Friday, September 11, 2009

ഒരു ജീവചരിത്രം
                                                                             പെണ്ണിടം
ഇന്ന് ചിങ്ങത്തിലെ പൂരാടമാണ്.

ഗോവിന്നൻ മരിച്ച ദിവസം.

വീട്ടു മുറ്റത്തെ പതിനെട്ടാം പട്ട തെങ്ങ് വെച്ച ദിവസം.

ആ തെങ്ങ് ഗോവിന്നൻ വെച്ചതാണ്.

ഇത് ഗോവിന്നന്റെ ജീവചരിത്രമാണ്. എന്റെ ഓർമ്മകളിൽ നിന്ന് ഞാനെഴുതുന്നത്.

ഗോവിന്നൻ അമ്മീമ്മയുടെ വീട്ടിലെ ആസ്ഥാന പണിക്കാരനായിരുന്നു. അറിഞ്ഞു കൂടാത്ത പണികളില്ല. മൂത്ത മുളകളും മുള്ളുകളും വെട്ടിക്കൊണ്ട് വന്ന് അരയേക്കർ പറമ്പിന് വേലി കെട്ടുന്നത് സ്വന്തം അവകാശമായി ഗോവിന്നൻ കരുതിയിരുന്നു. അതു കൊണ്ട് അയൽ പക്കത്തെ പറമ്പുകളിൽ പതിവായി വേലി കെട്ടുന്ന  മൂപ്പന്മാരും രാമൻ നായരുമെല്ലാം വേലി കെട്ടേണ്ടേ എന്നു ചോദിച്ച് വരുമ്പോഴെല്ലാം അമ്മീമ്മ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുപോന്നു.

കാലം എത്ര വൈകിയാലും ഗോവിന്നൻ വേലി കെട്ടുമ്പോൾ മതി, ഗോവിന്നൻ പയറ് നടുമ്പോൾ മതി, ഗോവിന്നൻ വാഴ വെയ്ക്കുമ്പോൾ മതി, ഗോവിന്നൻ വേനപ്പഞ്ച കുത്തുമ്പോൾ മതി എന്നായിരുന്നു അമ്മീമ്മയുടെ നിലപാട്. ഈ നേരം വൈകലിനെക്കുറിച്ച് അവർ തമ്മിൽ അവസാനിക്കാത്ത ഉശിരൻ തർക്കങ്ങളും പതിവായിരുന്നു. കുറെ തർക്കിച്ച ശേഷം, എന്നും ഗോവിന്നൻ കൈക്കോട്ടുമായി പറമ്പിലേക്കും അമ്മീമ്മ അടുക്കളയിലേക്കും പിൻ വാങ്ങി.

ഗ്രാമസേവകന്റെ കാർഷിക പരിഷ്ക്കാരങ്ങളെയെല്ലാം തികഞ്ഞ പരിഹാസത്തോടെ മാത്രമേ ഗോവിന്നൻ കണ്ടിരുന്നുള്ളൂ. ഉദാഹരണത്തിനു ആപ്പിൾ മരം വെച്ച് പിടിപ്പിക്കാൻ ഗ്രാമസേവകൻ വലിയ ഉത്സാഹം കാണിച്ചപ്പോൾ അമ്മീമ്മയും അതു സമ്മതിച്ച് നാലു ആപ്പിൾത്തൈകൾ വാങ്ങി.

തുടങ്ങിയല്ലോ ഗോവിന്നന്റെ വക പരിഹാസം. ‘ങ്ങള് എവിടത്തെ ടീച്ച് റാ? ഇയ് നാട്ട്ല് ഇതേ വരെ ഏതെങ്കിലും ഒരു പറ്മ്പ് ല് ഈ ആപ്പ് ൾന്ന് പറേണ സാദനം ഇണ്ടായിട്ട്ണ്ടാ? അതീ ജമ്മത്ത് ഇവിടെ ഇണ്ടാവാൻ പോണില്ല. അയിന്റെ നാട് വേറ് എവിട്യാണ്ടാ. പാവം, വായ തൊറക്കാൻ പറ്റാത്തോണ്ട് അത് വന്ന് നിൽക്കണതാ. അത് പൂക്കും ല്യാ കായ്ക്കും ല്യാ. നെലോളിച്ചോണ്ട് അങ്ങനെ നിക്കും, ചെലപ്പോ ദുക്കം കാരണം മരിച്ചൂന്നും വരും.’

അമ്മീമ്മ വിട്ടു കൊടുക്കാതെ ആപ്പിൾ മരങ്ങളെ ശുശ്രൂഷിച്ചു. പക്ഷെ അവ ഒരിക്കലും വലുതായില്ല. ഗോവിന്നൻ പറഞ്ഞതു പോലെ സങ്കടപ്പെട്ടു കൊണ്ട് അവിടെ നിന്നു. ഒരിക്കലും പൂക്കുകയൊ കായ്ക്കുകയൊ ചെയ്തില്ല. അതു കൊണ്ട് ഗ്രാമസേവകൻ വീട്ടിൽ വരുമ്പോഴൊക്കെ ആപ്പിൾ മരത്തിന്റെ മുരടിപ്പിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നതും ഗോവിന്നൻ തന്റെ ഒരു അവകാശമാക്കി മാറ്റി.

അക്ഷരം എഴുതാനറിയില്ലെങ്കിലും ഗോവിന്നൻ വലിയ കണക്കുകാരനായിരുന്നു. എത്ര മണിക്കൂർ പണിതു അതിനു എത്ര കൂലി വേണം എന്ന് തെറ്റാതെ പറയുവാൻ അയാൾക്ക് കഴിഞ്ഞിരുന്നു. ഒരു വയസ്സായ മുത്താച്ചിയല്ലാതെ ആരുമില്ലാത്ത ഗോവിന്നൻ ഇത്ര കണക്കു പറഞ്ഞ് കാശ് വാങ്ങുന്നതെന്തിനാണെന്ന് പണിക്കാരികളിലാരെങ്കിലും ചോദിച്ചാൽ, ഉടനെ ഗോവിന്നനു കലിയിളകും, അവരെ ചീത്ത പറയാതെ പിന്നെ വേറൊന്നിലും അയാൾക്ക് ശ്രദ്ധിക്കുവാൻ തന്നെ പറ്റിയിരുന്നില്ല.

