സാത്വികതയുടെ ആൾ രൂപമായി എല്ലാവരും അംഗീകരിച്ച ഒരാളായിരുന്നു വെളുത്ത് മെലിഞ്ഞ വാരര് മാഷ്. പുല്ലിനെപ്പോലും നോവിയ്ക്കാത്ത വിധത്തിൽ നടക്കാറുള്ള മാഷ്, പൂവ് നിലത്തു വീഴുന്നതു പോലെ മ്റുദുലമായി സംസാരിച്ചിരുന്നു.
നഗരത്തിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്ന മാഷ്ക്ക് അക്ഷരാർഥത്തിൽ ആരുമായും വഴക്കും പിണക്കവും ഒന്നുമുണ്ടായിരുന്നില്ല. ഒരാൾക്ക് ഇത്ര പാവമായി ജീവിയ്ക്കാൻ കഴിയുമോ എന്ന് എല്ലാവരും മാഷെ കണ്ട് അൽഭുതപ്പെട്ടിരുന്നു.
മാഷും അമ്മയും മാഷ്ടെ ഭാര്യയായ വാരസ്യാർ ടീച്ചറുമായിരുന്നു ആ കുടുംബത്തിലെ അംഗങ്ങൾ. മാഷ്ക്ക് മക്കളുണ്ടായിരുന്നില്ല.
ടീച്ചറോട് ചില മുതിർന്ന സ്ത്രീകളൊക്കെ ‘മരുന്നൊന്നും കഴിച്ചു നോക്കീലേ‘ എന്ന് ചോദിച്ചിരുന്നു. വേറെ ചിലർ സന്യാസിമാരുടെ അടുക്കൽ ടീച്ചറെ കൊണ്ടു പോകാൻ താല്പര്യം കാണിച്ചിരുന്നു. ഇനിയും ചിലർ അമ്പലങ്ങൾ സന്ദർശിയ്ക്കുവാൻ പ്രേരിപ്പിച്ചിരുന്നു. ടീച്ചർ ആരെയും പിണക്കിയില്ല, ആരുടെയും വാക്കുകൾ കേട്ടതുമില്ല.
‘അതോണ്ടൊന്നും ഒരു കാര്യോണ്ടാവില്ലാന്നേയ്‘ എന്നൊരു മ്റുദുവചനവും പുഞ്ചിരിയുമായിരുന്നു ടീച്ചറുടെ മറുപടി.
പക്ഷെ, കുറച്ച് കാലം കഴിഞ്ഞപ്പോൾ അലക്കുകാരി കൊച്ചു ആ രഹസ്യം വെളിപ്പെടുത്തി. മാഷ്ക്ക് ഒരുപാട് പ്രാരബ്ധമുള്ളതുകൊണ്ട് മക്കൾ വേണ്ട എന്നു വെച്ചതാണത്രെ അവർ.
എന്താണ് ഇത്ര പ്രാരബ്ധം എന്നു ചോദിച്ചാൽ, കാര്യം കുറച്ച് കടുപ്പം തന്നെയാണ്. നാലു സഹോദരിമാർക്ക് കൂടി ഒരാങ്ങളയാണ് മാഷ്. അവരുടെയും മക്കളുടേയും എല്ലാ കാര്യങ്ങളും അന്വേഷിയ്ക്കേണ്ട ചുമതലയുണ്ട് മാഷ്ക്ക്. ഇവിടെ കുടുംബം വളർത്തി വലുതാക്കിക്കൊണ്ടിരുന്നാൽ പോരാ.
നാലു സഹോദരിമാരുള്ളതിൽ രണ്ട് പേർ വിധവകളാണ്. രണ്ട് പേർക്കും ഈരണ്ട് വീതം മക്കൾ. ബാക്കി രണ്ട് പേരുള്ളതിൽ ഒരാളുടെ ഭർത്താവിന് എന്നും അസുഖം. മറ്റൊരാളുടെ ഭർത്താവിന് ജോലി ചെയ്യാൻ ഇഷ്ടമില്ല. വെറുതെ ഇരുന്ന് മുറുക്കലും തുപ്പലുമാണ് പ്രധാന ജോലി. അവർക്കും ഉണ്ട് ഓരോ മക്കൾ.
അവരെയെല്ലാം സംരക്ഷിയ്ക്കേണ്ട ബാധ്യതയുള്ള മാഷ്ക്ക് സ്വന്തമായി കുടുംബം ഉണ്ടാക്കാനും പുലർത്താനും എങ്ങനെയാണ് സാധിയ്ക്കുക.
‘ചെല ആണങ്ങൾടെ തലേലെഴുത്താ. അവരടെ കൂടെ കഴിയണ്ടി വരണ പെണ്ണങ്ങൾടെ ഒരു യോഗം!‘ കൊച്ചു സഹതാപത്തോടെ ഉപസംഹരിച്ചു.
