Friday, April 25, 2014

വനിതാ സംവരണ ബില്ല്.


https://www.facebook.com/echmu.kutty/posts/268093203369981

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2014 മാര്‍ച്ച്  14   ന്  പ്രസിദ്ധീകരിച്ചത് )

അങ്ങനെ വീണ്ടും  ലോക് സഭാ   തെരഞ്ഞെടുപ്പ്   വന്നു ചേര്‍ന്നു.. 

എന്താ...  ല്ലേ... എത്ര  വേഗമാണ്  അഞ്ചുകൊല്ലമൊക്കെ ഇങ്ങനെ  കടന്നു പോകുന്നത്... വാഗ്ദാനം ചെയ്ത ബില്ലൊന്നും  പാസ്സാക്കാന്‍ പറ്റിയില്ലെങ്കിലും നിയമമൊന്നും  നിര്‍മ്മിക്കാന്‍ പറ്റിയില്ലെങ്കിലും സാരമില്ല,    പിന്നേം പിന്നേം  തെരഞ്ഞെടുപ്പ് ഇങ്ങനെ  വന്നു കൊണ്ടിരിക്കും.. അനവധി വാഗ്ദാനങ്ങള്‍    ജനങ്ങള്‍ അങ്ങനെ  കേട്ടുകൊണ്ടിരിക്കും .... 

നമ്മള്‍ പെണ്ണുങ്ങള്‍ വിചാരിച്ചാല്‍  തെരഞ്ഞെടുപ്പില്‍ ചില  ചലനങ്ങള്‍ ഒക്കെയുണ്ടാക്കാന്‍ പറ്റുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ടി വീയിലെ  പരസ്യത്തില്‍   മന്ത്രിക്കു ചായ  ഉണ്ടാക്കിക്കൊടുക്കുന്ന മന്ത്രിഭാര്യ കൊഞ്ചുന്നതും ആകെ  വോട്ടര്‍മാരില്‍ പകുതിയോളമുള്ള  സ്ത്രീകളെ അവഗണിക്കരുതെന്നും  സ്ത്രീകള്‍  വിചാരിച്ചാല്‍ ഭരണത്തിലേറ്റാനും ഇറക്കാനും  കഴിയുമെന്നും ഒക്കെയാണ്.  കേരളത്തിന്‍റെ  കാര്യമാണെങ്കില്‍  പുരുഷവോട്ടര്‍മാരെക്കാള്‍  കൂടുതല്‍ സ്ത്രീവോട്ടര്‍മാരുണ്ട് താനും. 

കഴിഞ്ഞാഴ്ചയായിരുന്നു അന്താരാഷ്ട്ര വനിതാ ദിനം. ‘ സ്ത്രീ സമത്വം  എല്ലാവരുടേയും പുരോഗതിയിലേക്ക് ‘ എന്നതായിരുന്നു  ഈ വര്‍ഷത്തിലെ   വനിതാ ദിനത്തിന്‍റെ മുദ്രാവാക്യം. അതുകൊണ്ടൊക്കെത്തന്നെ  വനിതാ ബില്ലിനെപ്പറ്റി ഓര്‍ക്കാന്‍ ഇതിലും പറ്റിയ ഒരവസരമില്ലെന്ന് തോന്നിപ്പോകുന്നു  ശരിക്കും.. 

നമ്മള്‍ പെണ്ണുങ്ങള്‍  നെഞ്ചത്ത്  കൈവച്ച്  ഒന്നു പറഞ്ഞേ.. ആ ബില്ല് പാസ്സാകുമെന്ന് തോന്നുന്നുണ്ടോ.. അടുത്ത ലോക് സഭയില്‍ ..    പുരോഗമനം  മൊത്തമായും  ചില്ലറയായും  പറയുന്ന ആരു  തന്നെ..   അധികാരത്തില്‍  വന്നാലും... 

എത്ര കാലമായി  അങ്ങനൊരു ബില്ലിനെപ്പറ്റി  പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങീട്ട്..  ആ പറഞ്ഞ് കേള്‍ക്കല്‍ കാലത്തിനു  തന്നെ  പ്രായപൂര്‍ത്തി വോട്ടവകാശമായി. എന്നിട്ടും ഇതുവരെ അത്  ജനിച്ചിട്ടില്ല.  പതിനെട്ട്  വയസ്സായിട്ടും ജനിക്കാന്‍ പറ്റാത്ത  ഒരു വാവയാണ്  വനിതാ സംവരണബില്ല്. 12, 13, 14, 15  അങ്ങനെ  ഇക്കഴിഞ്ഞ  എല്ലാ  ലോക് സഭകളിലും  അവതരിപ്പിക്കപ്പെട്ട്  തല്ലിക്കൊല്ലപ്പെട്ട ഒരു  ചരിത്രമാണ് അതിനുള്ളത്. ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയാണെങ്കില്‍ പൊടുക്കനെ  ആരുമറിയാതങ്ങു  അലസിപ്പിച്ചു കളയാമെന്ന് വിചാരിക്കുന്ന   ഇന്ത്യാക്കാരുടെ ലോക് സഭയില്‍  ഇതിനപ്പുറം എന്തു നടക്കാനാണെന്ന് കരുതിയാല്‍ മതിയോ നമ്മള്‍ ?  

