Tuesday, December 17, 2019

മധുരനെല്ലിക്കൊപ്പം..

                                                      
                                                            
                                                                  
                                                                           


എത്ര കാലത്തെ പരിചയമാണ്... മധുരനെല്ലിയോടെന്നോ...ബ്ളോഗിൽ തുടങ്ങിയ പരിചയവും സ്നേഹവുമാണത്..

കാണണമെന്ന് ആഗ്രഹമുണ്ടായെങ്കിലും അതൊന്നും നടപ്പിലായില്ല.

പിന്നെ ജീവിതമാണല്ലോ.. അതിങ്ങനെ പോകും. അധികവും നൊമ്പരപ്പെടുത്തിക്കൊണ്ട്.. വേദനപ്പെയ്ത്തുകൾക്കുള്ളിലും ഇടക്കിടെ ആനന്ദച്ചുവടുകൾ വെപ്പിച്ചുകൊണ്ട്...

അങ്ങനെയങ്ങനെ വർഷങ്ങൾ പോകുവതറിയാതെ...

പൊടുന്നനെയാണ് കണ്ണൂർ വിമൻസ് കോളേജിൽ നിന്നും ഒരു ക്ഷണമുണ്ടായത്.. ആത്മം - ആഖ്യാനം
എന്ന ദേശീയ സെമിനാറിനു വേണ്ടി..

മധുരനെല്ലി ഉടനെ വാഗ്ദാനവും സ്നേഹവും നെല്ലിക്കകൾ പോലെ വർഷിച്ച് ഉദാരമതിയായി..

കണ്ണൂർ വിമൻസ് കോളേജ് അതി മനോഹരമായ ഒരു അനുഭവമായിരുന്നു. ചൊടിയുള്ള ചുണയുള്ള വായിക്കുന്ന അറിയുന്ന മിടുക്കിപ്പെൺകുട്ടികളും തീ വാക്കുകളുള്ള ഭാവിയുടെ ചൂണ്ടു പലകകളായ അധ്യാപകരും...

എൻറെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധാവതരണവും സംവാദവും ഉന്നത നിലവാരം പുലർത്തിയെന്നതിൽ ഒരു തർക്കവുമില്ല. ചന്ദ്രബോസ് സാറിനോടും ജിസ ടീച്ചറിനോടുംJisa Jose എനിക്ക് ഒത്തിരി നന്ദിയുണ്ട്. റീജ ടീച്ചറുംReeja Vidyadharan ജിസ ടീച്ചറും എൻറെ പുസ്തകം വായിച്ചപ്പോൾ അവരെ തേടിയെത്തിയ ചില അനുഭവങ്ങളെപ്പറ്റിയും വളരെ സരസമായി വിവരിക്കുകയുണ്ടായി.

കുട്ടികൾ സ്നേഹത്തോടെ ഭക്ഷണം തന്നു.

അന്നേരം മധുരനെല്ലി വന്നിരുന്നു. മകനൊപ്പം. അവരിരുവരും ഭക്ഷണം കഴിച്ചിരുന്നില്ല. എന്നിട്ടും ക്ഷമയോടെ അവർ എന്നെ കാത്തിരുന്നു.

ടീച്ചർമാർക്കും കുട്ടികൾക്കുമൊപ്പം ( എനിക്ക് പേരുകൾ ഓർക്കാനാവാത്തതിൽ എന്നോട് ക്ഷമിക്കുക )ഒത്തിരി സന്തോഷകരമായ നിമിഷങ്ങൾക്കു ശേഷം കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ മൂന്നുമണി കഴിഞ്ഞിരുന്നു.

കണ്ണൂരു നിന്ന് തലശ്ശേരിയിലേക്കാണ് ഞങ്ങൾ പോയത്. ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിലൂടെ മധുരനെല്ലിയുടെ മകൻ അനായാസം കാറോടിച്ചു. ആ ബീച്ച് സന്ദർശനം മനോഹരമായ ഒരനുഭവമായിരുന്നു...സിനിമയിൽ മാത്രമേ കടലോരത്തു കൂടെ കാറോടുന്നത് ഞാൻ കണ്ടിട്ടുള്ളൂ. ഒരു കാർ എന്നേയും ഇരുത്തി ബീച്ചിലൂടേ ഓടുമെന്ന് ആ നിമിഷം വരേയും ഞാൻ കരുതീരുന്നില്ല.

അവിടെ മണലിലുറച്ചു പോയി അനാഥമായിത്തീർന്ന ഒരു യാനപാത്രം കാണപ്പെട്ടു. കടലോളങ്ങളിലായിട്ടും നിശ്ചലമായിപ്പോയ അതിന്റെ പല ഭാഗങ്ങളും തുരുമ്പ് എടുത്തിരുന്നു. ആ യാനപാത്രം എൻറെ ഉള്ളിൽ ശരിക്കും ഒരു ഏകാന്തതയും വല്ലായ്മയും ആണ് കോറിയിട്ടത്.

