിന്റെ നൂലാമാലകളാണ്. പണമില്ലാത്തവരുടെ ഒടുങ്ങാത്ത ദൈന്യവും ആര്‍ക്കും പിച്ചിച്ചീന്താവുന്ന അവരുടെ ഗതികെട്ട അഭിമാനവും എന്റെ കണ്‍മുന്നില്‍ സദാ ദയനീയമായി വെളിപ്പെട്ടു നിന്നു. സഹോദരിമാര്‍ക്കെതിരേയും മരിച്ചു പോയ അപ്പാവിനെതിരേയും ആ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ രക്തബന്ധമെന്ന എടുത്താല്‍ പൊങ്ങാത്ത തമാശയെ എനിക്കു കാട്ടിത്തരികയായിരുന്നു. മനുഷ്യ മനസ്സിന്റെ അതിക്രൂരമായ കൗടില്യവും കള്ളത്തരങ്ങളോടുള്ള അതിന്റെ സ്വാഭാവികമായ താദാത്മ്യവും എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളത്.
അമ്മീമ്മ താമസിച്ചിരുന്ന വീട്ടില്‍ മുറ്റമടിക്കാന്‍ വന്നിരുന്ന ഒരു പാറുക്കുട്ടി ഈഴവ ജാതിക്കാരിയായിരുന്നു. അവരെക്കൊണ്ട് കറികള്‍ക്കുള്ള പച്ചക്കറി മുറിപ്പിക്കുക, തേങ്ങ ചിരകിച്ച് ചമ്മന്തിക്കും മറ്റും അരപ്പിക്കുക, വെള്ളം പിടിച്ചു വെക്കുന്ന ചെപ്പ്, കുടമുള്‍പ്പടെയുള്ള പാത്രങ്ങള്‍ കഴുകിക്കുക ഇതിനൊന്നും അമ്മീമ്മ യാതൊരു മടിയും വിചാരിച്ചിരുന്നില്ല. ജാതി-മത ഭേദമെന്യേ എല്ലാവരേയും ഒരുപോലെ മനുഷ്യരായി പരിഗണിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു. ഇരുണ്ട വര്‍ണമുള്ള ആ പാറുക്കുട്ടി, അമ്മീമ്മയുടെ വീട്ടിലെ ആസ്ഥാന പണിക്കാരനും നായര്‍ ജാതിക്കാരനുമായ ഗോവിന്ദനെ കമ്മള് എന്നു മാത്രമേ അഭിസംബോധന ചെയ്തിരുന്നുള്ളൂ. അമ്മീമ്മയെ തമ്പുരാട്ടി എന്നും. എന്നെയും അനിയത്തിമാരേയും അവര്‍ പേരു വിളിച്ചിരുന്നു. എന്നാല്‍ അയല്‍പക്കക്കാരായിരുന്ന കൊച്ചു ബ്രാഹ്മണ പെണ്‍കുട്ടികളെ അവര്‍ കൊച്ചു തമ്പുരാട്ടിമാരെന്ന് തന്നെ വിളിച്ചു പോന്നു.
നിങ്ങടെ അച്ഛന്‍ ഞങ്ങടെ ജാതിക്കാരനായതുകൊണ്ട് ഞങ്ങടെ വീട്ടില്‍ വന്നു ഭക്ഷണം കഴിക്കുമെന്നും കല്യാണം കൂടുമെന്നും ചിലര്‍ പറയാറുണ്ടായിരുന്നു. കുട്ടിയും ഞങ്ങടെ രാജുവും അല്ലെങ്കില്‍ ഞങ്ങടെ ശശിയും വയസ്സിന് ഒത്ത പാകമാണെന്നും പറഞ്ഞ് ഒരു പ്രത്യേക തരം കള്ളച്ചിരി ചിരിക്കുന്നതും ഗ്രാമീണരില്‍ ചിലര്‍ക്കെല്ലാം ഇഷ്ടമുള്ള കാര്യമായിരുന്നു. സ്ത്രീകളായിരുന്നു ഇക്കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍. എന്തോ ഒരു ഇക്കിളിയുടെ ദുരര്‍ഥം ഒളിപ്പിച്ചുവെച്ചിരിക്കുന്ന അമ്മാതിരി കള്ളച്ചിരികള്‍, ചെറുപ്പം മുതല്‍ ഞങ്ങളെ വിഷമിപ്പിച്ചുകൊണ്ടിരുന്നു.
കൗമാര പ്രായത്തില്‍ അച്ഛന്റെ ജാതിയില്‍പ്പെട്ടവരെന്ന് അവകാശപ്പെടുന്ന ആണ്‍കുട്ടികളുടെ പേരുകള്‍ പ്ലസ് ചിഹ്നമിട്ട് ഞങ്ങളൂടെ പേരുകള്‍ക്കൊപ്പം സ്‌കൂളിലെ ബഞ്ചിലും ഡസ്‌ക്കിലും ബോര്‍ഡിലും എഴുതിവെക്കുന്നതും ആദ്യമാദ്യമെല്ലാം ഞങ്ങളെ വേദനിപ്പിച്ചിരുന്നു. മറ്റു കൂട്ടുകാരികള്‍ക്കൊന്നും ഇത്തരമൊരു സങ്കടം അനുഭവിക്കേണ്ടി വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ആ എഴുത്തുകള്‍ കണ്ട് സവര്‍ണരും അവര്‍ണരുമായ കൂട്ടുകാരികള്‍ പരിഹാസത്തോടെയുള്ള ഒരു പുഞ്ചിരി എപ്പോഴും ഞങ്ങള്‍ക്കു നേരെ ഉതിര്‍ത്തു. അതൊരു നിത്യപ്പതിവായപ്പോള്‍, അത്തരം കാര്യങ്ങള്‍ക്ക് വിശദീകരണമന്വേഷിക്കുന്നത് ഞങ്ങളെ കൂടുതല്‍ പരിഹാസ്യരാക്കുമെന്നു മനസ്സിലായപ്പോള്‍ പിന്നെ അവയെ ഞങ്ങള്‍ തീരെ കാര്യമാക്കാതെയായി.
ഞങ്ങള്‍ കുട്ടികള്‍, ജാതീയമായ എന്തോ ഒരു കുഴപ്പമുള്ളവരാണെന്നും ബ്രാഹ്മണരുടെ വെളുത്ത നിറമുള്ളവരല്ലെന്നും സാധിക്കുമ്പോഴെല്ലാം ഞങ്ങളെ അറിയിക്കുന്നതില്‍ ഗ്രാമത്തിലെ സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും തമ്മില്‍ നല്ല യോജിപ്പായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഏതുതരം പരാമര്‍ശവും ഞങ്ങളെ ഭയപ്പെടുത്തുകയും അവരില്‍ നിന്നെല്ലാം ഒരുപോലെ അകറ്റുകയും മാത്രമേ ചെയ്തുള്ളൂ.
പഴയന്നൂരും ഷൊര്‍ണ്ണൂരും ഗുരുവായൂരും ഒക്കെ പ്രതാപശാലികളായ അമ്മാവന്മാരുണ്ടെന്ന് എപ്പോഴും അവകാശപ്പെടുമെങ്കിലും അമ്മീമ്മയുടെ വീട്ടില്‍ താമസിച്ചു ജോലി ചെയ്തിരുന്ന നായരായ മറ്റൊരു പാറുക്കുട്ടിക്ക് സ്വന്തം നായരത്തത്തില്‍ വലിയ ഗമയുണ്ടായിരുന്നു. അതിനോട് കലശലായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും പാറുക്കുട്ടിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നതുകൊണ്ട് സാധിക്കുമ്പോഴെല്ലാം അവരെ സഹായിക്കാന്‍ അമ്മീമ്മ മനസ്സു വെച്ചു. എങ്കിലും ആറുമാസത്തിലധികം കാലം ഒരിക്കലും പാറുക്കുട്ടി വീട്ടില്‍ നിന്നില്ല. അതിനകം എന്തെങ്കിലും സൗന്ദര്യപ്പിണക്കങ്ങള്‍ അവര്‍ സൃഷ്ടിക്കുമായിരുന്നു. അവരെ ആശ്രയിച്ച് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നര്‍ഥം.