മാഷ്ടെ അമ്മ ഇടയ്ക്കിടെ തന്റെ പെണ്മക്കളെ കാണാൻ പോകാറുണ്ടായിരുന്നു. പക്ഷെ, അവരുടെ വീടുകളിൽ അന്തിയുറങ്ങാൻ ആ അമ്മ എന്നും വൈമനസ്യം പ്രകടിപ്പിച്ചു. സന്ധ്യയാകുമ്പോഴേയ്ക്കും അവർ തിടുക്കത്തോടെ മാഷ്ടെ വീട്ടിൽ മടങ്ങിയെത്തി.
അവർ മാഷെയാണോ അതോ ടീച്ചറെയാണോ പ്രസവിച്ചത് എന്ന് അയൽക്കാർക്ക് പോലും സംശയം തോന്നിയിരുന്നു. അത്രയ്ക്കും സ്നേഹമായിരുന്നു മാഷ്ടെ അമ്മയ്ക്ക് ടീച്ചറോടുണ്ടായിരുന്നത്. ടീച്ചർക്ക് അങ്ങോട്ടും അങ്ങനെ തന്നെ.
ആ വീട്ടിൽ എല്ലാവരും പരസ്പരം സ്നേഹിച്ചിരുന്നുവെന്ന് മാത്രമേ സുഹ്റുത്തുക്കൾക്കും അയൽക്കാർക്കും വിചാരിയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ. കാരണം വെറുതെ ഒരു രസത്തിനായിപ്പോലും അവരാരും തമ്മിൽത്തമ്മിൽ കുറ്റപ്പെടുത്തിയിരുന്നില്ല, വിമർശിയ്ക്കുകയോ കളിയാക്കുകയോ പരിഹസിയ്ക്കുകയോ ചെയ്തിരുന്നില്ല. മാഷെപ്പോലെ സൌമ്യമായി മാത്രമേ ടീച്ചറും അമ്മയും എല്ലാവരോടും ഇടപെട്ടിരുന്നുള്ളൂ.
മാസാദ്യം ശമ്പള ദിനത്തിൽ പോലും വാരര് മാഷ്ടെ പോക്കറ്റ് കാലിയായിരുന്നു. പന്ത്രണ്ടിൽ വ്യാഴമുള്ള ജാതകമാണ് തന്റേതെന്നും താൻ എന്നും നിഷ്ക്കാശനും ഭൂലോക പിച്ചയുമായിരിയ്ക്കുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്യത്തേയ്ക്ക് കയറുന്നത്.
ശമ്പള ദിവസം കണിശമായി അറിയുന്ന സഹോദരിമാർ സ്കൂളിൽ വന്ന് പണമെല്ലാം കൊണ്ടുപോവുകയാണെന്ന് ടീച്ചർക്ക് നിശ്ചയമുണ്ടായിരുന്നു.
എന്നാലും മാഷ്ടെ പന്ത്രണ്ടിൽ വ്യാഴം നിൽക്കുന്ന ജാതകദോഷത്തെ അവർ അംഗീകരിച്ചു പോന്നു. അതുകൊണ്ട് ഭർത്താവിന്റെ ശമ്പളത്തിൽ ആ ഭാര്യ ഒരവകാശവാദവും ഉന്നയിച്ചില്ല.
വാരര് മാഷ്ക്ക് ശമ്പളം കൊണ്ട് മാത്രം സഹോദരിമാരെയും മക്കളേയും പുലർത്താൻ പറ്റുമോ?
ഇല്ല.
അതു കൊണ്ട് പാവം, മാഷ് കണക്ക് ട്യൂഷൻ കൊടുത്തു, സ്വന്തം പറമ്പിലെ എല്ലാ വിളവുകളും മുൻപേറായി നൽകി വില വാങ്ങി, കിട്ടാവുന്നേടത്തു നിന്നെല്ലാം കടവും മേടിച്ചു.
നന്നെ അരിഷ്ടിച്ച് ജീവിച്ച് അദ്ദേഹം വലിയൊരു ചുമതല നിർവഹിച്ചു കൊണ്ടിരുന്നു.
സ്രോ…ന്ന് വെള്ളം പോലത്തെ സാമ്പാറും കുറെ പച്ചവെള്ളവും കുറച്ച് മോരും തുള്ളികളും കൂടി കലർത്തിയുണ്ടാക്കുന്ന സംഭാരവും ഉപ്പിലിട്ട കണ്ണിമാങ്ങയും മാത്രമായിരുന്നു വാര്യത്തെ ആഡംബരങ്ങൾ.
