Saturday, April 24, 2010

ഭാഗ്യമില്ലാത്ത മകൻ

വില കുറഞ്ഞ പരുത്തിത്തുണി കൊണ്ടുള്ള സൽവാർ കമ്മീസുകളന്വേഷിച്ചാണ് ഞാൻ രേണുവിന്റെ കൊച്ചു ഷോപ്പിലെത്തിച്ചേർന്നത്. രണ്ടാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെ മുൻ വശത്തെ മുറിയായിരുന്നു ഷോപ്പ്. വളരെക്കുറച്ച് സജ്ജീകരണങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒന്നു രണ്ട് തയ്യൽ മെഷീനുകളും ഒരു മേശയും ഞെരുങ്ങിയിരുന്ന ആ മുറിയിലാണ് സുന്ദരിയായ അവൾ പുതുമണവും മിനുസവും ഉള്ള തുണികൾ നിവർത്തിക്കാണിച്ചും പുഞ്ചിരിയോടെ മാത്രം സംസാരിച്ചും ഷോപ്പ് നടത്തിക്കൊണ്ടിരുന്നത്.

എന്തുകൊണ്ടോ ആദ്യ ദിവസം തന്നെ ഞങ്ങൾ സുഹൃത്തുക്കളായിത്തീർന്നു.

സ്കൂളിൽ പഠിയ്ക്കുന്ന മക്കളെക്കുറിച്ചും ഹാർട് പേഷ്യന്റായ അമ്മായിഅമ്മയെക്കുറിച്ചും ധാരാളം സംസാരിച്ച രേണു ഭർത്താവിനെക്കുറിച്ച് മാത്രം മൌനം പാലിച്ചു.

അവൾക്കെപ്പോഴും തിരക്കായിരുന്നു. ഷോപ്പിനു പുറമേ കൊച്ചുകുട്ടികൾക്കായി ബേബി സിറ്റിംഗും അവൾ നടത്തി. ഏതു സമയത്തും ഒന്നോ രണ്ടോ കൊച്ചുകുട്ടികൾ വാശി പിടിയ്ക്കുന്നതിന്റെയും അമ്മായിഅമ്മ അവരെ കൊഞ്ചിയ്ക്കുന്നതിന്റെയും ശബ്ദം ഷോപ്പിലെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ വാശിക്കരച്ചിലുകൾ കൂടുതലാകുമ്പോൾ രേണു വിനയം നിറഞ്ഞ ക്ഷമാപണത്തോടെ അകത്തെ മുറിയിലേയ്ക്ക് പോകാറുണ്ടായിരുന്നു.

രണ്ട് ചപ്പാത്തിയും ദാലും കുറച്ച് ചോറും കറിയും സലാഡും അച്ചാറും തൈരും അടങ്ങുന്ന ഹോം ഫുഡും രേണുവിന്റെ ഫ്ലാറ്റിൽ ആവശ്യക്കാർക്ക് ലഭ്യമായിരുന്നു. തൊട്ടടുത്ത മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായിരുന്നു കൂടുതലും ആ ഭക്ഷണം കഴിച്ചിരുന്നത്.

പലതരം അച്ചാറുകളും അവൾ തയാർ ചെയ്തു വിറ്റിരുന്നു.

ഒരു നിമിഷം പോലും വിശ്രമമില്ലാത്ത, പമ്പരം പോലെ രേണു പകലുകൾ ചെലവാക്കി.

കുറച്ച് നാൾക്കകം എനിക്ക് അവളുടെ ഫ്ലാറ്റിലും സ്വാഗതം ലഭിച്ചു. ഞാൻ ആ വൃദ്ധയായ അമ്മയ്ക്കൊപ്പം ഗുരുദ്വാരയിൽ പോയി. കുഞ്ഞുങ്ങളുടെ കൂടെ പാർക്കിൽ ചെന്നിരുന്ന് ഐസ്ക്രീമും വെന്ത ചോളവും തിന്നുകയും മനം നിറയുവോളം ഊഞ്ഞാലാടുകയും ചെയ്തു.

അമ്മയിൽ നിന്നാണ് രേണു ഒരു വിധവയാണെന്ന് ഞാനറിഞ്ഞത്.