എല്ലായ്‌പോഴും എന്തെങ്കിലും സഹായം സ്വീകരിച്ചിരുന്നു, അമ്മീമ്മയെ കുറെയൊക്കെ ആദരിച്ചിരുന്നു, എങ്കിലും അമ്മീമ്മ കേള്‍ക്കാത്തപ്പോള്‍ എന്നോടും അനിയത്തിയോടും പാറുക്കുട്ടി സ്വന്തം നായര്‍ പ്രതാപം ഇടയ്‌ക്കൊക്കെ പ്രകടിപ്പിച്ചിരുന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍, വെള്ളവും മറ്റും കുടിച്ച ഗ്ലാസുകള്‍ ഒക്കെ സ്വയം കഴുകണമെന്ന് അവര്‍ പറയുമായിരുന്നു. ‘പെണ്‍കുട്ടികള്‍ ചെറുപ്പന്നേ വീട്ടു പണിയെടുത്ത് ശീലിക്കണ’മെന്ന മുഖവുരയോടെയാണെങ്കിലും ‘എനിക്കീ താന്ന യാതിക്കാരന്റെ മക്കള്‍ടെ പാത്രമൊന്നും മോറണ്ട കാര്യല്ല’ എന്നും അവര്‍ പിറുപിറുത്തിരുന്നു.
കപ്പ വില്‍ക്കുന്ന കത്രീനയോടും പാറുക്കുട്ടി എതിര്‍പ്പ് കാണിച്ചിരുന്നു. ‘എനിക്കിഷ്ടല്ല, ഈ യാതി കെഴങ്ങൊന്നും. ഇതൊക്കെ കൊറഞ്ഞ യാതീക്കാര്‌ടേം കാശില്ലാത്ത മാപ്ലാരുടേം ഭക്ഷണാ. ഈ കുട്ട്യോള്‍ക്ക് അതും കഞ്ഞിവെള്ളോം ഒക്കെയാ ഇഷ്ടം. അതെങ്ങനെയാ മത്ത കുത്തിയാ കുമ്പളം മുളക്കോ’ എന്നും മറ്റും അവര്‍ ചെറിയ ശബ്ദത്തില്‍ കത്രീനയുടേതില്‍ നിന്നും ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ സ്വന്തം ജാതിയെ അടയാളപ്പെടുത്തിയിരുന്നു. കാച്ചില്‍, ചേന, ചേമ്പ് തുടങ്ങിയവയ്ക്കുള്ള ആഢ്യത്തം ഒരിക്കലും കപ്പയ്ക്ക് ഉണ്ടാവില്ലെന്നും പാറുക്കുട്ടി പ്രഖ്യാപിക്കാറുണ്ടായിരുന്നു.
ജാതിയുടെ കൊമ്പുകൂര്‍ത്ത അഹങ്കാരങ്ങള്‍ ഞങ്ങള്‍ കുട്ടികളെ പലപ്പോഴും കഠിനമായി ഒറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ നഴ്‌സറി സ്‌കൂള്‍ പഠനം അത്തരമൊരു സങ്കടമായിരുന്നു. ഒരു ബ്രാഹ്മണ ഭവനത്തിന്റെ പൊളിഞ്ഞ വിറകുപുരയിലായിരുന്നു നഴ്‌സറി ആരംഭിച്ചത്. ഗ്രാമത്തില്‍ ചെറിയ തോതില്‍ പ്രവര്‍ത്തനമാരംഭിച്ച മഹിളാ സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു നഴ്‌സറി. ഒന്നോ രണ്ടോ ഒടിഞ്ഞ മരത്താറാവുകളും രണ്ട് ഭേദപ്പെട്ട മരക്കുതിരകളും ഒരു ചക്രമില്ലാത്തതുകൊണ്ട് ഓടാത്ത ഒരു ട്രൈ സൈക്കിളും അവിടെയുണ്ടായിരുന്നു. ഒരു നരച്ച ബോര്‍ഡും.
നാലു വയസ്സായപ്പോഴേക്കും മലയാളം, ഇംഗ്ലീഷ് അക്ഷരമാലകള്‍ എഴുതാനും നൂറു വരെ മേപ്പട്ടും കീപ്പട്ടും എണ്ണാനും തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കുട്ടിക്കവിതകള്‍ മന:പാഠം ചൊല്ലാനും ഒക്കെ കഴിഞ്ഞിരുന്ന ഒരു ബഹുഭാഷാ പണ്ഡിതയായിരുന്നു ഞാനെങ്കിലും നഴ്‌സറി സ്‌കൂളിലെ ആദ്യത്തെ ദിനം തന്നെ എനിക്ക് വേപ്പിലക്കഷായം മാതിരി കയ്ച്ചു.
എല്ലാ കുട്ടികളും കൊഞ്ചിക്കൊഞ്ചി തമ്മില്‍ പരിചയപ്പെടുകയും പരിചയപ്പെടുത്തുകയുമായിരുന്നു.
ടീച്ചര്‍ ചോദിക്കും, എന്താ മോള്‍ടെ പേര്?
ഞ്ചെ പേര് മാല.
വീടേതാ?
കോവിലിഞ്ചെ പടിച്ച് മുമ്പത്തെ മഠം വീട്.
അച്ഛന്റെ പേരെന്താ?
ചുപ്പരാമ സാമി
അമ്മേടെ പേരോ?
അമ്മാന്ന്
അച്ഛന് എന്താ ജോലി?
പൂജ യ്യല്.
ഇമ്മട്ടില്‍ ചോദ്യോത്തരങ്ങള്‍ പുരോഗമിച്ചു കൊണ്ടിരുന്നു. ചിലര്‍ അമ്മയുടെ പേരും അറിയാമെന്ന് പറഞ്ഞ് മിടുക്കരായി. ഇനിയും ചില സാമര്‍ഥ്യക്കാര്‍ അച്ഛന്റെ സാമ്പത്തിക സ്ഥിതി കൂടിയും വെളിപ്പെടുത്തി… ‘ച്ഛന്റെ കൈലെപ്പയും ഞൂറിന്റെ പുത്യേ നോട്ന്താവും .’
അങ്ങനെ ടീച്ചര്‍ എന്നോടും ചോദിച്ചു.
അച്ഛന്റെ ജോലി എന്ന ചോദ്യത്തിന് ‘ഡോക്ടര്‍’ എന്ന് ഞാന്‍ പറഞ്ഞതും’ അല്ലല്ല, തീച്ചറെ അത് ആ കുത്തി പയണത് നൊണയാ.. ആ കുത്തീദച്ഛന്‍ ആശേരിയാ’ എന്ന് ചില കുഞ്ഞു തൊണ്ടകള്‍ കൂവിപ്പറഞ്ഞതും ഒന്നിച്ചായിരുന്നു.
ഞാന്‍ സമ്മതിക്കുമോ?
എന്റെ അച്ഛന്‍ ഡോക്ടറാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അച്ഛന്‍ രാവിലെ ആശുപത്രിയിലേക്ക് പോകും, പേഷ്യന്റ്‌സിനെ നോക്കും, മരുന്ന് കൊടുക്കും, കുത്തി വെക്കും. അമ്മീമ്മയുടെ വീട്ടില്‍ പണികള്‍ ചെയ്യാന്‍ വരുന്ന ആശാരിമാരെയും ഞാന്‍ കണ്ടിട്ടുണ്ട്. മുഷിഞ്ഞ ഒരു സഞ്ചി കൈയില്‍ പിടിച്ച്, ചളി പിടിച്ച ബനിയനും ഇട്ട് പലതരം ഉളികളും അറക്കവാളും ഒക്കെയായി അവര്‍ പുരപ്പുറത്ത് കയറി പണിയാറുണ്ട്. അവര്‍ക്ക് കാറില്ല, ഷൂസും പാന്റും ഷര്‍ട്ടും സ്റ്റെതസ്‌കോപ്പും ഇല്ല.