സര്‍ക്കാര്‍  തന്നെ,  മനമങ്ങും  മിഴിയിങ്ങും  എന്ന മട്ടിലാണ് സാധാരണ ഈ ബില്ലവതരിപ്പിക്കുക.  പന്ത്രണ്ടാമത്തെ ലോക് സഭ യില്‍ ആദ്യം അവതരിപ്പിക്കപ്പെട്ടതു മുതല്‍  ഇതാണ്  ബില്ലിന്‍റെ സ്ഥിതി. വനിതാ സംവരണബില്ലെന്നു കേട്ടാല്‍ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ നടക്കുക എന്ന ജനാധിപത്യ രീതിയല്ല, പിന്നെ  കൈയാങ്കളിയാണ്. കൈയൂക്കുള്ളവര്‍ കാര്യക്കാരാവും. എപ്പോള്‍  ബില്ലവതരിപ്പിച്ചാലും മന്ത്രിമാരുടെ പക്കല്‍ നിന്ന് ബില്ല് തട്ടിപ്പറിച്ച്  വലിച്ചു കീറൂക, പുരുഷ എം  പി  മാര്‍   പോരുകാളകളെപ്പോലെ   അടികലശലുണ്ടാക്കുക ഇതൊക്കെയാണ് ലോക് സഭയില്‍ നടക്കുന്നത്.  2010  ല്‍  രാജ്യസഭയില്‍ ബില്ലു പാസ്സാക്കിയത്  രാജ്യസഭാ  ചെയര്‍മാനായ ഹമീദ് അന്‍സാരി മാര്‍ഷല്‍മാരെ വിളിച്ച് , ബഹളക്കാരായ  ഏഴംഗങ്ങളെ, പുറത്താക്കിച്ചതിനു ശേഷമായിരുന്നു. അതും പോരാഞ്ഞിട്ട് ബില്‍ ചര്‍ച്ചയ്ക്കെടുക്കാതെ നേരിട്ട്  വോട്ടിനിടുകയായിരുന്നു രാജ്യസഭയില്‍. 

അത്  കഴിഞ്ഞ്  2014  ലെ  അവസാന സമ്മേളനത്തില്‍  പോലും സര്‍ക്കാര്‍ ബില്ലവതരിപ്പിച്ചില്ല  ലോക് സഭയില്‍..അതിനുവേണ്ട സമവായമുണ്ടാക്കാനായില്ലത്രേ! കോണ്‍ഗ്രസ്സിന്‍റെ യു പി എക്കും, ബി ജെ പിക്കും, ഇടതുപക്ഷപാര്‍ട്ടികള്‍ക്കും, കരുണാനിധിയുടെ ഡി എം കെ ക്കും  ജയലളിതയുടെ എ ഐ എ ഡി എം കെ ക്കും ഒക്കെ  വനിതാ സംവരണബില്ലിനോട് യോജിപ്പായിരുന്നുവെന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. അത് സത്യമാണെങ്കില്‍, രാജ്യസഭയില്‍ പാസ്സായ ഈ ബില്ല് ലോക് സഭയിലും   പാസ്സാവാനുള്ള സാധ്യത കൂടുതലായിരുന്നില്ലേ? എന്നിട്ടും സര്‍ക്കാര്‍ ബില്ല്  അവതരിപ്പിച്ചില്ല. അപ്പോള്‍  ഉണ്ടെന്ന് പറഞ്ഞിരുന്ന ആ   യോജിപ്പ് ചുമ്മാതായിരുന്നിരിക്കണം. 

സഭാനടപടികളൂടെ  തല്‍സമയ  പ്രക്ഷേപണം നിറുത്തിവെച്ചുകൊണ്ട് പതിനാറു  അംഗങ്ങളെ  സസ് പെന്‍ഡ്  ചെയ്തുകൊണ്ട് തെലുങ്കാനാബില്ല് പാസ്സാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചുവെന്നതും കൂടീ  ഇത്തരുണത്തില്‍ ഓര്‍മ്മിക്കണം കേട്ടോ.  എന്തായിരുന്നു  അംഗങ്ങള്‍ അന്ന്  ഉണ്ടാക്കിയ  പുകില്‍... കത്തി,  കുരുമുളക് സ്പ്രേ,  ടണ്‍ കണക്കിനു ബഹളം.. എന്നിട്ടും സര്‍ക്കാര്‍  കുലുങ്ങിയില്ല. തെലുങ്കാനാ  ബില്ലങ്ങു  പാസ്സാക്കി.  അപ്പോള്‍ വേണമെന്ന് വെച്ചാല്‍  സര്‍ക്കാരിനു  ബില്ലു പാസ്സാക്കാനും  പറ്റും. 

പറയുമ്പോള്‍  എല്ലാം പറയണമല്ലോ, നിലവിലുള്ള  സീറ്റുകളില്‍  പലതിലും പെണ്ണുങ്ങള്‍  മാത്രം  മല്‍സരിക്കുന്ന ഒരു  അവസ്ഥ  വന്നാല്‍  അത് എങ്ങനെ  സഹിക്കാന്‍ പറ്റുമെന്നതാണ്  പുരുഷന്മാരായ  എം പി മാരെ  അലട്ടുന്ന  യഥാര്‍ഥ പ്രശ്നം.  ചൊല്‍പ്പടിയിലുള്ള  പെണ്ണിനെ   നിറുത്തി ജയിപ്പിക്കാമെന്നൊക്കെ അവതാ  പറഞ്ഞാലും  നമ്മള്‍  സ്വയം  എം പി  യാവുന്നതുമാതിരിയല്ലല്ലോ  ചൊല്‍പ്പടിയിലുള്ള പെണ്ണ് എം  പി  ആവുന്നത്.  തന്നെയുമല്ല, സംവരണ സീറ്റില്‍ ജയിച്ചുകയറുന്ന  പെണ്ണുങ്ങള്‍ അഞ്ചുകൊല്ലം കൊണ്ട് സംവരണമില്ലാത്ത സീറ്റുകളിലും മല്‍സരിക്കാനുള്ള ആര്‍ജ്ജവവും  കഴിവും ഉണ്ടാക്കിയെടുത്തു കൂടെന്നുമില്ല.  ഫലം  ഭരണാധികാരം പെണ്ണുങ്ങളുടേതായിത്തീരുമെന്നതാണ്. 