ആക്സിഡന്റിൽ മകൻ മരിയ്ക്കുകയും ചിതറിപ്പോയ ആ ശവശരീരം കണ്ട് അച്ഛൻ നെഞ്ചു തകർന്ന് യാത്രയാവുകയും ചെയ്ത ഇരട്ട ദുരന്തമായിരുന്നു അവരുടേത്.

കണ്ണീരില്ലാത്ത, ശില പോലെയുള്ള അവരുടെ മുഖത്തു നോക്കി ഞാൻ നിശ്ശബ്ദയായിരുന്നു.

ആ ദുരന്തത്തിൽ നിന്ന് കൈയും കാലുമിട്ടടിച്ച് ആഞ്ഞു തുഴഞ്ഞ് കര കയറുവാൺ രേണു പരിശ്രമിയ്ക്കുകയാണ്.

എന്റെ വീട്ടുടമസ്ഥ എന്നോട് പറഞ്ഞു. ‘ആ അമ്മയ്ക്ക് ഇവിടെ കിടന്ന് പാടുപെടേണ്ട ഒരു കാര്യവുമില്ല. ഫാക്ടറിയും കാറും ബംഗ്ലാവുമൊക്കെയുള്ള ഒരു മോനുണ്ട്. അവന്റെ കൂടെ പോയി സുഖമായിട്ട് കഴിയാം. മരുമകളും നല്ല കൂട്ടത്തിലാണ്. സ്നേഹവും മര്യാദയുമുണ്ട്. എന്നാലും തള്ള പോവില്ല എന്നു വെച്ചാൽ……’

‘അച്ഛൻ ഒടുവിൽ താമസിച്ചിരുന്നതിവിടെയായതു കൊണ്ടാവാം‘ എന്ന് വീട്ടുടമസ്ഥ സംഭാഷണം അവസാനിപ്പിച്ചു.

തയിയ്ക്കാൻ കൊടുത്ത തുണികൾ വാങ്ങുവാൻ ചെന്ന ദിവസം അമ്മയുടെ പണക്കാരനായ മകനെ കാണാനിടയായി.

വീട്ടുടമസ്ഥ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് എനിക്ക് ബോധ്യമായി.

മകനെയും ഭാര്യയേയും സ്നേഹത്തോടെ യാത്രയാക്കിയ അമ്മയോട് ഞാൻ അന്വേഷിച്ചു.

‘അവരുടെ കൂടെ പോയി പാർക്കാത്തതെന്ത്? പ്രത്യേകിച്ച് മരുമകൾ ഇത്ര സ്നേഹത്തോടെ വിളിയ്ക്കുമ്പോൾ……….ചിലപ്പോൾ ആരോഗ്യവും മെച്ചമായാലോ?’

അമ്മ ചിരിച്ചു.

‘ഞാൻ മാത്രം സുഖമായിരുന്നാൽ മതിയോ? ഞാൻ കൂടി പോയാൽ കാണാനഴകുള്ള ഈ കൊച്ചുപെണ്ണിന് ആരുടെയൊക്കെ ശല്യമുണ്ടാകുമെന്ന് ഓർത്തു നോക്കീട്ടുണ്ടോ?’

എനിക്ക് ഒരടി കിട്ടിയതു പോലെ തോന്നി.

അവർ തുടർന്നു.

‘ഞാനിവിടെയായതുകൊണ്ട് ചെറിയവൻ ഇടയ്ക്ക് വരും. കൊച്ചുങ്ങൾക്ക് ഇളയച്ഛന്റെ ഒരു നോട്ടമെങ്കിലും കിട്ടും. ഇവിടത്തെ കാര്യങ്ങൾ അവനും അറിയും’

ഞാൻ തല കുലുക്കി.

ആ കുടുംബവും ഞാനുമായുള്ള സൌഹൃദത്തിന് ആഴം വർദ്ധിച്ചുകൊണ്ടിരുന്നു. എനിക്ക് നല്ല വസ്ത്രങ്ങൾ തെരഞ്ഞെടുത്തു തരുന്നതിൽ രേണു ഔത്സുക്യം പ്രദർശിപ്പിച്ചു. പലപ്പോഴും ബ്യൂട്ടി ടിപ്പുകൾ നൽകി. പാചകം ചെയ്യാൻ മടിയുള്ള ഞാനിടയ്ക്കിടെ അടുക്കള അടച്ചിടുകയും അവളുടെ ഹോം ഫുഡ് വരുത്തി സ്വാദോടെ ഭക്ഷിയ്ക്കുകയും ചെയ്തു.