 ‘കൂലി ന്റെ അവകാശാ, അത് ഞാൻ വിട്ട് തരില്ല്യ‘ എന്ന് കമ്യൂണിസ്റ്റ് ഗോവിന്നൻ ഉറക്കെ പ്രഖ്യാപിച്ചു പോന്നു.

അതു മാത്രമല്ല, എത്ര ചാക്ക് വളം വേണം, എത്ര ചാണകം വേണം, എത്ര തരം പച്ചക്കറി വിത്തുകൾ വേണം, നട്ട വിത്തുകൾ എന്നേക്ക് മുളക്കും, മഴ എപ്പോൾ പെയ്യും  അങ്ങനെ എല്ലാറ്റിന്റേയും കണക്കുകൾ ഗോവിന്നന് മനഃപാഠമായിരുന്നു.

ഈ കഴിവുകളെല്ലാമുള്ള ഗോവിന്നൻ ജീവിച്ചിരുന്നതോ തന്റെ മുത്താച്ചിക്കു വേണ്ടി മാത്രവും. ഗോവിന്നന് അമ്മയും അച്ഛനും ഉണ്ടായിരുന്നതായി നാട്ടുകാർക്ക് പോലും ഓർമ്മയില്ല.  ചൊറി പിടിച്ചളിഞ്ഞ ശരീരവും കുട്ടിത്തേവാങ്കിന്റെ മുഖച്ഛായയുമുള്ള ഒരു കൊച്ചിന്റെ കൈയും പിടിച്ച് യാചിച്ചു നടന്നിരുന്ന മുത്താച്ചിയെ മാത്രമേ നാട്ടുകാർ ഓർക്കുന്നുള്ളൂ. ആ മുത്താച്ചിക്ക് അന്നു തന്നെ ഇത്രയും വയസ്സുണ്ടായിരുന്നുവത്രെ.

മുത്താച്ചി ഗോവിന്നനെ കാര്യമായി വളർത്തിയെങ്കിലും നാട്ടുകാർക്കൊന്നും ആ തള്ളയെ തീരെ ഇഷ്ടമില്ലായിരുന്നു. തള്ള അതീവ സാമർഥ്യക്കാരിയാണെന്ന് പണിക്കാരികൾ എപ്പോഴും അമ്മീമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. തള്ള പോരെടുത്തിട്ടാണത്രെ ഗോവിന്നന്റെ ഭാര്യ അയാളെ ഉപേക്ഷിച്ച പോയത്. തള്ളയ്ക്ക് ഗോവിന്നൻ സമ്പാദിക്കുന്നതെല്ലാം തനിക്ക് മാത്രമായികിട്ടണമെന്നായിരുന്നു ആഗ്രഹം.

 ‘ആ പണ്ടാരം ചത്ത് തൊലഞ്ഞാ ഓയിന്നൻ കമ്മള് ലച്ചപ്പെടു‘മെന്ന് മുറ്റമടിക്കാൻ വന്നിരുന്ന പാറുക്കുട്ടി എപ്പോഴും പറയുമായിരുന്നു.

ആൾക്കാരെന്തും പറഞ്ഞോട്ടെ, ഗോവിന്നൻ ഒരിക്കലും മുത്താച്ചിയെ കുറ്റപ്പെടുത്തിയില്ല. തന്നെയുമല്ല, ജോലി ചെയ്തിരുന്ന പറമ്പുകളിൽ നിന്ന് പഴുത്ത മാമ്പഴവും ചാമ്പക്കയും പറങ്കിമാങ്ങയുമെല്ലാം പാളപ്പൊതികളിൽ നിറച്ച് അവർക്ക് കൊണ്ടു പോയിക്കൊടുത്തു.അയാൾ ഇടക്ക് ആ തള്ളയുടെ മുടി ചീകി പേൻ കൊല്ലാറുമുണ്ടെന്ന് പാറുക്കുട്ടി ഒരു തരം അറപ്പോടെ അമ്മീമ്മയോട് പറഞ്ഞിരുന്നു.

എന്റെ ബാല്യകാലത്ത് ഞാൻ അവരെ കാണുമ്പോൾത്തന്നെ ആ മുത്താച്ചി ഒരു പടു കിഴവിയും ഏറെക്കുറെ അന്ധയുമായിക്കഴിഞ്ഞിരുന്നു. ടൌണിൽ നടന്ന അന്ധതാ പരിശോധന ക്യാമ്പിലേക്ക് ഗോവിന്നൻ മുത്താച്ചിയേയും കൊണ്ട് പോയത് എന്റെ അച്ഛൻ എഴുതിക്കൊടുത്ത ഒരു സ്പെഷ്യൽ പാസ്സുമായാണ്. പക്ഷെ, കാര്യമുണ്ടായില്ല. മുത്താച്ചിയുടെ കണ്ണുകളിൽ കനമുള്ള ഒരു വെളുത്ത പാട മൂടിക്കഴിഞ്ഞിരുന്നു.

ആ ക്യാമ്പിൽ പോകാൻ വേണ്ടിയാണ് ഗോവിന്നൻ ജീവിതത്തിൽ ആദ്യമായി ഒരു ഷർട്ട് ധരിച്ചത്.

