എന്നും സന്ധ്യ മയങ്ങിയാൽ ഒരു പാട്ട് കേൾക്കാം.
കള്ളോളം നല്ലോരു……..
കണ്ണഞ്ചോവന്റെ പാട്ടാണ്. പാട്ടത്തിനെടുത്ത പറമ്പുകളിൽ വാഴക്കൃഷി ചെയ്തിരുന്ന കള്ളു കുടിയൻ. ഉടുത്ത മുണ്ടഴിച്ച് തലയിൽ കെട്ടി ഇടവഴിയുടെ വീതിയളന്നും പല വീടുകളുടേയും വേലിയിൽ ചെന്നു കയറിയും പലപ്പോഴും മുട്ടുകാലിൽ ഇഴഞ്ഞും ഒക്കെ പോകുന്നയാൾ.
പാറുക്കുട്ടി പ്രാകും, ‘പണ്ടാരം വല്ല കെണറ്റിലോ ചാലിലോ വീണ് ചാവ്ണില്ല്യാല്ലൊ. എന്നും സന്ധ്യാമ്പോ ഇവന്റെ തെറിപ്പാട്ട് കേക്കണംന്നാ നാട്ടാര്ടെ തലേലെഴുത്ത്.‘
അമ്മീമ്മ വിലക്കുന്നത് പാറുക്കുട്ടിയ്ക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ കണ്ണഞ്ചോവനെ പ്രതി അവർ തർക്കിച്ചു പോന്നു.
‘നെറഞ്ഞ സന്ധ്യാമ്പോ ആരേം പ്രാകരുത്, പാറൂട്ടി. അവൻ കള്ളു കുടിച്ച് അവനാനെ നശിപ്പിയ്ക്കുമ്പൊ നമ്മളായിട്ട് പ്രാകീം കൂടി നാശം അധികാക്കണ്ട. പെണ്ണുങ്ങൾടെ പ്രാക്ക് ഫലിയ്ക്കുംന്നാ പറയാ’
‘പിന്നേ ഫലിയ്ക്കും. ന്ന്ട്ട് ഭാര്യേ ചതച്ച് കൊല്ലണ ആണങ്ങള് ചോര തൂറ്റിച്ചാവല്ലേ. ഭാര്യ ചത്താ പെല മാറുമ്പളയ്ക്കും വേറൊരുത്തീന്റെ കൂട്യാ പൊറുക്കും. അതന്നെ. കള്ളു കുടിയന്മാരെ ഒക്കേറ്റിനേം തല്ലിക്കൊല്ലണം.‘
പാറുക്കുട്ടിയുടെ ഉറച്ച അഭിപ്രായമാണത്.
ഈ തർക്കങ്ങൾക്ക് കാരണമായ കണ്ണഞ്ചോവനെ ഞാനും അനിയത്തിയും ഭയപ്പെട്ടിരുന്നു. കള്ളുകുടിയൻ എന്ന ഭീകരജീവിയെക്കുറിച്ചോർത്ത് ഞങ്ങൾ പലപ്പോഴും അസ്വസ്ഥരായി. പകൽ വെളിച്ചത്തിൽ വല്ല മദ്യപാനികളെയും കാണാനിടയായാൽ പാമ്പിനെ കാണുമ്പോഴെന്ന പോലെ നടുങ്ങി. വലിയ ധൈര്യശാലിയെന്ന് നാട്ടിലെ സ്ത്രീകളൊക്കെ വാഴ്ത്താറുള്ള അമ്മീമ്മയ്ക്കും കള്ളുകുടിയന്മാരെ കാണുന്നത് അത്ര പഥ്യമൊന്നുമായിരുന്നില്ല.
അതീവ ധനികരും പ്രതാപശാലികളുമായ സഹോദരന്മാരുമായി സ്വന്തം കിടപ്പാടത്തിനു വേണ്ടിയുള്ള കേസ് വാദിയ്ക്കേണ്ട ദൈന്യത്തിലായിരുന്നു അക്കാലത്ത് അമ്മീമ്മ. അതി ദീർഘമായി തുടർന്ന ഒരു സമരത്തിന്റെ ആദ്യ കാലമായിരുന്നു അത്.