കല്യാണപ്പാർട്ടിയ്ക്ക് പോകാനായി അലുക്കും തൊങ്ങലുകളുമുള്ള ചില ഫാഷൻ വസ്ത്രങ്ങളുമന്വേഷിച്ചാണ്, ഒരു മാസം കഴിഞ്ഞ് ഞാൻ രേണുവിന്റെ ഷോപ്പിലെത്തിയത്.

അമ്മ പതിവില്ലാതെ മേശയ്ക്കു പുറകിൽ ഇരിയ്ക്കുന്നുണ്ടായിരുന്നു. കൂടാതെ അയൽ പക്കത്തെ ചില വീട്ടമ്മമാരും അവിടെ സന്നിഹിതരായിരുന്നു.

അല്പം ആഡംബരത്തോടെയുള്ള ഒരു വസ്ത്രവും കൈയിൽ പിടിച്ച് ആലോചിച്ചിരുന്ന എന്നോട് അത് എടുത്തണിയുവാൻ രേണു നിർബന്ധിച്ചുകൊണ്ടിരുന്നു. അത്തരം ചില മുന്തിയ വസ്ത്രങ്ങൾ അവൾ എന്നെ കാണിച്ചു.

എല്ലാ സ്ത്രീകളും ആവേശത്തോടെ ആ വസ്ത്രങ്ങൾ പരിശോധിച്ചു.

മാമ്പഴത്തിന്റെ നിറവും മനോഹരമായ ചിത്രപ്പണികളുള്ളതുമായ ഒരു സൽവാർ കമ്മീസ് ഉയർത്തിക്കാട്ടി രേണു എന്നോട് പറഞ്ഞു. ‘ഇതെടുത്തോളൂ. ഇത്തരം ഒരെണ്ണമേ ബാക്കി ഉള്ളൂ.‘

അയല്പക്കക്കാരി വീട്ടമ്മയും എന്നെ പ്രോത്സാഹിപ്പിച്ചു.

‘അതെ എടുത്തോളൂ. രേണുവിന് ഒരു സഹായമാകും. ഇതു പോലത്തേതൊക്കെ ശേഷിച്ചാൽ അവൾക്ക് സ്വന്തമായി ഉപയോഗിയ്ക്കാനും പറ്റില്ല. പാവം, അവൾ ഒരു ഭാഗ്യമില്ലാത്ത വിധവയല്ലേ? ദൈവം അവൾക്ക് ഈ ഗതി വരുത്തിയല്ലോ.’

‘ശരിയാണ്. ഞാൻ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപം കൊണ്ടായിരിയ്ക്കും അദ്ദേഹം ഇത്ര പെട്ടെന്ന്…………. ‘രേണുവിന്റെ ശബ്ദം ഇപ്പോൾ ഇടറി.

കണ്ണുനീർ ആ ഭംഗിയുള്ള കവിൾത്തടങ്ങളിലൂടെ ഒഴുകി വീണു.

‘അല്ല, രേണു. നീ ഒരു പാപവും ചെയ്തിട്ടില്ല. നീ നിർഭാഗ്യവതിയുമല്ല. ഭാഗ്യമില്ലാത്തത് എന്റെ മകനാണ്. നിന്നെപ്പോലെ ഒരു പെണ്ണിനോടൊപ്പം ജീവിയ്ക്കാനുള്ള ഭാഗ്യം അവനുണ്ടായില്ല. പിന്നെ ആ ഉടുപ്പ് ഇഷ്ടമായില്ലെങ്കിൽ എടുക്കേണ്ട. അത് രേണുവിന് നന്നേ ചേരും. ബന്ധുക്കളുടെ കല്യാണപ്പാർട്ടിയ്ക്ക് ആ ഉടുപ്പും ധരിപ്പിച്ച്, എനിക്കെന്റെ സുന്ദരിയായ മരുമകളേയും കൊണ്ട് പോകാമല്ലോ.’

അമ്മയുടെ ഉറച്ച വാക്കുകൾ മുറിയിൽ ഇറുത്തെടുക്കാവുന്ന മൌനം നിർമ്മിച്ചു. പൊട്ടും പൂവും വർണ്ണാഭമായ വസ്ത്രങ്ങളും ധരിച്ച സുമംഗലികൾക്കാർക്കും തന്നെ അത് ഭേദിയ്ക്കാനായില്ല.