ജനസംഖ്യയുടെ   പകുതിയോളം  വരുന്ന  പെണ്ണുങ്ങളുടെ പ്രാതിനിധ്യം പെണ്ണുങ്ങള്‍  വഹിക്കേണ്ട കാര്യമൊന്നുമില്ല, ആണുങ്ങള്‍ ഉണ്ടല്ലോ എല്ലാം ഭംഗിയായി നടത്താനെന്നാണ് പൊതുന്യായം. പതിനഞ്ചാം ലോക് സഭയില്‍ ആകെക്കൂടി  അമ്പത്തൊമ്പത്  സ്ത്രീകളാണ്  എം പി മാരായി  ഉണ്ടായിരുന്നത്. ഈ  നമ്പര്‍  കൂട്ടിക്കൊണ്ടു വരുന്നതിലാകട്ടെ  ആര്‍ക്കുമില്ല  താല്‍പര്യം.

അധികാരം കൈമാറുന്നത് എളുപ്പമല്ല. അസാമാന്യമായ  മനോബലവും ഇച്ഛാശക്തിയും  നീതിബോധവും  അതിനു  ആവശ്യമാണ്.  ബ്രിട്ടിഷുകാര്‍ക്കായാലും  ഇന്ത്യാക്കാര്‍ക്കായാലും അക്കാര്യത്തില്‍  യാതൊരു  ഭേദവുമില്ല. അധികാരമെന്ന ലഹരി  അനുഭവിച്ചവര്‍ ജീവന്‍  പോയാലും  അത്  കൈയൊഴിയാന്‍ തയാറാവില്ല. അധികാരം നിലനിറുത്താന്‍  അവര്‍  പുതിയ പുതിയ  ന്യായങ്ങള്‍  കണ്ടുപിടിച്ചുകൊണ്ടിരിക്കും. 
 

Tuesday, April 8, 2014

മധുരം തിരുമധുരമീ തെളിനീര്‍....


https://www.facebook.com/echmu.kutty/posts/262696243909677

വെള്ളത്തിന്  ക്ഷാമമാണിവിടെ .. ഈ വീട്ടില്‍. ഉത്തരേന്ത്യന്‍ വാസത്തിനു ശേഷം  ഇവിടെ വന്നു കൂടുമ്പോള്‍ അങ്ങനെയായിരുന്നില്ല.  ഇഷ്ടം പോലെ വെള്ളമുണ്ടായിരുന്നു. പൈപ്പു തുറക്കുമ്പോള്‍ ... ക്ലോറിന്‍ മണമുണ്ടായിരുന്നെങ്കിലും കുറച്ചു സമയം പിടിച്ചു വെച്ചാല്‍ നല്ല വെള്ളമാവുമായിരുന്നു ... മുറ്റത്തെ കൊച്ചു കിണറ്റിലും ധാരാളം വെള്ളമുണ്ടായിരുന്നു.

സോപ്പിനോടും അലിവു പിശുക്കുന്ന, ചെന്നൈ നഗരത്തിലെ കടുത്ത വെള്ളവുമായി ഇടപെട്ട് ഞാന്‍ ശരിക്കും ബോറടിച്ചിരുന്നു . മൊട്ടത്തലയായിട്ടും  കുളിച്ചു കഴിയുമ്പോള്‍ മുടിയുലര്‍ന്നു  മുള്ളന്‍ പന്നിയെ കൂട്ട് എണീറ്റു നില്‍ക്കും. 

വെള്ളം കഷ്ടിയായ ഒരുപാടു സ്ഥലങ്ങളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ ടാങ്കില്‍ സമൃദ്ധമായി വന്നു വീഴുന്ന വെള്ളം അവര്‍ ചുമ്മാ ഒഴുക്കിക്കളയുന്നതു കണ്ട് രാത്രിയില്‍ അവരുടെ ടാങ്കിലെ വെള്ളം ഒരു തുള്ളി പോലുമില്ലാതെ മോഷ്ടിച്ചെടുക്കാനുള്ള പല പദ്ധതികള്‍ ആവിഷ്ക്കരിച്ച് ഇരുട്ടത്തു  തനിയെ കിടന്നു ചിരിച്ചിട്ടുണ്ട്. വെള്ളം മുഴുവന്‍  മോഷ്ടിച്ചിട്ട് ഞാനിങ്ങനെ  ഒന്നുമറിയാത്ത പോലെ ഇരിക്കും. വിലയേറിയ ഓട്ടോമോട്ടീവ്  പെയിന്‍റില്‍ മുങ്ങിത്തിളങ്ങുന്ന  ഗേറ്റ് കഴുകാനും മറ്റും  അവര്‍,  പിറ്റേന്നു രാവിലെ  ഹോസ് പൈപ്പ്  ചീറ്റിക്കുമ്പോള്‍ ങേ..  ഹേ  ഒന്നുമില്ല..  വെറും ശബ്ദം മാത്രം..

ഒരു ദിവസമെങ്കില്‍ ഒരു ദിവസം.. എന്തു രസമായിരിക്കും അത്.. 

ഉല്‍ക്കടമായി ആഗ്രഹിച്ചിട്ടും പല പദ്ധതികളും ആലോചിച്ചിട്ടും  എനിക്ക്  അതിനൊന്നും  കഴിഞ്ഞുമില്ല. 

സൂര്യന്‍ അമ്പതു ഡിഗ്രിയില്‍ തിളയ്ക്കുന്ന ഒരു ഉത്തരേന്ത്യന്‍ ചൂടുകാലത്ത് ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടാതെ,  അഴുക്കു ചാലിലെ  വെള്ളം കുഞ്ഞിക്കൈ കൊണ്ട് കോരിക്കോരിക്കുടിക്കുന്ന മൂന്നു വയസ്സുകാരിയെ കണ്ട് എന്‍റെ കണ്ണുനീര്‍,  ആവിയായിട്ടൂണ്ട്.  ആ ചേരിയിലെ  കേടു വന്ന പൈപ്പ്  നേരെയാക്കിക്കൊടുക്കാന്‍ ജലവകുപ്പിനു അടുത്ത ശീതകാലത്തു മാത്രമെ മനസ്സു വന്നുള്ളൂ. ജലവകുപ്പുദ്യോഗസ്ഥന്‍ തണുത്ത കോള കുടിച്ചുകൊണ്ട് ‘ നിങ്ങളെന്തിനു ഒരു  ഭ്രാന്തിയെപ്പോലെ ആ  കേടു വന്ന പൈപ്പിനു  പുറകേ  അലയുന്നുവെന്ന് ‘ ചോദിച്ചപ്പോള്‍ എനിക്ക്  വരണ്ട ചുണ്ടു  നനയ്ക്കാനുള്ള  ഉമിനീരു പോലും വായില്‍ ബാക്കിയുണ്ടായിരുന്നില്ല.  