ധർമ്മടം ബീച്ച് സെൻററിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. അവിടെ നിന്നും ചായ കുടിച്ചു. ഒത്തിരി സംസാരിച്ചു.. മനോഹരമായി സംവിധാനം ചെയ്ത ഒരു കടലോരമാണ് ധർമ്മടം ബീച്ച് സെൻറർ.
സാഹിത്യ അക്കാദമി നേരത്തേ ഒരു പരിപാടിക്ക് ക്ഷണിച്ചതായിരുന്നു എന്നെ. അന്ന് മൈഗ്രേനും വെർട്ടിഗോയും സംഘടിതമായി വന്ന് എൻറെ യാത്ര മുടക്കി. അല്ലെങ്കിൽ ആ ബീച്ച് ഞാൻ നേരത്തെ കാണുമാരുന്നു. അതു സാരമില്ല, ഇപ്പോൾ മധുരനെല്ലിക്കൊപ്പം കാണാനൊത്തല്ലോ.

ബ്രണ്ണൻ കോളേജിലേക്ക് പോകുന്ന വഴി കാണിച്ചു തന്നപ്പോൾ ഞാൻ ആദ്യം എം.എൻ. വിജയൻ മാഷെ ഓർത്തു. പിന്നെ മറ്റു ചിലരും ഓർമ്മയിൽ തെളിഞ്ഞു വരാതിരുന്നില്ല. അപ്പോഴാണ് മധുരനെല്ലി രാജശ്രീ ടീച്ചറുടെ നോവൽ 'കത' യെ പരാമർശിച്ചത്. 'കത' കെങ്കേമമെന്ന് പറഞ്ഞപ്പോൾ ടീച്ചറെ ഒന്നു കാണാൻ കഴിയുമോ എന്ന് ഞാൻ വിചാരിക്കാതിരുന്നില്ല. പെട്ടെന്ന് ചെന്നെത്താൻ പറ്റുന്നിടത്താണോ അവർ പാർക്കുന്നതെന്ന് അറിയില്ല. ഓടിച്ചെന്നാൽ കാണാൻ പറ്റുമോന്നും അറിയില്ല.

അടുത്തയിടം തലശ്ശേരി ക്കോട്ടയായിരുന്നു. സൂര്യൻ മെല്ലെ ചാഞ്ഞു തുടങ്ങുന്നുണ്ടായിരുന്നു. കടലിനെ അഭിമുഖീകരിച്ച് നില്ക്കുന്ന ഒരു ചെങ്കൽ നിർമ്മിതിയാണ് തലശ്ശേരി ക്കോട്ട. കിടങ്ങും തുരങ്കവും എല്ലാമുണ്ട്. കോട്ടക്കടുത്തെ പള്ളി സിമത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രഗൽഭരിൽ മലബാർ മാന്വൽ എഴുതിയ വില്യം ലോഗനും ഉണ്ട്.

കോട്ട ചുറ്റി നടന്ന് കാണുമ്പോൾ മധുരനെല്ലി ഒത്തിരി അനുഭവങ്ങൾ പങ്കുവെച്ചു. രാഷ്ട്രീയവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ആരോഗ്യരംഗത്തെ അഴിമതികളും ഞങ്ങളുടെ സംസാരത്തിൽ കടന്നുവന്നു.

ഓവർബെറീസ് ഫോളിയിലേക്കാണ് അടുത്തതായി പോയത്. ആയിരത്തി എണ്ണൂറുകളുടെ അവസാനത്തിൽ തലശ്ശേരിയിൽ ജഡ്ജി ആയിരുന്ന ഇ. എം ഓവർബെറിയുടെ പൂർത്തിയാവാതെ പോയ ഒരു സ്വപ്നപദ്ധതിയാണ് ഓവർബെറീസ് ഫോളി. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയും സൂര്യാസ്തമയത്തിൻറെ സൗന്ദര്യവും ഓവർബെറീസ് ഫോളി തന്നു.

പിന്നെ മധുരനെല്ലിയുടെ വീട്ടിലെത്തി. ആ വീട് അതിമനോഹരമായി സജ്ജീകരിക്കപ്പെട്ടതാണ്. അടിമുടി കലാകാരിയും സൗന്ദര്യാരാധകയുമായ മധുരനെല്ലിയുടെ പരിചരണത്തിൽ വീടിൻറെ ചാരുത ഏറേ മുന്നിട്ടു നില്ക്കുന്നു.