തണുത്ത കാറ്റ് ജനലിലൂടെ അകത്തേയ്ക്ക് വന്നു കൊണ്ടിരുന്നു.

20 comments:

Brother Muneer said...

Hai good story....touching character... visit this blog www.moral-stories.blogspot.com

പട്ടേപ്പാടം റാംജി said...

നന്നായ്‌ നൊമ്പരം ഉണര്‍ത്തിയ കഥ.
ഒരു വിധവയുടെ ജീവിതം ചെറുതായ്‌
പറഞ്ഞെങ്കിലും മനസ്സില്‍ തട്ടി.

കൂതറHashimܓ said...

പാവം രേണു.. :(
എനിക്ക് സങ്കടായി

ശ്രീ said...

കുടുംബ ബന്ധങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ സ്നേഹം എന്തെന്ന് തെളിയ്ക്കുന്ന കഥ

എന്‍.ബി.സുരേഷ് said...

എച്മു, നല്ല കഥാതന്തുവുവും, കഥാന്തരീക്ഷവും പറഞ്ഞു വച്ചിട്ടു ഒന്നുമല്ലാത്ത രീതിയില്‍ അവസാനിപ്പിച്ചു കളയുന്ന ഈ രീതി എനിക്കിഷ്ടപ്പെടുന്നില്ല. ഈ കഥയില്‍ ഒരു ഉത്തരേന്ത്യന്‍ പശ്ചാതലമുണ്ട്. ഒരു വിധവയായ സ്ത്രീ അതിജീവിക്കാന്‍ പെടുന്ന കഷ്ടപ്പാടുമുണ്ട്. അതില്‍ ഭയങ്കരമായി സഹതപിക്കുന്ന അമ്മായിയമ്മയും അയല്‍ക്കാരുമൂണ്ട്. അതിലപ്പുറം കഥയില്‍? ചില ഇമേജസുമൂണ്ട്. ഒന്നോ രണ്ടോ വ്യത്യസ്ത കഥാപാത്രങ്ങളെയോ കഥാപശ്ചാത്തലമോ അല്ലല്ലോ കഥ. തീക്ഷ്ണമായ സന്ദര്‍ഭങ്ങള്‍ വരട്ടെ. കഥ പറയുന്നതിലും വിഷയങ്ങള്‍ കണ്ടെത്തുന്നതിലും എച്മുവിനു മുന്നേറാന്‍ പറ്റുമെന്നുള്ള ആത്മാര്‍ത്ഥമായുള്ള വിശ്വാസത്തിന്റെ പേരില്‍ പറയുകയാണ്. പ്ലീസ്. ചിന്താവിഷ്ടയായ ശ്യാമള സിനിമ ഇങ്ങനെയൊക്കെയാണ്. എച്മു നോര്‍ത് ഇന്ത്യയിലാണല്ലേ.

Echmukutty said...

അബുവിനും രാംജിയ്ക്കും ഹാഷിമിനും ശ്രീയ്ക്കും നന്ദി.
സുരേഷിന്റെ അഭിപ്രായത്തെ ഗൌരവത്തിലെടുക്കുന്നു.കൂടുതൽ നന്നായി എഴുതുവാൻ പരിശ്രമിയ്ക്കാം.
ഇനിയും വന്ന് അഭിപ്രായങ്ങൾ പറയുമല്ലോ. നന്ദി.

jayanEvoor said...

മുകളിൽ എൻ.ബി.സുരേഷ് പറഞ്ഞത് ശരിയാണ്.
കുറെക്കൂടെ സാവകാശമെടുത്ത്, പരിണാമഗുപ്തിയൊക്കെച്ചേർത്ത് പുതിയ പുതിയ കഥകൾ പോരട്ടേ!

ആശംസകൾ!

Vayady said...

എനിക്കെന്തോ പതിവുപോലെ ഈ കഥ അത്ര സുഖിച്ചില്ല. നന്നായിട്ടിലെന്നല്ല അര്‍‌ത്ഥം. ഇതിനും നന്നാകാറുണ്ട് എന്നാണ്‌ ഉദ്ദേശിച്ചത്. തെറ്റു തിരുത്താനുള്ള അറിവെനിക്കില്ല അതുകൊണ്ട് അറിവുള്ളവരുടെ വാക്കുകള്‍ ശ്രദ്ധിക്കുക.

എറക്കാടൻ / Erakkadan said...