മുത്താച്ചിയുടെ അന്ധത നിമിത്തം സ്വന്തം വീട്ടിലെ വെപ്പും അലക്കും മറ്റ് പണികളുമെല്ലാം തീർത്ത് ഒരു പത്ത് മണിയോടെ മാത്രമെ ഗോവിന്നൻ മറ്റ് വീടുകളിലെ പറമ്പുകളിൽ ജോലിക്ക് വന്നിരുന്നുള്ളൂ. നേരം വൈകിയെന്ന് ആരെങ്കിലും പ്രതിഷേധിച്ചാൽ ശാന്തനായ ഗോവിന്നന്റെ മട്ട് മാറും,

 ‘ആ കണ്ണ് കാണാത്ത തള്ളേടെ കഴുത്ത് പിരിക്കാൻ പറ്റോ നിങ്ങടോടെ പണിക്ക് വരണംന്ന്ച്ചട്ട്. പറ്റ്ല്യാലോ, അപ്പോത്തിരി വൈകീന്ന് വരും.’

പിന്നെ ആരും ഒന്നും പറയില്ല.

എല്ലാ വീടുകളിലെയും അമ്മമാർക്ക് ഗോവിന്നനോട് ഇത്തിരി അധികം താൽ‌പ്പര്യമുണ്ടായിരുന്നുവെന്നത് ഒരു സത്യമാണ്. മുത്താച്ചിയുടെ ഭാഗ്യത്തിൽ ചില്ലറ അസൂയയും. എത്ര സ്നേഹത്തോടെയാണ്, കരുതലോടെയാണ് ഗോവിന്നൻ തള്ളയെ നോക്കുന്നത്. ശരിക്കും ആ തള്ള ഗോവിന്നന്റെ സ്വന്തം മുത്താച്ചിയൊന്നുമല്ല എന്നും അവരെടുത്ത് വളർത്തിയെന്നെ ഉള്ളൂ എന്നുമൊക്കെ അമ്മീമ്മയോട് പല സ്ത്രീകളും പറയുമായിരുന്നു.

‘തള്ളേടെ ഭാഗ്യം’ പെണ്ണുങ്ങൾ കൂട്ടമായും ഒറ്റക്കും നെടുവീർപ്പിടും.

ഗോവിന്നന്റെ ഒരാഴ്ച മാത്രം നീണ്ട ദാമ്പത്യത്തിന്റെ കഥ കേട്ടിട്ടുള്ളവരായിരുന്നു എല്ലാ പെണ്ണുങ്ങളും. ചിലരാകട്ടെ മരുമകളുടെ ദയാദാക്ഷിണ്യത്തിൽ കഴിയുന്നവരുമായിരുന്നു.

ആ സംഭവം ഇങ്ങനെ.

തൊട്ടടുത്ത ഗ്രാമത്തിലെ ഒരു പെണ്ണായിരുന്നു ഗോവിന്നന്റെ വധുവായി വന്നത്. കല്യാണ ദിവസം രാത്രിയിൽ തന്നെ ഗോവിന്നന്റെ കുടിലിൽ നിന്ന് ചില ബഹളങ്ങളൊക്കെ കേട്ടുവത്രെ. എന്തോ ഒരു പന്തിയില്ലായ്മയുണ്ടെന്ന് പാറുക്കുട്ടിയാണ് ആദ്യം കണ്ടു പിടിച്ചത്. എന്തായാലും കല്യാണം കഴിഞ്ഞ് നാലാം ദിവസം രാവിലെ ഗോവിന്നന്റെ മുത്താച്ചി ‘ഒന്ന് വരണം, അവളെ ഒന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കണ‘മെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്മീമ്മയെ കാണാൻ പ്രാഞ്ചി പ്രാഞ്ചി വന്നെത്തി.

അമ്മീമ്മ ആ പുരയിലെത്തുമ്പോൾ കാര്യങ്ങൾ വല്ലാതെ കുഴഞ്ഞിരുന്നു.

ധാരാളം പെണ്ണുങ്ങളും ചുരുക്കം ആണുങ്ങളും കാഴ്ച കാണാനെത്തിയിട്ടുണ്ട്.

പുതുപ്പെണ്ണാണെങ്കിൽ അലറിക്കരയുകയും നെഞ്ചത്തിടിക്കുകയുമാണ്.

ഗോവിന്നൻ ഒരു മന്ദബുദ്ധിയെപ്പോലെ പല്ലിളിച്ച് തല കാൽമുട്ടുകൾക്കിടയിൽ പ്രതിഷ്ഠിച്ച് കുത്തിയിരിക്കുന്നു, പരിപൂർണമായും തോറ്റവന്റെ നൈരാശ്യത്തോടെ.

മുത്താച്ചിയെ കണ്ടതും പെണ്ണിന്റെ ഭാവം മാറി.  പിന്നെ സങ്കടമല്ല, പുറത്തേക്ക് വരുന്നത്, പകയും വൈരാഗ്യവുമാണ്.

‘മുത്താച്ചീനെ മതീന്നുള്ളോരെന്തിനാ എന്നെ കെട്ടീട്ത്തത്? രാത്രിയായ തൊട്ങ്ങും തള്ളക്ക് ഒരോരോ കുരിപ്പ് ദീനം. അത് കേട്ട് തള്ളെ സുസ്രൂശിക്കാൻ ഓട് ല്ലേ ആണൊരുത്ത്ൻ.‘

‘അയിന് ഇയാള് ആണാ? എന്റെ ജമ്മം തൊലഞ്ഞൂലൊ ദയ്‌വേ, ഈ പണ്ടാറ തള്ള ചാവാണ്ട് നിക്ക് ഒരു ഗതീം ഇണ്ടാവില്യലോ.’

പെണ്ണ് പിന്നെയും നെഞ്ചത്തിടിക്കുകയാണ്.

അമ്മീമ്മ വളരെ സമാധാനമായി പറഞ്ഞു.’ മോളെ, നീ സമാധാനിക്ക്, ഒക്കെ ശര്യാവും. ജീവിതം തൊടങ്ങിയല്ലേള്ളൂ. ഇനി എത്ര നാളുണ്ട്, എല്ലാ കാര്യങ്ങളും ശരിയാകും. മുത്താച്ചിയേം ഗോവിന്നനേം ഒക്കെ പറ്ഞ്ഞ് മനസ്സിലാക്കാം. നീ ബഹളം വെക്കല്ലേ’

പെണ്ണിനു കലി കയറുക തന്നെയാണ്.