എടുത്താൽ പൊങ്ങാത്ത ഈ ഭാരം ഏന്തി വലിഞ്ഞ് ചുമക്കുമ്പോഴാണ് ഒരു ദിവസം ട്യൂഷൻ ക്ലാസ്സിൽ വാരര് മാഷ് ബോധം കെട്ട് വീണത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.
മാഷ്ടെ അമ്മ മകനില്ലാതായിട്ടും മരുമകളെ വിട്ട് പോയില്ല. അവരുടെ പെണ്മക്കൾക്ക് അതിൽ പരിഭവമുണ്ടായിരുന്നുവോ എന്നാർക്കും അറിയില്ല. അവരങ്ങനെ അമ്മയെ കാണാനൊന്നും വന്നിരുന്നില്ല.
പക്ഷെ, മാഷ്ടെ പെൻഷൻ വരുന്ന ദിവസം അവർ ക്റുത്യമായി ടീച്ചറെ തേടി സ്ക്കൂളിലെത്തി. ടീച്ചർ ഒരു രൂപ പോലും ആ പെൻഷനിൽ നിന്ന് തനിയ്ക്കായി എടുക്കാതെ എല്ലാം അവർക്ക് കൈമാറുകയും ചെയ്തു.
പുരോഗമന ചിന്താഗതിക്കാരായ ചുരുക്കം അധ്യാപകർ മാഷുടെ പണമൊന്നും ആർക്കും കൊടുക്കരുതെന്നും ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നും ഇങ്ങനെ തനിച്ചാകരുതെന്നും ഒക്കെ ടീച്ചറോട് പറഞ്ഞ് നോക്കി.
‘മാഷ് തരാത്തതൊന്നും എനിക്ക് വേണ്ടാന്നേയ്‘ എന്ന് സൌമ്യമായി ചിരിച്ച് ടീച്ചർ എല്ലാവരെയും മടക്കി.
അതിശയകരമായിരുന്നു ആ അമ്മയും ടീച്ചറും തമ്മിൽ ഉണ്ടായിരുന്ന ബന്ധം.
അതിന്റെ ആഴം ഒരു സംശയവുമില്ലാതെ എല്ലാവർക്കും ബോധ്യപ്പെട്ടത് ആ അമ്മയ്ക്ക് ഓർമ്മകൾ മാഞ്ഞു പോകുന്ന ദയനീയമായ രോഗം വന്നപ്പോഴാണ്.
ഈ മഹാപ്രപഞ്ചത്തെ അവർ മറന്നു, തന്നെത്തന്നെയും മറന്നു.
വാരര് മാഷ്ടെ ഫോട്ടോ നോക്കി ‘നീയാരാ? നിനക്ക് എന്താ വേണ്ടേ‘ എന്നു ചോദിച്ചു.
ടീച്ചറെ മാത്രം അവർ ഒരിയ്ക്കലും മറന്നില്ല.
മരണ ദിനത്തിൽ പോലും.
21 comments:
ഫിനിഷിങ്ങ് മാത്രം കുറച്ചു കൂടെ നന്നാക്കാമായിരുന്നോ എന്ന് തോന്നി
:)
:)
പാവം ഭാര്യയുടെ അവസ്തയേക്കാള് ആ അമ്മയുടെ ദു:ഖമാണ് എനിക്കു നന്നായി തോന്നിയത്.സ്വന്തം മകന്റെ ഫോട്ടോയില്‍ നോക്കി നീയാരാ എന്നു ചോദിക്കണമെങ്കില്‍ അവരുടെ ഉള്ളില്‍ എന്തു മാത്രം പ്രയാസം,നിരാശ എല്ലാം ഉണ്ടായിരിക്കണം.
കഥയാണെങ്കില്‍ കൂടി ഇങ്ങനെയും മനുഷ്യര്‍ ഉണ്ടായിരിക്കും.. നന്നായി എഴുതി.
(ഈ വേഡ് വെരിഫിക്കേഷന് ഒന്ന് ഒഴിവാക്കി തരുമൊ?)
ഒരു ഒടുവിൽ ഉണ്ണിക്രിഷ്ണനെ പോലെ തോന്നി...
സ്രോ…ന്ന് വെള്ളം പോലത്തെ സാമ്പാറും കുറെ പച്ചവെള്ളവും കുറച്ച് മോരും തുള്ളികളും കൂടി കലർത്തിയുണ്ടാക്കുന്ന സംഭാരവും ഉപ്പിലിട്ട കണ്ണിമാങ്ങയും മാത്രമായിരുന്നു വാര്യത്തെ ആഡംബരങ്ങൾ
കൊള്ളാം...നന്നായെഴുതി.
അങ്ങനെയാണ് ചില ജന്മങ്ങള്... വണ്ടിക്കാളകളെ പോലെ മറ്റുള്ളവര്‍ക്ക് വേണ്ടി എരിഞ്ഞ് തീരുന്നു. എന്നിട്ടും തീരുന്നില്ല പലരുടെയും ആര്‍ത്തി...
nannayi ezhuthi... anganeyum chila janmangal..