അയാളുടെ അനുതാപമില്ലായ്മയും ധാര്‍ഷ്ട്യവും എന്നെ കഠിനമായി വേദനിപ്പിച്ചു . അയാളോട്  നാലു വാക്കു പറയാന്‍  എന്‍റൊപ്പം  കൂട്ടു വരാമോ  എന്ന്  ഒരു ഇടതുപക്ഷ സാംസ്ക്കാരിക പ്രവര്‍ത്തകനോട്  ചോദിച്ചപ്പോള്‍  അദ്ദേഹം തന്ന മറുപടിയും ഞാന്‍  മറന്നിട്ടില്ല.

‘ ഈ പഠിപ്പും വിവരവുമില്ലാത്ത വടക്കന്മാര്‍ക്ക് വേണ്ടി ഇങ്ങനെ മേലുകീഴു നോക്കാതെ പണിതിട്ടൊന്നും ഒരു കാര്യവുമില്ല. അവര്‍ക്ക്   മാര്‍ക്സിസമൊന്നും മനസ്സിലാവില്ല. ജാതീം മതവും മറ്റും  പറയുന്ന വല്ല  ബി ജെ പിയോ  ആര്‍ എസ് എസ്സൊ മതി അവര്‍ക്ക്.. ‘
 
അപ്പോള്‍ എനിക്ക്  ശരിക്കും കരച്ചില്‍ വന്നു. 

മാര്‍ക്സും എംഗല്‍സുമൊക്കെ ധനികരായ  പഠിപ്പുകാരെ പറ്റി മാത്രമാണോ ഉല്‍ക്കണ്ഠപ്പെട്ടതെന്ന് ഞാന്‍  ചോദിച്ചില്ല. വീട്ടിലിരിക്കുന്ന വെറും സ്ത്രീയായ  എനിക്ക് എന്തറിയാമെന്ന ന്യായം കൂടി ഇനി  അയാള്‍ എഴുന്നള്ളിച്ചു കൂടായ്കയില്ലല്ലോ. പൊതുവേ പുറം ലോകം  മുഴുവന്‍  സ്വന്തമാക്കിയ  പുരുഷന്മാരാണല്ലോ ‘ മൂലധനവും ‘  മാര്‍ക്സിസവുമൊക്കെ  അരച്ചു കലക്കിക്കുടിച്ചിട്ടുള്ളവര്‍.  

ഭേദപ്പെട്ട ഒരു  റസ്റ്റോറണ്ടില്‍ ഒരു  നാടോടി പെണ്‍കുട്ടി കടന്നുവന്ന് മേശപ്പുറത്തിരിക്കുന്ന ജഗിലെ കുടിവെള്ളം അവകാശത്തോടെ എടുത്തു കുടിക്കുന്ന  അല്‍ഭുത കാഴ്ച ചെന്നൈ നഗരമാണ് എനിക്കു തന്നത് . ‘ പാപ്പാ,  മെതുവേ മെതുവേ’   എന്ന് അരുമയോടെ വാല്‍സല്യം കാണിക്കുന്ന ഹോട്ടല്‍  വെയിറ്റര്‍ അവളെ ആട്ടിയകറ്റുമെന്ന് ഭയന്ന എന്‍റെ നിത്യവിസ്മയമായി..

അടുത്ത ലോകയുദ്ധം വെള്ളത്തിനു വേണ്ടിയാകുമെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.  ജാതിമതാടിസ്ഥാനത്തില്‍ കുടിവെള്ളത്തിന്‍റെ അവകാശം  കൊണ്ടു നടക്കുന്ന  നമ്മള്‍ ഇന്ത്യാക്കാര്‍ക്ക്  വന്‍ ശക്തികള്‍ വെള്ളത്തിന്‍റെ കുത്തക ഏറ്റെടുക്കുന്നതില്‍ ശരിക്കും വിഷമിക്കാന്‍ വല്ല അവകാശവുമുണ്ടോ? ഒന്നാലോചിച്ചു നോക്കൂ, യുഗങ്ങളായി  ഇന്ത്യയില്‍ കുടിവെള്ളത്തിനു വേണ്ടി  അവര്‍ണര്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അവരുടെ കണ്ണുകളില്‍  ആസിഡു വീഴാറുണ്ട്, കുടിലുകള്‍ അഗ്നിക്കിരയാകാറുണ്ട്, സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടാറുണ്ട്,  പുരുഷന്മാര്‍  കൊലപ്പെടാറുണ്ട്..  അവര്‍   ചെയ്ത കുറ്റം സവര്‍ണന്‍റെ  കിണറ്റില്‍ നിന്നും കുടിവെള്ളമെടുത്തു എന്നതായിരിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയില്‍ ഇതെല്ലാം നടക്കുന്നുണ്ട്. പതിമൂന്നു കിലോ മീറ്റര്‍  നടന്നു കുടുംബത്തിനാവശ്യമായ കുടിവെള്ളം  കൊണ്ടു വരുന്ന  വീട്ടമ്മമാര്‍ ഇപ്പോഴും  ഇന്ത്യയിലുണ്ട്.... 