വിഷമായി..സത്യം

ചേച്ചിപ്പെണ്ണ്‍ said...

ithoru kadhayanu ..
kadha mathram ..
allenkil ithu mathram aanu kadha,,,

ഒഴാക്കന്‍. said...

നൊമ്പരം ഉണര്‍ത്തിയ കഥ :(

Manoraj said...

കഥയിലൂടെ പറയാൻ ശ്രമിച്ചത് മനോഹരമായ ഒരു കാര്യം. പക്ഷെ ലാൻഡിങ് ക്രാഷ് ആയൊ എന്നൊരു സംശയം ഇല്ലാതില്ല. മറ്റൊന്നുമല്ല.. അത്രയും സ്നേഹസമ്പന്നയായ അമ്മക്ക് വേണമെങ്കിൽ മരുമകളെ അവിടെ പിടിച്ച് നിർത്താതെ മറ്റൊരാളുടെ കൈപിടിച്ച് കൊടുക്കാമായിരുന്നു.. അങ്ങിനെ വേണമെന്നല്ല കേട്ടോ ഒരു ഉദാഹരണം. പക്ഷെ, എച്മു. കഥയെഴുത്തിന്റെ സങ്കേതങ്ങൾ അതി മനോഹരമായിട്ടുണ്ട്.. ഉത്തരേന്ത്യൻ ടച്ച് ഒന്നും എനിക്ക് തൊന്നിയില്ല..

sm sadique said...

എഴുത്തുകാരിയുടെ ചിന്തയില്‍ ഇടപെടുന്നില്ല . ചിലര്‍ക്കുണ്ടാകുന്ന സങ്കടങ്ങളില്‍ നിന്നും മോചനമില്ല എന്ന സത്യം ഈ കഥ വെളിവാക്കുന്നു . കുടുംബബന്ധങ്ങളിലെ സത്യം ഇതില്‍ നിറയുന്നു .

വരയും വരിയും : സിബു നൂറനാട് said...

കഥാപാത്രങ്ങള്‍ മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നി :-)
പക്ഷെ കഥ അവസാനിപ്പിച്ചത് പെട്ടെന്നായത് പോലെ...

മുകിൽ said...

കഥ വായിച്ചു. കഥ ചുരുക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചോ എന്നു സംശയം.കുറച്ചും കൂടെ വിസ്താരമാവാമെന്നു തോന്നി. എന്നാല്‍ കുറച്ചുകൂടെ ബലം വന്നേനെ. അപ്പോ... അടുത്തതു പോരട്ടെ!

tt said...
This comment has been removed by a blog administrator.
റോസാപ്പൂക്കള്‍ said...

‘അല്ല, രേണു. നീ ഒരു പാപവും ചെയ്തിട്ടില്ല. നീ നിർഭാഗ്യവതിയുമല്ല. ഭാഗ്യമില്ലാത്തത് എന്റെ മകനാണ്. നിന്നെപ്പോലെ ഒരു പെണ്ണിനോടൊപ്പം ജീവിയ്ക്കാനുള്ള ഭാഗ്യം അവനുണ്ടായില്ല"
അമ്മായിയമ്മയെയും രേണുവിനെയും ഇഷ്ടമായി.
എല്ലാവരും പറഞ്ഞപൊലെ എച്ചു ഒരു ക്രാഷ്ലാന്‍ഡിങ്ങ് നടത്തിക്കളഞ്ഞു.എങ്കിലും പറഞ്ഞിരിക്കുന്ന രീതി അഭിനന്ദനാര്‍ഹം തന്നെ.

Echmukutty said...

ജയൻ,
വായാടി,
എറക്കാടൻ,
ചേച്ചിപ്പെണ്ണ്,
ഒഴാക്കൻ,
മനോരാജ്,
സാദിക്,
സിബു,
മുകിൽ,
റോസാപ്പൂക്കൾ
എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.പ്രോത്സാഹനത്തിനു, നല്ല പ്രതീക്ഷകൾക്ക് - അതിനൊത്തുയരുവാൻ ആത്മാർഥമായി പരിശ്രമിയ്ക്കണമെന്നുണ്ട്. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

ajith said...

അത്രയങ്ങിഷ്ടപ്പെട്ടില്ല

നളിനകുമാരി said...

ഇത്രയും നല്ലൊരു അമ്മായിയമ്മ...അതും ഒരു ഭാഗ്യമാണേ