Wednesday, July 29, 2020

ചൊക്ളി 26

                    



വിശ്ശൊനാദസ്സാമീരെദ് വീടല്ല, മഡാണ്. അത് വീടല്ല..മഡോല്ല.. ആസ്പത്രിയാന്നാ ചൊക്ളിക്ക് തോന്നീത്. എട്ടേക്കറ് പറ്മ്പാണ്.. ഏയ് മക്കള്.. ആറ് മഡങ്ങള്.. പിന്നെ സാമീം ലളിതമ്മ്യാരും രാമേന്ദ്രൻ ഡോട്ടറും കൂടി പാർക്കണ വല്യ മഡോം..

താമരച്ചേട്ത്താര്ക്ക് മൂന്ന് ബസ്സ്. സാമീരേടോടെ അഞ്ചു ബസ്സ്.. അദ്ല് സാമിക്ക് വാശീണ്ട്.. ചേട്ത്താര് മൂന്ന് ബസ്സ് ഓരോന്നായി വേടിച്ചപ്പോ സാമി ഒന്നിച്ചാ വേടിച്ചു അഞ്ച് ബസ്സ്. എല്ലാ ബസ്സോള്ക്കും ഒര് പേരന്നെ… മഡത്ത്ലെ മോട്ടറ്സ്. പഴേ ലള്ത ബസ്സും ദിനേസ ബസ്സും ഒക്കെ പോയി. പുതിയ ബസ്സോളായി.

പൊഴമ്പള്ളത്തിൻറെ ഒര് പാകത്ത് താമരച്ചേട്ത്താര്.. മറ്റേ പാകത്ത് സാമി..

സാമീരെ മക്കളൊക്കീം ഡോട്ടറുമാരണ്. ഒക്കേം ഓരോ മഡത്തിലാണ്. വൈന്നാരായ ആൾക്കാര് വന്നൊടങ്ങും.. കാലത്ത് അവര് എല്ലാ ഡോട്ടറ് മാരും സറ്ക്കാര് ആസ്പത്തരീല് പണിക്ക് പൂവ്വൂം.. വൈന്നാരാണ് മഡത്തില് ആസ്പത്തരി തൊറ്ക്കല്..

ചൊക്ളി ക്കങ്ങട് സാസം മുട്ട്യൊടങ്ങി.. ചെന്നപ്പ തന്നെ..

പറേമ്പോ ചണ്ണക്കാലൻ..

ചിയ്യണ്ടാത്ത പണീല്യാ..

പട്ടേം നാളിയേരോം പറക്കല് മൊതല് ഡോട്ടറ്മാരടെ പഞ്ഞി വരെ എട്ത്ത് ചുടണം…

ഉഷമ്യാര് ഡോട്ടറ് പെണ്ണങ്ങള്യാ നോക്കാ.. പേറും കെർപ്പോം..

രാമേന്ദരൻ ഡോട്ടറ് എല്ലാറ്റിങ്ങളേം നോക്ക്ല്ണ്ട്. ആ ഡോട്ടറ് സാമീൻറെ മോൻന്ന് ദിനേസ്. തലേൻറേം നെരമ്പിൻറേം ഡോട്ടറാവാൻ പഡിക്ക്ണ്.. കോയിക്കോട്..

പ് റേമമ്യാര് ഡോട്ടറ് കുഞ്ഞിയോള്യാ നോക്കല്.. യേത് നേരോം കുഞ്ഞിക്കരച്ചലും തള്ളാര് രെ വാവോ പാട്ലും..

കിഷണമൂത്ത് രി ഡോട്ടറ് കാലും കൈയും ഒടിഞ്ഞോരേ.. നടൂം തല്ലി വീണോരെ.. തെങ്ങ്മ്മ്ന്ന് വീണോരേ..ഒക്ക്യാ നോക്ക്ല്.

സുന്നര് ഡോട്ടറ്.. പല്ല്മ്മ്യാണ് കളി.. ഡോട്ടറ്ടെ പല്ല് നല്ല തെള്ക്കാണ്.. ഒര് കേട്ല്ല..