വെള്ളം  അനാവശ്യമായി ചെലവാക്കരുതെന്ന്  വെള്ളം കിട്ടാത്ത നാട്ടില്‍ പോയി  ജീവിയ്ക്കേണ്ടി വരുമെന്ന്  ഒരു  വലിയ ബക്കറ്റ്  വെള്ളത്തില്‍ രണ്ട് റിബണ്‍  സോപ്പിട്ട്  കഴുകിയെടുത്ത  എന്നിലെ  ആറു വയസ്സുകാരിയെ അമ്മീമ്മ താക്കീതു  ചെയ്തിരുന്നു. വെള്ളമെന്ന മഹാ അനുഗ്രഹത്തെപ്പറ്റി  അവര്‍ വളരെ ബഹുമാനത്തോടെ മാത്രമേ  എപ്പോഴും സംസാരിച്ചിരുന്നുള്ളൂ. അച്ഛനുമമ്മയും  പാര്‍ക്കുന്ന പട്ടണത്തിലെ  തെളിനീരു നിറഞ്ഞ കിണറുകള്‍  മണ്ണിട്ട്  തൂര്‍ത്തുകളയുന്നതിലെ അബദ്ധത്തെപ്പറ്റിയും അവര്‍ പറയാറുണ്ടായിരുന്നു.  അവര്‍ പറഞ്ഞതൊന്നും അന്ന് അത്ര കേമമായി തോന്നിയില്ലെങ്കിലും ജീവിതാനുഭവങ്ങള്‍ അവയെല്ലാം ശരിയാണെന്ന് ഇന്ന് എന്നെ പഠിപ്പിക്കുന്നുണ്ട്. 

അമ്മീമ്മയുടെ വീട്ടിലെ  വിസ്താരമേറിയ  കിണറ്റില്‍  എപ്പോഴും ധാരാളം വെള്ളമുണ്ടായിരുന്നു. പാറോം എന്ന  നാടന്‍ ഉരക്കടലാസ്സു ചെടിയും  വിവിധ തരം  പന്നല്‍ച്ചെടികളും ആ കിണറിന്‍റെ വങ്കുകളില്‍ വളര്‍ന്നു  നിന്നിരുന്നു. ഈണത്തില്‍ കുറുകുന്ന പ്രാവുകള്‍ ചെടികള്‍ വളര്‍ന്നു മൂടിയ  ആ  വങ്കുകളില്‍  സുരക്ഷിതമായി മുട്ടയിട്ടു.  വെള്ളം കോരാന്‍ ബക്കറ്റ് കിണറ്റിലേക്കിറക്കുമ്പോള്‍  പടപടയെന്ന്  ചിറകടിച്ച്  അവ  കൂട്ടത്തോടെ  മുകളിലേക്ക് പറന്നുയരുമായിരുന്നു. നീലപ്പട്ടു സാരിയുടുത്ത പൊന്മകളും ചുവന്ന  തലേക്കെട്ടുമായി  ഗൌരവത്തില്‍  വരുന്ന മരംകൊത്തിയും ഉരുക്കുമണി ഉരുക്കുമണി എന്നു ചിലക്കുന്ന മഞ്ഞവാലനും  ചിലപ്പോഴൊക്കെ കിണറിനടുത്തു നിന്നിരുന്ന പറങ്കിമാവിന്‍കൊമ്പിലിരുന്നു വിശ്രമിച്ചു പോന്നു.   അന്നനട പഠിക്കാന്‍ പോയി  നടത്തം  മറന്നു പോയതുകൊണ്ട്, ചാടിച്ചാടി നടക്കുന്ന  പോത്താംകീരികള്‍ കിണറിന്‍റെ കല്‍ക്കെട്ടില്‍ ധൈര്യസമേതം ഇരുന്നു  ചിലച്ചു.... 

രണ്ട്  വര്‍ഷം  കൂടുമ്പോള്‍ വിഷുവിനു  മുന്‍പായി കിണറു തേകി വൃത്തിയാക്കും . കണ്ട്‍രു എന്ന് പേരുള്ള ഒരു സ്പെഷ്യല്‍ ജോലിക്കാരനാണ് അതിനായി വരാറുള്ളത്.    കോഴിമുട്ട പോലെ മിനുത്ത  കഷണ്ടിയും  തടവി  പ്രത്യക്ഷനാകുന്ന   ബലിഷ്ഠകായനായ ഒരു  ആറടിപ്പൊക്കക്കാരനായിരുന്നു  കണ്ട്‍രു. ആഴവും പരപ്പുമുള്ള  കിണറിന്‍റെ  അഗാധമായ ഇരുളിലേക്ക് കണ്ട്‍രു  അപ്രത്യക്ഷനാകുമ്പോള്‍ അമ്മീമ്മയുടെ മുഖത്ത്  വലിയ  ഉല്‍ക്കണ്ഠയും ചുണ്ടുകളില്‍ വിഷ്ണു സഹസ്രനാമജപവുമുണ്ടാകും. ചെളിയും വൃത്തികേടുകളും  കോരിക്കളഞ്ഞ് ചെടികളെയെല്ലാം വെട്ടി ഒതുക്കി കഴിഞ്ഞാല്‍  ‘ മണല് മണലെവിടേന്നും’   എന്ന്  കൂവിക്കൊണ്ട് കണ്ട്‍രു  ബഹളം വെയ്ക്കുമായിരുന്നു. അരിച്ചു  വൃത്തിയാക്കി വെച്ചിരിക്കുന്ന നല്ല മണല്‍  കിണറിന്‍റെ  അടിത്തട്ടില്‍  വിരിച്ചിട്ടാണ് കണ്ട്‍രു തൂക്കിയിട്ടിരിക്കുന്ന വടത്തില്‍ പിടിച്ച്  കയറി വരിക. വൈകുന്നേരമാവുമ്പോഴേക്കും കിണറ്റില്‍ കണ്ണുനീരു പോലെ തെളിഞ്ഞ വെള്ളം നിറയുമായിരുന്നു.

