Sunday, November 4, 2018

ഞങ്ങൾ അശുദ്ധരാണേ

https://www.facebook.com/echmu.kutty/posts/1108069872705639


https://www.facebook.com/echmu.kutty/posts/1048689191977041
https://www.asianetnews.com/magazine/echmukutti-on-protest-against-sabarimala-verdict-pg6ip0?fbclid=IwAR3s4yE_gVKvLnFwfIjsDvusju8pFDKy_wvX2H4TOuFd0zJfvfqON_KSV9s
                                          

സ്ത്രീകൾക്കനുകൂലമായി എന്ത് വിധി വന്നാലും നിയമനിർമ്മാണമുണ്ടായാലും ഉടൻ പ്രതിഷേധം ഉയരും . സ്ത്രീകൾ തന്നെ ആർത്തുവിളിക്കും ... ഞങ്ങൾ അശുദ്ധരാണേ, ഞങ്ങൾ അനേകപടി താഴേയാണേ, ആണുങ്ങളുടെ കൈയിൻറെ ചൂട് ഞങ്ങളിൽ അനുസരണയില്ലാത്ത പെണ്ണുങ്ങൾക്ക് കിട്ടണേ, കമ്പിപ്പാരയോ, ജാക്കി ലിവറോ കുത്തുവിളക്കോ എന്തെടുത്തും ഞങ്ങളിലെ അനുസരണയില്ലാത്ത പെണ്ണുങ്ങളെ ആണുങ്ങൾക്ക് ശിക്ഷിക്കാമേ..

ഇതെന്നും ഇങ്ങനെ ആയിരുന്നു. കാരണം ചങ്ങലകൾ അലങ്കാരമാണ് പെണ്ണുങ്ങൾക്ക്. ചങ്ങലകളോട് പ്രണയം പോലുമാണ്. ചോദിക്കാനും പറയാനും ആളുണ്ടാവുന്നതാണ് പെൺജീവിതത്തിൻറെ ധന്യതയും പൂർണതയും. ഏകാകിനിയായ പെണ്ണിനെ സ്വൈരിണി എന്ന് വിളിക്കുന്നതാണ് നമ്മുടെ രീതി. അപ്പോൾ ആ വിളി കേൾക്കാതിരിക്കാൻ പെണ്ണുങ്ങൾ ഒറ്റയ്ക്ക് ഒന്നും സ്ഥാപിക്കാൻ ശ്രമിക്കില്ല. കൂട്ടത്തിൽ നിന്ന് അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് പറയുകയേ ഉള്ളൂ. അങ്ങനാണല്ലോ കുലസ്ത്രീകളും കുടുംബിനികളും വേണ്ടത്.