എന്റെ അച്ഛന്‍ ആശാരീം കീശാരീം ഒന്നുമല്ല, ഡോക്ടറാണെന്ന് ഞാന്‍ ബഹളം വെച്ചപ്പോള്‍ ടീച്ചര്‍ ചിരിച്ചു. അവര്‍ എന്നെ സമാധാനിപ്പിക്കുന്നതിനു പകരം ‘ഡോക്ടറായാലും ജാതി ആശാരി തന്നെയാ..’ എന്ന് പറഞ്ഞത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മറ്റ് കുട്ടികള്‍ക്കൊപ്പം അവരും പൊട്ടിച്ചിരിച്ചപ്പോള്‍ ഞാന്‍ വിഷണ്ണയായി നിന്നു.
ജാതി എന്ന് പറയുന്ന ഒരു വൃത്തികെട്ട സാധനം എന്നേയും അനിയത്തിമാരേയും ഉപദ്രവിക്കാനായി, പരിഹസിക്കാനായി ഞങ്ങളുടെ പുറകെ എപ്പോഴുമുണ്ടാവുമെന്ന് പതുക്കെപ്പതുക്കെ എനിക്ക് മനസ്സിലായി. ജാതിക്ക് കുഞ്ഞുങ്ങള്‍ എന്നോ ദരിദ്രര്‍ എന്നോ രോഗികള്‍ എന്നോ അങ്ങനെ ഒരു പരിഗണനയുമില്ലെന്നും എനിക്ക് വേഗം മനസ്സിലായി.
ഇതെല്ലാമാണെങ്കിലും അച്ഛനോട് ആരും തന്നെ യാതൊരു വിവേചനവും പ്രദര്‍ശിപ്പിച്ചിരുന്നില്ല. അച്ഛന്റെ തിളങ്ങുന്ന ഷൂസും ചുളിവില്ലാത്ത വസ്ത്രങ്ങളും ചുരുണ്ടിരുണ്ട തലമുടിയും കാറും ഉദ്യോഗ പ്രൗഢിയും നാഗരിക പരിഷ്‌ക്കാരവും ഒക്കെ ഗ്രാമീണരെ എപ്പോഴും സന്തോഷിപ്പിച്ചു. അമ്മയുടെ ഗ്രാമത്തില്‍നിന്ന് കാണാനെത്തുന്ന ആരോടും അതീവ ദയയോടെയും കാരുണ്യത്തോടെയും മാത്രമേ അച്ഛനും പെരുമാറിയിരുന്നുള്ളൂ. മഹാധനികരും സ്ഥാനികളുമായ ബ്രാഹ്മണരുടെ കുടുംബത്തില്‍ ഇങ്ങനെയൊരു താഴ്ന്ന ജാതിക്കാരന്‍ മരുമകന്‍ വരേണ്ടിയിരുന്നില്ല എന്ന് ആ നാട്ടുകാരെക്കൊണ്ട് പറയിക്കരുതെന്ന് അച്ഛനും നല്ല ശാഠ്യമുണ്ടായിരുന്നു.
ഞങ്ങളോട് ജാതീയമായ വിരോധം പ്രകടിപ്പിച്ചു പോന്ന എല്ലാവരും തന്നെ, അച്ഛന്റെ മുന്നില്‍ അമ്മയുടെ ഗ്രാമക്കാരാണെന്നും ബന്ധുക്കളാണെന്നും കൂട്ടുകാരാണെന്നും ഒക്കെ പറയുകയും ആ ഉദ്യോഗ പ്രൗഢിയുടെ സൗജന്യം പറ്റാവുന്ന രീതിയില്‍ ആസ്വദിക്കുകയും ചെയ്തു. അച്ഛന്‍ ഒരു ഡോക്ടറായതും ഇക്കാര്യത്തില്‍ വലിയ സഹായം ചെയ്തിട്ടുണ്ട്. കാരണം അപകടവും വേദനയും രോഗവും മരണവുമൊന്നും ആരുടേയും ജാതിയും മതവും ധനസ്ഥിതിയും മറ്റും നോക്കിയല്ലല്ലോ ശരീരത്തില്‍ പിടിമുറുക്കുന്നത്.
ബൊമ്മക്കൊലുവിനു ഞങ്ങള്‍ക്ക് പലഹാരം കൈയില്‍ വെച്ചു തരാന്‍ മടിക്കുന്ന മാമിമാരും, ചന്ദനം പുറത്തുള്ള കല്ലില്‍ എറിഞ്ഞു തന്ന് ഞങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന അമ്പലത്തിലെ പൂജാരിയും, ബ്രാഹ്മണപ്പയ്യന് അല്ലെങ്കില്‍ നായര്‍ പെണ്‍കുട്ടിക്ക് കണക്കില്‍ അധികം മാര്‍ക്കു കൊടുക്കണമെന്ന നിര്‍ബന്ധംകൊണ്ട് അരമാര്‍ക്ക് കുറച്ചിട്ട് പരീക്ഷകളില്‍ ഞങ്ങളെ രണ്ടാമതാക്കുന്ന ടീച്ചറും, ഭഗവദ്ഗീത പഠിക്കുവാന്‍ ചെരട്ടക്കയിലുകളായ (ആശാരി സ്ത്രീകളാണ് ചെരട്ടക്കയില്‍ കുത്തുക) ഞങ്ങള്‍ക്ക് അര്‍ഹത ഇല്ലെന്ന് വിധിച്ച നായര്‍ ജാതിയില്‍ പെട്ട സംസ്‌കൃത പണ്ഡിതനുമെല്ലാം ജാതീയതയുടെ അഹങ്കാരത്താല്‍ ഞങ്ങളുടെ ശൈശവ ബാല്യങ്ങളെ ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്.
എന്നാലും രോഗം വരുമ്പോള്‍, അപകടത്തില്‍ പെടുമ്പോള്‍ ടൗണിലെ ആശുപത്രിയില്‍ ചെന്ന് ഇവരില്‍ പലരും അച്ഛനെ കൈകൂപ്പി തൊഴുന്നതും അച്ഛന്‍ അവരെ പരിശോധിക്കുന്നതില്‍ യാതൊരു വിരോധവും പ്രകടിപ്പിക്കാത്തതും ‘ഡോക്കട്ട്‌റ് നല്ല ഒരു മനിഷ്യനാ… എല്ലാ സഹായോം ചീതു… വേറെ വല്യ ഡോക്കട്ടറെയൊക്കെ വേഗം കാണാന്‍ള്ള എല്ലാ ഏര്‍പ്പാടും ഇണ്ടാക്കിത്തന്നു’ എന്നൊക്കെ പുകഴ്ത്തുന്നതും ഞങ്ങള്‍ കുട്ടികളെ കുറച്ചൊന്നുമല്ല അല്‍ഭുതപ്പെടുത്തിയിട്ടുള്ളത്.