കണ്ട്‍രുവിനു  പണത്തിനു  പുറമേ മുണ്ട്,  എണ്ണ, സോപ്പ് , തോര്‍ത്ത്  ഇതൊക്കെ  അമ്മീമ്മ കൊടുക്കും. ‘ എരൂം  പുളീം മണോമൊന്നും’  ഇല്ലാതെ  അമ്മീമ്മ  തയാറാക്കുന്ന ഊണു കഴിക്കുമ്പോള്‍ കിണറ്റില്‍  മീനിനെ ഇടണമെന്ന് കണ്ട്‍രു  നിര്‍ദ്ദേശിക്കുമെങ്കിലും അതെപ്പോഴും അമ്മിമ്മയുടെ എതിര്‍പ്പില്‍  തട്ടി തകര്‍ന്നു പോകാറാണ് പതിവ്. കിണറ്റില്‍ മീനിനെ  ഇട്ടാല്‍  വെള്ളം വൃത്തിയായിരിക്കുമെന്ന് കണ്ട്‍രുവും മീന്‍ കിടക്കുന്ന കിണറ്റു വെള്ളത്തിനു മീനിന്‍റെ  മണമുണ്ടാകുമെന്ന് അമ്മീമ്മയും ഉറച്ചു  വിശ്വസിച്ചു. 

കുംഭത്തിലും   മീനത്തിലും ഇടവത്തിലുമായി   അനവധി പേര്‍ ആ കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ട് പോയിരുന്നു. അമ്മീമ്മയ്ക്ക്  ജാതീയമായ കുടില ചിന്തകള്‍ ഇല്ലാതിരുന്നതുകൊണ്ട്  കിണറു തൊട്ട് അയിത്തമാകുന്ന കുഴപ്പം അവിടെ ഉണ്ടായിരുന്നില്ല.  ചില കൌമാരപ്രണയങ്ങള്‍ ആ കിണറ്റിന്‍ കരയില്‍  തളിരിടുന്നത്  എന്നില്‍  വലിയ കൌതുകമുണ്ടാക്കിയിട്ടുണ്ട്. അവരറിയാതെ  അവരെ  ശ്രദ്ധിക്കുന്നത്  ചിലപ്പോഴൊക്കെ  എന്നെ വല്ലാതെ  സന്തോഷിപ്പിച്ചിരുന്നു. 

അമ്മയും അച്ഛനും താമസിച്ചിരുന്ന  പട്ടണത്തിലെ വീട്ടിലും ഒരു  കിണറുണ്ടാക്കിയിരുന്നു. അതില്‍ പക്ഷെ,  കുംഭമാസമായാല്‍  തന്നെ വെള്ളം വറ്റിപ്പോകുമായിരുന്നു. കിണറിന്‍റെ  തുറപ്പ്  മുള്ളുവേലിയും  മറ്റും  വെച്ച്  വളരെ ഘനത്തില്‍ മൂടി  ഭയങ്കര ശബ്ദത്തില്‍  പാറപൊട്ടിച്ചെടുക്കുന്നത്  ഞാന്‍  ആദ്യമായി കണ്ടത് ആ വീട്ടില്‍ വെച്ചാണ്. അടിയില്‍  നിന്നുയര്‍ന്നു വരുന്ന പാറക്കഷ്ണങ്ങള്‍ ഘനത്തില്‍ തീര്‍ത്ത  മുള്ളുവേലി മറയില്‍ തട്ടി താഴേക്കു  തന്നെ  പതിച്ചിരുന്നു. പാറക്കഷണങ്ങളെ  പിന്നീട്   എടുത്തു  മാറ്റുകയായിരുന്നു ചെയ്തിരുന്നത്. 

‘ഈ കിണറ്റില്‍ ഇനി വെള്ളം  വരില്ല... പാറപൊട്ടിച്ചിട്ട്  ഒരു കാര്യവുമില്ല, എന്നാലും നാളേയും കൂടി ഒന്നു ശ്രമിച്ചു നോക്കാം’  എന്ന്  നിരാശപ്പെട്ട്  പാറ പൊട്ടിക്കുന്നവര്‍  കടന്നു പോയ വൈകുന്നേരമായിരുന്നു.  എത്ര രൂപയാണ് വെറുതേ പോയതെന്നും ഇനി  വെള്ളത്തിനു  എന്തുചെയ്യുമെന്നും മറ്റും അമ്മ പതം  പറഞ്ഞു സങ്കടപ്പെടുന്ന  ആ നേരത്ത്  കിണറിന്‍റെ  പരിസരത്തിലുണ്ടായിരുന്ന പൂമ്പാറ്റകളേയും ശ്രദ്ധിച്ച്  ലേശം വിഷണ്ണരായി നില്‍ക്കുമ്പോഴാണ് ഞാനും അനിയത്തിമാരും ആ ശബ്ദം  കേട്ടത്..

ഒരു ഇരമ്പലിന്‍റെ  ശബ്ദം.. 

തിങ്ങി ഞെരുങ്ങി അടഞ്ഞ എന്തോ ഒന്ന് ശക്തിയായി തെറിച്ചുതെറിച്ചു പുറത്തേക്കു  വരുന്നതു പോലെ.. 

കുട്ടികളായ ഞങ്ങള്‍ ഭയന്നു...  നിലവിളിയ്ക്കാന്‍  വായ് തുറന്നു. പക്ഷെ, എന്തോ ഒന്ന്   പൊടുന്നനെ ഞങ്ങളെ നിശ്ശബ്ദരാക്കി .  

ഭയാനകമായ ആ ഇരമ്പം .. പെട്ടെന്നു  തന്നെ കള കള  എന്ന ശബ്ദമായി മാറുകയായിരുന്നു. കുതിച്ചൊഴുകുന്ന  വെള്ളത്തിന്‍റെയായിരുന്നു ആ ശബ്ദം.. നോക്കി  നില്‍ക്കേ  കിണറ്റില്‍  വെള്ളം ഉയര്‍ന്നു  വന്നു.. നല്ല  തെളിഞ്ഞ  വെള്ളം.  പാറയുള്ള  കിണറ്റില്‍ നല്ല  തെളിനീരുണ്ടാവുമത്രേ!