‘ഞാനേയ് ആരുല്യാത്തോളൊന്ന്ല്ലാ.  ഈ മുത്ക്കീന്റെ ഓശാരത്തില് കെട്യോന്റെ കൂടെ കെട്ക്കണ്ട ഗതികേട് നിക്ക് ല്യ്. ബന്ധൊഴിഞ്ഞാ മതി. ന്റെ ചേട്ടമ്മാര് ന്നെ നോക്കിക്കോളും. നല്ല ഉശിരുള്ള ആണിന് ന്നെ കൊട്ക്കാൻ അവർക്ക് പറ്റും.‘

അവൾ കാർക്കിച്ച് തുപ്പി. 

അമ്മീമ്മ വീണ്ടും സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൾ സർപ്പത്തെപ്പോലെ ചീറി. പിന്നെ വന്നത് ഭയങ്കരമായ വാക്കുകളായിരുന്നു.

‘നിങ്ങള് ഒന്നും പറേണ്ട. ആണൊരുത്തന്റൊപ്പം ഒരൂസം കഴിയാത്ത ങ്ങക്ക് എന്റെ ദണ്ണങ്ങനെയാ അറ്യാ. എന്നെ വീട്ട് ലാക്കിയാ മതി. എനിക്ക് വയ്യാ ഈ മുത്താച്ചി ദാസന്റൂടെ കഴിയാൻ.‘

‘അടിക്കെടാ ഗോവിന്നാ അവളെ, അവളെന്താ ആ ടീച്ച്റോട് തോന്ന്യാസം പറേണ്, അവൾടെ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടക്കടാ, നീയൊരു ആണാ‍ണെങ്കില്.‘ മുത്താച്ചി ദൈന്യത കൈവെടിഞ്ഞ് ഉറക്കെ അലറി.

കെട്ടിയ പെണ്ണിന്റെ മുൻപിൽ മാത്രമല്ല, വളർത്തിയ മുത്താച്ചിയുടെ മുൻപിലും ആണാകാൻ ഗോവിന്നന് കഴിഞ്ഞില്ല.

ഒരു കഥയുമില്ലാത്ത ആചാരങ്ങളിൽ തട്ടി തകർന്നു പോയ തന്റെ ജീവിതത്തെ, ഒരു കിളുന്ന് പെണ്ണ് ഇത്ര പരസ്യമായി നിസ്സാരമാക്കിയിട്ടും അമ്മീമ്മ തെല്ലും പതറിയില്ല. അയ്യോ, ആൺ കാവലില്ലാത്തതു കൊണ്ട് എന്നെ എല്ലാവരും അപമാനിക്കുന്നുവല്ലോ, ഞാൻ ഒരു അനാഥയാണല്ലോ, എന്റെ ജീവിതം ഇതാ ഇങ്ങനെ ചിതറിപ്പോകുന്നുവല്ലോ എന്ന് മുഖം പൊത്തിക്കരയുന്ന ദുർബലയായിരുന്നില്ല അവർ. ബാധ കയറിയതു പോലെ ക്ഷോഭിക്കുന്ന ആ പെണ്ണിനോട് അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ശര്യാടീ മോളെ, ആണൊരുത്തന്റൊപ്പം കഴിയാൻള്ള യോഗം ദൈവം എനിക്ക് തന്നില്ല, നിനക്ക് യോഗം വന്നിട്ടും കഴിയാൻ പറ്റ്ണില്ല. നീയായിട്ട് കിട്ടിയ യോഗം ഇല്ലാണ്ടാക്കണ്ട. നമ്ക്ക് ഒക്കെ പറ്ഞ്ഞ് ശര്യാക്കാം. നീയ് ഒന്ന് ക്ഷമിക്ക്, കുളിച്ച് ഇത്തിരി കഞ്ഞി കുടിക്ക്, ന്ന്ട്ട് എന്റെ കൂടെ മഠത്തിലേക്ക് വാ, ഇത്തിരി കഴീമ്പോ ഗോവിന്നനും മുത്താച്ചീം അങ്ങ്ട് വരട്ടെ. നമ്ക്ക് ഒക്കെ ശര്യാക്കാം.‘

പെണ്ണ് കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ, അഴിഞ്ഞു വീണ തലമുടിയോടെ,ജാക്കറ്റിനുള്ളിൽ അമർത്തി വെച്ച  വലുപ്പമുള്ള മുലകളെ മുന്നോട്ടുന്തി, രണ്ട് കൈകളും എളിയിൽ വെച്ച് അലറി,

‘ഒന്നു പോണ് ണ്ടോ ങ്ങള്? ഞായെന്ത്നാ ഈ ആണും പെണ്ണും കെട്ടോന്റെ കൂടെ ങ്ങ്ടോടെക്ക് വരണ്? ങ്ങള് വേണങ്കി അയിനെ കൊണ്ടോയി ങ്ങ്ടെ പറ്മ്പില് പണീട്പ്പിച്ചോളൊ.’

ആ നേരത്ത് ഒരു ആവശ്യവുമില്ലാതെ അവിടെ കൂടിയിരുന്ന ചില പുരുഷന്മാർ ഒതുക്കി ചിരിച്ചു.

അപ്പോഴാണ് ഗോവിന്നൻ ഇരുന്നേടത്ത് നിന്ന് എണീറ്റ് പെണ്ണിനോട് പറഞ്ഞത്.

‘മുണ്ടും തുണീം എട്ത്തോ, ഞാൻ നിന്നെ നിന്റോടെയാക്കിത്തരാം, ഒക്കെ മതി. ഇനി ഒന്നും പറേണ്ട, ഇബടേ ആരും.’

