Sunday, March 24, 2019

മത്ത് അഥവാ കടകോൽ


https://www.facebook.com/photo.php?fbid=1073057382873555&set=a.526887520823880&type=3&theaterപഴയ പത്തായത്തിൽ വിശ്രമിക്കുകയായിരുന്നു മത്ത് എന്ന് തമിഴിലും കടകോൽ എന്ന് മലയാളത്തിലും പറയുന്ന അമ്മീമ്മയുടെ ഈ ഓർമ്മ. കുറച്ചുകൂടി ആഴത്തിലേക്ക് ദൃഷ്ടി പായിച്ചപ്പോൾ അടപലകയും മരികയും മുന്നിൽ പ്രത്യക്ഷപ്പെട്ടു.

എന്നും രാവിലെ എണീറ്റു വരുമ്പോൾ അമ്മീമ്മ തൈര് കലക്കുന്നത് കാണാം. വെങ്കലപ്പാന (വെള്ളോട്ട് പാത്രം) യിലിറക്കിവെച്ച് കയറ് ചുറ്റിയ മത്ത് സ്വർണ്ണവളകണിഞ്ഞ ആ കൈകളിൽ ഒരു താളത്തോടെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് തിരിയുന്നുണ്ടാകും. വെണ്ണ ഉരുണ്ടു കൂടി വരുമ്പോൾ അതു ഞങ്ങൾക്ക് തോണ്ടിയെടുത്ത് തരാൻ പാകത്തിൽ പല്ല് തേച്ച് വന്നില്ലെങ്കിൽ അമ്മീമ്മയ്ക്ക് ദേഷ്യം വരും. നറും വെണ്ണ തിന്നാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് അങ്ങിനെ ദേഷ്യപ്പെടേണ്ടി വന്നിട്ടില്ല, അമ്മീമ്മയ്ക്ക്.

അമ്മീമ്മ തൈര് കലക്കുമ്പോൾ മടിയിൽ കിടക്കാൻ കുഞ്ഞുങ്ങളായിരിക്കേ അനിയത്തിമാർ പരസ്പരം മത്സരിക്കുമായിരുന്നു. എനിക്കും നല്ല കൊതിയുണ്ടായിരുന്നു. വെങ്കലപ്പാനയിൽ നിന്ന് തെറിക്കുന്ന മോരിൻ തുള്ളികൾക്ക് നല്ല സ്വാദാണെന്ന് അവർ എന്നെ പറഞ്ഞു ആശിപ്പിക്കാറുണ്ട്. എന്റെ കുഞ്ഞ് അമ്മീമ്മയുടെ മടിയിൽ കിടന്ന് മോരിൻ തുള്ളികൾ നുണയുന്നത് കാണാനിടവന്നപ്പോൾ അക്കാര്യം എനിക്ക് തീർച്ചയായി. എന്റെ ജീവിതത്തിലെ അതിമനോഹര
നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.

തൈര് കടയുന്ന മത്തും കേശവനാശാരിയുടെ കരവിരുതാണ്. അമ്മീമ്മയുടെ അരിവാർക്കാനുപയോഗിക്കുന്ന അടപലക പോലെ. കറി പകർന്ന് വിളമ്പാനെടുക്കുന്ന മരിക പോലെ. നല്ല തേക്കിൻ തടിയിൽ ഉണ്ടാക്കിയ ഈടുറ്റ അടുക്കള സാമഗ്രികൾ. ഗ്ലാസ് കുപ്പികൾക്കും ഭരണികൾക്കും ഒക്കെ സ്ക്ക്രൂ പോലെ തിരിച്ചിറക്കി വെക്കാവുന്ന മരത്തിന്റെ അടപ്പുകൾ കേശവനാശാരി നിർമ്മിച്ചു നൽകിയിരുന്നു. അതൊരെണ്ണം പോലും എന്റെ ചിക്കിച്ചികയലിൽ പുറത്ത് വന്നില്ല.

മോരു കൂട്ടി ഊണവസാനിപ്പിക്കണമെന്ന് അമ്മീമ്മയ്ക്ക് നിർബന്ധമായിരുന്നു. പരിപൂർണ്ണ സസ്യഭുക്കുകളായാണ് ഞങ്ങൾ വളർന്നത്, തമിഴ് ബ്രാഹ്മണരുടെ ആഹാരശീലങ്ങൾ തന്നെയായിരുന്നു ഞങ്ങളുടേത്. പച്ചക്കറികൾ ധാരാളം കഴിപ്പിക്കുമായിരുന്നെങ്കിലും ഉള്ളി, സവാള, വെളുത്തുള്ളി, പപ്പായ, മുരിങ്ങപ്പൂവ്...അങ്ങനെ കുറെ ഒഴിവാക്കലുകൾ ഭക്ഷണത്തിൽ അമ്മീമ്മ പുലർത്തിയിരുന്നു. ആദ്യത്തെ മൂന്ന് പേരും ഗന്ധം കൊണ്ടും പപ്പായ ഗർഭം നശിപ്പിക്കുന്ന സാന്ദ്രത കൂടിയ ഫലമെന്നതുകൊണ്ടും മുരിങ്ങപ്പൂവ് അസാധ്യ കയ്പുകൊണ്ടും അമ്മീമ്മയ്ക്ക് അനഭിമതരായി.