അപ്പോഴാണ് ആ കഥയറിഞ്ഞത്..

ആ വീട് ഡിസൈൻ ചെയ്തത് കണ്ണനാണ്. ഹഡ്കോയിൽ ജോലി ചെയ്യാൻ ദില്ലിക്കു പോകും മുമ്പേ..

പിന്നീട് വീട് പണിയാൻ കണ്ണൻ പോയില്ല. അത് ചെയ്തത് വിനയനും സുരേഷുമായിരുന്നു. കണ്ണനെക്കുറിച്ച് പണിക്കാർ ചില കഥകളൊക്കെ പറഞ്ഞു കേൾപ്പിച്ചുവെന്ന് മധുരനെല്ലി ക്ക് ഓർമ്മയുണ്ട്. കണ്ണനെ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലണമെന്ന് ഞാൻ കരുതിയ ആ നിമിഷം തന്നെ മധുരനെല്ലിയും അതു പറഞ്ഞു.

ഏകദേശം അക്കാലത്തോടടുപ്പിച്ച് കണ്ണൻ സാഹിത്യകാരനായ സി വി ബാലകൃഷ്ണന് ഒരു വീട് ഡിസൈൻ ചെയ്തു നിർമ്മാണ മേൽനോട്ടം വഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. അത് പയ്യന്നൂരായിരുന്നു എന്നാണ് എൻറെ ഓർമ്മ. ആ ഡിസൈൻ എന്നെ കാണിച്ചിരുന്നു. അക്കാര്യം ഞാൻ മധുരനെല്ലിയോട് പറഞ്ഞു. ' അതേ..അതറിയാം.പക്ഷേ ഈ വീട് പണിയാതെ പോയ്ക്കളഞ്ഞു..ഞങ്ങൾക്കറിയില്ലായിരുന്നല്ലോ കാര്യങ്ങൾ..' എന്ന് ചിരിച്ചു മധുരനെല്ലി. പിന്നെ കാശ്മീരി ചായയായ മധുരമഞ്ഞ നിറമുള്ള കാവയും ഗോതമ്പ് ഉണ്ണിയപ്പവും വിളമ്പി.

എൻറെ അനിയത്തി ഭാഗ്യ ഗോതമ്പ് ഉണ്ണിയപ്പം ഉണ്ടാക്കുന്നതിൽ ഏറെ വിദഗ്ധയാണെന്ന് ഞാൻ മധുരനെല്ലി യോട് പറയാതിരുന്നില്ല. ങ്ണും ങ്ണും എന്ന് പ്ളേറ്റിലിരുന്ന ഉണ്ണിയപ്പം തിന്നു രസിക്കുമ്പോഴാണ് ഞാനതു പറഞ്ഞത്. മധുരനെല്ലിയുടെ മറുപടി എൻറെ കണ്ണു നിറച്ചു.

'ഭാഗ്യയോട് പറയണം.. ഇവിടേം ഒരു ചേച്ചിയുണ്ടെന്ന്.. ഭാഗ്യയോടും ചിംബ്ളു വിനോടും ഇങ്ങോട്ടു വരാൻ പറയണം. ഇവിടെ താമസിക്കാൻ പറയണം.'

എന്തൊരു വാക്കുകൾ !

നിങ്ങളെയൊക്കെ ഈ വീട്ടിൽ കയറ്റിയത് ഞങ്ങളുടെ മഹാമനസ്ക്കത എന്ന് കേട്ടു തഴമ്പിച്ച എൻറെ കാതുകൾ കുളിർന്നു.

മറുപടിയായി ഞാൻ മധുരനെല്ലിയെ മുറുക്കെ കെട്ടിപ്പിടിച്ചു

കുറച്ചു വിശ്രമിച്ചു കഴിഞ്ഞാണ് ഞങ്ങൾ രാത്രി ഭക്ഷണം കഴിക്കാൻ തലശ്ശേരി ടൗണിൽ പോയത്.

ഭക്ഷണം കഴിഞ്ഞ് അവിടുത്തെ ഫാഷൻ സ്ട്രീറ്റിലൂടെ യാത്ര ചെയ്തു. ആ യാത്ര എനിക്ക് വളരെ ഇഷ്ടമായി. തിളങ്ങുന്ന ഉടുപ്പുകളും ആഭരണങ്ങളും ഒക്കെ കടകളിൽ ഇരിക്കുന്നത് കണ്ടാൽ മതി.. എനിക്ക് അതൊക്കെ ധരിച്ച് റാമ്പിൽ നടക്കുന്ന കൈയടി കിട്ടുന്ന അനുഭൂതിയാകും.