ഗോവിന്നന്റെ മുഖത്തു നോക്കാൻ  അപ്പോൾ എല്ലാവർക്കും ഭയം തോന്നിയെന്നാണ് അന്നവിടെ കൂടിയ പെണ്ണുങ്ങൾ പിന്നീട് പറഞ്ഞത്.

എന്തായാലും ഗോവിന്നന്റെ ദാമ്പത്യം അന്നു തീർന്നു. ഭാര്യയെ വേറെ കല്യാണം കഴിപ്പിക്കാൻ അവളുടെ സഹോദരന്മാരോട് പറഞ്ഞിട്ടാണ് ഗോവിന്നൻ എന്നേക്കുമായി ഭാര്യ വീടിന്റെ പടിയിറങ്ങിപ്പോന്നത്. ഭാര്യ മറ്റൊരാളെ കല്യാണം കഴിച്ച് സുഖമായി കഴിയുന്നത് തന്റെ ആണത്തത്തിനു  സംഭവിക്കുന്ന അതിഭയങ്കരമായ കുറവായി ഗോവിന്നന് തോന്നിയതേയില്ല.

‘നീയ് ഇത്ര തെരക്ക് കൂട്ടേണ്ട കാര്യം ന്തായിരുന്നു, ഗോവിന്നാ‘ എന്ന് വാരര് മാഷ് ചോദിച്ചപ്പോൾ ഗോവിന്നൻ പറഞ്ഞു, ‘അത് ശര്യാവില്ല, മാഷെ. എനിക്ക് ഒരു കാര്യോം നന്നായി ചിയ്യാൻ പറ്റാണ്ടെയാവും.അതിലും ഭേദം കൊറ്ച്ച് കാര്യങ്ങള് നന്നാക്കി ചിയ്യാലോ.’

യാതൊന്നും വിശേഷിച്ച് സംഭവിക്കാത്തതു പോലെ ഗോവിന്നൻ നാട്ടിലെ മിക്കവാറും പറമ്പുകളിൽ ജോലി ചെയ്തും മുത്താച്ചിയെ ശുശ്രൂഷിച്ചും മാത്രം കഴിഞ്ഞു കൂടി.

ആ മുത്താച്ചി കുറച്ച് കാലം കൂടി കഴിഞ്ഞപ്പോൾ  അവരുടെ ഗോവിന്നനെ ശരിക്കും തനിച്ചാക്കിയിട്ട് മരിച്ച് പോയി.

അന്നു മുതൽ ഗോവിന്നൻ ആരോടും തർക്കുത്തരം പറയാതെയായി, കണക്ക് പറഞ്ഞ് കൂലി വാങ്ങാതെയായി. എന്തു  കൊടുത്താലും ഒന്നുമുരിയാടാതെ വാങ്ങും.

ഭയാനകമായ ഏകാന്തത ഗോവിന്നനെ കാർന്നു തിന്നുകയായിരുന്നു.

മുത്താച്ചിയില്ലാത്ത ലോകം ഗോവിന്നനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു.  ആ ലോകമാകട്ടെ അങ്ങേയറ്റം അപരിചിതമായി തോന്നി, പാവത്തിന്.

ആരോഗ്യവാനായിരുന്ന ഗോവിന്നന്റെ ഇരു പാദങ്ങളിലും കടുത്ത നീര് പ്രത്യക്ഷപ്പെട്ടപ്പോൾ വൈദ്യശാലയിലെ ഗോപാലൻ തികച്ചും സൌജന്യമായി മരുന്ന് കൊടുത്ത് ചികിത്സിക്കാൻ തുടങ്ങി. എന്നാൽ ഗോവിന്നൻ  സമയത്തിനു മരുന്ന് കഴിക്കുന്നില്ലെന്നും പഥ്യം നോക്കുന്നില്ലെന്നും ഗോപാലൻ കാണുന്നവരോടെല്ലാം പരാതിപ്പെട്ടു.

 ‘എന്താ ഗോവിന്നാ അസുഖം മാറ്ണ്ടേ‘ എന്ന് ചോദിച്ചവരോടൊക്കെ ഒരു വിഷാദച്ചിരി മാത്രം ഉത്തരമായിക്കൊടുത്ത് ഗോവിന്നൻ നടന്നു.

പൂരാടത്തിന്റെ അന്ന് രാവിലെ ഞാനും അനിയത്തിയും കൂടി വലിയ പൂക്കളമൊക്കെയിട്ട് ‘ഞാനിട്ടതിനാ ഭംഗി‘ എന്ന് തമ്മിൽത്തമ്മിൽ വീറോടെ വാദിക്കുമ്പോഴാണ് നീരു വെച്ച കാലുകളുമായി ഗോവിന്നൻ പടി കടന്നു വന്നത്. വന്ന പാടെ അമ്മീമ്മയെ വിളിച്ച് മുറ്റത്ത് എടുത്തിട്ടിരിക്കുന്ന കുഴിയിൽ അടിയന്തിരമായി തെങ്ങു വെയ്ക്കേണ്ടതിനെക്കുറിച്ച് വളരെ ഗൌരവമായി സംസാരിച്ചു.

‘അതിനു നിനക്ക് വയ്യല്ലോ ഗോവിന്നാ,  നിന്റെ സൂക്കേടൊക്കെ മാറട്ടെ‘ എന്ന് അമ്മീമ്മ പറഞ്ഞപ്പോൾ, പഴയ ഉശിരോടേ അയാൾ പ്രതിഷേധിച്ചു.

‘നിക്ക് ഒരു കുന്തോല്യ, ആ ഗോപാലന്റെ വിചാരം ഞാനൊരു അരപ്രാണനാന്നാ. ങ്ങ്ള് കാശ് കാട്ട്വോ, ഞാൻ പോയി തെങ്ങും തൈ കൊണ്ടരട്ടെ.‘

കാശും മേടിച്ച് പോകാനൊരുമ്പെട്ട ഗോവിന്നൻ പെട്ടെന്ന് അമ്മീമ്മയോട് ഒരാവശ്യമുന്നയിച്ചു. ‘നിക്ക്ന്ന് ഇബടെ ചോറ് തരണം, ഉച്ചയ്ക്ക്.