മുരിങ്ങ, മൂങ്ങ എന്ന രാത്രിപ്പക്ഷി ഇവർക്ക് മറ്റൊരു ദുഷ്പേരു കൂടി ഉണ്ടായിരുന്നു. ശ്രീരാമൻ മോക്ഷത്തിനായി സരയൂ നദിയിൽ ഇറങ്ങി മുങ്ങിയപ്പോൾ അയോധ്യാവാസികൾ എല്ലാം ഒന്നിച്ചു പോയത്രെ. എന്നാൽ മുരിങ്ങയും മൂങ്ങയും മാത്രം അനുഗമിക്കാൻ തയ്യാറായില്ല. അങ്ങനെ ദൈവത്തെ ധിക്കരിച്ചവർ എന്ന പേരുകൊണ്ട് വൈഷ്ണ്ണവ ബ്രാഹ്മണർക്ക് (അയ്യങ്കാർമാർക്ക്) ഈ രണ്ടുപേരും കടുത്ത വിരോധികളായിരുന്നു. പക്ഷെ, അയ്യരായിരുന്ന (ശൈവ ബ്രാഹ്മണർ) അമ്മീമ്മ മുരിങ്ങാക്കോലും മുരിങ്ങയിലയും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു.

മോര് ഒരു പ്രധാനവിഭവമായിരുന്നു വീട്ടിലെ മെനുവിൽ. നെയ്യും ചെറുപരിപ്പ് വേവിച്ചതും ഉപ്പും ചേർത്ത് ഊണാരംഭിച്ച്, സാമ്പാറിലൂടെയൊ, മുളകൂഷ്യത്തിലൂടേയോ, അവിയലിലൂടേയോ, എരിശ്ശേരിയിലൂടേയോ കടന്നുപോയി, തോരനോ, മെഴുക്കുപുരട്ടിയോ കൂട്ടത്തിൽ ചേർത്ത്, മോരും ഉപ്പിലിട്ടതുമായി അവസാനിക്കുന്ന ഒരനുഭൂതിയായിരുന്നു അമ്മീമ്മ വിളമ്പിയിരുന്ന ഭക്ഷണം. ഇതിലും രുചികരമായി ആർക്കും ഭക്ഷണമുണ്ടാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ കുട്ടികൾ ഉറച്ചു വിശ്വസിച്ചു. സന്തോഷവും സ്നേഹവും കരുതലും രുചിക്കൊപ്പം അമ്മീമ്മ തന്നു.

കുറച്ച് മോര് ഒഴിച്ചാൽ അമ്മീമ്മ സമ്മതിക്കില്ല. ചോറും മോരും ശരിക്ക് കഞ്ഞി പോലെ ഒഴുകണമെന്നാണ് നിർബന്ധം. അച്ഛന് അമ്മീമ്മയുടെ ഈ ശീലത്തോട് ജീവിതത്തിലൊരിക്കലും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ അങ്ങനെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോഴൊക്കെയും അച്ഛൻ വാശിയോടെ വഴക്കുണ്ടാക്കുമായിരുന്നു. ഭക്ഷണം പലപ്പോഴും ഞങ്ങൾക്ക് കഠിന വേദന നൽകിയിട്ടുണ്ട്. ശീലങ്ങളുമായുള്ള വഴക്കം
ഒളിപ്പിക്കാൻ, ക്ഷോഭങ്ങളും പിണക്കങ്ങളും ഇല്ലാതാക്കാൻ ഞങ്ങൾ കുട്ടികൾ കിണഞ്ഞു പരിശ്രമിക്കുമായിരുന്നു. അച്ഛനെ പിണക്കാതെ നോക്കൽ അമ്മയ്ക്ക് അടി കിട്ടതിരിക്കനുള്ള ഞങ്ങളുടെ മുൻ കരുതലായിരുന്നു. സമൂഹവും ബന്ധുക്കളും വല്ലാതെ അകറ്റിമാറ്റിയ, കേസുകളിലും മറ്റു നൂലാമാലകളിലും കുടുങ്ങിയ, ജീവിതം എങ്ങിനെയെങ്കിലും ഒന്ന് വിജയിപ്പിച്ചെടുക്കാനുള്ള അമ്മ, അമ്മീമ്മ എന്ന രണ്ട് സ്ത്രീകളുടെ കൂട്ടയ പരിശ്രമങ്ങളെ അച്ഛനെന്ന ഒറ്റ പുരുഷന് എത്ര ഭംഗിയായി തകർക്കാൻ സാധിച്ചുവെന്നതിന്റെ ജീവിക്കുന്ന തെളിവുകളയി മാറി ഞങ്ങൾ.