തുടർന്നാണ് ഞങ്ങൾ മാഹിയിലെത്തിയത്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന രചന മനസ്സിൽ എത്ര യേറെ ഇടം നേടിയിട്ടുണ്ടെന്ന് അവിടെ ചെന്നപ്പോഴാണ് ശരിക്കും ബോധ്യമായത്.

ആദ്യം മാഹിപ്പള്ളിയിലെത്തി ആവിലായിലെ സെൻറ് തെരേസാമ്മയെ കണ്ടു.. കുറച്ചു ഐതിഹ്യങ്ങൾ കേട്ടു. പള്ളിയിലെ ആഘോഷങ്ങൾ മനസ്സിലാക്കി..

മയ്യഴിപ്പുഴയുടെ തീരത്തിലൂടെ നടന്നു.. അവിടെയുള്ള പാർക്കിൽ കുറച്ചു നേരം ചെലവാക്കി.. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ പരാമർശിക്കപ്പെട്ട ചില ഭാഗങ്ങളെപ്പറ്റി സംസാരിച്ചു.. അവിടെ കൊത്തിവെച്ചിട്ടുള്ള നോവൽ ചിത്രങ്ങൾ കണ്ടു. കുറിപ്പുകൾ വായിച്ചു. ദാസൻറെയും ചന്ദ്രിക യുടേയും ആത്മാവുകൾ തുമ്പികളായി വെള്ളിയാങ്കല്ലിനു മീതേ പറന്നു കളിച്ചുവെന്ന് വായിക്കുമ്പോൾ പെട്ടെന്ന്.. ആ പുസ്തകം വായിച്ച ദിവസം... തൃക്കൂര് വീട്.. പടർന്നു പന്തലിച്ച നന്ത്യാർവട്ടച്ചെടിയുടെ താഴെ വിരിച്ചിരുന്ന മണൽ... ആ മണൽ വാരിയെടുത്ത് ഉതിർത്ത്... കണ്ണു നിറഞ്ഞ് അവസാനിപ്പിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിൽ...

എല്ലാം ഓർമ്മ വന്നു...

ആ പുഴ കണ്ടുവല്ലോ എന്ന് കരുതി...

എം. മുകുന്ദനെ ഏറെ നേരത്തേ കണ്ടുകഴിഞ്ഞിരുന്നു.. ഒന്നിച്ചു ഒരു വേദിയിൽ ഇരിക്കാനും സാധിച്ചിരുന്നു.

പുഴ... പുഴ ഇപ്പോഴാണ് മുന്നിലെത്തിയത്.

നിറഞ്ഞ മനസ്സോടെ മധുരനെല്ലി ക്കൊപ്പം മടങ്ങി.

പിറ്റേന്ന് രാവിലെ മധുരനെല്ലി ഉണ്ടാക്കി തന്ന രുചികരമായ ദോശയും ചായയും കഴിച്ചു. അപ്പോഴാണ് മധുരനെല്ലിയുടെ ഭർത്താവ് ഉദയകുമാർ ഇരിങ്ങാലക്കുടയിൽ ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ച് പറഞ്ഞത്. അന്ന് തൃശൂർ കോസ്റ്റ്ഫോർഡിലുണ്ടായിരുന്ന കണ്ണനെയും കൂട്ടിക്കൊണ്ടു പോയി സ്വന്തം വീടു ഡിസൈൻ ചെയ്യാൻ നടത്തിയ ശ്രമവും അദ്ദേഹം പങ്കു വെച്ചു . കണ്ണനെ ആ വീട് കൊണ്ടുപോയി കാണിക്കാമെന്ന് ഞാൻ ഏറ്റിട്ടുണ്ട്.

മധുരനെല്ലിയോട് യാത്ര പറയുമ്പോൾ അനവധി കാലം ഒരുമിച്ചു താമസിച്ച ചേച്ചിയുടെ വീട്ടിൽ നിന്ന് പോരുന്നതുപോലെ തോന്നി.

തലശ്ശേരി സ്റ്റേഷനിൽ നിന്ന് പരശുരാം എക്സ്പ്രസിൽ കയറി ഞാൻ മടക്കയാത്ര തുടങ്ങി. എന്നെ യാത്ര അയയ്ക്കാൻ എൻറെ ചേച്ചിയുടെ മകൻ വന്നിരുന്നു...

2 comments:

Cv Thankappan said...

വരികളോടോപ്പം യാത്രാവിശേഷം അനുഭവിച്ചറിഞ്ഞു!
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

മധുരനെല്ലിയോട് യാത്ര പറയുമ്പോൾ അനവധി കാലം ഒരുമിച്ചു താമസിച്ച ചേച്ചിയുടെ വീട്ടിൽ നിന്ന് പോരുന്നതുപോലെ തോന്നി....