അച്ഛന്റെ അച്ഛന്‍ മിടുക്കനായ ഒരു സിവില്‍ എന്‍ജിനീയറായിരുന്നു. അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. എന്നെയോ സഹോദരിമാരെയോ കാണാന്‍ അദ്ദേഹമൊരിക്കലും താല്‍പര്യപ്പെട്ടതുമില്ല. ഞങ്ങളെ സ്വന്തം മകന്റെ മക്കളായി മനസ്സിലാക്കുന്നതിലും അദ്ദേഹത്തിനു എളുപ്പം മറ്റൊരു ജാതിയില്‍ പെട്ട സ്ത്രീയുടെ ഉദരഫലങ്ങളായി മാത്രം മനസ്സിലാക്കുവാനായിരുന്നു. അമ്മയെ പരിണയിക്കുക വഴി വിവാഹമെന്ന തെറ്റും അതില്‍ ഉണ്ടായിരിക്കേണ്ട ഒടുങ്ങാത്ത കുറ്റബോധവും അച്ഛനില്‍ എന്നും സജീവമായി നിലനിറുത്തുന്നതില്‍ ഇത്തരം തിരസ്‌ക്കാരങ്ങള്‍ പൂര്‍ണമായും വിജയിച്ചു. അമ്മയെ അല്ല വിവാഹം കഴിക്കേണ്ടിയിരുന്നതെന്നും ഞങ്ങളല്ല മക്കളായി പിറക്കേണ്ടിയിരുന്നതെന്നും അച്ഛന്‍ ജിവിതകാലമത്രയും വിശ്വസിച്ചു പോന്നു. അതുകൊണ്ടാണോ എന്നറിയില്ല , അച്ഛന്റെ വേരുകളെക്കുറിച്ച് ഒന്നും തന്നെ ഞങ്ങളോട് വെളിപ്പെടുത്താന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. അച്ഛന്റെ അമ്മ സ്‌കൂള്‍ ടീച്ചറായിരുന്നു. അവര്‍ അച്ഛന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ മരിച്ചു പോയിരുന്നു. അച്ഛന്റെ അച്ഛന്‍ ഒരു കുഞ്ഞുള്ള സ്ത്രീയെ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. അതില്‍ അദ്ദേഹത്തിനു മക്കളൊന്നും ഉണ്ടായില്ല.
ഞങ്ങള്‍ സഹോദരിമാര്‍ക്ക് ഞങ്ങള്‍ മാത്രമേ ബന്ധുക്കളായി ഉണ്ടായിരുന്നുള്ളൂ. കല്യാണങ്ങള്‍ക്കോ മറ്റു വിശേഷങ്ങള്‍ക്കോ വളരെ അപൂര്‍വമായി പോകുമ്പോള്‍ പോലും ഞങ്ങളുടെ ബന്ധുക്കള്‍ ഞങ്ങളുടെ കുടുംബം എന്നൊരു സങ്കല്‍പമേ ഞങ്ങളിലുണ്ടായിരുന്നില്ല. അത്തരം ഒരു സങ്കല്‍പം വളര്‍ന്നു വരാന്‍ ആവശ്യമായ യാതൊരു വൈകാരിക പിന്തുണയും ആരില്‍ നിന്നും ഒരു കാലത്തും ഞങ്ങള്‍ക്ക് ലഭ്യമായതുമില്ല. ഒരു കഷണം ചോക്ലേറ്റായോ വാല്‍സല്യമൂറുന്ന ഒരു ഉമ്മയായോ പോലും ആരും ഞങ്ങളെ സ്വീകരിച്ചില്ല. അതുകൊണ്ടാവണം ആരേയും ഞങ്ങളോട് ബന്ധപ്പെടുത്തി അമ്മാവന്‍ എന്നോ അമ്മായി എന്നോ ഞങ്ങള്‍ക്ക് പറയാനില്ലാതായത്. അവര്‍ അച്ഛന്റെ സഹോദരിയോ അമ്മയുടെ സഹോദരനോ മാത്രമായിരുന്നു. അച്ഛന്റെ അച്ഛന്‍, അപ്പൂപ്പന്‍ ആയി മാറിയില്ല ഒരിക്കലും. അമ്മയുടെ അമ്മ, പാട്ടി ആയില്ല ഒരിക്കലും. ഞങ്ങളുമായി ഒരു ബന്ധവുമില്ലാത്തവര്‍. എവിടെയായിരിക്കുമ്പോഴും ഞങ്ങള്‍ അവിടുത്തേതായിരുന്നില്ല. നമ്മൂടെ മക്കള്‍ എന്നോ ഇവിടത്തെ കുഞ്ഞുങ്ങള്‍ എന്നോ ഞങ്ങള്‍ ഒരിടത്തും സംബോധന ചെയ്യപ്പെട്ടില്ല. ഞങ്ങളുടെ ജന്മബന്ധങ്ങളില്‍ അതങ്ങനെയായതു കൊണ്ടാവാം പിന്നീട് ജീവിതത്തിലെ മിക്കവാറും എല്ലാ ബന്ധങ്ങളിലും ആ ഏച്ചുകൂട്ടലും സഹിക്കലും മുന്നിട്ടു നിന്നത്. നീയല്ല, നിന്നെപ്പോലെ ഒരാളല്ല ഞങ്ങളുടെ വീട്ടില്‍ വരേണ്ടിയിരുന്നതെന്നും നിനക്ക് ഈ കുടുംബത്തിലെത്താനുള്ള യോഗ്യതയില്ലെന്നും ഞളുളൂടെ ബന്ധങ്ങളില്‍ മിക്കവാറും എല്ലാവരും സാധിക്കുമ്പോഴെല്ലാം പറഞ്ഞു പോന്നു.
അങ്ങനെയാണ് മലയാളിയായ ക്രിസ്തുമതവിശ്വാസിയായി ജീവിക്കാന്‍ ഞാന്‍ പരിശ്രമിച്ചത്. എന്നാല്‍ മാമ്മോദീസാ വെള്ളം തലയില്‍ വീഴ്ത്താതെ ആര്‍ക്കും ക്രിസ്തുമതത്തിന്റെ പടി കേറാന്‍ പറ്റില്ല എന്ന് മതം എനിക്ക് മനസ്സിലാക്കിച്ചു തന്നു. ഇനി അത് വീഴ്ത്തിയാലും മാര്‍ക്കം കൂടിയവര്‍ക്ക് അസ്സലിന്റെ ഗമ കിട്ടുമോ? ഇല്ല. അവരെന്നും ‘മാര്‍ക്കം കൂടിയവര്‍’ അഥവാ ‘കണ്‍വെര്‍ട്ടഡ്’ തന്നെ ആയിരിക്കും. ധ്യാനം കൂടാന്‍ പോയപ്പോഴൊക്കെ എന്റെ ക്രിസ്ത്യാനി ഗ്രേഡ് കുറവാണെന്ന് അച്ചന്മാര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ പിടി കിട്ടുമായിരുന്നു. നല്ല അസ്സല്‍ ക്രിസ്ത്യാനികളുടെ ശിരസ്സില്‍ കൈ വെച്ച് ധ്യാനിക്കുന്നത് പോലെ എന്റെ തലയില്‍ കൈ വെച്ച് ധ്യാനിക്കാന്‍ അച്ചന്മാര്‍ക്ക് പേടിയാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നീ ഒരു നല്ല സ്ത്രീയായിരിക്കാം, പക്ഷെ, ക്രിസ്ത്യാനിയാവാതെ അത് ഞങ്ങള്‍ക്ക് ഉറപ്പിക്കാനാവില്ല എന്നായിരുന്നു അച്ചന്മാര്‍ പറഞ്ഞിരുന്നത്. ഞാന്‍ താമസിക്കുന്ന വീട് അവര്‍ക്ക് വെഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല. മതം മാറാത്ത ഞാന്‍ പള്ളിയിലെ പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ലഭിക്കുന്ന വാഴ്ത്തപ്പെട്ട അപ്പത്തിനായി കൈ നീട്ടരുതെന്ന് മൈക്കിലൂടെ എന്റെ പേരെടുത്ത് പറഞ്ഞ് വിലക്കിയിട്ടുണ്ട് ദൈവ വിശ്വാസികളായ ക്രിസ്തീയപുരോഹിതന്മാര്‍. ഞാന്‍ ഭക്ഷണം കഴിച്ച പാത്രത്തിനു കൂടി ആശാരിത്തത്തിന്റെ അശുദ്ധിയുണ്ടായിരുന്നു.