നെഞ്ഞ് നോക്ക്ണ്ട്.. ജെയരാമൻ ഡോട്ടറ്.. അദികോം വയസ്സായോരാ.. നെലോളിട്ട് വരാ അവടെ..

എപ്പളും ചിറിക്കണ ഒര് ഡോട്ടറ്ണ്ട്. ചെവിടും മൂക്കും തൊള്ളേം നോക്കും. ക്ടാങ്ങളും തള്ളാരും ഒക്കെ വരൂം. അ ഡോട്ടറ്ക്ക് എപ്പളും സന്തോഷ്ണ്. ചിറിക്കാണ്ട് പൂവ് ല്യാ.. 'എന്താ.. സുഖല്ലേ..വെഷമൊന്നുല്യല്ലോ' ന്ന് ചോയിക്കും. വെങ്ങട്ടൂന്ന് വിശ്ശൊനാദസ്സാമിം ലളിതമ്മ്യാരും വിള്ക്കണ കേക്കാം..മ്മ്ടെ രാമേട്ടൻ എടയ്ക്ക് വരല്ണ്ട് അവടെ.. ആവത് ഇല്ല. ഇന്നാലും വരും...

പണിക്കാര്ക്ക് താമേയ്ക്കാൻ സലണ്ട്. മൂന്നേരോം തിന്നാനും ണ്ട്. കാൽത്ത് കാപ്പി.. ഇഡ്ഡലി.. ഉപ്പാവ്, കോയിക്കോട്ട, പച്ചൊള്ളം പോലത്തെ ചട്ടിണി.. വൈന്നാരം ചായ.. വട.. അല്ലേങ്ങി ബോണ്ട ഉച്ചക്ക് ചോറ്, കൊണ്ടാട്ടം, സ്രോന്ന് സാമ്പാറ്.. അല്ലെങ്കി ചേമ്പ് പുളിങ്കറി, ഓരോരോ എലോളും ചേനേം പടേറ്റി കായേം കൊറേ പച്ചമൊളകും ഇട്ട് വെളിച്ചെണ്ണ തളിച്ച് വേവിച്ച് ത്. പച്ചൊള്ളം ഉമ്മിണി ഒയിച്ച സമ്പാരം..

ഒക്കേം എന്തോരം വേണങ്ക്ലും ത് ന്നാം. ആരും ഒന്നും ചോയിക്കില്ല.. പണിക്കാര്ക്ക് തിന്നാൻ വെക്കണത് ജാനൂം അവളരെ തള്ളേം മുത്താച്ചീം കൂടീറ്റാണ്..

ജാനൂനെ ആണങ്ങള് പണിക്കാര് കുത്തിത്തൊള്ച്ച് നോക്ക്ണ്ട് ന്ന് ചൊക്ളി ക്ക് തിരിഞ്ഞു. മോറ് കണ്ടാ മടുത്തോന്നുല്ല. മുമ്പട്ട് കൊറേ മൊലേണ്ട്. പിമ്പട്ട് വല്യ ചന്ത്യോളും.. പിന്നെ കൊറേ തൽമുടീണ്ട്. അത്ണ് അവള് വെള്മ്പാൻ വരാത്തദ്. ചെന്ന അന്നന്നെ മുത്താച്ചീം ജാനൂൻറെ തള്ളേം ചൊക്ളീം കൂട്യായി വെള്മ്പല്.

വിശ്ശൊനാദസ്സാമ്യാ പറഞ്ഞേ…'മറിയപ്പാറേരെ മാപ്പള്ളാരെ എടക്കും കൊശത്തിയോളടേം ചെട്യച്ചോളടേം എടേലോന്നും പോണ്ട് രാ ചൊക്ളിയേ… നീയ് ഇബടെ കെട്ന്നോ.. നിനക്ക് എബടെ കെടന്നാല്ന്താ…. ആരൂല്യല്ലോ എബട്യായാലും..'