അതിമനോഹരം തന്നെ, വാര്യര്‍ മാഷും, ടീച്ചറും അമ്മയും ഒന്നും മനസ്സില്‍ നിന്നും പോവുന്നില്ല, ഇങ്ങനെയും പാവങ്ങള്‍ ഉണ്ടോ ഈശ്വര
കഥയുടെ തലേക്കെട്ട് വാരര് മാഷ് എന്നാണോ വാരസ്യാര് ടീച്ചര്‍ എന്നാണോ വേണ്ടിയിരുന്നത് എന്നു സംശയം തോന്നി. കാരണം അവരുടെ ത്യാഗത്തിനു മുമ്പില്‍ മറ്റൊന്നും വലുതല്ല. നന്നായി പറഞ്ഞിരിക്കുന്നു. ആശംസകളോടെ..
നന്നായിട്ടുണ്ടല്ലോ എച്ചുമുകുട്ടി..എനിക്ക് 'ശ്ശ" പിടിച്ചു,ട്ടോ..ഇന്നത്തെ കാലത്ത് മഷീട്ട് നോക്കിയാല്‍ കാണില്യാ ഇതുപോലൊരു വാരസ്യാരെ!
ഹൃദയഹാരിയായ കഥ .
ടീച്ചറുടെ വ്യഥയും അമ്മയുടെ സ്നേഹവും എല്ലാം ഹൃദയത്തെ തൊട്ടു.
>>സ്രോ…ന്ന് വെള്ളം പോലത്തെ സാമ്പാറും .... <<
ഈ ‘സ്രോ ‘ ഭയങ്കരിഷ്ടായി :)
:-)
വളരെ ഇഷ്ട്ടപെട്ടു
ഒരു നല്ല വായനക്ക് നന്ദി.
:)
ശ്രീ ആദ്യം വന്നല്ലോ. സന്തോഷം. പിന്നെ ഫിനിഷിംഗ് നന്നാക്കാമായിരുന്നു അല്ലേ? ഞാൻ എഴുത്തിന്റെ മാജിക് പഠിച്ച് വരുന്നല്ലേയുള്ളൂ. ശരിയാകുമായിരിയ്ക്കും.
ഹാഷിമിനും കൊടികുത്തിയ്ക്കും സ്വാഗതവും നന്ദിയും അറിയിയ്ക്കട്ടെ.
കുമാരന് നന്ദി.
എറക്കാടനും പട്ടെപ്പാടം രാംജിയ്ക്കും തരുന്ന പ്രോത്സാഹനത്തിന് പ്രത്യേകം നന്ദി പറയുന്നു.
നീലത്താമരയ്ക്കും കുറുപ്പിന്റെ കണക്ക് പുസ്തകത്തിനും വായാടിയ്ക്കും ഡി എം എസ്സിനും സ്വാഗതവും നന്ദിയും പറഞ്ഞു
കൊള്ളുന്നു.
ബഷീറിനും ഉമേഷിനും പ്രത്യേകം സ്വാഗതവും നന്ദിയും അറിയിയ്ക്കട്ടെ.
അമ്മുവിനേയും രമണികയേയും വിണ്ടും കണ്ടതിൽ വലിയ ആഹ്ലാദം.
അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്........
ചാത്തനേറ്: നന്നായി എഴുതി. പറഞ്ഞപോലെ തലേക്കെട്ടിലെ നായകന് വിടപറഞ്ഞിട്ടും കഥ മുന്നോട്ട് തന്നെ!
വളരെ നാളുകൾക്ക് ശേഷം ചാത്തനേറ് കിട്ടിയത് വലിയ അനുഗ്രഹമായി കരുതുന്നു.
ഒന്നും എവിടെയും അവസാനിയ്ക്കാത്തതു കൊണ്ട് മുൻപോട്ട് തന്നെ പോകണമല്ലോ.
ഇനിയും വന്ന് എറിയുമല്ലോ.
**കുട്ടിചാത്തന്,
പേര് കലക്കി. പക്ഷെ കൊടുത്തിരിക്കുന്ന ആ ഫോട്ടോ പേരുമായി തീരെ യോജിപ്പില്ല. എണ്ണയും വെള്ളവും പോലെ ...ഒരടിപൊളി ഫോട്ടോയിടൂ മാഷേ!
സ്രോ…ന്ന് വെള്ളം പോലത്തെ സാമ്പാറും...
ഇത്തിരി പോലും വെള്ളം ചേർക്കാത്ത സാമ്പാറ് :)
വാര്യര്‍ എന്ന വന്മരം
Post a Comment