ഈ തമിഴു ബ്രാഹ്മണരുടെ വേരു കാരണം ഞാന്‍ ബൈബിള്‍ വായിച്ചാല്‍ സഹസ്രനാമം ചൊല്ലുന്ന പോലെ തോന്നും. ഇറച്ചിയും മീനും വെച്ചാല്‍ സാമ്പാറും കൂട്ടുകറിയും പോലെയാണ്. എന്റെ മേലാണെങ്കിലോ സദാ ഒരു ഭസ്മത്തിന്റേയും പുളിച്ച മോരിന്റേയും വാടയാണ്. ഈ താരതമ്യങ്ങള്‍ക്ക് പുറമേ മറ്റൊരു ചോദ്യവും കൂടിയുണ്ടായിരുന്നു. ലോകത്തിലേക്കും വെച്ച് ഏറ്റവും മുന്തിയ മതം ഏതാണ്? അതിനൊരു ഉത്തരമേയുള്ളൂ ക്രിസ്തുമതം. ജാതിയില്ലാത്ത ഞാനെന്ന കാക്ക ഒരു ക്രിസ്ത്യാനി കൊക്കാകാന്‍ വേണ്ടി കുറെ കുളിച്ചു നോക്കി. ആയില്ല. ഈ ജന്മത്തില്‍ ആവുകയുമില്ല എന്ന് എനിക്കും വൈകാതെ മനസ്സിലായി.
അങ്ങനെ പണ്ടേ ജാതി ഇല്ലാത്ത ഞാന്‍ മതമില്ലാത്ത ജീവനായും രൂപാന്തരം പ്രാപിച്ചു. ജാതിയും മതവുമില്ലാത്ത, തമിഴനും മലയാളിയുമല്ലാത്ത ഒരു വിചിത്ര ജീവി. ഇത്ര അപൂര്‍വ്വമായ ജന്മം കൊണ്ട ഞാന്‍ പിന്നെ ഒരു മലയാളി നായരാകാന്‍ നോമ്പ് നോറ്റു. അതിനു പോയപ്പോഴല്ലേ എന്തൊരു ബുദ്ധിമുട്ടാണ് ആ അവതാരത്തിനെന്ന് അറിയുന്നത്.
ലോകത്തിലേക്കും വെച്ച് ഏറ്റവും മുന്തിയ ജാതിയാണ് കിരീയം നായര്‍. നായരാകണമെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ ഒത്തിരി പുണ്യം ചെയ്യണം. അങ്ങനെ ദൈവത്തിന്റെ പക്കലുള്ള കണക്കു പുസ്തകത്തിലെ അതീവ പുണ്യാത്മാക്കള്‍ എന്ന കള്ളിയില്‍ കയറിക്കൂടിയാല്‍ മാത്രമെ കിരീയം നായരായി ജനിക്കാന്‍ പറ്റൂ. ശരിയ്ക്കും പറഞ്ഞാല്‍ ഞാനൊക്കെ ഒരു കിരീയം നായരുടെ ഗേറ്റ്പടി പോലും കേറാന്‍ പാടില്ലാത്തതാകുന്നു. ശരിയായ ഒരു ആഢ്യത്തത്തിന്റെ രീതിയിലാണെങ്കില്‍ ആശാരി അച്ഛത്തം എന്ന വലിയ കുറവുള്ളതുകൊണ്ട് ജാതി കണക്കിന്റെ ഒരു ശരാശരി നോക്കിയാല്‍ എനിക്ക് നായര്‍ ജാതിയില്‍ കേറിപ്പറ്റാന്‍ ഒരു വഴിയുമില്ല. പിന്നെ ആ തമിഴ് ബ്രാഹ്മണ അമ്മത്തം ഉള്ളതു കൊണ്ട് എനിക്ക് വേണമെങ്കില്‍ നായരാകാനുള്ള മത്സരപ്പരീക്ഷക്ക് ഒന്നിരുന്ന് നോക്കാവുന്നതാണ്.
ഞാന്‍ നായരാകാനുള്ള ഊര്‍ജ്ജിത യത്‌നത്തില്‍, തിരുവാതിര നോറ്റും രാമായണം വായിച്ചും നായര്‍ ശൈലിയില്‍ പാകം ചെയ്തും ഒന്നര ഉടുത്തും ഗീതാജ്ഞാന യജ്ഞം ശ്രവിച്ചും വള്ളുവനാടന്‍ മലയാളത്തില്‍ നീട്ടിയും കുറുക്കിയും ഒക്കെ പറഞ്ഞും എന്നെത്തന്നെ ഉടച്ചു വാര്‍ത്തു. ഈ പ്രയത്‌നം കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ! ഞാനുണ്ടോ നായരാകുന്നു? നായന്മാര്‍ക്കു ഞാന്‍ എന്നും ആശാരിച്ചി മാത്രമായിരുന്നു. ജാതി ശ്രേണിയില്‍ അധഃപതിച്ചു പോയ തമിഴ് ബ്രാഹ്മണ അമ്മത്തം നായര്‍ ജാതിയില്‍ വലിയൊരു തമാശക്കഥയായി. നായര്‍ ജാതിക്കാര്‍ എനിക്ക് വൃത്തിയെപ്പറ്റി ക്ലാസ്സെടുത്തു. ഈശ്വരവിശ്വാസത്തേയും സഹസ്രനാമം, കവചം, ഗായത്രി എന്നിങ്ങനെയുള്ള മന്ത്രങ്ങളെപ്പറ്റിയും പലവിധ പൂജാവിധികളെപ്പറ്റിയും കേമത്തം പറഞ്ഞു. എങ്കിലും എത്രയായാലും നമ്മടെ നായരു കുട്ടികളെപ്പോലെ ആവുമോ എന്ന് ദീര്‍ഘമായി ഇച്ഛാഭംഗത്തോടെ നിശ്വസിച്ചു. മനസ്സിലായോ? ഞാനെന്ന ജാതിയില്ലാത്ത കാക്ക, എത്ര കുളിച്ചാലും നായര്‍ കൊക്കായില്ല. ഈ ജന്മത്തില്‍ ആവുകയുമില്ല.
കറകളഞ്ഞ യഥാര്‍ഥ ആശാരിമാരും 916 ബ്രാഹ്മണരും ഒട്ടും മോശമായിരുന്നില്ല. ഞാനും സഹോദരങ്ങളും അവരുടെ കൂട്ടത്തില്‍ പെട്ടതല്ല എന്ന് പറ്റുന്ന തരത്തിലൊക്കെ രണ്ട് ജാതിക്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഞങ്ങള്‍, ഞങ്ങളുടെ ബന്ധുക്കള്‍ എന്ന് ആശാരിമാര്‍ അവരെപ്പറ്റിയും നാങ്കള്‍, എങ്കളോട് കൂട്ടം, എന്ന് ബ്രാഹ്മണര്‍ അവരെപ്പറ്റിയും ഉദ്‌ഘോഷിച്ചിരുന്നു. വിശ്വകര്‍മ്മജരുടെ ജാതി സഭയില്‍ സ്വയം ചേര്‍ന്ന് അച്ഛന്‍ ഞങ്ങളോട് അച്ഛന്റെ ജാതിയെ വെളിപ്പെടുത്തി തന്നു. സ്വന്തം പേരിനോട് ചേര്‍ത്ത് ആശാരി എന്നെഴുതിയ വിജ്ഞാപനങ്ങള്‍ വിശ്വകര്‍മ്മ ജാതി സഭയില്‍ നിന്ന് വരുമ്പോഴൊക്കെ അദ്ദേഹം അളവറ്റ് സന്തോഷിച്ചിരുന്നു. അമ്മയുമായുള്ള അച്ഛന്റെ അവസാനിക്കാത്തതും തികച്ചും ക്രൂരവുമായിരുന്ന ശാരീരിക കലഹങ്ങളില്‍ അമ്മയുടെ വെളുത്ത നിറത്തേയും തമിഴ് ബ്രാഹ്മണ്യത്തേയും അച്ഛന്‍ അശ്ലീല പദങ്ങളെന്ന പോലെ ഉപയോഗിച്ചു. അതുകൊണ്ടൊക്കെ തന്നെ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് മിശ്രവിവാഹം കഴിച്ചിട്ടും ജാതി ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.