ഈ മാനസ്സിക സമ്മർദ്ദം ഞങ്ങൾ ജീവിതകാലമത്രയും അനുഭവിച്ചു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാട്രിമോണി എന്ന ടെററിന്റെ ഇരകളായി. ഹൊറർ സ്റ്റോറികളിലെ കേന്ദ്രകഥാപാത്രമായ പുരുഷനെ പിണക്കാതെ നോക്കൽ എന്ന റോൾ വഹിക്കാൻ എന്നും ഞങ്ങൾ നിർബന്ധിതരായി. മാനസികമായും ശാരീരികമായും സാമ്പത്തികമായും വൈകാരികമായും ഞങ്ങൾ ചൂഷണം ചെയ്യപെട്ടു. പെരും നഷ്ടങ്ങൾ കഴുത്തൊടിഞ്ഞിട്ടും താങ്ങേണ്ടി വന്നു.

അച്ഛനോട് ഇന്നും തോന്നുന്ന വൈകാരികമായ അകൽച്ചക്ക് ഇപ്പോഴും പല രീതിയിൽ തുടരുന്ന, ഒരിക്കലും അവസാനിക്കാത്തതെന്ന് ഭയപ്പെടുത്തുന്ന ചൂഷണങ്ങൾ ഒരു പ്രധാന കാരണമാണ്. ജീവിതം കടകോലുകൊണ്ട് കടയുകയാണ് എന്നും. അമൃതിന്റെ അളവ് വളരെ കുറച്ചാണെങ്കിലും വിഷം ധാരാളമായി ഞങ്ങൾ കുടിക്കുന്നുണ്ട്. ഹിന്ദിഗാനത്തിൽ പറയുമ്പോലെ നൂറുകുറി മുറിച്ചാലും മുറി കൂടും വിധമാണ് ഞ്ങ്ങളെ സൃഷ്ടിച്ചതെന്ന് ഞാൻ അന്നേരമൊക്കെ വിചാരിച്ചും പോയിട്ടുണ്ട്. ശിവനെ പാർവ്വതി വിഷറങ്ങിപ്പോകാതെ കാത്തമാതിരി ഞങ്ങളെ കാക്കാൻ കരുതൽ മൂലധനമായി അമ്മീമ്മയും അമ്മയും പകർന്ന വാൽസല്യവും സ്നേഹവും മാത്രമേയുള്ളു. കാരണം ഒട്ടും ആവശ്യമുള്ളവർക്കല്ലല്ലൊ ഞങ്ങൾ കുടുംബം ഉണ്ടാക്കി നൽകിയത്, മനസ്സും ദേഹവും ആത്മാവും പകുത്തു കൊടുത്തത്....

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അച്ഛനോട് ഇന്നും തോന്നുന്ന വൈകാരികമായ
അകൽച്ചക്ക് ഇപ്പോഴും പല രീതിയിൽ തുടരുന്ന,
ഒരിക്കലും അവസാനിക്കാത്തതെന്ന് ഭയപ്പെടുത്തുന്ന
ചൂഷണങ്ങൾ ഒരു പ്രധാന കാരണമാണ്. ജീവിതം കടകോലുകൊണ്ട്
കടയുകയാണ് എന്നും. അമൃതിന്റെ അളവ് വളരെ കുറച്ചാണെങ്കിലും
വിഷം ധാരാളമായി ഞങ്ങൾ കുടിക്കുന്നുണ്ട്. ഹിന്ദിഗാനത്തിൽ പറയുമ്പോലെ
നൂറുകുറി മുറിച്ചാലും മുറി കൂടും വിധമാണ് ഞ്ങ്ങളെ സൃഷ്ടിച്ചതെന്ന് ഞാൻ അന്നേരമൊക്കെ വിചാരിച്ചും പോയിട്ടുണ്ട്. ശിവനെ പാർവ്വതി വിഷറങ്ങിപ്പോകാതെ
കാത്തമാതിരി ഞങ്ങളെ കാക്കാൻ കരുതൽ മൂലധനമായി അമ്മീമ്മയും അമ്മയും പകർന്ന വാൽസല്യവും സ്നേഹവും മാത്രമേയുള്ളു. കാരണം ഒട്ടും ആവശ്യമുള്ളവർക്കല്ലല്ലൊ ഞങ്ങൾ കുടുംബം ഉണ്ടാക്കി നൽകിയത്, മനസ്സും ദേഹവും ആത്മാവും പകുത്തു കൊടുത്തത്....!

© Mubi said...

മരിക എന്തിനുള്ളാ എച്ച്മു? എണ്ണ ചൂടാക്കാൻ ഇത് പോലൊരെണ്ണം വീട്ടിൽ കണ്ടത് ഓർമ്മയുണ്ട്...

unnikrishnan said...

മരിക കൂട്ടാനും (കറികൾ) മറ്റും എടുത്തു വിളമ്പാൻ ഉപയോഗിക്കാറുണ്ട്.