അമ്മീമ്മ ചിരിച്ചു, ‘അത് ല് എന്താപ്പോ ഒരു പുതുമ? ഇബടെ നീയെത്ര നാള് ഊണു കഴിച്ച്ട്ട് ണ്ട്?

‘അതേയ്, ങ്ങ്ടെ അരച്ചിലക്കീം, മെഴ്ക്ക്പെരട്ടീം മോരും കടുമാങ്ങേം ആയ്ട്ട് ള്ള പറ്റിക്കല് വേണ്ട, നിക്ക് ഒരു ഓണസദ്യ മതി, പായസോം വേണം. ങാ‘

അമ്മീമ്മ പിന്നെയും ചിരിച്ചു.

ഗോവിന്നൻ നല്ല ഉഷാറിലാണെന്നു കണ്ടപ്പോൾ മുറ്റം അടിച്ചു തീർത്ത് നിവർന്ന പാറുക്കുട്ടിയും ചിരിച്ചു.

ഞാനും അനിയത്തിയും കൂടി ചിരിച്ചു പോയി.

ഗോവിന്നൻ താമസിക്കാതെ തെങ്ങും തൈ കൊണ്ടു വന്നു, കൈക്കോട്ടെടുത്ത് കുഴി വിശദമായി വിസ്താരപ്പെടുത്തി, ഉപ്പും മണലും ചാരവും വിതറി, തെങ്ങും തൈ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ച് പ്രാർഥിച്ച ശേഷം വളരെ മെല്ലെ കുഴിയിലേക്ക് വെച്ചു. തൈ വെച്ച നിവർന്ന ഗോവിന്നന്റെ കണ്ണ് നിറഞ്ഞിരുന്നു, അനിയത്തി അതു കണ്ട് ‘ന്ത്നാ കരയണേ‘ എന്നു ചോദിച്ചതും ‘ഹേയ്, ഞാൻ കരഞ്ഞില്ല മോളെ, അതു ഒരു കരടാ‘ എന്ന് ഗോവിന്നൻ പറഞ്ഞതും ഞാനിപ്പോഴും ഓർമ്മിക്കുന്നു.

അടുക്കളയുടെ പുറം തിണ്ണയിൽ വലിയൊരു നാക്കില വെച്ച് അമ്മീമ്മയും പാറുക്കുട്ടിയും കൂടി ഗോവിന്നനു സദ്യ വിളമ്പി. പാലില്ലാത്തത് കൊണ്ട് ശർക്കരപ്പായസമാണുണ്ടാക്കിയതെന്ന് അമ്മീമ്മ പറഞ്ഞു. തിരുവോണത്തിനു പാലടയുണ്ടാക്കുമെന്നും അന്ന് ഗോവിന്നൻ സദ്യയുണ്ണാൻ വരണമെന്നും കൂടി ക്ഷണിച്ചിട്ടാണ് അമ്മീമ്മ ഗോവിന്നനെ യാത്രയാക്കിയത്. കൂലിയും മാരാരുടെ തുണിപ്പീടികയിൽ നിന്ന് ഒരു മുണ്ടിനും തോർത്തിനുമുള്ള പണവും അവർ ഗോവിന്നനെ ഏല്പിച്ചു.

ഗോവിന്നൻ ഒരു നിമിഷം എന്തോ ഓർത്തു നിന്നു, എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

‘പതിനെട്ട് പട്ട വന്നാ അപ്പൊ കായ്ക്കും, കുട്ട്യോൾക്ക് എളന്നീരു ഇട്ട് കൊടുക്കാൻ എളുപ്പണ്ട്. അതാ പതിനെട്ടാം പട്ട തന്നെയാവട്ടെന്ന്ച്ച്ത്.’

അതും പറഞ്ഞ് ഗോവിന്നൻ പടി കടന്ന് പോയി.

ഉത്രാടത്തിന്റെ അന്നു രാവിലെ വാരരു മാഷ്  വലിയ കിതപ്പോടെ കയറി വന്നു. ഒരു വാചകമെ പറഞ്ഞുള്ളൂ.

‘നമ്മ്ടെ ഗോവിന്നൻ പോയി, എന്റെ ടീച്ച് റെ, അവൻ ഒരു കഷണം കയറ് ചെലവാക്കി’

ഒരു പുതിയ മുണ്ടും തോർത്തും ഗോവിന്നൻ പുരയിൽ വെച്ചിരുന്നു. അതുടുപ്പിച്ചാണ് ഗോവിന്നനെ ചിതയിൽ വെച്ചത്.

ഇപ്പോഴും ആ പതിനെട്ടാം പട്ട തെങ്ങ് ഓലകളിളക്കി മുറ്റത്ത് നിൽക്കുന്നു. ഇളന്നീർ ധാരാളമുണ്ട്.

36 comments:

ശ്രീ said...

ഗോവിന്ദന്റെ ഓര്‍മ്മയ്ക്കു വേണ്ടി ആ തെങ്ങ് ഇപ്പോഴുമുണ്ടല്ലോ.

Unknown said...

നല്ലതു ഒരു വിങ്ങലിലൂറ്റെ കറ്റന്നുപൊയി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വൌ (ഇംഗ്ലീഷിലെ). താമസിച്ചു വന്നതില്‍ ഖേദം.

ഓടോ: ആ വേഡ് വെരി എടുത്ത് കളയാമോ?

Echmukutty said...