ചൊക്ളി ഒന്നും മിണ്ടീല്ല..

മയിലീനേം പപ്പിനീനേം കാണാണ്ടിര്ക്ക്ണ്ടേന്ന് ഒര് ദണ്ണപ്പാട് വന്ന് കേട്ടപ്പോ..

മയിലി ചിറിക്കും.. വാറ്റണ്ട.. അത് കെട്ട വേലൈ ന്ന് പറയും. അവള് ചിറിക്കണ കാണ് മ്പോ ഒര് കുള് ര് വര്ല്ണ്ട്. അവ് ളായിറ്റ് ഒരിസ്സ്ടം വന്നതാർന്നു..

സാമീരോരേ താമയിച്ചാ വാറ്റ് നിക്കും.. അത് മയിലിക്ക് ഇസ്ടാവും..

പപ്പിനി പണീട്ത്ത് കയിഞ്ഞോളും. വാറ്റും കലം ചോക്കലും ..

ഇന്നാലും പപ്പിന്യോടൊന്ന് പറേണം. ഇന്നട്ട് മതി സാമീരോരെ സ്തിരം നിക്കല്.. താമയിക്കലും..

Sunday, July 26, 2020

ചൊക്ളി 25


                                 

എട്ടുപത്തൂസം കയിഞ്ഞിറ്റാണ് മറിയപ്പാറ അങ്ങാടീല് പഴേ പോലെ ആളോള് വരലും പൂവ്വലും ഒക്ക്യായീത്.. ആകനെ ആരൂല്യാത്ത മാതിര്യാര്ന്നു അങ്ങാടി.

പപ്പിനീനേ എന്ത്ന്നാണ് പറേണ്ടേന്ന് ചൊക്ളിക്ക് തിര്ഞ്ഞില്ല്യ. അവ് ള് ഇന്ത് രാ ഗാന്തി ചത്തൂന്നറിഞ്ഞപ്പോ മുപ്പാട് പ് രാക്യൊടങ്ങി..

'നന്നാച്ച്..നന്നാച്ച്.. അപ്പടി വേണം. എരന്ത്ട്ട് പോയാച്ഛേ.. രവി അണ്ണാ..'

പറേണട്ടാ തോന്നാ ഇന്ത് രാ ഗാന്ത്യാണ് രവ്യേട്ടനെ കൊന്നത് ന്നാ..

പ് രാക്കന്നെ പ് രാക്കന്നെ.. ഏതേരോം..

ചത്ത് പോയി.. ആ തള്ളേം.. അവരേ വല്യേ മോനാത്തറെ ഇപ്പ ഈ രാജിയം ബരിക്കണേ..

പപ്പിനീരേ മൻസ്സ് ല് എന്ത് തേങ്ങ്യാന്ന് ചൊക്ളി ക്ക് അറീല്ല..

ഇന്ത് രാ ഗാന്തി വെട്യോണ്ട് ചത്ത് പോയ്ത് കൊറെ രവ്യേട്ടമ്മാര് രെ ദണ്ണപ്പെട് ലാന്ന് പറേം. അവര്യൊക്കെ കൊന്നോരെ കൂട്യാര്ന്ന് ആ തള്ളാന്ന് പറേം… അവ് ര്ക്ക് എപ്പളും രാജിയം ബരിക്കണേ ര്ന്ന്ന്നൊക്കെ പറേം. ഇന്ത് രാ ഗാന്തീരേ എളേ മോൻ ബിമാനത്ത്ന്ന് വീൺട്ടാണ്ണ്ന്ന് മെരിച്ചേ..ഇബള്ക്ക് ഇയ്യാതി കാരിയങ്ങള് ആരാണ്ട്റാ കാട്ടിക്കൊട്ക്ക്ണ്.. മെരിച്ചില്ല്യേ.. അയിന് പ്പന്താ..

