ഹിന്ദു മതം തുറവിയുടെ മതമാണ്, നിർബന്ധ ങ്ങളില്ലാത്ത മതമാണ്. സഹിഷ്ണുതയാണ് ഹിന്ദു മതത്തിൻറെ പ്രത്യേകത, സെമറ്റിക് മതങ്ങളെപ്പോലെ കടുത്ത മുറുക്കമുള്ളതല്ല, പ്രപഞ്ചത്തെ മുഴുവൻ ഒന്നായി കാണുന്നു. ലോകത്തിനു മുഴുവൻ സുഖം വരാൻ പ്രാർഥിക്കുന്നു. ഇങ്ങനെ ഒക്കെ കേട്ടാണ് ഞാനും വളർന്നത്. ഹിന്ദു മതത്തെ പറ്റി കൂടുതൽ വായിച്ചറിഞ്ഞപ്പോൾ അതിലെ സവർണാധിപത്യവും അതിക്രൂരമായ സ്ത്രീ വിരുദ്ധതയും ബോധ്യമായി. എന്നാലും എന്തോ ഒരു അധിക സ്വാതന്ത്ര്യം അതിലുണ്ടെന്ന് ചിലപ്പോളൊക്കെ തെറ്റിദ്ധരിച്ചു പോകും. ഇപ്പോൾ അതൊക്കെ മാറി. പന്ത്രണ്ട് വർഷം മുമ്പ് ജയമാല എന്ന സിനിമാനടി അയ്യപ്പവിഗ്രഹം കണ്ടു, തൊട്ടു എന്നൊക്കെ പറഞ്ഞ് ഉണ്ടായ പുകിലിൻറെ ബാക്കിയാണ് സുപ്രീംകോടതി യിൽ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യത്തിൽ ഫയൽ ചെയ്യപ്പെട്ട കേസ്. അത് ഗവൺമെന്റുകൾ ഒന്നും ഫയൽ ചെയ്തതല്ല. അഡ്വ. സുധാ പാൽ,അഡ്വ. ലക്ഷ്മി ശാസ്ത്രി. അഡ്വ. പ്രേരണാ കുമാരി എന്നീ വനിതാ വക്കീലുമാരാണ് കേസ് കൊടുത്തത്. അവരെല്ലാവരും ഹിന്ദുത്വരാഷ്ട്രീയത്തിൽ ഒത്തിരി താല്പര്യമുള്ളവരാണ്. അത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പന്ത്രണ്ട് വർഷം കേസ് പരിശോധിച്ചിട്ടാണ് ഈ വിധി വന്നത്. പെണ്ണുങ്ങളോടുള്ള അയിത്തം അവസാനിപ്പിക്കുന്ന വിധി.
ആദ്യം മൗനമായിരുന്നവർ രാഷ്ട്രീയമുതലെടുപ്പ് കണ്ടു തന്നെയാണ് ഇന്ന് ശബരിമലയെ അശാന്തമാക്കിയത്. ആർക്കും അത് മനസ്സിലാവും. അതിനു വലിയ ബുദ്ധിയൊന്നും ആവശ്യമില്ല . ദൈവവിശ്വാസമല്ല, ഇതിൻറെ പിന്നിൽ. അയ്യപ്പന് നമ്മുടെ സംരക്ഷണം വേണ്ട. എന്നാൽ താഴമൺ തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും അയ്യപ്പനെ ഇങ്ങനെ നിലനിർത്തിയേ തീരു. രാഹുൽ ഈശ്വറിനെ വളർത്തിയെടുത്തതിലും ഇപ്പോൾ അയാളുടെ ഭാര്യ ദീപയെ വളർത്തിയെടുക്കുന്നതിലും കൈരളി ഉൾപ്പെടെയുള്ള നമ്മുടെ ചാനലുകൾക്ക് നല്ല പങ്കു ണ്ട്. ഹിന്ദുത്വ പ്രീണന അജണ്ടകളിൽ അറിഞ്ഞോ അറിയാതേയോ അഭിരമിക്കുന്ന എല്ലാവരും ഇപ്പോൾ നടക്കുന്ന അയിത്താചരണരാജ്യദ്രോഹത്തിൽ ഭാഗഭാക്കുകളാണ്. ഇങ്ങനെ സ്ത്രീകളെ അകറ്റുകയും തെറി പറയുകയും കൈയേറ്റം ചെയ്യുകയും ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതോടെ ഒരു തിന്മയേയും വിമർശിക്കാനുള്ള ധാർമികത തങ്ങൾക്കില്ലെന്ന് വിശ്വാസികൾ എന്നവകാശപ്പെടുന്നവർ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇവരാണ് വിശ്വാസികളെങ്കിൽ പിന്നെ… അയ്യപ്പസ്വാമി സ്വയരക്ഷക്ക് അമ്പും വില്ലും എടുക്കുന്നതാവും നല്ലത്.
ഇന്ന് അയ്യപ്പൻ ശപിക്കുമെന്ന് മന്ത്രി പറയുന്നുണ്ടായിരുന്നു. എത്ര സ്ത്രീകൾ ഉണ്ട്.. പോകാൻ ആഗ്രഹമുള്ള വിശ്വാസി സ്ത്രീകൾ… അവരെ അവിടെ പോവാൻ എല്ലാ സഹായവും ചെയ്യുകയല്ലേ വേണ്ടത്. അല്ലാതെ ഇങ്ങനെ അതിക്രമം കാണിക്കുന്നവരെ ശപിക്കും അയ്യപ്പൻ എന്ന് പറയുകയാണോ വേണ്ടത് . മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് ഗീതയിൽ ഉണ്ട്. കാൾ മാർക്സും പറഞ്ഞിട്ടുണ്ട്. എന്നാൽ മാറ്റത്തെ പേടിക്കുന്നവരാണ് പൊതുവെ മനുഷ്യരൊക്കെയും. നിലനില്ക്കുന്നതിനെ മാറ്റിത്തന്നെയാണ് നമുക്ക് നവോത്ഥാനമുണ്ടായത്. ഇന്ന് സ്ത്രീകളെ അടിക്കുകയും അകറ്റുകയും കല്ലെറിയുകയും തെറി പറയുകയും വിശ്വാസികളെന്ന് സ്വയം വിളിക്കുകയും ചെയ്യുന്നവർക്ക് ഗവൺമെന്റ് വഴങ്ങിക്കൊടുത്താൽ നാളെ മറ്റു മതങ്ങൾ ഈ മാർഗം സ്വീകരിക്കാൻ മടിക്കില്ല. ജനാധിപത്യ ഇന്ത്യ മത ഇന്ത്യയായി മാറും. അന്യായത്തിനെതിരേ കർശനനടപടികൾ സ്വീകരിക്കുന്നതിലൂടെ അധികാരം നഷ്ടപ്പെടുമെന്ന ഭീതിക്ക് അതീതമായിരിക്കണം ഇടതുപക്ഷ ഗവൺമെന്റ്. അല്ലെങ്കിൽ സ്ത്രീകളെ ചതിച്ചുവെന്ന് ചരിത്രം രേഖ പ്പെടുത്തും .
No comments:
Post a Comment