ശ്രീക്കും അമ്മുവിനും നന്ദി.
ഓം ഹ്രീം ക്രീം ഐസ് ക്രീം കുട്ടിച്ചാത്തൻ പ്രത്യക്ഷപ്പെട്ടതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
ഒരുപാട് മൂർച്ചയുള്ള കല്ലു കൊണ്ട് എറിയരുതേ.....പിന്നെ ചോറും കലത്തിൽ ഒന്നും ഇടരുതേ......
കുട്ടിച്ചാത്തന്റെ ഓടോ:ആ വേഡ് വെരി ഇതൊന്നും എനിക്ക് മനസ്സിലായില്ല.
പറഞ്ഞു തരാൻ കനിവുണ്ടാകണം.
തുടർന്നും വന്ന് എറിയുമല്ലോ
നന്ദി.

said...

ഗോവിന്ദന്‍ മനസ്സില്‍ ഒരു നൊമ്പരമായി...!! കണ്മുന്നില്‍ നിന്നും നടന്നു മറഞ്ഞിട്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു രൂപം കൂടി...! നന്നായിരിക്കുന്നു... എച്ച്മു‌ന്റെ എഴുത്തിലും മികവു വര്‍ദ്ധിക്കുന്നു....

dhanya said...

echumukuttiyae, madathila kutti ennu oru identity adayamayi enikku thannadu oru govindannayirunnu. ente kunchikayyum pidithu govindan kurae nadanittunundu.

Today I remember him a lot. Thanks.

echumuvintae style nallathu.

okay bye

Echmukutty said...

ചക്കിമോളുടെ അമ്മ അഭിനന്ദിക്കുമ്പോൾ സന്തോഷം. ഒരുപാട് കാലമായി ഞാൻ എന്തെങ്കിലും എഴുതിയിട്ട്. അഭിനന്ദനത്തിനു നന്ദി.

ഉരുക്കുവിനു സ്വാഗതം. ഓർമ്മകൾ ചിലപ്പോഴൊക്കെ നമ്മുടെ അനുഗ്രഹമാണ്.
അഭിനന്ദനത്തിന് നന്ദി ഉരുക്കു. ഇനിയും വരുമല്ലോ.

SunilKumar Elamkulam Muthukurussi said...

എച്മ്വോ.. നല്ല ഭാഷ. നാട്ടിലേക്കെത്തിച്ചു എന്നെ.
ഗോവിന്ദ! ഗോവിന്ദ!
-സു-

പട്ടേപ്പാടം റാംജി said...

സ്നേഹവും വിശ്വാസവും അണുവിട മാറാതെ കര്മ്മനിരതരായിരുന്ന ഇത്തരം ഗോവിന്ദന്മാര്‍ പണ്ട് ധാരാളം കാണാമായിരുന്നു. എല്ലായിടത്തും പല വിധത്തില്‍ ഇത്തരക്കാരുടെ സാന്നിദ്ധ്യം എല്ലാരും അറിഞ്ഞിട്ടുണ്ടാകും. അത് ഒരു സംഭവം പോലെ സുന്ദരമായി നാടന്‍ ഭാഷയില്‍ പറഞ്ഞു.

Manoraj said...

എച്മു,
വളരെ നല്ല കഥ.. ഈ കഥ കുങ്കുമത്തില്‍ അച്ചടിച്ച് വന്നതില്‍ സന്തോഷം. ഉയരങ്ങളിലേക്കുള്ള എച്മുവിന്റെ പ്രയാണത്തിന്റെ തുടക്കമാവട്ടെ ഇത്. കുങ്കുമത്തില്‍ കഥക്ക് മനോഹരമായി ചിത്രീകരണം നടത്തിയിരിക്കുന്നു. അത് ചെയ്തതാരെന്ന് നോക്കാന്‍ കഴിഞ്ഞില്ല. ഒരു ലൈബ്രറിയില്‍ വെച്ചാണ് ഇന്ന് കുങ്കുമം കണ്ടെത്തിയത്.

ajith said...

ഒത്തിരി നന്മയുള്ള ഒരു എഴുത്ത്.

ആമി അലവി said...

ഗ്രാമീണ നന്മയുടെ മുഖവുമായി ഗോവിന്ദന്‍ .കഥ വളരെ നന്നായി എച്ച്മൂ. ഉള്ളില്‍ തട്ടിയ കഥ .

തുമ്പി said...

നാടന്‍ ഭാഷയില്‍ ഗോവിന്നനെ അവതരിപ്പിച്ചത് ഭംഗിയായി. ഗോവിന്നന് പകരം തെങ്ങിനെ നല്‍കിയിട്ടുണ്ടല്ലേ?...

keraladasanunni said...

ജോലിയില്‍ കാണിക്കുന്ന ശുഷ്ക്കാന്തി ജീവിതം
കെട്ടിപ്പടുക്കുന്നതില്‍ ചിലര്‍ക്ക് കാണിക്കാന്‍ 
പറ്റാറില്ല. പരാജയപ്പെടുന്ന അത്തരം 
ജന്മങ്ങളില്‍ ഒന്നാണ് ഗോവിന്ദന്‍റേത്.

vettathan said...

ഗോവിന്ദന്‍റെ കഥ ഹൃദയസ്പര്‍ശിയായി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ എച്മുവിന്റെ ഒരു കാര്യം വല്ല രസമുള്ളതുമായിരിക്കും എന്നു വിചാരിച്ച് വായിച്ചു പണ്ടാറമടങ്ങി. ഞാൻ പണ്ടെ പറഞ്ഞിട്ടുണ്ട് മനസിനെ വിഷമിപ്പിക്കുന്ന കഥകൾ എഴുതരുതെന്ന് അല്ല പറഞ്ഞാ കേൾക്കുന്ന സ്വഭാവം ഉണ്ടെങ്കിലല്ലെ ആല്ലെ ?

എന്നാ തുടങ്ങി പോയാൽ വായന നിർത്താൻ പറ്റുമൊ എഴുത്തിന്റെ ആകർഷണീയത അതു പോലെ. ഈ കഴിവ് വല്ല തമാശ്ദയും എഴുതാനായി മാത്രം ഉപയോഗിച്ചിരുന്നെങ്കിൽ

ente lokam said...