മദാമ്മമാർ മിഡ് വൈഫുമാരും ഡോക്ടർ മാരുമായി വന്നപ്പോൾ ഇന്ത്യയിലെ ശൈശവവിവാഹവും കൊച്ചുപെൺകുട്ടികളുടെ അരക്കെട്ട് തകർന്നുള്ള മരണവും ഒരു ചർച്ചാവിഷയമായി മാറി. ബ്രിട്ടീഷ് ഭരണകൂടം ആദ്യമൊന്നും അനങ്ങിയില്ല. അപ്പോഴാണ്
1891ല്‍ ഫൂല്‍ മണി എന്ന ഒറീസ്സാക്കാരി പത്തു വയസ്സുള്ള കുഞ്ഞുവാവ ഭാര്യ കല്യാണ രാത്രി തന്നെ മരിച്ചത്. ഭര്‍ത്താവ് 35 വയസ്സുള്ള ഹരിമോഹന്‍ മൈത്തിക്ക് അന്നുതന്നെ ലൈംഗിക ആഗ്രഹപൂര്‍ത്തി വരുത്തണമെന്ന് നിര്‍ബന്ധമായിരുന്നു. അരക്കെട്ട് തകര്‍ന്നാണ് ഫൂല്‍മണി എന്ന കുഞ്ഞുവാവ ഭാര്യ മരിച്ചത്. അനവധി കൊച്ചുപെണ്‍കുട്ടികള്‍ ഇമ്മാതിരി ദാരുണ മായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി ഇന്ത്യയില്‍ പ്രബലമായി നിലനിന്നിരുന്ന ആ കാലത്ത് ഏജ് കണ്‍സെന്‍റ് ബില്‍ ( എ സി ബി ) ബ്രിട്ടീഷുകാര്‍ കൊണ്ടു വന്നത് 1891 ലാ യിരുന്നു.പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം. ഫൂല്‍മണിയുടെ മരണം ഈ ബില്ല് പാസ്സാക്കുന്നതിന് ബ്രിട്ടീഷുകാരെ ശരിക്കും പ്രേരിപ്പിക്കുകയുണ്ടായി. ഹിന്ദുക്കള്‍ കൂടുതലും ബ്രാഹ്മണര്‍ ഈ ബില്ലിനു എതിരായിരുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിമുകളും ക്രിസ്ത്യാനികളുമായ ഇന്ത്യക്കാര്‍ ഒന്നടങ്കം ഈ ബില്ലില്‍ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവര്‍ക്കും രുചിക്കുന്ന ഒന്നായിരുന്നു . ബാല ഗംഗാധരതിലകും ബിപിന്‍ചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികള്‍ പോലും ഈ ബില്ലിനെ എതിര്‍ത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളില്‍ ഘോരഘോരം എഴുതുകയുംചെയ്തു.
1829 – ലെ സതി നിരോധന നിയമം ,
1840 - ലെ അടിമത്ത നിരോധന നിയമം
1856 - ലെ വിധവാ വിവാഹ നിയമം
1891- ലെ ഏജ് ഓഫ് കണ്‍സെന്‍റ് ബില്‍.
1929 - ലെ ദ ചൈല്‍ ഡ് മാര്യേജ് റിസ്റ്റ്റെയിന്‍ ഡ് ആക്റ്റ്

ഇതൊക്കെ യാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹികനിലവാരം അല്‍പമെങ്കിലും മെച്ചപ്പെടാന്‍ ഇടയാക്കിയ നിയമ നിര്‍മ്മാണങ്ങള്‍.

ഇങ്ങനെയാണെങ്കിലും യൂണിസെഫിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തില്‍ ഉണ്ടാവുന്ന ശൈശവ വിവാഹങ്ങളില്‍ നാല്‍പതു ശതമാനവും ഇപ്പോഴും ഇന്ത്യയിലാണ് നടക്കുന്നത്. പതിനഞ്ചും പതിനാറും വയസ്സില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടില്ലെങ്കില്‍ അവരുടെ സ്വഭാവം ചീത്തയാകുമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കന്മാരും മതമേധാവികളും അവരെ ന്യായീകരിക്കുന്നവരും ഇന്നും നമുക്കു ചുറ്റും ഉണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റിപ്പോലും തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം മനുഷ്യരും. മകളേയും പെങ്ങളേയുമെല്ലാം ചുട്ടുകൊല്ലുമെന്ന് ന്യൂസ് ചാനലുകളിലൂടെ ആക്രോശിക്കാന്‍ കഴിയുന്ന വക്കീലന്മാരും പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന് പലതരത്തില്‍ ഉദാഹരണ സഹിതം സമര്‍ഥിക്കുന്നവരും വര്‍ദ്ധിച്ചു വരികയാണ്. സ്ത്രീക്കു നേരെയുള്ള ഏതു തരം ഹീനമായ കുറ്റകൃത്യത്തിനും ഉത്തരവാദി ആ സ്ത്രീ തന്നെയാണെന്ന് വിശ്വസിക്കുന്നതിലും വിശ്വസിപ്പിക്കുന്നതിലും ഈ വ്യവസ്ഥിതി അതിന്‍റെ സര്‍വ കഴിവുകളും ഉപയോഗിക്കുന്നു.

മാസമുറക്കുറ്റവാളികളായ സ്ത്രീകളോട് നിങ്ങൾക്ക് അങ്ങനൊരു കുറ്റവും അയിത്തവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞതാണല്ലോ പെൺകുറ്റവാളികൾക്ക് പിടിക്കാതെ പോയത്. ഞങ്ങൾക്ക് ആയുസ്സിൽ നാല്പതോ അമ്പതോ വർഷത്തേ തടവ് തന്നേ തീരു എന്നാണ് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത്.