ജാതിയെഴുതാത്ത സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിനു പോയപ്പോഴൊക്കെ സ്ത്രീകളാണ് ഇന്റര്‍വ്യൂ ബോര്‍ഡിലെങ്കില്‍ അവര്‍ അതൊരു വലിയ പ്രശ്‌നമാക്കിയിട്ടുണ്ട് . അച്ഛന്റെ ജാതിയിലേക്ക് മാറാത്തത് വലിയൊരു തെറ്റാണെന്ന് അവര്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കും. അച്ഛന്റെ ജാതിയിലേക്ക് ചേര്‍ക്കപ്പെടാന്‍ അമ്മയുടെ വയറ്റില്‍ പിറന്ന ഞങ്ങള്‍ മക്കള്‍ക്ക് യോഗ്യതയും ജാതിശുദ്ധിയും പോരെന്ന് അച്ഛന്‍ തന്നെ കരുതിയിരുന്നുവെന്ന പരമാര്‍ഥം ഞങ്ങള്‍ ആരോട് പറയാനാണ് ? പറഞ്ഞാലും അനാവശ്യമായി ഉച്ചത്തില്‍ സംസാരിച്ച് സ്വന്തം അധികാരഗര്‍വും ജാതീയതയും എല്ലാ ചീഞ്ഞളിഞ്ഞ സാമൂഹിക വ്യവസ്ഥിതികളോടും ഉള്ള താദാത്മ്യവും അമിതമായി പ്രകടിപ്പിക്കുന്ന അവര്‍ക്ക് അതു മനസ്സിലാവുകയുമില്ല.
അതുകൊണ്ട് ഒരു ജാതിയിലും പെടാത്ത ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമായിരുന്നു ബന്ധുക്കള്‍. വെളുവെളുത്ത ബ്രാഹ്മണ ശരീരത്തില്‍ പുരണ്ട കഴുകി കളയേണ്ടുന്ന കറുത്ത ചെളിയെന്ന പോലെയാണ് തമിഴ് ബ്രാഹ്മണര്‍ ഞങ്ങളെ കണ്ടത്. ആശാരി അച്ഛത്തത്തിലൂടെ കടന്ന് വന്ന ആ ജാതി ശ്രേണിക്കും ഭയങ്കര ഔന്നത്യമായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം, ഉന്നതോദ്യോഗം, ധാരാളം ധനം എല്ലാമുണ്ടായിട്ടും ഞങ്ങളുടെ തമിഴ് ബ്രാഹ്മണ അമ്മത്തം അവര്‍ക്ക് പൊറുക്കുവാന്‍ കഴിഞ്ഞില്ല. കൈവിരല്‍ കൊണ്ട് ഞങ്ങളെ തൊടുന്നതു കൂടി അവര്‍ പാപമായി കരുതി. ഞങ്ങളും നിങ്ങളും എന്ന ദ്വന്ദ്വത്തിലല്ലാതെ നമ്മള്‍ എന്ന ഒരുമയില്‍ ഞങ്ങള്‍ക്ക് ഒരു കാലത്തും ഒരിടത്തും ജീവിതമുണ്ടായിരുന്നില്ല. ഇന്നത്തെ തീയതി വരെ അതാരും തന്നിട്ടുമില്ല.
ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കുറെക്കാലം ഉത്തരേന്ത്യയില്‍ ചെലവാക്കേണ്ടി വന്നപ്പോള്‍ ജാതിയില്ലാത്ത ഞാന്‍ ഒരു വെറും ദക്ഷിണേന്ത്യന്‍ മദ്രാസിയായി മാറി. എന്റെ ജാതിയിലും ഭാഷയിലും വടക്കര്‍ക്ക് ഒരു താല്പര്യവുമുണ്ടായില്ല. അത് അവര്‍ക്ക് ജാതിയും ഭാഷയും പ്രശ്‌നമല്ലാത്തതു കൊണ്ടൊന്നുമല്ല. അവര്‍ക്കു മദ്രാസി എന്നു വെച്ചാല്‍ അത്രയേയുള്ളു, വല്ല ഈച്ചയോ കൊതുകൊ പോലെ തട്ടിക്കളയാന്‍ പറ്റുന്ന ഒരു ജീവി. വാടക വീട് ഒഴിഞ്ഞു പോടാ ദരിദ്രവാസി എന്നു വടക്കര്‍ തമ്പ്രാക്കള്‍ കല്‍പിക്കുമ്പോള്‍ ഏറ് കൊണ്ട പട്ടികളെപ്പോലെ മോങ്ങിക്കൊണ്ട് വാലും ചുരുട്ടി ഓടുന്നവര്‍, കിറിക്കിട്ട് തോണ്ടിയാലും വെറുതെ പല്ലിളിക്കുക മാത്രം ചെയ്യുന്നവര്‍, അവര്‍ക്കെന്ത് ജാതി? എന്ത് മതം? വടക്കരെ സംബന്ധിച്ച് വടക്കു ദേശമാകുന്നു ലോകം, ഹിന്ദിയാകുന്നു ലോക ഭാഷ, ഹിന്ദുമതമാകുന്നു ലോകമതം, വടക്കരായ ബ്രാഹ്മണരാകുന്നു ലോകജാതി, ബാക്കിയെല്ലാം ക്ഷുദ്രജീവികള്‍. വയറു പയിക്കാന്‍ വഴിയില്ലാതെ ക്ഷുദ്രമാരണങ്ങള്‍ ഒരു പെട്ടിയും എടുത്ത് ട്രെയിന്‍ കേറി പോന്നോളും വടക്കു ദേശത്തേക്ക്, വടക്കരെ കഷ്ടപ്പെടുത്താന്‍.
അങ്ങനെ കുറച്ച് കാലം പോയപ്പോള്‍ ജാതിയില്ലെങ്കിലും ഹിന്ദുമതക്കാരായ സഹോദരങ്ങള്‍ വഴി ബംഗാളിയുടെയും ഈഴവരുടേയും ദേശ, ഭാഷാ, ജാതി ഔന്നത്യത്തെക്കുറിച്ച് വളരെ അടുത്തറിയാനും ഭാഗ്യമുണ്ടായി. നമ്മള്‍ പെണ്ണുങ്ങള്‍ക്കു ഈ കല്യാണബന്ധം വഴി ഉണ്ടാവുന്നത്ര വളര്‍ച്ചയും, ഭാഗ്യവും സംസ്‌ക്കാരവും, സുരക്ഷിതത്വവും അങ്ങനെ എല്ലാമെല്ലാം തന്നെയും വേറെ ഒരു വഴിക്കും കിട്ടുവാന്‍ പോകുന്നില്ലല്ലോ. ആണ്‍ തുണ ഇല്ലെങ്കില്‍ പിന്നെ പെണ്ണിനു എന്തുണ്ടായിട്ടെന്ത്? ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത ഉദ്യോഗവും ഉണ്ടെങ്കിലും ജാതിയില്ലാത്ത, ഒരു പെണ്ണിനു ജീവിതം കൊടുക്കുന്ന ആണിനും അവന്റെ ദേശ, ഭാഷാ, ജാതി മതങ്ങള്‍ക്കുമുള്ള ഔന്നത്യത്തിനും ഒപ്പം നില്‍ക്കാന്‍ ‘ബുര്‍ജ് ഖലീഫ’ കെട്ടിടത്തിന്റെ ഉയരം പോര തന്നെ. ബംഗാളി ചെയ്ത ഉപകാരത്തിനു നന്ദി പറഞ്ഞ് ബംഗാളിയായി മാറാന്‍ പരിശ്രമിച്ച് പരിശ്രമിച്ച് ജീവിക്കുക എന്നതില്‍ കവിഞ്ഞ് എന്താണ് മര്യാദയ്‌ക്കൊരു ജാതിയും കൂടി അവകാശപ്പെടാനില്ലാത്തവര്‍ ചെയ്യേണ്ടത് ?