രവ്യേട്ടനെപ്പോലെ ദണ്ണപ്പെട്ടോര്ടെ പ് രാക്കാന്ന്, അവര്യൊക്കെ ബന്തക്കാര്ടെ പ് രാക്കാന്ന് അയ്യാള് ങ്ങനെ സീൽസ്യൊന്നും ചിയ്യാൻ പറ്റാണ്ടേ ചത്തുപോയേന്ന്.. മെരിക്കണേന്ന് മുപ്പാട് ഇന്ത് രാ ഗാന്തിക്കും വന്നൂലോ മോൻ മെരിച്ച ദണ്ണം..

അങ്ങനേരിക്കുന്ന് വിശ്ശോസിച്ച് ഇര്ന്നാ അപ്പ പപ്പിനീരേ പറച്ചലാ വേറ്യോണാവും. അത് ആ പോളീല് പടിപ്പിക്കണ ബാലേന്ദ് രൻറെ വർത്താനം കേക്ക് മ്പളാണ്..

പപ്പിനീരേ തലയ്ക്ക് ഓളണ്ട്ന്ന് അപ്പോ തോന്നും ചൊക്ളിക്കും…

ബാലേന്ദരൻറെ താടീം ചന്യാസ്യോളടെ പോലത്തേ മുണ്ടും നെറ്റീമ്മത്തേ ചന്തനക്കുറീം ഒന്നുഷ്ടല്ല പപ്പിനിക്ക്.. ചന്യാസ്സോളേം ഇഷ്ടല്ല..

ബാലേന്ദരനാ ഇന്തരാഗാന്തി ചത്തത് അങ്ങട്ട് ഇഷ്ടായിത്… അങ്ങാടീല് ര്ന്ന് പറയ്യേര്ന്നയ്യാള്..

അവളാരുടെ മോനേ വിളിച്ച് ദൈവം ആദ്യം.. പിന്നേ ഇപ്പോ അവളാരേം.. അവളാരുടെ അച്ഛനും ആ ഗാന്ധീം കൂടിയാണ് ഹിന്ദുക്കളുടെ നാട് മേത്തന്മാര്ടെ ആക്കീത്.. എന്നിട്ട് അവളാരുടെ തന്ത ഹിന്ദുക്കളെ വെലക്കി. ഹിന്ദുക്കള് നമ്മള് ചോദിച്ചില്ല്യങ്കിലും നമ്മടെ ദൈവങ്ങള് ചോയിക്കും. സിക്ക് കാര് ഹിന്ദുക്കള് തന്നേണ്.. മാപ്ളേം ജോനോനും അല്ല..

ചൊക്ളിക്ക് ഒരു കുന്തോം അങ്ങട്ട് തിരിഞ്ഞ്ല്ല.

പപ്പിനീരേ ഒച്ച്യാ പൊങ്ങീലോ അങ്ങാടി പൊളിക്കണോണം..

'ആണ്ടവൻ ഗുണ്ടായാ ന്നാ.. എളുപത് വയസ്സാത്തിയെ തുപ്പാക്കിയാലെ കൊണ്ണുപോട്ടാ അത് മശിര്.. അശോക്കിയ പശലേ. ഇന്തുവാ.. യാര് ഇന്തു…നായാര് ഇന്തുവാ..'

പപ്പിനീരേ കൈയും പിട്ച്ച് ചണ്ണക്കാലും വലിച്ചെഴച്ച് ചൊക്ളി അങ്ങാടീന്ന് വീട്ടിൽക്കാ എത്തി..

അവളക്ക് നട്ടപ്രാന്തന്ന്യാ.. ഇന്ത് രാ ഗാന്തി ചത്ത്ത് അവളക്ക് ഇപ്പോ വേണ്ടാന്ന് ആയ്യാ.. എന്തിറ്റ് പണ്ടാര്ണ് പപ്പിനീരേ മൻസ്സ്ല്. ഒര് കാര് യ്യം രണ്ടോണം പറയ്യേ… ചത്ത്ത് നന്നായിണ്ട്.. കൊന്നത് കൊഴപ്പായീണ്ട്.. കൊല്ലാണ്ടെങ്ങ്ന്യാ ചാവണേ..