കുറെ വര്‍ഷങ്ങള്‍ക്കു  ശേഷം രാജസ്ഥാനിലെ ജയ്‍‍സാല്‍മീറില്‍ വെച്ച്  കേരളത്തിലെ  മഴയെപ്പറ്റിയും കിണറുകളെപ്പറ്റിയും വെന്തു മലരുന്ന ചോറിനെപ്പറ്റിയുമൊക്കെ   പറയുകയായിരുന്നു ഞാന്‍.. വെറുതേ.. മണല്‍പ്പാളികളുടെ കണ്ണെത്താത്ത അടരുകളില്‍  നിലാവിന്‍റെ  വെണ്മ ചിതറിത്തൂവിയ  ഒരു ശീതകാല രാത്രിയായിരുന്നു അത്. എന്‍റെ ഒപ്പം  സുമനുണ്ടായിരുന്നു. അവളുടെ  മൂക്കുത്തിയും നെറ്റിയിലെ ചൂഡയും മരുഭൂമിയിലെ  മഞ്ഞുകണങ്ങളുടേയും നിലാവിന്‍റേയും  കണ്ണുപൊത്തിക്കളിയില്‍ രത്നം പോലെ   മിന്നിത്തിളങ്ങി. വായ് നിറയെ റൊട്ടിയുമായി  എന്നെ കേട്ടുകൊണ്ടിരുന്ന അവള്‍ക്ക് എന്‍റെ മഴമോഹമോ  കിണറു വിചാരമോ ചോറിന്‍റെ സുഗന്ധമോ  ഒന്നും  അത്ര  പ്രധാനമായി  തോന്നിയില്ല. അവള്‍  മഴയും  വെള്ളവും തീരെ  കുറഞ്ഞ നാട്ടില്‍  ജനിച്ചു വളര്‍ന്നവളാണ്. പൊരിവെയിലത്ത് പണിയെടുക്കുന്ന കെട്ടിടനിര്‍മ്മാണത്തൊഴിലാളിയാണ്.  എല്ലാം കേട്ടിരുന്നിട്ട്  ഒടുവില്‍ ചോറുണ്ണുന്നത്  അത്ര നല്ല കാര്യമല്ലെന്ന് അവള്‍  മുഖം ചുളിച്ചു . 

‘ തടി വെയ്ക്കുമെന്ന് പറയുകയാണോ,  സുമന്‍’  എന്നു ഞാന്‍ ചോദിച്ചപ്പോള്‍  അവള്‍ പറഞ്ഞതിതാണ്. 

‘ അല്ല, ഗോതമ്പു വിളയിക്കാന്‍ ആവശ്യമുള്ളതിലും  അഞ്ചോ ആറോ ഇരട്ടി വെള്ളം വേണം നെല്ലു വിളയിക്കാന്‍.. വെള്ളത്തിനു ഇത്ര  ക്ഷാമമുള്ള നമ്മുടെ  നാട്ടില്‍  ചോറ് കുറ്റകരമായ  ഒരു  ആഡംബരമാണ്. ‘
 
കേരം തിങ്ങും  നാട്ടിലെ  സുഭിക്ഷമായ വെള്ളത്തെക്കുറിച്ചു ആവേശത്തോടെ  സംസാരിച്ചുകൊണ്ടിരുന്ന എന്‍റെ  വാക്കുകള്‍ പിന്നീട് കതിരണിയാന്‍ കൂട്ടാക്കിയില്ല . .  . ..

Sunday, April 6, 2014

കണ്ണീരുപ്പിട്ട ഓര്‍മ്മസ്സുഗന്ധങ്ങള്‍


https://www.facebook.com/echmu.kutty/posts/260423127470322

എവിടേയോ  മറന്നു പോയത്.. 

ചിലപ്പോഴൊക്കെ പെട്ടെന്ന് ഓര്‍മ്മ വരുന്നത്.. 

അന്വേഷിച്ചാലും ഒരിക്കലും കൃത്യമായി  ലഭ്യമാകാത്തത്.. എന്നാല്‍ ഇപ്പോള്‍ കിട്ടും ഞാനിതാ ഇവിടുണ്ട്  എന്ന മട്ടില്‍  കൊതിപ്പിക്കുന്നത്…
 
ഒടുവില്‍ തീവ്ര നഷ്ടസ്മൃതികളില്‍  കണ്ണു  നനയിക്കുന്നത്... ഇടനെഞ്ചു കലക്കിക്കളയുന്നത്.. 

സുഗന്ധങ്ങള്‍  അങ്ങനെയായിരുന്നു.. 

ഇപ്പോള്‍  ഒരു സുഗന്ധവും  ഉപയോഗിക്കാറില്ല.. എന്തിനാ വെറുതേ  എന്നു തോന്നും. ഇനി  അതൊരു നഷ്ടസ്മരണയായി ആരുടേയും കണ്ണ്  നനയിക്കാതിരിക്കട്ടെ എന്നും തോന്നാറുണ്ട്  ചിലപ്പോള്‍ ... 

വെള്ളാമ്പല്‍പ്പൂ പോലെയുള്ള  ഇഡ്ഡലി,  നെയ്യും  പഞ്ചസാരയും ചേര്‍ത്ത് കുഞ്ഞു കഷ്ണമായി വായില്‍  വെച്ചു തന്നിരുന്ന  അമ്മയുടെ  കൈയിന്‍റെ  സുഗന്ധമാണ് ഒരുപക്ഷെ, എന്‍റെ  ആദ്യത്തെ  ഗന്ധമോര്‍മ്മ. കുളി കഴിഞ്ഞ്  വന്ന്  ഭക്ഷണം  എടുത്തു തരുന്ന അമ്മയെ, ‘ അമ്മയ്ക്ക്  ഓഫീസില്‍  പോണം, കുട്ടി  വാശി പിടിയ്ക്കാതെ കഴിക്കു ‘  എന്ന് പറഞ്ഞിരുന്ന അമ്മയെ  പൊതിഞ്ഞ്  അപ്പോഴെല്ലാം  പിയേഴ്സ്  സോപ്പിന്‍റെ  സുഗന്ധമുയര്‍ന്നു. അധികകാലമൊന്നും  അങ്ങനെ  ഉണ്ടായില്ല. പിന്നെ  ഞാന്‍  അമ്മയെ പട്ടണത്തില്‍ വിട്ട്  അമ്മീമ്മയുടെ ഗ്രാമത്തിലേക്ക്   മാറിത്താമസിക്കാന്‍ തുടങ്ങി.. അങ്ങനെ  അമ്മ എനിക്ക്  പട്ടണത്തിന്‍റെ  ഗന്ധമായിത്തീര്‍ന്നു. അമ്മ വരുമ്പോള്‍ കാറിനകത്തെ റിഫ്രഷണറുടെ മണം.. ചിലപ്പോള്‍  പുത്തന്‍ സാരിയുടെ മണം.. അമുല്‍ ബട്ടറിന്‍റെയും  മൊരിഞ്ഞ ബ്രഡിന്‍റെയും മണം.. 