മുമ്പ് പ്രസിദ്ധീകരിച്ചപ്പോൾ വായിച്ചിരുന്നു .. ഒരു വിങ്ങൽ മനസ്സില് തന്നു കടന്നു പോയ ഗോവിന്ദന .. ഗ്രാമത്തിന്റെ
നന്മകളിൽ ഒന്ന്.

മുകിൽ said...

2010-le ezhuthaanalle.. Ammuvinepoleyullavarokke ezhuthaan patikkunna kalam...!

Cv Thankappan said...

നിഷ്കളങ്കമായ ഭാവത്തിന്‍റെ സൌന്ദര്യം മുറ്റിനില്‍ക്കുന്ന കഥ.
ആശംസകള്‍

Pradeep Kumar said...

കൂടുതല്‍ പേര്‍ വായിക്കേണ്ട നല്ല കഥ , കേവലം ബ്ലോഗില്‍ ഒതുക്കാതെ മറ്റു മാധ്യമങ്ങളിലൂടെയും വായനക്കു വെച്ചത് നല്ല കാര്യമാണ്..... ലേഖനമെഴുത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സര്‍ഗാത്മക രചനകളുടെ കാര്യത്തിലും എച്ചുമു ശ്രദ്ധിക്കപ്പെടുന്ന കാലം വിദൂരമല്ല......

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നൊമ്പരം തന്നു

the man to walk with said...

oh..sad

Best wishes

Prasanna Raghavan said...

another enthumu classic :)

ഭാനു കളരിക്കല്‍ said...

കഥ പറച്ചിലിന്റെ ഈ ഒഴുക്കും നിര്മ്മലതയും ഇപ്പോൾ എച്ചുമുവിനു കൈമോശം വന്നുപോയോ എന്ന് സംശയിക്കുന്നു.

ചന്തു നായർ said...

വായിച്ചൂ.......ഒരു നൊമ്പരപ്പാട്...

വീകെ said...

എഛ്മുക്കുട്ടിയുടെ കഥകൾ ഞാൻ വളരെ കുറച്ചെ വായിച്ചിട്ടുള്ളു. ഗോവിന്ദനെപ്പോലുള്ള ആളുകൾ പണ്ട് ഗ്രാമങ്ങളിൽ സുലഭമായിരുന്നു. അവർക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അവരോടായിരുന്നു കൃഷിക്കാരെല്ലാവരും ഉപദേശം ചോദിച്ചിരുന്നത്. അതെല്ലാം അച്ചെട്ടായിരിക്കുകയും ചെയ്യും. അത്തരക്കാരിൽ ഭൂരിഭാഗം ആളുകളും ഹരിജനങ്ങളായിരുന്നു താനും.
ആശംസകൾ...

അവതാരിക said...

മൂന്നു നാല് പോസ്റ്റുകൾക്ക്‌ ശേഷം ഒരു ഉഗ്രൻ കദന കഥ ,,,

വയിച്ചു കഴിഞ്ഞിട്ടും ഇപ്പോളും മനസ്സില് വല്ലാത്ത വിങ്ങൽ ഉണ്ട് സഖാവെ

വേണുഗോപാല്‍ said...

നന്മയുള്ള ഓര്‍മ്മകളുടെ ബാക്കിപത്രമായി ആ പതിനെട്ടാംപട്ട തെങ്ങ് ഇലകളിളക്കി ആ മുറ്റത്ത് നില്‍ക്കട്ടെ...

ഗ്രാമ നന്മകളുടെ അടയാളങ്ങള്‍ ആയി ഇത്തരം ഗോവിന്ദന്മാര്‍ നമ്മുടെ മനസ്സില്‍ തുടരും. നൊമ്പര തിരയടികള്‍ക്കിടയില്‍ ഇടയ്ക്കിടെ തെളിയുന്ന രൂപമായി....

കഥ വിഷമിപ്പിച്ചു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എല്ലാ നാട്ടിലും ഉണ്ട് ഗോവിന്ദൻമാർ.
പക്ഷേ അവരെകുറിച്ചു ഇങ്ങനെ പറയാൻ എല്ലാ നാട്ടിലും എചുമു ഇല്ല. അസ്സലായി ..ഗോവിന്മ്പുരാണം...കരഞ്ഞു

Areekkodan | അരീക്കോടന്‍ said...

ഗോവിന്ദച്ചാമിമാർക്ക് പകരം ഇത്തരം ഗോവിന്ദന്മാർ ഉണ്ടാകട്ടെ....

Anonymous said...

' ഒരു കഥ ' ... !
വളരെ നന്നായി പറഞ്ഞതിന് അഭിനന്ദനങ്ങള്‍ !
ആ പശ്ചാത്തലവും അന്നത്തെ ആ കാലഘട്ടവും ഒരു മിന്നലായി .... പിന്നീടത് നിലയ്ക്കാത്ത ഓരോളമായി മനസ്സിലൂടെ ഏറിയും ഇറങ്ങിയും ..... !
..
..
Hamza Pullatheel Karimbil

കുസുമം ആര്‍ പുന്നപ്ര said...

ഗോവിന്ദന്‍ ഒരു നൊമ്പരം....

പഥികൻ said...

കുറേ നാളിനു ശേഷമാണ് എച്മുവിന്റെ ലോകത്തിൽ...ഈ കഥ വായിച്ചിട്ടില്ലാരുന്നു....

M. Ashraf said...

മനോഹരമായ കഥ. നന്ദി

Nena Sidheek said...

ഗോവിന്ദനും തെങ്ങും ഒരു നൊമ്പരമായി മനസ്സില്‍ ..നല്ല കഥ ചേച്ചീ.

സുധി അറയ്ക്കൽ said...

ആർക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്ന ഗോവിന്ദന്മാർ...
ഒരു മനുഷ്യായുസ്സ്‌ പാഴാക്കുന്ന കുറേ ജന്മങ്ങൾ!!!