ആ ബാലേന്ദരൻ ഒര് ജാതി അല്മ്പ്ണ്. അയ്യാള്ക്ക് സറ്ക്കാര് ജോലീണ്ട്. വല്ല ഊദ്രവോം വന്നാ എങ്ങ്ട്ട് പോവ്വാന്നാ..

കൊർച്ച് കയിഞ്ഞപ്പോ ചൊക്ളീക്ക് തിരിഞ്ഞൊടങ്ങി… രവ്യേട്ടൻ ന്നല്ല ഇന്ത് രാ ഗാന്തി ന്നല്ല ആര് ചത്തൊട്ങ്ങിറ്റാലും പപ്പിനിക്കും അവളരെ തള്ളക്കും ചൊക്ളി ക്കും കഞ്ഞുടിക്കണങ്കി വാറ്റണം.. പണിക്ക് പോണം.. കലോം കൊണ്ട് തെണ്ടണം…

മൊയ്തീൻക്കേരെ കൊറേ ബന്തക്കാര് മറിയപ്പാറേരെ അരീത്തൊക്കെ വന്നൂടി. കടേല് നല്ല കച്ചോടണ്ട്. വന്നോര്ക്കൊക്കെ മൊയ്തീൻ ക്ക പണ്യോളും കൊടക്കണ്ട്.. ഓരോ പലകാരങ്ങള് ഓരോത്തരാണ്ടാക്ക്ണ്.. ഒക്കേം ഇബടന്നെ ചെൽവാവ് ല്ല. അത് പ്രാഞ്ചീസിൻറെ ഓട്ടർഷേല് തൃശൂര്ക്ക് കൊണ്ടോയി തീറ്റക്കഡോള്ളാ കൊട്ക്കും..

ഒരീസം പ്രാഞ്ചീസാ പറഞ്ഞ്.. വിശ്ശൊനാദസ്സാമീരോട പണീണ്ട്ന്ന്..ചൊക്ളി പോയ്യാ കിട്ടുന്ന്..

വാറ്റ്ണ്ട്.. പപ്പിനീരൊപ്പം.. ഉച്യാമ്പോ അവള് കലോം കൊണ്ട് പൂവ്വുമ്പോ ചെട്ടിച്ച്യോളടവ്ടെ പണിക്കാ നിക്കും.. അങ്ങനേന് മയിലീനെ പരിചായിത്… വാറ്റ്ണ്ടാന്നാ മയിലി പറേണ്..

അത് ങ്ങനെ നിർത്തണ്ട്യേരുന്ന് വിജാരിച്ചന്നെ ല്യ..


Friday, July 24, 2020

ചൊക്ളി 24


24/07/2020

                                                              


ഒര് രവ്യേട്ടൻ ചത്തോണ്ട് ഈ ലോഗവസാനിക്കോ ...ഇല്ല്യ. സറ്ക്കാര് തൊലയ്യോ..രവ്യേട്ടനെ അടിച്ചും ഉര്ട്ടീം കൊന്നോര്ക്ക് വല്ലതും പറ്റോ..

ഒന്ന്ല്ല..

ഇഞ്ഞീം ഇങ്ങനെ മനിഷേരേ സറ്ക്കാരും പോല്ലീസാരും കൂടി തല്ലിക്കൊല്ലും..ചവ്ട്ടി തണ്ടെല്ല് ഒടിക്കും.. തോക്കോണ്ട് വെടി വെക്കും..

ഒക്കേം കയിഞ്ഞു ഞങ്ങളല്ല ചീതേ.. അത് മറ്റോരാന്ന് പറഞ്ഞ്ട്ട് ഓട്ട് ചോയിച്ചും വരും..

പപ്പിനീരേ തലക്ക് ഓളായീന്നാ അവളടെ പെറ്റതള്ള പറേണത്. ചൊക്ളിക്കും തോന്നാണ്ട്ര്ന്ന്ല്ല..നട്ടപ്രാന്തായീന്ന്..കലോം കൊണ്ട് തെണ്ടിത്തിരിഞ്ഞ് പോണ്ല്യ. വാറ്റ്ണില്ല.. കുടുമ്മത്തെ ഒര് പണീം ഇട്ക്ക്ണ് ല്യ.