അച്ഛനെ  എന്നും  ലൈസോളും  ഡെറ്റോളും  മണത്തിരുന്നു. മറ്റൊരു ഗന്ധവും  അച്ഛന്‍ അവശേഷിപ്പിച്ചിരുന്നില്ല. വസ്ത്രങ്ങള്‍ ചുളിക്കരുതെന്ന് കര്‍ശനക്കാരനായതുകൊണ്ട് അച്ഛന്‍റെ  ഉടുപ്പിനെ  ഒരു സ്നേഹഗന്ധമായി എനിക്കോര്‍ക്കാനാവുന്നില്ല. എന്നാലും പലരും ആശുപത്രി മണം  എന്നു മുഖം ചുളിക്കുന്ന  ഡെറ്റോളിന്‍റെ മണം  എനിക്കൊരുപാട് ഓര്‍മ്മകള്‍ തരുന്നു... 

അമ്മീമ്മയുടേതായി സത്യത്തില്‍ ഗന്ധമേയില്ലായിരുന്നു. കഠിനമായി വിയര്‍ത്ത്  ജോലി ചെയ്യുമ്പോഴും  അവരില്‍  നിന്ന്  ഒരു ഗന്ധവും ആവിര്‍ഭവിച്ചില്ല. അതിന്‍റെ  കാരണമെന്തെന്ന് ഞാന്‍ എപ്പോഴും അല്‍ഭുതപ്പെട്ടിരുന്നു. എങ്കിലും ചിലപ്പോള്‍  ആ  നെറ്റിയിലെ സിന്ദൂരപ്പൊട്ടിന്‍റെ  സുഗന്ധം, എനിക്ക് മാത്രം ഓര്‍മ്മിക്കാനും തിരിച്ചറിയാനുമാവുന്ന  അമ്മീമ്മയുടെ സാരിയുടെ  സുഗന്ധം .. ഇതാ ഇവിടെയുണ്ടെന്ന്   ആരോ  പറയുന്ന , ഞാനിപ്പോഴും തേടാനൊരുക്കമുള്ള ആ നഷ്ട സുഗന്ധം..   കെട്ടിപ്പിടിച്ചുറങ്ങാന്‍ ആഗ്രഹമുള്ള  ആ  സുഗന്ധം.. എന്നേക്കുമായി അത്  നഷ്ടപ്പെട്ടു പോയി.. ആ സിന്ദൂരപ്പൊട്ടിന്‍റെ  തിളക്കവും ജീവിതത്തില്‍ നിന്ന്  മാഞ്ഞു പോയി.

ചുട്ടു പഴുത്ത മണ്ണില്‍  മഴയുതിരുമ്പോഴുള്ള മണ്ണിന്‍റെ  ... .കിളച്ചൊരുക്കിയ  ചുവന്ന മണ്ണിന്‍റെ  മദിപ്പിക്കുന്ന  കൊതിപ്പിക്കുന്ന  ഗന്ധം..  ഗോവിന്നന്‍റെ, രാവുണ്ണിയുടെ, മല്ലുവിന്‍റെ... പാറുക്കുട്ടിയുടേയും മാതുവിന്‍റേയും അമ്മിണിയുടേയും ഒക്കെ ഓര്‍മ്മകള്‍ തരുന്ന  ആ ഗന്ധവും  എത്രയോ കാലമായി അ കലെ.. മറവിയിലേക്ക് പതുക്കെപ്പതുക്കെ .. എന്നാല്‍  വീണ്ടെടുക്കാന്‍  എന്നും കൊതിപ്പിച്ചുകൊണ്ട്.. 

മുല കുടിക്കുന്ന  കുഞ്ഞിന്‍റെ   ഓര്‍മ്മകള്‍ക്കൊപ്പം  എന്തൊക്കേയോ സുഗന്ധങ്ങളുമുണ്ടായിരുന്നു.. വെന്ത വെളിച്ചെണ്ണയുടെ , മൃദുലമായൊരു ടര്‍ക്കി ടവ്വലിന്‍റെ, പച്ച നിറമുള്ള  ഒരു  ജിബിലക്കുപ്പായത്തിന്‍റെ..മുലപ്പാലൊഴുകുന്ന  ഇളം ചുവപ്പു ചോരിവായുടെ  അതിന്‍റെയൊക്ക സുഗന്ധം... ഒരുപക്ഷെ, അത് കുഞ്ഞിന്‍റെ മാത്രം  ഗന്ധമായിരുന്നുവോ.. സ്നേഹത്തിന്‍റെ  വാല്‍സല്യത്തിന്‍റെ  ഗന്ധമായിരുന്നുവോ? ചില  സുഗന്ധങ്ങള്‍ അങ്ങനെ  തിരിച്ചു പിടിക്കാന്‍  ഒരിക്കലുമാവാതെ.. നെഞ്ചോടമര്‍ത്താന്‍   കൊതിയുള്ളപ്പോഴും അകലെ..അകലെ ..  ചക്രവാളത്തിനുമപ്പുറത്ത്. ..

കണ്ണീരുപ്പിട്ട  അനവധി ഓര്‍മ്മസ്സുഗന്ധങ്ങള്‍..