അങ്ങനെയൊരിയ്ക്കൽ………… ഒരു സ്കൂളവധി ദിനത്തിൽ………
വക്കീലുമായുള്ള നെടു നീളൻ ചർച്ചകൾക്കു ശേഷം ഞങ്ങൾ മൂവരും കൂടി തിരിച്ച് വരികയായിരുന്നു. പകുതി ദൂരം ബസ്സിൽ യാത്ര ചെയ്ത് ബാക്കി വലിയ ഒരു നെൽപ്പാടം നടന്നു കയറി വീട്ടിന്റെ പുറകു വശത്തെ നാട്ടിടവഴിയിൽ എത്താനായിരുന്നു അമ്മീമ്മ മുതിർന്നത്. അപ്പോൾ ബസ്സു കൂലി ലാഭമുണ്ടാകും. കുറച്ച് ദൂരവും കുറയും.
മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന ഞാനും രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്ന അനിയത്തിയും അമ്മീമ്മയ്ക്കൊപ്പം പാടത്തു കൂടി നടന്നു വരുമ്പോൾ അപ്രതീക്ഷിതമായി വലിയ ഒരിടി വെട്ടി, മാനം കറുത്തിരുണ്ടു, സെക്കന്റുകൾക്കകം ആരോടൊ വൈരാഗ്യം തീർക്കുന്ന മാതിരി മഴ ആർത്തിരമ്പി പെയ്യുവാൻ തുടങ്ങി.
കണ്ണു കാണാത്ത വിധത്തിൽ കോരിച്ചൊരിയുന്ന മഴ, ശക്തിയായ ഇടിയും മിന്നലും കാറ്റും, പേടിച്ചരണ്ട രണ്ട് കുഞ്ഞുങ്ങൾ, വിജനമായ വലിയ പാടം …….. നടക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ലാതിരുന്നതു കൊണ്ട് അമ്മീമ്മ നടന്നു.
പെട്ടെന്നാണ് ചെളിയഴുകിയ വരമ്പിൽ നിന്ന്, അരികിലെ വാഴത്തോപ്പിലുണ്ടായിരുന്ന പൊട്ടക്കിണറ്റിലേയ്ക്ക് ഒരു വലിയ നിലവിളിയോടെ അവർ താഴ്ന്നു പോയത്.
ആ നിലവിളിയും അപ്പോഴുണ്ടായ നടുക്കവും ഭീതിയും ഇന്നും എന്നിൽ അനാഥത്വത്തിന്റെ നെഞ്ചു പൊട്ടലായി ബാക്കി നിൽക്കുന്നു.
ഞങ്ങൾ രണ്ടു പേരും അലറിക്കരഞ്ഞു.
ആ പെരു മഴയത്ത് ആരു കേൾക്കാനാണ്?
വാഴത്തോപ്പിൽ അപ്പോൾ പ്രത്യക്ഷപ്പെട്ട രൂപത്തിന്റെ പേരാണ് ദൈവം.
‘എന്താ മക്കളേ ഇവ്ടെ?’ എന്നു ചോദിച്ച കണ്ണഞ്ചോവനോട് കരച്ചിലിനിടയിൽ പൊട്ടക്കിണർ ചൂണ്ടിക്കാണിയ്ക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.
കിണറ്റിൽ എത്തി നോക്കിയ അയാൾ അമ്മീമ്മയെ കണ്ട് ഞെട്ടി, എങ്കിലും ഞങ്ങളെ ആശ്വസിപ്പിച്ചു.
‘ഹേയ്, മക്കള്‍ കരേല്ലെ….. ദൊരു കുഴിയല്ലേന്നും പൊട്ടക്കുഴി….ദിപ്പോ പിടിച്ച് കേറ്റാം തമ്പ് രാട്ട്യെ……‘
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
കണ്ണൻ ഉച്ചത്തിലൊന്നു കൂക്കി.
മഴ തോറ്റു പാളീസടിച്ച ആ കൂക്കിന്റെ ശബ്ദത്തിനുത്തരമായി മൂന്നാലു പേർ വാഴത്തോപ്പിൽ നിന്നിറങ്ങി വന്നു. അതിലൊരാൾ അമ്മീമ്മയുടെ പൂർവ വിദ്യാർത്ഥിയായിരുന്നു.
അവരെല്ലാവരും ചേർന്ന് അമ്മീമ്മയെ ആ പൊട്ടക്കിണറ്റിൽ നിന്ന് ഉയർത്തിയെടുത്തു.
അമ്മീമ്മയെ കണ്ടപ്പോഴാണ് ഞങ്ങൾ പിന്നെയും ഉച്ചത്തിൽ കരഞ്ഞു പോയത്…….
അവരുടെ സാരി കീറിയിരുന്നു, മുഖത്തും കൈയിലും ഒക്കെ പരിക്കേറ്റിരുന്നു. ദേഹത്താകെ ചെളി പുരണ്ടിരുന്നു. എങ്കിലും അമ്മീമ്മ ചിരിച്ചു.
‘ഒരു വേരുമ്മേ പിട്ത്തം കിട്ടീ കണ്ണാ. ദൈവാധീനം, അതോണ്ട് താഴേയ്ക്ക് പോയില്ല. പാമ്പും പഴ്താരേം ഒന്നും വന്ന് കടിച്ചില്ല്യ. നിക്ക് നല്ല ഭാഗ്യണ്ട്. ശര്യല്ലേ ജോസെ?’
അമ്മീമ്മയുടെ പൂർവ വിദ്യാർത്ഥി തല കുലുക്കി.
വക്കീലിനെ കണ്ട് മടങ്ങുകയായിരുന്നു അമ്മീമ്മ എന്നറിഞ്ഞപ്പോൾ, കണ്ണൻ സമാധാനിപ്പിയ്ക്കാൻ മറന്നില്ല. ‘തമ്പ് രാട്ട്യന്നെ ജയിയ്ക്കും, സത്യം പുലരണ നേരം മാത്രേ കാക്കണ്ടു.‘
കാരുണ്യത്തോടെ ജോസ് ക്ഷണിച്ചു. ‘ടീച്ചറെ, ദാ വാഴോൾടപ്പറത്താ ന്റെ വീട്, അങ്ങട്ആ പോയിട്ട് മഴ തോർന്നേപ്പിന്നെ മഠത്തിൽക്ക് പോയാ മതി. ഞാൻ ക്ടാങ്ങളെ സൈക്കിളുമ്മേ കൊണ്ടാക്ക്യരാം.‘
അങ്ങനെ ഞങ്ങൾ ജോസിന്റെ വീട്ടിലെത്തി, മഴ അല്പം ശമിച്ചിരുന്നു അപ്പോഴേയ്ക്കും.
ചാണകം മെഴുകിയ തറയുള്ള ഒരു കൊച്ച് വീടായിരുന്നു അത്. വരാന്തയിൽ നനഞ്ഞ കോഴികളും ഒരു പട്ടിയും പിന്നെ ഒരു പൂച്ചയും വിശ്രമിച്ചിരുന്നു. തൊട്ടപ്പുറത്തെ തൊഴുത്തിൽ എരുമകളും.
ജോസിന്റെ അമ്മ കൊടുത്ത വെള്ളമുപയോഗിച്ച് അമ്മീമ്മ ചെളിയെല്ലാം കഴുകിക്കളഞ്ഞു. കീറിയ സാരി ഒരു മാതിരിയൊക്കെ വലിച്ച് കുത്തി. അപ്പോഴേയ്ക്കും ആ അമ്മ മടിച്ച് മടിച്ച് മൂന്നു ചില്ലു ഗ്ലാസ്സിൽ ചായ കൊണ്ടു വന്നു.
‘ഇത്തിരി ചായ, തൺപ്പല്ലേന്ന്ച്ചട്ടാ. ടീച്ചറ് കുടിയ്ക്കൊ ഞങ്ങടെ ചായ?‘
അമ്മീമ്മ ചിരിച്ചുകൊണ്ട് കൈ നീട്ടി.
ചായ ഗ്ലാസ്സിന് പരിചയമില്ലാത്ത ഒരു മണമുണ്ടായിരുന്നു. ഞാൻ പതുക്കെ ചിണുങ്ങി നോക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. അമ്മീമ്മയുടെ കണ്ണുകൾ ഒരു താക്കീതോടെ തീക്ഷ്ണമായി.
മഴ മാറിയപ്പോൾ ജോസ് ഞങ്ങൾക്കൊപ്പം വീടു വരെ വന്നു.
സന്ധ്യ കഴിഞ്ഞ് , കണ്ണന്റെ കള്ളോളം………….. എന്ന പാട്ട് നാട്ടിടവഴിയിൽ മുഴങ്ങി, പതിവു പോലെ.
ഞങ്ങൾക്ക് ദേഷ്യമോ വെറുപ്പോ ഭയമോ തോന്നിയില്ല.
കണ്ണൻ ദൈവമായിക്കഴിഞ്ഞിരുന്നു.
25 comments:
<<< ഞങ്ങൾ രണ്ടു പേരും അലറിക്കരഞ്ഞു >>>
പേടിപെടുത്തുന്ന കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പ്രതികരിക്കാനുള്ള ഒരേഒരു മാര്‍ഗം,
അമ്മീമ്മക്ക് ഒന്നും പറ്റിയില്ലല്ലോ സന്തോഷം.. :)
കണ്ണന്റെ നല്ല മനസ്സ് ഇഷ്ട്ടായി.. :)
എച്മുവിന്റെ കഥ/അനുഭവം/ഓര്‍മ്മകള്‍/ക്ക് വല്ലാത്തൊരു നാട്ടുമൊഴിച്ചൂരുണ്ട്.
അപാരമായ ഗ്രാമീണജീവിത ചിത്രങ്ങളും അതില്‍ കലരുന്നു.
നാളെ നമ്മുടെ കുട്ടികള്‍ക്ക് ഷോക്കേസില്‍ പോലും കാണാന്‍ കഴിയാത്ത കേരളീയഗ്രാമീണത.
ഇത് ഒരു തരം കരുതല്‍ ശേഖരങ്ങളാണ്.
മുക്താര്‍ ഉദരമ്പൊയ്ലിന്റെ ബ്ലോഗ്ഗില്‍ ചെന്നാലും കാണാം ഇത്തരം ഗ്രാമീണ ഭാഷയും സ്നേഹവും, കാരുണ്യവും, മനുഷ്യന്റെ പാരസ്പര്യങ്ങളുമെല്ലാം.
എല്ലാം ഓര്‍ത്തെടുത്ത് മണ്ഭരണിയിലെന്നപോലെ അടുത്ത കാലത്തിനായി സൂക്ഷിച്ചു വയ്ക്കുന്നു.
എച്മു നേരിടുന്ന ഒരു പ്രശ്നം അത് ഏത് രൂപത്തിലാക്കനം എന്നതാണ് അതാണ് ലേബലില്‍ പോലും കണ്ഫ്യുഷന് വയ്ക്കുന്നത്.
ഇവിടെയും നല്ല ഒരു മനുഷ്യദര്ശനമുണ്ട്.
നന്നായി ധ്യാനിച്ച്, ക്രാഫ്റ്റുണ്ടാക്കി ഏത് പ്രിന്റ് മീഡിയയ്ക്ക് കൊടുത്താലും അച്ചടിക്കാവുന്ന ഒരു കഥയായി രൂപപ്പെടാവുന്ന ഒന്ന്. പക്ഷെ, മനസ്സില്‍ കൂമ്പാരം കിടക്കുന്ന കാര്യങ്ങളെല്ലാം പങ്കു വയ്ക്കാനുള്ള വെമ്പല്‍ കൊണ്ടോ എന്തോ ഒരു ആശയത്ഥെ പറ്റിയ രൂപത്തിലേക്കു മോള്‍ഡ് ചെയ്യാന്‍ എച്മു കാത്തു നില്ക്കുന്നില്ല.
അത് എന്നില്‍ ഒരു തരം നിരാശ ഉണ്ടാക്കുന്നു. നല്ലൊരു കഥാകാരി സ്വയം തിടുക്കം കാണിച്ച് പ്രതിഭ ചെറുതാക്കരുത്
സുരേഷ് പറഞ്ഞത് ശരിയാണ്. കരുത്തുറ്റ ഒരു കഥാകാരിയുടെ അഗ്നിസ്പര്‍ശം....കുറച്ചുദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തി വായച്ച പോസ്റ്റുകളില്‍ ഏറ്റവും ഹൃദയസ്പര്‍ശി ആയത് ഇത് തന്നെ.....സസ്നേഹം
ഇതാ സത്യം, ഒരു നിമിഷമോ ഒരു പ്രവൃത്തിയോ മതി ചില അഭിപ്രായങ്ങള്‍ മാറാന്‍.കണ്ണന്റെ സഹായം എനിക്ക് ശരിക്ക് ഫീല്‍ ചെയ്തൂട്ടോ
നല്ല അനുഭവ കഥ.
ഇഷ്ടപ്പെട്ടു.
നല്ല കഥ .....ഇത് പോലെ ഉള്ള കള്ള് കുടിയന്മാര് കഥകള്‍ ഒരുപാട് ഉണ്ടാവും നാട്ടിന് പുറങ്ങളില്‍
ishtappettu orupaad..
oru mail .. athinu oru sheelam aakkikkollu ..tto
nandi
ezhuthunnathinu
നല്ല അനുഭവ കഥ. ഇഷ്ട്ടായി ട്ടോ
എഴുത്ത് മനോഹരം പ്രായം കാലം സ്ഥലം ഒക്കെ പ്രതിഫലിപ്പിക്കുന്ന ഭാഷ .ഒരു നിമിഷം കൊണ്ട് ചെകുത്താൻ ദൈവമായി മാറുന്നു ചിലപ്പൊ തിരിച്ചും .വളരെ ഇഷ്ട്ടായി ഈ പോസ്റ്റ്
ഹോ!!! ഞാന്‍ ഇവിടെ ആദ്യണ്.
വെറുതേ പോയവഴിക്ക് ഒന്നു കേറിയത.നോക്കതെ പോയെങ്കില്‍...പോയെങ്കില്‍...ആ നഷ്ടത്തിന്റെ ഭീകരതയെ കുറിച്ച് ഓര്‍ക്കാന്‍ വയ്യ.
എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല.
അത്രയ്ക്കും നന്നായി.
സുരേഷിനോട്,ഒരുയാത്രികനോട് ഒക്കെ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.
ആ കഥ പറയുന്ന രീതിയില്‍ വരുന്ന തിടുക്കം ഒഴുവാക്കിയാല്‍ താന്‍ നാളത്തെ(ഇന്നത്തെയും)ആരൊക്കെയോ ആണ്.
ആശംസകള്‍!!!
എത്ര പെട്ടെന്നാണയാള്‍ ദൈവമായി മാറിയതു് ഇല്ലേ? നമ്മുടെ ചില മുന്‍ വിധികള്‍ ഇങ്ങനെയൊക്കെയാണ്.
നന്നായിട്ടുണ്ട് ...അമ്മീമ്മക്ക് ഒന്നും പറ്റിയില്ലല്ലോ...ഭാഗ്യം
നാട്ടിന്‍പ്പുറം നന്മകളാല് സമൃദ്ധം എന്ന് കേട്ടത് എത്ര സത്യം. പുറമേ പരുക്കരാണെന്നും, ദുഷ്ടരാണെന്നും തോന്നുന്ന ചിലര്‍ സമൂഹത്തിലെ മാന്യരെന്ന് ഭാവിക്കുന്നവരെക്കാള് നല്ലവരായിരിക്കും. നല്ലൊരു ഗുണപാഠം ഇതില്‍ ഒളിഞ്ഞു കിടപ്പുണ്ട്.
എച്ചുമുക്കുട്ടി, പതിവുപോലെ പോസ്റ്റ് ഹൃദ്യമായിരുന്നു. ആശംസകള്‍.
വന്നിട്ടുണ്ട് .വാക്കുകള്‍ക്കു പുറകെ പായുക
"ചായ ഗ്ലാസ്സിന് പരിചയമില്ലാത്ത ഒരു മണമുണ്ടായിരുന്നു."
ഒരു വരിയിലൂടെ എല്ലാം വരയ്ക്കുന്ന ആ രീതി എച്ച്മുവിന്റെ മറ്റു കഥകളിലെന്ന പോലെ ഇതിലും നന്നായി.
ഒരാളെ കണ്ടപാടെ വിധികല്പ്പിക്കുന്ന രീതി എത്ര ബാലിശമാണെന്ന് വ്യക്തമാക്കിയ കഥ പഴയ നാട്ടറിവിലേക്ക് ഊളിയിട്ട് പോയത് ഗംഭീരമായി.
Echmukkutti,
Ninte kadhayil evideyo, ente kadhayum undu ennu thonnikkumbolanu ninte kadh jayikkunnathum, ente kadha Vijayikkunnam.
I am jealus of you,
I mean, including those who comment on, in malayalam. For some reason I have not yet learned to....
See the errors, in typing. But it has already been posted.
I am an E- idiot, i.e why.
But I have my comments on.
Typing in malayalam fonts will come later.
എച്ചുമുവിന്റെ കഥകളിലെ പച്ചപ്പും നാട്ടിന്‍പുറത്തെ ഭാഷയും ഏറെ ആസ്വദിക്കുന്നു. വല്ലാതെ കലങ്ങി ചേറ്റുവെള്ളം പോലായിക്കൊണ്ടിരിക്കുന്നു ഇപ്പോള്‍ 'ടിവി'യാളം.
ഇപ്പോഴും പഴയ ശീലുകള്‍ എഴുതാന്‍ പറ്റുന്നത് ആ പഴയ നന്മ കാക്കുന്നത് കൊണ്ടാണ്. കഥ ഇഷ്ടായി... ആശംസകള്‍
ഒരു നല്ല കഥ .ഇഷ്ടപ്പെട്ടു.
നല്ലൊരു പോസ്റ്റ് ചേച്ചീ... വായിയ്ക്കാന്‍ വൈകിയത് എന്റെ നഷ്ടം.
നേരില്‍ കാണും പോലെയോ പറഞ്ഞു കേള്ക്കുമ്പോലെയോ ആകില്ല പലരുടെയും സ്വഭാവം എന്നത് എത്ര ശരി, ല്ലേ?
പോസ്റ്റിന്റെ അവതരണം വളരെ നന്നായി. ആ സംഭവങ്ങളെല്ലാം കണ്മുന്നില് കാണും പോലെ തോന്നി.
വായിയ്ക്കുകയും അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി.
കൂടുതൽ ഭംഗിയാക്കാൻ കഴിയുന്നത്ര ശ്രമിയ്ക്കാം.
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്.....
പെട്ടെന്നാണ് ചെളിയഴുകിയ വരമ്പിൽ നിന്ന്, അരികിലെ വാഴത്തോപ്പിലുണ്ടായിരുന്ന പൊട്ടക്കിണറ്റിലേയ്ക്ക് ഒരു വലിയ നിലവിളിയോടെ അവർ താഴ്ന്നു പോയത്.
ആ നിലവിളിയും അപ്പോഴുണ്ടായ നടുക്കവും ഭീതിയും ഇന്നും എന്നിൽ അനാഥത്വത്തിന്റെ നെഞ്ചു പൊട്ടലായി ബാക്കി നിൽക്കുന്നു.
അമ്മീമ്മക്ക് ഒന്നും പറ്റിയില്ലല്ലോ സന്തോഷം.
ഇഷ്ട്ടായി
ഹാവൂ ..മോരിന് ഇത്രയും അര്‍ത്ഥങ്ങളോ...എന്റെ ഈശ്വരാ..
ഈ കഥ എനിക്ക് വല്യ ഇഷ്ടമായി കരണംട്
എന്റെ ചെറുപ്പത്തില്‍ കോഴിയും,പൂച്ചയും, ആടുകളും,പശുക്കളും എല്ലാം വീട്ടിലുണ്ടായിരുന്നു.കോഴികള്‍ അച്ചന്റെ മടിയിലിരിക്കും, പൂച്ചകള്‍ അമ്മയുടെ ഇഷ്ട തോഴര്‍,
ഇപ്പോള്‍ ഇവയൊന്നുമില്ല വീട്ടിലാര്കും എനിക്കൊഴികെ ഇഷ്ടമല്ല എന്തുചെയ്യും?
പിന്നെ കള്ളുകുടിയന്മാരേയൊക്കെ തല്ലി കൊള്ളണം എന്ന പ്രയോഗം പെരുത്ത് ഇഷ്ടായീ. പെണ്ണുങ്ങടെ പ്രാക്ക് കിട്ടാതിരിക്യ ഭേദം
നല്ല കഥ
അജയ്
ദൈവം...
Post a Comment