ഏത് നേരോം ചായ്പ്പില് ന്നെ.. ഇര്പ്പ്.. നെലോളി.. സറ്ക്കാരേം പോല്ലീസാരേം നാട്ടാരേം ഓരോന്ന് പറഞ്ഞ് പ് രാകല്..

ചൊക്ളി ഇപ്പോ എന്നും എറേത്തന്നെ ആയി കെടപ്പ്.. ആ തള്ളേം നെലോളിച്ച് നെല തെറ്റി നിക്കണ പപ്പിനീം മാത്രല്ലേ കുടീല് ള്ളോ. പാറേമ്മെ കെട്ക്കാൻ പറ്റാണ്ടായീപ്പോ ചായ്പ്പീല് എടം തന്നോളാണ് പപ്പിനി. അത് മറ്ക്കാൻ പാടോ.. ആ രണ്ട് പെണ്ണ്ങ്ങള് കഞ്ഞുടിച്ച് പോണത് ചൊക്ളി പണി ഇട്ക്കണോണ്ടാന്നായ്ണ്ട് ഇപ്പോ.

താമര ചേട്ത്താര് പിന്നീം വേടിച്ച് ഒരു ബസ്സും കൂടി.. ഇപ്പോ മൂന്ന് ബസ്സായി അവരടെ.. വിശ്ശൊനാദസ്സാമീരെ രണ്ട് ബസ്സ് ണ്ട്. താമര ചേട്ത്താര് ഒരൂസം വൈന്നാരം കൊറച്ച് പത്തിൻറേം രണ്ട് മൂന്ന് നൂറിൻറേം നോട്ട് എട്ത്ത് തന്ന്ട്ടാ പറ്ഞ്ഞു.

'ടാ, ചൊക്ള്യേ, ഇഞ്ഞ്യൊട്ട് നീയ്യ് വരണ്ട.. പണിക്കേയ്.. ഈ ചണ്ണക്കാലോണ്ട് ഏന്ത്യടന്ന് പണ്ത്ട്ട് എന്താക്കാന്ന്ണ്.. പാവല്ലേച്ച്ട്ട് നിറ്ത്തി തീറ്റേം കാശും തരേര്ന്ന്.. ഞാൻ. അല്ലാണ്ട് നീയ്യ് പണ്ത്ട്ട് ഇബടെ എന്ത് തേങ്ങേരേ മൂടാണ്ടായ്ത്..

നീയ്യാ പോക്കോ.. ഇഞ്ഞിങ്ങട് വര്ണ്ട.'

ചൊക്ളി ക്ക് താമരച്ചേട്ത്താരെ ഒറ്റച്ചവ്ട്ട് കൊട്ത്താലോന്ന് തോന്നി. ഇന്നാലും ഇദ്ദാണ് എപ്പളും കാശ്കാരേ തൊരം..

പണീട്പ്പിക്കാൻ ഓരോന്നോരോന്നായി പറേം.. എറ്ച്ചീം കൊർച്ച് കൊള്ളിക്കെഴങ്ങും ചോറും തരും. അവര്ക്ക് വേണ്ടാണ്ടായാ അപ്പോ 'പട്ടി പോ, പട്ടീന്ന് ' കല്ലെടുത്ത്റിഞ്ഞോടിപ്പിക്കും..

പണീട്ക്കുമ്പോ ചിറിച്ചേർന്ന പെണ്ണങ്ങള് പണീല്യാണ്ടായീന്ന് കേട്ടപ്പോ മൊതല് മൊഗം തിര്ച്ച് പിടിക്കണത് ചൊക്ളി കാണാണ്ടിര്ന്ന്ല്ല. പെണ്ണങ്ങള് ഒക്കീം അങ്ങനന്യാ.. നല്ല കാശ്ള്ള, കൊറവൊന്ന്ല്ലാത്ത ആണങ്ങളെ മാത്ത്റേ അവര്ക്ക് പോതിക്കൊള്ളോ.

ചേട്ത്താരെ മോത്തോക്കി കൊർച്ച് നേരം നിന്ന്ട്ടാ ചൊക്ളി എറങ്ങീത്.. മറിയപ്പാറ അങ്ങാടീല് വന്നപ്പളാണ് അതിശം..അന്തോണി മാപ്ളേരെ ചെക്കൻ പ്രാഞ്ചീസ് ണ്ട് മൂന്ന് ചക്രള്ള ഒരു വണ്ടീം കൊണ്ട് വന്നേക്കണു. ഓട്ടർഷ ന്നാത്രേ പേര്. വണ്ടീമ്മേ തൃസ്സക്കുട്ടീന്നും എഴ്തീണ്ട്ന്ന് മൊയ്തീൻക്ക ചിറിക്കണ്ടാര്ന്നു..

കോടംകരേരേ അപ്പ്റത്ത് തൃശ്ശൂര്ക്ക് പോണ്ണ റോട്ട്ലൊക്കെ ഇയ്യ് വണ്ടീണ്ട്ന്ന്.. ഇത് വരെ മറിയപ്പാറ അങ്ങാടീല്ക്ക് വന്നട്ട്ല്യാന്നേ ള്ളോ. തൃശ്ശൂര് ഉമ്മിണി നേർത്ത്യന്നേ ഓടിയൊടങ്ങീന്ന്..

കൊർച്ചേരം വണ്ടീരേ മോന്തേന്നോക്കി നിന്നു..

നാള്യൊട്ട് പണീല്യാണ്ടായീന്ന് ആലോയിച്ചപ്പോ ചൊക്ളിക്ക് പരോശായൊടങ്ങി.. പണീം തൊരോം ല്ലങ്കി ചണ്ണക്കാലൻ തിന്ന് മുടിച്ചൂന്ന് ഓളീട്ടൊടങ്ങും പപ്പിനീരേ തള്ള..

വീട്ടിച്ചെന്നേറിപ്പോ അതിശന്നേ.. പപ്പിനി കുളിച്ച് വെടിപ്പ്ല്.. വീടും പൊറോം ഒക്കേം അടിച്ച് വാരീണ്ട്.. ആകെനൊര് വെളിച്ചം..

അവള് ചായേം അവലും പാളേങ്കോടൻ പഴം കൊഴച്ചതും തന്നപ്പോ ചൊക്ളി ക്കങ്ങട്ട് കുളർന്നു..

നന്നായീ..

പ്രാന്തിയാന്ന് പപ്പിനീനേ നാട്ടാര് പറേണത് കേക്കണ്ട്യര്ല്ലല്ലോ.. അവള് പണിട്ത്ത് തിന്നോളും.. വെറ്തേ ഇബടെ കുത്തിര്ക്കാണ്ട് വല്ലോടത്ത്ക്കും പോയ്യാ ചൊക്ളിക്കും വല്ല പണീം കിട്ടും..

അങ്ങന്യലോയ്ച്ചാ എറേത്ത് കെടന്ന് ചൊക്ളി ഒറങ്ങീത്..

പിറ്റീസം കാലത്ത് വാറ്റ്ണ്ട് ന്നും നീയ്യും വരണന്നും പപ്പിനി പറഞ്ഞപ്പോ പൂവ്വാണ്ടിരിക്ക്യാൻ ചൊക്ളിക്ക് പറ്റീല്ല..

നേരുച്ച്യായപ്പളാ അറിഞ്ഞേ..

ഇന്ദ്രാഗാന്തീനേ ആരാണ്ടും വെടിവെച്ച് കൊന്നൂന്ന്…

പപ്പിനി അന്തിച്ച്ക്കണ കണ്ടപ്പോ ചൊക്ളി ക്ക് എന്താ വേണ്ട്യേന്ന് അങ്ങട്ട് തിരിഞ്ഞ്ല്ല..