‘ടാംബ്രാം’ എന്ന ചുരുക്കപ്പേരില്‍ ബംഗാളി, തമിഴ് ബ്രാഹ്മണരെ ഒതുക്കി; മലയാളി ആശാരി എന്താണെന്ന് അറിയാന്‍ ശ്രമിച്ചതു കൂടിയില്ല. ഇതൊക്കെ എന്ത് കുന്തമായാലും, ദക്ഷിണേന്ത്യക്കാരുടെ ആചാരരീതികള്‍ ഏതെങ്കിലും സംസ്‌ക്കാര സമ്പന്നനായ ബംഗാളിയുടേതിനൊപ്പം വരുമോ. പിന്നെ ഭാഷ, അതു ശരി, അമര്‍ സോണാര്‍ ബംഗ്ലയുടെ അഞ്ച് അയലത്തു നില്‍ക്കുമോ, ഈ തമിഴും മലയാളവുമൊക്കെ? ബംഗ്ല കേട്ടുകൊണ്ട് ജീവിയ്ക്കാന്‍ പറ്റുന്നതു തന്നെ കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പുണ്യം കൊണ്ടാകുന്നു.
ഈഴവരും ഔന്നത്യത്തില്‍ പുറകിലായിരുന്നില്ല. വിദ്യാഭ്യാസം, പ്രത്യേകിച്ചും സംസ്‌കൃത ഭാഷാ പരിജ്ഞാനം, ആയുര്‍വേദജ്ഞാനം, ആതിഥ്യമര്യാദ, സംസ്‌ക്കാരം അങ്ങനെ എല്ലാം കൊണ്ടും തമിഴു ബ്രാഹ്മണരേക്കാളും അവര്‍ മികച്ചവര്‍ തന്നെ. ആശാരിജാതി കലാകാരന്മാരുടേതാണെങ്കിലും ഈഴവരോളം സംസ്‌ക്കാരം തികഞ്ഞവരല്ല അവര്‍. സംസ്‌കൃതത്തിന്റേയും മലയാളത്തിന്റേയും മുന്‍പില്‍ തമിഴ് ഭാഷക്ക് നിവര്‍ന്ന് നില്‍ക്കാന്‍ കൂടി പറ്റില്ല. പിന്നെ ലോകത്തിലേറ്റവും വെടിപ്പോടെജീവിക്കുന്ന ജാതിക്കാര്‍ ഏറ്റവും മേന്മ കൂടിയവര്‍ ഈഴവരല്ലാതെ മറ്റാരുമല്ല. അപ്പോള്‍ ജാതിയില്ലാത്തവര്‍ ചെയ്യേണ്ടത് എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഈഴവജാതിപ്പട്ടികയില്‍ കയറിക്കൂടാന്‍ പരിശ്രമിക്കുക എന്നതാകുന്നു. നമ്മുടെ ജാതിയിലേയാ എന്ന് പറഞ്ഞു കിട്ടുക അത്ര എളുപ്പമാണെന്നാണോ കരുതിയത്…
ജാതി, മത, ദേശ, മൊഴികളെക്കുറിച്ച് വിമര്‍ശിച്ച് പറഞ്ഞ് പുരോഗമനകാരികളും വിപ്ലവകാരികളുമൊക്കെ ആവേണ്ടുന്ന ചുരുക്കം ചില ജീവിതസന്ദര്‍ഭങ്ങളില്‍ ബ്രാഹ്മണരും, ആശാരിമാരും , ക്രിസ്ത്യാനികളും, നായന്മാരും, ബംഗാളികളും, ഈഴവരും ഒന്നു പോലെ ഞങ്ങളുടെ മുന്‍പില്‍ ഈപ്പറഞ്ഞ കാര്യങ്ങളിലൊന്നും തന്നെ അവര്‍ക്കാര്‍ക്കും വിശ്വാസമോ താല്പര്യമോ ഇല്ലെന്ന് ഭാവിച്ചു. അതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണല്ലോ ഈവക വിശുദ്ധ ജാതി, മത, ദേശ, മൊഴി, ശരീരങ്ങളിലെ ഞങ്ങളുടെ സാന്നിധ്യമെന്നറിയിച്ചു. അവരൊന്നും പുരോഗമനകാരികളെല്ലെങ്കില്‍ സങ്കരജാതികളായ ഞങ്ങള്‍ എങ്ങനെ അവരുടെ വിശുദ്ധ ജാതിമതങ്ങളുടെ അതിര്‍ത്തികളില്‍ കയറിപ്പറ്റും?
ഈ വ്യത്യാസങ്ങള്‍ക്കെല്ലാം അതീതരാണവരെന്ന് പറയുമ്പോഴും ലഭ്യമാകുന്ന ആദ്യ ജീവിത സന്ദര്‍ഭത്തില്‍ തന്നെ അവര്‍ സ്വന്തം ജാതിമതദേശമൊഴികളുടെ കൊടിയടയാളങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോന്നു. ആദ്യമൊക്കെ അന്ധാളിച്ചു പോയെങ്കിലും അവരുള്‍പ്പെടുന്ന വിവിധതരം വേലിക്കെട്ടുകളുടെ പരിമിതികളെ അംഗീകരിക്കേണ്ടതുണ്ടെന്ന് കാലം പോകെ ഞങ്ങള്‍ മൂന്നു സഹോദരിമാരും പണ്ഡിതരായി. അവരുടെയൊക്കെ ഊറ്റപ്പെട്ട ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ശ്രേണികളില്‍ യാതൊരു സംവരണവും അവകാശപ്പെടാനില്ലാത്ത വെറും ഷെഡ്യൂള്‍ഡ് ട്രൈബുകളാണ് കാരുണ്യവും അംഗീകാരവും യാചിച്ചുകൊണ്ട് അവയുടെ സങ്കേതങ്ങളിലെത്തുന്ന വിജാതീയരും അന്യമതക്കാരും ഇതര വര്‍ഗ്ഗ, വര്‍ണ്ണങ്ങളില്‍പ്പെടുന്നവരും ഞങ്ങളെപ്പോലെയുള്ള സങ്കരജാതികളുമെന്ന് അവരവരുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് വിവരാവകാശമുണ്ടായി.
എല്ലാ ജാതിക്കാരും എല്ലാ മതക്കാരും എല്ലാ ദേശക്കാരും എല്ലാ മൊഴിക്കാരും തങ്ങളുടേതില്‍ നിന്ന് വിഭിന്നമായ ജാതിയും മതവും ദേശവും മൊഴിയുമുള്ളവര്‍ ചതിയ്ക്കും ചതിയ്ക്കുമെന്ന് അവരവരെ തന്നെ സദാ താക്കീതു ചെയ്യുന്നവരായിരുന്നു. ചതിക്കാന്‍ ജാതിയും മതവും ദേശവും ഭാഷയുമൊന്നും ഒരു പ്രശ്‌നമേയല്ലെന്ന് സങ്കരജാതി മത ദേശ മൊഴിക്കാരായ ഞങ്ങള്‍ക്കറിയാവുന്നതു പോലെ ഏതു മതക്കാര്‍ക്കാണ്, ഏതു ജാതിക്കാര്‍ക്കാണ്, ഏതു ദേശക്കാര്‍ക്കാണ്, ഏതുമൊഴിക്കാര്‍ക്കാണ് നിശ്ചയമുണ്ടാവുക? ചതിക്കാന്‍ കഴിയുന്നതും ഒരു വിശ്വവശ്യമായ കലയാണ്, വിശ്വാസം വരുന്നില്ലെങ്കില്‍ ചതിയുടെ രക്തമോലുന്ന, ഉണങ്ങാത്ത മുറിവുകളുള്ളവരോട് ചോദിക്കൂ. അവര്‍ പറയും, മോഹിപ്പിക്കുന്ന, വശീകരിക്കുന്ന, നമ്മെയാകമാനം ഉരുക്കിക്കളയുന്ന ഒരു കലാരൂപമായി മാറുന്ന ചതി, സ്വന്തം തീനാക്കു കൊണ്ട് അവരെയെങ്ങനെ നക്കി മുറിപ്പെടുത്തിയെന്ന്.