സ്ത്രീകൾക്കുള്ള വിവേചനം അൽപമെങ്കിലും മാറ്റുന്ന ബില്ലുകളോ നിയമങ്ങളോ വന്നാൽ പൊതുസമൂഹം ഇളകി വശാകും. അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ബലാത്സംഗത്തിനു ശേഷം പെണ്ണ് നേരത്തേ കന്യകയായിരുന്നുവോ എന്ന് പരിശോധിക്കുന്ന നമ്മുടെ രണ്ട് വിരൽ പരിശോധന നിയമം എടുത്തു കളയാൻ വേണ്ടി പെണ്ണുങ്ങൾ സമരം ചെയ്തോ?

ഇല്ല.

പെട്രോൾ ഡീസൽ കുക്കിംഗ് ഗ്യാസ് ഇവയുടെ വിലവർദ്ധനവിനെതിരേ സമരം ചെയ്യുമോ?

ഇല്ല.

പട്ടിണിക്കാർക്കും വീടില്ലാത്തവർക്കും തുണിയില്ലാത്തവർക്കും വേണ്ടി സമരം ചെയ്യുമോ?

ഇല്ല.

ഇന്ത്യയിൽ ഒരുപാട് കുഞ്ഞുവാവ വേശ്യകളുണ്ട്. അഞ്ചു വയസ്സു മുതലുള്ള കുഞ്ഞുങ്ങൾ. അവരുടെ വിമുക്തിക്ക് വേണ്ടി പെണ്ണുങ്ങൾ സമരം ചെയ്യുമോ?

ഇല്ല.

ശബരിമല യിൽ എത്രയോ ആചാരങ്ങൾ ഇതിനകം മാറി. ആദിവാസി മൂപ്പൻ ഒരു ദിവസം വിഗ്രഹത്തിൽ തേൻ പൂശിയിരുന്നു. ഇന്ന് മൂപ്പന് തേൻ കൊണ്ട് വരാനേ അർഹത യുള്ളൂ. പൂശാൻ തന്ത്രി മതി. കാണിക്കയും നടവരവും ഒക്കെ നല്ല തുകയാണ്. അതെന്തിന് ആദിവാസിക്ക് കൊടുക്കണം?

വെടിവഴിപാട് ഒരു ഈഴവകുടുംബത്തിനായിരുന്നു അവകാശം. അതും മാറ്റി. ഇപ്പോൾ തന്ത്രി തീരുമാനിക്കുന്നയാൾക്കാണ് അധികാരം.

പതിനെട്ടാം പടിയിൽ തേങ്ങ ഉടക്കുന്ന ചടങ്ങ് നിറുത്തി. പതിനെട്ട് തവണ മല ചവുട്ടിയാൽ തെങ്ങ് വെക്കലും അവസാനിപ്പിച്ചു..

ഇതൊക്കെ മാറ്റാം.. സ്ത്രീകൾ പോവാമെന്ന നിയമം വരാൻ പാടില്ല.

സ്ത്രീ വിദ്യാഭ്യാസമാവാം എന്ന് പറഞ്ഞപ്പോൾ, സ്ത്രീ മാറു മറയ്ക്കാം എന്ന് പറഞ്ഞപ്പോൾ, സ്ത്രീക്ക് സ്വത്തവകാശമാവാം എന്ന് പറഞ്ഞപ്പോൾ, താഴ്ത്തപ്പെട്ട ജാതിക്കാർക്ക് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞപ്പോൾ... ഒക്കെ കുറെ പുരുഷന്മാരും കുറെ കുലസ്ത്രീകളും വേണ്ട, പറ്റില്ല എന്ന് ലഹളയുണ്ടാക്കി, അക്രമങ്ങൾ കാട്ടി..

ആ സമരങ്ങൾ വിജയിച്ചില്ല. കാലം ആ സമരങ്ങളെ തോൽപ്പിച്ചുകളഞ്ഞു.

തങ്ങൾ മോശക്കാരാണ്, രണ്ടാം തരമാണ് എന്ന് സ്ത്രീകൾ ഉദ്ഘോഷിക്കുന്ന ഈ സമരത്തേയും കാലം പൊളിച്ചടുക്കും.

No comments: