Sunday, May 12, 2013

മതി എന്ന രണ്ടക്ഷരം


https://www.facebook.com/echmu.kutty/posts/153916874787615

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 എപ്രില്‍  26 നു  പ്രസിദ്ധീകരിച്ചത്. )

എപ്പോഴാണ് നമുക്ക് മതി എന്നു പറയാന്‍ കഴിയുക ? 
 
നാലു ഷര്‍ട്ടുള്ളപ്പോഴും ഒരു വീടുള്ളപ്പോഴും ഒരു കാറുള്ളപ്പോഴും  അഞ്ചാമത്തെ ഷര്‍ട്ടിനേയോ രണ്ടാമത്തെ വീടിനേയോ രണ്ടാമത്തെ കാറിനേയോ ഒന്നും ആരും വേണ്ടാ എന്നു പറയാറില്ല. അഞ്ചു ഷര്‍ട്ട് ഒന്നിച്ചിടാന്‍ പറ്റാത്തപ്പോഴും രണ്ട് വീട്ടില്‍  ഒന്നിച്ചു പാര്‍ക്കാനാവാത്തപ്പോഴും രണ്ട് കാറില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ കഴിയാത്തപ്പോഴും  ഇവയെല്ലാം  ഇങ്ങനെ  ഗുണനപ്പട്ടിക മാതിരി  വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരുന്നതാണ് നമുക്കിഷ്ടം. മതിവരായ്മയുടെ ഈ മനസ്ഥിതിയെ  ഹേയ്, നമുക്കങ്ങനെ ഒന്നും ആവശ്യമുണ്ടായിട്ടല്ല എല്ലാം മക്കള്‍ക്കായി സമ്പാദിക്കുന്നതാണെന്നാണ് നമ്മള്‍ സൌകര്യപൂര്‍വം  വ്യാഖ്യാനിക്കുക. നമ്മുടെ കുട്ടികള്‍ യഥാര്‍ഥത്തില്‍ നമ്മേക്കാള്‍ കഴിവ് കുറഞ്ഞവരായിരിക്കുമോ? നമ്മള്‍ അവര്‍ക്കായി  സമ്പാദിച്ച്  അടുക്കിയടുക്കി വിശദമായി വ്യവസ്ഥപ്പെടുത്തി   വെച്ചാലേ അവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയുകയുള്ളോ? ഈ സംശയം എനിക്ക് എപ്പോഴും തോന്നാറുണ്ട്.  നമ്മുടെ കോടതികളിലെ സ്വത്തവകാശ തര്‍ക്കങ്ങള്‍ മനസ്സിലാക്കുവാന്‍  ശ്രമിക്കുന്ന ആര്‍ക്കും ഇമ്മാതിരി ഒരു തോന്നല്‍ ഉണ്ടാവാമെന്നും ഞാന്‍ വിചാരിക്കാറുണ്ട്. ഒരു തുണ്ട്  ഭൂമിക്കും ഒരു  വൈരനെക്ലേസിനും ഒക്കെ വേണ്ടിയാണല്ലോ  ഇരുപതും മുപ്പതും വര്‍ഷങ്ങള്‍  നീളുന്ന പല കേസുകളും ഉണ്ടാവുന്നത്. സ്നേഹമായി എല്ലാം പങ്കുവെച്ച്  അടുത്തു ജീവിച്ചിരുന്ന വിദ്യാസമ്പന്നരായ  മനുഷ്യര്‍ പോലും  പരസ്പരം ഒന്നു പുഞ്ചിരിക്കാന്‍ പറ്റാത്ത വിധത്തില്‍ അകന്നു പോയി ശത്രുക്കളായി  കൊലവിളിക്കുന്നത്. ഒരുപാട്  ധനവും പദാര്‍ഥങ്ങളും മനുഷ്യാധ്വാനവും ചെലവഴിച്ച് ഉണ്ടാക്കപ്പെടുന്ന പല  നിര്‍മ്മിതികളും ശാശ്വതമായി പൂട്ടിയിടപ്പെടുന്നത്.....  തച്ചുതകര്‍ക്കപ്പെടുന്നത്.   

കഴിവും മിടുക്കുമുള്ള  കുട്ടികള്‍ക്കായി മാതാപിതാക്കന്മാര്‍  ഒന്നും സമ്പാദിച്ചില്ലെങ്കിലും കഠിനമായി അധ്വാനിച്ച് അവരെല്ലാം നേടിക്കൊള്ളുമെന്ന്  പറയാറുള്ള ഒരു മുതിര്‍ന്ന സുഹൃത്തുണ്ടായിരുന്നു എനിക്ക്. കഴിവും മിടുക്കുമില്ലാത്ത കുട്ടികളാണെങ്കില്‍  മാതാപിതാക്കന്മാര്‍ കഷ്ടപ്പെട്ട്  സമ്പാദിച്ചു വെച്ചതെല്ലാം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ  നശിപ്പിച്ചു കളയുകയും ചെയ്യുമെന്ന് പറഞ്ഞ് അദ്ദേഹം ശ്വാസം മുട്ടുന്നതു വരെ  പൊട്ടിച്ചിരിക്കുമായിരുന്നു. രണ്ടായാലും നമ്മള്‍  മതിയെന്ന് വെയ്ക്കാതെ പോരാ പോരാ എന്ന  നിലപാടില്‍  ജീവിക്കുന്നത് പരമാബദ്ധമാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അത്യുദാത്തമെന്ന്  സദാ  കൊട്ടിഘോഷിക്കപ്പെടുന്ന  മനുഷ്യബന്ധങ്ങളിലെ  പൊള്ളത്തരങ്ങള്‍  നഗ്നമായി പുറത്തു വരുന്നത് മതിയെന്ന വിചാരം ആര്‍ക്കുമില്ലാതെ വരുമ്പോഴാണെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

 ഒരു വീടുണ്ടാക്കാന്‍ താല്‍പര്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം ആദ്യമായി  ഞങ്ങളുടെ  ജോലിസ്ഥലത്തു വന്നത്. പൊതുവേ സാധാരണമട്ടിലുള്ള ഗൃഹനിര്‍മ്മിതിയില്‍ ചെലവാകുന്നത്രയും പണം ചെലവാക്കാതെയും നല്ല  വീടുണ്ടാക്കാമെന്ന്  ഞങ്ങള്‍ അദ്ദേഹത്തോട്  പറഞ്ഞു.   ഇങ്ങനെയൊരു കാര്യം കേള്‍ക്കുമ്പോള്‍  ഭൂരിഭാഗം  പേരും  സ്വാഭാവികമായി എടുക്കുന്ന നിലപാട് ചെലവ് കുറഞ്ഞ ഗൃഹനിര്‍മ്മിതി മതിയെന്ന് തീരുമാനിച്ചാല്‍,  സാധാരണ മട്ടിലുള്ള ഗൃഹനിര്‍മ്മാണത്തിനു  ചെലവാകുന്നത്രയും തന്നെ പണം ചെലവാക്കിക്കൊണ്ട്  കൂടുതല്‍ വലിയ മുറികളുള്ള കൂടുതല്‍ സൌകര്യങ്ങളൂള്ള  കൂടുതല്‍ വലിയ വീട് ഉണ്ടാക്കാന്‍ കഴിയില്ലേ എന്നായിരിക്കും. അത്ര വലിയ മുറികളും അത്ര  വലിയ വീടും യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കാവശ്യമില്ലാത്തപക്ഷം  പിന്നെ എന്തിനതുണ്ടാക്കണമെന്ന് അന്വേഷിക്കുമ്പോള്‍ അധികം പേരും മക്കള്‍ക്കായി അല്ലെങ്കില്‍ കൊച്ചുമക്കള്‍ക്കായി  എന്ന് പറയാറുണ്ട് .  കാശ് അധികം ചെലവാകുന്നില്ലെങ്കില്‍ പിന്നെ വലിയ  വീടുണ്ടാവുന്നതില്‍ എന്താ തെറ്റ് എന്ന്  ചോദിക്കാറുണ്ട്. പണം മാത്രമാണ് ചെലവെന്ന വിശ്വാസമാവാം അതിനു കാരണം. അവരവര്‍ക്ക് വേണ്ടതില്‍  അധികം വലിയ വീടുണ്ടാക്കാന്‍ ആവശ്യമായ പദാര്‍ഥങ്ങളൂടെ വര്‍ദ്ധിച്ച  ഉപഭോഗം ഒരു ചെലവായി  കാണാന്‍ പറ്റാത്തതാവാം. നമ്മള്‍ ആവശ്യത്തില്‍ അധികം എടുക്കുമ്പോള്‍ അത്യാവശ്യമായതു  പോലും ലഭിക്കാതെ ബുദ്ധിമുട്ടുന്നവരുണ്ടെന്ന് ആലോചിക്കാന്‍ സാധിക്കാത്തതാവാം.

ആരേയും  ഭയപ്പെടുത്തി നിറുത്താനാകുന്ന ഒരുപാട് അധികാരവും ഭൂരിഭാഗം മനുഷ്യരേയും  മോഹിപ്പിക്കുന്ന വലിയ പദവിയും ഉള്ള  ജോലികള്‍ ആവശ്യമില്ലെന്ന് നിശ്ചയിച്ച്  സ്വയം തെരഞ്ഞെടുക്കുന്ന ജീവിതപ്പാതകളില്‍ വളരെ  സംതൃപ്തിയോടെ കഴിഞ്ഞു പോകുന്ന പലരേയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.   ഇത്ര വലിയ  പദവിയേയും അധികാരത്തേയും ഒഴിവാക്കാന്‍  അവര്‍ക്കായതെങ്ങനെയെന്ന്  വളരെ സാധാരണക്കാരിയായ ഞാന്‍ അല്‍ഭുതപ്പെടാറുണ്ട്.  സ്വത്തും ധനവും ഇത്ര മതി  എന്ന് തീരുമാനിക്കാന്‍  പലര്‍ക്കും  കുറച്ച് പരിശ്രമിച്ചാല്‍ സാധിച്ചേക്കും. സ്വത്താര്‍ത്തിയും ധനാശയും പലപ്പോഴും  നിയന്ത്രണ വിധേയമാകാറുണ്ടെന്നര്‍ഥം. അതു പോലെയല്ല, അധികാരത്തോടും പദവികളോടുമുള്ള മനുഷ്യരുടെ നിലപാട്. അധികാരലഹരിയും പദവീമോഹവും മനുഷ്യരുടെ രക്തത്തില്‍ ഒടുങ്ങാത്ത ആസക്തിയുണ്ടാക്കാറുണ്ട്. അതിനെ കീഴടക്കുക ഒട്ടും എളുപ്പമല്ല.

നമുക്ക് അത്യാവശ്യമുള്ളത് മാത്രം  മതിയെന്ന  തീരുമാനത്തിലേക്ക് കൃത്യമായി എത്തിയതുകൊണ്ടാണ് ഇങ്ങനെ  ചെയ്യാനായതെന്ന് അവരില്‍ പലരും  എന്നോട്  പറഞ്ഞിട്ടുണ്ട്. എന്നാല്‍ മതിയെന്ന വിചാരത്തെ അന്യരോടുള്ള  പരിഗണനയും കരുതലുമായി പരിവര്‍ത്തിപ്പിച്ചു  മനസ്സിലാക്കാന്‍ ശ്രമിച്ചത്  ഞാന്‍ നേരത്തെ പരാമര്‍ശിച്ച  ആ മുതിര്‍ന്ന സുഹൃത്തായിരുന്നു. എല്ലാവര്‍ക്കും അത്യാവശ്യത്തിനുള്ളത് ഈ പ്രപഞ്ചത്തിലുണ്ടാവുമെങ്കിലും ആരുടേയും അത്യാഗ്രഹത്തിനുള്ളത്  ഇവിടെയുണ്ടാവില്ല. 

മതിയെന്ന വിചാരമുണ്ടാവുന്നത് എത്ര അത്യാവശ്യമാണെന്ന്  മണലൂറ്റി വെള്ളക്കുഴികളായി മാറിയ നദികളും മരങ്ങള്‍  വെട്ടിമാറ്റി  വെളുത്തു പോയ കാടുകളും  ഇടിച്ചു  നിരത്തപ്പെട്ട കുന്നുകളും  ഭൂമിയുടെ അകക്കാമ്പോളം  തുരന്നു ചെന്ന ജലാര്‍ത്തികളും മാത്രമല്ല നമ്മോട് പറയുന്നത്. ഇല്ലായ്മയുടേയും  വേദനയുടേയും  നഷ്ടപ്പെടലുകളുടേയും വിവിധ സമരമുഖങ്ങളില്‍ നിന്ന്,  നിര്‍ദ്ദാക്ഷിണ്യം ആട്ടിയോടിക്കപ്പെടുന്ന, സഹനത്തിന്‍റെ  നെല്ലിപ്പടി ചവിട്ടിയ ജനതയും,  അതു തന്നെയാണ് ആവര്‍ത്തിക്കുന്നത്.
 

18 comments:

ഭാനു കളരിക്കല്‍ said...

ഞാൻ പൂർണ്ണ സംതൃപ്തൻ ആണെന്ന് സ്വയം തിരിച്ചറിയുന്ന ഒരാൾ മാത്രമേ ധനവാൻ ആവുന്നുള്ളൂ എന്ന് സ്വാമി വിവേകാനന്ദൻ പറയുന്നുണ്ട്. ആശയാണ് ദുഃഖത്തിനു കാരണം എന്ന് ശ്രീ ബുദ്ധനും പറയുന്നുവല്ലോ. ആശയും ആര്ത്തിയും അസ്തമിച്ച് സ്നേഹത്തിന്റെ സമുദ്രത്തെ മനുഷ്യൻ അറിയുന്ന കാലം വിദൂരമാണ്. ആഗോളവത്ക്കരണം ആശയ്ക്ക് അതിരില്ലാതാക്കിയിരിക്കുന്നു. സ്വപ്‌നങ്ങൾ കൂടും തോറും അപകര്ഷതയും കൂടിക്കൊണ്ടിരിക്കുകയാണ്.

Bijith :|: ബിജിത്‌ said...

എനിക്കും പലപ്പോഴും മതി എന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട് 9 മണി ആയിട്ടും പണി പിന്നെയും ബാക്കി കിടക്കുമ്പോൾ ..
ചുമ്മാ പറഞ്ഞതാട്ടോ .
എന്തായാലും എച്ചുമുവിന്റെ എഴുത്ത് ഒരിക്കലും വേണ്ടാന്നു തോന്നില്ല

ChethuVasu said...

പത്തു കിട്ടുകിൽ നൂറു മതി എന്നും ...
ശതമാകിൽ സഹസ്രം മതി എന്നും .... :)

എന്നൊക്കെ പണ്ടൊരു കാരന്നോർ എഴുതിയത് എത്ര ശരിയാ.. ..!!!

ആശയായുള്ള പാശം - അതിലേറി ....( അങ്ങനെ പോകുന്നു ..)

എന്ത് പറയാൻ ! ആഗ്രഹങ്ങൾ ഇല്ലാതെ ജീവിതം അര്ഥ ശൂന്യമാണ് ..പക്ഷെ ആഗ്രഹപൂരീകരണം പലപ്പോഴും വ്യര്ഥ സ്വപ്നവും .....ഇതൊക്കെ കണ്ടിട്ടാ പണ്ട് ഒരു രണ്ടായിരം വര്ഷം മുൻപ് ഒരു സിദ്ധാർഥൻ ഇറങ്ങി പ്പോയത് ... ....................

ഉലകം വെല്ലാൻ ഉഴറിയ നീയോ...
ആറടി മണ്ണിൽ നീറിയോടുങ്ങും ....

എന്നത് മാത്രമാണ് സത്യം ! :)

മിനി പി സി said...

വെറും രണ്ടക്ഷരം "മതി " പക്ഷെ സംതൃപ്തി എന്ന വികാരമുള്ളവര്‍ക്കെ പറയാനാകൂ .

MURSHID.KT said...

ചില കാര്യങ്ങൾ എഴുതുവാനും അങ്ങിനെ ആയിരുനുവെങ്കിൽ എന്ന് സ്വപ്നം കാണുവാനും നല്ല രസമാണ് .... എച്ച് മു കുട്ടിയുടെ മതി എന്നാ രണ്ടക്ഷരം അക്കൂട്ടത്തിൽ പെടുന്നതാണ് . എന്റെ അഭിപ്രായം . പോര എന്നാ ചിന്തയാണ് ഇന്നിക്കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം . ടാറ്റാ അത്യാവശ്യതിന്നു സമ്പാദ്യം ഒക്കെ ആയി കഴിഞ്ഞതിനു ശേഷം എച്ചുമുക്കുടിയും മുതിര്ന സുഹുർത്തും പറഞ്ഞ പോലെ ഇനി മതി എന്ന് തീരുമാനിചിരുന്നുവെങ്കിൽ ... ഇന്ത്യയിലെ ഒരുപാട് രിസേര്ച് സ്ഥാപനങ്ങൾ , സ്റ്റീൽ വ്യവസായം ,,, എന്തെല്ലാം നമുക്ക് നഷ്റ്റമാവുമായിരുന്നു ...സ്വസ്ഥമായി ഒരു കുന്നിൻ ചെരുവിൽ ഒരു കുടിലിൽ അത്യാവശ്യം നാടൻ കോഴിയും ആടും കുറച്ചു വയലും ഒക്കെയായി രത്ത്താൻ ടാറ്റാ കഴിഞ്ഞിരുന്നുവെങ്കിൽ ... എല്ലാവരും അതുപോലെ ചിന്തിച്ചാൽ .. നാം നല്ലത് എന്ന് പറയുന്ന ഒരു കാര്യം എല്ലാവരും ചെയ്യണം എന്ന് നാം ആഗ്രഹിക്കണം ... അങ്ങിനെ യൂസുഫ് അലിയും .. ഗല്ഫാരും steev jobs ഒക്കെ അങ്ങിനെ വിചാരിച്ചിരുന്നു എങ്കിൽ ....?

DeepaBijo Alexander said...

ആഗ്രഹങ്ങള്‍ക്ക് അവസാനമില്ലല്ലോ.....

Cv Thankappan said...

സ്വാര്‍ത്ഥതയും,നിസ്വാര്‍ത്ഥതയും താരതമ്യം ചെയ്യുമ്പോള്‍ 'മതി'യുടെ അര്‍ത്ഥവ്യാപ്തി ഗണിക്കാവുന്നതാണ്.
ആശംസകള്‍

വിനുവേട്ടന്‍ said...

വെള്ളിയാഴ്ച്ചത്തെ ചെപ്പിൽ വായിച്ചിരുന്നൂട്ടോ എച്ച്മു...

മതി എന്ന് ആർക്ക് എപ്പോൾ തോന്നാൻ... മനോരമ കോമഡി ഫെസ്റ്റിവൽസിലെ ശീർഷകഗാനത്തിൽ പറയുന്നത് പോലെ ‘ഇവിടെ ആരേലും എന്നേലും നന്നാവുമോ...?’

ajith said...

മനുഷ്യന്‍ മടികൂടാതെ “മതി” എന്ന് പറയുന്നത് ഭക്ഷിച്ച് വയര്‍ നിറയുമ്പോള്‍ മാത്രമായിപ്പോകുന്നു

(മുര്‍ഷിദ് ഭായ് ലേഖനം വായിച്ചത് വേറൊരു വീക്ഷണകോണില്‍ നിന്നുകൊണ്ടാണെന്ന് തോന്നുന്നു)

കൊച്ചു കൊച്ചീച്ചി said...

"The richest man in the world is not the one who has the most, but one who needs the least"

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

'കമ' എന്ന് 'ഒരക്ഷരം' മിണ്ടിയില്ല എന്നു കേട്ടിട്ടുണ്ട് - ഇതിപ്പൊ 'മതി' എങ്ങനാ 'രണ്ടക്ഷരം' ആയത്? ബാക്കി പോസ്റ്റ് വായിച്ചിട്ടെഴുതാം ഹ ഹ ഹ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പണ്ട് ഒരു ലീഡർഷിപ് ട്രൈനിങ്ങിൽ ഇതുപോലെ ഒരു ചോദ്യവും തർക്കവും ഉണ്ടായി - എപ്പോഴും ടാർജറ്റ് പൊക്കി വക്കണം അഞ്ച് അടി ചാടാം എന്നുള്ളവനോട് ആറടി ടാർജറ്റ് കൊടുക്കണം, ആറു ചാടിയാൽ ഏഴാക്കണം

ഞാൻ തർക്കിച്ചു അവനവൻ ജോലി ചെയ്യുന്നത് സന്തോഷമായി ജീവിക്കാനാണ്. സന്തോഷമായി ജീവിക്കണം എങ്കിൽ അവനവൻ ഉള്ളതിൽ തൃപ്തി വേണം, അതു മനസിലാകണം എങ്കിൽ നമുക്കുള്ളതൊന്നും ഇല്ലാത്തവരെ നോക്കി മനസിലാക്കണം. അതാണ് താഴേക്കു നോക്കി സന്തൊഷിക്കുകയൊ മുകളിലേക്കു നോക്കി കരയുകയൊ ചെയ്യാം - ഏതു വേണം എന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്

പക്ഷെ ഇൻഡസ്റ്റ്രിക്കാരല്ലെ - ബാക്കി എല്ലാവരിഉം കൂടി കടിച്ചു കുടഞ്ഞതിന്റെ ബാക്കി ചണ്ടിയാ ഇപ്പോഴുള്ള ഞാൻ -- പിന്നെ തൊലിക്കട്ടി ഒരുപാടുള്ളതു കൊണ്ട് ജീവിച്ചു പോന്നു

ഇതു പറഞ്ഞപ്പോഴ ഓർത്തത്

കുഞ്ഞുണ്ണി മാഷിന്റെ കവിത

"പഞ്ചാരക്കുന്നിന്റെ മുന്നിലിരുന്ന്
കുഞ്ഞിയുറുമ്പ് കരഞ്ഞു
എത്ര ചെറിയതാണെന്റെ വായ
എത്ര ചെറിയതാണെൻ വയറും"

അതെ ലോകം മൊത്തം ഒറ്റയടിക്ക് വിഴുങ്ങാൻ പറ്റിയ വായും വയറും തരാതെ പറ്റിച്ച ദൈവം

Unknown said...

മതി എന്നതിനു ബുദ്ദി എന്ന ഒരു അര്‍ഥവും ഉണ്ടല്ലൊ, എച്മിക്കുട്ടി പറഞ്ഞതു പോലെ പലരും അവരുടെ ബുദ്ദിയില്ലായമ പരസ്യമായി കാട്ടുന്നവരാണു.ലേഖനത്തിന്റെ അവസാന വരികള്‍ ശക്തവും ശ്രദ്ദേയവുമാണു.

Unknown said...

ബുദ്ധി

Joselet Joseph said...



കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്ല ജീവിത മാതൃകയും നല്‍കിയാല്‍ മറ്റെല്ലാ സമ്പാദ്യങ്ങളെക്കാളും അത് ശ്രേഷ്ഠമാണ്.

"മതി" എന്ന് പറഞ്ഞു പഠിപ്പിക്കാതെ ഓരോരുത്തര്‍ക്കും സ്വയം തോന്നുംബോഴേ ഫലമുണ്ടാവൂ. എങ്കില്‍ അവരില്‍ നിന്നും സമൂഹത്തിന് നന്മയുണ്ടാവും.

മുകളില്‍ ഒരു സുഹൃത്ത് പറഞ്ഞത് മറ്റൊരു വീക്ഷണമാണ്. മറ്റുചിലരെക്കൂടി പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തെ ഏറ്റം സമ്പന്നനായിരുന്ന ബില്‍ ഗേറ്റ്സ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ നല്ലൊരുഭാഗം ചാരിറ്റിക്ക് ചിലവോഴിക്കുന്നതുകൊണ്ടാണ് അയാള്‍ ലിസ്റ്റില്‍ ഒന്നാമതല്ലാത്തത്. അതുപോലെ കൊച്ചുസേപ് ചിറ്റിലപ്പള്ളി. ഇവരെയൊക്കെ നാളെ ലോകം ആദരിക്കുന്നത് മികച്ച ബിസ്സിനസ് പെര്സനാലിട്ടി എന്നതിനേക്കാള്‍ നല്ല വ്യക്തിത്വം എന്ന നിലയിലാവാം.

നല്ല ഒരു ചിന്തയാണ് പങ്കുവെച്ചത്.

Echmukutty said...

വായിച്ച എല്ലാവര്‍ക്കും നന്ദി

ബഷീർ said...

മനുഷ്യനു മതി വരുക അവന്റെ വായിൽ മണ്ണു നിറയുമ്പോൾ മാത്രമാണെന്ന് മഹത് വചനമുണ്ട്.. അതായത് അവൻ മരിച്ച് ഖബറടക്കി അവൻ മണ്ണിൽ ചേരുമ്പോഴാണെന്ന്... ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക എന്നതിലാണ് സമാധാനമുള്ളത്. ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നാലും മതിയാവില്ല...!