അമ്മീമ്മക്കഥകള്‍ എന്ന എന്റെ ആദ്യ പുസ്തകത്തില്‍ ഞാനിങ്ങനെ എഴുതി..
‘വേരുകളെ കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാരപ്പുരകളുമില്ലാത്ത ഒരാളാണു ഞാന്‍. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്റെ തറവാട്, എന്റെ അമ്മ വീട്, എന്റെ അച്ഛന്‍ വീട്, എന്റെ ബന്ധുവീടുകള്‍ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാന്‍ ഇല്ല. എന്തിന് എല്ലാവരും എന്റെ ജാതി എന്ന് പറയുന്നതു പോലെ… ഞാന്‍ ഒരു നമ്പൂതിരിയാണെന്നോ എന്നോ അല്ലെങ്കില്‍ ഞാന്‍ ഒരു ചോവനാണെന്നോ അതുമല്ലെങ്കില്‍ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാന്‍ എനിക്ക് കഴിയില്ല. അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല. എല്ലാ ജാതികളിലും മതങ്ങളിലും ഉള്ളിന്റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന ‘എന്റേതിന്റെ മേന്മയും’ ‘ഇതാ നോക്കു, ഇതാണ് എന്റേത്’എന്ന് പ്രഖ്യാപിക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദാഭിമാനവും ‘നമ്മടെ കൂട്ടത്തിലെയാ’ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.‘
ജീവിതത്തിലെന്നും ഈ സംശയം ചോദ്യമായി ഉണ്ടായിരുന്നു.
ഈ ജാതിമതദേശമൊഴിയൊന്നും നമ്മള്‍ അദ്ധ്വാനിച്ച് നേടുന്നതൊന്നുമല്ലല്ലോ. മാതാപിതാക്കളെ കിട്ടുന്നതു പോലെ അതും ഒരു ഷോഡതിയല്ലേ? നമ്മുടെ നിയന്ത്രണത്തിലേ അല്ലാത്ത ഒരു അത്ഭുതം! അതിലിങ്ങനെ ഊറ്റം കൊള്ളാനും വികാരപരവശരാകാനും തോക്കും കത്തീം ഒക്കെ എടുക്കാനും മറ്റൊരാളെ അപമാനിക്കാനും മറ്റും എന്താണ് ഇത്രയധികമുള്ളത്?
അപ്പോള്‍ ഉത്തരം തന്നു ഇതെല്ലാമുള്ളവര്‍…
‘ജാതീം മതോം ദേശോം ഭാഷേം ഒന്നൂല്യാണ്ട് ജനിച്ചോര്‍ക്ക് എങ്ങനെയാ അതു പറഞ്ഞാല്‍ മനസ്സിലാവ്വാ? ഉള്ളതിനെക്കുറിച്ചല്ലേ അഭിമാനിക്കാന്‍ വകയുള്ളു, ഇല്ലാത്തതിനെ ഓര്‍ത്ത് സങ്കടപ്പെടാനല്ലെ പറ്റു’. അതിക്രൂരമായ ഒരു പരമസത്യത്തിന്റെ അമ്ലമഴ പോലെ, ജന്മസ്ഥലത്ത് അഭയാര്‍ഥിയാക്കപ്പെട്ടവനും, എല്ലാത്തരം ഇല്ലായ്മകളിലൂടെയും ഇഴഞ്ഞു നീങ്ങാന്‍ വിധിക്കപ്പെട്ടവനും എന്ത് അഭിമാനമെന്ന ആ പഴയ ചോദ്യം… ഉള്ളവരുടെ ധാര്‍ഷ്ട്യമായി, ഒരു മിന്നുന്ന വാള്‍ത്തല പോലെ… അതെ, ജാതിയുള്ളവരുടെ, മതമുള്ളവരുടെ, ദേശമുള്ളവരുടെ, മൊഴിയുള്ളവരുടെ, നിറമുള്ളവരുടെ, ധനമുള്ളവരുടെ… ഉള്ളവരുടേതു മാത്രമായ ലോകം! ആ ലോകത്തിന്റെ ചോദ്യങ്ങള്‍… ഉത്തരങ്ങള്‍… നിയമങ്ങള്‍… ആചാരങ്ങള്‍… രീതികള്‍…
എന്നും എപ്പോഴും എവിടെയും എന്തിനും.

3 comments:
ജാതി എന്ന് പറയുന്ന ഒരു വൃത്തികെട്ട സാധനം എന്നേയും അനിയത്തിമാരേയും ഉപദ്രവിക്കാനായി, പരിഹസിക്കാനായി ഞങ്ങളുടെ പുറകെ എപ്പോഴുമുണ്ടാവുമെന്ന് പതുക്കെപ്പതുക്കെ എനിക്ക് മനസ്സിലായി. ജാതിക്ക് കുഞ്ഞുങ്ങള്‍ എന്നോ ദരിദ്രര്‍ എന്നോ രോഗികള്‍ എന്നോ അങ്ങനെ ഒരു പരിഗണനയുമില്ലെന്നും എനിക്ക് വേഗം മനസ്സിലായി...!
കണ്ണ് നിറഞ്ഞു പോയീട്ടോ...
ജാതി, മതം, വിശ്വാസം... ജീവജാലങ്ങളിൽ മനുഷ്യരിൽ മാത്രം കാണാൻ സാധിക്കുന്ന മഹാമണ്ടത്തരം... ഇവയിൽ നിന്നൊക്കെ പുറത്ത് വന്നു നോക്കൂ എച്ച്മൂ... അപ്പോഴറിയാം ജീവിതം എത്ര മനോഹരമാണെന്ന്...
അതുകൊണ്ട് ഒരു ജാതിയിലും പെടാത്ത ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമായിരുന്നു ബന്ധുക്കള്‍. വെളുവെളുത്ത ബ്രാഹ്മണ ശരീരത്തില്‍ പുരണ്ട കഴുകി കളയേണ്ടുന്ന കറുത്ത ചെളിയെന്ന പോലെയാണ് തമിഴ് ബ്രാഹ്മണര്‍ ഞങ്ങളെ കണ്ടത്. ആശാരി അച്ഛത്തത്തിലൂടെ കടന്ന് വന്ന ആ ജാതി ശ്രേണിക്കും ഭയങ്കര ഔന്നത്യമായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം, ഉന്നതോദ്യോഗം, ധാരാളം ധനം എല്ലാമുണ്ടായിട്ടും ഞങ്ങളുടെ തമിഴ് ബ്രാഹ്മണ അമ്മത്തം അവര്‍ക്ക് പൊറുക്കുവാന്‍ കഴിഞ്ഞില്ല. കൈ വിരല്‍ കൊണ്ട് ഞങ്ങളെ തൊടുന്നതു കൂടി അവര്‍ പാപമായി കരുതി. ഞങ്ങളും നിങ്ങളും എന്ന ദ്വന്ദ്വത്തിലല്ലാതെ നമ്മള്‍ എന്ന ഒരുമയില്‍ ഞങ്ങള്‍ക്ക് ഒരു കാലത്തും ഒരിടത്തും ജീവിതമുണ്ടായിരുന്നില്ല. ഇന്നത്തെ തീയതി വരെ അതാരും തന്നിട്ടുമില്ല.... ചിലത് ഒരിക്കലും മറക്കാനോ പൊറുക്കാണോ സാധിക്കില്ല മരണം വരെ.
Post a Comment